ലഹരിഗുളികകളുമായി കോഴിക്കോട് ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

വില്പനയ്ക്കായി കൊണ്ടുവന്ന 175 സ്പാസ്‌മോ പ്രോക്‌സിവോണ്‍ എന്ന ലഹരി ഗുളികകളുമായാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരിഗുളികകളുമായി കോഴിക്കോട് ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. വില്പനയ്ക്കായി കൊണ്ടുവന്ന 175 സ്പാസ്‌മോ പ്രോക്‌സിവോണ്‍ എന്ന ലഹരി ഗുളികകളുമായാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നടക്കാവ് കുന്നുമ്മല്‍ സ്വദേശി ജിഷാദ് ( 33)നെ ആണ് ടൗണ്‍ പോലീസും ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെ കോഴിക്കോട് ടാഗോര്‍ ഹാള്‍ പരിസരത്ത് വെച്ച് പിടികൂടിയത്. 

പരിശോധനക്കായി വാഹനം നിര്‍ത്താന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ വെപ്രാളത്തില്‍ ബൈക്ക് വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു ജിഷാദ്. പക്ഷേ ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെ 175 സ്പാസോ പ്രോക്‌സിവോണ്‍ ഗുളികകള്‍ കണ്ടെടുത്തു. ഇതിന് ശേഷം കോഴിക്കോട്  ഈ ലഹരി ഗുളികയുമായി പിടിയിലാവുന്ന അഞ്ചാമത്തെ വ്യക്തിയാണ് ബാങ്ക് ജീവനക്കാരനായ ജിഷാദ് എന്ന് പൊലീസ് പറഞ്ഞു. 

കുറച്ച് കാലങ്ങളായി ഈ ഗുളിക ഉപയോഗിച്ചു വരുന്ന ജിഷാദ് തനിക്ക് ലഹരി ഉപയോഗിക്കാന്‍ ആവശ്യമായ പണം കണ്ടെത്തുന്നതിനും അമിതമായ ആദായത്തിനുമാണ് ലഹരി വില്പനയിലേക്ക് കടന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇത്തരം 2640 ലഹരി ഗുളികകളുമായി ഗോവിന്ദപുരം സ്വദേശിയെ നടക്കാവ് പോലീസും 2000 ഗുളികകളുമായി കുറ്റിച്ചിറ സ്വദേശിയായ യുവാവിനെയും അരീക്കാട് സ്വദേശിയായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുന്‍പ് നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഇല്ലാതിരുന്ന സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് കഴിഞ്ഞ ഏപ്രില്‍ 26 മുതല്‍ വീണ്ടും നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com