മണ്‍സൂണും മനുഷ്യപ്രയത്‌നവും കേരളം നിര്‍മ്മിച്ചത് ഇവ്വിധം

മോദിയുടെ ഭരണതന്ത്രങ്ങള്‍ക്ക് എതിരില്ലാതെ വന്നു. അങ്ങനെ രാജ്യം ജനാധിപത്യത്തിലൂടെ സ്വേച്ഛാധിപത്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്
മണ്‍സൂണും മനുഷ്യപ്രയത്‌നവും കേരളം നിര്‍മ്മിച്ചത് ഇവ്വിധം

എം.ജി.എസ്. നാരായണന്‍

♦ഭൂതകാലചരിത്രം പ്രമാണങ്ങളുടേയും അവശിഷ്ടങ്ങളുടേയും പാരമ്പര്യങ്ങളുടേയും അപഗ്രഥനത്തിലൂടെ പുനഃസൃഷ്ടിക്കേണ്ടതാണ്. പ്രമാണങ്ങള്‍ പുതിയതായി കണ്ടുപിടിക്കപ്പെടുമ്പോഴും പഴയ പ്രമാണങ്ങള്‍ക്കു പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുമ്പോഴും ചരിത്രപാഠങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുന്നു. സമകാല സമൂഹാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടിവരുമ്പോഴും ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന സംഗതികളിലെ ഊന്നലുകള്‍ മാറുമ്പോഴും അതെല്ലാം ചരിത്രബോധത്തെ ബാധിക്കുന്നു.

അടുത്തകാലം വരെ നമ്മുടെ സര്‍വ്വകലാശാലകളില്‍പ്പോലും ശാസ്ത്രീയമായ ചരിത്രപദ്ധതി ഉരുത്തിരിഞ്ഞിട്ടുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നോ നാലോ നൂറ്റാണ്ടുകളില്‍ സാംസ്‌കാരിക നവോത്ഥാനത്തിന്റേയും മതനവീകരണത്തിന്റേയും വ്യവസായ വിപ്‌ളവത്തിന്റെ ഫലമായി ഉയര്‍ന്നുവന്ന ജ്ഞാനോദയത്തിന്റേയും അനന്തരഫലമായി ചരിത്രത്തെപ്പറ്റി യുക്തിബദ്ധമായ സാമാന്യബോധവല്‍ക്കരണത്തിനും പ്രമാണങ്ങളുടെ അപഗ്രഥനത്തിനും ഉള്ള മാര്‍ഗ്ഗങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള ചരിത്രപദ്ധതി പാശ്ചാത്യലോകത്തെ സര്‍വ്വകലാശാലകളില്‍ ഉരുത്തിരിഞ്ഞുവരുന്നു. ഇന്ത്യയിലും കേരളത്തിലും അതു പ്രായോഗികമാക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നു.

പ്രമാണങ്ങള്‍ പലതരത്തിലാണ്
ആദ്യമായി അവയെ രണ്ടായി ഭാഗിക്കാം:
1. സമകാലിക പ്രമാണങ്ങള്‍-ഒന്നാംതരം
2. പില്‍ക്കാല പ്രമാണങ്ങള്‍-രണ്ടാംതരം
നാം പഠിക്കാന്‍ വിചാരിക്കുന്ന സംഭവങ്ങളില്‍നിന്നു കാലത്തില്‍ അകന്നിരിക്കുന്തോറും പ്രമാണങ്ങളുടെ മൂല്യം കുറഞ്ഞുപോകുന്നു.

സമകാലിക പ്രമാണങ്ങളില്‍ത്തന്നെ
1. പങ്കാളിത്ത പ്രമാണങ്ങള്‍
2. ദൃക്‌സാക്ഷി പ്രമാണങ്ങള്‍
3. കേട്ടറിവുകള്‍
എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്.

പങ്കാളിത്ത പ്രമാണങ്ങള്‍ സംഭവകര്‍ത്താക്കളുടേയോ ഫലഭോക്താക്കളുടേയോ ആവാം, വിജയികളുടേയോ പരാജിതരുടേയോ രണ്ടുമല്ലാത്ത കേവല നിരീക്ഷകരുടേയോ ആവാം. ഓരോ കൂട്ടര്‍ക്കും അവരവരുടെ സ്വാഭാവികമായ കാഴ്ചപ്പാടുകളും താല്‍പ്പര്യങ്ങളും ന്യായീകരണങ്ങളുമുണ്ടാവാം. അതു മനസ്സിലാക്കാന്‍ പ്രമാണകര്‍ത്താക്കളുടെ കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, സ്വഭാവം, കഥാപാത്രങ്ങളോടുള്ള സമീപനം (സ്‌നേഹ-വൈരാഗ്യ ഭാവങ്ങള്‍) എന്നിവ പഠിക്കണം. സമൂഹത്തില്‍ അവര്‍ക്കുണ്ടായിരുന്ന സ്ഥാനങ്ങളും കഥാപാത്രങ്ങളോടുള്ള ബന്ധങ്ങളും എഴുത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും വ്യക്തമായി തിരിച്ചറിയണം. നിരീക്ഷണത്തിലും ആശയപ്രകാശനത്തിലും അവര്‍ക്കുള്ള കൃത്യതയും ഭാഷാപരമായ കഴിവും കണക്കിലെടുക്കണം. അവരുടെ മറ്റു കൃതികളും അതേ കാലത്തുള്ള മറ്റു കൃതികളും താരതമ്യപ്പെടുത്തി ഗുണദോഷ നിരൂപണം ചെയ്യണം.

ദൃക്‌സാക്ഷി വിവരണത്തിന്റെ കാര്യത്തിലും സാക്ഷിയുടെ സ്വഭാവം, അവസ്ഥ, താല്‍പ്പര്യങ്ങള്‍, കഴിവുകള്‍ എല്ലാം പരിശോധിക്കണം. കേട്ടറിവുകള്‍ അത്രതന്നെ വിശ്വാസ്യത ഉള്‍ക്കൊള്ളുന്നില്ലെങ്കിലും താരതമ്യ നിരൂപണത്തിലൂടെ അവ എത്രമാത്രം അംഗീകരിക്കാമെന്നു തിട്ടപ്പെടുത്തണം. മറ്റു തെളിവുകളോടു ചേര്‍ത്തു സഹായകമായുപയോഗിക്കാം.

പില്‍ക്കാല പ്രമാണങ്ങളുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കണം.
പ്രമാണങ്ങളുടെ ആന്തരവും ബാഹ്യവുമായ പരീക്ഷകളുണ്ട്. ആന്തരം എന്നാല്‍, ഉള്ളില്‍ത്തന്നെ പരസ്പരവൈരുദ്ധ്യങ്ങള്‍ ഉണ്ടോ എന്ന പരിശോധനയാണ്. ബാഹ്യം എന്നാല്‍, മറ്റു പ്രമാണങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പന്തികേട് കാണുന്നുണ്ടോ എന്ന ചിന്തയാണ്.

ഭൂമിശാസ്ത്രവും ചരിത്രവും
കേരളത്തിന്റെ കാര്യം എടുക്കുമ്പോള്‍, മറ്റു ദേശങ്ങളുടെ കാര്യത്തിലെന്നപോലെ ഭൂമിശാസ്ത്രവും അതിന്റെ ചരിത്രസ്വാധീനങ്ങളും അന്വേഷിക്കണം. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ഇടമുറിയാത്ത കാടും മലയുമുള്ള പശ്ചിമഘട്ടവുമാണല്ലോ. പായക്കപ്പലുകളുടെ പഴയകാലത്തു കടല്‍വഴി ആക്രമണങ്ങള്‍ അപൂര്‍വ്വമായിരുന്നു. പക്ഷേ, സ്വാഭാവിക തുറമുഖങ്ങള്‍ ധാരാളമുണ്ടായിരുന്നതുകൊണ്ടും- ഏഴിമല, പന്തലായിനി കൊല്ലം, കൊടുങ്ങല്ലൂര്‍, കുരക്കേണിക്കൊല്ലം, വിഴിഞ്ഞം-കാലവര്‍ഷക്കാറ്റുകള്‍ കൊല്ലത്തില്‍ ആദ്യത്തെ നാലുമാസം നിരന്തരമായി കിഴക്കോട്ടും അവസാനത്തെ നാലുമാസം നിരന്തരമായി പടിഞ്ഞാറോട്ടും വീശിയിരുന്നതുകൊണ്ടും സൗജന്യ യാത്രകളിലൂടെ കടല്‍ വ്യാപാര സാധ്യതകള്‍ ധാരാളമുണ്ടായി, മാത്രമല്ല, പലതരം സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും ഏറ്റവും പ്രധാനമായി ഇവിടെ ആര്‍ക്കും അത്ര വേണ്ടാത്ത കാട്ടുചെടിയാണെങ്കിലും യൂറോപ്പിലെ ശൈത്യരാജ്യങ്ങളില്‍ ജീവന്മരണ പ്രശ്‌നമായ കുരുമുളകും-കറി, യവനപ്രിയ, പെപ്പര്‍-കേരളത്തെ പ്രാചീനകാലത്തുതന്നെ ആകര്‍ഷണ കേന്ദ്രവും വ്യാപാര  വിപണിയും സമ്പല്‍സമൂഹവും ആക്കി. 44 നദികളും കൈവഴികളും കേരളത്തെ പഴയകാലത്തു ജലസമൃദ്ധമാക്കിയിരുന്നു.

ഫലപുഷ്ടിയുള്ള മണ്ണും നീണ്ട വര്‍ഷകാലത്തെ പെരുമഴയും ചേര്‍ന്നു വന്‍കാടുകള്‍ വളര്‍ത്തിയ ഈ പ്രദേശം പ്രാചീന ശിലായുഗത്തിലോ നവീനശിലായുഗത്തിലോ വലിയ ജനവാസമില്ലാതെ കിടന്നശേഷം ഇരുമ്പു യുഗത്തിന്റെ ആരംഭമായ മഹാശിലായുഗത്തില്‍ മാത്രമേ നാഗരികത ഇവിടെ വളര്‍ന്നുള്ളൂ. കാട് വെട്ടിത്തെളിച്ചു നാടാക്കാന്‍, ഗ്രാമങ്ങളും നഗരങ്ങളും സൃഷ്ടിക്കാന്‍, ഭൂമി ഉഴുതുമറിച്ചു കൃഷി വളര്‍ത്താന്‍ ഇരുമ്പായുധങ്ങള്‍ ആവശ്യമായിരുന്നു. അങ്ങനെ പരിഷ്‌കാരം വൈകിവന്ന കേരളത്തില്‍ മഹാശിലാ കാലഘട്ടത്തിലെ പാറയില്‍ കൊത്തിയ ശവക്കല്ലറകളും അവയിലെ നന്നങ്ങാടികളില്‍ സൂക്ഷിച്ച എല്ലിന്‍കഷണങ്ങളും തുരുമ്പിച്ച ഇരുമ്പായുധങ്ങളുമാണ് ഏറ്റവും വലിയ ചരിത്രാവശിഷ്ടങ്ങള്‍.
വേറെയും പ്രത്യേകതകളുണ്ട്. വര്‍ഷക്കാലത്തു വെള്ളപ്പൊക്കം വന്നു കുതിച്ചൊഴുകുന്ന ഒരുപാട് പുഴകളും കുന്നുകളുടെ നിമ്‌നോന്നതങ്ങളും കൊണ്ടു ഭാഗിക്കപ്പെട്ട കേരളം ഒന്നിച്ചുകൂട്ടി ഒരു രാജ്യമുണ്ടാക്കാന്‍ എളുപ്പമായിരുന്നില്ല.

പടനീക്കങ്ങളും ചരക്കുനീക്കങ്ങളും പ്രയാസമായതുകൊണ്ടു നല്ല രാജപാതകളും പാലങ്ങളും ഇല്ലാത്ത കേരളം പത്തുപന്ത്രണ്ടു ചെറുനാടുകളായി. ആധിപത്യ മത്സരത്തിന്റെ അരങ്ങായി മുറിഞ്ഞുകിടന്നു. മൗര്യകാലത്തിനുശേഷം പുതിയ കൃഷിനിലങ്ങള്‍ തേടി ആര്യാവര്‍ത്തത്തില്‍നിന്നു തെക്കോട്ടു തീരങ്ങളിലൂടെ നീങ്ങിയ ബ്രാഹ്മണ-ജൈന-ബൗദ്ധ സംഘങ്ങള്‍ ഏതാണ്ട് ക്രിസ്തു എട്ടാം ശതകാവസാനം കേരളത്തിന്റെ വടക്കേയറ്റത്ത് എത്തിയപ്പോഴും ഇവിടെ നാടോ നഗരമോ രാജാവോ ഇല്ലാതെ കാടുപിടിച്ചു കിടന്നിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ദക്ഷിണേന്ത്യയില്‍ മറ്റെല്ലായിടത്തും നാടുവാഴികളോട് ഇരന്നു വാങ്ങിയ ഫലപുഷ്ടിയുള്ള നദീതടങ്ങളിലാണ് ഭൂദാനപത്രങ്ങള്‍ വഴി ആര്യാധിനിവേശം നടന്നത്. എന്നാല്‍, കാടായിക്കിടന്ന കേരളത്തില്‍ ഭൂദാനപത്രം കൊടുക്കാനാരാണ്?

ആര്യബ്രാഹ്മണ-ജൈന-ബൗദ്ധ സംഘങ്ങള്‍ അതുകൊണ്ടാണ് പ്രാകൃതവംശക്കാരുടെ അദ്ധ്വാന സഹായത്തിലൂടെ കാട് വെട്ടിത്തെളിച്ചു മുപ്പത്തിരണ്ടു സ്വയംഭരണ ഗ്രാമങ്ങള്‍ സ്ഥാപിച്ചത്. അതിന്റെ ന്യായീകരണമായി പരശുരാമകഥയും സൃഷ്ടിച്ചു. പക്ഷേ, അവര്‍ക്കിടയില്‍ മത്സരങ്ങളും അഴിമതിയും കൂടിയപ്പോള്‍ അവര്‍ പാലക്കാട് ചുരം കടന്നു പരദേശത്തു  പോയി. തൃശ്ശിനാപ്പള്ളിക്കടുത്തുള്ള കരൂര്‍ കേന്ദ്രമായ ചേരവംശക്കാരുടെ കൂട്ടത്തില്‍നിന്ന് ഒരു പുരുഷനേയും ഒരു സ്ത്രീയേയും കൂട്ടിക്കൊണ്ടു വന്നു; ആ പുരുഷനെ പെരുമാളാക്കി വാഴിച്ചു. കൊടുങ്ങല്ലൂര്‍ (പഴയ മുചിരി) തലസ്ഥാനമായി ഒരു കേരളരാജ്യം സൃഷ്ടിച്ചു തങ്ങളുടെ നാലു ബ്രാഹ്മണക്ഷേത്രാധികാരികളെ, തളിയാതിരിമാരെ പാരമ്പര്യ ഉപദേശകരായി സ്ഥാപിച്ചു.

സ്ത്രീയെ ഒരു ബ്രാഹ്മണനു വിവാഹം ചെയ്തു കൊടുത്തു മരുമക്കത്തായ വഴിക്കുള്ള പിന്തുടര്‍ച്ചയും കൂടി സ്ഥാപിച്ചതോടെ ഈ ചേരമാന്‍ പെരുമാക്കളുടെ കേരളരാജ്യം-ഉദ്ദേശം ഒന്‍പതാം നൂറ്റാണ്ട് രണ്ടാംകാല്‍ ഭാഗം തൊട്ടു പന്ത്രണ്ടാം നൂറ്റാണ്ട് ആദ്യകാല്‍ ഭാഗം വരെ (1124 എ.ഡി.) ബ്രാഹ്മണ സംഘാധിപത്യമുള്ള രാജവാഴ്ചയായിരുന്നു. ഈ മൂന്നു ശതകം മാത്രമാണ് ഒരു ഐക്യകേരളം അക്കാലത്തുണ്ടായത്. അന്നും ഘടകങ്ങളായ നാടുകള്‍ ആഭ്യന്തര സ്വയംഭരണമുള്ള നാടുവാഴികളുടെ കൈവശമായിരുന്നു.
അടുത്തകാലം വരെ ആര്യാധിനിവേശത്തിന്റേയും മൂന്നു ശതകങ്ങള്‍ നീണ്ട ചേരമാന്‍ പെരുമാള്‍ ഭരണത്തിന്റേയും ചരിത്രവസ്തുതകള്‍ കൃത്യമായി അറിയപ്പെട്ടില്ല. 'കേരളോല്‍പ്പത്തി'യെന്ന ഐതിഹ്യ ഗ്രന്ഥത്തിലെ-അത് ആധുനിക മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്-ചേരമാന്‍ പെരുമാള്‍ കഥ മാത്രമാണ് ചരിത്രകാരന്മാര്‍ തിരിച്ചും മറിച്ചും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. പുരാതത്വശാസ്ത്രത്തിന്റെ വരവോടുകൂടി ചരിത്രത്തിനു വിശ്വാസ്യമായ കാലക്രമവും സംഭവപരിണാമ വ്യവസ്ഥയും കൈവന്നു.

പുരാവസ്തു ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍
തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ 1910-ല്‍ ആണ് ബ്രിട്ടീഷ് മാതൃകയുടെ പ്രചോദനം കൊണ്ട് ഒരു പുരാവസ്തുവിഭാഗം സ്ഥാപിക്കപ്പെട്ടത്. ആന്ധ്രയില്‍നിന്ന് ടി.എ. ഗോപിനാഥ റാവു എന്ന പണ്ഡിതനെ-അദ്ദേഹം (Hindu Iconography) എന്ന നാലു വാല്യത്തിലുള്ള സമഗ്രമായ പുരാവസ്തു ഗ്രന്ഥത്തിന്റെ കര്‍ത്താവായിരുന്നു-ആദ്യത്തെ സൂപ്രണ്ടായി നിശ്ചയിച്ചു. പ്രൊഫ. പി. സുന്ദരം പിള്ള എന്ന മനോന്മണീയം സുന്ദരന്‍ പിള്ളയുടെ-അത് അദ്ദേഹത്തിന്റെ സംഗീതനാടകത്തിന്റെ പേരാണ്- ഉപദേശക പ്രകാരമാണ് തിരുവിതാംകൂര്‍ മഹാരാജാവ് ഇങ്ങനെ ചെയ്തത്.

രണ്ടുമൂന്നു ദശകങ്ങള്‍ക്കുള്ളില്‍ ആ പുരാവസ്തു വിഭാഗം Travancore Archeological Series-ന്റെ എട്ട് വാല്യങ്ങള്‍ -ഓരോ വാല്യത്തിലും പല ഭാഗങ്ങളുണ്ട്- പ്രസിദ്ധീകരിച്ചു. ഗോപിനാഥ റാവു (വാല്യം 1,2), കെ.വി. സുബ്രഹ്മണ്യ അയ്യര്‍ (വാല്യം 3,4,5) എ.എസ്. രാമനാഥ അയ്യര്‍ (വാല്യം 6,7,8) എന്നിവര്‍ പ്രസാധനം ചെയ്ത ഈ വാല്യങ്ങള്‍ ഉല്‍ഖനന റിപ്പോര്‍ട്ടുകളും അന്വേഷണ പ്രബന്ധങ്ങളും ചോള-പാണ്ഡ്യ-ചേരകാലത്തുള്ള പുരാലിഖിതങ്ങളും (വട്ടെഴുത്ത്, ഗ്രന്ഥം എന്നീ ലിപികളാണ്) ഇംഗ്‌ളീഷ് തര്‍ജ്ജമയോടും ഫോട്ടോകളോടും വ്യാഖ്യാനങ്ങളോടുംകൂടി പ്രസിദ്ധീകരിച്ചു. അതേ സമയം മദിരാശിയില്‍നിന്ന് സൗത്ത് ഇന്ത്യന്‍ ഇന്‍സ്‌ക്രിപ്ഷന്‍സിന്റെ പല ഭാരിച്ച വാല്യങ്ങളും (S.I.I) ആന്വല്‍ റിപ്പോര്‍ട്ട്‌സ് ഓഫ് എപ്പിഗ്രാഫിയും (A.R.E) പുറത്തുവന്നുകൊണ്ടിരുന്നു.

അവയില്‍നിന്ന് ചേരമാന്‍ പെരുമാക്കളുടെ പേരും ഭരണവര്‍ഷവും പറയുന്ന ഗ്രാമക്ഷേത്രത്തിലെ ഊരാളസഭകളുടെ പ്രമേയങ്ങള്‍ തെരഞ്ഞെടുത്തു വളരെ പണിപ്പെട്ട് അവയുടെ കാലക്രമവും ചരിത്രത്തിന്റെ ചട്ടക്കൂടും നിര്‍മ്മിച്ചത് പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയാണ്. അതത്ര എളുപ്പമായിരുന്നില്ല. കാരണം ചോള-പാണ്ഡ്യാദി ലിഖിതങ്ങളില്‍ എന്നപോലെ വംശാവലിയും നേട്ടങ്ങളും കുറിക്കുന്ന പ്രശസ്തി അഥവാ മെയ്ക്കീര്‍ത്തി ചേരകാല പുരാലിഖിതങ്ങളില്‍ ഇല്ലായിരുന്നു. ഈ ചേരപ്പെരുമാക്കള്‍ മരുമക്കത്തായക്കാര്‍ ആയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. പലരും ധരിക്കുന്നതുപോലെ മരുമക്കളല്ല ഈ സമ്പ്രദായത്തില്‍ രാജാവിനെ പിന്തുടരുന്നത്. പല താവഴികളുള്ള വലിയ കൂട്ടുകുടംബത്തിലെ ഏറ്റവും പ്രായമേറിയ ആളാണ് പിന്തുടര്‍ച്ചക്കാരന്‍. ഇന്നു ഭരിക്കുന്ന രാജാവിനു തന്റെ പിന്തുടര്‍ച്ചയായി വരാന്‍പോകുന്ന ആളെ കണ്ടു പരിചയം ഉണ്ടാകണമെന്നില്ല.

ചില ജ്യോതിശാസ്ത്ര സൂചനകള്‍ (വ്യാഴത്തിന്റെ രാശി, തിഥി, ആഴ്ച, മാസം, തിയതി) സാക്ഷിപ്പട്ടികയില്‍ പ്രത്യക്ഷപ്പെടുന്നവരുടെ പരസ്പരബന്ധങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി വളരെ പണിപ്പെട്ടാണ് ചേരപ്പെരുമാക്കളുടെ ക്രമപ്പട്ടിക ഉണ്ടാക്കിയത്. അങ്ങനെ ഒരേകദേശപ്പട്ടിക പ്രൊഫ. ഇളംകുളം തയ്യാറാക്കി.
പാരമ്പര്യമായ കുലശേഖരബിരുദം, നൂറ്റാണ്ടുയുദ്ധം മുതലായ ചില തെറ്റായ മുന്‍വിധികള്‍ ആ പട്ടികയെ ബാധിച്ചു വികലമാക്കിയിരുന്നു. ഈ ലേഖകനാണ് കൂടുതല്‍ പുരാലിഖിതങ്ങള്‍ തേടിപ്പിടിച്ചു പരിശോധിച്ചു -74ന്റെ സ്ഥാനത്ത് 150 എണ്ണമായി- ഇന്നു ഏറെക്കുറെ സര്‍വ്വസമ്മതമായി വരത്തക്കവണ്ണം ആ പട്ടിക പൂര്‍ത്തീകരിച്ചത്.

ഇനിയും പലതും ചെയ്യാനുണ്ട്. വളരെക്കുറച്ച് ഉല്‍ഖനനങ്ങളേ കേരളത്തില്‍ നടന്നിട്ടുള്ളൂ. ചേരമാന്‍ പറമ്പിലും പിന്നെ പട്ടണത്തിലും മാത്രം എന്നു പറയാം. പല ക്ഷേത്രപരിസരങ്ങളും കോവിലകപ്പറമ്പുകളും പാലക്കാട് പോലെ ചില ചുരങ്ങളും കുഴിച്ചുനോക്കാവുന്നതാണ്. യാദൃച്ഛികമായി നിധിയായി കിട്ടിയ ഇയ്യാല്‍, വള്ളുവള്ളി മുതലായ നാണ്യശേഖരങ്ങളല്ലാതെ ചരിത്രത്തെ സഹായിക്കുന്ന നാണയക്കൂട്ടങ്ങളൊന്നും ലഭ്യമല്ല. ബീനാ സരസന്‍ എന്ന ഒരു വനിതയൊഴിച്ച് അധികം നാണയവിദഗ്ദ്ധര്‍ നമുക്കില്ല. ഈ പോരായ്മകള്‍ നിമിത്തം സാഹിത്യ പ്രമാണങ്ങള്‍ക്കു പുറമേ പുരാതത്വ പ്രമാണങ്ങള്‍ ഉപയോഗപ്പെടാന്‍ തുടങ്ങിയെങ്കിലും അവയുടെ പ്രയോഗം പൂര്‍ണ്ണമായി എന്നു പറഞ്ഞുകൂടാ.

മാര്‍ക്‌സിസത്തിന്റെ സംഭാവന
ചരിത്രത്തിന്റെ സാമാന്യ നിയമങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ഒരു വലിയ വിപ്‌ളവമുണ്ടാക്കിയത് കാറല്‍ മാര്‍ക്‌സാണ്. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ പലതും-ദേശീയതയുടെ കാലം കഴിഞ്ഞു, ലോക വിപ്‌ളവം ആസന്നമായി തുടങ്ങിയവ-പിഴച്ചുപോയെങ്കിലും ഒരടിസ്ഥാന സിദ്ധാന്തം പൊതുവെ അംഗീകരിക്കപ്പെടുന്നു. രാജാക്കന്മാരുടേയോ സൈന്യാധിപന്മാരുടേയോ ചിന്തകന്മാരുടേയോ പ്രവര്‍ത്തനങ്ങളും ആശയങ്ങളുമല്ല ചരിത്രം നിയന്ത്രിക്കുന്ന നിര്‍ണ്ണായക ശക്തികള്‍ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

പ്രകൃതിവിഭവങ്ങളില്‍ മനുഷ്യാധ്വാനം പ്രയോഗിച്ച് ഉപഭോഗക്ഷമമാക്കി മാറ്റണം. ഇതു മനുഷ്യപ്രയത്‌നത്തിലൂടെയാണ് സാധിക്കുന്നത്. അതുകൊണ്ടു മനുഷ്യപ്രയത്‌നമാണ്, അദ്ധ്വാനമാണ് മൂല്യം സൃഷ്ടിക്കുന്നത്. എങ്കിലും അങ്ങനെ മൂല്യം സൃഷ്ടിക്കുന്നവരല്ല ഫലം അനുഭവിക്കുന്നത്. ആ മിച്ചമൂല്യം സൂത്രത്തില്‍ ഒരു ചെറിയ ന്യൂനപക്ഷമായ വര്‍ഗ്ഗം ചൂഷണത്തിലൂടെ തട്ടിയെടുക്കുന്നു. അധ്വാനിക്കുന്ന ഭൂരിപക്ഷം ദാരിദ്ര്യത്തില്‍ ഉഴലുമ്പോള്‍ ഉപരിവര്‍ഗ്ഗക്കാരായ ന്യൂനപക്ഷം ചൂഷണത്തിലൂടെ അധ്വാനഫലം അനുഭവിക്കുന്നു. അതിനാവശ്യമായ നിയമവ്യവസ്ഥയുടെ മേല്‍ക്കൂര അവര്‍ സൃഷ്ടിക്കുന്നു. അങ്ങനെ ഉല്‍പ്പാദനത്തിന്റെ ബന്ധങ്ങളും ചൂഷണാധിഷ്ഠിതമായ വിതരണത്തിന്റെ ബന്ധങ്ങളുമാണ് ചരിത്രഗതിയെ നിയന്ത്രിക്കുന്നത്. ഇതില്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും വ്യവസ്ഥകളും പ്രധാനമായി വരുന്നു. ഇതാണ് ചരിത്രത്തിന്റെ പൊതുനിയമം. ഇതു ചൂഷകരെന്നും ചൂഷിതരെന്നും അന്യോന്യ ശത്രുക്കളായ വര്‍ഗ്ഗങ്ങളെ സൃഷ്ടിക്കുന്നു.

ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന വര്‍ഗ്ഗസമരങ്ങളാണ് ചരിത്രത്തിന്റെ താക്കോല്‍. വിശദാംശങ്ങളില്‍ ഉച്ച-മധ്യ-നീച വര്‍ഗ്ഗങ്ങളുടെ അപഗ്രഥനം വിവാദപൂര്‍ണ്ണമാണെങ്കിലും അധ്വാനത്തെ അടിസ്ഥാനമാക്കിയ ഈ വര്‍ഗ്ഗരൂപീകരണം ചരിത്രത്തിന്റെ കാതലായി ഏതാണ്ട് എല്ലാ ചിന്തകന്മാരും അംഗീകരിക്കുന്നു.
മൂല്യം സൃഷ്ടിക്കുന്ന മനുഷ്യാധ്വാനത്തിന്റെ പൊതുനിയമം നിലനില്‍ക്കുമ്പോഴും ഭൂമിശാസ്ത്രത്തിന്റേയും കുടിയേറ്റങ്ങളുടേയും നരവംശബന്ധങ്ങളുടേയും ഘടകങ്ങള്‍ അവഗണിക്കത്തക്കതല്ല. ഇതു കാരണം ചരിത്രം ഇന്നും ഏറെക്കുറെ പ്രവചനാതീതമായിത്തന്നെ പുതുഭാവങ്ങള്‍ സൃഷ്ടിച്ചുകൊണ്ടു മുന്നേറുന്നു. കാലവര്‍ഷക്കാറ്റുകള്‍, സാങ്കേതികരംഗത്തെ കണ്ടുപിടുത്തങ്ങള്‍ എന്നിവ ഇന്നും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാഷയുടെ കണ്ടുപിടുത്തം, കൃഷിയുടെ ആരംഭം, തീയുടെ ഉപയോഗം, എഴുത്തിന്റെ പ്രചാരം, അച്ചടിയുടെ രംഗപ്രവേശം എന്നിവയുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്.

മാരിനേക്‌സ് കോമ്പസ് എന്ന ചെറിയ വടക്കുനോക്കിയന്ത്രമാണ് മഹാസമുദ്രങ്ങളിലൂടെ വാണിജ്യപാതകള്‍ തുറന്നു ലോകസാമ്രാജ്യങ്ങള്‍ക്കു വഴിയൊരുക്കിയത്. പരിണാമസിദ്ധാന്തം, ജനിതക ശാസ്ത്രം എന്നിവയുടെ പ്രാധാന്യം കണക്കാക്കാന്‍ പ്രയാസമായത്ര സര്‍വ്വവ്യാപിയായിരിക്കുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിങ്ങനെ ഫ്രെഞ്ച് വിപ്‌ളവകാലത്തു മുന്നോട്ടുവന്ന മുദ്രാവാക്യങ്ങള്‍ ഇന്നും മരുമരീചികളായിരിക്കുന്നെങ്കിലും അവയുടെ ആകര്‍ഷണശക്തി മനുഷ്യ മനസ്സിനെ കീഴടക്കി വാഴുന്നു.

മക്കത്തെ പെരുമാളും കേരള മുസ്‌ലിങ്ങളും
നേരത്തേ ചൂണ്ടിക്കാണിച്ചതു പോലെ കേരളത്തില്‍ നാഗരികതയ്ക്കു തമിഴകത്തിലെ മറ്റു ഭാഗങ്ങളുടെ അത്ര പഴക്കമില്ല. ജനവാസമുണ്ടായിട്ടും പുഴകള്‍, കുന്നുകള്‍ എന്നിവയുടെ സാന്നിധ്യം, മഴയുടെ ധരാളിത്തം എന്നീ സാഹചര്യങ്ങള്‍ കാരണം ഒരൈക്യകേരളം സാധ്യമായില്ല. മത്സരിക്കുന്ന ചെറിയ നാടുകളാണ് കുറെക്കാലം നിലനിന്നത്. സ്വയം കാടുവെട്ടിത്തെളിച്ചുള്ള ആര്യബ്രാഹ്മണരുടെ മുപ്പത്തിരണ്ടു ഗ്രാമങ്ങളും ഉപഗ്രാമങ്ങളുമായുള്ള അധിവാസവും പിന്നെ മത്സരം കുറയ്ക്കാന്‍ വേണ്ടി നാലു ബ്രാഹ്മണ ഗ്രാമങ്ങളുടെ-ഐരാണിക്കുളം, മൂഴിക്കുളം, പറവൂര്‍, ഇരിങ്ങാലക്കുട-നേതൃത്വത്തില്‍ ഒന്‍പതാം നൂറ്റാണ്ടിന്റെ മധ്യം തൊട്ട് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം കാല്‍ ഒടുക്കം വരെ ചേരമാന്‍ പെരുമാക്കളുടെ ഭരണവുമുണ്ടായി.

അവസാനത്തെ പെരുമാളായ രാമ കുലശേഖരന്‍ (1089-1124 എ.ഡി). തന്റെ പുരസ്‌കര്‍ത്താക്കളായ തളിയധികാരി ബ്രാഹ്മണരോടു കലഹിച്ച്, പ്രായശ്ചിത്തമില്ലാത്ത ഒരു വധശിക്ഷയുടെ പേരില്‍ മതം മാറി മക്കത്തു പോയതോടെ ചേരമാന്‍ പെരുമാക്കളുടെ ഭരണം ഇല്ലാതായി. മതമാറ്റത്തിലൂടെ ഭ്രഷ്ടായ രാജാവിന്റെ പിന്‍തലമുറക്കാര്‍ക്കു പിന്നെ അവകാശങ്ങളില്ലല്ലോ.

മുസ്‌ലിമായ പെരുമാള്‍ പറഞ്ഞയച്ച ഇബ്‌നു മജീബാണ് പൊളിഞ്ഞുപോയ കേരളരാജ്യത്തിലെ സാമന്തരായിരുന്ന കുടുംബക്കാരുടെ കേരളത്തില്‍ പത്തു മുസ്‌ലിം പള്ളികള്‍ സ്ഥാപിച്ചത്. അക്കൂട്ടത്തിലുള്ള മാടായിപ്പള്ളിയില്‍ ഹിജറ 518 (എ.ഡി. 1124) എന്ന സ്ഥാപനവര്‍ഷം കുറിക്കുന്ന ലിഖിതമുണ്ടായിരുന്നത് മലബാര്‍ മാന്വല്‍ രണ്ടാം വാല്യത്തില്‍ വില്യം ലോഗന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മതം മാറിയ പെരുമാളുടെ പ്രത്യേക സുഹൃത്തായിരുന്ന മാനവിക്രമന്‍ എന്ന ഏറനാട് നാടുവാഴിക്ക് അദ്ദേഹം ദാനം ചെയ്ത കടല്‍ക്കരയിലെ കോഴിക്കോട് പ്രദേശം പിന്നീട് അറബി മുസ്‌ലിം വ്യാപാരികളുടേയും ഏറനാട്ടിലെ നായര്‍പ്പടയുടേയും സഖ്യത്തിലൂടെ പ്രാബല്യം നേടി മധ്യകാല മലയാളത്തില്‍ ഏറ്റവും പ്രബലമായ കോഴിക്കോട് രാജ്യമായിത്തീര്‍ന്നു.

കൊല്ലങ്കോട് രാജവംശത്തിലെ രണ്ടു താവഴികള്‍ തമ്മിലുള്ള മത്സരഫലമായി ഒരു ശാഖ കോഴിക്കോട്ടെ സാമൂതിരിയുടെ സഹായത്തോടെ ജയിച്ചപ്പോള്‍ മറ്റേ ശാഖക്കാര്‍ പാലക്കാട് ചുരം കടന്നു ഡിണ്ടിഗലില്‍ പോയി. കോട്ടയുടെ നായകനായ മൈസൂര്‍ക്കാരന്‍ ഹൈദരാലിയെ (ഹൈദര്‍ നായിക്) ക്ഷണിച്ചു വരുത്തി. പാലക്കാട് കോട്ട കെട്ടിക്കൊടുത്തു. ഹൈദരാലി സ്വയം രാജാവായി. ഹൈദരാലി 1766-ല്‍ കോഴിക്കോട് പാളയമടിച്ചതോടെ സാമൂതിരിയുടെ ഭരണം ഇല്ലാതായി. ഹൈദറും പിന്നീട് മകന്‍ ടിപ്പു സുല്‍ത്താനും ദക്ഷിണേന്ത്യ ഭരിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനി 1892-ല്‍ ടിപ്പു സുല്‍ത്താനെ ശ്രീരംഗപട്ടണത്തില്‍ വച്ചു തോല്‍പ്പിച്ചു. 1800-ല്‍ വധിച്ചു. അവര്‍ മലബാര്‍ നേരിട്ടു ഭരിക്കുകയും കൊച്ചിയും തിരുവിതാംകൂറും നാടുവാഴി കുടുംബങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തു. ഇങ്ങനെ മൂന്നായി മുറിഞ്ഞുകിടന്നിരുന്ന കേരളം ഇന്ത്യന്‍ യൂണിയന്‍ സംസ്ഥാന പുനസ്‌സംഘടനയോടെ ഐക്യകേരള സംസ്ഥാനമാക്കിയത് അറുപതു വര്‍ഷം മുന്‍പാണ്.

കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളി തുടരുകയും കമ്യൂണിസ്റ്റുകള്‍ ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി ആദ്യമായി ജനാധിപത്യ രീതിയില്‍ ഭരണം ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ, പുലിയുടെ പുള്ളികള്‍ മായ്ക്കാന്‍ കഴിഞ്ഞില്ല.

പാര്‍ട്ടി നേതാക്കളുടെ സ്വേച്ഛാധിപത്യം സെല്‍ ഭരണത്തിലേക്കും കോണ്‍ഗ്രസ്സടക്കം എല്ലാ കക്ഷികളും ചേര്‍ന്ന ജനകീയ വിമോചന സമരത്തിലേക്കും നയിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാറിനെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റപത്രപ്രകാരം അടിയന്തരാധികാരം ഉപയോഗിച്ചു പിരിച്ചുവിട്ടു.
എന്നിട്ടും പിന്നീടുണ്ടായ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിലെ ഭിന്നതകള്‍ കമ്യൂണിസ്റ്റ് ഭരണം തുടര്‍ക്കഥയാക്കി. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും നേതൃത്വം കൊടുത്ത മുന്നണി ഭരണങ്ങള്‍ മാറിമാറി നടന്നു. ഈ മത്സരത്തിനിടയില്‍ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും മന്ദഗതിയിലായി. ഭൂപരിഷ്‌കരണം പകുതിവഴിയില്‍നിന്നു. വലിയ ഭൂവുടമകള്‍ ഇല്ലാതായെങ്കിലും കുടിയാന്മാര്‍ ഭൂവുടമസ്ഥരായി. യഥാര്‍ത്ഥത്തില്‍ അധ്വാനിക്കുന്ന കര്‍ഷകര്‍ക്കൊന്നും കൃഷിഭൂമി കിട്ടിയുമില്ല. എങ്കിലും ഒരളവോളം ജാതിമതാധിപത്യങ്ങള്‍ ക്ഷീണിക്കുകയും ഉണര്‍ന്നിരുന്ന മാധ്യമങ്ങളുടെ സഹായത്തോടെ പല ക്ഷേമനയങ്ങളും നടപ്പിലാവുകയും ചെയ്തു.

ഇയ്യിടെ നെഹ്‌റുകുടുംബത്തിന്റെ കുത്തക നിലനിര്‍ത്താന്‍ പ്രാപ്തി കുറഞ്ഞ രാഹുല്‍ ഗാന്ധിയെ പൊക്കിപ്പിടിച്ചതിലൂടെ സോണിയാ  ഗാന്ധിയുടെ ഭരണസാമര്‍ത്ഥ്യമുണ്ടായിട്ടും കോണ്‍ഗ്രസ്സിനു ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടു. ആ ശൂന്യതയില്‍ ഹൈന്ദവ ശക്തികള്‍ (ബി.ജെ.പി-ആര്‍.എസ്.എസ്) കയറിവന്നു സ്ഥലം പിടിച്ചു. മോദിയുടെ ഭരണതന്ത്രങ്ങള്‍ക്ക് എതിരില്ലാതെ വന്നു.

അങ്ങനെ രാജ്യം ജനാധിപത്യത്തിലൂടെ സ്വേച്ഛാധിപത്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിലുള്ള ഇടതു പക്ഷക്കാര്‍ പ്രത്യയശാസ്ത്രമുപേക്ഷിച്ചു പണത്തിന്റേയും അധികാരത്തിന്റേയും വഴിയേ നീങ്ങാന്‍ തുടങ്ങിയതോടെ അവര്‍ക്ക് ഒരു ബദല്‍ ശക്തിയായി ഉയരാനുള്ള സാധ്യതയില്ലാതായിരിക്കുന്നു.

ഇതിനിടയില്‍ വളര്‍ന്നുവരുന്ന ഈ നൂറ്റാണ്ടിലെ കണ്‍സ്യൂമറിസവും ഡിജിറ്റല്‍ സാങ്കേതികവിദ്യയും സ്വാധീനവും പൊതുസമൂഹത്തെ ദുര്‍ബ്ബലമാക്കിയിരിക്കുന്നു. വര്‍ഗ്ഗീയ-മതശക്തികള്‍ വീണ്ടും സംഘടിത ശക്തിയാര്‍ജ്ജിച്ചുകൊണ്ട് കേരളത്തെ മധ്യയുഗത്തിലേക്കു മടക്കിക്കൊണ്ടുപോകാന്‍ അവസരം സൃഷ്ടിക്കുന്നുവെന്ന ഭയമാണ് ചിന്താശീലര്‍ പങ്കിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com