പാട്ടിന്റെ രസതന്ത്രം

ഒരു പാട്ടിനെ കൂടുതല്‍ പരിചയപ്പെട്ടാല്‍ അവ പിന്നീട് കേള്‍ക്കുമ്പോള്‍ അരോചകങ്ങളാകുന്നതു ചലച്ചിത്രഗാനങ്ങളുടെ വര്‍ത്തമാനകാല പ്രതിസന്ധി തന്നെയാണ്‌ 
പാട്ടിന്റെ രസതന്ത്രം

സംഗീതമില്ലാത്ത ഒരു ലോകം അചിന്ത്യം. സിനിമാപ്പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസംപോലും മലയാളിക്ക് ഇല്ല. സംഗീതമെന്നു പറഞ്ഞാല്‍ മിക്കവര്‍ക്കും സിനിമാപ്പാട്ടുതന്നെയാണ്. ലോകത്തിന്റെ ഏതു മൂലയിലായാലും അവന്റെ ചുണ്ടില്‍ ഒരു മൂളിപ്പാട്ട് ഉണ്ടായിരിക്കും. മിക്കവാറും അതൊരു പഴയ പാട്ടുമായിരിക്കും. പഴയ പാട്ടുകളോടെന്നപോലെ പുതിയപാട്ടുകളോടു നമുക്കു വൈകാരികമായ ഒരടുപ്പം–അഭിനിവേശം–തോന്നാത്തതെന്തെ?
നാമെല്ലാം ജീവിക്കുന്നത് ഒരു ചലച്ചിത്രഗാന പരിസരത്താണ്. വീടിനുള്ളിലും പുറത്തുമെല്ലാം നാം ആഗ്രഹിച്ചും ആഗ്രഹിക്കാതെയും പാട്ടുകളുടെ അലകള്‍ നമ്മുടെ കാതുകളില്‍ പതിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മിക്ക മലയാളികളുടേയും മനോവ്യാപാരങ്ങളില്‍ പ്രബലമായ പശ്ചാത്തലമായി സംഗീതം–സിനിമാപ്പാട്ടുകളും ദേവാലയങ്ങളില്‍നിന്നുള്ള ഭക്തിഗാനങ്ങളുമെല്ലാം–വര്‍ത്തിക്കുന്നു. എന്നാല്‍, ഒന്നോ രണ്ടോ ശ്രവണത്തോടെ തന്നെ വിസ്മൃതങ്ങളാകുന്നവയാണ് പുതിയ സിനിമാഗാനങ്ങളില്‍ ഭൂരിഭാഗവും എന്നതാണ് അവസ്ഥ. ഒരു പാട്ടിനെ കൂടുതല്‍ പരിചയപ്പെട്ടാല്‍, അവ പിന്നീട് കേള്‍ക്കുമ്പോള്‍ അരോചകങ്ങളാകുന്നതു ചലച്ചിത്രഗാനങ്ങളുടെ വര്‍ത്തമാനകാല പ്രതിസന്ധി തന്നെയാണ്.
കുറേയാളുകള്‍ നായകനോടും നായികയോടും ഒപ്പം വിലകൂടിയ വേഷവിതാനങ്ങളോടെയും അവയില്ലാതെയും ശരീരഭാഗങ്ങള്‍ ചലിപ്പിച്ചു ചെയ്യുന്ന നൃത്തത്തിന്, പശ്ചാത്തലമായി ആവശ്യമുള്ള പാട്ടാണ് സിനിമാപാട്ട് എന്ന രീതിയിലുള്ള ഒരു കാഴ്ചപ്പാട് സിനിമാസ്രഷ്ടാക്കളില്‍ ചിലരെങ്കിലും വച്ചുപുലര്‍ത്തുന്നതു നിര്‍ഭാഗ്യകരം തന്നെയാണ്. ഇപ്പോഴത്തെ തലമുറ ഇത് ആവശ്യപ്പെടുന്നു എന്നാണ് പലപ്പോഴും ഇവര്‍ പറയുന്ന ന്യായം. സപ്തസ്വരജന്യമായ നമ്മുടെ സംഗീതം തുറന്നുതരുന്ന അപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്താതെ, യുവതലമുറയെ ഡ്രം, ഹെവിമെറ്റല്‍സംഗീതം എന്നിവ ഉപയോഗിച്ചു സംഗീതമെന്ന പേരില്‍ വഞ്ചിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
കാഴ്ചയെക്കാള്‍ കേള്‍വിക്ക് ഒരു സന്ദര്‍ഭത്തിന്റെ വൈകാരികമായ ഉത്തേജനത്തെ കുറേക്കൂടി ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയും. നമുക്കു കാണാന്‍ കഴിയുന്നതിന് എത്രയോ മുന്‍പ്, അമ്മയുടെ വയറ്റില്‍ വച്ചുതന്നെ, നാം ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടല്ലോ. സിനിമയിലെ ഒരു സിറ്റ്വേഷന്‍ എന്തു വികാരമാണോ ഉണ്ടാക്കേണ്ടത് അവയെ തീവ്രതരമാക്കാനും ശക്തമാക്കാനും പാട്ടിനും പശ്ചാത്തലസംഗീതത്തിനും കഴിയുന്നതുകൊണ്ടായിരിക്കണം സിനിമയില്‍ ഇവയ്ക്കു പ്രസക്തി ഉണ്ടായത്.
സംഗീതം മറ്റു കലകളില്‍നിന്നു വ്യത്യസ്തമാവുന്നത്, അത് നമ്മോടു നേരിട്ടു സംവദിക്കുന്നതുകൊണ്ടാണ്, നമ്മളിലേക്കു തുളച്ചുകയറുന്നതു കൊണ്ടാണ്. അതു നമ്മളിലേക്കു നേരിട്ടു വരുന്നു. ഒരു പരിചയപ്പെടുത്തലോ വിശദീകരണമോ ആവശ്യമില്ലാതെ. 
സിനിമയിലെ ഒരു സീനിലെ സന്ദര്‍ഭാനുസാരിയായി വരുന്ന പാട്ട്, ആ സന്ദര്‍ഭത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെ വ്യക്തമായും കൃത്യമായും ശക്തമായും നമ്മളിലേക്ക് എത്തിച്ചു കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥയെ വര്‍ദ്ധിതമായ ഭാവസാന്ദ്രതയോടെ നമ്മളിലേക്ക് ആവാഹിക്കുന്നു. പാട്ടിലെ മെലഡി, ആ സന്ദര്‍ഭത്തിനു ചേരുന്നതിന് അനുസരിച്ചു കൂടുതല്‍ അര്‍ത്ഥം ഉളവാക്കുകയും ചെയ്യുന്നു. അങ്ങനെ പ്രേക്ഷകനില്‍ ഉണരുന്ന ഭാവരസങ്ങളെ അടിവരയിട്ട് ഉറപ്പിക്കുകയും ഊന്നിപ്പറയുകയും ചെയ്യുന്നു. ചിത്രങ്ങള്‍ക്കും വാക്കുകള്‍ക്കും ആവുന്നതിനേറെ ആഴത്തില്‍ പാട്ടിനു നമ്മെ സ്പര്‍ശിക്കാന്‍ കഴിയും. പാട്ടിലെ ഈണമാണ് നമ്മുടെ മസ്തിഷ്‌കത്തില്‍ വേഗം റജിസ്റ്റര്‍ ചെയ്യപ്പെടുന്നതു വരികളേക്കാള്‍ ലളിതകോമളപദങ്ങള്‍ ആവര്‍ത്തിച്ചു പാടാവുന്ന ഈണവുമായി ചേര്‍ന്ന് ആ പാട്ടിന് ഒരു ഗൃഹാതുരത്വഗുണം അഥവാ nostalgic quality ഉണ്ടാക്കുകയും ചെയ്യും. പാട്ടിനു നമ്മെ കരയിപ്പിക്കാനാവും. മനസ്‌സിനെ സന്തോഷിപ്പിക്കാനും അസ്വസ്ഥമാക്കാനുമാകും. 
ഒരു പാട്ടു കേള്‍ക്കുമ്പോള്‍ ശ്രോതാവില്‍ ഉല്‍പ്പന്നമാകുന്ന രസാനുഭൂതി, അയാളുടെ ജീവിത പശ്ചാത്തലത്തേയും അതുവരെയുള്ള അയാളുടെ സകല ജീവിതാനുഭവങ്ങളേയും ആശ്രയിച്ചിരിക്കും. എന്നാല്‍, പാട്ട് ഒരു ശ്രോതാവില്‍ വിവിധ ഭാവരസങ്ങള്‍ ജനിപ്പിക്കുന്നതു ശ്രോതാവിന്റെ ഭൂതകാല ജീവിതത്തിലെ വൈകാരിക അനുഭവങ്ങളുടെ സ്മരണ ഉണര്‍ത്തിയാണ്.
സംഗീതാനുഭവങ്ങള്‍ ഉണ്ടാവാന്‍ ശ്രോതാവ് ഒരു സംഗീതജ്ഞനാവേണ്ടതില്ല. സംഗീതപരിശീലനം സിദ്ധിക്കാത്ത സാധാരണക്കാര്‍ക്കും വ്യത്യസ്തമായ സംഗീതാനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. മലയാള സിനിമയിലുണ്ടായിട്ടുള്ള കുറേ ഗാനങ്ങള്‍ മഹത്തരങ്ങളാണെന്നു വിലയിരുത്താന്‍ ശ്രോതാവ് സംഗീതം പഠിക്കേണ്ട കാര്യമില്ലല്ലോ.
ഒരു പാട്ടു കേള്‍ക്കുമ്പോള്‍ ശ്രോതാവിനുണ്ടാകുന്ന സംഗീതാനുഭവം തികച്ചും വ്യക്തിപരമാണ്. എന്നാല്‍, വ്യത്യസ്ത ശ്രോതാക്കളില്‍ ഒരു പാട്ട് ഉണ്ടാകുന്ന രസാനുഭൂതി, തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും ഏറെക്കുറെ സമാനമാണ് എന്നു കുട്ടികളിലെ ഭാഷാപരമായ വളര്‍ച്ചയെപ്പറ്റി ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള റോജര്‍ബ്രൗണ്‍ തെളിയിച്ചിട്ടുണ്ട്.
വീണ്ടും വീണ്ടും കേള്‍ക്കാനിഷ്ടപ്പെടുന്ന മധുരഗാനങ്ങള്‍ ഒരു പത്തെണ്ണമെങ്കിലും മൂളിത്തരാന്‍ എന്നും മലയാളിക്കു പറ്റുമായിരുന്നു. ഇവയില്‍ മിക്കവയും പഴയ ഗാനങ്ങളും ആയിരിക്കും. 1960–70–80 കാലഘട്ടത്തിലെ പാട്ടുകള്‍. എന്നാലിന്നത്തെ സ്ഥിതിയോ?
കുറേക്കാലമായി മലയാള സിനിമാപ്പാട്ടുകള്‍ കേട്ട് ആസ്വദിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ക്ക് എളുപ്പം തിരിച്ചറിയാനാവും. സിനിമാപ്പാട്ടുകളുടെ മട്ടിലും പ്രകൃതത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍. പണ്ടത്തേതെല്ലാം നല്ലത്, പുതിയതെല്ലാം നല്ലത് എന്ന ഒരു ധാരണയില്‍നിന്നുകൊണ്ടല്ല ഇതെഴുതുന്നത്. എങ്കിലും, മലയാളി എന്നും തന്റെ നെഞ്ചിലേറ്റി നടക്കുന്ന പാട്ടുകളില്‍ മിക്കതും നമ്മെ വിട്ടുപോകാന്‍ മടിക്കുന്നവയാണ്. കാരണം അന്വേഷിച്ചു പോകുമ്പോള്‍, നാം ആദ്യം പരിഗണിക്കേണ്ടതു സംഗീതത്തില്‍ ഒരു ശരാശരി ആസ്വാദകനുള്ള യാഥാസ്ഥിതികത്വത്തെയാണ്. ചെറുപ്പം മുതല്‍ കേട്ടുപരിചയമുള്ള സംഗീതം ആസ്വദിക്കാന്‍ നമുക്കു താല്പര്യമേറും. അല്ലാത്തവ ബുദ്ധിമുട്ടു തന്നെ. മറ്റു സംഗീത സമ്പ്രദായങ്ങളുടെ–പ്രത്യേകിച്ചു പശ്ചാത്യ സംഗീതത്തിന്റെ സ്വാധീനമുള്ളവയാണ് ഇന്നത്തെ പുതിയ പാട്ടുകള്‍. സംഗീതത്തിനു ഭാഷയില്ല. എന്നാല്‍ അന്യനാടുകളിലെ കുറച്ചു സംഗീതമിരിക്കട്ടെ എന്ന രീതിയില്‍ സംഗീതത്തിന്റെ വികല പ്രയോഗം നടത്തി ജനിപ്പിച്ചു വിടുമ്പോഴാണ് അവ അരോചകമാവുന്നത്. 
നമ്മുടെ സംഗീതത്തിന്റെ രണ്ടു പ്രധാനപ്പെട്ട വിശേഷഗുണങ്ങളാണ് 'മെലഡി'യും 'റിഥ'വും. പഴയ പാട്ടുകളില്‍ അവയുടെ മെലഡിക്ക് അഥവാ ഈണത്തിനു തന്നെയായിരുന്നു പ്രാധാന്യം. എന്നാല്‍, ഇന്നത്തെ പാട്ടുകളിലധികവും റിഥത്തിന് ഏറെ പരിഗണന കൊടുക്കുന്നതായി കാണാം. മെലഡിക്കു സംഗീതത്തില്‍നിന്നും റിഥമിക് സംഗീതത്തിലേക്കുള്ള ഈ വ്യതിയാനം തന്നെയാണ് ചലച്ചിത്രസംഗീതത്തിനു സംഭവിച്ച രൂപാന്തരം. താളാത്മക സംഗീതം, മാനസിക തലത്തിലെന്നതിനേക്കാള്‍ ശാരീരികമായ ഉത്തേജനമാണ് ഉണ്ടാക്കുന്നത്. മെലഡി, നമ്മുടെ വൈകാരിക തലത്തിലാണ് ഇടപെടുന്നത്. ചലച്ചിത്രസംഗീതം തബലയെക്കാളേറെ, റിഥം പാഡിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് പാട്ടുകളുടെ പ്രകൃതത്തില്‍ പ്രകടമായ മാറ്റമുണ്ടായത്. പുതിയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അവയിലെ ബീറ്റുകളാണ് നമ്മുടെ ശ്രദ്ധയെ പെട്ടെന്നു പിടിെച്ചടുക്കുന്നത്. ഏതു മോശം ഈണവും ബീറ്റുകള്‍ ചേര്‍ത്തു വിളമ്പുമ്പോള്‍ തല്‍ക്കാലം രുചികരമായി തോന്നാം. ഇത്തരത്തിലുള്ള റിഥമിക് സംഗീതം ശ്രോതാക്കളില്‍, ചിലപ്പോള്‍ ഒരാക്രമണത്തിനോ രതിബന്ധത്തിനോ തയ്യാറാവുന്ന മൃഗത്തില്‍ ഉണ്ടാകുന്ന പോലുള്ള ശാരീരിക പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സംഗീതശ്രവണം ഒരുപക്ഷേ, കാലിലെ പേശികളില്‍ വൈദ്യുത പ്രതിപ്രവര്‍ത്തനങ്ങളുടെ ആധിക്യമുണ്ടാക്കുന്നു. ഒരു ഗാനമേള ആസ്വദിക്കുന്ന ശ്രോതാക്കള്‍ നിയന്ത്രണം വിട്ട് ശരീരചലനങ്ങള്‍ ഉണ്ടാക്കിപ്പോകുകയും ചെയ്യും. കൈകാലുകള്‍കൊണ്ടു താളം പിടിക്കുകയും ചവിട്ടുകയും മറ്റും ചെയ്യുന്നതു പാട്ടിലെ 'റിഥ'ത്തിനോടുള്ള പ്രതികരണങ്ങള്‍ തന്നെ. ഒരു ജനക്കൂട്ടത്തെ ശാരീരികമായി ഉത്തേജിപ്പിക്കുന്ന പാട്ടുകളിലൂടെ അവരില്‍ കപടഭാവങ്ങള്‍ ഉണര്‍ത്താന്‍ പറ്റും. എന്നാല്‍, അതേ പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ അവസരമുള്ള ഒരു ശ്രോതാവിന് ഇതേ അനുഭവം ആവര്‍ത്തിക്കപ്പെടുമോ എന്നു സംശയമാണ്.
നമ്മുടെ ഉള്ളിലേക്കു പ്രവേശിച്ചു മനസ്‌സില്‍ സ്ഥാനം പിടിക്കാനാവുന്നതു നല്ല മെലഡിയുള്ള ഗാനങ്ങള്‍ക്കു തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. ബീറ്റുകളെ നാം, ധാരാളമായി ഓര്‍ക്കസ്‌ട്രേഷനില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, പ്രാചീന സംസ്‌കാരങ്ങളില്‍ നിലനിന്നിരുന്ന താളവാദ്യ സങ്കീര്‍ണ്ണതകള്‍ പുനരാവിഷ്‌കരിക്കാന്‍പോലും നാമിന്നു പാടുപെടുമെന്നോര്‍ക്കണം. വേഗതയേറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിനനുസരിച്ചു പാട്ടുകളും കുറേക്കൂടി ഫാസ്റ്റ് ആയിക്കൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഇഴയുന്ന പാട്ടുകള്‍ ആര്‍ക്കും വേണ്ട എന്നൊരു ധാരണ (തെറ്റിദ്ധാരണ?) പരത്താന്‍ ദ്രുതസംഗീതത്തിന്റെ ആള്‍ക്കാര്‍ക്കു കഴിഞ്ഞിട്ടുണ്ട്. -ഒരു സമൂഹം ഉല്‍പ്പാദിപ്പിക്കുന്ന സംഗീതം അതിന്റെ പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നുവെന്നതിനാല്‍ സമൂഹ പ്രകൃതിയില്‍ വരുന്ന മാറ്റം അതു 'നിര്‍മ്മിക്കുന്ന' സംഗീതത്തിലും ദര്‍ശിക്കാന്‍ കഴിയും. ഇമ്പമാര്‍ന്ന ഒരു മെലഡി ആസ്വദിക്കാന്‍ പറ്റാത്ത രീതിയില്‍ നാമെല്ലാം മാറിപ്പോയോ?

ഗാനരചന 
ഗ്രീക്കുകാര്‍ക്കു സംഗീതവും ഗാനവും അന്യോന്യം വേര്‍പെടുത്താനാവാത്ത വിധം പരസ്പരം ഇഴുകിച്ചേര്‍ന്നതായിരുന്നു. കവിയും ഈണസ്രഷ്ടാവും ഒരാള്‍ തന്നെയായിരുന്നതുകൊണ്ടു ഗാനത്തിന്റെ വരികളും ഈണവും ഒരുമിച്ചു സൃഷ്ടിക്കപ്പെട്ടു–നമ്മുടെ ശാസ്ത്രീയ സംഗീതത്തിലെ കീര്‍ത്തനങ്ങളും മറ്റും ഇങ്ങനെ തന്നെയായിരുന്നല്ലോ ഉണ്ടായത്. ഭാവഗാനത്തേയും അതു ചിട്ടപ്പെടുത്തിയ ഈണത്തേയും സൂചിപ്പിക്കുന്ന Melos എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് മെലഡി എന്ന വാക്ക് പിറന്നതെന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക.
മലയാള സിനിമയിലെ പ്രതിഭാസമ്പന്നരായ ഗാനരചയിതാക്കളുടെയൊക്കെ കവിതകള്‍, ഹൃദിസ്ഥമാക്കാവുന്ന വിധത്തില്‍, മനോഹരമായ ഈണത്തോടെ ആലപിക്കാവുന്ന ലളിതകോമളപദസമ്പന്നമായ ഭാവോജ്ജ്വല ഗാനങ്ങളായിരുന്നു. ഈ ഗാനരചയിതാക്കള്‍ കഥാപാത്രത്തിന്റെ മനസ്‌സില്‍ കയറി അവിടത്തെ വിചാരവികാരങ്ങളറിഞ്ഞു ഗാനം രചിച്ചവരായിരുന്നു. യുക്തിഭദ്രമായ ബൗദ്ധിക വ്യവഹാരങ്ങളോടെന്നതിനേക്കാള്‍ വ്യക്തിനിഷ്ഠങ്ങളായ കാവ്യാത്മകതയോടാണ് സംഗീതത്തിനു കൂടുതല്‍ അടുപ്പമുണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത്തരം ഗാനങ്ങള്‍ കൂടുതല്‍ സംഗീതാത്മകമാവുന്നു.

ഈണം
സംഗീതം ഒരു സമയകല (Temporal art) ആണ്. അതു കാലത്തില്‍ (time) അടുക്കിവച്ച ശ്രുതികളാണ്. ഒരു കൂട്ടം ധ്വനികളെ ഒന്നിനു പിറകെ ഒന്നായി വിന്യസിക്കുമ്പോഴാണ് ഒരു ഈണം – tune   പിറക്കുന്നത്. അക്ഷരങ്ങളില്‍നിന്നു വാക്കുകള്‍ എന്നതുപോലെ. ഇവ വ്യത്യസ്ത രീതിയില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ സംഗീത സംവിധായകന്, വ്യത്യസ്ത ഈണങ്ങള്‍ക്കു ജന്മം നല്‍കാന്‍  കഴിയുന്നു. ഇങ്ങനെ ദു:ഖമോ സന്തോഷമോ പ്രേമമോ മറ്റു ഭാവരസങ്ങളോ ശ്രോതാക്കളില്‍ ഉളവാക്കുമെന്ന് അയാള്‍ വിശ്വസിക്കുന്ന ശബ്ദവിശേഷങ്ങളുടെ പ്രത്യേക പാറ്റേണുകളും രാഗങ്ങളും സംഗീതോപകരണങ്ങളും ഉപയോഗിച്ചു നടത്തുന്ന ഈണ സൃഷ്ടി മൗലികമായ ഒരു സര്‍ഗ്ഗപ്രക്രിയയാണ്. ജന്മസിദ്ധമായി സംഗീതാനുഗ്രഹം ലഭിച്ച ഒരു കലാകാരന്റെ മനസ്സില്‍നിന്നു (അതോ മസ്തിഷകത്തില്‍നിന്നോ) മാത്രമേ ഇങ്ങനെ ഈണങ്ങള്‍ പിറന്നുവീഴൂ. കമ്പ്യൂട്ടര്‍ പോലുള്ള ഒരുപകരണത്തില്‍നിന്ന് ഇതു സാധ്യമാവുമെന്നു തോന്നുന്നില്ല, ഗാനരചയിതാവ് വാക്കുകളെ പ്രത്യേക രീതിയില്‍ ചേര്‍ത്തുവച്ചു വരികള്‍ക്ക് അര്‍ത്ഥഭംഗി സൃഷ്ടിക്കുന്നതുപോലെ ഈണസ്രഷ്ടാവ് താന്‍ ഉണ്ടാക്കിയെടുത്ത ഈണത്തിലൂടെ ഒരു സ്വതന്ത്രമായ അര്‍ത്ഥം ഉണ്ടാക്കുകയും അനുവാചകരില്‍ പലവിധത്തിലുള്ള ബിംബസൂചനകള്‍ ഉണര്‍ത്തി അവരില്‍ ആനന്ദം നിറക്കുന്നു.
നല്ല ഒരു മെലഡി പിറക്കണമെങ്കില്‍ സംഗീതസ്രഷ്ടാവിന് ഒരാളുടെ മാനസിക സങ്കല്പങ്ങളെക്കുറിച്ചുള്ള ചിന്ത കൂടിയേ തീരൂ. അവര്‍ക്ക്, തങ്ങളുടെ സങ്കല്പത്തില്‍ കാണുന്നതിനെ ഈണത്തിലൂടെ സൃഷ്ടിക്കാന്‍ കഴിയണം. സിനിമയിലെ കഥാസന്ദര്‍ഭത്തിന് അനുസരിച്ചു പ്രേക്ഷകരില്‍ ഉചിതമായ വൈകാരികാവസ്ഥ ഉളവാക്കാന്‍ ഉതകുന്ന ഏറ്റവും യോജിച്ച ഈണം ഉണ്ടാക്കാനാണ് സംഗീത സംവിധായകന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. പാട്ടിലെ വരികള്‍ ഒരു പ്രത്യേക ഈണത്തില്‍ ചൊല്ലുമ്പോള്‍ അതു നമ്മുടെ ചില സ്മൃതികേന്ദ്രങ്ങളെ ഉത്തേജിപ്പിച്ചു പഴയ ഒരുപാട് അനുഭവങ്ങളിലേക്കുള്ള വാതായനങ്ങള്‍ തുറന്നു തരികയും അവയെക്കുറിച്ചുള്ള ചില ബിംബസൂചനകള്‍ ഉണര്‍ത്തി മനസ്സില്‍ ആനന്ദാനുഭൂതി നിറക്കുകയും ചെയ്യുന്നു. ഈണം ചേര്‍ത്ത ഓരോ വാക്കിനും ഉപബോധതലത്തില്‍ ചില ചിന്തകളും വികാരങ്ങളും ഉണര്‍ത്താന്‍ കഴിയുമെന്നു ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പാട്ടിലെ സാഹിത്യപരമായ ഉള്ളടക്കത്തോളൊപ്പമോ അതിലുപരിയോ ആണ് അതിലെ സംഗീതാംശത്തിന്റെ പ്രാധാന്യം. കോമഡി ഗാനങ്ങള്‍പോലും അര്‍ദ്ധശാസ്ത്രീയ ഈണം ചേര്‍ന്നപ്പോള്‍ വളരെ മധുരവും വ്യത്യസ്തവുമായ അനുഭവവുമായി മാറിയ ഉദാഹരണങ്ങള്‍ ഏറെയുണ്ടു മലയാള സിനിമാ ഗാന ചരിത്രത്തില്‍.
പുതിയ ഒരു സിനിമാഗാനം പലപ്രാവശ്യം കേള്‍ക്കുമ്പോള്‍ ഓരോ ശ്രവണത്തിലും നമ്മെ അതു പുതിയതെന്തൊക്കെയോ അനുഭവിപ്പിക്കുകയും ഭാവതലത്തില്‍ പുതിയ ആഴങ്ങളിലേക്കും  പുതിയ അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ഇങ്ങനെ, തങ്ങളുടെ മാസ്മര സംഗീതത്തിലൂടെ മലയാള മനസ്സുകളില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത നിരവധി സംഗീത പ്രതിഭകള്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. മലയാള സിനിമാസംഗീതത്തിലെ ഈ ജീനിയസ്സുകള്‍ ഈണം പകര്‍ന്ന എല്ലാ പാട്ടുകളിലും തങ്ങളുടെ വ്യക്തിത്വത്തിന്റെ 'ഹോളോഗ്രാം' പതിപ്പിച്ചിട്ടുണ്ട്. ഒരു പാട്ടു കേള്‍ക്കുന്ന ശ്രോതാവിന് അതിന്റെ സംഗീതസംവിധായകനെ തിരിച്ചറിയുന്നത്ര വ്യക്തമായ സംഗീതശൈലി ഇവരൊക്കെ സ്വീകരിച്ചുപോന്നിരുന്നു. എത്ര കേട്ടാലും മതിവരാത്ത എത്രയെത്ര ഈണങ്ങളാണ് ഇവര്‍ മലയാളികള്‍ക്കു സമ്മാനിച്ചത്. മലയാള സിനിമാസംഗീതത്തിന്റെ വസന്തകാലമായിരുന്നു അത്. 
മലയാള സിനിമാപ്പാട്ടു ചരിത്രത്തില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത സംഗീതശൈലികള്‍ നിലനിന്നിട്ടുണ്ട്. ആദ്യം കര്‍ണ്ണാടക സംഗീത ഭാഗവതര്‍മാര്‍ അരങ്ങുവാണകാലം. 1954-ല്‍ പുറത്തിറങ്ങിയ 'നീലക്കുയില്‍' എന്ന സിനിമയിലെ, മലയാളിത്തമുള്ള ഗാനങ്ങളോടെ പാട്ടുകളുടെ വസന്തകാലം തുടങ്ങി. മലയാളികള്‍ക്കു മറക്കാനാവാത്ത നിരവധി മധുരഗാനങ്ങള്‍ സമ്മാനിച്ച ഈ കാലഘട്ടത്തിനുശേഷം എ.ആര്‍. റഹ്മാന്റെ വരവോടെ പാട്ടുകളുടെ മട്ടുമാറി. പാശ്ചാത്യസംഗീതമടക്കമുള്ള വൈദേശിക സംഗീതങ്ങളുടെ സ്വാധീനം ഇദ്ദേഹത്തിന്റെ പാട്ടുകളില്‍ മുഴച്ചുനിന്നുവെങ്കിലും സംഗീതപ്രേമികള്‍ക്ക് ഇദ്ദേഹത്തിന്റെ ഈണങ്ങള്‍ ഇഷ്ടപ്പെട്ടു. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഏറെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ മിക്ക പാട്ടുകളിലും 'റിഥ'ത്തിനു കൂടുതല്‍ പ്രാധാന്യമുണ്ടെങ്കിലും മെലഡിയുടെ സ്പര്‍ശവുമുണ്ടായിരുന്നു. സംഗീതാത്മകമല്ലാത്ത വെറും ശബ്ദങ്ങള്‍പോലും സംഗീതാത്മകമായി ഉപയോഗിച്ചു. ഈ ശൈലിയില്‍, പിന്നീടു വന്ന പലരും ആത്മാവില്ലാത്ത കുറേ പാട്ടുകള്‍  പടച്ചുവിടാന്‍ തുടങ്ങിയതോടെ നമ്മുടെ സിനിമാപ്പാട്ടുകള്‍ സംഗീതപ്രേമികളുടെ ഹൃദയത്തില്‍നിന്ന് അകലാന്‍ തുടങ്ങി. പാട്ടുകള്‍, സിനിമയില്‍, വെറും വഴിപാടുകളായിത്തീര്‍ന്നു.
വരികളുടെ ഈണം മാത്രമല്ല, ബിജിഎം (Back ground music) ഉള്‍പ്പെടെയുള്ള പാട്ടിലെ എല്ലാ പശ്ചാത്തല ശബ്ദങ്ങളും അതിലെ നിശ്ശബ്ദതയുമടക്കം ആ പാട്ടിന്റെ ആസ്വാദനത്തില്‍ പ്രധാനമാണ്. പഴയ പാട്ടുകളിലെ പശ്ചാത്തല സംഗീതത്തിലെ ഓരോ 'പീസും' ഇമ്പമുള്ള ഓരോ ഈണമായിരുന്നുവെങ്കില്‍ ഇന്നതു വെറും ഒച്ചപ്പാടു മാത്രമായി മാറുകയാണെന്നു കാണാം.
ഇത്തരത്തില്‍ മലയാള സിനിമാ ചരിത്രത്തില്‍ത്തന്നെ സ്ഥാനം പിടിച്ച ചില ഗാനങ്ങളിലെ മാധുര്യമില്ലായ്മ കുറച്ചു കാലത്തിനുശേഷം ബോദ്ധ്യപ്പെട്ടതോടെ ശ്രോതാക്കള്‍ അവയെ തിരസ്‌കരിച്ചതു നമുക്കറിയാം.
ഇന്ന്, നല്ല ഇമ്പമുള്ള ഈണങ്ങള്‍ക്കു മാത്രമേ മനസ്സുകളില്‍ ആനന്ദം നിറയ്ക്കാന്‍ കഴിയൂ എന്നും അത്തരം ഈണങ്ങള്‍ മാത്രമേ കാലത്തെ അതിജീവിക്കൂ എന്നും നാം മനസ്സിലാക്കുന്നു. പുതുതായി ഇറങ്ങുന്ന ചില ഗാനങ്ങളെങ്കിലും മധുരതരങ്ങളാണെന്നു സമ്മതിക്കുന്നു. ഈ പാട്ടുകളാകട്ടെ, 'മെലഡി'ക്കു പ്രാധാന്യം കൊടുത്തവയാണ് താനും. നല്ല മെലഡികള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള അപൂര്‍വ്വം ചിലരെങ്കിലും പുതുതലമുറയിലുണ്ട് എന്നതു നല്ല ഈണത്തിന്റെ പക്ഷത്തു നില്‍ക്കുന്നവര്‍ക്ക് ആശ്വാസമാണ്.

ആലാപനം
സംഗീത സംവിധായകന്‍ സൃഷ്ടിക്കുന്ന ഈണം പാട്ടുകാരന്റെ പ്രത്യേകതയുള്ള ശബ്ദത്തില്‍ പുറത്തു വരുമ്പോഴാണ് ശ്രോതാവില്‍ അനുഭൂതി ഉളവാകുന്നത്. സംഗീത സംവിധായകന്‍ പാടിക്കൊടുക്കുന്ന ഈണത്തിന്റെ വേലിക്കകത്തുനിന്നു പാടേണ്ടിവരുന്ന പാട്ടുകാരന്, തന്റെ ജീവിതാനുഭവങ്ങളുടേയും ജീവിത പശ്ചാത്തലത്തിന്റെയും മൂശയില്‍നിന്നു രൂപപ്പെടുത്തിയെടുക്കുന്ന സ്വന്തം സംഗീതം സൃഷ്ടിക്കാന്‍ അവസരമില്ല. അതുകൊണ്ടു നല്ലൊരു പാട്ട് ജനിക്കുന്നതിലുള്ള അയാളുടെ പങ്ക്, വ്യക്തിത്വമുള്ള തന്റെ ശബ്ദത്തിന്റെ ശ്രുതിമാധുര്യമോ ഗാംഭീര്യമോ മറ്റു പ്രത്യേകതകളോ തന്നെയായിരിക്കും. പാട്ടുകാരന്റെ ശബ്ദം ശ്രുതിമധുരമായിരിക്കണം എന്നൊന്നും അല്ല ഇവിടെ വിവക്ഷ. മറിച്ച് അനുവാചകരില്‍ എന്തോ ഒരു അനുഭവമുണ്ടാക്കുന്ന (ഇതു കൃത്യമായി നിര്‍വ്വചിക്കാന്‍ ബുദ്ധിമുട്ടുമാണ്) വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിക്കുന്ന ഒരു ശബ്ദം, പാട്ടുകാര്‍ക്കു കൊടുക്കാന്‍ കഴിയണം. കേള്‍ക്കാന്‍ ഒട്ടും സുഖം തോന്നാത്ത ശബ്ദത്തിനുടമയായിരുന്ന വിശ്രുത ഗായകന്‍ നസ്‌റത്ത് ഫത്തേ അലിഖാന്‍, പക്ഷേ, തന്റെ അനുപമമായ ആലാപനശൈലിയിലൂടെ സൃഷ്ടിച്ച സംഗീതത്തിലൂടെ–ആര്‍ക്കും അസാദ്ധ്യമെന്നു തോന്നിപ്പോകുന്ന വിധത്തില്‍ താരസ്ഥായിയിലൂടെ കയറി ഇറങ്ങുന്ന ആലാപന വൈദഗ്ദ്ധ്യത്തിലൂടെ തന്നെയാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്.    
നമ്മുടെ മനസ്സില്‍ ഒരു ഇളക്കിമറിക്കല്‍ നടത്താന്‍ കെല്പുളള ഗന്ധര്‍വ്വനാദവും വേറിട്ട ശബ്ദങ്ങളും മലയാള സിനിമാസംഗീതത്തിലുണ്ടെങ്കിലും, പക്ഷേ, അധികം പേരില്ല. തേനോലുന്ന ശബ്ദവും ആലാപന മികവും സമ്മേളിച്ച, മലയാളികളുടെ ഗന്ധര്‍വ്വഗായകനായ യേശുദാസ് തന്നെയാണ് കഴിഞ്ഞ കുറേ ദശകങ്ങളായി മലയാളി സംഗീതപ്രേമികളുടെ ആസ്വാദനത്തെ സ്വാധീനിച്ചുകൊണ്ടിരുന്നത്. ശ്രോതാക്കളുടെ മനസ്സില്‍ ഇടം പിടിച്ച ഈ പാട്ടുകാരുടെ ആലാപനത്തിലെ അല്പഭേദങ്ങളും (nuances) മറ്റു പ്രത്യേകതകളും സംഗീതപ്രേമികള്‍ക്കു തിരിച്ചറിയാന്‍ പറ്റും. എന്നാലിന്നു സിനിമാഗാനം ആലപിക്കുന്നതിനു ശബ്ദമാധുര്യമോ ശബ്ദഗാംഭീര്യമോ മറ്റു പ്രത്യേകതകളോ ഒന്നും നിര്‍ബന്ധമില്ല. ആലാപനത്തിന്റെ സാങ്കേതികമായ ചിട്ടകള്‍ പൂര്‍ണ്ണമായി പാലിച്ച്, സങ്കീര്‍ണ്ണമായ സംഗതികള്‍പോലും കൃത്യമായി പാടുന്ന ഒന്നാം തരം പുതിയ പാട്ടുകാരും പുതിയ തലമുറയില്‍ ഉണ്ടായിരിക്കാം. എന്നാല്‍, ഇവരുടെ പാട്ടുകള്‍ ശ്രോതാക്കള്‍ക്ക് ഒരനുഭവമാകുന്നുണ്ടോ എന്നു സംശയമാണ്. പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ വിസ്മയിപ്പിക്കുന്ന നൂതനസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി പാട്ടുകള്‍ ഒരു വിധത്തില്‍ വളച്ചെടുത്ത് റിക്കോര്‍ഡ് ചെയ്യുന്ന ഇന്നത്തെ സമ്പ്രദായവും പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്നതില്‍ ഒരു പങ്കു വഹിക്കുന്നുണ്ട്.
ഇന്നു ടി.വി ചാനലുകളും കംപ്യൂട്ടറുകളും വീഡിയോകളും പാട്ടുകളുടെ ആസ്വാദനരീതിയെത്തന്നെ മാറ്റി മറിച്ചുകളഞ്ഞു. മുന്‍പു പാട്ട് കേള്‍ക്കുകയാണെങ്കില്‍ ഇന്നു നാം പാട്ട് കണ്ടുകൊണ്ടു കേള്‍ക്കുകയാണ്. ഒരു പാട്ട് കേള്‍ക്കുമ്പോള്‍ അതു നമ്മുടെ മനസ്‌സിലേക്കു തുറന്നുവിടുന്ന ഭാവനയുടെ അനേകമനേകം ദൃശ്യസാദ്ധ്യതകള്‍ പക്ഷേ, ആ പാട്ട്, ദൃശ്യത്തോടൊപ്പം ടി.വിയില്‍ കേള്‍ക്കുമ്പോള്‍ ഇല്ലാതാവുകയും അപ്പോള്‍ കാണുന്ന ദൃശ്യം മാത്രം നമ്മുടെ മനസ്‌സില്‍ വരികയും ചെയ്യുമ്പോള്‍ സംഗീതശ്രവണത്തിലൂടെ ഉല്‍പ്പന്നമാകുന്ന ഭാവനയുടെ സര്‍ഗ്ഗസൃഷ്ടിതന്നെയാണ് തടയപ്പെടുന്നത്. 
ജീവിതത്തിന്റെ കഷ്ടാനുഭവങ്ങളില്‍നിന്നും അസംതൃപ്ത കാമനകളില്‍നിന്നും പ്രതീക്ഷകളുടേയും സ്വപ്‌നങ്ങളുടേയും ഭൂമികയിലേക്കു താല്‍ക്കാലികമായെങ്കിലും പാറിനടക്കാന്‍ മനസ്സിനെ പ്രേരിപ്പിക്കുന്ന ഉത്തമകലയാണ് സംഗീതം. പാട്ടുകള്‍ നമുക്ക് ഒരു അഭയമാണ്. അത്യാഗ്രഹങ്ങള്‍ കൊണ്ടുവരുന്ന നിരാശതയില്‍നിന്നും വ്യാകുലതകളില്‍നിന്നുമുള്ള മോചനം. സാങ്കേതികവിദ്യ ആധിപത്യം ചെലുത്തുന്ന ആധുനികലോകത്ത് ഉന്നത ജീവിതനിലവാരം നേടിയതുകൊണ്ട് മാത്രമായില്ല. ജീവിതത്തിന് അര്‍ത്ഥം നല്‍കാന്‍ സാഹിത്യാദികലകളും വേണം. ഇവയില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായതു സംഗീതം തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com