വേണം നമുക്ക് സ്വാശ്രയക്കുട്ടികളെ

ഉള്ള സ്വാശ്രയ കോളേജുകളിലെല്ലാം ഇടതും വലതും അതിനപ്പുറം ജാതീയമോ സാമുദായികമോ ആയിട്ടുള്ള രാഷ്ട്രീയ അരാഷ്ട്രീയ സംഘടനാ നേതാക്കള്‍ക്കൊക്കെ ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തമുണ്ട്.
വേണം നമുക്ക് സ്വാശ്രയക്കുട്ടികളെ

സ്വാശ്രയ കോളേജുകളേ ഉള്ളൂ, സ്വാശ്രയക്കുട്ടികളില്ല എന്നതാണെന്നു തോന്നുന്നു നമ്മുടെ ഇന്നത്തെ പ്രശ്‌നം. ഉള്ള സ്വാശ്രയ കോളേജുകളിലെല്ലാം ഇടതും വലതും അതിനപ്പുറം ജാതീയമോ സാമുദായികമോ ആയിട്ടുള്ള രാഷ്ട്രീയ അരാഷ്ട്രീയ സംഘടനാ നേതാക്കള്‍ക്കൊക്കെ ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തമുണ്ട്. അതുകൊണ്ട് ഇടതു ഭരിക്കുമ്പോള്‍ വലതും വലത് (ബി.ജെ.പിയടക്കമുള്ള വലത്) ഭരിക്കുമ്പോള്‍ ഇടതും അതിവൈകാരികമായ അനുഷ്ഠാനമെന്നപോലെ സ്വാശ്രയ വിരുദ്ധ സമരങ്ങള്‍ നടത്തിപ്പോരുന്നു. ഇരുവരും പങ്കാളികളായ, അതേ സമയം ഇരുവരും എതിരായ സമരകാലുഷ്യങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ തടിയൂരി രക്ഷപ്പെടുന്നു. അതിവൈകാരികമായ സെന്‍സേഷണല്‍ മാധ്യമ പ്രവര്‍ത്തനമാകട്ടെ, കാര്യഗൗരവത്തോടെ പ്രശ്‌നങ്ങളെ സമീപിക്കുന്നതിനു തടസ്‌സമാവുകയും ചെയ്യുന്നു.
കച്ചവടവും കുട്ടികളുമാണ് പ്രശ്‌നം. ഇതിനു രണ്ടിനും ഇടയില്‍ ചെന്നുചാടുന്ന മാതാപിതാക്കളും ഈ പ്രശ്‌നപരിസരത്തുതന്നെയാണ്. നമ്മുടെ കുട്ടികളെല്ലാം എന്‍ജിനീയര്‍മാരോ ഡോക്ടര്‍മാരോ ആകണോ എന്ന ചോദ്യം ഇനിയും, ഇത്രയൊക്കെ കഴിഞ്ഞിട്ടും പലരും ചോദിക്കുന്നില്ല. ആവശ്യത്തിലധികം എന്‍ജിനീയര്‍മാരുള്ള ഇന്നാട്ടില്‍ എന്‍ജിനീയറിങ്ങ് പാസ്‌സായ പലരും മറ്റു പണികള്‍ തേടിപ്പോയി കുറഞ്ഞ കൂലിക്ക് അരക്ഷിതമായ പണിയിടങ്ങളില്‍ ചെന്നെത്തിക്കൊണ്ടിരിക്കുകയാണെന്നു പലരുമറിയുന്നില്ല. ഈയിടെ വന്ന ഒരു പഠനത്തെ വിശ്വസിക്കാമെങ്കില്‍ ഇന്ത്യയിലെ എഴുപതിലധികം എന്‍ജിനീയറിങ്ങ് ബിരുദധാരികളും ആ ബിരുദത്തിനു ചേര്‍ന്ന ജോലികിട്ടാത്തവരോ തൊഴില്‍രഹിതരോ ആണ്. കേരളത്തില്‍ ഇത്തരക്കാരുടെ എണ്ണം മുപ്പതിനായിരത്തിലേറെ വരുമത്രേ. ഈ കോളേജുകളിലെ അദ്ധ്യയനത്തിന്റെ കഥ അതിലും പരിതാപകരമാണെന്നാണ് അറിവ്. ഒരു വര്‍ഷം മുന്‍പു പത്രങ്ങളില്‍ വന്ന വാര്‍ത്തയനുസരിച്ച് ഒരു കുട്ടിയെപ്പോലും ജയിപ്പിക്കാനാവാത്ത സ്വാശ്രയ കോളേജുകളുണ്ടത്രേ കേരളത്തില്‍. ഒരു കോളേജില്‍ മുപ്പതു പേര്‍ പരീക്ഷയെഴുതി ജയിച്ചതു രണ്ടു പേര്‍! മറ്റൊന്നില്‍ ഇരുന്നൂറ്റി അമ്പതു പേര്‍ പഠിക്കുന്നു; ജയിച്ചതോ അഞ്ചു പേര്‍! ഇങ്ങനെ പോകുന്നു വലിയൊരു വിഭാഗം സ്വാശ്രയ കോളേജുകളുടേയും വിജയഗാഥ! ഇവിടെയൊക്കെ കുട്ടികളെ പഠിപ്പിക്കാന്‍ യോഗ്യത ഉള്ളവരുണ്ടോ എന്നു തുടങ്ങി സ്വാശ്രയപ്രവേശനത്തിനപ്പുറം ആലോചിക്കേണ്ടതൊന്നും ആരും ആലോചിക്കാറില്ലെന്നതാണ് സത്യം. എല്ലാവരും ഈ കച്ചവടത്തില്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കാളികളാകയാല്‍ ആരും ഇതൊന്നും ആരേയും പറഞ്ഞു മനസ്‌സിലാക്കാറുമില്ല. അങ്ങനെ ഒടുവില്‍ മാതാപിതാക്കളുടെ കൂടി ഒത്താശയോടെ നടക്കുന്ന ഈ കച്ചവട നാടകത്തിനകത്തു നമ്മുടെ പാവം കുട്ടികള്‍ കുടുങ്ങിപ്പോകുന്നു.
അതെ, കച്ചവടം തന്നെയാണ് പ്രശ്‌നം. പണ്ടു കണ്ടമാനം സ്ത്രീധനം കൊടുത്തു കെട്ടിച്ചയക്കാറുള്ള പാവം പെണ്ണുങ്ങളുടെ സ്ഥിതിയാണ് ഇന്നു നമ്മുടെ കുട്ടികളുടേത്. തന്നെ കെട്ടിച്ചയക്കാന്‍ മാതാപിതാക്കള്‍ ചെലവാക്കിയ പണം അവള്‍ക്കൊരു ബാദ്ധ്യതയാവുന്നു. കെട്ടിയവന്‍ എത്ര കെട്ടവനായാലും അവന്റെ പീഡനങ്ങളൊക്കെ സഹിക്കുകയല്ലാതെ അവള്‍ക്കു വേറെ വഴിയില്ലായിരുന്നു. വീട്ടുകാര്‍ ഇറക്കിയ പണം ഓര്‍ക്കുമ്പോള്‍ വീട്ടിലേക്കു തിരിച്ചുപോകാന്‍ വയ്യ. ഒന്നുകില്‍ കെട്ടിയോന്റെ കൊള്ളരുതായ്മകള്‍ സഹിച്ചു സന്തോഷം നടിച്ചു കഴിയുക; അല്ലെങ്കില്‍ എങ്ങനെയെങ്കിലും ജീവിതം ഒടുക്കുക. ഇതായിരുന്നു പഴയ പെണ്ണിന്റെ സ്ഥിതി. കല്യാണക്കച്ചവടത്തിനെതിരായ അവബോധം കുറേ ഉണ്ടായതോടെ ഈ സ്ഥിതി കുറേ മാറിയെങ്കിലും വിദ്യാഭ്യാസ കച്ചവടത്തിനെതിരെ അതിലേറെ അവബോധം ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനിയും മഹിജയുടേയും മകളുടേയും നിരാഹാരത്തിനുശേഷവും ഉണ്ടായിട്ടില്ലെന്നതാണ് ഭീകരമായ സത്യം. രാഷ്ട്രീയം തന്നെ കച്ചവടമായ, കോര്‍പ്പറേറ്റ് അധിനിവേശവും ആധിപത്യവും പൂര്‍ണ്ണമായ ഒരുകാലത്ത്, അങ്ങനെ ഒരവബോധം ഉണ്ടാക്കിയെടുക്കല്‍ എളുപ്പമല്ലതാനും.


പഴയ സ്ത്രീധനത്തെയൊക്കെ നിസ്‌സാരമാക്കുന്നതാണ് ഇന്നത്തെ സ്വാശ്രയക്കോഴയുടെ കണക്കുകള്‍. മെഡിക്കല്‍ സീറ്റൊന്നിന്ന് ഒരു കോടി വരെ കോഴ വാങ്ങുന്ന കോളേജുകളുണ്ടത്രേ ഈ സാക്ഷര കേരളത്തില്‍. ഇത് അതിശയോക്തിക്കണക്കാണെന്നു തോന്നുന്നവര്‍, ഒരു കുട്ടിയെ എല്‍.കെ.ജി ക്‌ളാസ്‌സില്‍ ചേര്‍ക്കാന്‍ എത്ര കോഴ കൊടുക്കേണ്ടിവരുന്നുെണ്ടന്നൊന്ന് അന്വേഷിച്ചാല്‍ മതി. അപ്പോള്‍ അമ്പരപ്പൊക്കെ പോയിക്കിട്ടും. ദന്തഡോക്ടറായാല്‍ മതിയെങ്കില്‍ കൊടുക്കേണ്ടിവരുന്ന കോഴ ഇരുപതു ലക്ഷം. എന്‍ജിനീയറിങ്ങിനു പത്തു ലക്ഷം. കയ്യില്‍ കാശുണ്ടായിട്ടൊന്നുമല്ല പല അച്ഛനമ്മമാരും മക്കളെ ഈ വഴിക്കു വിടുന്നത്. പലരും ബാങ്ക് ലോണൊക്കെ എടുത്താണ് ഈ തീക്കളിക്കു പോകുന്നത്. ബാങ്കുകളില്‍നിന്നു ജപ്തി നോട്ടീസു വരാന്‍ തുടങ്ങുന്ന കാലം വിദൂരമല്ല. അതിനാല്‍ കര്‍ഷക ആത്മഹത്യകള്‍പോലുള്ള ആത്മഹത്യാ പരമ്പരകള്‍ക്കു നമുക്ക് ഇപ്പോഴേ ഒരുങ്ങിയിരിക്കാം.
അതിന്റെ മുന്നോടിയായിട്ടു കുട്ടികള്‍ ഇപ്പോഴേ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. സ്ത്രീധനത്തുകയുടെ ബാദ്ധ്യതയും ഭാരവും മൂലം വീട്ടിലേക്കു മടങ്ങിപ്പോകാനാവാത്ത പഴയ വധുക്കളെപേ്പാലെ, ഇന്നത്തെ കുട്ടികള്‍ക്കും കടത്തിന്റെ ഭാരമോര്‍ത്തു വീട്ടിലേക്കു മടങ്ങിപ്പോകാനാവില്ല. സ്ത്രീധനത്തുകയുടെ ഭാരം നിരന്തരം ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന പഴയ മാതാപിതാക്കളെപ്പോലെ ഇന്നത്തെ മാതാപിതാക്കള്‍ കുട്ടികളെ ഫീസിന്റെ ഭാരവും പ്രാരാബ്ധവും കുട്ടികളെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും, തീര്‍ച്ച. ആങ്ങനെ വീട് ഈ കുട്ടികള്‍ക്ക് അഭയമല്ലാതാവുന്നു. പഴയ വധു, പോംവഴിയില്ലാതെ പീഡനങ്ങള്‍ എറ്റുവാങ്ങുന്നപോലെ ഇന്നത്തെ കുട്ടികളും സ്വാശ്രയ കോളേജുകളിലെ ഇടിമുറികളില്‍, പണ്ടത്തെ മണിയറകളിലെന്നപോലെ പീഡനങ്ങള്‍ ഏറ്റു വാങ്ങുന്നു. ഇടിമുറി സഹിക്കാനാവാതെ, വീട്ടിലേക്കു തിരിച്ചു പോകാനാവാതെ വരുമ്പോള്‍ മരണത്തിലേക്കു മാത്രമാകുന്നു അവര്‍ക്കൊരു മറുവഴി. സ്വാശ്രയ കോളേജ് കച്ചവടം ഒടുവിലവരെ നിരാശ്രയരാക്കുന്നു, നിരാലംബരാക്കുന്നു. ആത്മഹത്യ മാത്രമാകുന്നു അവര്‍ക്കാശ്രയമെന്നു വരുന്നു. അങ്ങനെ ഓരോ ആത്മഹത്യക്കും നാമോരോരുത്തരും ഉത്തരവാദികളാകുന്നു.
നിസ്‌സാര കാരണങ്ങള്‍ക്കുപോലും നമ്മുടെ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഹിത്യം കഥയോ കവിതയോ അല്ല ആത്മഹത്യാക്കുറിപ്പുകളാണ് എന്ന് എന്‍.എസ്. മാധവന്‍. അതെ, കവിതയും കഥയുമെഴുതേണ്ട നമ്മുടെ കുട്ടികള്‍ ഇന്ന് ആത്മഹത്യാക്കുറിപ്പുകളെഴുതിക്കൊണ്ടിരിക്കുന്നു. വീട്ടന്തരീക്ഷവും സാമൂഹ്യാന്തരീക്ഷവും ഇതിലൊക്കെ കുറ്റവാളികളാകുന്നു. അമ്മയും അച്ഛനും തിരക്കിട്ട ജോലിക്കാരാണ്. വൈകീട്ട് സ്‌കൂള്‍ വിട്ടാല്‍ കുട്ടിയെ ട്യൂഷനു കൊണ്ടാക്കുന്നതുതന്നെ അച്ഛനമ്മമാര്‍ക്ക് അവനെ നോക്കാന്‍ നേരമില്ലാത്തതുകൊണ്ടാണ്. വീട്ടില്‍ അച്ഛനുമമ്മയും ഒന്നോ രണ്ടോ കുട്ടികളും മാത്രമാണുള്ളത്. മുത്തച്ഛനും മുത്തശ്ശിയും ഇല്ല. ഉള്ളവര്‍ തന്നെ വൃദ്ധസദനങ്ങളിലാണ്. അദ്ധ്വാനഭാരം കൊണ്ട് തളര്‍ന്ന അച്ഛനമ്മമാരും വേണ്ടതിലെത്രയോ കൂടിയ പഠനഭാരം കൊണ്ടു തളര്‍ന്ന കുട്ടിയുമാണ് പകല്‍ മുഴുവന്‍ അടച്ചിട്ട വീട്ടില്‍ വൈകീട്ടു വന്നുകയറുന്നത്. വീടിന്റെ അടച്ചിട്ട ജാലകങ്ങള്‍പോലും അവര്‍ മുഴുവന്‍ തുറക്കാറില്ല, തുറന്നാല്‍ നാളെ വീണ്ടും അടയ്ക്കണമല്ലോ എന്ന പ്രാരാബ്ധം ഓര്‍ത്തിട്ട്. പിന്നെയെങ്ങനെയവര്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറന്നിടും! തളര്‍ന്ന ശരീരവും തുറക്കാത്ത മനസ്‌സുമായി അവര്‍ കുട്ടികളെ ഹോം വര്‍ക്ക്, പ്രോജക്റ്റ് എന്നൊക്കെ പിന്നേയും പീഡിപ്പിക്കുന്നു. പിറുപിറുത്തുകൊണ്ട് എല്ലാവരും ഒടുവില്‍ ഉറങ്ങിപ്പോകുന്നു.
തോല്‍ക്കാനുള്ള ധൈര്യമില്ലാത്ത, ഏതു കുറുക്കുവഴിയിലൂടെയും ജയിച്ചേ പറ്റു എന്നു പറഞ്ഞുപറഞ്ഞു കേട്ടുപരിചയിച്ച ഒരു തലമുറയെ അങ്ങനെ നാമെല്ലാം കൂടി വളര്‍ത്തിയെടുത്തുകൊണ്ടിരിക്കുന്നു. പരീക്ഷകള്‍ ഒരുപാടുെണ്ടന്നും ജീവിതത്തില്‍ എല്ലാ പരീക്ഷകളും പാസ്‌സാകേണ്ടതില്ല എന്നും അവരെ പറഞ്ഞു മനസ്‌സിലാക്കാന്‍ ആരും മിനക്കെടുന്നില്ല. സ്വാശ്രയ കോളേജല്ല, സ്വാശ്രയരായ കുട്ടികളെയാണ് നമുക്കു വേണ്ടത്. അതുകൊണ്ടിനി ഈ സ്വാശ്രയ കോളേജുകളെല്ലാം അടച്ചുപൂട്ടിക്കാം; എന്നിട്ടു കരുത്തുള്ള സ്വാശ്രയരായ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ നോക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com