വില്ലന്‍-കരുണാകരന്‍ എഴുതിയ കഥ

വില്ലന്‍-കരുണാകരന്‍ എഴുതിയ കഥ

വില്ലന്‍-കരുണാകരന്‍ എഴുതിയ കഥ

ചിത്രീകരണം: ലീനാരാജ് ആര്‍

The more successful the Villain, 
the more successful the picture. 
Alfred Hitchcock

00

മുമ്പൊരിക്കല്‍ കണ്ട ഒരു കൊറിയന്‍ ചലച്ചിത്രത്തിലെ നായകനെ അനുകരിക്കുന്നപോലെ,  തലേന്ന് രാത്രിയില്‍, പട്ടണത്തിലെ  ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്ടില്‍ കയറി കവര്‍ച്ച ചെയ്ത മുന്നൂറ്റിമുപ്പതു രൂപയുമായി, അതേ വീട്ടില്‍നിന്നും കിട്ടിയ പുതിയ ഒരു ഷേര്‍ട്ടും ധരിച്ച്  രാവിലെ; ഞാന്‍ പട്ടണത്തിലേക്കുള്ള ബസ്സില്‍ കയറിയതായിരുന്നു വഴിക്കു വെച്ച്, അതേ ബസ്സില്‍ കയറാമെന്ന് പറഞ്ഞിരുന്ന രമ്യയെ ഞാന്‍ ഫോണില്‍ വിളിച്ചു. ഞാന്‍ ബസ്സില്‍ കയറി എന്ന് പറഞ്ഞു. ബസ്സിന്റെ പേര് പറഞ്ഞു. ബസ്  അവളുടെ സ്റ്റോപ്പില്‍ എത്തുന്ന സമയം ഊഹിച്ചു പറഞ്ഞു. 
ഇതാ, ഞാനും ഒരുങ്ങുകയാണ്, രമ്യ പറഞ്ഞു. 
തലേന്ന് രാത്രിയില്‍ കവര്‍ച്ച നടത്താന്‍ കയറിയ വീട്ടില്‍നിന്നും ഞാന്‍ അവളെ വിളിച്ചിരുന്നു. 
നീ ഇപ്പോള്‍ എവിടെയാണെന്ന് അവള്‍ ചോദിച്ചപ്പോള്‍ എന്റെ വീട്ടിലാണെന്നും സിനിമ കാണുകയാണെന്നും ഞാന്‍ രമ്യയോട് നുണ പറഞ്ഞു. 
ഏത് സിനിമ? രമ്യ ചോദിച്ചു. 
എനിക്ക് ഒരു സിനിമയുടെ പേരും ഓര്‍മ്മവന്നില്ല. ആ രാത്രി ഞാന്‍ അനുകരിക്കുന്ന ചലച്ചിത്രത്തിലെ നായകനെ ഓര്‍മ്മവന്നുവെങ്കിലും. സിനിമയുടെ പേര് ഓര്‍മ്മയില്ല, ഞാന്‍  പറഞ്ഞു. തിരിമുറിഞ്ഞ ഒരു കള്ളനെപ്പറ്റിയാണ്. ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളില്‍ കയറി കുറച്ചു നാള്‍ അവിടെ താമസിക്കുകയും പിന്നെ മോഷണം നടത്തി പോകുകയും  ചെയ്യുന്ന ഒരാളെപ്പറ്റി.

ആ സിനിമതന്നെയായിരുന്നു അപ്പോള്‍ എന്റെ മനസ്സിലും. അതിലെ നായകനെപ്പോലെത്തന്നെ ആ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയ്ക്ക് മുമ്പില്‍ ഞാന്‍ നില്‍ക്കുകയായിരുന്നു. രമ്യയോടു സംസാരിക്കുന്ന എന്നെ ഞാന്‍ കണ്ണാടിയില്‍ കണ്ടു. എനിക്കും പിറകില്‍ മുറിയിലെ അലമാരി കണ്ടു. അതിന്റെ ചില്ലിലും എന്നെ കണ്ടുവെന്ന് തോന്നി. നീ ഇപ്പോള്‍  എന്ത് ചെയ്യുന്നു? ഞാന്‍ അവളോട് ചോദിച്ചു. ഒരുപക്ഷേ, കണ്ണാടിയിലെ എന്നോടും. ഞാന്‍ ഉറങ്ങാന്‍ പോകുന്നു, രമ്യ പറഞ്ഞു. ഞാനും ഉറങ്ങുന്നപോലെ അഭിനയിച്ചു. പക്ഷേ, ഇപ്പോള്‍ നീ പറഞ്ഞ സിനിമാക്കഥയിലെ നായകനെ ഓര്‍ക്കുന്നു, അയാള്‍ തീര്‍ച്ചയായും സുന്ദരനായിരിക്കും, അല്ലെ? രമ്യ ചോദിച്ചു. ഞാന്‍ കണ്ണാടിയില്‍ നോക്കി എന്റെ കണ്ണുകള്‍ കൊറിയക്കാരന്റേതുപോലെ ചെറുതാക്കി, പേടിയോ അതിശയമോ അഭിനയിച്ചു. ശരി, എങ്കില്‍ നീ ഉറങ്ങ് ഞാന്‍ നാളെ വിളിക്കാം എന്ന് പറഞ്ഞ് ഞാന്‍ ആ വീടിന്റെ അടുക്കള തിരഞ്ഞു. അവള്‍ ഫോണില്‍ ഉമ്മവെയ്ക്കുന്ന ശബ്ദം കേട്ടു. ഞാന്‍ അടുക്കളയിലേക്ക് ചെന്നു. ഫോണ്‍ പാന്റിന്റെ കീശയില്‍ വെച്ച്, ഞാന്‍ ഫ്രിഡ്ജ് തുറന്നു നോക്കി. പുക കലര്‍ന്ന മങ്ങിയ വെളിച്ചത്തിനൊപ്പം  മുഷിഞ്ഞ മണവും എന്റെ മുഖത്ത് തട്ടി.   ആ നിമിഷം തന്നെ എന്റെ  തൊട്ടുപിറകില്‍ അച്ഛനേയും ഞാന്‍ കണ്ടു. 
ഞാന്‍ ഫ്രിഡ്ജ് അടച്ചു. അവിടെത്തന്നെ ഫ്രിഡ്ജും ചാരി ഇരുന്നു.
എപ്പോഴും കാണുന്നപോലെ, മണ്ണില്‍,  രാത്രി ഉണ്ടാക്കുന്ന നിഴലുകളില്‍ ഒന്നിനെപ്പോലെത്തന്നെ ഇപ്പോഴും ഞാന്‍ അച്ഛനെ കണ്ടു. 
നീ ഇപ്പോഴും സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി നടക്കുകയാണോ? അച്ഛന്‍ ചോദിച്ചു. അവിടെ, അടുക്കളയില്‍  ഇരിക്കാനുള്ള സ്ഥലം അച്ഛന്‍ തിരഞ്ഞു. പിന്നെ നിലത്ത് എനിക്കെതിരെ ഇരുന്നു. ഇപ്പോഴും നീ മോഷ്ടിക്കുകയും ചെയ്യുന്നു, അല്ലെ. അച്ഛന്‍ പറഞ്ഞു. 
ഞാന്‍ തല കുനിച്ചു. ഞങ്ങള്‍ രണ്ടുപേര്‍ക്കും അപരിചിതമായ ആ ചെറിയ സ്ഥലത്ത്, അവിടെനിന്നും ഞങ്ങള്‍ പോയാലും,  അച്ഛന്റെ ശബ്ദം മാത്രം കുടുങ്ങിക്കിടക്കും, ഞാന്‍ വിചാരിച്ചു. ഒരു തെളിവ്  പോലെ.
 നിനക്ക് സിനിമയില്‍ അഭിനയിക്കണം, അതല്ലേ മോഹം? വീണ്ടും അച്ഛന്‍ വര്‍ത്തമാനം പറയാന്‍ തുടങ്ങി. അതെ, ഞാന്‍ പറഞ്ഞു. അപ്പോഴും ഞാന്‍  അച്ഛനെ നോക്കിയില്ല. എങ്കില്‍ നീ എന്തിനാണ് കള്ളനായി ജീവിക്കുന്നത്? അച്ഛന്‍ ചോദിച്ചു. അപ്പോഴും ഞാന്‍  അച്ഛനെ നോക്കിയില്ല. ചെറിയ കുട്ടിയായിരുന്നപ്പോള്‍,  ചില രാത്രികളില്‍,  വീട്ടിലെ ചുമരില്‍ അച്ഛനുണ്ടാക്കിയിരുന്ന നിഴലുകള്‍  എനിക്ക് ഓര്‍മ്മവന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും രൂപങ്ങള്‍ ചുമരില്‍ പറക്കുകയും ഓടുകയും ചെയ്യുന്നതും. ഒരിക്കല്‍, എന്നെ  അച്ഛന്റെ ചുമലില്‍ ഇരുത്തി ഞങ്ങളുടെ രണ്ടുപേരുടേയും നിഴലുകള്‍ ഉണ്ടാക്കിയ വലിയ രൂപത്തെ കണ്ടതും എനിക്ക് ഓര്‍മ്മ വന്നു: രണ്ടു തലകളും നാല് കൈകളും ഉള്ള രൂപം ചുമരില്‍ നൃത്തം വെയ്ക്കാന്‍ തുടങ്ങിയതും ഞാന്‍ അച്ഛനെ ഇറുകെ പുണര്‍ന്നതും... ഞാന്‍ അച്ഛനെ നോക്കി. അച്ഛന്‍ മരിച്ചതല്ലേ, ഞാന്‍ പറഞ്ഞു. പിന്നെ എന്തിന് എന്റെ കാര്യത്തില്‍ ഇങ്ങനെ എപ്പോഴും  ഇടപെടണം? എന്തിന് എന്റെ പിറകിലിങ്ങനെ നടക്കണം? അച്ഛന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. നിന്റെ അച്ഛനായതുകൊണ്ട്. അച്ഛന്‍ പറഞ്ഞു. 
ഞാന്‍ മറുപടി പറഞ്ഞില്ല. 
അല്ലെങ്കിലും ജീവിച്ചിരിക്കുന്നവരെക്കാള്‍ എതിരിടാന്‍ പ്രയാസമാണ് മരിച്ചവരെ. മരിച്ചവര്‍  നമ്മുടെ ജീവിതത്തില്‍ അവരുടെ ജീവിതംകൂടി കൂട്ടിച്ചേര്‍ക്കുന്നു.
ഞാന്‍ അവിടെനിന്നും എഴുന്നേറ്റ് ഇരിപ്പുമുറിയിലേക്ക് നടന്നു. അച്ഛനും  എന്റെ പിറകെ വന്നു.  
ഇവിടെ താമസിക്കുന്നവരെ നിനക്കറിയാമോ? അച്ഛന്‍ ചോദിച്ചു. 
അറിയാം, ഞാന്‍ പറഞ്ഞു. ഒരു ട്രാവല്‍ എജന്റിന്റെ വീടാണ്. പണക്കാരനാണോ, അച്ഛന്‍ ചോദിച്ചു. കുറച്ചു മുമ്പ് അവിടെനിന്നും കിട്ടിയ പണം ഞാന്‍ എന്റെ പേഴ്‌സില്‍ വെച്ചിരുന്നു. അയാള്‍ പണമൊന്നും ഇവിടെയല്ല വെയ്ക്കുന്നത് എന്ന് തോന്നുന്നു, ഞാന്‍ പറഞ്ഞു.  അച്ഛന്‍ ചിരിച്ചു. അന്യന്റെ മുതല്‍ ആഗ്രഹിക്കരുത് എന്ന് പറഞ്ഞു. നീ അത് ഇനിയും പഠിച്ചിട്ടില്ല. 
ഞാന്‍ മറുപടി പറഞ്ഞില്ല.  
അച്ഛന്‍ ഇരിപ്പുമുറിയിലെ ഒരു  ജനാല തുറന്നു. പുറത്തെ നിശ്ശബ്ദത പെട്ടെന്ന് അകത്തേക്ക് കയറിവന്നു. പിറകെ,  കഠിനമായ ഒരു ഒച്ചയാകും ഇനി കേള്‍ക്കുക എന്ന് ഞാന്‍ വിചാരിച്ചു. ഒരുപക്ഷേ, വളരെ ഉയരത്തില്‍നിന്നും വീഴുന്ന ഒരാളുടെ.  ഞാന്‍ അച്ഛനോട് ജനാല  തുറക്കണ്ട എന്ന് പറഞ്ഞു. അച്ഛന്‍ ജനാല അടച്ചു. ഇപ്പോള്‍ അകത്തെ നിശ്ശബ്ദതയില്‍ എന്തിന്റെയോ ശബ്ദത്തിന് ജീവന്‍ വെയ്ക്കുകയാകും ഇനി ഉണ്ടാവുക, ഞാന്‍ വിചാരിച്ചു. ആ വീട്ടില്‍ എവിടെയോ ഒരാള്‍ ഞങ്ങളെ കാണുന്നപോലെയും എനിക്ക് തോന്നി. 
ഞാന്‍ അവിടെനിന്നും ഇറങ്ങാന്‍ ഒരുങ്ങി.  


നിന്റെ അമ്മ മരിക്കുമ്പോള്‍ നീ ചെറിയ കുട്ടിയാണ്, അച്ഛന്‍ പറഞ്ഞു. 
എനിക്കത് ഒരേസമയം എന്റെ ജീവിതകഥയും എത്രയോ സിനിമകളുടെ കഥയുമായി തോന്നി. എനിക്കറിയാം എന്ന് പറഞ്ഞ് ഞാന്‍ വിളക്കുകള്‍ അണച്ചു. വാതില്‍ക്കലേക്ക് നടന്നു. അച്ഛനും എന്റെ പിറകെ വന്നു. 
നീ കള്ളനായാണ് ജീവിക്കുക എന്ന് ഞാന്‍ വിചാരിച്ചതേയില്ല, അച്ഛന്‍ പറഞ്ഞു. ഞാന്‍ നടത്തിയ ചില കവര്‍ച്ചകള്‍ ചിലത് എനിക്ക് ഓര്‍മ്മവന്നുവെങ്കിലും, അപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല. ആദ്യം അച്ഛനും പിറകില്‍ ഞാനും പുറത്തേക്ക് ഇറങ്ങി. ഞാന്‍ വാതില്‍ പൂട്ടി,  മുറ്റത്തേക്കിറങ്ങി. 
മുറ്റത്തെ മരക്കൊമ്പില്‍നിന്നോ അതോ തൊടിയില്‍നിന്നോ ഒരു നരച്ചീര്‍  അച്ഛന്റെ തലക്ക് മുകളിലൂടെ പറന്നുപോയി. അതിനെ തൊടാന്‍  അച്ഛന്‍ കൈ ഉയര്‍ത്തി. എനിക്ക് ചിരി വന്നു.  
ഒരു നിമിഷം രാത്രിയുടെ വെളിച്ചത്തില്‍ ഞാന്‍ അച്ഛനെത്തന്നെ  നോക്കിനിന്നു. പിന്നെ തെരുവിലേക്ക് ഇറങ്ങിനടക്കാന്‍ തുടങ്ങി. 
കുറച്ചു ദൂരം അച്ഛനും എന്റെ കൂടെ നടന്നു. പിന്നെ എപ്പോഴോ കാണാതായി. ഞാന്‍ എന്റെ മൊബൈലില്‍ സമയം നോക്കി. രാത്രി ഒരുമണി കഴിഞ്ഞിരിക്കുന്നു. ഒന്നേ പതിനൊന്ന്. ഞാന്‍ രമ്യയെ ഓര്‍ത്തു. അവള്‍ ചുമരിലേക്ക്  മുഖം തിരിച്ച്  കിടക്കുന്നത് കണ്ടപോലെ തോന്നി.  
വഴിയില്‍നിന്നും രമ്യ ബസ്സില്‍ കയറുമ്പോള്‍ അവളുടെ കൂടെ വേറെ രണ്ടു സ്ത്രീകള്‍ കൂടിയുണ്ടായിരുന്നു. രമ്യയ്‌ക്കൊപ്പം അവരെല്ലാവരും ബസ്സില്‍ എന്നെ തിരയുകയാണ് എന്ന് എനിക്ക് തോന്നി. ഞാന്‍ രമ്യയെ നോക്കി കൈ ഉയര്‍ത്തി. രമ്യ ചിരിച്ചുകൊണ്ട് എന്റെ അരികിലേക്ക് നടന്നു. അവള്‍ക്കിരിക്കാന്‍ ഞാന്‍ സീറ്റില്‍ സ്ഥലമുണ്ടാക്കി. സീറ്റില്‍ അവള്‍ എന്നെ ചേര്‍ന്ന് ഇരുന്നു. അവളെ ഏതോ പൂ മണക്കുന്നപോലെ തോന്നി. ഞങ്ങള്‍ ഇരുന്നിരുന്ന സീറ്റിന്റെ ജനാലയിലെ കമ്പിയില്‍ പറ്റിയിരുന്ന മഞ്ഞുതുള്ളികള്‍ ഞാന്‍ വിരല്‍ നീട്ടി തൊട്ടു, പിന്നെ മായ്ചു. 
വേറെ ആരും ഇത് അറിഞ്ഞിട്ടില്ലല്ലോ, രമ്യ ചോദിച്ചു. 
ഒരു നിമിഷം അവള്‍ എന്തിനെപ്പറ്റിയാകും ചോദിക്കുന്നത് എന്ന് ഒരുവേള ഞാന്‍ ശങ്കിച്ചു. ഒരുപക്ഷേ, എന്റെ മോഷണം തന്നെയാകും. ഞാന്‍ അവളെ നോക്കി.  നീ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് ആരോടെങ്കിലും പറഞ്ഞുവോ എന്നാണ് ഞാന്‍ ചോദിക്കുന്നത്, രമ്യ പറഞ്ഞു. കൈമുട്ടുകൊണ്ട് അവള്‍  എന്റെ വാരിയില്‍ മെല്ലെ കുത്തി. ഇല്ല, ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ആരോടും പറയണ്ട, രമ്യ പറഞ്ഞു. സിനിമ വരട്ടെ!  
ഞാന്‍ ആരോടും പറഞ്ഞിട്ടില്ലായിരുന്നു. മാത്രമല്ല, നടനാകാനുള്ള എന്റെ ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നതിനാല്‍ എന്റെ ശ്രമങ്ങളെത്തന്നെ ഞാന്‍ സംശയിക്കാനും തുടങ്ങിയിരുന്നു. എന്നാല്‍, രമ്യ അങ്ങനെ ഇപ്പോള്‍ ചോദിച്ചതിനു തൊട്ടുപിന്നെ എനിക്ക് അച്ഛനെ ഓര്‍മ്മവന്നു. അച്ഛനോട് ഞാന്‍ പറഞ്ഞിട്ടില്ലെങ്കിലും ഇതെല്ലാം അച്ഛനുമറിയാം.  അത് ഞാന്‍ അവളോട് പറഞ്ഞു.  
എന്റെ അച്ഛനറിയാം, ഞാന്‍ രമ്യയോട് പറഞ്ഞു. 
അവള്‍ കൈമുട്ട് കൊണ്ട് എന്റെ വാരിയില്‍ വീണ്ടും ഇടിച്ചു.  അതേ സ്ഥലത്ത്. ചത്തു പോയവരെ കഥ കേള്‍ക്കാന്‍ കൊണ്ടുവരല്ലെ, രമ്യ പറഞ്ഞു. ഈ ബസ്സില്‍ എന്തായാലും ഇപ്പോള്‍ നമ്മുടെ കൂടെ  പ്രേതങ്ങള്‍ ഒന്നും യാത്ര ചെയ്യുന്നില്ല.  മാത്രമല്ല, ഇത് പ്രേമാത്മാക്കളുടെ വര്‍ത്തമാനമാണ്.  പ്രേമാത്മാക്കളുടെ വര്‍ത്തമാനമാണ് എന്ന വാചകം  രണ്ടു കോമയ്ക്കുള്ളില്‍ കാണിക്കാന്‍ അവള്‍ വായുവില്‍ രണ്ടു ചെറിയ വരകള്‍ ഇട്ടു.  ഞാന്‍ ചിരിച്ചു. 
എന്താണ് നീ അവിടെ ചെന്ന് അവരുടെ മുമ്പില്‍ അഭിനയിക്കാന്‍ പോകുന്നത്, രമ്യ ചോദിച്ചു. സത്യമായും എനിക്കറിയില്ല.  ഞാന്‍ പറഞ്ഞു. ഒരുപക്ഷേ, അവര്‍ പറയുന്ന എന്തും. ഏത് വേഷവും. 
അവള്‍ക്കിറാങ്ങാനുള്ള സ്ഥലം എത്തുകയായിരുന്നു. രമ്യ എഴുന്നേറ്റു. മുടിയിഴകളില്‍ കുടുങ്ങി കിടക്കുന്ന കാറ്റ് തുടച്ചു കളയാന്‍ എന്നോണം നെറ്റി മുതല്‍ തലയുടെ പിറകു വരെ  കൈകൊണ്ടു തുടച്ചു. എന്റെ ചുമലില്‍ തൊട്ടു. അവളെ ഫോണില്‍ വിളിക്കണം എന്ന് ആംഗ്യം കാണിച്ചു. ബസ്സിന്റെ വാതില്‍ക്കലേക്ക് ധൃതിയില്‍ നടന്നു. അവള്‍ക്കൊപ്പം കയറിയ സ്ത്രീകളും ബസ്സിന്റെ വാതില്‍ക്കല്‍ എത്തിയിരുന്നു. ബസ്സില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പ് രമ്യ എന്നെ തിരിഞ്ഞു നോക്കി. 
അങ്ങനെ അവള്‍ എഴുന്നേറ്റു പോകുന്നതും ബസ്സിന്റെ വാതില്‍ക്കല്‍ എത്തി എന്നെ തിരിഞ്ഞു നോക്കുന്നതും പത്തു തവണയെങ്കിലും ഞാന്‍ ആ ദിവസം സങ്കല്‍പ്പിച്ചു. പട്ടണത്തിലെ ഹോട്ടലിലെ റിസപ്ഷനില്‍ ഇരിക്കുമ്പോള്‍. എന്റെ മുഷിവിനെയോ എന്റെ പ്രണയത്തെയോ എന്റെ ജീവിതത്തെയോ പറ്റി ഓരോന്ന് ഓര്‍ത്തിരിക്കുമ്പോള്‍. 
പത്താമത്തെ പ്രാവശ്യം അവള്‍ എന്നെ നോക്കി ചിരിച്ചതും കണ്ടു.  
മൂന്ന് ദിവസത്തിനു ശേഷം,  ഒരുപക്ഷേ, എന്റെ ആ  ശ്രമവും പരാജയപ്പെട്ടു എന്ന് ഞാന്‍ ഉറപ്പിച്ചതായിരുന്നു, അതിരാവിലെ, അന്ന് ഹോട്ടലില്‍ വെച്ചുകണ്ട സംവിധായകന്‍ എന്നെ ഫോണില്‍ വിളിച്ചു. അയാളുടെ പേര് പറഞ്ഞു. തന്നെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചു.  എത്രയും പെട്ടെന്ന് അയാളെ ചെന്ന് കാണാനും സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആണെന്നും പറഞ്ഞു. 
ഒരുപക്ഷേ, ഈ കഥാപാത്രം നിങ്ങളെ കാത്തിരിക്കുകയായിരുന്നു. സംവിധായകന്‍ ഫോണില്‍ പറഞ്ഞു. സിനിമയുടെയോ കഥയുടെയോ രീതിയില്‍. 
തലേന്ന് രാത്രി മുഴുവന്‍ മറ്റൊരു പട്ടണത്തില്‍ അലഞ്ഞ് നാട്ടില്‍  എത്തിയതായിരുന്നു ഞാന്‍.   വീട്ടില്‍ പോകുവാനുള്ള മടിയോടെ, വഴിയിലെ ഒരു കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്നു. മാനത്ത് മേഘങ്ങള്‍ തെളിഞ്ഞുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്റെ പ്രേതത്തെ കുറച്ചുമുമ്പ് കണ്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് സംവിധായകന്‍ എന്നെ ഫോണില്‍ വിളിച്ചത്. 
തീര്‍ച്ചയായും ഞാന്‍ ഓര്‍ക്കുന്നു സര്‍. ഞാന്‍ പറഞ്ഞു. 
വിനയവും ആകാംക്ഷയും ഞാന്‍ എന്റെ ഒച്ചയില്‍ വരുത്തി. പറയു സര്‍. ഞാന്‍ പറഞ്ഞു. 
നിങ്ങള്‍ എപ്പോഴെങ്കിലും ആരെയെങ്കിലും കൊല്ലാന്‍ ആഗ്രഹിച്ചിട്ടുണ്ടോ, സംവിധായകന്‍ എന്നോട് ചോദിച്ചു. എപ്പോഴെങ്കിലും?
ഒരു നിമിഷം ഞാന്‍ അമ്പരന്നു. ഒപ്പം  പലരേയും ഓര്‍ത്തു. അച്ഛന്റെ പ്രേതവും ഒരു സമയം  എന്റെ മുമ്പില്‍ വന്നുനിന്നു. ഞാന്‍ പുറംകൈകൊണ്ട് വായ തുടച്ചു.


ഇല്ല സര്‍, ഞാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത് നുണയാണെന്ന് സര്‍ കരുതാതിരുന്നാല്‍ മതി. ഞാനങ്ങനെ ആഗ്രഹിച്ചിട്ടില്ല. 
സംവിധായകന്‍ പൊട്ടിച്ചിരിച്ചു. കമോണ്‍, എന്ന് ഇംഗ്ലീഷില്‍ പറഞ്ഞു. നമ്മള്‍ ഓരോരുത്തരും ജീവിതത്തില്‍ ഒരാളെയെങ്കിലും കൊല്ലാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള വഴികള്‍ ആലോചിക്കുന്നു. അയാള്‍ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു. 
ഞാന്‍ വീണ്ടും എന്റെ വായ തുടച്ചു. 
സര്‍, ഞാന്‍ എന്തു റോളും ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ സംവിധായകനോട് പറഞ്ഞു. എല്ലാം ഞാന്‍ ഭംഗിയായി ചെയ്യാനും ശ്രമിക്കാം. 
സംവിധായകന്‍ എന്താണ് പറയുന്നത് എന്നറിയാന്‍ ഞാന്‍ കാത് കൂര്‍പ്പിച്ചു.  ഫോണ്‍ ചെവിയില്‍ ചേര്‍ത്ത് പിടിച്ച് ഞാന്‍ നിരത്തിലേക്കിറങ്ങി. എതിരെ വന്ന കാറ്റ് എന്റെ മുഖത്ത് തട്ടി. മാറുന്ന കാലമോ ദിവസമോ ഓര്‍മ്മിപ്പിച്ചു.  ഞാന്‍ കടത്തിണ്ണയിലേക്കുതന്നെ മടങ്ങി. നേരത്തെ ഇരുന്നിടത്തുതന്നെ ഇരുന്നു. 
നിങ്ങള്‍ ഇന്ന് തന്നെ എന്നെ വന്നു കാണൂ, സംവിധായകന്‍ പറഞ്ഞു. അര മണിക്കൂറിനു ശേഷം ഞാന്‍ നിങ്ങളെ വീണ്ടും വിളിക്കാം.  അപ്പോള്‍ വരേണ്ട സ്ഥലം പറയാം.
ഞാന്‍ സമ്മതിച്ചു. വളരേയധികം നന്ദിയുണ്ട് എന്ന് പറഞ്ഞു. അപ്പോഴും ഞാന്‍ വിനയവും ആകാംക്ഷയും ഞാന്‍ എന്റെ ഒച്ചയില്‍ വരുത്തി.
കുറച്ചു നേരം ഞാന്‍ പലതുമാലോചിച്ച് അവിടെ കടത്തിണ്ണയില്‍ത്തന്നെ ഇരുന്നു. പിന്നെ  രമ്യയെ ഫോണില്‍ വിളിച്ചു. അവള്‍ ഫോണ്‍ എടുത്തില്ല.  പകരം ഞാന്‍ അവള്‍ക്ക് ഒരു  മെസ്സേജ് അയച്ചു. അവസാനം, ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു.  ഞാന്‍  രമ്യക്ക് എഴുതി.  പ്രണയത്തിന്റെ ഒരു മോജി കൂടി ചേര്‍ത്ത് മെസ്സേജ് അയച്ചു. പിന്നെ റോഡിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങി. ആ സമയം രമ്യയുടെ മെസ്സേജ് വന്നു. എല്ലാ ആശംസകളും നേരുന്നു എന്നും ഞാന്‍ നിന്നെ വിളിക്കാം എന്നും അവള്‍ എഴുതി.  തൊട്ടു പിറകെ പ്രണയത്തിന്റെ ഇമോജി മാത്രമായി വീണ്ടും അവളുടെ ഒരു മെസ്സേജ് വന്നു. പിറകെ, ഞാനൊരു പാട്ട് മൂളാന്‍ തുടങ്ങി. പഴയ ഒരു സിനിമയിലെ. പാട്ട് മൂളിക്കൊണ്ടുതന്നെ സ്‌കൂളില്‍ നിന്നും വരുന്ന ചെറിയ ആണ്‍കുട്ടിയെപ്പോലെ, വീട്ടിലേക്കു എത്തുന്നതിനു തൊട്ടുമുമ്പുള്ള  അതിവേഗതയോടെ,  ഞാന്‍ ഇപ്പോള്‍ കുറച്ചു ദൂരം കൂടി ഓടി. വീടിനു മുമ്പില്‍ എത്തി. ആ സമയം, രമ്യ എന്നെ ഫോണില്‍ വിളിച്ചു. നീ ഇപ്പോള്‍ എവിടെയാണ് എന്ന് ചോദിച്ചു. ഞാന്‍ അവളോട് ആ രാവിലെ ഉണ്ടായതെല്ലാം പറഞ്ഞു. രാത്രി നഗരത്തിലലഞ്ഞത് മറച്ചുവെച്ചു. അതിരാവിലെ അച്ഛന്റെ പ്രേതത്തെ കണ്ടതും മറച്ചുവെച്ചു. ഇനി ഒരു കൊലയാളിയായി മിന്നിമായുന്ന റോളില്‍ ആണെങ്കിലും ഞാന്‍ സിനിമയില്‍ അഭിനയിച്ചിരിക്കും, ഞാന്‍ പറഞ്ഞു. 
രമ്യ ചിരിച്ചു. 
ലോകത്തെ എല്ലാ നല്ല നടന്മാരും ക്രൂരന്‍മാരും ചെകുത്താന്‍മാരുമായി വേഷം മാറിയിട്ടുണ്ട്. രമ്യ പറഞ്ഞു. നിനക്ക് ഏതു വേഷവും പറ്റും.  വില്ലനായും. 
ഇപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. അവള്‍ ജോലിക്ക് പോവാനുള്ള ഒരുക്കത്തിലാണെന്നും പിന്നെ വിളിക്കാമെന്നും പറഞ്ഞു. ഒരുപക്ഷേ, ഞാന്‍ കിതയ്ക്കുന്നത് അവള്‍ കേള്‍ക്കുകയായിരിക്കും, നീ എന്താ ഓടുകയാണോ? രമ്യ ചോദിച്ചു. അതെ, ഞാന്‍ പറഞ്ഞു. 
സിനിമയിലെത്താന്‍.   
ഒരുപക്ഷേ, ഇരുപത് മിനിട്ട് കഴിഞ്ഞിരിക്കാം, ഞാന്‍ വീട്ടില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ, സംവിധായകന്‍ എന്നെ വീണ്ടും വിളിച്ചു. അയാളെ കാണാനുള്ള സമയവും സ്ഥലവും പറഞ്ഞു. വൈകരുത്, സംവിധായകന്‍ പറഞ്ഞു. എനിക്ക് പല ജോലിയും ചെയ്തു തീര്‍ക്കാനുള്ളതാണ്.  
ഞാന്‍ വൈകിയതേയില്ല. 
സംവിധായകന്‍ പറഞ്ഞ സ്ഥലത്ത് നേരത്തേതന്നെ ഞാനെത്തി. 
പട്ടണത്തിലെ പുതിയ ഷോപ്പിംഗ് മാളിലെ, ഒന്നാമത്തെ നിലയില്‍,  ഫോട്ടോഫ്രെയിമുകള്‍ വില്‍ക്കുന്ന കടയുടെ മുമ്പില്‍ സംവിധായകന്‍ എന്നെ കാത്ത് നിന്നിരുന്നു. 
എന്നെ അയാള്‍ ദൂരെ നിന്നുതന്നെ കണ്ടു. എന്നോട്  അകത്തേക്ക് വരാന്‍ ആംഗ്യം കാണിച്ചു. പെട്ടെന്നുതന്നെ ഞാന്‍ അയാളുടെ അരികിലത്തി. കടയിലുണ്ടായിരുന്ന യുവതി അതുവരെയും അവള്‍ ഇരുന്നിരുന്ന സ്റ്റൂളില്‍ നിന്നും എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങിവന്നു. അവള്‍ എന്നെ നോക്കി ചിരിച്ചു.  സംവിധായകന്‍ കടയിലേക്ക് കയറി അവിടെ യുവതി ഇരുന്നിരുന്ന കസേരയില്‍ പോയി ഇരുന്നു. എന്നെത്തന്നെ  ഒരു നിമിഷം നോക്കി. ഗുഡ് എന്ന് പറഞ്ഞു. 
ഇത് നമ്മുടെ സിനിമക്ക് ഫണ്ട് ചെയ്യുന്ന ഒരാളുടെ കടയാണ്,  സംവിധായകന്‍ പറഞ്ഞു. ഈ കട നമ്മുടെ സിനിമയുടെ ഭാഗവുമാണ്. 
ഞാന്‍ ചിരിച്ചു. 
ഞാന്‍ യുവതിയെ നോക്കി. അവള്‍ എസ്‌കെലറ്ററില്‍ താഴേക്ക് പോകുന്നത് കണ്ടു. 
ഞാന്‍ നിങ്ങളുടെ കഥാപാത്രത്തെപ്പറ്റി പറയാം. സംവിധായകന്‍ പറഞ്ഞു. അയാള്‍ ചുറ്റും നോക്കി. അയാളെ കേള്‍ക്കാന്‍ അദൃശ്യരായ പലരും അവിടെ ഉണ്ടെന്ന തരത്തില്‍.  സോറി,  ഇവിടെ മറ്റൊരു സ്റ്റൂള്‍ ഇല്ലല്ലൊ നിങ്ങള്‍ക്കിരിക്കാന്‍. സംവിധായകന്‍ പറഞ്ഞു. സാരമില്ല. ഞാനും നിങ്ങളുടെ കൂടെ നില്‍ക്കാം. അയാള്‍ എന്റെ അടുത്തേക്ക് വന്നു. എന്റെ ചുമലില്‍ കൈവെച്ചു. 
അതേപോലൊരു ഷോപ്പിംഗ് മാളില്‍,  അതേപോലൊരു എസ്‌കലെറ്ററില്‍,  അതേപോലെ  മുകളിലേക്ക് വരുന്ന ഞാന്‍, അതേപോല ഫോട്ടോഫ്രെയിമുകള്‍ വില്‍ക്കുന്ന കടയുടെ മുമ്പില്‍, അതേപോലെ കാത്തുനില്‍ക്കുന്ന ഒരാള്‍, കടയില്‍ അതുവരെയും ഉണ്ടായിരുന്ന യുവതി അതേപോലെ എസ്‌കലെറ്ററില്‍ താഴേക്ക് പോകുമ്പോള്‍, എന്നെ അകത്തേക്ക് വിളിച്ചു അയാള്‍ ആവശ്യപ്പെടും: ഇപ്പോള്‍ ഇറങ്ങിപ്പോയ ആ യുവതി ഇല്ലേ,  അവളെ നീ കൊലപ്പെടുത്തണം, അവള്‍ ഈ മാള്‍ വിട്ടുപോകുന്നതിനും മുമ്പ്... 
അയാള്‍ എന്റെ കൈയില്‍ ഒരു തോക്ക് വെയ്ക്കും. ഒരൊറ്റ ഉണ്ട മാത്രമേ ഇതിലുള്ളൂ എന്ന് പറയും. അതിനാല്‍ എപ്പോഴാണോ അവസരം ഒക്കുക അപ്പോള്‍ കാഞ്ചി വലിക്കണം. വെടി പൊട്ടണം.
സംവിധായകന്റെ ചുണ്ടുകള്‍ എന്റെ ചെവിയില്‍ ഏതോ ലോഹത്തിന്റെ തണുപ്പോടെ ഉരഞ്ഞു, ഞാന്‍ ചെറുതായി വിറച്ചു... 
കടയില്‍നിന്നും  തൊട്ടുമുമ്പേ ഇറങ്ങിപ്പോയ യുവതി, ഇപ്പോള്‍,  കൈകളില്‍ രണ്ടിലും ഓരോ ഗ്ലാസ് ജ്യൂസുമായി എസ്‌കലെറ്ററില്‍ മുകളിലേക്ക് വരുന്നുണ്ടായിരുന്നു.  അവള്‍ എന്നെ നോക്കി ചിരിച്ചു. വലത്തെ കൈയില്‍ പിടിച്ചിരുന്ന ഗ്ലാസ് എനിക്ക് നീട്ടി. പിന്നെ ഇടത്തെ കൈയിലെ ഗ്ലാസ് വലത്തെ കൈയിലേക്ക് മാറ്റി, ആ ഗ്ലാസ്  സംവിധായകനു നേരെ നീട്ടി. 
മുമ്പ് ഇവിടെ വന്നിട്ടുണ്ടോ, ഈ മാളില്‍? യുവതി എന്നോട് ചോദിച്ചു. 
അവളുടെ ശബ്ദം സിനിമാനടിയുടേതുപോലെ എന്ന് തോന്നി. 
ഇല്ല, ഞാന്‍ പറഞ്ഞു. ഇത് ആദ്യമാണ്. 
ഞാന്‍ ഇയാള്‍ക്ക് ചെയ്യാനുള്ള റോള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു.  സംവിധായകന്‍ യുവതിയോട്  പറഞ്ഞു. യുവതി എന്നെ നോക്കി പുഞ്ചിരിച്ചു. നന്നായി ചെയ്യാനാകട്ടെ എന്ന് ആശംസിച്ചു. കടയിലേക്ക് പോയി. 
ഒരുപക്ഷേ,  ഈ സ്ഥലവും ഈ സംഭാഷണവും ഈ  സന്ദര്‍ഭവുമൊക്കെ ഇപ്പോള്‍ത്തന്നെ ഒരു ചലച്ചിത്രത്തിലെയാണ് എന്ന് എനിക്ക് തോന്നി. സംവിധായകന്‍ എന്നോട് ജ്യൂസ് കുടിക്കാന്‍ ആംഗ്യം കാട്ടി. എന്റെ ചുമലില്‍ ഒരു തവണ തട്ടി. ഞാന്‍ ജ്യൂസ് കുടിച്ച് ഗ്ലാസ് എവിടെയാണ് വെയ്ക്കുക എന്ന് തിരഞ്ഞു. യുവതി എന്റെ കൈയില്‍നിന്നും ഗ്ലാസ് വാങ്ങി. ഒരൊറ്റ ഇറുക്കില്‍ ജ്യൂസ് കുടിച്ച് സംവിധായകനും ഗ്ലാസ് യുവതിക്ക് കൊടുത്തു. പിന്നെ എന്നെയും കൂട്ടി എസ്‌കെലേറ്ററിന്റെ അരികിലേക്ക് നടന്നു. മുകളിലേക്ക് നോക്കാന്‍ പറഞ്ഞു. അവിടെനിന്നാണ് ഈ സീനുകള്‍ ഷൂട്ട് ചെയ്യുക എന്ന് പറഞ്ഞു. 
അവിടെ ഒരു കേമറ വെയ്ക്കും. അത് ഈ മാള്‍  മുഴുവന്‍ പകര്‍ത്തും. മറ്റൊരു കേമറയുമായി ഒരാള്‍ നിങ്ങളെ അനുഗമിക്കും. ഒരു സമയത്തും തിരിഞ്ഞു നോക്കരുത്. മറ്റൊരു കേമറ ഓരോ  നിമിഷവും നിങ്ങളെ മുമ്പില്‍ നിന്നും പകര്‍ത്തുന്നുണ്ടാവും. സംവിധായകന്‍ പറഞ്ഞു. 
ഇന്ന് വൈകുന്നേരം അഞ്ചരയോടെ നമ്മള്‍ സിനിമയുടെ ഈ ഭാഗം ഷൂട്ട് ചെയ്യുകയാണ്. ഇതുതന്നെയാണ് സ്ഥലം, നിങ്ങള്‍ക്ക് എവിടെയെങ്കിലും പോവാനുണ്ടെങ്കില്‍ പോയി ആ സമയം ആകുമ്പോള്‍ വന്നാല്‍ മതി, പക്ഷേ, ഒട്ടും വൈകരുത്. സംവിധായകന്‍ പറഞ്ഞു. ഞാന്‍ ഇവിടെത്തന്നെയുണ്ടാകും. അതിനുമുമ്പ് ഇപ്പോള്‍ പോകുന്നതിനു മുമ്പ് ഈ എസ്‌കെലേറ്ററില്‍ രണ്ടോ മൂന്നോ തവണ താഴേക്കും മീതേക്കും പോയി വരൂ... 
സംവിധായകന്‍ എന്റെ ചുമലില്‍ തട്ടിക്കൊണ്ടു പറഞ്ഞു. 
വാസ്തവത്തില്‍, പട്ടണത്തില്‍ എനിക്കൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. സന്ദര്‍ശിക്കാന്‍ ആളുകളോ സ്ഥലമോ ഉണ്ടായിരുന്നില്ല.  മാത്രമല്ല, രാത്രിയിലാണ് നഗരങ്ങള്‍ നഗരങ്ങള്‍ ആവുക എന്ന് ഞാന്‍ കരുതി. പകല്‍ സമയത്ത് നഗരങ്ങള്‍ മനുഷ്യരുടെ ആശകളുടെ ഒരു തുടര്‍ച്ച മാത്രമാണ്.   പകരം, അവിടെത്തന്നെയുള്ള പാര്‍ക്കില്‍ തൊട്ടു മുമ്പേ വാങ്ങിയ സാന്‍ടുവിച്ചുമായി  ഞാന്‍ പോയി.  പാര്‍ക്കിലെ മൃഗങ്ങളുടെയോ പക്ഷികളുടെയോ രൂപങ്ങളിലുള്ള,  ഉയരമില്ലാത്ത മരങ്ങളില്‍  ഒന്നിന്റെ തണലില്‍ പോയി ഇരുന്നു. അമ്മയും കുഞ്ഞുമായി നില്‍ക്കുന്ന കംഗാരുവിനെപ്പോലെ വെട്ടിനിര്‍ത്തിയ ഒരു മരത്തിന്റെ തണലില്‍. 
അഞ്ചരയ്ക്ക് ഷൂട്ട് ചെയ്യുന്നു, ഞാന്‍ രമ്യയ്ക്ക് മെസ്സേജ് അയച്ചു. അതേ റോള്‍ തന്നെ. വില്ലന്‍. അടുത്ത നിമിഷം രമ്യ തംപ്‌സ്അപ്പ് കാണിക്കുന്ന എമോജി അയച്ചു. ഞാന്‍ നിന്നെ പിന്നെ വിളിക്കാം എന്നെഴുതി, യാത്ര പറയാനോ കാത്തിരിക്കാനോ പറയുന്ന ഇമോജി കൂടി ചേര്‍ത്ത് ഞാന്‍ അവള്‍ക്ക് വേറെയൊരു മെസ്സേജ് കൂടി അയച്ചു. കണ്ണുകളില്‍ പ്രണയത്തിന്റെ  ചിഹ്നമുള്ള ഇമോജിയുമായി അവളുടെ മറുപടി വന്നു.  ഞാന്‍ വാച്ചില്‍ നോക്കി. സമയം വേഗം വേഗം തീരുന്നു എന്ന് തോന്നി. ആ സമയം എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടും ഭയപ്പെടുത്തിക്കൊണ്ടും അച്ഛന്റെ പ്രേതം പാര്‍ക്കിലേക്ക് വരുന്നത് കണ്ടു. ഞാന്‍ അവിടെനിന്നും എഴുന്നേറ്റു, അച്ഛനു പിടി കൊടുക്കാതിരിക്കാന്‍ പാര്‍ക്കിന്റെ പിറകിലെ  ഗേറ്റിലൂടെ വീണ്ടും തെരുവിലേക്കിറങ്ങി നടക്കാന്‍ തുടങ്ങി. അപ്പോഴും, പട്ടണത്തിലെ തിരക്കില്‍ ആളുകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍,  മരിച്ചവരെ കണ്ടുമുട്ടില്ലെന്ന് എന്താണ് ഉറപ്പ് എന്ന് ഇടക്കൊക്കെയും തോന്നി.  അന്ന് പിന്നെ അച്ഛനെ കണ്ടില്ലെങ്കിലും. 
അഞ്ചു മണിയോടെ അതേ മാളില്‍ ഞാന്‍ എത്തുമ്പോള്‍ രാവിലെ കണ്ടതുപോലെ തന്നെ സംവിധായകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അയാള്‍ ചിരിച്ചു.  അകത്തേക്ക് വരാന്‍ ആംഗ്യം കാണിച്ചു. 
നിങ്ങള്‍ സമയത്ത് എത്തുമോ എന്നായിരുന്നു എന്റെ പേടി. സംവിധായകന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു. ഒരുപക്ഷേ, കഥയോ കഥാപാത്രമോ നിങ്ങള്‍ക്ക് ഇഷ്ടമായിട്ടില്ല എന്ന് പോലും ഞാന്‍ കരുതി. 
ഞാന്‍ അയാളെ നോക്കി കൈകള്‍ കൂപ്പി.  ആ സമയം, രമ്യ എന്നെ ഫോണില്‍ വിളിച്ചു. സംവിധായകനോടു ക്ഷമ പറഞ്ഞ് ഞാന്‍ ഫോണ്‍ എടുത്തു. ശബ്ദം താഴ്ത്തി ഹലോ പറഞ്ഞു. എന്തായി, രമ്യ ചോദിച്ചു. നീ അവിടെ എത്തിയോ. എത്തി, ഞാന്‍ പറഞ്ഞു. ഇനി ഞാന്‍ ഇതെല്ലം കഴിഞ്ഞിട്ടു നിന്നെ വിളിക്കാം. 
ശരി, രമ്യ പറഞ്ഞു. നിനക്ക് പേടിയുണ്ടോ?
പാതി ചിരിയോടെയും  പാതി പരിഭ്രമത്തോടെയും അവള്‍  പറഞ്ഞ ആ വാക്കുകളും ആ ശബ്ദവുമാണ് ഞാന്‍ അവസാനമായി രമ്യയില്‍നിന്നും കേട്ടത്. അതിനും അല്‍പ്പ സമയം കഴിഞ്ഞ്,  ഞാന്‍ എന്റെ മോഹത്തിലേക്ക് അടുക്കുകയും അതേ മോഹത്തിലേക്ക് വീഴുകയും ചെയ്തിരുന്നു. തീയിലേക്ക് പാറിയ ശലഭം പോലെ. 


നിന്നെ അയാള്‍ ചതിച്ചതാണ്. അച്ഛന്‍ പറഞ്ഞു. ആ സിനിമാക്കാരന്‍. 
ഞാന്‍ അച്ഛന്റെ അരികില്‍ മിണ്ടാതിരുന്നു. ഒളിവില്‍ കഴിയുകയായിരുന്നു ഞാന്‍. ഒരു പകല്‍ കഴിഞ്ഞിരുന്നു. ഒരു രാത്രി കഴിയുകയായിരുന്നു. സാരമില്ല, അച്ഛന്‍ വീണ്ടും പറഞ്ഞു. നമ്മുക്കൊരു വഴി തെളിയും, അതുവരെ നീ ഇവിടെത്തന്നെ കഴിഞ്ഞാല്‍ മതി.  ഞാന്‍ വരാം. 
അടുത്ത രാത്രി ഇവിടെ വെച്ചുതന്നെ കാണാം എന്ന് പറഞ്ഞ് അച്ഛന്‍ എന്റെ തലയില്‍ തലോടി.  ഓര്‍മ്മയോ സങ്കടമോ മായ്ചുകളയാന്‍ എന്നപോലെ. ഞാന്‍ കീഴ്പോട്ടുതന്നെ നോക്കി ഇരുന്നു. നേരം വെളുക്കുകയായിരുന്നു. ഒരു കുന്നിന്റെ മുകളിലായിരുന്നു ഞങ്ങള്‍. അധികമാരും എത്താത്ത ഒരു സ്ഥലത്ത്. അച്ഛനായിരുന്നു ഈ സ്ഥലം എനിക്കുവേണ്ടി കണ്ടുപിടിച്ചത്. അതും എന്റെ ജീവിതത്തിലെ ഏറ്റവും അപകടം പിടിച്ച ഒരു മുഹൂര്‍ത്തത്തില്‍നിന്നും ഒരാപത്തും നിനക്ക് വരില്ല എന്നുറപ്പ് പറഞ്ഞുകൊണ്ട്. 
കുന്നിറങ്ങിപ്പോകുന്ന അച്ഛനെ കാണാന്‍ ഞാന്‍ എഴുന്നേറ്റു നിന്നു. പുല്ലുകള്‍ ഇടതൂര്‍ന്നു വളര്‍ന്ന ചെരിവിലൂടെ വഴിയുണ്ടാക്കി അച്ഛന്‍ കുന്നിറങ്ങുകയായിരുന്നു. അദൃശ്യരുടെയോ മരിച്ചവരുടെയോ താവളത്തിലേക്ക് എന്നപോലെ. കുന്നിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ആ പ്രഭാതത്തിലെ ആദ്യത്തെ കാക്ക, അച്ഛന്റെ തലക്ക് തൊട്ടു മുകളിലൂടെ പറന്നുപോകുന്നതു കൂടി കണ്ട്,  ഞാന്‍ അവിടെത്തന്നെ  ഇരുന്നു. തലേന്ന് വൈകുന്നേരം നടന്നതൊക്കെ വീണ്ടും വീണ്ടും ഓര്‍ക്കുകയാകും ഇനിയും ചെയ്യുക.  എന്നാല്‍, പെട്ടെന്ന് തോന്നിയ ഒരാഗ്രഹമോ ആശയോ രക്ഷപ്പെടലോ പോലെ ആ കുന്നും പരിസരവും ആകാശവും പ്രഭാതവും പകര്‍ത്താനായി ഞാന്‍ എന്റെ മൊബൈല്‍ എടുത്ത് എഴുന്നേറ്റു നിന്നു. മൊബൈലിലെ വീഡിയോ ഓണ്‍ ചെയ്തു. അങ്ങനെ,  അപരിചിതമായ ഒരു സ്ഥലത്തോ സന്ദര്‍ഭത്തിലോ എത്താന്‍ തുടങ്ങി.
തലേന്ന് വൈകുന്നേരം, വില്ലനായി, ഒരു യുവതിക്ക് പിറകെ ആദ്യം എസ്‌കലെറ്ററിലൂടെ താഴേക്കും,  പിന്നെ ആ ഷോപ്പിംഗ് മാളില്‍ പലയിടങ്ങളിലും, ഒരു കൈത്തോക്കുമായി ഓടിയ എന്നെ ഞാന്‍ ഒന്നുകൂടി കണ്ടു. എന്റെ വഴിയില്‍നിന്ന് പരിഭ്രമിച്ചോടുന്ന ആളുകളെ കണ്ടു.   എന്റെ  വഴിയില്‍ വീഴുന്ന പാല്‍ടിന്നുകള്‍, ഇറച്ചിപൊതിഞ്ഞ പാക്കറ്റുകള്‍, പാനീയങ്ങള്‍ നിറച്ച കുപ്പികള്‍, സോപ്പുകള്‍, എണ്ണക്കുപ്പികള്‍, പൗഡര്‍ ടിന്നുകള്‍, ഷാംപൂ കുപ്പികള്‍, തക്കാളിക്കൊട്ടകള്‍, ഓറഞ്ച് കൊട്ടകള്‍, എല്ലാം എല്ലാം ഓരോന്നായി ഓരോന്നായി വീഴുന്നതു കണ്ട് കണ്ട്, ഒടുവില്‍ എന്റെ അവസരത്തില്‍ത്തന്നെ ഞാന്‍ എത്തി.  യുവതിയുടെ കഴുത്തിനു പിറകില്‍ എന്റെ തോക്ക് അമര്‍ത്തി. ഞാന്‍ വെടി പൊട്ടിച്ചു.. കുന്നിനു മുകളില്‍നിന്നും ഞാന്‍ താഴേക്ക് നോക്കി.  വിജനമായ ആഴം,  ഭൂമിയും ആകാശവും വളരെ മുമ്പേ ഉപേക്ഷിച്ച  സ്ഥലം, എന്റെ മോഹമോ എന്റെ കുറ്റമോ എന്റെ ആയുസ്സോ കുഴിച്ചിടാവുന്ന സ്ഥലം പോലെ ഞാന്‍ കണ്ടു. അങ്ങനെ ഞാന്‍  കുറച്ചു നേരം കൂടി നോക്കിനിന്നു.  മൊബൈലില്‍ ആ ആഴം കൂടി പകര്‍ത്തി ഞാന്‍ വീഡിയോ അവസാനിപ്പിച്ചു...
ഭയങ്കരമായ ഏകാന്തതയെക്കാള്‍ ഭയങ്കരമാണ് ഭയങ്കരമായ സങ്കടം,  ഞാന്‍ വിചാരിച്ചു. 
ഒരു പ്രാവശ്യംകൂടി ഞാന്‍ അതുവരേയും  പകര്‍ത്തിയ വീഡിയോ കണ്ടു.  ഒച്ചയൊന്നും പെടാത്ത ആ കാഴ്ചയില്‍ ഭൂമിയും ആകാശവും അതിലെ എല്ലാ ജീവജാലങ്ങളെയും മായ്ച് മായ്ച് ഒഴുകി, പിന്നെ എല്ലാം,  വിജനമായ ഒരു കുഴിയില്‍, ഭൂമിക്കടിയിലേക്ക് തുരന്ന തുരങ്കം പോലെയുള്ള ഒരാഴത്തില്‍  അവസാനിക്കുകയും  ചെയ്തു. ഞാന്‍  ഫോണ്‍ ഓഫ് ചെയ്തു.  പിന്നെ അതേ ആഴത്തിലേക്ക് ഫോണ്‍  എറിഞ്ഞു.  അവിടെത്തന്നെ പുല്ലില്‍ ഇരുന്നു.  
എന്റെ വെടികൊണ്ട്,  മുമ്പിലേക്ക് മരിച്ചു വീഴുന്നതിനു തൊട്ടു മുമ്പ്,  ഭയത്തോടും അതിനെക്കാള്‍ അപരിചിതത്തോടും എന്നെ തിരിഞ്ഞു നോക്കിയ യുവതിയുടെ മുഖം എനിക്ക് വീണ്ടും വീണ്ടും  ഓര്‍മ്മവന്നു.  എന്തോ പറയാന്‍ അവള്‍ വായ തുറക്കുന്നതു വീണ്ടും വീണ്ടും കണ്ടു.  അന്ന് പകല്‍ അവള്‍ ജ്യൂസ് നിറച്ച ഗ്ലാസ് എനിക്ക് നേരെ നീട്ടിയതും വീണ്ടും  കണ്ടു. അതിനും പിറകെ, ഞാന്‍ ഇരിക്കുന്നതിനും വളരെ ദൂരെയായി,  കുന്നിന്റെ താഴത്തെ അറ്റത്ത് നിന്നും  പ്രഭാതങ്ങള്‍ക്കുള്ള മങ്ങലോടെ, രണ്ടു പൊലീസുകാര്‍ ഞാന്‍ ഇരിക്കുന്നിടത്തേക്ക് കയറിവരുന്നത് കണ്ടു. അവരുടെ പിറകെ അച്ഛനേയും കണ്ടു. 
ഒരിക്കല്‍, കുട്ടിയായിരിക്കുമ്പോള്‍,  അച്ഛന്റെ ചുമലിലിരുത്തി ഞങ്ങളുടെ രണ്ടുപേരുടേയും നിഴലുകള്‍ ചുമരില്‍  തീര്‍ത്ത വലിയ രൂപത്തെ കണ്ടത് ഇപ്പോള്‍ അതിലും വലിയ വലുപ്പത്തില്‍ എനിക്ക് ഓര്‍മ്മവന്നു. രണ്ടു തലകളും നാല് കൈകളും ഉള്ള ആ രൂപം ഇപ്പോള്‍ എന്നെ ശരിക്കും ഭയപ്പെടുത്തി... 
ഞാന്‍ എഴുന്നേറ്റു നിന്നു.  ഉറക്കെ കരഞ്ഞു.  
ഒരു കുട്ടിയെപ്പോലെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com