ജനസഞ്ചയത്തിന്റെ ആണലര്‍ച്ചകള്‍

കുറ്റാരോപിതനായ നടനും പീഡിപ്പിക്കപ്പെട്ട നടിയും അമ്മയുടെ മക്കളാണെന്ന്. അമ്മയുടെ സഗഹനം. നിസ്വാര്‍ത്ഥത എന്നിവ എവിടെ വാഴ്ത്തപ്പെട്ടുവോ അവിടെ ആണധികാരം കൊടികുത്തിവാഴുന്നു
ജനസഞ്ചയത്തിന്റെ ആണലര്‍ച്ചകള്‍

അത്രയും പറഞ്ഞാല്‍ മതിയാവില്ല. ആണ്‍(മാത്ര)കൂട്ടമാണ് എന്നുതന്നെ പറയേണ്ടി വരുന്നു. സമീപകാലത്തെ മോബോക്രസിയാണ് വീണ്ടും ഈ തിരിച്ചറിവിലേക്കു തള്ളിയിടുന്നത്. ഇതിനര്‍ത്ഥം പണ്ടൊന്നും ഇങ്ങനെയായിരുന്നില്ല എന്നല്ല. പണ്ടത്തെപ്പോലെ ഒരുപക്ഷേ, പണ്ടത്തെക്കാള്‍ ഇന്നത് അങ്ങനെയാണെന്നാണ്. 
                      
ആരാധനാലയങ്ങള്‍, വിവാഹമുള്‍പ്പെടെയുള്ള കുടുംബപരവും മതപരവുമായ ചടങ്ങുകള്‍ എന്നിവയില്‍ ഒഴിച്ചു പൊതുവേ സ്ത്രീസാന്നിധ്യം കുറവായിട്ടാണ് കാണുന്നത്. ദൈവം, മതം, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഏതുനേരത്തും എവിടെയും പെണ്ണിനെ കാണാം. അവള്‍ ചോദ്യം ചെയ്യപ്പെടുകയോ സംശയിക്കപ്പെടുകയോ ഇല്ല തന്നെ. ആരാധനാലയങ്ങളില്‍ പോയിവരുന്നവളെ സമീപിക്കുന്നതുപോലെയല്ല, ഹോട്ടലില്‍ ചായ കുടിക്കാനോ സിനിമക്കോ ഒറ്റയ്ക്കു പോയിവരുന്നവളെ നോക്കുന്നത്. അവള്‍ എപ്പോഴും പൊതുസമൂഹത്തിന്റെ നിരീക്ഷണപരിധിയിലാണ്. 

അമ്പലത്തിലേക്കാണ്, കല്യാണത്തിനാണ്, കുട്ടിക്കു മരുന്നു വാങ്ങാനാണ്, വീട്ടിലേക്കു പച്ചക്കറി വാങ്ങാനാണ് എന്നിങ്ങനെയുള്ള പെണ്ണിന്റെ മറുപടികള്‍ ആര്‍ക്കും തൃപ്തികരമാണ്. എന്നാല്‍ ഒരുന്മേഷം കിട്ടാന്‍ ഒന്നു ചുറ്റിയടിച്ചു, വെറുതെ ഒരു ചായ കുടിക്കാന്‍ പോയി, കൂട്ടുകാരെ കാണാന്‍ പോയി എന്നൊക്കെയുള്ള ഉത്തരങ്ങള്‍ പൊതുവേ അസ്വീകാര്യമാണ്. ആണ്‍കോയ്മയുടെ ഈ ഏകപക്ഷീയതയും അസമത്വവും പൊതുമണ്ഡലത്തില്‍ പൂര്‍വ്വാധികം ശക്തമായി നിലനില്‍ക്കുന്നുവെന്നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ബോധ്യപ്പെടുത്തുന്നത്.

നടന്‍ അമ്മ ആള്‍ക്കൂട്ടം
സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് നടി ആക്രമിക്കപ്പെട്ട സംഭവം. അവര്‍ പരാതിയില്‍ ഉറച്ചുനിന്നു. പള്‍സര്‍ സുനി മാത്രം അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രതികള്‍ മുഴുവന്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന് ഉറപ്പായിരുന്നു നടിക്ക്. കാരണം താന്‍ ചെയ്യുന്ന ലൈംഗിക അതിക്രമത്തോടു സഹകരിക്കണം, ക്വട്ടേഷനാണ് എന്ന് പള്‍സര്‍ സുനി നടിയോടു പറഞ്ഞിരുന്നു. ഈ നടി സ്വയമറിയാതെ ചില ചരിത്രദൗത്യങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്നു എന്നതാണ് സത്യം.  


                      
കേരളത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീപീഡന പരമ്പരകളുടെ മൂന്നാം ഘട്ടത്തിലാണ് നടി ആക്രമിക്കപ്പെട്ട സംഭവം. ആദ്യഘട്ടം പെണ്‍കുട്ടികളെ ചില പ്രത്യേക സാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് തട്ടിക്കൊണ്ടു പോകുന്നു. അവളെ കൈമാറി വിറ്റു കാശാക്കുന്നു. ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കപ്പെടുകയോ വീട്ടില്‍ മടങ്ങിയെത്തുകയോ പൊലീസിനാല്‍ പിടിക്കപ്പെടുകയോ ചെയ്യുന്നു. സൂര്യനെല്ലി, ഐസ് ക്രീം പാര്‍ലര്‍, വിതുര കേസുകള്‍ ഈ വിഭാഗത്തില്‍പെടുത്താവുന്നതാണ്.

ഇരകളായ പെണ്‍കുട്ടികളുടെ ജീവന്‍ നശിപ്പിക്കുന്നതാണ് രണ്ടാം ഘട്ടം. കവിയൂര്‍, കിളിരൂര്‍, പുവരണി എന്നിവ ഉദാഹരണം
ഉഷ, ശ്രീദേവി, അജിതാ ബീഗം, ലതാനായര്‍ എന്നീ സ്ത്രീ നാമങ്ങള്‍ മലയാളികള്‍ മറന്നിട്ടില്ലല്ലോ. ഈ പേരുകാരികളായിരുന്നു സൂര്യനെല്ലിയിലും ഐസ്‌ക്രീം പാര്‍ലറിലും വിതുരയിലും കവിയൂരും കിളിരൂരുമൊക്കെ പെണ്‍കുട്ടികളെ ആണ്‍സംഘത്തിനു കൂട്ടിക്കൊടുത്തത്. സ്ത്രീകള്‍ക്കെതിര് സ്ത്രീകള്‍ തന്നെയെന്ന് ആണുങ്ങള്‍ പ്രചരിപ്പിച്ചത് ഈ ഏജന്റുമാരെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഈ മൂന്നാം ഘട്ടത്തില്‍ ലൈംഗികാതിക്രമത്തിനു ക്വട്ടേഷന്‍ ഏര്‍പ്പെടുത്തുകയെന്ന ഉത്തരാധുനിക രീതി നടപ്പിലായതായി കാണാം. അതാണ് നടിയുടെ കാര്യം വ്യത്യസ്തമാക്കുന്നത്. ഒരു പുരുഷനു പെണ്ണിനോട് എന്തെങ്കിലും താല്‍പ്പര്യം തോന്നിയിട്ടല്ല ഈ അതിക്രമം. ഏതെങ്കിലും വമ്പന്മാര്‍ക്ക് ഇവളുടെ ശരീരം വിറ്റ് കാശാക്കി സെക്‌സ് ഇന്റസ്ട്രിയെ പ്രോത്സാഹിപ്പിക്കാനുമല്ല. വ്യക്തിപരമായ പക തീര്‍ക്കാനും ഒരുവളെ നിശ്ശബ്ദയാക്കാനുമാണ് ഈ അതിക്രമത്തിനു ക്വട്ടേഷന്‍ കൊടുക്കുന്നത്. തീര്‍ച്ചയായും നവ സാമ്പത്തിക ക്രമങ്ങള്‍ക്ക് ഉചിതമായ വിധം കേരളത്തിലെ സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും നവീകരിക്കപ്പെട്ടുവെന്നതാണ് രസകരം. ജാതകപ്പൊരുത്തം നോക്കാന്‍ കംപ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്നതുപോലെ പുതിയ മാര്‍ഗ്ഗങ്ങളിലൂടെ ഫ്യൂഡല്‍ പ്രമാണിത്തബോധത്തേയും താല്‍പ്പര്യങ്ങളേയും തൃപ്തിപ്പെടുത്തുന്ന അദ്ഭുതമാന്ത്രിക വിദ്യകള്‍ ഉപയോഗിക്കാന്‍ മലയാളി പുരുഷന്മാര്‍ നിഷ്ണാതരായതിന്റെ കൂടി സൂചനയാണ് നടിയെ ആക്രമിച്ച സംഭവം. ആക്രമിച്ചാല്‍ മാത്രം പോര, ദൃശ്യങ്ങള്‍ യഥാസ്ഥാനത്ത് എത്തിക്കുക കൂടി വേണമെന്നതാണ് കരാറ്. ഒന്നരക്കോടിക്കൊക്കെ പുല്ലുവില.

സിനിമാ മേഖലയില്‍നിന്നു തനിക്കെതിരെ നടന്ന ഊരുവിലക്കിനെപ്പറ്റി നടി നേരത്തെ പ്രതികരിച്ചിരുന്നു. ഊരുവിലക്കുകൊണ്ട് ഒതുങ്ങാതെ വന്നപ്പോഴാണ് ലൈംഗികമായി ആക്രമിക്കപ്പെട്ടത്. പക്ഷേ, ഇതിനെതിരെ പരാതി നല്‍കാനും പരാതിയില്‍ ഉറച്ചുനിന്നു നീതിക്കുവേണ്ടിയുള്ള നിയമപ്പോരാട്ടം നടത്താനും നടി മുന്നോട്ടുവന്നുവെന്നതാണ് ഈ സംഭവത്തിലെ മറ്റൊരു ചരിത്രപരത. ഈ നടിക്കുമേല്‍ മുന്‍പും ഇത്തരം അതിക്രമങ്ങള്‍ ധാരാളം നടന്നിരുന്നുവെന്നും അവയൊന്നും നിയമത്തിന്റെ മുന്‍പാകെയെത്തിയില്ലെന്നുമുള്ള കാരണത്താല്‍ അക്രമകാരികള്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നുവെന്നാണ് അവരില്‍ പലരുടേയും പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. 'ദൊന്നും കീഴ്ക്കട നടന്നിട്ടില്ലാ' എന്നാക്രോശിക്കുന്ന തറവാട്ടില്‍ കാരണവന്മാരുടെ റോളിലായിരുന്നു നടിയുടെ വലിയൊരു വിഭാഗം സഹപ്രവര്‍ത്തകന്മാര്‍. റോസി എവിടെയോ എന്തോ? സഹപ്രവര്‍ത്തകര്‍ അവളെ അന്വേഷിച്ചു പോയതായി അറിയില്ല. 

'ഒന്നു പൊട്ടിയാല്‍ മറ്റൊന്ന്' 
സിനിമയുടെ പകിട്ടുള്ള ലോകം സഹജീവിയായ പെണ്ണിനെ പരിഗണിച്ച വിധങ്ങള്‍ അതിക്രൂരമായിരുന്നു.                        
കുമാരിയും ഉര്‍വശി ശോഭയും വിജയശ്രീയും സില്‍ക്ക് സ്മിതയും ഈ ക്രൂരതയെ വിളംബരം ചെയ്തതു ജീവന്‍ നല്‍കിയായിരുന്നു. 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്', 'നായിക' എന്നീ സിനിമകള്‍ അവരില്‍ ചിലരുടെ ജീവിതത്തെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, പൊതുവേ സിനിമാലോകം ഇക്കാര്യത്തില്‍ പുലര്‍ത്തിയ നിസ്സംഗത അദ്ഭുതകരവും കുറ്റകരവുമാണ്. പ്രതികരിച്ചാല്‍ പിന്നീട് അവസരങ്ങള്‍ കിട്ടില്ലെന്ന ഒരു സീനിയര്‍ നടിയുടെ അടുത്തകാലത്തുണ്ടായ പരാമര്‍ശം അതിനുള്ളിലെ സ്ത്രീ സഹനത്തിന്റെ ആഴമേറിയ നിശ്ശബ്ദതകളെ സൂചിപ്പിക്കുന്നതുതന്നെയാണ്.

സഹപ്രവര്‍ത്തകയായ പെണ്ണിന്റെ നിസ്സഹായതയ്ക്കും നിശ്ശബ്ദതയ്ക്കും മേല്‍ ആണുങ്ങള്‍ പടുത്തുയര്‍ത്തിയ മായിക ഗോപുരമായിരുന്നു മലയാള സിനിമയും എന്നതാണ് സത്യം. ആ നിലയ്ക്ക് ഈ നടി നല്‍കിയ പരാതി അവള്‍ക്കെതിരെ മാത്രം നടന്ന അതിക്രമത്തോടുള്ള പ്രതികരണമായിരുന്നില്ല. ഇന്നോളം മലയാള സിനിമയിലെ നടിമാരനുഭവിച്ചു തീര്‍ത്ത അവഗണിതവും അരക്ഷിതവുമായ ജീവിതത്തിന്റെ അടയാളപ്പെടലായിരുന്നു അത്. മലയാള സിനിമയിലെ പെണ്ണിന്റെ ശബ്ദപ്പെടലും കാണപ്പെടലുമായിരുന്നു അവളുടെ പരാതി.

അവള്‍ നിര്‍വഹിച്ച ഈ ചരിത്രദൗത്യം മറ്റൊന്നിനെക്കൂടി സിനിമയില്‍ സാധ്യമാക്കി. സിനിമയിലെ സ്ത്രീ കൂട്ടായ്മ (wcc) ആണത്. ആ സംഘടിത ശബ്ദത്തിന്റെ ഊര്‍ജം കൊണ്ടു കൂടിയാണ് ഇന്നോളമില്ലാത്ത വിധം സെലിബ്രിറ്റിയായ ഒരു പുരുഷന്‍ കൈയാമംവച്ച് തെരുവിലൂടെ നടത്തപ്പെട്ടത്.
അതോടെ അകത്തുനിന്നും പുറത്തുനിന്നും ആള്‍ക്കൂട്ട ആരവങ്ങള്‍ ഉയര്‍ന്നു തുടങ്ങി. കുറ്റാരോപിതനായ പ്രമുഖ നടന്‍ കൊണ്ടുപോകപ്പെട്ട വഴികളിലെല്ലാം ഈ ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ചു പിന്തുടര്‍ന്നു. സൂക്ഷിച്ചു നോക്കൂ, തെരുവിലെ കൂട്ടത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരൊറ്റ പെണ്ണുപോലും ഉണ്ടായിരുന്നില്ല.   
                     
വാസ്തവത്തില്‍ പെണ്ണുങ്ങളായിരുന്നു തെരുവില്‍ ആര്‍ത്തുവിളിക്കേണ്ടിയിരുന്നത്. എന്നാല്‍, ആണുങ്ങളുടെ അലര്‍ച്ചകൊണ്ട് കേരളം മുഖരിതമായി. ആരാണ് തടിച്ചുകൂടിയ ഈ ആണുങ്ങള്‍? സംരക്ഷകരായ ആങ്ങളമാരുടേയും കാമുകന്മാരുടേയും മറ്റു രക്ഷിതാക്കളുടേയും പ്രതിനിധികള്‍ അടങ്ങിയ ഈ കൂട്ടം യഥാര്‍ത്ഥത്തില്‍ ആരുടെ പ്രതിനിധികള്‍ ആയിരുന്നു? ആ കൂട്ടത്തിലെങ്ങാനും ആഹ്‌ളാദം പൊറാതെ ഒരു പെണ്ണു വന്നുപെട്ടാലോ?

അത്രയുമെത്തുമ്പോള്‍ നമുക്കു ഞെട്ടി അറിയേണ്ടിവരുന്നു അകത്ത് ഒരു ദിലീപന്‍ പുറത്ത് എത്ര ആയിരം ദിലീപന്മാര്‍ എന്ന്. ഞങ്ങള്‍ പണിതുടങ്ങുമെന്ന ഭീഷണിയെത്തുടര്‍ന്നു നേര്‍ക്കുനേര്‍ ലോകത്തുനിന്ന് അതീതമായ സൈബര്‍ ലോകം പ്രമുഖ നടനുവേണ്ടി സജീവമാകുന്നു. നടിയുടെ കൂടെ നില്‍ക്കുന്നവരെ വ്യക്തിഹത്യയും സ്വഭാവഹത്യയും ചെയ്തു നടന്റെ അപദാനങ്ങള്‍ വാഴ്ത്തിത്തുടങ്ങി. നടന്റെ ത്യാഗങ്ങള്‍, ദാനധര്‍മ്മങ്ങള്‍, ധര്‍മ്മസങ്കടങ്ങള്‍ ഒക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒഴുകിപ്പരന്നു. 'പാവാട!' ഇതിന്റെ പാരമ്യത്തില്‍ ഒരു സ്ത്രീ തന്നെ നടനുവേണ്ടിയുള്ള വീഡിയോ പ്രചരണം ആരംഭിക്കുന്നു. ചാനലില്‍ 'ദിലീപേട്ട'നെ പ്രശ്‌നവല്‍ക്കരിച്ച അവതാരകനെ വ്യക്തിഹത്യ നടത്താന്‍ നിയോഗിക്കപ്പെട്ട അവള്‍ പക്ഷേ, ഫലത്തില്‍ നിര്‍വഹിച്ച ദൗത്യം നടനുവേണ്ടി നടിയെ ഇകഴ്ത്തലും നടനെ രക്ഷിച്ചെടുക്കലുമായിരുന്നു.

പുറത്ത് ആര്‍ത്തുവിളിച്ച ജനക്കൂട്ടത്തെക്കാളധികം സജ്ജമായ ആണ്‍കൂട്ടം സോഷ്യല്‍ മീഡിയയില്‍ അണിനിരന്നതില്‍ അദ്ഭുതമില്ല. ഒരു രാഷ്ട്രീയനേതാവിന്റെ മകന്‍ തന്നെയായിരുന്നു ഈ കൂട്ടത്തെ നയിച്ചതെന്നും കാണാം. അതാര് എന്നതല്ല പ്രശ്‌നം. പ്രതികരിക്കുന്ന ഏതു സ്ത്രീയുമാകട്ടെ, അവളെ വ്യക്തിഹത്യയും സ്വഭാവഹത്യയും നടത്താനും അവളുടെ കുടുംബത്തെ ഒന്നടങ്കം മുച്ചൂടും അധിക്ഷേപിച്ച് അപമാനിക്കാനും സംഘമായി കച്ചകെട്ടിയ ആണുങ്ങള്‍ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. വെട്ടുകിളി സംഘങ്ങള്‍പോലെ എവിടന്നൊക്കെയോ ഇവര്‍ വന്നണയും. വലിയ ആധികാരികത അവകാശപ്പെടും. ഭാഷയില്‍ അദ്ഭുതകരമായ വഴക്കമാണ് ഈ കൂട്ടത്തിന്റെ സവിശേഷത.

ചിലര്‍ തനി തെറി, മറ്റു ചിലര്‍ സൈദ്ധാന്തിക ജാഡയുടെ പരിവേഷത്തിലുള്ള നിലപാടു വാദങ്ങള്‍- ഇത്തരത്തില്‍ സഹസ്രാവതാരങ്ങളെ നമുക്കതില്‍ അനുഭവിക്കാം. അവരോടൊപ്പം വിശ്വസ്തരായ ചില അനുസരണശീലകളായ സ്ത്രീകളുമുണ്ടാകും. ഇവരെ മുന്‍വെച്ചാണ് സോഷ്യല്‍ മീഡിയയിലും ആണുങ്ങള്‍ സുരക്ഷിതമായി കളിക്കുക. കുറ്റാരോപിതനായ നടനുവേണ്ടിയും അങ്ങനെയൊരു സ്ത്രീ/സ്ത്രീകള്‍ രംഗത്തെത്തിയത് ഓര്‍ക്കുക. 

നടന്റെ ജനപ്രിയതയും അഭിനയ മികവും പ്രകടമാകുന്നത് ഈ ആണ്‍കൂട്ടത്തിലൂടെയാണ്. പാവം ഉണ്ടില്ല, ഉറങ്ങിയില്ല. എന്തിനാ ചേട്ടാ തോന്നിയതൊക്കെ പറയുന്നത്. നടന്റെ പ്രയാസങ്ങള്‍ നേരില്‍ ബോധ്യപ്പെടുകയും നടി അനുഭവിച്ചതു കേട്ടും സങ്കല്‍പ്പിച്ചും മാത്രം അറിയുകയും ചെയ്യുമ്പോള്‍ ഈ ആണ്‍കൂട്ടം നടനെതിരായി കൂകിവിളിക്കുമ്പോഴും നടനെ ന്യായീകരിക്കുന്നവരായി ഫലത്തില്‍ മാറുന്നു. അകത്തായാലും പുറത്തായാലും ഈ ആള്‍ക്കൂട്ടം സ്ത്രീവിരുദ്ധമായ അസ്സല്‍ ആള്‍ക്കൂട്ടം തന്നെ.

ഇതിന്റെ ഒരു പരിച്ഛേദം മാത്രമാണ് 'അമ്മ'യില്‍ കണ്ടത്. കുറ്റാരോപിതനായ നടനും പീഡിപ്പിക്കപ്പെട്ട നടിയും അമ്മയുടെ മക്കളാണെന്ന്. അമ്മയുടെ സഹനം, നിസ്വാര്‍ത്ഥത എന്നിവ എവിടെ വാഴ്ത്തപ്പെട്ടുവോ അവിടെ ആണധികാരം കൊടികുത്തിവാഴുന്നു. കാരണം മാതൃത്വം ആണ്‍കോയ്മയെ സുരക്ഷിതമായി സംരക്ഷിക്കുന്ന സ്ഥാപനമാണ്. ഇവിടെ മറ്റൊരു വൈരുധ്യം കൂടിയുള്ളതു കാണാതിരുന്നുകൂട. അമ്മയുടെ മിക്കവാറും എല്ലാ 'മക്കളോ'ടൊപ്പവും അഭിനയിച്ചിരുന്ന മറ്റൊരു മകന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തോട് എന്തായിരുന്നു അമ്മയുടേയും സഹോദരങ്ങളുടേയും പ്രതികരണം? അതാണ് അതൊരു അപരമാണ്. ദളിതന്‍ കറുത്തവന്‍.

അടങ്ങിയൊതുങ്ങിക്കഴിയേണ്ട ആ കറുത്ത മണി വെളുത്ത പാട്ടുകള്‍ എഴുതിയും ചിട്ടപ്പെടുത്തിയും തന്റെ ദേവ ശബ്ദത്താല്‍ മലയാളി അരങ്ങുകളെ അടക്കിവാണവനായിരുന്നു. എന്നിട്ടും ഒന്നു കൈ കൊടുക്കാന്‍, കൈ പിടിച്ചുകുലുക്കി നെഞ്ചോടു ചേര്‍ക്കാന്‍ അദ്ദേഹം ഇങ്ങനെ മരിച്ചുപോകേണ്ടിവന്നു. അമ്മയുടെ നിഷ്പക്ഷത എത്രമാത്രം കപടമാണെന്നതിന് മണിയോടുള്ള സമീപനം മാത്രം മതി തെളിവ്. ദളിതനെപ്പോലെ പെണ്ണും അപരമായി മാറിയ ഒരു സവര്‍ണ, കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ ബ്രാഹ്മണിക്കല്‍ ആണ്‍കൂട്ടമാണ് അമ്മയെന്നും പറഞ്ഞു ഞെളിഞ്ഞിരുന്നത്.

എം.എല്‍.എ കെ.പി.സി.സി  ന്യായീകരണക്കാര്‍

സമാന്തരമായി ഉയര്‍ന്നുവന്ന  വീട്ടമ്മയുടെ പരാതിയും എം.എല്‍.എ യുടെ അറസ്റ്റും ഇതേ രീതികള്‍ ആവര്‍ത്തിക്കുന്നതായി കാണാം. നടിയില്‍ ആരോപിക്കപ്പെട്ടതു സ്വഭാവദൂഷ്യം ആയിരുന്നുവെങ്കില്‍ വീട്ടമ്മയ്ക്കു മാനസിക രോഗമാണ് എന്നാണ് ന്യായീകരിക്കാനെത്തിയ പുരുഷന്മാര്‍ പറയുന്നത്. ലൈംഗിക ആരോപണത്തിനു വിധേയനായ എം.എല്‍.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സംഘടനയിലെ സ്ത്രീ പ്രവര്‍ത്തകരെ അതില്‍പ്പിന്നീട് ചര്‍ച്ചകളില്‍ കാണാനില്ലാതായി. യുവജന സംഘടനക്കാര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. എം.എല്‍. എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും അങ്ങനെയൊന്നും 'കീഴ്ക്കട' സംഭവിച്ചിട്ടില്ലെന്നും സംഘടനയിലെ തലമുതിര്‍ന്ന നേതാക്കള്‍ വാദിച്ചു. ശരിയാണല്ലോ, ലൈംഗികാരോപണത്തിനു വിധേയനായ ഏതു രാഷ്ട്രീയ നേതാവാണ് സ്വന്തം പദവികള്‍ ഉപേക്ഷിച്ചിട്ടുള്ളത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്നെത്ര പേര്‍ സ്വസ്ഥാനങ്ങളില്‍ കാണുമായിരുന്നു.

ഇവിടെയും ആണ്‍ താല്‍പ്പര്യത്തെ സംരക്ഷിച്ചുകൊണ്ട് ഭാര്യ രംഗത്തെത്തി. അതങ്ങനെയാണ്. രാഷ്ട്രീയനേതാക്കള്‍ ലൈംഗിക ആരോപണവിധേയരാകുമ്പോഴാണ് അവരുടെ അദൃശ്യരായ പാവം ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കുള്ള വക്കാലത്തുമായി രംഗത്തെത്തുക. 
സംഘടനാരംഗത്തുള്ള ആണുങ്ങള്‍ എം.എല്‍.എയ്ക്കുവേണ്ടി അരയും തലയും മുറുക്കി വന്നു. വീട്ടമ്മയ്ക്കു സ്വഭാവദൂഷ്യത്തോടൊപ്പം മനോരോഗം കൂടിയുണ്ടായിരുന്നുവെന്ന അഭിപ്രായം അവര്‍ പരസ്യമാക്കി. മനോനില ശരിയല്ലാത്ത ഒരുവളെ ലൈംഗികമായി ഉപയോഗിച്ചുവെന്നു പറയുന്നതു കുറ്റത്തെ കൂടുതല്‍ ഗുരുതരമാക്കുമെന്നുപോലും അവര്‍ ഓര്‍ത്തില്ലെന്നു തോന്നുന്നു. അഹങ്കാരവും പര നോയിയയുമാണ് പരാതിക്കാരിയോ പ്രതികരിക്കുന്നവളോ ആയ സ്ത്രീക്കെതിരെ സ്വഭാവദൂഷ്യാരോപണത്തോടൊപ്പം ഇത്തരക്കാര്‍ പൊതുവേ പ്രയോഗിക്കാറുള്ള ആയുധം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com