ഗുരുപാതയിലെ   മൃദംഗമാധുരി

പാലക്കാട് മണി അയ്യരുടെ മൃദംഗ ശിഷ്യരില്‍ പ്രധാനിയായ തിരുവനന്തപുരം വി. സുരേന്ദ്രന്റെ മൃദംഗസപര്യയ്ക്ക് അരനൂറ്റാണ്ട്. മണി അയ്യരുടെ കലാജീവിതത്തിലെ അപൂര്‍വ്വതകളിലേയ്ക്കു വെളിച്ചമാകുന്ന സംഭാഷണം
തിരുവനന്തപുരം വി. സുരേന്ദ്രന്‍
തിരുവനന്തപുരം വി. സുരേന്ദ്രന്‍

പാട്ടിനെ പുഷ്ടിപ്പെടുത്തുന്ന പക്കവാദ്യമായി മൃദംഗത്തിലെ മനോഹരനിലകള്‍ ആവിഷ്‌കരിക്കുന്ന തലമുറയ്ക്കു ശിഷ്യപ്പെടുകയും മികച്ച സംഗീതജ്ഞര്‍ക്കു വായിക്കുകയും ചെയ്ത കലാകാരനാണ് തിരുവനന്തപുരം വി. സുരേന്ദ്രന്‍. മാവേലിക്കര വേലുക്കുട്ടി നായരുടെ അടിസ്ഥാന ശിക്ഷണത്തെത്തുടര്‍ന്ന് പാലക്കാട് മണി അയ്യര്‍ക്കു കീഴില്‍ ദീര്‍ഘകാലം ഗുരുകുലരീതിയില്‍ അഭ്യസിച്ച സുരേന്ദ്രന്റെ മൃദംഗവാദന സപര്യയ്ക്കു അരനൂറ്റാണ്ടു തികയുകയാണ്. വിവിധ ആകാശവാണി നിലയങ്ങളില്‍ പ്രവൃത്തിയെടുത്ത സുരേന്ദ്രന്‍ പാരമ്പര്യാധിഷ്ഠിതമായ ആധുനികാവബോധത്തോടെ മൃദംഗം വായിക്കുന്നു. 1959-ല്‍ സ്വാതിതിരുനാള്‍ മ്യൂസിക്ക് കോളേജില്‍ ചേര്‍ന്ന സുരേന്ദ്രന്‍ ഡിപേ്‌ളാമയ്ക്കുശേഷം മണി അയ്യരുടെ ശിഷ്യനായി. പാലക്കാട് മണി അയ്യരുടെ അവസാനത്തെ ശിഷ്യപ്രമുഖന്‍ എന്നൊരു ഖ്യാതിയും സുരേന്ദ്രനഉണ്ട്. അദ്ദേഹത്തിന്റെ അന്ത്യസമയത്ത് അടുത്തിരിക്കാനുള്ള ഗുരുത്വസൗഭാഗ്യവും സുരേന്ദ്രനു ലഭിച്ചു. പാലക്കാട് മണി അയ്യരുടെ കലാജീവിതത്തിലെ ചില അറിയാപ്പുറങ്ങളിലേയ്ക്കുള്ള സഞ്ചാരം കൂടിയാണ് ഈ സംഭാഷണം.


പാലക്കാട് മണി അയ്യരുടെ വത്സലശിഷ്യനായിത്തീര്‍ന്നതിന്റെ സാഹചര്യങ്ങളില്‍നിന്നു തുടങ്ങാം?
എന്റെ ഗുരുനാഥന്‍ മാവേലിക്കര വേലുക്കുട്ടി നായര്‍ മണി അയ്യരുടെ ശിഷ്യനായിരുന്നു. ഒരു മൃദംഗ കലാകാരന്റെയുള്ളില്‍ ഒരു സംഗീതജ്ഞന്‍ പ്രവര്‍ത്തിക്കണം. സംഗീതം കൈവിരലുകളിലൂടെ പ്രവഹിക്കണം. അദ്ദേഹം വാഗേ്ഗയകാരന്‍ കൂടിയായിരുന്നു. ഗുരുനാഥന്റെ ഒപ്പം നടന്ന് ശെമ്മാങ്കുടി, ജി.എന്‍.ബി, ചെമ്പൈ എന്നിവരുടെ കച്ചേരികള്‍ നിരന്തരം കേട്ടു. എങ്ങനെയാണ് വ്യത്യസ്തമായി വായിക്കേണ്ടത് എന്ന പരിചയം ലഭിച്ചു. പാട്ടുകാരനെ കവച്ചുവച്ച് മൃദംഗം വായിക്കാന്‍ പാടില്ല എന്നതായിരുന്നു ഞാന്‍ തിരിച്ചറിഞ്ഞ ആദ്യപാഠം. ഉമയാള്‍പുരം ശിവരാമന്‍, ടി.വി. ഗോപാലകൃഷ്ണന്‍, കാരെക്കുടി മണി തുടങ്ങിയവര്‍ ഈ മാര്‍ഗ്ഗം പിന്തുടരുന്നു. വേലുക്കുട്ടി നായരാണ് എന്നെ പാലക്കാട് മണി അയ്യരുടെ അടുത്തേയ്ക്ക് അയച്ചത്.

പാലക്കാട് മണി അയ്യരുടെ ശിക്ഷണസമ്പ്രദായം എങ്ങനെയായിരുന്നു?
ഒരു വിലയിരുത്തലോ അഭിപ്രായം പറയലോ ഗുരുവിന്റെ ഭാഗത്തുനിന്നു ഉണ്ടാവില്ല. മോശം എന്നോ നന്ന് എന്നോ ഒന്നും പറയില്ല. മറ്റുള്ളവരെക്കുറിച്ച് ഒരു അഭിപ്രായവും മോശമായി പറയാറുണ്ടായിരുന്നില്ല. ആത്മപ്രശംസ എന്തെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. നന്നായി എന്നു കേള്‍ക്കുമ്പോള്‍ 'ഭഗവാന്റെ അനുഗ്രഹം' എന്നുമാത്രം പറയും. ഇങ്ങനെയൊരു മഹാന്റെ കീഴില്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ത്തന്നെ നമ്മുടെ 'അഹ'മൊക്കെ കൊഴിയും. ഞാന്‍ അതുവരെ പഠിച്ചതെല്ലാം മറന്ന് ഒരു തുടക്കക്കാരനാവുകയായിരുന്നു അദ്ദേഹത്തിന്റെ മുന്നില്‍. അഭ്യാസം തുടങ്ങുമ്പോള്‍ മൃദംഗം എടുത്തുവയ്ക്കാന്‍ പറയും. ഒരു ചൊല്ല് വായിക്കാന്‍ പറയും. അതു വായിച്ചുകഴിഞ്ഞാല്‍ ചില പാഠങ്ങള്‍ പറഞ്ഞുതരും. നിധി കിട്ടുന്നതുപോലെയാണത്. ഒരു കൊല്ലം ആലോചിക്കാനുള്ള വക അതിലുണ്ടായിരിക്കും. അദ്ദേഹം ഒരു ചൊല്ലു വായിക്കുമ്പോഴുണ്ടാകുന്ന കനം, അതങ്ങനെ മനസ്‌സില്‍ അള്ളിപ്പിടിക്കും. ധീം എന്നു തട്ടിയാല്‍ മതി. അതിന്റെ വേറിട്ട സൗകുമാര്യം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ കച്ചേരിസ്ഥലങ്ങളില്‍ മൃദംഗം അഴിക്കുമ്പോഴേയ്ക്കും ശ്രോതാക്കള്‍ ആരവമുയര്‍ത്തി കരഘോഷം മുഴക്കിയിരുന്നു. മൃദംഗത്തിന്റെ ദൈവത്തിനു മുന്നിലുള്ള പ്രാര്‍ത്ഥനപോലെയായിരുന്നു അത്. ചാത്തപുരം സുബ്ബയ്യരാണ് മണി അയ്യരുടെ ആദ്യത്തെ ഗുരുനാഥന്‍. തഞ്ചാവൂര്‍ വൈദ്യനാഥയ്യരും അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. എന്നാല്‍, ശിഷ്യന്‍ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി. ഞാന്‍ ഗുരുകുലരീതിയില്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ടാണ് പഠിച്ചത്. അദ്ദേഹത്തിനു സാമുദായികമായ വേര്‍തിരിവ് ഉണ്ടായിരുന്നില്ല. കലാപഠനത്തിലോ അരങ്ങിലോ അത്തരം വേര്‍തിരിവ് ഇല്ല എന്ന് അദ്ദേഹം വിശ്വസിച്ചു. മകന്‍ രാജാമണി നന്നായി മൃദംഗം വായിക്കും. ശിഷ്യനുമാണ്. അച്ഛനും മകനും തമ്മില്‍ മൃദംഗസംബന്ധിയായ ചര്‍ച്ചകള്‍ നടത്തുമായിരുന്നു. പുതുതായി ഒന്നു കണ്ടെത്തിയാല്‍ മകനെ കേള്‍പ്പിക്കും. ചിന്താശേഷിയാര്‍ന്ന മൃദംഗകലാകാരനാണ് രാജാമണി. 'ശിവോഹം' എന്ന് അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു.

ഒരു കലാകാരന്‍ എന്ന നിലയില്‍ മണി അയ്യരെ നിരീക്ഷിച്ചപ്പോള്‍ കണ്ടെത്തിയ പുതുമകള്‍ എന്തൊക്കെയാണ്?
തയ്യാറെടുപ്പുകളെക്കുറിച്ചാണ് ആദ്യം പറയേണ്ടത്. അദ്ദേഹം തഞ്ചാവൂരിലും മദിരാശിയിലും കല്പാത്തിയിലും താമസിച്ച സമയത്തു ഞാന്‍ ഒപ്പം ശ്രുതിയുള്ള, അതായതു പാട്ടുകാരന്റെ ശ്രുതിക്കനുയോജ്യമായ നല് മൃദംഗങ്ങള്‍ ഒരുക്കിവയ്ക്കും. കരുതലാണത്. ശെമ്മാങ്കുടി, ചെമ്പൈ, എം.ഡി. രാമനാഥന്‍ എന്നിവര്‍ക്കുവേണ്ടിയൊക്കെ ഇങ്ങനെ ഒരുക്കുന്നതില്‍ ഞാന്‍ സഹായിയായിട്ടുണ്ട്. ദൂരേയ്ക്കു പോകുമ്പോള്‍ ഒരു റിപ്പയററും ഉണ്ടാകും. ഫര്‍ലാന്ത് എന്നു പേരുള്ള, തഞ്ചാവൂര്‍ സ്വദേശി ഏറെക്കാലം ഗുരുനാഥന്റെ മൃദംഗ റിപ്പയറര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മൃദംഗ നിര്‍മ്മാണവും പരിചണവും തൃപ്തിപ്പെട്ട ഒരു സന്ദര്‍ഭത്തില്‍ തനിക്കു കിട്ടിയ പൊന്നാട ഗുരുനാഥന്‍ ഫര്‍ലാന്തിനെ പുതപ്പിക്കുകയുണ്ടായി. തുടര്‍ന്നു രാജമാണിക്യം എന്നൊരാള്‍ സഹായിയായി വന്നു. തന്റെ വാദ്യത്തിന്റെ പരിചരണത്തില്‍ മണി അയ്യര്‍ ഏറെ ശ്രദ്ധാലുവായിരുന്നു.

മൃദംഗത്തിനും വയലിനുമപ്പുറം ഘടവും ഗഞ്ചിറയും അന്ന് അത്രയ്ക്കു സാര്‍വ്വത്രികമായിരുന്നില്ലല്ലോ?
ഘടത്തില്‍ വില്വാദി അയ്യര്‍, ഉമയാള്‍പുരം വിശ്വനാഥ അയ്യര്‍ ഗഞ്ചിറയില്‍ ദക്ഷിണാമൂര്‍ത്തി പിള്ളൈ എന്നിവര്‍ പ്രശസ്തരായിരുന്നു.

വയലിനില്‍ മണി അയ്യര്‍ക്ക് ആര്‍ക്കൊക്കെ ഒപ്പമായിരുന്നു പൊരുത്തം?
ടി.എന്‍. കൃഷ്ണന്‍, ചൗഡയ്യ, ലാല്‍ഗുഡി ജയരാമന്‍, കുംഭകോണം രാജമാണിക്യം പിള്ള എന്നിവര്‍ക്കൊപ്പം എന്നു പറയാം.

മണി അയ്യരുടെ മൃദംഗം. പാട്ടുകാരും വയലിന്‍കാരും. ചേര്‍ച്ചകളെക്കുറിച്ചു കേള്‍വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തൂ?
ഗുരുനാഥന്റെ മൃദംഗം. ശെമ്മങ്കുടിയും ടി.എന്‍. കൃഷ്ണനും. ജി.എന്‍.ബിയും ചൗഡയ്യയും. ചെമ്പൈയും ചൗഡയ്യയും. എം.ഡി. രാമനാഥനും ലാല്‍ഗുഡി ജയരാമന്‍ അല്ലെങ്കില്‍ ടി. എന്‍. കൃഷ്ണന്‍. കെ.പി. നാരായണസ്വാമിയും ടി.എന്‍. കൃഷ്ണനും. ആലത്തൂര്‍ സഹോദരന്മാരും ലാല്‍ഗുഡി ജയരാമനും ഡി.കെ. പട്ടമ്മാളും തിരുപ്പാക്കടല്‍ വീര രാഘവനും. ഇങ്ങനെ സര്‍വ്വലഘുപ്രധാനമായ, വ്യവഹാര പ്രധാനമായ, പതിഞ്ഞകാല പ്രധാനമായ പല കച്ചേരികള്‍ക്കും വിവിധ വയലിന്‍ വാദകര്‍ക്കൊപ്പം അദ്ദേഹത്തിന്റെ മൃദംഗം കേട്ടിട്ടുണ്ട്.

മണി അയ്യരുടെ ഇതര വാദ്യതാല്പര്യങ്ങള്‍ എന്തൊക്കെയായിരുന്നു?
തവില്‍ക്കാരെക്കുറിച്ചു പറയുന്നതു കേട്ടിട്ടുണ്ട്. വലിയ തവില്‍ക്കാരുടെ വായനാസുഖം, പുതിയ അവതരണങ്ങള്‍ എന്നിവ ആസ്വാദന തലത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. നാച്ചിയാര്‍ കോവില്‍ രാഘവപിള്ള, തഞ്ചാവൂര്‍  വേണുപ്പിള്ള എന്നിവരുടെ തവിലിനെക്കുറിച്ചു നല്ല മതിപ്പായിരുന്നു. തായമ്പകയും പഞ്ചവാദ്യവും കേള്‍ക്കാന്‍ താല്പര്യമായിരുന്നു എങ്കിലും അഭിപ്രായമൊന്നും പ്രകടിപ്പിക്കാറില്ല. 1968-ല്‍ മദ്രാസ് മ്യൂസിക്ക് അക്കാദമിയില്‍ തൃത്താല കേശവപ്പൊതുവാളുടെ തായമ്പക കേട്ടിരുന്ന മണി അയ്യര്‍ തായമ്പകയ്ക്കുശേഷം തൃത്താല കേശവപ്പൊതുവാളുടെ കരം ഗ്രഹിച്ച് ആ കൈപിടിച്ചുയര്‍ത്തി ''ഈ കൈ ഒരിക്കലും തളരാതിരിക്കട്ടെ' എന്നു അനുഗ്രഹിക്കുകയുണ്ടായി.

ജുഗല്‍ബന്ദികളോട് അദ്ദേഹത്തിന്റെ സമീപനം എന്തായിരുന്നു?
ഏതു വാദ്യത്തോടൊപ്പവും യോജിക്കാനുള്ള അപാരമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കൃഷ്ണന്‍ മഹാരാജ്, അള്ളരഖ, സക്കീര്‍ഹുസൈന്‍ എന്നിവരുടെ തബലയ്‌ക്കൊപ്പം, ചിട്ടി ബാബുവിന്റെ വീണയ്‌ക്കൊപ്പം ഒക്കെ കേട്ടിട്ടുണ്ട്. എല്‍. സുബ്രഹ്മണ്യവും സക്കീര്‍ഹുസൈനും മണി അയ്യരും ചേര്‍ന്നുള്ള സമന്വയം ഓര്‍മ്മയിലുണ്ട്. വലിയ വ്യവഹാരങ്ങളില്ലാത്തതും അനുഭൂതി പ്രാധാന്യമായതുമായ വായന.

അവസാനകാലമാവുമ്പോഴേയ്ക്കും ശിക്ഷണരീതിയില്‍ മാറ്റം വന്നിരുന്നുവോ?
എനിക്കു സ്‌കോളര്‍ഷിപ്പിനുവേണ്ടി കോരുവകള്‍, മോറ, മുത്തായിപ്പുകള്‍ എല്ലാം പറഞ്ഞുതന്നിരുന്നു, പ്രത്യേകമായവ. അദ്ദേഹം ഒരു ചൊല്ല് വായിച്ചു അതിനെ വിശദീകരിക്കാന്‍ പറയും. ഒരര്‍ത്ഥത്തില്‍ പരീക്ഷതന്നെ. പിറ്റേദിവസം ഇന്നലത്തെ പാഠത്തെക്കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും. ഉത്തരം തൃപ്തികരമല്ലെങ്കില്‍ ഒന്നുകൂടി വായിച്ചുതരും. പിന്നെ താളമിട്ടു പറഞ്ഞുതരും. ആവര്‍ത്തിച്ചു പറയിപ്പിക്കലിലൂടെ അടിസ്ഥാനശിക്ഷണം നല്‍കന്ന രീതിയായിരുന്നു ഗുരുനാഥന്റേത്. തെറ്റ് ആവര്‍ത്തിച്ചാല്‍ അമര്‍ത്തിയ ഒരു നോട്ടമുണ്ട്. ഒരു മാസത്തേയ്ക്ക് ആ നോട്ടത്തിന്റെ തീക്ഷ്ണത നിലനില്‍ക്കും. വേദനിപ്പിക്കുകയോ വേദനിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ പറയുകയോ ചെയ്യില്ല. ഒരിക്കല്‍ ഗുരുനാഥന്റെ ആവശ്യത്തിനുവേണ്ടി പുറത്തുപോയി. വേണ്ടപ്പെട്ട പലരെയും കണ്ടു തിരിച്ചെത്താന്‍ വൈകി. ഈ വൈകല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. എന്റെ പഠനസമയം തന്നെയാണ് നഷ്ടപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍ നേരിയൊരു ശാസനാരൂപത്തില്‍ സംസാരിക്കുകയുണ്ടായി. അത് എനിക്കൊരു പാഠമായിരുന്നു. ശിഷ്യരുടെ ഉയര്‍ച്ചയ്ക്കുവേണ്ടി അദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. ഞാന്‍ കോഴിക്കോട്ടു താമസിക്കുമ്പോള്‍ വീട്ടില്‍ വന്നിട്ടുണ്ട്. ചെന്നൈയില്‍ കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കുമ്പോള്‍ ഗുരുനാഥന്റെ തികഞ്ഞ സഹായസഹകരണങ്ങള്‍ ഉണ്ടായിരുന്നു. കാരെക്കുടി മണി ഒന്നാമതും ഞാന്‍ രണ്ടാമതുമായി അര്‍ഹത നേടി. തിരുവനന്തപുരം വി. സുരേന്ദ്രന്‍ എന്ന് എനിക്കു പേരിട്ടതും ഗുരുനാഥനാണ്.

പാലക്കാട് മണി അയ്യരുടെ ശിഷ്യനായിരുന്നതിനുശേഷം താങ്കളുടെ മൃദംഗശൈലിയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?


 അദ്ദേഹത്തിന്റെ കീഴില്‍ പഠിക്കുമ്പോള്‍, അദ്ദേഹത്തെ കേള്‍ക്കുമ്പോള്‍ കച്ചേരിക്കു വായിക്കണമെന്നു തോന്നില്ല. നമ്മള്‍ ഒന്നുമല്ല എന്ന തോന്നല്‍. ശെമ്മാങ്കുടി സ്വാമിയും വേലുക്കുട്ടി നായരും എന്നെ മണി അയ്യരുടെ അടുത്തേയ്ക്ക് അയച്ചപ്പോള്‍ അവര്‍ ലക്ഷ്യമിട്ടതിന്റെ ചെറിയ ഒരംശമെങ്കിലും നേടേണ്ട കലാബാധ്യതയ്ക്കായി ഞാന്‍ ഏറെ അധ്വാനിച്ചു. സ്ഫുടത, വ്യക്തത, കാലപ്രമാണം എന്നിവയില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പുതിയ അറിവുകളും പ്രയോഗസാധ്യതകളും രൂപപ്പെട്ടു. ഡി.കെ. പട്ടമ്മാളിനും ബാലമുരളീകൃഷ്ണയ്ക്കുമടക്കം വായിക്കാനുള്ള ആത്മവിശ്വാസം കൈവന്നു. തുടര്‍ന്ന് അതു വര്‍ദ്ധിച്ചു. ഗുരുനാഥന്‍ ഇരുന്നു വായിച്ചിരുന്ന സ്ഥലത്ത് ഇരുന്നു വായിക്കാനുള്ള മഹാഭാഗ്യം ഉണ്ടായി. കലാപരമായി യോഗ്യത ഇല്ലെങ്കിലും ശിഷ്യസ്ഥാനീയനായി അതിനുള്ള യോഗം ഉണ്ടായല്ലോ. പാട്ടിനു സമ്പ്രദായമായി വായിക്കുന്ന രീതിയാണ് ഞാന്‍ പിന്തുടരുന്നത്.

താങ്കള്‍ പിന്‍പറ്റുന്നതും ഗുരുനാഥന്റെ ശിക്ഷണ പാരമ്പര്യമാണോ?
മക്കള്‍ സന്ദീപ്, ശങ്കര്‍, സഹോദരന്‍ രവീന്ദ്രന്‍, പിന്നെ തലവൂര്‍ വേണു, അക്ഷയ്, ശ്രീകാന്ത്, ദീപേഷ് അങ്ങാടിപ്പുറം തുടങ്ങി പത്തു വയസ്‌സുകാരനായ അങ്ങാടിപ്പുറം ദേവീപ്രസാദ് വരെ എന്റെ ശിഷ്യരാണ്. ഞാന്‍ ഒരേ സമയം മണി അയ്യരുടെ ശിഷ്യനും പ്രശിഷ്യനുമാണ്. ആ ശൈലി പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കേണ്ട ആവശ്യകത ഞാന്‍ മനസ്‌സിലാക്കുന്നു. മണി അയ്യര്‍ ഒരു പ്രസ്ഥാനമായിരുന്നു. അദ്ദേഹത്തിന്റെ വാദനരീതിയുടെ അംശലേശമെങ്കിലും പകര്‍ന്നുകൊടുക്കാന്‍ സാധിക്കുന്നത് അഭിമാനമാണ്. പാട്ടുകാരന്‍ മൃദംഗക്കാരനെ ഒപ്പം കൊണ്ടുപോകണം. മൃദംഗക്കാരന്‍ പാട്ടുകാരന് അനുകൂലമായി വായിക്കണം. ഇത്തരം പാഠങ്ങളും പകര്‍ന്നുകൊടുക്കാറുണ്ട്.

പാലക്കാട് മണി അയ്യരുടെ അവസാന നിമിഷത്തിനു സാക്ഷിയായതിന്റെ അനുഭവങ്ങള്‍ പറയൂ?
എറണാകുളത്തെ ആശുപത്രിയില്‍ വച്ചായിരുന്നു ഗുരുനാഥന്‍ ഓര്‍മ്മയായത്. അദ്ദേഹത്തിന്റെ പത്‌നി, മക്കള്‍ ത്യാഗരാജനും രാജാമണിയും ഒപ്പമുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ നെഞ്ചു തടവിക്കൊടുത്ത്. ആശുപത്രിക്കിടക്കയിലും അദ്ദേഹത്തെ പരിചരിക്കാന്‍ അവസരം ഉണ്ടായി. ചില പന്തികേടുകള്‍ തോന്നിയ നേരത്തു ഞാന്‍ അദ്ദേഹത്തിന്റെ കരം കവര്‍ന്നു. അദ്ദേഹം എന്റെ തള്ളവിരലില്‍ അമര്‍ത്തിപ്പിടിച്ചു. പതുക്കെ പിടി അയഞ്ഞു. പിന്നെ... എന്റെ വിരലുകളില്‍ സ്പര്‍ശിച്ചപ്പോഴുണ്ടായ ഗുരുത്വം. അത് എന്റെ ഭാഗ്യം. നൂറു ശതമാനമുള്ള അനുഗ്രഹമായി ഞാനതിനെ കാണുന്നു. 1959 മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ മൃദംഗം വഹിച്ചു യാത്ര ചെയ്തിട്ടുണ്ട്. നവരാത്രി മണ്ഡപത്തിലെ കച്ചേരിക്കു തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ ഗുരുനാഥന്‍ വന്നിറങ്ങും. അദ്ദേഹം മൃദംഗം പോര്‍ട്ടറെക്കൊണ്ടു ചുമപ്പിക്കുമായിരുന്നില്ല. വെല്‍വറ്റ് കവറില്‍ പൊതിഞ്ഞ നാലു മൃദംഗങ്ങള്‍ ഉണ്ടാവും. അന്ന് ആഗ്രഹിച്ചതാണ് അദ്ദേഹത്തിനു ശിഷ്യപ്പെടണമെന്ന്. പേരിനൊരു ശിഷ്യനാകാതെ ബോധിച്ച ശിഷ്യനായി. ഞാന്‍ ആകാശവാണിയില്‍ പ്രമുഖ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ഒപ്പം ജോലി ചെയ്തു. പ്രമുഖര്‍ക്കുവേണ്ടി നിലയത്തിലും അരങ്ങിലും ധാരാളം വായിച്ചു. ആകാശവാണിയില്‍ എ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റായി. കേരള സംഗീത നാടക അക്കാദമിയും മദ്രാസ് മ്യൂസിക്ക് അക്കാദമിയും ആദരിച്ചു. അന്‍പതു വര്‍ഷമായുള്ള മൃദംഗ സപര്യ തനിക്ക് അഭിമാനവും ആനന്ദവും നല്‍കി. പാലക്കാട് മണി അയ്യരുടെ ശിഷ്യന്‍ എന്ന വിശേഷണം, ആ ഗുരുത്വം അതാണ് എന്റെ മൃദംഗകലാസഞ്ചാര വഴി ഇന്നേവരെ തടസ്‌സപ്പെടാതെ നിലനില്‍ക്കാന്‍ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com