പെണ്ണേ, ഞാന്‍ നിന്നെ തല്ലിയപ്പോള്‍ ലെനിന്‍ കണ്ണീരൊഴുക്കി   

ഈ പുസ്തകം എന്നെക്കുറിച്ചുള്ളതാണ്, ഈ പുസ്തകം ഒരു ഭാര്യ എന്ന നിലയില്‍ എന്റെ സാമൂഹ്യ വ്യക്തിത്വത്തെക്കുറിച്ചുള്ളതാണ്
പെണ്ണേ, ഞാന്‍ നിന്നെ തല്ലിയപ്പോള്‍ ലെനിന്‍ കണ്ണീരൊഴുക്കി   

ഴുത്ത് അനുഭവവും അനുഭവം എഴുത്തും ആകുന്ന ഒരു പുതിയ സാഹിത്യകാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. എഴുത്തിനും അനുഭവത്തിനും ഇടയില്‍ നില്‍ക്കേണ്ടുന്നതായ ഭാവനയുടെ ഒരു നേരിയ പാളിയുണ്ട്, അതാണ് എഴുത്തിലൂടെ തെളിയുന്ന എഴുത്തുകാരന്റെ അല്ലെങ്കില്‍ എഴുത്തുകാരിയുടെ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ കലയുടെ തലത്തിലേക്ക് ഉയര്‍ത്തുന്നത്. ദേഹാനുഭാവത്തിന്റെ സ്ഥാനചലനവും അതിവൈകാരികതയില്‍നിന്നുള്ള അകലവുമാണ് ഭാവനയുടെ ഈ പാളി ഉറപ്പുവരുത്തുന്നത്. ആധുനിക സാഹിത്യം മുഴുവന്‍ ഊന്നിയത് ഭാവനയുടെ ഈ പാളിയെ എത്രത്തോളം വൈയക്തികാനുഭവങ്ങളില്‍ പങ്കാളിയാക്കാം എന്നുള്ളതായിരുന്നു. ഭാവനയും എഴുതപ്പെട്ട യാഥാര്‍ത്ഥ്യവും തമ്മില്‍ ഇടകലര്‍ന്നു പുതിയൊരു അനുഭവം, ബോധം, പരിസരം എന്നിവ സൃഷ്ടിക്കപ്പെടുന്നു. കഥാപാത്രങ്ങളുടെ വ്യഥ ഒരു പരിധിവരെ എഴുത്തുകാരനില്‍നിന്നു മാറി നില്‍ക്കുന്നത് ഇതുകൊണ്ടാണ്. പക്ഷേ, കാലം മാറിയിരിക്കുന്നു; ചരിത്രത്തെത്തന്നെ നിഷേധിക്കുന്ന സമകാലത്തില്‍ എഴുത്തുകാരിയുടെ അനുഭവത്തിന്റെ നേരെഴുത്തിനു ഭാവനയുടെ പാളി തടസ്സമാവുകയാണ്. എന്നാല്‍, ആ നേരെഴുത്തുകളെ കേവല ആത്മകഥയായി ആരും വായിച്ചെടുക്കുന്നില്ലെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും പോകുന്നത് എഴുതപ്പെടുന്നതും വായിക്കപ്പെടുന്നതും ആയ കാലത്തിനുതന്നെയാണ്. കാലം ഇവിടെ നാം നേരത്തെ കണ്ട ഭാവനയുടെ അഥവാ ഫിക്ഷന്റെ പാളിയാവുകയാണ്. സാഹിത്യത്തിലല്ല നേരെ മറിച്ച് ജീവിതത്തിലാണ് മുന്‍പ് സാഹിത്യത്തില്‍ കണ്ട യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നത്. പഴയ നിരൂപണ ഭാഷയില്‍ പറഞ്ഞാല്‍, 'അവിശ്വാസ്യതയുടെ താല്‍ക്കാലികമായ റദ്ദാക്കല്‍' ഈ പുതിയ എഴുത്തില്‍ കാണുന്നു. അതിനാല്‍ അവ പുതിയ വായനാരീതികളും ആവശ്യപ്പെടുന്നു.

മീനാ കന്ദസാമിയുടെ പുതിയ പുസ്തകമായ 'വെന്‍ ഐ ഹിറ്റ് യു അഥവാ ഒരു യുവഭാര്യ എന്ന നിലയില്‍ എഴുത്തുകാരിയുടെ ചിത്രം' വായനക്കാരുടെ സമക്ഷം ഒരു വിമര്‍ശന പരിപ്രേക്ഷ്യത്തിലൂടെ അവതരിപ്പിക്കുന്നതിനു ഇത്തരം ഒരു മുഖവുര വേണമെന്നു തോന്നി. പുസ്തകത്തിന്റെ പേര് എല്ലാം പറയുന്നുണ്ട്. അമൂര്‍ത്തതകള്‍ക്കു ഇടം കൊടുക്കാത്ത രീതിയില്‍ എഴുത്തുകാരി തന്റെ സാന്നിധ്യം പുസ്തകത്തിന്റെ പേരില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ പുസ്തകം എന്നെക്കുറിച്ചുള്ളതാണ്, ഈ പുസ്തകം ഒരു ഭാര്യ എന്ന നിലയില്‍ എന്റെ സാമൂഹ്യ വ്യക്തിത്വത്തെക്കുറിച്ചുള്ളതാണ്- ഇത് എന്റെ നേര്‍ച്ചിത്രമാണ് ഇതൊക്കെ മീന നേരിട്ടങ്ങു പറയുകയാണ്. പക്ഷേ, ആ വിശദീകരണത്തെ അസ്ഥിരമാക്കുന്നതാണ് പേരിന്റെ ആദ്യഭാഗം: വെന്‍ ഐ ഹിറ്റ് യു- നിന്നെ ഞാന്‍ പ്രഹരിക്കുമ്പോള്‍. ഭാര്യയെ പ്രഹരിക്കുക എന്നതിനു മതപരവും സാമൂഹികവുമായ സാധുതകള്‍ ഉള്ള ഒരു ലോകത്തില്‍, അങ്ങനെ പ്രഹരം ഏല്‍ക്കുന്ന ഭാര്യ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു സാധ്യതാ പഠനം കൂടിയായി അപ്പോള്‍ പുസ്തകം പ്രസക്തമാകുന്നു. ഈ ഒരു ചട്ടക്കൂടില്‍ പുസ്തകത്തെ നമുക്ക് സമീപിക്കുന്നതിനു കാരണങ്ങള്‍ ഉണ്ട്. നാം ഏലി ഷെഫാക്കിന്റെ പുസ്തകങ്ങളും തെഹ് മീന ദുറാനിയുടേയുമൊക്കെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനത്തിന്റെ സിംഫണികള്‍ നാം ഈ പുസ്തകങ്ങളില്‍ കേട്ടിട്ടുണ്ട്. പോരെങ്കില്‍ മീനാ കന്ദസാമിയുടെ വിവാഹ 'ജീവിതകഥ' അവരുടെ തന്നെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും പലപാട് വെളിച്ചം കണ്ടിട്ടുള്ളതുമാണ്. അതോടെ ഈ പുസ്തകം ഒരു പീഡനകാലത്തിന്റെ നേര്‍ച്ചിത്രം എന്ന നിലയില്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.
അനുഭവ കഥന സാഹിത്യം ഇന്ന് ബുക്ക് ഷെല്‍ഫുകളില്‍നിന്നു ചിറകുവെച്ചു പറന്ന് നമ്മുടെ പഠന മുറികളിലേക്കു ചേക്കേറുന്നതിനു കാരണം മറ്റുള്ളവരുടെ ജീവിതം എന്തെന്ന് അറിയാനുള്ള കൗതുകം മാത്രമാണെന്നു തോന്നുന്നില്ല. മീനയുടെ പുസ്തകത്തില്‍ത്തന്നെ ഒരു സന്ദര്‍ഭത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു ട്രൂ മാന്‍ ഷോ ജീവിതമാണ് നാം ഇന്നു നയിക്കുന്നത്. ട്രൂ മാന്‍ ഷോയില്‍ ആ പാവം മനുഷ്യന്‍ താന്‍ ക്യാമറയ്ക്കുള്ളില്‍ ആണെന്ന് അറിയുന്നില്ല. വര്‍ത്തമാനകാല ജീവിതം നമ്മെ ക്യാമറയ്ക്കുള്ളിലാണെന്നു ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. എന്നു മാത്രമല്ല, ക്യാമറയ്ക്കുള്ളില്‍ അല്ലാത്ത ജീവിതം ജീവിതം അല്ല എന്നുകൂടി നാമിപ്പോള്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. കാണുന്നതിനെ കാണിക്കുക, സ്വന്തം അനുഭവം സ്വന്തമല്ല എന്നുള്ളതു കൊണ്ടുതന്നെ വളരെ വേഗം അത് മറ്റുള്ളവരിലേക്കു കൂടി പകര്‍ത്തിക്കൊടുക്കുക എന്ന വാട്‌സാപ്പിയന്‍ ജീവിതത്തിലാണ് നമുക്കിപ്പോള്‍ വിശ്വാസം. അന്യജീവിതത്തിന്റെ അനുഭവ വൈചിത്ര്യമല്ല ഒരുവനെ സാഹിത്യത്തിലേക്ക് പ്രത്യേകിച്ച് ആത്മകഥാ സാഹിത്യത്തിലേക്കു നയിക്കുന്നത്. മറിച്ച്, അവരുടെയൊക്കെ ജീവിതം എത്രമേല്‍ വിചിത്രവും അസാധാരണവും എന്നു തോന്നിക്കുമെങ്കിലും നമുക്കുകൂടി പങ്കുവയ്ക്കാവുന്ന തരത്തില്‍ എത്രമേല്‍ സാധാരണവും ഉപരിപ്‌ളവവും ഹാസ്യപൂര്‍ണ്ണവും ആണെന്ന് ഉറപ്പിക്കുന്നതിനുകൂടിയാണ് നാമിപ്പോള്‍ അവ വായിക്കുന്നത്. സിനിമാതാരങ്ങളുടെ അനുഭവ പുസ്തകങ്ങള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവയ്ക്കു ലഭിക്കുന്ന വമ്പിച്ച ജനപ്രീതി മാത്രം മതി ഇതു തെളിയാന്‍.

ഇവിടെയാണ് മീനയുടെ പുസ്തകം, ലഭ്യമായിരിക്കുന്ന അനേകം ആത്മകഥാ പുസ്തകങ്ങളില്‍നിന്നു വ്യത്യസ്തമായിരിക്കുന്നത്. ഒരിക്കല്‍ക്കൂടി ഞാന്‍ ആ പേരിലേയ്ക്കു ഒന്നു തിരിച്ചുപോകട്ടെ. അവിടെയൊരു 'ഛായാചിത്രം' എന്ന വാക്കുണ്ട്. ചിത്രകാരന്മാരും ചിത്രകാരികളും ഛായാചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. അതുപോലെതന്നെയാണ് ആത്മച്ഛായാ ചിത്രങ്ങളുടെ രചനയും. സാഹിത്യത്തിലെ ഛായാചിത്രങ്ങള്‍ക്കു ചടുലതയുണ്ട്; കാരണം, അവ അവതീര്‍ണ്ണമാകുന്നതു വാക്കുകളിലൂടെയാണ്. സ്ഥലത്തിലും കാലത്തിലും അവയ്ക്കു മുന്‍പോട്ടും പിറകോട്ടും സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഈ ചടുലതയ്ക്കു കാരണം. ചിത്രങ്ങളിലാകട്ടെ, അവ കുറേ സമയത്തിന്റെ ഫലമാണെങ്കിലും ചിത്രതലത്തില്‍ ഒരു സവിശേഷ നിമിഷത്തിന്റെ മാത്രം ദൃശ്യമാണ്. സാഹിത്യത്തിനു സിനിമയുടെ സ്വഭാവം ഇപ്രകാരം കൈവരുമ്പോള്‍ (തിരിച്ചും) ഛായാചിത്രങ്ങള്‍ക്കു ഫോട്ടോഗ്രാഫിയുടെ സ്വഭാവമാണ്. പക്ഷേ, കൃതഹസ്തരായ ചിത്രകാരന്മാരുടെ കൈകളില്‍ ഛായാചിത്രങ്ങളും ആത്മച്ഛായാചിത്രങ്ങളും ചടുലത കൈവരിക്കുന്നു. ചിലര്‍ അതിനായി ഒരേ മോഡലിനെ സ്ഥിരം വരയ്ക്കുന്നു. സ്വയം ചിത്രങ്ങള്‍ക്ക് മോഡല്‍ ആവുകയും ചെയ്യുന്നു. റെംബ്രാന്‍ഡ്, പിക്കാസോ, ഡാലി മുതല്‍ നമ്മുടെ രാജാരവിവര്‍മ്മ പോലും ഇത്തരത്തില്‍ ഛായാചിത്രങ്ങള്‍ക്കു സ്വഭാവ നൈരന്തര്യം നല്‍കിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഛായാചിത്രം എന്നത് ബാധ്യതയുടെ ലാവണ്യവല്‍ക്കരണം അല്ല; അത് ആന്തരികതയുടെ ബാഹ്യവല്‍ക്കരണം ആണ്. ഏര്‍നെസ്റ്റ് നെസ്‌വെസ്റ്റിനിയുടേത് പോലെയോ ഫ്രാന്‍സിസ് ബേക്കണെ പോലെയോ ആണിത്. അകത്തുള്ളത് ഒക്കെയും പുറത്തുവരുന്നു. നിശ്ശബ്ദമായവയ്‌ക്കൊക്കെയും ശബ്ദം ലഭിക്കുന്നു. സുന്ദരമായതിന്റെ കീഴില്‍ ഇഴഞ്ഞു നടക്കുകയും ഏതു നിമിഷവും പുറത്തുവരാനുള്ള സാധ്യതകള്‍ കാണിക്കുന്നതുമായ പുഴുക്കളെ അത് ഒരു മിന്നായം പോലെ കാട്ടിത്തരുന്നു (ജെക്ക്  ദിനോസ് ചാപ്മാന്‍ സഹോദരങ്ങള്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്). മീന തന്റെ പുസ്തകത്തില്‍ വരച്ചിടുന്നത് ഇത്തരത്തിലുള്ള ഒരു ആത്മച്ഛായാചിത്രമാണ്. അവരുടെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍, മുറിവിനെ ഓര്‍ക്കുന്ന മുറിപ്പാടിന്റെ ചിത്രം.

പൊതുവെ മീനയെപ്പോലുള്ള എഴുത്തുകാരുടെ രചനകള്‍ ഫെമിനിസത്തിന്റെ കൂടയില്‍ (ബാസ്‌കറ്റില്‍) എടുത്തുവയ്ക്കുകയാണ് സാഹിത്യ വിമര്‍ശകര്‍ ചെയ്യുന്നത്. അത് ഒരു പരിധിവരെ ശരിയാണു താനും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇണചേരാന്‍ ശ്രമിക്കുന്ന പക്ഷികള്‍ പരസ്പരാകര്‍ഷണത്തിനു ഉപയോഗിക്കുന്ന തന്ത്രങ്ങളില്‍ അവസാനം ഇണപ്പക്ഷി വീണുപോകുന്ന ഒരു അവസ്ഥയാണ്. നടന്മാര്‍ക്ക് മിമിക്രി കലാകാരന്‍മാര്‍ ചെയ്യുന്ന ന്യൂനീകരണ സ്ഥൂലീകരണ വക്രീകരണങ്ങളെ സിനിമയില്‍ അഭിനയിക്കേണ്ടി വരുന്ന അവസ്ഥപോലെയാണിത്. വിമര്‍ശകര്‍ ഫെമിനിസത്തിന്റെ കൂടയില്‍ എടുത്തിടുന്നതോടെ ഈ എഴുത്തുകാരികള്‍ എല്ലാം ഫെമിനിസ്റ്റ് എഴുത്തുകാരികള്‍ ആവുകയാണ്. അതൊരു കുറ്റമല്ല; രക്ഷപ്പെടാന്‍ കഴിയാത്ത ഒരു അസ്തിത്വക്കുരുക്കാണ്. മീന വാക്കുകള്‍ നല്‍കുന്നതു ലോകത്തെ മുഴുവന്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളുടെ അനുഭവത്തിനല്ല. അതിനു ഗവേഷണപരതയുടെ അകലവും എഴുത്തിന്റെ നിര്‍മ്മമത്വവും ഇല്ല. ഈ എഴുത്തു തന്റേതു മാത്രമായ എഴുത്താണ്. അതില്‍ അവര്‍ മോങ്ങുന്നു, നിലവിളിക്കുന്നു, അടികൊണ്ട് നിലത്തു വീഴുന്നു, അലറുന്നു, തകരുന്നു, സൂത്രശാലിയാകുന്നു, വീണ്ടും മര്‍ദ്ദനമേല്‍ക്കുന്നു. ഇതൊക്കെ മറ്റു സ്ര്തീകള്‍ക്കും ഉള്ള അനുഭവങ്ങള്‍ ആണ്, അതിനാല്‍ ഞാന്‍ അതിനു വാക്കുകള്‍ നല്‍കുകയാണ് എന്നൊന്നും എഴുത്തുകാരി പറയുന്നില്ല. മീന എഴുതുന്നതു സമാനതകളില്ലാത്ത ഒരു അനുഭവലോകമാണ്. എനിക്കു ലഭിച്ച പ്രഹരം ഞാന്‍ നിങ്ങളെ എങ്ങനെയാണ് അനുഭവിപ്പിക്കുക? ഈ ചോദ്യത്തിന് ഉത്തരമില്ല. ഒരു ദ്വീപില്‍ ഒറ്റപ്പെട്ടുനിന്നു മോങ്ങുന്ന ഒരു നായ പോലെയാണ് എഴുത്തുകാരി. പക്ഷേ, അവര്‍ക്കു ഓരോ അധ്യായത്തിനെയും വേര്‍തിരിക്കാന്‍ ഫെമിനിസ്റ്റ് കവിതകളുടെ സഹായം തേടേണ്ടിവരുന്നു. അത് തെറ്റോ ശരിയോ എന്നു ഞാന്‍ പറയുന്നില്ല. അതു വായനക്കാരന്‍ കാണുന്നു എന്നേ പറയുന്നുള്ളൂ.

നിരീക്ഷണങ്ങളിലേക്കു തുടര്‍ന്നും കടക്കുന്നതിനു മുന്‍പ് മീനയുടെ കഥ ഒന്നു ചുരുക്കിപ്പറയാം. ദുരിതപൂര്‍ണ്ണമായ നാല് മാസങ്ങള്‍ നീണ്ടുനിന്ന ഹാലാഹല കാലം കഴിഞ്ഞു (മധുവിധു എന്നതിന്റെ വിപരീതമായി ഉപയോഗിക്കുകയാണ് ഞാന്‍) ആഖ്യാതാവായ യുവതി മാതാപിതാക്കളുടെ അടുത്തെത്തുകയാണ്. അവളുടെ കാലുകള്‍ വിണ്ടുകീറിയിരിക്കുന്നു. അവളുടെ മുടിയില്‍ പേനുകള്‍ കോളനികള്‍ സ്ഥാപിച്ചു ഭരണം തുടങ്ങിയിരിക്കുന്നു. ആ മാതാപിതാക്കള്‍ അവളെ കുളിപ്പിച്ചെടുക്കുകയാണ്. അതൊരു ജ്ഞാനസ്‌നാനവും ഉയിര്‍ത്തെഴുന്നേല്‍പ്പും ഒക്കെത്തന്നെയാണ്. കമ്യൂണിസ്റ്റ് താല്‍പ്പര്യങ്ങള്‍ ഉള്ള, ലോകവിപ്‌ളവം സ്വപ്‌നം കാണുന്ന ഒരു കാല്‍പ്പനിക ആയിരുന്നു അവള്‍. ഓണ്‍ലൈനില്‍ ആണ് അവള്‍ അവനെ കണ്ടുമുട്ടിയത്. വിപ്‌ളവകാരി, കോളേജ് അദ്ധ്യാപകന്‍, ഓവര്‍ ഗ്രൗണ്ട് ഗറില്ലാ. പെണ്ണിന്റെ മനസ്‌സ് തരളമാകാന്‍ വേറെ കാരണം വേണോ. അങ്ങനെ ഭാഗികമായ പ്രണയവും ഭാഗികമായ അറേഞ്ചുമായി വിവാഹം നടക്കുന്നു. പക്ഷേ, അവളുടെ ഭൂതകാലം പ്രശ്‌നമാകുന്നു. സംശയരോഗിയായ അയാള്‍ എഴുത്തുകാരിയാകാന്‍ ആഗ്രഹിക്കുന്ന അവളെ ലോകത്തില്‍നിന്നു തന്നെ മുറിച്ചുമാറ്റുന്നു. ഒരു കമ്യൂണിസ്റ്റ് വിപ്‌ളവകാരിയില്‍ ഇത്രയേറെ പുരുഷാധിപത്യം ഒളിഞ്ഞിരുന്നു എന്നവള്‍ പ്രതീക്ഷിച്ചിരുന്നില്ല. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഗാര്‍ഹിക ബലാത്സംഗങ്ങള്‍ക്കും ഒടുവില്‍ അവള്‍ ആ ബന്ധം വിടര്‍ത്തി പുറത്തുവരുന്നു. പീഡകന്‍ പക്ഷേ, സ്വതന്ത്രനാണ്. അവന്‍ വിപ്‌ളവകാരിയായിത്തന്നെ തുടരുന്നു. അവള്‍ക്കു പക്ഷേ, നേരിടേണ്ടിവരുന്നതു ഭരണകൂടത്തിന്റെ തന്നെ ആക്ഷേപമാണ്. ഒടുവില്‍ അവള്‍ മറ്റൊരു രാജ്യത്തേക്ക്, സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്കു പറന്നുപോകുന്നു. ഇതു കഥാസാരം. പക്ഷേ, ഇതല്ല പുസ്തകം.
വിവാഹം താനുദ്ദേശിച്ചതല്ല എന്നു തിരിച്ചറിയുന്ന കഥാനായിക (മീന എന്ന് ഞാന്‍ പറയുന്നില്ല കാരണം, വായനയുടെ കുറേ ദൂരം കഴിയുമ്പോള്‍ അവിടെ മീനയെ നിര്‍ത്തിയാല്‍ സദാചാരപരമായ ഒരുപിടി പ്രശ്‌നങ്ങള്‍ വരും. അതു പിന്നാലെ) രക്ഷപ്പെടാനുള്ള വഴികള്‍ നോക്കുന്നതില്‍ പലതും പാളിപ്പോകുന്നുണ്ട് എന്നു മാത്രമല്ല, ചിലതൊക്കെ തിരിഞ്ഞു കടിക്കുകയും ചെയ്യുന്നു. പുസ്തകത്തിലെ ഭൂതകാലാഖ്യാനം പക്ഷേ, സദാചാരത്തിന്റെ ഏതു വശത്താണ് തങ്ങള്‍ എന്നറിയാതെ നില്‍ക്കുന്ന മധ്യവര്‍ഗ്ഗ വായനാസമൂഹം അത്ര സഹാനുഭൂതിയോടെ സ്വീകരിക്കാന്‍ വഴിയില്ല. ഒരുപിടി കാമുകന്മാരെ പഠനവേളയില്‍ സ്വീകരിക്കുകയും അതുപോലെതന്നെ തിരസ്‌കരിക്കുകയും ചെയ്യുന്ന കഥാനായിക, അവിവാഹിതന്‍ എന്നു മാത്രം അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു രാഷ്ര്ടീയ നേതാവിന്റെ കാമുകിയാകുന്നുണ്ട്. അവളേക്കാള്‍ ഇരുപതു വയസ്സിനു മൂപ്പ് അയാള്‍ക്കുണ്ട്. എന്തിനാണ് അവള്‍ അയാളെ പ്രണയിച്ചത്, അയാള്‍ക്കെല്ലാം അടിയറ വച്ചത്? ഒരു ഉത്തരമേ അവള്‍ക്കുള്ളൂ. അവള്‍ ശരിയായ സ്‌നേഹം എന്തെന്ന് അന്വേഷിക്കുകയായിരുന്നു. സിസ്റ്റര്‍ ജെസ്മി, നളിനി ജമീല, ഗെയ്ല്‍ ട്രെഡ്‌വെല്‍ തുടങ്ങിയവരെപ്പോലും നാം വെറുതെ വിട്ടിട്ടില്ല. അവര്‍ക്കതു വേണം. അവര്‍ അതില്‍ പങ്കാളികള്‍ ആയിരുന്നില്ലേ? അവള്‍ ഇറുകിയ വസ്ര്തങ്ങള്‍ ധരിച്ചതുകൊണ്ടല്ലേ പീഡിപ്പിക്കപ്പെട്ടത്? ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹത്തില്‍നിന്നു കഥാനായികയ്ക്കു പിന്തുണ കിട്ടുന്നതു പ്രയാസം. വിവാഹത്തിനു മുന്‍പുള്ള ബന്ധം വിവാഹശേഷം അവളെ വേശ്യയായും അതിനാല്‍ അവള്‍ ഭര്‍ത്താവിനാല്‍ ശിക്ഷിക്കപ്പെടാന്‍ അര്‍ഹതയുള്ളവളാണ് എന്നും കാണുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് അവളുടെ ഭര്‍ത്താവ്. പുസ്തകത്തില്‍ ഒരു സന്ദര്‍ഭത്തില്‍ മീന ഈ ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഭര്‍ത്താവ് അവളുടെ അസ്തിത്വത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അവളുടെ യോനിയെ തകര്‍ത്തുകൊണ്ടാണ്. തന്റെ യോനി തന്നില്‍നിന്ന് അടര്‍ന്നു വീണുപോകുമോ എന്നു നാം സംശയിക്കുന്നു. 

ലിംഗപരമായ അസൂയ എന്നത് സമൂഹത്തില്‍ ഒളിഞ്ഞല്ല- തെളിഞ്ഞു തന്നെ നില്‍ക്കുന്നുണ്ട്. തന്റെ ഭാര്യ പവിത്രയും പതിവ്രതയും ആയിരിക്കണം എന്നും വിവാഹേതര ബന്ധങ്ങളോ വിവാഹപൂര്‍വ്വ ബന്ധങ്ങളോ ഇല്ലാത്ത കന്യകയായിരിക്കണം എന്നുമുള്ളത് ഒരു അവകാശ ചിന്തപോലെ കൊണ്ടുനടക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ ഇതേ പുരുഷന്‍ തന്റെ ഭാര്യ, മകള്‍, അമ്മ എന്നിവര്‍ ഒഴികെയുള്ള എല്ലാ സ്ര്തീകളും കാമപൂര്‍ത്തിക്കുള്ള ഉപകരണങ്ങള്‍ ആയിരിക്കണം എന്നു കരുതുന്നവരുമാണ്. ഇങ്ങനെയുള്ള ഒരു സമൂഹം ഹിപ്പോക്രാറ്റിക് ആകാതെ നിവൃത്തിയില്ല. വിവാഹത്തില്‍ മിക്കവാറും സ്ത്രീ, അവള്‍ എത്ര ആധുനിക ആയാലും വിദ്യാസമ്പന്ന ആയാലും മായ്ചു കളയപ്പെടുകയാണ്. സ്വന്തം വീട്ടില്‍നിന്നു മായ്ചു നീക്കപ്പെടുകയായിരുന്നു പണ്ട്. ഇന്നാകട്ടെ, ഒരു പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍, ഇ-മെയില്‍ ബന്ധങ്ങള്‍ ഒക്കെ മായ്ക്കപ്പെടുകയോ അധിനിവേശിക്കപ്പെടുകയോ ചെയ്യുന്നു. വിവാഹത്തോടെ അവളുടെ പാസ്‌സ്‌വേഡുകള്‍ അവന്റേതുകൂടിയാകുന്നു (മറിച്ചും). പിന്നെ നിരന്തരമായ പീഡനമാണ്. പഴയ ചാറ്റുകളുടെ വെളിച്ചത്തില്‍, പഴയ ഇ-മെയിലുകളുടെ വെളിച്ചത്തില്‍. പുസ്തകത്തിലെ നായിക ഇതിലൂടെ കടന്നുപോവുകയാണ്. അവള്‍ക്കു അയാള്‍ സോഷ്യല്‍ മീഡിയ ബന്ധങ്ങള്‍ നിഷേധിക്കുന്നു. അവളെ അതില്‍നിന്നും ഇല്ലാതാക്കുന്നു. എഴുത്തുകാരി എന്ന നിലയില്‍ അവള്‍ക്കു എഴുത്ത് അസാധ്യമാക്കുന്നു. അങ്ങനെയാണവള്‍ തന്റെ ഭാവനയില്‍ മാത്രം ഉള്ള കാമുകന്മാര്‍ക്ക് കത്തുകള്‍ എഴുതി ഡിലീറ്റ് ചെയ്തുകളയുന്നത്. അത് ആത്മപ്രകാശനത്തിനെക്കാളുപരി, അവളില്‍ അണയാതെ കുടികൊള്ളുന്ന പ്രതിരോധം ആയി വേണം കാണാന്‍.

കഥയില്‍ ഇരുവരും കമ്യൂണിസ്റ്റുകള്‍ ആണ്. ഒരു ദിവസം അയാള്‍, കവിതയെഴുതിയതിനു അവളെ മര്‍ദ്ദിക്കുന്നു. അയാള്‍ അതിനു പ്രായശ്ചിത്തം ചെയ്യുന്നത് ഒരു കവിത എഴുതിക്കൊണ്ടാണ്. ആ കവിത ഇങ്ങനെ പറയുന്നു: ''ഞാന്‍ നിന്നെ മര്‍ദ്ദിക്കുമ്പോ, ലെനിന്‍ കണ്ണീരൊഴുക്കുകയാണ്' ആ കവിതാ ശകലത്തില്‍നിന്നാണ് പുസ്തകത്തിന്റെ പേര് വരുന്നത് (വെന്‍ ഐ ഹിറ്റ് യു). പുസ്തകം കമ്യൂണിസത്തിന്റെ വിമര്‍ശനത്തിന് ഒരുമ്പെടുന്നില്ല. പക്ഷേ, ഈ ഒരു കവിതാശകലം മാത്രം മതി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മൊത്തം പുരുഷമേധാവിത്ത പ്രവണതകളെ പ്രതിക്കൂട്ടിലാക്കാന്‍. തങ്ങളുടെ കിടക്കയിലേക്കു ഭര്‍ത്താവ് ഏഴുപേരെക്കൂടി കൊണ്ടുവരുന്നു എന്നവള്‍ പറയുന്നു. അവര്‍ മാര്‍ക്‌സ്, ഏംഗല്‍സ്, മാവോ, ചെ ഗുവേര, ഫിദല്‍ കാസ്‌ട്രോ തുടങ്ങിയവരാണ്. ചെ ഗുവേര ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അയാളുമായി താന്‍ രതിബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നു എന്നുപോലും അവള്‍ പറയുന്നു. കിടക്കയില്‍ കമ്യൂണിസത്തിന്റെ സമൂഹരതിയാണ്. സാധാരണക്കാരന്‍ ഭാര്യയെ പ്രാപിക്കാന്‍ നീലച്ചിത്രങ്ങളുടെ തുണ്ടുകള്‍ കിടക്കയിലേക്കു കൊണ്ടുപോകുന്നതിനു ബൗദ്ധിക രൂപം. താന്‍ എത്ര ഭീകരനായ ഒരു കമ്യൂണിസ്റ്റുകാരന്‍ ആയിരുന്നു എന്നും എങ്ങനെയാണ് താന്‍ ചിലരെ കൊന്നതെന്നും പറഞ്ഞ് അയാള്‍ അവളെ ഭീതിപ്പെടുത്തുകയാണ്. കമ്യൂണിസം സ്ത്രീകളെ ഭയപ്പെടുത്തുന്നു, കൊന്നുകളയുമെന്നു പറയുന്നു. പിന്നെ അയാള്‍ അവളെ നിര്‍വര്‍ഗ്ഗീകരിക്കുകയാണ്, അവളുടെ ലിപ്സ്റ്റിക്കും, കൊള്ളാവുന്ന വസ്ത്രങ്ങളുമൊക്കെ ക്രമേണ ഇല്ലാതാക്കിക്കൊണ്ട്. കുടുംബവും വസ്ത്രങ്ങളും ഒക്കെ ഇല്ലാതാകുന്ന ആ നല്ല നാളെയെ അയാള്‍ സ്വപ്നം കാണുന്നു; പക്ഷേ, അയാള്‍ അതു വെറുതെ പറയുന്നതാണെന്ന് അവള്‍ക്കറിയാം.

കുടുംബം, കോടതി, സ്‌കൂള്‍, പൊലീസ് എന്നിങ്ങനെ ഭരണകൂടത്തിന്റെ ആശയപരമായതും മര്‍ദ്ദനപരമായതുമായ മര്‍ദ്ദനോപകരണങ്ങളെക്കുറിച്ചു പറഞ്ഞ അല്‍ത്തൂസര്‍ തന്നെ തന്റെ ഭാര്യയെ കൊന്നുകളയുന്ന ഒരു സന്ദര്‍ഭം ആഖ്യാനത്തില്‍ വരുന്നുണ്ട്. അതൊരു വ്യംഗ്യാര്‍ത്ഥ സ്വാരസ്യമായി (ഐറണി) നില്‍ക്കെ കുടുംബം, കോടതി തുടങ്ങിയ ബൂര്‍ഷ്വ സംവിധാനങ്ങളെ കൃതിയുടെ ആഖ്യാനം ചോദ്യം ചെയ്യുന്നുണ്ട്. എഴുത്തുകാരിയായ മീന ഇവയെ ചോദ്യം ചെയ്തുകൊണ്ടുതന്നെ പുറത്തുവരികയാണ്; തുടക്കത്തില്‍ അതിന്റെ തന്നെ ഉപകരണങ്ങളുടെയും വശീകരണങ്ങളുടെയും ഇരയായി പോകുന്നുണ്ടെങ്കിലും. ആധുനികതയില്‍ ഉരുത്തിരിഞ്ഞ വ്യക്തിസ്വത്വങ്ങള്‍ തങ്ങളുടെ അപരങ്ങളെ ചരിത്രത്തിനുള്ളില്‍നിന്ന് തെരഞ്ഞെടുക്കുന്ന സന്ദര്‍ഭങ്ങള്‍ മാത്രമാണ് പ്രണയമെന്നും അതിനു കാലാകാലങ്ങളില്‍ വ്യത്യാസം വരുമെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്നത്തെ കാലത്തിന്റെ പ്രണയം പലതിലും സാപേക്ഷമാണ്; അതു മുന്‍തലമുറകളെ അപേക്ഷിച്ചു വ്യത്യസ്തവുമാണ്. സാങ്കേതികതയാല്‍ നയിക്കപ്പെടുന്ന ആധുനികതയുടെ ഉള്ളില്‍ നില്‍ക്കുന്ന പല യുവത്വങ്ങളും സ്വതന്ത്ര രതിയെ ഒരു തെറ്റല്ല എന്നു കാണുകയും വിവാഹം പകുതി പ്രണയമായും പകുതി അറേഞ്ച്ഡ് ആയും ചെയ്യാമെന്നൊക്കെ കരുതുന്നവരാണ്. മീനയും ആ തലമുറയില്‍ ഉള്‍പ്പെട്ടതാണ്. പക്ഷേ, സമൂഹം മൊത്തത്തില്‍ ബൂര്‍ഷ്വാ പ്രത്യയശാസ്ത്രങ്ങളിലും തന്ത്രങ്ങളിലും സ്ഥാപനങ്ങളിലും കുരുങ്ങിക്കിടക്കുകയാണ്. അതിലേക്കാണ് ആധുനിക സാങ്കേതികതയുടെ സ്വാതന്ത്ര്യത്തില്‍നിന്നു ഊര്‍ജ്ജം കണ്ടെത്തിയ പെണ്‍കുട്ടികള്‍ ചെന്നു കയറുന്നത്. അവര്‍ക്ക് ഇത്തരം തിക്താനുഭവങ്ങളുടെ ഒരു വലിയ ഘോഷയാത്രയെത്തന്നെ നേരിടേണ്ടിവരും.

ഈ പുസ്തകം, ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു ലാക്ഷണിക ഗ്രന്ഥമായി കാണുന്നതിനേക്കാള്‍ ഏറെ മീനയുടെ മാത്രം കഥയായി കാണുന്നതാകും ഭംഗി. കാരണം ലോകത്തു സന്തോഷിക്കുന്ന കുടുംബങ്ങളെല്ലാം ഒരേ തരത്തിലാണ് സന്തോഷിക്കുന്നതെന്നും എന്നാല്‍, ദു:ഖിക്കുന്ന കുടുംബങ്ങളെല്ലാം വിവിധ രീതികളിലാണ് ദുഖിക്കുന്നതെന്നും മഹത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെവിടെത്തേയും സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഓരോ രീതിയില്‍ ആഖ്യാനം അര്‍ഹിക്കുന്നുണ്ട്. ഓരോരുത്തരും തെരഞ്ഞെടുക്കുന്ന മാധ്യമങ്ങള്‍ വ്യത്യസ്തമാകാമെന്നു മാത്രം. മീന ഭാഷയിലൂടെയാണ് തന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. വാക്കുകളുടെ ചെറിയ കൂടാരങ്ങളില്‍ ഇരുന്നു ചക്രവാളത്തിലേക്കു നോക്കാന്‍ താന്‍ കൊതിക്കുന്നു എന്ന് മീന ഇതില്‍ ഒരിടത്തു പറയുന്നുണ്ട്. സ്വന്തം പീഡാനുഭവങ്ങളുടെ കഥ പറയാന്‍  അസാധാരണമായ ധൈര്യം വേണം. എന്തുകൊണ്ട് നാല് മാസങ്ങള്‍ ഇതു സഹിച്ചു എന്നു ചോദിക്കുന്നവരെക്കൂടി ഈ പുസ്തകം അഭിസംബോധന ചെയ്യുന്നുണ്ട്. അതിനുള്ള ഉത്തരങ്ങള്‍ മീന പറയുന്നതു സ്വയം വായിക്കൂ എന്നു ഞാന്‍ പറയും. പക്ഷേ, ഒരു കാര്യം പറയാതെ വിടുക വയ്യ. പൊലീസ് സ്‌റ്റേഷനില്‍ ഇരിക്കുന്ന മീനയോടു പൊലീസുകാരി ചോദിക്കുന്നു. അയാളുടെ പൊക്കം എത്ര. ആറടി രണ്ടിഞ്ച് എന്നുത്തരം. നിങ്ങളുടേതോ? അഞ്ചടി. പൊലീസുകാരി അതു കേട്ട് ചോദിക്കുന്നു: ''അപ്പൊ വലിയ ലിംഗം തേടി പോയതാണല്ലേ?' ഇതാണ് നമ്മുടെ സമൂഹം സ്വാതന്ത്ര്യം കാംക്ഷിക്കുന്ന, അല്ലെങ്കില്‍ പീഡനത്തെ എതിര്‍ക്കുന്ന ഒരു സ്ത്രീയോട് ചോദിക്കുന്ന ചോദ്യം. നാണംകെട്ടു ഞാന്‍ വായിച്ച വരിയാണത്.

''ഞാന്‍ വിവാഹിതനാണ്. ഞാന്‍ ഭാര്യയെ സ്‌നേഹിക്കുന്നു. ചിലപ്പോഴെങ്കിലും അവള്‍ എന്നെ കയ്യേറ്റം ചെയ്യാറുണ്ട്.' ഇങ്ങനെ പുരുഷന്മാര്‍ തുറന്നു പറയാറില്ല. കുടുംബം എന്നത് സ്ത്രീയെ പുരുഷന്‍ പീഡിപ്പിക്കുന്ന ഒരു ഇടം മാത്രമായി കാണേണ്ടതില്ല. സ്ത്രീ പുരുഷനെ പീഡിപ്പിക്കുന്ന ഇടം കൂടിയാണത്. എന്നാല്‍ അതു സംബന്ധിച്ച ആഖ്യാനങ്ങള്‍ പുറത്തുവരുന്നില്ലെന്നു മാത്രം; വരാതിരിക്കില്ല. മീനയുടെ ആഖ്യാനത്തിലെ ഒരു പ്രശ്‌നമായി എനിക്കു തോന്നിയത് (അതിനു ആര്‍ജിത സദാചാരത്തിന്റെ ദുര്‍ഗന്ധം ഉണ്ടെങ്കില്‍ കൂടി) ഇതാണ്: അനിയതമായ രതി ബന്ധങ്ങള്‍ വിവാഹപൂര്‍വ്വമാണെങ്കിലും ശേഷമെങ്കിലും എത്രത്തോളംആകാം? അതിനൊരു കണക്കില്ലെന്നറിയാം. പക്ഷേ, വ്യക്തിസ്വാതന്ത്ര്യം ഇണയെ/ഇണകളെ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമാണെന്നും കുടുംബം ബൂര്‍ഷ്വാ സ്വഭാവമുള്ള വിപ്‌ളവ വിരുദ്ധ പ്രസ്ഥാനമാണെന്നും ഇരിക്കെ, അതിലെ വൈരുദ്ധ്യങ്ങളെ എങ്ങനെ അതിവര്‍ത്തിക്കാന്‍ കഴിയും. അനിയതമായ രതിബന്ധങ്ങള്‍ സ്വാതന്ത്ര്യമാണെങ്കില്‍ ഒരു പുരുഷന്‍ അതു ചെയ്യുമ്പോള്‍ അതിനെ പലപ്പോഴും സ്വാതന്ത്ര്യമായി കണക്കാക്കപ്പെടാത്തത് എന്താണ്? കുടുംബത്തെ എങ്ങനെ നമുക്ക് ഇല്ലാതാക്കാന്‍ കഴിയും? അങ്ങനെ സാധ്യമല്ലെങ്കില്‍ ഫെമിനിസ്റ്റുകളും അതിനു സമാനരായ പുരുഷന്മാരും കുടുംബത്തിനു പുറത്തുള്ള അവ്യവസ്ഥാപിതമായ ബന്ധങ്ങള്‍ ഉണ്ടാക്കുകയല്ലേ വേണ്ടത്? അത്തരം ബന്ധങ്ങളിലേക്കു കടക്കുന്ന ഗ്രന്ഥകര്‍ത്രി ഇബ്‌സന്റെ നോറ വാതിലടച്ചതുപോലുള്ള ഒരു ശബ്ദമാണ് ഈ പുസ്തകത്തിലൂടെ ഉണ്ടാക്കിയിരിക്കുന്നത്. കുടുംബം എന്ന വ്യവസ്ഥയുടെ നേര്‍ക്ക് ആഞ്ഞടിച്ച ഒരു വാതിലാണ് ഈ പുസ്തകം. വിവാഹിതരും അവിവാഹിതരും ആയ മലയാളി സ്ത്രീ പുരുഷന്മാര്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com