പൗരബോധത്തിന് വിലങ്ങിടുമ്പോള്‍

അപകടത്തില്‍ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിക്ക് നേരിടേണ്ടി വന്ന പീഡനാനുഭവങ്ങള്‍
പൗരബോധത്തിന് വിലങ്ങിടുമ്പോള്‍

മോനെ നേരേ ചൊവ്വേ വളര്‍ത്തണം– മകനോട് പൊലീസുകാര്‍ കാണിച്ച അനീതിക്കെതിരെ പരാതിപ്പെടാനെത്തിയ ഒരമ്മയോട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷ് ബിനോ പരാതി സ്വീകരിച്ച ശേഷം സൗജന്യമായി നല്‍കിയ ഉപദേശമാണ് ഇത്. കമ്മീഷണര്‍ ഈ അമ്മയ്ക്കു നല്‍കിയ താക്കീത് എന്തിനായിരുന്നെന്ന് അറിയുമ്പോഴാണ് കൊളോണിയല്‍ ഭരണത്തിന്റെ അട്ടിപ്പേറ് പറ്റിയ പൊലീസ് സംവിധാനത്തിന്റെ ധാര്‍ഷ്ട്യം മനസ്സിലാകുക. കല്ലുവാതുക്കല്‍ ഇടവട്ടം സ്വദേശിയായ ഗീതാ പ്രദീപാണ് പരാതിക്കാരി. പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ അപകടത്തില്‍ പരുക്കേറ്റ ഹൃദ്രോഗിയെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ടതാണ് ഗീതയുടെ മകന്‍ ദിനേശ് പ്രദീപ് ചെയ്ത കുറ്റം.


കൊട്ടിയം എന്‍.എസ്.എസ് ലോ കോളേജില്‍ വിദ്യാര്‍ത്ഥിയാണ് ഗീതയുടേയും പ്രദീപ് കുമാറിന്റേയും ഏകമകനായ ദിനേശ്. അത്യാവശ്യം രാഷ്ട്രീയ– സാമൂഹ്യ അവബോധമുള്ള ചെറുപ്പക്കാരന്‍. ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാറിനാണ് പരാതിക്ക് ആധാരമായ സംഭവങ്ങളുടെ  തുടക്കം.
ദിനേശ് പറയുന്നു:
''രാവിലെ കല്ലുവാതുക്കലെ വീട്ടില്‍നിന്ന് കൊല്ലത്തേക്ക് ബസില്‍ വരികയായിരുന്നു ഞാന്‍. കൊല്ലത്തിനടുത്ത് പോളയത്തോടായപ്പോള്‍ ഞാന്‍ കയറിയ കെ.എസ്.ആര്‍.ടി.സി ബസ് ഒരു ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാരന്‍ നിലത്തുവീഴുന്നതും നാട്ടുകാര്‍ ഓടിക്കൂടുന്നതും ഞാന്‍ കണ്ടിരുന്നു. സംഭവമെന്താണെന്നറിയാന്‍ ഞാനുമിറങ്ങി. ദേഹമാസകലം പരുക്കേറ്റയാള്‍ നടുറോഡില്‍ കിടപ്പുണ്ടായിരുന്നു. അപ്പോഴാണ് നാട്ടുകാര്‍ പറയുന്നത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാര്‍ പെട്ടെന്നു കൈകാണിച്ചതുകൊണ്ട് നിര്‍ത്തിയപ്പോഴാണ് അപകടമുണ്ടായതെന്ന്. ഈ അപകടം കണ്ടിട്ടും വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘം തിരിഞ്ഞുനോക്കിയില്ല. കൈകാണിച്ച പൊലീസുകാരന്‍ ചിരിച്ചുകൊണ്ട് റോഡരികില്‍ നില്‍പ്പുണ്ടായിരുന്നു. ഞാനും മൂന്നാലു പേരും ചേര്‍ന്ന് അദ്ദേഹത്തെ റോഡിന്റെ ഒരു വശത്തേക്കു മാറ്റിക്കിടത്തി. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ നെഞ്ചില്‍ സര്‍ജറിയുടെ പാടുകളുണ്ടായിരുന്നു. ബൈപ്പാസ് സര്‍ജറി കഴിഞ്ഞ ഹൃദ്രോഗിയായിരുന്നു അദ്ദേഹമെന്ന് ഒറ്റനോട്ടത്തിലറിയാം. അറുപത്തിയഞ്ച് വയസ് പ്രായമുണ്ട് പരുക്കേറ്റയാള്‍ക്ക്, ആശുപത്രയിലെത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ (പൊലീസുകാര്‍) വരട്ടെ എന്നുകരുതി കുറച്ചുനേരം ഞങ്ങള്‍ നോക്കി. എന്നാല്‍, ആരും തിരിഞ്ഞുനോക്കിയില്ല. നാട്ടുകാര്‍ കൂടിയതോടെ പരിശോധന നടത്തിയ സംഘത്തിലെ ഒരു പൊലീസുകാരന്‍ ഞങ്ങളുടെ അടുത്തേക്കു വന്നു.
ആ പൊലീസുകാരനോട് പരുക്കേറ്റയാള്‍ക്ക് തീരെ വയ്യെന്നും ബൈപ്പാസ് സര്‍ജറി കഴിഞ്ഞയാളാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ റോഡരികില്‍നിന്ന് പരുക്കേറ്റയാളെ ഈ പൊലീസുകാരന്‍ വഴിയില്‍ പാര്‍ക്ക് ചെയ്ത ഒരു ഓട്ടോറിക്ഷയില്‍ കയറ്റിയിരുത്തി. കുടിക്കാന്‍ ഒരു കുപ്പിവെള്ളവും കൊടുത്തു. പ്രശ്‌നം കഴിഞ്ഞെന്ന മട്ടില്‍ പൊലീസുകാരന്‍ പോകാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു പറഞ്ഞു. അയാള്‍ക്ക് പോകണമെന്നില്ല, പിന്നെ നിനക്കാണോടാ നിര്‍ബന്ധം എന്നായിരുന്നു പൊലീസുകാരന്റെ മറുപടി. പരുക്കേറ്റയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരംപറയും എന്ന ചോദ്യത്തിനും ആ പൊലീസുകാരന് മറുപടിയുണ്ടായിരുന്നില്ല. ഇതൊക്കെ ഞാന്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കളവ് പറയില്ലല്ലോ. ഈ പൊലീസുകാരന് നെയിംബോര്‍ഡില്ലെന്ന് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. സ്വാഭാവികമായും ഞാന്‍ സാറ് ഏതു സ്‌റ്റേഷനിലെയാണ് എന്നു ചോദിച്ചു. ഡ്രൈവറാണ് എന്നാണ് ആ പൊലീസുകാരന്‍ പറഞ്ഞത്. നെയിംബോര്‍ഡ് ഉണ്ടോ ഇല്ലയോ എന്നത് നിന്നെ ബോധിപ്പിക്കണ്ട കാര്യമില്ലെന്നായിരുന്നു അയാളുടെ മറുപടി. 

ദിനേശ് പ്രദീപ്‌
ദിനേശ് പ്രദീപ്‌


നാളെ എന്തെങ്കിലും സംഭവിച്ചാല്‍, ഉത്തരവാദിത്തപ്പെട്ടവര്‍ ചോദിച്ചാല്‍ ഇതാണ് സംഭവമെന്നു പറയണമല്ലോ. അതിനാണ് ഞാന്‍ പേര് ചോദിച്ചതെന്നു പറഞ്ഞു. കൃത്യം യൂണിഫോമില്‍ ഇല്ലാത്ത സാറ് എങ്ങനെ ഡ്യൂട്ടിക്ക് കയറി എന്ന ചോദ്യത്തിനും ആ പൊലീസുകാരനു മറുപടിയുണ്ടായിരുന്നില്ല. ഇതോടെ നാട്ടുകാര്‍ കൂടി. സ്ഥലം കാലിയാക്കാന്‍ ശ്രമിച്ച പൊലീസുകാരെ തടഞ്ഞു. അപ്പോഴേക്കും നെയിംബോര്‍ഡില്ലാത്ത പൊലീസുകാരന്റെ ഫോട്ടോ ഞാന്‍ മൊബൈലില്‍ എടുത്തിരുന്നു. ഇത്രയും ആയപ്പോഴേക്കും ട്രാഫിക് എസ്.ഐ വന്നു. സ്ഥിതിഗതി മോശമാകുന്നുവെന്നു കണ്ട എസ്.ഐ പരുക്കേറ്റയാളെ ജീപ്പില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചു. അപ്പോഴേയ്ക്കും ഞാന്‍ പിന്‍മാറി. പിന്നീട് നടന്ന കാര്യങ്ങളൊന്നും എനിക്കറിവില്ല. എന്നാല്‍, പരുക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിയെന്നാരോപിച്ചു നാട്ടുകാര്‍ ജീപ്പിനു മുന്നില്‍ കുത്തിയിരുന്നു. ദേശീയപാതയും ഉപരോധിച്ചു. അവരുടെ പ്രതിഷേധത്തിനു കാരണമുണ്ടായിരുന്നു. മറഞ്ഞു നിന്ന ശേഷം ഇരുചക്രവാഹനങ്ങള്‍ വരുമ്പോള്‍ റോഡിന്റെ മധ്യത്തിലിറങ്ങി കൈകാണിച്ചു നിര്‍ത്തി വാഹനപരിശോധന നടത്തിയതുകൊണ്ട് ആ ദിവസം തന്നെ രണ്ട് അപകടങ്ങളുണ്ടായിരുന്നു. തലേന്നും ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. മിനിട്ടുകളുടെ വ്യത്യാസത്തിലായിരുന്നു ഈ അപകടങ്ങള്‍. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഒടുവില്‍ നാട്ടുകാരാണ് പരുക്കേറ്റയാളെ ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്' –ദിനേശ് പറയുന്നു.
പിറ്റേന്ന് ഇറങ്ങിയ പത്രത്തില്‍ വിവരങ്ങള്‍ വിശദമായുണ്ടായിരുന്നു. ദിനേശ് സഹായിച്ച ആ അറുപത്തിയഞ്ചുകാരന്‍ മുള്ളുവിള സ്വദേശിയായ നാസറായിരുന്നു. അദ്ദേഹം നേരത്തേ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുമുണ്ട്. നാസറിനെ ആശുപത്രിയിലെത്തിക്കണമെന്നതു മാത്രമായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍, അതിനു പകരം ട്രാഫിക് വാര്‍ഡനേയും പൊലീസുകാരനേയും ജീപ്പില്‍ രക്ഷപെടുത്താനാണ് പൊലീസ് ശ്രമിച്ചത്. ഇതു ചോദ്യം ചെയ്തപ്പോള്‍ പൊലീസ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതാണ് പ്രതിഷേധത്തിനു വഴിവച്ചത്. ഒടുവില്‍ ഓട്ടോയിലാണ് നാസറിനെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കാന്‍ തുടങ്ങി. നടപടി സ്വീകരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 20 മിനിട്ട് നീണ്ട ഉപരോധം നാട്ടുകാര്‍ പിന്‍വലിച്ചത്. 
ഈ സംഭവമുണ്ടാകുന്നതിന്റെ തലേന്ന് ചെമ്മാന്‍മുക്കില്‍ വാഹന പരിശോധന നടത്തിയ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇരുചക്രവാഹനത്തിന്റെ മിറര്‍ ചരിഞ്ഞിരിക്കുന്നുവെന്നു പറഞ്ഞു യാത്രക്കാരനായ വിദ്യാര്‍ത്ഥിയോട് 500 രൂപ പിഴ നല്‍കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി കോര്‍പ്പറേഷന്‍ ജീവനക്കാരിയായ മാതാവിനെ വിവരം അറിയിച്ചു. അവര്‍ പണവുമായി എത്തിയപ്പോഴേക്കും വാഹനം സ്‌റ്റേഷനിലേക്കു കൊണ്ടുപോയിരുന്നു. പൊതുപ്രവര്‍ത്തകര്‍ ഇതു ചോദ്യം ചെയ്തതോടെ സംഘര്‍ഷവുമുണ്ടായി.
ഇതിനു ശേഷം നടന്ന കാര്യങ്ങള്‍ ദിനേശിന്റെ അമ്മ ഗീത പറയും:
''മാര്‍ച്ച് പതിനെട്ടിന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് പൊലീസ് ഞങ്ങളുടെ വീട്ടിലേക്ക് ഇരച്ചുകയറിയത്. ഭയങ്കര ബഹളം കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്. ലൈറ്റിട്ട് മുകളിലെ നിലയില്‍നിന്നു നോക്കുമ്പോള്‍ കാണുന്ന കാഴ്ച വീടുമുഴുവന്‍ പൊലീസ് വളഞ്ഞിരിക്കുന്നു. വീടിന്റെ മതിലിനപ്പുറം നാലു കോണുകളിലായി പൊലീസ് ജീപ്പുകള്‍. താഴത്തെ വാതിലിനു മുന്നില്‍ നില്‍ക്കുന്ന പൊലീസുകാര്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുന്നു. വാതില്‍ തുറക്കണമെന്നാണ് അവരുടെ ആവശ്യം. ഇല്ലെങ്കില്‍ അതു വെട്ടിപ്പൊളിക്കുമത്രെ. ബൂട്ടിട്ട് ചവിട്ടി മൈക്ക കൊണ്ടുണ്ടാക്കിയ വാതില്‍ അവര്‍ ചവിട്ടിപ്പൊളിച്ചു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയും പാരിപ്പള്ളി എസ്.ഐ മുഹമ്മദ് ഫറൂഖുമാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. മൊബൈലില്‍ മകന്റെ ഫോട്ടോ കാണിച്ച് ഇവനിവിടെയുണ്ടോ എന്നാണ് ആദ്യം അവര്‍ തിരക്കിയത്. തുടര്‍ന്നു മുകളിലെ നിലയില്‍നിന്നു മകനെ കഴുത്തിനു കുത്തിപ്പിടിച്ച് ഇറക്കിക്കൊണ്ടുവരികയായിരുന്നു. ഇടയ്ക്ക് തടസ്‌സം പിടിക്കാന്‍ ചെന്ന എന്നെ അസഭ്യവാക്കുകള്‍ കൊണ്ട് മൂടി. മാറിനിന്നില്ലെങ്കില്‍ നിന്റെ അടിവയര്‍ ചവിട്ടിക്കലക്കുമെന്നാണ് ആ പൊലീസുകാരന്‍ പറഞ്ഞത്. വാറണ്ടുണ്ടോ സെര്‍ച്ച് ഓര്‍ഡറുണ്ടോ എന്നൊക്കെ ഞാന്‍ ചോദിക്കുന്നുണ്ടായിരുന്നു. അതൊക്കെ അവര്‍ കേട്ടതായിപ്പോലും നടിച്ചില്ല. ഇനി പത്തിരുപത് ദിവസം കഴിഞ്ഞേ ഇവനേ കാണൂ എന്നു പറഞ്ഞു മകനേയും വലിച്ചിഴച്ച് അവര്‍ കൊണ്ടുപോയി. അവന്റെ ചെരുപ്പുമെടുത്തു ഞാന്‍ പിറകേ ഓടി. 
ഇവന്റെ കാല് ഞങ്ങള്‍ തല്ലിയൊടിക്കുമെന്നും ഇനി അവന്‍ ചെരുപ്പിടാത്ത അവസ്ഥയിലാകുമെന്നുമായിരുന്നു പൊലീസുകാരുടെ ആക്രോശം. അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊടുംക്രിമിനലിനെയോ പിടികിട്ടാപ്പുള്ളിയെയോ കൊണ്ടുപോകുന്നതു പോലെയായിരുന്നു പൊലീസുകാരുടെ പെരുമാറ്റം. പൊലീസായതുകൊണ്ട് നാട്ടുകാരാരും പ്രശ്‌നത്തില്‍ ഇടപെട്ടതുമില്ല. ഞങ്ങള്‍ക്കും കുടുംബത്തിനുമുണ്ടായ മാനക്കേട് വേറെ. ഞങ്ങള്‍ താമസിക്കുന്ന വീടിന് അടുത്തുതന്നെയാണ് കുടുംബവീട്. ആദ്യം പൊലീസ് കയറിയത് അവിടെയാണ്. ഭര്‍ത്താവിന്റെ അനിയനെ വീട്ടില്‍നിന്നു പിടിച്ചിറക്കി ജീപ്പില്‍ കയറ്റി ഞങ്ങളുടെ വീട്ടില്‍ കൊണ്ടുവന്നു. എന്റെ മോനെ കിട്ടിയശേഷമാണ് സുഖമില്ലാത്ത അദ്ദേഹത്തെ പൊലീസുകാര്‍ വിട്ടത്. ഒരാളെ സഹായിക്കാന്‍ പോയതിനാണ് ഈ മാനസികവിഷമം മുഴവന്‍ ഞാനും എന്റെ കുടുംബവും അനുഭവിക്കേണ്ടി വന്നതെന്നോര്‍ക്കണം.'
വീട്ടില്‍ നിന്ന് എന്നെ നേരെ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് ദിനേശ് പറയുന്നു. രാത്രി തന്നെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കലും എടുത്തു. അതിനു ശേഷം കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് ഒന്നുകൂടി മെഡിക്കല്‍ എടുത്തു. പിറ്റേന്നു കോടതിയില്‍ ഹാജരാക്കി. കോടതിമുറിയില്‍ സംഭവിച്ചതെല്ലാം ഞാന്‍ പറഞ്ഞു. ഒരാളെ സഹായിക്കാന്‍ പോയ കുറ്റത്തിനാണ് ഒടുവില്‍ ഇവിടെയെത്തിയത് അല്ലേ എന്ന് ജഡ്ജി എന്നോട് ചോദിച്ചു. പൊലീസിനു നേരെയും കോടതി വിമര്‍ശനമുണ്ടായി. കുണ്ടറ കേസില്‍ ഈ ശുഷ്‌കാന്തിയെന്തേ കാണിക്കാത്തത് എന്നായിരുന്നു കോടതിയുടെ ചോദ്യം. സഹായിക്കാന്‍ പോയതിനു ജയിലില്‍ അയക്കണോ എന്നായിരുന്നു പൊലീസുകാരോട് കോടതി ചോദിച്ചത്. എന്റെ അറിവില്‍ രണ്ടു കേസുകളാണ് എനിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിലൊന്ന് 353 ആണ്.

പോലീസ് സംഘം ചവിട്ടിപൊളിച്ച വീട്‌
പോലീസ് സംഘം ചവിട്ടിപൊളിച്ച വീട്‌


വാഹന പരിശോധനകള്‍ ഒട്ടേറെ വിവാദങ്ങള്‍ക്കും അപകടങ്ങള്‍ക്കും വഴിതെളിച്ചപ്പോള്‍ മുന്‍ ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പരിശോധന നടത്തുന്ന പൊലീസുകാര്‍ പാലിക്കേണ്ട നടപടിക്രമങ്ങളും നിര്‍ദ്ദേശങ്ങളും അതില്‍ ഉള്‍പ്പെടുത്തി. പൊതുജനങ്ങള്‍ക്ക് അനാവശ്യ അസൗകര്യങ്ങളുണ്ടാക്കാതെ, വിവാദങ്ങള്‍ ഒഴിവാക്കി വേണം പരിശോധന നടത്താനെന്നായിരുന്നു ആദ്യ നിര്‍ദ്ദേശം. അപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും അതല്ലാതെ പണം പിരിക്കുകയാവരുത് മാനദണ്ഡമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. ഗതാഗത തിരക്കുള്ള റോഡുകളിലോ ഇടറോഡുകളിലോ പരിശോധന പാടില്ലെന്നും മുതിര്‍ന്ന പൗരന്‍മാരെ പരമാവധി ബുദ്ധിമുട്ടിക്കരുതെന്നും ആ സര്‍ക്കുലറില്‍ പറയുന്നുണ്ട്. മാന്യമായി പെരുമാറണം, പരിശോധന ക്യാമറയില്‍ പകര്‍ത്തണം, ശരിയായ വിധത്തില്‍ യൂണിഫോം ധരിക്കണം, കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം തുടങ്ങി ഒരുപിടി നല്ല നിര്‍ദ്ദേശങ്ങള്‍ ഈ സര്‍ക്കുലറിലുണ്ടായിരുന്നു. ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല, അനുദിനം അപകടങ്ങള്‍ വര്‍ധിച്ചതേയുള്ളൂ.
കൊല്ലത്തെ പ്രശ്‌നം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാകില്ല. പെറ്റികേസിന്റെ ടാര്‍ജറ്റ് തികയ്ക്കാനായി എപ്പോഴും എവിടേയും വാഹന പരിശോധന നടത്താനാണ് പൊലീസ് ശ്രമം. ഈ സംഭവം കഴിഞ്ഞു പത്തുദിവസത്തിനു ശേഷമാണ് ചൂനാട് വള്ളികുന്നത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസ് ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇലിപ്പക്കുളം സ്വദേശിയായ നിസാം ഒന്നര മണിക്കൂറോളം അബോധാവസ്ഥയില്‍ റോഡില്‍ കിടന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് ഗുരുതരമായി പരുക്കേറ്റ നിസാമിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടുമണിക്കാണ് പൊലീസ് വാഹന പരിശോധന നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തിനെത്തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖ് സിവില്‍ പൊലീസ് ഓഫീസറായ കണ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 
ഇതിനു മുന്‍പ് വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ വയര്‍ലെസ് സെറ്റ് കൊണ്ട് തലയ്ക്കടിച്ചത് ഏറെ വിവാദമായിരുന്നു. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിനാണ് അഞ്ചുകല്ലുംമൂട് സ്വദേശി സന്തോഷ് ഫെലിക്‌സിനെ കൊല്ലം ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരന്‍ മാഷ്ദാസ് വയര്‍ലെസ് സെറ്റുകൊണ്ട് മുഖത്തടിച്ചത്. ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചികിത്സാബില്ല് അടയ്ക്കാന്‍ രണ്ടുവയസ്സുകാരനായ മകനുമൊത്തു പോകുകയായിരുന്നു സന്തോഷ്. തിരക്കേറിയ ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മറവില് നിന്ന രണ്ടു പൊലീസുകാര്‍ പെട്ടെന്നു റോഡിലേക്കു കയറി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്യാതെ ബൈക്ക് മാറ്റിനിര്‍ത്തുന്നതിനിടയിലാണ് വയര്‍ലെസ് സെറ്റ് കൊണ്ട് പൊലീസുകാര്‍ സന്തോഷിന്റെ മുഖത്തടിച്ചത്. കുഞ്ഞിനെയുമെടുത്തു ചോരയൊഴുകുന്ന മുഖത്തോടെ സന്തോഷ് നടുറോഡില്‍ കുഴഞ്ഞുവീണു.
രംഗം വഷളായതോടെ പൊലീസുകാര്‍ സംഭവസ്ഥലത്ത് നിന്നും മുങ്ങി. സംഭവം കണ്ടുനിന്നവരും മറ്റു യാത്രികരും നാട്ടുകാരും ചേര്‍ന്ന് റോഡ് ഉപരോധിച്ചു. അന്ന് എസ്.പി. ജോര്‍ജ് കോശിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ സതീഷ് ബിനോ മാഷ് ദാസിനെ സസ്്‌പെന്‍ഡും ചെയ്തിരുന്നു. പൊലീസ് സേനയ്ക്കു മുഴുവന്‍ നാണക്കേടായ സംഭവത്തിനു ശേഷം ഓരോ പൊലീസുകാരനും ഇത്തരത്തില്‍ പെരുമാറുന്നതിനു മുന്‍പ് ഗൗരവമായി ചിന്തിക്കണമെന്ന താക്കീതും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരുന്നു. മുന്‍പ് നിയമങ്ങള്‍ പാലിക്കാതെയുള്ള വാഹനപരിശോധന ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ പുനലൂര്‍ എസ്.ഐയായിരുന്ന രാജു പാന്റിന്റെ സിബ്ബൂരിക്കാണിച്ച് അപമാനിച്ചതും പിന്നീട് കള്ളക്കേസില്‍ കുടുക്കിയതുമൊക്കെ വിവാദസംഭവങ്ങളായിരുന്നു. തക്കതായ ശിക്ഷാനടപടികള്‍ പൊലീസ് നേതൃത്വത്തില്‍നിന്നുണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com