ശബരിമല :  റിവ്യൂ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനിക്കാം, സര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ദേവസ്വം ബോര്‍ഡ് സ്വതന്ത്രമായ സംവിധാനമാണ്. സര്‍ക്കാര്‍ നിലപാട് ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ല
ശബരിമല :  റിവ്യൂ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനിക്കാം, സര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര തീരുമാനം എടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. ദേവസ്വം ബോര്‍ഡ് സ്വതന്ത്രമായ സംവിധാനമാണ്. സര്‍ക്കാര്‍ നിലപാട് ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

സര്‍ക്കാരും ദേവസ്വം ബോര്‍ഡും രണ്ട് നിലപാട് എടുക്കുന്നത് തന്ത്രപരമായ സമീപനമല്ല. സര്‍ക്കാര്‍ നിലപാട് സുവ്യക്തമാണ്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ ഇക്കാര്യത്തില്‍ ഭിന്നതയില്ല. വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. നിരവധി വ്യക്തികളും സംഘടനകളും കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അവര്‍ക്ക് അതിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. 

സുപ്രീംകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. കോടതി വിധി പുറപ്പെടുവിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയിലേക്ക് കൂട്ടത്തോടെ എത്തുമെന്ന് കരുതുന്നില്ലെന്നും പദ്മകുമാര്‍ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com