ഫയര്‍ബ്രാന്‍ഡ് നായകന്‍

അഭിനയം വിനായകനില്‍ ഒരു സൂക്ഷ്മപ്രവര്‍ത്തിയാണ്. 
ഫയര്‍ബ്രാന്‍ഡ് നായകന്‍

അനുഭവങ്ങളും ജീവിതപരിസരങ്ങളുമാണ് ഒരു വ്യക്തിയുടെ സാമൂഹികരാഷ്ട്രീയം രൂപപ്പെടുത്തുന്നത്. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ വിനായകന്‍ മാധ്യമങ്ങളോടു സംസാരിച്ച ഓരോ വാക്കുകളും രാഷ്ട്രീയധ്വനി നിറഞ്ഞതായിരുന്നു. സ്തുതിവാക്യങ്ങളും ക്‌ളീഷേ സാഹിത്യവും കേള്‍ക്കാനാഗ്രഹിച്ചവര്‍ക്കു മുന്നില്‍ വീടില്ലാത്ത പുറമ്പോക്കുകാരെക്കുറിച്ചു പറഞ്ഞു പുരസ്‌കാരത്തിനുപരിയായി മാറി ഈ നടന്‍. കമ്മട്ടിപ്പാടത്തെ അനുഭവപരിസരമാകാം ജീവിതത്തില്‍ അഭിനയിച്ചിട്ടില്ലാത്ത നടനെ ഇന്നത്തെ നായകനാക്കിയത്.
 
ട്രെയിനില്‍ എറണാകുളത്ത് എത്തുന്നവര്‍ ഔട്ടറില്‍ വി പിടിച്ചിടുമ്പോള്‍  ജനാലയിലൂടെ കമ്മട്ടിപ്പാടം കണ്ടിട്ടുണ്ടാകണം. എറണാകുളം നോര്‍ത്ത് – സൗത്ത്, സൗത്ത് – കോട്ടയം, കോട്ടയം – എറണാകുളം നോര്‍ത്ത് എന്നീ മൂന്നു പാതകള്‍ക്കു മധ്യത്തില്‍ ത്രികോണാകൃതിയുള്ള ഭൂമിയാണ് ഈ ദേശം. ഇടതുവശത്ത് വിനായകന്റെ വീടു കാണാം. കരിത്തലദേശം എന്നായിരുന്നു ഇന്നത്തെ കമ്മട്ടിപ്പാടത്തിന്റെ പഴയപേര്. കരിത്തലദേശത്തെ ഒരു പാടശേഖരമായിരുന്നു കമ്മട്ടിപ്പാടം. ഒരു ചെറിയ മരമാണ് കമ്മട്ടി. മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്ന പ്രദേശം കമ്മട്ടിപ്പാടമെന്നു വിളിക്കപ്പെട്ടു. ചതുപ്പും വയലും അതിരിടുന്ന കായലിന്റെ കുപ്പിക്കഴുത്തു പിന്നിട്ടാല്‍ കടലുമുള്ള ദേശമാണ് എറണാകുളം. തണ്ണീര്‍ത്തടങ്ങളും ചതുപ്പുനിലവും മണ്ണിട്ടുയര്‍ത്തി നഗരം പടുത്തുയര്‍ത്തി. നഗരം പിറന്നപ്പോള്‍ കിട്ടിയ പണത്തിനു കൊച്ചിക്കാര്‍ സ്ഥലം വിറ്റ് കോലഞ്ചേരിക്കും കോതമംഗലത്തേക്കും ജില്ലാതിര്‍ത്തികളിലേക്കും പറിച്ചുനട്ടു. വരത്തന്മാരാണല്ലോ ഇന്നത്തെ കൊച്ചിക്കാര്‍. അങ്ങനെ രൂപപ്പെട്ടതാണ് ഈ നഗരത്തിന്റെ സങ്കരസംസ്‌കാരം.    

ഒരുകാലത്ത്
തൃക്കാക്കര മുതല്‍
കൊച്ചിത്തുറമുഖം വരെയുള്ള വഴി
ഒരു നേര്‍വരപോലെ വിശ്വാസം നിറഞ്ഞതായിരുന്നു.
തുറമുഖത്തുനിന്നാല്‍
തൃക്കാക്കര വിളക്കു കാണാം
തൃക്കാക്കര വിളക്കിനോ
നീലത്തിര നമിക്കുന്നതു കാണാം.
കൊച്ചിയിലെ വൃക്ഷങ്ങളില്‍ കെ.ജി.എസ് ഈ കായല്‍നഗരത്തിന്റെ ഭൂതകാലം എഴുതിയിട്ടുണ്ട്. കലൂര്‍ ബസ്സ്റ്റാന്‍ഡ് സ്ഥിതിചെയ്യുന്നിടത്തു നിന്നാല്‍ തേവര–മട്ടുമ്മല്‍ കനാലിലൂടെ നീങ്ങുന്ന വള്ളം ഒരു കറുത്തപൊട്ടുപോലെ പഴമക്കാര്‍ കണ്ടിരുന്നു. കാണാപ്പാടുള്ള ആ ദൂരം ഇന്നു പിന്നിടാന്‍ തിരക്കില്ലെങ്കില്‍ അരമണിക്കൂര്‍ ബൈക്കോടിക്കണം. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഭൂമി ഒഴിഞ്ഞവരില്‍ ഒരാളാണ് വിനായകന്റെ അച്ഛന്‍ കുട്ടപ്പന്‍. ഇപ്പോള്‍ വീടിരിക്കുന്ന, അക്കാലം രുപറ വിത്ത് വിതയ്ക്കുന്ന ഭൂമി വാങ്ങി. തിരുമല ദേവസ്വത്തിന്റെയും ഇടത്താമരമനക്കാരുടെയും ഉടമസ്ഥതയിലായിരുന്നു കരത്തലദേശത്തെ പാടങ്ങള്‍. അതു ചക്കരക്കാരന്‍ എന്ന പ്രമാണി പാട്ടത്തിനെടുത്തു. എല്ലുമുറിയെ പണിയെടുക്കാന്‍ പുലയ സമുദായക്കാരും. ആ വയലിന്റെ അങ്ങേക്കരയില്‍, ഇളംകുളത്തായിരുന്നു സംവിധായകന്‍ രാജീവ് രവിയുടെ വീട്.
കുട്ടപ്പനും തങ്കമ്മയ്ക്കും നാലുമക്കള്‍– വിക്രമന്‍, വിജയന്‍, വിദ്യാധരന്‍, വിനായകന്‍. ദുരിതങ്ങളുടെയും വറുതിയുടെയും കാലം. വിനായകന്റെ അച്ഛന്‍ കുട്ടപ്പന്‍ പാടത്തു പണിക്കൊന്നും പോയിരുന്നില്ല. നല്ല വസ്ത്രം ധരിച്ചു കണ്ണടച്ചുതുറക്കും മുന്‍പേ ഉയര്‍ന്ന നഗരത്തിന്റെ ഭാഗമായി അദ്ദേഹം ജീവിച്ചു. നഗരത്തിലും സമീപദേശങ്ങളിലും ചെറുകിട കച്ചവടങ്ങള്‍ നടത്തി. ''52 വര്‍ഷമായി ഞാനിവിടെ വന്നിട്ട്. വിനായകന്റെ അച്ഛന് ഒരു നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. മക്കളെ ഒരു കാര്യത്തിനും കുറ്റം പറയാന്‍ പാടില്ല.” അമ്മ തങ്കമ്മ പറയുന്നു. 
ഞരമ്പില്‍ ഡാന്‍സും ഉടലില്‍ താളവും നിറഞ്ഞതായിരുന്നു വിനായകന്റെ സ്‌കൂള്‍കാലം. ഹരം ഫയര്‍ഡാന്‍സിനോട്. മൈക്കിള്‍ ജാക്‌സന്റെ സാമ്യമുള്ളതിനാല്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ജാക്‌സനായി വിനായകന്‍. വീട്ടില്‍ പാട്ടുവച്ച് ഡാന്‍സ് ചെയ്യും. സ്‌കൂളില്‍ പഠനം തീര്‍പ്പാക്കി ഡാന്‍സിലായി 'ഉപരിപഠനം’. ചിറ്റൂര്‍ റോഡിലെ വൈ.എം.സി.എയില്‍ ഡാന്‍സുമായി ചുറ്റിത്തിരിഞ്ഞ ഒരു സംഘത്തില്‍ അംഗമായി. രമണിക എന്ന ടെക്‌സ്റ്റയില്‍സ് എറണാകുളം കവിത തിയേറ്ററിനടുത്തു പ്രവര്‍ത്തിച്ചിരുന്നു. അവരുടെ വക ഡാന്‍സ്ട്രൂപ്പിനു ചില്ലറ സഹായങ്ങളും ലഭിച്ചു. മഹാരാജാസ് കോളേജില്‍ നടത്തിയ ഫയര്‍ഡാന്‍സ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പലരും ഓര്‍ക്കുന്നു. മഹാരാജാസില്‍ പഠിക്കുന്നില്ല, പക്ഷേ, പഠിക്കുന്നവരെക്കാളും കാമ്പസില്‍ വിനായകന്‍ നിറഞ്ഞുനിന്നു. രാജീവ് രവിയും അമല്‍ നീരദും അന്‍വര്‍ റഷീദും ആഷിക്ക് അബുവുമൊക്കെയടങ്ങിയ സൗഹൃദവലയത്തില്‍. ആ ബന്ധം പില്‍ക്കാലം സിനിമയില്‍ സഹായിച്ചു.
“18 വര്‍ഷം കാത്തിരിക്കേിവന്നു ഒരു പോസ്റ്ററില്‍ എന്റെ മുഖമടിച്ചുവരാന്‍, സിനിമയില്‍ ജാതിവേര്‍തിരിവുണ്ട്. മൂന്നുവര്‍ഷം മുന്‍പേ ഞാനതു തിരിച്ചറിഞ്ഞതാണ്” വിനായകന്റെ വാക്കുകള്‍ മലയാള സിനിമ പിന്തുടരുന്ന വ്യവസ്ഥയ്ക്കു പരിക്കേല്‍പ്പിക്കുന്നുണ്ട്. നമ്മുടെ താരങ്ങള്‍ക്കിടയില്‍ വിനായകനും ഉണ്ടായിരുന്നു. ക്വട്ടേഷന്‍ സംഘാംഗം, ഗുണ്ട എന്നിങ്ങനെ ചെറുകിട വേഷങ്ങളില്‍ അയാള്‍ തളയ്ക്കപ്പെട്ടു. അവര്‍ണരെ അധമരായും ഗുണ്ടകളായും ചിത്രീകരിക്കുന്ന സവര്‍ണഭാവുകത്വത്തില്‍ കഥാപാത്രങ്ങളുടെ ഗുണ്ടാജീവിതം നയിച്ച് അയാള്‍ ജീവിച്ചു. 1995–ല്‍ പുറത്തിറങ്ങിയ തമ്പി കണ്ണന്താനത്തിന്റെ മാന്ത്രികത്തില്‍ മൈക്കിള്‍ ജാക്‌സന്റെ ഡ്യൂപ്പായാണ് അഭ്രപാളിയിലെത്തിയത്.  2015–ല്‍ ഇറങ്ങിയ അമല്‍ നീരദിന്റെ ബിഗ്ബിയിലാണ് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്. ആ ചിത്രത്തിന്റെ പോസ്റ്ററില്‍ ആ തല ആദ്യമായി പതിഞ്ഞു. കമ്മട്ടിപ്പാടത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍, ഭൂമിയുടെ മേലുള്ള കീഴാളരുടെ അവകാശം, നഗരവല്‍ക്കരണം, നഗരവല്‍ക്കരണത്തില്‍ പുറത്താക്കപ്പെടുന്നവര്‍ തുടങ്ങിയ വിഷയങ്ങള്‍ ഗംഗ എന്ന കഥാപാത്രത്തിലൂടെ സിനിമ മുന്നോട്ടുവച്ചു. പുനര്‍വായനകളില്‍ കമ്മട്ടിപ്പാടം വിമര്‍ശനം നേരിടുന്നുവെങ്കിലും ഗുണ്ടയ്ക്കും ഒരു സാമൂഹികജീവിതമുണ്ടെന്നും അതിനു പിന്നില്‍ ജാതീയവും സാമൂഹികവുമായ അടിച്ചമര്‍ത്തലുകളുെണ്ടന്നും സിനിമ പറഞ്ഞുവച്ചു.
കമ്മട്ടിപ്പാടത്തില്‍ ഗംഗയാകാനായി എടുത്ത എഫേര്‍ട്ടുല്ലോ, അതാണ് വിനായകന്‍ എന്ന നടനെന്ന് രാജീവ്  രവി പറയുന്നു. “കമ്മട്ടിപ്പാടത്തിന്റെ കഥ ആലോചിക്കുമ്പോളൊന്നും വിനായകന്‍ മനസ്സിലുണ്ടായിരുന്നില്ല. കഥാപാത്രങ്ങളുടെ എക്‌സിക്യൂഷന്‍ ടൈമില്‍ വിനായകനിലേക്ക് എത്തിച്ചേരുകയായിരുന്നു. കഥാപാത്രങ്ങള്‍ക്കുവേണ്ടി വെളുത്തവരെ നിറമടിച്ചു കറുത്തവരാക്കാന്‍ കഴിയില്ല. കഥാപാത്രങ്ങളുടെ സവിശേഷത ഉള്‍ക്കൊണ്ട് നടന്മാരെ കണ്ടെത്തണം. എന്നാല്‍ മലയാള സിനിമാചരിത്രം അങ്ങനെയല്ല. കമ്മട്ടിപ്പാടത്തില്‍ പുലയര്‍ എന്നു പറയുന്നതുപോലും സെന്‍സര്‍ ചെയ്യപ്പെട്ടു. ഒരുപക്ഷേ, സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ കുറ്റബോധം കൊണ്ടാകാം പുലയസമുദായത്തെ അഡ്രസുചെയ്യാന്‍ മടിച്ചത്. അല്ലെങ്കില്‍ ശുദ്ധ വിവരക്കേട്”– രാജീവ് രവി തുടര്‍ന്നു. 
വെളുത്തനിറമുള്ള നടിയെ മേക്കപ്പിട്ടു കറുത്തവളാക്കിയാണ് റോസി എന്ന കഥാപാത്രത്തോട് സെല്ലുലോയ്ഡില്‍ സംവിധായകന്‍ കമല്‍ 'നീതി’ പുലര്‍ത്തിയത്. മലയാള സിനിമ അങ്ങനെയാണ്. കുലീനതയുടെയും തറവാടിത്തഘോഷണങ്ങളുടെയും തൊലിവെളുപ്പിന്റെയും സൗന്ദര്യശാസ്ത്രമാണ് ശീലം. വരിക്കാശേ്ശരി മനയില്‍ നിന്നു കൊച്ചിയിലേക്കു സിനിമ മാറിയിട്ടും കറുത്തു തടിച്ചവളെ പ്രേമിച്ചവന്റെ കരണം പൊളിക്കുന്ന ആക്ഷന്‍ ഹീറോ ബിജുവിനും കയ്യടികള്‍ കിട്ടുന്നുണ്ട്. ഫാന്‍ട്രിയും സെയ്‌റാത്തും കോര്‍ട്ടും വിസാരണൈയും കാക്കമുട്ടൈയും പോലെയുള്ള അയല്‍ദേശസിനിമകള്‍ അരികുജീവിതപരിസരം ആവിഷ്‌കരിച്ചു ഭാവുകത്വത്തിനു പരിക്കേല്‍പ്പിക്കുമ്പോഴും 'ഓള് ഉമ്മച്ചിക്കുട്ടിയാണേല്‍ ഞാന്‍ നായരാടാ’ എന്നു ചിണുങ്ങുന്ന നായകനുള്ള 'മതേതര’ ന്യൂജനറേഷന്‍ പൈങ്കിളികളും ഇവിടെ കളിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിനായകന്റെ പുരസ്‌കാരം ചരിത്രപരമായ നേടിയെടുക്കല്‍ കൂടിയാകുന്നു. പ്രത്യേകിച്ചും നിറത്തിന്റെയും കുലമഹിമയുടെയും രാഷ്ര്ടീയച്ചായ്‌വിന്റെയും ജാതിവാല്‍ച്ചുരുളിന്റെയും പിന്തുണയില്ലാതെ വിശേഷാധികാരമുള്ള ഒരു ഇടത്തുനിന്നു പ്രതിഭകൊണ്ട് നേടുന്ന അംഗീകാരം അങ്ങനെയേ വിലയിരുത്താന്‍ കഴിയൂ. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്ന അസ്ഥാനത്തു പ്രയോഗിച്ച് അര്‍ത്ഥം തേഞ്ഞ വാക്യത്തിന് ഇങ്ങനെ ചില സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ ധ്വനി ഉാകാറുണ്ട്.  
നിറത്തില്‍ കലാഭവന്‍ മണിയാണ് വിനായകന്റെ പൂര്‍വ്വികന്‍. ബ്‌ളാക്ക് ആന്റ് വൈറ്റ് കാലത്ത് സത്യന്‍ ഉണ്ടായിരുന്നു. അതു കറുപ്പിന്റെയും വെളുപ്പിന്റെയും മാത്രം കാലം. നിറങ്ങളുടെ സൂക്ഷ്മാര്‍ത്ഥങ്ങളിലേക്ക് ഒരു കാണി കടന്നുചെല്ലാതിരുന്നിട്ടും സത്യന്റെ നാടാര്‍സ്വത്വം അക്കാലത്തെ ചര്‍ച്ചയായിരുന്നു. കലാഭവന്‍ മണിക്കു തട്ടുപൊളിപ്പന്‍ വേഷങ്ങള്‍ ലഭിക്കുമ്പോഴും വിനായകന്‍ മാറ്റിനിറുത്തപ്പെട്ടിരുന്നു. അഭിനയത്തിലും നാടന്‍പാട്ടിലുമുള്ള മണിയുടെ പ്രതിഭ അദ്ദേഹത്തെ മരണംവരെ അനിഷേധ്യനാക്കി. എന്നിട്ടും ഒരു സംസ്ഥാന പുരസ്‌കാരത്തിന്റെ സമീപത്തു നിന്ന് മണി ഒഴിവാക്കപ്പെട്ടു. അര്‍ഹിക്കാത്തത് എന്തോ ആഗ്രഹിച്ചുവെന്ന മട്ടിലായിരുന്നു അക്കാലത്ത് മണിക്കു നേരെ ഉയര്‍ന്ന പരിഹാസം. മലയാളത്തില്‍ അവസരം കുറഞ്ഞപ്പോള്‍ അയല്‍ഭാഷകള്‍ അദ്ദേഹത്തെ സ്വീകരിച്ചു. അന്‍വര്‍ റഷീദിന്റെ 'ഛോട്ടാമുംബൈ’, അമല്‍ നീരദിന്റെ 'ബാച്ചിലര്‍ പാര്‍ട്ടി’ എന്നീ സിനിമകളില്‍ കലാഭവന്‍ മണിയും വിനായകനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. സാധാരണ സിനിമകളേക്കാള്‍ ശക്തമായ വേഷങ്ങളായിരുന്നു മണിക്കു മേല്‍പ്പറഞ്ഞ ചിത്രങ്ങളില്‍. ഫ്യൂഡല്‍ബോധത്തില്‍ ചുറ്റിത്തിരിഞ്ഞ മലയാള കൊമേഴ്‌സ്യല്‍ സിനിമയെ വഴിതിരിച്ചുവിട്ടതില്‍ രാജീവ് രവിക്കും അമല്‍ നീരദിനും അന്‍വര്‍ റഷീദിനുമുള്ള പങ്ക് മറക്കാനാകില്ല. ഇവരുടെ സിനിമകളിലൂടെയായിരുന്നു വിനായകന്‍ സിനിമയില്‍ അടയാളപ്പെട്ടത്. ഈ വഴി ആയിരുന്നില്ല കലാഭവന്‍ മണിയുടേത്. ഛോട്ടാ മുംബൈയിലും ബാച്ചിലര്‍ പാര്‍ട്ടിയിലും ചെയ്ത വേഷങ്ങള്‍ എടുത്താല്‍, സിനിമയറിയുന്ന സംവിധായകരുടെ ചിത്രങ്ങളില്‍ അദ്ഭുതങ്ങള്‍ കാണിക്കാനുള്ള ശേഷി കലാഭവന്‍ മണിക്ക് ഉണ്ടായിരുന്നുവെന്നു മനസ്സിലാക്കാം.      
അഭിനയം വിനായകനില്‍ ഒരു സൂക്ഷ്മപ്രവൃത്തിയാണ്. നമുക്കുള്ളവരിലേറെ മുഖം കൊണ്ടുമാത്രം അഭിനയിക്കുന്ന നടന്മാര്‍. ചിലര്‍ക്ക്, ചില സംവിധായകരുടെ ചിത്രങ്ങളിലേ അഭിനയത്തിന്റെ 'കെമിസ്ട്രി’ രൂപപ്പെടുകയുള്ളൂ.  എന്നാല്‍, അഭിനയം ഒരു ഗോത്രനൃത്തം കണക്കെ ഉടല്‍മുഴുക്കെയാടേ ഒരു കലയെന്ന നടനസ്വത്വം വിനായകനിലുണ്ട്. മണ്ണില്‍നിന്നു തെറിച്ചാണ് വിനായകകഥാപാത്രങ്ങളുടെ നില്‍പ്പ്. സംഭാഷണത്തിലും ഒരു തിളനിലയുണ്ട്. കമ്മട്ടിപ്പാടത്തില്‍നിന്നുതന്നെ അനേകം ഉദാഹരണങ്ങള്‍ എടുത്തെഴുതാനാകും. ഇങ്ങനെ, അഭിനയത്തിന്റെ ഊര്‍ജവാഹകരായി നമുക്കെത്ര നടന്മാരുണ്ട്്?
ഫേസ്ബുക്ക് ഗ്രൂപ്പായ സിനിമ പാരഡിസോയുടെ 2016–ലെ മികച്ച നടനുള്ള അവാര്‍ഡ് വിനായകനു ലഭിക്കുമോയെന്ന ചര്‍ച്ച സജീവമായിരുന്നു. അവാര്‍ഡ് വിനായകനു  ലഭിച്ചു. വേദിയില്‍ ആ പതക്കവും കൈയിലുയര്‍ത്തി ചലിക്കുന്ന വിനായകന്റെ ഹ്രസ്വവീഡിയോ ജിഫ് ഫയലായി ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പ്രചരിച്ചു. അതു ലക്ഷങ്ങള്‍ ഷെയര്‍ ചെയ്തുകണ്ടു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പ്രഖ്യാപനത്തിനു മുന്‍പും അവാര്‍ഡ് ആര്‍ക്കാകുമെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായി. അവാര്‍ഡിനു മത്സരിക്കുന്ന 'പ്രമുഖ’ നടന്മാരുമായി ബന്ധപ്പെട്ട് അനേകം ട്രോളുകളും പ്രചരിച്ചു. പ്രഖ്യാപന ദിനം വൈകിട്ട് കമ്മട്ടിപ്പാടം റെയില്‍വേലൈനിനു സമീപം ചാനലുകാര്‍ തമ്പടിച്ചു. പ്രഖ്യാപനത്തോടെ ക്യാമറകള്‍ വിനായകന്റെ വീട്ടിലേക്കു ഇരച്ചെത്തി.
അവാര്‍ഡിന്റെ മോടിയില്‍ വീഴാതെ അദ്ദേഹം ക്യാമറയ്ക്കു മുന്നിലെത്തി.
ചാനലുകാര്‍: അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാമോ?
വിനായകന്‍: അത് നടക്കൂല, ജീവിതത്തില്‍ അഭിനയിക്കില്ല. അഭിനയിക്കാന്‍ പറയരുത്, പ്‌ളീസ്.   
   “വിനായകന് അവാര്‍ഡ് കൊടുക്കാനുള്ള തീരുമാനം വൈകാരികമായിരുന്നു. ഇത്രമേല്‍ എനര്‍ജി പ്രസരിപ്പിക്കുന്ന ഒരു നടനും ഇത്തവണ മത്സരിക്കാന്‍ ഉണ്ടായിരുന്നില്ല. സാധാരണ നാടകത്തിലാണ് എനര്‍ജി ബ്രീത്ത് ചെയ്യുന്ന നടന്മാരുള്ളത്. മികച്ച നടനുള്ള അവാര്‍ഡ് ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ഗംഗ ക്യാരക്ടര്‍ എന്ന് ജൂറി അധ്യക്ഷന്‍ എ.കെ. ബിര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഉണ്ടായില്ല. കാരണം അധ്യക്ഷന് മലയാളം അറിയില്ലല്ലോ. രാഷ്ര്ടീയസ്വാധീനവും ഉണ്ടായില്ല. വിനായകന്റെ മുന്‍പുള്ള സിനിമകളില്‍ അഭിനയത്തിന്റെ സാധ്യതകള്‍ കുറവായിരുന്നു. കഥാപാത്രങ്ങളുടെ ആഴവും. എന്നാല്‍ കമ്മട്ടിപ്പാടത്തില്‍ വിനായകന്‍ മതിലിലിരുന്ന് കൃഷ്ണാ, ഞാന്‍ ഗംഗയാടാ...വെറുതെ വിളിച്ചതാടാ...എന്ന ഒറ്റ ഡയലോഗില്‍ അയാള്‍ ഹൃദയമുള്ള ഒരു നടനായി മാറി”– പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ചലച്ചിത്ര അവാര്‍ഡ് ജൂറിയംഗം പറഞ്ഞു.
പത്രപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ സെലക്ടീവാകുമോ എന്ന സാധാരണ ചോദ്യം ഉയര്‍ന്നു. സെലക്ടീവാകാന്‍ എനിക്ക് അധികം വേഷങ്ങളില്ലെന്നായിരുന്നു വിനായകന്റെ അസാധാരണമായ മറുപടി. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനിച്ച മലയാളികളും സിനിമാസമൂഹവും അദ്ദേഹത്തിന്റെ അഭിനയശേഷി തിരിച്ചറിയാതെ നാടുകടത്തിയെന്നു വിഷാദക്കുറിപ്പുകളെഴുതി. മലയാളത്തില്‍ അവസരം കുറഞ്ഞപ്പോള്‍ മണി അന്യഭാഷാ സിനിമകളില്‍ സജീവമായി. അയല്‍നാട്ടില്‍ സ്വീകാര്യനായപ്പോഴും അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന, ഫ്യൂഡല്‍ ഭാവുകത്വത്തിനു നേരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കു നേരെ (തിലകന്‍, സലിംകുമാര്‍...) മലയാള സിനിമക്കാര്‍ വാളും ചുരികയും വിശിക്കൊേണ്ടയിരുന്നു. അവാര്‍ഡ് ലഭിച്ചപ്പോള്‍ തുറന്നു സംസാരിച്ചവരെ മൂലയ്ക്കിരുത്തിയവരാണ് സിനിമാക്കാര്‍. സലിംകുമാറാണെ സത്യം! തല്‍ക്കാലത്തേക്കു അതൊക്കെ മറക്കാം, വിനായകനിലേക്കു തിരിച്ചുവരാം. വിനായകന്‍ ഇവിടെത്തന്നെയുണ്ട്. മികച്ച റോളുകളുടെ അഭാവമേ അദ്ദേഹം നേരിടുന്നുള്ളൂ. ആഴമുള്ള റോളുകള്‍ വിനായകനെ തേടിവന്നില്ലെങ്കിലും അദ്ദേഹം ഇവിടെ നിലനില്‍ക്കും. പക്ഷേ, നഷ്ടം മലയാളസിനിമയ്ക്കാണ്. നല്ല സിനിമകളെ പിന്തുടരുന്നവര്‍ക്കാണ്. അതു തിരിച്ചറിയാനുള്ള വിവേകം സിനിമക്കാര്‍ക്കുണ്ടാകുമോ? മലയാളത്തില്‍ അവസരം കുറഞ്ഞാല്‍ വിനായകന് ഇടം ലഭിക്കുന്നതു ചിലപ്പോള്‍ ബോളിവുഡിലാകാം. അതുമല്ലെങ്കില്‍ ഹോളിവുഡിലുമാകാം. അമല്‍നീരദിന്റെ അഭിപ്രായപ്രകാരം ക്യാമറയിലൂടെ നോക്കുമ്പോള്‍ ഇന്റര്‍നാഷണല്‍ ലുക്കുള്ള നടനാണ് വിനായകന്‍. 
ഭൂമിയില്‍ വേരുറച്ച പുല്ലുകള്‍ക്ക് ആകാശം അകലെയൊന്നുമല്ലല്ലോ?*

(*പി.കെ. വേലായുധന്റെ കവിതയില്‍ നിന്നുള്ള വരികള്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com