ഡിജിറ്റല്‍ കാലത്തെ എഴുത്തും വായനയും

ആവേശകരമായ കാലങ്ങളിലാണ് നിങ്ങള്‍ ജീവിക്കുന്നത്. എഴുതാനോ പ്രസിദ്ധപ്പെടുത്താനോ നിങ്ങള്‍ പ്രതിഭാധനനായ എഴുത്തുകാരനൊന്നും ആവേണ്ടതില്ല
എന്‍എസ് മാധവനും എം മുകുന്ദനും (ട്വിറ്ററില്‍ പങ്കുവച്ച സെല്‍ഫി)
എന്‍എസ് മാധവനും എം മുകുന്ദനും (ട്വിറ്ററില്‍ പങ്കുവച്ച സെല്‍ഫി)

ആവേശകരമായ കാലങ്ങളിലാണ് നിങ്ങള്‍ ജീവിക്കുന്നത്. എഴുതാനോ പ്രസിദ്ധപ്പെടുത്താനോ നിങ്ങള്‍ പ്രതിഭാധനനായ എഴുത്തുകാരനൊന്നും ആവേണ്ടതില്ല- ഡിജിറ്റല്‍ കാലത്തെ എഴുത്തിനെയും വായനെയും പറ്റി
എന്‍.എസ്. മാധവന്‍

ഴുത്തിനും അതിന്റെ രീതികള്‍ക്കും സങ്കേതങ്ങള്‍ക്കും മാറ്റം സംഭവിച്ച, അല്ലെങ്കില്‍ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം സ്മാര്‍ട്ട് ഫോണുകളും കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും  കൈയേറുന്ന ഈ കാലമാണ് ഡിജിറ്റല്‍ യുഗം. വളരെ അടിസ്ഥാനമായ ഒരു ചോദ്യത്തിലേക്ക് ഞാന്‍ കടക്കട്ടെ. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്? 2014-ല്‍ പുറത്തിറങ്ങിയ, വളരെ പ്രശസ്തമായ, അനേകം കോപ്പികള്‍ വിറ്റഴിഞ്ഞ ഒരു പുസ്തകം ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത് - സാപ്പിയന്‍സ്: മനുഷ്യന്റെ ഒരു ലഘുചരിത്രം Sapiens: A Brief History of Humankind  എന്ന Yual Noah Harari എഴുതിയ പുസ്തകത്തില്‍ ഈ വിഷയമാണ് പ്രതിപാദ്യം. മനുഷ്യനെ മൃഗങ്ങളില്‍നിന്നും വ്യത്യസ്തനാക്കുന്നത് എന്താണ് എന്ന് ഈ പുസ്തകം അന്വേഷിക്കുന്നു. 
ജീവശാസ്ത്രപരമായി, ഡി.എന്‍.എ. താരതമ്യം ചെയ്താല്‍, മനുഷ്യനും മൃഗവും തമ്മില്‍ വലിയ അന്തരമില്ല.  ഹരാരി മനുഷ്യനും മൃഗങ്ങളും തമ്മില്‍ പ്രധാനമായി രണ്ടു വ്യത്യാസങ്ങളേ ഉള്ളൂ എന്ന് സമര്‍ത്ഥിക്കുന്നു. മനുഷ്യന്റെ സാമൂഹ്യവാസന, കൂട്ടം ചേരാനുള്ള കഴിവാണ് അതില്‍ ഒന്നാമത്തേത്. ഒരു കൂട്ടത്തില്‍ ഒരേ സമയം ഒന്നിച്ചുവരാനുള്ള മൃഗങ്ങളുടെ ഏറ്റവും കൂടിയ എണ്ണം ഏതാണ്ട് 150 മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍, അതില്‍നിന്നും വിപരീതമായി ഏതാണ്ട് ലക്ഷക്കണക്കിനു മനുഷ്യര്‍ക്ക് കൂട്ടംകൂടാന്‍ കഴിയും.

രണ്ടാമത്തെ വ്യത്യാസം മനുഷ്യന്റെ കഥ പറയാനുള്ള കഴിവാണ്. കഥയും സങ്കല്പലോകവും മനുഷ്യജീവിതത്തോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു കടലാസിന് ഒരു മൂല്യസങ്കല്പം പ്രദാനം ചെയ്യുമ്പോള്‍ ലഭിക്കുന്നതാണ് രൂപ എന്ന വസ്തുത. മൂല്യനിര്‍ണ്ണയം ഇല്ലെങ്കില്‍ അത് വെറും കടലാസായി പരിണമിക്കും. മനുഷ്യനു മാത്രം കഴിയുന്ന കാര്യമാണ് ഈ കഥ, സങ്കല്പം എന്നിവ. ആശയങ്ങളും സങ്കല്പങ്ങളും മനുഷ്യന്റെ പ്രത്യേകതയാണ്.

ഒരു ഉദാഹരണം പറഞ്ഞാല്‍ ഈയടുത്തു നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് നമുക്ക് എങ്ങനെ ഒരു സങ്കല്പം അല്ലെങ്കില്‍ ആശയക്കൈമാറ്റം വിജയകരമായി നടത്താം എന്ന് നമ്മെ പഠിപ്പിക്കുന്നു. മാഹാത്മ്യം നഷ്ടപ്പെട്ട അമേരിക്കയുടെ മാഹാത്മ്യം വീണ്ടെടുക്കാനുള്ള ശ്രമം തകര്‍ക്കാനാവാത്ത ഒരു ആശയമാണ്/കഥയാണ് ട്രംപ് അമേരിക്കന്‍ ജനതയ്ക്കു മുന്‍പില്‍ വിജയകരമായി അവതരിപ്പിച്ചത്. സത്യത്തിന്റെ അംശമില്ലാത്ത സങ്കല്പമാണെങ്കിലും ഇതു വിശ്വസിച്ച അമേരിക്കന്‍ ജനത കൂട്ടമായി ട്രംപിന് വോട്ടു ചെയ്ത് അദ്ദേഹത്തെ വിജയിപ്പിച്ചു.


കഥ/സങ്കല്പം യാഥാര്‍ത്ഥ്യത്തെക്കാള്‍ പ്രാധാന്യമേറുന്ന മറ്റൊരു ഉദാഹരണം ഹിറ്റ്‌ലറിന്റേതാണ്. ഒരു പരാജയപ്പെട്ട ചിത്രകാരനായിരുന്ന ഹിറ്റ്‌ലര്‍ ജര്‍മ്മന്‍ ജനതയ്ക്ക് ജര്‍മ്മനിയുടേയും ആര്യന്‍വംശത്തിന്റേയും മഹത്വത്തേയും ജൂതന്മാര്‍ തങ്ങളുടെ ശത്രുക്കളാണ് എന്നുമുള്ള ഒരു സങ്കല്പം കൈമാറി. അതില്‍ വിശ്വസിച്ച് തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങള്‍ അവര്‍ ഹിറ്റ്‌ലറെ തങ്ങളുടെ ഭരണാധികാരിയായി തെരഞ്ഞെടുത്തു. അത് രണ്ടാം ലോകമഹായുദ്ധത്തില്‍ അവസാനിക്കുകയും ചെയ്തു.

സങ്കല്പങ്ങളും/കഥ പറച്ചിലും മനുഷ്യനെ മൃഗങ്ങളില്‍നിന്നും വ്യത്യസ്തനാക്കുന്ന ഒരു പ്രധാന ഘടകമാണ്. ഡിജിറ്റല്‍ യുഗത്തിനും എത്രയോ മുന്‍പ് എഴുത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ഏതാണ്ട് 20,000 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഭാഷയുണ്ടായ കാലത്ത് അത് വാമൊഴിയായാണ് പിറന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലേയ്ക്ക്, ഒരു തലമുറയില്‍നിന്നും മറ്റൊന്നിലേയ്ക്ക് കഥ വാമൊഴിയായി പ്രചരിച്ച കാലം. എഴുത്തുകാലത്തിനു മുന്‍പുള്ള ഒരു നീണ്ട വാമൊഴിക്കാലം.
സാഹിത്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ വികാസത്തിന്റെ/പരിണാമത്തിന്റെ 80 ശതമാനവും വാമൊഴിയായിരുന്നു എന്നു മനസ്സിലാക്കാം. അക്കാലത്തെ ഏതു പുസ്തകവും പരിശോധിക്കുക. ഭാരത കഥാചരിത്രത്തിലെ ഏറ്റവും പ്രാചീനമായ കഥ പഞ്ചതന്ത്രം കഥകളാണ്. വിഷ്ണുശര്‍മ്മന്‍ എന്ന ഗുരു, രാജാവിന്റെ പുത്രന്മാരെ ഭരണതന്ത്രത്തിന്റെ അഞ്ച് കലകള്‍ പരിശീലിപ്പിക്കുവാനായി കഥയുടെ മാര്‍ഗ്ഗം സ്വീകരിക്കുകയും അത് പഞ്ചതന്ത്രം കഥകള്‍ എന്ന രീതിയില്‍ രൂപം പ്രാപിക്കുകയും ചെയ്തു.

മഹാഭാരതത്തിന്റെ കാര്യം എടുക്കുക. മഹാഭാരതം ഒരിക്കലും എഴുതപ്പെട്ടിരുന്നില്ല. വാമൊഴിയായി തലമുറകളില്‍നിന്നും തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട കഥകളാണ് മഹാഭാരതം കഥകള്‍. ഏതാണ്ട് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മഹാഭാരതം കഥ ആരംഭിക്കുന്നത് എന്നു പറയപ്പെടുന്നു. ലോകം തിന്മയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ആ കാലത്ത്, കലിയുഗം പിറക്കുന്ന സമയത്ത്, ഏതാനും മഹര്‍ഷിവര്യന്മാര്‍ നൈമിശാരണ്യത്തില്‍ ഒരുമിച്ചുകൂടി പറഞ്ഞുതുടങ്ങിയ കഥയാണ് മഹാഭാരതം. നൈമിശാരണ്യത്തില്‍ വെച്ച് ശൗനക മഹര്‍ഷി വിവരിച്ചു തുടങ്ങിയ മഹാഭാരതം മഹര്‍ഷി ഉഗ്രശ്രവസ്സ് എന്ന മറ്റൊരു കഥാകാരന്‍ പകര്‍ത്തിയെടുത്തു എന്നാണ് സങ്കല്പം. മഹാഭാരതം അപ്രകാരം വാമൊഴിയാണ്, വരമൊഴിയല്ല.

കഥ പറച്ചിലിന്റെ പാരമ്പര്യം ഉണ്ടായിരുന്നത് ഇന്ത്യയില്‍ മാത്രമല്ല, അറേബ്യന്‍ നാടുകളിലെ 1001 രാവുകളിലും ഈ കഥാമാതൃക പിന്തുടരുന്നുണ്ട്. ഒരു രാജാവ് ഓരോ ദിവസവും ഒരു പുതിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും രാത്രിയില്‍ അവളെ വധിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് കഥ പറയുന്നതില്‍ നിപുണയായ ഷെഹ്‌റസാദ് എന്ന യുവതി വധുവായി രാജാവിന്റെ അടുത്ത് എത്തുന്നത്. കഥ പറഞ്ഞ് രാജാവിന്റെ ശ്രദ്ധതിരിച്ച് അവള്‍ സ്വന്തം ജീവന്‍ രക്ഷിച്ചു.

ലോകസംസ്‌കാരത്തിന്റെ ഭൂരിഭാഗവും വാമൊഴി പാരമ്പര്യമാണ് പിന്തുടര്‍ന്നിരുന്നത്. ഇനി കേരളത്തിന്റെ കാര്യം എടുത്താല്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം നോക്കുക. എഴുത്തിനു പകരം കഥ പറയുന്ന രീതിയാണ് ഇവിടെയും അവലംബിച്ചിരിക്കുന്നത്. കഥപറച്ചിലിന്റെ പ്രതീതി ജനിപ്പിക്കാനായി ഒരു കിളിയെ ഭാവനയില്‍ സൃഷ്ടിച്ചു. ഈ ശൈലിയിലാണ് രാമായണവും മഹാഭാരതവും കിളിപ്പാട്ടുകളായി എഴുത്തച്ഛന്‍ നിര്‍മ്മിച്ചത്. മനുഷ്യസംസ്‌കാരത്തിന്റെ ഭൂരിഭാഗത്തിനും കഥ പറയുകയാണ് ചെയ്തിരുന്നത്, എഴുതുകയായിരുന്നില്ല. നമ്മള്‍ പരസ്പരം കഥകള്‍ പറയുകയായിരുന്നു. ഒരുപക്ഷേ, 15-ാം നൂറ്റാണ്ടിലായിരിക്കണം ഈ രീതി മാറുവാന്‍ തുടങ്ങുന്നത്. ഗുട്ടന്‍ബെര്‍ഗിന്റെ അച്ചടിയുടെ കണ്ടുപിടിത്തമാണ് എഴുത്തിനെ മാറ്റിമറിച്ചത്. അച്ചടിവിദ്യ ഗുട്ടന്‍ബെര്‍ഗിനും മുന്‍പേ ചൈനയില്‍ ഉണ്ടായിരുന്നു. ഈജിപ്തിലും നിലനിന്നിരുന്നു. ഇതില്‍നിന്നും ഗുട്ടന്‍ബെര്‍ഗിന്റെ വിദ്യയെ വ്യത്യസ്തമാക്കുന്ന ചിലതുണ്ടായിരുന്നു. പ്രാചീനകാലത്ത ഒരു പേജോ ചിത്രമോ അച്ചടിക്കണമെന്നുണ്ടെങ്കില്‍ ഒരു ചെമ്പ് ഫലകത്തിലോ, മരപ്പലകയിലോ, അത് കൊത്തിയെടുക്കണമായിരുന്നു. പിന്നെ അതിന്റെ മുദ്രണങ്ങള്‍ ഉണ്ടാക്കുകയുമാണ് ചെയ്തിരുന്നത്. ഗുട്ടന്‍ബര്‍ഗാകട്ടെ, ഓരോ അക്ഷരത്തിനും ഒരു അച്ച് നിര്‍മ്മിക്കുകയും അത് വാക്കുകള്‍ക്കനുസരിച്ച് മാറിമാറി ഉപയോഗിക്കുകയും ചെയ്തു. എന്തു തരത്തിലുള്ള അച്ചടിയും ഇതിലൂടെ സാധ്യമായി. 1439-ലാണ് ഇതു കണ്ടുപിടിച്ചത്. മനുഷ്യസംസ്‌കാരത്തിന്റെ പില്‍ക്കാല പ്രയാണങ്ങളുടെ മുന്നോടിയായി വേണം ഇതിനെ കാണാന്‍. ദ്രുതഗതിയില്‍ പുസ്തകങ്ങളുടെ പകര്‍പ്പുകള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിച്ചു. 

ഇസ്ലാമിക സമൂഹത്തില്‍ കൈയെഴുത്തിന്റെ പാരമ്പര്യവും കൈയെഴുത്ത് വിദഗ്ദ്ധരുമുണ്ടായിരുന്നു. ഒരു ഖുറാന്‍ ഈ രീതിയിലെഴുതാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഒരു ആയുഷ്‌ക്കാലം മുഴുവന്‍ ചെലവഴിച്ചാലും പത്തിരുപത് ഖുറാനുകള്‍ എഴുതാന്‍ പറ്റിയേക്കും. അങ്ങനെയിരിക്കുമ്പോഴാണ് ഈ കണ്ടുപിടിത്തം ലോകത്തിലേക്ക് എത്തുന്നത്. വ്യാവസായിക വിപ്ലവവും നവോത്ഥാനവും മതനവീകരണവും എന്തിന് 15-ാം നൂറ്റാണ്ട് മുതലുള്ള യൂറോപ്യന്‍ ചരിത്രവും ഈ കണ്ടുപിടിത്തത്തിന്റെ സംഭാവനയായിരുന്നു. ലളിതമായ ഈ സാങ്കേതികവിദ്യയാണ് പിന്നീടുണ്ടായ ബൗദ്ധിക വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

എന്നാല്‍, വ്യാവസായിക വിപ്ലവം മനുഷ്യരെ പാര്‍ശ്വവല്‍ക്കരിക്കുകയാണുണ്ടായത്. അതിനു മുന്‍പ് ആളുകള്‍ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. ഒരു കര്‍ഷകകുടുംബത്തില്‍ എല്ലാവരും ഒരുമിച്ചാണ് കാര്‍ഷിക ഇടങ്ങളിലേക്ക് പോകുന്നത്. എല്ലാവരും ഒരുമിച്ച് ജോലി  ചെയ്തു. ഒരു സമൂഹം ഒന്നാകെയാണ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. പക്ഷേ, വ്യാവസായികവിപ്ലവം ഓരോ മനുഷ്യനേയും ഒറ്റയാക്കി, ഏകാകിയാക്കി. ഒരു ഫാക്ടറിയിലെ ഒരു വലിയ കണ്‍വേയര്‍ ബെല്‍റ്റ്-ന്റെ ഒരു വശത്ത് കൂടെ ചില ഭാഗങ്ങള്‍ വരുന്നു, ഒരാള്‍ അതെടുക്കുന്നു, വേറൊരാള്‍ അതിന്റെ സ്‌ക്രൂ തിരുകുന്നു, മൂന്നാമത്തെയാള്‍ അത് അയക്കുന്നു. അസംബ്ലി ലൈന്‍  ജോലിയെ പലതായി ഭാഗിച്ചു. ഇതെല്ലാം മനുഷ്യനെ ഒറ്റപ്പെടുത്തി. ചെലവഴിക്കാന്‍ ഇഷ്ടം പോലെ സമയവും. 

ഇത് കൂടാതെ വ്യാവസായിക വിപ്ലവത്തിനു വേറെയും ദൂഷ്യഫലങ്ങളുണ്ടായിരുന്നു. മുതലാളിമാരുടെ അത്യാഗ്രഹമായിരുന്നു ഇതിലൊന്ന്. പണിയെടുക്കുന്നവരുടെ ഊര്‍ജ്ജം മുഴുവനായി ഊറ്റിയെടുക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രമിച്ചു. ഇതു തൊഴിലാളി സംഘടനകള്‍ക്ക് വഴിവെച്ചു. അമേരിക്കയിലെ ഷിക്കാഗോയിലാണ് അവകാശങ്ങള്‍ക്ക് വേണ്ടി തൊഴിലാളികള്‍ക്കു വിജയകരമായി സമരം ചെയ്തത്. അങ്ങനെയാണ് തൊഴിലാളികള്‍ അവരുടെ ആദ്യത്തെ അവകാശം നേടിയെടുത്തത്. ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തി. ഈ അവകാശം നേടിയെടുത്തത് 19-ാം നൂറ്റാണ്ടിലാണ്. ഇത് നിലവില്‍ വന്നിട്ട് 120 വര്‍ഷങ്ങള്‍ ആകുന്നതേയുള്ളൂ എന്ന് ചുരുക്കം. എട്ടു മണിക്കൂര്‍ ജോലി എട്ടു മണിക്കൂര്‍ ഉറക്കം. പിന്നെയുള്ള എട്ടു മണിക്കൂറോ? വിശ്രമത്തിനായിരുന്നു പിന്നീടുള്ള എട്ടു മണിക്കൂര്‍. കലയോടുള്ള മനുഷ്യരുടെ സംവേദനം ഈ എട്ടു മണിക്കൂറിനെയാണ് ലക്ഷ്യം വെച്ചിരുന്നത്. തുടക്കത്തില്‍ ഈ എട്ടു മണിക്കൂര്‍ ചെലവഴിച്ചത് വായനയിലൂടെയാണ്. ചിലപ്പോള്‍ ചില പ്രദര്‍ശനങ്ങള്‍ ഉണ്ടാകുമായിരുന്നു. ചിലപ്പോള്‍ സംഗീതപരിപാടികളും. പക്ഷേ, ഇതെല്ലാം അപൂര്‍വ്വമായിരുന്നു. വായന തന്നെയായിരുന്നു അക്കാലത്ത് മനുഷ്യരുടെ പ്രധാനവിനോദം. പതുക്കെ ഇതിനു ഒരുമാറ്റം വന്നു തുടങ്ങി. 

ആദ്യം റേഡിയോയും ടെലിവിഷനും പിന്നീട് സിനിമയും മനുഷ്യന്റെ വിശ്രമവേളയുടെ എട്ടു മണിക്കൂറിനായി മത്സരിച്ചു. വായന പിറകോട്ടു പോയി. ഇതിനു ശേഷമാണ് ഡിജിറ്റല്‍ യുഗത്തിന്റെ വരവ്. ഇപ്പോഴാകട്ടെ, നിങ്ങള്‍ 16 മണിക്കൂറും വായിക്കുകയാണ്, നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍. ഇതോടെ ജോലി, ഉറക്കം, വിശ്രമം എന്നീ വിഭജനങ്ങള്‍ക്ക് ഇന്ന് നിലനില്‍പ്പില്ലാതായി. ഇപ്പോള്‍ വിവിധതരം ആശയങ്ങളുമായും വിവരങ്ങളുമായും അസംബന്ധങ്ങളുമായും ആളുകള്‍ ഉണര്‍ന്നിരിക്കുന്ന സമയം മുഴുവനും സംവദിച്ച് കൊണ്ടിരിക്കുന്നു. ഇതാണ് ഇന്നത്തെ അവസ്ഥ. ഡിജിറ്റല്‍ കാലത്ത് എഴുത്ത് എങ്ങനെയെന്ന് പരിശോധിക്കുന്നതിന് മുന്‍പ് പഴയ കാലത്തെ സാഹിത്യ രൂപങ്ങളെ പരിശോധിക്കാം. കവിത പണ്ടുകാലം മുതലേ വാമൊഴി ആയിട്ടാണ് നിലനിന്നിരുന്നത്. അച്ചടിപോലത്തെ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് ഇതിനൊരു പ്രധാന കാരണം. വായിലൂടെ വരുന്ന വാക്കുകള്‍, വാമൊഴികള്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്തുപോന്നു. കവിതകളുടെ വൃത്തവും താളവുമെല്ലാം ഈയൊരു ബോധ്യത്തെയാണ് ലക്ഷ്യം വെച്ചിരുന്നത്. നാടകങ്ങളും ഈ കാലഘട്ടങ്ങളില്‍ നിലനിന്നിരുന്നു. സമൂഹങ്ങളില്‍, ഇന്ത്യന്‍ അവസ്ഥയില്‍ പറയുകയാണെങ്കില്‍ ചില ജാതിയില്‍പ്പെട്ട ആളുകള്‍ നാടകം ഹൃദിസ്ഥമാക്കുകയും അവതരിപ്പിക്കുകയും പുതിയ തലമുറയെ അതു പഠിപ്പിക്കുകയും ചെയ്തു.

കവിതകളും നാടകങ്ങളും ഒഴിച്ചാല്‍ മറ്റു സാഹിത്യരൂപങ്ങളെല്ലാം പുതിയ കാലത്തിന്റെ സൃഷ്ടികളാണ്. നോവലിന്റെ കാര്യം തന്നെ എടുക്കാം. നോവലിന് 2000 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. പ്രാചീനകാലത്ത് പ്രത്യേകിച്ചും ഗ്രീക്ക് സമൂഹങ്ങളില്‍ ചരിത്രം നോവലായി തെറ്റിദ്ധരിച്ചു പോന്നു. ആദ്യത്തെ നോവലായി കരുതിപ്പോരുന്നത് ഗ്രീക്ക് എഴുത്തുകാരന്‍ പെട്രോണിയസിന്റെ സാറ്ററിക്കോണ്‍ ആണ്. കല്‍പ്പിത കഥയായിരുന്നെങ്കിലും ഒരു ചരിത്രമായാണ് അത് അവതരിപ്പിച്ചിരിക്കുന്നത്. ഇത് എക്കാലത്തും സംഭവിച്ചിട്ടുള്ളതാണ്. ഇപ്പോഴുള്ള വലിയ ഭരണാധികാരിയുടെ ജീവിതം ഒരുപക്ഷേ നാളെ അത് അവര്‍ മാറ്റിയെഴുതും. ഭാവനാസൃഷ്ടികളാക്കും.

ഇന്ത്യന്‍ സാഹചര്യത്തിലും ഗദ്യരചനകളുണ്ടായിരുന്നു, നോവലുകള്‍ എന്ന നിലയില്‍ ഇവയെ കാണാന്‍ സാധിച്ചില്ലെങ്കില്‍ക്കൂടി അഞ്ചാം നൂറ്റാണ്ടില്‍ ദണ്ഡി എഴുതിയ ദശകുമാരചരിതം ഇതിനുദാഹരണമാണ്. ഇവയെ ഗദ്യമെന്നോ നോവലെന്നോ വിളിക്കാം. ഇന്നത്തെ രീതിയിലുള്ള നോവലുകളുടെ ഉദ്ഭവം 16-ാം നൂറ്റാണ്ടില്‍ യൂറോപ്പിലാണ്. സ്പാനിഷ് എഴുത്തുകാരനായ സെര്‍വാന്തിസ് രചിച്ച ഡോണ്‍ ക്വിക്ക്‌സോട്ട് ആണ് ഈ രൂപത്തിനു തുടക്കം കുറിച്ചതെന്ന് പൊതുവെ വിശ്വസിക്കുന്നു.

ചെറുകഥാ സാഹിത്യത്തിന്റെ കാര്യമാണെങ്കില്‍ ആദ്യത്തെ ചെറുകഥാകൃത്ത് എന്ന് വിളിക്കപ്പെടുന്നത് എഡ്ഗാര്‍ അലന്‍ പോ ആണ്. റഷ്യയിലെ ആന്റണ്‍ ചെക്കോവും ഫ്രാന്‍സിലെ മോപ്പസാങ്ങും പ്രതിഭാശാലികളായ ചെറുകഥാകൃത്തുക്കളായിരുന്നു. ചെറുകഥ കേരളത്തിലെത്തുന്നത് വളരെ വൈകിയാണ്. 1892-ല്‍ മലയാളത്തിലെ ആദ്യത്തെ ചെറുകഥ പുറത്തുവരുന്നത്. അതിന്റെ അടുത്ത വര്‍ഷത്തിലാണ് മോപ്പസാങ് മരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ സാഹിത്യരൂപങ്ങളൊന്നും കാലപ്പഴക്കം ചെന്നവയല്ല.

എങ്ങനെയാണ് ഈ വിവിധതരം സാഹിത്യരൂപങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളോട് പ്രതികരിച്ചത്? ഗുട്ടന്‍ബെര്‍ഗിന്റെ അച്ചടിവിദ്യ, ടെലിവിഷന്‍, സിനിമ ഇവയോരോന്നിന്റേയും ഉത്ഭവങ്ങളോട് എങ്ങനെയാണ് അക്കാലങ്ങളില്‍ നിലനിന്നിരുന്ന സാഹിത്യരൂപങ്ങള്‍ പ്രതികരിച്ചത്? ഇതിനെക്കുറിച്ച് രസകരമായ ഒരു കാഴ്ചപ്പാട് മാര്‍ഷല്‍ മക്ലൂഹന്‍ എന്ന കനേഡിയന്‍ തത്ത്വചിന്തകന്‍ പങ്കുവെയ്ക്കുന്നുണ്ട്. മാര്‍ഷല്‍ മക്ലൂഹന്‍ 20-ാം നൂറ്റാണ്ടിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ ദാര്‍ശനികരിലൊരാളായിരുന്നു. മക്ലൂഹന്റെ അഭിപ്രായത്തില്‍ അച്ചടിവിദ്യ മനുഷ്യന്റെ ചിന്താരീതിയെ ആഴത്തില്‍ സ്വാധീനിച്ചു. നേര്‍രേഖയിലുള്ള എഴുത്തും അച്ചടിയും നേര്‍രേഖയില്‍ ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു. എന്നാല്‍, പിന്നീട് വന്ന മാധ്യമങ്ങള്‍; ടെലിവിഷന്‍, സിനിമ മുതലായവ മനുഷ്യനെ വലയം ചെയ്ത് സംവദിച്ചു. മക്ലൂഹന്റെ പ്രശസ്തമായ വചനം മാധ്യമം തന്നെയാണ് സന്ദേശം. മനുഷ്യന്റെ ചിന്താരീതി മാധ്യമങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരുന്നു.

അടുത്ത രംഗം ഡിജിറ്റല്‍ യുഗമാണ്. അത് തുടങ്ങുന്നത് 1989-ലും w.w.w. (World Wide Web) ന്റെ കണ്ടുപിടിത്തത്തോടെയാണ് അത് സംഭവിച്ചത്. World Wide Web ഒരു ഘടനയാണ്. അതില്‍ ഒരു URL അഡ്രസ്സിന്റെ (Uniform Reosurce Locator) സഹായത്തോടുകൂടി ഏത് പേജും നമുക്ക് ലഭ്യമാകും. ഈ പേജിലൂടെ നമുക്ക് വേറെ പേജുകളിലേക്ക് ലിങ്ക് (Hyper Link) സംവിധാനത്തിലൂടെ പോകാവുന്നതാണ്. നമ്മള്‍ ഇതുവരെ കണ്ടതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ആശയവിനിമയമാണ്. ഇത്  എഴുത്തിനെ ആകെ മാറ്റിമറിച്ചു. എഴുത്തുകാര്‍, കേരളത്തിലോ ഫ്രാന്‍സിലോ ആകട്ടെ, ഒരേ കാര്യങ്ങള്‍ പല രീതികളിലായി കാണാന്‍ തുടങ്ങി. അതിനെ കംപ്യൂട്ടറില്‍ ഒരു വിന്‍ഡോ തുറക്കുന്നതുപോലെ എഴുത്തുകാര്‍ ലോകത്തിലേക്ക് പല ജനലുകള്‍ തുറന്നു. മൊത്തം World Wide Web ഉണ്ടായിട്ടും ഒരു വിന്‍ഡോ മാത്രം തുറക്കുന്നതുപോലെ. മുന്‍കാലങ്ങളില്‍ ബൃഹദാഖ്യാനങ്ങളുടെ (Grand Narratives) കാലത്ത്, വ്യാവസായിക വിപ്ലവത്തിന്റെ സമയത്ത് എഴുത്തുകാര്‍ ലോകത്തെ ഒന്നാകെ വാക്കുകളാല്‍ പിടിച്ചടക്കാന്‍ പരിശ്രമിച്ചു. ഇപ്പോള്‍ നമ്മള്‍ ഒരു വിന്‍ഡോയിലേയ്ക്കു ചുരുങ്ങി. ലിങ്കുകളുടെ സഹായത്തോടെ എന്നപോലെ ഒരു പേജില്‍നിന്ന് രണ്ടാമത്തേതിലേക്ക്, എഴുത്ത് പല ദിശകളിലായി പ്രവഹിച്ചു.

പഠനങ്ങള്‍ പറയുന്നത് 1989 മുതല്‍ ഗദ്യസാഹിത്യത്തിന്റെ കൃതികളുടെ സ്വഭാവം മാറിയിരിക്കുന്നുവെന്നാണ്. മറ്റൊരു ചോദ്യം വായനാശീലത്തെക്കുറിച്ചാണ്. ആരാണിപ്പോള്‍ വായിക്കുന്നത്? പഴയ എട്ടു മണിക്കൂര്‍ വിശ്രമവേളയില്‍ വായനയ്ക്ക് സിംഹഭാഗം മാറ്റിവെച്ചിരുന്നെങ്കില്‍ ഇന്നത് ചുരുങ്ങിച്ചുരുങ്ങി ഒന്നുമില്ലാതായി തീര്‍ന്നിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വായന വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും എപ്പോഴും ആശയവിനിമയം ചെയ്യുന്ന ഇന്നത്തെ സമൂഹത്തില്‍ വായന വര്‍ദ്ധിച്ചു. രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നതായി കാണാം.

ദീര്‍ഘയാത്രകള്‍ സര്‍വ്വസാധാരണമായി. ഇതുമൂലം ആളുകള്‍ ഒരേയിടത്ത് ഇരിക്കുവാന്‍ നിര്‍ബന്ധിതരായി. ആളുകള്‍ വീണ്ടും വായനയിലേക്ക് തിരിഞ്ഞു. അമേരിക്കയില്‍ 9/11 വിമാനാക്രമണങ്ങള്‍ക്ക് ശേഷം ലോകയാത്രകള്‍ കുറഞ്ഞു. അതേ കാലയളവില്‍ പുസ്തകവില്പനയില്‍ ആഗോളതലത്തില്‍ 40 ശതമാനം ഇടിവുണ്ടായി. ഇത് വായനയുടേയും യാത്രയുടേയും ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. രണ്ടാമതായി സംഭവിച്ചത് പറഞ്ഞറിവിന്റെ (Word of mouth) തിരിച്ചറിവാണ്. പണ്ട് കാലങ്ങളില്‍ ഒരു പുസ്തകം വായിക്കുന്നതോ ഒരു സിനിമ കാണുന്നതോ സുഹൃത്തുക്കള്‍ പറഞ്ഞത് കേട്ടിട്ടാണ്. പറഞ്ഞറിവ് സ്ഥാപീകൃതമാകുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും നിരവധിയാകുന്ന പ്രശംസകളും ശുപാര്‍ശകളും നമ്മെ തേടിയെത്തുന്നു. വായനയുടെ പുത്തനുണര്‍വിനെയാണ് ഇതില്‍ നാം കാണുന്നത്.

വായനക്കാര്‍ മാറി, പ്രസിദ്ധീകരണ രീതികളും മാറിക്കഴിഞ്ഞു. ഇന്നത്തെ വായനയുടെ 40-തോ 50-തോ ശതമാനം പുസ്തകത്താളിനു പകരം സ്‌ക്രീനിലും ഇലക്ട്രോണിക് പുസ്തകങ്ങളിലും (e-book) ആണ് നടക്കുന്നത്.
ഡിജിറ്റല്‍ യുഗത്തിലെ ഈ എഴുത്തും വായനയും ആവേശകരമാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ വ്യാവസായിക വിപ്ലവത്തിനു മുന്‍പ് വാമൊഴി പാരമ്പര്യത്തിലൂടെയാണ് സാഹിത്യം നിലനിന്നിരുന്നത്. അതിപ്പോള്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റിലൂടെ ശബ്ദപ്രക്ഷേപണത്തിലൂടെ (Web Cast) കഥപറച്ചില്‍ തിരിച്ചെത്തിയിരിക്കുകയാണ്. വാമൊഴി കഥകള്‍, വാമൊഴി നോവല്‍ എന്ന നവീന രീതികളിലൂടെ സാക്ഷരത അനിവാര്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്. ഷെഹ്‌റാസാദിനെപ്പോലെ കഥ പറയാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങളുടെ കഥ കേള്‍ക്കാന്‍ സന്നദ്ധരായ ഒരു സദസ്സിനെ ഈ നവമാധ്യമങ്ങള്‍ ഒരുക്കിത്തരുന്നു.


സാങ്കേതികവിദ്യ സാഹിത്യത്തെ കൊല്ലുകയാണ് എന്നു പലരും മുറവിളി കൂട്ടുകയാണ്. യഥാര്‍ത്ഥത്തില്‍ സാഹിത്യത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്തത്. സാങ്കേതികവിദ്യ വായ്‌മൊഴി പാരമ്പര്യത്തെ വീണ്ടെടുത്തു. 2016-ലെ ഒരു മികച്ച ചെറുകഥ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ട് ഒലെന്‍ ബട്‌ലര്‍ (Robert Olen Butler) എഴുതിയ ദിസ് ഈസ് ഏള്‍ സാന്‍ഡ് (This is Earl Sand) എന്ന കഥയാണ്. എഴുതിയത് എന്ന് ഞാന്‍ പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ കഥ എഴുതപ്പെടുകയല്ല ചെയ്തത്. തന്റെ മകനോടൊത്ത് 1913-ല്‍ ഒന്നാം ലോകമഹായുദ്ധത്തിനു മുന്‍പ്, ഒരു വിമാനം തകര്‍ന്നു വീഴുന്നതിന്റെ ഒരു ചിത്രത്തെക്കുറിച്ചുള്ള തല്‍സമയ വിവരണമാണ് കഥയുടെ ഉള്ളടക്കം. 17 വെബ് കാസ്റ്റുകളായിട്ടാണ് ഈ കഥ വിടരുന്നത്. കഥ അവസാനിച്ചപ്പോള്‍ ഏകദേശം രണ്ടു കോടിയില്‍പ്പരം ആളുകള്‍ ഈ കഥ കേട്ടു കഴിഞ്ഞിരുന്നു. 2017-ല്‍ ജെന്നിഫര്‍ എഗാന്‍ എന്ന എഴുത്തുകാരി ട്വിറ്ററിലൂടെ ബ്ലാക്ക് ബോക്‌സ് (Black Box) എന്ന തന്റെ കഥ പങ്കുവെച്ചു. 140 അക്ഷരങ്ങളാണ് അടുത്ത കാലം വരെ ട്വീറ്റില്‍ അനുവദിച്ചിരുന്നത്. പല ട്വീറ്റുകളിലായി അവര്‍ ആ കഥ വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിച്ചു.

നമ്മുടെ വായനയെ, എഴുത്തിനെ, പ്രസാധനത്തെയെല്ലാം സാങ്കേതികവിദ്യ അടിമുടി മാറ്റിക്കഴിഞ്ഞു. സാഹിത്യത്തിനു കൊടുക്കുന്ന പ്രശസ്തമായ ബുക്കര്‍ സമ്മാനത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ അന്തിമപ്പട്ടികയില്‍ 29-കാരിയായ ഫിയോണാ മോസ്ലിയുടെ (Fiona Mozley) എല്‍മെറ്റ് (Elmet) എന്ന നോവലുണ്ടായിരുന്നു. ലണ്ടനില്‍ ജോലി ചെയ്തിരുന്ന മോസ്ലി രണ്ട് മണിക്കൂര്‍ അകലെയുള്ള യോര്‍ക്കില്‍നിന്നാണ് യാത്ര ചെയ്തിരുന്നത്. ദിവസേനയുള്ള ഈ യാത്രാസമയത്തിനിടയില്‍ ആണ് തന്റെ സെല്‍ഫോണില്‍ മോസ്ലി ഈ കൃതി രചിച്ചത്. ഫോണില്‍ രചിച്ച ഒരു കൃതി ബുക്കര്‍ സമ്മാനപ്പട്ടികയില്‍ വരിക എന്ന് പറയുന്നത് നവീനമായ എഴുത്തിന്റെ അംഗീകാരമായി വേണം കാണാന്‍.
ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനത്തിനര്‍ഹമായ ജോര്‍ജ്ജ് സാന്‍ഡേഴ്‌സിന്റെ നോവല്‍ ഒരു നോവലേയല്ല. പരസ്പരബന്ധമില്ലാത്ത കുറേ ഖണ്ഡികകളുടെ സമാഹാരം എന്നു വരെ തോന്നിയേക്കാം. ഒരു സംഭാഷണം പോലെയോ അല്ലെങ്കില്‍ ഒരു ചാറ്റ് പോലെയോ ആണ് കഥയുടെ ചുരുള്‍ നിവരുന്നത്. 

ഡിജിറ്റല്‍ സാങ്കേതികവിദ്യ സാഹിത്യത്തിന്റെ എല്ലാ മേഖലകളിലേക്കും പുതിയ പാതകള്‍ വെട്ടിത്തുറന്നിരിക്കുകയാണ്. വായന, എഴുത്ത്, പ്രസാധനം, അവതരണം എന്നിവയ്ക്ക് സമൂലമായ പരിവര്‍ത്തനമാണ് സംഭവിച്ചിരിക്കുന്നത്. ആവേശകരമായ കാലങ്ങളിലാണ് നിങ്ങള്‍ ജീവിക്കുന്നത്. എഴുതാനോ പ്രസിദ്ധപ്പെടുത്താനോ നിങ്ങള്‍ പ്രതിഭാധനനായ എഴുത്തുകാരനൊന്നും ആവേണ്ടതില്ല. (പുസ്തകം പ്രസിദ്ധീകരിക്കാന്‍ നിങ്ങള്‍ ഇതിനടുത്തുള്ള ഗുഡ് ഷെപ്പേഡ് സ്ട്രീറ്റിലെ ഡി.സി ബുക്‌സിനോട് അഭ്യര്‍ത്ഥിക്കേണ്ടതില്ല). നിങ്ങളുടെ രചനകള്‍ നിങ്ങള്‍ക്ക് സ്വയം പ്രസിദ്ധീകരിക്കാം.  പ്രാസാദാത്മകവും ആവേശകരവുമായ സമയത്തിലാണ് നാമിന്ന് ജീവിക്കുന്നത്. എല്ലാവര്‍ക്കും മഹത്തരമായ എഴുത്തിനുള്ള ആശംസകള്‍!

(കോട്ടയം ബസേലിയോസ് കോളജില്‍  നടത്തിയ 11-ാമത് മഞ്ജു മാത്യൂസ് അനുസ്മരണപ്രഭാഷണത്തില്‍ നിന്ന്) 
വിവര്‍ത്തനം: വിജു കുര്യന്‍, ഡോ. ജ്യോതിമോള്‍ പി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com