മലയാളിയല്ല, ഏറ്റവും വലിയ കുടിയന്‍

മലയാളിയുടെ മദ്യാസക്തിയെക്കുറിച്ചു പ്രചരിക്കുന്ന കഥകളിലെ നെല്ലും പതിരും തിരിച്ചെടുക്കുമ്പോള്‍ ലഭിക്കുന്നതു പ്രചരിച്ചിരുന്നതില്‍നിന്നു വിരുദ്ധമായ കഥകളാണ്    
മലയാളിയല്ല, ഏറ്റവും വലിയ കുടിയന്‍

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി, കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നാണ് മലയാളിയുടെ മദ്യപാനശീലം. കള്ളും ചാരായവും വാറ്റുചാരായവും ഒടുവില്‍ വിദേശമദ്യത്തില്‍ എത്തിനില്‍ക്കുകയാണ് മലയാളിയുടെ മദ്യശീലം. അതില്‍ത്തന്നെ കേരളം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്ത വിഷയമായിരുന്നു സര്‍ക്കാരിന്റെ മദ്യനയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുശേഷം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടന്‍ തന്നെയും നിലവിലുള്ള മദ്യനയം കാലോചിതമായി പരിഷ്‌കരിക്കുമെന്നും മദ്യനിരോധനമില്ല, മദ്യവര്‍ജ്ജനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടെന്നും പറയുകയും ചെയ്തു. ആദ്യ നിയമസഭാ സമ്മേളനത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ത്തന്നെ ഇത് അസന്ദിഗ്ദ്ധമായി പറയുകയും ചെയ്തു. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും തന്റെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. 

കേരളത്തിലെ ടൂറിസം വ്യവസായതെ മദ്യനിരോധനം ശരിക്കും ബാധിച്ചു എന്നു കഴിഞ്ഞ സര്‍ക്കാരിന്റെ പ്‌ളാനിങ് ബോര്‍ഡ് നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടൂറിസം വകുപ്പു നടത്തിയ പഠനത്തിലും ശരിവച്ചു. ഏറ്റവും ഒടുവിലായി വിനോദസഞ്ചാര വ്യവസായത്തിന്റെ ചിറകിലേറി പുതിയ മദ്യനയത്തില്‍ സമൂലമായ മാറ്റത്തിന് ഇടതുപക്ഷ ജനാധിപത്യമുന്നണിയും പിണറായി സര്‍ക്കാരും തയ്യാറാകുന്നു എന്നു വാര്‍ത്തകള്‍ വരുന്നു. നിലവിലെ സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് മുന്നണി ഔദ്യോഗികമായി വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍, മുന്നണിയിലെ മുഖ്യ ഘടകകക്ഷികളായ സി.പി.ഐ.എം., സി.പി.ഐ എന്നിവയും മന്ത്രിസഭയിലെ പ്രമുഖരായ ഡോ. തോമസ് ഐസക്, എ.സി. മൊയ്തീന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരും മദ്യനയം മാറ്റണം എന്ന മട്ടില്‍ പ്രതികരിച്ചു കഴിഞ്ഞു. ഒടുവില്‍ ഇടതുപക്ഷ മുന്നണി വരും ദിവസങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഏപ്രില്‍ ഒന്നിനു മദ്യനയം പ്രഖ്യാപിക്കുമെന്നും പറഞ്ഞുകഴിഞ്ഞു. 

നിലവിലിരുന്ന 740 ബാറുകള്‍ ഒരു സുപ്രഭാതത്തില്‍ അടച്ചുപൂട്ടാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍, അതിലെ സാംഗത്യം പലരും ചോദ്യം ചെയ്തിരുന്നു. എന്നാല്‍, മദ്യനിരോധനത്തിലെ വോട്ട് ബാങ്ക് രാഷ്ര്ടീയവും കോണ്‍ഗ്രസ്സിലെ മൂപ്പിളമ തര്‍ക്കവും മാത്രമായിരുന്നു ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്നു പിന്നീട് ഉണ്ടായ സംഭവവികാസങ്ങളും പ്രതികരണങ്ങളും വഴി തെളിഞ്ഞു. മദ്യനയം വോട്ടില്‍ യു.ഡി.എഫിന് ഒരു സഹായവും ചെയ്തില്ലെന്നു തെരഞ്ഞെടുപ്പു ഫലവും തെളിയിച്ചു.

യഥാര്‍ത്ഥത്തില്‍ 740 ബാറുകള്‍ പൂട്ടിയിരുന്നില്ല. അവിടെ നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ എക്‌സൈസ് വകുപ്പു കൊടുത്തിരുന്ന, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍ക്കാനുള്ള  ലൈസന്‍സ് മാറ്റി ബിയറും വൈനും മാത്രം കൊടുക്കാനുള്ള ലൈസന്‍സ് ആക്കി കച്ചവടം തുടരാന്‍ അനുവദിച്ചു. മദ്യനിരോധനത്തിനുശേഷം മദ്യവില്‍പ്പന കൂടുകയാണ് ചെയ്തതെന്ന്, ഈയിടെ പുറത്തുവന്ന സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഈ അവസരത്തില്‍ ചില കണക്കുകള്‍ പരിശോധിച്ചാല്‍ മലയാളിയുടെ മദ്യാസക്തിയെക്കുറിച്ചുള്ള പൊതുബോധ്യത്തിനു വിരുദ്ധമായ വസ്തുതകള്‍ തെളിഞ്ഞുവരും. 

ഉപഭോഗ 
കണക്കുകള്‍

മദ്യനിരോധനവും മദ്യവര്‍ജ്ജനവും മദ്യവ്യാപനവും മദ്യാസക്തിയുമായി ബന്ധപ്പെട്ട ഏതു വിഷയം വന്നാലും എല്ലാവരും കണ്ണടച്ചു പറയുന്ന കാര്യമാണ് ഇന്ത്യയിലെ ഏറ്റവും വലിയ കുടിയന്മാര്‍ മലയാളികളാണെന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വകുപ്പുകളുടേയോ പൊതുമേഖല സ്ഥാപനങ്ങളുടേയോ കണക്കുകളാണ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആധികാരികത ഉറപ്പുവരുത്താനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാര്‍ഗ്ഗം. ആധികാരികതയും അതിനാണ്. 

അങ്ങനെ ആണെങ്കില്‍ ഇതിന് അവലംബിക്കാന്‍ നമ്മുടെ മുന്നിലുള്ള ഏറ്റവും സമഗ്രമായ  പഠനറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ (NSSO) എന്ന സ്ഥാപനമാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി, വിവിധ തരത്തിലുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോഗത്തെ സംബന്ധിച്ച ദേശീയ സര്‍വ്വേ നടത്തിയപ്പോള്‍ കിട്ടിയ കണക്കുകള്‍ ഒരു ദേശീയ മാധ്യമം മാത്രമാണ് വേണ്ടരീതിയില്‍ കൈകാര്യം ചെയ്തത്. നമ്മുടെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഒന്നും ഇതു ചര്‍ച്ചയാക്കിയതേ ഇല്ല. നാടന്‍ കള്ള്, ചാരായം, ബിയര്‍, വൈന്‍, ലഹരി കൂടിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങള്‍, ബീഡി, സിഗരറ്റുകള്‍, പാന്‍ തുടങ്ങി എല്ലാവിധ ലഹരിപദാര്‍ത്ഥങ്ങളെയും കുറിച്ചുള്ള ആ പഠനറിപ്പോര്‍ട്ട് ഇതുവരെ പരിശോധിക്കാന്‍ ഉത്തരവാദപ്പെട്ട മുഖ്യധാരാ മാധ്യമങ്ങളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ രാഷ്ര്ടീയ നേതാക്കളോ സാമൂഹ്യ-സാംസ്‌കാരിക നായകരോ തയ്യാറായിട്ടില്ല.

ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ ഒരാള്‍ ഒരാഴ്ച കഴിക്കുന്ന മദ്യത്തിന്റെ ശരാശരി അളവ് 220 മില്ലി ലിറ്ററും വാര്‍ഷിക ഉപഭോഗം 11.4 ലിറ്ററുമാണ്. കള്ളാണ് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ലഹരി എങ്കില്‍ നാടന്‍ വാറ്റ്ചാരായമാണ് തൊട്ടടുത്തു നില്‍ക്കുന്നത്. എന്നാല്‍, നഗരത്തിലെ ഒരാള്‍ കഴിക്കുന്ന മദ്യത്തിന്റെ അളവ് ആഴ്ചയില്‍ 96 മില്ലിലിറ്ററും വാര്‍ഷിക ഉപഭോഗം അഞ്ചു ലിറ്ററുമായാണ് കണക്കാക്കിയിരിക്കുന്നത്. നഗരങ്ങളില്‍ ചാരായവും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമാണ് കൂടുതല്‍ പ്രിയം.

അങ്ങനെ ആണെങ്കില്‍ ഇന്ത്യയിലെ ഏതു സംസ്ഥാനമായിരിക്കും ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത്. കള്ളും ചാരായവും ഉപയോഗിക്കുന്നവരുടെ മുന്‍പന്തിയില്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ ആയ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും അരുണാചല്‍ പ്രദേശുമാണ്. വലിയ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്, തെലങ്കാന, ആസ്സാം, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ മുന്നിലാണ്. കേരളത്തിന്റെ സ്ഥാനം അയല്‍സംസ്ഥാനമായ കര്‍ണാടകയ്ക്ക് ഒപ്പം ഏഴാം സ്ഥാനത്താണ്.

ബിയറും വൈനും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും കഴിക്കുന്നവരിലും കേന്ദ്രഭരണ പ്രദേശങ്ങള്‍ ആയ ദാമന്‍ ആന്‍ഡ് ദിയു, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, അരുണാചല്‍ പ്രദേശ്, സിക്കിം, പുതുച്ചേരി എന്നിവ ഒന്നാം സ്ഥാനം തുല്യമായി പങ്കിടുമ്പോള്‍ രണ്ടാമത്തെ സ്ഥാനത്തിനായുള്ള മത്സരം ഗോവയും ആന്ധ്രാപ്രദേശും തെലങ്കാനയും ആണ്. മൂന്നാം സ്ഥാനത്തിനായി നമ്മുടെ കൊച്ചുകേരളം അയല്‍സംസ്ഥാനമായ കര്‍ണാടകയ്ക്ക് ഒപ്പമുണ്ട്. ഇനി എല്ലാത്തരം മദ്യങ്ങളും ഉപയോഗിക്കുന്നവരുടെ ശരാശരി കണക്ക് എടുത്താല്‍ ആന്ധ്രയും തെലങ്കാനയും തന്നെയാണു മുന്നില്‍. ഒരാഴ്ച ഒരു വ്യക്തിയുടെ ശരാശരി ഉപയോഗം 665 മില്ലിലിറ്റര്‍ ആണ്. വാര്‍ഷിക ഉപഭോഗം ഏകദേശം 34.5 ലിറ്ററും ആണ്. എന്നാല്‍, കേരളത്തിലോ ശരാശരി മലയാളി കഴിക്കുന്ന മദ്യത്തിന്റെ അളവ് ആഴ്ചയില്‍ 196 മില്ലിലിറ്ററും വര്‍ഷത്തില്‍ 10.2 ലിറ്ററും ആണെന്നിരിക്കെ എന്തിനാണ് നാമിത്രയും അപമാനിതരായത്. 
ഇനി വേറൊരു കണക്കു കൂടി നോക്കാം. കേരളത്തില്‍ എത്ര കുടിയന്മാരുണ്ട്? മദ്യം ഇടയ്‌ക്കൊക്കെ ഉപയോഗിക്കുന്നവര്‍ എത്ര പേരുണ്ട്? അമിത മദ്യാസക്തി ഉള്ളവര്‍ എത്ര പേരുണ്ട്? 

സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഒരിക്കലെങ്കിലും മദ്യം ഉപയോഗിച്ചവരായുള്ളത് 45 ലക്ഷം പേരാണ്. അവരില്‍ സ്ഥിരം മദ്യം ഉപയോഗിക്കുന്നവര്‍ 32 ലക്ഷം പേരാണ്. അവരില്‍ത്തന്നെ നിരന്തരം മദ്യം ഉപയോഗിക്കുന്നവര്‍ 20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയ്ക്കാണ്. അമിത മദ്യാസക്തി ഉള്ളവര്‍ വെറും അഞ്ചു ലക്ഷത്തില്‍ താഴെ ആളുകളും. അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഏകദേശം 12 ലക്ഷം ആളുകളാണ് ഒരു ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി മദ്യം വാങ്ങുന്നത്. അവരില്‍ 70 ശതമാനവും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവരും പകുതിയോളം പേര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ആണെന്നുമാണ് അതിലെ വിവരം. 

മലയാളിയുടെ അമിത മദ്യാസക്തി കൂടിയിട്ട് ഏകദേശം പത്തു വര്‍ഷത്തോളം ആകുന്നു എന്നു മദ്യത്തെ സ്‌നേഹിക്കുന്നവരും എതിര്‍ക്കുന്നവരും ഒരേപോലെ സമ്മതിക്കും. എന്തായിരുന്നു കേരളത്തില്‍ ജീവിക്കുന്ന മലയാളിയുടെ പെട്ടെന്നുള്ള ഈ സാമൂഹിക മാറ്റത്തിനു കാരണം. അവിടെയാണ് ഈ കണക്കുകളുടെ എല്ലാം ഉള്ളുകള്ളി വെളിച്ചത്താവുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് അഥവാ CDS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗവേഷണ സ്ഥാപനം അടുത്തിടെ ഇറക്കിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിലവില്‍ 28 ലക്ഷം മുതല്‍ 30 ലക്ഷം വരെ അന്യഭാഷാ തൊഴിലാളികള്‍ ജോലിചെയ്യുന്നു. അവരില്‍ മൂന്നില്‍ രണ്ടു പേരും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവരാണ്. അതായത് ഏകദേശം 19 മുതല്‍ 20 ലക്ഷം വരെ അന്യഭാഷാ തൊഴിലാളികളും മദ്യം ഉപഭോഗവസ്തുവായി കരുതുന്നവരാണ്. 

അങ്ങനെ ആണെങ്കില്‍ യഥാര്‍ത്ഥത്തില്‍ വെറും പതിനഞ്ചു ലക്ഷത്തില്‍ താഴെ മാത്രം  മലയാളികളാണ് മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആണ് കേരളത്തിലെ തൊഴില്‍മേഖലയിലേക്ക് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ വന്നെത്തിയത്. കേരളത്തിലെ ഈ മദ്യ ഉപഭോഗത്തെ സാധൂകരിക്കുന്ന ഒരു കണക്കുകൂടി ലഭ്യമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കപ്പെടുന്ന സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പനശാലകളില്‍ കൂടുതല്‍ ഷോപ്പുകളും ചാലക്കുടി, പെരുമ്പാവൂര്‍, മുവാറ്റുപുഴ, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളിലാണ്. എല്ലായിടവും അന്യഭാഷാ തൊഴിലാളികളുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളാണ്. 

മദ്യനിരോധനവും ടൂറിസവും 
മയക്കുമരുന്നും 

ഇന്ന് ഏകദേശം 1 ലക്ഷം കോടി മുതല്‍ മുടക്കും 10 ലക്ഷം പേര്‍ നേരിട്ടും മറ്റൊരു 15 ലക്ഷം പേര്‍ പരോക്ഷമായും ജോലിചെയ്യുന്ന കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനതിന്റെ 11 ശതമാനത്തോളം നേടിത്തരുന്ന മേഖലയായി ടൂറിസം രംഗം വളര്‍ന്നുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 26689.63 കോടി രൂപയാണ് 2015-ല്‍ കേരളം ടൂറിസം വഴി നേടിയത്. അതില്‍ 6,949.88 കോടി രൂപ വിദേശനാണയയിനത്തില്‍ ഉള്ള വരുമാനമാണ്.

1,16,95,411 സ്വദേശ സഞ്ചാരികളും 9,77,479 വിദേശ വിനോദസഞ്ചാരികളും കഴിഞ്ഞ വര്‍ഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകള്‍ കാണാനെത്തി. 2005 മുതല്‍ 2020 വരെ കേരളത്തിന്റെ ഈ രംഗത്തുള്ള വളര്‍ച്ചയുടെ തോത് 10 മുതല്‍ 12 ശതമാനം വരെ ആയിരിക്കുമെന്നാണ് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ വിലയിരുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം വരെ ആ വളര്‍ച്ചാനിരക്കില്‍ വലിയ വ്യത്യാസമില്ലാതെ മുന്നേറുകയും ചെയ്തു. പക്ഷേ, 740 ബാറുകള്‍ പൂട്ടിയതു മൂലം കേരളത്തിലെ ടൂറിസം രംഗം അതിന്റെ ഏറ്റവും വലിയ തളര്‍ച്ച നേരിട്ടു. കഴിഞ്ഞ വര്‍ഷം ടൂറിസം രംഗത്തുണ്ടായ വളര്‍ച്ചാനിരക്ക് 6.59 ശതമാനത്തിലേക്കു മൂക്കു കുത്തി. ഇതിനു പ്രധാന കാരണം കേരളത്തിലെ മൊത്തം ടൂറിസം വരുമാനത്തിന്റെ ഏകദേശം 25 ശതമാനം വരുന്നതു വിവിധ ഹോട്ടലുകളില്‍ നടക്കുന്ന മീറ്റിംഗ്, കണ്‍വെന്‍ഷന്‍, ഗ്രൂപ്പ് ടൂര്‍, എക്‌സിബിഷന്‍ എന്നിവയ്ക്കായി വരുന്ന ബിസിനസ് ട്രാവലര്‍, കോര്‍പ്പറേറ്റ് മേധാവികള്‍ എന്നിവരിലൂടെയാണ്. പകല്‍ മുഴുവന്‍ മീറ്റിംഗ്, ചര്‍ച്ചകള്‍ എന്നിവയ്ക്കുശേഷം രാത്രികളില്‍ ഭൂരിപക്ഷം പേരും ഭക്ഷണത്തോടൊപ്പം മദ്യം ആവശ്യപ്പെടും. പ്രത്യേകിച്ചും മുംബൈ, ഡല്‍ഹി, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വരുന്നവര്‍. ബാര്‍ ഹോട്ടല്‍ അടച്ചപ്പോള്‍ ഈ ബിസിനസ് മുഴുവന്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കും പോയി. അതുവഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോവളം, കൊച്ചി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടല്‍ റിസോര്‍ട്ടുകള്‍ക്ക് ഉണ്ടായ നഷ്ടം മാത്രം 1000 കോടി രൂപയില്‍ അധികം വരും.  

വിദേശ ടൂറിസ്റ്റുകളെ ഈ നിയന്ത്രണം കാര്യമായി ബാധിച്ചില്ല. കാരണം അവര്‍ ബിയര്‍, വൈന്‍ എന്നിവകൊണ്ടു തൃപ്തരാണ്. എന്നാല്‍ ആഭ്യന്തര ടൂറിസം രംഗത്തെ അതു വലിയ തോതില്‍ ബാധിച്ചു. കേരളത്തില്‍ മദ്യം തന്നെ കിട്ടില്ല എന്ന പ്രചരണം ഉത്തരേന്ത്യയില്‍നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിനു തടസ്സമായി. വാസ്തവത്തില്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഉണ്ടായിരുന്നില്ല. നല്ല നിലയില്‍ ടൂറിസം ആവശ്യത്തിനുമാത്രം പ്രവര്‍ത്തിച്ചിരുന്ന ത്രീസ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഡീലക്‌സ് വരെയുള്ള സകല ഹോട്ടല്‍ റിസോര്‍ട്ട് ബാറുകളും മോശം നിലയില്‍ കച്ചവടം നടത്തിയിരുന്ന ബാറുകളുടെ കൂട്ടത്തില്‍ അടച്ചു പൂട്ടി. അതേസമയം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റ് വഴി കേരളം മുഴുവന്‍ മദ്യം ഒഴുക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. പക്ഷേ, കേരളത്തിനു പുറത്തെ തെറ്റായ രീതിയുള്ള വ്യാപക പ്രചാരണം കേരളം മൊത്തത്തില്‍ മദ്യനിരോധിത സംസ്ഥാനമാണെന്ന വ്യാജ പ്രതീതി സൃഷ്ടിച്ചു. 

കേരളത്തില്‍ മദ്യനിരോധനം എന്ന പേരില്‍ ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ സംഭവിച്ചത് എന്താണെന്നു പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇവിടെ മദ്യ ഉപഭോഗം കുറയുകയല്ല ചെയ്തത്. അതു പതിന്മടങ്ങ് കൂടുകയാണ് ഉണ്ടായത്. വീര്യം കൂടിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങളുടെ വില്‍പ്പനയില്‍ 2015–16 സാമ്പത്തിക വര്‍ഷത്തില്‍ ഒന്‍പതു ശതമാനം മാത്രം കുറവുണ്ടായപ്പോള്‍ ബിയര്‍ വില്‍പ്പനയില്‍ ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത വളര്‍ച്ചാ നിരക്കായ 61 ശതമാനത്തിലേക്ക് ഉയരുകയാണ് ചെയ്തത്. 

11,577.29 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ വിറ്റഴിച്ചത്. അതുവഴി സര്‍ക്കാര്‍ ഖജനാവിലേക്കു നികുതി ഇനത്തില്‍ 9787.05 കോടി മുതല്‍ക്കൂട്ടായി. മദ്യനിരോധനം വരുന്നതിനു മുന്‍പ് ഇതു യഥാക്രമം 9,353.74 കോടിരൂപയും 7,577.77 കോടി രൂപയുമായിരുന്നു. കേരളത്തില്‍ നിലവിലെ കണക്കനുസരിച്ചു സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിന്റെ ഏകദേശം 22 ശതമാനം ലഭിക്കുന്നതു മദ്യവില്‍പ്പനയിലൂടെ ആണ്. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലെ മദ്യത്തില്‍നിന്നുള്ള വരുമാനം 25000 കോടി അടുത്തിരിക്കുന്നു. നമ്മുടെ മൂന്നിരട്ടി മദ്യം അവിടെ വിറ്റഴിക്കുന്നു എന്നു ചുരുക്കം.
ബാറുകള്‍ അടച്ചുപൂട്ടിയ 2013 നു മുന്‍പുവരെ കേരളത്തില്‍ ഒരു വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്യുന്ന മയക്കുമരുന്നു കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെ ആയിരുന്നു. എന്നാല്‍, 2015-ല്‍ കേരള പോലീസ് മാത്രം 4105 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ എക്‌സൈസ് വകുപ്പു 1430 കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തു. പിടിയിലായവരുടെ എണ്ണത്തില്‍ പ്രായപൂര്‍ത്തി ആകാത്തവരുടെ എണ്ണത്തിലുള്ള വളര്‍ച്ചാ നിരക്കു ഭീതിദമാണ്.  

അതേപോലെ അബ്കാരി കേസുകളിലെ വന്‍വര്‍ദ്ധനയും പരിശോധിക്കപ്പെടേണ്ടതാണ്. 2012-ല്‍ 10,000 ത്തില്‍ താഴെ മാത്രമായിരുന്നു, അത്തരം കേസുകളുടെ എണ്ണം. എന്നാല്‍, 2014-ല്‍ അതു 13,676 ആയി. 2015 ആയപ്പോഴേയ്ക്കും കേസുകളുടെ എണ്ണം 15,092-ഉം ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം 10,064 ലിറ്റര്‍ അനധികൃത മദ്യം പിടികൂടിയ സ്ഥാനത്ത്, ഈ വര്‍ഷം അതു 38,228 ലിറ്റര്‍ ആയി ഉയര്‍ന്നു. ഇതു കൂടാതെ ഒരു ലക്ഷം ലിറ്റര്‍ വാഷും പിടികൂടി. സംസ്ഥാനത്ത് അനധികൃതമായി എത്തുന്ന വ്യാജമദ്യത്തിന്റെ 30 ശതമാനം പോലും പിടികൂടാന്‍ കഴിയാറില്ല എന്ന് എക്‌സൈസ് വകുപ്പുതന്നെ സമ്മതിക്കുമ്പോഴാണ് ഇതിന്റെ വ്യാപ്തി മനസ്സിലാകുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com