'ഭീകരവാദം ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി, കേരളത്തിലും അതുണ്ട്'

ഹാദിയയുടെ പ്രശ്‌നം ഒരു സാമുദായിക പ്രശ്‌നമെന്നതിനെക്കാള്‍ മനുഷ്യാവകാശ പ്രശ്‌നമായാണ് ഞങ്ങള്‍ കാണുന്നത്
'ഭീകരവാദം ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി, കേരളത്തിലും അതുണ്ട്'

കോണ്‍ഗ്രസ്സ് മതേതരത്വത്തില്‍ വിട്ടുവീഴ്ച ചെയ്‌തെന്നു മുസ്ലിം ലീഗ് കരുതുന്നില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. എല്ലാ മതവിഭാഗങ്ങളുടേയും വിശ്വാസം നേടിയെടുത്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട് ഇനിയും ലീഗിനു കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയും വിശ്വാസവുമുണ്ടെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ സമകാലിക മലയാളത്തോടു പറഞ്ഞു. അഭിമുഖത്തില്‍നിന്ന്: 

ഫാസിസത്തിനെതിരായ സി.പി.എമ്മിന്റെ ചെറുത്തുനില്‍പ്പ് മുസ്ലിം സമുദായത്തെ സ്വാധീനിക്കുന്നത് ലീഗും യൂത്ത് ലീഗും കാണുന്നുണ്ടോ, ചിന്തിക്കുന്നുണ്ടോ?

ഫാസിസത്തെ പ്രതിരോധിക്കുക എന്നത് സി.പി.എം മാത്രം ചെയ്യുന്ന കാര്യമല്ല. യു.ഡി.എഫും ശക്തമായ പോരാട്ടം നടത്തുന്നുണ്ട്. മുസ്ലിംലീഗ് സ്വന്തം നിലയിലും നടത്തിയിട്ടുണ്ട്. അതൊന്നും ജനങ്ങള്‍ കാണാത്തതല്ല. സി.പി.എം മാത്രമാണ് ഫാസിസത്തെ ചെറുക്കുന്നത് എന്നതു വെറും വാചകക്കസര്‍ത്ത് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ നോക്കിയാല്‍ അതിലൊരു ഇരട്ടത്താപ്പ് കാണാം. കുമ്മനം രാജശേഖരന്റെ യാത്ര ഉദ്ഘാടനം ചെയ്യാന്‍ അമിത് ഷാ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിക്കുകയൊക്കെ ചെയ്തു. പക്ഷേ, കാര്യത്തോട് അടുക്കുമ്പോള്‍ അവരെ പ്രീണിപ്പിക്കുന്ന സമീപനമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വന്നപ്പോള്‍ കേരള പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുത്തതും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തിയതിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച പാലക്കാട് കളക്ടറെ മാറ്റിയതും പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ ആക്രമിച്ച ആര്‍.എസ്.എസ്സുകാര്‍ക്കെതിരെ നിസ്സാര വകുപ്പ് ചുമത്തി സ്റ്റേഷന്‍ ജാമ്യം നല്‍കിയതും ആക്രമിക്കപ്പെട്ടവര്‍ക്കെതിരെ 153(എ) വകുപ്പ് ചുമത്തി ജയിലിലേക്ക് അയച്ചതും മറ്റും ഉദാഹരണങ്ങളാണ്. ഫാസിസ്റ്റ് ശക്തികളെ ഭയപ്പെടുന്ന വിധത്തിലാണ് പെരുമാറ്റം. കാര്യത്തോട് അടുക്കുമ്പോള്‍ നയം മാറ്റുന്നുവെന്നും വാചകക്കസര്‍ത്ത് മാത്രമാണെന്നും പറയാന്‍ കാരണം അതാണ്. അവരുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയില്‍ ഫാസിസത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ആളാണ്. അദ്ദേഹം ഇനി രാജ്യസഭയിലേക്കു പോകേണ്ട എന്നാണല്ലോ ഇപ്പോള്‍ സി.പി.എം തീരുമാനിച്ചിരിക്കുന്നത്.

മുസ്ലിം യൂത്ത് ലീഗിനെ മാറുന്ന കാലത്ത് സമൂഹത്തിന്റേയും സമുദായത്തിന്റേയും യുവജനങ്ങളുടേയും പ്രതീക്ഷകള്‍ക്കൊത്ത ഊര്‍ജ്ജസ്വലമായ സംഘടനയാക്കി മാറ്റാനുള്ള കാര്യപരിപാടികള്‍ എന്തൊക്കെയാണ്?

യൂത്ത് ലീഗിന്റെ ഈ ടീം ചുമതല ഏറ്റെടുത്ത ശേഷമുള്ള ആത്യന്തിക ലക്ഷ്യം ക്രിയാത്മകമായ ഒരു യുവസമൂഹത്തെ സൃഷ്ടിക്കുക എന്നതാണ്. വര്‍ത്തമാനകാലത്ത് ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഒരു യുവസമൂഹം. അതിന് എല്ലാ നിഷേധാത്മക നിലപാടുകളും വിഭാഗീയ ചിന്താഗതികളും ഇല്ലാതാകണം. ഞങ്ങള്‍ തുടങ്ങിവച്ചതുതന്നെ ആ ദിശയിലാണ്. കോ എക്‌സിസ്റ്റന്‍സ് എന്ന് അര്‍ത്ഥം വരുന്ന ഒരു സ്പാനിഷ് വാക്കുണ്ട്- ലാ കോണ്‍വിവന്‍സിയ. സാമുദായിക സൗഹാര്‍ദ്ദം ഊഷ്മളമാക്കുന്നതിനുവേണ്ടി മുന്‍പ് സ്പെയിനില്‍ ഉപയോഗിച്ച മെതഡോളജിയെ വിശേഷിപ്പിക്കുന്ന വാക്കാണത്. ആ ഒരു ബാനറിലാണ് യൂത്ത് ഇപ്പോള്‍ എല്ലാ പരിപാടികളും ചെയ്യുന്നത്. ഉള്‍ക്കൊള്ളല്‍ മനോഭാവത്തോടെ സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുക, മതത്തിനും ജാതിക്കും അതീതമായി. നമ്മള്‍ ഒന്നാണെന്ന ബോധം ശക്തമാക്കിക്കൊണ്ട് ഇന്ത്യയുടെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന സമീപനം. ഏതെങ്കിലും തരത്തില്‍ വിധ്വംസകമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍നിന്നു സമൂഹമനസ്സിനെ തിരിച്ചുകൊണ്ടുവരികയാണ് പ്രഥമ ലക്ഷ്യം. പൊതു ഇടങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതും ജല സമ്മേളനം നടത്തിയതും അതിന്റെ ഭാഗമായാണ്. ജലം എല്ലാവരുടേയും ആവശ്യമാണ്. അതു സംരക്ഷിക്കാന്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കേവലം സാമുദായിക കാര്യങ്ങള്‍ക്കപ്പുറത്തു ജനകീയമായി, എല്ലാവരുടേയും കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തെക്കന്‍ കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിത്തന്നെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. എല്ലാ മതവിഭാഗങ്ങളുടേയും പ്രതിനിധികളെ സന്ദര്‍ശിച്ച് അവരുമായി സമ്പര്‍ക്കം പുലര്‍ത്തി സാമുദായിക സന്തുലിതാവസ്ഥ ഉറപ്പിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സന്ദേശം കൊടുക്കാന്‍ ശ്രമിച്ചു. അതിനു വലിയ സ്വീകാര്യതയുണ്ടായി. അത്തരത്തില്‍ ഒരു പശ്ചാത്തലം സൃഷ്ടിച്ച്, എല്ലാ വിഭാഗം ജനങ്ങള്‍ക്കും ശാക്തീകരിക്കപ്പെടാന്‍ പറ്റുന്ന വിധത്തിലുള്ള ഇടപെടല്‍ നടത്തി. തൊഴില്‍ ലഭ്യത, ആരോഗ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളിലൊക്കെ എല്ലാവരേയും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഒരു കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് അതു ചെയ്തത്. മറ്റൊന്ന്, ലോകത്തു വര്‍ദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ഇടപെടലാണ്. രോഹിന്‍ഗ്യന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യമാണ് അതിന്റെ ഭാഗമായി ആദ്യം നടത്തിയ പരിപാടി. കേരളത്തിലെ പൊലീസ് കമല്‍ സി. ചവറയ്ക്കും മറ്റുമെതിരെ യു.എ.പി.എ ചുമത്താന്‍ ശ്രമിച്ചപ്പോഴും പൊലീസ് രാജ് വര്‍ദ്ധിച്ചുവരികയും പൊലീസിന്റെ ഭാഗത്തുനിന്നു ചില ഏകപക്ഷീയ നടപടികള്‍ ഉണ്ടാവുകയും ചെയ്തപ്പോഴത്തെ ഇടപെടലുകള്‍ തുടങ്ങിയതൊക്കെ അതിന്റെ ഭാഗമായിരുന്നു. പാലത്തിങ്കല്‍ ഷംസുദ്ദീന്‍ എന്ന മതപ്രബോധകന്റെ കാര്യത്തിലും കെ.പി. ശശികലയുടെ കാര്യത്തിലും പൊലീസ് സ്വീകരിച്ച ഇരട്ടത്താപ്പ് ചോദ്യം ചെയ്തു. കളക്ട്രേറ്റ് മാര്‍ച്ചുകള്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങളും ഒപ്പം രാഷ്ട്രീയ ഇടപെടലുകളും നടത്തി. രാഷ്ട്രീയമായി ഇടപെടേണ്ട കാര്യങ്ങളില്‍ അതാതു സമയത്ത് ഇടപെടുകയും അതേസമയം തന്നെ സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുകയും യുവസമൂഹത്തിനു ധൈഷണികമായ പ്രചോദനം കൊടുക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വെറുതെ വാചകമടിക്കുകയും നടക്കാത്ത വെറും വര്‍ത്തമാനങ്ങള്‍ പറയുകയും ചെയ്യുന്നതാകരുതു ഞങ്ങളുടെ രീതി എന്നു നിര്‍ബന്ധമുണ്ട്. ഒരു മധ്യമ സമൂഹം എന്ന തരത്തില്‍ വിവേകത്തോടുകൂടിയുള്ള നയം സ്വീകരിച്ചു മിതവാദപരമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. മിതവാദികളായിരിക്കാനാണ് ഖുര്‍ആന്‍ നമ്മളോട് പറഞ്ഞത്. പക്ഷേ, പലപ്പോഴും അതിനു വിരുദ്ധമായി തീവ്രവാദപരമായ സമീപനങ്ങള്‍ ഉണ്ടാകുന്നു. അതിന്റെ പ്രത്യാഘാതം വളരെ മോശമായി സമൂഹത്തെ ബാധിക്കുകയും സമുദായം തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. ആഗോള തലത്തില്‍ത്തന്നെ തീവ്രനിലപാടുകളും ഭീകരവാദ നിലപാടുകളും മുസ്ലിം സമുദായത്തിന് ഉണ്ടാക്കിയിട്ടുള്ള ആഘാതങ്ങള്‍, അതൊക്കെ വളരെ മോശമായി, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇടയാക്കിയിരിക്കുന്നത്. ഐ.എസ് കേരളത്തില്‍നിന്നു റിക്രൂട്ട്മെന്റ് നടത്തിയെന്നും ഇരുപത്തിയൊന്നു പേരെ കാണാതായെന്നും പറയുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും അതില്‍നിന്നു പിന്മാറാനുള്ള മുന്നറിയിപ്പാണ് നല്‍കേണ്ടത്, നല്‍കുന്നത്. തിരുവനന്തപുരത്ത് മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. എല്ലാ ജില്ലകളിലും അത്തരം സമ്മേളനങ്ങള്‍ നടത്തിവരുന്നു. എങ്കിലും ഒരു തരം റാഡിക്കല്‍ എലമെന്റ്സ് കേരളത്തിലെ മുസ്ലിങ്ങളില്‍നിന്ന് ഉണ്ടാകുന്നുണ്ടോ എന്ന ചില തെറ്റിദ്ധാരണകള്‍ വരുന്നു. അതു തിരുത്തേണ്ടത് അത്യാവശ്യമാണ്. അന്തരിച്ച എന്റെ പിതാവൊക്കെ കാണിച്ചുതന്നിട്ടുള്ള സംയമനത്തിന്റേയും സമാധാനത്തിന്റേയും മാര്‍ഗ്ഗത്തിലൂടെ നല്ല സാമൂഹിക മാറ്റമുണ്ടാക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. 

ചില സംഘടനകളെ പ്രത്യേകമായി ഉന്നംവച്ചാണ് ഈ ക്യാംപെയ്ന്‍?

തീവ്രസ്വഭാവമുള്ള ഒരു സംഘടനയേയും ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അവര്‍ നടത്തുന്നത് ഏതുതരം പ്രവര്‍ത്തനങ്ങളായാലും. മതസ്പര്‍ധയുണ്ടാക്കാനുള്ള പല ശ്രമങ്ങളും പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അതൊക്കെ മുളയിലേ നുള്ളേണ്ടതു നമ്മുടെ സമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ ആവശ്യമാണ്. ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത്തരം പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകതന്നെ ചെയ്യും.

മോഹന്‍ ഭാഗവത്‌
 

യൂത്ത് ലീഗിനെ നവീകരിക്കുന്നതിന്റെ ഭാഗമായി മുസ്ലിങ്ങളല്ലാത്തവരേയും സ്ത്രീകളേയും അംഗങ്ങളാക്കുകയും നേതൃത്വത്തിലേക്കു കൊണ്ടുവരികയും ചെയ്യുമോ?

ലീഗ് ഒരു മതേതര പാര്‍ട്ടിയാണ് എന്നതു നേരത്തേതന്നെ ഉള്ള കാര്യമാണ്. ഇപ്പോള്‍ അത് ആളുകള്‍ കൂടുതലായി തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അങ്ങനെയല്ല എന്നതു ലീഗിനെ എതിര്‍ക്കുന്നവര്‍ മാത്രം പ്രചരിപ്പിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ മതേതര പാര്‍ട്ടിയാണെന്നു പൂര്‍ണ്ണബോധ്യം ആളുകള്‍ക്ക് ഉള്ളതുകൊണ്ടാണ് ലീഗിനു തെരഞ്ഞെടുപ്പുകളിലൊക്കെ വലിയ വിജയം നേടാനാകുന്നത്. മുസ്ലിങ്ങളുടെ മാത്രം വോട്ടുകൊണ്ടല്ലല്ലോ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത്. അമുസ്ലിങ്ങളായ ഒരുപാടാളുകള്‍ അംഗത്വമെടുത്തിട്ടുണ്ട്. അവരെ നേതൃനിരയിലേക്കു കൊണ്ടുവരുന്ന കാര്യം ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. സംഘടനയ്ക്കു ഭരണഘടനാപരമായി അത്തരമൊരു പ്രശ്‌നമില്ല. ചില പഞ്ചായത്തുകളിലൊക്കെ മുസ്ലിങ്ങളല്ലാത്ത ഭാരവാഹികളുണ്ട്. ആലപ്പുഴ ജില്ലയില്‍ ഒരു പൂജാരി അംഗത്വമെടുത്തു. അഭ്യസ്തവിദ്യരായ ഒരുപാട് പെണ്‍കുട്ടികളുണ്ട്. അവരെ ശാക്തീകരിക്കുക, രാഷ്ട്രീയ അവബോധം നല്‍കുക, അവരെക്കൊണ്ട് സമൂഹത്തിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ചു ബോധവല്‍ക്കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 

അവരെ അംഗങ്ങളും ഭാരവാഹികളുമാക്കുമോ?

അതു പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കും. ഇത്തരമൊരു ശ്രമം തുടങ്ങിവച്ചിട്ടേയുള്ളൂ.

അക്കാര്യത്തില്‍ നിഷേധാത്മക നിലപാടല്ല?

അല്ല. മുസ്ലിം ലീഗ് തന്നെ വനിതാ ലീഗിനെയൊക്കെ കാര്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ. ദേശീയ തലത്തില്‍ സമിതിയുണ്ടായി. ലീഗ് ഒരിക്കലും സ്ത്രീകള്‍ക്ക് എതിരല്ല. പ്രസംഗവേദികളില്‍ കഴിവുകളുള്ള ഒരുപാട് പെണ്‍കുട്ടികള്‍ ഉയര്‍ന്നുവരുന്നുണ്ട്. തെരഞ്ഞെടുപ്പു യോഗങ്ങളിലൊക്കെ അവര്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ സമൂഹത്തിന്റെ ഭാഗം തന്നെയാണ്. അവര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും ഞങ്ങള്‍ നല്‍കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അന്‍പതു ശതമാനം സംവരണമുള്ളതുകൊണ്ടു സ്ത്രീ പ്രാതിനിധ്യം ഒഴിവാക്കാന്‍ പറ്റില്ല. എന്നാല്‍, നിയമസഭയിലോ പാര്‍ലമെന്റിലോ ലീഗിന് ഒരു വനിതാ പ്രതിനിധി ഇതുവരെ ഉണ്ടായിട്ടില്ല. 2001-ല്‍ ഖമറുന്നിസ അന്‍വര്‍ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ സ്ഥിതി മാറുമോ?

പാര്‍ട്ടി അതു വളരെ ഗൗരവത്തോടുകൂടിത്തന്നെ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ചര്‍ച്ചകളൊക്കെ ആ വിധത്തിലാണ്. കോണ്‍ഗ്രസ്സിന്റെയത്രയും സീറ്റുകള്‍ ഞങ്ങള്‍ക്കില്ലല്ലോ. ഉള്ള സീറ്റുകളില്‍ വിദൂരമല്ലാത്ത ഭാവിയില്‍ സ്ത്രീപ്രാതിനിധ്യവും ഉണ്ടാകാനാണ് സാധ്യത. മത്സര രംഗത്തുനിന്നു സ്ത്രീകളെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്തിയിട്ടില്ല എന്നതിന് ഉദാഹരണമാണ് ഖമറുന്നിസ അന്‍വറിനെ മത്സരിപ്പിച്ചത്. 

അടുത്ത നിയമസഭയില്‍ ലീഗിനു വനിതാ എം.എല്‍.എമാര്‍ ഉണ്ടാകുമെന്നാണ് വനിതാ ലീഗ് നേതാവ് കെ.പി. മറിയുമ്മ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അതു ലീഗിലെ സ്ത്രീകളുടെ പ്രതീക്ഷയല്ലേ?

അതൊക്കെ പാര്‍ട്ടി ആ സമയത്ത് ആലോചിച്ച്, അതിന്റേതായ വരുംവരായ്കകള്‍ നോക്കി തീരുമാനിക്കും. വിജയസാധ്യത തന്നെയാണ് പ്രധാനമായും പരിഗണിക്കുന്നത്. 

ലീഗിന്റെ മതേതര സ്വഭാവമാണ് പലപ്പോഴും കേരളത്തെ വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍നിന്നു രക്ഷിച്ചുനിര്‍ത്തിയതെന്ന് അവകാശപ്പെടാറുണ്ട്. ലീഗിന്റെ മാത്രം നേട്ടമാണോ അത്?

മത സാമുദായിക നേതാക്കളുമായുള്ള ബന്ധം ലീഗ് എല്ലാക്കാലത്തും കാത്തുസൂക്ഷിച്ചു പോന്നിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും സാമുദായിക കലാപങ്ങള്‍ ഉണ്ടാകുമ്പോഴും കേരളത്തില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകാന്‍ സാഹചര്യം ഉണ്ടായപ്പോഴൊക്കെ മുസ്ലിം ലീഗ് ശക്തമായി ഇടപെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പയ്യോളിയില്‍ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് സാമുദായികമായി ചെറിയൊരു സ്പര്‍ധ ഉണ്ടാകുന്നുവെന്നു വന്നപ്പോള്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ നേരിട്ടു പോയി പ്രശ്‌നപരിഹാരത്തിനു നേതൃത്വം നല്‍കിയിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഞങ്ങളുടെ പിതാവ് എടുത്ത നിലപാട് കേരളത്തിനു മറക്കാനാകില്ലല്ലോ. രാജ്യത്ത് പല ഭാഗങ്ങളിലും പ്രശ്‌നങ്ങളുണ്ടായപ്പോഴും കേരളത്തില്‍ ഒരിടത്തും ചെറിയൊരു സാമുദായിക സ്പര്‍ധപോലുമുണ്ടാകാതെ നമുക്കു മുന്നോട്ടു പോകാന്‍ കഴിഞ്ഞു. സമാധാനത്തിനുവേണ്ടി ലീഗ് സ്വീകരിച്ച നിലപാടാണ് ക്രമസമാധാനം ഏറ്റവും നന്നായി പാലിക്കാന്‍ ആ സമയത്തു സഹായകമായതെന്ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ തന്നെ പറഞ്ഞിരുന്നു. അന്ന്, അമ്പലങ്ങള്‍ക്കു കാവല്‍ നില്‍ക്കാന്‍ പിതാവ് ആഹ്വാനം ചെയ്തു. പിന്നീട്, അങ്ങാടിപ്പുറം തളിയില്‍ ക്ഷേത്രത്തിന്റെ ഗോപുരവാതില്‍ ഏതോ സാമൂഹിക ദ്രോഹികള്‍ കത്തിച്ചപ്പോള്‍ അദ്ദേഹമാണ് അതറിഞ്ഞ് ആദ്യം അവിടെ എത്തിയത്. ആ വാതില്‍ പുതുക്കിപ്പണിയാനുള്ള ധനസമാഹരണ ചുമതല സാദിഖലി തങ്ങളെ ഏല്‍പ്പിച്ചു. മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോഴൊക്കെ എല്ലാ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അതിന്റേതായ വിശാലത കാണിച്ചിട്ടുണ്ട്. ദളിത് സമൂഹത്തെ കൂടെ നിര്‍ത്തിക്കൊണ്ട് രാമന്‍ മാഷിനെ (കെ.പി. രാമന്‍) പി.എസ്.സി. അംഗമാക്കി, യു.സി. രാമനെ എം.എല്‍.എയാക്കി. ഇതൊക്കെ സാമുദായിക ഐക്യത്തിനു വേണ്ടിയുള്ള ശ്രമങ്ങളാണെന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലൊക്കെ ഇങ്ങനെ വിശാലമായി ചിന്തിക്കുകയും രാഷ്ട്രീയമായി ആ വിധം ഇടപെടുകയും ചെയ്യുന്നതില്‍ അവിടുത്തെ നേതാക്കള്‍ക്കുണ്ടായ പരാജയം, ഇവിടെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് മുഖ്യധാരയിലേക്കു വരാനും യു.ഡി.എഫിലെ പ്രധാന കക്ഷിയായി മാറാനും ഞങ്ങള്‍ക്കു കഴിഞ്ഞത്. നൂറു ശതമാനം മതേതര നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ് അതു സാധിക്കുന്നത്. ആ വിധത്തില്‍ത്തന്നെയാണ് ലീഗ് അതിന്റെ നയങ്ങളൊക്കെ രൂപപ്പെടുത്തുന്നത്. 

ബാഫക്കി തങ്ങള്‍

മുസ്ലിം സമുദായത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പലപ്പോഴായി രൂപപ്പെട്ടതു ലീഗില്‍നിന്നു പോയവരെക്കൂടി ചേര്‍ത്തുകൊണ്ടാണ്. അത് ലീഗിന്റെ പരാജയമല്ലേ?

അത് അവരുടേതായ രാഷ്ട്രീയമാണ്. ലീഗിന്റെ ചില നിലപാടുകളോട് അവര്‍ക്കു യോജിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകണമെന്നില്ല. പക്ഷേ, ഞങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ മിതവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്. തീവ്രവാദ സ്വഭാവത്തിലേക്കു വരാന്‍ സാധിക്കില്ല. ലീഗിനു പല വിരോധികളും മുന്‍പും ഉണ്ടായിട്ടുണ്ട്. ലീഗില്‍നിന്നു വിട്ടുപോയ ഒരുപാടാളുകളുണ്ട്. അതൊക്കെ ഒരു രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പക്ഷേ, പല ഘടകങ്ങളുമുണ്ടാകാം അതില്‍. രാഷ്ട്രീയം മാത്രമാകണം എന്നില്ല, വ്യക്തിപരമായ കാര്യങ്ങളും ഈഗോ പ്രശ്‌നങ്ങളുമൊക്കെ ഉണ്ടാകും. അതൊക്കെക്കൊണ്ടായിരിക്കാം അവര്‍ വിട്ടുപോയത്. പക്ഷേ, ആര് എത്ര എതിര്‍ത്തിട്ടും ഞങ്ങള്‍ക്കിത്രയും വിജയിക്കാന്‍ സാധിക്കുന്നതു ഞങ്ങള്‍ എടുത്തിട്ടുള്ള കാലികപ്രസക്തമായ നിലപാടുകള്‍കൊണ്ടാണ്. 

യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണല്ലോ ലീഗ്. കോണ്‍ഗ്രസ്സിന്റെ ചില അയഞ്ഞ നിലപാടുകള്‍ യു.ഡി.എഫിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന വിധത്തിലായി മാറിയിട്ടുണ്ടോ?

യു.ഡി.എഫില്‍ ഇപ്പോഴും ഞങ്ങള്‍ക്കു വളരെ വലിയ പ്രതീക്ഷയുണ്ട്. നാല് പതിറ്റാണ്ടിലേറെയായി കേരളത്തിനു പ്രതീക്ഷ കൊടുത്തിട്ടുള്ള മുന്നണി യു.ഡി.എഫ് ആണ്. വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നന്നായി ഊന്നിയിട്ടുള്ള മുന്നണി. വളരെ വൈബ്രന്റായ നിരവധി നേതാക്കളെ കൊണ്ടുവരികയും അങ്ങനെയുള്ള പലരുടെ മന്ത്രി പദവികളിലൂടെയുമൊക്കെ കേരളത്തിനു വലിയ പ്രതീക്ഷ നല്‍കിയ മുന്നണി. ലീഗിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നിലനില്‍ക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മുന്നണി യു.ഡി.എഫ് ആണ്. ആ വിശ്വാസ്യത ഒരുപാടു കാലമായി യു.ഡി.എഫ് കാത്തുസൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് കേരളത്തിനുണ്ടായിട്ടുള്ള നേട്ടങ്ങള്‍ ഒരിക്കലും ആര്‍ക്കും തള്ളിക്കളയാനാകില്ല. ഓരോ വികസന നേട്ടങ്ങളെടുത്തു നോക്കിയാലും അതില്‍ യു.ഡി.എഫിന്റെ വലിയ പങ്ക് കാണാന്‍ സാധിക്കും. അതിലൊക്കെ ജനത്തിനു വിശ്വാസമുണ്ട്.

കോണ്‍ഗ്രസ്സ് പല ഘട്ടങ്ങളിലും മതേതരത്വം കാത്തുസൂക്ഷിക്കുന്നതില്‍ പ്രകടിപ്പിച്ച വിട്ടുവീഴ്ചാ മനോഭാവം രാജ്യത്തിനു ദോഷകരമായിട്ടില്ലേ. ഫാസിസം മുമ്പെന്നത്തെക്കാള്‍ വളരുന്നതിലേക്ക് എത്തിക്കുന്നതില്‍ അതിനു വലിയ പങ്കില്ലേ?

ഇല്ല. കോണ്‍ഗ്രസ്സ് അങ്ങനെ മതേതരത്വത്തോട് വിട്ടുവീഴ്ച ചെയ്‌തെന്നു കരുതാനാകില്ല. അവര്‍ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമത്തിനുവേണ്ടി നിലകൊണ്ടിട്ടുണ്ട്. പല ഘട്ടങ്ങളിലും അവര്‍ സ്വീകരിച്ച നിലപാടുകള്‍ ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും പ്രതീക്ഷ നല്‍കുന്ന വിധമായിരുന്നു. എല്ലാ മതവിഭാഗങ്ങളുടേയും വിശ്വാസം നേടിയെടുത്തുകൊണ്ടാണ് അവര്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് ഇനിയും ലീഗിനു കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയും വിശ്വാസവുമുണ്ട്. 

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഓരോ സമുദായങ്ങളും സാമൂഹിക വിഭാഗങ്ങളും സ്വന്തം നിലയില്‍ വെവ്വേറെ സംഘടിക്കുന്ന സ്വത്വ രാഷ്ട്രീയത്തോട് യൂത്ത് ലീഗിന്റെ നിലപാട് എന്താണ്?

എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ സ്വത്വബോധത്തോടെ ജീവിക്കാന്‍ കഴിയേണ്ട രാജ്യമാണ് ഇന്ത്യ. ചില മത, സാമുദായിക വിഭാഗത്തിനു സ്വസ്ഥമായി ജീവിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന വിധത്തില്‍ ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന ഇടപെടലുകളെ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. എല്ലാവര്‍ക്കും അവരുടെ വിശ്വാസത്തിന് അനുസരിച്ചു ജീവിക്കാന്‍ കഴിയണം. അതിനുവേണ്ടി, അതിനു തടസ്സം നില്‍ക്കുന്ന ശക്തികള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്. വിഭാഗീയമായും വര്‍ഗ്ഗീയമായും സംഘടിക്കേണ്ടതില്ല. പീഡിപ്പിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളാന്‍ കഴിയണം എന്നാണ് ഞങ്ങളുടെ നിലപാട്. രാഷ്ട്രീയ ശാക്തീകരണത്തിലൂടെ അവരേയും മുന്‍ നിരയിലേക്കു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്, ശ്രമിക്കേണ്ടത്. വൈകാരികമായ കൂട്ടായ്മയായി മാറാതെ ശബ്ദം കേള്‍പ്പിക്കേണ്ടിടത്തേക്കു ശബ്ദം എത്തിക്കാന്‍ കൂട്ടായി ശ്രമിക്കുകയാണ് വേണ്ടത്. 

പിണറായി വിജയന്‍
 

ഇടതുപക്ഷത്തേക്കു മുസ്ലിങ്ങള്‍ കൂടുതലായി അടുക്കുന്നതിനെ എങ്ങനെയാണ് കാണുന്നത്?

ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണെന്ന് ഇടതുപക്ഷം അവകാശവാദമുന്നയിക്കുന്നുണ്ട്. പക്ഷേ, ആ അവകാശവാദം തെറ്റാണ് എന്നാണ് പല വിഷയങ്ങളിലും കാണുന്നത്. നേരത്തെ പറഞ്ഞ പറവൂര്‍ വിഷയം വലിയ ഒരു ഉദാഹരണമാണ്. ഈ സര്‍ക്കാര്‍ വന്നശേഷം പല പ്രശ്‌നങ്ങളിലേയും നിലപാട് ന്യൂനപക്ഷ അവകാശങ്ങള്‍ മാനിക്കുന്ന തരത്തിലായിരുന്നില്ല. അനര്‍ഹമായതൊന്നും വേണ്ട. പക്ഷേ, അര്‍ഹമായ സംരക്ഷണം കൊടുക്കാന്‍ ഇടതുമുന്നണിക്കും ഇടതു സര്‍ക്കാരിനും സാധിച്ചിട്ടില്ല. 

രാജ്യത്തെ മാറുന്ന സാഹചര്യങ്ങളില്‍ മുസ്ലിംലീഗിന്റെ സ്വാഭാവിക സഖ്യകക്ഷികള്‍ ഇടതുപാര്‍ട്ടികളാണ് എന്ന സ്ഥിതിയിലേക്കു വന്നുകൊണ്ടിരിക്കുകയല്ലേ?

അങ്ങനെയൊന്നുമില്ല. കോണ്‍ഗ്രസ്സുമായി ചേര്‍ന്നുനിന്നുതന്നെ ഫാസിസത്തെ ചെറുക്കാന്‍ സാധിക്കും. പ്രത്യേകിച്ചും കേരളത്തിലെ സാഹചര്യത്തില്‍ ഇടതുപക്ഷവുമായി സഹകരിച്ചു നീങ്ങേണ്ട രാഷ്ട്രീയ സാഹചര്യമൊന്നുമില്ല. ദേശീയതലത്തില്‍ സി.പി.എമ്മിന്റെ ശക്തി തുച്ഛമാണല്ലോ. കൂടുതല്‍ ശക്തിയുണ്ടായിരുന്ന ബംഗാളും നഷ്ടപ്പെട്ടു. അവരുടെ പ്രസക്തി മുന്‍കാലങ്ങളെ അപേക്ഷിച്ചു കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്ന സ്ഥിതിയിലല്ല അവര്‍. എന്നാല്‍, ഫാസിസത്തിനെതിരെ പൊതുശക്തി എന്ന നിലയില്‍ സി.പി.എം അടക്കമുള്ളവര്‍ ഒന്നിച്ചുനില്‍ക്കുകയാണെങ്കില്‍, രാജ്യത്തിന്റെ കരുത്തിനും നന്മയ്ക്കും വേണ്ടി അത്തരമൊരു കൂട്ടായ്മയെ ഞങ്ങള്‍ പോസിറ്റീവായി കാണുന്നു. പക്ഷേ, അവര്‍ ആ നിലപാടുകളില്‍ ശക്തമായി നില്‍ക്കണം. നേരത്തെ പറഞ്ഞതുപോലെ സീതാറാം യെച്ചൂരിയുടെ കാര്യത്തിലൊക്കെ സ്വീകരിച്ചതുപോലുള്ള നിലപാടാകരുത്. ദുര്‍വ്വാശി വെടിയണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നപ്പോള്‍ ഞങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. 

കേരളത്തിലെ മുസ്ലിം സമുദായത്തെ ലൗ ജിഹാദ്, മതപരിവര്‍ത്തനം എന്നീ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട അമ്പരപ്പിലും പരിഭ്രമത്തിലും കെട്ടിയിട്ടിരിക്കുകയാണോ, ആരൊക്കെയോ ചേര്‍ന്ന്?

അതു വളരെ നെഗറ്റീവായ ഒരു സ്ഥിതിയാണ്. ഇല്ലാത്ത കാര്യമാണ് ഉണ്ടെന്നു വരുത്താന്‍ ശ്രമിക്കുന്നത്. യോഗി ആദിത്യനാഥ് ഇവിടെ വന്നു ലൗ ജിഹാദിനെക്കുറിച്ചു പറഞ്ഞു. ലൗ ജിഹാദ് എന്ന നിലയില്‍ ഒരു കേസും നടന്നിട്ടില്ല. പ്രണയങ്ങള്‍ നടക്കാം. പ്രണയം ജീവിതത്തിന്റെ ഭാഗമായ ഒരു വികാരമാണ്. അതിനെ മതസ്പര്‍ധയുമായി ചേര്‍ത്തു പ്രചരിപ്പിക്കുന്നതു നമ്മുടെ സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ്. മുസ്ലിങ്ങളുടെ ഭാഗത്തുനിന്ന് അങ്ങനെ മനപ്പൂര്‍വം ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ടവരെ പ്രലോഭിപ്പിച്ചു ലൗ ജിഹാദ് എന്നപോലെ വശീകരിക്കുന്ന ഒരു സംഭവം പോലുമില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ മനസ്സിലായത്. മിശ്രവിവാഹങ്ങളെ ലൗ ജിഹാദായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുന്‍പും അത്തരം പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ നടന്നിട്ടുണ്ട്. 
ഹാദിയയുടെ പ്രശ്‌നം ഒരു സാമുദായിക പ്രശ്‌നമെന്നതിനെക്കാള്‍ മനുഷ്യാവകാശ പ്രശ്‌നമായാണ് ഞങ്ങള്‍ കാണുന്നത്. മൗലികാവകാശങ്ങള്‍ പോലും ആ പെണ്‍കുട്ടിക്കു നിഷേധിക്കപ്പെടുന്നു എന്നു മനസ്സിലായപ്പോഴാണ് ഞങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. എല്ലാവര്‍ക്കും ഒരുപോലെ നീതി കിട്ടണം. മനുഷ്യത്വപരമായ നീതിയെങ്കിലും അവര്‍ക്കു ലഭിക്കണം. വൈകാരികമായ വിഷയമാക്കി കാണാനോ അങ്ങനെ മാറ്റാനോ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എസ്.ഡി.പി.ഐ ഹൈക്കോടതിയിലേക്കു മാര്‍ച്ച് നടത്തിയത് അനാവശ്യമായ വൈകാരിക പ്രകടനമായിരുന്നു. നിയമപരമായാണ് നേരിടേണ്ടത്. അതിനാണ് യൂത്ത് ലീഗ് ശ്രമിക്കുന്നത്. അവര്‍ക്കു നീതി കിട്ടുന്നതുവരെ ഞങ്ങള്‍ മുന്നോട്ടു പോകും.

കോണ്‍ഗ്രസ്സ് വിമുക്ത ഭാരതത്തിനുവേണ്ടി ശ്രമിക്കുന്നു എന്നാണല്ലോ ബി.ജെ.പി പറയുന്നത്. ഒരു വര്‍ഗ്ഗീയ വിമുക്ത ഭാരതം യാഥാര്‍ത്ഥ്യമാക്കാന്‍ ലീഗ് മുന്നോട്ടു വയ്ക്കുന്ന അജന്‍ഡ എന്താണ്?

ഈ രാജ്യം എല്ലാവരുടേതുമാണ്. എല്ലാവിധ വിശ്വാസങ്ങളിലും സാംസ്‌കാരിക സവിശേഷതകളിലുമൊക്കെ ഉറച്ചുനിന്നുകൊണ്ടുതന്നെ ഇന്ത്യക്കാരാകാന്‍ സാധിക്കണം. വര്‍ഗ്ഗീയവിമുക്ത ഇന്ത്യയ്ക്കുവേണ്ടി എല്ലാ മതവിഭാഗങ്ങളുമായും ഒന്നിച്ചുകൊണ്ട്, മര്‍ദ്ദിത വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി, വിഭാഗീയത ഉണ്ടാക്കിയയിടത്തൊക്കെ അതു തുടച്ചുമാറ്റി അവിടെ ബഹുസ്വരത ഉണ്ടാക്കുകയാണ് വേണ്ടത്. അതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 

ഇ.കെ. വിഭാഗം സമസ്ത ലീഗില്‍നിന്നു കുതറിമാറാനൊരു ശ്രമം കുറേക്കാലമായി നടത്തുന്നതിന്റെ പശ്ചാത്തലം എന്താണ്?

അതു ശരിയല്ല, സമസ്തയും മുസ്ലിംലീഗും ദീര്‍ഘകാലമായി അഭേദ്യമായ ബന്ധത്തിലാണ്. അതു കൂടുതല്‍ ശക്തമായിത്തന്നെയാണ് മുന്നോട്ടു പോകുന്നത്. ഞങ്ങള്‍ മുസ്ലിം ലീഗിന്റെ കൂടെയാണെന്ന വികാരത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമസ്ത. സമസ്തയുടെ യുവജന, വിദ്യാര്‍ത്ഥി വിഭാഗങ്ങളൊക്കെ ലീഗുമായി നല്ല ബന്ധത്തില്‍ തന്നെയാണ്. അല്ലെന്നുള്ളതു വെറും പ്രചാരണം മാത്രമാണ്.

ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അടുത്തയിടെ മുജാഹിദ് പ്രസ്ഥാനത്തെ പ്രകീര്‍ത്തിച്ചു സംസാരിച്ചതു വിവാദമായല്ലോ. സമസ്ത അദ്ദേഹത്തിനെതിരെ രൂക്ഷമായാണ് രംഗത്തു വന്നത്. എന്തു പറയുന്നു?

ഞാന്‍ ആ വിഷയത്തില്‍ പ്രതികരിക്കുന്നില്ല.

മുനവ്വറലി ശിഹാബ് തങ്ങള്‍ ലീഗിന്റെ പരമ്പരാഗത രീതി പിന്തുടരുമ്പോള്‍ത്തന്നെ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് സ്വന്തം സാന്നിധ്യം ശക്തമായി അറിയിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടോ?

പാര്‍ട്ടി പറയുന്നത് അനുസരിച്ച്, പാര്‍ട്ടിയുടെ നയത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, എന്റെ റോള്‍മോഡല്‍ എന്റെ പിതാവാണ്. അദ്ദേഹം എല്ലാവരോടും ഒരേ പോലുള്ള സമീപനം കാത്തുസൂക്ഷിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ സ്വീകാര്യതയാണ് ഞങ്ങള്‍ക്കും കിട്ടിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ദീര്‍ഘവീക്ഷണവുമൊക്കെ മനസ്സിലാക്കിയിട്ടുള്ളയാളാണ് ഞാന്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സങ്കുചിതമല്ലാത്ത കാഴ്ചപ്പാട് രൂപീകരിക്കാന്‍ പ്രാപ്തരാക്കിയതും ബോള്‍ഡായിരിക്കാന്‍ തന്റേടം നല്‍കിയതും അദ്ദേഹമാണ്. പോസിറ്റീവായി കാര്യങ്ങളെ കണ്ട് ഇടപെടുന്നതിലൂടെ മാത്രമേ സമൂഹത്തിനു വിജയിക്കാനാകൂ എന്ന തിരിച്ചറിവ് നടപ്പാക്കാന്‍ ലഭിക്കുന്ന വലിയ അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ചുമതല എന്നു ഞാന്‍ കരുതുന്നു. ഓരോ അവസരവും ഓരോ ഉത്തരവാദിത്വം കൂടിയാണ്. 

താങ്കള്‍ എന്നെങ്കിലും എം.എല്‍.എയോ എം.പിയോ ആകാന്‍ സാധ്യതയുണ്ടോ, മന്ത്രിയും?

ഞങ്ങള്‍ക്കു പാരമ്പര്യമായി അങ്ങനെയൊരു രീതിയില്ല. അതുണ്ടാകില്ല.

ഉണ്ടാകില്ലെന്നുതന്നെയാണ് ഉറച്ച നിലപാട്?

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉണ്ടാകില്ലെന്നു തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com