വളര്‍ച്ച കൂട്ടാന്‍ അക്കം തിരുത്തി; ഒന്നല്ല, നാലുവട്ടം

രാജ്യത്ത് ഏഴു ശതമാനം വളര്‍ച്ചാ നിരക്ക് ഉണ്ട് എന്നു സ്ഥാപിക്കാന്‍ കണക്കുകളില്‍ നാലു തിരുത്തുകള്‍ വരുത്തിയെന്നു വ്യക്തമാക്കുകയാണ്
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഉദ്യോഗസ്ഥരോടൊപ്പം
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഉദ്യോഗസ്ഥരോടൊപ്പം

രാജ്യത്ത് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ഉണ്ടെന്നു കാണിക്കാന്‍ മൊത്തം ആഭ്യന്തര ഉത്പാദന(ജി.ഡിപി)ത്തിന്റെ കണക്കുകളില്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പുമാറ്റം വരുത്തിയതിന്റെ വിവരങ്ങള്‍ സമകാലിക മലയാളം വാരികയ്ക്കു ലഭിച്ചു. മുന്‍വര്‍ഷത്തെ വരുമാനം വെട്ടിക്കുറച്ചും നടപ്പുവര്‍ഷത്തെ കണക്കില്‍ അസാധാരണമായ തോതില്‍ തുക കൂട്ടിയെഴുതിയുമാണ് പുതിയ വളര്‍ച്ചാനിരക്കിന്റെ കണക്കുകള്‍ തയ്യാറാക്കിയതെന്നു വ്യക്തമാക്കുന്നതാണ് രേഖകള്‍. ഏഴു ശതമാനം വളര്‍ച്ച കാണിക്കുന്ന കണക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി 28-നു പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഇതിലെ അസാധാരണമായ ചില തിരുത്തുകള്‍ ഒഴിവാക്കിയാല്‍ ലഭിക്കുന്ന പരമാവധി വളര്‍ച്ചാനിരക്ക് 4.65 ശതമാനം മാത്രമാണ്. 

ഏഴു ശതമാനം വളര്‍ച്ചാനിരക്ക് അവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടു പൊള്ളയാണെന്ന് ഇടതു സാമ്പത്തിക വിദഗ്ദ്ധന്‍ പ്രഭാത് പട്‌നായിക്ക് ആരോപിച്ചിരുന്നു. മുന്‍ സാമ്പത്തികവര്‍ഷത്തെ മൂന്നാംപാദത്തില്‍ (2015 ഒകേ്ടാബര്‍-ഡിസംബര്‍) ഉണ്ടായിരുന്നതിനേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച നോട്ട് നിരോധനം നടപ്പാക്കിയ ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ (2016 ഒകേ്ടാബര്‍-ഡിസംബര്‍) ഉണ്ടായി എന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഫെബ്രുവരി 28-ന് ആണ് പത്രക്കുറിപ്പു പുറത്തുവന്നത്. 

മൂന്നു തരത്തിലുള്ള അനധികൃത ഇടപെടലുകള്‍ ചൂണ്ടിക്കാണിച്ചു യഥാര്‍ത്ഥ വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനം മാത്രമാണ് എന്നായിരുന്നു പ്രഭാത് പട്‌നായിക് ആരോപിച്ചത്. ഡീമോണിറ്റൈസേഷനുശേഷം ഇന്ത്യന്‍ സാമ്പത്തികരംഗം തകര്‍ന്നടിയുകയാണു ചെയ്തതെന്നു നൊബേല്‍ ജേതാവ് അമര്‍ത്യാസെന്നും ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ വാചകം ഉണ്ടായത്:
'Hardwork is more powerful than Harward.'

ഹാര്‍വാഡിനേക്കാള്‍ ശക്തി കഠിനാധ്വാനത്തിനാണെന്ന ആ വാചകം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അലയടിച്ചു. എന്നാല്‍, ഫെബ്രുവരി 28-നു സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പും മാര്‍ച്ച് 10-നു റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിനു നല്‍കിയ കണക്കുകള്‍ വിലയിരുത്തിയാല്‍ ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 4.65 ശതമാനം മാത്രമാണെന്നു പറയേണ്ടിവരും. പ്രഭാത് പട്‌നായിക് പറഞ്ഞ അഞ്ചു ശതമാനം വളര്‍ച്ചപോലും ഉണ്ടാകില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പഴയ നാലാം ക്ലാസിലെ വഴിക്കണക്കുപോലെ നാലു ഘട്ടങ്ങളിലായി നാലു തരത്തിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് അനിതര സാധാരണമായ പുതിയ കണക്കു സൃഷ്ടിച്ചത്. കണക്കുകള്‍ തിരുത്തിയെഴുതിയ ആ നാലു വഴികള്‍ ഇങ്ങനെ:

1. ആദ്യ തിരുത്ത് 
മുന്‍വര്‍ഷത്തെ കണക്കില്‍

2015-16 മൂന്നാം പാദത്തില്‍ ആദ്യം പ്രഖ്യാപിച്ച ജി.ഡി.പി- 28,52,339 കോടി രൂപ 
2016-17 മൂന്നാം പാദത്തിലെ പ്രഖ്യാപിത ജി.ഡി.പി-30,27,893 കോടി രൂപ
രണ്ടുപാദങ്ങളും തമ്മിലുള്ള വ്യത്യാസം-1,75,554 കോടി രൂപ
ഈ കണക്ക് അനുസരിച്ച വളര്‍ച്ചാനിരക്ക്-6.15%

(മേയ് 31-നു കേന്ദ്രസര്‍ക്കാര്‍ വരുത്തിയ തിരുത്ത്)        
2015-16 മൂന്നാംപാദ ജി.ഡി.പി-    28,51,682 കോടി രൂപ
ഈ വര്‍ഷത്തെ കണക്കുമായുള്ള വ്യത്യാസം-1,76,211 കോടി രൂപ
ഈ കണക്ക് അനുസരിച്ചുള്ള വളര്‍ച്ചാനിരക്ക്-6.17%

(2017 ഫെബ്രുവരി 28-നു വരുത്തിയ തിരുത്ത്)
2015-16 മൂന്നാം പാദ ജി.ഡി.പി-    28,30,760 കോടി രൂപ
ഈ വര്‍ഷത്തെ കണക്കുമായുള്ള വ്യത്യാസം-1,97,133 കോടി രൂപ
ഈ കണക്ക് അനുസരിച്ചുള്ള വളര്‍ച്ചാനിരക്ക്-6.96%

മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്ക് രണ്ടു വട്ടം മാറ്റി എഴുതിയ ശേഷമാണ് ഈ വര്‍ഷം ഏഴു ശതമാനം (6.964 %) വളര്‍ച്ച നോട്ട് പിന്‍വലിക്കലിനുശേഷവും ഉണ്ടായി എന്നു കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടത് എന്നാണ് ഇതില്‍ വ്യക്തമായത്. ആദ്യം പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ചാണെങ്കില്‍ ഇത് 6.15 ശതമാനം മാത്രമാകുമായിരുന്നു. എന്തുകൊണ്ടാണു മുന്‍വര്‍ഷത്തെ കണക്കു തിരുത്തേണ്ടിവന്നത് എന്നതിന് ഒരു വിശദീകരണവും കേന്ദ്രസര്‍ക്കാരോ റിസര്‍വ്വ് ബാങ്കോ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പോ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രഭാത് പട്‌നായിക് ആരോപിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ അന്തരം ആദ്യം പുറത്തുകൊണ്ടുവന്നത് പ്രഭാത് പട്‌നായിക് ആയിരുന്നില്ല. എസ്.ബി.ഐയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ സൗമ്യകാന്തി ഘോഷാണ്. 
കണക്ക് എടുത്തുവരുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം ഒരു തവണയൊക്കെ സാധാരണ വ്യത്യാസം വരുത്താറുണ്ട്. എന്നാല്‍, 2015-16 ലെ മൂന്നാം പാദത്തിലെ കണക്ക് ആ പാദം പൂര്‍ത്തിയായി രണ്ടു മാസത്തിനുശേഷം ഫെബ്രുവരി 28-ന് ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. അതിനുശേഷം മേയ് 31-നും പിന്നീട് ഈ വര്‍ഷം ഫെബ്രുവരി 28-നും തിരുത്തി. കഴിഞ്ഞവര്‍ഷത്തെ വരുമാനം കുറച്ചു കാണിച്ച് ഈ വര്‍ഷം കൂടുതല്‍ വളര്‍ച്ചയുണ്ടായി എന്നു കാണിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ഒറ്റവര്‍ഷത്തിനുശേഷം മുന്‍വര്‍ഷത്തെ കണക്കു തിരുത്തിയ സംഭവം ആഗോള സാമ്പത്തികരംഗത്തു തന്നെ അത്യപൂര്‍വ്വമായി സംഭവിക്കുന്നതാാണ്. പ്രസിദ്ധീകരിച്ചു 11 മാസത്തിനുശേഷം തിരുത്തിയ ഗ്രീസും 12-ാം മാസം തിരുത്തിയ സിംബാബ്‌വേയും ലോകബാങ്കിന്റെ അതൃപ്തിക്കു കാരണമായതാണ് ഇതിനു മുന്‍പു വന്നിട്ടുള്ള വാര്‍ത്ത.

2. ചെറിയ സ്ഥാപനങ്ങളെ 
ഒഴിവാക്കിയ ജി.ഡി.പി

കണക്കു തെറ്റാണെന്ന് പ്രഭാത് പട്‌നായിക് സ്ഥാപിക്കുന്നതിന് ഉപയോഗിച്ച രണ്ടാമത്തെ കാരണം ജി.ഡി.പിയില്‍ മൊത്തം ഉത്പാദനം കണക്കാക്കിയതില്‍ വരുത്തിയ മാറ്റം ചൂണ്ടിക്കാണിച്ചാണ്. രാജ്യത്തെ മൊത്തം ഉത്പാദനത്തിന് ഇതുവരെ ഉപയോഗിച്ചിരുന്നത് ഉത്പാദന സ്ഥാപനങ്ങളില്‍നിന്നുള്ള കണക്കുകകളായിരുന്നു. അതിനു പകരം കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍നിന്നുള്ള വിവരങ്ങള്‍ മാത്രമാക്കി മൊത്തം ഉത്പാദനത്തെ തിരുത്തി. അതായത് ബാലന്‍സ് ഷീറ്റ് തയ്യാറാക്കാത്ത ലക്ഷക്കണക്കിനു ചെറുകിട ഉത്പാദന സ്ഥാപനങ്ങള്‍ മൊത്തം ഉത്പാദനത്തിന്റെ കണക്കില്‍നിന്നു പുറത്തായി. വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഉണ്ടായതിലും വലിയ തകര്‍ച്ചയാണ് ചെറുകിട സ്ഥാപനങ്ങള്‍ക്കു നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉണ്ടായതെന്നും അവയുടെ കണക്ക് ഉള്‍പ്പെടുത്താതെ വന്നതോടെ ലഭിച്ചതു യഥാര്‍ത്ഥ ചിത്രമല്ലെന്നുമാണ് പ്രഭാത് പട്‌നായിക് പറഞ്ഞുവച്ചത്. 

ഈ തിരുത്തുകൊണ്ട് എത്ര ശതമാനത്തിന്റെ വ്യത്യാസമാണ് വരുന്നതെന്ന് പ്രഭാത് പട്‌നായിക്കോ മറ്റു സാമ്പത്തികവിദഗ്ദ്ധരോ ഇതുവരെ വിശദീകരിച്ചിട്ടില്ല. എന്നാല്‍, അസംഘടിത മേഖലയിലെ ചെറുകിട വ്യവസായങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിന്റെ കണക്ക് റിസര്‍വ്വ് ബാങ്ക് തന്നെ തയ്യാറാക്കിയിട്ടുണ്ട്. ആ രേഖകള്‍ കേന്ദ്രസര്‍ക്കാരിനു കൈമാറിയതു മാര്‍ച്ച് 10-ന് ആണ്. ഉത്തര്‍പ്രദേശിലെ അവസാനവട്ട വോട്ടെടുപ്പും കഴിഞ്ഞു വോട്ടെണ്ണിയ മാര്‍ച്ചു 11-ന്റെ തലേന്നു വൈകിട്ട് അഞ്ചു മണിക്കാണ് ഇതു കൈമാറിയത്. ആ രേഖകളില്‍ പറയുന്നു:
'അസംഘടിത മേഖലയിലെ തൊഴിലിന്റെയും ഉത്പാദനത്തിന്റേയും കണക്ക് എടുക്കാന്‍ ഐ.ഐ.പി (ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍) ഡാറ്റാ ആണ് ഉപയോഗിക്കുന്നത്. അതനുസരിച്ചു നോക്കുമ്പോള്‍ അസംഘടിത മേഖലയിലെ ഉത്പാദനത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. നവംബറില്‍ 5.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മാനുഫാക്ചറിങ് ഐ.ഐ.പി ഡിസംബറില്‍ വളര്‍ന്നത് 1.7 ശതമാനം മാത്രം. 

അടുത്ത മാനദണ്ഡം സര്‍വ്വീസ് നികുതിയിലെ വരുമാനമാണ്. ഇതും അസംഘടിത മേഖലയിലെ ഉത്പാദനത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്. അത് ഡിസംബറിലും ജനുവരിയിലും വന്‍തോതില്‍ ഇടിഞ്ഞു. പി.എം.ഐ സര്‍വ്വീസസ് (പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്) ഒകേ്ടാബറില്‍ 54.4 ഉണ്ടായിരുന്നത് നവംബറില്‍ 52.3 ആയും ഡിസംബറില്‍ 49.6 ആയും താഴ്ന്നു. പി.എം.ഐ 50-നു താഴെ എത്തുന്നത് അസാധാരണമായ സാഹചര്യമാണ്. മറ്റൊന്നു വാഹനവില്‍പ്പനയാണ്. ഒകേ്ടാബറില്‍ 8.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ വാഹനവില്‍പ്പനയ്ക്കു നവംബറില്‍ വളര്‍ച്ച ഉണ്ടായില്ലെന്നു മാത്രമല്ല, താഴേക്കു വന്നു നെഗറ്റീവ് 5.5-ല്‍ എത്തുകയും ഡിസംബറില്‍ നെഗറ്റീവ് 18.7-ലേക്കു വീഴുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ വളര്‍ച്ചയില്‍ 70 ബേസിസ് പോയിന്റിന്റെ കുറവ് രേഖപ്പെടുത്തണം.'

70 ബേസിസ് പോയിന്റ് എന്നാല്‍ 0.7 ശതമാനമാണ്. വന്‍കിട വ്യവസായങ്ങള്‍ക്കുണ്ടായ വളര്‍ച്ചയിലെ വ്യത്യാസവും അസംഘടിത വ്യവസായങ്ങള്‍ക്കുണ്ടായ വലിയ തകര്‍ച്ചയും കണക്കിലെടുത്താണ് 70 ബേസിസ് പോയിന്റിന്റെ കുറവ് റിസര്‍വ്വ് ബാങ്ക് തന്നെ വരുത്തിയത്. മാര്‍ച്ച് 10-നു നല്‍കിയ ആ കണക്ക് അനുസരിച്ചുള്ള കുറവ് മാത്രം വരുത്തിയാലും 6.15 ശതമാനത്തില്‍നിന്നു വളര്‍ച്ച 5.45 ശതമാനത്തില്‍ എത്തും. 

ആദ്യ പ്രഖ്യാപനം അനുസരിച്ചുള്ള വളര്‍ച്ചാനിരക്ക്-6.154%
ഉത്പാദനത്തില്‍ വന്ന കുറവ്-0.70%
വളര്‍ച്ചാനിരക്കിലെ കുറവ്- 5.454%

ഈ നിരക്ക് മൂന്നാം പാദത്തിലെ കണക്കില്‍ ഉപയോഗിച്ചിട്ടില്ലെങ്കിലും 2016-17 വര്‍ഷത്തെ മൊത്തം ഉത്പാദനത്തിന്റെ അനുപാതം 7.6-ല്‍ നിന്ന് ഏഴു ബേസിസ് പോയിന്റ് കുറച്ച് 6.9 ആക്കി എന്നും റിസര്‍വ്വ ബാങ്ക് രേഖയില്‍ ഉണ്ട്. 

3. പഴയ നോട്ടില്‍ 
ലഭിച്ച നികുതി

പ്രഭാത് പട്‌നായിക് ചൂണ്ടിക്കാണിച്ച മൂന്നാമത്തെയും അവസാനത്തേയും കാരണം കേന്ദ്രസര്‍ക്കാരിന്റെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ ആയ പ്രണാബ് സെന്നിനെ ഉദ്ധരിച്ചാണ്. 'ഇപ്പോഴത്തെ ജി.ഡി.പി കണക്കുകള്‍ രൂപപ്പെടുത്തുന്നത് മൊത്തം ഉത്പന്നങ്ങളുടെ മൂല്യത്തിന്റെ കൂടെ പരോക്ഷ നികുതി (ഇന്‍ഡയറക്ട് ടാക്‌സ്) കൂടി ചേര്‍ത്താണ്. ഡീമോണിറ്റൈസേഷന്‍ വന്നപ്പോള്‍ പഴയ നോട്ടുകള്‍ കയ്യൊഴിയുക എന്ന ലക്ഷ്യത്തോടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് അതു വാങ്ങുന്ന വ്യാപാരികള്‍ പൂര്‍ണമായും പണം നല്‍കി. ഇതു മുന്‍കാലങ്ങളില്‍ മാസങ്ങള്‍ക്കുശേഷം മാത്രം നല്‍കിയിരുന്ന തുകയാണ്. ഇങ്ങനെ പഴയ നോട്ടുകളില്‍ സമയത്തു ലഭിച്ച പണത്തില്‍നിന്നുള്ള നികുതി അതേ മാസം തന്നെ വിറ്റവര്‍ സര്‍ക്കാരില്‍ അടച്ചു. അങ്ങനെയാണ് നോട്ട് റദ്ദാക്കലിനുശേഷം പരോക്ഷ നികുതി വരുമാനത്തില്‍ വലിയ കുതിപ്പ് ഉണ്ടായത്. ഇതു യഥാര്‍ത്ഥ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്.' പ്രണാബ് സെന്നിന്റെ ഈ കണക്കുകളെ കൂടി ഉള്‍പ്പെടുത്തി അര ശതമാനം കുറവ് വരുത്തിയാണ് പ്രഭാത് പട്‌നായിക് അഞ്ചു ശതമാനം വളര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളു എന്നു സ്ഥാപിച്ചത്. 

പരോക്ഷ നികുതിയില്‍ ഉണ്ടായ മാറ്റത്തിന്റെ കണക്കുകള്‍ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ രേഖകളില്‍ വ്യക്തമായി പറയുന്നുണ്ട്. ഡിസംബറില്‍ അവസാനിച്ച ആറുമാസത്തില്‍ പരോക്ഷ നികുതിയില്‍ മുന്‍വര്‍ഷവുമായുണ്ടായ വര്‍ധന 25 ശതമാനമാണ്. അതേസമയം ആദായ നികുതിയില്‍ 12 ശതമാനം മാത്രമാണ് വര്‍ദ്ധന ഉണ്ടായത്. പരോക്ഷ നികുതിയിലെ പ്രധാന വര്‍ദ്ധന എക്‌സൈസ് തീരുവയാണ്. ഇതില്‍ മാത്രം 41 ശതമാനത്തിന്റെ അസാധാരണ വര്‍ദ്ധനയാണ് കാണിച്ചത്. 

യഥാര്‍ത്ഥത്തില്‍ മൊത്തം ഉത്പാദനത്തിലും വരുമാനത്തിലും കുറവ് ഉണ്ടാവുകയാണു ചെയ്തതെന്ന റിസര്‍വ്വ് ബാങ്കിന്റെ കണക്കുമായി ചേര്‍ത്തു വായിക്കുമ്പോഴാണ് പഴയ നോട്ടുകള്‍ മാറുന്നതിനായി വന്‍തോതില്‍ നികുതി അടച്ചു എന്നു വ്യക്തമാകുന്നത്. രാജ്യത്തിന്റെ മൊത്തം വരുമാനത്തില്‍ പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും ചേര്‍ന്നു വരുന്നതു 9.21 ശതമാനമാണ്. ഇതില്‍ മൂന്നാംപാദത്തില്‍ അധിക നികുതിപിരിവു മൂലം ഉണ്ടായ വര്‍ദ്ധന അര ശതമാനമാണെന്ന അനുമാനക്കണക്ക് എടുത്താല്‍ത്തന്നെ വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനത്തില്‍ എത്തും. ഈ കണക്കാണ് പ്രഭാത് പട്‌നായിക് ഉപയോഗിച്ചത്. എന്നാല്‍, പ്രഭാത് പട്‌നായിക് രേഖപ്പെടുത്താത്ത മറ്റൊരു കാരണം കൂടി രാജ്യത്തിന്റെ വളര്‍ച്ചാനിരക്കു രേഖപ്പെടുത്തുന്നതില്‍ പ്രയോജനപ്പെടുത്തി എന്നു മാര്‍ച്ച് 10-നു റിസര്‍വ്വ് ബാങ്ക് സമര്‍പ്പിച്ച രേഖകളില്‍നിന്നു വ്യക്തമാകുന്നുണ്ട്. 

4. അന്തമില്ലാത്ത 
കണക്കെഴുത്ത്

ഏതു രാജ്യത്തിന്റേയും ജി.ഡി.പി കണക്കാക്കുമ്പോള്‍ അതു പരിപൂര്‍ണമാകാറില്ല. ചെറിയ ശതമാനം വ്യത്യാസം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിന്റെ അനുപാതം ഊഹിച്ചെഴുതി ഒരു തുക മൊത്തം കണക്കില്‍നിന്നു കുറയ്ക്കുന്നത് എല്ലാ രാജ്യത്തിന്റെയും പതിവാണ്. പലപ്പോഴും 0.1 മുതല്‍ 0.3 വരെ മാത്രമാണ് ഇത്തരത്തില്‍ ഡിസ്‌ക്രിപ്പെന്‍സി അഥവാ അനുപാത വ്യത്യാസം എന്ന പേരില്‍ കണക്കില്‍ രേഖപ്പെടുത്താറുള്ളത്. പക്ഷേ, ഇന്ത്യയില്‍ അടുത്തവര്‍ഷത്തെ വളര്‍ച്ചാനിരക്ക് ഏഴു ശതമാനമാണെന്നു വരുത്താന്‍ ഇതു വളരെ വിചിത്രമായാണ് കൈകാര്യം ചെയ്തത്. 
ഡിസ്‌ക്രിപ്പെന്‍സി അഥവാ വ്യത്യാസത്തുക എന്ന വിഭാഗത്തില്‍ ജി.ഡി.പിയിലേക്കു വന്‍തുക കൂട്ടിച്ചേര്‍ത്തിരിക്കുന്നു. സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഫെബ്രുവരി 28-നു ജി.ഡി.പി കണക്കാക്കിയിരിക്കുന്ന വിധം കാണുക:

1.18 ലക്ഷം കോടി രൂപയാണ് കണക്കിലെ അന്തരം (ഡിസിക്രിപ്പെന്‍സി)എന്ന നിലയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് എഴുതി ചേര്‍ത്തിരിക്കുന്നത്. അത് ഒരു നിസ്‌സാര തുകയല്ലെന്നു മനസ്‌സിലാകുന്നതു തൊട്ടുമുകളിലുള്ള കണക്കുകള്‍ നോക്കുമ്പോഴാണ്. രാജ്യത്തെ സ്വര്‍ണ, വജ്ര വിപണി (വാല്യുബള്‍സ് എന്ന കണക്കില്‍) ജി.ഡി.പിയിലേക്കു സംഭാവന ചെയ്തിരിക്കുന്നത് 1,18,069 കോടി രൂപയാണ്. അതിലും കൂടിയ 1,18,605 കോടി രൂപയാണ് അന്തരം എന്ന പേരില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. ഇങ്ങനെ അന്തരം എന്ന പേരില്‍ കണക്കില്‍ ഇത്രയേറെ തുക കൂട്ടി എഴുതാന്‍ തുടങ്ങിയതു കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ മാത്രമാണ്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പോലും 45,407 കോടി രൂപ മാത്രമാണ് കയറ്റി എഴുതിയിരിക്കുന്നത്. എന്നാല്‍ അതിനു മുന്‍പുള്ള വര്‍ഷം കണക്കിലെ അന്തരം 88,416 കോടി രൂപ വെട്ടിക്കുറയ്ക്കുകയാണു ചെയ്തത്. മുന്‍ സാമ്പത്തികവര്‍ഷവുമായി കണക്കാക്കുമ്പോള്‍ 161.20 ശതമാനം തുക ഏതു വകുപ്പിലാണെന്നോ എന്തു ന്യായത്തിലാണെന്നോ വ്യക്തമാക്കാതെ കൂട്ടി എഴുതിയിരിക്കുന്നു. 1.18 ലക്ഷം കോടി രൂപ എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കു രാജ്യത്തെ ഗ്രാമീണ വികസനത്തിനു അരുണ്‍ ജയ്റ്റ്‌ലി ബജറ്റില്‍ മാറ്റിവച്ചിരിക്കുന്നതിനേക്കാള്‍ വലിയ തുകയാണ്. മുഴുവന്‍ ഗ്രാമങ്ങള്‍ക്കുമായി ബജറ്റില്‍ ഉള്ളത് 1.07 ലക്ഷം കോടി രൂപ മാത്രമാണ്. 

ഈ കയറ്റി എഴുതിയിരിക്കുന്നത് ആകെ ജി.ഡി.പിയുടെ 0.98 ശതമാനമാണ്. ഒരു ശതമാനത്തിന്റെ അടുത്ത് എന്നു പറയാം. ഈ ഒരു ശതമാനം എടുത്തു മാറ്റിയാല്‍ രാജ്യത്തിന്റെ ജി.ഡി.പി അതിദയനീയമായ സ്ഥിതിയിലേക്കു എത്തും. മറുവാദം അംഗീകരിക്കുന്നതിന്റെ ഭാഗമായി ആ കണക്ക് മാറ്റിനിര്‍ത്താം. പകരം റിസര്‍വ്വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് ഏറ്റവും ഒടുവില്‍ നല്‍കിയ കണക്കില്‍ പറയുന്ന ഒരു അനുപാതമുണ്ട്. 70 ബേസിസ് പോയിന്റിന്റെ ഉത്പാദനക്കുറവ് ഡീമോണിറ്റൈസേഷന്‍ മൂലം രാജ്യത്ത് ഉണ്ടായിട്ടുണ്ട് എന്നത്. അതിന്റെ പകുതിയായ 35 ബേസിസ് പോയിന്റ് (0.35 ശതമാനം) മാത്രം നേരത്തെ എത്തിച്ചേര്‍ന്ന അഞ്ചു ശതമാനത്തില്‍നിന്നു കുറച്ചാലും വളര്‍ച്ചാ നിരക്ക് 4.65 ശതമാനം മാത്രമാണ് എന്നു കണക്കാക്കേണ്ടിവരും. 

ഈ കണക്കു സംശയാസ്പദമാണെന്നാണ് ഗോള്‍ഡ്മാന്‍ സാക് റിപ്പോര്‍ട്ട് ചെയ്തത്. ജി.ഡി.പിയുടെ ഇത്ര ഉയര്‍ന്ന നിരക്കൊക്കെ ഡിസ്‌ക്രിപ്പെന്‍സിയായി എഴുതിച്ചേര്‍ക്കുന്നതിന്റെ സാംഗത്യം മനസ്‌സിലാകുന്നില്ലെന്നു കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ നിരത്തി അവര്‍ പറഞ്ഞു. ഗോള്‍ഡ്മാന്‍ സാക് അല്ല ഇന്ത്യയിലെ കണക്കു തീരുമാനിക്കുന്നത് എന്ന ദേശീയത നിറഞ്ഞ ഒരുത്തരം മാത്രമാണ് അതിനുള്ള മറുപടി. ശരിക്കും ഹാര്‍വാഡിനേക്കാള്‍ ഹാര്‍ഡ്‌വര്‍ക്ക് ചെയ്ത് ഉണ്ടാക്കിയതാണ് ആ കണക്കുകള്‍ എന്ന് അമര്‍ത്യാസെന്നിനു പോലും സമ്മതിക്കേണ്ടിവരും. ​

സൂചികകളിലെ ഇടിവ്
(വിവിധ വളര്‍ച്ചാ സൂചികകളില്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉണ്ടായ വ്യത്യാസം ശതമാനത്തില്‍)

മേഖല ഒകേ്ടാ.16  നവം.16  ഡിസം.16 ജനു.16  ഫെബ്രു.16
ബാങ്ക് വായ്പ 8.7     6.2     4.94.7  4.5
പരോക്ഷനികുതി 23.436.520.2 13.9  15.3
സര്‍വ്വീസ് നികുതി29.6 43.6  13.1 12.1 5.3
വാഹനവില്‍പ്പന 8.1   5.518.74.70.9
വാണിജ്യവാഹനം11.9  11.65.10.77.3
ഓട്ടോറിക്ഷ  4.425.936.228.221.4
തുറമുഖത്തെ ചരക്ക് 13.210.212.93.6ലഭ്യമല്ല
സിമന്റ് ഉത്പാദനം6.2 0.5 8.713.3ലഭ്യമല്ല
കയറ്റുമതി 9.002.45.54.3ലഭ്യമല്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com