'ഏദനി'ലേക്കുള്ള വഴികള്‍; സഞ്ജു സുരേന്ദ്രനും എസ് ഹരീഷും സംസാരിക്കുന്നു

ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ഏദന്‍' എന്ന ചലച്ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രനും  കഥ-തിരക്കഥാകൃത്തുമായ എസ്. ഹരീഷും സംസാരിക്കുന്നു
'ഏദനി'ലേക്കുള്ള വഴികള്‍; സഞ്ജു സുരേന്ദ്രനും എസ് ഹരീഷും സംസാരിക്കുന്നു


ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ഏദന്‍' എന്ന ചലച്ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രനും  കഥ-തിരക്കഥാകൃത്തുമായ എസ്. ഹരീഷും സംസാരിക്കുന്നു

സഞ്ജു സുരേന്ദ്രന്‍, എസ്. ഹരീഷ്/ എസ്. കലേഷ്    


ഭാഷയുടെയും ഭാവനയുടെയും ആഖ്യാനത്തിന്റെയും കളിയുണ്ട് സാഹിത്യത്തില്‍. മറ്റൊന്നാണ് സിനിമയുടെ വഴി. എന്നിരിക്കിലും അനേകം സാഹിത്യകൃതികള്‍ ലോകസിനിമ മുതല്‍ മലയാള സിനിമ വരെ കടംകൊണ്ടിട്ടുണ്ട്. തിരിച്ചറിവും പ്രതിഭയുമുള്ള സംവിധായകര്‍ സാഹിത്യകൃതികള്‍ അവലംബമാക്കി മികച്ച സിനിമകളെടുത്തു. അല്ലാത്തവരെടുത്തവ സാഹിത്യഭാരം ചുമന്നു തളര്‍ന്നു. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്രോത്സവം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ഏദന്‍' എന്ന ചലച്ചിത്രം പ്രമുഖ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ മൂന്ന് ചെറുകഥകള്‍ ആസ്പദമാക്കിയുള്ളതാണ്. കപില എന്ന ഡോക്യുമെന്ററിയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സഞ്ജു സുരേന്ദ്രനാണ് സംവിധായകന്‍. ചെറുകഥയുടെ രസച്ചരട് മുറിയാതെ മൂന്ന് കഥകളെയും ദൃശ്യഭാഷയിലേക്ക് വിളക്കിച്ചേര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചുവെന്ന് സിനിമയുടെ ആദ്യപ്രേക്ഷകരില്‍ ഒരാളെന്ന നിലയില്‍ പറയുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സംവിധാനം പഠിച്ചിറങ്ങിയ സഞ്ജു സിനിമയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും തന്റെ മനസ്സിലുള്ള സിനിമകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഏദനില്‍ സാഹിത്യം ഭാരമാകുന്നില്ല. മലയാള സിനിമയുടെ ചലച്ചിത്രഭാവുകത്വത്തെ പുതുക്കുന്നതില്‍ ഈ ചലച്ചിത്രം വഹിക്കുന്ന പങ്ക് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. സമകാലിക മലയാളത്തിനു വേണ്ടി സഞ്ജു സുരേന്ദ്രനും എസ്. ഹരീഷും നടത്തിയ സംഭാഷണത്തില്‍ നിന്ന്.

എസ്. കലേഷ് : ദേശീയ പുരസ്‌കാരം നേടിയ സംവിധായകനാണ് സഞ്ജു സുരേന്ദ്രന്‍. മലയാളചെറുകഥയില്‍ ഭാവുകത്വമാറ്റം ഉണ്ടാക്കിയ കഥാകൃത്താണ് എസ്. ഹരീഷ്. സിനിമയെ ഗൗരവമായി കാണുന്ന സഞ്ജു എങ്ങനെയാണ് ഹരീഷിലേക്ക് എത്തുന്നത്? നിര്യാതരായി, ചപ്പാത്തിലെ കൊലപാതകം, മാന്ത്രികവാല്‍ എന്നീ കഥകള്‍ നന്നായി വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ കഥകള്‍ അവലംബമാക്കി സിനിമ ചെയ്യാനുണ്ടായ സാഹചര്യം?

സഞ്ജു സുരേന്ദ്രന്‍ : ഹരീഷിന്റെ നിര്യാതരായി എന്ന കഥയാണ് ഞാനാദ്യം വായിച്ചത്. ഗംഭീര കഥ. ആ കഥയിലെ രാത്രിസഞ്ചാരങ്ങളും ഇരുട്ടും റിയലിസ്റ്റിക് രീതിയില്‍ വികസിച്ച് സര്‍റിയലിസ്റ്റിക്കായി മാറുന്ന കഥാശൈലിയും തീവ്രമായി ആകര്‍ഷിച്ചു. ഈ കഥവെച്ച് സിനിമ ചെയ്യാനാകുമെന്ന് വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നി. പിന്നീടാണ് ഹരീഷിനെ പരിചയപ്പെടുന്നതും മാന്ത്രികവാലും ചപ്പാത്തിലെ കൊലപാതകവും വായിക്കുന്നതും. ഈ മൂന്നു കഥകളും തമ്മില്‍ സൂക്ഷ്മതലത്തില്‍ ബന്ധം പുലര്‍ത്തുന്നുണ്ട്.  നാടോടിക്കഥകളുടെ ഭംഗി, അറേബ്യന്‍ കഥകളുടെ മാജിക്കല്‍ പരിസരം, ദേഷ്യം, കാമം, അസൂയ തുടങ്ങി മനുഷ്യവികാരങ്ങളുടെ ഒഴുക്ക്... ഇതെല്ലാം ഈ കഥകളിലുണ്ട്. കോട്ടയത്തെക്കുറിച്ചുള്ള പൊതുബോധത്തില്‍ നിന്ന് മാറിനടക്കുന്നു ഈ കഥകള്‍. ഈ സംസാരം തുടരും മുമ്പ് ഹരീഷ് ഈ കഥകളിലേക്കു എങ്ങനെയെത്തിയെന്ന് കേള്‍ക്കണമെന്നുണ്ട്.

സഞ്ജു സുരേന്ദ്രന്‍

എസ്. ഹരീഷ് : നീണ്ടൂരില്‍ നിന്നും കൈപ്പുഴയില്‍ നിന്നുമാണ് മൂന്നു കഥകളും കിട്ടിയത്. എന്റെ നാടാണ് നീണ്ടൂര്‍. കിഴക്കോട്ട് കരദേശം. തെക്കോട്ട് കുട്ടനാട്. ഓണാട്ടുകരവരെ നീളുന്ന പാടങ്ങള്‍. ഒരു ഭാഗം എറണാകുളത്തേക്കും. നീണ്ടൂരിന് ഒരേസമയം കോട്ടയത്തിന്റെയും കുട്ടനാടിന്റെയും സ്വഭാവമുണ്ട്. റബ്ബര്‍തോട്ടങ്ങളും നെല്‍പ്പാടങ്ങളുമുണ്ട്. നിര്യാതരായി എന്ന കഥയിലെ പീറ്റര്‍സാര്‍ നീണ്ടൂരിലെ ഒരു റിട്ട.അധ്യാപകനായിരുന്നു. കഥകളുടെ ഒരു കൂമ്പാരമായിരുന്നു സാര്‍. ആ കഥകളുടെ കേള്‍വിക്കാരനായിരുന്നു ഞാന്‍.  അദ്ദേഹം മരിച്ചത് വലിയ നഷ്ടമായി. ഒരു ദിവസം രാത്രി പുള്ളി എന്നെ ഫോണ്‍വിളിച്ച് ഏങ്ങലടിച്ചു കരഞ്ഞു. അന്ന് തൊണ്ണൂറോളം വയസ്സുണ്ടായിരുന്നു. പലതരം വിഷയങ്ങളില്‍ നാട്ടില്‍ വില്ലനായി ജീവിച്ചയാളാണ്. വാര്‍ദ്ധക്യമെത്തിയപ്പോള്‍ നാട്ടുകാര്‍ ആ പക രാത്രി ഗേറ്റിനിട്ട് ചവിട്ടിയും ജനലിന് കല്ലെറിഞ്ഞും തീര്‍ത്തു. അദ്ദേഹത്തിനുണ്ടായ വിഭ്രാന്തി അറിഞ്ഞെഴുതിയ കഥയാണ് നിര്യാതരായി. പീറ്റര്‍സാര്‍തന്നെ പറഞ്ഞ കഥയാണ് മാന്ത്രികവാല്‍. ബാംഗ്‌ളൂരില്‍ നിന്ന് ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് അവളുടെ അപ്പന്റെ മൃതദേഹം കോട്ടയത്ത് എത്തിച്ച കഥ. എന്നാല്‍ ബിനീഷ് എന്ന കഥാപാത്രം എന്റെ സംഭാവനയാണ്. ചപ്പാത്തിലെ കൊലപാതകവും നടന്ന സംഭവമാണ്. നാടുവിറപ്പിച്ചുനടന്ന ഒരു ഗുണ്ട പെട്ടെന്നൊരുനാള്‍ ഗുണ്ടായിസം നിര്‍ത്തുന്നു. ആളുകളെ കൊന്നിട്ട് ചോരവടിച്ച് ഗ്‌ളാസില്‍ നിറച്ച് കുടിക്കുന്നയാളായിരുന്നു കക്ഷി. ഒരു സുഹൃത്ത് വീട്ടിലെത്തി പുള്ളിയെ കണ്ട് ചേട്ടനെന്താ ഗുണ്ടായിസം നിര്‍ത്താന്‍ കാരണമെന്നു ചോദിച്ചു. താന്‍ ഈശോയെ കണ്ടെന്നു പുള്ളിയുടെ മറുപടി. ഭ്രാന്തായെന്ന് സുഹൃത്ത് കരുതി. എന്നാല്‍ മുറിക്കുള്ളിലേക്ക് അയാളെ വിളിച്ചുകൊണ്ടുപോയി അന്നു കണ്ട ഈശോയുടെ ഫോട്ടോ എടുത്തുവെച്ചത് അദ്ദേഹം കാണിച്ചു. ജോണ്‍ ഏബ്രഹാമിനെ പോലെ ഒരാളുടെ ചിത്രമായിരുന്നു അത്. ചിലപ്പോള്‍ ജോണ്‍ ഏബ്രഹാമായിരിക്കണം. കഥയെഴുതിയപ്പോള്‍, അത് ജോണ്‍ ഏബ്രഹാമായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു. ജോണ്‍ ഒരു മിത്തായി മാറുകയാണല്ലോ. ചെയ്തതും ചെയ്യാത്തതുമായ പല കാര്യങ്ങളും ജോണ്‍ ചെയ്തിട്ടുണ്ടെന്ന് പറയുന്നു. പിന്നെ എഴുത്തുകാരന്‍ എന്ന നിലയില്‍ നാട്ടില്‍ കണ്ടുമുട്ടുന്നവരില്‍ നിന്നെല്ലാം ഒരു കഥാപാത്രത്തെ തിരയുമല്ലോ. 

സഞ്ജു സുരേന്ദ്രന്‍: ഇടയ്ക്ക് ഇടപെടാമെന്ന് തോന്നുന്നു. മാര്‍ക്വേസിന്റെ മക്കൊണ്ടോ പൊലെയുള്ള ഒരു ദേശമായി നീണ്ടൂരിനെ കരുതിയാലും തെറ്റില്ല. ഒരു ചായക്കടയില്‍ കേറിയാലും പത്ത് കഥകള്‍ കേള്‍ക്കാം. നീണ്ടൂരിലെ പ്രധാന ജംഗ്ഷനായ പ്രാവട്ടം പിരാന്തുവട്ടം ലോപിച്ചുണ്ടായതെന്നും കേട്ടിട്ടുണ്ട്. നീണ്ടൂരില്‍ പരിചയപ്പെടുന്നവരില്‍ ഒരാള്‍ കവിയാകാം. അല്ലെങ്കില്‍ കഥാകൃത്തോ ഉന്മാദിയോ വിപ്‌ളവകാരിയോ ആകാം. ഏദന്റെ പ്രധാന ലൊക്കേഷനും നീണ്ടൂരായിരുന്നു.


എസ്. ഹരീഷ്: അനേകം സ്ഥലങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ദേശമാണ് കോട്ടയം. അടുത്തിടെ ഒരാള്‍ പറഞ്ഞുകേട്ടു- കോട്ടയം ബിഷപ്പ് ഹൗസിന്റെ മുമ്പില്‍ ഒരു നഴ്സിന്റെ പ്രതിമയാണ് വയ്ക്കേണ്ടതെന്ന്. കോട്ടയം മെച്ചപ്പെടാന്‍ കാരണം സ്ത്രീകളാണ്. അതുപോലെ ഇവിടെ നിന്നാണല്ലോ ഏറ്റവും നല്ല കുടിയേറ്റങ്ങള്‍ നടന്നതും. മലബാര്‍ കുടിയേറ്റത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റും ഇവിടംതന്നെ. കോട്ടയത്തെ വീടുകളിലൊക്കെ അമ്മച്ചിമാര്‍ ഇരുന്ന് കാലിഫോര്‍ണിയയിലെ കാര്യങ്ങള്‍ പറയും. അയര്‍ലന്‍ഡില്‍ പോയാലും ആസ്ട്രേലിയയില്‍ പോയാലും ബീഫൊക്കെ കഴിച്ച് കോട്ടയം ജീവിതം നയിക്കുന്ന അനേകംപേരെ എനിക്കറിയാം. അതിനാല്‍തന്നെ, ദേശത്തിന്റെ സത്ത ചോരാതെ സഞ്ജു മൂന്ന് കഥകളെ ഒരേചരടില്‍ കെട്ടിയത് രസകരമായി തോന്നി. സിനിമയ്ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്ര കഥാപാത്രങ്ങള്‍ ഈ മൂന്നു കഥകളിലും ഉണ്ടെന്ന് കരുതിയിരുന്നു. അതൊരു പ്രതിസന്ധിയായി തോന്നിയിരുന്നോ? നല്ലൊരു ടീം സഞ്ജുവിനൊപ്പം ഉണ്ടായിരുന്നല്ലോ.

സഞ്ജു സുരേന്ദ്രന്‍:  അറിഞ്ഞോ അറിയാതെയോ ഇതിഹാസസമാനമായ ബന്ധം കഥകള്‍ക്കിടയില്‍ കടന്നുവന്നു. രണ്ടു കഥാപാത്രങ്ങള്‍- ഹരിയും പീറ്റര്‍ സാറും. അവരിലൂടെ അമ്പതോളം കഥാപാത്രങ്ങള്‍. പത്തുമൃഗങ്ങളും. അങ്ങനെ കഥ സിനിമയുടെ തലത്തിലേക്ക് വികസിച്ചു. 
എഫ്.ടി.ഐ.ഐയിലെയും കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വിഷ്വല്‍ ആര്‍ട്ട്സിലെയും സുഹൃത്തുക്കളുടെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ ശ്രമം ഏദനു പിന്നിലുണ്ട്. മുരളി മട്ടുമ്മലിനെപ്പോലെ സിനിമയോട് പൂര്‍ണമായും സഹകരിച്ച സഹൃദയനായ നിര്‍മ്മാതാവിന്റെ സാന്നിദ്ധ്യവും. അസോസിയേറ്റ് ചെയ്ത അഭിലാഷ് വിജയന്‍, പ്രൊഡക്ഷന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദീപു.എസ്. ഉണ്ണി, അന്‍വര്‍ ഷംസുദ്ദീന്‍, ആര്‍ട്ട് ഡയറക്ഷന്‍ ടീമംഗങ്ങളായ അനീഷ് കുഞ്ഞിമംഗലം, സെബിന്‍ തോമസ്, ഫിയോദര്‍ സാം ബ്രൂക്ക്, ഡയറക്ഷന്‍ ടീമംഗങ്ങളായ പ്രശാന്ത്, റോബിന്‍ ജോയ്, അരുണ്‍ ശേഖര്‍, അര്‍ച്ചന, പോസ്റ്റ് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ച ഡേവിസ് മാനുവല്‍ എന്നിവരുടേതു കൂടിയാണ് ഏദന്‍. എല്ലാവരും ചെറുപ്പക്കാരായ സുഹൃത്തുക്കള്‍. പ്രൊഡക്ഷന്‍ ചെയ്ത ചാള്‍സേട്ടന്‍ മാത്രമായിരുന്നു അമ്പതുവയസ് കഴിഞ്ഞ ഏക 'ചെറുപ്പക്കാരന്‍'.  അതുപോലെ കോട്ടയത്തെ സുഹൃത്തുക്കള്‍- കവി എം.ആര്‍. രേണുകുമാര്‍, ചിത്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്ത യേശുദാസ് എന്നിവരെയും ഓര്‍മിക്കുന്നു. കോട്ടയത്തിന്റെ ഉള്‍പ്രദേശങ്ങള്‍ കൈവെള്ളയിലെപോലെ അറിയാവുന്ന കലാകാരന്‍ യേശുദാസ് ഞങ്ങളെയും കൊണ്ട് നീണ്ടൂരില്‍ അലഞ്ഞുനടന്നു. നാടും നാട്ടുകാരുടെ ജീവിതപരിസരവും സംസാരശൈലിയും വ്യക്തമായി അറിയാവുന്ന സുഹൃത്ത് രേഖാരാജിന്റെ പിന്തുണയും മറക്കാനാകില്ല. നീണ്ടൂര്‍, ബാംഗ്‌ളൂര്‍, മൈസൂര്‍, മുത്തങ്ങക്കാടുകള്‍, കുട്ടിക്കാനം, പള്ളിക്കത്തോട് എന്നിവിടങ്ങളായിരുന്നു ലൊക്കേഷന്‍.   

എസ്. കലേഷ് : കഥകള്‍ തിരക്കഥകളാക്കി മാറ്റുമ്പോള്‍ സംഭവിക്കുന്നതെന്ത്? കഥയിലെ പല സംഭാഷണങ്ങളും അതേപടി ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. കഥയോട് സിനിമ നീതി പുലര്‍ത്തിയിട്ടുണ്ടോയെന്നും ചോദ്യങ്ങള്‍ ഉയരാം. മുന്‍പ് സാഹിത്യകൃതികള്‍ സിനിമയാക്കിയപ്പോള്‍ എഴുത്തുകാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ ഓര്‍മിക്കുന്നു.

സഞ്ജു സുരേന്ദ്രന്‍: ഹരീഷിന്റെ കഥകള്‍ വളരെ സിനിമാറ്റിക്ക് ആണ്. പോസിറ്റീവായ അര്‍ത്ഥത്തിലാണ് ഈ അഭിപ്രായം. മൂന്ന് കഥകളും വായിച്ചുതീര്‍ക്കുമ്പോള്‍ മൂന്നു സിനിമകള്‍ മനസ്സില്‍ കണ്ടുതീര്‍ക്കും. അതിനാല്‍ തിരക്കഥയിലേക്ക് അഡാപ്റ്റ് ചെയ്യാന്‍ എളുപ്പമായിരുന്നു. രസകരമായ ഡയലോഗുകള്‍ അതേപടി ചേര്‍ത്തു. ഒരു വിധത്തില്‍ പറഞ്ഞാല്‍ കാച്ചിക്കുറുക്കിയ നാട്ടുഭാഷയിലെ സംഭാഷണം. വാക്കിന്റെ കളിയാണ് സാഹിത്യം. ചപ്പാത്തിലെ കൊലപാതകം എന്ന കഥയിലെ ചപ്പാത്ത് എന്ന വാക്ക് എടുക്കാം. ആ വാക്ക് കേട്ടാല്‍ നിഗൂഢമായ ഒരു സ്ഥലമെന്ന് വിചാരിക്കും. ഞങ്ങള്‍ ആ കഥ നടക്കുന്ന സ്ഥലത്തു ചെന്ന് നോക്കുമ്പോള്‍ വെള്ളം ഒഴുകുന്ന ചെറിയ ഒരു ഇടം. ആ വാക്കിന്റെ നിഗൂഢത ചോരാതെ എങ്ങനെ ദൃശ്യവത്കരിക്കും എന്നതായി വെല്ലുവിളി. സിനിമയില്‍ വാക്കുകള്‍ക്കല്ല, ഇമേജുകള്‍ക്കും ശബ്ദത്തിനുമാണ് പ്രാധാന്യം. ഓരോ വാക്കുകള്‍ക്കും തുല്യമായ വൈകാരിക തലമുണ്ട്. വാക്കുകളുടെ വൈകാരികതലം ദൃശ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തെടുക്കുക ശ്രമകരം. മറ്റൊരു വെല്ലുവിളി-ചര്‍ച്ച ചെയ്യപ്പെട്ട ഈ കഥകള്‍ സിനിമയാക്കുമ്പോള്‍ വായനക്കാര്‍ക്ക് നല്ല പ്രതീക്ഷയുണ്ടാകും. കഥാകൃത്തിനോട് നീതി പുലര്‍ത്തിയിട്ടുണ്ടോയെന്നും അവര്‍ ശ്രദ്ധിക്കും.

എസ്. ഹരീഷ്

എസ്. ഹരീഷ് : കഥാകൃത്തിനോട് നീതി പുലര്‍ത്തുകയെന്നത് അസംബന്ധമാണെന്ന് ഞാന്‍ കരുതുന്നു. അതിന്റെ ആവശ്യമുണ്ടോ? സിനിമ എന്നത് മറ്റൊരു മീഡിയമല്ലേ. ഞാന്‍ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കഥകളെഴുതുന്നു. സഞ്ജു ആ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമയെടുക്കുന്നു. അപ്പോള്‍ കഥാകൃത്തിനോട് നീതിപുലര്‍ത്തുക എന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? പക്ഷേ, സഞ്ജു കഥാപാത്രങ്ങള്‍ക്കുവേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട്. അത് സഞ്ജു മനസ്സില്‍ രൂപപ്പെടുത്തിയ കഥാപാത്രങ്ങള്‍ക്കു വേണ്ടിയാകാം. 

സഞ്ജു സുരേന്ദ്രന്‍: അമ്പതോളം പുതുമുഖങ്ങളാണ് ഏദനിലുള്ളത്. പുതുമുഖങ്ങള്‍ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പരിചിതമുഖങ്ങള്‍ പ്രേക്ഷകരില്‍ മുന്‍ധാരണ ഉണ്ടാക്കും. ഒരു നടന്റെ നടിയുടെ മുഖം കണ്ടാല്‍, കഥാപാത്രത്തിന്റെ 'സ്വഭാവം' തിരിച്ചറിയാനാകും. ഏദന്റെ കാസ്റ്റിംഗില്‍, ചിലരെ വളരെ എളുപ്പം കണ്ടെത്തി. ചിലരെ കണ്ടെത്തല്‍ ക്ളേശകരമായി. ഹരി എന്ന കഥാപാത്രത്തെ ചെയ്ത അഭിലാഷ് നല്ല അഭിപ്രായം നേടി.  കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആക്ടിങ്ങ് പഠിപ്പിച്ചിരുന്ന അഭിലാഷ് എഫ്.ടി.ഐ.ഐ പാസ്ഔട്ടാണ്. ബിനീഷിനെ അവതരിപ്പിച്ച പ്രശാന്ത് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിയാണ്.  ബാംഗ്‌ളൂരില്‍ നിന്ന് അപ്പന്റെ മൃതദേഹവുമായി വരുന്ന നീതുവിന്റെ റോളിനുള്ള നടിയെ കണ്ടെത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടി. ഒടുവില്‍ നന്ദിനിയില്‍ എത്തിച്ചേര്‍ന്നു. ഈ കഥകള്‍ ഒരു ഫോക്ക് ടെയില്‍ പോലെയാണ് സിനിമയില്‍ വികസിക്കുന്നത്. 

എസ്. കലേഷ്  : സഞ്ജു എങ്ങനെയാണ് സിനിമയുടെ വഴിയിലേക്ക് എത്തിയത്?

സഞ്ജു സുരേന്ദ്രന്‍: 1998-ല്‍ തൃശ്ശൂര്‍ കേരളവര്‍മ്മയിലെ ബിരുദകാലത്താണ് സിനിമയില്‍ ഇടപെട്ടു തുടങ്ങുന്നത്. കാമ്പസ് ഫിലിം ക്‌ളബ്ബിലും പ്രവര്‍ത്തിച്ചു. ആ കാലത്ത് ഫിലിം സൊസൈറ്റിയുമായും ഡോക്യുമെന്ററി സംവിധായകരുമായും ആക്ടിവിസ്റ്റുകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സിനിമയുടെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും മനസ്സിലാക്കി. പൊക്കുടേട്ടനെക്കുറിച്ചായിരുന്നു എന്റെ ആദ്യ ഡോക്യുമെന്ററി. പൂനെ ഫിലം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന ദിവസങ്ങളില്‍ എക്‌സ്പ്രസ് ഹൈവേക്ക് എതിരെ ഡോക്യുമെന്ററി ചെയ്തു. ബോംബെ-പൂനെ എക്‌സ്പ്രസ് ഹൈവേ ഒരു കേസ് സ്റ്റഡിയായെടുത്ത് വികസനം എങ്ങനെ നമ്മുടെ ആവാസവ്യവസ്ഥയെ, നമ്മളെ ബാധിക്കുന്നുവെന്നു പറയാനുള്ള ശ്രമം. 
പ്രിയ. എ.എസിന്റെ 'അച്ഛന്‍' എന്ന കഥയെ അടിസ്ഥാനമാക്കിയെടുത്ത തീരം ആയിരുന്നു ഡിപ്ളോമ ഫിലിം. മകളുടെ വിവാഹനിശ്ചയം തീരുമാനിച്ചിരിക്കുന്നു. അതേസമയം മകള്‍ക്ക് മറ്റൊരു റിലേഷന്‍ഷിപ്പുണ്ട്. അച്ഛന്‍ ഇത് അറിയുന്നു. അച്ഛന്റെ മാനസികാവസ്ഥ അടിസ്ഥാനമാക്കിയുള്ള കഥ. എന്നാല്‍, സിനിമ അച്ഛന്റെയും മകളുടെയും മാനസികാവസ്ഥ അടിസ്ഥാനമാക്കി ചെയ്തു. വി.എം. ദേവദാസിന്റെ 'പുല്ലാണേ പുല്ലാണേ' എന്ന കഥയെ ആസ്പദമാക്കി 'ഗ്രാസ്' ചെയ്തു. വ്യക്തിജീവിതത്തില്‍ ഏറ്റവും മോശം കാലമായിരുന്നു ആ ദിവസങ്ങള്‍. ഗ്രാസാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നരേന്ദ്ര മോഡി പൂനെയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരുന്ന ദിവസങ്ങളായിരുന്നു അത്. അതിനാല്‍  റോഡുകള്‍ അടച്ചിട്ടു ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഔട്ട്ഡോര്‍ ഷൂട്ടിംഗ് ഉദ്ദേശിച്ച രീതിയില്‍ നടന്നില്ല. റോഡ് ക്രോസു ചെയ്ത് പോകുമ്പോള്‍ ഗ്രാസിലെ കഥാപാത്രങ്ങള്‍ ദബോല്‍ക്കര്‍ കൊല്ലപ്പെട്ടുകിടന്നത് ഇവിടെയാണെന്ന് പറയുന്നുണ്ട്. അക്കാരണത്താല്‍ ഈ സിനിമയ്ക്ക് സെന്‍സര്‍ നിഷേധിക്കപ്പെട്ടു. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് നടത്തേണ്ട രാഷ്ട്രീയപ്രവര്‍ത്തനം നല്ല സിനിമ ഉണ്ടാക്കുക എന്നതാണ്. അതാകണം ചലച്ചിത്രകാരന്റെ രാഷ്ട്രീയമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ രാഷ്ട്രീയം വളരെ സൂക്ഷ്മാര്‍ത്ഥത്തില്‍ പരോക്ഷവുമാകണം. ഓരോ ആര്‍ട്ട്ഫോമുകളിലൂടെയും ആര്‍ട്ടിസ്റ്റ് നടത്തുന്നത് ഒരു കണ്ടുപിടിത്തം ആണ്. അത് പുതിയ അന്വേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും തലത്തിലേക്കു മാറേണ്ടതുണ്ട്.  

എസ്. കലേഷ് : എങ്ങനെയുള്ള സിനിമാപ്രേക്ഷകനാണ് എസ്. ഹരീഷ്. സിനിമ ലക്ഷ്യമിട്ട് കഥയെഴുതുന്ന ചെറുപ്പക്കാരുടേതുകൂടിയാണ് സമകാലിക ചെറുകഥ. അതൊരു മോശം കാര്യവുമല്ല.

എസ്. ഹരീഷ് : ഞാനധികം സിനിമകള്‍ കണ്ടിട്ടില്ല. മൂന്ന് ഫിലിം ഫെസ്റ്റിവലുകളിലേ  പോയിട്ടുള്ളൂ. ഗൗരവമുള്ള സിനിമാപ്രേക്ഷകനുമല്ല. ജനപ്രിയ സിനിമകളാണ് കൂടുതലിഷ്ടം. രാജമാണിക്യം, കോട്ടയം കുഞ്ഞച്ചന്‍ എന്നീ സിനിമകളൊക്കെ ഫേവറിറ്റുകള്‍. അതുപോലെ കെ.ജി. ജോര്‍ജിന്റെ സിനിമകള്‍. സിനിമയിലെ കൊമേഴ്‌സ്യല്‍ ധാരയും സമാന്തരധാരയും തമ്മിലുള്ള അകലം കുറയേണ്ട കാലമായെന്ന് തോന്നാറുണ്ട്. രണ്ടും നമ്മള്‍ ആസ്വദിക്കുന്നു. മഹേഷിന്റെ പ്രതികാരം ഉദാഹരണം. ചെറുകഥയും സിനിമയും രണ്ടു മീഡിയമാണ്. രണ്ടു പരിചരണം ആവശ്യപ്പെടുന്നുമുണ്ട്. സിനിമ ലക്ഷ്യമിട്ട് ചെറുകഥ എഴുതുന്ന രീതി ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ എഴുതുന്നുണ്ടോയെന്ന് അറിയില്ല. ചലച്ചിത്രകാരന്മാര്‍ക്ക് സിനിമയെടുക്കാന്‍ ചെറുകഥ പ്രചോദനമായാല്‍ നല്ലതുതന്നെ. ഒരു സിനിമയ്ക്കും എഴുത്തുകാരനെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല. ലോകത്തെ ഏറ്റവും നല്ല ഫിലിംമേക്കര്‍ കളത്തിലിറങ്ങി സാഹിത്യകൃതി അവലംബമാക്കി സിനിമയെടുത്താലും അത് എഴുത്തുകാരനെ തൃപ്തിപ്പെടുത്താനിടയില്ല. എഴുത്തുകാരന്‍ കാണുന്നത് അവ്യക്ത രൂപങ്ങളും പലരീതിയില്‍ വായിക്കാവുന്ന, വ്യാഖ്യാനിക്കാവുന്ന വാക്യങ്ങളും ദൃശ്യങ്ങളുമാണ്. സിനിമ വേറെയാണ്. മാര്‍ക്വേസിന്റെ കോളറാകാലത്തെ പ്രണയം സിനിമയാക്കിയപ്പോള്‍ മറ്റൊന്നായില്ലേ. രണ്ടും രണ്ടായി കാണണം. കേരളത്തില്‍ എഴുത്തുകാര്‍ തിരക്കഥാകൃത്തുക്കളായി മാറുന്നതുകൊണ്ടാകാം ഇങ്ങനെയൊരു ധാരണ വരുന്നത്. കേരളത്തില്‍ തിരക്കഥ സാഹിത്യ രൂപമായി നമ്മള്‍ വികസിച്ചെടുത്തുകഴിഞ്ഞു. അവ പാഠപുസ്തകങ്ങളായി മാറുന്നു. കോളേജുകളില്‍ പഠിക്കുന്നു. ഒരു സംവിധായകന്റെ കയ്യിലുള്ള, ഷൂട്ടുചെയ്യേണ്ട ദൃശ്യങ്ങളുടെ കുറിപ്പ് മാത്രമല്ലേ തിരക്കഥ. പക്ഷേ, നമ്മളിവിടെ എം.ടിയുടെ ഒരു നല്ല സ്‌ക്രിപ്റ്റ് കിട്ടിയെങ്കില്‍ നല്ലൊരു പടം പിടിക്കാമായിരുന്നുവെന്നു പറഞ്ഞുനടക്കുന്നു. ശരിക്കും അര്‍ത്ഥശൂന്യമായ കാര്യമല്ലേ. കഥ അതേപടി സിനിമയാകുന്നതിനപ്പുറം ദൃശ്യങ്ങളിലൂടെയുള്ള സിനിമ വന്നുതുടങ്ങി. ശ്യാം പുഷ്‌ക്കരന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് സിനിമയെ സിനിമയായി കണ്ടുകൊണ്ട് തിരക്കഥ എഴുതിയെന്നാണ്. അങ്ങനെയൊരു മാറ്റം നടക്കുന്നു. അതിന്റെ ഗുണഫലം കണ്ടുതുടങ്ങി. കേരളത്തില്‍ സാഹിത്യത്തിന് മേല്‍ക്കൈ ഉള്ളൊരു സമൂഹമാണ്. സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും സാഹിത്യകാരന്മാരാണല്ലോ. യഥാര്‍ത്ഥത്തില്‍ സാഹിത്യകാരന്മാരല്ലല്ലോ ബുദ്ധിജീവികള്‍. സാഹിത്യം സിനിമയ്ക്ക് ഭാരമാണ്. നമ്മളത് വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. എങ്കിലും സിനിമയില്‍ ആ മേല്‍ക്കൈ ഇന്നുമുണ്ട്.

എസ്. കലേഷ് : മണികൗള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് സഞ്ജുവില്‍. മണികൗളിനാണ് കപിലയുടെ സമര്‍പ്പണം. ഏദന്റെ തുടക്കത്തിലും മണി കൗളിന്റ സാന്നിദ്ധ്യമുണ്ട്. മണികൗള്‍ എങ്ങനെയാണ് സഞ്ജുവിന്റെ ജീവിതത്തിലേക്കു കടന്നുവന്നത്? മണികൗളിന്റെ അവസാനദിനങ്ങള്‍വരെ കൂടെയുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. 

സഞ്ജു സുരേന്ദ്രന്‍: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനകാലത്താണ് മണികൗളിന്റെ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നത്. നമ്മുടേതായ, ഒരു വഴി കണ്ടെത്താനുള്ള പ്രേരണ അദ്ദേഹത്തില്‍ നിന്നാണ് ലഭിച്ചത്. ഒന്നിനും കര്‍ക്കശ നിര്‍ബന്ധങ്ങളില്ല. പുതിയ വഴികളുടെ അടിത്തറ പാകും. വ്യക്തിഗതശേഷി പുറത്തെത്തിക്കാനുള്ള ശ്രമം നടത്തും. ഇമെയിലുകളിലൂടെയാണ് ഞാന്‍  അദ്ദേഹത്തെ പരിചയപ്പെടുന്നത്. ബാഷോവിന്റെ ഹൈക്കൂ കവിതകളിലൂടെ അദ്ദേഹം സിനിമയെക്കുറിച്ച് പറഞ്ഞുതുടങ്ങി. An ancient pond/A frog jumped/ into the osund of water. ഈ കവിതയിലെ ഇമേജുകളെല്ലാം ഡോക്യുമെന്ററി ടൈപ്പ് ഇമേജുകളാണ്. പഴയ കുളവും തവളയുടെ ചാട്ടവും സാധാരണ ഇമേജുകള്‍. എന്നാല്‍ മൂന്നാമത്തെ ഇമേജില്‍ മൊത്തം മാറുന്നു. മൂന്ന് ഇമേജുകളും കൂട്ടിച്ചേര്‍ക്കുന്ന സമയത്ത് മാജിക് സംഭവിക്കുന്നു. അത് തന്നെയാണ് സിനിമയുടെ കാതല്‍. ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും ഒഴുക്കാണ് സിനിമയുടെ തത്ത്വമെന്ന് അദ്ദേഹം വ്യക്തമാക്കി. വര്‍ക്ക്ഷോപ്പിനെക്കുറിച്ച്- എല്ലാവരുടെയും കയ്യില്‍ ക്യാമറയുണ്ട്. എഡിറ്റിംഗ് സിസ്റ്റം ഉണ്ട്. തീം ചര്‍ച്ച ചെയ്ത് സിനിമകള്‍ എടുക്കുന്നു. പിന്നീടത് ചര്‍ച്ച ചെയ്യുന്നതാണ് രീതി. മണികൗള്‍ സിനിമയെക്കുറിച്ച് രസകരമായ ശൈലിയില്‍ ആഴത്തില്‍ സംസാരിക്കും. ഇന്ത്യന്‍ മ്യൂസിക്, ഇന്ത്യന്‍ ആര്‍ട്ട്, വെസ്റ്റേണ്‍ ഫിലോസഫി തുടങ്ങി പല വിഷയങ്ങളും പരാമര്‍ശിക്കും. ഞങ്ങളെടുത്ത സിനിമകളോട് സ്റ്റുഡന്റ് പ്രൊജക്ട് എന്ന നിലയിലുള്ള സമീപനമായിരുന്നില്ല. സിനിമയെ വളരെ അച്ചടക്കത്തോടെ കാണുന്ന രീതി അദ്ദേഹത്തില്‍ നിന്നാണ് ലഭിച്ചത്. സിനിമയെക്കുറിച്ച് സ്വാതന്ത്ര്യത്തോടെ സംസാരിക്കാന്‍ അദ്ദേഹത്തെപ്പോലെ വളരെ കുറച്ചുപേരെ എനിക്കുണ്ടായിരുന്നുള്ളൂ. അര്‍ബുദരോഗബാധിതനായി അദ്ദേഹം കിടപ്പിലായപ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഓരോരുത്തര്‍ ഓരോ മാസവും ഗുഡ്ഗാവിലെ വീട്ടില്‍ പോയി നിന്നു. വിവാഹമോചിതനായ അദ്ദേഹത്തിന് രണ്ട് സഹോദരിമാരുണ്ടായിരുന്നു. വളരെ ഊര്‍ജസ്വലനായ ഒരാള്‍ പെട്ടെന്ന് അവശനാകുന്നു.  അവസാനദിനങ്ങളിലും സിനിമ ചെയ്യണമെന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. അതിനുവേണ്ടി തിരക്കഥയും എഴുതി.

എസ്. ഹരീഷ് : സഞ്ജു കൂടുതലും സാഹിത്യരചനകളെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്യുന്നത്. എന്തുകൊണ്ട് സാഹിത്യ രചനകള്‍? കപിലയെക്കുറിച്ചും പറയണം.   

സഞ്ജു സുരേന്ദ്രന്‍: സാഹിത്യം എനിക്കിഷ്ടമാണ്. എന്നാല്‍, ഏദനു മുമ്പ് സാഹിത്യ രചനകള്‍ ആസ്പദമാക്കാതെ അഞ്ചോളം തിരക്കഥകള്‍ എഴുതിയിരുന്നു. ഓരോ മീഡിയത്തിനും അതിന്റേതായിട്ടുള്ള സത്യങ്ങളുണ്ട്. ചെറുകഥയായാലും പെയിന്റിംഗ് ആയാലും മ്യൂസിക് ആയാലും അതിന്റേതായ അടിസ്ഥാനമായ നിയമങ്ങളുണ്ട്. അദൃശ്യമായ സംഹിതകളുണ്ട്. എഴുത്തുകാരന്‍ അതാണു പുറത്തെടുക്കേണ്ടത്. ഒരു സിനിമയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രൂപം ചെറുകഥയാണെന്നു ഹിച്ച്കോക്ക് പറഞ്ഞിട്ടുണ്ട്. ചെറുകഥയില്‍ കേന്ദ്രമായി ഒരു തീം ഉണ്ടായിരിക്കും. അത് പിന്നീട് വികസിപ്പിച്ചെടുക്കുന്നു. സിനിമയിലും അതുപോലെ തന്നെയാണ്. ഡോക്യുമെന്ററിയിലേക്ക് വരാം. ഗുണ്ടര്‍ട്ടിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചെയ്തിരുന്നു. തുടര്‍ന്നാണ് കപില ചെയ്തത്. കപില ചെയ്യാന്‍ മൂന്നുവര്‍ഷമെടുത്തു. കലാപ്രകടനവും ജീവിതവും തമ്മിലുള്ള ബന്ധം വരുത്താനാണ് സമയമെടുത്തത്. ഡയലോഗ് ഉപയോഗിക്കരുതെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കൂടിയാട്ടം കാണുന്നതിന്റെ ഇന്ദ്രിയാനുഭവങ്ങളിലൂടെ പ്രേക്ഷകനും കടന്നുപോകണമെന്ന് വിചാരിച്ചു. അതിനാല്‍ കപിലയുടെ ചിത്രീകരണം കൂടുതല്‍ സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായി. ഒരു ചീട്ടുകൊട്ടാരം കെട്ടുന്നതുപോലെ, സൂക്ഷ്മമായി എന്നും പറയാം. 

എസ്. ഹരീഷ് : മലയാളത്തിലെ കൊമേഴ്സ്യല്‍ സിനിമയിലുണ്ടായ മാറ്റം സഞ്ജു ശ്രദ്ധിച്ചുകാണുമല്ലോ. തമ്പുരാന്‍ സിനിമകളുടെ കാലംകഴിഞ്ഞിട്ട് മഹേഷിന്റെ പ്രതികാരവും പറവയും പോലുള്ള സിനിമകളും പുതിയ പരിസരങ്ങളും കടന്നുവന്നു. ആഖ്യാനരീതിയില്‍ മാറ്റംവന്നു. എന്നാല്‍ സഞ്ജു ഉള്‍പ്പെടുന്ന മറ്റൊരു പ്രബലധാരയായും നിലനില്‍ക്കുന്നു. 

സഞ്ജു സുരേന്ദ്രന്‍: മലയാള സിനിമയില്‍ വളരെ പോസിറ്റീവായ സമയമാണിത്. മലയാളം ന്യൂവേവ് ആദ്യകാലത്ത് അനുകരണങ്ങളായിരുന്നു. ഉദാഹരണത്തിന് Amores Perros, City of God, Amelie എന്നിങ്ങനെയുള്ള സിനിമകള്‍.  ഈ സിനിമകളുടെ പ്രതിഫലനമായിട്ടാണ് ഇവിടെ ന്യൂവേവ് ഉണ്ടായത്. എന്നാല്‍ ഇത് ക്രമേണ മാറി. ബൈസിക്കിള്‍ തീവ്സ് പോലെയുള്ള നിയോറിയലിസ്റ്റിക് സിനിമകളുടെ പാരമ്പര്യം ഇപ്പോഴാണ് മലയാളസിനിമ ഉള്‍ക്കൊള്ളുന്നത്. അത് മൗലികമായി കടന്നുവരുന്നു. 

എസ്. ഹരീഷ് : അതെ, സാധാരണക്കാര്‍ അത് അംഗീകരിക്കുന്നുണ്ട്. സമാന്തര സിനിമകളും ജനശ്രദ്ധ നേടുന്ന കാലം വരുന്നുണ്ടെന്ന് തോന്നുന്നു. ജനങ്ങളുടെ ഇടയില്‍ ഒരു അവബോധം സ്വയം ഉണ്ടായി വരേണ്ടതാണ്. നല്ല സാഹിത്യം വായിക്കുക, നല്ല സിനിമകള്‍ കാണുക, നല്ല പാട്ട് കേള്‍ക്കുക എന്നിങ്ങനെ.

സഞ്ജു സുരേന്ദ്രന്‍: വ്യത്യസ്തമായ സിനിമകള്‍ക്കുള്ള പ്‌ളാറ്റ്‌ഫോംകൂടി ഉണ്ടാകേണ്ടതുണ്ട്. നല്ല സിനിമാശ്രമങ്ങള്‍ക്ക് സബ്സിഡി കൊടുക്കുക മുതല്‍ വ്യത്യസ്ത സിനിമകള്‍ക്ക് ഫിലിം ഫെസ്റ്റിവലുകളില്‍ ഇടം കൊടുക്കുക വരെയുള്ള പിന്തുണയാണ് ഉദ്ദേശിച്ചത്.

എസ്. ഹരീഷ് : ഒരു മലയാള സിനിമ വിദേശത്ത് ശ്രദ്ധിക്കപ്പെടണമെങ്കില്‍ അത് പൊളിറ്റിക്കലായ ഒരു വിഷയം അവതരിപ്പിക്കേണ്ടതുണ്ടോ? പ്രത്യേകിച്ചും മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍. ഒരു മനുഷ്യകഥ പറയുന്ന സിനിമ, അല്ലെങ്കില്‍ മേക്കിംഗിലെ സൗന്ദര്യംകൊണ്ട് ഒരു സിനിമ ശ്രദ്ധിക്കപ്പെടുന്നുണ്ടോ? 

സഞ്ജു സുരേന്ദ്രന്‍: വിദേശത്തെ പ്രധാന ഫിലിം ഫെസ്റ്റിവലുകളെല്ലാം യൂറോ കേന്ദ്രിതമാണ്. യൂറോപ്യന്‍ കാഴ്ചപ്പാടുകളാണ് മേളകളെ നയിക്കുന്നത്. പരീക്ഷണ സിനിമകളും പരീക്ഷണപരത കൂടിയ സിനിമകളും റിസ്‌കി സിനിമകളും യൂറോപ്യന്‍ ചലച്ചിത്രകാരന്മാര്‍ക്കേ ചെയ്യാനാകൂവെന്ന ഒരു ധാരണ അവരിലുണ്ട്. മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് പരീക്ഷണ സിനിമകള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് അവരുടെ ധാരണ. നമ്മുടെ നാട്ടില്‍ ആവശ്യത്തിലേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടല്ലോ. അത് സിനിമയിലൂടെ പരിഹരിച്ചിട്ടുമാത്രം മതി പരീക്ഷണചിത്രങ്ങള്‍ എന്നവര്‍ കരുതുന്നു. അടുത്തകാലത്ത് ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെടുന്നതെല്ലാം പൊളിറ്റിക്കല്‍ സിനിമകളാണ്. ഞാന്‍ അത്തരം സിനിമകള്‍ക്ക് എതിരല്ല. എന്നാല്‍ അത്തരം സിനിമകള്‍ക്ക്  ഫെസ്റ്റിവലുകളില്‍ കൂടുതല്‍ ഇടംലഭിക്കുന്ന പ്രവണത രൂപപ്പെട്ടിട്ടുണ്ട്. അനേകം ചലച്ചിത്ര സങ്കല്പങ്ങളുടെയും ചലച്ചിത്രകാരന്മാരുടെയും ഒരു ഗ്യാലക്സിയാണ് ഈ ലോകം. പലതരം സ്‌കൂളുകളുണ്ട്. പലതരം കാഴ്ചപ്പാടുകളുണ്ട്. സിനിമയെ സംബന്ധിച്ച് ഒരു തരത്തിലുള്ള സിനിമ മാത്രമാണ് ശരിയെന്നും മറ്റൊന്നും ശരിയല്ല എന്നും സ്ഥാപിക്കാനാകില്ല.

എസ്. കലേഷ് : നമുക്ക് ഏദനിലേക്ക് വരാം. നിശബ്ദതയും ഒരു പതിഞ്ഞതാളവും ഈ സിനിമയിലുണ്ട്. ലൊക്കേഷനുകള്‍ തെരഞ്ഞെടുത്തതില്‍ പുലര്‍ത്തിയ കൃത്യതയും വ്യക്തം. മൂന്നുകഥകളും ശ്രദ്ധയോടെ, രസച്ചരട് മുറിയാതെ സാഹിത്യഭാരമില്ലാതെ ഒറ്റസിനിമയാക്കി വിളക്കിച്ചേര്‍ത്തിരിക്കുന്നു. രാഷ്ട്രീയം തേടുകയാണെങ്കില്‍ സ്ത്രീപക്ഷവും പുരുഷപക്ഷവുമുണ്ട്. കഥകളില്‍ അവ പരസ്പരം ബാലന്‍സ് ചെയ്യുന്നുമുണ്ട്. ശബ്ദഗ്രാഹണത്തില്‍ പുലര്‍ത്തിയ ശ്രദ്ധയാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.  

സഞ്ജു സുരേന്ദ്രന്‍: Cinema is a temporal medium. It's a matter of time rather than anything. സമയമാണ് സിനിമയിലെ പ്രധാനപ്പെട്ട ഒരു ഘടകം. ഏദനില്‍ വ്യത്യസ്തമായ ടൈം റിഥം ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെ ഓരോ കഥയും സൂക്ഷ്മമായി വേറിടുന്നു. ഷോട്ടുകളിലും എഡിറ്റിംഗിലും ആ റിഥം തുടര്‍ന്നു. മൂന്നു സിനിമകള്‍ക്കുമായി മൂന്ന് ഛായാഗ്രാഹകരെ കൊണ്ടുവരാന്‍ ആദ്യം ആലോചിച്ചിരുന്നു. പിന്നീട് സാമ്പത്തികനില പരിഗണിച്ച് ഒരാളിലേക്ക് ഒതുങ്ങി. മാന്ത്രികവാല്‍ എന്ന കഥ എടുക്കുമ്പോള്‍ സ്ത്രീ കഥാപാത്രം വളരെ പവര്‍ഫുള്ളാണ്. സിനിമയിലും അങ്ങനെതന്നെ. അതുതന്നെയാകാം ബിനീഷ് ഭയഭക്തി ബഹുമാനത്തോടെ നീതുവിനോട് പെരുമാറാനുള്ള കാരണം. സ്ത്രീപക്ഷ കാഴ്ചപ്പാടുകളോട് മാന്ത്രികവാലിന്റെ ചലച്ചിത്രഭാഗം ചേര്‍ന്നുനില്‍ക്കുന്നതായി പിന്നീട് തോന്നി. അത് മുന്‍കൂട്ടി ചെയ്തതായിരുന്നില്ല, സ്വാഭാവികമായി വന്നുചേര്‍ന്നു. പിന്നെ, ഞാന്‍ അറിഞ്ഞോ അറിയാതെയോ എന്റെ രാഷ്ട്രീയ ധാരണകളുടെ പ്രതിഫലനങ്ങള്‍ കടന്നുവന്നിട്ടുണ്ടാകാം. 
ലൊക്കേഷന്‍ തെരഞ്ഞെടുക്കുന്നതില്‍ നല്ല ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഒരു സിനിമയെ സിനിമയാക്കിമാറ്റുന്നതില്‍ ലൊക്കേഷനുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ. ലൊക്കേഷനുകളില്‍ വീഴുന്ന പ്രകാശത്തിനുപോലും ആ സിനിമയില്‍ പ്രധാനപ്പെട്ട ഒരു റോള്‍ ചെയ്യാനുണ്ടാകും. ഓരോ നിഴലിനും അര്‍ത്ഥമുണ്ട്. രാത്രിയുടെയും മണ്‍സൂണിന്റെയും ഭാവങ്ങള്‍ നഷ്ടപ്പെടാതെ മനേഷ് മാധവന്‍ അതെല്ലാം ക്യാമറയില്‍ പകര്‍ത്തിയെടുത്തു.
തിരക്കഥ മാത്രം അടിസ്ഥാനമാക്കിയല്ല സിനിമയെടുക്കുന്നത്. തിരക്കഥയ്ക്കും അതീതമാകാം ചിത്രീകരണം. ചിലപ്പോള്‍ ഷൂട്ടിംഗ് ആ നിമിഷത്തിന്റെ കല കൂടിയാകുന്നു. ബ്രസന്‍ ഇത് സംബന്ധിച്ച് പറഞ്ഞതിങ്ങനെ:  'You invent. Re-invent. On the spot'
ഏദന്റെ എഡിറ്റിംഗിനെക്കുറിച്ചും പറയാം. ഹോളിവുഡിലെ പരമ്പരാഗത ശൈലിയായ ഡികോപാഷ് മൊണ്ടാഷ് ഒഴിവാക്കാനും  ഞങ്ങള്‍ ശ്രമിച്ചിരുന്നു. കൊറിയോഗ്രഫിയും താളവും പ്രകാശവിന്യാസവും ചേര്‍ന്ന് അര്‍ത്ഥസമ്പുഷ്ടമായ ഒരു കോംപൗണ്ട് ഷോട്ടിനെപ്പോലെയാണ് ഏദന്റെ എഡിറ്റിംഗ് പൂര്‍ത്തീകരിച്ചത്. ശ്രേയാ ചാറ്റര്‍ജിയുടെ കൃതഹസ്തതയാണ്  എഡിറ്റിംഗിനെ അര്‍ത്ഥവത്താക്കിയത്.
ഏദനില്‍ ശബ്ദത്തിനുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത്. സ്വിന്‍ക് സൗണ്ട് (sync osund)ചെയ്തത് അജയന്‍ അടാട്ട്. ഗോഡ്ലി ടിമോ കോശി സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചു. സുഹൃത്ത് അരുണ്‍ രാമവര്‍മ്മയും പങ്കാളിയായി. 
നീണ്ടൂരിലെയും കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിസരത്തെയും രാത്രികളുടെ ശബ്ദം പകര്‍ത്തി സൗണ്ട് ബാങ്ക് ഉണ്ടാക്കി. മൂന്ന് നാല് ട്രാക്കുണ്ടായിരുന്നു. എഫ്.ടി.ഐ.ഐ.യില്‍ സീനിയറായിരുന്ന പ്രമോദ് തോമസ് ഫൈനല്‍ മിക്സിംഗ് ചെയ്തു. ദൃശ്യങ്ങളിലെ ശബ്ദങ്ങളും അതുപോലെ കിട്ടി. ഉദാഹരണത്തിന് മാടന്‍തമ്പിയും രണ്ടു ഗുണ്ടകളും ബാറില്‍നിന്ന് ഇറങ്ങുമ്പോള്‍, ഒരു പക്ഷി മൂളിപ്പറക്കുന്ന സീന്‍. അപ്രതീക്ഷിതമായാണ് പക്ഷിയുടെ എന്‍ട്രി. അത് വ്യക്തതയോടെ കിട്ടി. 

എസ്. കലേഷ്: ഏദന്‍ എന്ന പേരിലേക്ക് എങ്ങനെയെത്തി?

എസ്. ഹരീഷ് :  ആദ്യമിട്ട പേര് രാത്രിയാത്ര എന്നതായിരുന്നു.
സഞ്ജു സുരേന്ദ്രന്‍: ചെറിയ സിനിമ എന്ന സങ്കല്പത്തില്‍ നിന്ന് വലിയ ക്യാന്‍വാസിലേക്കു വികസിച്ചപ്പോള്‍, ദേശങ്ങളുടെ ദേശവാസികളുടെ കഥയായി മാറിയപ്പോള്‍ ഏദനിലെത്തി. നിര്യാതരായി എന്ന കഥയിലെ പീറ്റര്‍സാര്‍ ഏദന്‍തോട്ടത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ. തൃഷ്ണകളുടെയും മരണത്തിന്റെയും സിനിമയ്ക്ക് ആ പേരല്ലേ ഉചിതം.    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com