ടി.എന്‍. ജോയ് മരിച്ചാല്‍ നാമെന്തു ചെയ്യും?; കള്ളും ബീഫും ചന്ദ്രക്കലയും

പുതിയ കശാപ്പ് നിയന്ത്രണരേഖ, മുസ്‌ലിം ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. അത് അങ്ങനെ ചിത്രീകരിക്കുക വഴി ആര്‍.എസ്.എസ് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും
ടി.എന്‍. ജോയ് മരിച്ചാല്‍ നാമെന്തു ചെയ്യും?; കള്ളും ബീഫും ചന്ദ്രക്കലയും

♦ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരു മലയാളിയുടെ നെറ്റിയില്‍ 'Live' എന്നെഴുതാമെങ്കില്‍, അത് ടി.എന്‍. ജോയിയുടേതായിരിക്കും. ജോയ് മാത്യുവിന്റെ നെറ്റിയും അതിനുപയോഗിക്കാം. കൂടുതലിണങ്ങുക ടി.എന്‍. ജോയ്ക്കാണ്. ജീവിതത്തിലെ ആശയങ്ങള്‍ തല്‍സമയ സംപ്രേഷണം പോലെ അവര്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ബോധ്യമാകുന്നതെന്തും ഒഴിയാബാധപോലെ അവര്‍ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു. വാക്കുകള്‍ അവര്‍ അനായാസമായി അഴിച്ചുവിടുന്നു. ജോസ് പനച്ചിപ്പുറത്തിനു പിടികൊടുക്കാത്ത ഭാഷ, മനോഹരമായ ദുര്‍ഗ്രഹത, ടി.എന്‍. ജോയിയുടെ എഴുത്തിന്റെ പ്രത്യേകതയാണ്. ടി.എന്‍.  ജോയിയുടെ അപൂര്‍ണ്ണത്തിന്റെ ഭംഗി എന്ന പുസ്തകത്തിലും ഭൂതക്കണ്ണാടി വച്ചുനോക്കിയാലും മനസ്സിലാവാത്ത ചില പ്രയോഗങ്ങളുണ്ട്. ജോയിയുടെ തന്നെ പിടികിട്ടായ്മ വായനക്കാരുടെ പിടലിക്കു വച്ച്, പ്രശസ്തമായ ആ ചിരി ജോയിച്ചേട്ടന്‍ ചിരിക്കുന്നുണ്ടാവാം. വായനക്കാരുടെ മണ്ടയിലേക്കു വാക്കുകള്‍ കയറ്റിയിറക്കി രസിക്കുന്ന നാറാണത്തു ചിരി.

യാതൊരു ദുര്‍ഗ്രഹതയുമില്ലാതെ ടി.എന്‍. ജോയ് എഴുതിയ ഒരു കത്ത് ഈ പുസ്തകത്തിലുണ്ട്. പ്രിയപ്പെട്ട സുലൈമാന്‍ മൗലവിക്ക് എന്നു തുടങ്ങുന്ന ആ കത്തിലെ ഉള്ളടക്കം ചുവടെ:

വിചിത്രമെന്നു തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്കു മുന്നില്‍  സമര്‍പ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസികളുടെ വൈവിധ്യ ഭംഗിയിലാണ് ഒരുപക്ഷേ, വിശ്വാസം. ജീവിതത്തിലുടനീളം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്നും മുസ്‌ലിങ്ങളായിരുന്നു ഇപ്പോഴും!

ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌കരിക്കാന്‍ കഴിയുമോ?
നോക്കൂ, മൗലവി, ജനനം തിരഞ്ഞെടുക്കാന്‍ നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിനു നടക്കുന്നതല്ലേ ശരി? എന്റെ ഈ അത്യാഗ്രഹത്തിനു മതപരമായ ന്യായങ്ങള്‍ കണ്ടെത്താന്‍ പണ്ഡിതനായ നിങ്ങള്‍ക്കു കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.

ഇങ്ങനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ടു കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?
ജനിച്ച ഈഴവജാതിയുടെ ജാതിബോധം തീണ്ടാതിരിക്കാനാണ്, അച്ഛന്‍ എന്നെ മടിയില്‍ കിടത്തി ജോയ് എന്നു പേരിട്ടത്. ബാബറി പള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യയ്ക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം മാത്രം സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്.

ഇതിനെതിരായ മുസ്‌ലിം സഹോദര്യങ്ങളുടെ പ്രതിഷേധങ്ങളില്‍ ഞാന്‍ അവരോടൊപ്പമാണ്. മുസ്‌ലിം സമുദായത്തിലെ അനേകരോടൊപ്പം, എന്റെ ഭൗതിക ശരീരവും മറവു ചെയ്യപ്പെടണമെന്ന എന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത, ഒരു ദുര്‍ബലന്റെ പിടച്ചിലില്‍ മൗലവി എന്നോടൊപ്പം ഉണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് ഏതാണ്ട് ഉറപ്പാണ്, നിര്‍ത്തട്ടെ.

സ്‌നേഹത്തോടെ,
സ്വന്തം കൈപ്പടയില്‍...

ഇത്രയുമാണ് ആ കത്ത്. നജ്മല്‍ ബാബു എന്ന പേരിലേക്ക് ടി.എന്‍. ജോയ് പേര്‍ മാറാട്ടം നടത്തുന്നതു ഇതില്‍ സൂചിപ്പിച്ചിട്ടില്ല. ഫാസിസത്തിന്റെ ഇരകള്‍ എവിടേയും മുസ്‌ലിങ്ങള്‍ ആവുന്നതുകൊണ്ട് എന്നെയും മുസ്‌ലിങ്ങളോടൊപ്പം കബറടക്കുക, ഇതാണ് ടി.എന്‍. ജോയിയുടെ നിലപാട്. മറ്റുചില കുറിപ്പുകളില്‍ അതു വിശദീകരിക്കുന്നുമുണ്ട്.

അപ്പോള്‍ നമ്മുടെ പ്രിയപ്പെട്ട സുലൈമാന്‍ മൗലവി, ടി.എന്‍. ജോയ്ക്കു എന്തെങ്കിലും മറുപടി കൊടുത്തുവോ?
ആ പേജ് തുറന്നുവച്ചുതന്നെ ജോയിച്ചേട്ടനെ ഇന്നലെ വിളിച്ചു. അഭിമുഖം അങ്ങനെയുമാവാം.

ജോയിച്ചേട്ടാ, സുലൈമാന്‍ മൗലവി വല്ല മറുപടിയും തന്നോ?
ആ പ്രശസ്തമായ ചിരിയോടെ ജോയിച്ചേട്ടന്‍:

''മുല്ലപ്പൂ വിപ്‌ളവം നടക്കുന്ന സമയത്ത് കൊടുങ്ങല്ലൂര് വച്ചു നടന്ന ഒരു പരിപാടിയില്‍ ഞങ്ങള്‍ ഒന്നിച്ചു കണ്ടിരുന്നു. എന്റെ പ്രസംഗത്തില്‍ ചെയര്‍മാന്‍ മാവോ പറഞ്ഞ ഒരു കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നു. അതായത്, നൂറു യുദ്ധങ്ങള്‍ ജയിക്കുന്നതിനേക്കാള്‍ വലിയ വിജയമാണ് ഒരാള്‍ അവന്റെ ആത്മയുദ്ധത്തില്‍ ജയിക്കുന്നത്...'

തുടര്‍ന്നു സുലൈമാന്‍ മൗലവി പ്രസംഗത്തില്‍ പറഞ്ഞു: ''ജോയ് ഏതോ മഹാനവര്‍കളുടെ ഹദീസ് ഇവിടെ ഉദ്ധരിക്കുകയുണ്ടായി. അതാണ് സത്യം. അവരവരുടെ ആത്മാവിനെ ജയിക്കുക എന്നതാണ് പ്രധാനം...' -ജോയിച്ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.

ഒരുപക്ഷേ, സുലൈമാന്‍ മൗലവിക്കു പറയാവുന്ന ശരിയായ നിലപാട് അതുമാത്രമാണ്.
ചെയര്‍മാന്‍ മോവോയ്ക്കുതന്നെ ജോയിയെ തിരിച്ചേല്‍പ്പിക്കുക!
മരണാനന്തരം ഒരു മുസ്‌ലിം മതദേഹമായി കബറൊടുങ്ങേണ്ട ആള്‍ മാത്രമാണോ ജോയ്? അതാണോ ഫാസിസത്തെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം? മുസ്‌ലിം മതത്തില്‍ മൃതദേഹമായി ലയിച്ചു ചേരുന്നതോ ഫാസിസ്റ്റ് വിരുദ്ധത?

വളരെ ലളിതമായ ഒരു തമാശ മാത്രമാണ് അത്. ജോയിച്ചേട്ടനു മാത്രം പറയാന്‍ കഴിയുന്ന ഒരു തമാശ. ഗര്‍ഭപാത്രത്തില്‍നിന്നു കബറിടത്തിലേക്കുള്ള ഒരു യാത്രയെ ഒരു സെന്‍ കഥ പോലെ അദ്ദേഹം അവതരിപ്പിക്കുന്നു. എന്നാല്‍, ഫാസിസം ഒരു സെന്‍ കഥയല്ല.

ഓടക്കുഴലൂതിയാണ് ഇന്ത്യയില്‍ ഫാസിസം വരുന്നത്. സോഷ്യല്‍ മീഡിയകളിലെ കമന്റുകള്‍, മിക്കവാറും ഓടക്കുഴലൂതി വരുന്ന ഫാസിസത്തെ ഉമ്മവെയ്ക്കുന്നവയാണ്. മനോഹരമായ അവതരണഗാനം പോലെ ഫാസിസം കടന്നുവരുന്നു. ഒറ്റരാത്രി കൊണ്ട് അസാധുവായത്തീര്‍ന്ന, നമുക്ക് അന്നജമായി തീരേണ്ടിയിരുന്ന നോട്ടുകള്‍ മാറിക്കിട്ടാന്‍ നാം കൊണ്ട വെയില്‍പോലും ഒരു വിദൂരമായ ഓര്‍മ്മപോലെയല്ലേ ഇപ്പോള്‍? അതില്‍പ്പെട്ടു മരിച്ചവരുടെ വീട്ടില്‍ മാത്രം വേദനയുടെ മണ്‍ചിരാതുകള്‍ ഇപ്പോഴും കത്തുന്നുണ്ടാവാം.

റംസാന്‍ മാസപ്പിറവിക്കായി കാത്തിരുന്ന അതേ ദിവസമാണ് കന്നുകാലികളെ കശാപ്പിനു വില്‍ക്കുന്നതും മതപരമായി ബലിയര്‍പ്പിക്കുന്നതും നിരോധിച്ചു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുന്നത്. പശു, കാള, പോത്ത്, ഒട്ടകം തുടങ്ങി എല്ലായിനം കാലികളുടേയും കാര്യത്തില്‍ ഈ നിരോധനം ബാധകമാണ്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന 1960-ലെ നിയമം 38-ാം ഉപവകുപ്പ് അടിസ്ഥാനപ്പെടുത്തി വനംപരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്. ജനുവരി 16-ന് ഇറക്കിയ കരട് വിജ്ഞാപനം അനുസരിച്ചുള്ള അന്തിമ വിജ്ഞാപനമാണ് പുറത്തുവന്നത്.

ഇതില്‍ പ്രധാന വിലക്കുകളില്‍ ഒന്ന്, മൃഗങ്ങളുടെ മേല്‍ ചാപ്പ കുത്തരുത് എന്നാണ്. ഈ വിലക്ക് പ്രധാനമാണ്, മറ്റൊരു വിധത്തില്‍ മനുഷ്യര്‍ക്കും അതു ബാധകമാണ് എന്നുമാത്രം.

വൈവിധ്യത്തിന്റെ പ്രകാശകേന്ദ്രമായ ഇന്ത്യയുടെ മേല്‍ സവര്‍ണ മുദ്രയുള്ള ചാപ്പ കുത്തരുത്. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് അതാണ്.  ബ്രാഹ്മണ്യത്തിന്റെ ദീര്‍ഘവും നിരന്തരവുമായ ഒരു ചാപ്പ കുത്തല്‍!

ബാലചന്ദ്രന്‍ ചുള്ളിക്കാട് മുന്‍പ് എപ്പോഴോ എഴുതിയതുപോലെ, ബലിയറുക്കുന്നതില്‍ സംപ്രീതനാവുന്ന ഒരു ദൈവത്തെ ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ, ദൈവം അങ്ങനെയുമാണ്.

പുതിയൊരു മാസപ്പിറവിപോലെയാണ് ഈ ആശയങ്ങളൊക്കെ കടന്നുവരുന്നത്. ഈ തീരുമാനം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ചങ്കിടിപ്പു കൂട്ടുമെന്നാണ് ചിലരെങ്കിലും ധരിച്ചിരിക്കുന്നത്. മാംസം ഒരു മതേതര ഭക്ഷണമായി കാലം കുറേയായി. ബീഫിനു മതമില്ല. ബീഫ് അതില്‍ത്തന്നെ ഒരു ബിലീഫാണ്. പക്ഷേ, ബീഫ് എന്നു കേള്‍ക്കുമ്പോള്‍ പോത്തിറച്ചി തിന്നുന്ന മാപ്പിള എന്ന ലളിതചമല്‍ക്കാരം വരുന്നു. ബീഫും കള്ളുമാണ് കൂടുതല്‍ ഉന്മാദിയാര്‍ന്ന കോമ്പിനേഷന്‍. പാട്ടില്‍ പല കാലങ്ങള്‍ നിറയുന്ന രാത്രികള്‍. മനസ്സ് അഴിച്ചുവിട്ട ഒരു പോത്തിനെപ്പോലെ വയലില്‍ മേഞ്ഞുനടക്കും. അത്രയഗാധമായി രുചിയിലും അഭിരുചിയിലും ബീഫ് മാറ്റം വരുത്തിയിട്ടുണ്ട്.

അപ്പോള്‍, പുതിയ കശാപ്പ് നിയന്ത്രണ രേഖ, മുസ്‌ലിം ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. അത് അങ്ങനെ ചിത്രീകരിക്കുക വഴി ആര്‍.എസ്.എസ് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും. ഉള്ളില്‍ ചകിതരായി ജീവിക്കുന്ന മുസ്‌ലിമുകളെ കാണുമ്പോള്‍ ചിരി വരാതിരിക്കുമോ? നോക്കൂ, പള്ളീലച്ചന്മാര്‍ ഒരു പ്രതിഷേധവും നടത്തുന്നില്ലല്ലോ? ബീഫ് കിട്ടിയാലുമില്ലെങ്കിലും വീഞ്ഞ് ചുണ്ടു നനക്കും വരെ, വരില്ല പ്രതിഷേധത്തിന്റെ തരിമ്പുപോലും. അതാണ് നയതന്ത്രപരമായ ദൈവ/ഭരണകൂട ഭക്തി. ദളിതരാണ് മറ്റൊരു ഇര. ഒരു അദലിത് മേല്‍ക്കൈ സമൂഹത്തില്‍, സവര്‍ണ ജ്ഞാനജന്മികള്‍ ഇതൊരു മുസ്‌ലിം പ്രശ്‌നമായി ചുരുക്കിക്കൊണ്ടുവരാനാണ് സാധ്യത. അതാണ് മാസപ്പിറവി ഒരു അധികമാനമായി കടന്നുവരുന്നത്. ബലി ഒരു ആശയമായി വരുന്നത്.

എന്നാല്‍, ഭരണകൂടവും അതിനെ മുന്നോട്ടു നയിക്കുന്ന പ്രത്യയശാസ്ത്രവും അഴിച്ചുവിടുന്ന ഫാസിസ്റ്റ് രീതികളെ പ്രതിരോധിക്കാന്‍ മുസ്‌ലിം മത ന്യൂനപക്ഷത്തിനു നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയുമോ എന്നു സംശയമാണ്. മുസ്‌ലിം ന്യൂനപക്ഷം എന്ന ബാനറിനു കീഴെ എല്ലാവരെയും അണിനിരത്തുക സാധ്യമല്ല. ഭൂരിപക്ഷം എന്നു വ്യവഹരിക്കപ്പെടുന്ന സവര്‍ണ/മേല്‍ജാതി സമൂഹമാണ് വാസ്തവത്തില്‍ ന്യൂനപക്ഷം. അവരുടെ ഉദാരമായ കനിവിനു കാത്തിരിക്കുന്നു, ഒരു തരം അധമബോധത്തോടെ കാത്തിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ ഇന്ത്യന്‍ ഭൂരിപക്ഷസമൂഹം ചെയ്യുന്നത്. ഒരു സെക്യുലറിസ്റ്റ് സമൂഹസൃഷ്ടിയുടെ വമ്പിച്ച ഉണര്‍വ്വിലൂടെ മാത്രമേ, ഇപ്പോള്‍ കടന്നുവരുന്ന മനുഷ്യവിരുദ്ധമായ നിര്‍ബന്ധിതാവസ്ഥകളെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ.അതുകൊണ്ട് കശാപ്പു നിയന്ത്രണം മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമാണ് എന്ന അവതരണ രീതി മാറണം. മതേതര തീന്‍മുറി എന്ന ആശയത്തെയാണ്, പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികത്തില്‍ അത് ഉന്നം വെയ്ക്കുന്നത്. മതത്തെയല്ല, മൈത്രിയെയാണ് അതു തൊടുന്നത്. കള്ളും ബീഫും കഴിച്ചു പരസ്പരം സ്‌നേഹത്തിന്റെ പൂത്തിരികള്‍ കൈമാറുന്ന ആണ്‍-പെണ്‍ മതേതര തീന്‍മുറിയിലേക്കാണ് അതിന്റെ ആഘാതം ആദ്യം കടന്നുവരിക.
രണ്ടാമത് അതു നിശ്ചയമായും ബാധിക്കുക, കാലിക്കച്ചവടം ചെയ്യുന്ന ഗ്രാമീണരെയാണ്.

കര്‍ണാടകയിലെ സുബ്രഹ്മണ്യം എന്ന പേരുകേട്ട കാലിച്ചന്തയിലേക്കു കാലികളെ ലേലത്തിനു വിളിക്കാന്‍ പോകുന്ന എത്രയോ ഗ്രാമീണ കാലിക്കച്ചവടക്കാരുണ്ട് വടക്കേ മലബാറില്‍. മിക്കവാറും അവര്‍ കാല്‍നടയായിട്ടാണ് പോകാറ്. അത്രതന്നെ പ്രശസ്തമാണ് മൈസൂരിലെ ചിഞ്ചിനിക്കട്ടം കാലിച്ചന്ത. വെള്ളക്കാലി (പാലക്കാലി), മാതന്‍ (നരച്ചനിറം), ചോക (ചുകപ്പുനിറം), പൊന്നന്‍ (ചുകപ്പും വെള്ളയും നിറം), പെത്ത (പെണ്‍കടിച്ചി)... ഇങ്ങനെ തരം നോക്കി കാലികളെ വിലയ്ക്കു വാങ്ങിയും അന്യോന്യം കാലികളെ കൈമാറിയും ഗ്രാമീണ കാലിക്കച്ചവടക്കാര്‍ നടന്നുപോയ ദൂരങ്ങളൊക്കെ മറന്നു കാട്ടു/നാട്ടു പാതകളിലൂടെ അവരവരുടെ ഗ്രാമത്തിലേക്കു തിരിച്ചെത്തുന്നു. ഈ ഗ്രാമീണ കാലിക്കച്ചവടക്കാരും ഇനി വലിയ ആശങ്കയിലാണ്. അതായത്, ഇത് ഒരു മതവിഷയം മാത്രമല്ല. ഒരു മുസ്‌ലിം വിഷയം പോലും അല്ല അത്.

ലോക മുസ്‌ലിമുകള്‍ ഫാസിസ്റ്റുകളുടെ ഇരകളാണ് എന്ന അതിവായനക്ക് ഈ സന്ദര്‍ഭത്തില്‍ ഒരു പ്രസക്തിയുമില്ല. മുസ്‌ലിമുകള്‍ അവരുടെ തന്നെ വിഭാഗീയതയുടെ ഇരകളാണ്. മതത്തില്‍ ഒന്നായിരിക്കുമ്പോഴും അതിര്‍ത്തികളില്‍, രാജ്യങ്ങളില്‍, ചരിത്രസ്ഥലികളില്‍ അവര്‍ അവര്‍ക്കെതിരെത്തന്നെ തോക്കുപിടിച്ചു നില്‍ക്കുന്നു. ഡൊണാള്‍ഡ് ട്രമ്പും സൗദിയിലെ സല്‍മാന്‍ രാജാവും കൈകള്‍ ചേര്‍ത്തുപിടിച്ചു അറേബിയന്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്നു, ഗോത്രത്തലവന്മാരുടെ നിയമങ്ങള്‍ മാത്രം ബാധകമായ ഒരു ഗോത്രകാലം ആ നൃത്തം ഒറ്റയടിക്ക് ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. ഡൊണാള്‍ഡ് ട്രമ്പിനെതിരെ ഒരു പ്രതിഷേധ പോസ്റ്റര്‍ പോലും എവിടെയും ഉയര്‍ന്നില്ല. ഇവിടെ വെല്‍ഫെയര്‍ പാര്‍ട്ടിയോ എസ്.ഡി.പി.ഐയോ പോപ്പുലര്‍ ഫ്രണ്ടോ ചുവരെഴുത്തു നടത്തിയില്ല. മാധ്യമം എഡിറ്റോറിയല്‍ എഴുതിയില്ല. സൗദിയിലേക്കു നോക്കുമ്പോള്‍ ഏതൊരു മുസ്‌ലിമും ഒരു മതവാദി മുസ്‌ലിം മാത്രമാണ്. ചുവരെഴുത്തുകള്‍ക്കു അവിടെ പ്രസക്തിയില്ല.

അതുകൊണ്ടു ഫാസിസത്തിന്റെ ഇരകളാണ് ഇന്ത്യന്‍ മുസ്‌ലിമുകള്‍ എന്ന അതിവായനക്കു പ്രിയപ്പെട്ട ജോയിയേട്ടാ, എന്തു പ്രസക്തിയാണുള്ളത്? സംശയമില്ല, ഗുജറാത്ത് വംശഹത്യ ഭയാനകമായ ഒരു ഓര്‍മ്മ തന്നെയാണ്. എന്നിട്ടു നാം എന്തു പഠിച്ചു?

മരണാനന്തരം ഒരു മുസ്‌ലിമായി ചേരമാന്‍ പള്ളിയിലെ ഖബറില്‍ കിടക്കണം എന്ന ആഗ്രഹം സാധിച്ചു തരാന്‍ ഒരു സുലൈമാന്‍ മൗലവിക്കും സാധിക്കുമെന്നു തോന്നുന്നില്ല. ഒരു അവിശ്വാസിക്കു മരണാനന്തരം മുസ്‌ലിമുകളുടെ ആറടി മണ്ണ് കൈക്കലാക്കണം എന്ന ഒരു ഫാസിസ്റ്റ് മോഹം പോലും ആണത്. സെക്കുലറായി ജീവിച്ച ഒരാള്‍ ഫാസിസ്റ്റായി മരിക്കാന്‍ ആഗ്രഹിക്കുമോ? കമലാ സുരയ്യക്ക് മയ്യിത്ത് നിസ്‌കരിക്കാന്‍ വന്നതുപോലെ നിങ്ങള്‍ക്കുവേണ്ടി മയ്യിത്ത് നിസ്‌കരിക്കാന്‍ ആര്‍ വരും ജോയിയേട്ടാ? ജമാഅത്തു ഇസ്‌ലാമിക്കാരെ എന്തായാലും അതിനു കിട്ടില്ല. മരിച്ചവര്‍ക്കും ജീവിച്ചിച്ചിരിക്കുന്നവര്‍ക്കെന്നപോലെ മതമുണ്ട്. ശ്മശാനവും ഖബറിടവും സെമിത്തേരിയുമായി മതദേഹങ്ങള്‍ മൃതദേഹങ്ങളായി അവരുടെ മരണാനന്തര യാത്ര തുടരുന്നു.

ഫാസിസം ഓടക്കുഴലൂതി വന്നു നമ്മുടെ ഭക്ഷണത്തിലെ കൊതിയോടെ വാ പിളര്‍ത്തി നില്‍ക്കുന്ന ആ ഭ എടുത്തുമാറ്റുകയാണ്. പകരം നാം മാംസ ബുക്കു(book)കളും സസ്യബുക്കുകളുമായി മാറുന്നു. ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്തുന്നതുപോലെ, ബീഫ് ഫെസ്റ്റ് നടത്തുന്നു. ബീഫ് ലിറ്ററേച്ചര്‍ ഫെസ്റ്റ് ആലോചിച്ചു തുടങ്ങിയിട്ടുണ്ട് ചിലര്‍. പാവം പോത്തുകള്‍, ജീവനോടെ നമുക്കായി പിടയുന്നു. വാസ്തവത്തില്‍ ചെയ്യേണ്ടത്, നാം ഹോട്ടലുകളിലേക്ക്, കള്ളുഷാപ്പുകളിലേക്ക്, അറവുശാലകളിലേക്ക് പോവുക, ദൈനംദിനം ഒരു ബീഫാഹാരി എങ്ങനെയാണോ അതു കഴിച്ചത് അതുപോലെ അത് ആവശ്യപ്പെടുക. ബീഫ് ഫെസ്റ്റ് എന്ന കുരുതിയുത്സവം മൃഗവിരുദ്ധം മാത്രമല്ല, മാനവികാ വിരുദ്ധം കൂടിയാണ്. കയ്യടികളില്‍പ്പെട്ട് ഡി.വൈ.എഫ്.ഐ സുഹൃത്തേ, മതത്തിന്റെ കെണിയില്‍ വീഴരുത്.

മാസപ്പിറവിയുടെ ദിവസം ടി.എന്‍. ജോയിയുടെ അപൂര്‍ണ്ണത്തിന്റെ ഭംഗി (എഡിറ്റര്‍: ദിലീപ് രാജ്, പുസ്തകപ്രസാധക സംഘം) വായിച്ചപ്പോള്‍, ഇത്രയുമെഴുതണമെന്നു തോന്നി. സ്വന്തം മൃതദേഹം എന്തു ചെയ്യണം എന്ന കൃത്യവും നിയമപരമായി സാധ്യവുമായ ഒരു ഒസ്യത്ത് ടി.എന്‍. ജോയ് എഴുതേണ്ടതുണ്ട്. സ്വന്തം മൃതദേഹത്തെ ഒരു തര്‍ക്കവിഷയമാക്കരുത്. ഫാസിസത്തെ പ്രതിരോധിക്കാന്‍ മുസ്‌ലിങ്ങളോടൊപ്പം ഖബറടക്കുക എന്നതു മതപരമായി സാക്ഷാല്‍കരിക്കാന്‍ പറ്റുന്ന ആശയമാണോ എന്നു സംശയമുണ്ട്. ഹമീദ് ചേന്നമംഗലൂരിനും എം.എന്‍. കാരശ്ശേരിക്കും പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കുപോലും കിട്ടിയേക്കാവുന്ന മുസ്‌ലിം ആറടി മണ്ണിന്റെ ഔദാര്യം ടി.എന്‍. ജോയ് എന്ന സെക്കുലര്‍ അവിശ്വാസി ഹിന്ദുവിനു കിട്ടുമോ? സെക്കുലര്‍ മുസ്‌ലിം ചിഹ്നമൂല്യം കൊണ്ട് ഒരു മുസ്‌ലിം തന്നെയാണ്. പക്ഷേ, ടി.എന്‍. ജോയ്, താങ്കള്‍?

താങ്കള്‍ക്കു ദീര്‍ഘായുസ്സ് നേരുന്നു. പൊട്ടിച്ചിരിയോടെ, തല്‍സമയ സംപ്രേഷണ ജീവിതം ഇനിയും ഒരുപാടു കാലം നയിക്കാന്‍ അവിശ്വാസികളുടെ ദൈവം താങ്കളെ തുണയ്ക്കട്ടെ. ഏതെങ്കിലും ഒരു കള്ളുഷാപ്പിലിരുന്നു ബീഫാഹാരം കഴിച്ച്, ഷാപ്പുകറി പാട്ടുപാടി നമുക്കൊരു ദിവസം ഇരിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com