കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു; പിരിച്ചുവിട്ട ജീവനക്കാരെ സംരക്ഷിക്കും

16 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംയുക്തസമരസമിതിയുടെ സമരം - പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി 
കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു; പിരിച്ചുവിട്ട ജീവനക്കാരെ സംരക്ഷിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച മുതല്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാനുള്ള തീരൂമാനം. പിരിച്ചുവിട്ട 143 ജീവനക്കാരെ സംരക്ഷിക്കുമെന്ന് ചര്‍ച്ചയില്‍ ഗാതാഗതമന്ത്രി ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. തൊഴിലളികളുടെ അപേക്ഷകള്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ എംഡി ടോമിന്‍ തച്ചങ്കരി തീരുമാനമെടുക്കും. സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കുമെന്ന് മന്ത്രി തൊഴിലാളി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി

പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, ഷെഡ്യൂളുകള്‍ വെട്ടി കുറയ്ക്കാനുളള തീരുമാനം പിന്‍വലിക്കുക, ഡ്യൂട്ടി പരിഷ്‌കരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളിലെ ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൂവായിരത്തോളം സര്‍വീസുകളാണ് സിംഗിള്‍ ഡ്യൂട്ടിക്കനുസരിച്ച് പുനഃക്രമീകരിച്ചത്. ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി തികയ്ക്കാന്‍ വേണ്ടി ഓര്‍ഡിനറി ബസുകള്‍ തിരക്കില്ലാത്ത സമയത്തും സര്‍വീസ് നടത്തുന്നത് കനത്ത നഷ്ടമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് സിംഗിള്‍ ഡ്യൂട്ടിയാക്കിയത്.

ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ 30 ശതമാനത്താളം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കിയതും പ്രതിഷേധത്തിന് കാരണമായി. ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ യാത്രാക്ലേശം രൂക്ഷമായെന്നും സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നാണ് യൂണിയനുകളുടെ ആരോപണം.

പ്രതിഷേധത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി സമരം നടത്തുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കെഎസ്ആര്‍ടിസിയിലെ സമരം വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ഐതിഹാസികമെന്നും തച്ചങ്കരി പറഞ്ഞു. സര്‍ക്കാരിന്റെയും മാനേജുമെന്റിന്റെയും നടപടികള്‍ക്കുള്ള അംഗീകാരമാണു ഈ ഹൈക്കോടതി വിധിയെന്നായിരുന്നു തച്ചങ്കരിയുടെ പ്രതികരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com