കുന്നിക്കല്‍ നാരായണനെ രക്തസാക്ഷിയായി ആദരിച്ചിട്ടില്ല, ഒരു നക്‌സലൈറ്റ് സംഘടനയും

പ്രവര്‍ത്തനങ്ങളില്‍ ചില പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്നും നമുക്കിവിടെ ആവശ്യം ജനകീയ സമരങ്ങളും ഉയര്‍ത്തെഴുന്നേല്‍പ്പുകളുമാണ്, അല്ലാതെ ഒറ്റപ്പെട്ട സാഹസിക പ്രവര്‍ത്തനങ്ങളല്ലെന്നും അച്ഛന്‍ തിരിച്ചറിഞ്ഞിരുന്
കുന്നിക്കല്‍ നാരായണനെ രക്തസാക്ഷിയായി ആദരിച്ചിട്ടില്ല, ഒരു നക്‌സലൈറ്റ് സംഘടനയും

1990 ഡിസംബര്‍ 28 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ കോഴിക്കോട്ടുവച്ചു നടന്ന ഒരു ചരിത്രസംഭവത്തില്‍നിന്നുതന്നെ ഞാന്‍ എന്റെ ഓര്‍മ്മക്കുറിപ്പുകളുടെ രണ്ടാംഘട്ടം ആരംഭിക്കട്ടെ. കേരള രാഷ്ട്രീയത്തില്‍ സ്ത്രീവിമോചനത്തിന് ഒരു പുതിയ ഇടം സൃഷ്ടിക്കാന്‍ കരുത്തുറ്റ ഒരു ഇടപെടലിലൂടെ ആ സമ്മേളനത്തിനു കഴിഞ്ഞു. കേരളത്തിലെ ചെറു ഫെമിനിസ്റ്റു കൂട്ടങ്ങളുടെ നിസ്സാരമെന്നു തോന്നാവുന്ന ഇടപെടലുകള്‍ ഉണ്ടാക്കിയ അത്ര നിസ്സാരമല്ലാത്ത സാമൂഹിക ചലനങ്ങളുടെ തുടര്‍ച്ചയായിരുന്നു ആ ദിവസങ്ങളില്‍ നടന്നത്. ചരിത്രത്തിലാദ്യമായി സ്ത്രീകളുടെ മുന്‍കൈയില്‍, സ്ത്രീകള്‍തന്നെ സംഘടിപ്പിച്ച, പെണ്ണായി ജനിച്ചതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവരുന്ന അക്രമങ്ങള്‍ക്കും സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ അലയൊലികളായിരുന്നു ഇത്. 
സമ്മേളനത്തെക്കുറിച്ച് എന്റെ പില്‍ക്കാല സുഹൃത്തും അന്വേഷിയുടെ അഭ്യുദയകാംക്ഷിയുമായിരുന്ന, ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തരിച്ച ഉഷ സക്കറിയാസ് നല്‍കിയ ഒരു വിവരണത്തില്‍നിന്ന്:
''തിരിഞ്ഞുനോക്കുമ്പോള്‍ സമ്മേളനം ഒരൊറ്റപ്പെട്ട സംഭവമായിരുന്നു. അത് ഒരു 'സംഭവിക്കലാ'യിരുന്നു. പലതായി കിടന്ന ശരീരങ്ങളേയും മനസ്സുകളേയും ഒന്നാക്കുന്ന വിധത്തില്‍ തിളപ്പിച്ച, ജ്വലിക്കാന്‍ വെമ്പിനില്‍ക്കുന്ന ഊര്‍ജ്ജങ്ങള്‍ക്കു തിരികൊളുത്തിയ ഇടം. വാക്കുകളും മാനിഫെസ്റ്റോകളും അവിടുന്നുല്‍ഭവിച്ചിരിക്കാം. പക്ഷേ, അതില്‍ പങ്കെടുത്ത ആര്‍ക്കും തന്നെ ആയിരക്കണക്കിനു സ്ത്രീകള്‍ ഒത്തുകൂടുമ്പോള്‍ ഉണ്ടാകുന്ന ചലനോര്‍ജ്ജം, അവരുടെ സംഘം ചേരലിലെ സ്‌ഫോടനാത്മകത മറക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. യുദ്ധക്കലകള്‍ നിറഞ്ഞ ഓര്‍മ്മകളാണ് എന്റേത്. എന്നിട്ടും ആ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ മാസ്മരികത ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മറക്കാനാവാത്ത ഒന്നാണ്, പതിവുപോലെ സ്റ്റേജും പ്രാസംഗികരുമൊക്കെയുള്ള ഒരു പരിപാടിയാണ് അന്നു തയ്യാറാക്കിയിരുന്നത്. പക്ഷേ, ഗ്രാമങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നും ആദിവാസി ഗോത്രങ്ങളില്‍നിന്നുമൊക്കെയുള്ള സ്ത്രീകള്‍ ഒത്തു ചേര്‍ന്നപ്പോള്‍ വിചിത്രവും അസാധാരണവുമായ ഒന്നു സംഭവിച്ചു. 
ചടങ്ങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു സ്ത്രീ എഴുന്നേറ്റു നിന്നു–വൃദ്ധയായ ഒരു ആദിവാസി സ്ത്രീ. അവര്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. പ്രസംഗങ്ങള്‍ നിന്നു. ഞങ്ങളെല്ലാവരും ഞൊടിയിടകൊണ്ട് എഴുന്നേറ്റു. ഉള്ളില്‍നിന്നുവന്ന സംഗീതത്തില്‍, ഉള്ളിന്റെ നൃത്തത്തില്‍ ഞങ്ങള്‍ കറങ്ങി, താളം ചവിട്ടി, കൈയടിച്ചു. നയിക്കാനാരുമില്ലാതെ തന്നെ എല്ലാവരിലേക്കും അതു കത്തിപ്പടര്‍ന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഹാള്‍ മുഴുവന്‍ നൃത്തമാടി. സന്തോഷവും ഉന്മാദവും നിറഞ്ഞ മേളയായി പിന്നീടത്. അതൊരു സമ്മേളനമെന്നതിലുപരി കോഴിക്കോട് കാര്‍ണിവലായി മാറി. അപ്പോള്‍ മുതല്‍ സമ്മേളനം രണ്ടായി– നൃത്തമേളയുടെ ഒരെണ്ണവും ഭാഷ, പൊതുപ്രവര്‍ത്തനം, ചര്‍ച്ച തുടങ്ങിയവയിലെ മിതവാദ, തീവ്രവാദ ശാഖകളുടെ മറ്റൊരെണ്ണവും. രണ്ടും പിന്നീടെപ്പോഴെങ്കിലും ഒന്നായോ എന്നുതന്നെ സംശയമാണ്. സെമിനാര്‍ ഹാളുകളുടെ പുറത്ത് കാര്‍ണിവല്‍ തുടര്‍ന്നു. ആ പ്രതീക്ഷ, ആ ഊര്‍ജ്ജം, ആ വെളിച്ചം– അതു വാക്കുകളുടേയും ചിന്തകളുടേയും അപ്പുറത്തായിരുന്നു. ആ ഊര്‍ജ്ജത്തിനു പേരില്ല. സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയുള്ള പ്രസ്ഥാനമെന്നോ ഫെമിനിസമെന്നോ അതിനെ വിളിക്കുന്നത് അതു തുറന്നുതന്ന ആ വാതില്‍ അടയ്ക്കുന്നതുപോലെയാകും. 
ഇന്ന് ഒരുപക്ഷേ, അത്തരമൊരു സമ്മേളനം സാദ്ധ്യമാവില്ല. ഒരുപക്ഷേ, നമ്മളൊരുമിച്ചുണ്ടായ ആ നിമിഷത്തിന്റെ പ്രത്യേകതയാവാം. ചരിത്രത്തിനുതന്നെ ക്ഷണികതയുടെ ഗുണം കൈവന്ന, നെഹ്‌റുവിയന്‍ രാഷ്ട്രസങ്കല്‍പ്പത്തിന്റെയും ഗാന്ധിയന്‍ ധര്‍മ്മശാസ്ത്രത്തിന്റെയുമൊക്കെ മുന്‍ധാരണകള്‍ തിരുത്തപ്പെട്ട ആ സമയം. നിലവിലെ സംഘടനാസ്രോതസ്സുകളില്‍ എന്‍.ജി.ഓകള്‍, യൂണിയനുകള്‍ എന്നിവയിലോ സാമൂഹിക പ്രസ്ഥാനങ്ങളില്‍പ്പോലുമോ ഞങ്ങള്‍ക്ക് ഇടമുണ്ടായിരുന്നില്ല. മുന്നോട്ടുവരാതെ നിവൃത്തിയുണ്ടായിരുന്നില്ല. അനിശ്ചയങ്ങളുടെ വാതില്‍പ്പടിയില്‍ മൃദുവായി ചവുട്ടി, സൃഷ്ടിയുടെയും സംഹാരത്തിന്റേയും പരിണാമ നിമിഷത്തെ ഞങ്ങള്‍ നൃത്തം ചെയ്തു വരുത്തി.

(ഉഷ സക്കറിയാസ് ജെ. ദേവികയ്ക്കു നല്‍കിയ അഭിമുഖം)

ഒരല്‍പ്പം ഫ്‌ളാഷ് ബാക്ക്

1986 മുതല്‍ 1990 വരെയുള്ള സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ കേരളത്തിലെ ആവിര്‍ഭാവവും വളര്‍ച്ചയും ചരിത്രപഠനങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. അതിനുമുന്‍പ് ഒരല്‍പ്പം പശ്ചാത്തലം വിവരിക്കട്ടെ.
കൗമാരപ്രായത്തില്‍ത്തന്നെ എന്റെ അച്ഛന്‍ കുന്നിക്കല്‍ നാരായണന്‍ എന്ന ബഹുമുഖ പ്രതിഭയുള്ള ആ മനുഷ്യസ്‌നേഹിയുടെ ചുവടുകള്‍ പിടിച്ചു വിപ്‌ളവരാഷ്ട്രീയത്തിലേക്കു കടന്ന ഞാന്‍ കടന്നുപോയ അനുഭവങ്ങളുടെ  ഒരു ചിത്രം 'ഓര്‍മ്മക്കുറിപ്പുകള്‍' എന്ന ആത്മകഥയിലൂടെത്തന്നെ ലോകം അറിഞ്ഞിട്ടുണ്ട്. 1977 -ല്‍, എന്റെ ഇരുപത്തെട്ടാമത്തെ വയസ്സില്‍ ഏഴരവര്‍ഷക്കാലത്തെ ജയില്‍വാസം കഴിഞ്ഞ് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ എന്നെ സ്വീകരിച്ചത് അച്ഛനും മായുമാണ്. മാ–മന്ദാകിനി നാരായണന്‍, എന്റെ അമ്മ, പ്രിയപ്പെട്ട അമ്മ. പ്രായമേറിവരികയാണെങ്കിലും അനാരോഗ്യം ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും അവരെന്നെ ഊഷ്മളമായി, അത്യധികം സ്‌നേഹവാത്സല്യങ്ങളോടെ സ്വീകരിച്ചു. തിരിച്ച് കുന്നിക്കല്‍ തറവാട്ടിലെത്തിയ ഞങ്ങള്‍ അങ്ങനെ വീണ്ടും ദരിദ്രമെങ്കിലും ഒരുമിച്ചുള്ള ജീവിതം പുനരാരംഭിച്ചു. മായും ഇതിന്നിടയ്ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. എത്രയോ വര്‍ഷങ്ങള്‍ അവര്‍ തികച്ചും ഏകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അകല്‍ച്ചയോടെ, ഭയത്തോടെ മാത്രം സമീപിച്ചിരുന്ന ആ കാലത്തെ മാ ധീരയായി നേരിട്ടു. ഇടയ്ക്കിടെ എന്നെ തിരുവനന്തപുരം ജയിലില്‍ കാണാന്‍ മാ വരാറുണ്ടായിരുന്നു. അവര്‍ക്ക് അവിടെ സഹായകമായത് ടി.വി.കെ എന്ന പഴയ സഖാവും കുടുംബസുഹൃത്തും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു. അദ്ദേഹം ഒരു സി.പി.ഐക്കാരനായിരുന്നു. 'പേട്രിയറ്റ്' എന്ന ഇംഗ്‌ളീഷ് മാസികയുടെ ലേഖകനായിരുന്നു അദ്ദേഹം. 'കേരളകൗമുദി' പത്രാധിപര്‍ എം.എസ്. മണിയും അദ്ദേഹത്തിന്റെ സഹപത്രാധിപരായിരുന്ന എസ്. ജയചന്ദ്രന്‍ നായരും മായെ ഏറെ സ്‌നേഹബഹുമാനങ്ങളോടെ സ്വീകരിക്കുകയും എന്നെ ജയിലില്‍ വന്നുകാണാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. 
നാട്ടില്‍ തിരിച്ചെത്തിയശേഷം പഴയ വിപ്‌ളവപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പലവിധ ശ്രമങ്ങള്‍ അച്ഛനും മായും ഞാനും നടത്തി. പക്ഷേ, അതെല്ലാം വിഫലമായ അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്. യാതൊരു വരുമാനവുമില്ലാതിരുന്ന ഞങ്ങള്‍ക്ക് ഏക ആശ്രയം മാമന്മാര്‍ മുംബൈയില്‍നിന്ന് മാസം തോറും കൃത്യമായി അയച്ചുതന്ന 300 ക. ആയിരുന്നു. ഇടയ്ക്ക് അച്ഛന്റെ അനന്തിരവന്മാര്‍ ഒന്നു രണ്ടുപേര്‍ എന്തെങ്കിലുമൊക്കെ അച്ഛന് കൊടുക്കുമായിരുന്നു. ചുരുങ്ങിയ ചെലവില്‍ ജീവിക്കുമ്പോഴും ഞങ്ങളില്‍ വിപ്‌ളവപ്രസ്ഥാനം ഉണര്‍ത്തിയെടുക്കേണ്ടതിന്റെ ആവേശം ഒടുങ്ങിയിരുന്നില്ല. ഇതിന്നിടയ്ക്ക് അച്ഛനു ജയിലില്‍വച്ച് ഒരു ചെറുത്തുനില്‍പ്പിന്നിടെ വാര്‍ഡന്മാരില്‍നിന്നും നെഞ്ചത്തു കിട്ടിയ ചവിട്ടേറ്റു ഹൃദയത്തിന്റെ ഒരു വാല്‍വിനു കേടുപറ്റിയിരുന്നു. അതുമൂലം അച്ഛനു ഗുരുതരമായ ഹൃദ്രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. മായ്ക്കാണെങ്കില്‍ വളരെ ചെറുപ്പത്തിലേ ന്യൂമോണിയ ബാധിച്ചിരുന്നതിനാല്‍ തുടര്‍ച്ചയായി ബ്രോങ്കൈറ്റീസിസ് എന്ന രോഗം ബാധിച്ചിരുന്നു. ചുമ വിടാതെ മായെ പിന്തുടരുന്നുണ്ടായിരുന്നു. ചികിത്സിച്ച ഡോക്ടര്‍മാരെല്ലാം പറഞ്ഞത് മായുടെ ഒരു ശ്വാസകോശം പൂര്‍ണ്ണമായും ദ്രവിച്ചു പോയി എന്നാണ്. ഇതിന്നിടെ എനിക്ക് ടൈഫോയ്ഡും പിടിപെട്ടു. രാപ്പകലെന്നോണം അച്ഛനും മായും ശുശ്രൂഷിച്ചാണ് എന്റെ രോഗം മാറ്റിയെടുത്തത്.
ദുരിതപൂര്‍ണമായ ജീവിതം ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കെ അച്ഛന്‍ തന്നെയാണ് എനിക്ക് 'ഓര്‍മ്മക്കുറിപ്പുകള്‍' എഴുതാനുള്ള പ്രേരണയും പ്രോത്സാഹനവും തന്നത്. 'കലാകൗമുദി' അത് സീരിയലൈസ് ചെയ്യാമെന്നു സമ്മതിച്ചതു ഞങ്ങളെ സംബന്ധിച്ച് ഒരു വമ്പിച്ച ചുവടുവയ്പായിരുന്നു. അങ്ങനെ ഞാന്‍ എഴുതിത്തുടങ്ങി. അവസാനം വരെ അച്ഛന്‍ പുറകില്‍ത്തന്നെ ഉണ്ടായിരുന്നു. 1979-ലാണ് അച്ഛനു ഹൃദ്രോഗം മൂര്‍ച്ഛിച്ചതും മരണമടഞ്ഞതും. 1979 ആഗസ്റ്റ് 25-നായിരുന്നു ഞങ്ങളെയെല്ലാം വിട്ടുപിരിഞ്ഞ് അച്ഛന്‍ പോയത്. തന്റെ മൃതദേഹത്തില്‍ റീത്തുവയ്ക്കാന്‍ ആരെയും അനുവദിക്കരുതെന്നും മൃതദേഹം നേരെ ശ്മശാനത്തിലേക്കെടുത്താല്‍ മതിയെന്നും ഒരു മരണാനന്തര ചടങ്ങുകളും നടത്തരുതെന്നും അച്ഛന്‍ പറഞ്ഞുകൊണ്ടേയിരുന്നു. താന്‍ മരിക്കാറായി എന്ന ഉള്‍വിളി അദ്ദേഹത്തിനു കിട്ടിയിരിക്കാം. അദ്ദേഹം ആഗ്രഹിച്ചതുപോലെ ആ മൃതദേഹത്തിനുമേല്‍ റീത്തുകളൊന്നും വയ്ക്കാന്‍ ഞങ്ങളനുവദിച്ചില്ല. മാവോയുടെ ഒരു ചുവന്ന പുസ്തകം മാത്രമാണ് അതിന്മേല്‍ വച്ചത്. യാതൊരു മരണാനന്തര ചടങ്ങും ഞങ്ങള്‍ നടത്തിയതുമില്ല. 
അച്ഛന്റെ അവസാന ഘട്ടത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചില പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്നും നമുക്കിവിടെ ആവശ്യം ജനകീയ സമരങ്ങളും ഉയര്‍ത്തെഴുന്നേല്‍പ്പുകളുമാണ്, അല്ലാതെ ഒറ്റപ്പെട്ട സാഹസിക പ്രവര്‍ത്തനങ്ങളല്ലെന്നും അച്ഛന്‍ തിരിച്ചറിഞ്ഞിരുന്നു. തന്റെ വിലയിരുത്തലും അനുഭവപാഠങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു കരടുരേഖ അദ്ദേഹം തയ്യാറാക്കി തന്റെ ഏറ്റവും അടുത്ത സഖാക്കള്‍ക്കു കൊടുത്തിരുന്നു. അതിന്റെ കോപ്പിയൊന്നും ഇന്നെന്റെ കയ്യിലില്ല. വിപ്‌ളവപ്രവര്‍ത്തനം തുടരാന്‍ കഴിയാത്തതില്‍ നിരാശനായാണ് ആ വിപ്‌ളവകാരി മരണമടഞ്ഞത്. നക്‌സല്‍ബാരി പ്രസ്ഥാനത്തില്‍ പിന്നീട് പല വകഭേദങ്ങളും ഉണ്ടായെങ്കിലും അദ്ദേഹത്തെ, നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപകനെ രക്തസാക്ഷിയായി ആദരിക്കാന്‍ ഇതുവരെയും ഒരു വിഭാഗവും തയ്യാറായിട്ടില്ല. ചരിത്രത്തില്‍നിന്ന് ഒരു സഖാവിനെ എങ്ങനെയാണ് പ്രസ്ഥാനം ഇല്ലാതാക്കി കളയുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാം. 

അച്ഛനുശേഷം
എന്റെ ജീവിതത്തിലെ ഒരു പ്രധാനവഴിത്തിരിവായിരുന്നു അച്ഛന്റെ മരണം. പിന്നീട് ഞാനും മായും മാത്രമായി. അച്ഛന്റെ അനിയന്റേയും ഭാര്യയുടേയും മക്കളുടെയുമൊക്കെ അകല്‍ച്ച ഇതിനിനടയ്ക്കു കുറഞ്ഞു കുറഞ്ഞു വന്നു. ഞങ്ങളും പാപ്പന്‍ കുന്നിക്കല്‍ പുരുഷോത്തമനും താമസിച്ചിരുന്ന തറവാട് വീട് വില്‍ക്കണമെന്ന ഞങ്ങളുടെ ആവശ്യം ആദ്യം കുറച്ച് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ക്ക് അവകാശപ്പെട്ട ഭാഗം വില്‍ക്കാന്‍ പാപ്പന്‍ പിന്നീട് സമ്മതിച്ചു. ഇതിന്നിടയില്‍ ഞങ്ങളോടു ബന്ധപ്പെട്ടിരുന്ന അച്ഛന്റെ സഖാവ് അച്ചുതനും (അച്ചുവേട്ടന്‍) യാക്കൂബും ഉമേഷും (പാപ്പന്റെ മകന്‍) എല്ലാം ഞങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. അങ്ങനെയാണ് ഞാന്‍ യാക്കൂബുമായി കൂടുതല്‍ അടുക്കാനിടയായത്. 
യാക്കൂബ് എന്റെ വീട് നിന്നിരുന്ന സ്ഥലത്തിന്റെ തൊട്ടപ്പുറത്തുള്ള എണ്ണപ്പാടം എന്ന പ്രദേശത്തെ തോട്ടൂളിപ്പാടത്തു ജീവിച്ചിരുന്ന ഒരു മുസ്‌ലിം യുവാവാണ്. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഫ്രാന്‍സിസ് റോഡിലാണ് കുന്നിക്കല്‍ തറവാട്. റെയിലിന്റെ പടിഞ്ഞാറു ഭാഗത്ത് കോഴിക്കോട്ടെ ബാഗ്ദാദ് എന്നറിയപ്പെടുന്ന കുറ്റിച്ചിറ പ്രദേശത്തു സ്ഥിതിചെയ്തിരുന്ന ഒരു സ്ഥലമാണ് എണ്ണപ്പാടം. എന്റെ ജയില്‍വാസം കഴിഞ്ഞ് അച്ഛനും മായും ഞാനുമൊന്നിച്ചു വീണ്ടും ജീവിതമാരംഭിച്ചപ്പോള്‍ മുതല്‍ യാക്കൂബ് എന്റെ അച്ഛന്റെ ശിഷ്യനായിരുന്നു. ഉമേഷിന്റെ സുഹൃത്തായിരുന്ന യാക്കൂബ് ഇടയ്ക്കിടെ വീട്ടില്‍ വരുമായിരുന്നു. അദ്ദേഹം ആ പ്രദേശത്തെ ഉല്‍പ്പതിഷ്ണുവായ ഒരു സാംസ്‌കാരിക പ്രവര്‍ത്തകനും നാടകപ്രവര്‍ത്തകനുമായിരുന്നു. കേരളത്തില്‍ ആദ്യമായി തെരുവുനാടകം അവതരിപ്പിച്ചയാളാണ് യാക്കൂബും കൂട്ടരും എന്ന് പിന്നീട് സജിത മഠത്തിലും സിവിക് ചന്ദ്രനും പറഞ്ഞിരുന്നു. അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഏറെയൊന്നും സംസാരിച്ചിരുന്നില്ല. മരിച്ചശേഷം മറ്റു സഖാക്കളോടൊപ്പം യാക്കൂബും ഞങ്ങളുടെ നിത്യസന്ദര്‍ശകനായി. അങ്ങനെ ഒരു ദിവസം ഞാന്‍ എന്നെ വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്നു ചോദിച്ചു. എന്നെക്കാള്‍ എട്ടുവയസ്സ് പ്രായം കുറവുള്ള യാക്കൂബ് ആ സമയത്തു മറ്റു സഖാക്കളോടൊപ്പം എനിക്കു നല്ലൊരു കൂട്ടാളിയെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അച്ചുവേട്ടനും വാസു ഏട്ടനും യാക്കൂബുമൊക്കെ എന്റെ ജീവിതപങ്കാളിയാവാന്‍ താല്‍പ്പര്യവും കഴിവുമുള്ള സഖാക്കളെത്തന്നെയാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. ഇതിന്നിടയിലാണ് ഞാന്‍ യാക്കൂബിനോടു താല്‍പ്പര്യമുണ്ടോ എന്നു ചോദിച്ചത്. അത്രത്തോളം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ പറഞ്ഞു: ''എനിക്ക് അറേഞ്ച്ഡ് മാര്യേജിനോടു താല്‍പ്പര്യമില്ല. അതു പാര്‍ട്ടിയായാലും. നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ പറയൂ.' രണ്ടുദിവസമെടുത്തു യാക്കൂബ് മറുപടി പറയാന്‍. അതിനുശേഷമാണ് തനിക്കു താല്‍പ്പര്യമുണ്ടെന്നു പറഞ്ഞത്. ഞങ്ങളുടെ പ്രണയജീവിതവും വിവാഹജീവിതവും തുടങ്ങിയത് ഇപ്രകാരമാണ്. പലവിധ എതിര്‍പ്പുകളേയും കൈകാര്യം ചെയ്തുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുതന്നെ പോയി. മാ എന്നോടു പല ആശങ്കകളും പങ്കിട്ടു. മായ്ക്ക് യാക്കൂബിനെ ഇഷ്ടമായിരുന്നുവെങ്കിലും പ്രായക്കുറവ്, വ്യത്യസ്ത സാംസ്‌കാരിക ചുറ്റുപാടുകളില്‍ വളര്‍ന്ന സാഹചര്യം ഇതൊക്കെ കണക്കിലെടുത്ത് നീ നല്ലവണ്ണം ആലോചിച്ചു തീരുമാനിച്ചാല്‍ മതിയെന്നാണ് മാ പറഞ്ഞത്. എന്റെ പ്രായമുള്ള ബാ (അമ്മൂമ്മ)യേയും മാമന്മാരേയും ബോദ്ധ്യപ്പെടുത്താന്‍ എന്നെ മുംബൈയിലേക്കയച്ചു. ഇതെല്ലാം കഴിഞ്ഞു തിരിച്ചുവന്നപ്പോഴും ഞാന്‍ തീരുമാനത്തിലുറച്ചു നിന്നു. മാ പിന്നെ ഒരെതിര്‍പ്പും പറഞ്ഞില്ല. അവസാനം വരെ മാ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. 
1981 നവംബര്‍ 25-നായിരുന്നു വിവാഹം. രാവിലെ തന്നെ വാസു ഏട്ടനേയും ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബാലഗോപാലിനേയും (അയ്യത്താന്‍ ഗോപാലന്റെ മകനും സുജനപാലിന്റെ അച്ഛനും) കൂട്ടി രജിസ്റ്റര്‍ ആഫീസില്‍ പോയി സ്‌പെഷ്യല്‍ മാര്യേജസ് ആക്ട് പ്രകാരം വിവാഹം ചെയ്യാന്‍ ഞങ്ങളാഗ്രഹിക്കുന്നുവെന്നറിയിക്കുന്ന ഒരു ഫോം പൂരിപ്പിച്ചു. വൈകിട്ട് ഒരു ഒത്തുചേരല്‍ തീരുമാനിച്ചിരുന്നു. അതിന്നായി ഞങ്ങളുടെ പറമ്പിലൊരു സ്റ്റേജ് കെട്ടാനും മറ്റ് ഒരുക്കങ്ങള്‍ക്കുമായി വാസു ഏട്ടനും ഒപ്പം കുറേ സാംസ്‌കാരിക വേദി–സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകരും ഉത്സാഹത്തോടെ ഓടിനടക്കുന്നുണ്ടായിരുന്നു. ഇതിന്നിടയില്‍ എന്റെ വീട്ടിലൊരു ഭേദപ്പെട്ട ഉച്ചഭക്ഷണമൊരുക്കാന്‍ പാപ്പന്റെ ഭാര്യയും എന്റെ സ്‌നേഹമുള്ള ഇളയമ്മയുമായ നളിനിയേടത്തിയും വലിയച്ഛന്റെ മകന്‍ ജതിയേട്ടനും അച്ഛന്‍ പെങ്ങള്‍ യശോദേടത്തിയുടെ മകന്‍ രമേഷ് ബാബുവും (അദ്ദേഹം എന്റെ പൂര്‍വ്വകാമുകനായിരുന്നു!) എല്ലാം ഓടി നടന്നു. വൈകുന്നേരത്തെ പരിപാടിയില്‍ ബാലഗോപാലനാണ് ഞങ്ങള്‍ അന്നുമുതല്‍ വിവാഹിതരായെന്ന കാര്യം സദസ്സിനോടു പ്രഖ്യാപിച്ചത്. ഞങ്ങളുടെ ചിരകാല കുടുംബസുഹൃത്തായ അഡ്വ.കെ. ഭാസ്‌കരന്‍ നായര്‍, അക്കാലത്തെ ഉല്‍പ്പതിഷ്ണുവായ ചെറുപ്പക്കാരന്‍ അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, വാസു ഏട്ടന്‍ എന്നിവര്‍ ഞങ്ങളെ ആശംസിച്ചുകൊണ്ട് സംസാരിച്ചു. യാക്കൂബിന്റെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തെ അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉപ്പ ജനാബ് കെ.പി.കുഞ്ഞി മുസ്‌ലിം ലീഗിന്റെ തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു. ഒരു ഇടത്തരം ചുറ്റുപാടിലാണ് പത്തുമക്കളുള്ള ആ കുടുംബം കഴിഞ്ഞിരുന്നത്. സ്വാഭാവികമായും അവര്‍ക്ക് ഈ ബന്ധത്തെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ഞാനൊരു ഹിന്ദുവായിരുന്നു. മാത്രമല്ല, സമൂഹത്തെ വെല്ലുവിളിച്ചു ജീവിക്കുന്ന ഒരു വിപ്‌ളവകാരിയും. വിവാഹത്തിനുമുന്‍പു തന്റെ ആഗ്രഹം യാക്കൂബ് എഴുതി അറിയിച്ചതു ചേട്ടന്‍ മുഹമ്മദലിയെ ആയിരുന്നു. ''നിനക്കു ശരിയെന്നു തോന്നുന്നുവെങ്കില്‍ ചെയ്‌തോളൂ' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഈ നിലപാട് കുടുംബത്തിന്റെ മനോഭാവത്തില്‍ അയവു വരാന്‍ സഹായിച്ചിട്ടുണ്ട്. യാക്കൂബിന്റെ അനിയന്‍ അബ്ദുള്‍ കരീം തൊട്ടടുത്തു കുറച്ചപ്പുറത്ത് മാറിനിന്നുകൊണ്ട് ഞങ്ങളുടെ വിവാഹ പരിപാടിയെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. 
അങ്ങനെ എന്റെ വിവാഹജീവിതം ആരംഭിച്ചു. തുടക്കത്തില്‍ അതത്ര സുഗമമായിരുന്നില്ല. പ്രണയിക്കുമ്പോഴുള്ള അനുഭവമല്ലല്ലോ ഒന്നിച്ചുജീവിക്കുമ്പോഴുണ്ടാവുന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളും ശീലങ്ങളുമൊക്കെയുള്ള ഞങ്ങള്‍ പലപ്പോഴും വഴക്കിട്ടു. എന്റെ മാ അതിനൊക്കെ നടുവില്‍ വീണു. തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങളുടെ വൈവാഹികജീവിതം ഇന്നും മുന്നോട്ടുപോകുന്നതു മായുടെ നിര്‍ണായകമായ ഇടപെടലുകള്‍ മൂലമാണെന്നു പറയാന്‍ എനിക്കൊരു മടിയുമില്ല. പലപ്പോഴും അങ്ങേയറ്റം കലുഷിതമായിട്ടും മാ ഒരു തീനാളമായി, ഒരു സാന്ത്വനമായി ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. 1982 ഒക്‌ടോബര്‍ 19-നു എന്റെ മകള്‍ ഗാര്‍ഗി ജനിച്ചു. മൂന്നരവര്‍ഷം കഴിഞ്ഞാണ് 1986 ഫെബ്രുവരി 14–നു എന്റെ മകന്‍ ക്‌ളിന്റ് ജനിച്ചത്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഞാനും യാക്കൂബും ചേര്‍ന്ന് നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ തീ കെടാതെ സൂക്ഷിക്കാനായി 'റെഡ് ഗാര്‍ഡ്‌സ്' എന്ന മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. അഞ്ചുലക്കങ്ങളാണ് ഞങ്ങള്‍ക്കാകെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്. അതു നഷ്ടത്തില്‍ കലാശിച്ചു. മാത്രമല്ല, വേണ്ടത്ര അംഗീകാരം അതിനു കിട്ടിയതുമില്ല. അതുകൊണ്ട് ആ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍ത്തി.

(സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന ഓര്‍മയിലെ തീനാളങ്ങള്‍ എന്ന ആത്മകഥാ പരമ്പരയുടെ ആദ്യ ഭാഗം)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com