'വെജിറ്റേറിയന്‍' വിജ്ഞാപനം; മാംസക്കൊഴുപ്പ് കലരാത്തത്

അഡോള്‍ഫ് ഹിറ്റ്‌ലറും ഹെര്‍മന്‍ ഗോറിങ്ങും പുറപ്പെടുവിച്ച മൃഗസംരക്ഷണ വിജ്ഞാപനങ്ങളൊക്കെ ചരിത്രത്തിലിരുന്നു പൂപ്പല്‍ പിടിക്കുന്നുണ്ട്
ഫോട്ടോ: ജെ.എസ്. അരവിന്ദ്/ എക്‌സ്പ്രസ്
ഫോട്ടോ: ജെ.എസ്. അരവിന്ദ്/ എക്‌സ്പ്രസ്

നൈജീരിയയെക്കുറിച്ചു പറഞ്ഞുതുടങ്ങുന്നതാണ് സുരക്ഷിതം. അബൂബക്കര്‍ ഉസ്മാന്‍ എന്ന മുപ്പതുകാരന്‍ ഇക്തി പ്രവിശ്യയില്‍ മേയ് ഏഴിനു റിമാന്‍ഡിലായി. ജാമ്യമില്ലാത്ത കുറ്റമാണ്. പ്രയോഗിക്കപ്പെട്ട വകുപ്പു കാലികളേയും അയവിറക്കുന്ന മൃഗങ്ങളെയും മേയ്ക്കല്‍ ഇക്തി നിയമം 2016 (കാറ്റില്‍ ആന്‍ഡ് അതര്‍ റുമിനന്റ്‌സ് ഗ്രേസിങ് ഇക്തി സ്‌റ്റേറ്റ് ആക്ട് 2016). ജീവപര്യന്തം തടവുവരെ കിട്ടാം. ഫുലാനി ഇടയകുലത്തിലെ അംഗമാണ് അബുബക്കര്‍. കാലികളെ മേച്ചു കഴിയുന്ന സമൂഹം. നൈജീരിയയുടെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയും ഫുലാനി ഇടയഗോത്ര ജാതന്‍. മാത്രമല്ല, കാറ്റില്‍ ബ്രീഡേഴ്‌സ് അസോസിയേഷന്‍ ഓഫ് നൈജീരിയയുടെ കൂടി പ്രസിഡന്റുമാണ്. എന്നിട്ടും ആ രാജ്യത്തു കാലിയെ മേച്ചതിന് അബൂബക്കര്‍ ഉസ്മാന്‍ വിചാരണ കൂടാതെ അകത്തുകിടക്കുന്നതിലാണ് പുതിയ കാലത്തെ നിയമനിര്‍മ്മാണങ്ങളുടെ രാഷ്ട്രീയം. 

മഹാരാഷ്ട്രയില്‍ മാര്‍ച്ച് രണ്ടുമുതല്‍ വേറൊരു തലമാണ്. പശുക്കളെ കൊല്ലുന്നതു മാത്രമല്ല, മാട്ടിറച്ചി കൈവശം വയ്ക്കുന്നതുപോലും കുറ്റകരമാക്കിയ നിയമം വന്നു. 19 വര്‍ഷമായി രാഷ്ട്രപതി ഒപ്പിടാതെ വച്ചിരുന്ന ആ നിയമം ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നു പ്രാബല്യത്തിലായി. ഹരിയാന തൊട്ടുപിന്നാലെ സമാനമായ നിയമം പാസ്സാക്കി. നേരത്തെ തന്നെ പശുവിന്റെ കശാപ്പ് കുറ്റകരമായിരുന്നു ഗുജറാത്തില്‍. അവിടെ ഏപ്രില്‍ ആറിനു ശിക്ഷ കടുപ്പിച്ചു പുതിയ നിയമം വന്നു. കൊന്നാല്‍ കുറഞ്ഞതു പത്തുവര്‍ഷം തടവ്, പരമാവധി ജീവപര്യന്തം; മനുഷ്യനെ കൊല്ലുന്നവര്‍ക്കുള്ള അതേ ശിക്ഷ. 

രാജ്യത്തെ മാട്ടിറച്ചി വ്യവസായത്തിന്റെ സിരാകേന്ദ്രമായ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യനാഥ് ചുമതലയേറ്റയുടനെ മന്ത്രിസഭ പോലും കൂടും മുന്‍പ് ഉത്തരവ്-ലൈസന്‍സില്ലാത്ത എല്ലാ അറവുശാലകളും പൂട്ടാന്‍. രാജ്യത്ത് ആകെ ലൈസന്‍സുള്ള അറവുശാലകള്‍ 78. അതില്‍ 38 എണ്ണം ഉത്തര്‍പ്രദേശില്‍. എല്ലാം കയറ്റുമതിരംഗത്തെ വമ്പന്‍മാരുടേത്. ശേഷിക്കുന്നതെല്ലാം നിയമവിരുദ്ധം. ആ നിയമവിരുദ്ധമെന്നു വിളിച്ചിരുന്നിടത്തുനിന്നാണ് നാട്ടിലുള്ളവര്‍ക്കുള്ള ഭക്ഷണം വന്നിരുന്നത്. ഒറ്റയടിക്കു ബാധിച്ചത് 25 ലക്ഷം തൊഴിലാളി കുടുംബങ്ങളെ. 15,000 കോടിയുടെ വ്യവസായത്തെ. ഒപ്പം ആ സംസ്ഥാനത്തെ 78-80 ശതമാനം ജനതയുടെ ഭക്ഷണത്തെ (ദളിതര്‍-21.2%, പിന്നാക്ക വിഭാഗക്കാര്‍-40 ശതമാനം, മാംസഭക്ഷണം കഴിക്കുന്ന പിന്നാക്ക-ഇതര വിഭാഗത്തില്‍ പെടുന്ന മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍-17 ശതമാനം; ബ്രാഹ്മണരും ക്ഷത്രിയരും ബനിയരും ഉള്‍പ്പെടെ മുന്നോക്കക്കാര്‍ 22 ശതമാനം-അവരിലും മാംസഭക്ഷണം കഴിച്ചിരുന്നവര്‍ നിരവധി).

നൈജീരിയയിലെ ഇക്തി പ്രവിശ്യയിലെ പ്രാക്തന മുസ്‌ലിം സമുദായം ഫുലാനികളാണ്. പാലും മാംസവും വില്‍ക്കുന്നവര്‍. പുല്‍മേടുകളാല്‍ സമൃദ്ധമായ ഇക്തിയിലെ വെളിമ്പറമ്പുകളിലേക്കു കാലികളെ ഇറക്കിവിട്ടാണ് നൂറ്റാണ്ടുകളായുള്ള ജീവിതം. അവിടെ ഗവര്‍ണറായി അയോദെല്‍ ഫയോസ് ചുമതലയേറ്റത് 2014 ഒക്‌ടോബര്‍ 14-ന്. ഫയോസ,് ഫുലാനി കുലത്തിന്റെ പ്രഖ്യാപിത വൈരി. ശത്രുവിന്റെ വളര്‍ച്ച തടയാന്‍ കൊണ്ടുവന്നതാണ് കാറ്റില്‍ ആന്‍ഡ് അതര്‍ റുമിനന്റ്‌സ് ഗ്രേസിങ് ഇക്തി സ്‌റ്റേറ്റ് ആക്ട്. പൊതുസ്ഥലത്ത് കാലികളെ മേയ്ക്കുന്നതു വലിയ കുറ്റകൃത്യമായി പ്രഖ്യാപിച്ച നിയമം.

സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ അവിടെ കാലിയെ മേയ്ക്കാന്‍ നിയമമനുസരിച്ചു വിലക്കില്ല. ലോകത്തുള്ള മൂന്നുകോടി ഫുലാനി ഇടയരില്‍ 1.9 കോടിയും നൈജീരിയയിലാണ്. അതില്‍ സ്വന്തമായി മേയ്ക്കാന്‍ ഭൂമിയുള്ളവര്‍ പത്തു പോലും തികയില്ല. പുല്‍മേടുകളിലും പുഴയോരങ്ങളിലും കാലികളെ ഇറക്കിവിട്ടു ജീവിച്ചുവന്നവര്‍ ഒറ്റയടിക്കു തളര്‍ന്നുപോയി. പുറത്തുകണ്ട കാലികളെയൊക്കെ പൊതുമുതലായി സര്‍ക്കാര്‍ കണ്ടുകെട്ടി; തൂക്കി വിറ്റു. അബൂബക്കര്‍ ഉസ്മാന്‍ ഒറ്റപ്പെട്ട 'കുറ്റവാളി'യല്ല. അടുത്തടുത്ത ദിവസങ്ങളില്‍ ഫുലാനി ഇടയന്മാര്‍ അറസ്റ്റിലായിക്കൊണ്ടേ ഇരിക്കുന്നു. അയോദെല്‍ ഫയോസിന്റെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി)ക്കാര്‍ ഓരോരുത്തരെയായി പൊലീസിനു ചൂണ്ടിക്കാണിക്കും. ആ ചൂണ്ടലില്‍പ്പെടുന്നവരൊക്കെ കുടുങ്ങും. രാജ്യത്തിന്റെ നാഥനായ സ്വന്തം ഗോത്രക്കാരന്‍ പ്രസിഡന്റ് പോലും നിസ്‌സഹായനായിപ്പോയ നിയമം.

ന്യൂഡല്‍ഹി, മേയ് 23, 2017: കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം വിജ്ഞാപനം: 
''കാലിച്ചന്ത എന്നാല്‍, കാലികളെ കൊണ്ടുവരുന്ന ഏതൊരു കച്ചവടകേന്ദ്രവും മറ്റു സ്ഥലങ്ങളില്‍നിന്നു കൊണ്ടുവന്നു നിര്‍ത്തുന്ന ഏതൊരിടവും ആകാം. അതില്‍ ചന്തയോടും അറവുശാലകളോടും ചേര്‍ന്നുള്ള തൊഴുത്തും ഉള്‍പ്പെടും. ചന്തയോടു ചേര്‍ന്നുള്ള പാര്‍ക്കിങ് സ്ഥലവും മൃഗമേളകള്‍ നടത്തുന്ന ഇടവും കാലിക്കുളങ്ങളും എല്ലാം കാലിച്ചന്ത എന്ന നിയമത്തിന്റെ പരിധിയില്‍ വരും.' ഇങ്ങനെ കാലി നില്‍ക്കുന്നിടമെല്ലാം കാലിച്ചന്തയായി കന്നുകാലി ഗുണ്ടകള്‍ക്കു നിര്‍വ്വചിച്ചെടുക്കാവുന്ന നിയമത്തിലാണ് കശാപ്പിനായി വില്‍പ്പന സാധ്യമല്ലെന്ന വിജ്ഞാപനം ഇന്ത്യയില്‍ വന്നത്.

എന്തുകൊണ്ട് യു.പി, മഹാരാഷ്ര്ട?
2016 ഏപ്രില്‍ ഒന്നു മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 28 വരെ രാജ്യത്തുനിന്നു കയറ്റി അയച്ചത് 23,650 കോടി രൂപയുടെ മാട്ടിറച്ചി (ബഫല്ലോ മീറ്റ് എന്ന് ഔദ്യോഗിക പേര്). 11.92 ലക്ഷം ടണ്‍ വരും. ഇതില്‍ 10,110.23 കോടി രൂപയുടെ കയറ്റുമതിയും മഹാരാഷ്ട്രയില്‍നിന്ന്. 8,864.2 കോടി രൂപയുടേത് ഉത്തര്‍പ്രദേശില്‍നിന്ന്. രണ്ടും ചേര്‍ന്നാല്‍ 18,974.43 കോടി രൂപയുടെ കച്ചവടം. മൊത്തം കയറ്റുമതിയുടെ 80.23 ശതമാനം(വിവരങ്ങള്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ടിങ് അതോറിറ്റി-എ.പി.എഫ്.പി.എ).
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. രണ്ടാമത്തേത് മഹാരാഷ്ട്രയും. ആ രണ്ടിടത്തേയും സാമ്പത്തിക ചക്രം തിരിയുന്നതില്‍ ഈ മാട്ടിറച്ചി വ്യവസായത്തിനു മോശമല്ലാത്ത പങ്കുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബഫല്ലോ ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഖില്‍ ഖുറേഷി പ്രസ്താവിച്ചു. ആ വാര്‍ത്തയുമായി രാജ്യത്തെ രണ്ടു പമുഖ ഇംഗ്‌ളീഷ് പത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ തലക്കെട്ട് ഏറെക്കുറെ സമാനമായിരുന്നു:
Indian Muslim meat traders to take legal action against Modi government over new rules on cattle slaughter 
ഇന്ത്യക്കാരാണ്, വ്യാപാരികളാണ്, നിലനില്‍പ്പാണ് പ്രശ്‌നം എന്നതില്‍ കവിഞ്ഞ് മതം വിഷയത്തില്‍ അവിഭാജ്യഘടകമാണെന്നു കൂടി ആ തലക്കെട്ട് പ്രഖ്യാപിച്ചു. അസോസിയേഷന്റെ പേരില്‍ ഇല്ലാത്ത 'മുസ്‌ലിം' വാര്‍ത്തയുടെ തലക്കെട്ടിലേക്കു കടന്നുവരുന്നതിന്റെ ധാര്‍മ്മികതയെക്കുറിച്ച് 'നിഷ്പക്ഷമായും നിര്‍മമതയോടെയും' ചര്‍ച്ച ചെയ്യാന്‍ പറ്റിയ സാഹചര്യം നിലവിലില്ല എന്ന് അറിയാന്‍ ഒരു സംഭവം:
2016 സെപ്റ്റംബര്‍ 11 ഞായര്‍, ഹരിയാനയിലെ മേവാത്: നൂറു കണണക്കിനു വഴിയോര കച്ചവടക്കാരില്‍നിന്നു പൊലീസ് ബിരിയാണിയുടെ സാമ്പിള്‍ ശേഖരിച്ചു. ബീഫ് നിരോധനം നിലവിലുള്ള ഹരിയാനയില്‍ ബിരിയാണിയില്‍ ബീഫ് ഉപയോഗിച്ചിട്ടുണ്ടോ എന്നു തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. ആ ദൗത്യത്തിനു പൊലീസ് ഇട്ട പേര് 'ഓപ്പറേഷന്‍ ബിരിയാണി'.

ഇന്ദിരാഗാന്ധി സിക്കുകാര്‍ക്ക് എതിരെ പ്രയോഗിച്ച ഓപ്പറേഷന്‍ ബഌസ്റ്റാര്‍ പോലെ വംശീയതാ യുദ്ധത്തിന്റെ പ്രതീതിയുള്ള പേര്. സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു നടപ്പാക്കിയ ആ അന്വേഷണത്തിന്റെ പ്രത്യേകത അതിനു തെരഞ്ഞെടുത്ത ദിവസമായിരുന്നു. സെപ്റ്റംബര്‍ 11-ന് ബക്രീദായിരുന്നു. 

ഹരിയാനയിലെ മുസ്‌ളിം ഭൂരിപക്ഷ പ്രദേശമാണ് മേവാത്. പ്രദേശത്തെ വഴിയോരങ്ങളില്‍ മുഴുവന്‍ ബിരിയാണി ചെമ്പുകള്‍ നിരത്തിയുള്ള കച്ചവടം എല്ലാ ബക്രീദിനും പതിവാണ്. ഇത്തവണ ഹരിയാനയിലെ ഗോസംരക്ഷക സംഘമെന്ന് അവകാശപ്പെടുന്ന ഗോ സേവാ ആയോഗ് മുഖ്യമന്ത്രിക്കു പരാതി നല്‍കി. ബിരിയാണിയില്‍ ബീഫ് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന ആ പരാതിയെ തുടര്‍ന്നാണ് ദൗത്യം നടപ്പാക്കിയത്. നിരത്തിപ്പിടിച്ചു സാമ്പിള്‍ എടുത്തതോടെ വ്യാപാരം താറുമാറായി. ലക്ഷക്കണക്കിനു രൂപയുടെ ബിരിയാണി വാങ്ങാന്‍ ആളില്ലാതെ കുഴിച്ചുമൂടി. സദ്യയ്ക്കു രണ്ടു ചാക്ക് അരിയുടെ ബിരിയാണി കൂടുതല്‍ വച്ച്, അതു കുഴിച്ചുമൂടുന്നതിലെ വൈകാരികത കണ്ടെത്തി വിശപ്പിനെച്ചൊല്ലി കേരളത്തിലിരുന്നു കഥയെഴുതുന്നതുപോലെയല്ല. ഒരു ജനതയുടെ സംസ്‌കാരത്തേയും അതിജീവനത്തേയുമാണ് ഓപ്പറേഷന്‍ ബിരിയാണി പരിഹസിച്ചത്. കഥ അവിടെ കഴിഞ്ഞിട്ടില്ല. 

ആ ബിരിയാണി സാമ്പിളുകളില്‍ എല്ലാം മാട്ടിറച്ചി ഉണ്ടായിരുന്നുവെന്ന് ഹരിയാന വെറ്ററിനറി ലാബ് കഴിഞ്ഞമാസം റിപ്പോര്‍ട്ട് നല്‍കി. നിയമനടപടി തുടങ്ങിയിട്ടുണ്ട്. നടപടി ബിരിയാണി വഴിയരികില്‍ വിറ്റതിനല്ല; വൃത്തിയില്ലാത്ത സാഹചര്യത്തില്‍ വിറ്റു എന്നതിനുമല്ല. ബീഫ് കലര്‍ത്തി വിറ്റതിനാണ്. 
ഉത്തര്‍പ്രദേശിലെ അലിഗഢ്, മേയ് 12: തന്റെ സ്വന്തം പാല്‍ ഉല്‍പ്പാദന കേന്ദ്രത്തില്‍ വച്ച് ഒരു എരുമയെ ഉടമ കാലു ബാഘേല്‍ വില്‍ക്കുന്നു. വാങ്ങുന്നതു കന്നുകച്ചവടക്കാരനായ ഇമ്രാന്‍. പാല്‍ ഉല്‍പ്പാദനം നിലച്ചതിനാല്‍ വിറ്റതാണെന്ന് കാലു. നൂറുപേര്‍ അടങ്ങുന്ന ഗോ സംഘം എത്തി. ഇമ്രാനും ഒപ്പമുണ്ടായിരുന്ന നാലുപേരും അതിക്രൂരമായ മര്‍ദ്ദനമേറ്റു വീണു. ചോരയൊലിപ്പിച്ച് അവര്‍ കിടക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നു. സംഭവത്തില്‍ പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തു. അഞ്ചുപേര്‍, എരുമയെ വാങ്ങിയ ഇമ്രാനും നാലു സഹായികളും. ആറാമത്തെയാള്‍ എരുമയെ വിറ്റ കാലു. ഇവരെ അടിച്ചുവീഴ്ത്തിയ ഒറ്റയാള്‍ക്കെതിരെ പോലും വന്‍പ്രതിഷേധം ഉയരും വരെ അവിടെ കേസ് ഉണ്ടായില്ല. 

ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ മാട്ടിറച്ചി നിരോധനം ഇംഗഌണ്ടിലായിരുന്നു 1670-ല്‍. അവിടെ നിരോധനം മാട്ടിറച്ചിക്ക് ആയിരുന്നില്ല. ഐര്‍ലന്‍ഡില്‍നിന്നുള്ള മാട്ടിറച്ചി വില്‍ക്കുന്നതിന് ആയിരുന്നു. ഐറിഷ് മാടുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന പേരിലാണ് ഐറിഷ് മാട്ടിറച്ചിയുടെ വില്‍പ്പന നിരോധിച്ചതെങ്കിലും സംഭവം രാഷ്ട്രീയ തീരുമാനമായിരുന്നു. ഇംഗ്‌ളണ്ടില്‍നിന്നു യാത്രപുറപ്പെടുന്ന കപ്പലുകള്‍ക്കൊക്കെ ബാരലില്‍ നല്‍കിയിരുന്നത് ഐറിഷ് മാട്ടിറച്ചി ആയിരുന്നു. ആ വ്യവസായം പിടിച്ചെടുക്കാനാണ് നിതാന്ത ശത്രുക്കളായ ഐര്‍ലന്‍ഡിന്റെ കാലികളെ ഇംഗഌണ്ടിലേക്കു കൊണ്ടുവരുന്നതു നിരോധിച്ചത്. പത്തുവര്‍ഷം കൊണ്ട് ഇംഗഌണ്ട് പടം മടക്കി. പത്ത് ഐര്‍ലന്‍ഡുകാരില്‍ എട്ടുപേരും നല്ല കാലിവളര്‍ത്തുകാരാണെങ്കില്‍ രണ്ട് ഇംഗഌഷുകാരെപ്പോലും ഈ പണിക്കു കൊള്ളില്ല. അങ്ങനെ 1680-ല്‍ 24,116 കന്നുകാലികളും 82,452 ആടുകളും ഐറിഷ് അതിര്‍ത്തി കടന്ന് ഇംഗഌണ്ടില്‍ എത്തി. വംശീയ നിരോധനത്തെ ബീഫ് മറികടന്ന ആദ്യ സംഭവം. 

അഡോള്‍ഫ് ഹിറ്റ്‌ലറും ഹെര്‍മന്‍ ഗോറിങ്ങും പുറപ്പെടുവിച്ച മൃഗസംരക്ഷണ വിജ്ഞാപനങ്ങളൊക്കെ ചരിത്രത്തിലിരുന്നു പൂപ്പല്‍ പിടിക്കുന്നുണ്ട്. ആയിരങ്ങളെ കൊന്നുതള്ളിയ യുദ്ധത്തിനു തൊട്ടുമുന്‍പും ഹിറ്റ്‌ലര്‍ നടത്തിയ പ്രസംഗം തന്റെ പോരാട്ടം പരിസ്ഥിതിക്കുവേണ്ടിയാണ് എന്നായിരുന്നു-: I am an Environmentalist. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം ഉത്തര്‍പ്രദേശിലും ബീഹാറിലും മഹാരാഷ്ട്രയിലും ഉണ്ടാക്കാന്‍ പോകുന്നതു ചില്ലറ പൊല്ലാപ്പല്ല. പാലക്കാട് കുഴല്‍മന്ദം കാലിച്ചന്തയിലേക്ക് ഒന്നുപോയാല്‍ത്തന്നെ അതിന്റെ തീവ്രതയുടെ ചൂടറിയാം. പശുവിന്റെ കണക്കുകള്‍ എമ്പാടും പറഞ്ഞുകഴിഞ്ഞതാണ്. നാലോ അഞ്ചോ കറവ കഴിഞ്ഞാല്‍ പിന്നെ വളര്‍ത്താനുള്ള ബദ്ധപ്പാടിന്റെ നിരക്കും, മൂരിക്കുട്ടികളെ സംരക്ഷിക്കാനുള്ള പെടാപ്പാടുമെല്ലാം. ഇപ്പോള്‍ ആ ഇനത്തിലേക്ക് എരുമയും പോത്തും കൂടി വന്നുകഴിഞ്ഞു. കേരളത്തില്‍ പത്തുവര്‍ഷത്തിലധികം പ്രായമുള്ള പശുക്കളെ കശാപ്പു ചെയ്യുന്നതു നിയമവിരുദ്ധമല്ല. പക്ഷേ, ഇവിടേക്ക് ഇനി പുറത്തുനിന്ന് ഒരു കാലിപോലും എത്തില്ല. ഇവയുടെ സംസ്ഥാനാന്തര നീക്കം വിജ്ഞാപനത്തിലൂടെ തടഞ്ഞുകഴിഞ്ഞു. കേരളത്തില്‍ ബീഫ് കഴിക്കുന്നവരെല്ലാം ഒരു വംശമാണ്. ഏതു കടയിലും കയറി, വീട്ടില്‍ ഉള്ളിക്കറി കഴിക്കുന്നവര്‍ വരെ, കപ്പയ്ക്കും പൊറോട്ടയ്ക്കുമൊപ്പം ബീഫ് കഴിക്കും. വയ്ക്കുന്നതിനും വിളമ്പുന്നതിനും ജാതീയത ഇല്ല. അപ്പോള്‍ മാട്ടിറച്ചി നിരോധനം ആരെയാകും ബാധിക്കുക? 
താഴെ ഒരു പട്ടികയാണ്. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ലൈസന്‍സുള്ള അറവുശാലകളില്‍ ഏറ്റവും കൂടുതല്‍ ക്രയവിക്രയം നടക്കുന്ന ആദ്യത്തെ 20 എണ്ണത്തിന്റെ ഉടമകളുടേയും സ്ഥാപനങ്ങളുടേയും പേര്. 

1. അഫ്‌സല്‍ ലത്തീഫ്, അല്ലാനാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് (മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും തെലങ്കാനയിലുമായി ഏഴു ലൈസന്‍സുകള്‍).
2. സിറാജുദ്ദീന്‍ ഖുറേഷി, ഹിന്ദ് അഗ്രോ ഇന്‍ഡസ്ട്രീസ്, ഉത്തര്‍പ്രദേശ്.
3. മുജീബ് മാലിക്, ഉത്തര്‍പ്രദേശ്.
4. വി.ഐ സലീം, ഉത്തര്‍പ്രദേശ്.
5. ഷാഹിദ് അഖ്‌ലാഖ്, ഉത്തര്‍പ്രദേശ് (രണ്ടു ലൈസന്‍സുകള്‍).
6. റഷീദ് കാദിമി, മഹാരാഷ്ട്ര.
7. സുനില്‍ സുദ്, അല്‍ നൂര്‍ എക്‌സ്‌പോര്‍ട്ടേ്‌ഴ്‌സ്, ഉത്തര്‍പ്രദേശ്.
8. വി.ഐ സലീം, മുംബൈയിലും മഹാരാഷ്ട്രയിലുമായി രണ്ടു ലൈസന്‍സുകള്‍.
9. ഷക്കീര്‍ ഖുറേഷി, അല്‍ ഖുറേഷി എക്‌സ്‌പോര്‍ട്‌സ്, മഹാരാഷ്ട്ര.
10. മുഹമ്മദ് മുസ്താഖ് ഖുറേഷി, അല്‍ നഫീസ് ഫ്രോസണ്‍ ഫുഡ്‌സ്, ഉത്തര്‍പ്രദേശ്.
11. ഷക്കീര്‍ അഹമ്മദ്, അല്‍ഫല ഫ്രോസണ്‍ ഫുഡ്‌സ്, ഉത്തര്‍പ്രദേശ്.
12. ഇംതിയാസ് ഹസന്‍ ഖാന്‍, അല്‍ കരീം എക്‌സ്‌പോര്‍ട്ടേഴ്‌സ്, ഉത്തര്‍പ്രദേശ്.
13. മുഹമ്മദ് റിസ്വാന്‍, ഇന്ത്യാ ഫ്രോസണ്‍ ഫുഡ്‌സ്, ഉത്തര്‍പ്രദേശ്.
14. മുഹമ്മദ് കാമില്‍ ഖുറേഷി, എം.കെ. എക്‌സ്‌പോര്‍ട്ടേഴ്‌സ്, ഉത്തര്‍പ്രദേശ്.
15. മുഹമ്മദ് ഇമാം, അല്‍ ഫഹീം മീറ്റെക്‌സ്, ഉത്തര്‍പ്രദേശ്.
16. ആബിദ് അലി, അല്‍മാര്‍സിയ ഫുഡ്‌സ്, ഉത്തര്‍പ്രദേശ്.
17. മുഹമ്മദ് സലീം ഖുറേഷി, റുസ്താം ഫുഡ്‌സ്, ഉത്തര്‍പ്രദേശ്.
18. അല്‍ദുവ ഫുഡ് പ്രോസസ്സിങ് ലിമിറ്റഡ്, ഉത്തര്‍പ്രദേശ്.
19. ഖ്വയ്‌സര്‍ ഹുസൈന്‍ ഖുറേഷി, അല്‍ അലി എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഉത്തര്‍പ്രദേശ്.
20. സിറാജ് അഹമ്മദ് ഖുറേഷി, റേ ബാന്‍ ഫുഡ്‌സ്, ഉത്തര്‍പ്രദേശ്.

ഈ പട്ടിക മുന്നിലിരിക്കുമ്പോള്‍ പ്രമുഖ ദേശീയപത്രങ്ങള്‍ അവരെ മുസ്‌ലിം ട്രേഡേഴ്‌സ് എന്നു നാമകരണം ചെയ്യും. അതു വസ്തുതാപരമായി തെറ്റല്ല. പക്ഷെ, അവരുടെ സ്വത്വം ഭരിക്കുന്നവരുടെ സ്വത്വത്തില്‍നിന്നു വേറിട്ടതാണെന്ന പ്രഖ്യാപനം നിഷ്‌കളങ്കമായ ഒന്നാണെന്ന് ആര്‍ക്കു വിലയിരുത്താന്‍ കഴിയും.
ഈ ഇരുപതു പേരെയും ഇവര്‍ക്കു താഴെ വരുന്ന രാജ്യത്തെ 52 ലൈസന്‍സുകാരെയുമാണ് മാംസവിപണിയിലെ ഓരോ നിയമവും ആദ്യം ബാധിക്കുക. ലൈസന്‍സുള്ളവര്‍ ആയതിനാല്‍ ഇവര്‍ ശത്രുപക്ഷത്തു വരേണ്ടവരല്ല. പക്ഷേ, ഇവര്‍ക്കു മാടുകളെ കിട്ടുന്നതു ചന്തയില്‍നിന്നാണ്. ആ ചന്തകളിലാണ് അറവിനുവേണ്ടിയുള്ള വില്‍പ്പന നിരോധിച്ചത്. ആ ചന്തകളിലേക്കു കാലികളെ കൊണ്ടുവന്നിരുന്നവരുടെ പട്ടികയും കൊണ്ടുപോയിരുന്നവരുടെ പട്ടികയും ഇങ്ങനെതന്നെ എഴുതിവയ്ക്കാം. അതില്‍ ഉത്തര്‍പ്രദേശില്‍ മര്‍ദ്ദനമേറ്റ ഇമ്രാന്റെ പേരുമുണ്ടാകണം. ആ കാലികളെ പരിപാലിച്ചിരുന്നവരുടെ പട്ടിക വേറെയും കിട്ടും. അപ്പോഴാണ് അറവുശാലകള്‍ക്ക് ലൈസന്‍സ് എടുത്താല്‍ മറ്റുള്ളവര്‍ക്കു കൂടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലേ എന്ന 'നിഷ്‌കളങ്ക'മായ ചോദ്യമുയരുന്നത്. ഇന്ത്യയില്‍ ലൈസന്‍സില്ലാത്ത 30,000 അറവുശാലകള്‍ ഉണ്ടെന്നാണ് വയ്പ്. തുകല്‍ വ്യവസായത്തില്‍ പത്തുലക്ഷത്തോളം ആളുകളും പണിയെടുക്കുന്നു. ഇവര്‍ക്കൊക്കെ ലൈസന്‍സ് എടുക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍:

അറവുശാലകള്‍ക്കുള്ള ലൈസന്‍സിന് അപേക്ഷിക്കാനുള്ള ഫീസ് മാത്രം 60,000 രൂപ.
പഞ്ചായത്തിന്റെ അനുമതി മുതല്‍ എച്.എ.സി.സി.പി സര്‍ട്ടിഫിക്കറ്റ് വരെ 18 അനുമതികള്‍.
24 മണിക്കൂറും മൃഗഡോക്ടറുടെ സേവനം
ഏറ്റവും ചെറിയ ലൈസന്‍സിനു പോലും 1800 ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ കെട്ടിടം വേണം. കെട്ടിടത്തിനു മാത്രം ഏകദേശം അരയേക്കര്‍ സ്ഥലം. കുറഞ്ഞതു 10 ഏക്കര്‍ എങ്കിലും സ്ഥലമുള്ളവര്‍ക്കേ വ്യാവസായിക അടിസ്ഥാനത്തില്‍ കശാപ്പുശാലകള്‍ നടത്താന്‍ നിയമം അനുവദിക്കുന്നുള്ളു. അതെല്ലാം വ്യാവസായികമായ കാര്യങ്ങള്‍. 

നൈജീരിയയിലെ ഇക്തിയില്‍ നിയമം പാസ്സാക്കി അയോദെല്‍ ഫയോസ് നടത്തിയ പ്രസംഗം:
'ഫുലാനികള്‍ സാത്താന്റെ ദൂതന്മാരാണ്. അവരെ ചൂണ്ടയിട്ടു പിടിച്ചു കണക്കിനു ശിക്ഷിക്കണം. ഇക്തി പ്രവിശ്യയില്‍ പൊതുസ്ഥലങ്ങളില്‍ ഇനി കാലിമേയ്ക്കലും വളര്‍ത്തലും അനുവദിക്കുന്ന പ്രശ്‌നമില്ല. അങ്ങനെ വേണ്ടവര്‍ അവരവരുടെ സ്വന്തം സ്ഥലത്തു വളര്‍ത്തട്ടെ; സ്ഥലമുണ്ടെങ്കില്‍... (ചിരിക്കുന്നു). ഇക്തിയില്‍ ഇനി കാലികളെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകാനും കഴിയില്ല. പുറത്ത് ഒരു കാലിയെ കണ്ടാല്‍ സര്‍ക്കാര്‍ പിടിച്ചെടുക്കും; ഉടമകളെ അറസ്റ്റ് ചെയ്യും. സ്വന്തമായി കാലിമേയ്ക്കാന്‍ ഇടമുള്ളവരുടെ കാലികളെ പുറത്തുകണ്ടാല്‍ അവരുടെ സ്ഥലവും ജപ്തി ചെയ്യും. നമ്മുടെ ആളുകളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ഭീതിയോ ദാക്ഷിണ്യമോ കൂടാതെ നമ്മള്‍ അതു ചെയ്യാന്‍ പോവുകയാണ്.'

മേയ് ഒന്നിന് ബി.ജെ.പിയുടെ വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ യോഗി ആദിത്യനാഥ്:
'പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി എന്നെ നിര്‍ദ്ദേശിച്ചപ്പോള്‍ പലരും പറഞ്ഞു ഞാനൊരു എരണംകെട്ടവനാണെന്ന് (നമൂന-ദയവില്ലാത്തവന്‍, ദാക്ഷിണ്യമില്ലാത്തവന്‍). എന്റെ മന്ത്രിസഭയിലെ ഞാനുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷവും വെജിറ്റേറിയന്‍മാരാണ്. അവരൊക്കെ രാവിലെ ആറിനും ഏഴിനും പണി തുടങ്ങിയാല്‍ രാത്രി പന്ത്രണ്ടുവരെ വിശ്രമിക്കാറില്ല. നോണ്‍ വെജിറ്റേറിയന്‍മാര്‍ക്കാണ് ആരോഗ്യം കൂടുതല്‍ എന്നു പറഞ്ഞുവരുന്നവരോട് ഒരു ചോദ്യം: ശുദ്ധ സസ്യഭുക്കുകളായ ഞങ്ങള്‍ മന്ത്രിമാരില്‍ ആര്‍ക്കെങ്കിലും ഇറച്ചികഴിക്കുന്നവരേക്കാള്‍ ആരോഗ്യം കുറവുണ്ടോ? (ചിരിക്കുന്നു...) അറവുശാലകള്‍ പൂട്ടണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചതുതന്നെയാണ്. അതിന്റെ ഇടയില്‍ ഇനി ആരും നോണ്‍വെജിറ്റേറിയന്‍മാരുടെ ആരോഗ്യത്തെ പുകഴ്ത്തി ഇങ്ങോട്ടു വരേണ്ടതില്ല.' 

നൈജീരിയയില്‍ ജനാധിപത്യമൊക്കെ ഒരു കോമഡിയാണെന്ന് കേരളത്തിലെ നാലാം കഌസ് വിദ്യാര്‍ത്ഥിപോലും ഉച്ചക്കഞ്ഞി കഴിച്ചിരിക്കുന്നതിനിടെ പറയും. ഇന്ത്യയില്‍ കാലിച്ചന്തകളുടെ വൃത്തിയും വെടിപ്പും ഉറപ്പാക്കാനാണ് മേയ് 23ലെ വിജ്ഞാപനം എന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം വന്നപ്പോഴേക്കും ചിരിയറ്റ ജനതയായി ബഹുഭൂരിപക്ഷവും മാറിയിരുന്നു. 

അതുറപ്പിക്കാനാണ് അയോദെല്‍ ഫയോസിന്റെ പ്രസംഗത്തിലെ ആ പഞ്ച് വരി. 'കാലികളെ വളര്‍ത്തേണ്ടവര്‍ സ്വന്തം സ്ഥലത്തു വളര്‍ത്തട്ടെ. അങ്ങനെ സ്ഥലമുണ്ടെങ്കില്‍....' അതിന്റെ ഇന്ത്യന്‍ പരിഭാഷയാണ് യോഗി ആദിത്യനാഥ് നിര്‍വ്വഹിച്ചത്: 'ഞങ്ങള്‍ വെജിറ്റേറിയന്‍കാര്‍ക്ക് ആരോഗ്യമുണ്ടല്ലോ, പിന്നെ നിങ്ങള്‍ക്കും അങ്ങനെ ആയാല്‍ എന്താണ്?'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com