വൈഷ്ണവ് ഗിരീഷ് പാട്ടു തുടരുമോ?

ഒരു താരം ഉയര്‍ന്നു വരുന്നതിനു ഒരുപിടി ഘടകങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഒരു ഗായകന്റെ അല്ലെങ്കില്‍ ഗായകന്റെ സര്‍വ്വസമാശ്‌ളേഷക പ്രതിഭ ഇതില്‍ ദേശീയ ഉപദേശീയതകള്‍ അടങ്ങിയിരിക്കുന്നു 
വൈഷ്ണവ് ഗിരീഷ് പാട്ടു തുടരുമോ?

ഒരു താരം ഉയര്‍ന്നു വരുന്നതിനു ഒരുപിടി ഘടകങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഒരു ഗായകന്റെ അല്ലെങ്കില്‍ ഗായകന്റെ സര്‍വ്വസമാശ്‌ളേഷക പ്രതിഭ. ഇതില്‍ ദേശീയ ഉപദേശീയതകള്‍ അടങ്ങിയിരിക്കുന്നു 

ന്ത്യയെങ്ങും തരംഗമാണിപ്പോള്‍ വൈഷ്ണവ് ഗിരീഷ്. ഒരു കുട്ടിക്കൊമ്പന്റെ തലയെടുപ്പുള്ള തൃശ്ശൂര്‍ക്കാരന്‍. പതിനഞ്ചു വയസ്സിലും പൊട്ടാത്ത പെണ്‍ശബ്ദം. വലിയ ശരീരത്തില്‍നിന്നും വരുന്ന ഉച്ചസ്ഥായിയിലെ സ്ത്രീശബ്ദം അവന്റെ പാട്ടുകള്‍ക്ക് പുതിയൊരു ഇമ്പം ചേര്‍ത്തിരിക്കുന്നു. സീ ടിവിയിലെ സരിഗമപ എന്ന സംഗീത മത്സരത്തിലെ മുന്‍നിരക്കാരനാണവന്‍. സോണി എന്റര്‍ടൈന്‍മെന്റ് ചാനലിലെ മത്സരത്തില്‍നിന്നു പുറത്തായെങ്കിലും വൈഷ്ണവ് ഗിരീഷ് രാജ്യത്തിന്റെ ഓമനയായി കഴിഞ്ഞു. കറുത്ത നിറവും വലിയ ശരീരവും ചിരിക്കുമ്പോള്‍ കാണാതായിപ്പോകുന്ന കണ്ണുകളും ഓമനത്തം തുളുമ്പുന്ന കവിളുകളുമായി നില്‍ക്കുന്ന വൈഷ്ണവ് ഗിരീഷിനെ കാണുമ്പോള്‍ ആര്‍ക്കും ഒന്നെടുത്തു ഓമനിക്കാന്‍ തോന്നിപ്പോകും. അങ്ങനെയുള്ള ഓമനിക്കല്‍ എപ്പോഴോ ഷൂട്ടിങ് ഫേ്‌ളാറില്‍ തുടങ്ങിയപ്പോഴാണ് എടുക്കാന്‍ വയ്യാത്ത ആ പയ്യനെ എല്ലാവരും ചേര്‍ന്ന് പൊക്കിയെടുക്കുന്ന പരിപാടി തുടങ്ങിയത്. അത് ഷാരൂഖ് ഖാനെ പൊക്കിയെടുക്കുന്നതില്‍ ചെന്ന് നിന്നു. ആ പൊക്കിയെടുക്കലില്‍ ഒരു സാംസ്‌കാരിക പരാമര്‍ശ നിമിഷം ഉണ്ട്. മുന്‍പൊരിക്കല്‍ ഷാരൂഖ് ഖാന്‍ കേരളത്തില്‍ വന്നപ്പോള്‍ ഒരു സ്‌റ്റേജില്‍ വെച്ച് റിമി ടോമിയെ പൊക്കിയെടുത്തതു വലിയ വാര്‍ത്തയും ഒരു സാംസ്‌കാരിക സൂചക നിമിഷവും ആയിരുന്നു. 'അന്ത പൊക്കിന് ഇന്ത പൊക്ക്' എന്ന തരത്തിലാണ് വൈഷ്ണവിന്റെ ഈ ബാദ്ഷാ പൊക്കലിനെ മലയാളി സ്വീകരിച്ചത്. മറ്റു ചില നിമിഷങ്ങള്‍ കൂടി സൂചിപ്പിച്ചുകൊണ്ട് ലേഖനം മുന്നോട്ടു കൊണ്ടുപോകാം.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ ഒരു വിഭാഗം പ്രേക്ഷകരുടെ ഇടയില്‍ പ്രശസ്തനായിരുന്നു വൈഷ്ണവ്. പതിമൂന്നു വയസ്സിലേക്ക് കടക്കുന്ന കാലത്തായിരുന്നു സൂര്യ ടെലിവിഷനിലെ ഒരു സംഗീത പരിപാടിയില്‍ വൈഷ്ണവ് വരുന്നത്. സ്‌റ്റേജ് പ്രോഗ്രാമുകള്‍ അന്ന് മുതല്‍ക്കേ ചെയ്തിരുന്നു എന്നതിന് തെളിവാണ്, ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയില്‍ പങ്കെടുക്കവെ അതിലെ ജഡ്ജിമാരില്‍ ഒരാളായ മിമിക്രി-സിനിമ താരം ടിനി ടോം, തന്നോടൊപ്പം വൈഷ്ണവ് സ്‌റ്റേജ് പരിപാടികളില്‍ പങ്കെടുത്തു എന്ന് സൂചിപ്പിച്ചത്. ഫ്‌ളവേഴ്‌സ് ചാനലില്‍ ഒരു സംഭവം കൂടി നടന്നു; അവിടെ അതിഥിയായി എത്തിയ കുഞ്ചാക്കോ ബോബനെ പൊക്കിയെടുക്കാന്‍ വൈഷ്ണവിനെ പരിപാടിയുടെ ആങ്കര്‍ ആയ മിഥുന്‍ പ്രേരിപ്പിച്ചു; ഒരു കൗമാരക്കാരന്റെ കുസൃതിയോടെ വൈഷ്ണവ് ആ നടനെ പൊക്കുകയും ചെയ്തു. സത്യത്തില്‍ ഈ പൊക്കല്‍ ഒരു സാംക്രമിക സൂചകമാണ്. ഒരു ഗായകന്റെ പാടാനുള്ള കഴിവില്‍നിന്നു മാറി അയാളുടെ ശാരീരികമായ മറ്റേതെങ്കിലും ക്ഷമതയെക്കൂടി ഫ്രെയിം ചെയ്യുന്ന ഒരു രീതി. ഉദാഹരണത്തിന് ബോളിവുഡിലെ പ്രശസ്ത ഗായകനായ ഷാന്‍ (ശന്തനു ഭട്ടാചാര്യ) ഒരിക്കല്‍ ബോഡി ബില്‍ഡറായി മാറി. പാകിസ്താനില്‍നിന്നു വന്നു ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച അദ്‌നാന്‍ സാമി എന്ന ഗായകന്‍ തന്റെ ശരീരഭാരം കുറച്ചുകൊണ്ട് പലര്‍ക്കും 'മാതൃകയായി.' ചുരുക്കിപ്പറഞ്ഞാല്‍ ഒരു സവിശേഷ കഴിവുള്ള വ്യക്തിയുടെ ആ കഴിവില്‍നിന്നു വഴിമാറി വിനോദത്തിനുവേണ്ടി അയാളുടെ/അവളുടെ മറ്റേതെങ്കിലും ഒരു സവിശേഷതയില്‍ ഊന്നിക്കൊണ്ട് പരിപാടിയെ കൊഴുപ്പിക്കുക എന്നൊരു രീതി. ഇവിടെ വൈഷ്ണവിന്റെ ശാരീരത്തിനെയല്ല, ശരീരത്തെ കേന്ദ്രീകരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നുമാത്രം. മൂന്നു കാര്യങ്ങള്‍ സാന്ദര്‍ഭികമായി ഇവിടെ പറയേണ്ടിയിരിക്കുന്നു. വൈഷ്ണവിന്റെ മാതാപിതാക്കള്‍ക്ക് ഈ 'പൊക്കല്‍' ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്ന വിഷയം ഫ്രെയിമിനു പുറത്തായിപ്പോകുന്നു. രണ്ടാമത്തേത്, വൈഷ്ണവിന്റെ തൊലിനിറം ഒരു 'പ്രശ്‌നം' ആകുന്നില്ല. മലയാള ടെലിവിഷന്‍ കോമഡി പ്രോഗ്രാമുകളുടെ നട്ടെല്ലാണ് കറുപ്പിനേയും പൊക്കക്കുറവിനേയും അധിക്ഷേപിക്കല്‍ (ഇതിന്റെ പ്രധാന ഇരകള്‍ ആയി കൊല്ലം സുധി, ബിജുക്കുട്ടന്‍, ധര്‍മ്മജന്‍ എന്നിവരെ കാണാം). വൈഷ്ണവിന്റെ കാര്യത്തില്‍ ആ ബാലന്റെ അതിഭീമമായ ആലാപന ശക്തി അവന്റെ തൊലിനിറത്തെ നിര്‍മൂല്യകരിക്കുന്നു. വലിയൊരു കാര്യമാണത്. അതേസമയം എന്തുകൊണ്ട് ഇതര കോമഡി പരിപാടികളില്‍ കറുപ്പ് ഇന്നും അധിക്ഷേപത്തിനുള്ള വഴിയായിരിക്കുന്നു എന്നു കൂടി നാം വിശകലനം ചെയ്യണം. മൂന്നാമത്തെ കാര്യം, മലയാള ടെലിവിഷന്‍ പ്രോഗ്രാമുകളിലെ ആങ്കര്‍മാരെല്ലാം സ്ത്രീപുരുഷ ഭേദമന്യേ മെലിഞ്ഞിരിക്കണം എന്ന അവസ്ഥയെ മിഥുന്‍ എന്ന വളരെ മാന്യമായ പെരുമാറ്റമുള്ള യുവാവ് മാറ്റിയിരിക്കുന്നു എന്നതാണ്. അന്യന്റെ കഴിവ് കാണുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന ഒരു പുരുഷ ആങ്കര്‍ എന്നത് കേരളത്തിലെ യുവത്വത്തിന് ഒരു പുതിയ നിര്‍വചനം ആകുമെങ്കില്‍ നല്ലത് എന്നു കരുതുന്നു.

ഷാരൂഖാനും വൈഷ്ണവും


ടെലിവിഷന്‍ കാണാതിരിക്കുകയും എന്നാല്‍ നവമാധ്യമങ്ങളിലൂടെ ജനങ്ങള്‍ ഏറ്റെടുക്കുന്നതും ചര്‍ച്ചകള്‍ക്കു വിധേയമാക്കുന്നതുമായ വിഷയങ്ങളും പരിപാടികളും കാണുകയും ചെയ്യുന്ന അനേകരില്‍ ഒരാളായ എന്നിലേക്കും വൈഷ്ണവ് ഗിരീഷ് വന്നുചേരുന്നതു നവമാധ്യമങ്ങളിലൂടെയാണ്. നവദേശീയതാമുറവിളികളുടെ ഇടയില്‍ക്കൂടിയാണ് സംഗീതത്തിന്റെ ഒരു അല ഇങ്ങനെ കടന്നുവരുന്നത്. അതില്‍ത്തന്നെ ഏറ്റവും പ്രധാനമായി തോന്നിയത് വൈഷ്ണവ് കേരളത്തിന്റെ പുരുഷ വസ്ത്രം എന്നറിയപ്പെടുന്ന മുണ്ട് ധരിച്ചു വേദിയില്‍ എത്തിയതാണ്. ഉത്തരേന്ത്യക്കാരെ സംബന്ധിച്ചിടത്തോളം മുണ്ട് എന്നത് ഒരു വിചിത്ര വേഷമാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ സാംസ്‌കാരികമായ അന്ധതയേയും അജ്ഞതയേയും ആണ് ഈ ഒരു കാഴ്ചപ്പാട് എടുത്തുകാട്ടുന്നത്. ഏകദേശം ഒരു അന്‍പത് കൊല്ലത്തിനു മുന്‍പു വരെ മുണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും പുരുഷന്മാര്‍ ഉപയോഗിച്ചിരുന്ന വസ്ത്രമാണ്. ഉടുക്കുന്നതില്‍ ഉള്ള വ്യത്യാസം ഒഴികെ 'തുന്നലില്ലാത്ത' ഒരു വസ്ത്രം തന്നെയായിരുന്നു എല്ലാവരും ഉപയോഗിച്ചിരുന്നത്. പാന്റ്‌സും ഷര്‍ട്ടും എന്നത് ഒരു ആസ്പിരന്റ് കഌസ്സിന്റെ അഥവാ സ്വന്തം നില ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു വര്‍ഗ്ഗത്തിന്റെ അനുകരണ വേഷം മാത്രമായിരുന്നു. പിന്നീടതു വിദ്യാസമ്പന്നരായ മധ്യവര്‍ഗം ഒന്നാകെ സ്വീകരിച്ചു എന്നുമാത്രം. എങ്കിലും ദക്ഷിണേന്ത്യയില്‍ മാത്രം നില്‍ക്കുന്ന ഒന്നാണ് മുണ്ട് എന്നു കരുതിപ്പോരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയും നരസിംഹറാവുവും പാളത്താറാണ് ഉടുത്തതെങ്കിലും നരസിംഹറാവുവിന്റെ വസ്ര്തധാരണം മാത്രമേ എടുത്തു പറയപ്പെടൂ എന്നത് നമ്മുടെ ദേശീയ നോട്ടത്തിന്റെ നിരപ്പല്ലാത്ത പ്രതലങ്ങളെ എടുത്തു കാട്ടുന്നു. ജനപ്രിയ സംസ്‌കാരത്തില്‍ മഹ്മൂദിനെ പോലുള്ള നടന്മാര്‍ ഹാസ്യം ഉണ്ടാകാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഒരു വസ്ത്രമാണ് മുണ്ട്. എന്നാല്‍ അത് ഷാരൂഖ് ഖാന്‍ ചെന്നൈ എക്‌സ്പ്രസ്സ് എന്ന സിനിമയില്‍ ഒരു സ്‌റ്റൈല്‍ ഐക്കണ്‍ ആക്കി മാറ്റി (സിനിമയുടെ സംവിധായകന്‍ രോഹിത് ഷെട്ടി എന്ന കര്‍ണ്ണാടകക്കാരന്‍ ആയതാകാം ഇതിനു കാരണം). അങ്ങനെ വരുമ്പോള്‍ വൈഷ്ണവ് ഗിരീഷിന്റെ മുണ്ട് എന്നത് ദക്ഷിണേന്ത്യക്കാരെ നമ്മള്‍ സഹിക്കുന്നുണ്ടല്ലോ എന്ന ഉത്തരേന്ത്യന്‍ ഹിന്ദുത്വവാദികളുടെ മിഥ്യാഭിമാനബോധത്തിനുള്ള ഒരു അടി കൂടിയാണ്; അത് അങ്ങനെയല്ല ഉദ്ദേശിച്ചതെങ്കില്‍പ്പോലും.
ടെലിവിഷന്‍ പരിപാടികള്‍ ഇത്രയും വിപുലമാകുന്നതിനു മുന്‍പ്, ഇത്രയധികം ചാനലുകള്‍ ഉണ്ടാകുന്നതിനു മുന്‍പ്, വൈഷ്ണവ് വരുന്ന തൃശ്ശൂരില്‍നിന്ന് തന്നെ മറ്റൊരു ഗായകന്‍ ദേശീയ ശ്രദ്ധയില്‍ വന്നിരുന്നു. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുകയും ലതാ മങ്കേഷ്‌കര്‍ അവതരിപ്പിക്കുകയും ചെയ്ത 1996-ലെ മേരി ആവാസ് സുനോ എന്ന പരിപാടിയില്‍ വിജയിയായ പ്രദീപ് സോമസുന്ദരം എന്ന ഒരു എന്‍ജിനീയറായിരുന്നു അത്. ഇന്ന് വൈഷ്ണവിനെ നാം വാഴ്ത്താന്‍ ഉപയോഗിക്കുന്ന എല്ലാ വിശേഷണങ്ങളും അന്ന് പ്രദീപ് സോമസുന്ദരത്തിനെ കുറിച്ചും പറഞ്ഞിരുന്നു. അനുഗ്രഹീത ശബ്ദത്തിന്റെ ഉടമ, മലയാളിയാണെങ്കിലും നന്നായി ഹിന്ദി ഉച്ചരിക്കുന്നു (യേശുദാസും കമല്‍ ഹാസനും ഹിന്ദിയില്‍നിന്ന് പുറത്താകാന്‍ കാരണം അവരുടെ ഉച്ചാരണമായിരുന്നു എന്നു പറയാറുണ്ട്. അതേസമയം ഇന്ന് ശ്രേയ ഘോഷാല്‍, ഉദിത് നാരായണ്‍ തുടങ്ങിയ ഗായകര്‍ ദക്ഷിണേന്ത്യയിലെ ഹിറ്റ് ഗായകരുമാണ്. പഴയ ലതാ മങ്കേഷ്‌കറുടെ 'കദളി ചെങ്കദളി' എന്ന ഗാനത്തിലെ മലയാളത്തിന്റെ മലയാളിത്തമില്ലായ്മ ഇവരില്‍ ഇല്ല താനും). പ്രദീപ് സോമസുന്ദരത്തിനൊപ്പം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജയിച്ചത് സുനീധീ ചൗഹാന്‍ ആയിരുന്നു. ഇവരുടെ രണ്ടുപേരുടേയും പിന്നണി ഗായകര്‍ എന്ന കരിയര്‍ എവിടെ ചെന്നു നില്‍ക്കുന്നു എന്നു നാം ഒന്നാലോചിച്ചാല്‍ മതി. പ്രദീപ് സോമസുന്ദരത്തിനു ചില സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ചു; പക്ഷേ, അദ്ദേഹത്തിന് ഒരിക്കലും ഒരു ശ്രദ്ധിക്കപ്പെടുന്ന ഗായകനായി വളരാന്‍ കഴിഞ്ഞില്ല. അതേ കാലയളവില്‍ത്തന്നെയാണ് സോനു നിഗമും ശ്രേയാ ഘോഷാലും വരുന്നത്. അവരുടെ കരിയര്‍ എവിടെ നില്‍ക്കുന്നു എന്നു നമുക്കറിയാം. വൈഷ്ണവും കുടുംബവും വൈഷ്ണവിന്റെ കരിയര്‍ കരുപ്പിടിപ്പിക്കാനായി ആ ബാലനെ തയ്യാറെടുപ്പിക്കുന്നവരും ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നതു നന്നായിരിക്കും.

അപ്രത്യക്ഷരാകുന്ന പ്രതിഭകള്‍


കേരളത്തില്‍ ജനങ്ങളുടെ പ്രിയപ്പെട്ട ഒരു പരിപാടിയായി മാറിയ സംഗീത റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാര്‍ സിങ്ങര്‍. ഏഴു സീസണുകള്‍ ആണ് ഇതുവരെ നടന്നത്. കുറെ അനുഗ്രഹീത ഗായകരുടെ ശബ്ദങ്ങള്‍ നമുക്കു കേള്‍ക്കാന്‍ കഴിഞ്ഞു. അരുണ്‍ രാജ്, കവിതാ ജയരാമന്‍, നജിം അര്‍ഷാദ്, വിവേകാനന്ദ്, സോണിയ, ജോബി ജോണ്‍, കല്പന, രാഘവേന്ദ്ര, മെറിന്‍, ഗ്രിഗറി, മാളവിക എന്നിവരാണ്. ഇതില്‍ നജിം അര്‍ഷാദ് എന്ന യുവാവിന് മാത്രമാണ് ഒരു പിന്നണി ഗായകന്‍ എന്ന നിലയില്‍ പില്‍ക്കാലത്തു വളരാന്‍ കഴിഞ്ഞത്. ജോബി ജോണ്‍ മത്സരത്തിനുണ്ടായിരുന്ന നാലാം സീസണില്‍ ഇന്ന് വൈഷ്ണവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ജോബിക്കു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. അനേകം വിവാദങ്ങള്‍ അതേത്തുടര്‍ന്ന് ഉണ്ടായിരുന്നു. ഒരു പാവപ്പെട്ടവനെ വിജയിപ്പിക്കാനുള്ള മലയാളിയുടെ ജനാധിപത്യബോധവും സാമൂഹ്യബോധവും നിഴലിച്ചു കണ്ട ഒരു സീസണായിരുന്നു അത്. പിന്നെ ജോബിയെ കാണുന്നത്, ജയിച്ചു കിട്ടിയ ഫ്‌ളാറ്റില്‍ കയറാന്‍ നികുതി കൊടുക്കാനുള്ള പണമില്ലാതെ വലയുന്നു എന്നൊരു അവസ്ഥയിലാണ്. ജോബി ഒരുപക്ഷേ, ഇപ്പോഴും സ്‌റ്റേജ് ഷോകളും ഭക്തിഗാന ആല്‍ബങ്ങളും ഒക്കെയായി കഴിയുന്നുണ്ടാകും. അതേ സീസണില്‍ തന്നെയാണ് സന്നിദാനന്ദന്‍ എന്നൊരു ഗായകന്‍ ഉണ്ടായിരുന്നതെന്നു തോന്നുന്നു. വീരമണിയുടെ സ്വരം ഉണ്ടെന്നായതിനാലാകണം, ആരും അധികമൊന്നും പിന്തുടരാത്ത ഭക്തിഗാനങ്ങളാണ് ആ യുവാവിനു പാടാന്‍ ലഭിച്ചത്. ഇതേ പരിപാടിയില്‍ ഗായകപട്ടം പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. മാളവിക എന്ന അനുഗ്രഹീത ഗായിക ശിങ്കാര വേലനെ ദേവാ എന്ന ഗാനം മാളവിക പാടുന്നത് ആര്‍ക്കു മറക്കാന്‍ കഴിയും? ഇത് ഒരു ചാനലിലെ വിജയികളുടെ കാര്യം. ഇങ്ങനെ ഓരോ ചാനലില്‍നിന്നും ഓരോ വര്‍ഷവും എത്ര ചെറുപ്പക്കാരാണ് താരസ്വപ്‌നങ്ങളുമായി വരുന്നത്; അവര്‍ എങ്ങോട്ടു പോകുന്നു? എന്തുകൊണ്ടാണിതു സംഭവിക്കുന്നത്?
ഒരു താരം ഉയര്‍ന്നു വരുന്നതിനു ഒരുപിടി ഘടകങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് ഒരു ഗായകന്റെ അല്ലെങ്കില്‍ ഗായികയുടെ സര്‍വസമാശ്‌ളേഷക പ്രതിഭ (ഇത് നടീനടന്മാര്‍ക്കും ബാധകമാണ്). ഇതില്‍ ദേശീയ ഉപദേശീയതകള്‍ അടങ്ങിയിരിക്കുന്നു. വൈകാരികമായ അടുപ്പമാണ് മറ്റൊരു കാര്യം. മുന്‍പൊക്കെ എന്നു പറയുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തികരംഗം ആഗോളീകരിക്കപ്പെടുന്നതിനും മുന്‍പ് ഒരു ഗായകന്റെ സ്വരം (ഗായികയുടേതും) എന്നതു പ്രേക്ഷകനും ശ്രോതാവിനും ഇഷ്ടപ്പെട്ട ഒരു നടിയുമായോ നടനുമായോ ചേര്‍ന്നിരിക്കുന്നു. ഉദാഹരണത്തിനു മുകേഷിന്റെ സ്വരം രാജ്കപൂറിനു വേണ്ടി തയ്യാറാക്കപ്പെട്ടതായിരുന്നു. മന്നാഡെ അതില്‍ താഴെയുള്ള സഹനടന്മാരുടെ ശബ്ദം എടുത്തു. മുഹമ്മദ് റാഫി ദിലീപ് കുമാറിനും ഷമ്മി കപൂറിനും ധര്‍മ്മേന്ദ്രയ്ക്കും വേണ്ടി പാടിയപ്പോള്‍ കിഷോര്‍ കുമാര്‍ രാജേഷ് ഖന്നയ്ക്കും അമിതാഭ് ബച്ചനും വേണ്ടി പാടി. ഇതിന്റെയൊക്കെ പകര്‍പ്പുകള്‍ പ്രാദേശിക തലത്തിലും കാണാം. എന്നാല്‍ നമ്മുടെ ഗന്ധര്‍വ്വന്‍ എന്നറിയപ്പെടുന്ന യേശുദാസ് ഹിന്ദിയില്‍ പാടാന്‍ പോയപ്പോള്‍ താരതമ്യേന അപ്രശസ്തരായിരുന്ന നടന്മാര്‍ക്കു വേണ്ടിയാണ് പാടിയതെന്ന് ഓര്‍ക്കണം (അമോല്‍ പലേക്കര്‍, അരുണ്‍ ഗോവില്‍). ഒരു രംഗത്തു പിടിച്ചുനില്‍ക്കാന്‍ വലിയ തന്ത്രങ്ങള്‍ പയറ്റണം എന്നതു മറ്റൊരു കാര്യം. ഉദാഹരണത്തിന് ഏറ്റവും അധികം സ്വീകരിക്കപ്പെട്ടതും എന്നാല്‍ ഏറ്റവും അധികം വിമര്‍ശനം ലഭിച്ചതുമായ രണ്ടു ഗായകരാണ് ലതാമങ്കേഷ്‌കറും യേശുദാസും. ലതാമങ്കേഷ്‌കര്‍ ആശാഭോസ്‌ളെയെന്ന സഹോദരി ഒഴികെ മറ്റൊരു ഗായികയേയും വളരാന്‍ അനുവദിച്ചില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. ലതാമങ്കേഷ്‌കറിനെതിരെ കൊണ്ടുവന്ന ഒരു ഗായികയായിരുന്നു അനുരാധാ പോഡ്‌വാള്‍. അവരുടെ ഇഷ്ടക്കാരനായിരുന്ന കാസറ്റ് രാജാവ് ഗുല്‍ഷന്‍ കുമാര്‍ കൊല്ലപ്പെട്ടതോടെ അവര്‍ സിനിമാരംഗത്തുനിന്നുതന്നെ പുറത്തായി. ലതാമങ്കേഷ്‌കറിന്റെ സ്വരം ക്ഷീണിതമായതിനു ശേഷമാണ് യുവഗായികമാര്‍ക്കു അവസരം ലഭിച്ചു തുടങ്ങിയത്. യേശുദാസിന്റെ  സംഗീതത്തെ വിമര്‍ശിച്ച പ്രധാനപ്പെട്ട മൂന്നു പേരാണ് സഖറിയാ, പി. രവികുമാര്‍, സുനില്‍ പി. ഇളയിടം. പക്ഷേ, സിനിമാരംഗത്തു ഒരു മൊണോപ്പൊളി സൃഷ്ടിക്കാന്‍ (പ്രത്യേകിച്ചും കേരളത്തിലെ ഒരേ ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോ, തരംഗിണി സ്ഥാപിച്ചുകൊണ്ട്. ഇന്നു നടന്മാര്‍ സിനിമാ തിയറ്റര്‍ ഉടമകള്‍ ആകുന്നതിനു സമാനമായ ഒരു നീക്കം)  കഴിഞ്ഞു.
വൈഷ്ണവ് ഗിരീഷ് ഉള്‍പ്പെടെയുള്ള യുവഗായക നക്ഷത്രങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം എന്നത്, അവര്‍ താരങ്ങള്‍ ആകാന്‍ ശ്രമിക്കുന്ന രണ്ടു രംഗങ്ങള്‍ സിനിമ പിന്നണിഗാനരംഗവും സ്വതന്ത്ര ആല്‍ബങ്ങളുടെ രംഗവും അവയുടെ പഴയ സ്വഭാവങ്ങളില്‍നിന്ന് ഏറെ മാറിപ്പോയിരിക്കുന്നു എന്നതാണ്. സിനിമകളുടെ ആഖ്യാനസ്വഭാവങ്ങള്‍ മാറിപ്പോയിരിക്കുന്നു. പൂര്‍വാപര പൊരുത്തത്തോടെ ഒരു കഥ പറയുക എന്നതില്‍നിന്നു മാറി ഒരു കഥയെ എങ്ങനെയെല്ലാം വ്യത്യസ്തമായി പറയാം എന്നതിലേക്കു സംവിധായകര്‍ തിരിഞ്ഞിരിക്കുന്നു. ഇതോടെ കഥയെ കൊഴുപ്പിക്കുന്ന ഗാനങ്ങള്‍ക്കു പ്രസക്തിയില്ലാതായിരിക്കുന്നു. ഒരു ഗാനം എന്നത് ഒരു മൂഡ് സൃഷ്ടിക്കല്‍ മാത്രമാണ് ഇപ്പോള്‍. ലിപ് സിങ്കിങ് ഗാനങ്ങള്‍ തീരെ ഇല്ലെന്നു പറയാം (മണിച്ചിത്രത്താഴില്‍ 'പഴന്തമിഴ് പാട്ടുണരും ചുണ്ടില്‍' എന്ന ഗാനം ആ രംഗത്തില്‍ മോഹന്‍ലാല്‍ ലിപ് സിങ്ക് ചെയ്യുകയാണ്. ഇന്ന് അതു കാണുമ്പോള്‍ ചിരിവരും). അപൂര്‍വ്വമായെങ്കിലും ലിപ് സിങ്കിങില്‍ തുടങ്ങുന്ന ഗാനങ്ങള്‍ പിന്നെ അതല്ലാതാകുന്നു. പലപ്പോഴും പല്ലവി ഒരിടത്തും അനുപല്ലവി മറ്റൊരിടത്തും ചരണം റെക്കോര്‍ഡിലും മാത്രം ആയിരിക്കുന്നു. അതിനര്‍ത്ഥം ഗായകരുടെ പ്രസക്തി എന്നത് ഇപ്പോള്‍ 'ശബ്ദം നല്‍കുന്നവര്‍' എന്നു മാത്രമായിരിക്കുന്നു. എണ്‍പതുകളില്‍ ഞങ്ങള്‍ ഓണക്കാലമാകുമ്പോള്‍ തരംഗിണിയുടെ ഓണപ്പാട്ടുകള്‍ക്കായി കേരളം കാത്തിരിക്കാറുണ്ടായിരുന്നു. പിന്നീട് പെട്ടിക്കടയില്‍പ്പോലും കാസറ്റ് റെക്കോര്‍ഡ് ചെയ്യാമെന്നായപ്പോള്‍ അത്തരം കാസറ്റുകളുടെ മലവെള്ളപാച്ചിലുണ്ടായി. ഇന്ന് സി.ഡിയും ഫ്രീ ഡൗണ്‍ലോഡും ഒക്കെ കടന്നു സ്വന്തം സംഗീതം സ്വയം സ്മ്യൂളിലും മറ്റു സോഫ്റ്റ്‌വെയറുകളിലും നാം എത്തിനില്‍ക്കുന്നു. ഇതാണ് ഒരു പുതിയ ഗായകന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു സിനിമയില്‍ പോലും പാടാതെ ഒരു കവിത ചൊല്ലി പ്രശസ്തയായ ആര്യ ദയാലിനെ ഓര്‍ക്കുക, പുഷ്പനെയറിയാമോ എന്ന പാട്ടുപാടയി ആ കൊച്ചു കുട്ടിയെ ഓര്‍ക്കുക.

എ.ആര്‍. റഹ്മാന്‍ സൃഷ്ടിച്ച മാറ്റം


ഇന്ത്യന്‍ ജനപ്രിയ സംഗീതമായ സിനിമാ സംഗീതത്തിന്റെ ജാതകം തിരുത്തിയെഴുതിയത് എ.ആര്‍. റഹ്മാനാണ്. പുതിയ ശബ്ദങ്ങള്‍, പുതിയ ഉപകരണങ്ങള്‍, പുതിയ മനുഷ്യ സ്വരങ്ങള്‍ എന്നിവ പരീക്ഷിച്ചുകൊണ്ട് റഹ്മാന്‍ ഗാനശാഖയെ മാറ്റിമറിച്ചു. റഹ്മാന്റെ പാട്ടുകള്‍ ഇന്ന് ഗായകരുടെ പേരില്‍ അല്ല അറിയപ്പെടുന്നത്; അദ്ദേഹം ഉപയോഗിക്കുന്ന ശബ്ദങ്ങളുടേയും സ്വരങ്ങളുടേയും പേരിലാണ്. ആ പരീക്ഷണം ഇന്ന് ചെന്നു നില്‍ക്കുന്നത്, വെറും കിളികളുടെ ഒച്ചകള്‍ ഉപയോഗിച്ചുകൊണ്ട് പാട്ടുണ്ടാക്കാം എന്ന പരീക്ഷണങ്ങളില്‍ ആണ്. ആ സാഹചര്യത്തിലാണ് വൈഷ്ണവ് ഗിരീഷിനെ പോലുള്ള ഒരു ഗായകന്റെ രംഗപ്രവേശം. വൈഷ്ണവിന്റെ ജീവിതാഭിലാഷം റഹ്മാനു മുന്നില്‍ പാടുക എന്നതാണ്. അതു വളരെ എളുപ്പവുമാണ്. റഹ്മാനു വേണ്ടി പാടാനും വൈഷ്ണവിനു കഴിഞ്ഞേക്കും. പക്ഷേ, ആരും റഹ്മാന്റെ സ്ഥിരം ഗായകരല്ല. തന്റെ കോറസിലെ ഏതെങ്കിലും ഒരു കുട്ടിയെ വിളിച്ചു ലീഡ് പാടിച്ചു ആ പാട്ടിനെ വിജയിപ്പിക്കാന്‍ റഹ്മാനു കഴിയും. ഈ പശ്ചാത്തലത്തില്‍ വൈഷ്ണവ് ഗിരീഷ് എന്ന പ്രതിഭാശാലിയായ ഈ കൗമാരക്കാരന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഒരു ഗായകനായി തുടരുക എന്നതാണ്. അതിനുള്ള ഏറ്റവും വലിയ തടസ്‌സം എന്നതും വൈഷ്ണവിനു ഇപ്പോള്‍ ലഭിച്ച ഈ പ്രശസ്തിയാണ്. വൈഷ്ണവിന്റെ പ്രശസ്തിക്കൊപ്പം നില്‍ക്കാന്‍ കമ്പനികള്‍ മുതല്‍ താരങ്ങള്‍ വരെ ഉണ്ടാകും. പക്ഷേ, അടുത്ത പ്രതിഭ വരുമ്പോള്‍ ഇപ്പോഴത്തെ താരം തള്ളപ്പെടും. അതെന്തുകൊണ്ടെന്നു പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. വൈഷ്ണവിനെപ്പോലുള്ള ഒരു ഗായകന്റെ മാക്‌സിമം ആണ് പ്രേക്ഷകരും ശ്രോതാക്കളും ഇപ്പോള്‍ കണ്ടതും കേട്ടതും. പതിനഞ്ചു വയസേ്‌സയുള്ളൂ അവന്. ഇതിനപ്പുറം സംഗീതത്തില്‍ ആ കുട്ടിക്കു എന്താണ് ചെയ്യാന്‍ കഴിയുക എന്നൊരു തോന്നല്‍ വരും. അതോടെ ശ്രോതാവ് എന്ന നിലയില്‍ ആളുകള്‍ക്കുള്ള താല്‍പ്പര്യം നഷ്ടപ്പെടും. അതേസമയം യേശുദാസ് ഉള്‍പ്പെടെയുള്ള ഗായകരുടെ ശബ്ദം വളരുന്നതും മാറുന്നതും പരീക്ഷണങ്ങള്‍ക്കു വിധേയമാകുന്നതും നാം കണ്ടു. അതാണ് അവരുടെ നിത്യഹരിതത്വത്തിനു കാരണം. വൈഷ്ണവിനു അതിനുള്ള അവസരം വരുന്നതിനു മുന്‍പ് പ്രശസ്തിയുടെ പരകോടി എത്തിപ്പോയി. ഇനി ഈ ബാലനില്‍ അവശേഷിക്കുന്നത്, അവന്റെ സ്വരം 'പൊട്ടി' പുരുഷസ്വരമായശേഷം എന്തു സംഭവിക്കും എന്നുള്ളതാണ്. അതിനുത്തരം കാലം തന്നെയാണ്. അതു വരെ വൈഷ്ണവ് ഗിരീഷിന് എല്ലാ നന്മകളും നേരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com