വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്‌

സര്‍ക്കാര്‍ ആശുപത്രികളിലെ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറ് നല്‍കുന്ന 'ഹൃദയപൂര്‍വ്വം' പദ്ധതിയിലൂടെ ഡിവൈഎഫ്‌ഐ മുന്നോട്ടുവയ്ക്കുന്ന മാതൃക ചെറുതല്ല.
വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്‌

ഡി.വൈ.എഫ്.ഐ തിരുവനന്തപുരത്തു കൊളുത്തിയ ജ്വാലയുടെ വെളിച്ചം കേരളമാകെ പരന്നുതുടങ്ങുകയാണ്. നിരവധി പോരാട്ടങ്ങളും മൂന്നര പതിറ്റാണ്ടും പിന്നിട്ട സംഘടനയോ, ഇനിയിപ്പോഴോ എന്നു സംശയിക്കേണ്ട. ഇതു മനുഷ്യരുടെ വിശപ്പു പരിഹരിക്കാന്‍ നേരിട്ടുള്ള ഇടപെടലാണ്. എല്ലാ സമരങ്ങളുടേയും ചെറുത്തുനില്‍പ്പുകളുടേയും രക്തസാക്ഷിത്വങ്ങളുടേയും ആദ്യാവസാന ലക്ഷ്യം വിശപ്പില്ലാത്ത ലോകമാണെന്ന കാര്യത്തില്‍ ഇതേവരെ തരിമ്പും സംശയമില്ലാത്തതുകൊണ്ട് ഈ ചെറുപ്പക്കാര്‍ക്ക് ഇതും അവര്‍ ചെയ്തുവന്നതിന്റെയൊക്കെ തുടര്‍ച്ച മാത്രം. മെഡിക്കല്‍ കോേളജ് ഉള്‍പ്പെടെ നാല് സര്‍ക്കാര്‍ ആശുപത്രികളിലെ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറ് നല്‍കുന്ന 'ഹൃദയപൂര്‍വ്വം' പദ്ധതിയുടെ മാതൃക ചെറുതല്ല. ആയിരക്കണക്കിന് ആളുകളുടെ വിശപ്പടങ്ങുന്നു; ഒരു ദിവസമല്ല, എല്ലാ ദിവസവും. അതില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു മറ്റു പലയിടത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണം തുടങ്ങിയിരിക്കുന്നു. വിശപ്പിനെതിരായ സംഘടിത യുവജന മുന്നേറ്റം. 


കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു തുടക്കം. തിരുവനന്തപുരം മെഡിക്കല്‍ കോേളജ് ആശുപത്രിയിലും അനുബന്ധ സ്ഥാപനങ്ങളായ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മാതൃ ശിശു ചികില്‍സാ വിഭാഗമായ ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി (എസ്.എ.റ്റി) എന്നിവിടങ്ങളിലേയും ഒരൊറ്റ രോഗിയും കൂട്ടിരിപ്പുകാരും ഇപ്പോള്‍ വിശന്നിരിക്കുന്നില്ല. ആയിരക്കണക്കിനാളുകള്‍ ദിവസവും വന്നുപോവുന്ന സര്‍ക്കാര്‍ ആശുപത്രികളാണ് ഇവ നാലും. പാവപ്പെട്ടവര്‍ ആശ്രയിക്കുന്ന ആതുരാലയങ്ങള്‍. തിരുവനന്തപുരം ജില്ലയില്‍നിന്നു മാത്രമല്ല, ജില്ലയ്ക്കും കേരളത്തിനും പുറത്തുനിന്നുള്‍പ്പെടെ ആളുകള്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഇവയ്ക്കുണ്ടുതാനും. പലതരത്തിലുള്ള സഹായങ്ങള്‍ ഇവരിലേറെപ്പേര്‍ക്കും ആവശ്യമുണ്ട് എന്നു തിരിച്ചറിഞ്ഞു മുന്‍പു മുതല്‍ തന്നെ നടത്തുന്ന പലവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പൊതിച്ചോറ് വിതരണവും. പല വ്യക്തികളും സംഘടനകളുമൊക്കെ അത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലവഴിക്കു നടത്തുന്നുണ്ട് എന്നു നിഷേധിച്ചല്ല ഡി.വൈ.എഫ്.ഐ ഇടപെട്ടത്. കൂടുതല്‍ നന്നായി ചെയ്യാന്‍ തങ്ങള്‍ക്കു പറ്റുമല്ലോ എന്ന തിരിച്ചറിവ്. ഏതു വലിയ ആശുപത്രിയിലെയും പോലെ, പ്രത്യേകിച്ചും മെഡിക്കല്‍ കോേളജുകളിലെല്ലായിടത്തുമെന്നപോലെ ഇവിടേയും ഏറ്റവും ആവശ്യം വരാറുള്ളതു രക്തമാണ്. അതു ലഭ്യമാക്കാന്‍ ഇടപെടുകയും വേണ്ടതു ചെയ്യുകയും ചെയ്തുപോരുകയായിരുന്നു. ''എന്നാല്‍, ആവശ്യക്കാര്‍ക്കു ഞങ്ങളെ സമീപിക്കാതെ എങ്ങനെ രക്തം കൊടുക്കാം എന്ന ആലോചനയുണ്ടായി. അതിനു തുടര്‍ച്ചയായി മാനുഷം എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്‌ളിക്കേഷന്‍ നിര്‍മ്മിച്ചു. പതിനായിരത്തിലധികം പേരാണ് ഇതുവരെ ആ രക്തദാന മൊബൈല്‍ ആപ്പ് ഉപയോഗിച്ചത്.' ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഐ. സാജു പറയുന്നു. 2016 ഡിസംബര്‍ 15-ന് ആയിരുന്നു തുടക്കം. ആര്‍ക്കും സ്വതന്ത്രമായി ഡൗണ്‍ലോഡ് ചെയ്തു പട്ടികയിലുള്ളവരെ നേരിട്ടു ബന്ധപ്പെട്ടു രക്തം ശേഖരിക്കാം. കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ അതിലുണ്ട്. അങ്ങനെ നേരിട്ടു വിളിച്ച് ഏര്‍പ്പാടുണ്ടാക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഡി.വൈ.എഫ്.ഐ മുഖേനതന്നെ ശരിയാക്കാന്‍ ഡി.വൈ.എഫ്.ഐയുടെ ഫോണ്‍ നമ്പറും ആപ്പില്‍ ഉള്‍പ്പെടുത്തി. ദിവസം 25 പേര്‍ വരെയൊക്കെ ഉപയോഗിക്കുന്നു ഇപ്പോള്‍. എങ്കിലും ചില പോരായ്മകള്‍ അതിനുണ്ട് എന്നുവന്നു. ഇതിലുള്‍പ്പെട്ട രക്തദാതാക്കളെ ചിലര്‍ കച്ചവടക്കണ്ണോടെ സമീപിച്ച് അവര്‍ ഇടനിലക്കാരായി നിന്നു രക്തം ഏര്‍പ്പാടു ചെയ്തുകൊടുക്കുന്ന സംഭവങ്ങള്‍ ഉണ്ടായി. ഈ ദുരുപയോഗം തടയുന്നതിനുള്ള ചില പരിഷ്‌കാരങ്ങള്‍ ആപ്പില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
മാനുഷം മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തകര്‍ക്കു മെഡിക്കല്‍ കോളേജുമായി കൂടുതല്‍ സമയം അടുത്തു പ്രവര്‍ത്തിക്കേണ്ടിവന്നു. ഏകദേശം ഒരു മാസത്തോളം. പലപ്പോഴും, പലയിടത്തുനിന്നും വരുന്നവര്‍ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനില്ലാതെ ബുദ്ധിമുട്ടുന്നതു ശ്രദ്ധയില്‍പ്പെട്ടത് അപ്പോഴാണ്. പലര്‍ക്കും ഭക്ഷണം വാങ്ങിക്കൊടുക്കുകയോ ഏര്‍പ്പെടുത്തിക്കൊടുക്കുകയോ ഒക്കെ ചെയ്തു. ''രക്തദാനത്തോടൊപ്പം തന്നെ നിരവധിയാളുകളുടെ വിശപ്പ് എന്ന വലിയ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടായി. കുറേയാളുകള്‍ക്ക് ആശുപത്രിക്കുള്ളില്‍ ഭക്ഷണം വിതരണം ചെയ്യാം എന്ന തീരുമാനമെടുത്തു.'


അപ്പോഴും ആര്‍.സി.സിയും ശ്രീചിത്രയും ഉള്‍പ്പെടെയുള്ളിടങ്ങളില്‍ എത്തുന്ന നിരവധിയാളുകള്‍ക്കു ഭക്ഷണം ലഭിക്കുന്നില്ല എന്ന പ്രശ്‌നം ബാക്കിനിന്നു, വിശന്നിരിക്കുന്നവര്‍ അവിടെയൊക്കെയും ഏറെയുണ്ട് എന്ന യാഥാര്‍ത്ഥ്യവും. അതു പരിഹരിക്കാന്‍ ഈ ആശുപത്രികളിലെല്ലാം എത്തുന്നവര്‍ക്കു പൊതുവായി ആശ്രയിക്കാന്‍ കഴിയുന്ന ഒരു ഭക്ഷണ വിതരണ സംവിധാനം മെഡിക്കല്‍ കോേളജ് കാമ്പസില്‍ ഉണ്ടാകണം എന്നു മനസ്സിലായി. അങ്ങനെയാണ് പുതിയ വര്‍ഷാരംഭത്തില്‍ ഇപ്പോഴത്തെ പദ്ധതി തുടങ്ങിയത്. ''വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍, ഹൃദയപൂര്‍വ്വം' എന്നാണ് പേര്. മനസ്സുതൊട്ടാണ് ആ പേരിട്ടതുതന്നെ എന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. ഭക്ഷണം വാങ്ങാന്‍ കൈയില്‍ പണമില്ലാതെ വിശക്കുന്നവരുടെ വയറെരിയുന്നതിനൊപ്പം മനസ്‌സും എരിയും ഉള്ള് വിങ്ങും കണ്ണ് നിറയും. ''നമ്മുടെ കണ്‍മുന്നില്‍ അതുണ്ടാകാന്‍ പാടില്ല' എന്നു പറയുമ്പോള്‍ ഏതു ഉശിരന്‍ മുദ്രാവാക്യത്തിനും നല്‍കാന്‍ കഴിയുന്നതിലും ഊര്‍ജ്ജം നിറയുന്നതു കണ്ടറിയാം.


പാവപ്പെട്ട രോഗികള്‍ക്കു മാത്രമല്ല, അവരെ പരിചരിക്കാന്‍ ആശുപത്രിയില്‍ ഒപ്പം നില്‍ക്കുന്നവരേയും കൂടിയാണ് ദാരിദ്ര്യവും വിശപ്പും ബാധിക്കുക എന്നതു സ്വാഭാവിക സത്യം. അവര്‍ക്കുണ്ടെങ്കില്‍ ഇവര്‍ക്കുമുണ്ട്, ഇവര്‍ക്കു വിശക്കുന്നതു ഭക്ഷണത്തിന് അവരുടെ പക്കല്‍ വകയില്ലാത്തതുകൊണ്ടാണ്. നൂറു പേര്‍ക്കുള്ള ഭക്ഷണവുമായാണ് തുടങ്ങിയത്. നൂറു ഭക്ഷണപ്പൊതികള്‍ വീടുവീടാന്തരം കയറിയിറങ്ങി ശേഖരിച്ചു. ''വാങ്ങാന്‍ നൂറു പേരുണ്ടാകുമോ, ബാക്കിവരുമോ എന്നൊക്കെ തുടങ്ങുമ്പോള്‍ ആലോചിച്ചിരുന്നു. എന്നാല്‍, അതുകൊണ്ടു മതിയാകില്ല എന്നു ഞങ്ങള്‍ക്ക് ഒന്നാം ദിവസംതന്നെ ബോധ്യപ്പെട്ടു. അത്ര വലുതായിരുന്നു ക്യൂ. ഭക്ഷണമില്ലാത്തവരും ഭക്ഷണം കിട്ടാന്‍ ആഗ്രഹിക്കുന്നവരും അതിനു വഴിയില്ലാത്തവരും എത്രയോ ആണെന്നു ബോധ്യമാക്കുന്നതായിരുന്നു ആ നിരയുടെ വലിപ്പം' എന്നു ജില്ലാ പ്രസിഡന്റ് എ.എ. റഹീം. അതോടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയുടെ പരിപാടി എന്നതിനപ്പുറം, ഡി.വൈ.എഫ്.ഐയുടെ തന്നെ ബേ്‌ളാക്ക്, മേഖലാ, യൂണിറ്റ് കമ്മിറ്റികളേയും അനുഭാവികളേയും സഹകരിക്കാന്‍ താല്‍പ്പര്യമുള്ള മറ്റുള്ളവരെയുമൊക്കെ സമീപിക്കാന്‍ തീരുമാനിച്ചു. വീടുകളില്‍നിന്നും ഭക്ഷണം ശേഖരിക്കുന്ന ചുമതല ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റിക്കു നല്‍കി. ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ മുന്‍കൂട്ടി തയ്യാറാക്കി ചുമതലകള്‍ വീതിച്ചു നല്‍കി. ആസൂത്രിതവും വ്യവസ്ഥാപിതവുമായി സമരങ്ങളും സമ്മേളനങ്ങളുമൊക്കെ നടത്തി ശീലിച്ചതിന്റെ അനുഭവങ്ങള്‍ ഇത് എളുപ്പമാക്കുകയും ചെയ്തുവെന്നു പറയും അവര്‍. ഓരോ ദിവസത്തേയും ഭക്ഷണ സമാഹരണ ചുമതലയുള്ള കമ്മിറ്റി ആഴ്ചകള്‍ക്കു മുന്‍പേ ആ പ്രദേശത്തെ ആളുകളെ സമീപിച്ചു കാര്യം പറയും. സംഘടനയുടെ അഭ്യര്‍ത്ഥന അറിയിക്കും. 'ഒരു പൊതിച്ചോറ് തരണം.' ആ ദിവസം കൃത്യമായി ചെന്നു സമാഹരിക്കുന്നു. അങ്ങനെയൊരു രീതി തുടങ്ങിയ ആഴ്ച മുതല്‍ പതിനയ്യായിരം പേര്‍ക്കു വരെ ഭക്ഷണം കൊടുക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായി. അത്രയും അര്‍ഹരായ ആളുകള്‍ അവിടെയുണ്ടെന്നും വ്യക്തമായി. ഒരാള്‍ തന്നെ രണ്ടോ മൂന്നോ പൊതിയൊക്കെ വാങ്ങുന്നതിനോടു പ്രവര്‍ത്തകര്‍ കണ്ണടച്ചു. ഭക്ഷണമാണല്ലോ, വിശക്കുന്നവര്‍ക്കു കഴിക്കാനാണല്ലോ എന്നു വിചാരിച്ചു. ആദ്യത്തെ മാസങ്ങളില്‍ പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ പൊതികള്‍ വിതരണം ചെയ്തു. അപ്പോഴേയ്ക്കും വലിയൊരു പ്രശ്‌നം ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. പൊതികളുടെ ഇലയും കടലാസും ഉപേക്ഷിക്കുന്നതിലെ മാലിന്യ പ്രശ്‌നം. റോഡിലോ ആശുപത്രി പരിസരത്തോ ആളുകള്‍ ഇലയും കടലാസും ഭക്ഷണ അവശിഷ്ടങ്ങളും ഇടാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ തന്നെ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. ഭക്ഷണ വിതരണം എന്ന വലിയ നന്മയ്‌ക്കൊപ്പം നില്‍ക്കുന്നതിന്റെ ഭാഗമായി ആശുപത്രി അധികൃതര്‍ തന്നെ മാലിന്യ നിര്‍മാര്‍ജ്ജനവുമായി സഹകരിക്കുകയും ചെയ്തു. ഈ ആശുപത്രികളിലെ മാലിന്യ നിര്‍മാര്‍ജ്ജനത്തിനൊപ്പം ഈ വേസ്റ്റ് ബിന്നുകളിലുള്ളതും കൂടി ചേര്‍ത്തു സംസ്‌കരിച്ചു. അത് അങ്ങനെ പരിഹരിച്ചെങ്കിലും രക്തദാനത്തിലെപ്പോലെ പൊതിച്ചോറിലും കച്ചവടക്കണ്ണുള്ളവരുണ്ടെന്നു കണ്ടെത്തി. പൊതികള്‍ ഇവിടുന്നു വാങ്ങി വിലയ്ക്കു മറിച്ചു വില്‍ക്കുന്നു ചിലര്‍. അതോടെയാണ് എണ്ണം കുറച്ചത്. പക്ഷേ, അപ്പോഴും അയ്യായിരത്തിനും ഏഴായിരത്തിനും ഇടയില്‍ പൊതികള്‍ കൊടുത്തു, ഇപ്പോഴും കൊടുക്കുന്നു. ഒരു ദിവസംപോലും ക്യൂവില്‍നിന്ന് ഒരാളും ഭക്ഷണപ്പൊതി കിട്ടാതെ മടങ്ങിയ അനുഭവം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുമുണ്ട്. 

നിശ്ശബ്ദ വിപ്‌ളവം

''ഞങ്ങള്‍ വിചാരിച്ചതിലുമേറെയാണ് നാട്ടുകാരുടെ സഹകരണവും സഹായവും താല്‍പ്പര്യവും. ഞങ്ങള്‍ക്കു വലിയ സംതൃപ്തി തോന്നിയ കാര്യമാണത്. പദ്ധതിയുടെ വിജയത്തിന് അതൊരു വലിയ കാരണമായി' എന്ന് സാജു. റഹീമും സാജുവും ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ വിനീതും ഉള്‍പ്പെട്ട ഉപസമിതിയാണ് ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പൊതു മേല്‍നോട്ടം വഹിക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ സംഘടനാപരമായ മറ്റുപ്രവര്‍ത്തനങ്ങളെ ഇത് ഒരു വിധത്തിലും ദോഷകരമായി ബാധിക്കുന്നില്ലെന്നു മാത്രമല്ല, കൂടുതല്‍ സഹായകമായിട്ടേയുള്ളു എന്ന് അവര്‍ പറയുന്നു. കുറേയാളുകള്‍ ഇതിലേക്കു വരുന്നു, ഭാഗഭാക്കാകുന്നു. വലിയ കാര്യമാണ് ചെയ്യുന്നതെന്നു മനസ്സിലാക്കി കൂടെ നില്‍ക്കുന്നു. 
നാല് ആശുപത്രികളില്‍നിന്നും വേഗത്തിലെത്താന്‍ കഴിയുന്ന ഒരു കേന്ദ്രം എന്ന നിലയില്‍ രക്തബാങ്കിന്റെ സമീപത്താണ് സ്ഥിരം പോതിച്ചോറ് വിതരണം. ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കാണ് തുടങ്ങുന്നത്. രാവിലെ പതിനൊന്നു മുതലേ ആളുകള്‍ ക്യൂ നിന്നു തുടങ്ങും. ചില ദിവസങ്ങളില്‍ മൂന്നു മണി വരെ നീളും. 
ഓരോ ദിവസത്തേയും ഭക്ഷണപ്പൊതി സമാഹരണച്ചുമതലയുള്ള കമ്മിറ്റികളെ മാസങ്ങള്‍ക്കു മുന്‍പേ അറിയിക്കുന്നതുകൊണ്ട് അതു വലിയ വിജയമാക്കാനുള്ള സംഘടനാ തയ്യാറെടുപ്പ് അവര്‍ അവിടെ നടത്തും. എത്ര പൊതി തരാന്‍ കഴിയും എന്നു വീട്ടുകാരോടു ചോദിക്കുകയും ലഭിക്കേണ്ട സമയം അറിയിക്കുകയും ചെയ്യും. ലഭിക്കാവുന്ന പൊതികളുടെ എണ്ണം എഴുതിവച്ചു മേല്‍ക്കമ്മിറ്റിയെ അറിയിക്കും. ഇടയ്ക്ക് ഒന്നോ രണ്ടോ തവണ ഓര്‍മ്മിപ്പിക്കും. സമാഹരിക്കുന്ന പൊതികള്‍ അതാതു യൂണിറ്റ് കേന്ദ്രങ്ങളിലും അവിടെനിന്നു മേഖലാ കേന്ദ്രങ്ങളിലും എത്തിക്കുന്നു. മേഖലാ കമ്മിറ്റി പൊതികള്‍ ചെറുപെട്ടികളിലാക്കി വാഹനങ്ങളില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കും. ഓരോ ദിവസവും ശ്രദ്ധയില്‍പ്പെടുന്ന, ചൂണ്ടിക്കാണിക്കപ്പെടുന്ന പരിമിതികള്‍ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. വൃത്തിയും വെടിപ്പുമൊക്കെ തികഞ്ഞ ജാഗ്രതയോടെ ഉറപ്പുവരുത്തിയാണ് പൊതികള്‍ ശേഖരിക്കുന്നതും എത്തിക്കുന്നതും. 


ചെറുപ്പക്കാരില്‍ കാര്യമായ രീതിയില്‍ സേവന മനോഭാവം വളര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് ഇതില്‍ അനുഭവപ്പെടുന്ന പ്രധാനപ്പെട്ട ഒരു കാര്യം എന്നു സംഘടനാ നേതാക്കള്‍. വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കുന്നതു വലിയൊരു പുണ്യപ്രവൃത്തിയും സഹായവുമായിക്കണ്ട് ആളുകള്‍ ആവേശത്തോടെ സഹകരിക്കുന്നു. ''അതു ഞങ്ങള്‍ക്ക് ഇതു മുന്നോട്ടുകൊണ്ടുപോകാന്‍ വലിയ ആവേശമാണ് നല്‍കുന്നത്.'
ഭക്ഷണത്തിനൊപ്പം കൊടുക്കുന്ന കറികള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ ജൈവകൃഷി ചെയ്തു വീടുകൡ എത്തിച്ചുകൊടുക്കുന്ന രീതിയും ചില യൂണിറ്റ് കമ്മിറ്റികള്‍ തുടങ്ങി. മാസങ്ങള്‍ക്കു മുന്‍പേ തീയതി നിശ്ചയിക്കുന്നതുകൊണ്ടാണ് അതു സാധിക്കുന്നത്. വീട്ടുകാര്‍ സ്വന്തം നിലയില്‍ പൊതിയില്‍ ഉള്‍പ്പെടുത്തുന്ന കറികള്‍ക്കു പുറമേയാണിത്. ജൈവകൃഷി കൂടി ഇതിനൊപ്പം പ്രോല്‍സാഹിപ്പിക്കപ്പെടുന്നു എന്നു തുടക്കത്തില്‍ ആലോചിക്കാത്ത ഒരു കാര്യം കൂടി അതോടെ ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി മാറി. മലയിന്‍കീഴ് മേഖലാ കമ്മിറ്റിയാണ് ആദ്യമായി ജൈവകൃഷി തുടങ്ങിയത്. പിന്നീടു കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിച്ചു. ഭക്ഷണ വിതരണ ചുമതലയുടെ വട്ടം പൂര്‍ത്തിയാക്കി അടുത്ത വട്ടം ജൂണ്‍ പതിനഞ്ചിന് ആരംഭിച്ചിരിക്കുകയാണ്. അപ്പോഴേയ്ക്കും വിളവെടുക്കാന്‍ പാകത്തില്‍ പലയിടത്തും പച്ചക്കറിക്കൃഷി തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ മേഖലാ കമ്മിറ്റികളും ഭക്ഷണ വിതരണത്തില്‍ സഹകരിക്കുന്നതിനൊപ്പം ജൈവകൃഷി തുടങ്ങണം എന്നു നിര്‍ദ്ദേശം നല്‍കിക്കൊണ്ടു കൃഷിയുടെ കൂടി ഒരു സംസ്‌കാരം ഇതിനൊപ്പം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 


വലിയ ഇനം പച്ചക്കറികളൊന്നും ഉണ്ടാകണമെന്നില്ല. ചിലപ്പോള്‍ ചീരയാകാം, വേഗത്തില്‍ വിളയിച്ചെടുക്കാന്‍ കഴിയുന്ന മറ്റെന്തെങ്കിലുമൊക്കെയാകാം. ഒന്നോ രണ്ടോ മാസം കൊണ്ടു ഫലമെടുക്കാന്‍ സാധിക്കുന്ന ഇനങ്ങള്‍, അത്രതന്നെ. അതുതന്നെ നിസ്സാര കാര്യമല്ലെന്നു പ്രവര്‍ത്തകര്‍ക്കു വേഗം മനസ്സിലായി. തലസ്ഥാന നഗരത്തിലെ കമ്മിറ്റികള്‍ക്കു വാഴയില സമാഹരിക്കുക എളുപ്പമല്ലാത്തതുകൊണ്ട് അവര്‍ക്കുള്ള വാഴയില ഗ്രാമങ്ങളില്‍നിന്നു സംഭരിച്ചു തലേന്ന് എത്തിച്ചുകൊടുക്കാനുമുണ്ട് ഉല്‍സാഹം. പ്‌ളാസ്റ്റിക് ഒരു കാരണവശാലും പൊതിക്ക് ഉപയോഗിക്കരുത് എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സേവനവും സാമൂഹിക പ്രതിബദ്ധതയും പുതിയ മാനങ്ങളിലേയ്ക്ക് എത്തുന്നു, വലിയ തലങ്ങളിലേയ്ക്ക് ഉയരുന്നു. 


തിരുവനന്തപുരം ജില്ലയില്‍ ഡി.വൈ.എഫ്.ഐക്ക് 1900-ല്‍പ്പരം യൂണിറ്റുകളും 166 മേഖലാ കമ്മിറ്റികളുമുണ്ട്. പൊതിച്ചോറ് വിതരണം ആദ്യം തുടങ്ങിയതു മെഡിക്കല്‍ കോളേജ് മേഖലാ കമ്മിറ്റി തന്നെയാണ്. തുടങ്ങിയിട്ട് ഇതുവരെ ഒരു ദിവസം പോലും മുടങ്ങിയില്ല. ഹര്‍ത്താലുകളും മഴയുമൊന്നും ഇതിനെ ബാധിച്ചിട്ടില്ല, അപ്പോഴൊന്നും കൊടുക്കാതിരുന്നില്ല. വിതരണം ചെയ്യാന്‍ ഡി.വൈ.എഫ്.ഐയുടെ പതിനഞ്ചംഗ സ്ഥിരം വോളന്റിയര്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നഗരത്തിലെ കമ്മിറ്റികളില്‍നിന്നുള്ളവര്‍. ആ പതിനഞ്ചുപേരും എല്ലാ ദിവസവും വരേണ്ടിവരാറില്ല. അഞ്ചുപേര്‍ മതി എടുത്തുകൊടുക്കാനും മറ്റും. പിന്നെ ഓരോ ദിവസവും ഭക്ഷണം കൊണ്ടുവരുന്ന കമ്മിറ്റിയിലെ പ്രവര്‍ത്തകരും സഹായിക്കും. സ്ഥിരം സന്നദ്ധസേവന സംഘത്തിലുള്ളവര്‍ മാറിമാറി വരും. 


പാര്‍ട്ടിയുടെ വലിയ സഹായം തുടക്കം മുതലുണ്ടെന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. മറ്റു പല രാഷ്ട്രീയകക്ഷികളും ഇതുമായി നിസ്വാര്‍ത്ഥമായി സഹകരിക്കാന്‍ മനസ്‌സു കാണിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ചെയ്യേണ്ട കാര്യമാണ് ഇതെന്ന പൊതുബോധത്തിലേക്ക് എല്ലാവരും എത്തുന്നു എന്നതാണ് അനുഭവം. മരിച്ചുപോയ അച്ഛന്റേയോ അമ്മയുടേയോ ഒക്കെ ഓര്‍മ്മ ദിവസം ഭക്ഷണം തന്നു സഹകരിക്കാന്‍ തയ്യാറായി എത്തുന്നവരുണ്ട്. പക്ഷേ, അതിനെ സംഘടന കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. ഭക്ഷണമാണല്ലോ, വളരെ സൂക്ഷിച്ചു ചെയ്യണം, അതുകൊണ്ടാണെന്ന് സാജു. ''ഈ സൗജന്യ ഭക്ഷണ വിതരണം വന്നതോടെ സമീപത്തെ ചില ഹോട്ടലുകള്‍ക്കും മറ്റും കച്ചവടം കുറഞ്ഞുവെന്നു പറയുന്നുണ്ട്. അവരെ ഉപദ്രവിക്കണം എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയതല്ലല്ലോ ഇത്. ആളുകള്‍ക്ക് ഉപകാരപ്പെടുന്നു എന്നതാണ് കാര്യം. പക്ഷേ, എതിര്‍പ്പുള്ളവരുടെ വിരോധംമൂലം ഭക്ഷ്യവിഷബാധ പോലുള്ള എന്തിനെങ്കിലും സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടാണ് പുറത്തുനിന്ന് ഒന്നിച്ചു വാഗ്ദാനം ചെയ്യുന്ന ഭക്ഷണം സ്വീകരിക്കാത്തത്.' പക്ഷേ, വളരെ അടുത്ത് അറിയാവുന്നവരും അത്രമേല്‍ വിശ്വാസമുള്ളവരും നേരിട്ടോ അവര്‍ മുഖേനയോ വരുന്ന ഭക്ഷണം മാത്രം സ്വീകരിക്കാറുണ്ട്. അത്രയ്ക്കും ഉറപ്പുണ്ടെങ്കില്‍ മാത്രം. സ്ഥിരം പൊതിച്ചോറ് കൊടുക്കുന്നതു നിലനിര്‍ത്തിത്തന്നെ അവര്‍ കൊണ്ടുവരുന്നതും കൊടുക്കും. 

കൂടുതല്‍ പദ്ധതികള്‍

ഒരു വര്‍ഷമായി മകന്റെ കാന്‍സര്‍ ചികില്‍സയ്ക്ക് ഇവിടെ വന്നും പോയും നില്‍ക്കുന്ന മലപ്പുറത്തു നിന്നുള്ള ഒരു അമ്മയുടെ വികാരനിര്‍ഭരമായ പ്രതികരണം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മറക്കാത്ത പല അനുഭവങ്ങളിലൊന്നാണ്. വളരെ പാവപ്പെട്ടവര്‍. നാട്ടുകാര്‍ പിരിവെടുത്തു കൊടുത്തിട്ടാണ് ചികില്‍സതന്നെ നടക്കുന്നത്. അതുകൊണ്ട് ആശുപത്രിയില്‍ ദിവസങ്ങളോളം കിടക്കേണ്ടിവരുമ്പോള്‍ കൂടെ നില്‍ക്കുന്ന അമ്മ ഒന്നും കഴിക്കില്ല. ഹൃദയപൂര്‍വ്വം പൊതിച്ചോറ് വിതരണം തുടങ്ങിയ ശേഷം ഒരു ദിവസം പോലും ഇവിടെ വന്നു വിശന്നിരുന്നില്ല എന്ന് അവര്‍ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. ''ഈ പരിപാടി വന്‍ വിജയമായി എന്ന് അന്നു ഞങ്ങള്‍ക്കു സംശയമില്ലാതായി' എന്നു സാജുവിന്റെ സാക്ഷ്യം. അത്തരം നിരവധി വികാരപരമായ അനുഭവങ്ങളുണ്ട്. ''അവര്‍ ഒരു പൊതി കൂടി രാത്രിയിലേക്കു വാങ്ങുന്നുണ്ട്, ഞങ്ങളതു സന്തോഷത്തോടെ കൊടുക്കുന്നുമുണ്ട്.'
ഭക്ഷണ വിതരണത്തെ സാമ്പത്തികമായി സഹായിക്കട്ടെ എന്നു ചോദിച്ചു പലരും സംഘടനയെ സമീപിച്ചു. പുറത്തുനിന്ന് ഇപ്പോള്‍ പണമായി സ്വീകരിക്കേണ്ട എന്ന തീരുമാനത്തിലാണ് തുടങ്ങിയത്. പക്ഷേ, അങ്ങോട്ട് ആവശ്യപ്പെടാതെതന്നെ സാമ്പത്തികമായി സഹായിക്കാന്‍ വരുന്നവരുടെ എണ്ണം കൂടിയപ്പോള്‍ പദ്ധതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി. അതിലേക്കു വരുന്ന പണം മരുന്നു വാങ്ങാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കു കൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അടുത്ത ഘട്ടമായി സൗജന്യ നിരക്കില്‍ മരുന്നുകൊടുക്കുന്ന പദ്ധതി കൂടിയായി 'ഹൃദയപൂര്‍വ്വം പദ്ധതി' വികസിപ്പിക്കണം എന്ന് ആഗ്രഹിക്കുകയാണ് ഈ ചെറുപ്പക്കാര്‍. അതിന്റെ തുടര്‍ച്ചയായി സൗജന്യ ആംബുലന്‍സ് പദ്ധതി കുറച്ചുകൂടി വിപുലമാക്കാനും ആലോചിക്കുന്നു. ആ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ പൊതുജനങ്ങളുടെ കൂടുതല്‍ സഹായം സ്വീകരിക്കേണ്ടിവന്നേക്കും എന്നാണ് കണക്കുകൂട്ടുന്നത്. 
ഇപ്പോള്‍ സംഘടനയുടെ പല മേഖലാ, ബേ്‌ളാക്ക് കമ്മിറ്റികള്‍ക്കും ആംബുലന്‍സുണ്ട്. എന്നാല്‍, മെഡിക്കല്‍ കോളേജ് കാമ്പസുമായി ബന്ധപ്പെടുത്തി ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി ഒരു ആംബുലന്‍സ് വേണമെന്നും ആലോചിക്കുന്നു. ഭക്ഷണവുമായി വരുന്ന പ്രവര്‍ത്തകര്‍ ഓരോ ദിവസവും ആവശ്യക്കാരായ രോഗികള്‍ക്കു രക്തം നല്‍കുക കൂടി ചെയ്തിട്ടാണ് മടങ്ങുന്നത്. നിരവധി രോഗികള്‍ക്ക് അങ്ങനേയും ഈ യുവജനങ്ങളുടെ ജീവകാരുണ്യപരമായ സന്നദ്ധത താങ്ങാകുന്നു. മക്കള്‍ ഡി.വൈ.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നത് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കൂടിയാണ് എന്നതു പല രക്ഷിതാക്കളുടെ പിന്തുണ വര്‍ധിക്കാനും എതിര്‍പ്പുകള്‍ ഇല്ലാതാകാനും ഇടയാക്കി. ഈ പ്രവര്‍ത്തനം കണ്ടു പല മേഖലകളില്‍നിന്നും വ്യത്യസ്ത സംഘടനകളില്‍നിന്നുപോലും ഡി.വൈ.എഫ്.ഐയിലേക്കു യുവജനങ്ങള്‍ വരുന്ന അനുഭവമുണ്ടെന്നു നേതാക്കള്‍. 
വേറേ ചില സംഘടനകള്‍ ചെറിയ തോതില്‍ ഭക്ഷണ വിതരണം നേരത്തേതന്നെ നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ ഉച്ചഭക്ഷണ വിതരണമുണ്ട്. അതിനു പുറമേയാണ് ഇതും ''വന്‍ വിജയ'മായത്. ദിവസം മുഴുവന്‍ ഓടിയിട്ടും ദാരിദ്ര്യം ബാക്കിയുള്ള ഓട്ടോ ഡ്രൈവര്‍മാരില്‍ ചിലരുള്‍പ്പെടെ വന്നു പൊതി വാങ്ങാറുണ്ട്. അവരേയും വിലക്കാറില്ല. വിശക്കുന്നവര്‍ക്കെല്ലാം കൊടുക്കും.'
ക്‌ളിഫ് ഹൗസ് ഉള്‍പ്പെടുന്ന മേഖലയില്‍നിന്നു ഭക്ഷണപ്പൊതികള്‍ സമാഹരിച്ച ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍നിന്നും കവടിയാര്‍ ഭാഗത്തുനിന്നു ശേഖരിച്ച ദിവസം വി.എസ്സിന്റെ വീട്ടില്‍നിന്നും പൊതിച്ചോറുണ്ടായിരുന്നു. ഒരാളേയും ഒഴിവാക്കുന്നില്ല, ഒരാളും മാറിനില്‍ക്കുന്നുമില്ല. 


ഹൃദയപൂര്‍വ്വം പിന്തുണയ്ക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരുന്നതേയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com