ജീവിതത്തിന്റെ രുചിക്കൂട്ട്

പൂജ്യത്തില്‍നിന്നും ജീവിതം പച്ച പിടിപ്പിച്ച ഒരു കൂട്ടം സ്ത്രീകളുടെ കഥയാണ് തൃശൂരിലെ  വിമന്‍ ഫുഡ്‌കോര്‍ട്ടിനു പറയാനുള്ളത്
ജീവിതത്തിന്റെ രുചിക്കൂട്ട്

വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിക്കൊപ്പം അവരുടെ ജീവിതത്തിനും സ്വാദുണ്ടായിത്തുടങ്ങി. പൂജ്യത്തില്‍നിന്നും ജീവിതം പച്ച പിടിപ്പിച്ച ഒരു കൂട്ടം സ്ത്രീകളുടെ കഥയാണ് തൃശൂരിലെ  വിമന്‍ ഫുഡ്‌കോര്‍ട്ടിനു പറയാനുള്ളത്- രേഖാചന്ദ്രയുടെ റിപ്പോര്‍ട്ട്‌

തിയായ വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍ പരിചയം ഇതൊന്നും ഇല്ലാതെ ബിസിനസ് നടത്തി വിജയിപ്പിക്കാന്‍ കഴിയുമോ? കൂലിപ്പണിപോലും മാസത്തില്‍ എല്ലാ ദിവസവും കിട്ടാത്ത, തൊഴിലുറപ്പിന്റെ 200 രൂപയില്‍ കൂടുതല്‍ സ്വപ്നം പോലും കാണാതിരുന്ന തൃശൂരിലെ ഒരു കൂട്ടം സ്ത്രീകള്‍ അതിനുള്ള ഉത്തരം പറയും. പൂജ്യത്തില്‍നിന്നും ജീവിതം പച്ച പിടിപ്പിച്ച ഇവരുടെ കഥയാണ് എം.ജി. റോഡിലെ വിമന്‍സ് ഫുഡ് കോര്‍ട്ടിലെത്തിയപ്പോള്‍ കേട്ടത്. മുന്നില്‍ ഒരു പ്രതീക്ഷയുമില്ലാതെ ജീവിതം തന്നെ വഴിമുട്ടിപ്പോയിരുന്ന ഇവരിന്ന് തൃശൂര്‍ നഗരത്തിലെ ബിസിനസ് സംരംഭകരാണ്. ഒപ്പം ഒട്ടേറെ പേര്‍ക്ക് പിന്തുടരാവുന്ന ഒരു മാതൃകയും.
തൃശൂര്‍ റൗണ്ടില്‍ എം.ജി. റോഡ് തുടങ്ങുന്നിടത്താണ് വിമന്‍സ് ഫുഡ് കോര്‍ട്ട്. രുചികരവും വൃത്തിയുള്ളതുമായ ഭക്ഷണം ഒരു വീട്ടിലിരുന്ന് കഴിക്കുന്ന സുഖത്തില്‍ ഇവിടെനിന്നും കഴിക്കാം. ചായയും ഊണും ബിരിയാണിയും ചിക്കനും ബീഫും മീനും ജ്യൂസും തുടങ്ങി എല്ലാ വിഭവങ്ങളും കിട്ടുന്ന ആധുനിക രീതിയിലുള്ള ഹോട്ടലാണ് വിമന്‍സ് ഫുഡ് കോര്‍ട്ട്. സംരംഭകത്വത്തിന്റെ പുതിയൊരു മാതൃകയുണ്ടിതില്‍. ഓരോ വിഭവങ്ങളും ഓരോ സംരംഭകരുടെ കീഴിലാണ്. ചായയുടേയും ഇഡ്ഡലിയുടേയും നോണ്‍വെജിന്റേയും എല്ലാം ഉടമസ്ഥര്‍ വെവ്വേറെയാണ്. ചായയില്‍നിന്ന് കിട്ടുന്ന ലാഭം അതിന്റെ ഉടമയിലേക്കാണ് പോകുക. ബില്‍ അടിക്കുന്ന സമയത്തു തന്നെ ഓരോരുത്തരുടെ വിഹിതത്തിലേക്ക് കണക്കെത്തും. അവര്‍ക്ക് കീഴിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതും ആ വിഭവം ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതും അവരവര്‍ തന്നെ. ഈ ഒറ്റ ഹോട്ടലില്‍ നിലവില്‍ അഞ്ച് സംരംഭകരുണ്ട്. അവരുടെ കീഴിലുള്ളവരും പൊതുവായ സര്‍വ്വീസ് സ്റ്റാഫുമടക്കം 35 സ്ത്രീകള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ സ്ഥാപനം. തുടക്കത്തില്‍ ഒരു സംരംഭക മാത്രമായിരുന്നു ഇവിടെ. വിളമ്പാനും വൃത്തിയാക്കാനും നിന്ന ജീവനക്കാര്‍ കണ്ടും കേട്ടും പഠിച്ച ആത്മവിശ്വാസത്തില്‍ പതുക്കെ ഓരോ സെക്ഷനുകള്‍ ഏറ്റെടുക്കുകയായിരുന്നു. അടുത്ത ഘട്ടത്തില്‍ സ്വന്തം ബിസിനസ് നടത്താന്‍ തയ്യാറായി നില്‍ക്കുന്നവരും സര്‍വ്വീസ് ജീവനക്കാരുടെ കൂട്ടത്തിലുണ്ട്.
കുടുംബശ്രീ ട്രെയിനറായിരുന്ന കേച്ചേരി ചിറമനേങ്ങാട് സ്വദേശി കെ.പി. അജയകുമാറിന്റെ ആശയമാണ് ഫുഡ് കോര്‍ട്ടിന് പിന്നില്‍. കുടുംബശ്രീയുടെ എല്ലാ പരിമിതികളും മറികടന്നു കൊണ്ട് നിശ്ചിത തുക വരുമാനത്തില്‍നിന്നും വലിയ ലാഭമുള്ള ബിസിനസിലേക്ക് സാധാരണക്കാരായ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം. കഫേ കുടുംബശ്രീ പദ്ധതിക്കായുളള പരിശീലനം നല്‍കുന്നതിനിടയിലാണ് കൂടുതല്‍ വിപുലപ്പെടുത്തിയ ഒരു മാതൃകയെക്കുറിച്ച് ഇദ്ദേഹം ചിന്തിച്ചത്. ആശയത്തിനോട് യോജിച്ച് സഹോദരന്‍ അശോക് കുമാര്‍ കൂടി ചേര്‍ന്നു. നടുവിലാലില്‍ കോര്‍പ്പറേഷന്റെ കെട്ടിടം 12 ലക്ഷത്തോളം രൂപയ്ക്ക് ടെന്‍ഡറിനെടുത്തു. ഒരു ഹോട്ടലിനുവേണ്ട അത്യാവശ്യ സജ്ജീകരണങ്ങളും ഒരുക്കി. പരിചയത്തിലും സുഹൃത്തുകളുടെ പരിചയത്തിലുമുള്ള മൂന്ന സ്ത്രീകളെ ഉള്‍പ്പെടുത്തി 2014-ല്‍ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങി. കൂടുതല്‍ സംരംഭകര്‍ എത്തിത്തുടങ്ങിയതോടെ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിലും ഒരു ശാഖ തുടങ്ങി. സംരംഭകര്‍ അഞ്ചുശതമാനം ലോണ്‍ അടവിനും പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി നല്‍കുന്നുണ്ട്. 

ജീവിതം തിരിച്ചുപിടിച്ച കഥ

പാടത്തും പറമ്പിലും പണിക്കിറങ്ങിയിട്ടും അന്നന്നത്തെ കാര്യങ്ങള്‍ക്കുപോലും തികയാതെ ബുദ്ധിമുട്ടിയ ഇവരിന്ന് ലക്ഷങ്ങളുടെ കണക്കുകളിലേക്കെത്തിയിരിക്കുന്നു. ആത്മവിശ്വാസത്തോടെ ഒരു സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്ന ഇവര്‍ ആ വളര്‍ച്ചയുടെ കഥ പറഞ്ഞു:
റബ്ബര്‍ ടാപ്പിങിനും പറമ്പിലെ പണിക്കും പോയിക്കൊണ്ടിരുന്ന സുനിതയുടെ ജീവിതത്തില്‍ ഇവിടെയെത്തിയ മൂന്നുവര്‍ഷം ഉണ്ടാക്കിയത് അവിശ്വസനീയ മാറ്റമാണ്. മകനെ സ്വാശ്രയ കോളേജില്‍ മാനേജ്മെന്റ് സീറ്റില്‍ എന്‍ജിനീയറിംഗിന് ചേര്‍ത്തു, പുതിയ കാര്‍ വാങ്ങി, ഇഷ്ടമുള്ള ആഭരണങ്ങളൊക്കെ വാങ്ങി, സഹായം ചോദിച്ചുവരുന്നവര്‍ക്കൊക്കെ എന്തെങ്കിലും കൊടുക്കുന്നുമുണ്ട്- നേടാന്‍ കഴിയില്ലെന്നു വിചാരിച്ചത് പിടിച്ചെടുത്തതിന്റെ സന്തോഷമായിരുന്നു ആ വാക്കുകളില്‍. ''മുന്‍പ് ഞാന്‍ കടം വാങ്ങാന്‍ പോയിരുന്ന ആളുകളൊക്കെ ഇപ്പോ ഇങ്ങോട്ട് ചോദിക്കാന്‍ തുടങ്ങി, അവരെയൊക്കെ സഹായിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഇതൊന്നും എനിക്ക് കഴിയും എന്നു വിചാരിച്ച കാര്യങ്ങളല്ല, ഇവിടെ എത്തിയതുകൊണ്ടുമാത്രം ഇങ്ങനെയായി'' -സുനിത പറയുന്നു. ഒരു ലോണ്‍ പോലും ഇപ്പോള്‍ സുനിതയുടെ പേരിലില്ല. സീറോ ബജറ്റിലാണ് ഇവര്‍ ബിസിനസ് തുടങ്ങിയത്. അടുപ്പും പാത്രങ്ങളും ഇവിടെത്തന്നെ ഉണ്ടായിരുന്നു. ആദ്യ ദിവസം അശോക് കുമാറിന്റ കയ്യില്‍നിന്നും 2000 രൂപ കടം വാങ്ങിയാണ് സാധനങ്ങള്‍ വാങ്ങിയത്. അപ്പവും പുട്ടും ഉണ്ടാക്കിയാണ് തുടക്കം. അതില്‍നിന്നുള്ള ലാഭത്തില്‍നിന്ന് ഇപ്പോള്‍ ഊണ്‍ വിഭാഗത്തിന്റെ ചുമതലയിലേക്ക് സുനിത എത്തി. 


പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്തിരുന്ന വരന്തരപ്പള്ളിയിലെ ഷൈല ഇഡ്ഡലി സെക്ഷന്റെ മുതലാളിയാണിപ്പോള്‍. തൊഴിലുറപ്പിന്റെ കൂലി എപ്പോഴെങ്കിലുമാണ് കിട്ടിക്കൊണ്ടിരുന്നത്. അസുഖബാധിതനായ ഭര്‍ത്താവിന്റേയും രണ്ട് പെണ്‍മക്കളുടേയും ചുമതലകള്‍ക്കു പുറമെ വീടിന്റെ ബാങ്ക് ലോണും ഷൈലയുടെ ജീവിതത്തെ വഴിമുട്ടിച്ചു. പിടിച്ചു നില്‍ക്കാന്‍ മറ്റൊരു വഴിയില്ലാതായപ്പോള്‍ ചെറിയ ജോലികളൊക്കെ ശരിയാക്കിക്കൊടുക്കുന്ന ഒരു സ്ഥലത്ത് പേര് രജിസ്റ്റര്‍ ചെയ്തു. 400 രൂപയായിരുന്നു രജിസ്ട്രേഷന്‍ ഫീസ്. 6000 രൂപ ശമ്പളത്തില്‍ തൃശൂരിലെ ഒരു ഷോപ്പില്‍ സെയില്‍സ് ജോലി കിട്ടി. എന്നാല്‍, ശമ്പളത്തിന്റെ പകുതി പൈസ ഏജന്റിന് കൊടുക്കണം എന്നതായിരുന്നു കരാര്‍. അങ്ങനെ ആ ജോലി ഉപേക്ഷിച്ചു. ബസ് സ്റ്റോപ്പില്‍ പരിചയക്കാരിയോട് ഈ സംഭവം പറയുന്നത് കേട്ട ഒരാളാണ് ഷൈലയ്ക്ക് ഫുഡ്കോര്‍ട്ട് പരിചയപ്പെടുത്തിക്കൊടുത്തത്. അത് പുതിയൊരു ജീവിതത്തിലേക്കുളള വഴിമാറല്‍ കൂടിയായി. തുടക്കത്തില്‍ സര്‍വ്വീസ് സ്റ്റാഫായിട്ടാണ് നിയമിച്ചത്. ക്രമേണ സ്വന്തമായി തുടങ്ങാം എന്ന ആത്മവിശ്വാസമായപ്പോള്‍ ഇഡ്ഡലി വിഭാഗം ഏറ്റെടുക്കുകയായിരുന്നു. സെക്ഷനിലെ ജോലി കഴിഞ്ഞാല്‍ ഒരു ഷിഫ്റ്റില്‍ സര്‍വ്വീസ് ജോലിയും ചെയ്യുന്നുണ്ട് ഷൈല. 
ഇതേ അനുഭവങ്ങള്‍ തന്നെയാണ് രജനിക്കും ആന്‍സിക്കും രാധയ്ക്കും ഒക്കെ പറയാനുള്ളത്. മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കാനായതും വീട് പുതുക്കിപണിതതും ലോണ്‍ അടവ് തീര്‍ത്തതും ഒക്കെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. തുടക്കത്തില്‍ ചവിട്ടി നില്‍ക്കാന്‍ ഒരിടമായിരുന്നു ഇവര്‍ക്ക് ഫുഡ്കോര്‍ട്ട്. പതുക്കെ അവരോരുത്തരും അനുഭവങ്ങളിലൂടെയും പരിശീനത്തിലൂടെയും ആത്മവിശ്വാസമുള്ള സംരംഭകരായി മാറുകയായിരുന്നു. 

പരിമിതികളില്ലാത്ത മാതൃക

സാങ്കേതിക പരിശീലനം, സാമ്പത്തിക വൈദഗ്ദ്ധ്യം, മാര്‍ക്കറ്റിങ് എന്നിവയിലാണ് ചെറുകിട ബിസിനസുകളില്‍ സ്ത്രീകള്‍ പൊതുവെ പരാജയപ്പെടുന്നത്. കുടുംബശ്രീയില്‍നിന്നും ബാങ്കുകളില്‍നിന്നും മറ്റും സാമ്പത്തിക സഹായം ലഭ്യമാണെങ്കിലും വലിയൊരു സംരംഭത്തിലേക്കെത്താന്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് കഴിയാറില്ല. ചെറിയ സംരംഭങ്ങളും ചെറിയ സ്വപ്നങ്ങളും മാത്രമാണവര്‍ക്ക്. അതിനെ വിപുലപ്പെടുത്താനുള്ള പരിശീലനമോ വഴികളോ അവര്‍ക്ക് മുന്നിലുണ്ടാവാറുമില്ല. പ്രധാന പോരായ്മ നഗരങ്ങളിലേക്ക് ഇത്തരം സംരംഭങ്ങളെ എത്തിക്കാന്‍ കഴിയാത്തതാണ്. ചെറിയ വാടകയില്‍ കെട്ടിടം നോക്കുമ്പോള്‍ പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നത് ഉള്‍പ്രദേശങ്ങളായിരിക്കും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ അവര്‍ക്ക് അപ്രാപ്യമാണ്. മതിയായ വിദ്യാഭ്യാസമോ യാതൊരു മുന്‍ പരിചയമോ ഇല്ലാതെ വരുന്നവര്‍ക്ക് തുടര്‍ പരിശീലനങ്ങള്‍ ആവശ്യമാണ്. മത്സരാധിഷ്ഠിത മാര്‍ക്കറ്റിന്റെ ഭാഗമേ ആവുന്നില്ല ഇക്കൂട്ടര്‍. നടത്തിക്കൊണ്ടുപോകുന്ന കാലത്തോളം ഒരു നിശ്ചിത തുക ഉറപ്പാക്കി സമാന്തര സംവിധാനം പോലെ പ്രവര്‍ത്തിക്കുകയാണ് ഇത്തരം സ്ഥാപനങ്ങള്‍. ഇതിന് ഒരു മറുപടിയാണ് വിമന്‍സ് ഫുഡ് കോര്‍ട്ട്. മൂന്നക്കമുള്ള ദിവസ വരുമാനത്തില്‍നിന്നു ലക്ഷങ്ങളുടെ ലാഭത്തിലേക്ക് സാധാരണക്കാരായ സ്ത്രീകളെ എത്തിക്കാന്‍ കഴിയും എന്നതിന്റെ തെളിവ് കൂടിയാണിത്. ഒരു രൂപ പോലും ലോണ്‍ എടുക്കാതെയാണ് സ്ത്രീകള്‍ ഈ സംരംഭത്തിലേക്കെത്തിയത്. കയ്യിലുള്ള ചെറിയ തുകകൊണ്ട് സാധനങ്ങള്‍ വാങ്ങി വിഭവങ്ങള്‍ ഉണ്ടാക്കി, അതില്‍നിന്നുള്ള ലാഭത്തില്‍നിന്നു ക്രമേണ വിപുലപ്പെടുത്തിയതാണ് ഇവരുടെ ബിസിനസ്. ഓരോ ദിവസവും അന്നത്തെ ലാഭത്തിനനുസരിച്ച് ബിസിനസ് വികസിപ്പിക്കും. വിളമ്പാനും പാത്രം കഴുകാനും മറ്റുമായുള്ള ജീവനക്കാര്‍ പൊതുവായതുകൊണ്ട് അവര്‍ക്കുള്ള ശമ്പളത്തിന്റെ ഒരു വിഹിതം മാത്രമേ ഓരോ സംരംഭകരും നല്‍കേണ്ടതുള്ളൂ. മറ്റ് ബിസിനസില്‍ ഉള്ളതുപോലെ അതിന്റെ മുഴുവന്‍ ഭാരവും ഒരാള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവരുന്നില്ല. വാടകയും മെയിന്റനന്‍സ് ചാര്‍ജും ഇതുപോലെ വീതിച്ചുപോകും. വരുന്നവര്‍ക്ക് കാണാവുന്ന തരത്തില്‍ തുറന്ന അടുക്കളയാണ് ഓരോ സെക്ഷനും. നിരന്തരമായ പരിശീലനവും നൂതനമായ ആശയങ്ങളും യോഗ പരിശീലനവും പദ്ധതിയുടെ മോണിറ്റര്‍ ആയ അജയകുമാര്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്. പ്രൊഫഷണല്‍ രീതിയില്‍ എല്ലാ ദിവസവും മീറ്റിങ്ങും അഭിപ്രായ രൂപീകരണവും നടക്കും. പല സംരംഭകരാണെങ്കിലും ഒറ്റ സ്ഥാപനമായതിനാല്‍ മറ്റുള്ളവരുടെ നിലവാരം കൂടി ഉറപ്പുവരുത്തേണ്ട ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്. ഓരോ ദിവസത്തേയും സെയില്‍സ് റിപ്പോര്‍ട്ടനുസരിച്ച് പിറ്റേന്ന് രാവിലെ തന്നെ തുക വീതിച്ചു നല്‍കും. ജീവനക്കാരില്‍ തുടക്കക്കാര്‍ക്ക് 300 രൂപയാണ് ഒരു ദിവസത്തെ കൂലി. ബിസിനസിലെ ലാഭം കൂടുന്നതിനനുസരിച്ചുള്ള ഒരു വിഹിതവും ഇവര്‍ക്കായി കണക്കാക്കിയിട്ടുണ്ട്. ഇവിടെ വന്നുപോകുന്ന രാഷ്ട്രീയ-സാംസ്‌കാരിക-സിനിമാ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന വാക്കുകളും ചിത്രങ്ങളുമാണ് ഇവരുടെ പ്രധാന പബ്ലിസിറ്റി.


സര്‍ട്ടിഫിക്കറ്റും ഡിപ്ലോമയും ഇല്ലാത്തവര്‍, പണമില്ലാത്തവര്‍, ആത്മവിശ്വാസമില്ലാത്തവര്‍, തൊഴില്‍ പരിചയമില്ലാത്തവര്‍- ഇങ്ങനെ പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് എല്ലാ അര്‍ത്ഥത്തിലും മാറ്റിനിര്‍ത്തപ്പെട്ട ഈ സ്ത്രീകളുടെ മുന്നേറ്റം വലിയൊരു പാഠമാണ്. ഇനി ഇവരെ നമുക്ക് പിന്തുടരാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com