അബ്കാരി അമ്പു; കെ. സജിമോന്‍ എഴുതിയ കഥ

അബ്കാരി അമ്പു; കെ. സജിമോന്‍ എഴുതിയ കഥ

കഥ

കെ. സജിമോന്‍

വര: ചന്‍സ്‌
 

ചോന്ന രാമൂസോറ്‌ടെ ഓലപ്പുരയുടെ പിന്നാമ്പുറത്തിരുന്നു റാക്ക് കുടിക്കാനിരിക്കുമ്പോഴാണ് അമ്പുവിന്റെ മുന്നിലേക്ക് ദെണ്ടൂസന്‍ പുതിയൊരു ആശയം ഇട്ടുകൊടുത്തത്. 
''തീയ്യമ്മാരെ ഇണ്ടാക്കിയത് ശിവനാന്ന്. ശിവനു ദേശ്യം വന്നിട്ടു നിക്കുമ്പം തൊടേന്റെമേലെ അടിച്ചു. ആ അടീന്ന് വീണോരാന്ന് തീയ്യമ്മാര്. ശിവന്റെ ദേശ്യം തണിപ്പിക്കാന്‍വേണ്ടീറ്റ് റാക്ക് ഇണ്ടാക്കാന്‍ പറഞ്ഞു. തീയ്യമ്മാര് ഇണ്ടാക്കി. അതോണ്ട് തീയ്യമ്മാര് റാക്കിണ്ടാക്കി വിറ്റാല് പൊലീസിനു കേസെടുക്കാന്‍ പറ്റൂല്ല...'
മൈക്കിന്റെ ഒച്ചയുടെയത്രയും ബാസ്സുള്ള ശബ്ദത്തിലാണ് ദെണ്ടൂസന്‍ കുമാരന്‍ ഇതു പറഞ്ഞത്. ദെണ്ടൂസന്റെ 'വര്‍ത്താനം' കേട്ടു തൊട്ടപ്പുറത്തു കെട്ടിപ്പൊക്കിയ അമ്മിത്തണമേല് കാല് പിണച്ചുപിണച്ചു വച്ചിരിക്കുന്ന ചോന്ന രാമൂസോറ് കാലിന്റെ മുട്ടിന്മേല് മുട്ട് ഊന്നിയിരിക്കുന്ന കൈ ഒന്നു മലര്‍ത്തി ഒരു പരിഹാസച്ചിരി ചിരിച്ചു. സാധുബീഡി തിരുകിയ അതേ കൈ വേഗത്തില്‍ ചുണ്ടോടു ചേര്‍ത്തു.
''എന്തേ, ഞാമ്പറഞ്ഞതു ശരിയല്ലേ മൂസോറേ?' ദെണ്ടൂസന്റെ കൊന്തമ്പല്ലും ഉണ്ടക്കണ്ണും ഇപ്പോള്‍ ചോന്ന രാമൂസോറെ വിഴുങ്ങുമെന്നു തോന്നി.
ചോന്ന രാമൂസോറ് ചുണ്ടില്‍നിന്നും ബീഡി വലിച്ചെടുത്തു. ചപ്പിച്ചപ്പിയമര്‍ന്ന ബീഡിയുടെ വാലിന്റെ അറ്റത്തുനിന്നും പുകയോടൊപ്പം ചുക്കയും വീണു.
''ഓമ്പറഞ്ഞേലും കാര്യുണ്ട് അമ്പു. നമ്പൂരിമാര് അമ്പലത്തില് പൂജ ചെയ്യുമ്പം തന്നെ ഏതെങ്കിലും വീട്ടില് പൂജ ചെയ്യാനിണ്ട്ങ്കില് പോവൂല്ലേ? അയിന് കേസ്ണ്ടാ. ഇല്ലല്ലാ... മുത്തപ്പനീം തെയ്യത്തിനീം റാക്ക് കൊടുക്കോന്നാരല്ലേ തീയമ്മാര്. അപ്പോ നമ്മള് പൊറത്ത് റാക്കെടുത്തു കൊടുക്ക്‌ന്നേന് എങ്ങന്യാ പൊലീസ് പിടിക്ക്വാ?'
ചോന്ന രാമൂസോറ് വീണ്ടും അതേ ഇരിപ്പുതന്നെ തുടര്‍ന്നു.

അകത്തുനിന്നും ചിര്വേട്ത്തി പൊട്ടിയ കത്തിയുമെടുത്തു പുറത്തേയ്ക്കു വന്ന് അമ്പുവിനു നേരെ നീട്ടി. രാമൂസോര്‍ക്ക് ഇല്ലാത്ത സൂത്രം മുഴുവനും ചിര്വേട്ത്തിക്ക് ഉണ്ടെന്നാണ് നാട്ടുകാരുടെ സംസാരം. റാക്കുമോന്തി കടം പറയുന്നവരെ ചിര്വേട്ത്തി വിടൂല്ല. ഒന്നുകില് തെങ്ങിനു തടം തുറക്കാന്‍, ഇല്ലെങ്കില്‍ വാഴയ്ക്കു വെള്ളമൊഴിക്കാന്‍-അങ്ങനെയെന്തെങ്കിലും പണി അവരെക്കൊണ്ട് എടുപ്പിക്കും. ഇതൊന്നും നടന്നില്ലെങ്കില് നല്ല പൂരപ്പാട്ട് പാടി അവരെക്കൊണ്ട് ആ പൈസ വീട്ടിലെത്തിക്കും.
''ചിര്വേട്ത്തീന്റെ വായിന്ന് എന്തെങ്കിലും വന്നാല് തേച്ചാലും മാച്ചാലും പോവൂല്ല, അത്രയ്ക്കും ഭയങ്കര ചീത്തയാന്ന് പറയാ' എന്ന് അതു കേട്ട പലരും പറയാറുണ്ട്. ശ്രീദേവി എന്ന പേര് ലോപിച്ച് ചിരുതൈ എന്നും വിളിച്ചുവിളിച്ച് ചിരൈ്വയ് എന്നുമായി എന്നാണ് ചിര്വേട്ത്തിയുടെ പേരിന്റെ പിന്നിലെ കഥ. റാക്കുവിറ്റു കുറച്ചു പൈസ കയ്യില് വന്ന സമയത്ത് ഒരു സ്വര്‍ണ്ണച്ചെയിന്‍ ചിര്വേട്ത്തി സ്വന്തമായി വാങ്ങിയിട്ടു. ആ കാലത്താണ് ചിര്വേട്ത്തിയുടെ മൂത്തചേച്ചി കുഞ്ഞാതിയേട്ത്തിയുടെ മകള് കല്യാണിയുടെ പ്രസവം. ആദ്യമായിട്ട് ആ കുടുംബത്തില് ആശുപത്രിയില്‍ നടക്കുന്ന പ്രസവമായിരുന്നു അത്. മാസം തികയാതെയുള്ള പ്രസവം. ആ പ്രസവത്തിനു കൂട്ടുനില്‍ക്കാന്‍ നിയോഗിക്കപ്പെട്ടത് ചിര്വേട്ത്തിയായിരുന്നു. അന്ന് തളിപ്പറമ്പ് താലൂക്ക് ധര്‍മ്മാശുപത്രിയില്‍ വച്ച് ചിര്വേട്ത്തി തന്റെ പേരിലൊരു പണക്കൊഴുപ്പുകൂട്ടി. നേഴ്‌സുമാരാരോ ചോദിച്ച സമയത്ത്, ചിരുത എന്ന പേരിനൊരു ഗമ തോന്നാത്തതുകൊണ്ട് ശ്രീദേവി എന്നു പറഞ്ഞു. പേരുകേട്ടതും നേഴ്‌സ് വായപൊത്തി ഒരു ചിരി ചിരിച്ചു. തന്റെ പേരിന്റെ പത്രാസു കണ്ടിട്ടുള്ള ചിരിയില്‍ ചിര്വേട്ത്തി ഒന്നുകൂടി ഒന്നു പൊങ്ങി. ഇതുകണ്ടു ചിരിച്ചു ചിരിച്ചാണ് കല്യാണി പ്രസവിച്ചതെന്നും അപ്പോള്‍ പ്രസവിച്ചുവീണ പെണ്‍കുഞ്ഞിനെ വാരിയെടുത്ത് ചിര്വേട്ത്തി അഭിമാനത്തിന്റെ പേരായ ശ്രീദേവി എന്നു വിളിച്ചെന്നുമാണ് നാട്ടില്‍ പ്രചരിക്കുന്ന കഥ. എന്തായാലും ജൂനിയര്‍ ശ്രീദേവി ചിരുതയെന്നായില്ലെന്നതു സമാധാനം. ദേവി എന്നാണ് അവളെ വിളിക്കുന്നത്.
വായപോയ കത്തിപോലുള്ള ചിര്വേട്ത്തിയുടെ വായിലേക്കു നോക്കിനില്‍ക്കുന്ന അമ്പുവിന്റെ കയ്യിലേക്കു പൊട്ടിയ കത്തി ചിര്വേട്ത്തി നല്‍കി.
''നമ്മ്‌ളെ ആങ്ങളേന്റെ ഓള്, ഓളെ വൗസിന്റെ കൊത്താകൊത്തിയത്. കണ്ടില്ലേ രണ്ടു കഷ്ണായി. നിന്റെ അച്ഛന്‍ ഇണ്ടാക്കിത്തന്ന കത്തിയാ ഇത്. നീ ഇതൊന്നു ശരിയാക്കിത്തരണം.'
റാക്കു കുടിച്ചതിന്റെ കാശ് കൊടുക്കാനില്ലെന്ന് എങ്ങനെ ചിര്വേട്ത്തി മനസ്സിലാക്കിയെന്ന് അമ്പു അത്ഭുതത്തോടെ ആലോചിച്ചു. ചോന്ന രാമൂസോറ് ഒരു ചിരിയോടെ അടുത്ത ബീഡിക്കു തിരികൊളുത്തി. ദെണ്ടൂസന്‍ ഒരു ഗ്‌ളാസിലേക്ക് റാക്ക് ഒഴിച്ച് അമ്പുവിന്റെ മുന്നിലേക്കു നീക്കിവെച്ചു. ചിര്വേട്ത്തി അപ്പോഴേക്കും അകത്തേക്കു കയറിപ്പോയിരുന്നു. അമ്പു ഒറ്റവലിക്ക് അത് അകത്താക്കി. അകത്തുനിന്നും ഒരു കടലാസുകഷ്ണവുമായി ചിര്വേട്ത്തി അവിടേക്കു വന്നു. അമ്മിത്തണമേല്‍ വച്ച കത്തി കടലാസില്‍വച്ചു ചുരുട്ടി അമ്പുവിന്റെ അടുത്തേക്കു വച്ച് ചിര്വേട്ത്തി നിന്നു.
''മതി, ഓനി കൊടുത്തത്. ആ നാരാണീം പിള്ളറും ഇവനീം കാത്തു കഞ്ഞീംകൂടി കുടിക്കാണ്ട് ഇരിക്ക്ന്നുണ്ടാവും. ഒരു പാവം പെണ്ണാന്നേ അത്. എന്റമ്മേ!'
ചിര്വേട്ത്തിയുടെ ഒരു സ്റ്റൈലാണ് ഈ 'എന്റമ്മേ' എന്ന പറച്ചില്‍. നാരായണിയെ കാണുകയാണെങ്കില്‍ എപ്പോഴും പറയുന്നതിങ്ങനെയാണ്: ''എന്റമ്മേ... എന്തെണേ നീ ആകെ മെലിഞ്ഞുപോയല്ലാ, എന്റമ്മേ... നീ ഒന്നും തിന്നലൊന്നൂല്ലേ... അമ്പൂനോട് ഞാനെപ്പും പറയും നിന്നെക്കുറിച്ച്... ഓനി ഞാന്‍ കൂടുതല് കൊടുക്കാന്‍ വിടലില്ല. എന്റമ്മേ, എന്റെ മോളല്ലേ നീ.'
ചിര്വേട്ത്തിയുടെ നാക്കിന്റെ നീളം അറിയാവുന്നതുകൊണ്ട് ആരും മറിച്ചൊന്നും പറയാന്‍ പോകാറില്ല.
ഇരുട്ടു പതുക്കെ കട്ടികൂടിക്കൂടി വന്നുകൊണ്ടിരുന്നു. അമ്പുവും രാമൂസോറും ദെണ്ടൂസനും നിഴല്‍രൂപങ്ങളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും അനങ്ങിയിരുന്നു. അതിനിടയില്‍ സ്ഥിരംപറ്റുകാര്‍ വന്നു കുടിയും കഴിഞ്ഞുപോയി.
ചോന്ന രാമൂസോറ് പടിഞ്ഞാറ്റയില്‍ (നിലവിളക്കു കത്തിച്ചുവയ്ക്കുന്ന മുറി) കയറി പറശ്ശിനിക്കടവ് മുത്തപ്പന്റെ വലിയ ഫോട്ടോയ്ക്കു പിന്നില്‍നിന്നും ഒരു മണ്‍കലമെടുത്തു പുറത്തേക്കിറങ്ങി. ഇരുട്ടില്‍ ദെണ്ടൂസന്റെ ഉടുത്ത മഞ്ഞത്തോര്‍ത്തിന്റെ പ്രകാശംമാത്രം.
''പൂവ്വ്വാ മൂസോറെ?'
ദെണ്ടൂസന്‍ ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും അകത്തുനിന്നും ചിര്വേട്ത്തി അതുകേട്ടു പുറത്തേയ്ക്കു വന്നു. വലിയ കലവും അടി പരന്ന സ്റ്റീല്‍പാത്രവുമായി നില്‍ക്കുന്ന അമ്പുവിനെ ചിര്വേട്ത്തി കണ്ടു.
''അല്ലമ്പൂ, ആ നാരാണീം പിള്ളറും ആട ഒറ്റക്കല്ലേ?'
ചിര്വേട്ത്തിയോടു മറുത്തൊന്നും പറയാതെ അപ്പോഴേക്കും ചോന്ന രാമൂസോറ്‌ടെ പിന്നാലെ അമ്പു നടന്നുതുടങ്ങി. മുന്നില് ടോര്‍ച്ചുവെട്ടംപോലെ ദെണ്ടൂസന്റെ ഉടുമഞ്ഞത്തോര്‍ത്തില് ആകാശവെള്ള തട്ടി വഴികാട്ടി.
ചോന്ന രാമൂസോറുടെ വീടിന്റെ മുന്നിലെ കുന്ന് മടക്കുമടക്കായാണ്. അടിയില്‍ ആനപ്പാറ, അതിന്റെ മുകളില്‍ മണ്‍കൂന, അതിനും മുകളില്‍ നല്ല ചെങ്കല്‍പ്പാറ. ആ ചെങ്കല്‍പ്പാറയില്‍ എന്നും വെള്ളമുണ്ട്. ആ വെള്ളം ഇടയിലെ മണ്‍കൂനയിലെ ഉറവക്കുഴികളിലൂടെ പുറത്തേക്കു തെളിനീര് ചാടും. ശരിക്കും റാക്ക് വാറ്റുന്നതുപോലെ തന്നെ.
ദെണ്ടൂസന്‍ ഉറവക്കുഴിയിലേക്കു വെള്ളമെടുക്കാന്‍ പോയി. ചോന്ന രാമൂസോറ് അടുപ്പുകൂട്ടി അതിന്റെ മുകളില്‍ വലിയ കലം എടുത്തുവച്ചു. മണ്‍കുടത്തില്‍ ഒരാഴ്ചയായി ഇട്ടുവച്ചു പതഞ്ഞുതുടങ്ങിയ ശര്‍ക്കരപ്പാനി കലത്തിലേക്കു കുടുകുടാന്ന് ഒഴിച്ചു. രണ്ടു കുടം ശര്‍ക്കരപ്പാനി ഒഴിച്ചപ്പോഴും കലത്തിന്റെ പകുതിയേ എത്തിയുള്ളൂ. അതിന്റെ മുകളില്‍ അടിയില്‍ തുളയിട്ട മണ്‍കലം അടച്ചുവച്ചു. മണ്‍കലത്തിന്റെ വായ്‌വട്ടത്തില്‍ തുണികൊണ്ടു താഴ്ത്തി പാലംപോലെ കെട്ടിയുണ്ടാക്കി. അതിലേക്കു വൃത്താകൃതിയിലുള്ള, ഒരു ഭാഗത്തു കൂര്‍മ്പിച്ചു നില്‍ക്കുന്ന മരപ്പലക ഇറക്കിവച്ചു. തുണികൊണ്ടുള്ള പാലത്തിനു മുകളില്‍ അത് ഉറച്ചുനിന്നു. അതിന്റെ കൂര്‍മ്പിച്ച ഭാഗം മണ്‍കലത്തിന്റെ പള്ളയ്ക്കുള്ള ഒരു ദ്വാരത്തിലൂടെ പുറത്തേക്ക് എത്തിച്ചു. അതിനെ ചെറുവിരലോളം വരുന്ന പൈപ്പിട്ടു പുറത്തേയ്ക്കു നീട്ടി. പൈപ്പിന്റെ അറ്റത്തു കന്നാസും വെച്ചു. മണ്‍കലത്തിനു മുകളില്‍ അടിപരന്ന സ്റ്റീല്‍പ്പാത്രം വച്ച് അതിലേക്ക് ദെണ്ടൂസന്‍ കൊണ്ടുവന്ന വെള്ളം ഒഴിച്ചു.
അടിയിലെ കലവും മണ്‍കലവും ചേരുന്ന സ്ഥലത്തെല്ലാം ചെളി ചേര്‍ത്തു തുണിക്കീറ് തേച്ചുപിടിപ്പിച്ചു. മണ്‍കലത്തിന്റെ പള്ളയിലെ ഓട്ടയ്ക്കു ചുറ്റും, മണ്‍കലത്തിനും മുകളിലത്തെ പാത്രത്തിനും ഇടയില്‍ പുറത്തേക്ക് ആവി പോകാത്ത വിധത്തില്‍ ചെളി കുഴച്ചു തുണിക്കീറില്‍ ചേര്‍ത്ത് ഉരച്ചുപിടിപ്പിച്ചു. ദെണ്ടൂസന്‍ അപ്പോഴേക്കും നാലുപാത്രം വെള്ളം കൊണ്ടുവന്നു വച്ചിരുന്നു. അമ്പു ഓരോന്നും ശ്രദ്ധിച്ചുകൊണ്ടിരുന്നു.
കന്നാസിലേക്കിറ്റു വീണുതുടങ്ങിയ ചൂടുവെള്ളം ചൂണ്ടുവിരലിലേക്ക് ഇറ്റിച്ച് ചോന്ന രാമൂസോറ് അടുപ്പിലേക്കു കാണിച്ചു. വിരലിനു ചുറ്റും നീലജ്വാലകള്‍.
''ഇതാണ് തനി. ഇതു കുടിച്ചാല് വയറ് കത്തും. കണ്ടാ നീയയിന്റെ കത്തല്?'
അമ്പുവിന്റെ മുഖത്ത് അത്ഭുതം നിറഞ്ഞു. നീലത്തീവെള്ളം ഗ്‌ളാസിലേക്കു പകര്‍ന്ന്, ദെണ്ടൂസന്‍ കൊണ്ടുവന്ന കുടത്തില്‍നിന്നും വെള്ളം ചരിച്ചൊഴിച്ച് ചോന്ന രാമൂസോറ് അമ്പുവിന്റെ മുന്നിലേക്കു നീട്ടി.
''കുടിച്ചോക്ക്.'
മുട്ടുമടക്കിയിരുന്ന അമ്പു ഇരുന്ന ഇരിപ്പില്‍ത്തന്നെ ഒന്നു നിവര്‍ന്നു. രാമൂസോറുടെ കയ്യില്‍നിന്നും ഗ്‌ളാസു വാങ്ങി തീവെള്ളം വിഴുങ്ങി. അമ്പുവിനു കുളിരുകോരി.
''സൊയമ്പന്‍ സാധനം!'
അമ്പു ഒരു പതിഞ്ഞുപോയ തികട്ടലോടെ പറഞ്ഞു.


മലയടിവാരത്തുനിന്നും വെള്ളംകൊണ്ടുവന്നുകൊണ്ടിരുന്ന ദെണ്ടൂസന്‍ വഴിയില്‍ ഗുളികന്‍ തെയ്യത്തിന്റെ പോക്കുവരവ് കണ്ടതും പറഞ്ഞ് അടുപ്പിനോടടുത്തിരുന്നു.
''മൂസോറെ, നാളെത്തന്നെ ഒരു പൈങ്കുറ്റി കയിപ്പിക്കണം. വെള്ളെടുക്കാന്‍ പോയപ്പോ ഞാന്‍ കണ്ടു. ശരിക്കും കണ്ടു. ദാ, ഏതാണ്ട് ഇത്ര അടുത്ത്. പിന്നെ കുണ്ടില് കീഞ്ഞ് (കുഴിയിലിറങ്ങി) മൂന്ന് മുങ്ങലും. ആരാന്ന് ഞാന്‍ ചോയിച്ചേരം... ങൂഹും... ഒരക്ഷരം ഉരിയാട്ടൂല്ല. അടുത്തകൊല്ലം തെയ്യത്തിനു ഞാനൊരു കരിങ്കോയിനെത്തന്നെ തരാന്നു പറഞ്ഞപ്പം, ഒരു ന്‌ലാവ് പോലെ വെള്ളത്ത്ന്ന് അങ്ങ് കേറിപ്പോയി.'
ദെണ്ടൂസന്‍ ഗുളികനെ കണ്ടാലും ഇല്ലെങ്കിലും ചോന്ന രാമൂസോറുടെ വീട്ടില്‍ ആഴ്ചയിലൊരു പയംകുറ്റി നിര്‍ബന്ധമാണ്. മുത്തപ്പന് റാക്കും വമ്പയര്‍ പുഴുങ്ങിയതും ഒണക്കമീനും നിവേദിച്ചു നല്‍കുന്ന പയംകുറ്റി ദിവസം സ്ഥിരംപറ്റുകാര്‍ക്ക് അരഗ്‌ളാസ് റാക്ക് പ്രസാദമായി നല്‍കും. 'പോകുന്നോരെ വിളിക്കേണ്ട, വന്നോരെ മടക്കേണ്ട' എന്നതാണ് മുത്തപ്പന്റെ നയം. അറിഞ്ഞുവന്നവര്‍ക്കു പ്രസാദം നല്‍കണം. അറിഞ്ഞിട്ടും അറിയാതെ പോകുന്നോരെ വിളിക്കുകയും വേണ്ട.
അമ്പു മലയിറങ്ങി ഇരുട്ടിലൂടെ നടക്കുമ്പോള്‍ മനസ്‌സിലോര്‍ത്തു; ''എന്തുതന്നെയായാലും ഒരു പയംകുറ്റി നടത്തണം. എല്ലാം ശരിയാക്കണം.'
മലയിലപ്പോഴും ചോന്ന രാമൂസോറും ദെണ്ടൂസനും റാക്കു വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. രാമൂസോറുടെ വീടിനടുത്തെത്തി അമ്പു പിന്നിലെ അമ്മി വച്ചിരുന്ന തിട്ടമേല്‍ ഒന്നു പരതി. കടലാസില്‍ ചുരുട്ടിവച്ച കത്തി അതുപോലെ തന്നെ കിടക്കുന്നുണ്ട്. അതെടുത്തു കക്ഷത്തിലേക്കുവച്ച അമ്പു നടക്കാന്‍ തുടങ്ങുന്നതിനിടെ ഒന്നാലോചിച്ചുനിന്നു. വേഗത്തില്‍ കത്തി അതേപോലെ തന്നെ അവിടെവെച്ചു ധൃതിയില്‍ നടന്നു. രാമൂസോറുടെ നായ അമ്പുവിനെ കണ്ടപ്പോള്‍ ഉറക്കെയൊന്നു കുരച്ചു. പിന്നെ മുരണ്ട് സ്‌നേഹപ്രകടനം കാട്ടി. വീടിനകത്തുനിന്നും ചിര്വേട്ത്തി മുരടനക്കി ചുമച്ചു. അമ്പുവും ഒന്നു ചുമച്ചു തുപ്പി.
ചുറ്റും കട്ടിയിരുട്ടായിരുന്നു. ഇടതുവശത്തു തലതല്ലിയൊഴുകുന്ന പുഴയുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാം. പുഴയ്ക്ക് ഓരോ സ്ഥലത്തും ഓരോ പേരാണ്. രാമൂസോറുടെ വീട്ടില്‍ നിന്നിറങ്ങുന്ന ഭാഗത്തെത്തുമ്പോള്‍ രാമൂസോര്‍ടെ പുഴയെന്നാകും. അങ്ങനെ മൂന്നുനാലു കടവും പുഴയും കടന്നുവേണം പൂരക്കടവിലെത്താന്‍. പൂരക്കടവെന്നാല്‍ കണ്ണങ്ങാട്ട് ഭഗവതിക്ഷേത്രത്തിന്റെ മുന്നിലെ പുഴ. അവിടെയാണ് മീനത്തിലെ പൂരത്തിന് പൂരക്കളി കഴിഞ്ഞ് പൂരംകുളി കുളിക്കുന്നത്. അങ്ങനെയാണ് പൂരക്കടവെന്നു പേരുവീണത്. പൂരക്കടവില്‍ മാത്രമാണ് പാലമുള്ളത്. മൂന്നു കവുങ്ങുതടി കൂട്ടിക്കെട്ടി പുഴയുടെ തീരത്തെ മരങ്ങള്‍ക്കിടയിലൂടെ ഉണ്ടാക്കിയ താല്‍ക്കാലിക പാലം. പുഴയുടെ ശബ്ദം അമ്പുവിന്റെ തലയിലെ തേനീച്ചക്കൂടിനൊപ്പം താളം പിടിച്ചു മത്തുപിടിപ്പിച്ചു. അപ്പോള്‍ അയാള്‍ വീടിനെക്കുറിച്ച് ആലോചിച്ചു.
മിക്കവാറും വീടുകളിലെ ചിമ്മിനിവിളക്കെല്ലാം അണഞ്ഞു. വീടിന്റെ മുന്നിലെ റോഡിലൂടെ ഒരു ചൂട്ടുവെട്ടം കടന്നുവരുന്നതു കണ്ട് നാരായണി മടിയില്‍ കിടക്കുന്ന മകളുടെ തലയില്‍നിന്നും പേന്‍ പരതിക്കൊണ്ടിരുന്ന കൈയെടുത്തു മകളെ പിടിച്ച് എഴുന്നേല്‍പ്പിച്ച് എഴുന്നേറ്റു നോക്കി. അഴിച്ചിട്ട തലമുടി പിന്നില്‍ കെട്ടി. തലമുടി കെട്ടുന്നതിനിടെ മുക്കുപണ്ടത്തിന്റെ മാല കുടുങ്ങി പൊട്ടി. മാല മകളുടെ മടിയിലേയ്ക്കിട്ടു. അവള്‍ അതെടുത്തു മുനിഞ്ഞു കത്തുന്ന ചിമ്മിനിവെട്ടത്തിനരികിലേക്കു നീങ്ങിയിരുന്നു. അവള്‍ കടിച്ച് അതിന്റെ ഒരു കണ്ണിയകത്തി മാല കോര്‍ത്തു. ചിമ്മിനിവെട്ടത്തിനരികില്‍ അമ്പുവിന്റെ മൂത്ത ആണ്‍മക്കള്‍ രണ്ടുപേര്‍ കിടന്നുറങ്ങുന്നുണ്ട്.
''നീ ആ ചിമ്മിനിക്കൂടിങ്ങെടുത്തേ.'
നാരായണി എഴുന്നേറ്റു പറഞ്ഞു.
ചിമ്മിനിവിളക്കിനൊപ്പം കോര്‍ത്ത മാലയും മകള്‍ നല്‍കി. മാലയിട്ടു ചിമ്മിനിവിളക്കുമായി നാരായണി മുറ്റത്തേക്കിറങ്ങി.
''ആരാ അത് വിജയനാ?'
''അല്ലേട്ടി, ഇതു ഞാനാന്ന് മുരളി.'
''ഈട്‌ത്തെ ആള്ണ്ടാ മുരളീ ആടയെങ്ങാനും?'
''ഇല്ലെല്ലാ... കൃഷ്ണാട്ടന്റെ പീട്യവരെ ഇല്ല. എന്തേ പോയി നോക്കണാ?'
ഓലച്ചൂട്ട് കെടുത്താതെതന്നെ മുരളി മുറ്റത്തേക്കു കയറിനിന്നു.
''വേണ്ട. ഏടയാന്നു വിചാരിച്ചിറ്റാ പോയി നോക്കണ്ടത്.'
''അക്കരെ രാമൂസോറെട്‌ത്തേക്കായിരിക്കും പോയിറ്റിണ്ടാവ്വാ. ആട പോയാപ്പിന്നെ ഇങ്ങനെന്യാ.' ചാണകം മെഴുകിയ നിലത്തുനിന്നും തലപൊക്കിപ്പിടിച്ചു മൂത്തമകന്‍ പറഞ്ഞു.
''പോയി നോക്കണെങ്കില് ഞാന്‍ നോക്കാ' മുരളി പോകാനുള്ള ധൃതികാട്ടി.
''വേണ്ട, നീ പോയ്‌ക്കോ... വരുമ്പം വരട്ട്.' മുറ്റത്തുനിന്നും നാരായണി പിന്നെയും ദൂരേക്ക്, ഇരുട്ടിലേക്കുതന്നെ നോക്കിനിന്നു. മുരളി മുറ്റത്തുനിന്നു റോഡിലേയ്ക്കിറങ്ങി നടന്നു.
''യമ്മേ, വെശക്ക്ന്ന്‌മ്മേ...' പുസ്തകത്തിന്റെ മുകളില്‍ തലവച്ചു കിടന്നിരുന്ന രണ്ടാമത്തെ മകന്‍ വയറുതടവി പറഞ്ഞു.
''ഏതായാലും ഇത്രീം നേരം നിന്നില്ലേ? ഇനി അച്ഛന്‍ വരട്ട്‌മേ' നാരായണി മുറ്റത്തുനിന്നു കയറി മകന്റെ തലയില്‍ തടവിക്കൊണ്ടു ആശ്വസിപ്പിച്ചു.
പെട്ടെന്നാണ് അക്കരെനിന്നും രാമൂസോറുടെ നായയുടെ കുരയുടെ ശബ്ദം കേട്ടത്.
''ഞാമ്പറഞ്ഞില്ലേ അച്ഛന്‍ രാമൂസോറ്‌ടേട്‌ത്തേക്കാ പോയത്ന്ന്. അച്ഛന്‍ ഇപ്പം ആട്ന്നിറങ്ങി.'
അമ്പു അവിടെനിന്നും ഇറങ്ങുമ്പോള്‍, ഉച്ചത്തിലൊരു കുര, പിന്നെ മുരണ്ടുകൊണ്ടുള്ള സ്‌നേഹപ്രകടനം-അതാണ് രാമൂസോറുടെ നായയുടെ ശീലം. അതുകഴിഞ്ഞാല്‍ നൂറുമീറ്റര്‍ എത്തേണ്ടതില്ല അപ്പോഴേക്കും ചിണ്ടേട്ടന്റെ നായയുടെ മുഴക്കമുള്ള ശബ്ദം കേട്ടുതുടങ്ങും. അവിടെയെത്തുമ്പോള്‍ പുഴയോടു ചേര്‍ന്നു വഴിയും വഴിയില്‍നിന്നും ഉയര്‍ന്ന് ചിണ്ടേട്ടന്റെ വീടുമാണ്. ചിണ്ടേട്ടന്റെ നായയുടെ ശബ്ദത്തിന്റെ തുടര്‍ച്ചയായിത്തന്നെ കരുണേട്ടന്റെ നായ കുരച്ചുതുടങ്ങും. നായയുടെ കുരശബ്ദം ഇക്കരെയിരിക്കുന്ന നാരായണിക്കും മക്കള്‍ക്കും വഴികാട്ടിയാണ്. ആ വഴിയിലൂടെ അച്ഛന്‍ നടന്നുവരുന്നുവെന്നറിയാനുള്ള കമ്പിയില്ലാക്കമ്പി.
കരുണേട്ടന്റെ നായയുടെ കണ്‍വെട്ടത്തില്‍നിന്നും മാഞ്ഞാല്‍ പിന്നെ വഴി ശാന്തമാണ്. അതിനു നേരെ ഇക്കരെയാണ് അമ്പുവിന്റെ വീട്. ഇരുന്നൂറു മീറ്ററോളം നായയുടെ ശബ്ദം വഴികാട്ടിയായുണ്ടാവില്ല. അതിനിടയില്‍ ഔക്കറിക്കയുടെ വീട് കടക്കുമെങ്കിലും അവിടെ നായയെ വളര്‍ത്തുന്നില്ല. ശബ്ദമില്ലാതാവുന്ന ആ വഴിയിലെത്തുമ്പോഴേക്കും വീട്ടില്‍നിന്നും നാരായണി മൂത്ത രണ്ടാണ്‍മക്കളെയും ഉരുട്ടിവിളിച്ചു രണ്ടു ബാറ്ററിയിടുന്ന ടോര്‍ച്ചും നല്‍കി പൂരക്കടവ് പാലത്തിന്റെ അടുത്തേയ്ക്കു പറഞ്ഞുവിട്ടു.
മക്കള്‍ രണ്ടുപേരും പാലത്തിന്റെ ഇങ്ങേക്കരയില്‍നിന്നു മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്ന ടോര്‍ച്ച് അക്കരേയ്ക്കു നീട്ടിയടിച്ചു.
''വേണ്ട, ടോര്‍ച്ചടിക്കണ്ട' എന്ന് അമ്പു നീട്ടിപ്പറഞ്ഞു. ആരു കയറിയാലും പാലവും മരങ്ങളും കുലുങ്ങും. ആ കുലുക്കത്തിനൊത്തു പാലം ചാഞ്ചാടും. ഉള്ളിലെ തീത്തൈലത്തിന്റെ ചൂരില്‍ ഇന്നേവരെ ആരും ആ പാലത്തില്‍നിന്നും വീണിട്ടില്ല എന്നതു നേര്. എങ്കിലും മക്കള്‍ ടോര്‍ച്ചടിച്ച് ഇടയ്ക്കിടെ വെറുതെയൊന്നു നോക്കി. കവുങ്ങുപാലത്തിന്റെ ആട്ടത്തെ ശരീരത്തിന്റെ ആട്ടംകൊണ്ടു തുലനം ചെയ്തു സര്‍ക്കസ് അഭ്യാസിയെപ്പോലെ അമ്പു ഇക്കരേക്ക് എത്തി.
ടോര്‍ച്ചുവെട്ടം മിന്നിക്കത്തിച്ചു മക്കള്‍ മുന്‍പിലും അമ്പു പിന്നിലുമായി നടന്നു വീട്ടിലേക്കു കയറി.
''പിള്ളര്‍ക്കൊന്നും കൊടുത്തില്ലേ?'
അമ്പുവിന്റെ ആ ചോദ്യം കേട്ടതായി ഭാവിക്കാതെ നാരായണി അകത്തേക്കു പോയി. മുറ്റത്ത് ഇരുട്ടില്‍ ആണ്‍മക്കളും അമ്പുവും നിന്നു. അകത്തുനിന്നും ചിമ്മിനിവിളക്കുമായി ആദ്യമെത്തിയതു മകളായിരുന്നു. പിന്നാലെ നാരായണി കലവുമായി എത്തി അമ്പുവിനു മുന്നിലെത്തി കാണിച്ചുകൊടുത്തു. വെട്ടമില്ലെങ്കിലും അമ്പു കഞ്ഞിവെള്ളത്തിന്റെ ആഴത്തില്‍ അടിഞ്ഞുകൂടിയ വറ്റിനെ നോക്കി. അയാള്‍ തലയൊന്നനക്കി തേനീച്ചക്കൂടിനെ ഇളക്കി ഒരു ഭാഗത്തേക്കാക്കി. നാരായണിയുടെ മുഖം തേനീച്ചക്കൂടുപോലെ വിങ്ങിനിന്നു. ആരും ഒന്നും സംസാരിച്ചില്ല. മണ്‍കലം അവര്‍ക്കു മുന്നില്‍വെച്ചു മകളുടെ കയ്യില്‍നിന്നും ചിമ്മിനിവിളക്കു വാങ്ങി നാരായണി അകത്തേക്കുപോയി. വീണ്ടും അവിടെ ഇരുട്ട് നിശ്ശബ്ദതയ്ക്കു കൂട്ടായി നിന്നു.
ചിമ്മിനിവിളക്കിനൊപ്പം നാരായണി മൂന്നുനാലു പാത്രവുമായി മടങ്ങിവന്നു നിലത്തു നിരത്തിവെച്ചു. അതിലേക്കു കലത്തില്‍നിന്നും കഞ്ഞിവെള്ളം കോരിയൊഴിച്ചു, ഇടയില്‍ അല്‍പ്പം വറ്റ് മൂന്നുപാത്രങ്ങളിലേക്കു പങ്കുവയ്ക്കപ്പെട്ടു. രണ്ടുപാത്രങ്ങളില്‍ വെറും വെള്ളംമാത്രവും. അതു രണ്ടും അമ്പും നാരായണിയും കുടിച്ചു.
''ഒരു തോര്‍ത്തു കിട്ടിയിരുന്നെങ്കില് ഇതില് ഇറങ്ങി തപ്പായിരുന്നു.'
മൂത്തമോന്റെ ആ രസികത്തരം കേട്ടപ്പോള്‍ അമ്പുവിന്റെ തൊണ്ടയില്‍ കഞ്ഞിവെള്ളം കുരുങ്ങി.
''വേഗം കുടിച്ചോ, ഇപ്പം അതിലെ ചിമ്മിനി തീരും. അതു തീര്‍ന്നപ്പിന്ന ഇരുട്ടത്തിരിക്കണ്ടിവരും.' നാരായണി കഞ്ഞിവെള്ളം കുടിച്ചു മറ്റു പാത്രങ്ങള്‍ക്കായി കാത്തുനിന്നു.
എല്ലാവരും കഞ്ഞികുടിച്ചു കൈകഴുകുമ്പോഴേക്കും ചിമ്മിനിവിളക്ക് മുനിഞ്ഞുകത്താന്‍ തുടങ്ങി. പായ വിരിച്ച് അവരെല്ലാം കിടന്നപ്പോള്‍ വിളക്ക് ഊതിക്കെടുത്തേണ്ടിവന്നില്ല, താനേ കെട്ടമര്‍ന്നു. ഇരുട്ട് അടര്‍ന്നുവീഴാറായ വാതിലിലൂടെ അകത്തെ ഇരുട്ടിലേക്കു ലയിച്ചുനിന്നു.
പുലര്‍ച്ചെ എഴുന്നേറ്റ് അമ്പു മുറിബീഡി കത്തിച്ചു വീടിനോടു ചേര്‍ന്ന ആലയിലേക്കു നോക്കിയിരുന്നു. തുരുമ്പെടുത്തു തുടങ്ങിയ കത്തിയിലേക്കാണ് അയാളുടെ നോട്ടം. തൊട്ടടുത്ത് നിലത്തിരുന്നു ചക്കക്കുരു കത്തിയെടുത്തു ചുണങ്ങിക്കൊണ്ടിരിക്കുകയാണ് നാരായണി.
''ഇതും തിന്നിറ്റാന് ഇന്നു പിള്ളറ് ഇസ്‌കൂളില് പോണ്ടത്. റാക്ക് കുടിപ്പിക്കാനും വാങ്ങിക്കൊടുക്കാനും ആളുണ്ടാവും. വീട്ടില് കഞ്ഞി വെച്ചിനോന്ന് ചോയിക്കാനാള്ണ്ടാവൂല്ല. എന്തിനാ വെറുതെ കുടിപ്പിക്കുന്നോരെ പറയ്ന്ന്... കുടിക്ക്‌ന്നോരെ പറഞ്ഞാമതീല്ലാ.. കുടിക്ക്‌ന്നോര്‍ക്ക് റാക്ക് കുടിച്ചാ സമാധാനം കിട്ടും. ബാക്കിയില്ലോരെന്താ ചെയ്യണ്ട്?'
നാരായണീന്റെ പിറുപിറുക്കല് കേട്ടു സഹിക്കാന്‍ പറ്റാതെ എഴുന്നേല്‍ക്കാന്‍ നോക്കുമ്പോഴാണ് മകള്‍ അമ്പുവിന്റെ അടുത്തെത്തിയത്.
''അച്ഛാ ഇന്നു സ്റ്റാമ്പിന്റെ അയിമ്പത്‌പൈസ കൊടുത്തിറ്റില്ലേങ്കില് പൊറത്താക്കുംന്നാ ടീച്ചറ് പറഞ്ഞത്.'
അമ്പു മടിക്കുത്തില്‍ വെറുതെ പരതി. മടിക്കുത്തില്‍നിന്നും ദിനേശ് ബീഡിയുടെ കാലിക്കവര്‍ പുറത്തേക്കു വീണു.
''നാളെ കൊടുക്കാന്ന് പറ.' അമ്പു ആലയിലേക്കു നടന്നുകൊണ്ടുപറഞ്ഞു.
''നാളെ ഏട്ന്ന് കൊടുക്കാനാന്ന്? വെറുതെ പിള്ളമ്മാറോട് തട്ടിപ്പാക്ക്ന്ന്...' അമ്പുവിനു കേള്‍ക്കാന്‍ പാകത്തില്‍ നാരായണി ഉച്ചത്തിലാണ് പറഞ്ഞത്. അതുകേട്ടതും അമ്പു തിരിച്ച് ഉമ്മറത്തേക്കുതന്നെ നടന്നു.
''നീയൊന്ന് മിണ്ടാണ്ട് നിക്ക്ന്നാ... രാവിലെത്തന്നെ... സൈ്വൗര്യം താ..'
ചുണങ്ങിയ ചക്കക്കുരുവും എടുത്ത് നാരായണി പിറുപിറുത്തുകൊണ്ട് അകത്തേക്കു പോയി. അമ്പു ആലയിലേക്കും. പൊട്ടിയതും വായപോയതും തുരുമ്പെടുത്തതുമായ രണ്ടുമൂന്നു കത്തികള്‍ അമ്പു എടുത്തുനോക്കി. അതില്‍ നല്ലൊന്നു നോക്കി എടുത്ത് ഉമിക്ക് തീ കൂട്ടി. ആ തീയിലേക്ക് അതെടുത്തുവച്ചു പഴുപ്പിച്ചു. പഴുത്തുനില്‍ക്കുന്ന കത്തിക്കു മുകളില്‍ ചുറ്റികകൊണ്ട് അടിച്ചു മൂര്‍ച്ച കൂട്ടി മിനുക്കിവെച്ചു.
അപ്പോഴേക്കും പുഴുങ്ങിയ ചക്കക്കുരുവും തിന്നു മക്കള് സ്‌കൂളിലേക്കു പോയിരുന്നു. ചക്കക്കുരു രണ്ടെണ്ണം എടുത്തുതിന്ന് അകത്തുകയറി ഒരു ഷര്‍ട്ടെടുത്തിടുമ്പോള്‍ നാരായണി അമ്പുവിന്റെ വയറിലേക്ക് ഒന്നു നോക്കി. ഉണങ്ങിച്ചുരുണ്ട ചക്കക്കുരു പോലെ നീരു വറ്റിയ വയറ്.
''ഏടയാ പോന്ന്? അതു കൊറച്ചെങ്കിലും കയിച്ചിറ്റ് പോട്.'
''ഞാനിപ്പം വരാം.' ഷര്‍ട്ടിട്ട് ആലയില്‍ കയറി മിനുക്കിയ കത്തിയുമായി അമ്പു വീട്ടില്‍നിന്നിറങ്ങി.


കൃഷ്ണന്റെ കടയുടെ മുന്നിലൂടെ നടന്നുപോകുമ്പോള്‍ കടയില്‍നിന്നും ബാലന്‍ നായര് അമ്പുവിനോട് വിളിച്ചുചോദിച്ചു: ''എങ്ങോട്ടാടോ പോകുന്നേ?'
''ഒന്ന് അപ്പറംവരെ.' കടയിലേക്കു ശ്രദ്ധിക്കാതെതന്നെ അമ്പു പറഞ്ഞു.
കൃഷ്ണന്റെ കടയില്‍ കച്ചവടം നടത്തുന്നത് അയാളുടെ അളിയന്‍ പ്രകാശനാണ്. പ്രകാശന്റെ നോട്ടം ഇപ്പോള്‍ അമ്പുവിനു മനസ്സില്‍ കാണാം. വീട്ടിലേക്കുള്ള സാധനം വാങ്ങിയ വകയില്‍ കുറച്ചു പൈസ പറ്റുണ്ട്. അതു തീര്‍ക്കാതെ സാധനം തരൂല്ല എന്നു പറഞ്ഞിരിക്കുകയാണ് പ്രകാശന്‍. 552 രൂപയുടെ കടത്തിന്റെ നോട്ടം മുഴുവനും പ്രകാശന്‍ നോക്കുമെന്നുറപ്പ്. അതുകൊണ്ട് അമ്പതുരൂപ പരമാവധി വില വരുന്ന കത്തി അമ്പു പ്രകാശന്‍ കാണാത്തവിധത്തില്‍ മറച്ചുപിടിച്ചു. പ്രകാശനിപ്പോള്‍ ബാലന്‍ നായരോട് പറയുന്നത് അമ്പു ഊഹിച്ചു.
''ഇങ്ങോട്ട് കേറൂല്ല. എനക്ക് കൊറച്ച് പൈസ തരാന്ണ്ട്. ഇപ്പം മഞ്ഞക്കുട്ടീന്റെ പീട്യേലാക്കിയിരിക്കും പോകുന്നത്. നിങ്ങ കണ്ടോ!'
''അതങ്ങനെയേ വരത്തുള്ളു. കടം വാങ്ങിയ കാശ് ചോദിച്ചാ, പിന്നെ ചോദിച്ചവര് ശത്രുക്കളായി... ഇതാടോ എന്റെ ചായേടെ പൈസ. അഞ്ച് ബീഡീം തന്നേക്ക്...' എന്ന് ബാലന്‍ നായര്‍ പറഞ്ഞിട്ടുമുണ്ടാവണം എന്ന് അമ്പു ഊഹിച്ചു. ബാലന്‍ നായരുടെ ഈ സ്വഭാവം കൊണ്ടാണ് രാമൂസോറും രാഘവനും ഒന്നും ഇയാള്‍ക്ക് റാക്ക് കടം കൊടുക്കാത്തത് എന്ന് അമ്പു ചിന്തിച്ച് ആശ്വസിച്ചു.
മഞ്ഞക്കുട്ടിക്കയുടെ കടയിലേക്കു കത്തിയും തൂക്കിപ്പിടിച്ചു കയറുമ്പോള്‍ രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ സാധനം വാങ്ങാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അമ്പു കടയുടെ മുറ്റത്തുനിന്ന് ചെവിക്കു മുകളില്‍ തിരുകിയ ബീഡിയെടുത്ത് കത്തിച്ചുനിന്നു.
''എന്താ അമ്പൂ, കത്തീം ആയിട്ട്?' മഞ്ഞക്കുട്ടിക്ക ലോഹ്യം ചോദിച്ചു.
മഞ്ഞക്കുന്ന് എന്നാണ് ആ സ്ഥലത്തിന്റെ പേര്. മഴക്കാലമായാല്‍ മഞ്ഞച്ചെളി നിറഞ്ഞുനില്‍ക്കുന്ന മഞ്ഞക്കുന്നിന്റെ ഇറക്കത്തിലാണ് കുട്ടിക്കയുടെ കട. മഞ്ഞക്കുന്നിലെ കുട്ടിക്ക എന്നു പറഞ്ഞുപറഞ്ഞു മഞ്ഞക്കുട്ടിക്ക എന്നായി മാറിയതാണ്.
പെണ്ണുങ്ങള് സാധനം വാങ്ങി പോയപ്പോള്‍ അമ്പു കയ്യിലെ കത്തി കുട്ടിക്കയ്ക്കുനേരെ നീട്ടി.
''ഇത് നിങ്ങയെടുക്ക്... എന്നിട്ട് എനക്കൊരു ഇരുപതുറുപ്യ താ... റേഷന്‍ വാങ്ങാനാന്ന്. ബാക്കി കണക്കെല്ലാം വൈന്നേരം ഞാന്‍ വന്നിട്ട് പറയാ...'
അമ്പു കത്തി കുട്ടിക്കയുടെ കയ്യിലേക്കു പിടിപ്പിച്ചു.
''കത്തി ആട വീട്ടില് ഇഷ്ടംപോലെയിണ്ട്... നല്ല കത്തി ചെറിയ പൈസക്ക് വരുന്ന്ണ്ട് ഇപ്പം.' കത്തിയുടെ വായയില്‍ വിരലോടിച്ചുകൊണ്ട് കുട്ടിക്ക മൂര്‍ച്ചം നോക്കി.
കുട്ടിക്ക മേശവലിപ്പ് തുറന്ന് ഇരുപത് രൂപ എടുത്തുകൊടുത്തു പറഞ്ഞു: ''ഇത്രേയില്ലു. ഇരുറുപ്യല് കൂടുതലൊന്നും ഈനി തെരാന്‍ പറ്റൂല്ല.'
ഇരുപതു രൂപയും വാങ്ങി അമ്പു റേഷന്‍ കടയിലേക്കു നടന്നു.
അരിയും വാങ്ങി വന്നപ്പോഴേക്കും ഉച്ച തെറ്റിയിരുന്നു. അരി വാങ്ങി നാരായണി മണത്തുനോക്കി. ചെളിക്കുഴിയുടെ നാറ്റമുണ്ടായിരുന്നു ആ അരിക്ക് എന്ന് നാരായണിയുടെ മുഖം കണ്ടാലറിയാം. അമ്പുവിന്റെ മുഖത്താണ് അതിലേറെ നാറ്റം അനുഭവപ്പെട്ടത്.
രാത്രിയായപ്പോള്‍ അമ്പു മഞ്ഞക്കുട്ടിക്കയുടെ കടയിലെത്തി. കുട്ടിക്ക അപ്പോഴേക്കും സാധനങ്ങളെല്ലാം പെറുക്കിവയ്ക്കാന്‍ തുടങ്ങിയിരുന്നു. ആളുകളെല്ലാം ഒഴിഞ്ഞിട്ടും അമ്പു കുട്ടിക്കയ്‌ക്കൊപ്പം സാധനം എടുത്തുവയ്ക്കാന്‍ സഹായിച്ചു. എല്ലാവരും പോയെന്ന് ഉറപ്പാക്കിയശേഷം നിരപ്പലക പെറുക്കി അടുക്കിക്കൊണ്ടിരിക്കുന്ന കുട്ടിക്കയുടെ അടുത്തെത്തി അമ്പു സ്വകാര്യംപോലെ പറഞ്ഞു:
''രണ്ട് പ്‌ളാസ്റ്റിക്കിന്റെ പാനീം (കുടം) അഞ്ചു കിലോ കാട്ടിവെല്ലൂം (കറുത്ത ശര്‍ക്കര) വേണം.'
നിരപ്പലക പിടിച്ച് അമ്പുവിന്റെ മുഖത്തേക്കു നോക്കി കുട്ടിക്ക ചോദിച്ചു: ''നീയും ഡിങ്കോമാള്‍ട്ടി എട്ക്കണ്ട പരിപാടിയാ? വേണ്ട അമ്പൂ, ഞാമ്പറഞ്ഞിറ്റില്ലാന്നു വേണ്ട.'
''വേറെ വയ്യൊന്നും (വഴിയൊന്നും) ഞാന്‍ കാണുന്നില്ല. കൊല്ലപ്പണികൊണ്ട് വീട് പൊലത്താന്‍ (പുലര്‍ത്താന്‍) പറ്റൂല്ല. പിള്ളറെ പട്ടിണിക്കിടാന്‍ പറ്റ്വോ? അതോണ്ടാ... നിങ്ങ സാധനം താ... ഞാന്‍ ഒരായിച്ച കഴിഞ്ഞു പൈസ തന്നോളാം.'
അമ്പുവിന്റെ ദയനീയാവസ്ഥ കണ്ട് കുട്ടിക്ക ഇട്ട നിരപ്പലക എടുത്തുമാറ്റി. അഞ്ചുകിലോ ശര്‍ക്കരയും രണ്ടു കറുത്ത പ്‌ളാസ്റ്റിക് കുടവും നല്‍കി. നിരപ്പലക വീണ്ടും ഇടാന്‍ തുടങ്ങുന്നതിനിടയില്‍ കറുത്തു തുടങ്ങിയ നേന്ത്രക്കുലയില്‍നിന്നും രണ്ടു പഴമെടുത്ത് കടലാസില്‍ പൊതിഞ്ഞ് അമ്പുവിന്റെ കയ്യിലേക്ക് കുട്ടിക്ക വച്ചുകൊടുത്തു. ''പിള്ളര്‍ക്ക് കൊടുത്തോ... പൈസയൊന്നും കണക്കാക്കണ്ട.'
അമ്പു ശര്‍ക്കരയും കുടവും ആരും കാണാതെ കൈലിമുണ്ടിനോടു ചേര്‍ത്തുപിടിച്ചു നടന്നു. ചെളിനിറഞ്ഞ മണ്‍റോഡിലൂടെ ആളുകള്‍ ബാറ്ററി ടോര്‍ച്ചുമടിച്ചു വരുന്നതു കാണുമ്പോള്‍ അമ്പു റോഡിന്റെ വശങ്ങളിലേക്ക് ഒളിച്ചുനിന്നു. ഓരോ വെട്ടത്തില്‍നിന്നും മാറി ഇരുട്ടിലൂടെ അയാള്‍ നടന്നു.
ഒരാഴ്ച കുടത്തില്‍ നുരഞ്ഞുപൊന്താന്‍ വച്ചിട്ടുവേണം നീലിച്ച ജ്വാലയായി കത്തുന്ന തനി നാടന്‍ റാക്കാക്കി വാറ്റിയെടുക്കാന്‍. ചോന്ന രാമൂസോറ് മനോധൈര്യത്തിനൊപ്പം വാറ്റു സാധനങ്ങളും നല്‍കി. സഹായത്തിനായി ദെണ്ടൂസനേയും നല്‍കിയിരുന്നു.
പുഴയ്ക്ക് അക്കരെ കിഴക്കോട്ടും ഇക്കരെ പടിഞ്ഞാറോട്ടും കുന്നുകളാണ്. പുഴയ്ക്കു സമാന്തരമായി കുന്നുകളും ഇരുകരകളിലും ഒഴുകിയിരുന്നു. ഈ കുന്നുകള്‍ക്കു മുകളില്‍ ചെങ്കല്‍പ്പാറകള്‍ ഉള്ളില്‍ മധുരക്കള്ളുപോലെയുള്ള കന്മദത്തുള്ളികള്‍ സൂക്ഷിച്ചിരുന്നു. ഇക്കരെയുള്ള മടേടക്കുന്നില്‍ അമ്പു പകല്‍വെളിച്ചത്തില്‍ റാക്കു വാറ്റാനുള്ള ഒരുക്കങ്ങള്‍ ചെയ്തു.
മടേടക്കുന്നില്‍ പണ്ട് പുലിയിറങ്ങാറുണ്ടായിരുന്നത്രെ. പിന്നീട് കുടിയേറ്റക്കാര്‍ വന്നു കാടുവെട്ടി തൈലപ്പുല്ല് കൃഷി ചെയ്തതോടെ പുലികള്‍ ഇല്ലാതായി. ഇപ്പോഴും ഒളിച്ചൊളിച്ച് കുറുക്കന്മാര്‍ മാത്രമാണ് അന്നത്തെ കണ്ണിയില്‍ അവിടെ അവശേഷിക്കുന്നത്. തൈലപ്പുല്ല് കൃഷി അവസാനിച്ചെങ്കിലും മടേടക്കുന്നിന്റെ നെറുകയിലെ ചെങ്കല്‍പ്പാറയില്‍ ഇപ്പോഴും തൈലപ്പുല്ല് അവിടവിടെയായി കാണപ്പെട്ടു. തൈലപ്പുല്ലിനു പകരം ഇപ്പോള്‍ റബ്ബറാണ് കുടിയേറ്റക്കാര്‍ വച്ചുപിടിപ്പിക്കുന്നത്. കുടിയേറ്റക്കാരെ അത്രകണ്ടു വിശ്വസിക്കാനാവാതെ അവിടുത്തുകാര്‍ കുറച്ചുസ്ഥലത്ത് റബ്ബര്‍ വച്ച്, ബാക്കിയുള്ള സ്ഥലത്ത് കശുമാവുതന്നെ നിലനിര്‍ത്തി.
ശ്രീധരന്റെ റബ്ബര്‍ത്തോട്ടത്തിനും താഴെ കശുമാവിന്‍ തോട്ടത്തിലാണ് അമ്പു സ്ഥലം ഒരുക്കിയത്. പാതിരാത്രിയായാല്‍ ആ ഭാഗത്തേക്ക് ആരും കടന്നുവരില്ല. തങ്കമണി തൂങ്ങിമരിച്ചത് ആ തോട്ടത്തിലെ ഒരു കശുമാവിലായിരുന്നു. ആ കശുമാവ് ഉണങ്ങിപ്പോയെങ്കിലും ഇന്നും തങ്കമണിയുടെ സ്മാരകംപോലെ അടര്‍ന്നുവീഴാറായ മരക്കുറ്റിയെ തങ്കമണിപ്പറങ്കിമാവെന്നു വിളിക്കുന്നു.
തങ്കമണിപ്പറങ്കിമാവിന്റെ താഴെ വെള്ളം കിനിഞ്ഞു തുടങ്ങുന്ന ചെറിയ ഉറവയുണ്ട്. അതിന്റെ അടുത്തായി വിറകുകള്‍ കൂട്ടിയിട്ട് മൂന്നു കല്ലുകള്‍ പെറുക്കി അമ്പു രാത്രിയിലേക്കുള്ള കോപ്പുകള്‍ കൂട്ടി.
സഹായത്തിനെത്തിയ ദെണ്ടൂസനെ കൂടാതെ രണ്ടാണ്‍മക്കളെയും കൂടെക്കൂട്ടിയാണ് അമ്പു വാറ്റാന്‍ ആരംഭിച്ചത്. ദെണ്ടൂസനായിരുന്നു എല്ലാത്തിനും മേല്‍നോട്ടം വഹിച്ചിരുന്നത്. അമ്പു എല്ലാം നോക്കിപ്പഠിച്ചുകൊണ്ടിരുന്നു. രണ്ട് ആണ്‍മക്കളും പേടിച്ചുപേടിച്ച് ഉറവക്കുഴിയില്‍നിന്നും വെള്ളം കൊണ്ടുവന്നുകൊടുത്തു.
ഇടയ്ക്കിടെ അവര്‍ തങ്കമണിപ്പറങ്കിമാവിലേക്ക് കണ്ണേറിട്ടു. ഒരു തണുത്ത കാറ്റ് അവിടെ എപ്പോഴും ചുറ്റിക്കറങ്ങുന്നതായി അവര്‍ക്ക് ഒരേസമയം തോന്നി. കുട്ടികളെ ഒന്നും ചെയ്യില്ലെന്ന് അവര്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. ശരിയല്ലേ എന്ന മട്ടില്‍ ഇടയ്ക്കിടെ കശുമാവിനെ നോക്കി സംശയം തീര്‍ത്തു.
ദെണ്ടൂസനെ ഇക്കരേയ്ക്കു വിട്ടതുകൊണ്ട് ചിര്വേട്ത്തിയായിരുന്നു ചോന്ന രാമൂസോറുടെ കയ്യാള്‍. അക്കരെയുള്ള വാറ്റും കഴിഞ്ഞു പാതിരാത്രിതന്നെ ചോന്ന രാമൂസോറ് ഇക്കരെ മലയിലെത്തി അമ്പുവിന്റെ വാറ്റിന്റെ സാമ്പിള് നോക്കി. വാഴയുടെ ചോട്ടില്‍ ഉറക്കം പിടിച്ചിരിക്കുന്ന അമ്പുവിന്റെ മക്കളെ നോക്കി രാമൂസോറ് അമ്പുവിനു രണ്ടു നിര്‍ദ്ദേശങ്ങള്‍ നല്‍കി.
''നീ എടുത്താ മതി. വില്‍ക്കാന്‍ നിക്കണ്ട. വില്‍പ്പന ഞാന്‍ നടത്തിക്കോളാ... പിന്ന വേറൊന്ന്, വാറ്റുമ്പം കുടിക്കര്ത്. എല്ലാം കയിഞ്ഞിട്ട് രാത്രിക്ക് കുടിച്ചോ നീ...'
രാമൂസോറുടെ വാക്ക് അമ്പു അക്ഷരംപ്രതി അനുസരിച്ചു. അമ്പു 'ഡിങ്കോമാള്‍ട്ടി' ഉണ്ടാക്കാന്‍ തുടങ്ങി എന്ന വിവരം ഏതാണ്ട് എല്ലാവരും അറിഞ്ഞു. പത്തായത്തില്‍ അരിയുണ്ടെങ്കില്‍ എലി കോറോത്തുനിന്നും വരും എന്നു പറഞ്ഞതുപോലെ അമ്പുവിന്റെ അടുത്തേക്ക് ''ഇണ്ടാ ഒരു തുള്ളിയെടുക്കാന്‍' എന്നും ചോദിച്ച് ഓരോരുത്തരായി എത്തിത്തുടങ്ങി. ബാലന്‍ നായരാണ് ആദ്യം ഒരു വലിയ കലം തല്‍ക്കാലത്തേക്ക് ഉപയോഗിക്കാന്‍ നല്‍കിക്കൊണ്ട് അമ്പുവിന്റെ അടുത്തേക്ക് ഒരു 'തുള്ളി'ക്കുവേണ്ടി തുള്ളിച്ചാടിയെത്തിയത്. അമ്പു എല്ലാവര്‍ക്കും കൊടുത്തു; മുത്തപ്പന് പയംകുറ്റി നിവേദിച്ചപ്പോള്‍ അളവിലേറെ റാക്ക് പ്രസാദമായി നല്‍കി.
ആഴ്ചയിലൊന്ന് എന്നത് ആദ്യ ആഴ്ചയില്‍ത്തന്നെ മാറി. രണ്ടാമത്തെ ആഴ്ച മൂന്നുതവണ വാറ്റി. വാറ്റല്‍ കൂടിയപ്പോള്‍ അമ്പുവിന്റെ ആണ്‍മക്കള്‍ ക്‌ളാസിലിരുന്ന് ഉറങ്ങാന്‍ തുടങ്ങി. ഒരുമാസം വാറ്റിയപ്പോഴേക്കും അമ്പു ഒരു പശുവിനെ വാങ്ങി. രണ്ടു ഗ്‌ളാസ് വാറ്റിന്റെ മണത്തില്‍ കണ്ണന്‍മണിയാണി അമ്പുവിന്റെ വീടിനോടു ചേര്‍ന്ന ആല തൊഴുത്താക്കി മാറ്റിക്കൊടുത്തു. മുരിക്ക് നെടുകെ കീറിക്കൊടുത്തു പാകി ഉറപ്പിച്ചത് ഗോവിന്ദനായിരുന്നു. ഉമിയിട്ട് കത്തിച്ച തീച്ചൂളയുണ്ടായിരുന്ന ഭാഗത്ത് മുരിക്കു പാകിയായിരുന്നു പശുക്കിടാവിനു കിടക്കാനുള്ള പ്രത്യേക സ്ഥലമൊരുക്കിയിരുന്നത്. 
പാതിരാത്രിയില്‍ ചൂട് കയറിയപ്പോള്‍ പശുക്കുട്ടി പലപ്പോഴും കയറുപൊട്ടിച്ച് പാലു കുടിച്ചു വറ്റിച്ചു. വയറുവീര്‍ത്തു ഗ്രഹിണിപ്പിള്ളേരെപ്പോലെ നടക്കാന്‍ പ്രയാസപ്പെട്ടു. ഏഴാംപക്കം അതു ചത്തപ്പോള്‍ അമ്പുവിന്റെ മകള്‍ അതിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അതും കണ്ടുകൊണ്ടാണ് എക്‌സൈസുകാര്‍ ആദ്യമായി അമ്പുവിന്റെ വീട്ടിലേക്ക് റാക്കുവാറ്റുണ്ടെന്ന് അറിഞ്ഞ് എത്തിയത്.
എക്‌സൈസുകാര്‍ കുട്ടിയുടെ കരച്ചില്‍ ശ്രദ്ധിക്കാതെ വീടിനു ചുറ്റും നടന്നുനോക്കി. പാന്റ്‌സിട്ട എക്‌സൈസുകാരെ കണ്ടപ്പോള്‍ കുത്തിവയ്ക്കാന്‍ വന്ന ഡോക്ടറാണെന്നു കരുതി തള്ളപ്പശു കയറുപൊട്ടിച്ചു. എക്‌സൈസുകാര്‍ തെളിവുകളൊന്നും കിട്ടാതെ അന്നു മടങ്ങി.
അന്ന് അമ്പു തീരുമാനിച്ചു; നിര്‍ത്തിയേക്കാം എല്ലാം. കയറുപൊട്ടിച്ച പശുവിനെ വിറ്റു മറ്റൊന്നിനെ വാങ്ങണം, രണ്ട് ഇടങ്ങഴി കൂടുതല്‍ പാലു കറക്കുന്നതിനെ. എന്നിട്ടുവേണം ഈ റാക്കുപരിപാടി നിര്‍ത്താന്‍.
അതിനെ വില്‍ക്കാതെതന്നെ മറ്റൊന്നിനെ വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസം എല്ലാം നിര്‍ത്തുകയാണെന്ന് ഗുരുതുല്യനായ രാമൂസോറുടെ അടുത്തെത്തി അമ്പു പറഞ്ഞു:
''ഇട്ട വാഷ് കളയണ്ട. എനിക്കാണെങ്കില് നാളെ കോയിപ്ര ഒരു മുത്തപ്പന്‍ വെള്ളാട്ടം ഇണ്ട്. അവരിക്ക് അഞ്ചു ലിറ്ററ് കൊടുക്കാന്ന് ഏറ്റതാ... നീയെന്നാ ഇള്ളത് ഏതായാലും എടുത്തു നിര്‍ത്തിക്കോ...'
രാമൂസോറ് പറഞ്ഞാല്‍ അമ്പുവിനു തീരുമാനം മറ്റൊന്നില്ല. രാത്രി ഉറക്കം ഒഴിക്കാന്‍ കഴിയില്ലെന്നു വിചാരിച്ചു നേരത്തേതന്നെ എടുത്തേക്കാം എന്നു അമ്പുവും കരുതി. ദെണ്ടൂസനെയും കൂട്ടി പകല്‍ മായുംമുന്നേ 'പരിപാടി' തുടങ്ങി.
രണ്ടാമത്തെ കുപ്പിയില്‍ നീലജ്വാലയുള്ള തീത്തൈലം നിറഞ്ഞുതുടങ്ങിയപ്പോഴാണ് കുന്ന് ഓടിക്കയറിവരുന്ന രണ്ടുപേരെ നേര്‍ത്ത സാന്ധ്യപ്രകാശത്തില്‍ അമ്പു കണ്ടത്.
''അമ്പൂ വിട്ടോ... പൊലീസാന്ന്...' ദെണ്ടൂസന്‍ നിറഞ്ഞ ഒരു കുപ്പിയുമെടുത്ത് അവിടെനിന്നും ഓടി റബ്ബര്‍ത്തോട്ടത്തിലെത്തി. അമ്പുവും ഓടാനായി ഒരുങ്ങിനിന്നതാണ്. വെള്ളമെടുത്തുവരുന്ന കുട്ടികളെ ഓര്‍ത്തു കാലുകള്‍ തൂണുപോലെ ഉറച്ചുനിന്നു. പിന്നീട് കാറ്റിലെന്നപോലെ കാല്‍ത്തൂണുകള്‍ വിറച്ചു. എക്‌സൈസ് അടുത്തെത്തി. രണ്ടു മക്കളും അമ്പുവിന്റെ അടുത്തെത്തി ചേര്‍ത്തുപിടിച്ചുനിന്നു കരഞ്ഞു. അമ്പുവിനെയുംകൊണ്ട് എക്‌സൈസ് ജീപ്പ് മഞ്ഞക്കുന്നിന്റെ ചെളിനിറഞ്ഞ റോഡിലൂടെ നിരങ്ങിനീങ്ങി കടന്നുപോയി.
തന്നെയും പിടിച്ചിട്ടാലോ എന്നു ഭയന്ന് രാമൂസോര്‍ അമ്പുവിനെ ജാമ്യത്തിലിറക്കാന്‍ പോയില്ല. ബ്രാഞ്ച് സെക്രട്ടറി കീഴ്‌വീട്ടില്‍ നാരായണന് നാരായണിയുടെയും മക്കളുടെയും സങ്കടംകണ്ട് ജാമ്യത്തിലിറക്കാന്‍ പോകണമെന്നുണ്ടായിരുന്നുവെങ്കിലും ബ്രാഞ്ച് ചര്‍ച്ചയില്‍ അതൊരു തെറ്റായ കീഴ്‌വഴക്കമാണെന്നു പുതിയ പാര്‍ട്ടി സഖാക്കള്‍ പറഞ്ഞതുകൊണ്ട് വേണ്ടെന്നു തീരുമാനിക്കേണ്ടിവന്നു.
തളിപ്പറമ്പുവരെ, അതുമല്ലെങ്കില്‍ പറശ്ശിനിക്കടവുവരെ ഒന്നോ രണ്ടോ തവണ അത്രയുമേ അമ്പു നാടുവിട്ട് യാത്ര ചെയ്തിട്ടുള്ളു. ഇതാദ്യമായി അമ്പു കണ്ണൂരിലേക്കു പോവുകയാണ്. പൊലീസ് ജീപ്പിന്റെ പിന്‍സീറ്റിലിരുന്ന് അമ്പു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റപ്പെട്ടു.
ജയില്‍ സെല്ലിനുള്ളില്‍ ആദ്യത്തെ പകല്‍ മുഴുവന്‍ അമ്പു കരഞ്ഞിരുന്നു. വൈകിട്ടോടെ സെല്ലിലേക്ക് ഒരാള്‍കൂടി കടന്നുവന്നു. അപ്പോഴും സെല്ലിന്റെ മൂലയിലിരുന്ന് അമ്പു കരയുകയായിരുന്നു.
''എന്തോ ഇരിപ്പായിത്? വിശക്കുന്നില്ല്യോ? ഹ... എന്തേലും കഴിക്കെന്നേ.' സെല്ലിലേക്കു വന്നയാള്‍ നേരെ അമ്പുവിന്റെ അടുത്തെത്തി ഇരുന്നു പുറത്തുതട്ടി.
''എന്റെ മക്കള്... ഞാനില്ലാണ്ട്...' അമ്പു തലയുയര്‍ത്താതെ കരഞ്ഞു.
കൂടെയുള്ളയാള്‍ അമ്പുവിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. രാത്രിയിലെ ചപ്പാത്തി അമ്പുവിന്റെ മുന്നിലേക്ക് എടുത്തുവച്ചു കുറച്ചു കഴിപ്പിച്ചു. അമ്പു വിങ്ങിവിങ്ങിനിന്നു. അന്നു രാത്രി അമ്പു ഉറങ്ങിയില്ല. കൂടെയുള്ളയാള്‍ കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ അമ്പു ഉറങ്ങാതെ വീട്ടുകാരെക്കുറിച്ചോര്‍ത്തു കരഞ്ഞു നേരംവെളുപ്പിച്ചു.


അടുത്ത ദിവസം രാവിലെ അമ്പുവിന്റെ നേരെ ഒരു ബീഡി നീട്ടിക്കൊണ്ടായിരുന്നു കൂടെയുണ്ടായിരുന്നയാള്‍ പരിചയത്തിനു വന്നത്. ''എന്തോന്നാ ആശാന്റെ പേര്?'
''അമ്പു.'
''കേസെന്തോന്നാ?'
''നാടന്‍ വാറ്റെടുത്തിട്ട്...'
''ഓ, അബ്കാരി കേസാണോ? ഞാനും അതുതന്നെ. തങ്കച്ചനെന്നു കേട്ടിട്ടില്ല്യോ?'
''ഏത് നമ്മ്‌ളെ കല്ലു....'
അമ്പു മുഴുമിക്കും മുന്‍പേ തങ്കച്ചന്‍ ഇടയ്ക്കുകയറി: ''ഓ.. അതുതന്നെ...'
അമ്പുവിന്റെ ഞെട്ടല്‍ മുഖത്തു പ്രകടമായി.
''ഈ നാടന്‍ കുടിച്ചിട്ട് എങ്ങനെയാ ആള്‍ക്കാരിങ്ങനെ...'
''ഓ... അവിടെയൊക്കെ സ്പിരിറ്റിന്റെ കളിയല്ലിയോ.... അത് മിക്‌സിംഗില് വന്ന ഒരു തട്ടുകേടാ...'
തങ്കച്ചനായിരുന്നു അമ്പുവിനു പിന്നീട് ആശാന്‍. വാറ്റുചാരായത്തിലെ കൊടുക്കല്‍വാങ്ങലുകള്‍ അറിവുകളായി അവരിരുവരും പരസ്പരം കൈമാറി. അമ്പുവിന് എല്ലാം പുതിയ അറിവായിരുന്നു. താനും അബ്കാരി കേസിലാണ് അകത്തായതെന്നത് അത്ഭുതത്തോടെയായിരുന്നു അമ്പു പലപ്പോഴും ഓര്‍ത്തിരുന്നത്.
തങ്കച്ചനെ കാണാന്‍ കൊട്ടാരക്കരയില്‍നിന്നും മിക്കപ്പോഴും ആളുകളെത്തിയിരുന്നു. അമ്പുവിനെ കാണാനായും ഒരാളെത്തിയിരുന്നു, അളിയന്‍ ഭാസ്‌കരന്‍.
ബസില്‍ കയറിയാല്‍ ഛര്‍ദ്ദിക്കുമെന്നു പറഞ്ഞ് എവിടെയും പോകാതിരുന്ന, എഴുത്തും വായനയും അറിവില്ലാത്ത ഭാസ്‌കരന്‍ എങ്ങനെ ഇവിടെ എത്തിയെന്നത് അമ്പുവിന്റെ മനസ്സില്‍ അവശേഷിച്ച ചോദ്യമായിരുന്നു.
''ഓളീം മക്കളീം ഇങ്ങോട്ട് കൊണ്ടരണ്ട... അവരെ എനക്ക് ഈ അവസ്ഥയില് കാണാന്‍ കയ്യൂല്ല. അവരെങ്ങാനും വന്നാ ഞാനീന്റെയുള്ളില് കെട്ടിത്തൂങ്ങും.'
അമ്പു അളിയന്റെ കൈക്കു തൊട്ടു പറഞ്ഞു. ഭാസ്‌കരന്‍ അപ്പോള്‍ ജയിലിന്റെ ഉള്ളിലെല്ലാം നോക്കിക്കൊണ്ടിരുന്നു. ആരും കാണാതെയെന്നപോലെ ഒരു ബീഡിക്കെട്ട് കൊടുത്തുകൊണ്ട് ഭാസ്‌കരന്‍ ചോദിച്ചു: ''പിറ്ക്ക്ണ്ടാ?'
അമ്പു ഒന്നും മിണ്ടിയില്ല.
ഭാസ്‌കരന്‍ നാട്ടിലെത്തി നാരായണിയെയും മക്കളെയും കണ്ടു. ''പിറ്ക്ക്കടിയിണ്ട് എന്നല്ലാണ്ട് വേറെ വെഷമൊന്നുല്ല ഓന്.' താടിക്ക് കൈകൊടുത്ത് ഭാസ്‌കരന്‍ ഇരുന്നു.
നാരായണിയുടെ വീട്ടില്‍നിന്നും വരുന്ന വഴി ജാനു ഇളയമ്മ ഭാസ്‌കരനെ കണ്ട് ഓടിയെത്തി. ''പോയിറ്റ് എന്താ ഭാസ്‌കരാ വിവരം?'
''എന്റെ എളേമ്മേ, ബസും ബസിന്റെ പിള്ളറും ചാണകം തേച്ച റോഡും... കണ്ണൂരെല്ലാം കാണണ്ട കാഴ്ചയാന്നേ...'
തങ്കച്ചനെ കാണാന്‍ ഒരുപാടുപേര്‍ എത്തിയിരുന്നു. അവരോടെല്ലാം എക്‌സൈസുകാര്‍ റെയ്ഡുചെയ്തു പിടിക്കാത്ത കേന്ദ്രങ്ങളില്‍നിന്ന് സ്പിരിറ്റ് സ്ഥലംമാറ്റിവയ്ക്കാനുള്ള നിര്‍ദ്ദേശം തങ്കച്ചന്‍ കൊടുത്തു.
റെയ്ഡിനു മുന്‍പ്, പണം പറ്റുന്ന എക്‌സൈസുകാര്‍തന്നെ വിവരം നല്‍കുമെന്ന് തങ്കച്ചന്‍ പറഞ്ഞപ്പോള്‍ അമ്പുവിനതു പുതിയൊരു അറിവായിരുന്നു. ദെണ്ടൂസന്‍ പറഞ്ഞിട്ടുണ്ട്; തീയ്യമ്മാര് വാറ്റിയാ കേസില്ലെന്ന്. അതു കരുതിയാണ് താന്‍ വാറ്റാന്‍ തുടങ്ങിയതെന്ന് അമ്പു തങ്കച്ചനോടു പറഞ്ഞു.
അതുകേട്ടപ്പോള്‍ തങ്കച്ചന്‍ ചോദിച്ചു: ''അമ്പു ഏതാ കാസ്റ്റ്?'
ഒന്ന് ആലോചിക്കാതെതന്നെ അമ്പു അതിനു മറുപടി പറഞ്ഞു: ''ഞാന്‍ കമ്യൂണിസ്റ്റാ!'
''അതല്ലെന്നേ, ജാതിയേതെന്നാ?'
തങ്കച്ചന്റെ ആ ചോദ്യത്തിനു മുന്നില്‍ അമ്പു പകച്ചുനിന്നു. ''അതിപ്പോ...'
അമ്പുവും അമ്പുവിന്റെ അച്ഛനുമൊക്കെ കൊല്ലനായിരുന്നു. അമ്പു സ്‌നേഹിച്ച് നാരായണിയെ കെട്ടുമ്പോള്‍ ജാതി നോക്കിയിരുന്നില്ല. അതാരും ചോദിച്ചുമിരുന്നില്ല. നാരായണി തീയ്യത്തിയാണ്. അപ്പോ പിന്നെ മക്കളും തീയ്യരായിരിക്കും. കണ്ണൂരിലൊക്കെ ഇപ്പോഴും താവഴിതന്നെയാണ് ബന്ധം വരുന്നത്. മക്കളും തീയരാവുമ്പോള്‍ അമ്പുവും തീയനായിരിക്കുമല്ലോ. അമ്പു തീയ്യന്‍ തന്നെയെന്ന് പറഞ്ഞു. അത് പറഞ്ഞുവെങ്കിലും മക്കളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജാതിയേതാണ് എഴുതിയതെന്നു സ്‌കൂള്‍ ഹെഡ്മാഷ് ശങ്കരന്‍മാഷിനോടുതന്നെ ചോദിക്കേണ്ടിവരും. അമ്പു ഒരിക്കല്‍പ്പോലും ആലോചിക്കാത്തതും കാണാത്തതുമായ കാര്യങ്ങളാണ് തങ്കച്ചനില്‍നിന്നും കിട്ടുന്നത്.
മൂന്നുമാസത്തെ തടവുശിക്ഷ കഴിഞ്ഞ് അമ്പു ഇറങ്ങുമ്പോഴും തങ്കച്ചന്‍ ജയിലില്‍ത്തന്നെയായിരുന്നു. താനിറങ്ങുകയാണെങ്കില്‍ പത്രത്തില്‍ വാര്‍ത്ത വരുമെന്നും അങ്ങനെയാണെങ്കില്‍ കൊട്ടാരക്കരയിലേക്ക് വന്നേക്കണമെന്നും തങ്കച്ചന്‍ അമ്പുവിനെ ശട്ടം കെട്ടിയിരുന്നു.
ജയിലില്‍നിന്നുണ്ടായിരുന്ന ധൈര്യമൊന്നും അമ്പുവിന് പുറത്തിറങ്ങിയപ്പോഴുണ്ടായില്ല. തങ്കച്ചന്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ കിട്ടാവുന്ന സ്വീകാര്യതയൊന്നുമല്ല തനിക്കു കിട്ടാന്‍ പോകുന്നത്. രാവിലെ നേരത്തേ ജയിലില്‍നിന്നിറങ്ങി അമ്പു നേരെ പറശ്ശിനിക്കടവിലേക്കു പോയി. ഏറെനേരം മുത്തപ്പന്റെ മുന്നിലും വളപട്ടണം പുഴയിലും നോക്കി ആലോചിച്ച് അയാള്‍ നിന്നു. വീട്ടിലേക്കുള്ള മടക്കം ഓരോ നിമിഷത്തിലും അയാളെ ഭീതിയോടെ വേട്ടയാടി.
തളിപ്പറമ്പില്‍ ഇറങ്ങി. ഇരുട്ടിനെ കാത്ത് അയാള്‍ നടന്നു. പുഴയ്ക്ക് അക്കരെ രാമൂസോറുടെ വീടിന്റെ ഭാഗത്തേക്കായിരുന്നു അയാള്‍ നടന്നെത്തിയത്. രാമൂസോറുടെ നായ അപരിചിതനെ കണ്ടു കുരച്ചു. രാമൂസോറോ ചിര്വേട്ത്തിയോ എഴുന്നേറ്റു നോക്കിയില്ല. ചിണ്ടേട്ടന്റെ നായയുടെ കുരയുടെ പിന്നാലെ കരുണേട്ടന്റെ നായയുടെ കൂടി കുരശബ്ദം കേട്ടപ്പോള്‍ മൂത്തമകന്‍ തളര്‍ന്നുറക്കത്തില്‍ നിന്നെഴുന്നേറ്റ് അമ്മയെ വിളിച്ചു: ''അമ്മേ, അച്ഛന്‍ വരുന്ന്‌ണ്ടെന്നാ തോന്നുന്നത്.'
അവന്‍ എഴുന്നേറ്റ് പൂരക്കടവിലേക്ക് പോയാലോ എന്നാഗ്രഹിച്ചിരുന്നു. വേണ്ടെന്ന് അമ്മയുടെ മുഖത്തുനിന്നും മനസ്സിലാക്കി അതേ മട്ടില്‍ കിടന്നു.
''വെശക്ക്ന്നമ്മേ...' രണ്ടാമത്തെ മകന്‍ വയറുതടവി പറഞ്ഞു. നാരായണി ഒന്നും പറഞ്ഞില്ല.
അമ്പു ഔക്കറിക്കയുടെ കടവില്‍ നിന്നും പുഴയിലേക്കിറങ്ങി പുഴ മുറിച്ചുകടന്നു. ഈറനോടെതന്നെ ഉമ്മറത്തേയ്ക്കു കയറിനിന്നു. വെളിച്ചംതീര്‍ന്നുപോയ വിളക്കിന്റെ ചോട്ടില്‍ കിടന്നു മകളാണ് അച്ഛനെ കണ്ടത്.
''പിള്ളര്‍ക്കൊന്നും കൊടുത്തില്ലേ?' അമ്പു ഇരുട്ടില്‍ മക്കളുടെ മുഖത്തു തലോടി. നാരായണി ഒന്നും പറയാതെ മുനിഞ്ഞുകത്തിയതേയുള്ളു, കരച്ചിലിന്റെ രൂപത്തില്‍.
അമ്പു അകത്തു കയറി കലത്തിലേക്കു നോക്കി. തവിയിട്ട് ഇളക്കിനോക്കി. പുളിച്ചുതുടങ്ങിയ കഞ്ഞിവെള്ളം നീലിച്ചുനിന്നു. ഇരുട്ടില്‍ പിന്നില്‍ നാരായണി നില്‍ക്കുന്നത് അമ്പു അറിഞ്ഞു. അടുപ്പിന്റെ തിണ്ണയില്‍നിന്ന് ഒരു ചെറിയ കുപ്പിയെടുത്ത് നാരായണി ആ കഞ്ഞിവെള്ളത്തിലേക്കൊഴിച്ചു.
''നിങ്ങള് വരുന്നോണ്ട് കാത്തുനിന്നതാ...' നാരായണിയുടെ ശബ്ദം കനപ്പെട്ടു.
അമ്പു ഒന്നും പറഞ്ഞില്ല. നാരായണി ആ കഞ്ഞിവെള്ളക്കലം ഉമ്മറത്തേക്കെടുത്തുവച്ചു. കെട്ട ചിമ്മിനിവിളക്കിന്റെ തിരി ഒന്നുകൂടി തിരുകിയുയര്‍ത്തി അമ്പു കത്തിച്ചു. എണ്ണയൂറ്റിത്തീര്‍ന്ന തുണിക്കഷണം കത്തിമണത്തു.
അപ്പോഴേക്കും നാരായണി അഞ്ചു പാത്രവും നിരത്തിവെച്ചു. ഉറക്കത്തില്‍നിന്നും എഴുന്നേറ്റു രണ്ടാമത്തെ മകന്‍ അതു കുടിക്കാന്‍ ആവേശം കാണിച്ചു. 
''ആദ്യം ഞാനും അമ്മയും കുടിക്കും. എന്നിട്ടുമാത്രേ എന്റെ മക്കള് കുടിക്കാന്‍ പാടുള്ളു.' മക്കളുടെ മുഖം കാണാന്‍ ശേഷിയില്ലാതെ അമ്പു വിളക്ക് അവരുടെ മുന്നില്‍നിന്നും നീക്കിവെച്ചു. ആ വെട്ടത്തില്‍ മകള്‍ അച്ഛന്റെ കണ്ണില്‍നിന്നും കണ്ണീരിറ്റുന്നത് കണ്ടു. അവളും കരയാന്‍ തുടങ്ങി, ഒച്ചയോടെ.
രണ്ടാമത്തെ മകന് ഒന്നും മനസ്സിലായില്ല. അവന്‍ കഞ്ഞിപ്പാത്രത്തിലേക്കുതന്നെ നോക്കിയിരുന്നു. കഞ്ഞിപ്പാത്രത്തില്‍നിന്നും തവിയില്‍ കഞ്ഞിവെള്ളം കോരിയെടുക്കുമ്പോള്‍ നാരായണിയുടെ കൈവിറച്ചു.

രാവിലെത്തന്നെ ജാനു എളേമ്മ അമ്പുവിന്റെ വീട്ടിലേക്കെത്തി. ''ഏണേ, ഏ നാരാണീ...' ജാനു എളേമ്മ വാതിലിന് മുട്ടിവിളിച്ചു. ''ഹോ.. ഏടപ്പോയി ഈറ്റ്ങ്ങ... എല്ലേന്റീം ചെവി പൊട്ടിപ്പോയാ? നാരാണീ, ഏയ് നാരാണീ...'
ജാനു എളേമ്മ വാതില്‍ തള്ളിത്തുറന്നു. കുട്ടികള്‍ മൂന്നെണ്ണവും മണ്ണില്‍ ചുരുണ്ടുകൂടി കിടക്കുന്നു. നാരായണിയെ വിളിച്ചുകൊണ്ട് എളേമ്മ അടുക്കള വാതിലിലൂടെ പുറത്തേക്കു വന്നു.
''ഓയ്... ഈടിണ്ട്...' നാരായണിയുടെ ശബ്ദം.
വീടിന്റെ തൊട്ടപ്പുറത്തെ പറമ്പിന്റെ മുകള്‍ഭാഗത്തു ചേമ്പിന്റെ തയ്യുമായി നില്‍ക്കുന്ന നാരായണിയെ എളേമ്മ കണ്ടു. 
''എന്നാണേ ഇന്നലെ പാതിരാത്രി ഒച്ച കേട്ടത്? ഞാന്‍ അന്നേരം വരണംന്ന് വിചാരിച്ചു. ഈടെ വെളിച്ചൊന്നും കാണാത്തോണ്ടാന്ന് വരാഞ്ഞത്.'
''അത്... ഇന്നലെരാത്രി പൈ (പശു) പെറ്റു. മൂന്നാലുദെവസം മുമ്പുംകൂടി കറന്നതാ.... അയിനെ കണ്ടിട്ട് പ്രസവിക്കാനായിനിന്നൊന്നും തോന്നീറ്റ്‌ല. പിള്ളറെ അച്ഛന്‍ വന്നിറ്റ്ണ്ട്.'
''എപ്പോ?'
'ഇന്നലെ ആള് വന്നു കേറിയതേയില്ലു... അപ്പ്‌ളേക്കെന്നെ അതു പെറൂം ചെയ്തു (പ്രസവിക്കുകയും ചെയ്തു).'
ആറുമാസത്തിന്റെ ദിവ്യോത്ഭവപ്പിറവിയുടെ ചൊടിച്ചലൊന്നുമില്ലാതെ പശുക്കിടാവ് മുറ്റത്തുകൂടെ ഓടിക്കളിച്ചുകൊണ്ടിരുന്നു. നാരായണി മൊട്ടുപോലുള്ള ചേമ്പ് കാമ്പില്‍നിന്നും മുറിച്ചെടുത്തു പുഴുങ്ങാനൊരുങ്ങി. പശുവിനുള്ള തീറ്റ കൊത്തിക്കൊണ്ടുവന്ന് അമ്പു പശുവിനു മുന്നിലിട്ടുകൊടുത്തു. കാളുന്ന വയറുമായി പശു ആര്‍ത്തിപിടിച്ചു പുല്ലുതിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com