'എഴുതാന്‍ എനിക്കു പേടിയായിരുന്നു, പാര്‍ട്ടിയെ വെല്ലുവിളിച്ച് ഇവിടെ ജീവിക്കാനാവില്ല'

ഞാനിപ്പോഴും വിശ്വസിക്കുന്നു എനിക്ക് അടികിട്ടാത്തതിന് കാരണം അധികമാരും ഇത് വായിക്കാത്തതു കൊണ്ടാണെന്ന്
അനില്‍കുമാര്‍ ചിത്രം: കെ ജിബീഷ്
അനില്‍കുമാര്‍ ചിത്രം: കെ ജിബീഷ്

കണ്ണീരും ചോരയും ആത്മസംഘര്‍ഷവും നിറഞ്ഞ പാനൂരിന്റെ സമീപകാല ചരിത്രത്തിലാളുന്ന തീയിനെ അക്ഷരങ്ങളിലേക്ക് ആവാഹിക്കുകയാണ് അനില്‍കുമാര്‍ എന്ന എഴുത്തുകാരന്‍ -രേഖാ ചന്ദ്രയുടെ റിപ്പോര്‍ട്ട്‌

ട്ടുവര്‍ഷത്തോളം കാത്തിരുന്നാണ് ടി.കെ. അനില്‍കുമാര്‍ 'ചോരപ്പുഴകള്‍' എന്ന നോവല്‍ പൂര്‍ത്തിയാക്കിയത്. വലിയൊരു നോവലിനുള്ള സാധ്യതകളെല്ലാമുണ്ടെങ്കിലും മികച്ചൊരു നോവലൊന്നുമല്ല അതെന്ന് അദ്ദേഹം തന്നെ പറയുന്നു. എങ്കിലും അതില്‍ പകര്‍ത്തിവെച്ച ജീവിതത്തിന്റെ പ്രത്യേകതകള്‍ അങ്ങനെ തള്ളിക്കളയാനാകുന്നതല്ല. സാഹിത്യപരമായ പ്രത്യേകതകളാലല്ല, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരതകള്‍ക്കിടയില്‍ ജീവിച്ച ഒരെഴുത്തുകാരന്റെ നരവംശശാസ്ത്രപരമായ കുറിപ്പുകള്‍ എന്ന നിലയിലാണ് ചോരപ്പുഴകള്‍ എന്ന നോവല്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തില്‍ അടയാളപ്പെടുത്തേണ്ടത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ എന്ന ദേശത്ത് ജനിച്ചുവളര്‍ന്ന്, അധ്യാപകനായി ജോലി ചെയ്യുന്ന അനില്‍കുമാറിന് ഇതൊരു നോവല്‍ മാത്രമല്ല. കൊലപാതകങ്ങളും കണ്ണീരും വിലാപങ്ങളും കണ്ടുമടുത്തിട്ടും മനസ്സാക്ഷി ഉണരാതെ, കണ്ണടച്ചിരിക്കുന്ന രാഷ്ട്രീയ-ഭരണ നേതൃത്വത്തിന് എഴുത്തുകാരന്‍ സമര്‍പ്പിക്കുന്ന സാംസ്‌കാരിക റിപ്പോര്‍ട്ടും സാക്ഷിമൊഴിയുമാണിത്. ഇരയ്ക്കും കൊലയാളിക്കും അപ്പുറത്ത് ഒരു പത്രവാര്‍ത്തയിലും ഇടംപിടിക്കാത്ത അതിസങ്കീര്‍ണ്ണമായ ജീവിതങ്ങളുടെ അടയാളപ്പെടുത്തലുകള്‍. അറിഞ്ഞും അറിയാതേയും പ്രതിചേര്‍ക്കപ്പെട്ട് ജീവിതം മുഴുവന്‍ വ്യവഹാരങ്ങളില്‍ കുരുങ്ങിത്തീരുന്നവര്‍. എഴുത്തുകാരന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ കൊല ചെയ്യപ്പെടാതെ കൊല ചെയ്യപ്പെട്ടവര്‍. ഒറ്റുകാരനായും കുറ്റവാളിയായും സാക്ഷിയായും മാനസികനില തെറ്റിപ്പോയവര്‍, ആത്മഹത്യ തെരഞ്ഞെടുത്തവര്‍, സംഘര്‍ഷ മേഖലയില്‍ ഭയചകിതരായി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ അങ്ങനെ പലതലത്തില്‍ സങ്കീര്‍ണ്ണമാണ് കൊലക്കളങ്ങളുള്ള നാട്. ചീറ്റിത്തെറിക്കുന്ന ചോരയ്ക്കിടയില്‍ എഴുത്തുപേന സൂക്ഷിക്കുന്ന ഒരാളുടെ നേരനുഭവങ്ങളാണിത്. പാനൂരില്‍ കൊലചെയ്യപ്പെട്ട പ്രിയപ്പെട്ടവര്‍ക്കും ഉറ്റ സുഹൃത്തുക്കള്‍ക്കുമാണ് ഈ പുസ്തകം സമര്‍പ്പിച്ചത്. അവസാനിക്കുന്നത്  ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലും. ആ ദേശത്തുനിന്നുകൊണ്ട് പ്രബലമായ രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളെ വിമര്‍ശിച്ച് ഒരു പുസ്തകം എഴുതുക എന്നത് അസാധ്യമായിരുന്നു. ശമിക്കാത്ത സംഘര്‍ഷത്തിന്റേയും കൊലപാതകങ്ങളുടേയും കഥകള്‍ പുറംലോകത്തെ അറിയിച്ചേ മതിയാകൂ എന്ന തോന്നലില്‍ നിന്നാണ് നാലാമത്തെ പുസ്തകമായ ചോരപ്പുഴകള്‍ അദ്ദേഹം എഴുതിത്തുടങ്ങിയത്. ഡി.സി ബുക്‌സിലൂടെ ഇത് പുറത്തിറങ്ങി.
നോവലില്‍ പറഞ്ഞതിനെക്കാളേറെ പറയാനുണ്ട് അനില്‍കുമാറിന്. പക്ഷേ, പലതും പാതിയില്‍ പിടഞ്ഞുനിന്നു. പാനൂരില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തോളമായി തുടര്‍ച്ചയായി സംഘര്‍ഷം. അദ്ദേഹത്തെ കാണാന്‍ പോയ ദിവസവും സമീപപ്രദേശമായ പാലക്കൂലില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റിരുന്നു. മടിച്ചാണ് ഓട്ടോ ഡ്രൈവര്‍ വരാന്‍ സമ്മതിച്ചത്. അതിന്റെ തലേ ദിവസങ്ങളിലെല്ലാം പലര്‍ക്കും വെട്ടേറ്റിരുന്നു. മരണം ഉണ്ടായാല്‍ മാത്രമാണ് ഇപ്പോള്‍ കണ്ണൂരിന് പുറത്തേക്ക് വാര്‍ത്ത എത്തുന്നത്. വെട്ടലും പരിക്കേല്‍ക്കലും സംഘര്‍ഷവും ഇവിടുത്തെ പ്രാദേശിക പേജില്‍ ഒതുങ്ങേണ്ട ദൈനംദിനചര്യകളാണ്. സംഘര്‍ഷങ്ങള്‍ക്കു നടുവിലിരുന്ന് നോവലിനെക്കുറിച്ചും എഴുത്തുജീവിതത്തെക്കുറിച്ചും നാടിന്റെ രാഷ്ട്രീയത്തെക്കുറിച്ചും അനില്‍കുമാര്‍ പറയുന്നു.

എഴുതാന്‍ പേടിയായിരുന്നു

''എട്ടുവര്‍ഷത്തോളം എഴുതാതെ മനസ്സില്‍ കൊണ്ടുനടന്നു. പേടിയായിരുന്നു. ഞാന്‍ ഒരു പാനൂര്‍ക്കാരനാണ്. എങ്ങനെയാണിത് പറയേണ്ടത്, പറഞ്ഞാല്‍ ഏതു രീതിയില്‍ ഇത് സ്വീകരിക്കപ്പെടും എന്നൊക്കെയുള്ള സംഘര്‍ഷം ഉണ്ടായിരുന്നു. ഈ രാഷ്ട്രീയത്തിന്റെ ഇടയില്‍ ജീവിക്കുന്ന ഒരാളാണ് ഞാന്‍. പ്രബലമായ രണ്ട് രാഷ്ട്രീയകക്ഷികളെ വെല്ലുവിളിച്ചുകൊണ്ട് ഈ നാട്ടില്‍ ജീവിക്കുക പ്രയാസമാണ്. കാലങ്ങളായി ഒരു പരിഹാരവുമില്ലാതെ തുടരുന്ന സംഘര്‍ഷമാണിവിടെ. പത്രങ്ങളും സമൂഹവും ചര്‍ച്ച ചെയ്യുന്നു, സമാധാന മാര്‍ച്ച് നടത്തുന്നു, എന്നിട്ടും ഇതിനൊരു പരിഹാരമില്ല. അങ്ങോട്ടും ഇങ്ങോട്ടുമുള്ള വെട്ടിക്കൊലകള്‍ക്കപ്പുറത്ത് ഇതിനകത്ത് പെട്ടുപോകുന്ന കുറെ മനുഷ്യരുണ്ട്. ആരും അതൊന്നും എവിടെയും ചര്‍ച്ച ചെയ്യാറില്ല. ഒരു പാനൂരുകാരനായ ഞാന്‍ ഇത്രയെങ്കിലും പറയണ്ടേ. എല്ലാം തുറന്നെഴുതണം എന്നും ആളുകളിലേക്ക് എത്തിക്കണം എന്നുമുള്ള ഈ ആലോചനയാണ് പുസ്തകത്തിലേക്ക് നയിക്കുന്നത്. എന്റെ വ്യക്തി അനുഭവങ്ങള്‍ മാത്രമാണ് ഈ പുസ്തകത്തില്‍. പേടിയോടെ തന്നെയാണ് ഞാന്‍ ഇതെഴുതിയത്. ഇപ്പോഴും എനിക്ക് പേടിയുണ്ട്. ഞാനിപ്പോഴും വിശ്വസിക്കുന്നു എനിക്ക് അടികിട്ടാത്തതിന് കാരണം അധികമാരും ഇത് വായിക്കാത്തതു കൊണ്ടാണെന്ന്. രണ്ടാമത്, ഞാന്‍ ഒരു ഇടതുപക്ഷ കുടുംബത്തില്‍ പെട്ടയാളാണ് എന്നതു കൊണ്ടുകൂടിയാണ്. പാനൂരിലൊക്കെ ദേശത്തിന്റെ രാഷ്ട്രീയമാണ് നമ്മുടെ രാഷ്ട്രീയം. അച്ഛന്‍ ഇടതുപക്ഷകാരനായിരുന്നു. എന്റെ സഹോദരന്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ചെറുപ്പം തൊട്ടെ സംഘര്‍ഷങ്ങളെ എനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ സെറ്റപ്പിലേക്ക് ഇതുവരെ പോകാന്‍ ശ്രമിച്ചില്ല. അതിന്റെ അണിയാകാനും നിന്നില്ല.
പാര്‍ട്ടിയില്‍ത്തന്നെ പലയിടങ്ങളിലും പുസ്തകം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷക്കാരാണ് കൂടുതല്‍ വായിച്ചത് എന്നു തോന്നുന്നു. പാനൂരില്‍ ഡി.സി ബുക്‌സിന്റെ നേതൃത്വത്തില്‍ പുസ്തക ചര്‍ച്ച നടത്തിയിരുന്നു. സിവിക് ചന്ദ്രന്‍ ആണ് ഉദ്ഘാടനം ചെയ്തത്. പാനൂരിന്റെ ചരിത്രവും പാനൂരിന്റെ രാഷ്ട്രീയവും പഠിക്കാതെയാണ് അനില്‍കുമാര്‍ പുസ്തകം എഴുതിയത് എന്നാണ് സി.പി.എമ്മിനെ പ്രതിനിധീകരിച്ചെത്തിയ ആള്‍ ചടങ്ങില്‍ പറഞ്ഞത്. ഈ പുസ്തകം വായിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവരുണ്ട്. അവഗണിച്ച് ഇല്ലാതാക്കുക എന്നതും ഒരു തന്ത്രമാണ്. കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ കൂടുതല്‍ പേര്‍ വായിക്കും എന്ന് ഭയപ്പെടുന്നവരുണ്ട്. ചര്‍ച്ച ചെയ്യപ്പെട്ടാല്‍ പലതിന്റേയും മുഖംമൂടികള്‍ അഴിഞ്ഞുവീഴാം. ആരാണോ എന്റെ പുസ്തകത്തെ ഭയപ്പെടുന്നത് അവരാണ് ഈ പുസ്തകം ചര്‍ച്ച ചെയ്യപ്പെടരുത് എന്ന് ആഗ്രഹിക്കുന്നത്. അവര്‍ ഈ പുസ്തകത്തെ മാറ്റിനിര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ഒരു ദേശത്തെ ജനത അനുഭവിക്കുന്ന ആത്മ സംഘര്‍ഷങ്ങളാണ് ഞാന്‍ പറഞ്ഞത്. അതിനെ എത്രനാള്‍ അവഗണിക്കാന്‍ പറ്റും. ഒരു സാഹിത്യ കൃതി എന്ന നിലയില്‍ ചോരപ്പുഴകള്‍ മികച്ച കൃതിയല്ല. പക്ഷേ, ഇതെന്റെ രാഷ്ട്രീയമാണ്. ആരും വായിച്ചില്ലെങ്കിലും എനിക്കു പറയാനുള്ള കാര്യങ്ങള്‍ ഈ പുസ്തകത്തിലൂടെ എനിക്ക് പറഞ്ഞേ തീരൂ.''

ജയകൃഷ്ണന്‍ മാഷും കനകരാജും

1999 അവസാനമാണ് കണ്ണൂരില്‍ അതിദാരുണവും ഭീകരവുമായ രീതിയില്‍ തുടര്‍ച്ചയായി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത്. മാച്ച് സ്‌കോര്‍ പറയുംപോലെ ആളുകള്‍ മരണം എണ്ണിത്തുടങ്ങിയ ദിവസങ്ങള്‍. പകരം കൊല്ലപ്പെടും എന്നത് ഉറപ്പായിരുന്നു. കൊല്ലപ്പെടുന്നത് ചെറിയ ഒരു അനുഭാവിയോ പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ഒരാളോ ആകാം. മൂന്ന് ദിവസത്തിനുള്ളില്‍ ഏഴു കൊലപാതകമാണ് അന്ന് തലശ്ശേരി-പാനൂര്‍ മേഖലയില്‍ നടന്നത്. ആ ദിവസങ്ങളില്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ അനില്‍കുമാര്‍ നോവലില്‍ വിവരിക്കുന്നുണ്ട്. ഏഴു ദിവസം തുടര്‍ച്ചയായി ഹര്‍ത്താലായിരുന്നു ഈ മേഖലയില്‍. കൊല്ലപ്പെടാമെന്ന ഭയവും തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കൊണ്ടുണ്ടാകുന്ന ദാരിദ്ര്യവും ഉറ്റവര്‍ കൊല്ലപ്പെട്ടു എന്നറിയുമ്പോഴുള്ള ഞെട്ടലും എല്ലാം പാനൂരിലെ ഒരാളുടെ മാത്രം അനുഭവമല്ല. ''എനിക്ക് മറക്കാനാവാത്ത അനുഭവമാണ് 1999 ഡിസംബറില്‍ ഉണ്ടായത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടതിന്റെ പേരിലുള്ള ഹര്‍ത്താലായിരുന്നു അന്ന്. ഞങ്ങള്‍ കൂട്ടുകാരെല്ലാം വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് ആയുധവുമായി ഒരു സംഘം ഇറങ്ങിവരുന്നത്. കനകരാജിനെ കൊന്ന ശേഷമുള്ള വരവാണ്. വെല്ലുവിളികളുമായി നീങ്ങിയ ആ സംഘം എന്റെ ജീവിതത്തിലെ ഷോക്കിങ് ആയ ഒരു അനുഭവമായിരുന്നു. എനിക്ക് വ്യക്തിപരമായി അടുപ്പമുള്ളയാളാണ് കനകരാജ്. മൈസൂരില്‍ കച്ചവടക്കാരനായ അദ്ദേഹം നാട്ടില്‍ അവധിക്ക് വന്നതായിരുന്നു. അദ്ദേഹം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല. സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ സഹോദരനെ ലക്ഷ്യം വെച്ച് കിട്ടാതായപ്പോള്‍ ഇദ്ദേഹം ഇരയാകുകയായിരുന്നു. ഇതൊരു രഹസ്യമല്ല. കണ്ണൂര്‍ രാഷ്ട്രീയം ശ്രദ്ധിക്കുന്ന എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. രാഷ്ട്രീയ വിയോജിപ്പ് കൊണ്ടല്ല അദ്ദേഹം കൊല്ലപ്പെട്ടതും. മരിച്ചപ്പോള്‍ പാര്‍ട്ടിക്കാരനായി. അതിനുകാരണം അദ്ദേഹത്തിന്റേത് സി.പി.എം. കുടുംബമാണ് എന്നതാണ്. ഒരുപക്ഷേ, ഞാന്‍ മരിച്ചു കഴിഞ്ഞാലും ഇങ്ങനെയായിരിക്കാം. ഞാന്‍ ഒരു ഇടതുപക്ഷ കുടുംബത്തില്‍പ്പെട്ടയാളാണ്. അതാണ് എന്റെ മേല്‍വിലാസം. ഒരിക്കലും മരിക്കാന്‍ പാടില്ലാത്ത ആളുകളാണ് പാനൂരില്‍ മരിക്കുന്നവരിലേറെയും. ക്രിമിനലുകളല്ല മരിക്കുന്നത്. ആ കൊലപാതകത്തിനു ശേഷം ഇപ്പുറത്തെ ഗ്രൂപ്പിലും ആയുധശേഖരം ഒക്കെ തുടങ്ങി. ഭീതിദമായ ഒരു അന്തരീക്ഷം. ആരും കൊല്ലപ്പെടാം. പിന്നെ വീട്ടില്‍ നില്‍ക്കാന്‍ പറ്റാതെ കുറേ ദിവസം മാറിനില്‍ക്കേണ്ടി വന്നു.''

പാര്‍ട്ടിയുടെ ഒളിത്താവളങ്ങള്‍

കണ്ണൂരില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ത്തന്നെ പാര്‍ട്ടികളിലെ പ്രധാനപ്പെട്ട ആളുകളൊക്കെ ഒളിവില്‍ പോകും. പലപ്പോഴും ആളെ കിട്ടാതാവുമ്പോഴാണ് അനുഭാവികളായ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത്. മാറിനില്‍ക്കുന്നവര്‍ക്കായി പാര്‍ട്ടികള്‍ സൗകര്യങ്ങളൊരുക്കും. കനകരാജിന്റെ കൊലപാതകത്തിനു ശേഷം അത്തരം ഒരു പാര്‍ട്ടിക്ക്യാമ്പിലാണ് അനില്‍കുമാറും എത്തിയത്. ഈ അനുഭവങ്ങള്‍ അതേപടി നോവലിലും പറയുന്നുണ്ട്. 
''ആ സമയത്തുണ്ടായ ഒരു ആധി അതിഭീകരമായിരുന്നു. എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ പ്രശ്‌നം ഉണ്ടായിരുന്നില്ല. ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ലല്ലോ എന്ന ബോധം ആയിരുന്നു. പക്ഷേ, വീട്ടുകാര്‍ മാറിനില്‍ക്കാന്‍ നിര്‍ബന്ധിച്ചു. കനകരാജിനെ കൊന്നതോടെ പേടിയായിരുന്നു. ലക്ഷ്യം വെക്കുന്ന ആളുടെ വീട്ടിലെ ആരെയെങ്കിലും മതി എന്നതായിരുന്നു. എന്റെ ഏട്ടനും സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണല്ലോ. നാളെ ചിലപ്പോള്‍ കൊല്ലപ്പെടുന്നത് ഞാനാവാം. ഇത് പാനൂര്‍ രാഷ്ട്രീയത്തിന്റെ ഒരു ഭാഗമാണ്. നിങ്ങളെ തിരിച്ചറിയുന്നത് നിങ്ങളായിട്ടല്ല. നിങ്ങളുടെ കുടുംബത്തിലെ ആരെ വെച്ചും നിങ്ങളെ ഐഡന്റിഫൈ ചെയ്യാം. അങ്ങനെ ഒരാഴ്ചയോളം വീട് വിട്ടുനിന്നു. ബോംബും വാളും ആയുധങ്ങളും ഒക്കെ വെച്ച ഒരു സ്ഥലത്ത് ഒരാഴ്ച കഴിച്ചുകൂട്ടുക എന്നെ പോലൊരാള്‍ക്ക് അത് ഭീകരമായ ഒരു അനുഭവമായിരുന്നു. അക്രമിക്കപ്പെടും എന്നു തോന്നുന്നവരൊക്കെ ഇങ്ങനെ മാറിനിന്ന് ഇത്തരം സ്ഥലങ്ങളിലാണ് കഴിയുക. പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഓരോ സ്ഥലത്തും ഇത്തരം സങ്കേതങ്ങള്‍ ഉണ്ടാകും. കുറേ പേര്‍ കാവല്‍ നില്‍ക്കും. ഇവര്‍ക്കു വേണ്ടി കുറെ പേര്‍ ഭക്ഷണം ഉണ്ടാക്കും. വേറൊരു അന്തരീക്ഷമാണത്. പാര്‍ട്ടിയുടെ ഓരോ പോക്കറ്റിലും ആ സമയത്ത് ഇങ്ങനെയൊരു അന്തരീക്ഷമായിരുന്നു. 
ഏഴുദിവസം തുടര്‍ച്ചയായി ഹര്‍ത്താലായിരുന്നു അന്ന്. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ കാലം. സാധനങ്ങള്‍ കിട്ടാനില്ലാതെ കപ്പയും കായും പുഴുങ്ങിക്കഴിച്ച് നാട്ടുകാര്‍ ജീവിച്ച നാളുകള്‍. അതിസമ്പന്നര്‍ ഉള്ള ഒരിടമല്ല പാനൂര്‍. രണ്ടു ദിവസം കൊണ്ട് സാധനങ്ങള്‍ കാലിയായി. പാര്‍ട്ടി ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടില്ല. 
കടയൊക്കെ തുറപ്പിച്ച് സാധനങ്ങള്‍ കൊണ്ടുവന്ന് സുഭിക്ഷമായി ഭക്ഷണം കിട്ടും. സാധാരണക്കാര്‍ പട്ടിണിയിലും. കണ്ണൂരില്‍ എവിടെ സംഘര്‍ഷം ഉണ്ടായാലും പാനൂരിലെ കടകളുടെ ഷട്ടര്‍ താഴും. ബസുകള്‍ ഓട്ടം നിര്‍ത്തും. ഓട്ടോ കിട്ടില്ല. ഇത് പതിവാണ്. കഴിഞ്ഞ ദിവസം നാട്ടിലേക്ക് ഓട്ടോ വിളിച്ചപ്പോള്‍ ഡ്രൈവര്‍ വരാന്‍ മടിച്ചു. ഞാന്‍ ധൈര്യം കൊടുത്ത് ഒരു പ്രശ്‌നവും ഉണ്ടാകില്ല എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് വണ്ടിയെടുപ്പിച്ചു. കാരണം എനിക്ക് രാത്രി വീട്ടിലെത്തണം. ഓട്ടോ ചമ്പാട് എത്തുമ്പോഴേക്കും വീട്ടില്‍നിന്ന് വിളി വന്നു. ഒരാള്‍ക്ക് വെട്ടേറ്റിട്ടുണ്ട് പെട്ടെന്ന് വീട്ടിലെത്താന്‍ പറഞ്ഞുകൊണ്ട്. ഞാനത് പറഞ്ഞാല്‍ ഓട്ടോക്കാരന്‍ അവിടെ എന്നെ ഇറക്കിവിട്ട് തിരിച്ചുപോകും. ഞാന്‍ മിണ്ടാതിരുന്ന് വീടെത്തുകയായിരുന്നു. ഓട്ടോയില്‍ കയറാനും ഭയക്കണം. കാരണം ഡ്രൈവറുടെ രാഷ്ട്രീയവും കൂടി നോക്കേണ്ടിവരും. എതിര്‍പാര്‍ട്ടി ലക്ഷ്യംവെക്കുന്നത്  അയാളേയുമാകാം.''

ഭ്രാന്ത് പോലെ പാര്‍ട്ടിപ്രവര്‍ത്തനം

''എന്തിനാണ് ഇവര്‍ ഭ്രാന്ത് പോലെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ആര്‍ക്കുവേണ്ടിയാണ്. വാര്‍ഡ് തെരഞ്ഞെടുപ്പില്‍പ്പോലും എന്റെ പരിചയക്കാരും പ്രിയപ്പെട്ടവരുമൊക്കെ ബൂത്തിലിരിക്കുകയും ആക്രോശിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് കാണാം. പാര്‍ട്ടിയുടെ കൊടി കീറിയിട്ടുണ്ടെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മഹാപാതകം ആയിട്ടാണ് അതിനെ കാണുക. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടി ഒരു പാര്‍ട്ടിയുടെ കൊടി കീറി. പെട്ടെന്നുതന്നെ ആളുകള്‍ കൂടി. അടി തുടങ്ങി. ഒരു ചെറിയ കുട്ടിയാണ് എന്ന് നോക്കി അവഗണിക്കാവുന്നതേ  ഉള്ളൂ. പക്ഷേ, അതൊരിക്കലും ഇവിടെ ഉണ്ടാവില്ല. പലപ്പോഴും സംഘര്‍ഷങ്ങളുടെ കാരണം അതി നിസ്സാരമാണ്. ലോക്കല്‍ സമ്മേളനത്തിനുണ്ടാക്കിയ സ്വാഗതസംഘം ഓഫീസിന്റെ കൊടി കീറി എന്നതൊക്കെയാണ് ഇപ്പോഴും ഇവിടത്തെ കാരണങ്ങള്‍. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നം. മറ്റു പ്രശ്‌നങ്ങളൊന്നും ഇവരെ ബാധിക്കുന്നില്ല. കണ്ണൂരില്‍ ഇരുപാര്‍ട്ടികളും പറയുന്നത് ഞങ്ങള്‍ നടത്തുന്നത് പ്രതിരോധമാണ് എന്നാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല എന്ന് നമുക്കറിയാം. ആരെയാണ് ഇവര്‍ പ്രതിരോധിക്കുന്നത്.''

പ്രതി ചേര്‍ക്കപ്പെടുന്നവര്‍

പാര്‍ട്ടി ഓഫീസുകളില്‍നിന്ന് ലിസ്റ്റ് കൊടുക്കുന്നതനുസരിച്ച് പ്രതിയാക്കുക എന്നത് വസ്തുതയാണെങ്കിലും അത് അതിശയോക്തിയായി കണ്ണൂരിന് പുറത്ത് അവതരിപ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രമിക്കാറുണ്ട്. അന്ധമായ പാര്‍ട്ടിബോധത്തിന്റെ പേരില്‍ സ്വമേധയാ ഏറ്റെടുക്കാന്‍ തയ്യാറാകുന്നവരും വ്യക്തിതാല്‍പ്പര്യങ്ങളും പാര്‍ട്ടിതാല്‍പ്പര്യങ്ങളും അനുസരിച്ച് പ്രതിചേര്‍ക്കപ്പെടുന്നവരും ഏറെയുണ്ട് കണ്ണൂരില്‍. കേസുകള്‍ പാര്‍ട്ടി നടത്തുമെങ്കിലും ജീവിതത്തിന്റെ വലിയൊരു കാലം കേസും ജയിലുമായി കഴിയാന്‍ വിധിക്കപ്പെടുന്നവര്‍. ഈ അനുഭവങ്ങളും ചോരപ്പുഴകളില്‍ അതേപടി കാണാം. സ്വന്തം സുഹൃത്തിന്റെ അനുഭവം തന്നെയാണ് അനില്‍കുമാര്‍ നോവലില്‍ ചേര്‍ത്തത്.
''ചെമ്പട്ട കേളു എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ പാനൂരില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതി ചേര്‍ക്കപ്പെട്ട സഹോദരങ്ങളില്‍ ഒരാള്‍ എന്റെ സുഹൃത്താണ്. അദ്ദേഹം ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയപ്പോഴാണ് പ്രതിചേര്‍ക്കപ്പെടുന്നത്. പിന്നീടയാള്‍ക്ക് ഗള്‍ഫില്‍ പോകാന്‍ കഴിഞ്ഞില്ല. രാഷ്ട്രീയമുണ്ടെങ്കിലും വളരെ സമാധാനപ്രേമിയായ ഒരാള്‍. അവന്‍ പറയും എന്റെ ജീവിതത്തിലെ 14 കൊല്ലത്തോളം കേസും ജയിലുമായി എനിക്ക് നഷ്ടപ്പെട്ടു എന്ന്. ഇത് എന്റെ പുസ്തകത്തില്‍ അതുപോലെ ചേര്‍ത്തിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകനായ അഷ്റഫിന്റെ കൊലപാതകത്തിലും ഇതുപോലെ എന്റെ ഒരു സുഹൃത്ത് പ്രതിചേര്‍ക്കപ്പെട്ടതാണ്. ആ കേസിന്റെ വിധി അടുത്തിടെയാണ് വന്നത്. ജീവപര്യന്തമാണ് അവന് കിട്ടിയ ശിക്ഷ. ഇങ്ങനെ നേരിട്ട് കൊല ചെയ്യപ്പെടാതെ കൊല ചെയ്യപ്പെടുന്ന നൂറുകണക്കിനാളുകള്‍ പാനൂര്‍ മേഖലയിലുണ്ട്.''

ഭീതിയോടെ പിറക്കുന്ന കുഞ്ഞുങ്ങള്‍

''എന്റെ ഭാര്യ ഇരിട്ടി സ്വദേശിയാണ്. കല്യാണം കഴിഞ്ഞ് പേടിയോടെയാണ് അവള്‍ എന്റെ നാട്ടിലേക്ക് വന്നത്. പക്ഷേ, വന്നശേഷം അവളുടെ ധാരണയാകെ മാറി. ഇത്ര നല്ല നാടിനെക്കുറിച്ചാണോ ആളുകള്‍ മോശം പറയുന്നത് എന്നായിരുന്നു പിന്നീട് ചോദ്യം. പാനൂര്‍ വളരെ മനോഹരമായ നാടാണ്. തീവ്രമായ മനുഷ്യബന്ധങ്ങളുള്ള നാടാണ്. ഞങ്ങളെല്ലാം സത്യസന്ധരാണ്. അതുകൊണ്ടുകൂടിയാവാം ഇത്തരം സംഘര്‍ഷങ്ങളിലേക്കും ഈ നാട് എത്തിയിട്ടുണ്ടാകുക. ഭാര്യ ഗര്‍ഭിണിയായ സമയത്താണ് നാട്ടില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുന്നത്. വീടിന്റെ മുറ്റത്തുകൂടിയൊക്കെ ബോംബും ആയുധങ്ങളുമായി ആളുകള്‍ ഓടുകയാണ്. ഇവള്‍ക്ക് ഭയങ്കര ടെന്‍ഷന്‍. മാനസികാവസഥ ആകെ മാറി. സൈക്കിക് ആയിപ്പോവുമെന്ന് ഞാന്‍ ഭയന്നു. സ്വന്തം വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചെങ്കിലും എനിക്കെന്തെങ്കിലും സംഭവിച്ചാലോ എന്നൊക്കെയുള്ള ആധിയില്‍ അവള്‍ പോകാനും തയ്യാറായില്ല. ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കുഞ്ഞുങ്ങള്‍ക്ക് ഒരു നാട് സമ്മാനിക്കുന്നതിനെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. എന്റെ അനുഭവമാണത്. ജനിച്ചപ്പോഴേക്കും മകന് ഭയങ്കര പേടി. ഭീകരമായ നിലവിളിയാണ്. ചെറിയ ശബ്ദം കേട്ടാല്‍പ്പോലും പേടി. എനിക്ക് കൗണ്‍സലിങ് അറിയാവുന്നതുകൊണ്ട് എനിക്കത് മാറ്റാന്‍ കഴിഞ്ഞു. ഞാന്‍ സൈക്കോതെറാപ്പിസ്റ്റ് കൂടിയായതുകൊണ്ട് എനിക്ക് കുട്ടികളെ ശ്രദ്ധിക്കാന്‍ കഴിയുന്നു. ഇതറിയാത്ത സാധാരണക്കാരായ ആളുകളല്ലേ നമ്മുടെ നാട്ടില്‍ കൂടുതല്‍ പേരും. ആ കുട്ടികളൊക്കെ പേടിയോടെയാണ് ജനിക്കുന്നത്. പേടിയോടെയാണ് വളരുന്നത്. എത്ര കുഞ്ഞുങ്ങളാണ് ഇങ്ങനെ മാനസിക സംഘര്‍ഷങ്ങളുമായി പിറന്നുവീഴുന്നത്. ജനിച്ചുവീഴുന്ന കുട്ടിക്കുപോലും ഒരു നാട് കൊടുക്കുന്നത് ഇത്രയും വലിയ സംഘര്‍ഷങ്ങളാണ്'. 

നായകന്മാരാകുന്ന ക്രിമിനലുകള്‍

ചോരപ്പുഴകളിലെ രണ്ട് പ്രധാന കഥാപാത്രങ്ങളാണ് പക്ഷിരാജുവും കൊയമ്പ്രം സജയനും. വ്യത്യസ്ത പാര്‍ട്ടിയിലെ അറിയപ്പെടുന്ന ക്രമിനലുകള്‍. എത്ര കൊലപാതകം നടത്തിയെന്ന് സ്വയം നിശ്ചയം പോലുമില്ലാത്തവര്‍. കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയത്തില്‍നിന്നുതന്നെ കണ്ടെത്തിയ രണ്ടുപേരാണ് ഈ കഥാപാത്രങ്ങള്‍. ഇത്രയും ക്രൂരത കാട്ടിയ ഈ രണ്ടുപേരും പ്രേമിച്ച് കല്യാണം കഴിച്ചവരാണ്. അതിശയിപ്പിക്കുന്ന തരത്തില്‍ പെണ്‍കുട്ടികളുടെ വീരപുരുഷന്മാരായി ഇവര്‍ മാറുന്നു. പാനൂരിലെ അറിയപ്പെടുന്ന ക്രിമിനലുകളില്‍ പലരേയും പ്രേമിച്ചാണ് വിവാഹം കഴിച്ചതെന്ന് അനില്‍കുമാര്‍ തന്നെ പറയുന്നു. ''വീരാരാധന ഇപ്പോഴുമുണ്ട്. ക്രിമിനലുകളെ പ്രേമിക്കുന്ന പെണ്‍കുട്ടികള്‍ കല്പിത കഥയല്ല. പാനൂരിന് പുറത്തുള്ളവര്‍ക്ക് കെട്ടുകഥപോലെ തോന്നാം. പക്ഷേ, ഞങ്ങളുടെ ഒരു റിയാലിറ്റിയാണിത്. ക്രിമിനലുകളൊന്നും നെഗറ്റീവ് കഥാപാത്രങ്ങളല്ല ഇവിടെ. ഞങ്ങളുടെ ക്രിമിനലും നായകനും ഒക്കെ ഒരാളുതന്നെയാണ്. ഇവരെപ്പോലുള്ള മനുഷ്യസ്‌നേഹികളെ നമുക്ക് കാണാന്‍ കഴിയില്ല. പൊളിറ്റിക്‌സ് വരുമ്പോള്‍ ഇവരുടെ സ്വഭാവം മാറും. അതു കഴിഞ്ഞാല്‍ ഇവര്‍ നാട്ടിലെ നായകന്മാരാണ്. എന്റെ കഥയിലെ പക്ഷിരാജുവും കൊയമ്പ്രം സജയനും വില്ലന്മാരല്ല, നായകന്മാരാണ്. നാട്ടിലൊരു കല്യാണമോ മരണമോ നടന്നാല്‍ ഇവരൊക്കെയായിരിക്കും സജീവമായിട്ടുണ്ടാകുക. എന്നെപ്പോലുള്ളവര്‍ ലീവെടുക്കാന്‍ പറ്റില്ലാന്നൊക്കെ പറഞ്ഞു മുഖം കാണിച്ച് പോകുന്നവരാണ്. നാട്ടുകാര്‍ക്കുവേണ്ടി ഓടാനും കഷ്ടപ്പെടാനും ഇവരുണ്ടാകും. ഇവിടെ കേസില്‍ പ്രതിയാകുന്ന പലരും കുടുംബവും കുട്ടികളുമൊക്കെയായി കഴിയുന്നവരാണ്.''

പിന്തുടരുന്ന ഭൂതകാലം

കാലക്രമേണ മാനസാന്തരപ്പെടുന്നവരാണ് അനില്‍കുമാറിന്റെ നോവലിലെ പല കഥാപാത്രങ്ങളും. മാനസാന്തരം സാധ്യമാകാത്ത തരത്തില്‍ ഈ വ്യവസ്ഥിതിയില്‍ പെട്ടുപോയവരാണ് പക്ഷേ, യഥാര്‍ത്ഥ ജീവിതത്തിലെ പലരും. ''ഒരു കേസില്‍ പെട്ടുകഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. ഇവരുടെ കേസ് നടത്താന്‍ പാര്‍ട്ടി തന്നെ വേണം. ജീവിച്ചുപോകാനുള്ള അന്തരീക്ഷം മാത്രമുള്ളവരാണ് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും. കേസുനടത്താനുളള പൈസ ഇവരെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല. അത് പാര്‍ട്ടി ഏറ്റെടുക്കും. എന്തു മാനസാന്തരം വന്നാലും ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. ഒരു പ്രശ്‌നം വരുമ്പോള്‍ ഇവര്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. കാരണം ഭൂതകാലം അള്ളിപ്പിടിച്ചു നില്‍ക്കുകയാണ് ഓരോരുത്തരിലും. പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് മടുത്തുതുടങ്ങിയെങ്കിലും അതേറ്റെടുക്കാന്‍ പുതുതലമുറ തയ്യാറായി കഴിഞ്ഞു എന്നതാണ് സങ്കടകരമായ അവസ്ഥ. ആയുധമേന്തുന്ന ഒരു പുത്തന്‍ തലമുറ പാനൂരില്‍ ഉണ്ടായിക്കഴിഞ്ഞു. കൊല നടന്ന വീടുകള്‍ക്കുമുണ്ട് പ്രത്യേകത. പാര്‍ട്ടിക്കുവേണ്ടി മരിച്ചതില്‍ അഭിമാനിക്കുന്ന വീട്ടുകാരുണ്ട്. പ്രിയപ്പെട്ടവരെ കൊന്ന പക മനസ്സിലിട്ട് നടക്കുന്ന ധാരാളം ചെറുപ്പക്കാരുണ്ടിവിടെ. മനസ്സിലുണ്ടാകുന്ന പക എളുപ്പത്തില്‍ കെട്ടുപോകില്ല. പകയുള്ള പലരും പിന്നീട് ക്രിമിനലുകളായി മാറുന്നുണ്ട്. ഒരു മരണം നടന്നുകഴിഞ്ഞാല്‍ ആ വീടിന് പുതിയ ഒരു പരിവേഷം കിട്ടും. പാര്‍ട്ടിക്ക് ഒരു പ്രധാനപ്പെട്ട വീടായി അത് മാറും. അവരുടെ കാര്യങ്ങള്‍ നടത്തുന്നതും അവരെ സഹായിക്കുന്നതും പിന്നെ പാര്‍ട്ടിക്കാരായിരിക്കും. ഇങ്ങനെ വീടുകള്‍ പൊളിറ്റിക്കലൈസ് ചെയ്യപ്പെടും. നിരസിക്കാന്‍ പറ്റാത്ത വിധം സ്‌നേഹത്തിന്റെ ഒരു കെട്ട് പാര്‍ട്ടി ഉണ്ടാക്കും. പാനൂര്‍ പോലുള്ള ഒരിടത്ത് അത് പൊട്ടിക്കുക എളുപ്പമല്ല. ഒരു സാധാരണ മനുഷ്യന് ഒരു പാര്‍ട്ടിയിലും പെടാതെ ഞങ്ങളുടെ നാട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ അതിനപ്പുറം ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ളവരായിരിക്കണം. 

ബാംഗ്ലൂര്‍ എന്ന സുരക്ഷിതയിടം

ബാംഗ്ലൂരിലേക്കുള്ള യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സിലാണ് നോവല്‍ തുടങ്ങുന്നത്. നായകനായ പക്ഷിരാജു അടക്കം നോവലിലെ കുറേ കഥാപാത്രങ്ങള്‍ ഈ ട്രെയിനില്‍ യാത്ര ചെയ്യുകയാണ്. ഈ ട്രെയിനും ബാംഗ്ലൂരും പാനൂരുകാരുടെ പരിചിത ഇടങ്ങള്‍ കൂടിയാണ്. ബാംഗ്ലൂരില്‍ ബേക്കറി ബിസിനസും മറ്റുമായി ധാരാളം പാനൂര്‍ക്കാരുണ്ട്. ''പാനൂരുകാരുടെ സുരക്ഷിത മേഖലയാണ് ബാംഗ്ലൂര്‍. നാട്ടില്‍ സംഘര്‍ഷം നടക്കുമ്പോള്‍ കൂട്ടത്തോടെ ആളുകള്‍ അങ്ങോട്ട് വണ്ടികയറും. യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സ് എന്നത് പാനൂര്‍കാരുടെ ഒരു താവളമാണ്. തലശ്ശരിയില്‍നിന്ന് ബാംഗ്ലൂരിലേക്കുള്ള ബസ് നോക്കിയാലറിയാം 90 ശതമാനവും പാനൂര്‍ക്കാരായിരിക്കും. രണ്ടാഴ്ചയൊക്കെ കഴിഞ്ഞ് പ്രശ്‌നങ്ങളെല്ലാം തണുക്കുമ്പോള്‍ ആളുകള്‍ തിരിച്ചുവരാന്‍ തുടങ്ങും.''
പുസ്തകത്തില്‍ ഒരു ഭാഗത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നുണ്ട്. ''ഞങ്ങളെ ബൂത്തില് എന്നെ പഠിപ്പിച്ച മാഷായിരുന്നു പ്രിസൈഡിങ് ഓഫീസര്‍. മൂപ്പര് ക്ലാസ്സീന്ന് വലിയ പ്രസംഗമൊക്കെ അടിക്കും. പക്ഷേ, മൂപ്പരുടെ മുമ്പ്ന്ന് ഒമ്പത് വോട്ടാ ഞാന്‍ ചെയ്തത്'' 18 കാരിയായ നിമിഷ പറയുന്നതാണ്. പഠിപ്പിച്ച കുട്ടികളൊക്കെയും ആകാശം മുട്ടെ വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കടുകുമണിപോലെ ചെറുതായി എന്നാണ് നോവലിലെ ഹരിദാസന്‍ സ്വയം സഹതപിക്കുന്നത്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കൂടിയായ അനില്‍കുമാര്‍ നേരിട്ട് അനുഭവിച്ച കാര്യങ്ങളാണ് ഇതൊക്കെ. ''തെരഞ്ഞെടുപ്പു സമയത്ത് പലപ്പോഴും പ്രിസൈഡിങ് ഓഫീസറായി പോകേണ്ടിവന്നിട്ടുണ്ട്. അവിടെ നടക്കുന്ന പല കാര്യങ്ങളും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് എനിക്ക് പുറത്തുപറയാന്‍ കഴിയില്ല. ഞാന്‍ പഠിപ്പിച്ച കുട്ടികള്‍ പലതവണ എന്റെ മുന്നില്‍കൂടി വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഉള്ളില്‍ അമര്‍ഷം നുരഞ്ഞുപൊങ്ങുമെങ്കിലും നിസ്സഹയാനാവാനേ കഴിയൂ. ഞങ്ങളുടെ നാട്ടില്‍ ഡ്യൂട്ടിയെടുത്ത നൂറുകണക്കിനാളുകളുടെ അനുഭവമാണിത്'.  

ഇത് വൈകാരികമല്ല 

''വൈകാരികതയുടെ പ്രശ്‌നമായി ചുരുക്കാവുന്നതല്ല കണ്ണൂരിലെ പ്രശ്‌നങ്ങള്‍. മനോരോഗസംബന്ധിയായ പ്രശ്‌നങ്ങളാണതെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ ക്രിമിനലുകള്‍ പക്ഷേ, ഒരിക്കലും കൗണ്‍സലിങിന് വിധേയരാവില്ല. അവര്‍ വിചാരിക്കുന്നത് അവരുടേത് നോര്‍മല്‍ ലൈഫാണ് എന്നാണ്. അവരെല്ലാം കല്യാണം കഴിക്കുന്നു, കുട്ടികളുണ്ടാകുന്നു, ജോലിക്ക് പോകുന്നു, കുടുംബം പോറ്റുന്നു, പിന്നെ എനിക്കെന്താണ് പ്രശ്‌നം എന്ന് അവര്‍ക്ക് തോന്നാം. ഏറ്റവും അടുത്ത ബന്ധുവിനെ കൊല്ലാന്‍ സഹായിച്ചിട്ട് സൈക്കിക് ആയി പോയ ആളെ എനിക്കറിയാം. വടക്കന്‍പാട്ടിലെ ചേകവരുടെ വീര്യം എന്നൊക്കെ എത്രകാലം നമുക്കു പറഞ്ഞുനടക്കാന്‍ കഴിയും.
എന്റെ തന്നെ ടെന്‍ഷന്‍ കുറയ്ക്കാന്‍ വേണ്ടിയാണ് ഞാന്‍ കൗണ്‍സലിങ് കോഴ്സ് പഠിച്ചത്. നാട്ടിലെ പലരും കൗണ്‍സലിങിന് വരാറുണ്ട്. രാത്രി ഇരുട്ടത്തിരുന്ന് വരെ കൗണ്‍സലിങ് നടത്തിയിട്ടുണ്ട്. പകല്‍ വീട്ടുകാരും നാട്ടുകാരും കാണും എന്നുള്ളതുകൊണ്ട്. മുഖം കാണാതെ കൗണ്‍സലിങ് നടത്താന്‍ പാടില്ല എന്നാണ്. പക്ഷേ, രാത്രി വയലില്‍ ഇരുന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടൊരാള്‍ക്ക് കൗണ്‍സലിങ് നടത്തിയിട്ടുണ്ട്.''
അനില്‍കുമാറിന്റെ നിഗമനത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉള്ള നിരവധിയാളുകള്‍ പാനൂര്‍ മേഖലയിലുണ്ട്. ബൈപ്പോളാര്‍ മൂഡ് ഡിസോര്‍ഡര്‍ എന്നാണ് പുസ്തകത്തില്‍ അതിനെ വിശേഷിപ്പിക്കുന്നത്. ഒരു ദേശത്തിനു ബാധിച്ച മാനിക് ഡിപ്രസീവ് സൈക്കോസിസിന്റെ ഇരകളാണ് ഇവിടുത്തെ കൊലയാളികള്‍ എന്നാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. ''ഈ പ്രദേശത്തിന്റെ കണക്കെടുത്താല്‍ സൈക്കിക് ആയ ആളുകളുടെ എണ്ണം കൂടിവരുന്നുണ്ടാകാം. എന്നാല്‍, അത്തരത്തിലൊരു പഠനം ഞങ്ങളുടെ മേഖലയില്‍ നടന്നിട്ടില്ല. എന്റെയടുത്ത് കൗണ്‍സലിങിനു വരുന്ന കുട്ടികള്‍ പറയുന്ന പ്രധാന പ്രശ്‌നം ടെന്‍ഷനാണ്. ഈ ടെന്‍ഷന്റെ കാരണം അന്വേഷിച്ച് പോയാല്‍ എത്തിനില്‍ക്കുന്നത് പ്രദേശത്ത് നടന്ന സംഘര്‍ഷങ്ങളിലാണ്.
കേസില്‍പ്പെട്ട് ജീവിതം തീര്‍ന്നുപോകുന്നവര്‍, ആത്മഹത്യ ചെയ്യേണ്ടിവന്നവര്‍, മദ്യത്തില്‍ ആശ്വാസം കണ്ടെത്തി നശിക്കുന്നവര്‍, എന്റെ കുഞ്ഞിനെപ്പോലുള്ള നൂറുകണക്കിന് കുഞ്ഞുങ്ങള്‍, ബോംബുണ്ടാക്കുമ്പോള്‍ പൊട്ടി കൈ പോയ ആളുകള്‍, അക്രമത്തില്‍ പരിക്കേറ്റവര്‍ ഇങ്ങനെ എത്ര ജീവിതങ്ങളാണ് ഇവിടെ. ഇതൊക്കെ ആരാണ് പുറംലോകത്തോട് പറയേണ്ടത്. നേരത്തെ ബോംബുണ്ടാക്കാന്‍ പുറത്തുനിന്ന് സഹായികള്‍ വരാറുണ്ട്. സ്റ്റീല്‍ ബോംബൊക്കെ പുറത്തുനിന്നു വന്നവരാണ് കൂടുതലും ചെയ്യുന്നത്. ഇപ്പോ ഇതൊക്കെ പ്രാദേശികമായും ചെയ്യാന്‍ തുടങ്ങി. പലയിടങ്ങളിലായി സൂക്ഷിച്ചുവെക്കുകയാണിത്. പാനൂര്‍ മേഖലയില്‍ ഇപ്പോഴും ബോംബുകളുണ്ട്. നമ്മളുണ്ടാക്കിയ പാര്‍ട്ടി ഓഫീസും നമ്മളുടെ ആളുകളേയും ആരോ അക്രമിക്കാന്‍ വരുന്നുണ്ട് എന്ന തോന്നലില്‍ ജീവിക്കുന്നവരാണ് ഇവിടുത്തെ പ്രവര്‍ത്തകരില്‍ ഏറെയും. അപ്പോള്‍ അവര്‍ക്ക് സംരംക്ഷണം കൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ഇവര്‍ക്ക് തോന്നുകയാണ്. ഇങ്ങനെ ക്രൈം ഉല്‍പ്പാദിപ്പിക്കുന്ന ഗ്രാമങ്ങള്‍ ഇപ്പോഴും പാനൂര്‍ മേഖലയിലുണ്ട്. സഹജീവിയെ അംഗീകരിക്കാനുള്ള മടിയാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. കണ്ണൂരില്‍ തോക്ക് ഉപയോഗിച്ച് തുടങ്ങിയിട്ടില്ല എന്നതാണ് ഒരു ആശ്വാസം. അതുകൂടി തുടങ്ങിയിരുന്നെങ്കില്‍ ഇവിടെയൊന്നും നില്‍ക്കില്ല. ബോംബും വാളും ഉപയോഗിക്കുന്നതിന്റെ അത്ര ബുദ്ധിമുട്ടോ സമയമോ തോക്കിന് വേണ്ടല്ലോ. ക്രൈം കുറയാന്‍ ഒരു കാരണം അതായിരിക്കാം. 
ഒരു പാനൂരുകാരന്‍ ഇതൊക്കെ പറയുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഇക്കാര്യങ്ങള്‍ പുറത്തേക്ക് വരിക. വ്യവസ്ഥാപിതമായ സി.പി.എം - ബി.ജെ.പി പൊളിറ്റിക്‌സ് അല്ല ഞാന്‍ പറഞ്ഞത്. പ്രശസ്തരായ എഴുത്തുകാര്‍ ഞങ്ങളുടെ നാട്ടിലുണ്ട്. അവരൊന്നും ഇതുവരെ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. പാനൂരിലെ പി.ആര്‍. കുറുപ്പിന്റെ കാലം മുതല്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം വരെ പുസ്തകത്തില്‍ വരുന്നുണ്ട്. ടി.പിയിലാണ് എന്റെ പുസ്തകം നിര്‍ത്തുന്നത്. ടി. പി. മരിച്ച ശേഷം ടി.വി കാണുമ്പോഴൊക്കെ ഞാന്‍ ആലോചിച്ച കാര്യം ഇതിലെങ്കിലും ഒരു പാനൂരുകാരന് പങ്കുണ്ടാകരുതേ എന്നാണ്. പക്ഷേ. കേസിന്റെ അവസാനം എത്തിയതും പാനൂരില്‍ തന്നെ. ഈ പുസ്തകം വായിച്ചിട്ട് ഒരാള്‍ക്കെങ്കിലും മാറി ചിന്തിക്കാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ സന്തോഷവാനാണ്. നാവില്ലാത്ത, മിണ്ടാന്‍ പേടിയുള്ള നൂറുകണക്കിനാളുകള്‍ ഇനിയും നമുക്കിടയിലൂടെ കടന്നുപോകും. അവരുടെയിടയില്‍ നിന്നുകൊണ്ട് എനിക്കിതിന് കഴിഞ്ഞു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഈ ദേശം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പാര്‍ട്ടിയിലെ നേതാക്കന്മാരില്‍ പലരും നോവല്‍ വായിച്ചിട്ടുണ്ടാകാം. സി.പി.എം. ജില്ലാസെക്രട്ടറി പി. ജയരാജന്റെ വീട്ടില്‍ ഞാന്‍ ഈ പുസ്തകം എത്തിച്ചിരുന്നു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാഷിനും പുസ്തകം കൊടുത്തിരുന്നു. എന്തെങ്കിലും ഒരു തരി ചലനം ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിച്ചായിരുന്നു. എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല.''
തലശ്ശേരി ചിറക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ടി.കെ. അനില്‍കുമാറിന്റെ ആദ്യ നോവല്‍ മതം വിഷയമായി വരുന്ന 'അല്‍ കാഫിറൂന്‍-സംവാദങ്ങളുടെ പുസ്തകം' ആണ്. സാഹിത്യ അക്കാദമി പുറത്തിറക്കിയ 'മലയാള സാഹിത്യത്തിലെ കീഴാള പരിപ്രേക്ഷ്യം', കുട്ടികള്‍ക്കുവേണ്ടിയുള്ള നാടകം 'ഒക്ടോബര്‍ 10' എന്നിവയാണ് മറ്റു കൃതികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com