രവിയും സുലേഖയും വൈക്കം മുഹമ്മദ് ബഷീറും

ബഷീറിനെ അനുസ്മരിക്കാന്‍ ഒരു ദിനം കൂടി കടന്നുപോവുമ്പോള്‍ വ്യത്യസ്തമായ ഒരു കുറിപ്പ്‌ 
ചിത്രം പുനലുര്‍ രാജന്‍
ചിത്രം പുനലുര്‍ രാജന്‍

ബഷീറിനെ അനുസ്മരിക്കാന്‍ ഒരു ദിനം കൂടി കടന്നുപോവുമ്പോള്‍ വ്യത്യസ്തമായ ഒരു കുറിപ്പ്‌


ഷീറിനെ അനുസ്മരിക്കാന്‍ ഒരു ദിവസം ആവശ്യമില്ലെങ്കിലും എന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ ഈ ദിനത്തിനു പ്രാധാന്യമേറും. എന്റെ കൗമാര-ബാല്യകാല ജീവിതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന വ്യക്തികളുടേയും ഓര്‍മ്മകളുടേയും ദിവസമാണത്. 


ഈ സംഭവകഥയിലെ കഥാപാത്രം രവി എന്റെ കുട്ടിക്കാലത്തു തറവാട്ടില്‍ എപ്പോഴും വരുമായിരുന്നു. എന്റെ വലിയച്ഛന്റെ സഹായിയായിരുന്നു. കുട്ടികളായ ഞങ്ങള്‍ക്കു പ്രിയങ്കരനായ ചേട്ടനായിരുന്നു രവിയേട്ടന്‍. അന്നയാള്‍ക്ക് ഒരു ഇരുപതു വയസ്സു കാണും. കാണാന്‍ സുമുഖന്‍. മുടി നീട്ടിവളര്‍ത്തിയിരുന്നു. തറവാട്ടിലെ കല്യാണങ്ങള്‍ക്കു പന്തല്‍കെട്ടാനും അനവധി മറ്റു ജോലികള്‍ക്കും ചുറുചുറുക്കോടെ ഓടിനടന്നിരുന്ന ചെറുപ്പക്കാരന്‍. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന, ശരീരപ്രകൃതിയില്‍ മെലിഞ്ഞ ഒരാള്‍. 
ഒരിക്കല്‍ കോഴിക്കോട്ട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലേയ്ക്കുള്ള 'താലപ്പൊലി വരവ്' ഞങ്ങളുടെ തറവാട്ടില്‍നിന്നായിരുന്നു. റെയിലിനടുത്താണ് വീട്. ട്രെയിനിന്റെ ഹോണ്‍ കേട്ട് എഴുന്നള്ളാന്‍ നിന്ന ആനകള്‍ വിരണ്ടോടി. ഒരാന തുറന്ന കോലായിലേയ്ക്ക് ഓടിക്കയറി. ഉടനെ രവി ഒരു വാതിലടച്ചു മറ്റേ വാതില്‍ക്കല്‍ തടഞ്ഞുനിന്നു. ആന തുമ്പിക്കൈ ഉയര്‍ത്തി കോലായില്‍ത്തന്നെ നിന്നു. എല്ലാവരും അയാളുടെ ധീരതയെ പ്രകീര്‍ത്തിച്ചു. നാലഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങളറിയുന്നു, രവി ഒരു കൊലപാതകക്കേസില്‍ പ്രതിയായി.

നാട്ടിലെ ഒരു കൊല്ലപ്പണിക്കാരന്റെ മകളായിരുന്നു സുലേഖ. അവള്‍ക്ക് ബഷീര്‍ എന്നൊരു സഹോദരനും ഒരു സഹോദരിയുമുണ്ട്. അമ്മയുടെ പേര് റുഖിയ. സുലേഖയുടെ കൊച്ചുവീടിന്റെ കുറച്ചു വാരകള്‍ക്കപ്പുറമാണ് റേഡിയോ മെക്കാനിക്കായ രവിയും കുടുംബവും താമസിച്ചിരുന്നത്. സുലേഖയുടെ സഹോദരനെ തേടി വീട്ടില്‍ വരാറുള്ള രവി പിന്നീട് അവളുമായി പ്രണയത്തിലായി. ഈ പ്രേമം അവളുടെ വീട്ടുകാരും നിശ്ശബ്ദമായി പ്രോത്സാഹിപ്പിച്ചിരുന്നു. രവി സുലേഖയ്ക്കു പലപ്പോഴും തുണിത്തരങ്ങളും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മരുന്നും വാങ്ങിച്ചുകൊടുക്കുമായിരുന്നു. അപ്പോഴെല്ലാം അയാളുടെ മനസ്സിലെ ലക്ഷ്യം സുലേഖയെ സ്വന്തമാക്കുക എന്നതായിരുന്നു. 1976 ഏപ്രില്‍ 14-നു വിഷുവിന് സുലേഖയ്ക്കും സഹോദരിക്കും അയാള്‍ വിഷുക്കൈനീട്ടം കൊടുത്തു. തിരിച്ചു വിവാഹത്തിന് ഒരുക്കമാണെന്ന വാക്ക് സുലേഖയും കൊടുത്തു. ഇതിനിടെ സുലേഖയുടെ മാതാപിതാക്കള്‍ ഗള്‍ഫില്‍ ജോലിയുള്ള ഒരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. 

ചിത്രം പുനലുര്‍ രാജന്‍
 

ഒരു വേനല്‍ക്കാല അവധിയിലാണ് ദുരന്തം നടക്കുന്നത്. അടുത്തുള്ള ഒരു എന്‍.എസ്.എസ്. സ്‌കൂളില്‍ സുലേഖയും കൂട്ടുകാരി ലക്ഷ്മിയും തയ്യല്‍ പഠിക്കാന്‍ പോകുമായിരുന്നു. വിഷുക്കൈനീട്ടം വാങ്ങിയെന്നറിഞ്ഞ സഹോദരന്‍ സുലേഖയെ ശാസിക്കുകയും അവളുടെ സഹോദരിയെ തല്ലുകയും ചെയ്തു. 1976 ഏപ്രില്‍ 22-നു കൊല നടക്കുന്നതിന്റെ തലേന്നു വൈകുന്നേരം രവി സുലേഖയ്ക്ക് ഒരു കത്തു കൊടുത്തയയ്ക്കുന്നു. ആ കത്തു നിറയെ നിരാശയും ദുഃഖവുമായിരുന്നു. ആ കത്ത് സുലേഖയുടെ സഹോദരന്‍ കൈപ്പറ്റി രവിയുമായി ഒരു കൂടിക്കാഴ്ച ഉണ്ടാകരുതെന്നും താക്കീതു ചെയ്തു. അന്നുതന്നെ രവി സുലേഖയെ കാണാന്‍ കൊട്ടാരം ജംഗ്ഷനില്‍ കാത്തുനിന്നു. സുലേഖയോടു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ രവിയെ അവഗണിച്ചു നടന്നുപോയി. സംഭവം നടക്കുന്ന 1976 ഏപ്രില്‍ 23 നട്ടുച്ചനേരം സുലേഖ ലക്ഷ്മിയുടെ കൂടെ തയ്യല്‍ കഌസ്സില്‍ പോയി. തയ്യല്‍ സാധനങ്ങള്‍ സൂക്ഷിച്ച ഒരു കൊച്ചുപെട്ടിയും ഒരു കൊച്ചു പുസ്തകവും അവളുടെ കയ്യിലുണ്ടായിരുന്നു. ഉച്ചതിരിഞ്ഞു മൂന്നുമണിനേരം വീട്ടിലേയ്ക്കു തിരിച്ചു കൊട്ടാരം ജംഗ്ഷനിലെത്തി. രവി വഴി തടഞ്ഞു നിര്‍ത്തിയിട്ട് സൗഹൃദ ഭാഷയില്‍ ലക്ഷ്മിയോടു പോകാന്‍ ആവശ്യപ്പെട്ടു. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത ലക്ഷ്മിയോടു ദേഷ്യത്തോടെ വീണ്ടും ആവശ്യപ്പെട്ടു. എന്നിട്ട് സുലേഖയുടെ കൈ കയറിപ്പിടിച്ചു. സുലേഖ കുതറിമാറി കയ്യിലുള്ള പുസ്തകവും പെട്ടിയും നിലത്തെറിഞ്ഞു ഓടി. രവി പുറകെ ഓടി, അവളെ പിടികൂടി 12 സെന്റിമീറ്റര്‍ നീളമുള്ള കഠാരകൊണ്ട് മുപ്പത്തിയൊന്നു തവണ കുത്തി. ക്ഷണനേരം കൊണ്ട് സുലേഖ മരിച്ചു.

നാടകീയമായിരുന്നു രംഗങ്ങള്‍. പന്നിയങ്കര കൊട്ടാരം റോഡില്‍ മരിച്ചുകിടന്ന സുലേഖയുടെ ശരീരവും കെട്ടിപ്പിടിച്ചു വലതു കൈയില്‍ കത്തിയും ഉയര്‍ത്തി രവി കിടന്നു. ഈ കാഴ്ച കണ്ട ഒരാള്‍ ഉടനെ ഒരു കിലോമീറ്റര്‍ അകലത്തുള്ള പന്നിയങ്കര പൊലീസ് സ്‌റ്റേഷനില്‍ പോയി വിവരമറിയിച്ചു. നാലു മണിയോടെ പൊലീസ് സ്ഥലത്തെത്തി, ശവത്തിന്റെ മേല്‍ കിടക്കുകയായിരുന്ന രവിയുടെ കയ്യില്‍നിന്നു കഠാര മാറ്റി അവനെ അറസ്റ്റ് ചെയ്തു. രക്തം പുരണ്ട വസ്ത്രങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രവിയുടെ അടിവസ്ത്രത്തിന്റെ പോക്കറ്റില്‍നിന്ന് സുലേഖയ്‌ക്കെഴുതിയ ഒരു കത്തും കണ്ടെടുത്തു. പിറ്റേന്നു രാവിലെ പൊലീസ് രവിയെ ചോദ്യം ചെയ്ത് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി. രവിയുടെ വീട്ടിലെ പെട്ടിയില്‍ വച്ചിരുന്ന ഒരു ഫയലില്‍നിന്ന് സുലേഖ രവിക്ക് അയച്ച 17 കത്തുകള്‍ പൊലീസ് കണ്ടെടുത്തു.

ഈ കൃത്യത്തിന്റെ ദൃക്‌സാക്ഷികള്‍ അബൂബക്കര്‍, ലക്ഷ്മി, സുഷാന്ത് എന്നിവരാണ്. ലക്ഷ്മി സംഭവസ്ഥലത്തുനിന്നു പേടിച്ചോടുകയായിരുന്നു. സുഷാന്ത് എന്ന വിദ്യാര്‍ത്ഥിയുടെ വീട് സംഭവം നടന്നതിനടുത്താണ്. വീട്ടിലെ വരാന്തയിലിരിക്കുമ്പോള്‍ ഗേറ്റിനു മുന്‍പില്‍ ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടു. സുലേഖ നിലത്തു കിടക്കുന്നതും രവി കത്തികൊണ്ടു നെഞ്ചത്തും വയറ്റിലും കുത്തുന്നതും നേരില്‍ കണ്ടു. അബൂബക്കര്‍ അവിടുത്തെ ഒരു സ്ഥലവാസിയാണ്. ഒരു സുഹൃത്തിനെ കണ്ട് അയാള്‍ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. കൊട്ടാരം ജംഗ്ഷനില്‍ എത്തിയപ്പോള്‍ അയാള്‍ കാണുന്നത് ലക്ഷ്മി കരഞ്ഞും കൊണ്ട് ഓടുന്നതാണ്. രവി സുലേഖയുടെ മുടി വലിച്ചുപിടിച്ചു തുരുതുരാ കുത്തുന്നതിന് അയാളും ദൃക്‌സാക്ഷിയാണ്. ഒരടി മുന്നോട്ടുവെക്കാനാവാതെ അയാള്‍ തരിച്ചുനിന്നുപോയി. 

പൊലീസ് കണ്ടെത്തിയ ഒരു കത്തില്‍ രവി സുലേഖയോട് ആവശ്യപ്പെടുന്നതു നിയമത്തിന്റെ വഴിയില്‍ കല്യാണം കഴിക്കണമെങ്കില്‍ 16 വയസ്സ് ആകണമെന്നും അതുവരെ ത്യാഗം സഹിച്ചു കാത്തിരിക്കണമെന്നുമാണ്. സുലേഖ രവിക്കയച്ച കത്തില്‍ പറയുന്നുണ്ട്, താനൊരു നശിച്ച പെണ്ണാണെന്നും അതുകൊണ്ട് എന്തിനുവേണ്ടിയാണ് അവള്‍ക്കുവേണ്ടി കാത്തിരിക്കുന്നതെന്നും രവിയുടെ കഴിവിനനുസരിച്ച ഒരു പെണ്ണിനെ കിട്ടില്ലേയെന്നും. മറ്റൊരു കത്തില്‍ അവള്‍ രവിക്കെഴുതുന്നു: രണ്ടാഴ്ച കഴിഞ്ഞിട്ടും തന്റെ രക്തസ്രാവം നില്‍ക്കുന്നില്ലെന്നും അതിനാല്‍ എന്തെങ്കിലും മരുന്നു വാങ്ങിത്തരണമെന്നും. വേറൊരു കത്തില്‍ അവന്‍ അവളെ കൊണ്ടുപോവുകയാണെങ്കില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഒരാളെ കണ്ടെത്തണം. അവള്‍ക്കു ഭക്ഷണം പാകം ചെയ്യാന്‍ അറിയില്ലെന്നും അറിയുന്നതു തിന്നാനും കുടിക്കാനും ആനന്ദിക്കാനുമാണെന്ന്. മറ്റൊരു കത്തില്‍ സ്‌നേഹാധിക്യത്താല്‍ അവള്‍ അവന്റെ ചുണ്ട് കടിച്ചു പിടിച്ചിരുന്നെന്ന് എഴുതുന്നു. ഇങ്ങനെ ഒരുപാട് കത്തുകളിലൂടെ വെളിപ്പെടുന്നത് അവര്‍ തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ്. 

കൊല നടക്കുന്നതിനു ഒരു മാസം മുന്‍പ് സുലേഖയുടെ ബാപ്പയും സഹോദരനും രവിയോട് ഇനി വീട്ടില്‍ വരരുതെന്നു നിഷ്‌കര്‍ഷിച്ചു. അങ്ങനെയാണ് ആ ബന്ധം ഉലയുന്നത്. അവളുടെ സ്‌നേഹത്തിനു ക്രമേണ മങ്ങലേല്‍ക്കുന്നുവെന്നും അവനില്‍നിന്ന് അവള്‍ അകന്നുപോവുകയാണെന്നും രവി മനസ്സിലാക്കുന്നു. കത്തുകളിലൂടെ നമുക്കു മനസ്സിലാകുന്നത് അവന്‍ അവളുടെ ആത്മാര്‍ത്ഥതയെ സംശയിക്കാന്‍ തുടങ്ങുന്നുവെന്നാണ്. ''ഒരു പഴയ ചങ്ങാതിയെന്നും', ''എന്തായാലും നമ്മുടെ കാത്തിരിപ്പിന്റെ കാലാവധി കഴിയാറായല്ലോ' എന്നും പറയുന്നുണ്ട്.

ഒരു കത്തില്‍ രവി സുലേഖയോട് അകലുന്നതിന്റെ കാരണം ചോദിക്കുന്നുണ്ട്. അവള്‍ കൊടുത്ത വാഗ്ദാനങ്ങളെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നുണ്ട്. തന്നെ കാണുമ്പോള്‍ മന്ദസ്മിതം തരുകയെങ്കിലും ചെയ്യൂ എന്ന് അപേക്ഷിക്കുന്നുണ്ട്. ഒരു കത്തില്‍ ഭീഷണിയുടെ സ്വരം തന്നെയുണ്ട്. ''തന്നെ നിരാശപ്പെടുത്തിയാല്‍ തനിക്കു സഹിക്കാനാവില്ലെന്നും നമ്മള്‍ തമ്മില്‍ ഒരിക്കലും വേര്‍പിരിയരുതെന്നും' എഴുതിയിരുന്നു. സബ്-ഇന്‍സ്‌പെക്ടര്‍ പറയുന്നതു കൊലപാതകം നടന്നതിനുശേഷം കത്തി വാങ്ങിയപ്പോള്‍ അവന്‍ ശാന്തനായി പൊലീസ് വാനില്‍ കയറിയെന്നാണ്. യാതൊരു മാനസിക വിഭ്രാന്തിയും അന്നേരം കാണിച്ചില്ല.

ചിത്രം പുനലുര്‍ രാജന്‍

രവിയുടെ സഹോദരി ശാന്ത കോടതിക്കു നല്‍കിയ മൊഴി ഇതെല്ലാമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവനൊരു അപസ്മാര രോഗിയായിരുന്നു. അമ്പലത്തിലെ പൂജാരി ചരട് മന്ത്രിച്ചു കൊടുത്തിരുന്നു. അടുത്ത വീട്ടിലെ പെണ്‍കുട്ടിക്കു റോസാപ്പുഷ്പം അമ്മ കൊടുക്കാഞ്ഞതിന് രവി റോസാച്ചെടി തന്നെ നശിപ്പിച്ചു. അവന്റെ അലക്കിയ വസ്ത്രത്തില്‍ അഴുക്കു കണ്ടതിന് അതു കഷണം കഷണമാക്കി, എന്നിട്ടു തീ കൊളുത്തി. വേറൊരവസരത്തില്‍ ചോറ് കലത്തില്‍നിന്നു വലിച്ചെറിഞ്ഞ് അടുപ്പില്‍ വെള്ളമൊഴിച്ചു. സഹോദരികള്‍ തമ്മില്‍ ഭക്ഷണം കിട്ടാന്‍ വൈകിയതില്‍ കലഹിക്കുന്നതു കണ്ടപ്പോഴാണത്. എങ്കിലും രവിക്കു മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നു പ്രതിഭാഗത്തിനു തെളിയിക്കാന്‍ കഴിഞ്ഞില്ല.

ട്രയല്‍ കോര്‍ട്ടിനു മുന്‍പാകെ വന്നപ്പോള്‍ പ്രതിക്കു ചാര്‍ജസ് വായിച്ചു കൊടുക്കുകയും അയാള്‍ അതു മനസ്‌സിലാക്കിയെന്നു പറയുകയും കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. രണ്ടു മാസത്തോളം പ്രതി പൊലീസ് കസ്റ്റഡിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലുമായി കഴിഞ്ഞു. ഒടുവില്‍ ട്രയല്‍ ജഡ്ജ് കണ്ടെത്തിയത് അനിയന്ത്രിതമായ മാനസിക വിഭ്രാന്തി അയാള്‍ക്കു തടയാന്‍ കഴിഞ്ഞില്ല എന്നാണ്. ഈ കാര്യത്തിന് ഒരു ഉദ്ദേശ്യമുണ്ട്, ഇതു സാക്ഷ്യപ്പെടുത്താന്‍ തെളിവുകളുമുണ്ട്. 1976 ഏപ്രില്‍ ഇരുപത്തിമൂന്നില്‍ രവി തന്റെ ഡയറിയില്‍ എഴുതി: ''അവളെ രാവിലെ കണ്ടു. അവള്‍ സംസാരിച്ചില്ല. ഉച്ചയ്ക്കു വീണ്ടും കണ്ടു. അവള്‍ വഴി മാറി നടന്നു. എന്റെ മനസ്സ് ആകെ തകര്‍ന്നിരിക്കുകയാണ്. എന്റെ ചോദ്യത്തിന് ഉത്തരം തന്നിരുന്നെങ്കില്‍ ഞാന്‍ എല്ലാം മറന്നേനെ. എനിക്കു ക്ഷമ നശിച്ചിരിക്കുന്നു. ഞാന്‍ പ്രതികാരം തീര്‍ച്ചയാക്കി. എല്ലാവരോടും ഞാന്‍ വിട ചോദിക്കുന്നു.' ഈ ഡയറി കൊലപാതക ലക്ഷ്യത്തെ ബലപ്പെടുത്തുന്നു.

സെഷന്‍സ് കോര്‍ട്ടിന്റെ കണ്ടെത്തല്‍ കുറ്റകൃത്യം നടക്കുന്ന അവസരത്തില്‍ പ്രതിക്ക് അത്തരത്തിലുള്ള ഒരു കുറ്റം ചെയ്യാനുള്ള മുന്‍വിധി ഉണ്ടായിരുന്നില്ലെന്നും കൃത്യത്തിനുശേഷം സംഭവസ്ഥലത്തുനിന്നു ഓടിപ്പോകാനോ കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധം ഒളിപ്പിക്കാനോ ശ്രമിക്കാതെ ശവശരീരം കെട്ടിപ്പിടിച്ചു കിടക്കുകയും ശരീരത്തില്‍ മുപ്പത്തിയൊന്നു മാരകമായ കുത്തുകളില്‍ ഒരു കുത്തിനുതന്നെ ജീവന്‍ എടുത്തുകളയാനുള്ള ആഴവും വ്യാപ്തിയും ഉണ്ടായിരുന്നിട്ടും പ്രതിയുടെ മാനസിക സമനില തെറ്റിയതിനു തെളിവായി കണ്ടെത്തിയതിനാല്‍ ട്രയല്‍ കോടതി രവിയെ ഭ്രാന്താശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ വിധിയായി. ഇതിന് എതിരായി പ്രോസിക്യൂഷന്‍ അപ്പീല്‍ പോയതില്‍ ഹൈക്കോടതി ട്രയല്‍ കോര്‍ട്ടിന്റെ കണ്ടെത്തല്‍ ശരിയല്ലെന്നു സ്ഥാപിച്ചു. ട്രയല്‍ കോടതിയുടെ വിധിയിന്മേല്‍ പ്രതി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്തു സര്‍ക്കാര്‍. ഇന്ത്യന്‍ നിയമപ്രകാരം പ്രതി ആത്മനിയന്ത്രണം വിട്ട് ചെയ്യുന്ന കുറ്റകൃത്യത്തിനു മാനസികരോഗിയുടെ പരിരക്ഷ കിട്ടില്ല എന്ന കണ്ടെത്തലോടെ പ്രതി ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെടുകയുമായിരുന്നു.

റേഡിയോ മെക്കാനിക്ക് ആയി ജോലിചെയ്ത രവിയുടെ കട കരുണന്റെ ബാര്‍ബര്‍ ഷോപ്പിനു തൊട്ടടുത്തായിരുന്നു. രവിയെപ്പറ്റിയുള്ള അന്വേഷണങ്ങളില്‍ ഞാന്‍ കണ്ടെത്തിയ കരുണന്‍ കുറെ കഥകള്‍ എന്നോടു പറഞ്ഞു. ''വളരെ കുറച്ചു സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു രവി. സുലേഖയുടെ ബാപ്പ പത്രം വിറ്റു വളരെ കഷ്ടപ്പെട്ടു ജീവിതം നടത്തുന്ന ഒരാളായിരുന്നു. ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടാണ്. രവിയാണെങ്കില്‍ സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു. ഒരു ഒറ്റപ്പെട്ട ജീവിതരീതിയാണ് അയാള്‍ക്ക്. രണ്ടു പെങ്ങന്മാരുണ്ട്. രവി സ്വന്തം വീട്ടില്‍ ചെലവിനു കൊടുക്കില്ലായിരുന്നു. ജോലി ചെയ്തു കിട്ടുന്ന കാശു മുഴുവന്‍, ഉപ്പുതൊട്ടു മണ്ണെണ്ണ വരെ വാങ്ങാന്‍ സുലേഖയുടെ വീട്ടുകാരെ സഹായിച്ചുവന്നു. സുലേഖയെ കല്യാണം കഴിച്ചുകൊടുക്കാമെന്നായിരുന്നു അവരുടെ തിരിച്ചുള്ള വാഗ്ദാനം.''

ചിത്രം പുനലുര്‍ രാജന്‍

കരുണന്റെ കടയില്‍ രവി എപ്പോഴും വന്നിരിക്കും. ഒരു ദിവസം രവി സങ്കടപ്പെട്ട് കരുണനോടു പറഞ്ഞു, സുലേഖയുടെ വീട്ടുകാര്‍ അവനെ ചൂഷണം ചെയ്യുകയായിരുന്നെന്ന്. പെട്ടെന്നൊരു ദിവസം രവി വീട്ടില്‍ ഇനി വരാന്‍ പാടില്ലെന്നു സുലേഖയുടെ വീട്ടുകാര്‍ താക്കീതു ചെയ്തു. കാരണം സമുദായം ഇഷ്ടപ്പെടില്ല. അതുവരെ സമുദായത്തെപ്പറ്റി ഒന്നും പറഞ്ഞു കേട്ടിട്ടില്ലെന്നും ഇത്രകാലമില്ലാത്തത് ഇപ്പോള്‍ എങ്ങനെ പൊട്ടിമുളച്ചെന്നും രവി ചോദ്യം ചെയ്തു. സുലേഖയുടെ വീട്ടുകാര്‍ എത്ര പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും രവി പിന്മാറിയില്ല. പിന്നീടാണ് പുറത്തുനിന്നറിയുന്നത് സുലേഖയെ ഗള്‍ഫില്‍ ജോലിയുള്ള പയ്യനു കെട്ടിച്ചു കൊടുക്കാന്‍ തീരുമാനിച്ചെന്ന്. സുലേഖയ്ക്കും ഈ കല്യാണത്തിനു സമ്മതമായിരുന്നു. രവി സുലേഖയെ കാണുന്നത് അവര്‍ വിലക്കി. അങ്ങനെ വൈരാഗ്യം മൂത്ത് അതു കൊലപാതകത്തില്‍ ചെന്നെത്തി.

ജയില്‍ വാസം കഴിഞ്ഞു പുറത്തു വന്ന രവി പലപ്പോഴും കരുണന്റെ ബാര്‍ബര്‍ ഷോപ്പില്‍ വന്നിരിക്കും. അവിടെ വച്ചു എന്റെ അനിയന്‍ ജയരാജ് രവിയെ കാണാനിടയായി. കരുണന്‍ മെല്ലെ പറഞ്ഞു: ''സുലേഖ വധക്കേസിലെ പ്രതിയാണ്.' ജയരാജ് ശ്രദ്ധിക്കുന്നതു കണ്ടപ്പോള്‍ രവി അടുത്തുവന്നു പറഞ്ഞു: ''എനിക്കു നിന്നെ മനസ്സിലായി. പരിചയമുള്ള ആരോടും ഞാനിേപ്പാള്‍ സംസാരിക്കാറില്ല.' ഇത്രയും പറഞ്ഞ് രവി ഇറങ്ങിപ്പോയി.

ഒരു കൊലപാതകിയെ കുറച്ചു അകറ്റിനിര്‍ത്താന്‍ കരുണന്‍ ശ്രമിച്ചു. ഉടനെ രവി: ''എന്താ കരുണാ മിണ്ടാത്തതെന്നു' ചോദിച്ചു. ''ഹേയ് ഞാന്‍ പണിചെയ്തുകൊണ്ടിരിക്കുകയല്ലേ' എന്ന് കരുണന്‍ മറുപടി പറഞ്ഞു. ആയിടയ്ക്ക് കരുണന്‍ പന്നിയങ്കരയില്‍ ഒരു വീടുവെച്ചു. രവിയെ മനഃപൂര്‍വ്വം വിളിച്ചില്ല. ക്ഷണിക്കാത്തതിനു രവി വന്നു സങ്കടം പറഞ്ഞു. ''നിനക്കു വരാന്‍ പറ്റിയ സ്ഥലമല്ല അത്.' രവി പറഞ്ഞു, കൊട്ടാരം റോഡില്‍ ഞാന്‍ തീര്‍ച്ചയായും വരും. കരുണന്‍ പറഞ്ഞു: ''എങ്കില്‍ വീടിന്റെ ഗൃഹപ്രവേശനത്തിന് അലങ്കാരം നിന്റെ വകയാകട്ടെ.' അലങ്കാര സാധനങ്ങളുമായി രണ്ടുപേരും വീട്ടിലെത്തി. കരുണന്‍ പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല. എല്ലാവരും രവിയേട്ടന്‍ എന്നു പറഞ്ഞ് അടുത്തുകൂടി. രവി വളരെ സന്തോഷത്തോടെ എല്ലാവരുമായി ഇടപഴകി. കരുണന്റെ കൂടെ ഇരുന്നു സന്തോഷത്തോടെ ഭക്ഷണം കഴിച്ചു.
രവി അപ്പോഴേയ്ക്കും തടിച്ചു ചീര്‍ത്തിരുന്നു. നീണ്ട മുടിയെല്ലാം വെട്ടിക്കളഞ്ഞിരുന്നു. സംസാരിക്കുമ്പോഴെല്ലാം അയാളുടെ മുഖത്ത് സദാ ദുഃഖം കളിയാടിയിരുന്നതായി കരുണന്‍ ഓര്‍ക്കുന്നു. അതുകാരണം പഴയ കാലങ്ങളെപ്പറ്റി ഒന്നും അന്വേഷിക്കാറില്ല. അപ്പോഴേയ്ക്കും രവിയുടെ വീട്ടുകാര്‍ പന്നിയങ്കരയിലെ വീടെല്ലാം വിറ്റു കോട്ടുളിയിലേയ്ക്കു മാറി താമസിച്ചിരുന്നു. കുറച്ചു നല്ല ബന്ധങ്ങള്‍ രവി നിലനിര്‍ത്തിയിരുന്നു. 

തടവു കഴിഞ്ഞു പുറത്തിറങ്ങുന്ന രവി ആദ്യം വരുന്നത് വൈക്കം മുഹമ്മദ് ബഷീറിനെ തേടിയാണ്. ബഷീറിന്റെ പുസ്തകങ്ങള്‍ വായിച്ച് ആകൃഷ്ടനായുള്ള വരവാണ്. ബഷീര്‍ കുശലം ചോദിക്കും. ചായ കുടിച്ചോയെന്ന് അന്വേഷിക്കും. പലപ്പോഴും ഭക്ഷണം കൊടുത്തു. രവിക്കു പറയാനുള്ളതെല്ലാം ബഷീര്‍ കേട്ടിരിക്കും. ബഷീറിന്റെ എല്ലാ സമ്മേളനങ്ങളിലും രവി ഒരു മൂലയില്‍ ചാരി നില്‍പ്പുണ്ടാകും. ബഷീര്‍ മരിച്ചപ്പോള്‍ കബറിടത്തില്‍ വീണുകരയുന്ന അയാളെ അന്ന് എടുത്തുമാറ്റേണ്ടിവന്നു. അയാളാകെ തകര്‍ന്നുപോയിരുന്നു. ആന ഓടിയപ്പോള്‍ തടഞ്ഞുനിര്‍ത്തിയ ധൈര്യം പിന്നീടെപ്പോഴോ അയാള്‍ക്കു കൈവിട്ടുപോയി. ഒരു പെണ്ണിന്റെ തിരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിയാത്ത മനസ്സ്. പിന്നീട് പത്രങ്ങളില്‍ വാര്‍ത്ത വന്നു, സുലേഖ വധക്കേസ്സിലെ പ്രതി തൂങ്ങിമരിച്ചു. ജീവപര്യന്തം തടവിനുശേഷം ജീവിതത്തെ നേരിടാന്‍ മനസ്സാക്ഷി അയാളെ അനുവദിച്ചിരിക്കില്ല. ബഷീറിന്റെ സ്‌നേഹം കൈവിട്ടു പോയതായിരിക്കാം ഒരുപക്ഷേ, രവിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com