അഴീക്കോട് മാഷിന്റെ 'നല്ല' വ്യാഖ്യാനങ്ങള്‍

സ്‌നേഹമെന്ന ഈ മഹാമൂല്യത്തെ വിശദീകരിക്കാന്‍ പോരുന്ന ഒരു വിശേഷണമേ മലയാള പദകോശത്തിലുള്ളൂ. അത് 'നല്ല' തന്നെ.
അഴീക്കോട് മാഷിന്റെ 'നല്ല' വ്യാഖ്യാനങ്ങള്‍

കാല്‍നൂറ്റാണ്ടു മുന്‍പത്തെ അനുഭവങ്ങളിലിരുന്നാണ് ഇതെഴുതുന്നത്. കോഴിക്കോട് സര്‍വ്വകലാശാലാ ആസ്ഥാനത്ത് എം.എയ്ക്കു പഠിക്കുമ്പോള്‍, വകുപ്പധ്യക്ഷന്‍ ഡോ. സുകുമാര്‍ അഴീക്കോടായിരുന്നു. വന്നുപോയ ശിഷ്യതലമുറകള്‍ എല്ലാം അദ്ദേഹത്തെ വിളിച്ചിരുന്നത് പ്രൊഫസര്‍ എന്നായിരുന്നു. അങ്ങനെ വേറൊരാളില്ലായെന്നതുപോലെ. ഗുരുവിന്റെ ഗൗരവപ്രകൃതി ബോധ്യമുള്ള ശിഷ്യന്മാര്‍ അദ്ദേഹത്തില്‍നിന്നു മിക്കപ്പോഴും സുരക്ഷിതമായ ഒരകലം പാലിച്ചു. ചിലപ്പോഴൊക്കെ ഈയകലത്തെ മറന്നും മറികടന്നും അദ്ദേഹം ഞങ്ങളിലേക്ക് അടുക്കുമായിരുന്നു; ഒരച്ഛന്റെ വാല്‍സല്യത്തോടെ, അല്ലെങ്കില്‍ സുഹൃത്തിന്റെ അനുഭാവത്തോടെ. അടര്‍ത്തിയെടുത്തു വിടര്‍ത്തിപ്പറയാവുന്ന അനുഭവസന്ദര്‍ഭങ്ങള്‍ പലതുണ്ട് അക്കാലത്തെക്കുറിച്ച്; എങ്കിലും കഌസ്സുമുറിയിലെ കവിതാധ്യാപനത്തിന്റെ ചില ഉജ്വലമുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയങ്ങളാണ്. അന്നത്തെ വെളിച്ചപ്പകിട്ടോടെ തന്നെ പലതും ഇപ്പോഴും മനസ്സിലുണ്ട്. 
പ്രൊഫസര്‍ കഌസ്സിലെത്തുന്നത് ആകാംക്ഷയോടെയാണ് ഞങ്ങളേവരും കാത്തിരിക്കുക. ഒന്‍പതരയെന്നാല്‍ ഒന്‍പതരയാണ്. മിനിട്ടു തെറ്റാതെ കഌസ്സിലെത്തി കസേരയില്‍ ഇരുന്നശേഷം ഒരു നോട്ടമുണ്ട്, എല്ലാവരേയും ഒന്നുഴിഞ്ഞുപോവുന്ന നോട്ടം. ചിലപ്പോള്‍ ചുണ്ടില്‍ ഒരര്‍ധസ്മിതം പാറിക്കിടപ്പുണ്ടാവും. ഇടയ്ക്കു കനത്ത ഗൗരവത്തിലായിരിക്കും. കഌസ്സുമുറിയില്‍ പ്രസംഗവേദിയിലെ കത്തിക്കയറലില്ല. മന്ത്രശ്രുതിയില്‍നിന്ന് അധികം വിട്ടുപോവാത്ത ആത്മഭാഷണത്തിന്റേതുപോലൊരു ശൈലി. 'ഇന്നി നീ കൂവിടായ്ക കുയിലേയനക്ഷരം' എന്നു പറയാന്‍ തോന്നിപ്പിക്കുന്ന ഒരു ലയപ്പൊരുത്തം മെല്ലെ നിറഞ്ഞൊഴുകിവരും.


രണ്ടു വര്‍ഷവും പ്രൊഫസര്‍ പഠിപ്പിച്ചിരുന്നതു കവിതകള്‍ തന്നെയായിരുന്നു. അതും അദ്ദേഹത്തിന് ഏറ്റവും അഭിമതരായ കാവ്യഗുരുക്കന്മാരുടെ രചനകള്‍. കുമാരനാശാന്റെ നളിനിയും കാളിദാസന്റെ കുമാരസംഭവവും. 


നല്ല ഹൈമവതഭൂവിലേറെയായ്
കൊല്ലമങ്ങൊരു വിഭാതവേളയില്‍
ഉല്ലസിച്ചു യുവയോഗിയേകനുല്‍
ഫുല്ല ബാലരവിപോലെ കാന്തിമാന്‍.


നളിനിയിലെ പ്രസിദ്ധമായ ഈ ആദ്യശ്‌ളോകം ഒന്നോ രണ്ടോ ദിവസത്തിലധികം പ്രൊഫസര്‍ വിസ്തരിച്ചിട്ടുണ്ടാവും. അതല്ല, നല്ല എന്ന ഒരൊറ്റ വാക്കിന്റെ വിസ്തരണത്തിനുതന്നെ ദിവസങ്ങളെടുത്തു. ഒരു വാക്കിനെ പതിയെപ്പതിയെ വിരിയിച്ചെടുത്തു കാവ്യത്തിന്റെ ഭാവസാകല്യം മുഴുവന്‍ അതിലേയ്ക്ക് ഒതുക്കിവയ്ക്കുന്ന മാന്ത്രികവിദ്യ അന്നാണ് പരിചയപ്പെട്ടത്. ഒന്നാം ശ്‌ളോകത്തിലെ ഒന്നാം പാദത്തിലെ ഒന്നാം വാക്കുകൊണ്ടു കവിതയുടെ നൂറ്റിയെഴുപത്തി മൂന്നു ശ്‌ളോകങ്ങളേയും വിശദീകരിക്കുന്നതു വിസ്മയം തന്നെയല്ലേ.


അദ്ദേഹം സംസാരിക്കുമ്പോള്‍ നോട്ടു കുറിച്ചെടുക്കുക അസാധ്യമാണ്. നമ്മെയും വാരിവലിച്ചെടുത്തുകൊണ്ടു പായുന്ന ഒഴുക്കില്‍നിന്നൂരി മാറിനില്‍ക്കാന്‍ പറ്റില്ല. കുറിച്ചെടുത്തു വയ്ക്കാത്തതുകൊണ്ടുതന്നെ ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പു പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയെ ആശ്രയിച്ചുകൊണ്ടുമാത്രം പൂര്‍ത്തീകരിക്കാനുമാവില്ല. എങ്കിലും പ്രൊഫസറുടെ ചില നല്ല വ്യാഖ്യാനങ്ങള്‍ പങ്കുവെക്കാന്‍ ശ്രമിക്കാം. 


എന്തുകൊണ്ടാണ് നളിനീ കാവ്യം 'നല്ല'യെന്ന വാക്കിലാരംഭിച്ചത്? മംഗളധ്വനിയോടെ, ശുഭകരമായ ശബ്ദത്തില്‍ കവിതയാരംഭിക്കുകയെന്നത് ഒരു ഭാരതീയ സാരസ്വതമുറയായിരുന്നു. 'അത്യുത്തരസ്യാം ദിശി' തുടങ്ങി അനേകം സംസ്‌കൃത കാവ്യങ്ങളില്‍ കാവ്യാരംഭം 'അ' എന്ന മംഗളവാചിയായ ശബ്ദത്തിലാണ്. സംസ്‌കൃതക്കാരന് 'അ' ആണ് ഹിതകരമായ പ്രാരംഭമെങ്കില്‍ മലയാളിക്ക് അതെന്താവാം. 'നല്ല' തന്നെ. നല്ലയോളം നല്ല ഒരു വാക്ക് മലയാളത്തില്‍വേറെയുണ്ടോ? ഉപ്പോളം വരുമോ ഉപ്പിലിട്ടത്? മംഗളകരമായ എന്ന ഒരൊറ്റ മികവാണോ നല്ല എന്ന സാധാരണമായ വാക്കിലുള്ളത്? അല്ല, നല്ല എന്ന വിശേഷണം തൊട്ടടുത്തു വരുന്ന ഹൈമവതഭൂവിലേക്കു മാത്രം അന്വയിച്ചു നില്‍ക്കുന്നതല്ല. അതു കവിതയുടെ ഭാവമണ്ഡലത്തെ മുഴുവന്‍ ഒറ്റയ്ക്കുനിന്നു വിശേഷിപ്പിക്കുകയാണ്. നളിനിയില്‍ ഏതൊന്നുണ്ടു നല്ലതല്ലാതായിട്ട്. കഥാപാത്രങ്ങള്‍, അവരുടെ ഭാവസഞ്ചാരങ്ങള്‍, കഥാപരിസരം നിര്‍വ്വഹണം എല്ലാമെല്ലാം മേല്‍ക്കുമേല്‍ മംഗളപ്രഭമായി പരിലസിക്കുന്നു. കഥാപാത്രങ്ങളുടെ കാര്യമെടുക്കുക. നളിനി സാത്വികമായ പ്രണയത്തിന്റെ പരമോദാര മാതൃക, ദിവാകരനോ യോഗിയായിരുന്നിട്ടും ആ പ്രണയത്തിന്റെ ആത്മീയപ്രഭയ്ക്കു മുന്നില്‍ തലകുനിക്കുന്നയാള്‍. അവരെ തമ്മില്‍ ദീര്‍ഘകാലം അകറ്റിനിര്‍ത്തിയ വിധിപോലും 'ഗുണപരിണാമ പരീക്ഷകന്‍' മാത്രമത്രെ. സാധാരണ നന്മയും തിന്മയും തമ്മില്‍ നേരിട്ടുകൊണ്ടാണ് ഭാവഗതിയെ സംഘര്‍ഷാത്മകമാക്കുന്നത്. നളിനിയിലാകട്ടെ, നന്മകളുടെ സമ്മുഖീകരണത്തിലൂടെയാണ് അതു സാധ്യമാവുന്നത്. 


കഥാപരിസരമായി കവി കണ്ടെത്തിയതോ? ഏറ്റവും ശിവവും സുന്ദരവുമായ പ്രദേശം; ഹൈമവതഭൂമി. അവിടെവച്ചാണ് മഹാതപസ്വിയായ ശിവന്‍ പാര്‍വ്വതിയുടെ തപസ്സിനു കീഴടങ്ങിയത്. ലൗകിക ചോദനകളുടെ ക്‌ളേശകരമായ വഴികളിലൂടെ ആത്മാര്‍പ്പണപൂര്‍വ്വം സഞ്ചരിക്കുന്നയാള്‍ക്കു ചെന്നെത്താവുന്ന അലൗകിക സാക്ഷാല്‍ക്കാരത്തിന്റെ ഒരു ദിവ്യമേഖലയുണ്ട്. അതാണ് നളിനിയിലെ ഹിമാലയം. അത്രത്തോളം നല്ല ഒരു നിര്‍വ്വഹണപശ്ചാത്തലം മറ്റേതുണ്ട്?


കഥാന്ത്യത്തിലുള്ള നൡിയുടെ മരണമോ? അതിനെയെങ്ങനെ മരണമെന്നു വിളിക്കാന്‍ പറ്റും. അതു മരണത്തെ മധുരീകരിക്കലാണ്. 'മധുരീകരിച്ചു നീ സ്വന്തമൃത്യു സുകുമാരചേതനേ' എന്നാണു കവി പറയുന്നതുതന്നെ. ജാത (മകള്‍) 'തള്ളയുടെ മാറണഞ്ഞപോല്‍' ആ മരണമെങ്ങനെ അമംഗള സമാപ്തിയാവും?
ആശാനു പ്രത്യേകമായി 'ഒരു സ്‌നേഹ'മുള്ള കൃതിയാണ് നളിനിയെന്ന് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. കാവ്യത്തിന്റെ ശരിയായ പേര് 'നളിനി അല്ലെങ്കില്‍ ഒരു സ്‌നേഹം' എന്നാണ്. ലോകജീവിതത്തിന്റെ ശാശ്വതമൂല്യമായി ആശാന്‍ പ്രതിഷ്ഠിച്ചതു സ്‌നേഹത്തെയാണല്ലോ. സ്‌നേഹം എന്ന വിശാലാശയത്തിനു സാമൂഹികമായ ഒരുപാടു സാധ്യതാമാനങ്ങളുണ്ട്. എങ്കിലും അതു വെളിപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും വ്യക്തികളിലൂടെത്തന്നെയാണ്. അതുകൊണ്ടുതന്നെയാണ് പ്രണയത്താല്‍ വിശുദ്ധീകരിക്കപ്പെട്ട രണ്ടാത്മാക്കളുടെ നളിനീദിവാകരന്മാരുടെ സമാഗമകഥയായി നളിനി രൂപപ്പെടുന്നത്. സ്‌നേഹമെന്ന ഈ മഹാമൂല്യത്തെ വിശദീകരിക്കാന്‍ പോരുന്ന ഒരു വിശേഷണമേ മലയാള പദകോശത്തിലുള്ളൂ. അത് 'നല്ല' തന്നെ.


കാവ്യാരംഭത്തിലെ 'നല്ല'യുടെ കടാക്ഷപരിധിയെക്കുറിച്ചുള്ള പ്രൊഫസറുടെ നിരീക്ഷണങ്ങള്‍ ഇപ്പറഞ്ഞതിലുമെത്രയോ അധികം വരും. ഓര്‍മ്മയില്‍നിന്നു കാലം മായ്ചുകളഞ്ഞതില്‍ ശേഷിച്ച ചിലതു പറയാന്‍ ശ്രമിച്ചുവെന്നു മാത്രം. കുമാരസംഭവത്തിലെ അഞ്ചാമങ്കത്തില്‍ മഴ നനയുന്ന പാര്‍വ്വതിയുടെ വര്‍ണ്ണനയില്‍ കവിഗുരു കാളിദാസനു വ്രതഭംഗം വന്നുപോയെന്നു പ്രൊഫസര്‍ പറയുമായിരുന്നു. നളിനിയിലെ ഒരൊറ്റ ശ്‌ളോകത്തോടുപോലും അദ്ദേഹം ഇങ്ങനെയൊരു നീരസം ഭാവിച്ചു കണ്ടിട്ടില്ല. അത്രത്തോളം ആശാന്റെ ആശയലോകവും ആവിഷ്‌കാരവൈഭവവും പ്രൊഫസര്‍ക്കു പ്രിയങ്കരമായിരുന്നു. ഏകാന്താദ്വയ ശാന്തിഭൂവിലേക്കു പ്രവേശിച്ചുകഴിഞ്ഞ ഗുരുവിനു വിനീത നമസ്‌കാരം.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com