വഞ്ചിപ്പാട്ടിന്റെ താളമുയരുന്നു; വരട്ടാര്‍ പിന്നെയും ഒഴുകുമോ?

മൂന്നു ദശാബ്ദമായി ഒഴുക്ക് നിലച്ച വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌
വഞ്ചിപ്പാട്ടിന്റെ താളമുയരുന്നു; വരട്ടാര്‍ പിന്നെയും ഒഴുകുമോ?

►വഞ്ചിപ്പാട്ടിന്റെ താളത്തില്‍, ചിതറിപ്പെയ്യുന്ന മഴയത്ത് പാളത്തൊപ്പി ചൂടി ജനങ്ങള്‍ ഒഴുക്കുനിലച്ച വരട്ടാറിലൂടെ നടന്നു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വരട്ടാറിന്റെ പുനരുജ്ജീവനത്തിന്റെ ഭാഗമായി ജനപങ്കാളിത്തം ഉറപ്പാക്കാന്‍ സംഘടിപ്പിച്ചതായിരുന്നു ഈ പുഴനടത്തം. ജലസമൃദ്ധമായ ഇന്നലെകളുടെ വീണ്ടെടുപ്പാണ് ലക്ഷ്യം. മൂന്നു വര്‍ഷം കൊണ്ട് വരട്ടാറിലെ ഒഴുക്ക് പുനഃസ്ഥാപിക്കുമെന്നാണ് പുഴനടത്തത്തിനിറങ്ങിയ മന്ത്രിമാരുടെ പ്രഖ്യാപനം. 

നാലു പതിറ്റാണ്ട് പിന്നിടുന്നു മണിമലയാറിനെയും പമ്പയാറിനെയും ബന്ധിപ്പിക്കുന്ന വരട്ടാര്‍ ഒഴുകിയിട്ട്. വികലമായ വികസനകാഴ്ചപ്പാടും പരിസ്ഥിതിയോടുള്ള ക്രൂരമായ പ്രവൃത്തികളും പതിനാറു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വരട്ടാറിനെ മൃതപ്രായമാക്കി. ഇടനാടിന്റെ സമൃദ്ധമായ ഭൂതകാലസ്മൃതികളില്‍ മാത്രമാണ് ഇപ്പോള്‍ വരട്ടാര്‍ ഒഴുകുന്നത്. ഒരു നദിയുണ്ടായിരുന്നെന്ന തിരിച്ചറിവ് പോലും പുതിയ തലമുറക്കില്ല. ആറിനൊപ്പം കരകളും വരണ്ടുതുടങ്ങിയപ്പോഴാണ് വിപത്ത് തിരിച്ചറിയപ്പെട്ടത്. പിന്നീട് പുനര്‍ജന്മത്തിനായുള്ള ശ്രമങ്ങളായിരുന്നു. പഠനങ്ങളും പദ്ധതിപ്രഖ്യാപനങ്ങളുമുണ്ടായി. ചെറിയ ചില ശ്രമങ്ങളും നടന്നു. എന്നാല്‍, ആത്യന്തികമായി അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. 

രണ്ടു ജില്ലകളിലൂടെ ഒഴുകുന്ന വരട്ടയാറ് ചെങ്ങന്നൂര്‍ നഗരസഭയിലൂടെയും അഞ്ച് പഞ്ചായത്തുകളിലൂടെയും (തിരുവന്‍വണ്ടൂര്‍, കോയിപ്രം, കുറ്റൂര്‍, ഇരവിപേരൂര്‍) കടന്നുപോകുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ആറാട്ടുപുഴ കടവിനു താഴെയുള്ള വഞ്ചിപോട്ടില്‍ കടവില്‍ നിന്നാരംഭിച്ച് ഇടനാടും കോയിപ്പുറവും ഓതറയും കടന്ന് മംഗലം കടവിലാണ് ഒരു ഭാഗം അവസാനിക്കുക. ഇതില്‍ കോയിപ്രവും ഇരവിപേരൂരും കുറ്റൂരും പത്തനംതിട്ട ജില്ലയിലാണ്. ആറിന്റെ മറ്റൊരുഭാഗം ഇരവിപേരൂരിലെ പുതുക്കുളങ്ങര കടവില്‍ നിന്നാരംഭിച്ച് ആലപ്പുഴ ജില്ലയിെല തിരുവന്‍വണ്ടൂര്‍ വഴി ഇരമല്ലിക്കരയില്‍ വച്ച് മണിമലയാറുമായി ചേരും. 

രണ്ടുനദീതടങ്ങള്‍ തമ്മിലുള്ള ബന്ധമായിരുന്നു ഈ നദി. ഒന്നില്‍ നിന്ന് ഒന്നിലേക്ക് പ്രകൃതി തന്നെ വെള്ളം മാറ്റുന്ന മാര്‍ഗം. മണിമലയാറ്റില്‍ വെള്ളം കയറുമ്പോള്‍ വരട്ടാര്‍ തെക്കോട്ട് പമ്പയിലേക്കൊഴുകും. പമ്പയിലാണ് ജലനിരപ്പ് ഉയരുന്നതെങ്കില്‍ വടക്കോട്ടൊഴുകി മണിമലയാറ്റില്‍ ചേരും. അതായിരുന്നു പതിവ്– പഴമക്കാര്‍ പറയുന്നു. പടിഞ്ഞാറ്റ് നിന്ന് കിഴക്കന്‍ മലകളിലേക്ക് ചരക്ക് കൊണ്ടുപോയിരുന്നത് വരട്ടാറിലൂടെയുള്ള ഊത്തുവള്ളങ്ങളായിരുന്നു. തിരുവല്ല മാന്നാര്‍ റോഡിലെ പുളിക്കീഴിലെ പഞ്ചാരഫാക്ടറിയിലേക്ക് കരിമ്പ് കൊണ്ടുപോയിരുന്നത് വരട്ടാറിലൂടെ കെട്ടിവലിച്ചാണ്.

ഒരുകാലത്ത് ആറിന്റെ അതിരുകളിലെ പാടങ്ങളില്‍ വിളയുന്ന നെല്ലും കരിമ്പും തേങ്ങയുമൊക്കെ ആലപ്പുഴയ്ക്ക് കൊണ്ടുപോയിരുന്നത് വരട്ടാര്‍ വഴിയായിരുന്നു. റോഡുകള്‍ വന്നതോടെ സമയനഷ്ടമുണ്ടാക്കുന്ന ചങ്ങാടങ്ങള്‍ വഴിയുള്ള വ്യാപാരയാത്രകള്‍ ആദ്യം നിലച്ചു. റോഡ് മാര്‍ഗം കരിമ്പെത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ചെലവ് കൂടി, കൃഷി നഷ്ടമായി. ഇതോടെ പതിയെ കരിമ്പ് കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറാന്‍ തുടങ്ങി. സാവധാനം ആറിന്റെ തീരങ്ങളില്‍ നിന്ന് കരിമ്പുപാടങ്ങള്‍ ഇല്ലാതായി. നഷ്ടപ്രതാപത്തില്‍ ഷുഗര്‍ മില്‍ മദ്യനിര്‍മാണകേന്ദ്രമായി. പഞ്ചസാരയ്ക്കു പകരം ജവാന്‍, പമ്പ ജിന്ന് എന്നീ പേരുകളില്‍ റം വിപണിയിലേക്കൊഴുകി. പാടങ്ങള്‍ തരിശായി.

അനധികൃത മണല്‍വാരല്‍ കാരണം പമ്പയുടെ അടിത്തട്ട് താണു. അതോടെ വശങ്ങള്‍ ഇടിഞ്ഞ് ആറ് നികന്നു. ഒഴുക്കു നിലച്ചതോടെ തോളൊപ്പം ഉയരത്തില്‍ തീറ്റപ്പുല്ല് വളര്‍ന്നു. മരങ്ങള്‍ വളര്‍ന്നതോടെ നദി കാടുപിടിച്ചതുപോലെയായി. അതോടെ കൈയേറ്റവും വ്യാപകമായി. വരണ്ടുണങ്ങിയ ആറ് കൈയേറി കപ്പയും തെങ്ങും വരെ കൃഷിചെയ്യുന്നവരുണ്ടെന്ന് പറയുന്നു നാട്ടുകാര്‍. മുന്‍പ് 80 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന വരട്ടാറിന്റെ വീതി ചിലയിടങ്ങളില്‍ ഇപ്പോള്‍ പത്തുമീറ്ററില്‍ താഴെയാണ്.    

പ്രശ്‌നങ്ങള്‍ക്ക് തുടക്കം
1980–കളിലാണ് വരട്ടാര്‍ പ്രശ്‌നങ്ങള്‍ നേരിട്ടുതുടങ്ങിയത്. ഇടനാടും കോയിപ്രവുമായി ബന്ധിപ്പിക്കാന്‍ വഞ്ചിപ്പോട്ടില്‍ക്കടവില്‍ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി ഒരു കോണ്‍ക്രീറ്റ് ചപ്പാത്ത് പണിഞ്ഞു. ഇതോടെ പമ്പയില്‍ നിന്നും ആദി പമ്പയിലേക്ക് വെള്ളം കയറുന്നത് തടസപ്പെട്ടു. വെള്ളം തടഞ്ഞിടത്ത് എക്കലടിഞ്ഞു. നീരൊഴുക്ക് ഇല്ലാതായതോടെ അവ മണ്‍കൂനകളായി. ഇങ്ങനെ അശാസ്ത്രീയമായി നിര്‍മിച്ച ഒമ്പതോളം മനുഷ്യനിര്‍മിത ചപ്പാത്തുകളാണ് ഇന്ന് വരട്ടാറിനു കുറുകേയുള്ളത്.

മഴുക്കീറിനെയും കുറ്റൂരിനെയും ബന്ധിപ്പിക്കുന്ന അങ്കമാലിക്കടവ്, മഴുക്കീറിനും കുറ്റൂരിനുമിടയിലുള്ള തൃക്കയില്‍ ക്ഷേത്രകടവ് കലുങ്ക്, ആറാട്ടുകടവ്, വഞ്ചിമൂട്ടില്‍ ക്ഷേതക്കടവ്, നന്നാടിനും തിരുവന്‍വണ്ടൂരിനുമിടയിലുള്ള തെക്കുംമുറിപ്പാലം, വാളത്തോട് –തെങ്ങേലിക്കടവ്, ഉണ്ണ്യാപള്ളത്ത് –വാഴയില്‍പ്പടി കലുങ്ക്, മുണ്ടടിച്ചിറ, ഈരടിച്ചിറ എന്നിവയാണ് ആ ചപ്പാത്തുകള്‍. 

ഇതിനു പുറമേ പാലങ്ങളുടെ പേരില്‍ ബോക്‌സ് കള്‍വട്ടുകളും ഉയര്‍ന്നു. നീരൊഴുക്ക് തടസപ്പെട്ടതോടെ പമ്പ വഴിമാറിയൊഴുകി. അങ്ങനെ പൂര്‍വ പമ്പ ഒഴുകിത്തുടങ്ങി. മഴക്കാലത്ത് മാത്രം ഒഴുകുന്ന കൈവഴിയായി പൂര്‍വ പമ്പ. ചപ്പാത്തുകള്‍ പൊളിച്ചുനീക്കി പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. ആലപ്പുഴ പത്തനംതിട്ട ജില്ലകളെ വേര്‍തിരിക്കുന്ന പുതുക്കുളങ്ങര ചപ്പാത്ത് നിര്‍മിച്ചത് വരട്ടാറിനു കുറുകെ വെള്ളമൊഴുക്ക് തടഞ്ഞു നിര്‍ത്തുന്ന തരത്തിലായിരുന്നു. തൈമറവുംകരയില്‍ കല്ലിശേരി വള്ളംകുളം റോഡ് നിര്‍മിച്ചപ്പോള്‍ ഇവിടെയും നീരൊഴുക്ക് നിലച്ചു. പാലം നിര്‍മിച്ചപ്പോള്‍ വെള്ളം ഒഴുകിപ്പോകാന്‍ വേണ്ടത്ര വീതിയില്‍ ചാലുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞതുമില്ല.

ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ എക്കല്‍ മണ്ണടിയുന്ന നദി പമ്പയായിരുന്നു. ഭൂമിശാസ്ത്രപരമായ സവിശേഷതകളായിരുന്നു അതിനു കാരണം. ഇങ്ങനെയെത്തിയ വന്‍ മണല്‍ശേഖരം വരട്ടാറിനുണ്ട്. എന്നാല്‍, അശാസ്ത്രീയമായ മണല്‍ഖനനം ദുരന്തത്തിനാണ് വഴിതെളിച്ചത്. വ്യാപകമായ മണല്‍വാരല്‍ കാരണം നദിയുടെ ജലസംഭരണശേഷി നഷ്ടപ്പെട്ടു. അനിയന്ത്രിതമായ മണലൂറ്റില്‍ അഗാധമായ കയങ്ങള്‍ രൂപപ്പെട്ടു. ചിലയിടങ്ങളില്‍ ഈ കയങ്ങളില്‍ മാത്രമാണ് വെള്ളം. ഒഴുക്ക് നിലച്ചതിനാല്‍ ഈ വെള്ളക്കെട്ടുകള്‍ വളരെവേഗം മലിനമായി. പമ്പയിലും സ്ഥിതി മറിച്ചല്ല.

മണലൂറ്റില്‍ നദി തന്നെ താണു. വരട്ടാറിന്റെയും പമ്പയുടെയും തീരങ്ങളില്‍ ഇതു സൃഷ്ടിച്ച പ്രത്യാഘാതം ചെറുതല്ല. തീരങ്ങളിലെ കിണറുകളില്‍പ്പോലും ജലനിരപ്പ് കുറഞ്ഞു. കൃഷിനാശമുണ്ടായി. തീരത്തിന് അകലെയുള്ള സ്ഥലങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കിണര്‍വെള്ളത്തില്‍ പോലും ഇരുമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ സാന്നിധ്യം വര്‍ധിച്ചു. 1998–ല്‍ കൈയേറ്റം നിരോധിക്കാനും ഒഴിപ്പിക്കാനുമായി റവന്യൂവകുപ്പ് ഉത്തരവിറക്കിയെങ്കിലും അതിനു തുടര്‍നടപടികളുണ്ടായില്ല. 2002–ല്‍ നിയമസഭാ കമ്മിറ്റി കയ്യേറ്റം പഠിച്ചു.

ആറിന്റെ മൂന്നില്‍ രണ്ടുഭാഗവും കയ്യേറ്റമാണെന്നും കണ്ടെത്തി. ഒടുവില്‍ നദിയുടെ പുറമ്പോക്ക് അടയാളപ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തോട് ഹൈക്കോടതി നിര്‍ദേശിച്ചതോടെ കയ്യേറ്റമൊഴിപ്പിക്കല്‍ നിന്നു. പിന്നീട് മലിനീകരണ നിയന്ത്രണബോര്‍ഡും നിര്‍ജീവാവസ്ഥ പഠിച്ചു മനസിലാക്കിയെന്നു മാത്രം. ദുരിതങ്ങള്‍ ഒന്നിനുപിറകെ വര്‍ധിച്ചതോടെയാണ് പുനരുജ്ജീവനം എന്ന ആശയം ശക്തമാകുന്നത്.

ഐതിഹ്യങ്ങളും വിശ്വാസവും
പഴമക്കാരുടെ കഥകളില്‍ വരട്ടാറും ഇടനാടും നിറഞ്ഞുനില്‍ക്കുന്നു. കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനനാണ് പമ്പക്കൊരു കൈവഴിയായി ഈ നദിയെ ഉണ്ടാക്കിയതെന്ന് ഐതിഹ്യങ്ങളില്‍ പറയുന്നു. പടയണിയിലെ ഏറ്റവും വലിയ ഭൈരവിക്കോലം തുള്ളുന്ന ക്ഷേത്രമായ പുതുക്കുളങ്ങര ക്ഷേത്രം മുതല്‍ തലയാര്‍ വഞ്ചിമൂട്ടില്‍ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി വരെ വരട്ടാറുമായി ബന്ധപ്പെട്ടാണുള്ളത്.

വരട്ടാര്‍ കരകവിഞ്ഞൊഴുകിയ കാലത്ത് ഇന്നത്തെ വഞ്ചിമൂട്ടില്‍ ക്ഷേത്രക്കടവിനു സമീപം ആറ്റുവഞ്ചിക്ക് അരികെ വിഗ്രഹം ഒഴുകിയടുത്തെന്നാണ് കഥ. പിന്നീട് നദീതീരത്ത് ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠ നടത്തുകയായിരുന്നുവത്രെ. വിഷുവിനാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. അമ്പലത്തിന്റെ കിഴക്ക് പണ്ട് വിശാലമായ മണല്‍പ്പുറമായിരുന്നു. ആ മണല്‍പ്പുറത്തായിരുന്നു പണ്ട് വേലകളി നടന്നിരുന്നത്. ആള്‍പിണ്ടി എഴുന്നെള്ളത്തും വേലകളിയുമൊക്കെ പഴമക്കാരുടെ ഓര്‍മകളില്‍ അവശേഷിക്കുന്നു. ചരക്കുവള്ളങ്ങള്‍ പോകുന്നത് അന്ന് ക്ഷേത്രക്കടവ് വഴിയാണ്. 

ചരക്കുമായി പോകുന്ന വള്ളങ്ങള്‍ കടവിലടുപ്പിക്കും. എണ്ണ വഴിപാട് നേര്‍ച്ചയായി നടത്തിയശേഷമാകും പിന്നീട് ഇവരുടെ യാത്ര. കരിമ്പുവെട്ടുന്ന സീസണില്‍ വള്ളങ്ങളുടെ നീണ്ടനിര കാണും കടവില്‍. പുതുക്കുളങ്ങര ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലുമായാണ് വരട്ടാറും പഴയ പമ്പയും ഒഴുകിയിരുന്നത്. കിഴക്ക് ഭാഗത്തായി പടിഞ്ഞാറോട്ട് വരട്ടാറും വടക്കു നിന്ന് തെക്കോട്ട് പഴയ പമ്പയും ഒഴുകിയിരുന്നത്രെ. എന്നാല്‍, ക്ഷേത്രത്തിന്റെ പിന്നിലായി നിര്‍മിച്ച ചപ്പാത്ത് വരട്ടാറിന്റെ നീരൊഴുക്ക് തടസപ്പെടുത്തുകയായിരുന്നു. ആറന്മുള ജലമേളയ്‌ക്കെത്തുന്ന ഓതറ, കുന്നേക്കാട്, പുതുക്കുളങ്ങര, ഇടനാട്, മംഗലം എന്നീ അഞ്ചു പള്ളിയോടങ്ങളുടെ പിറവിക്കു കാരണവും വരട്ടാറിന്റെ സാന്നിധ്യമായിരുന്നു.

ആറന്മുളയ്ക്ക് പടിഞ്ഞാറു നിന്ന് പതിനാറ് പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. ഇവയില്‍ മിക്കതിന്റെയും യാത്ര വരട്ടാര്‍ വഴിയായിരുന്നു. ഇപ്പോള്‍ വരണ്ടുണങ്ങിയ വരട്ടാറിലൂടെ തള്ളിനീക്കിയാണ് പലപ്പോഴും പള്ളിയോടങ്ങള്‍ പമ്പയിലെത്തിക്കുന്നത്. രണ്ടുദിവസം കൊണ്ട് രണ്ടുകിലോമീറ്റര്‍ വരെ തള്ളിനീക്കും. വള്ളംകളിയേക്കാള്‍ അധ്വാനം വേണ്ടി വരും ഇതിനെന്ന് കരക്കാര്‍ പറയുന്നു.

ചെറുശ്രമങ്ങളുടെ വിജയം
ജനങ്ങളുടെ ഇടയില്‍ നിന്ന് ആവശ്യമുയര്‍ന്നതോടെ പുനരുജ്ജീവനത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു. 2013–ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍, അതും ഫലപ്രദമായില്ല. കോഴഞ്ചേരി ആസ്ഥാനമായുള്ള പമ്പാ പരിരക്ഷണ സമിതി, ചെങ്ങന്നൂര്‍ ഇടനാട്ടിലെ പമ്പാവരട്ടാര്‍ സംരക്ഷണ സമിതി, വരട്ടാര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ നിരന്തര ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. തുടര്‍ന്ന് വരട്ടാറും പമ്പയുടെ കൈവഴികളും പുനരുദ്ധരിക്കാന്‍ ചില പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്നു.2003 ജൂലൈയിലാണ് ജോര്‍ജ് ജെ. മാത്യു അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി സമിതി നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനെ കൂടാതെ ഉമ്മന്‍ചാണ്ടി, ജോസഫ് എം പുതുശേരി, രാജു എബ്രഹാം, എം.എ. വാഹിദ് എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. അന്നു നല്‍കിയ നിര്‍ദേശങ്ങള്‍ ഇന്നും പ്രസക്തമായി തുടരുന്നു.

തുടര്‍ന്ന്, ജലസേചന വകുപ്പ് 14 കോടി രൂപയുടെ പദ്ധതി തയാറാക്കി. പമ്പാ പരിരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരട്ടാര്‍ പുനരുദ്ധാരണത്തിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 1.9 കോടിയുടെ പദ്ധതിക്കും രൂപം കൊടുത്തിരുന്നു. എന്നാല്‍ പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുങ്ങുകയാണുണ്ടായത്. അടുത്തിടെ ആറ്റിലെ മണല്‍ ലേലം ചെയ്തു നല്‍കാന്‍ ജലസേചനവകുപ്പിനു പദ്ധതിയുണ്ടായിരുന്നു.

അതു വഴി നീരൊഴുക്ക് പുനഃസ്ഥാപിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. അതിനു ശേഷമാണ് ഹരിതകേരള മിഷന്‍ ഈ പദ്ധതി ഏറ്റെടുക്കുന്നത്. തുടര്‍ന്ന് മന്ത്രി തോമസ് ഐസക്കും ഹരിതകേരള മിഷന്‍ ഉപാധ്യക്ഷ ടി.എന്‍. സീമയും ആറന്‍മുള എം.എല്‍.എ വീണാജോര്‍ജും വരട്ടാര്‍ സന്ദര്‍ശിച്ച് പുനരുജ്ജീവനത്തിനുള്ള സാധ്യത പരിശോധിച്ചു. പിന്നീടാണ് ഹരിത കേരളം മിഷന്‍ സാങ്കേതിക ഉപദേഷ്ടാവ് അജയകുമാര്‍ വര്‍മ്മയടക്കമുള്ള വിദഗ്ധര്‍ ചേര്‍ന്ന് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. 

ലക്ഷ്യങ്ങളും ഉറപ്പുകളും
മൂന്നുഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പറയുന്നു പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാജീവ്. ആദ്യം പൂര്‍വപമ്പയുടെയും വരട്ടാറിന്റെയും മുഖം തുറക്കും. വരാച്ചാല്‍ പുനരുദ്ധരിച്ചത് മാതൃകയാക്കി ഈ മഴക്കാലത്ത് നീരൊഴുക്ക് ശക്തിപ്പെടുത്താനാണ് തീരുമാനം. ഒരുമാസത്തിനകം ജെസിബിയുടെ സഹായത്തോടെ ആറ്റിലെ തടസങ്ങള്‍ നീക്കി, കയങ്ങള്‍ നികത്താനാണ് തീരുമാനം. അമ്പതുലക്ഷം രൂപയാണ് പ്രതീക്ഷിത ചെലവ്.

സമഗ്രമായ പാരിസ്ഥിതി ആഘാത പഠനം നടത്തുകയാണ് ആദ്യപടി. അടുത്തപടിയായി റവന്യൂവകുപ്പ് അതിര്‍ത്തി അളന്ന് കല്ലിടും. ഇരവിപേരൂര്‍ പഞ്ചായത്തില്‍ നിന്നാകും ഇതിനു തുടക്കമിടുക. ഇതിനൊപ്പം വിശദമായ ടെക്‌നിക്കല്‍ മാസ്റ്റര്‍പഌന്‍ തയ്യാറാക്കും. പുഴ സ്ഥിരമായി ഒഴുകുന്നതിന് എത്രമാത്രം മണ്ണും മറ്റും നീക്കം ചെയ്യണമെന്നത് ശാസ്ത്രീയമായി നിര്‍ണ്ണയിക്കും. വരട്ടാറിന്റെ വൃഷ്ടി പ്രദേശത്തെ നീര്‍ത്തടങ്ങള്‍ നിര്‍ണ്ണയിച്ച് പരമാവധി ജലസംഭരണത്തിന് പദ്ധതി തയ്യാറാക്കാനും പുനരുജ്ജീവന പദ്ധതിയിലുണ്ട്.

നീര്‍ത്തട സംരക്ഷണത്തിനായി വൊളന്റിയര്‍മാര്‍ക്കും പഞ്ചായത്തംഗങ്ങള്‍ക്കും പരിശീലനവും നല്‍കും. ചപ്പാത്തുകളും കള്‍വര്‍ട്ടുകളും പാലങ്ങളായി പുതുക്കിപ്പണിയാനും ലക്ഷ്യമിടുന്നു. മഴക്കാലം കഴിയുമ്പോഴേക്കും പഠനങ്ങളെല്ലാം പൂര്‍ത്തീകരിക്കാനും. അടുത്ത വേനല്‍ക്കാലം അവസാനിക്കും മുമ്പ് പുനരുദ്ധാരണം പൂര്‍ത്തീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

കര്‍ഷകരുടെ സ്വപ്‌നങ്ങള്‍
വരട്ടാറിന്റെ വീണ്ടെടുപ്പ് നാലു പഞ്ചായത്തുകളിലെ ആയിരത്തിലേറെ നെല്‍വയലുകളെ കൃഷിയോഗ്യമാക്കുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി തരിശുകിടക്കുകയാണ് ഈ പാടശേഖരങ്ങള്‍. കുറ്റൂര്‍ പഞ്ചായത്തിലെ കോതവിരുത്തി, കാട്ടുചിറ ഇരവിപേരൂരിലെ നരയങ്കള്ളി, ചേന്നാത്ത്, മുട്ടിനുപുറം എന്നിവ വരണ്ടിരുന്നു.

ഇതിനൊപ്പം തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ പ്രദേശത്തുള്ള നെല്‍വയലുകളും വരണ്ടുണങ്ങിയിരുന്നു. ഈ നെല്‍പ്പാടങ്ങളില്‍ വെള്ളം എത്തിച്ചിരുന്ന തോടുകള്‍ മുഴുവന്‍ വരട്ടാറില്‍ നിന്നുള്ളവയായിരുന്നു. വരട്ടാര്‍ വരണ്ടുണങ്ങിയപ്പോള്‍ സ്വാഭാവികമായും ഈ തോടുകളും വറ്റി. ഉള്ള പാടങ്ങളില്‍ തന്നെ കനാല്‍വെള്ളം കയറാനും തുടങ്ങി. പിഐപി കനാല്‍ വഴി കയറുന്ന വെള്ളം ഇറങ്ങിപ്പോകാന്‍ വഴിയില്ലാത്തതിനാല്‍ പാടങ്ങളില്‍ കെട്ടിനിന്ന് കൃഷിനാശം പതിവായിരുന്നു. കൃഷി ചെയ്യാതായതോടെ പാടങ്ങളില്‍ കരകൃഷി തുടങ്ങി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com