ജീവിതത്തിന്റെ അടയാളക്കാഴ്ചകള്‍

അംബേദ്ക്കറുടെയും ഫൂലേയുടെയും നാട്ടില്‍ നിന്നു സാഹിത്യത്തില്‍ ഉയര്‍ന്നുവന്ന പുതുചലനം ഇപ്പോള്‍ സിനിമയിലേക്കും സംക്രമിച്ചിരിക്കുന്നു 
ജീവിതത്തിന്റെ അടയാളക്കാഴ്ചകള്‍

ഇന്ത്യന്‍ സിനിമയെന്നാല്‍ എഴുപതുകളില്‍ ബംഗാളി സിനിമയായിരുന്നു. എണ്‍പതുകളില്‍ മലയാള സിനിമയും. എന്നാല്‍, ഇന്ന് ഇന്ത്യന്‍ സിനിമയെന്നാല്‍ മറാത്തി സിനിമയാണ്. 'കോര്‍ട്ട്', 'ഫാന്‍ട്രി', 'എലിസബത്ത് ഏകാദശി', 'കില്ല' തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ അതിശക്തമായി ആവിഷ്‌കരിക്കാന്‍ മറാത്തി സിനിമയ്ക്കു കഴിഞ്ഞു. സിനിമാപ്രവര്‍ത്തകര്‍ നാളിതുവരെ സ്വീകരിക്കാന്‍ മടിച്ചിരുന്ന, അടിത്തട്ടിലെ മനുഷ്യജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങളിലാണ് അവര്‍ കൈവച്ചത്. ഇന്ത്യന്‍ സിനിമയുടെ കരുത്തിന്റെയും പ്രതിഷേധത്തിന്റെയും സൗന്ദര്യത്തിന്റെയും അടയാളമായി മാറുന്നു മറാത്തി സിനിമ. ഇതിനു മുന്നോടിയെന്നപോലെ ദളിത് അനുഭവങ്ങള്‍ ഒരു പ്രസ്ഥാനമായി സാഹിത്യകൃതികളിലൂടെ അവതരിപ്പിക്കപ്പെട്ടത് മറാത്തിയിലാണ് എന്നതും ഓര്‍ക്കണം. 
നിര്‍മ്മാണതലത്തില്‍ സാഹിത്യവുമായി സിനിമയെ താരതമ്യം ചെയ്യാനാവില്ല. സിനിമ, കല എന്നതിനൊപ്പം വന്‍ മുടക്കുമുതലാവശ്യമുള്ള ഒരു വ്യവസായം കൂടിയാണ്. ലാഭവുമായി ബന്ധപ്പെട്ട പലതും അതിനെ സ്വാധീനിക്കും. അതുകൊണ്ടു തന്നെ ഉപരിവര്‍ഗ്ഗ സമൂഹത്തില്‍പ്പെട്ടവരാണ് ഈ മേഖലകളിലേക്കു കൂടുതലായും കടന്നുവരുന്നത്. പൊതുസമൂഹത്തിനു സ്വീകാര്യമാവുന്ന പ്രമേയങ്ങളാവും അവതരിപ്പിക്കപ്പെടുക. പ്രതിലോമപരമായ കുടുംബ, ഫ്യൂഡല്‍ പുരുഷാധിപത്യ മൂല്യങ്ങള്‍ നിരന്തരം പ്രക്ഷേപിക്കുകയാണ് ഇന്ത്യന്‍ മുഖ്യധാരാ സിനിമകളുടെ പ്രധാന ധര്‍മ്മം. താഴെത്തട്ടിലുള്ള ജനതയുടെ അനുഭവങ്ങള്‍ അവതരിപ്പിക്കുന്നെങ്കില്‍പ്പോലും മിക്കവാറും സഹതാപാര്‍ഹമായ ഉപരിവര്‍ഗ്ഗ നോട്ടങ്ങളാവും അതില്‍ പ്രതിഫലിക്കുന്നത്. യഥാര്‍ത്ഥ ഇന്ത്യന്‍ അവസ്ഥ സിനിമകള്‍ക്കഉ പുറത്തായിരിക്കും. ഞങ്ങള്‍ ജനങ്ങള്‍ക്കു സ്വപ്നങ്ങളെ വില്‍ക്കുന്നു എന്നാണല്ലോ ഇന്ത്യന്‍ സിനിമയുടെ കുലപതി രാജ്കപൂര്‍ പറഞ്ഞത്. ഈ സ്വപ്നവ്യാപാരികള്‍ക്കിടയില്‍ യാഥാര്‍ത്ഥ്യം നിര്‍മ്മിക്കുന്നവര്‍ക്കു നിലനില്‍ക്കാന്‍ കഴിയുന്നതെങ്ങിനെ? അതുകൊണ്ടാവാം ചിലപ്പോള്‍ നല്ല കലാകാരന്മാര്‍പോലും വിദേശമേളകളെയും അവരുടെ കാഴ്ചകളെയും സംബോധന ചെയ്യുന്ന തരത്തിലുള്ള സാര്‍വ്വലൗകിക  പ്രമേയങ്ങളും പരിചരണങ്ങളും സ്വീകരിക്കുന്നത്. തൊട്ടടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ സിനിമകള്‍ക്കു മിക്കവാറും അന്യമായിരുന്നു. ഇതില്‍നിന്നുള്ള ഒരു വിടുതിയാണ് മറാത്തി സിനിമ നിര്‍വ്വഹിച്ചിരിക്കുന്നത്. അംബേദ്ക്കറുടെയും ഫൂലേയുടെയും നാട്ടില്‍നിന്നു സാഹിത്യത്തില്‍ ഉയര്‍ന്നുവന്ന പുതുചലനം ഇപ്പോള്‍ സിനിമയിലേക്കും സംക്രമിച്ചിരിക്കുന്നു.   

ഫാന്‍ട്രിയിലെ 
ജാതിപ്രശ്‌നം

ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ മുന്‍പില്ലാത്ത വിധം ഏറ്റവും ശക്തമായ രീതിയില്‍  ജാതി പ്രശ്‌നവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. അംബേദ്ക്കറുടെ ദര്‍ശനങ്ങള്‍ വീണ്ടും ശക്തമായി ചര്‍ച്ചയിലേക്കു കടന്നുവന്നിരിക്കുന്നു. ജെ.എന്‍.യു പ്രക്ഷോഭവും ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയും ഗുജറാത്തില്‍ ദളിത് യുവാക്കളെ മര്‍ദ്ദിച്ചതിനെതിരെയുള്ള പ്രതിഷേധവുമെല്ലാം ഇന്ത്യയില്‍ അഭൂതപൂര്‍വ്വമായ ഒരു ദളിത് ഉണര്‍വിനു കാരണമായിരിക്കുകയാണ്. ജീവിതത്തെ നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ജാതിയാണെന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലേക്കു വീണ്ടും കടന്നുവരുന്നു. പൊതുവെ സിനിമകള്‍ കൈകാര്യം ചെയ്യാന്‍ മടിച്ചിരുന്ന ഇത്തരം വിഷയങ്ങള്‍ ധീരമായി അവതരിപ്പിക്കുന്നതാണ് 'ഫാന്‍ട്രി' എന്ന സിനിമ. 
ജബ്യ എന്ന കൗമാരക്കാരനിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ജാതിയില്‍പ്പെട്ടവന്‍. ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ അച്ഛനും മുത്തച്ഛനും അമ്മയും രണ്ടു സഹോദരിമാരും ഉള്‍പ്പെടുന്ന അവന്റെ കുടുംബം പാര്‍ക്കുന്നു. കൈക്കീടി എന്ന പിന്നാക്ക ജാതിയില്‍പ്പെട്ട ഏക കുടുംബമാണത്. സ്‌കൂളിലും പുറത്തും ജാതീയമായ വിവേചനം അവന്‍ അനുഭവിക്കുന്നുണ്ട്. അവന്റെ അച്ഛന്‍ കച്ച്‌റ നാട്ടിലെ പലവിധ ജോലികള്‍ ചെയ്താണ് കുടുംബം പോറ്റുന്നത്. മിക്കവാറും ഉയര്‍ന്ന സമുദായക്കാര്‍ ചെയ്യാന്‍ മടിക്കുന്ന ജോലികള്‍. അവന്റെ സഹോദരിമാരും അമ്മയും ഈ ജോലികളില്‍ പങ്കു ചേരാറുണ്ട്. അവധിദിനങ്ങളില്‍ അവനും. ശാലു എന്ന ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയോട് വല്ലാത്തൊരു താല്‍പ്പര്യം അവന്‍ സൂക്ഷിക്കുന്നുണ്ട്. അവനതു യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. അവളെ ആകര്‍ഷിക്കാനാകണം, ഒരു ജീന്‍സ് വാങ്ങണമെന്ന സ്വപ്നം അവന്റെ മനസ്‌സിലുണ്ട്. അവന് പിരിയ എന്ന കൂട്ടുകാരനേയുള്ളു. തന്റെ സങ്കല്‍പ്പങ്ങള്‍ പിരിയയുമായി മാത്രമാണ് പങ്കുവയ്ക്കാറുള്ളത്. സൈക്കിള്‍ ഷോപ്പ് നടത്തുന്ന ചങ്ക്യ മാത്രമാണ് അവനെ അംഗീകരിക്കുന്ന മുതിര്‍ന്ന വ്യക്തി. 
ജബ്യയ്ക്ക് ശാലുവിനോടുള്ള ഇഷ്ടത്തെക്കുറിച്ചു ചങ്ക്യക്കറിയാം. അയാളത് പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. ഹിപ്‌നോട്ടിസം പുസ്തകത്തിലൂടെ പഠിക്കാന്‍ ശ്രമിക്കുന്ന ചങ്ക്യ ജബ്യക്കു കൊടുക്കുന്നതു വിചിത്രമായ ഉപദേശമാണ്. കറുത്ത കുരുവിയുടെ തൂവല്‍ കത്തിച്ച ചാരം ശാലുവിനു മേല്‍ വിതറുക. അവള്‍ ഇഷ്ടത്തിലാവും. ഉന്നതജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു കല്യാണം കഴിച്ചു പെണ്‍വീട്ടുകാരുടെ മര്‍ദ്ദനമേല്‍ക്കുകയും ഭാര്യയെ നഷ്ടപ്പെടുകയും ചെയ്ത അയാള്‍ക്കു മറ്റെന്തുപദേശമാണു നല്‍കാന്‍ കഴിയുക? ഇയാള്‍തന്നെ പിന്നീടൊരിക്കല്‍ കാട്ടില്‍ അരവരെ മണ്ണില്‍ മൂടി തപസ്സിരിക്കുന്നതും കുട്ടികള്‍ കാണുന്നുണ്ട്. ജബ്യ കൂട്ടുകാരനായ പരിയയോടൊപ്പം കറുത്ത കുരുവിയെ പിടിക്കാന്‍ ഏറെ അലയുന്നുണ്ട്. ഒരിക്കലും ഒരിടത്തടങ്ങിയിരിക്കാത്ത പക്ഷി അവനെ പലപ്പോഴും മോഹിപ്പിച്ചു പറന്നകലുന്നു.
സ്‌കൂളിലേക്കുള്ള യാത്രയില്‍ ചങ്ക്യയുടെ സൈക്കിള്‍ ഷോപ്പ് ജബ്യയ്ക്കും പിരിയയ്ക്കും ഇടത്താവളമാണ്. അതിനു മുന്നിലാണ് ശാലുവിന്റെ വീട്. അവളെ നോക്കിയിരിക്കാനുള്ള അവസരം കൂടിയാണത്. അവളുടെ പിന്നാലെയാവും സ്‌കൂളിലേക്കുള്ള അവരുടെ യാത്ര. വിദ്യാഭ്യാസ അവകാശം ദളിതരെ സ്‌കൂളിലെത്തിച്ചിട്ടുണ്ട്. പക്ഷേ, അവിടെയും അവര്‍ക്ക് വിവേചനം നേരിടേണ്ടി വരുന്നു. നാലു മിനിട്ടു മാത്രമാണ് സിനിമയില്‍ കഌസ്സ് റൂമിന്റെ അകത്തളം അവതരിപ്പിച്ചിട്ടുള്ളത്. അതില്‍ ആദ്യത്തെ രണ്ടു മിനുട്ടില്‍ത്തന്നെ സാമൂഹികാനുഭവങ്ങള്‍ എങ്ങനെ കഌസ്സ്‌റൂമില്‍ പ്രതിഫലിക്കുന്നു എന്നു  വളരെ സൂക്ഷ്മമായി സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. സമ്പന്നനും ഉന്നത സമുദായക്കാരനുമായ സംഗ്രാം പാട്ടീല്‍ എന്ന മുതിര്‍ന്ന കുട്ടിയുടെ അധ്യാപകനോടുള്ള പരിഹാസപൂര്‍ണ്ണമായ പെരുമാറ്റം കൃത്യമായ സൂചനയാണ്. പുറത്തു മാത്രമല്ല, കഌസ്സിനകത്തും ഉന്നത സമുദായക്കാരന്റെ സ്ഥാനം ദൃശ്യങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. രണ്ടാം ബെഞ്ചില്‍ തനിക്കിരിക്കാന്‍ കഴിയുന്നില്ലെന്ന് പിരിയ അധ്യാപകനോട് പരാതിപ്പെടുന്നു. കാരണം തൊട്ടടുത്തുള്ള കുട്ടി അവനെ കുള്ളനെന്നു പരിഹസിക്കുകയും തൊട്ടുപോയാല്‍ ഇടിക്കുകയും ചെയ്യുന്നു. അധ്യാപകന്‍ അവനെ പിന്നിലേക്കയക്കുന്നു. ജബ്യയുടെ അരികിലേക്ക്. 

നാഗരാജ് മഞ്ജുളൈ
നാഗരാജ് മഞ്ജുളൈ

എങ്ങനെയാണ് കോളനിബെഞ്ചുകള്‍ രൂപപ്പെടുന്നതെന്നതിനെക്കുറിച്ചുള്ള സൂചന ദൃശ്യങ്ങളിലുണ്ട്. ദളിത് കവിയായ സന്ത് ചോഖമേലയുടെ ഒരു കവിതാഭാഗം പഠിപ്പിക്കുന്നതാണ് പിന്നീടുള്ള രണ്ടു മിനിട്ട്. കവി പറയുന്നു: കാണുന്നതെല്ലാം അതല്ല. ജാതിമതസൗന്ദര്യങ്ങള്‍ക്കുപരിയായി മനുഷ്യസ്വഭാവം പ്രതിഫലിക്കുന്നത് അവന്റെ കഴിവുകളിലാണ്. കരിമ്പിന്‍നീരിനു കരിമ്പുമായി യാതൊരു സാമ്യവും ഇല്ല. പക്ഷേ, നമ്മള്‍ സാധനങ്ങള്‍ കാഴ്ചയില്‍ എന്താണോ അതെന്നു വിധിക്കുന്നു. ഒരു വില്ല് വളഞ്ഞിട്ടാണ്. പക്ഷേ, അമ്പ് അങ്ങനെയല്ല. നദി ഒഴുകുന്നില്ല, പക്ഷേ, വെള്ളം ഒഴുകുന്നു. പക്ഷേ, നമ്മള്‍ സാധനങ്ങള്‍ കാഴ്ചയില്‍ എന്താണോ അതെന്നു വിധിക്കുന്നു. കവിതയിലെ ആശയം ജബ്യയെ സന്തോഷിപ്പിക്കുന്നു. അവന്‍ ശാലുവിനെ നോക്കുന്നുണ്ട്. പക്ഷേ, അവന്റെയും ശാലുവിന്റെയും ഇടയ്ക്ക് സംഗ്രാം പാട്ടീല്‍ എന്ന യാഥാര്‍ത്ഥ്യമുണ്ട്. അവന്റെ പല്ലു ഞെരിക്കലും ക്രൂരമായ നോട്ടവുമുണ്ട്. നിശ്ശബ്ദമായ തെറിവാക്കുകളുണ്ട്. ശാലുവിനും ജബ്യയ്ക്കുമിടയില്‍ സംഗ്രാമിനെ നിര്‍ത്തിക്കൊണ്ടുള്ള ഷോട്ടുകള്‍ നമ്മോടു പലതും പറയുന്നുണ്ട്. കവിത പഠിപ്പിക്കുന്നതിനിടെ സ്‌കൂളിനു പുറത്തു വിറകു ശേഖരിക്കാന്‍ വന്ന അമ്മ കഌസ്സിനരികിലേക്കു വരുന്നു. അതു ജനലിലൂടെ കാണുന്ന ജബ്യ അസ്വസ്ഥനാകുന്നുണ്ട്. അധ്യാപകന്‍ ജബ്യയോട് അമ്മ വന്ന കാര്യം പറഞ്ഞ് കവിത തുടരുന്നു: ചോഖ തൊട്ടുകൂടാത്തവനാണ്. പക്ഷേ, അവന്റെ ആത്മാവ് അങ്ങനെയല്ല. പക്ഷേ, നമ്മള്‍ സാധനങ്ങള്‍ കാഴ്ചയില്‍ എന്താണോ അതെന്നു വിധിക്കുന്നു. അപ്പോഴേക്കും കഌസ്സില്‍ കൂട്ടച്ചിരി ഉയരുന്നു. തൊട്ടുകൂടാത്ത ദളിത് സ്ത്രീയുടെ സാന്നിധ്യമാണ് കഌസ്സിലുയര്‍ന്ന പൊട്ടിച്ചിരിക്കു കാരണം. പുസ്തകങ്ങളിലെ ആശയങ്ങളെവിടെ കഌസ്സ്മുറിയിലെ യാഥാര്‍ത്ഥ്യമെവിടെ? അവ ഒരിക്കലും പൊരുത്തപ്പെടുകയില്ല എന്നതാണ് സത്യം. നൂറ്റാണ്ടുകളിലൂടെ ഉറച്ചു പോകുന്ന ജാതിബോധത്തിന്റെ വേരറുക്കാന്‍ ഏതു സാഹിത്യകൃതിക്കു കഴിയും? ഏതു വിദ്യാഭ്യാസ പദ്ധതിക്കു കഴിയും?  സൂക്ഷ്മമായ ദൃശ്യപരിചരണങ്ങളിലൂടെ ഈ വൈരുധ്യം സംവിധായകന്‍ വെളിവാക്കുന്നു. ബാബാ അംബേദ്ക്കര്‍, സാവിത്രി ഫൂലേ തുടങ്ങിയ നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ ആ സ്‌കൂള്‍ ചുമരിനെ അലങ്കരിക്കുന്നത് ആവര്‍ത്തിച്ചു കാണിക്കുന്നതും ഇതിനുവേണ്ടിത്തന്നെ. പലപ്പോഴും ജബ്യയുടെ പ്രതീക്ഷകള്‍ക്കും നേരിടുന്ന അപമാനങ്ങള്‍ക്കും ഈ ചുമര്‍ചിത്രങ്ങളെ സംവിധായകന്‍ സാക്ഷിയാക്കുന്നുണ്ട്.   
അടുത്ത ദൃശ്യങ്ങളില്‍ വീട്ടിലെത്തിയ ജബ്യ സ്‌കൂളില്‍ വന്നതെന്തിനെന്ന് അമ്മയോട് രോഷത്തോടെ ചോദിക്കുന്നുണ്ട്. പഠിക്കാനെന്ന പരിഹാസം നിറഞ്ഞ മറുപടിയാണ് അമ്മ നല്‍കുന്നത്. പഠിച്ച് ജോലി കിട്ടിയാല്‍ എല്ലാരും മാഡം എന്നു വിളിക്കുമല്ലോയെന്നും. ഇനി വന്നാല്‍ താന്‍ സ്‌കൂളില്‍ പോകില്ലെന്ന് അവന്‍ പറയുന്നു. വിറകു ശേഖരിക്കാന്‍ പോയപ്പോള്‍ മകന്‍ പഠിക്കുന്നതു കാണണമെന്നു തോന്നിയതാണവര്‍ക്ക്. തൊട്ടടുത്ത ദൃശ്യങ്ങളില്‍ ബാര്‍ബര്‍ ഷാപ്പില്‍ ഐ.പി.എല്‍ കാണാന്‍ ബോംബെയിലേക്കു പോകുന്നതിനെക്കുറിച്ചുള്ള ഉപരിവര്‍ഗ്ഗ ചര്‍ച്ചകളാണ്. അവിടെയെത്തുന്ന കച്ച്‌റയോട് പന്നിയെ പിടിക്കാത്തതിനവര്‍ പരാതി പറയുന്നുണ്ട്. പന്നിയെ അശുദ്ധമായ ഒന്നായാണ് ഗ്രാമം കാണുന്നത്. പന്നികള്‍ ഗ്രാമത്തില്‍ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. വരാന്‍ പോകുന്ന ഉല്‍സവത്തിനും അവയുടെ ശല്യമുണ്ടാകുമോ എന്നു ഗ്രാമമുഖ്യര്‍ ഭയപ്പെടുന്നുണ്ട്. പന്നികളെ ഒഴിപ്പിക്കാനുള്ള ദൗത്യം കച്ച്‌റയെ ഏല്‍പ്പിക്കുകയാണ്. കാരണം കൈക്കിടി വിഭാഗക്കാരാണ് പന്നിയെ പിടിക്കേണ്ടത്. അവിടെ ആകെയുള്ള കൈക്കിടി കുടുംബം കച്ച്‌റയുടേതാണല്ലോ. കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കെ അതിലെ പാഞ്ഞു പോയ പന്നി ഒരു പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നു. വീട്ടില്‍ പോയി കുളിച്ചു ശുദ്ധി വരുത്തുന്നുണ്ട് അവള്‍. പന്നി തൊട്ടതിന്റെ അശുദ്ധി മാറാന്‍ ഗോമൂത്രം കൊണ്ട് പുണ്യാഹവും. ശാലുവിന്റെ വീട്ടിലെ കുഴിയില്‍ വീണ കൊച്ചുപന്നിയെ എടുത്തുമാറ്റാന്‍ അവളുടെ അച്ഛന്‍ ജബ്യയോട് ഒരിക്കല്‍ ആവശ്യപ്പെടുന്നുണ്ട്. ആത്മബോധം അവനെ അതില്‍നിന്നു പിന്തിരിപ്പിക്കുന്നു. പക്ഷേ, തന്റെ വിധിയെക്കുറിച്ചുള്ള ദുരന്തശങ്ക പിന്നീടുള്ള അവന്റെ ചലനങ്ങളില്‍ വ്യക്തമാണ്. കച്ച്‌റയില്‍ അടിഞ്ഞുകൂടിയ വിധേയത്വം അവനിലില്ല. പക്ഷേ, ജാതി എന്ന വിധിയില്‍നിന്ന് അവനു മോചനം നേടാനാവുമോ? ജബ്യയും പരിയയും മരത്തില്‍ കയറി പക്ഷിക്കുഞ്ഞുങ്ങളെ നോക്കുമ്പോള്‍ അതുവഴി വരുന്ന സ്ര്തീ പറയുന്നുണ്ട്, അതിനെ തൊടരുത്. പക്ഷികള്‍ ബ്രാഹ്മണരെപ്പോലെയാണ്, നിങ്ങള്‍ സ്പര്‍ശിച്ചാല്‍ മറ്റു പക്ഷികള്‍ അവയെ പിന്നെ അടുപ്പിക്കില്ല, കൊത്തിക്കൊന്നു കളയുമെന്ന്. മനുഷ്യരിലെ ജാതിബോധം, അയിത്തം പക്ഷിമൃഗാദികളിലേക്കും പടര്‍ത്തുന്നു. 

ഫാന്‍ട്രി
ഫാന്‍ട്രി

മകളുടെ വിവാഹത്തിനുവേണ്ട ഒരുക്കത്തിലാണ് കച്ച്‌റ. ഇരുപതിനായിരം രൂപ സ്ത്രീധനമായി കൊടുക്കണം. പെണ്ണുകാണാന്‍ വന്നവരോട് അയാള്‍ പറയുന്നുണ്ട് ഗ്രാമത്തില്‍ പന്നികള്‍ കുറേയുണ്ട്. പക്ഷേ, ഞങ്ങള്‍ അതിന്റെ പിന്നാലെ പോകാറില്ല. കുട്ടികള്‍ക്ക് അതിഷ്ടമല്ല എന്ന്. പക്ഷേ, സ്ത്രീധനം സ്വരൂപിക്കാന്‍ വേണ്ടി അയാള്‍ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നു. കൈനീട്ടുകയും കടം വാങ്ങുകയും ചെയ്യുന്നു. വിധേയത്വം നിറഞ്ഞ കച്ച്‌റയുടെ ശരീരഭാഷ കിഷോര്‍ കദം എന്ന നടന്‍ അസാധാരണമാക്കിയിരിക്കുന്നു. പന്നിയെ എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചതിനു മകനോടയാള്‍ ദേഷ്യപ്പെടുന്നുണ്ട്. തനിക്കീ നാട്ടില്‍ത്തന്നെ ജീവിക്കേണ്ടതുണ്ടെന്ന്. തന്റെ കുടുംബത്തിനു പതിച്ചു നല്‍കപ്പെട്ട അപമാനകരമായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ ജബ്യ തയ്യാറാവുന്നില്ല. അവനും പിരിയയും സൈക്കിളുമായി ദൂരെ നഗരത്തില്‍ ഐസ്‌ക്രീം വില്‍ക്കാന്‍ പോകുന്നു. പക്ഷേ, സൈക്കിള്‍ ഒരു ട്രക്കിനടിയില്‍പ്പെടുന്നതോടെ അവന്റെ പ്രതീക്ഷകള്‍ തകരുന്നു. 
ഗ്രാമത്തില്‍ ഉല്‍സവം വരുകയാണ്. ശാലുവിന്റെ മേല്‍ കരിംകുരുവിയെ കത്തിച്ച ചാരമിടാന്‍ പറ്റിയ അവസരം. ആരുമറിയില്ല. ജീന്‍സിനു പകരം വിലകുറഞ്ഞതെങ്കിലും ഒരു കുപ്പായം ജബ്യയ്ക്ക് അച്ഛന്‍ വാങ്ങിക്കൊടുക്കുന്നുണ്ട്. ഉല്‍സവത്തിലെ നൃത്തത്തില്‍ ജബ്യയ്ക്ക് അവന്റെ പാടവം പ്രകടിപ്പിക്കേണ്ടതുണ്ട്. കാരണം കാഴ്ചക്കാരില്‍ ശാലുവുണ്ടെന്നതു തന്നെ. നൃത്തം ഗ്രാമത്തിന്റെ ഉന്മാദമായി പടരുന്നു. അമ്മ, സഹോദരിമാര്‍ എല്ലാവരും അവന്റെ നൃത്തം കാണുന്നുണ്ട്. ശാലുവും അതു കാണാതിരിക്കില്ല. കാരണം, ഇപ്പോള്‍ ചങ്ക്യയുടെ തോളിലിരുന്നാണ് അവന്‍ നൃത്തം ചെയ്യുന്നത്. ആ നൃത്തഘോഷങ്ങളുടെ കേന്ദ്രം ഇപ്പോള്‍ അവനാണ്. പക്ഷേ, അവന്റെ വിധി അവനെ കാത്തിരിക്കുന്നുണ്ട്. അച്ഛന്‍ അവനെ വിളിക്കുന്നു. മനസ്സില്ലാമനസ്സോടെ അവന്‍ താഴെയിറങ്ങുന്നു. അടുത്ത ഏരിയല്‍ ദൃശ്യം പതുക്കെ താഴുന്നതു വലിയ വിളക്കു തലയിലേറ്റി നില്‍ക്കുന്ന ജബ്യയുടെ കണ്ണീരു പടരുന്ന മുഖത്തേക്കാണ്. ആ നിസ്സഹായതയ്ക്കിരുപുറം നൃത്തം ചെയ്യുന്ന സംഗ്രാമിലേക്കും സംഘത്തിലേക്കുമാണ്. സിനിമയിലെ ഏറ്റവും നിര്‍ണ്ണായകമെന്നോ മര്‍മ്മമെന്നോ പറയാവുന്ന ദൃശ്യമാണിത്. ജീവിതവിധിയെ ജന്മവും ജാതിയും നിര്‍ണ്ണയിക്കുന്നു. ഇന്ത്യനവസ്ഥയില്‍ വ്യക്തിക്ക് അതില്‍നിന്നു മോചനമില്ല. തനിക്കു വിധിച്ച നീചമായ ജോലികളില്‍ തൃപ്തരാവുക. നൃത്തം ചെയ്യാനല്ല, മറ്റുള്ളവര്‍ക്കു വെളിച്ചം പേറി നിശ്ചലരായി നില്‍ക്കാനാണു തന്റെ ജന്മം എന്നു തിരിച്ചറിയുക. 
ഉല്‍സവത്തിനിടെ ഇടഞ്ഞോടിയ പന്നി കാരണം എഴുന്നള്ളിപ്പില്‍ ദേവന്റെ തേരു വീഴുന്നു. അടുത്ത ദിവസം ഉല്‍സവത്തിന്റെ ഭാഗമായി സ്‌കൂളിനടുത്തു നടക്കാനുള്ള ഗുസ്തിമല്‍സരവും അലങ്കോലമാവും. കച്ച്‌റ വിളിക്കപ്പെടുന്നു. മകളുടെ വിവാഹത്തിനു രണ്ടു ദിവസമേയുള്ളവെങ്കിലും പന്നികളെ തുരത്തുന്ന ജോലി അയാള്‍ക്കു സ്വീകരിക്കേണ്ടിവരുന്നു. അയാള്‍ക്കതൊറ്റയ്ക്കു കഴിയില്ല. കുടുംബത്തിനും അതില്‍ പങ്കാളിയായേ പറ്റൂ. കുറച്ചു പണം കിട്ടുന്ന കാര്യവുമാണല്ലോ. സിനിമയിലെ അവസാനത്തെ 25 മിനിട്ടുകള്‍ പന്നികളെ പിടിക്കാനുള്ള കച്ച്‌റയുടെയും കുടുംബത്തിന്റെയും ശ്രമങ്ങളാണ്. സ്‌കൂളിനു ചുറ്റുമാണ് പന്നികള്‍ തമ്പടിച്ചിട്ടുള്ളത്. ഞായറാഴ്ചയായിരുന്നെങ്കില്‍ കുട്ടികള്‍ കാണില്ലായിരുന്നു എന്ന ചിന്ത ജബ്യയുടെ മനസ്‌സിലുണ്ട്. പക്ഷേ, അച്ഛന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ വയ്യ. ആ ദിവസം പ്രഭാതം മുതല്‍ തന്നെ സംവിധായകന്‍ ചിത്രീകരിച്ചിട്ടുണ്ട്. എല്ലാവരും ഉണര്‍ന്ന ഉടനെ പുറപ്പെടുന്നു. കരിംകുരുവിയുടെ ചാരം ശാലുവിനുമേല്‍ വിതറിയതും അവള്‍ അവനില്‍ അനുരക്തയായതും രണ്ടുപേരും ഏതോ ഹിന്ദിസിനിമയിലെ കാല്‍പ്പനിക രംഗത്തെ അനുസ്മരിപ്പിക്കും വിധം കൈകോര്‍ത്തു നടക്കുന്നതുമായ ഒരു സ്വപ്നത്തില്‍നിന്നാണ് ജബ്യ അന്നുണര്‍ന്നത്.
ജോലി പുലര്‍ച്ചെ ആരംഭിച്ചുവെങ്കിലും കാലിനു വയ്യാത്ത കച്ച്‌റയെ പലപ്പോഴും പന്നികള്‍ പറ്റിച്ചുകളയുന്നു. സ്‌കൂള്‍ ബെല്ലടിച്ചു കുട്ടികള്‍ വന്നുതുടങ്ങുമ്പോള്‍ ജബ്യ പരമാവധി ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉച്ചയായിട്ടും ജോലി പൂര്‍ണ്ണമായിട്ടില്ല. വൈകുന്നേരം സ്‌കൂള്‍ വിടുന്ന സമയമായി. ഒരു പന്നിയെ ഏറെക്കുറെ പിടികൂടാന്‍ പറ്റുന്ന വിധത്തില്‍ കിട്ടിയതാണ്. അപ്പോഴാണ് ദേശീയഗാനമുയര്‍ന്നത്. അനങ്ങാതെ നില്‍ക്കുന്ന  കുടുംബാംഗങ്ങള്‍ക്കരികിലൂടെ സാവധാനം നടന്നുനീങ്ങുന്ന പന്നിയെയാണ് നാം കാണുക. കച്ച്‌റയ്ക്ക് അനങ്ങണമെന്നുണ്ട്. പക്ഷേ, എല്ലാവരും നിശ്ചലരാണ്. പന്നിയെ ഇത്ര അടുത്തുകിട്ടിയ ഒരവസരമുണ്ടായിട്ടില്ല. ഇത്രനേരം ഭയന്നു പാഞ്ഞിരുന്ന പന്നി ദേശീയഗാനം കേട്ടു അനങ്ങാതെ നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കു മുന്നിലൂടെ എത്ര സാവകാശമാണു നടന്നുനീങ്ങുന്നത്. ഇതുപോലൊരു കറുത്ത പരിഹാസം ഇന്ത്യന്‍ സിനിമ മുന്‍പു ദര്‍ശിച്ചിട്ടുണ്ടോ എന്നു സംശയമാണ്. ആഭ്യന്തരമായ എല്ലാ വൈരുധ്യങ്ങളെയും സമര്‍ത്ഥമായി മറച്ചുവച്ചു കൊണ്ട്  കെട്ടിപ്പൊക്കുന്ന ദേശം, ദേശസ്നേഹം തുടങ്ങിയ ആശയനിര്‍മ്മിതികളെ ഇതു പൊളിച്ചുകളയുന്നു. ദൃശ്യങ്ങള്‍ എങ്ങനെ സ്‌ഫോടകശക്തി കൈവരിക്കുന്നു എന്നതിനുദാഹരണമാണ് സിനിമയിലെ ഇത്തരം രംഗങ്ങള്‍. 
സ്‌കൂള്‍ വിടുന്നതോടെ കുട്ടികളും നാട്ടുകാരും ഉന്നതങ്ങളില്‍ കാഴ്ചക്കാരായെത്തുന്നു. ഒളിച്ചിരുന്നെങ്കിലും അച്ഛന്‍ ജബ്യയെ മര്‍ദ്ദിക്കുകയും രംഗത്തേക്കു പിടിച്ചുകൊണ്ടു വരികയും ചെയ്യുന്നു. കുടുംബത്തിന്റെ പന്നിപിടുത്തത്തിന് ഇപ്പോള്‍ കുട്ടികളും നാട്ടുകാരുമെല്ലാം സാക്ഷികളാണ്. കൂട്ടത്തില്‍ ശാലുവുമുണ്ട്. ഏതൊരു ആക്ഷന്‍ സിനിമയുടെയും അന്ത്യരംഗങ്ങളെ ഇത് ഓര്‍മ്മിപ്പിക്കും. നായകന്‍, വില്ലന്‍, കാര്‍ ചേസ്, വില്ലനെയും സംഘത്തെയും പിടികൂടാനുള്ള ശ്രമം. അല്ലെങ്കില്‍ ഉദ്വേഗഭരിതമായ ഒരു ഐ.പി.എല്‍ മാച്ച്. ഒരര്‍ത്ഥത്തില്‍ ആക്ഷന്‍ സിനിമയുടെയോ ക്രിക്കറ്റ് മാച്ചിന്റെയോ പാരഡിയാണ് ഇവിടെ ആവര്‍ത്തിക്കുന്നത്. രാവിലെ മുതല്‍ ഭക്ഷണം പോലും കഴിക്കാതെ ചേയ്‌സു ചെയ്യുന്നവര്‍ക്കു കാണികളില്‍നിന്നു പലവിധ പരിഹാസങ്ങള്‍ ലഭിക്കുന്നുണ്ട്. ജബ്യയുടെ സഹോദരി ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ ഐ.പി.എല്‍ കാണാറില്ലേ, ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ് ചിയര്‍ ഗേള്‍സിനെപ്പോലെ എന്നാണ് കാണികളുടെ ഭാഷ്യം. ഫാന്‍ട്രി മാച്ച് എന്ന പേരില്‍ പന്നിപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ഡേറ്റു ചെയ്യപ്പെടുന്ന ഒരൊറ്റ ദൃശ്യം മതി സംവിധായകന്റെ പ്രതിഭയുടെ മാറ്ററിയാന്‍. ഒടുവില്‍ പന്നിയെ പിടികൂടി കമ്പില്‍ കെട്ടിത്തൂക്കി കുടുംബം നീങ്ങുന്നു. ആ ദൃശ്യം നമ്മിലുണ്ടാക്കുന്ന അനുഭവം സിനിമ എന്ന മാധ്യമത്തിനു മാത്രം സാധ്യമായതാണ്. ദൃശ്യങ്ങളുടെ ശക്തി എന്താണെന്ന് ഈ സിനിമ വ്യക്തമാക്കുന്നു. നാട്ടുകാരുടെ നിരന്തര പരിഹാസങ്ങള്‍ക്കൊടുവില്‍ ജബ്യ ക്യാമറയ്ക്കു നേരെ തൊടുക്കുന്ന കല്ല് നമ്മെ ഞെട്ടിക്കും. ഇത്രനേരം രസിച്ച് കളി കണ്ടുകൊണ്ടിരുന്ന നമുക്കു നേരെയുള്ള ആക്രമണമാണത്. ഇതുപോലെ ഷോക്കിങ്ങ് ആയൊരു അന്ത്യം അധികം സിനിമകളില്‍ ദര്‍ശിച്ചിട്ടില്ല. അത്രമേല്‍ ശക്തമാണത്.  
മഹാരാഷ്ര്ടയുടെ ഗ്രാമീണജീവിതസംസ്‌കാരത്തിന്റെ ഒരു ചിന്താണിത്. അതേസമയം, ഇന്ത്യന്‍ അവസ്ഥയുടെ പ്രതിനിധാനവും. ജാതി, സ്ത്രീധനം, അന്ധവിശ്വാസം, ഭാഷാവിവേചനം ഇവയെല്ലാം ഫാന്‍ട്രിയില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നുണ്ട്. ഭാഷ നഷ്ടപ്പെട്ട സമൂഹമാണ് കച്ച്‌റയുടേത്. അവര്‍ക്ക് അവരുടേതായ ഭാഷയുണ്ടായിരുന്നു. മകളെ കാണാന്‍ വന്ന തന്റെ ജാതിക്കാരോട് കച്ച്‌റ അല്‍പ്പം ആ ഭാഷയില്‍ സംസാരിക്കുന്നുണ്ട്. വീട്ടില്‍പ്പോലും തങ്ങളിപ്പോള്‍ മറാത്തിയാണ് സംസാരിക്കുന്നതെന്നു പരിതപിക്കുന്നുമുണ്ട്. 

ആക്രമിക്കപ്പെടുന്ന അലസബോധം
രൂക്ഷമായ അക്രമങ്ങളോ ഹിംസയോ അല്ല ജാതിബന്ധങ്ങള്‍ക്കിടയില്‍ ഇന്നു പ്രവര്‍ത്തിക്കുന്നത്. ആത്മാവിനെ തകര്‍ക്കുന്ന, നിര്‍ലജ്ജമാംവിധം സ്പഷ്ടമായ പരിഹാസവാക്കുകളും ചേഷ്ടകളും നോക്കുകളുമാണ് ദളിതനു നേരിടേണ്ടിവരുന്നത്. സിനിമയിലുടനീളം കച്ച്‌റ അതു നിരന്തരം അനുഭവിക്കുന്നുണ്ട്. ജബ്യയെയും കാത്തിരിക്കുന്നത് അതല്ലാതെ മറ്റൊന്നല്ല. 'പഥേര്‍ പാഞ്ചലി' പുറത്തിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ദാരിദ്ര്യം ലോകത്തിനു മുന്നിലവതരിപ്പിച്ചു എന്നത് ഒരു വിമര്‍ശനമായി ഉയര്‍ന്നിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ദാരിദ്ര്യവും അതിനെക്കാള്‍ ആത്മനാശകമായ ജാതിവിവേചനവും ഒരു മാറ്റവുമില്ലാതെ തുടരുന്നു.
സിനിമയുടെ അന്ത്യത്തില്‍ നമ്മെ ഞെട്ടിച്ചുകൊണ്ട് നമുക്കു നേരെ പാഞ്ഞുവരുന്ന കല്ല് നമ്മുടെ അലസബോധത്തിനെതിരെയുള്ള ആക്രമണമാണ്. അംബേദ്ക്കറുടെയും ഫൂലേയുടെയുമെല്ലാം ചുമര്‍ചിത്രങ്ങള്‍ സിനിമയില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ. അവരുടെ അല്‍പ്പം വിഷാദാത്മകമായ നോട്ടങ്ങള്‍ക്കു മുന്നിലൂടെയാണ് കമ്പില്‍ പന്നിയെയും കെട്ടിത്തൂക്കി ജബ്യയും കുടുംബവും നീങ്ങുന്നത്. ജാതീയതയ്‌ക്കെതിരായ അവരുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര പരിവര്‍ത്തനം സമൂഹത്തിലുണ്ടാക്കിയിട്ടില്ലെന്നാണോ ദളിത് വിവേചനം തന്റെ ശരീരത്തില്‍ അനുഭവിച്ച സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്? ഫാനന്‍ പറയുന്നതു പോലെ അക്രമംകൊണ്ട് സ്ഥാപിക്കപ്പെട്ടത് അക്രമത്തിലൂടെയേ തകര്‍ക്കാന്‍ പറ്റൂ എന്ന സന്ദേശമാണോ അവസാനം നമുക്കു നേരെ പാഞ്ഞു വരുന്ന കല്ല് നല്‍കുന്നത്? 
ഫാന്‍ട്രിയുടെ ഏറ്റവും വലിയ സവിശേഷത ഇന്ത്യന്‍ സിനിമ തീരെ അപ്രസക്തമായി കാണാറുള്ള കാസ്റ്റിങ്ങിനു കൊടുത്ത പ്രാധാന്യമാണ്. ഉപരിവര്‍ഗ്ഗത്തിന്റെ അപമാനങ്ങള്‍ക്കു നിരന്തരം പാത്രമായി അവര്‍ക്കു മുന്നില്‍ കൈകൂപ്പുകയും കൈനീട്ടുകയും ചെയ്യേണ്ടിവരുന്ന കച്ച്‌റയെ അവതരിപ്പിച്ച കിഷോര്‍ കദം എന്ന അതുല്യനടനെ ഒഴിവാക്കിനിര്‍ത്തിയാല്‍ പുതുമുഖങ്ങളെയാണ് സംവിധായകന്‍ ഉപയോഗിച്ചിട്ടുള്ളത്. ജബ്യ (സോംനാഥ് അഖ്വാഡെ) ശാലു (രാജശ്രീ അഖാത്ത്) പിരിയ (സുരാജ് പവാര്‍) ജബ്യയുടെ അമ്മ, സഹോദരിമാര്‍ തുടങ്ങി എല്ലാവരും തന്നെ തങ്ങളുടെ ഭാഗം അസാധാരണമാക്കിയിരിക്കുന്നു. സിനിമാലോകത്തു നിന്നല്ല തന്റെ ചുറ്റുപാടുകളില്‍നിന്നാണ് ഇവരെ സംവിധായകന്‍ കണ്ടെത്തിയത്. സൈക്കിള്‍ ഷോപ്പുകാരനായ ചങ്ക്യയെ അവതരിപ്പിച്ചതിലൂടെ ഒരു നടനെന്ന നിലയിലും സംവിധായകന്‍ നാഗരാജ് മഞ്ജുളെ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചിരിക്കുന്നു. ബുദ്ധദേവ്ദാസ് ഗുപ്തയുടെ മകള്‍ അളകനന്ദദാസ് ഗുപ്ത നല്‍കിയിരിക്കുന്ന സംഗീതവും വിക്രം അംലാഡിയുടെ ഛായയും ചന്ദന്‍ അറോറയുടെ എഡിറ്റിങ്ങുമെല്ലാം ചേര്‍ന്ന് ഫാന്‍ട്രിയെ ഉന്നത നിലവാരമുള്ള ഇന്ത്യന്‍ സിനിമയുടെ ഗണത്തിലേക്കുയര്‍ത്തുന്നു.  
 ഉന്നത ജാതിയിലെ സ്ത്രീയും താഴ്ന്ന ജാതിയിലെ പുരുഷനും തമ്മിലുള്ള പ്രണയം ഇന്ത്യന്‍ സിനിമകളുടെ എക്കാലത്തെയും പ്രിയ പ്രമേയം തന്നെ. പക്ഷേ, അതിനെ മെലോഡ്രാമയിലേക്കു പരിവര്‍ത്തിപ്പിക്കാനോ ഉപരിവര്‍ഗ്ഗത്തിന്റെ മേലെ നിന്നുള്ള സഹതാപനോട്ടങ്ങളിലൂടെ ദയാപൂര്‍ണ്ണമായി അവതരിപ്പിക്കാനോ അല്ല സംവിധായകന്‍ ശ്രമിക്കുന്നത്. ഇത്തരം ഉപരിവര്‍ഗ്ഗ നോട്ടങ്ങളില്ല എന്നതാണ് മറാത്തിയിലെ പുതുസിനിമകളെ വ്യത്യസ്തമാക്കുന്നത്. ഇത് ജബ്യയുടെ കൗമാരപ്രണയത്തിന്റെ കഥ മാത്രമല്ല, ഒരു ഗ്രാമജീവിതപരിസരത്ത് ജാതി എങ്ങനെ മനുഷ്യബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നു എന്നതിന്റെ സൂക്ഷ്മമായ സാംസ്‌കാരിക വിശകലനം കൂടിയാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com