ആനന്ദ് 25 വര്‍ഷം മുന്‍പ് ഗോശാലകള്‍ പ്രമേയമാക്കി എഴുതിയ പ്രവചനാത്മകമായ കഥ

പശുവിന്റെ അവസാനത്തെ ശ്വാസം ഒരു ചെറിയ ഞെട്ടലോടുകൂടി പുറത്തേക്കു പോയി, താമസിയാതെ മൂത്രദ്വാരത്തില്‍നിന്നു നാലഞ്ചിറ്റ് മൂത്രം കിനിഞ്ഞുവന്നു. അനുചരന്‍ അതു പിഴിഞ്ഞെടുത്തു. മിശ്രാജിയുടെ വേദോച്ചാരണം അവസാനിച്ച
ആനന്ദ് 25 വര്‍ഷം മുന്‍പ് ഗോശാലകള്‍ പ്രമേയമാക്കി എഴുതിയ പ്രവചനാത്മകമായ കഥ

ഇരുപത്തിയഞ്ചുവര്‍ഷം മുന്‍പ് ഗോശാലകള്‍ പ്രമേയമാക്കി എഴുതിയതാണ്, ഇന്നു വായിക്കുമ്പോള്‍ ഏറ്റവും പ്രവചനാത്മകമായി തോന്നുന്ന 'ത്രിശങ്കു'. ആ കഥയുടെ സമകാലിക പ്രസക്തി ആനന്ദ് തന്നെ ചൂണ്ടിക്കാണിച്ചതാണ് പുന:പ്രസിദ്ധീകരണത്തിനു പ്രേരണയായത്. ഗാന്ധിജിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന യംഗ് ഇന്ത്യയുടെ 1926 മേയ് 6 ലക്കത്തില്‍ ഉണ്ടായിരുന്ന കല്‍ക്കത്തയിലെ ഗോശാലകളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടാണ് ഈ കഥയ്ക്ക് ആനന്ദിന് പ്രചോദനം നല്‍കിയത്

ആനന്ദ്

ചിത്രീകരണം: സുരേഷ്‌കുമാര്‍ കുഴിമറ്റം
 

''ഈ നന്ദിനിയെ സ്വീകരിക്കൂ.' പശുവിന്റെ കയറ് നീട്ടിക്കാണിച്ചു വൃദ്ധന്‍ പറഞ്ഞു. പുണ്യകര്‍മ്മത്തില്‍ ഒപ്പം പങ്കുചേരാനായി അയാളുടെ ഭാര്യയും വലംകൈയുകൊണ്ടു കയറില്‍ തൊട്ടു.
പുണ്യകര്‍മ്മം ചെയ്യുകയാണെങ്കിലും ഒരു ജാള്യമുണ്ടായിരുന്നു അവരിരുവരുടേയും മുഖത്ത്, മാപ്പു ചോദിക്കുന്ന മട്ടില്‍ വൃദ്ധന്‍ തുടര്‍ന്നു: ''മെച്ചപ്പെട്ടതിനൊക്കെ വലിയ വിലയാണ് അറവുകാരന്‍ പറയുന്നത്. പിന്നെ... ശോഷിച്ചതിനെയാണല്ലോ നമ്മള്‍ സംരക്ഷിക്കേണ്ടത്.'
ഗോശാലയിലെ പണിക്കാരന്‍ കയറ് ഏറ്റുവാങ്ങുന്നതിനിടയ്ക്കു പശുവിനെ ഒന്നുനോക്കി. എല്ലുന്തി, കണ്ണുകള്‍ പകുതി അടഞ്ഞ്, മുട്ടിനു താഴെ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്ന ഒരു പിന്‍കാല് വലിച്ച്, നൊണ്ടി നീങ്ങുന്ന ജന്തു. അറവുശാലയിലുണ്ടായിരുന്നതില്‍ ഏറ്റവും വിലകുറഞ്ഞ മൃഗത്തെയാണ് കാശു ലാഭിക്കാന്‍വേണ്ടി അയാള്‍ വാങ്ങിക്കൊണ്ടുവന്നിരിക്കുന്നത്. രക്ഷിക്കപ്പെട്ട ജീവന്‍ വിലകുറഞ്ഞതും അതേസമയം ദുര്‍ബലവുമായതുകൊണ്ടു പുണ്യത്തിന്റെ കാര്യത്തില്‍ വൃദ്ധന്‍ ഇരട്ടി ലാഭമുണ്ടാക്കി. പണിക്കാരന്‍ അതൊന്നും മുഖത്തു കാണിച്ചില്ല. അയാള്‍ പശുവിനെ യാന്ത്രികമായി അകത്തേക്കു നീക്കിനിര്‍ത്തി.
അകലെ മാവിന്‍കടയ്ക്കല്‍ ഒടിച്ചുകൂട്ടിയ മാവിലക്കൂമ്പാരം കണ്ടപ്പോള്‍ പശു ആര്‍ത്തിപിടിച്ച് അങ്ങോട്ടു നീങ്ങി. ''നന്ദിനിയുടെ ഭാഗ്യം', പുണ്യം നുണഞ്ഞിറക്കുന്നതുപോലെ വൃദ്ധന്‍ പല്ലുകള്‍പോയ തൊണ്ണിലൂടെ ചുണ്ടുകള്‍ ഉരുമ്മി. ഭാര്യയുടെ കണ്ണുകളില്‍ ചാരിതാര്‍ത്ഥ്യത്തിന്റെ തിളക്കം.
''എന്താണവിടെ രാമേശ്വര്‍?' സംസാരത്തിന്റെ ശബ്ദംകേട്ട് അകലെനിന്ന് പണ്ഡിറ്റ്ജി വിളിച്ചുചോദിച്ചു.
''ഒരു നന്ദിനിയെ കൊണ്ടുവന്നിട്ടുണ്ട്,' രാമേശ്വര്‍ വിളിച്ചുപറഞ്ഞു.
''വെള്ളംകൊടുത്ത് ഇങ്ങോട്ടു കൊണ്ടുവാ. ഇന്നലെ കൊണ്ടുവന്നതിന്റെ കൂടെ കെട്ടിക്കോ.'


പിയരി, അഥവാ ഗോമൂത്രം കുറുക്കിയെടുത്ത വിലപിടിച്ച മഞ്ഞച്ചായം ശേഖരിക്കാനായി പശുക്കളെ കെട്ടിയിരിക്കുന്ന ഇടമാണ് പണ്ഡിറ്റ്ജി ''ഇങ്ങോട്ട്' എന്നു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്. പണ്ഡിറ്റ്ജി എന്നാല്‍ പണ്ഡിറ്റ് ഗജാനന്‍ മിശ്ര. ഗോശാലയുടെ ഉടമസ്ഥനും ഗ്രാമത്തിലെ കാമധേനുക്ഷേത്രത്തിലെ പൂജാരിയും.
മരിക്കുകയായിരുന്ന ഒരു പശുവിന്റെ സമീപത്തിരുന്നു വേദോച്ചാരണം നടത്തുകയായിരുന്നു മിശ്രാജി. മരിച്ചതിനുശേഷം പേശികളുടെ വലിവ് അഴയുമ്പോള്‍ സ്വയം വിസര്‍ജിച്ചേക്കാവുന്ന മൂത്രത്തിന്റെ അവസാനത്തെ തുള്ളികള്‍ ശേഖരിക്കാനായി അതിന്റെ മൂത്രദ്വാരത്തിനടുത്തു പാത്രവുമായി കാത്തിരിക്കുന്നതു മിശ്രാജിയുടെ അനുചരന്‍. വശം ചെരിഞ്ഞു വീണുകിടക്കുന്ന പശുവിന്റെ മൂക്കില്‍നിന്നു വരുന്ന ശ്വാസങ്ങളുടെ അകലം കൂടിക്കൂടിവരുന്നു. കണ്ണുകള്‍ പണ്ടേ അടഞ്ഞുകഴിഞ്ഞിരിക്കുന്നു. ശരീരം ചലനമറ്റുകിടന്നു. ആ അവസ്ഥയിലും അനുചരന്‍ അതിന്റെ അകിട് അമര്‍ത്തിയുഴിയുകയും മൂത്രദ്വാരത്തില്‍ വെള്ളം തളിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. അവസാനത്തെ തുള്ളികള്‍ ഏറെ വിലപ്പെട്ടതാണ്. അതില്‍ ചായത്തിന്റെ സാന്ദ്രത കൂടും.
പശുവിന്റെ അവസാനത്തെ ശ്വാസം ഒരു ചെറിയ ഞെട്ടലോടുകൂടി പുറത്തേക്കു പോയി, താമസിയാതെ മൂത്രദ്വാരത്തില്‍നിന്നു നാലഞ്ചിറ്റ് മൂത്രം കിനിഞ്ഞുവന്നു. അനുചരന്‍ അതു പിഴിഞ്ഞെടുത്തു. മിശ്രാജിയുടെ വേദോച്ചാരണം അവസാനിച്ചു. തുളസിയിലയിട്ട ഗംഗാജലത്തിന്റെ മൊന്തയും പൊക്കിയെടുത്ത് മിശ്രാജി എഴുന്നേറ്റുനിന്നു തണ്ടലും കൈകളും നിവര്‍ത്തി. ''പറയന്മാരെ വിളിച്ചോളൂ' -നടന്നുനീങ്ങവേ അയാള്‍ പറഞ്ഞു.
അപ്പോഴേക്കും പുതുതായെത്തിയ പശുവിനെ വെള്ളം കൊടുത്ത് രാമേശ്വര്‍ കൊണ്ടുവന്നു. തൊഴുത്തില്‍ കെട്ടി മാവിലയിട്ടു കൊടുത്തു അയാള്‍ അതിന്. പിയരിയുണ്ടാക്കാന്‍വേണ്ടി നിര്‍ത്തിയ പശുക്കള്‍ക്ക് ആദ്യത്തെ ദിവസം വയറുനിറയെ വെള്ളം കൊടുക്കും. പിന്നീട് അവസാനംവരെ മാവിലയുടെ മാത്രം ഭക്ഷണം. വായ് നനയ്ക്കാന്‍ പോലും വെള്ളം കാണിക്കുകയില്ല. ആദ്യമാദ്യം അവ ദാഹിച്ചു കരയും. സംഭ്രമമെടുത്ത് ഉഴറിനടക്കും. പിന്നെപ്പിന്നെ ശബ്ദവും ചലനവും കുറയും. കിടപ്പിലാകും. അന്നനാളിയുടെ അങ്ങേ അറ്റത്ത് മാവില തിരുകിക്കൊണ്ടിരിക്കുക. ഇങ്ങേയറ്റത്തുനിന്നു കിട്ടുന്ന മൂത്രം ശേഖരിച്ചുകൊണ്ടിരിക്കുകയും. ദിവസം ചെല്ലുന്തോറും മൂത്രം കുറുകിക്കുറുകിവരും. മഞ്ഞനിറമേറിക്കൊണ്ടും.
പണ്ഡിറ്റ്ജി എന്നും വന്നു മന്ത്രങ്ങള്‍ ജപിച്ച് അവയെ പൂജിക്കും. തുളസീജലം തളിക്കും. അവസാനമടുക്കുന്തോറും അദ്ദേഹം അവയുടെ അരികില്‍ കൂടുതല്‍ കൂടുതല്‍ നേരം ചെലവഴിക്കും. പശുക്കളോട് പണ്ഡിറ്റ്ജിക്കു വലിയ ഭക്തിയാണ്. അവയെ അദ്ദേഹം നന്ദിനിയെന്നേ വിളിക്കൂ. ഗോശാലയിലെ ഓരോ നന്ദിനിയേയും അദ്ദേഹം തിരിച്ചറിയും. ഓരോന്നും എന്നാണ് വന്നത്, എത്ര ദിവസമായി, ഇനി എത്ര ദിവസമുണ്ടാകും എന്നെല്ലാം. പുണ്യം കിട്ടാനായി അറവുകാരില്‍നിന്നു വിലയ്ക്കുവാങ്ങി ഹിന്ദുക്കള്‍ കൊണ്ടുവരുന്ന പശുക്കളധികം മെലിഞ്ഞവയും മരണത്തോട് അടുത്തവയുമായിരിക്കും. മുന്‍പിലത്തെ യജമാനന്മാര്‍ ഏതെങ്കിലും കാരണത്തിനു ദേഷ്യംവന്നു കാലൊടിക്കുകയോ വാലൊടിക്കുകയോ ചൂടുവയ്ക്കുകയോ കണ്ണുകുത്തിപ്പൊട്ടിക്കുകയോ ഒക്കെ ചെയ്തവ. ഏതെങ്കിലും വൃദ്ധന്മാരുടെ മോക്ഷമോഹംമൂലം അവസാനത്തെ ശിക്ഷയായ അറവില്‍നിന്ന് അവ രക്ഷപ്പെടുന്നു. ഗോശാലയിലെത്തിയാല്‍ പിന്നെ പൂജയും മാവിലയും. സാമാന്യം വലിയ ഒരു മാന്തോപ്പാണ് പണ്ഡിറ്റ്ജി അതിനുവേണ്ടി ഉഴിഞ്ഞുവച്ചിരിക്കുന്നത്. ഗോമൂത്രച്ചായം വിറ്റുണ്ടാക്കുന്ന കാശുകൊണ്ട് ഈ ഭീമമായ ചെലവിന്റെ ഒരംശം പോലുമാകുമോ- അദ്ദേഹം ചോദിക്കും. പക്ഷേ, അദ്ദേഹത്തിന് അതില്‍ പരാതിയില്ല. ഗോശാലയുടെ കാര്യത്തില്‍ കണക്കുകളെന്തു നോക്കാന്‍. ഒരു ഹിന്ദുവെന്ന നിലയില്‍ സ്വന്തം ധനം ഇതിനുവേണ്ടി ചെലവാക്കേണ്ടതു തന്റെ കടമകൂടിയല്ലേ?
അഞ്ചാറു പശുക്കളുണ്ടായിരുന്നു ചായക്കൂട് ഉണ്ടാക്കുന്ന ശാലയില്‍. ചിലതു കിടപ്പിലായിരുന്നു. ചിലത് ഇപ്പോഴും എഴുന്നേറ്റുനില്‍ക്കുന്നു. പുതുതായി എത്തിയ നന്ദിനി വെള്ളം കുടിച്ച തൃപ്തിയോടെ മാവിലകള്‍ ആര്‍ത്തിയോടെ തിന്നുകയാണ്. മിശ്രാജി എല്ലാത്തിനേയും തൊട്ടു വന്ദിച്ചു നടന്നുപോയി.
ഗോശാലകൂടാതെ മിശ്രാജിക്ക് അദ്ദേഹത്തിന്റെ വകയായി ഒരു ക്ഷീരശാലകൂടിയുണ്ട്. അവിടേക്കാണ് അദ്ദേഹം അടുത്തതായി പോയത്. മൊന്തയിലെ തുളസീജലം അദ്ദേഹം അവിടത്തെ പശുക്കളുടെ മേലെല്ലാം തളിച്ചു. തലകുടഞ്ഞ് അതു തെറിപ്പിച്ചുകളഞ്ഞ് അവ അദ്ദേഹത്തിന്റെ നേരെ നോക്കി. അവയുടെ കണ്ണുകളിലെ ഭാവവും ആ തലകുടയലും മിശ്രാജിയുടെ മനസ്സിനെ ആര്‍ദ്രമാക്കും. അദ്ദേഹം അവയെ തൊട്ടുതലോടും. ചവിട്ടാതിരിക്കാനായി കറവുകാര്‍ കയറുകൊണ്ടു വരിഞ്ഞു കെട്ടിയതും ചിലപ്പോള്‍ ദേഷ്യം വന്ന് അടിച്ചൊടിച്ചതുമായ അവയുടെ കാലുകളില്‍, പീഠത്തില്‍ പൊള്ളിച്ച പാടുകളില്‍, മൂക്കുകയറില്‍.
''സ്‌നേഹത്തോടെ, എന്തുചെയ്താലും സ്‌നേഹത്തോടെ ചെയ്യുക' -മിശ്രാജി കറക്കുന്നവരെ ഉപദേശിക്കും.
ഒരു മൃഗവൈദ്യന്‍കൂടിയാണ് മിശ്രാജി. പശുക്കള്‍ക്ക് എന്തു രോഗം വന്നാലും അതിനൊരു ചികിത്സ അദ്ദേഹത്തിന്റെ കൈയിലുണ്ട്. പച്ചിലകളും വേരുകളും ഭസ്മങ്ങളും തോട്ടത്തിലെ കീടങ്ങളുമൊക്കെ അടങ്ങിയ മരുന്നുകള്‍. അദ്ദേഹത്തിന് അവയുടെ കാലുകളിലെ മര്‍മ്മം അറിയാം. എവിടെ കയറുകെട്ടണമെന്ന്. കുത്തുന്ന പശുവിനെ കുത്താതാക്കാന്‍ ഏതു പ്രദേശത്ത് പൊള്ളിക്കണമെന്ന്. വാലിലെ എത്രാമത്തെ കശേരു വളച്ചൊടിച്ചാലാണ് വെകിളിയെടുത്ത പശു അടങ്ങുകയെന്ന്. പാലു ചുരത്താനും കൂട്ടിക്കിട്ടാനുമുള്ള 'ഫൂക്ക' പ്രയോഗം അദ്ദേഹം സ്വയമാണ് ചെയ്യുക. ഏറെ ശ്രദ്ധയാവശ്യമുള്ളതാണല്ലോ അത്. ഉരവുള്ള വയ്‌ക്കോല്‍ കോലില്‍ ചുറ്റി യോനീദ്വാരത്തില്‍ കടത്തി തിരിക്കുകയാണ് സാധാരണ ചെയ്യുക. കോലിന്റെ വണ്ണം, എത്ര ആഴത്തില്‍, എത്ര നേരം എന്നതൊക്കെ വൈദ്യനുമാത്രമേ അറിയൂ. പശുക്കളുടെ പിടച്ചിലും മുരളലും നിലവിളിയുമാണ് അവയില്‍ മാതൃത്വം ഉണരുന്നതിന്റെ അടയാളം. മതിയെടുക്കുമ്പോഴും പശു കരയുകയും വെകിളിയെടുക്കുകയും ചെയ്യുന്നതു കണ്ടിട്ടില്ലേ? പുറത്തുവരുന്ന ചോര കണ്ടാല്‍ പണ്ഡിറ്റ്ജിക്ക് പറയാന്‍ കഴിയും, കറവ് എത്ര ദിവസം, അല്ലെങ്കില്‍ എത്രമാസം നില്‍ക്കുമെന്ന്. ''നന്ദിനി മാതാവാണ്' -അദ്ദേഹം പറയും. ''മാതൃത്വമാണ് അവളുടെ ഏകഭാവം. അവളുടെ കരച്ചിലിലും വേദനയിലും നോട്ടത്തിലുമെല്ലാം നമ്മള്‍ മാതൃത്വം മാത്രമേ ദര്‍ശിക്കാവൂ.'
ഗ്രാമം പശുക്കളെ ആധാരമാക്കി ജീവിച്ചു. മാതാവായ പശുവിനെ. പശുക്കള്‍ അവര്‍ക്കു പാലും നെയ്യും സമ്മാനിച്ചു. കറവു മാറിയ പശുക്കളെ അവര്‍ ഒരിക്കലും അറവുകാര്‍ക്കു വിറ്റില്ല. ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ കൊണ്ടുപോയി നടതള്ളുകമാത്രം ചെയ്തു. അവിടെനിന്ന് അവയെ പിടിച്ചുകൊണ്ടുപോകുന്ന അറവുകാര്‍ അവര്‍ക്കു നല്‍കുന്ന ചെറിയ പാരിതോഷികങ്ങള്‍ അവര്‍ സ്വീകരിക്കും, അത്രമാത്രം. പുണ്യം വേണമെന്നുള്ളവരാകട്ടെ, വീണ്ടും അറവുകാരുടെ അടുത്തുപോയി അവയെ വിലകൊടുത്തു വാങ്ങി തിരിച്ചുകൊണ്ടുവരുകയും ഗോശാലകളില്‍ ഏല്‍പിക്കുകയും ചെയ്യും. ഗോശാലക്കാരന്‍ അവയ്ക്കു മാവില കൊടുത്തും അവയെ പൂജിച്ചും മരണംവരെ പോറ്റി. ഉപഫലവും അവശിഷ്ടവുമായി കിട്ടുന്ന ഗോമൂത്രച്ചായവും ഗോരോചന ഗുളികകളും ഔഷധവും പൂജാദ്രവ്യവുമായി വീണ്ടും ഗ്രാമീണരുടെ അടുത്തെത്തി. ചത്ത പശുക്കളെ പറയന്മാര്‍ വന്നു കൊണ്ടുപോയി.
ചത്ത പശുവിനെ കൊണ്ടുപോകുവാന്‍ വന്ന പറയന്മാര്‍ ഒന്നും മിണ്ടിയില്ല. വന്നു, പശുവിനെ പൊക്കിയെടുത്തു, നടന്നു, അത്രമാത്രം. വായ്‌പൊത്തിനില്‍പ്പിലും തലകുലുക്കലിലും ഒതുങ്ങും അവരുടെ പ്രതികരണങ്ങള്‍. പശുവിനെ മുളയില്‍ കെട്ടി ചുമന്നുകൊണ്ടുപോകുമ്പോള്‍ തമ്മില്‍ തമ്മിലും അവര്‍ ഒന്നും സംസാരിച്ചില്ല. ഭാഷ അവരുടെ കൈയില്‍ മൃഗങ്ങളുടേതുപോലെ ചുരുക്കം ചില ശബ്ദങ്ങളിലേക്ക് ഒതുങ്ങും. അവര്‍ക്കു മാത്രം ഇടയില്‍ ഉപയോഗിക്കപ്പെടുന്ന അതു വെളിയിലുള്ളവര്‍ക്കു കേട്ടാലും നേരെ തിരിയുകയുമില്ല.


പറയന്മാര്‍ പശുക്കളെ കൊന്നുതിന്നാറില്ല. ചത്തുകിട്ടുന്നവയെ വെട്ടി ഭക്ഷിക്കും. ചത്തവയുടെ പിത്താശയത്തില്‍നിന്നു പിഴിഞ്ഞെടുക്കുന്ന നീര് അവര്‍ അറവുകാര്‍ക്കു കൊണ്ടുകൊടുക്കും. സ്വയം അറക്കുന്ന മൃഗങ്ങളുടെയും പറയന്മാര്‍ കൊണ്ടുവന്നതുമായ പിത്തനീര് ഒന്നിച്ച് അറവുകാര്‍ വൈദ്യന്മാരെ ഏല്‍പ്പിക്കും, ഗോരോചനമുണ്ടാക്കാന്‍. പറയന്മാര്‍ക്കു നേരിട്ടു വൈദ്യന്മാരുടെ അടുത്തു പൊയ്ക്കൂടാ.
പറയന്മാരുടെ പശുവിനെ തൂക്കിയുള്ള ഘോഷയാത്ര ഗ്രാമം കടന്നുപോകുമ്പോള്‍ യാദവന്മാരാരോ ദൂരെനിന്നു വിളിച്ചുപറഞ്ഞു, അടുത്ത ചൊവ്വാഴ്ച കാളകളെ നടതള്ളുന്നുണ്ടെന്ന്. ഭാരം വലിക്കാനോ ഉഴാനോ കെല്‍പ്പില്ലാതായ കാളകളെ ചൊവ്വാഴ്ചതോറും കാടിന്റെ അരികിലെ പാറക്കുന്നില്‍ കൊണ്ടുപോയി പന്തവും തീയും കാട്ടി മുകളിലേക്കു വിരട്ടിയോടിക്കുകയാണ് പതിവ്. പേടിച്ചോടുന്ന അവ മുകളിലെത്തുമ്പോള്‍ അറിയാതെ കുന്നിന്റെ കിഴുക്കാന്‍ തൂക്കില്‍നിന്നു കാല്‍തെറ്റി വീണു ചാകും. പറയന്മാരോട് ഇതു പറയേണ്ട ആവശ്യമില്ല. അവര്‍ കുടിലുകള്‍ കെട്ടി പാര്‍ക്കുന്നതു പാറക്കുന്നിന്റെ താഴെത്തന്നെയാണ്. അതുകൊണ്ടു പറയന്മാര്‍ അതിനും മറുപടി പറഞ്ഞില്ല. ആയത്തിനുവേണ്ടി മൂളിക്കൊണ്ട് അവര്‍ കടന്നുപോയി.
പണ്ഡിറ്റ്ജിക്കു സംസാരം വലിയ ഇഷ്ടമാണ്. വേദങ്ങളും പുരാണങ്ങളും പഠിച്ചിട്ടുള്ള അദ്ദേഹത്തിനു സംസാരിക്കാനൊരുപാടുണ്ട്. ക്ഷേത്രത്തിലെ പൂജാരിയെന്ന നിലയില്‍ ഗ്രാമീണരുടെ മുഴുവന്‍ ആചാര്യനും ഉപദേഷ്ടാവുമാണ് അദ്ദേഹം. സ്വന്തം വീട്ടില്‍ പൂജാമുറിയില്‍ സ്വര്‍ണംകൊണ്ടുള്ള ഒരു ഗോവിഗ്രഹം അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. രാവിലെ അതിന്റെ മുന്‍പിലിരുന്നു സ്വന്തം ഗൃഹജനങ്ങളോടും വൈകുന്നേരം ക്ഷേത്രമണ്ഡപത്തിലിരുന്നു പൊതുജനത്തിനോടും അദ്ദേഹം ഗോമാതാവിനെപ്പറ്റി സംസാരിക്കും. നന്ദിനി അതിന്റെയത്ര സ്വര്‍ണത്തിന്റെ വിലയുള്ളതാണ്. നന്ദിനി ലക്ഷ്മിയാണ്, ദേവിയാണ്, അമ്മയാണ്. മനുഷ്യകുലത്തിന്റെ സമൃദ്ധി മുഴുവന്‍ ഗോമാതാവുമൂലമുള്ളതാണ്. നമ്മള്‍ നന്ദിനിയെ പോറ്റുകയല്ല, നന്ദിനി നമ്മളെ പോറ്റുകയാണ് ചെയ്യുന്നത്. അതിന്റെ ഓരോ വിസര്‍ജനവും നമുക്കു തീര്‍ത്ഥമാണ്: പാല്, ചാണകം, മൂത്രം. മിശ്രാജി ഇതിലെല്ലാം ആത്മാര്‍ത്ഥമായും അഗാധമായും വിശ്വസിച്ചു. അദ്ദേഹം എന്നും രാവിലെ രണ്ടു കവിള്‍ ഗോമൂത്രം കുടിക്കും. ചാണകമരച്ചു നിറുകയില്‍ തൊടും, പാലു കുടിക്കും.
ഗോമാതാവിന്റെ ക്ഷേത്രത്തില്‍നിന്നു പഞ്ചഗവ്യം വാങ്ങിക്കഴിച്ചു ഗ്രാമീണരും അതേ പാരമ്പര്യം തുടര്‍ന്നു. അവര്‍ ഗോമാതാവിനെ തൊട്ടു തൊഴുതു. പുകഴ്ത്തി, ഭജനകള്‍ പാടി. സുരഭിയെ, നന്ദിനിയെ. ബ്രഹ്മാവിന്റെ മുഖത്തുനിന്നുദിച്ച, ശ്രീകൃഷ്ണന്റെ വാമഭാഗത്തുനിന്നു പിറന്ന, പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ കാമധേനുവിനെ.
ബ്രഹ്മര്‍ഷി വസിഷ്ഠന്റേയും രാജര്‍ഷി വിശ്വമിത്രന്റേയും കഥയാണ് അന്നു വൈകുന്നേരം ക്ഷേത്രമണ്ഡപത്തിലിരുന്ന് പണ്ഡിറ്റ്ജി ഭക്തജനങ്ങളോടു പറഞ്ഞത്. അന്നു പൂജ പതിവിലും കൂടുതല്‍ നീണ്ടുപോയി. ഭക്തിയില്‍ മുഴുകിയ അദ്ദേഹം സ്ഥലവും സമയവും വിസ്മരിച്ച് എവിടേക്കൊക്കെയോ ഒഴുകിപ്പോയി. കണ്ണുകെട്ടിക്കൊണ്ടുപോയതുപോലെ. അതില്‍നിന്നു വിടുതിനേടിയപ്പോള്‍ പുറത്തു ഭക്തജനങ്ങള്‍ ഭജനം തുടങ്ങിക്കഴിഞ്ഞിരുന്നു. സുഖശീതളമായ അന്തരീക്ഷം. ക്ഷേത്രത്തിലെ വിളക്കുകള്‍. ആകാശത്തില്‍ ഉദിച്ചുവരുന്ന ചന്ദ്രന്‍. എന്നിട്ടും പണ്ഡിറ്റ്ജിയുടെ മനസ്‌സില്‍ വന്നതു ഭയാനകമായ ഒരു ദുരന്തകഥയാണ്.
''പുരാണങ്ങളിലെങ്ങും പരന്നു കിടക്കുന്നതാണ് ലോകരേ, മുനിശ്രേഷ്ഠന്മാരായ വസിഷ്ഠന്റേയും വിശ്വാമിത്രന്റേയും കഥ. മുനിശ്രേഷ്ഠന്മാരെങ്കിലും ബദ്ധവൈരികള്‍. അവരുടെ വൈരത്തിനും മത്സരത്തിനും പകയ്ക്കും നടുവിലെ ബിന്ദുവാരായിരുന്നുവെന്നോ? സാക്ഷാല്‍ കാമധേനു! അവര്‍ക്കിടയിലെ വിടവ് എത്രയും വലുതായിരുന്നുവോ അത്രയും വിചിത്രവുമായിരുന്നു. ആയിരക്കണക്കിനു മനുഷ്യരുടെ ചോരയൊഴുകിയ ഒരു യുദ്ധക്കളം കിടന്നു അവിടെ. സത്യവ്രതനെന്ന ഒരാള്‍ അവിടെ ഒരു സാങ്കല്‍പ്പിക സ്വര്‍ഗ്ഗലോകം പണിതു: ത്രിശങ്കു സ്വര്‍ഗ്ഗം. സാക്ഷാല്‍ സത്യവാനായ ഹരിശ്ചന്ദ്രനാകട്ടെ, അവിടെ കണ്ടതു മഹാനരകമാണ്!
''ജന്മങ്ങളിലും യുഗങ്ങളിലും പരന്നുകിടക്കുന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലാണ് അവരുടേത്. എന്താണീ യുദ്ധംകൊണ്ടൊരു ഗുണം? കാമധേനുവിനുവേണ്ടി പൊരുതാതെ, കാമധേനുവില്‍നിന്ന് ആവശ്യപ്പെടരുതായിരുന്നുവോ ഈ ഋഷിമാര്‍ക്ക് ആവശ്യമുള്ളതെന്തും? എല്ലാവര്‍ക്കും എന്തും നല്‍കാന്‍ തയ്യാറുള്ളവളല്ലേ കാമധേനു?'
ഭക്തജനങ്ങള്‍ കണ്ണും കാതും നട്ട് അങ്ങനെ ഇരുന്നതേയുള്ളൂ. അവരത് ഒരു ചോദ്യമായി മനസ്സിലാക്കിയില്ല. പണ്ഡിറ്റ്ജിയും അങ്ങനെ ഉദ്ദേശിച്ചില്ല. ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലായിരുന്നു. അവരുടെ ലോകത്തില്‍. വഴക്കങ്ങളും രീതികളും അവയെക്കുറിച്ചുള്ള സാഹിത്യവും മാത്രം. ആകാശത്തില്‍ ചന്ദ്രന്റെ തേരും ഭൂമിയില്‍ പണ്ഡിറ്റ്ജിയുടെ പ്രഭാഷണവും കൈകോര്‍ത്തു പിടിച്ചുപോയി.
''അത് അങ്ങനെയേ വരൂ' -പണ്ഡിറ്റ്ജി തുടര്‍ന്നു. ''മുനിശ്രേഷ്ഠന്മാര്‍ക്കു മരണമില്ല, ലോകരേ, അവരുടെ ചര്യകള്‍ക്ക്, തൊഴിലുകള്‍ക്ക്, ഭാവങ്ങള്‍ക്ക്, സമീപനങ്ങള്‍ക്ക്. അവര്‍ മുനികളല്ല, ലോകത്തിന്റെ സ്വഭാവങ്ങളാണ്. നോക്കൂ, വസിഷ്ഠന്റെ ആശ്രമത്തില്‍ കാമധേനു എല്ലാവരുടെയും കണ്ണിലുണ്ണിയാണ്. കാമധേനുവില്‍നിന്ന് ആരും ഒന്നും അവിടെ ചോദിക്കുന്നില്ല. അവള്‍ കറന്നു കൊടുക്കുന്നതേ വേണ്ടൂ അദ്ദേഹത്തിന്. അദ്ദേഹം ബ്രഹ്മര്‍ഷിയാണ്. വിശ്വാമിത്രനോ രാജര്‍ഷി. ഋഷിയായിട്ടും ലോഭമോഹങ്ങളില്‍നിന്ന് അദ്ദേഹത്തിനു വിടുതിയില്ല. കുബേരനാകാന്‍ ആഗ്രഹിച്ച ധനമോഹി, ഗര്‍വിഷ്ഠന്‍, അധികാരപ്രമത്തന്‍, ദയാഹീനന്‍. അദ്ദേഹം കാമധേനുവിനെ മോഹിച്ചു. തന്റെ ആവശ്യങ്ങളെല്ലാം സാധിക്കാനുള്ള ഉപകരണമാക്കുവാന്‍ ശ്രമിച്ചു എന്തും ചോദിച്ചാല്‍ നല്‍കുന്ന ദേവിയെ. അദ്ദേഹം സ്വന്തം സൈന്യം മുഴുവന്‍ കൊണ്ടുവന്നു വസിഷ്ഠനോടു യുദ്ധം ചെയ്യുവാനൊരുങ്ങി. ആ യുദ്ധമിതാ ഇന്നും തുടരുന്നു ലോകരേ. നിഷ്ഠയും അധികാരപ്രമത്തതയും തമ്മിലുള്ള പോര്, സേവനവും സ്വാര്‍ത്ഥവും തമ്മിലുള്ള വടംവലി. എന്നാല്‍...' ശ്വാസമെടുക്കാന്‍വേണ്ടി പണ്ഡിറ്റ്ജി നിര്‍ത്തി. അദ്ദേഹത്തിനു പെട്ടെന്നു ക്ഷീണം തോന്നി. ഒരു നീണ്ട ദിവസത്തിന്റെ അന്ത്യം അദ്ദേഹം മുന്‍പില്‍ കണ്ടു. പ്രഭാഷണം അവസാനിച്ചതിന്റെ അടയാളമായി പണ്ഡിറ്റ്ജി എഴുന്നേറ്റു. തോളില്‍നിന്നു വീണ ഉത്തരീയമെടുത്തു പുതച്ച് അദ്ദേഹം പറഞ്ഞു:
''നമ്മള്‍ ഭക്തന്മാരാണ്, ഭൃത്യര്‍. കാമധേനുവിന്റെ ഭക്തരും ഭൃത്യരും. നമുക്ക് അവള്‍ മാതാവാണ്, മാതാവും ദേവിയും. നമുക്കില്ലീ യുദ്ധം. നമുക്ക് ശാന്തി. ശാന്തി, ശാന്തി!'
ആരോ ഗോമാതാവിന് ജയ് വിളിച്ചു. മറ്റുള്ളവര്‍ എണീറ്റുനിന്ന് ഏറ്റുപാടി. കൈകള്‍ കൂപ്പി, ആകാശത്തേക്കു നോക്കി അവര്‍ ആടുവാനും പാടുവാനും തുടങ്ങി. അവര്‍ക്കിടയിലൂടെ വഴി ചികഞ്ഞുനീക്കി പണ്ഡിറ്റ്ജി സ്വന്തം വസതിയിലേക്കു തിരിച്ചു.
ഭക്തജനങ്ങള്‍ പുരാണകഥകളില്‍ മുങ്ങി ആടുകയും പാടുകയും ചെയ്ത ആ രാത്രിയില്‍, അകലെ പാറക്കുന്നിന്റെ താഴെ, കാടുകളുടെ സീമരേഖകളില്‍ പറയന്മാരും അവരുടെ കുടിലുകളുടെ മുറ്റത്ത്, പന്തങ്ങളുടെ വെളിച്ചത്തില്‍ ആടുകയും പാടുകയും ചെയ്യുകയായിരുന്നു. അന്നു കിട്ടിയ പശുവിന്റെ എല്ലുകള്‍ക്കിടയില്‍നിന്നു കിട്ടാവുന്ന ഇറച്ചി പൊരിച്ച്, കുടിലില്‍ ഉണ്ടാക്കിയ മദ്യം കഴിച്ച്, അവര്‍ അവര്‍ക്കുതന്നെ തിരിയാത്ത ഏതോ ശബ്ദങ്ങളുണ്ടാക്കി ആഘോഷിച്ചു.
അവര്‍ക്കുമുണ്ടായിരുന്നു ഒരു ദേവത. പേരോ രൂപമോ പിന്നില്‍ കഥകളോ ഇല്ലാത്ത ഒരു വെറും കല്ല്. അതിനുചുറ്റും അവര്‍ ഭക്ഷിച്ച പശുക്കളുടേയും കാളകളുടേയും വാലുകള്‍ മുറിച്ചെടുത്ത് അവര്‍ തോരണങ്ങള്‍പോലെ തൂക്കിയിട്ടു. ഇന്നൊരു വാലുകൂടി തൂക്കിയിടുകയായിരുന്നു അവര്‍ അവിടെ. ഓരോ കശേരുകയിലും ഒടിച്ച, വളഞ്ഞുപിരിഞ്ഞു വേദനയുടെ പിരിയാണി പോലായിത്തീര്‍ന്ന, ഒരു വാലുകൂടി.
പറയരും പാടിപ്പാടി വീണുറങ്ങി.


പണ്ഡിതനും പറയനുമുറങ്ങിയ ആ രാത്രിയുടെ വൈകിയ വേളയില്‍, നാട്ടില്‍നിന്നും പാറക്കുന്നില്‍നിന്നുമകലെ, സാക്ഷാല്‍ വനാന്തരത്തിലൊരു ഒളിസങ്കേതത്തില്‍, കത്തുന്ന വിറകിന്‍കൂമ്പാരത്തിനരികില്‍, മരത്തടികള്‍ ചെത്തിയുണ്ടാക്കിയ രണ്ട് ഇരിപ്പിടങ്ങളില്‍ മുഖാമുഖമായിരുന്ന്, റിട്ടയര്‍ ചെയ്ത രണ്ടു ജനറല്‍മാര്‍ ഓരോ ഗ്‌ളാസ് വീഞ്ഞ് ആസ്വദിക്കുകയായിരുന്നു. ജന്മാന്തരങ്ങളായി, യുഗയുഗങ്ങളായി എതിര്‍ചേരികളില്‍നിന്നു പൊരുതിക്കൊണ്ടിരുന്ന വസിഷ്ഠനും വിശ്വാമിത്രനും യുദ്ധമവസാനിപ്പിച്ചു സന്ധിയിലായ ഈ സാഹസികര്‍ പഴയകാലത്തെ ശത്രുതയും പുതുതായി നേടിയ സൗഹൃദവും കൂട്ടിക്കലര്‍ത്തിയുണ്ടാക്കിയ കോക്ക്‌ടെയിലിന്റെ ലഹരിയില്‍ ഇടയ്ക്കു ചിരിച്ചു, ഇടയ്ക്കു ഗൗരവം നടിച്ചു, വഴക്കു കൂടി, കൈപിടിച്ചു കുലുക്കി.
ഇടയ്ക്ക് അവര്‍ക്കും ഏകാന്തത തോന്നി. സംസാരവും ചിരിയും മുറിഞ്ഞുപോകുന്ന ഇടവേളകളില്‍, കാനനത്തിന്റെ ചീവീടുകള്‍മാത്രം അവയുടെ ശബ്ദത്താല്‍ ശൂന്യതയുടെ സ്വരം വിളിച്ചുകൂവുന്ന സമയത്ത്, അവര്‍ ഒറ്റപ്പെട്ടു. അവര്‍ക്കുവേണ്ടി ജീവിതം കളയാന്‍ തയ്യാറായിരുന്ന പടയാളികളാരും ഇന്ന് അവരുടെകൂടെയില്ല. മണ്ണിലമര്‍ന്നുപോയ ആ മനുഷ്യരുടെ എല്ലുകള്‍ക്കു മീതെ കാനനത്തിലെ വള്ളികളും മരങ്ങളും വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. എന്തിനെ നേടുവാന്‍വേണ്ടി അവര്‍ പൊരുതിയോ ആ കാമധേനുപോലും അവരില്‍നിന്ന് ഊര്‍ന്നുപോയിരിക്കുന്നു. ദൂരെ ദൂരെ പാര്‍ക്കുന്ന മനുഷ്യര്‍ അവളെ എടുത്തുകൊണ്ടുപോയി. അവര്‍ക്കുവേണ്ടി അവളിന്നു വിടുപണി ചെയ്യുന്നു, നരകിച്ചു ചാകുന്നു.
''പക്ഷേ നമ്മളൊരിക്കലും ആലോചിക്കാത്ത ഒന്ന് ഈ മനുഷ്യര്‍ ചെയ്തിരിക്കുന്നു,' കൈയിലിരുന്ന ഗ്‌ളാസ്‌സില്‍നിന്നു ദൃഷ്ടിയെടുക്കാതെ ഗംഭീരമായ ഭാവത്തില്‍ വസിഷ്ഠന്‍ പറഞ്ഞു. ''അവര്‍ അവള്‍ക്ക് അമ്പലങ്ങള്‍ പണിതിരിക്കുന്നു. അവര്‍ അവളെ ആരാധിക്കുന്നു.'
സ്വതസിദ്ധമായ ശുദ്ധതയോടെ വിശ്വാമിത്രന്‍ ചിരിച്ചു.
''എന്തിനാണ് ചിരിക്കുന്നത്, രാജര്‍ഷി?' വസിഷ്ഠന്‍ ഗൗരവം വിടാതെ ചോദിച്ചു.
''ആരാധിക്കുന്നത് അവര്‍ അവളെ മാത്രമല്ല നമ്മളെയുംകൂടിയാണ്, ബ്രഹ്മര്‍ഷി,' വിശ്വാമിത്രന്‍ പറഞ്ഞു: ''ത്യാഗിയായ നിങ്ങളെയും സ്വാര്‍ത്ഥിയായ എന്നെയും!'
''അവര്‍ക്ക് നമ്മളെ രണ്ടായി കാണാന്‍ കഴിഞ്ഞില്ല,' വസിഷ്ഠന്‍ സമ്മതിച്ചു: ''അവര്‍ നമ്മളെ രണ്ടുപേരെയും ഒന്നുപോലെ മുനിമാരായി കാണുന്നു.'
''അവരുടെ മുമ്പില്‍ വ്യത്യസ്തത എന്നത് ഒരു പ്രശ്‌നത്തിന്റെ രൂപത്തില്‍ അവതരിക്കുന്നതേയില്ല, മുനിവരാ. ഒരു സന്ധിയുടെ സന്തതികളാണവര്‍. ദ്വിഭാവം അവരുടെ വിധിയാണ്. ഓര്‍മ്മയുണ്ടോ, നമ്മളൊപ്പുവച്ച ആ കരാറുപത്രത്തിനു നിങ്ങള്‍ കൊടുത്ത കോഡ് പേര്  ഓപ്പറേഷന്‍ ദ്വിഭാവം! ഒപ്പിട്ട പേനകള്‍ കൈമാറിയപ്പോള്‍ നിങ്ങള്‍ അവയെ വില്ലില്ലാത്ത അമ്പുകള്‍ എന്നു വിളിച്ചു. ഈ മനുഷ്യര്‍ക്ക് ആ പേരുകള്‍ പിടികിട്ടിയില്ല. അതുകൊണ്ട് അവര്‍ അതിന് വേറൊരു പേരു കൊടുത്തു, ഭക്തി. അത്രമാത്രം.'
''ഞാന്‍ ആ പയ്യനെപ്പറ്റി ഓര്‍ത്തുപോകുകയാണ്,' വസിഷ്ഠന്‍ പിന്നെയും ഓര്‍മ്മകളിലേക്കു മടങ്ങി: ''എന്താണവന്റെ പേര്. അതെ, സത്യവ്രതന്‍. പാപി.'
''എന്റെ കുടുംബത്തെ രക്ഷിച്ചതവനാണ്' -വിശ്വാമിത്രന്‍ ക്രോധം കാണിച്ചു.
''എന്റെ കാമധേനുവിനെ അവന്‍ കൊന്നുതിന്നു.'
''നിങ്ങള്‍ക്ക് നിങ്ങളുടെ കാമധേനുവിനെ തിരിച്ചുകിട്ടിയല്ലോ, ജീവനോടുകൂടിത്തന്നെ?' വിശ്വാമിത്രന്‍ തന്റെ ഗ്‌ളാസ് കാലിയാക്കി താഴെവച്ചു: ''കാലം കടന്നുപോകുമ്പോള്‍ ഒക്കെ വിഡ്ഢിത്തമായി മാറുന്നു, മുനിവരാ. ത്രിശങ്കു നമ്മുടെ ആരുടെ ഭാഗത്തായിരുന്നുവെന്നതല്ല പ്രധാനം. അവനു നമ്മളെ രണ്ടുപേരെയും രണ്ടായി തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതാണ്. അതാണ് അവന്റെ കഴിവ്, ഭാഗ്യം അഥവാ സ്വര്‍ഗ്ഗം  ഈ മനുഷ്യര്‍ക്ക് ഇല്ലാത്തത്. നോക്കൂ ബ്രഹ്മര്‍ഷി, നിങ്ങള്‍ മാറി. രാജര്‍ഷിയായിരുന്ന ഞാനും ഇന്ന് ഇടയ്ക്കു സ്‌നേഹത്തിന്റേയും സേവനത്തിന്റേയും ഉടുപ്പുകളണിയുന്നു. എന്നിട്ടും ആ മനുഷ്യന്‍, ഇന്നും നമുക്കിടയില്‍ തൂങ്ങിക്കിടക്കുന്നു. അവന്റെ സ്വര്‍ഗ്ഗത്തിലിരുന്നു നമ്മുടെ നേരെ നോക്കി ചിരിക്കുന്നു. അഥവാ അവന്, അവനു മാത്രമേ, ആ വിഡ്ഢി ഹരിശ്ചന്ദ്രനുകൂടി കഴിയില്ല, നമ്മുടെ നേരെ നോക്കി ചിരിക്കുവാന്‍ കഴിയുന്നുള്ളൂ.'
''ആ ചിരിക്ക് അവന്‍ കൊടുക്കുന്ന വിലയാണ് ഞാന്‍ അവനില്‍ എന്നേക്കുമായി അടിച്ചുകയറ്റിയിരിക്കുന്ന പാപത്തിന്റെ മൂന്ന് ആണികള്‍.' വസിഷ്ഠന്‍ തന്റെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് തീയിന്റെ അടുത്തുചെന്ന് അതിലേക്കു നോക്കിനിന്നു.
വിശ്വാമിത്രനും എഴുന്നേറ്റ് തീയിന്റെ അടുത്തേക്കു ചെന്നു. ''നമ്മുടെ സ്വര്‍ഗ്ഗത്തിനു നാം കൊടുക്കുന്ന വില ഇതും' -അദ്ദേഹം പറഞ്ഞു: ''നമുക്കു നമ്മുടേതായ ഇരിപ്പിടങ്ങളേ ഇല്ലാതായി.'
ചിരിച്ചുകൊണ്ട് ആ പഴയ ജനറല്‍മാര്‍ തങ്ങളുടെ ഗ്‌ളാസ്‌സുകള്‍ വീണ്ടും നിറച്ചു.


അങ്ങനെ വസിഷ്ഠനും വിശ്വാമിത്രനും തമ്മിലുള്ള യുദ്ധം തീര്‍ന്നു. സേവനവും സ്വാര്‍ത്ഥതയും നിഷ്ഠയും അധികാരഗര്‍വും തമ്മില്‍ യുഗങ്ങളായുള്ള വടംവലി അവസാനിച്ചു. സമാധാനം വന്നു. വനത്തിന്റെ നടുവിലെ ഒളിസങ്കേതത്തില്‍ അവരുടെ ചിരികള്‍ പതുക്കെപ്പതുക്കെ ഒതുങ്ങിയപ്പോള്‍ രാത്രി പകലിലേക്ക് അടുക്കുകയായിരുന്നു. ഗോശാലയില്‍ യാദവന്മാരായ പണിക്കാര്‍ താമസിയാതെ എഴുന്നേല്‍ക്കും. ക്ഷേത്രം തുറക്കും. ഗ്രാമമുണരും.
പകല്‍പോലെ വെളിവായിത്തീര്‍ന്ന ഈ സഖ്യത്തില്‍ സ്ഥാനം നഷ്ടപ്പെട്ടത് ഒരാള്‍ക്കാണ്, ഹരിശ്ചന്ദ്രന്. മുനിമാരുടെ മത്സരത്തിനിടയില്‍ മാത്രം എഴുന്നേറ്റുനിന്നു നെഞ്ചുയര്‍ത്തിപ്പിടിക്കാന്‍ കഴിയുമായിരുന്ന ആ സത്യവാന്‍ ആരും കാണാത്ത, ഓര്‍ക്കാത്ത ഒരിടത്തേക്കു വിരമിച്ചു. അപ്രസക്തനായി. ഇടയ്ക്ക് അവിടെയുമിവിടെയും ഒരു മരത്തിന്‍കൊമ്പിലോ കിളിവാതിലിന്‍ദ്വാരത്തിലോ ഇരുന്നു സത്യം നമ്മുടെ നേരെയൊന്ന് ഇളിച്ചുകാട്ടിയെന്നു വരും, ശരീരം നഷ്ടപ്പെട്ട ഒരു ചിരിയായി. ശബ്ദം നഷ്ടപ്പെട്ട ഒരു വാക്കായി. അത്രമാത്രം.
ഇനി അവശേഷിച്ചിട്ടുള്ളതു കാമധേനുവിന്റെ കഥയാണ്. അതിന്റെ മാംസം തിന്നുന്ന ചണ്ഡാലന്റേയും പീഡനങ്ങളനുഭവിക്കുന്ന പശു. അതിന്റെ ശവം തിന്നുന്ന പറയന്‍. ഉണ്ടോ അവര്‍ക്കുമിടയിലൊരു സഖ്യം? മാറുന്നുവോ അവരുടെയുമിരിപ്പിടങ്ങള്‍?
മാറാന്‍ എന്താണ് അവര്‍ക്കുള്ളത്? ഒന്നുതന്നെയല്ലേ അവരുടെ ഇരിപ്പിടങ്ങള്‍? മറിഞ്ഞുവീഴുവാനായി കാല്‍വരിക്കുന്നിലേക്കു കാളകള്‍ വിരണ്ടോടിക്കയറുകയാണെങ്കില്‍, പതിതനായ പറയന്‍ പണ്ടേ കുന്നിനു താഴെത്തന്നെയാണ്. ഭക്തിയും നിന്ദയ്ക്കുമിടയില്‍ അങ്ങനെയൊരു വ്യത്യാസം.

(കഥയ്ക്ക് കടപ്പാട്: കറന്റ് ബുക്‌സ്, തൃശൂര്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com