മെട്രോ മഹാശ്ചര്യം തന്നെ, പക്ഷേ...

മെട്രോയില്‍ കയറിയില്ലെങ്കില്‍ കൊച്ചിയില്‍ പോയതു വെറുതെയായി എന്നാണ് ഇനി നാട്ടുധാരണ.
മെട്രോ മഹാശ്ചര്യം തന്നെ, പക്ഷേ...

ആയിരക്കണക്കിനു കോടി ഉറുപ്പിക ചെലവഴിച്ചു പണിത മെട്രോ കൊച്ചി മഹാനഗരത്തിന്റെ പുതിയ ആകര്‍ഷണമായിരിക്കുന്നു. മെട്രോയില്‍ കയറിയില്ലെങ്കില്‍ കൊച്ചിയില്‍ പോയതു വെറുതെയായി എന്നാണ് ഇനി നാട്ടുധാരണ. കേരളത്തിലെങ്ങും വേറെ മെട്രോ ഇല്ലാത്തതിനാല്‍ മലയാളിയാണെങ്കില്‍ കൊച്ചി മെട്രോയില്‍ കയറാതിരുന്നാല്‍ നാണക്കേടുമാവും.
തലയ്ക്കു മുകളിലൂടെ ഇങ്ങനെയൊരു പോക്കുവരവുണ്ടായത് ആശ്ചര്യം തന്നെ. അതിന്റെ നിര്‍മ്മിതിയിലെ കൗശലവും കണിശതയും പ്രശംസനീയം. നിശ്ചിത കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തിയായത് അപൂര്‍വ്വവും.
ഹര്‍ത്താലുകാര്‍ ഏണിയും കോണിയും വച്ചു കയറിയില്ലെങ്കില്‍ തടസ്സമില്ലാതെ യാത്രചെയ്യാം എന്ന വലിയ മെച്ചമുണ്ട്. വെള്ളക്കെട്ടോ കുഴികളോ ജാമോ ഒന്നും വിഷമിപ്പിക്കില്ലല്ലോ.
ഇന്നത്തെ നിലയില്‍, കാണാനും മേനിപറയാനും ധാരാളം വകയുണ്ട്. പക്ഷേ, ആകപ്പാടെ ആലോചിക്കുമ്പോള്‍ കാര്യപ്പെട്ട ഈഷലുകള്‍ ഇല്ലാതില്ല.
മെട്രോകൊണ്ട് നഗരത്തിലെ ഗതാഗത വിഷമം എത്ര കണ്ടു പരിഹരിക്കപ്പെടും? അതിനു വേണ്ടിവന്ന ചെലവിനും അതുളവാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ന്യായീകരണമാകുന്ന അളവില്‍ മെച്ചപ്പെട്ടതാവുമോ ആ പരിഹാരം? മൊത്തം യാത്രക്കാരുടെ എത്ര ശതമാനം മെട്രോയെ ആശ്രയിക്കും?
നിരത്തുകളുടെ വീതിയില്ലായ്മയും കുഴികളും സിഗ്‌നലുകളിലെ കാത്തുകിടപ്പുമാണ് നഗരത്തിലെ വാഹനഗതാഗതത്തെ ഞെരുക്കുന്നത്. വിശ്വസനീയവും സഹനീയവുമായ പൊതുസൗകര്യങ്ങളില്ലാത്തതാണ് നിരത്തുകളില്‍ വാഹനങ്ങള്‍ പെരുകുന്നതിന് ഒരു കാരണം.
നിരത്തുകള്‍ക്കു വീതിയുണ്ടാക്കുക, വഴിയിലെ കുഴികളും കിടങ്ങുകളും നീക്കുക, ആവശ്യമായ ഫ്‌ളൈഓവറുകള്‍ പണിയുക, പിന്നെ സമയനിഷ്ഠയും വിശ്വാസ്യതയും വൃത്തിയും വെടിപ്പും പുലര്‍ത്തുന്ന നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടുമുള്ള ബസ്-ടാക്‌സി-ഓട്ടോ സേവനങ്ങള്‍ ആവിഷ്‌കരിക്കുക. ഇത്രയും കൊണ്ടു തീര്‍ക്കാവുന്ന ഗതാഗത പ്രശ്‌നത്തിന്റെ എത്ര ശതമാനം, ഇത്രയും ചെയ്യാത്ത അവസ്ഥയില്‍ മെട്രോകൊണ്ട് പരിഹരിക്കാനാവും?
എത്ര ലക്ഷം ടണ്‍ കോണ്‍ക്രീറ്റാണ് ഈ 'തലമേല്‍പ്പോക്കു'ണ്ടാക്കാന്‍ ഉപയോഗിച്ചത് എന്നോര്‍ത്താല്‍ തല കറങ്ങിപ്പോവും! എന്നിട്ടിത് എത്ര കാലം നില്‍ക്കും? മാതൃകാപരമായ കോണ്‍ക്രീറ്റിങ്ങ് നടത്തിയ നിര്‍മ്മിതികളുടെ പരമാവധി ആയുസ്സ് നൂറു വര്‍ഷത്തില്‍ താഴെയാണ്. ശരി, നൂറു വര്‍ഷം എന്നുതന്നെ കരുതിയാലും ഒരു വര്‍ഷം മുതല്‍മുടക്കിന്റെ നൂറിലൊന്നു ചെലവായതായി കണക്കാക്കണ്ടേ? അത്രയും വരുമോ അറ്റാദായം? അതുമല്ല, ഈ പാഴ്‌വസ്തു ആയുസ്സറുതിയില്‍ പൊളിച്ചുനീക്കാന്‍ എന്തു ചെലവാകും? ആ തുകകൂടി വിദേശത്തുനിന്നു കടമെടുക്കാമെന്നു വച്ചാലും 'തല്ലിപ്പൊളിച്ച പാഴ്‌വസ്തു' എവിടെ നിക്ഷേപിക്കും? ആയിരം കൊല്ലം കഴിഞ്ഞാലും പൂര്‍ണ്ണമായി മണ്ണോടു ചേരുന്ന ഉരുപ്പടിയല്ല ഇത്. വരും തലമുറയുടെ ശിരസ്സില്‍ എന്തിനീ മലിനീകരണ മഹാഭാരം കെട്ടിവയ്ക്കുന്നു?
ഓഫീസില്‍ പോകാനും വരാനും മെട്രോ ഉപയോഗിക്കാന്‍ തുനിയുന്ന ആളുടെ മുന്നില്‍ ഉളവാകുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെട്ടുവോ? മെട്രോ സ്‌റ്റേഷന്‍വരെ എത്താന്‍ എന്തുചെയ്യും? നടക്കാമെന്നുവച്ചാല്‍ നിരത്തില്‍ അതിന് ഇടമില്ല എന്നല്ല എത്തുക മിക്കവാറും ഓഫിസിലാവില്ല, മോര്‍ച്ചറിയിലാവും! ഒരു വാഹനം കൊണ്ടുപോകാമെന്നു കരുതിയാല്‍, അതെവിടെ പാര്‍ക്കു ചെയ്യും? മെട്രോയില്‍ നിന്നിറങ്ങിയാലും ഇതേ  ചോദ്യങ്ങള്‍ അവശേഷിക്കും.
വികസിത നാടുകളിലൊന്നും ഈവക വിഷമങ്ങളില്ല. ഏതു റോഡിലും നടപ്പാതയുണ്ട്. സൈക്കിള്‍ ഓടിക്കാന്‍ പ്രത്യേക ഇടമുണ്ട്. വിശ്വസനീയമായ ബസ്-ട്രാം-ടാക്‌സി സേവനങ്ങളുണ്ട്. റോഡിന്റെ സ്ഥലം കവര്‍ന്ന് അതിനു മുകളിലൂടെയല്ല അവിടങ്ങളില്‍ മെട്രോ. ഭൂരിഭാഗവും ഭൂമിക്കടിയിലൂടെയാണ്. അതുമല്ല, വെറും രണ്ടു ട്രാക്കുകളും ഏതാനും ട്രെയിനുകളും മാത്രമല്ല ഓടുന്നത്.
ഡല്‍ഹി പോലുള്ള നഗരങ്ങളിലെ അനുഭവം തന്നെ നോക്കാം. മെട്രോ വരുന്നതിനു മുന്‍പ് ഉണ്ടായിരുന്നതിലേറെയാണ് ഇപ്പോള്‍ നിരത്തിലെ തിരക്കും കുരുക്കും. മാത്രമല്ല, വര്‍ഷങ്ങളായിട്ടും പല ഭാഗങ്ങളിലും പണി മുഴുവനായി പരിസരം സാധാരണഗതിയിലെത്തിയിട്ടില്ല. കടക്കാനും നടക്കാനും വയ്യാത്ത സ്ഥിതിയുണ്ടാക്കി ഗര്‍ത്തങ്ങളും വാരിക്കുഴികളും.
അധിക നിര്‍മ്മിതികൊണ്ട് ഒരു ബുദ്ധിമുട്ടും പരിഹരിക്കാനാവില്ല എന്ന് ഇപ്പോള്‍ വികസനപ്രവര്‍ത്തനങ്ങളില്‍ ആഗോളാടിസ്ഥാനത്തില്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ചോരുന്ന മേല്‍പ്പുരയ്ക്കു പരിഹാരം, ആ മേല്‍പ്പുര പണിത അതേ രീതിയില്‍, അതിനുമീതെ മറ്റൊന്നു പണിയുകയല്ല എന്നര്‍ത്ഥം.
നിറവും തിളക്കവുമുള്ള സംഗതികള്‍ വന്‍ ചെലവില്‍ നിര്‍മ്മിക്കുന്നതല്ല വികസനം. ഉള്ള സംഗതികള്‍ നേരെയാക്കാതെ പുതിയതൊന്നുണ്ടാക്കിയിട്ടെന്തു കാര്യം? ഞാനും എന്റെ വീട്ടുകാരിയും തമ്മില്‍ എന്നും വഴക്കാണ്, വീട്ടില്‍ ഭക്ഷണമോ വിശ്രമമോ ശരിയാകുന്നില്ല എന്നതിനു പ്രതിവിധി ഞാന്‍ രണ്ടാമതൊരു വിവാഹം ആര്‍ഭാടപൂര്‍വ്വം കഴിക്കുകയല്ലല്ലോ.
വീട് പണയപ്പെടുത്തി തിളങ്ങുന്ന കാറു വാങ്ങി അതില്‍ സവാരിക്കൊരുങ്ങുന്ന കുടുംബാംഗങ്ങള്‍, 'ഇതത്ര ശരിയാണോ?' എന്ന സംശയം പ്രകടിപ്പിക്കുന്നവരെ അരസികരെന്നും സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകള്‍ എന്നുമൊക്കെ വിളിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്രയും കുറിച്ചത്.
കൃഷി മുതല്‍ ചെരിപ്പു കച്ചവടം വരെ വന്‍തോതിലായാലേ വികസനമാവൂ എന്നുണ്ടോ? ലക്ഷക്കണക്കിനു മനുഷ്യരുടെ സേവനാവസരങ്ങളാണ് നഷ്ടപ്പെടുന്നത്. സമൂഹത്തോടും പ്രകൃതിയോടും കൂറില്ലാത്ത ഉല്പാദന-വിപണനരീതികള്‍ നിലവില്‍ വരുന്നതോടെ ഏവരുടേയും ജീവിതം അരക്ഷിതമാവുന്നു. കാരണം, വിശ്വസിച്ചു കഴിക്കാവുന്ന ഭക്ഷണസാധനങ്ങളില്ലാതാവും; എന്തിന്, കാലിനു പാകമായ ചെരിപ്പുണ്ടാക്കുന്ന സംവിധാനം പോലും അസ്തമിച്ചില്ലേ?
ഇന്നെങ്ങനെ മേനിനടിക്കാമെന്നാണോ ഒരു സംസ്‌കൃത സമൂഹം ആലോചിക്കേണ്ടത്? നാളെ എന്നല്ലേ വേണ്ടത്, മുഖ്യമായ ചിന്ത? അതും കഴിഞ്ഞ്, എന്നേയ്ക്കുമെന്ന പരിഗണനയല്ലേ മനുഷ്യത്വത്തിന്റെ ലക്ഷണം?
ഇപ്പോഴും നാം ചര്‍ച്ച ചെയ്യുന്നത് ഉദ്ഘാടനത്തിന് ആരെ ക്ഷണിച്ചില്ല എന്നും വേദിയിലും ഉദ്ഘാടന യാത്രയിലും 'അധികൃത'മായും 'അനധികൃത'മായും ആരെല്ലാമുണ്ടായി എന്നുമുള്ള കണക്കെടുപ്പിനെക്കുറിച്ചാണ്.
വിത്തുകുത്തി അരിയാക്കി വച്ച പായസം വിളമ്പിയതു ശരിയായോ എന്നും അതില്‍ വേണ്ടത്ര ഉപ്പുരസമുണ്ടോ എന്നും ചര്‍ച്ചചെയ്തു കാലം കഴിച്ചാല്‍ മതിയോ? ഇപ്പോഴും മാറിമാറി വന്ന സര്‍ക്കാറുകള്‍ അവനെ/അവളെ പണയപ്പെടുത്തി വാങ്ങിയ വകയില്‍ ഒരു കേരളീയന്റെ ശരാശരി കടബാദ്ധ്യത എത്രയാണെന്നു വല്ലപ്പോഴും ഓര്‍ക്കണ്ടേ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com