കൊള്ളപ്പലിശക്കാരന്‍ മഹാരാജന് അതിവേഗം ജാമ്യം; വന്‍ അട്ടിമറി

ചെന്നൈയില്‍നിന്ന് പിടികൂടിയ കൊള്ളപ്പലിശ ഇടപാടുകാരന്‍ പി മഹാരാജന് അതിവേഗം ജാമ്യം ലഭിച്ചു
കൊള്ളപ്പലിശക്കാരന്‍ മഹാരാജന് അതിവേഗം ജാമ്യം; വന്‍ അട്ടിമറി

കോഴിക്കോട്: ചെന്നൈയില്‍നിന്ന് പിടികൂടിയ കൊള്ളപ്പലിശ ഇടപാടുകാരന്‍ പി മഹാരാജന് അതിവേഗം ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചിതിന് പിന്നില്‍ വന്‍ അട്ടിമറിയാണെന്ന് ആരോപണം ഉയര്‍ന്നു. വൈകീട്ടോടെ തോപ്പുംപടി ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍  അന്വേഷണസംഘം ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്. നാളെ പതിനൊന്ന് മണിക്ക് കോടതിയില്‍ ഹാജരാകണമെന്ന മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു. ഇതിന് തയ്യാറാണെന്നറിയിച്ചതോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്.

പൊലീസ് പത്തുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യമായിരുന്നു മുന്നോട്ട് വെച്ചത്. മജിസ്‌ട്രേറ്റിന്റെ നടപടിയില്‍ സംസ്ഥാന പൊലീസ് അസംതൃപ്തരാണ്.  ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തി മഹാരാജനെതിരെ കേസെടുത്ത അന്വേഷണ സംഘത്തിന്‍റെ നടപടിയാണ് അനായാസം ജാമ്യം നേടാന്‍ ഇയാളെ സഹായിച്ചതെന്ന വിമര്‍ശനം പൊലീസ് സേനയില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. പ്രതിയെ ചെന്നൈയില്‍ അടക്കം കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ട സാഹചര്യത്തിലാണ് പത്തുദിവസത്തെ കസ്റ്റഡി ആവശ്യം പൊലീസ് മുന്നോട്ട് വെച്ചത്. മഹാരാജന്റെ അറസ്റ്റ് ഒഴിവാക്കാന്‍ വലിയ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായാണ് റിപ്പോര്‍്ട്ടുകള്‍

 ഇന്നലെ അതിസാഹസികമായാണ് കേരളപൊലീസ് മഹാരാജനെ പിടികൂടിയത്.  ചെന്നൈ വിരുഗമ്പാക്കത്തുള്ള വീട് വളഞ്ഞ പോലീസ് ആകാശത്തേക്ക് വെടിവെച്ച് അനുയായികളെ വിരട്ടിയതിന് ശേഷമാണ് ഇയാളെ പിടികൂടിയത്.

കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ സംഘത്തിന്റെ തലവനാണ് മഹാരാജന്‍. ജൂലായില്‍ അറസ്റ്റുചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കോയമ്പത്തൂരില്‍ വച്ച് അനുയായികള്‍ പോലീസ് വാഹനം തടഞ്ഞ് മഹാരാജനെ രക്ഷപ്പെടുത്തിയിരുന്നു. 

പള്ളുരുത്തി സ്വദേശി ഫിലിപ്പിന്റെ പരാതിയെത്തുടര്‍ന്നാണ് കോടിക്കണക്കിന് രൂപ പലിശയ്ക്ക് വായ്പ നല്‍കുന്ന തമിഴ്‌നാട് സ്വദേശി മഹാരാജന്‍ രണ്ടുമാസം മുമ്പ് പിടിയിലായത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി മഹാരാജന്റെ അനുയായികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com