മിസോക്കുന്നുകളില്‍നിന്ന് ഇന്ത്യന്‍ കനവുകളിലേക്ക്

ഐസ്വാളിന്റെ കിരീടനേട്ടത്തോടൊപ്പം കൂടുതല്‍ പ്രകടമാവുന്ന വടക്കു കിഴക്കന്‍ മേഖലയുടെ സാന്നിധ്യം ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരു ശാക്തികമാറ്റത്തിനു കളമൊരുക്കുന്നു
ചാംപ്യന്‍മാരായ ഐസ്വാള്‍ എഫ്‌സി കപ്പുമായി
ചാംപ്യന്‍മാരായ ഐസ്വാള്‍ എഫ്‌സി കപ്പുമായി

ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണ്ണകാന്തിയുള്ള ഈ പടയോട്ടത്തിന് ഒരു യക്ഷിക്കഥയുടെ നിഗൂഢ സൗന്ദര്യമുണ്ട്. പക്ഷേ, ലോകത്തെ ഏറ്റവും ജനപ്രിയ കളിയായ ഫുട്‌ബോളിനു മാത്രം രചിക്കാവുന്ന ഫുട്‌ബോളിന്റെ കഥയാണത്. ഏപ്രില്‍ 30-ന് സായാഹ്നത്തില്‍ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ അവസാന റൗണ്ട് മത്സരത്തില്‍ ആതിഥേയരായ ഷില്ലോങ്ങ് ലാജോങ് എഫ്.സിയെ ലാന്‍നൂന്‍ ഫെലയുടെ ഗോളിനു പിടിച്ചുകെട്ടിയ മിസോക്കുന്നിലെ ഐസ്വാള്‍ എഫ്‌സി ഐ ലീഗിലും ഒപ്പം ഇന്ത്യന്‍ ക്‌ളബ്ബ് ഫുട്‌ബോളിലും ഒരു പുതിയ ചരിത്രവും കാലഘട്ടവും അടയാളപ്പെടുത്തുന്നു. 
ഒരദ്ഭുതവും അട്ടിമറിയും സംഭവിക്കാതെതന്നെ ഐസ്വാള്‍ എഫ്.സി ഇന്ത്യന്‍ ക്‌ളബ്ബ് ഫുട്‌ബോളിന്റെ പരമ പീഠമായ ഐ ലീഗില്‍ സിംഹാസന മേറി. പത്താം ഐ ലീഗില്‍ ഒരു സമനിലകൊണ്ടുപോലും കിരീടത്തിലെത്താമായിരുന്ന ഐസ്വാള്‍, മലമുകളിലെ നോര്‍ത്ത് ഈസ്റ്റ് ടീമുകളുടെ മുഖാമുഖത്തില്‍ ഷില്ലോങ് ലാജോങുമായി പിരിഞ്ഞപ്പോള്‍ (1-1) കൊല്‍ക്കത്തയില്‍ ഐസ്വാളിന്റെ തോല്‍വിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ടു കളത്തിലിറങ്ങിയ മോഹന്‍ ബഗാന് ചെന്നൈ സിറ്റി എഫ്.സിയെ തോല്‍പ്പിച്ചിട്ടും (2-1) രണ്ടാം സ്ഥാനത്തേക്കു പിന്മാറേണ്ടിവന്നു. ഒന്‍പതാം മിനിറ്റില്‍ ദിപാന്‍ഡഡിക്കയുടെ ഗോളിനു മുന്നിലെത്തിയ ലാജോങിന് 67-ാം മിനിറ്റില്‍ ലാന്‍നൂന്‍ ഫെലയിലൂടെ ഐസ്വാള്‍ മറുപടി നല്‍കിയപ്പോള്‍ മോഹന്‍ബഗാന്റെ രണ്ടാം ഐ ലീഗ് കിരീടമെന്ന മോഹമാണ് പൊലിഞ്ഞത്. 
ഹോം-എവേ അടിസ്ഥാനത്തില്‍ നടന്ന 18 മത്സരങ്ങളില്‍നിന്ന് ഐസ്വാള്‍ എഫ്‌സി 37 പോയിന്റിലെത്തിയപ്പോള്‍ തൊട്ടുപിന്നില്‍ മോഹന്‍ ബഗാന്‍ 36 പോയിന്റാണ് നേടിയത്. ബഗാനു പിന്നില്‍ കൊല്‍ക്കത്തയിലെ അവരുടെ ചിരവൈരികളായ ഈസ്റ്റ് ബംഗാള്‍ (33) മൂന്നാംസ്ഥാനത്തും 2016-17 ലെ ചാമ്പ്യന്മാരായ ബെംഗ്‌ളൂരു എഫ്.സി (30) നാലാമതും ഐസ്വാളിനൊപ്പം വടക്കുകിഴക്കന്‍ മേഖലയുടെ ആധിപത്യത്തിന് അടിവരയിട്ടുകൊണ്ട് ഷില്ലോങ് ലാജോങ് (26) അഞ്ചാംപടിയിലും നിന്നു. ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഡി.എസ്.കെ. ശിവജിയന്‍സ്, ചെന്നൈ സിറ്റി എഫ്.സി, മിനര്‍വ-പഞ്ചാബ് എഫ്.സി എന്നിവര്‍ താഴോട്ടുള്ള സ്ഥാനങ്ങള്‍ പങ്കിട്ടപ്പോള്‍ മുംബൈ എഫ്.സി അടുത്ത സീസണില്‍ രണ്ടാം ഡിവിഷനിലേക്കു പിന്തള്ളപ്പെട്ടു. 
അങ്ങനെ ജനങ്ങളുടെ ക്‌ളബ്ബായ ഐസ്വാള്‍ എഫ്.സി ഒടുവില്‍ ദേശത്തിന്റെ ചാമ്പ്യന്‍ ക്‌ളബ്ബായി. ഇംഗ്‌ളണ്ടിലെ മാത്രമല്ല, ലോകമൊട്ടുക്കുള്ള ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ച ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിലെ കുഞ്ഞന്‍ ടീമാണല്ലോ ലെസ്റ്റര്‍ സിറ്റി. ഇംഗ്‌ളീഷ് ലീഗ് ഫുട്‌ബോള്‍ കിരീടം നേടാന്‍ അയ്യായിരത്തിലൊന്നു സാധ്യതപോലും കല്‍പ്പിക്കപ്പെടാതിരുന്നിട്ടും കഴിഞ്ഞ സീസണില്‍ (2016-17) ലെസ്റ്റര്‍ സിറ്റി ആ മഹാദ്ഭുതം കാട്ടിത്തന്നു. 
2014-15 സീസണ്‍ അവസാനിക്കുമ്പോള്‍ പ്രീമിയര്‍ ലീഗില്‍ 14-ാം സ്ഥാനത്തായിരുന്നു ലെസ്റ്റര്‍ സിറ്റി. പല തവണ പുറത്താകല്‍ ഭീഷണി നേരിട്ട അവര്‍ക്ക് ലീഗില്‍ തുടരാന്‍ കഴിഞ്ഞുവെന്നതുതന്നെ വലിയ കാര്യമായിരുന്നു. ഒടുവില്‍ ലോകത്തെ വിസ്മയിപ്പിച്ച് 300 കോടി രൂപമാത്രം വിലയുള്ള ടീമുമായി കളിച്ച ലെസ്റ്റര്‍ സിറ്റിക്ക് മാഞ്ചസ്റ്റര്‍ ക്‌ളബ്ബുകളും ആഴ്‌സണലും ചെല്‍സിയും ലിവര്‍പൂളും ബ്‌ളാക്ക്‌ബേണ്‍ ക്‌ളബ്ബുകളും മാത്രം അഭിരമിക്കുന്ന ഇംഗ്‌ളീഷ് ഫുട്‌ബോളിലെ അഭിജാതഗണത്തിലേക്ക് ഒന്നാം പടിയില്‍ കയറിനില്‍ക്കാനായത് ഫുട്‌ബോള്‍ ചരിത്രം. 
ലെസ്റ്റര്‍ സിറ്റിയെപ്പോലെ ഒന്നും അസാധ്യമല്ലെന്നു തെളിയിച്ചുകൊണ്ട് ഐലീഗ് ഫുട്‌ബോളില്‍ ആരും പ്രതീക്ഷിക്കാത്ത കുതിപ്പാണ് പതിനൊന്നു ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള മിസോറമിന്റെ ഐസ്വാള്‍ എഫ്.സിയും നടത്തിയിരിക്കുന്നത്. ലെസ്റ്ററിന്റെ ക്‌ളോഡിയോറാനിയേരി എന്ന പരിശീലകനെപ്പോലെത്തന്നെ തന്റെ കളിക്കാരുടെ കഴിവും കരുത്തും മിനുക്കിയെടുത്ത് ഏത് ആപല്‍സന്ധിയിലും തളരാതെ പോരാടാന്‍ കെല്‍പ്പുള്ളവരുടെ കൂട്ടുകെട്ടാക്കി മാറ്റിയെന്നിടത്ത് ഐസ്വാളിന്റെ പരിശീലകന്‍ ഖാലിദ് ജമീലും വേറിട്ടു നില്‍ക്കുന്നു. 

ഐസ്വാള്‍- ഡിഎസ്‌കെ ശിവജിയന്‍സ് മത്സരം
ഐസ്വാള്‍- ഡിഎസ്‌കെ ശിവജിയന്‍സ് മത്സരം

രണ്ട് കോടിയുടെ 
ചാമ്പ്യന്‍ ക്‌ളബ്ബ്

രണ്ട് കോടി രൂപയില്‍ ടീമിനെ ഒരുക്കി അദ്ഭുതവിജയം നേടുകയെന്നത് ഇന്ത്യന്‍ ഫുട്‌ബോളിലെന്നല്ല മറ്റൊരിടത്തും ഇക്കാലത്തു സംഭവിക്കുന്നതല്ല. മോഹന്‍ബഗാന്‍ ഹെയ്തിയന്‍ താരം സോണി നോര്‍ഡിയെ വാങ്ങാന്‍ മുടക്കിയ തുകയേ ഐസ്വാളിന് ഐ ലീഗ് കിരീടം വെട്ടിപ്പിടിച്ച ടീമിനെ ഒരുക്കാന്‍ വേണ്ടിവന്നുള്ളു. 1984-ല്‍ സ്ഥാപിതമായ ഐസ്വാള്‍ എഫ്.സിക്ക് 2012-ലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) അംഗീകാരം ലഭിക്കുന്നത്. ആ വര്‍ഷം ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കളിച്ചു. തുടര്‍ന്ന് അദ്ഭുതപ്പെടുത്തുന്ന കുതിപ്പാണ് മിസോറം ക്‌ളബ്ബ് നടത്തിയത്. 
2016-17 സീസണില്‍ ആദ്യമായി ഐ ലീഗില്‍ എത്തിയ ഐസ്വാള്‍ എഫ്.സി, ഒന്‍പത് ടീമുകള്‍ പങ്കെടുത്ത ലീഗില്‍ എട്ടാമതായി. തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടെങ്കിലും ഐ ലീഗ്-ഐ.എസ്.എല്‍ സംയോജനമെന്ന എ.ഐ.എഫ്.എഫിന്റെ നിര്‍ദ്ദേശത്തില്‍ എതിര്‍പ്പുയര്‍ത്തി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒഴിച്ചുള്ള മറ്റ് ഗോവന്‍ ടീമുകളായ സാല്‍ഗോക്കറും സ്‌പോര്‍ട്ടിങ് ക്‌ളബ്ബും ഡെമ്പോയും പിന്‍മാറിയതോടെയായിരുന്നു ഇത്തവണ ഐസ്വാളിന് ഐ ലീഗില്‍ കളിക്കാന്‍ അവസരമെത്തിയത്. മാനദണ്ഡങ്ങള്‍ തെറ്റിച്ചതിനെ തുടര്‍ന്ന് 2014-ല്‍ പുറത്താക്കപ്പെട്ട ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തിരിച്ചെടുത്തപ്പോള്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട ഐസ്വാള്‍ എഫ്.സിയെ ഐ ലീഗില്‍ നിലനിര്‍ത്തുകയായിരുന്നു. ഗോവയുടെ ഒഴിവില്‍ ഐസ്വാളിനു  വീണുകിട്ടിയ ഈ അവസരമാകട്ടെ, ഇന്ത്യയില്‍ ക്‌ളബ്ബ് ഫുട്‌ബോളിനെ നവനിര്‍മ്മിതിയിലേക്കു നയിക്കാനും പുതിയ ദിശാബോധം നല്‍കാനും നിദാനമാവുകയും ചെയ്തു. 
മിസോറം ഇനി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നഴ്‌സറിയല്ല, ശക്തികേന്ദ്രമാണെന്ന് ഉറപ്പിച്ചു പറയാം. ഫുട്‌ബോളിന്റെ ഉപാസകരായ എല്ലാ ജനതയെയും പോലെതന്നെ മിസോറമിനും മേഘാലയയ്ക്കും മണിപ്പൂരിനുമൊക്കെ അത് ആത്മാവിന്റെ ആഴത്തില്‍നിന്നു വരുന്ന ഒരു തിളച്ചുമറിയലാണ്. കൊല്‍ക്കത്തയുടെയും ഗോവയുടെയും കേരളത്തിന്റെയും മുംബൈയുടെയും പോലെയല്ല മിസോറമിലും മറ്റും കാല്‍പ്പന്തുകളിയുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും കൈവഴികള്‍. അതു തീര്‍ത്തും വ്യത്യസ്തമായ സരണികളിലൂടെയാണ് സഞ്ചരിക്കുന്നത്. 
മെയ് നാലിനു പുറത്തിറക്കിയ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷ (ഫിഫ)ന്റെ ദേശീയ ടീമുകളുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ 21 വര്‍ഷത്തിനുള്ളില്‍ ആദ്യമായി ഇന്ത്യ ആദ്യ '100-ല്‍' സ്ഥാനം പിടിച്ചുവെങ്കില്‍ അതിനു പിന്നില്‍ ചെറിയ ജനസംഖ്യയില്‍നിന്നു പ്രതിഭാസ്പര്‍ശമേറ്റിയ ജെ.ജെ. ലാല്‍പെക്കുലയെയും ലാല്‍ദന്‍മാവിയയെയും ലാന്‍നൂന്‍ഫെലയെയും സോഹ്മിങ്‌ലിയാന്‍ റാല്‍റ്റെയെയും പോലുള്ള കളിക്കാരുടെ സംഭാവനകളുമുണ്ടാകാതിരിക്കില്ല.

ഐസ്വാളിന്റെ പാഠങ്ങള്‍
വലിയ സാമ്പത്തികശേഷിയോ താരപ്പൊലിമയോ ഇല്ലാത്ത ഐസ്വാളിനു കാണികളുടെ അകമഴിഞ്ഞ പിന്തുണയും ശേഷിയും നൈപുണിയും ആത്മാര്‍പ്പണവുമുള്ള കളിക്കാരുടെ കൂട്ടായ്മയുമാണ് കരുത്ത്. കളിക്കാര്‍ക്ക് അവരുടെ കഴിവില്‍ വിശ്വാസമുണ്ടാവാനും മനോവീര്യം ഉയരാനും 'ചക്‌ദേ ഇന്ത്യ'യെ പ്രതിഫലിപ്പിക്കുന്ന ഖാലിദ് ജമീലിന്റെ ഡ്രസിങ് റൂമിലെ ഭാഷണങ്ങള്‍ ഇന്ധനശക്തിയാവുന്നു. ഷില്ലോങ് ലാജോങ് എഫ്.സിക്കെതിരെ ഒരു ഗോളിനു പിന്നിട്ടു നിന്നിട്ടും തിരിച്ചടിക്കാന്‍ അടവും തന്ത്രവും ഓതിക്കൊടുത്തും മാനസികമായി ഉണര്‍ത്തിയും കളിക്കാരെ സുസജ്ജരാക്കിയത് ഇടവേളയിലെ ഖാലിദിന്റെ വാക്കുകളായിരുന്നു. ആശാന്റെ വാക്കുകള്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിക്കൊണ്ട് തങ്ങളുടെ ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടി ഐസ്വാളിന്റെ കുട്ടികള്‍ വീണ്ടും അടരാടിയപ്പോള്‍ അവസാന അവസരം അവരുടേതു തന്നെയായി. 
സമനില മതിയെങ്കിലും ജയത്തിനായി കളിക്കുക എന്ന മന്ത്രം കളിക്കാരില്‍ കുത്തിവയ്ക്കാന്‍ കഴിഞ്ഞതിലൂടെ ഖാലിദ് ജമീല്‍ എന്ന പരിശീലകന്‍ പ്രൊഫഷണലിസത്തിന്റെ മറ്റൊരു തലവും കാട്ടിത്തന്നു. ടീം ഘടനയിലും ഗെയിം പ്‌ളാനിങ്ങിലും അതിന്റെ ആവിഷ്‌കാരത്തിലുമെല്ലാം അദ്ദേഹത്തിന് ഒരു സൂത്രശാലിത്വവുമുണ്ട്. എതിരാളികള്‍ക്ക് അതു ഗ്രഹിച്ചെടുക്കാന്‍ ആവുന്നതല്ല. 
ലാജോങുമായുള്ള നിര്‍ണ്ണായക മത്സരത്തിന് ബംഗാളില്‍നിന്നുള്ള റഫറിയെ നിശ്ചയിച്ചതിനെപ്പോലും  ഈ പരിശീലകന്‍ കാര്യമായെടുത്തില്ല. എന്നാല്‍, അധിക കരുതല്‍ വേണമെന്നു തന്റെ കുട്ടികളെ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല. ഐ ലീഗും ഐ.എസ്.എല്ലും സംയോജിപ്പിച്ച് ഇന്ത്യക്കു മൂന്നു തട്ടിലുള്ള പുതിയ ലീഗ് സമ്പ്രദായം വരുമെന്നും അതില്‍ ഐ ലീഗ് ജേതാക്കളായ ഐസ്വാള്‍ രണ്ടാം ഡിവിഷനിലേക്ക് ഇറങ്ങണമെന്നുമുള്ള എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ പ്രഖ്യാപനത്തോട് കടുപ്പത്തിലൊരു ചോദ്യമെറിഞ്ഞായിരുന്നു മുംബൈ സിറ്റിയുടെ മുന്‍ പരിശീലകന്‍ കൂടിയായ ഖാലിദ് ജമീല്‍ പ്രതികരിച്ചത്. ഞങ്ങള്‍ ഇതുവരെ വന്നതു കൈയും വീശി കടന്നുപോകാനാണോ എന്നായിരുന്നു ആ ചോദ്യം. 
ഗോളടിക്കുന്നതിനേക്കാള്‍ അടിപ്പിക്കാതിരിക്കുന്നതിലാണ് ഐസ്വാളിന്റെ മികവ്. സ്വന്തം തട്ടകത്താകട്ടെ, അജയരുമാണ്. സമുദ്രനിരപ്പില്‍നിന്ന് 3714 അടി ഉയരത്തിലുള്ള ഷില്ലോങ് ലാജോങ് എഫ്.സിവരെ ഐസ്വാളിന്റെ മുറ്റത്തു തോല്‍വി രുചിച്ചു. ലാജോങിനെ 2-1 നും ഈസ്റ്റ് ബംഗാളിനെയും മോഹന്‍ബഗാനെയും 1-0 നും സ്വന്തം ഗ്രൗണ്ടില്‍ കീഴടക്കിയ ഐസ്വാള്‍, ബംഗ്‌ളൂരു എഫ്.സിയെ സമക്കളിയില്‍ (1-1) കുരുക്കി. ഹോം മത്സരത്തില്‍ പരമാവധി പോയിന്റ് നേടുകയെന്നതാണ് ഇരട്ടപ്പാദ ലീഗില്‍ ഏതൊരു ടീമിന്റെയും മുന്നേറ്റത്തില്‍ നിര്‍ണ്ണായകമാവുക. ആ കണക്കെടുപ്പില്‍ ഐസ്വാള്‍ മുന്നിലാണ്. സ്വന്തം തട്ടകത്തെ ഒന്‍പതു മത്സരങ്ങളില്‍നിന്ന് അവര്‍ 20 പോയിന്റാണ് നേടിയത്. 

മിസോകുന്നിലെ വിജയാഘോഷം
മിസോകുന്നിലെ വിജയാഘോഷം

കൊല്‍ക്കത്തയുടെ പതനം
അതേസമയം ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമേറെ കൂടെയുള്ള മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളിനും ഇക്കുറി ഐ ലീഗില്‍ കിരീട പ്രതീക്ഷയുയര്‍ത്തിയശേഷം എങ്ങനെയാണ് കിതച്ചുവീണത്. ഏപ്രില്‍ 22-ന് ഐസ്വാള്‍ എഫ്.സിയോട് അവരുടെ തട്ടകത്ത് കലാശപ്പോരാട്ടത്തിന്റെ പ്രതീതിയുയര്‍ത്തിയ പോരാട്ടത്തില്‍ സോഹ്മിങ്‌ലിയാന്‍ റാല്‍റ്റെയുടെ ഏക ഗോളിനു അടിയറവു പറഞ്ഞതോടെ ബഗാന്റെ കിരീടമോഹങ്ങള്‍ മലമുകളില്‍ ചാമ്പലാവുകയായിരുന്നു. എന്നാല്‍, 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2014-15 സീസണില്‍ ബഗാനെ ആദ്യമായി ഐ ലീഗ് കിരീടമണിയിച്ച പ്രഗല്‍ഭനായ സഞ്‌ജോയ് സെന്നിന്റെ പരിശീലനത്തില്‍ തന്നെയിറങ്ങിയ കൊല്‍ക്കത്ത വമ്പന്‍മാര്‍ക്ക് ആ തകര്‍ച്ചയ്ക്ക് ആരെയും കുറ്റപ്പെടുത്താനാവില്ല. സ്വന്തം വീഴ്ചകളിലേക്കുതന്നെയാണ് അവര്‍ ടോര്‍ച്ചടിച്ചു നോക്കേണ്ടത്. 
ഐസ്വാളിലേറ്റ തിരിച്ചടിയില്‍ തെളിഞ്ഞത് ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതാപികളായ നീലയും മാറൂണ്‍ കളറുമണിഞ്ഞ മോഹന്‍ബഗാന്റെ കളിക്ക് ഈ സീസണില്‍ സംഭവിച്ച ശൈഥില്യം തന്നെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ബഗാന്റെ കാര്യത്തില്‍ വടക്കുകിഴക്കന്‍ മലനിര ഒരു ചൂണ്ടുപലകയാണ്. കഴിഞ്ഞ സീസണിലും ഇതുതന്നെയായിരുന്നു സംഭവിച്ചത്. അന്ന് ഐസ്വാളിലേക്കു വണ്ടി കയറുമ്പോള്‍ ബഗാന്‍ ഐ ലീഗ് പട്ടികയില്‍ തലപ്പത്തായിരുന്നു. എന്നാല്‍, ഐസ്വാളില്‍ 2-1 നു തോറ്റതോടെ ബഗാന്റെ പതനത്തിന്റെ വിത്ത് കിളുര്‍ത്തുവെന്നു മാത്രമല്ല, അന്തിമമായി കിരീടമോഹം ഉപേക്ഷിക്കേണ്ടിയും വന്നു. 
ഏറ്റവും ലളിതമായ കണക്കിതാ: വടക്കുകിഴക്കന്‍ മലമേഖലയില്‍ ബഗാന്‍ ഇതുവരെ കളിച്ച അരഡസന്‍ ഐ ലീഗ് മത്സരങ്ങളില്‍ ജയിച്ചത് ഒന്നുമാത്രം. എവേ മത്സരങ്ങളില്‍ ബഗാന്റെ ദയനീയ പ്രകടനപരമ്പരകളുടെ ചിത്രവും കൂടിയാണ് ഇത്തവണത്തെ ഐ ലീഗ്. രണ്ട് ജയം, രണ്ട് തോല്‍വി, അഞ്ച് സമനില. അങ്ങനെ ഒന്‍പത് എവേ മത്സരങ്ങള്‍ സഞ്‌ജോയ് സെന്നിന്റെ ശിഷ്യന്‍മാര്‍ക്കു നേടിക്കൊടുത്തതു കേവലം 11 പോയിന്റ് മാത്രം. അവരുടെ ബാക്കി 25 പോയിന്റും ഹോം മത്സരങ്ങളില്‍ നിന്നായിരുന്നു.
ആക്രമണത്ത്വരയുള്ള കളിക്കാരായ സോണി നോര്‍ഡി, ഡാരല്‍ ഡഫി, കുത്‌സുമിയുസ, ജെ.ജെ. ലാല്‍പെക്കുല. ബല്‍വന്ത്‌സിങ് എന്നിവരുള്‍പ്പെട്ട ബഗാന്‍ നിരയ്ക്ക് അഞ്ച് ഗോള്‍രഹിത സമനിലകളും അഞ്ച് ഗോളുകളുമേ എതിരാളികളുടെ ഗ്രൗണ്ടില്‍ നേടാനായുള്ളുവെന്നത് അവിശ്വസനീയമായേ തോന്നൂ. ഈസ്റ്റ് ബംഗാളിനെതിരെ കൊല്‍ക്കത്ത ഡെര്‍ബിയുടെ ആദ്യപാദവും ബംഗ്‌ളൂരില്‍ ബി.എഫ്.സിക്കെതിരെ നടന്ന എവേ മത്സരവും ഗോള്‍രഹിതമായി കലാശിച്ചപ്പോള്‍ മറ്റ് മത്സരങ്ങളിലും എതിരാളികളെ കീഴടക്കാന്‍ ബഗാനു നന്നേ വിയര്‍പ്പൊഴുക്കേണ്ടിവന്നു. 
ഐസ്വാളില്‍ ഐ ലീഗ് ജേതാക്കളെ തീരുമാനിച്ചേക്കാവുന്ന നിര്‍ണ്ണായക പോരിലും ബഗാന്റെ കളിയോടുള്ള സമീപനത്തിലോ മനോഭാവത്തിലോ കാതലായ ഒരു മാറ്റവും ഉണ്ടായില്ല. സമതലങ്ങളില്‍ പരിചയിച്ച കളിക്കാര്‍ക്ക് ഉയര്‍ന്ന പ്രദേശത്ത് അതേ പ്രകടനം ആവര്‍ത്തിക്കുക എളുപ്പമായിരിക്കില്ല. ആ സാഹചര്യത്തില്‍ ഒരു സമക്കളി നല്ല ഫലമാകുമായിരുന്നെങ്കിലും അതു പ്രാവര്‍ത്തികമാക്കുന്നതിലും ബഗാന്‍ പരാജയപ്പെടുകയായിരുന്നു. 
അതേസമയം അവസാന രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ളപ്പോള്‍ തുടര്‍ച്ചയായ നാല് തോല്‍വികളെ തുടര്‍ന്ന് കോച്ച് ട്രെവര്‍ മോര്‍ഗന്‍ രാജിവച്ചതോടെ പ്രതിസന്ധിയിലായ ഈസ്റ്റ് ബംഗാളിനെ പക്ഷേ, ഐ ലീഗിലെ മത്സരക്കോട്ടയില്‍ വീഴ്ത്തിയത് അവരുടെ പ്രതിരോധക്കളി തന്നെയായിരുന്നു. തുടക്കത്തില്‍ വന്‍ പ്രതീക്ഷ നല്‍കിയശേഷം അവസാന ഘട്ടത്തില്‍ തുടര്‍ച്ചയായ നാല് തോല്‍വികളോടെ തലതാഴ്ത്തിനിന്ന ഈസ്റ്റ് ബംഗാളിനെയാണ് കണ്ടത്. 
അതുവരെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച ചുവപ്പും സ്വര്‍ണ്ണവര്‍ണ്ണവുമുള്ള കുപ്പായക്കാരുടെ ഈസ്റ്റ് ബംഗാള്‍ ഐ ലീഗിലെ ഏറ്റവും മികച്ച ടീമായിരുന്നു. അവരുടെ വിദേശ താരങ്ങള്‍ നല്ലതുപോലെ ടീമില്‍ ഇഴുകിച്ചേരുകയും ട്രെവര്‍ മോര്‍ഗന്‍ തന്റെ തന്ത്രങ്ങള്‍ കളിക്കളത്തില്‍ നടപ്പാക്കുകയും ചെയ്തു. ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ടീമിന് എല്ലായ്‌പോഴും ആക്രമിക്കാനോ പ്രതിരോധിക്കാനോ മാത്രം കഴിയില്ല. സന്ദര്‍ഭം ആവശ്യപ്പെടുംപടി കളിരീതിയിലും ആസൂത്രണത്തിലും മാറ്റം വരുത്താന്‍ കഴിയണം. ടീം ഫോര്‍മേഷനിലെ ന്യൂനതകള്‍കൊണ്ട് ഈസ്റ്റ് ബംഗാളിന് എതിര്‍ ഗോള്‍മുഖത്തു നിരന്തരം ആക്രമണം അഴിച്ചുവിടുന്ന ടീമായി പരിവര്‍ത്തിക്കപ്പെടാന്‍ കഴിഞ്ഞില്ല. 
മിക്ക മത്സരങ്ങളിലും പ്രതിരോധാത്മകനയം മുറുകെപ്പിടിച്ച ഈസ്റ്റ് ബംഗാളിന് ചര്‍ച്ചിലിനോട് സ്വന്തം തട്ടകത്തും ചെന്നൈ സിറ്റിയോട് അവരുടെ ഗ്രൗണ്ടിലും പിണഞ്ഞ തോല്‍വികള്‍ വന്‍ ആഘാതമായി. ആ വീഴ്ചകളില്‍നിന്നു കരകയറാന്‍ അവര്‍ക്കു കഴിഞ്ഞതേയില്ല. അതിന്റെ ഫലമായിരുന്നു രണ്ട് ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടെ എട്ട് ട്രോഫികള്‍ നേടിക്കൊടുത്ത ട്രെവര്‍ മോര്‍ഗന്റെ രാജിയിലേക്കു വരെ എത്തിയ പതനത്തിലേക്ക് ഈസ്റ്റ് ബംഗാളിനെ കൊണ്ടെത്തിച്ചത്. 

നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയുടെ ഫുട്‌ബോള്‍ ഹബ്ബ്
ഇരുപത്തിയൊന്ന് മലകളാല്‍ വലയം ചെയ്യപ്പെട്ട് കനത്ത മഴയും മണ്ണിടിച്ചിലും സാധാരണമായ കാലാവസ്ഥയിലും കഴിയുന്ന മിസോറമില്‍ സ്വാഭാവികമായ ഒരു ഗ്രൗണ്ട് നിര്‍മ്മിക്കുകപോലും ശ്രമകരമാണ്. എന്നിട്ടും 90 ശതമാനം വനമേഖലയുള്ള ഈ ചെറിയ സംസ്ഥാനത്തുനിന്ന് ഒരു സാദാ ക്‌ളബ്ബിനെ രാജ്യത്തിന്റെ ഫുട്‌ബോള്‍ ഭൂപടത്തില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ആ കളിക്കാരെയും പരിശീലകസംഘത്തെയും സംഘാടകരെയും ആ നാടിന്റെ കളിയാവേശത്തെയും പ്രകീര്‍ത്തിച്ചേ മതിയാവൂ. 
വടക്കുകിഴക്കന്‍ മേഖല ഇന്ത്യയുടെ ഫുട്‌ബോള്‍ ഹബ്ബ് ആയിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ബഗാന്‍ കിരീടമണിഞ്ഞ 2014-15 ല്‍ ആയിരുന്നു നോര്‍ത്ത് ഈസ്റ്റില്‍നിന്ന് ആദ്യമായി ഒരു ടീം ഐ ലീഗില്‍ കളിച്ചത്. അന്ന് അരങ്ങേറിയ മേഘാലയ ടീമായ റോയല്‍ വാഹിങ്‌ദോ മൂന്നാം സ്ഥാനത്തെത്തിയത്, വടക്കുകിഴക്കന്‍ മേഖലയില്‍ കാല്‍പ്പന്ത് കളിക്കു കൈവന്ന വളര്‍ച്ചയുടെയും വികാസത്തിന്റെയും പരിപാലനത്തിന്റെയും സൂചകമായിരുന്നു. വാഹിങ്‌ദോയെ പിന്തുടര്‍ന്നെത്തിയ മേഘാലയയുടെ തന്നെ ഷില്ലോങ് ലാജോങ് എഫ്.സി. കഴിഞ്ഞ തവണത്തെ ആറാംസ്ഥാനത്തുനിന്ന് ഇക്കുറി ഒരുപടി മുകളിലേക്കു കയറി. ഒടുവില്‍ ഇതാ ഐസ്വാള്‍ എഫ്.സിയിലൂടെ ഇന്ത്യയുടെ ദേശീയ ക്‌ളബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ ഐ ലീഗിലും വടക്കുകിഴക്കിന്റെ പതാക പാറുന്നു. 
1996-97 ല്‍ ആരംഭിച്ച ദേശീയ ലീഗിന്റെ പുതുക്കിയ രൂപമായി 2007-ല്‍ ഐ ലീഗ് വന്നതോടെ ഗോവന്‍ ക്‌ളബ്ബുകള്‍ തുടര്‍ച്ചയായി കളം വാഴുകയായിരുന്നു. അവരുടെ പടയോട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ സിരാകേന്ദ്രമായ കൊല്‍ക്കത്ത വിസ്മൃതിയിലാണ്ടുപോയി. ഒടുവില്‍ രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് ടീമായി ബംഗ്‌ളരൂ എഫ്.സിയും പ്രൊഫഷണല്‍ മികവോടെ ഐ ലീഗിലും ഫെഡറേഷന്‍ കപ്പിലും എ.എഫ്.സി കപ്പിലും കരുത്തുകാട്ടി. കൊല്‍ക്കത്ത ടീമുകളായ മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും അഗാധമായ വീഴ്ചകളില്‍നിന്നു തിരിച്ചുവരവു നടത്തിയപ്പോഴാകട്ടെ, ഗോവന്‍ ഫുട്‌ബോള്‍ സാന്നിധ്യമറിയാക്കാനാവാതെ ഇരുട്ടില്‍ തപ്പുകയും ചെയ്യുന്നു. കളിക്കാരെ കണ്ടെത്തുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും അടിസ്ഥാന തലത്തിലുണ്ടായ വീഴ്ചകളും ജൂനിയര്‍ തലത്തിലും യൂത്ത് നിലവാരത്തിലും ഫുട്‌ബോള്‍ വികസനം സംബന്ധിച്ച ദീര്‍ഘവീക്ഷണമില്ലാത്ത കാഴ്ചപ്പാടുകളുമാണ് ഗോവയെ ഈ തകര്‍ച്ചയിലേക്കെത്തിച്ചത്. അതേസമയം ഐസ്വാളിന്റെ കിരീടനേട്ടത്തോടൊപ്പം കൂടുതല്‍ പ്രകടമാവുന്ന വടക്കു കിഴക്കന്‍ മേഖലയുടെ സാന്നിധ്യം ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരു ശാക്തികമാറ്റത്തിനു കളമൊരുക്കുന്നതായി നിരീക്ഷകര്‍ കരുതുന്നു. 
ഇന്നിപ്പോള്‍ മിസോറമിന്റെ കളിക്കാരില്ലാത്ത ഇന്ത്യന്‍ ക്‌ളബ്ബുകളില്ല. സന്തോഷ് ട്രോഫിയിലെ മുന്‍ ചാമ്പ്യന്‍മാര്‍. ദേശീയ ഗെയിംസിലെ സുവര്‍ണ്ണ ജേതാക്കള്‍. ഫെഡറേഷന്‍ കപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഐസ്വാള്‍ എഫ്.സിയാകട്ടെ, ഒടുവില്‍ ഐ ലീഗില്‍ വിജയരഥമേറി. ഐസ്വാളിന്റെ കിരീടധാരണത്തിന് 48 മണിക്കൂര്‍ മുന്‍പ് കോഴിക്കോട് സമാപിച്ച ദേശീയ സബ്ജൂനിയര്‍ ഫുട്‌ബോളിലും മിസോറം തന്നെ ജേതാക്കള്‍. കേരളവും നിലവിലെ ജേതാക്കളായ ബംഗാളും സെമിയില്‍ വീണപ്പോള്‍ ഫൈനലില്‍ മിസോറമിനു നേര്‍ക്കുനേര്‍ വന്നത് മേഘാലയയാണെന്നതും എടുത്തുപറയേണ്ടതാണ്. പുതുതലമുറയുടെ കാര്യത്തിലും മിസോറമും മേഘാലയയും ഉള്‍പ്പെടെ വടക്കുകിഴക്കന്‍ മേഖലയുടെ ഫുട്‌ബോള്‍ ഖനി സമ്പന്നമാണെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്. 

ഈസ്റ്റ് ബംഗാളിന്റെ സുനില്‍ ഛേത്രി
ഈസ്റ്റ് ബംഗാളിന്റെ സുനില്‍ ഛേത്രി

ദേശീയ സബ്ജൂനിയര്‍ ഫുട്‌ബോളില്‍ അഞ്ചാം തവണയാണ് മിസോറം ചാമ്പ്യന്‍മാരാവുന്നത്. ഐസ്വാള്‍ അക്കാദമിയില്‍ പഠിക്കുന്ന ഒരു കുട്ടിയും ഈ ടീമിലുണ്ടായിരുന്നില്ല. കാര്യമായ സര്‍ക്കാര്‍ സഹായമില്ലാതെ നാട്ടിലെ അക്കാദമികളില്‍ പരിശീലനം തേടുന്ന കുട്ടികളെ സെലക്ഷന്‍ ട്രയല്‍സിലൂടെ കണ്ടെത്തിയാണ് ടീമിനെ ഒരുക്കിയത്. ഐസ്വാള്‍ ക്‌ളബ്ബിന്റെ വളര്‍ച്ചയും ഐ ലീഗിലെ മുന്നേറ്റവുമാണ് ഇളംമുറക്കാരുടെ ടീമിനു പ്രചോദനമായതെന്ന് മിസോറം കോച്ച് വന്റോംവിയ വിലയിരുത്തുകയുണ്ടായി.
ഇന്ത്യന്‍ കായികരംഗത്തു മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങള്‍ പോലും സ്‌പോര്‍ട്‌സിനെ പ്രൊഫഷണല്‍ കരിയര്‍ ആക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍, മിസോറമില്‍ മറിച്ചാണ്. ഇവിടെ വ്യവസായങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. പഠനത്തില്‍ ഏറ്റവും മിടുക്കന്മാരായ ചുരുക്കം ചിലര്‍ക്കു മാത്രമേ ഉന്നത ജോലികള്‍ കിട്ടുകയുള്ളു. മറ്റുള്ളവര്‍ പട്ടാളത്തിലും സര്‍ക്കാര്‍ സര്‍വ്വീസിലുമാണ് ജോലി തേടുന്നത്. മിസോറമില്‍ സമീപകാലത്ത് അത് സ്‌പോര്‍ട്‌സിലേക്കുമായി. 
ജെജെ ലാല്‍പെക്കുലയുടെ കാര്യമെടുക്കാം. വര്‍ഷം 80 ലക്ഷം രൂപ വരുമാനമുള്ള മോഹന്‍ബഗാന്റെയും ദേശീയ ടീമിന്റെയും സ്‌ട്രൈക്കറായ ജെജെയാണ്  മിസോറമിലെ ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍. മിസോറമില്‍ കുട്ടികള്‍ കളിയിലേക്കു വരുന്നതിനെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നു. ജെജെക്ക് വമ്പന്‍ ക്‌ളബ്ബുകള്‍ക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും കളിക്കാനാവുമെങ്കില്‍ എന്തുകൊണ്ട് തങ്ങളുടെ കുട്ടികള്‍ക്ക് അതായിക്കൂടാ എന്നു ചിന്തിക്കുന്ന അച്ഛനമ്മമാരാണ് മിസോറമിലുള്ളത്. എന്നാല്‍, കായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അവിടത്തെ സ്‌കൂളുകളില്‍ കമ്മിയാണ്. അതിനുള്ള ബജറ്റ് വിഹിതം പോലും നാമമാത്രം. എന്നിട്ടും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കടന്ന് മിസോറമിലെ കുട്ടികള്‍ കളിക്കളത്തിലേക്കു വരുന്നുവെന്നത് ആ ജനതയുടെ ഇച്ഛാശക്തിയെയും കായികാഭിമുഖ്യത്തെയുമാണ് വെളിവാക്കുന്നത്. 
അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ ഗ്രാസ്‌റൂട്ട് വികസന പരിപാടിയിലൂടെ കടന്നുവന്നവരാണ് ഇപ്പോഴത്തെ കളിക്കാരിലധികവും. ലാല്‍ റിന്‍സുവാല, ലാന്‍നൂന്‍ പുയ, ലാന്‍ നൂന്‍ ഫെല എന്നിങ്ങനെ പുറംലോകത്തേക്ക് അറിയപ്പെട്ടു തുടങ്ങിയ ഈ കളിക്കാരെല്ലാം ഫിഫ പദ്ധതിയുടെ സംഭാവനകളാണ്. 

പണമില്ലെങ്കിലും 
കളി വിളയുന്നു

2016-ല്‍ ദേശീയ ഫുട്‌ബോള്‍ കിരീടം നേടിയ മിസോറം ടീമിനെ ഒരുക്കാന്‍ ചെലവിട്ടത് അഞ്ച് ലക്ഷം രൂപ മാത്രമാണെന്നു കേട്ടാല്‍ ഫുട്‌ബോള്‍ പ്രമാണിത്തം അവകാശപ്പെടുന്ന സംസ്ഥാനങ്ങള്‍ വിശ്വസിക്കണമെന്നില്ല. എന്നാല്‍, സന്തോഷ് ട്രോഫി നേടിയ ടീമിന്റെ ഭക്ഷണത്തിനും പരിശീലനത്തിനും യാത്രയ്ക്കും മിസോറം ചെലവിട്ട തുക അത്രമാത്രം. പക്ഷേ, നിലവാരമുള്ള കളിക്കാരെ വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനും വലിയ പണം മുടക്കു വേണ്ടിവരുമെന്നതാണ് മിസോറം ഫുട്‌ബോള്‍ അസോസിയേഷനെയും സര്‍ക്കാരിനെയും അലട്ടുന്നത്. പോയ വര്‍ഷത്തെ സംസ്ഥാന അസോസിയേഷന്റെ ബജറ്റാകട്ടെ, 20 ലക്ഷം രൂപ മാത്രമായിരുന്നു. 
വമ്പന്‍ താരനിരയില്ലാത്ത ഐസ്വാള്‍ ക്‌ളബ്ബിന്റെ ഭൂരിഭാഗം കളിക്കാരും മിസോറമില്‍നിന്നുള്ളവര്‍. വിദേശ കളിക്കാരിലുമില്ല സൂപ്പര്‍താരങ്ങള്‍. നാട്ടുകാരനായ റോഹ്മിങ് താംഗയാണ് നായകന്‍. ഐസ്വാളിലെ മൗല്‍പുയില്‍ ഐസ്വാളിന്റെ ഹോം ഗ്രൗണ്ടായ രാജീവ്ഗാന്ധി സ്‌റ്റേഡിയത്തിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. ആസ്‌ട്രോടര്‍ഫില്‍ നിര്‍മ്മിച്ച രണ്ട് നില സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗത്തെ ഗാലറിയുടെ പണി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ബാക്കി മൂന്നു വശങ്ങളും ഇപ്പോഴും വനപ്രദേശമാണ്. 
2011-ലാണ് കൃത്രിമ പുല്‍ത്തകിടിയുള്ള പ്രൊഫഷണല്‍ ടര്‍ഫ് ആദ്യമായി മിസോറമില്‍ സ്ഥാപിച്ചത്. അസംറൈഫിള്‍സിന്റെ കീഴിലുണ്ടായിരുന്ന ലാമുവല്‍ ഗ്രൗണ്ടുള്‍പ്പെടെ ഇന്നിപ്പോള്‍ എട്ട് കളിയിടങ്ങളുണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഇന്ത്യന്‍ ഫുട്‌ബോളിനുള്ള തങ്ങളുടെ സംഭാവനകള്‍ കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രത്യേക സഹായം നല്‍കണമെന്ന് മിസോറം ഫുട്‌ബോള്‍ അസോസിയേഷന്റെ (എം.എഫ്.എ) പിന്നിലെ മുഖ്യശക്തിയായ ലാലങ് ഹിംഗ്‌ളോവ ഹമ്മര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. നിരപ്പില്ലാത്ത ഗ്രൗണ്ടിലും കുന്നും കുഴിയുമുള്ള മണ്ണിലുമായി അവിടത്തെ കുട്ടികള്‍ക്ക് എങ്ങനെ ഫുട്‌ബോള്‍ സപര്യ മുന്നോട്ടുകൊണ്ടുപോകാനാകും. 
സാമ്പത്തിക ഞെരുക്കവും ഗ്രൗണ്ടുകള്‍ അടക്കമുള്ള സംവിധാനങ്ങളുടെ കുറവും സ്‌പോണ്‍സര്‍മാരില്ലാത്തതുമൊക്കെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും മിസോറമിന് ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഒരു മാസ്റ്റര്‍ പ്‌ളാന്‍ തന്നെയുണ്ട്. മിസോറമിന്റെ ഫുട്‌ബോള്‍ കലണ്ടറില്‍ സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റുകള്‍ മുതല്‍ എം.എഫ്.എ കപ്പ്, മിസോറം പ്രീമിയര്‍ ലീഗ്, വില്ലേജ്തല ടൂര്‍ണമെന്റുകള്‍ എന്നിവയെല്ലാം മുടങ്ങാതെ നടത്തിപ്പോരുന്നു. മുന്‍ താരങ്ങളും പരിശീലകരും എല്ലാ ടൂര്‍ണമെന്റുകളും നിരീക്ഷിച്ചു കഴിവുള്ള കളിക്കാരെ കണ്ടെത്തുകയും അക്കാദമികളില്‍ തുടര്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. 
എട്ട് ടീമുകളെ പങ്കെടുപ്പിച്ച് സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ നടക്കുന്ന മിസോറം പ്രീമിയര്‍ ലീഗിന് വന്‍ ജനപങ്കാളിത്തമാണ്. ഈ ടീമുകളില്‍ പരമാവധി പ്രദേശങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയും കളി ടിവിയില്‍ തത്സമയം കാണിച്ചും അവര്‍ ആരാധകരെ തൃപ്തരാക്കുന്നു. 
ഇതിനെല്ലാം പുറമെ ഓരോരുത്തരും പരസ്പരം ബന്ധിക്കപ്പെടുന്ന ഊഷ്മളമായ മിസോ സാഹോദര്യത്തിന്റെ അടിസ്ഥാന തത്ത്വം അവര്‍ ഫുട്‌ബോളിലും പാലിക്കപ്പെടുന്നു. ഫുട്‌ബോള്‍ സംഘാടനത്തിന്റെ എല്ലാ തലങ്ങളിലും ആളുകള്‍ സ്വമേധയ ചുമതലകള്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. കളിക്കാരാകട്ടെ, ടൂര്‍ണമെന്റുകള്‍ ജയിച്ചുകിട്ടുന്ന സമ്മാനത്തുകപോലും നാട്ടിലെ ഫുട്‌ബോള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാറുണ്ട്. കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളും വാര്‍ഷിക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ചടങ്ങുപോലെ നടത്തുമ്പോഴാണ് മിസോറമിന്റെ കായികരംഗത്തോടുള്ള കാഴ്ചപ്പാട് എത്ര വിശാലവും വ്യത്യസ്തവുമാണെന്നു നാം അറിയുക. 
ഐ ലീഗിലെ കിരീടനേട്ടത്തിലൂടെ കൈവന്ന വര്‍ദ്ധിച്ച ആവേശവും ആത്മവിശ്വാസവും മിസോറമിനെയും ഐസ്വാള്‍ എഫ്‌സിയെയും മേഘാലയയെയും ഷില്ലോങ് ലാജോങിനെയും മാത്രമല്ല, വടക്കുകിഴക്കന്‍ മേഖലയില്‍ ആകെ തന്നെ കാല്‍പ്പന്തിനെ മുന്നോട്ടു നയിക്കും. പണമൊഴുകുന്ന ഫുട്‌ബോളിന്റെ കോക്ക്‌ടെയ്‌ലായ ഐ.എസ്.എല്ലില്‍നിന്നും വ്യത്യസ്തമായി തദ്ദേശീയരായ കളിക്കാരെ കണ്ടെത്താനും പ്രകാശധാരയിലെത്തിക്കാനും കഴിയുന്നുവെന്നതുകൊണ്ടുതന്നെ ഐ ലീഗ് രാജ്യത്തിന്റെ മുഖ്യ ലീഗായിത്തന്നെ തുടരണം. 


ഐ ലീഗും ഐ.എസ്.എല്ലും യോജിപ്പിച്ചു രൂപംകൊള്ളുന്ന പുതിയ ദേശീയ ലീഗില്‍ ഐസ്വാള്‍ എഫ്.സി ഉണ്ടാകില്ലെന്ന എ.ഐ.എഫ്.എഫിന്റെ പ്രഖ്യാപനത്തിനെതിരെ കളിക്കാര്‍ മരണം വരെ പ്രക്ഷോഭം നടത്തുമെന്നു ഭീഷണി മുഴക്കിയതോടെ പ്രഫുല്‍പട്ടേലും സംഘവും ചുവടുമാറ്റിയിരിക്കയാണ്. ഐ ലീഗ് ഇന്ത്യയുടെ ദേശീയ ലീഗ് ചാമ്പ്യന്‍ഷിപ്പായി തുടരുമെന്നാണ് ഒടുവില്‍ എ.ഐ.എഫ്.എഫ് അറിയിച്ചിട്ടുള്ളത്. 
ഒരു ഫുട്‌ബോള്‍ ടീം ട്രോഫി നേടുന്നത് എപ്പോഴും കളിപ്രേമികളുടെ ഹൃദയം കീഴടക്കിക്കൊണ്ടാകണമെന്നില്ല. എന്നാല്‍, ഐസ്വാളിന് അതും സാധിച്ചുവെന്നതാണ് അവരുടെ വിജയത്തിനു മാറ്റുകൂട്ടുന്നത്. സ്‌പോര്‍ട്‌സ് പേജുകളടക്കം പത്രങ്ങളിലെല്ലാം തലക്കെട്ടുകള്‍ പിടിച്ചുപറ്റിയ ഐസ്വാളിന്റെ വൈഖരിക്ക് ട്രോഫി നേട്ടത്തിലുപരി മൂല്യവും പ്രാധാന്യവും ഏറുന്നു. അപൂര്‍വ്വമായി മാത്രമാണ് നമുക്ക് അത്തരം കാഴ്ചകള്‍ ഫുട്‌ബോളില്‍ കാണാനാവുന്നത്. 
ഐസ്വാളും ഷില്ലോങ് ലാജോങുമുള്‍പ്പെടെ വടക്കുകിഴക്കന്‍ മേഖലയില്‍ സൃഷ്ടിച്ച ഫുട്‌ബോള്‍ വിപ്‌ളവം കൊല്‍ക്കത്തയുടെയും ഗോവയുടെയും കേരളത്തിന്റെയുമൊക്കെ കണ്ണുതുറപ്പിക്കേണ്ടതാണ്. പരമ്പരാഗത ശക്തികളായ ക്‌ളബ്ബുകളില്‍നിന്ന് ഫുട്‌ബോളിന്റെ ശ്രദ്ധ നോര്‍ത്ത് ഈസ്റ്റിലേക്കു മാറിക്കൊണ്ടിരിക്കയാണ്. എന്നാല്‍, അവിടത്തെ ക്‌ളബ്ബുകള്‍ക്കു നിലനില്‍ക്കാനും പോരാടാനും രാജ്യത്തിന്റെ എല്ലാ കോണുകളില്‍നിന്നുമുള്ള സഹായമുണ്ടാകണം. അവിടേക്കു നോക്കാന്‍ കോര്‍പ്പറേറ്റുകള്‍ മടിച്ചുനില്‍ക്കരുത്. ജിന്‍ഡാല്‍ സ്റ്റീല്‍ വര്‍ക്ക്‌സ് പൂന്തോട്ടനഗരിയില്‍ ബി.എഫ്.സിയെ കെട്ടിപ്പടുത്തതുപോലെ നോര്‍ത്ത് ഈസ്റ്റിലേക്കും പണമൊഴുക്കണം; മറിച്ചായാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഈ ഭാവുകത്വ പരിണാമത്തിനു തുടര്‍ച്ചയുണ്ടാകില്ല. 
പരിമിതികളുടെയും ഇല്ലായ്മകളുടെയും നടുവിലും കാല്‍പ്പന്തു കളിയെ ഹൃദയത്തിലേറ്റിയ മിസോറം എല്ലാ അര്‍ത്ഥത്തിലും ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ഭൂമികയാണ്. ഇന്ത്യയുടെ ദേശീയ ടീമിലേക്ക് രണ്ടു കൈയും വീശി കടന്നുചെല്ലാന്‍ യോഗ്യരായ അരഡസന്‍ കളിക്കാരെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ട്. മിസോറമില്‍നിന്നും മേഘാലയയില്‍നിന്നുമൊക്കെ പന്തുരുളുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ വസന്തത്തിലേക്കാണെന്ന തിരിച്ചറിവ് ഈ കളിയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുമുണ്ടാകണം. ഐസ്വാള്‍ എഫ്.സിയുടെ ദേശീയ വിജയത്തിന്റെ സന്ദേശവും അതുതന്നെയാണ്. 

ഐ ലീഗ് ജേതാക്കള്‍ 
(1996-97 ല്‍ ആരംഭിച്ച ദേശീയ ലീഗിന്റെ പുതിയ രൂപമാണ് 2007-08 മുതല്‍ നടന്നുവരുന്ന ഐ ലീഗ്)

വര്‍ഷം    ജേതാക്കള്‍ സംസ്ഥാനം
2007-08    ഡെമ്പോ ഗോവ
2008-09    ചര്‍ച്ചില്‍ബ്രദേഴ്‌സ്    ഗോവ
2009-10    ഡെമ്പോ    ഗോവ
2010-11    സില്‍ഗോക്കര്‍    ഗോവ
2011-12    ഡെമ്പോ    ഗോവ
2012-13    ചര്‍ച്ചില്‍ ബ്രദേഴ്‌സ്    ഗോവ
2013-14    ബംഗ്‌ളൂരു എഫ്.സി    കര്‍ണ്ണാടകം
2014-15    മോഹന്‍ബഗാന്‍    ബംഗാള്‍
2015-16    ബംഗ്‌ളൂരു എഫ്.സി    കര്‍ണ്ണാടകം
2016-17    ഐസ്വാള്‍ എഫ്.സി    മിസോറം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com