ബ്രൂവറി ചോദ്യങ്ങള്‍: ചെന്നിത്തലയ്ക്ക് മറുപടി പിന്നീട്; ആരോപണം ഉന്നയിച്ചവര്‍ അഴിമതി തെളിയിക്കണം,എക്‌സൈസ് മന്ത്രി

സംസ്ഥാനത്ത് പുതിയ മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ അഴിമതിയാരോപിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവിന് പിന്നീട് മറുപടി നല്‍കാമെന്ന് എക്‌സൈസ് മന്ത്രി
ബ്രൂവറി ചോദ്യങ്ങള്‍: ചെന്നിത്തലയ്ക്ക് മറുപടി പിന്നീട്; ആരോപണം ഉന്നയിച്ചവര്‍ അഴിമതി തെളിയിക്കണം,എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ അഴിമതിയാരോപിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവിന് പിന്നീട് മറുപടി നല്‍കാമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. വിശദീകരണം ആവശ്യമുള്ള ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി നല്‍കും. ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് അത് തെളിയിക്കേണ്ടത്. എല്‍ഡിഎഫിന്റെ മദ്യം നയം അനുസരിച്ചാണ് അനുമതി നല്‍കിയത്. യുഡിഎഫിന്റെ ശീലംവച്ച് എല്‍ഡിഎഫിനെ വിലയിരുത്തരുത് എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബ്രൂവറി-ഡിസ്റ്റിലറികക്ക് അനുവാദം നല്‍കിയതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് എക്‌സൈസ് മന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ നടന്ന വന്‍ അഴിമതിയാണ് ഇതെന്ന് ആരോപിച്ച ചെന്നിത്തല, മുഖ്യമന്ത്രി ഒന്നാംപ്രതിയാണെന്നും എക്‌സൈസ് മന്ത്രി രണ്ടാംപ്രതിയാണെന്നും ആരോപിച്ചിരുന്നു. അഴിമതിയില്‍ വ്യവസായ വകുപ്പിനും പങ്കുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. 

അനുമതി നേടിയ ബ്രൂവറികളിലൊന്ന് മദ്യകമ്പനിയുടെ ബെനാമിയാണെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങള്‍ തെറ്റെന്ന് തെളിയക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിലും എല്‍ഡിഎഫ് പ്രകടനപത്രികയിലും ഇല്ലാത്ത കാര്യമാണ് ബ്രൂവെറി നിര്‍മ്മാണ ശാലകള്‍. അഴിമതിയില്‍ വ്യവസായ വകുപ്പിനും പങ്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാംപ്രതി. എക്‌സൈസ് മന്ത്രി രണ്ടാംപ്രതി. അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച പത്തു ചോദ്യങ്ങള്‍ ഇങ്ങനെ: 

സംസ്ഥാനത്ത് 1999 മുതല്‍ നിര്‍ത്തിവച്ചിരുന്ന ഡിസ്റ്റിലറി, ബ്രൂവറി ലൈസന്‍സ് നല്‍കല്‍ വീണ്ടും ആരംഭിച്ചത് ആരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരവിന്റെ പകര്‍പ്പു പുറത്തുവിടാമോ?

ഏതു വര്‍ഷത്തെ അബ്കാരി നയമനുസരിച്ചാണു ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത്? ആ നയത്തിന്റെ പകര്‍പ്പ് പരസ്യപ്പെടുത്താമോ?

 1999 മുതല്‍ നിലവിലുള്ള നയം തിരുത്തുമ്പോള്‍ ഇടതു മുന്നണി ഏകോപന സമിതിയില്‍ ചര്‍ച്ച ചെയ്തിരുന്നോ?

സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ വ്യതിയാനം വരുത്തുമ്പോള്‍ അക്കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കണമെന്ന നിബന്ധന ബ്രൂവറി വിഷയത്തില്‍ പാലിച്ചിട്ടുണ്ടോ? എങ്കില്‍ ഏതു മന്ത്രിസഭാ യോഗത്തിലാണ് അക്കാര്യം ചര്‍ച്ച ചെയ്തത്?

 ഓരോ ബ്രൂവറിക്കും എന്തു മാത്രം ജലം ആവശ്യമാണെന്നും അവ അനുവദിച്ച സ്ഥലങ്ങളില്‍ ജലലഭ്യതയുണ്ടോയെന്നും പഠനം നടത്തിയിട്ടുണ്ടോ? പരിസ്ഥിതി ആഘാത പഠനം നടത്തിയോ?

പുതുതായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാന്‍ പോകുന്ന വിവരം ഇപ്പോള്‍ അവ ലഭിച്ച നാലുപേര്‍ മാത്രം എങ്ങനെ അറിഞ്ഞു?

കേരള ഫോറിന്‍ ലിക്വര്‍ റൂള്‍ (1975) പ്രകാരം കെട്ടിടത്തിന്റെ രൂപരേഖ, യന്ത്രങ്ങളുടെ വിശദാംശങ്ങള്‍ എന്നീ വിവരങ്ങള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന നിബന്ധന പാലിച്ചിട്ടുണ്ടോ? അനുമതി നല്‍കിയ സ്ഥിതിക്ക് എക്‌സൈസ് കമ്മിഷണറുടെ ലൈസന്‍സ് ഏറ്റവും ഒടുവിലത്തെ സാങ്കേതിക കാര്യം മാത്രമാണെന്ന വസ്തുത എന്തിനാണ് മറച്ചുവയ്ക്കുന്നത്?

ശ്രീചക്ര ഡിസ്റ്റിലറീസ് െ്രെപവറ്റ് ലിമിറ്റഡിന് വിദേശമദ്യത്തിന്റെ കോംപൗണ്ടിങ്, ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്ട്‌ലിങ് യൂണിറ്റ് തുടങ്ങാന്‍ തൃശൂര്‍ ജില്ലയിലെ എവിടെയാണ് അനുമതി നല്‍കിയത്? ആ സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ വെളിപ്പെടുത്താമോ?

 ശ്രീചക്രയുടെ അപേക്ഷയില്‍ എക്‌സൈസ് കമ്മിഷണര്‍ക്കു തൃശൂര്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നോ? അതിന്റെ പകര്‍പ്പ് പുറത്തുവിടാമോ?

 പുതുതായി ഡിസ്റ്റിലറികള്‍ അനുവദിക്കേണ്ടതില്ലെന്ന 1999ലെ ഉത്തരവിനു പ്രാധാന്യമില്ലെങ്കില്‍ 2006ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുപോലും ആ ഉത്തരവനുസരിച്ച് ഒട്ടേറെ അപേക്ഷകള്‍ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാമോ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com