ശാസ്ത്രവും ആത്മീയതയും വിരുദ്ധ ധ്രുവങ്ങളല്ല; മഹാശാസ്ത്രജ്ഞരായാലും തൊട്ടുനോക്കിയാല്‍ സ്പിരിച്വാലിറ്റി അറിയാം

ഉലഹന്നാന്റെയും ആനിമ്മയുടെയും പ്രണയമാണ് സിനിമയുടെ പരസ്യങ്ങളിലും സാമ്പത്തിക വിജയത്തിലും പ്രവര്‍ത്തിച്ചിരിക്കുന്നതെങ്കിലും കഥയും സിനിമയും രണ്ടുതരം ഭാഷയാണ്
ശാസ്ത്രവും ആത്മീയതയും വിരുദ്ധ ധ്രുവങ്ങളല്ല; മഹാശാസ്ത്രജ്ഞരായാലും തൊട്ടുനോക്കിയാല്‍ സ്പിരിച്വാലിറ്റി അറിയാം

വി.ജെ. ജയിംസ് മലയാളത്തില്‍ ഏറെ വായിക്കപ്പെടുന്ന എഴുത്തുകാരില്‍ ഒരാള്‍. ആറ് നോവലുകള്‍.  നാല്‍പ്പതില്‍പ്പരം ചെറുകഥകള്‍. പത്ത് പുസ്തകങ്ങള്‍. എങ്കിലും വി.ജെ. ജയിംസ് വി.എസ്.എസ്.സിയിലെ ശാസ്ര്തജ്ഞനാണ് എന്നതിനപ്പുറം കാര്യമായി ഒന്നും വായനക്കാര്‍ക്ക് അറിയില്ല. എന്തെഴുതുന്നു എന്നതിനേക്കാള്‍ ആരെഴുതുന്നു എന്നതിന് പ്രാധാന്യം വന്നുപോകപ്പെട്ട രണ്ടു ദശാബ്ദങ്ങളാണ് പിറകില്‍. അതുകൊണ്ടുതന്നെ ചോദിക്കട്ടെ, വി.ജെ. ജയിംസ് ആരാണ്? എങ്ങനെ എത്തപ്പെട്ടു എഴുത്തിന്റെ വഴിയില്‍? 

ഒറ്റവരിയില്‍ പറഞ്ഞാല്‍, മഹാഭൂരിപക്ഷത്തേയും പോലെ വെറുമൊരു സാധാരണ വഴി, അതാണ് എന്റേതും. ബന്ധത്തിലോ പരിചയത്തിലോ എഴുത്തില്‍ ഇടപെടുന്ന ആരുമുണ്ടായിരുന്നില്ല. എടുത്തുപറയത്തക്ക വിദ്യാഭ്യാസയോഗ്യതയുള്ളവരായിരുന്നില്ല മാതാപിതാക്കളും. അക്ഷരവുമായി ആദ്യപരിചയമുണ്ടാവുന്നത് മാമ്മച്ചേടത്തി എന്ന ആശാട്ടി ചൂണ്ടുവിരല്‍കൊണ്ട് പൂഴിമണ്ണില്‍ എഴുതിക്കുന്നതിലൂടെയായിരുന്നു. ചങ്ങനാശ്ശേരി കത്തീഡ്രല്‍ പള്ളിയുടെ ഭാഗമായ പള്ളിസ്‌കൂളില്‍ ഒന്നാംകഌസ്സില്‍ ചേര്‍ത്ത ആദ്യദിവസം തന്നെ ഇന്റര്‍വെല്‍ ആയപ്പോള്‍ സ്‌ളേറ്റും ഒന്നാംപാഠവും കൈയിലെടുത്ത് ആരുമറിയാതെ കഌസ്സില്‍നിന്ന് മുങ്ങിയ ആളാണ് ഞാന്‍. അത്രയ്ക്കും മംഗളകരമായിരുന്നു സ്‌കൂള്‍ പ്രവേശം. എന്നാല്‍ രണ്ടാം ക്‌ളാസില്‍ വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലേക്ക് മാറ്റപ്പെട്ടതോടെ എന്റെ ജീവിതത്തില്‍ ഒരദ്ഭുതം നടന്നു. ചിന്നമ്മടീച്ചറിന്റെ കഌസ്സില്‍ ഞാന്‍ ഏറ്റവും മിടുക്കനായ ഒന്നാംറാങ്കുകാരനാവുകയും ടീച്ചര്‍ എന്നെ കഌസ്സിലെ മോണിട്ടറാക്കുകയും ചെയ്തു. അതിനുശേഷം എന്‍ജിനീയറിംഗ് കോളേജിലുള്‍പ്പെടെയുള്ള പഠനകാലത്ത് ഞാനെപ്പൊഴും മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.
ഇതിനിടെ എപ്പോഴാണ് സാഹിത്യത്തിന്റെ അസ്‌കിത തുടങ്ങിയതെന്ന് അറിയില്ല. ചേട്ടന് കൗമാരകാലത്ത് ചങ്ങനാശ്ശേരി മുനിസിപ്പല്‍ ലൈബ്രറിയില്‍നിന്ന് പുസ്തകമെടുത്ത് വായിക്കുന്ന ശീലമുണ്ടായിരുന്നു. അന്നത്തെ ജനപ്രിയനോവലുകളിലൂടെ മുട്ടത്തുവര്‍ക്കിയും കാനവുമൊക്കെ വീട്ടിലേക്ക് വന്നു. കൂട്ടത്തില്‍ എത്തുന്ന ഡിറ്റക്ടീവ് നോവലുകളോടായിരുന്നു എനിക്ക് ആകര്‍ഷണം. പിന്നെപ്പിന്നെ ഡിറ്റക്ടീവ് നോവലിനൊപ്പം മറ്റു പുസ്തകങ്ങളും വായിക്കുന്ന ശീലമായി. ഏഴാംക്‌ളാസ് മുതല്‍ ചമ്പക്കുളത്ത് അച്ഛന്റെ വീട്ടില്‍ നിന്നായിരുന്നു പഠനം. അവിടെ അമിച്ചകരിയിലുള്ള വായനശാലയില്‍ ചേര്‍ന്ന് ആരെയാണോ വായിക്കുന്നതെന്നോ എന്താണ് വായിക്കുന്നതെന്നോ നിശ്ചയമില്ലാതെ കാണുന്നതെല്ലാം വായിച്ചുതീര്‍ത്തു. തകഴിയേയൊ ബഷീറിനേയോ ഉറൂബിനെയോ ഒന്നും എനിക്കറിയുമായിരുന്നില്ല. എനിക്ക് പുസ്തകം മാത്രമേ അറിയൂ. ആരെഴുതിയതാണെന്നുപോലും തിരിച്ചറിയാതുള്ള ഒരുതരം വായന. രണ്ടുവര്‍ഷം കൊണ്ട് ലൈബ്രറിയിലുള്ളതൊക്കെ ഏതാണ്ട് തീര്‍ന്നു. എങ്കിലും എഴുത്ത് എന്നിലുണ്ടെന്ന് എനിക്കറിയുമായിരുന്നില്ല. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ എന്‍ജിനീയറിംഗിന് ചേര്‍ന്ന ശേഷമാണ് വ്യത്യസ്തമായ വായനകളെ തിരിച്ചറിയുന്നത്. 'മാതൃഭൂമി', 'കലാകൗമുദി', 'മലയാളനാട്', 'കുങ്കുമം' തുടങ്ങി എല്ലാ പ്രമുഖ വാരികകളും ഹോസ്റ്റലില്‍ വച്ചാണ് ഞാന്‍ വായിച്ചു തുടങ്ങിയത്. മുകുന്ദനും കുഞ്ഞബ്ദുള്ളയും ഒ.വി. വിജയനും സേതുവും സി. രാധാകൃഷ്ണനും ആനന്ദുമൊക്കെ എന്നിലേക്ക് കടന്നുവരുന്നത് അതിനുശേഷമാണ്. കോളേജില്‍ സാഹിത്യ എന്നൊരു ക്‌ളബ്ബ് ഉണ്ടായിരുന്നു. സാഹിത്യയുടെ ഉദ്ഘാടനത്തിന് ഞാന്‍ 'സംഘം ചേര്‍ന്നവരുടെ സങ്കീര്‍ത്തനം' എന്നൊരു കഥ അവതരിപ്പിച്ചിരുന്നു. ആ കഥയാണ് പിന്നീടൊരുകാലം 'ദത്താപഹാരം' എന്ന നോവലായി പരിണമിച്ചത്. 

'പുറപ്പാടിന്റെ പുസ്തക'ത്തിലൂടെ ഡി.സി. ബുക്ക്‌സിന്റെ നോവല്‍ പുരസ്‌കാരം നേടുമ്പോള്‍ മാത്രമാണ് വി.ജെ. ജയിംസ് എന്ന പേര് ഏവരും ശ്രദ്ധിക്കുന്നത്. പിന്നീട് സ്വകാര്യ സംഭാഷണങ്ങളിലും മറ്റും താങ്കള്‍ ഒരു വ്യാഴവട്ടക്കാലം ആ നോവലില്‍ അടയിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഇപ്പോള്‍ വായനക്കാര്‍ക്കായി ആ അനുഭവം ഒന്ന് ഓര്‍ത്തെടുക്കാമോ? 

എന്‍ജിനീയറിംഗിന് പഠിക്കുമ്പോള്‍ സുഹൃത്തായ പാട്രീസിന്റെ സഹോദരിയുടെ വിവാഹം കൂടാനായി ഞാന്‍ കൊച്ചിയുടെ തിരക്കില്‍ നിന്നൊഴിഞ്ഞുനില്‍ക്കുന്ന ഒരു തുരുത്തില്‍ എത്തിച്ചേരാനിടയായി. ആ ഭൂപ്രകൃതിയും അവിടുത്തെ ആചാരങ്ങളും മനുഷ്യരും എന്നെ ബാധിച്ചതില്‍നിന്നുമായിരുന്നു ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകത്തിന്റെ പരിസരം രൂപപ്പെടുന്നത്. നീണ്ട പന്ത്രണ്ടുവര്‍ഷം അത് എന്നെയും കൊണ്ട് സഞ്ചരിക്കാന്‍ പോവുകയാണെന്ന് എനിക്കറിയുമായിരുന്നില്ല. വി.എസ്.എസ്.സിയിലുള്ള രാജ്കുമാര്‍ എന്ന സുഹൃത്ത് പുറപ്പാടിന്റെ പുസ്തകത്തിന്റെ മാനുസ്‌ക്രിപ്റ്റ് വായിച്ചിട്ട് അതില്‍ ഒ.വി. വിജയന്റെ ഭാഷയുടെ കടുത്ത സ്വാധീനമുണ്ടെന്ന് പറയാനിടയായി. ഒ.വി. വിജയനെ വായിച്ച് അതുപോലെയായിത്തീരാന്‍ കൊതിക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു ഞാനും അക്കാലത്ത്. ഖസാക്കും ഗുരുസാഗരവുമൊക്കെ അരച്ചുകലക്കിക്കുടിച്ച് മത്തുപിടിച്ചുപോയ അവസ്ഥ. അഞ്ചെട്ടുവര്‍ഷകൊണ്ട് എഴുതിയും പകര്‍ത്തിയും പൂര്‍ത്തിയാക്കിയ നാനൂറോളം പേജുകളുള്ള കൈയെഴുത്ത് പ്രതിയില്‍നിന്നും ഒ.വി. വിജയനെ വെട്ടിമാറ്റുന്ന കാര്യമോര്‍ത്തപ്പോള്‍ ശരിക്കും തളര്‍ന്നുപോയി. എങ്കിലും ഞാന്‍ പ്രത്യാശ വെടിഞ്ഞില്ല. തോതാപുരി എന്ന ഗുരു ശ്രീരാമകൃഷ്ണനെക്കൊണ്ട് ചെയ്യിച്ച ഒരു സാധനയെക്കുറിച്ച് അക്കാലത്തെ വായനയില്‍നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. എത്ര ശ്രമിച്ചിട്ടും കാളിമാതാവിന്റെ രൂപം മനസ്സില്‍നിന്ന് ഇറങ്ങിപ്പോകാതെ പരമോന്നത നിലയിലേക്ക് ചെല്ലാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ ഒരു വാളുകൊണ്ട് ആ രൂപത്തെ വെട്ടുവാനാണ് ഗുരു ആവശ്യപ്പെട്ടത്. ഞാനും അതുതന്നെ പരിശീലിച്ചു. മാനസഗുരുവായി സ്വീകരിച്ചിരുന്ന ഒ.വി. വിജയന്റെ ഒരു വരിപോലും വായിക്കാതെ നിര്‍ബന്ധപൂര്‍വം മാറിനടക്കാനായിരുന്നു പിന്നെ ശ്രമം. വര്‍ഷങ്ങളെടുത്ത് ഞാന്‍ പുറപ്പാടിന്റെ പുസ്തകം വീണ്ടും വീണ്ടും മാറ്റിയെഴുതി. ഓഫീസ് വിട്ട് ലോഡ്ജില്‍ വന്നാലുടന്‍ എഴുത്ത്. വെളുപ്പിനെ എഴുന്നേറ്റ് വീണ്ടും എഴുത്ത്. അങ്ങനെ നിരന്തരമായ പരിശ്രമത്തിനൊടുവില്‍ വീണ്ടും നോവല്‍ സുഹൃത്തിനെക്കൊണ്ട് വായിപ്പിച്ചു. ഇപ്പോള്‍ വിജയന്‍ അഞ്ച് ശതമാനവും ജയിംസ് തൊണ്ണൂറ്റഞ്ച് ശതമാനവുമായി എന്ന് അദ്ദേഹം പറഞ്ഞതില്‍ പിന്നെയേ എനിക്ക് ആശ്വാസമായുള്ളു. ഒന്നുരണ്ട് കത്തിടപാടുകളിലൂടെ പരിചയമുള്ള സി. രാധാകൃഷ്ണനെ കോട്ടയത്ത് 'ഭാഷാപോഷിണി'യില്‍ ചെന്നുകണ്ട് കൈയെഴുത്തുപ്രതി വായിക്കാന്‍ ഏല്‍പ്പിച്ചു. അദ്ദേഹവും നല്ല അഭിപ്രായം പറഞ്ഞതോടെ ശങ്കിച്ചു ശങ്കിച്ച് അന്ന് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന സാക്ഷാല്‍ എം.ടിക്ക് ഞാനൊരു കത്തെഴുതി. കൈയെഴുത്ത് പ്രതി അയച്ചുതരാനും ചില യാത്രകളുള്ളതിനാല്‍ വായിക്കാന്‍ അല്‍പ്പം താമസിച്ചേക്കുമെന്നും സ്‌നേഹപൂര്‍വം മറുപടി വന്നു. എന്നാല്‍, ദൗര്‍ഭാഗ്യമെന്നു പറയട്ടെ, എം.ടി. വൈകാതെ 'മാതൃഭൂമി'യില്‍നിന്നു രാജിവച്ചുപോയതോടെ ആ പ്രതീക്ഷ അസ്തമിച്ചു. പിന്നെ ഒരു ധൈര്യത്തില്‍ 'കലാകൗമുദി'യിലുള്ള എന്‍.ആര്‍.എസ്. ബാബുവിനെ കണ്ട് കൈയെഴുത്തുപ്രതി ഏല്‍പ്പിച്ചു. വായിച്ച് അഭിനന്ദനമറിയിച്ച അദ്ദേഹം ഉടന്‍ 'കലാകൗമുദി'യില്‍ പ്രസിദ്ധീകരിക്കാമെന്ന് അറിയിച്ചെങ്കിലും അപ്പൊഴേക്കും മാധവിക്കുട്ടിയുടെ 'കവാടം'' എന്ന നോവല്‍ ലഭിക്കുകയും അതവര്‍ പ്രസിദ്ധീകരിച്ച് തുടങ്ങുകയും ചെയ്തു. ഞാന്‍ കാത്തിരിപ്പ് തുടരുന്നതിനിടെ 'കലാകൗമുദി'യില്‍ മറ്റൊരു നോവല്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചപ്പോള്‍ എനിക്കുണ്ടായ നിരാശ ഒട്ടും ചെറുതായിരുന്നില്ല. പന്ത്രണ്ട് വര്‍ഷം അദ്ധ്വാനിച്ച് പൂര്‍ത്തിയാക്കിയ പുസ്തകത്തെക്കുറിച്ച് എനിക്ക് വേദനയായി. ഇനി ഒരു ശ്രമവും നടത്താനില്ല. കൈപിടിച്ചുകയറ്റാന്‍ ആരുമില്ലാത്ത ഒരു പാവം തുടക്കക്കാരന് സ്വയം ഒതുങ്ങി കാത്തിരിക്കാനേ കഴിയുമായിരുന്നുള്ളു. അങ്ങനെ ഒരു ദിവസം തിരുവനന്തപുരത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്കുള്ള ട്രെയിന്‍യാത്രയ്ക്കിടയില്‍ ആരോ വായിച്ച് ഉപേക്ഷിച്ച ഒരു പേപ്പര്‍ കഷണത്തില്‍നിന്നുമാണ് ഡി.സി ബുക്ക്‌സിന്റെ രജതജൂബിലി നോവല്‍ മത്സരത്തെക്കുറിച്ച് ഞാന്‍ അറിയുന്നതും മാനുസ്‌ക്രിപ്റ്റ് അയയ്ക്കുന്നതും. ഞാന്‍ ഒട്ടും പ്രതീക്ഷ പുലര്‍ത്തിയില്ലെന്നതാണ് സത്യം. അതുകൊണ്ടുതന്നെ അവാര്‍ഡ് ലഭിച്ചെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 

പുറപ്പാടിന്റെ പുസ്തകം ഉണ്ടാക്കിയ തരംഗത്തില്‍ പിന്നീട് ധാരാളം കഥകള്‍ പ്രസിദ്ധീകരിച്ച് കണ്ടിട്ടുണ്ട്. നോവല്‍ പുരസ്‌കാരം പെട്ടെന്ന് എഴുത്തിന്റെ പാത തുറന്നുതന്നുവോ? പുറപ്പാടിന്റെ പുസ്തകവുമായി താങ്കള്‍ പ്രസിദ്ധീകരിക്കാന്‍ നടത്തിയ വിഫലശ്രമങ്ങള്‍ പറഞ്ഞത് കേള്‍ക്കുമ്പോഴുണ്ടായ കൗതുകത്തില്‍നിന്നാണ് ഈ ചോദ്യം.

മുന്‍പ് മുഖ്യധാരാ വാരികകളിലേക്ക് ഞാനയച്ച പല കഥകളും തിരസ്‌കരിക്കപ്പെടുകയാണ് ചെയ്തതെങ്കില്‍ അവാര്‍ഡ് ലഭിച്ചശേഷം കഥകള്‍ ഒന്നൊന്നായി പ്രസിദ്ധീകൃതമാകാന്‍ തുടങ്ങി. 'ശവങ്ങളില്‍ പതിനാറാമന്‍', 'ജാലം', 'അടയാള മുറിവുകള്‍', 'തനിക്കു മുന്‍പുള്ളവര്‍', 'കവറടക്കം', '23 മിനിറ്റ്' തുടങ്ങിയ കഥകളൊക്കെ അക്കാലത്ത് പ്രസിദ്ധീകരിച്ചവയാണ്. പിന്നീടായിരുന്നു 'ചോരശാസ്ര്തം', 'ഒറ്റക്കാലന്‍കാക്ക',  'ലെയ്ക്ക' എന്നീ നോവലുകള്‍ പ്രസിദ്ധീകരിക്കുന്നതും. ദത്താപഹാരത്തിലൂടെ നിരീശ്വരനും കടന്ന് 'ആന്റികേ്‌ളാക്കി'ല്‍ എത്തി നില്‍ക്കുന്നു എന്റെ എഴുത്തുജീവിതം. 
 

ഒരു കാര്യം ചോദിക്കാനാഗ്രഹിക്കുന്നു. നവമാധ്യമങ്ങളെപ്പറ്റിയാണ്. അതായത് എഴുത്തുകാരന്‍ വായനക്കാരന് അപ്രാപ്യനായിരുന്ന കാലം മാഞ്ഞുപോയിരിക്കുന്നു. വായനക്കാരന്‍ അല്ലെങ്കില്‍ വായനക്കാരി ഒരു കഥ വായിക്കുന്നു. ഇഷ്ടപ്പെടുന്നു അല്ലെങ്കില്‍ ഇഷ്ടപ്പെടുന്നില്ല. ഉടന്‍ അവര്‍ സൈബര്‍ സ്‌പേസില്‍നിന്ന് എഴുതിയ ആളെ കണ്ടുപിടിക്കുന്നു. തന്റെ അഭിപ്രായം അറിയിക്കുന്നു. കൂടാതെ ലോകത്തോടും വിളിച്ചുപറയുന്നു. മുന്‍പൊക്കെ നിരൂപകര്‍ പുസ്തകത്തെ കണ്ടെത്തുകയും നിരൂപണമെഴുതുകയുമാണല്ലോ ചെയ്തിരുന്നത്. അത്തരം പുസ്തകപരിചയങ്ങള്‍ക്ക് ഒരു മാറ്റം സംഭവിക്കുന്നതായി അടുത്തിടെ കാണുന്നു. എനിക്കറിയേണ്ടത് നവമാധ്യമകാലത്തെ വി.ജെ. ജയിംസ് ആണോ അതിനു മുന്‍പത്തെ വി.ജെ. ജയിംസ് ആണോ താങ്കളെ സന്തോഷവാനാക്കുന്നത്? 


മുന്‍പും ഈ കൃതികളൊക്കെ ഇവിടെയുണ്ടായിരുന്നെങ്കിലും പല വായനക്കാര്‍ക്കും അവയെ അറിയുമായിരുന്നില്ല. അവയെ വിളംബരം ചെയ്യാനോ റിവ്യു എഴുതിപ്പിക്കാനോ പുസ്തകപ്രകാശനങ്ങള്‍ നടത്താനോ ഒന്നും ഞാനായിട്ട് ശ്രമിച്ചിട്ടില്ല. ചോരശാസ്ര്തം പ്രസിദ്ധീകരിക്കപ്പെട്ട് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അത് വായിക്കാനിടയായ മലയാളത്തിലെ ഒരു പ്രശസ്ത നിരൂപകന്‍ എന്നോട് പറഞ്ഞിട്ടുണ്ട്, ചോരശാസ്ര്തം ഇറങ്ങിയ കാലത്ത് എന്റെ ശ്രദ്ധയില്‍ പെടാതെ പോയി, അല്ലായിരുന്നുവെങ്കില്‍ അതിന്റെ വിധി മറ്റൊന്നാകുമായിരുന്നുവെന്ന്. ഓരോ കൃതിക്കും ഒരു ജാതകമുണ്ടെന്നും അദ്ദേഹം തമാശപോലെ കൂട്ടിച്ചേര്‍ത്തു. എന്റെ ഒരു നോവല്‍ പോലും ഇതുവരെ വായിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞ മലയാളത്തിലെ പ്രശസ്തരായ രണ്ട് നിരൂപകരുണ്ട്. ഇതാരുടെയും കുറ്റമായി പറയുന്നതല്ല. അവരുള്‍പ്പെടെയുള്ളവരിലേക്ക് പല എഴുത്തുകാരുടെയും പുസ്തകങ്ങള്‍ എത്തിപ്പെടാതെ പോവുകയും സാഹിത്യ ചര്‍ച്ചകളില്‍ സ്ഥിരമായി ചില പുസ്തകങ്ങള്‍ മാത്രം മറിച്ചും തിരിച്ചും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രവണത കണ്ടിട്ടുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയ സജീവമായതോടെ ഇതിനൊരു മാറ്റം വരുകയും കൃതികള്‍ പലവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും കൂടുതല്‍ പേരിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നുവെന്ന് ഇപ്പോള്‍ പ്രസാധകരില്‍നിന്ന് ലഭിക്കുന്ന സ്‌റ്റേറ്റ്‌മെന്റുകള്‍ പറയുന്നുണ്ട്. ഇത്രനാള്‍ വി.ജെ. ജയിംസിനെ വായിക്കാതെ പോയതില്‍ വിഷമം പ്രകടിപ്പിക്കുന്ന ചില മെസേജുകള്‍ ഇടയ്‌ക്കൊക്കെ എനിക്ക് കിട്ടാറുണ്ട്. പുറപ്പാടിന്റെ പുസ്തകം ഉള്‍പ്പെടെയുള്ള ആദ്യകാല കൃതികള്‍ക്കെല്ലാം ഇപ്പോള്‍ പുതിയ പതിപ്പുകള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന പുസ്തകാഭിപ്രായങ്ങളും മൗത്ത് പബ്‌ളിസിറ്റിയും തന്നെയാണ് അതിന് ഇടവരുത്തിയതെന്ന് ഞാന്‍ കരുതുന്നു. അക്ഷരത്തിലുള്ള വിശ്വാസമാണ് എന്നിലെ എഴുത്തുകാരനെ നിലനിര്‍ത്തുന്നത്. എഴുതാനിരിക്കുമ്പോള്‍ പുറത്തേക്ക് ഒഴുകാന്‍ പോകുന്ന വരികളോ വാക്കുകളോ മുന്‍കൂട്ടി പ്രവചിക്കാനാവാത്തവിധം അനിശ്ചിതമാണെനിക്ക്. എഴുത്ത് ഒരു കാരുണ്യമാണെന്നും അതിന്മേല്‍ എഴുത്തുകാരന് അഹങ്കരിക്കാന്‍ ഒന്നുമില്ലെന്നാണ് എന്റെ തോന്നല്‍. അതുകൊണ്ടുതന്നെ അക്ഷരത്തോട് ഇടപെടുന്നവര്‍ ഏറ്റവും സത്യസന്ധമായി അതിനെ സമീപിക്കണമെന്ന് ഞാന്‍ കരുതുന്നു. അതിന് ഇരുതലമൂര്‍ച്ചയുള്ള വാളായി ഒരേ സമയം രക്ഷിക്കാനും നിഗ്രഹിക്കാനുമാവും. കാലമാണ് ഒരു കൃതിയുടെ മേന്മയെഅളന്നുതിട്ടപ്പെടുത്തുക. നിലനില്‍ക്കാന്‍ കെല്‍പ്പുള്ളതാണെങ്കില്‍ അതു കാലത്തെ അതിജീവിച്ച് നിലനിന്നുകൊള്ളും. കൈയിട്ടടിച്ച് ഓളം സൃഷ്ടിച്ചാല്‍ ഒരല്‍പ്പം കഴിയുമ്പോള്‍ താനെ നിലച്ചുപോവുകയേ ഉള്ളു.

2005-ല്‍ പുറത്തിറങ്ങിയ 'ദത്താപഹാരം' എന്റെ നോട്ടത്തില്‍ കഴിഞ്ഞ രണ്ടുകൊല്ലമായി ഫേസ്ബുക്കില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. കൂടുതലും വ്യക്തിഗത നിരീക്ഷണങ്ങള്‍. ആ നോവലിന്റെ ഉല്‍പ്പത്തി എങ്ങനെ ആയിരുന്നു? അല്ലെങ്കില്‍ ഇങ്ങനെ ചോദിക്കാം, കാടിന്റെ രാഷ്ര്ടീയം സോ കോള്‍ഡ് പരിസ്ഥിതി രാഷ്ര്ടീയമല്ല, അതിന്റെ ഒരു സ്പിരിച്വല്‍ അന്തര്‍ധാര പിന്നീട് ഇപ്പോഴൊക്കെ ധാരാളം പേരെ അട്രാക്റ്റ് ചെയ്ത ഒരു ഇസം, മുന്‍കൂട്ടിക്കണ്ട് എഴുതിയതാണോ? 

ദത്താപഹാരത്തെ ഏറ്റവും പ്രിയ പുസ്തകങ്ങളിലൊന്നായി നെഞ്ചോട് ചേര്‍ക്കുന്ന ചിലരുണ്ട്. എനിക്കേറ്റം പ്രിയപ്പെട്ട എന്റെ പുസ്തകങ്ങളിലും മുഖ്യസ്ഥാനത്ത് 'ദത്താപഹാര'മുണ്ടാവും. കാരണം, എന്നിലെ എഴുത്തുകാരനെ ഏറ്റവുമധികം വെല്ലുവിളിച്ച കൃതിയാണത്. ഒരു മനുഷ്യന്റെ സ്വത്വാന്യേഷണത്തിന്റെ അവസാനമാണത് എന്നെ സംബന്ധിച്ചിടത്തോളം. സമകാലിക അവസ്ഥകളോട് ബന്ധപ്പെടുത്തി മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍, എനിക്ക് തോന്നുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ ഏതൊരു പ്രസ്ഥാനത്തിനും ഏര്‍പ്പെടാവുന്ന ഏറ്റവും മികച്ച വിപ്‌ളവപ്രവര്‍ത്തനം പ്രകൃതിയെ അതിന്റെ സന്തുലനത്തില്‍ നിലനില്‍ക്കാന്‍ അനുവദിക്കുന്ന പരിശ്രമങ്ങളില്‍ മുഴുകുക എന്നതാണ്. പ്രകൃതം എന്നാല്‍ ഒരു വ്യക്തിയുടെ സ്വത്വം, അഥവാ തനിമതന്നെ. ആ തനിമയില്‍ കൃത്രിമത്വം കലരുമ്പോള്‍ താളം തെറ്റുകയും അതിന്റെ വക അശാന്തി പലതരത്തില്‍ പ്രകൃതിയില്‍ പ്രതിഫലിക്കുകയും ചെയ്യും. ഓരോ മനുഷ്യന്റെയും ഉള്ളിന്റെയുള്ളില്‍ സ്വന്തം തനിമയിലേക്ക്, പ്രകൃതിയിലേക്ക് മടങ്ങാനുള്ള സ്വാഭാവിക പ്രേരണയുണ്ട്. തനിമയുമായുള്ള പൂര്‍ണലയം ആണ് 'ദത്താപഹാരം' അന്വേഷിക്കുന്നത്. 2005-ല്‍ 'ദത്താപഹാരം' വായിച്ച എന്റെയൊരു സുഹൃത്ത് പറഞ്ഞത് ഈ പുസ്തകം ഒരു പത്തുവര്‍ഷം കഴിഞ്ഞാവും ചര്‍ച്ചചെയ്യപ്പെടുകയെന്ന്. എന്താണതിന്റെ യുക്തിയെന്നറിയില്ല, എന്തായാലും ഇപ്പോള്‍ കൂടുതലായി വായിക്കപ്പെടുകയും വായനാനുഭവങ്ങള്‍ പലതും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. കൂട്ടത്തില്‍ പറയട്ടെ, ചിലരെന്നോട് ചോദിച്ചിരുന്നു കാടനുഭവങ്ങളെക്കുറിച്ചെഴുതുന്ന പരിസ്ഥിതിവാദിയായ എന്‍.എ. നസീറിനെ മനസ്സില്‍ കണ്ടാണോ ഫ്രെഡി റോബര്‍ട്ടിനെ രൂപപ്പെടുത്തിയതെന്ന്. ഇതേ ചോദ്യം നസീറിനോടും ചിലര്‍ ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹവും പിന്നീടൊരു കാലം ഞങ്ങള്‍ പരിചയപ്പെടുമ്പോള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 'ദത്താപഹാരം' എഴുതപ്പെടുന്ന കാലത്ത് നസീര്‍ കാടനുഭവങ്ങളുടെ എഴുത്തില്‍ സജീവമായിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് പരസ്പരം പരിചയവുമുണ്ടായിരുന്നില്ല. ഫ്രെഡിയുടേതുപോലെ പ്രകൃതിയുമായി ലയം പ്രാപിക്കാനാവുന്ന മനുഷ്യര്‍ ഉണ്ടോ എന്ന ചോദ്യത്തിന് പ്രകൃതി തന്നെ ചൂണ്ടിക്കാണിച്ചുതന്ന ഉത്തരമായിരുന്നു നസീര്‍. പരസ്പരം നന്നായി മനസ്സിലാവുന്ന അടുത്ത സുഹൃത്തുക്കളാണ് ഞങ്ങളിപ്പോള്‍. ഏതെങ്കിലും ഇസം മുന്‍കൂട്ടി കണ്ടുകൊണ്ടല്ല, ഒരു ശാശ്വത സത്യത്തെ മുഖാമുഖം നേരിട്ടുകൊണ്ടായിരുന്നു 'ദത്താപഹാരം' എഴുതിയതെന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.

മോഡേണിസം പോസ്റ്റ് മോഡേണിസം എന്നൊക്കെ സാഹിത്യകാലഘട്ടങ്ങളെ വിഭജിച്ച് കാണാറുണ്ടല്ലോ. 'ഏകാന്ത നഗരങ്ങള്‍' എന്ന പുസ്തകത്തില്‍ ഡോക്ടര്‍ പി.കെ. രാജശേഖരന്‍ ചേര്‍ത്തിട്ടുള്ള ചോരശാസ്ര്തത്തെക്കുറിച്ചുള്ള പഠനത്തില്‍ മലയാള നോവലില്‍ ഉത്തരാധുനികത നിലനില്‍ക്കുന്നു എന്നതിന്റെ ഉദാഹരണമായി ചോരശാസ്ര്തത്തെ എടുത്തുകാട്ടുന്നുണ്ട്. ഡോ. വി.സി. ശ്രീജന്‍ തന്റെ നോവല്‍ വായനകള്‍ എന്ന പുസ്തകത്തിലും ഇന്ദുലേഖ മുതലുള്ള മലയാളത്തിലെന്ന് വ്യത്യസ്തമായ 12 നോവലുകളെക്കുറിച്ചുള്ള പഠനത്തില്‍ ചോരശാസ്ര്തത്തെ ആഴത്തില്‍ പരിശോധിക്കുന്നുണ്ടല്ലോ. ചോദിക്കാന്‍ വന്നത് ഇതാണ്, സാഹിത്യത്തില്‍ കാലഗണനയനുസരിച്ചുള്ള എന്തെങ്കിലും വേര്‍തിരിക്കലുകള്‍ ഉണ്ടോ. അഥവാ ഏതെങ്കിലും ഇസത്തിനുവേണ്ടി രചന നിര്‍വഹിച്ചിട്ടുണ്ടോ. സാഹിത്യത്തിന്റെ ഭാവിയെക്കുറിച്ച് ഒരെഴുത്തുകാരനെന്ന നിലയില്‍ ഉത്ക്കണ്ഠയുണ്ടോ?

ഏതെങ്കിലും പ്രത്യേക സാഹിത്യ ജനുസില്‍ പെടണം എന്ന ഉദ്ദേശ്യത്തോടെയല്ല എഴുത്ത്. ഇത്തരം വിഭജനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതാണെന്നാണ് എന്റെ തോന്നല്‍. നമ്മളായി സൃഷ്ടിക്കുന്നതല്ല. ഭൂമിശാസ്ര്തപരമായി നോക്കിയാല്‍ ഒരു ഭാഷ സംസാരിക്കുന്ന ജനങ്ങളില്‍നിന്ന് ഇനിയൊരു ഭാഷ സംസാരിക്കുന്ന തൊട്ടയല്‍ സംസ്ഥാനത്തുള്ള ജനങ്ങളിലേക്ക് പെട്ടെന്ന് ഒരതിരില്‍ വച്ചല്ല മാറ്റം സംഭവിക്കുന്നത്. കുറേശ്ശെ കുറേശ്ശെയായി ഭാഷയ്ക്ക് രൂപാന്തരം വന്ന് ക്രമേണ പുതിയൊരു ഭാഷയായിത്തീരുന്നു. സാഹിത്യവും അതുപോലെ പഴയകാലത്തില്‍നിന്ന് പുതിയ കാലത്തിലേക്കുള്ള അനുസ്യൂതമായൊരു തുടര്‍ച്ചയാണ്. കാലം മുന്നോട്ടു പോകുന്നതും പ്രപഞ്ചം ഇങ്ങനെ നിലനില്‍ക്കുന്നതും നമ്മുടെയൊന്നും പ്രത്യേകമായ പ്രവര്‍ത്തനം കൊണ്ടല്ലല്ലോ. അതുകൊണ്ട് ക്ഷരമല്ലാത്ത അക്ഷരങ്ങളുടെ പ്രതിഫലനമായ സാഹിത്യം അതിന്റെ അതിജീവനശക്തികൊണ്ടുതന്നെ നിലനിന്നുകൊള്ളുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.   
ബഹിരാകാശവുമായി ബന്ധപ്പെട്ട് മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ട 'ലെയ്ക്ക' ഒരു ചെറുനോവല്‍ ആണെങ്കിലും അത് മനസ്സിലുണ്ടാക്കുന്ന നീറ്റല്‍ വളരെ വലുതാണ്. വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ര്തജ്ഞന്‍ എന്ന നിലയിലുള്ള ജീവിതമാണോ ലെയ്ക്കയിലേക്കെത്താന്‍ കാരണമായത്. ഞാനാദ്യം കരുതിയത് അതൊരു വിവര്‍ത്തന കൃതിയാണെന്നാണ്.
ലെയ്ക്കയെന്ന പേര് ഞാനാദ്യം കേട്ടത് നാലാം കഌസ്സിലെ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് കാണാപ്പാഠം പഠിച്ച ഒരു പൊതുവിജ്ഞാന ചോദ്യത്തിനുള്ള ഉത്തരമെന്ന നിലയിലാണ്. ഒരു നായയ്ക്ക് ശൂന്യാകാശത്ത് സഞ്ചരിക്കാന്‍ കഴിയുന്നതെങ്ങനെയെന്ന് അന്നെനിക്കറിയുമായിരുന്നില്ല. പിന്നീട് കാലമെന്നെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ എന്‍ജിനീയറാക്കുകയും ശാസ്ര്തപരീക്ഷണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വായനകള്‍ സംഭവിക്കുകയും ചെയ്തപ്പോഴാണ് ലെയ്ക്ക വീണ്ടുമെന്നിലേക്ക് മടങ്ങിവരുന്നത്. ഞാനാ നോവലിന് ഒരു വിവര്‍ത്തനകൃതിയുടെ ചട്ടക്കൂടാണ് സ്വീകരിച്ചത്. സംവിധായകന്‍ ലാല്‍ജോസ് അടക്കം പലരും ധരിച്ചത് ശരിക്കും അതൊരു വിവര്‍ത്തന കൃതിയാണെന്നാണ്. പിന്നീടെന്നെ നേരില്‍ കാണുമ്പോള്‍ 'പെരുംകള്ളാ പറ്റിച്ചുകളഞ്ഞല്ലോ' എന്നദ്ദേഹം പറഞ്ഞതും ഓര്‍ക്കുന്നു. ലെയ്ക്ക എഴുതുമ്പോള്‍ എനിക്ക് റഷ്യയെക്കുറിച്ച് വായിച്ചും കേട്ടതുമായ അറിവുകളേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിച്ച് കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി എനിക്ക് മറ്റൊരു സെക്ഷനിലേക്ക് ജോലിമാറ്റമുണ്ടാവുകയും അവിടെനിന്ന് ഔദ്യോഗികാവശ്യത്തിനായി റഷ്യയിലേക്ക് യാത്രപോകേണ്ടിവരുകയും ചെയ്തു. ഞാന്‍ സങ്കല്‍പ്പിച്ചെഴുതിയ ഇടങ്ങളിലൂടെ യാത്ര ചെയ്യാന്‍ നിമിത്തമുണ്ടായി എന്നത് അതിശയിപ്പിക്കുന്ന യാദൃച്ഛികതയായിരുന്നു. ലെയ്ക്കയ്ക്കുവേണ്ടി പ്രിയങ്കയെന്ന റഷ്യന്‍ പെണ്‍കുട്ടി മെഴുകുതിരി കൊളുത്തിയ പള്ളിയില്‍ വികാരഭരിതനായി നിന്ന് ഞാനും മൂന്ന് തിരികള്‍ കത്തിച്ചു. എഴുത്തുകാരനെ കഥാപാത്രങ്ങള്‍ സ്വന്തം വിശ്രാന്തിയിടത്തേക്ക് ക്ഷണിച്ചുവരുത്തിയതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. ഇപ്പോഴും എന്നോട് പലരും ചോദിക്കാറുണ്ട് അവസാന പേജില്‍ മൗനാക്ഷരങ്ങള്‍കൊണ്ട് മുദ്രവച്ച ആ ശൂന്യചതുരത്തില്‍ ഡെനിസോവിച്ച് കുറിച്ചിട്ട രഹസ്യമെന്താണെന്ന്. ഒരിക്കലും ഞാനത് വെളിപ്പെടുത്തുകയില്ല. അത് വായനക്കാരന്‍ സ്വയം പൂരിപ്പിക്കാനുള്ളതാണ്.

പുറപ്പാടിന്റെ പുസ്തകം എന്ന അവാര്‍ഡ് നേടിയ നോവലിനു മുന്‍പ് എഴുതിയതാണ് 'ഒറ്റക്കാലന്‍ കാക്ക'  അഞ്ചാമത് പ്രസിദ്ധീകരിച്ച നോവലെന്ന് ആ കൃതിയുടെ ആമുഖത്തില്‍ പറയുന്നുണ്ട്. നിര്‍ജ്ജീവമെന്ന് നമ്മള്‍ കരുതുന്ന വസ്തുക്കളെപ്പോലും സജീവമാക്കുന്ന ഒരു കലാവിദ്യയിലൂടെ വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കുന്നുണ്ട് ആ കൃതി. എന്തുകൊണ്ടാണ് ആദ്യമെഴുതിയ കൃതി അഞ്ചാമത് പ്രസിദ്ധീകരിക്കാന്‍ കാരണമായത്.

സത്യത്തില്‍ ഞാന്‍ ആദ്യം എഴുതാന്‍ കരുതിയ നോവല്‍ ഇനിയുംപൂര്‍ത്തിയാകാതെ പാതിവഴിയില്‍ കിടക്കുന്നേയുള്ളു. ഒരുപക്ഷേ, അതിന്റെ സമയം എത്തിയിട്ടില്ലെന്നു പറയുന്നതാവും ശരി. 'ഒറ്റക്കാലന്‍ കാക്ക' ഒരു നോവലെറ്റായി എഴുതിയതായിരുന്നു. ചില ചെറുകഥകളും അക്കാലത്ത് എഴുതിയിരുന്നു. എന്നാല്‍ പുറപ്പാടിന്റെ പുസ്തകം എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്റെ ശ്രദ്ധ മുഴുവന്‍ അതിലായി. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം അത് പ്രസിദ്ധീകരിച്ചു കഴിഞ്ഞാണ് പ്രധാന വാരികകളില്‍ കഥകള്‍ വരാന്‍ തുടങ്ങിയതും ഒറ്റക്കാലന്‍ കാക്ക പ്രസിദ്ധീകൃതമാവുന്നതും. ചെറിയ കൃതിയായതിനാല്‍ പുസ്തകരൂപത്തിലാക്കാതെ ഞാനത് മാറ്റിവച്ചിരിക്കുകയായിരുന്നു. പിന്നീടൊരു സാഹചര്യത്തില്‍ അതിന്മേല്‍ കുറേക്കൂടി അടയിരിക്കുകയും പുസ്തകമാക്കുകയുമായിരുന്നു. ഒറ്റക്കാലന്‍കാക്കയുടെ പുതിയ പതിപ്പ് ഉടന്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. 


മൂന്ന് യൂണിവേഴ്‌സിറ്റികളില്‍ ഡിഗ്രിക്ക് പാഠപുസ്തകമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടല്ലോ ചോരശാസ്ര്തം എന്ന നോവല്‍.

ഒരുകാലത്തും ഞാന്‍ കരുതിയതല്ല എന്നെങ്കിലും എന്റെ ഏതെങ്കിലും കൃതി പാഠപുസ്തകമാവുമെന്ന്. കോളേജുകളിലേക്ക് ക്ഷണം ലഭിച്ച് ചെല്ലുമ്പോള്‍ ആ പുസ്തകം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്‌നേഹം അനുഭവിക്കാന്‍ ധാരാളമായി ഇടവന്നിട്ടുണ്ട്. അതേക്കുറിച്ചുള്ള പലേ ചോദ്യങ്ങളും അവര്‍ ചോദിക്കാറുമുണ്ട്. ഒരു കോളേജില്‍ ചെന്നപ്പോള്‍ അവിടുത്തെ മലയാളം പ്രൊഫസര്‍ പറഞ്ഞു, പാഠപുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്ന കമ്മിറ്റിക്ക് മുന്‍പില്‍ റെക്കമെന്റേഷന്റെ പെരുമഴയുമായാണ് പുസ്തകങ്ങള്‍ സാധാരണ എത്താറെന്ന്. എന്നാല്‍, ചോരശാസ്ര്തം ഒരു റെക്കമെന്റേഷന്റെയും അകമ്പടിയില്ലാതെ സ്വയം കയറിവരുകയായിരുന്നുവെന്ന്. എഴുത്തുകാരനെന്ന നിലയില്‍ ഏറെ ചാരിതാര്‍ത്ഥ്യം തോന്നി അതു കേട്ടപ്പോള്‍.

നാല് കഥാസമാഹാരങ്ങള്‍ ഇറങ്ങിയിട്ടുണ്ടല്ലോ, ഏറ്റവുമൊടുവില്‍ പ്രസിദ്ധീകൃതമായ 'പ്രണയോപനിഷത്ത്' ഉള്‍പ്പെടെ. പ്രണയോപനിഷത്ത് ഇപ്പോള്‍ നാലാം പതിപ്പില്‍ എത്തി നില്‍ക്കുകയും ചെയ്യുന്നു. 'ദ്രാക്ഷാരസം', 'അനിയത്തിപ്രാവ്', 'സമയപുരുഷന്‍' എന്നിങ്ങനെ ഏറെ ശ്രദ്ധേയമായ പലേ കഥകളും അതിലുണ്ട്. ഇനി ഒരു സാധാരണ ചോദ്യം, നോവലും കഥകളും എഴുതുമ്പോള്‍ ഉള്ള വ്യത്യസ്തതകള്‍ എന്താണ്?

നോവല്‍ വളരെയേറെ ശ്രമം ആവശ്യപ്പെടുന്ന കര്‍മ്മമാണ്. വര്‍ഷങ്ങളോളം അത് നിരന്തര ബാധയായി പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. പുറപ്പാടിന്റെ പുസ്തകം പൂര്‍ത്തിയാകാന്‍ പന്ത്രണ്ട് വര്‍ഷമെടുത്തു. നിരീശ്വരന്‍ ആറും ചോരശാസ്ര്തവും ഒറ്റക്കാലന്‍കാക്കയും ദത്താപഹാരവും രണ്ടുവര്‍ഷം വീതവും. കഥ ഒരുപക്ഷേ, അത്രയൊന്നും കാലം ആവശ്യപ്പെടുന്നില്ലെങ്കില്‍ക്കൂടി താരതമ്യേന കൂടുതല്‍ ജാഗ്രതയാവശ്യപ്പെടുന്നുണ്ട്. ഉന്നം പിടിച്ച് ഞെടുമ്പില്‍ എറിഞ്ഞുകൊള്ളിച്ച് പഴുത്തുപാകമായ ഒരു പ്രത്യേക മാമ്പഴം തന്നെ താഴെ വീഴിക്കും പോലെയാണത്. ലക്ഷ്യം പാളിയാല്‍ വിളമൂക്കാത്തതോ വാടിയതോ ഒക്കെയാവും കിട്ടുക. വര്‍ഷത്തില്‍ ഒന്നോ രണ്ടോ കഥകളേ ഇപ്പോള്‍ ഞാന്‍ എഴുതാറുള്ളു. അപ്പോഴും നോവലെഴുത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ടാവും. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന 'ആന്റികേ്‌ളാക്ക്' എന്ന നോവലിനു പിന്നിലും ഏതാണ്ട് നാലഞ്ച് വര്‍ഷത്തെ പ്രയത്‌നമുണ്ട്. 

ഈയടുത്ത് ഇറങ്ങിയ സിനിമ, 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' അതിനെ പിന്‍പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളുണ്ടായി. കഥയുടെ ക്രെഡിറ്റും മറ്റും. സിനിമ ഇറങ്ങിയപ്പോള്‍ 'പ്രണയോപനിഷത്ത്' എന്ന കഥയുടെ രാഷ്ര്ടീയം വന്നില്ല, തന്നെയുമല്ല പ്രതിലോമകരമായിപ്പോയി എന്നും മറ്റും. അതൊക്കെ സാധാരണമാണ്. ചോദ്യം ഇതാണ്, ഈ വിഷയത്തില്‍ വി.ജെ. ജയിംസ് ഒന്നുമേ പ്രതികരിച്ച് കണ്ടില്ല. അതെന്താണ്?

പ്രണയോപനിഷത്ത് എന്ന കഥയില്‍ പ്രണയത്തിന്റെ ഒരു വേറിട്ട ദര്‍ശനമുണ്ട്. അതാണാ കഥയ്ക്ക് രുചി നല്‍കുന്ന ഘടകം. ഒരു നൂല്‍പ്പാലത്തിലൂടെയുള്ള സഞ്ചാരമാണാ കഥയെന്ന് അതെഴുതുമ്പോള്‍ നല്ല ബോദ്ധ്യമുണ്ടായിരുന്നു. ഒരല്‍പ്പം തെന്നിയാല്‍ പൈങ്കിളിയിലേക്ക് തെന്നിവീഴാനുള്ള സാധ്യതയുള്ളതിനാല്‍ വളരെ ജാഗ്രത പുലര്‍ത്തി. തിരക്കഥാകൃത്ത് ആ കഥയില്‍നിന്ന് എന്ത് സ്വാംശീകരിച്ചു എന്നതാണ് സിനിമ കാട്ടിത്തരുന്നത്. ഉലഹന്നാന്റെയും ആനിമ്മയുടെയും പ്രണയമാണ് സിനിമയുടെ പരസ്യങ്ങളിലും സാമ്പത്തിക വിജയത്തിലും പ്രവര്‍ത്തിച്ചിരിക്കുന്നതെങ്കിലും കഥയും സിനിമയും രണ്ടുതരം ഭാഷയാണ്. എന്നോടുതന്നെ പരമാവധി സത്യസന്ധത പുലര്‍ത്തുക എന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. എഴുത്തിലൂടെ അതിന് ശ്രമിക്കുന്നു. അതിനപ്പുറമുള്ള പ്രതികരണങ്ങളില്‍ ഏര്‍പ്പെടാന്‍ എന്തെങ്കിലും ബാധ്യതയുള്ളതായി തോന്നിയില്ല. ആനിമ്മയുടെയും ഉലഹന്നാന്റെയും ജീവിതം പറയുന്ന പ്രണയോപനിഷത്ത് എന്ന കഥ ഇപ്പോഴും അതിന്റെ അനാഘ്രാത ശുദ്ധിയോടെ നിലനില്‍ക്കുന്നുവെന്ന് അടുത്തിടെ മലയാളത്തിലെ പ്രശസ്തനായ ഒരു കഥയെഴുത്തുകാരന്‍ സുഹൃത്ത് സിനിമ കണ്ടശേഷം ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞതോര്‍മ്മവരുന്നു.

 'ഒറ്റക്കാലന്‍ കാക്ക' മുതല്‍ 'നിരീശ്വരന്‍' വരെ വായിച്ച അനുഭവത്തില്‍ നിന്ന് ചോദിക്കട്ടെ, അല്ലെങ്കില്‍ ഒരു ആരോപണം ഉന്നയിക്കട്ടെ, താങ്കളില്‍ അന്തര്‍ലീനമായി കിടക്കുന്ന ഒരു സ്പിരിച്ച്വല്‍ ലെയര്‍ ഉണ്ട്. അതും ഒരു ശാസ്ര്തജ്ഞനായ താങ്കള്‍. ഒരു നേരിയ പാടയ്ക്ക് അപ്പുറവും ഇപ്പുറവും ഇത് താങ്കളുടെ കൃതികളില്‍ തലനീട്ടുന്നു. ഈ മെയ്‌വഴക്കം, ഈ വിരുദ്ധധ്രുവങ്ങള്‍ വച്ചുള്ള അമ്മാനമാടല്‍  ഇതിനെപ്പറ്റി രണ്ടുവാക്ക് പറഞ്ഞാല്‍ കൊള്ളാം. 

ആദ്യമേ പറയട്ടെ, ശാസ്ര്തവും സ്പിരിച്വാലിറ്റിയും വിരുദ്ധ ധ്രുവങ്ങളാണെന്ന കാഴ്ചപ്പാടിനോട് എനിക്ക് വിയോജിപ്പുണ്ട്. ഏതിലെങ്കിലും ഒന്നില്‍ മാത്രം കാലുറപ്പിച്ചുനിന്ന് അന്വേഷിക്കുമ്പോഴാണ് ഒന്ന് മറ്റൊന്നിന് എതിരാണെന്ന് തോന്നുക. ശാസ്ര്തത്തെ മനസ്സിലാക്കാന്‍ അതിന്റെ ടൂളുകള്‍ ഉള്ളതുപോലെ സ്പിരിച്ച്വാലിറ്റിയെ മനസ്സിലാക്കാന്‍ അതിന്റെ തന്നെ ടൂളുകള്‍ ഉപയോഗിക്കണം. അത് അനുഭവതലമാകയാല്‍ വ്യക്തിപരമായി മാത്രമേ അനുഭവിക്കാനാവൂ. ശാസ്ര്തത്തില്‍ മാത്രം അന്വേഷണം നടത്തുമ്പോള്‍ ഈഗോ എന്ന ഞാന്‍ ഭാവം തെളിഞ്ഞുനില്‍ക്കും. എന്നാല്‍, ഞാന്‍ ഭാവത്തില്‍നിന്ന് മുക്തമാകുന്ന കാലാവസ്ഥയിലേ സ്പിരിച്ച്വലിറ്റി അനുഭവമാകൂ. തര്‍ക്കിച്ചു ജയിക്കാനുള്ള ഇടങ്ങളില്‍ സ്പിരിച്ച്വാലിറ്റിയെ തേടിയാല്‍ നിരാശയാവും ഫലം. താത്ത്വികമായി കുറെയൊക്കെ അതിന്റെ പരിസരത്ത് ചെല്ലാന്‍ ശ്രമിക്കാമെന്നേയുള്ളു. ചൂട് എന്താണെന്ന് നൂറുപേജില്‍ ശാസ്ര്തലേഖനമെഴുതിയെന്ന് വച്ച് ഒരാള്‍ക്കത് മനസ്സിലാക്കി കൊടുക്കാനാവില്ല. തൊട്ടു നോക്കിയാല്‍ ആ നിമിഷം അനുഭവത്തില്‍ വരും. എത്ര മഹാശാസ്ര്തജ്ഞനായാലും ഈ തൊട്ടുനോക്കല്‍ ഉണ്ടാവാത്ത കാലത്തോളം സ്പിരിച്ച്വാലിറ്റി അനുഭവിക്കുകയില്ല. ഒന്നുകൂടി പറയട്ടെ, സാമ്പ്രദായിക മതവും സ്പിരിച്ച്വാലിറ്റിയും രണ്ടും രണ്ടാണ്. മതമില്ലാത്തയാള്‍ക്കും നിരീശ്വരവാദിക്കുപോലും അയാളില്‍ത്തന്നെ അന്തര്‍ലീനമായി കിടക്കുന്നതാണ് സ്പിരിച്ച്വാലിറ്റി അഥവാ ആത്മീയത. തന്നെക്കുറിച്ച് തന്നെയുള്ളത് എന്നാണാ വാക്കിന്റെ വിവക്ഷ. തന്നിലേക്കുതന്നെ അന്വേഷിച്ചു ചെല്ലുമ്പോള്‍ അനുഭവമാകുന്നത്. ശുദ്ധമായ സ്പിരിച്ച്വാലിറ്റി ഒരാളെയും ദ്വേഷിക്കുകയോ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുകയോ ഇല്ല. എല്ലാറ്റിനെയും ഉള്‍ക്കൊള്ളലാണത്. എന്റെ എഴുത്തില്‍ കടന്നുവരുന്ന ആത്മീയതയെ അതുപോലെ ഉള്‍ക്കൊള്ളുന്നവരുണ്ട്, അതിന്റെ പരിസരത്തുകൂടി താല്‍പ്പര്യത്തോടെ സഞ്ചരിക്കുന്നവരുണ്ട്, അതിനോട് ഐക്യപ്പെടാനാവാത്തവരുമുണ്ട്. ഓരോ വ്യക്തിയുടെയും നിലയ്‌ക്കൊത്ത് അത് മാറിക്കൊണ്ടിരിക്കുന്നത് സ്വാഭാവികം മാത്രം.

മലയാളം വാരികയിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും പുതിയ നോവലായ 'ആന്റികേ്‌ളാക്കി'നെക്കുറിച്ച് എന്താണ് പറയാനുള്ളത്?

കൂടുതല്‍ വായിക്കപ്പെടുന്നു എന്നത് കൂടുതല്‍ ഉത്തരവാദിത്വം തന്നെയാണ്. എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ആത്മാര്‍ത്ഥതയാവശ്യപ്പെടുന്ന ഒരു കര്‍മ്മമാണ്. ഔദ്യോഗികവും അല്ലാത്തതുമായ തിരക്കുകള്‍ക്കിടയില്‍ 'ആന്റികേ്‌ളാക്ക്' പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് നാലുവര്‍ഷത്തിലേറെ സമയമെടുത്തു. എന്റെ ഭാഗത്തുനിന്നുള്ള പരമാവധി ശ്രമം നടത്തിയിട്ടു മാത്രമേ ഞാന്‍ പ്രസിദ്ധീകരണത്തിന് മുതിരാറുള്ളു. ആദ്യകാലത്ത് ഞാന്‍ എഴുതിയ ഒരു ചെറുകഥ എന്നെ നിരന്തരം അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നതില്‍നിന്നാണ് നോവലിന്റെ പിറവി. എഴുതി വന്നപ്പോള്‍ അത് പുതിയ പല തലങ്ങളിലൂടെയും എന്നെ സഞ്ചരിപ്പിച്ചു. 'ആന്റികേ്‌ളാക്ക്' മലയാളം വാരികയുടെ താളുകളിലൂടെ മിടിച്ചുതുടങ്ങുന്നതില്‍ സന്തോഷവും കൃതാര്‍ത്ഥതയുമുണ്ട്. മാനുസ്‌ക്രിപ്റ്റ് വായിച്ച സുഹൃത്തുക്കളില്‍നിന്ന് ആവേശകരമായ പ്രതികരണങ്ങളായിരുന്നു. എങ്കിലും എഴുത്തുകാരന്‍ സ്വന്തം കൃതിയെക്കുറിച്ച് പറയുന്നത് അഭംഗിയാവും എന്നതിനാല്‍ അത് വായനാ സമൂഹത്തിന്റെ വിലയിരുത്തലിന് വിടുന്നു. പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ കൃതി പിന്നെ അവരുടേതാണല്ലോ. 

(സമകാലിക മലയാളം വാരികയുടെ മേയ് ഒന്ന് ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖം)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com