മൂലധനത്തിന്റെ ചരിത്രജീവിതം

മുതലാളിത്തവും മൂലധന കേന്ദ്രീകരണവും നിലനില്‍ക്കുന്നിടത്തോളം മാര്‍ക്‌സിലേക്കും മൂലധനം എന്ന മഹാഗ്രന്ഥത്തിലേക്കും മടങ്ങിച്ചെല്ലാതിരിക്കാനാവില്ല എന്നു ലോകം ഇപ്പോള്‍ മനസ്‌സിലാക്കിക്കഴിഞ്ഞിട്ടുണ്ട്
മൂലധനത്തിന്റെ ചരിത്രജീവിതം

മുതലാളിത്തവും മൂലധന കേന്ദ്രീകരണവും നിലനില്‍ക്കുന്നിടത്തോളം മാര്‍ക്‌സിലേക്കും മൂലധനം എന്ന മഹാഗ്രന്ഥത്തിലേക്കും മടങ്ങിച്ചെല്ലാതിരിക്കാനാവില്ല എന്നു ലോകം ഇപ്പോള്‍ മനസ്‌സിലാക്കിക്കഴിഞ്ഞിട്ടുണ്ട്- സുനില്‍ പി. ഇളയിടം എഴുതുന്നു

ആമുഖം

1883–ല്‍, മാര്‍ക്‌സ് അന്തരിച്ച അതേ വര്‍ഷത്തില്‍ത്തന്നെയാണ്, മൂലധനത്തിന്റെ രചനയ്ക്കായി തന്റെ ജീവിതത്തിലെ രണ്ടു പതിറ്റാണ്ടുകാലം മാര്‍ക്‌സ് ചെലവിട്ട ബ്രിട്ടീഷ് ലൈബ്രറിയിലിരുന്ന് ജോര്‍ജ്ജ് ബര്‍ണാഡ്ഷാ മൂലധനത്തിന്റെ ഫ്രെഞ്ച് വിവര്‍ത്തനം വായിച്ചത്. നന്നായി പണിപ്പെട്ടാണെങ്കിലും ആ മഹാഗ്രന്ഥത്തിന്റെ ഒന്നാം വാല്യം ബര്‍ണാഡ്ഷാ സൂക്ഷ്മമായി വായിച്ചുതീര്‍ത്തു. മൂലധനം നല്‍കിയ വെളിച്ചത്തെക്കുറിച്ച് അദ്ദേഹം പിന്നീടെഴുതി:
''മാര്‍ക്‌സ് ഒരു വെളിപാടായിരുന്നു... ചരിത്രത്തിന്റേയും നാഗരികതയുടേയും യാഥാര്‍ത്ഥ്യങ്ങളിലേക്കും വസ്തുതകളിലേക്കും അദ്ദേഹം എന്റെ കണ്ണു തുറന്നു. ലോകത്തെക്കുറിച്ച് എനിക്കു തീര്‍ത്തും പുതിയ ആശയങ്ങള്‍ തന്നു. ഒരു പുസ്തകത്തിനു സാധിക്കാവുന്ന ഏറ്റവും വലിയ സാഹസികദൗത്യം മൂലധനം നിറവേറ്റി; വായനക്കാരുടെ മനസ്സിനെ അത് മാറ്റിപ്പണിതു.'
ലോകത്തെ വ്യാഖ്യാനിക്കുന്ന ധ്യാനാത്മകചിന്തയുടെ ഉല്പന്നമായിരുന്നില്ല മൂലധനം. അടിസ്ഥാനപരമായി അതൊരു രാഷ്ട്രീയ കാര്യപരിപാടിയുടെ ഭാഗമായിരുന്നു. മൂലധനത്തിന്റെ ഒന്നാം വാല്യത്തിനെഴുതിയ ആമുഖത്തില്‍ മാര്‍ക്‌സ് പറയുന്നതുപോലെ, ''ആധുനിക ലോകത്തിന്റെ ചലനനിയമങ്ങള്‍ വിശദീകരിക്കാന്‍' വേണ്ടി രചിച്ച ആ ഗ്രന്ഥം പിന്നീട് ഒന്നര നൂറ്റാണ്ടുകാലമായി ലോകത്തെ മാറ്റിപ്പണിയാനുള്ള നാനാവിധ പ്രയോഗങ്ങളുടെ ആധാരമായി. രണ്ടുതരം വെല്ലുവിളികളെ മൂലധനം ഇതിനിടയില്‍ അഭിമുഖീകരിക്കുന്നുണ്ടായിരുന്നു. ഒരുഭാഗത്ത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ത്തന്നെ കാലഹരണപ്പെട്ട ഒരു രചനയായി പണ്ഡിതസമൂഹം പലപ്പോഴും അതിനെ പുറന്തള്ളി. മറുഭാഗത്താകട്ടെ, അക്കാദമിക ധൈഷണികതയുടെ ലോകത്ത് മാര്‍ക്‌സിനേയും മൂലധനത്തേയും തളച്ചിടാനുള്ള ശ്രമങ്ങള്‍ ധാരാളമായി അരങ്ങേറി. എങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യാവസായിക മുതലാളിത്തത്തിന്റെ, കാലഹരണപ്പെട്ടതും ചരിത്രാത്മകവുമായ വിവരണം എന്ന് ആഢ്യചിന്തകര്‍ പലവട്ടം പരിഹസിച്ച മൂലധനത്തിലേക്കു ലോകത്തിനു പിന്നെയും പിന്നെയും തിരിഞ്ഞുനടക്കേണ്ടിവന്നു. മുതലാളിത്തവും മൂലധന കേന്ദ്രീകരണവും നിലനില്‍ക്കുന്നിടത്തോളം മാര്‍ക്‌സിലേക്കും മൂലധനം എന്ന മഹാഗ്രന്ഥത്തിലേക്കും മടങ്ങിച്ചെല്ലാതിരിക്കാനാവില്ല എന്നു ലോകം ഇപ്പോള്‍ മനസ്‌സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. കാരണം മുതലാളിത്തം എന്ന ഉല്പാദനവ്യവസ്ഥയെ ഇതിനേക്കാള്‍ ആഴത്തില്‍ പരിശോധിച്ച മറ്റൊരു ഗ്രന്ഥവും മറ്റൊരാളും മനുഷ്യവംശത്തിനു മുന്നിലില്ല.

ഒന്ന്
മൂലധനത്തിനു 150 വര്‍ഷം തികയുന്നു. 1867 സെപ്തംബര്‍ 14–ന് ജര്‍മ്മനിയിലെ ഹാംബര്‍ഗ്ഗില്‍നിന്നു മൂലധനത്തിന്റെ ആയിരം കോപ്പികള്‍ പുറത്തുവരുമ്പോള്‍, ആസന്നമായ ഒരു മഹാവിപഌവത്തിന്റെ പ്രതീക്ഷകളാല്‍ പ്രചോദിതരായിരുന്നു മാര്‍ക്‌സും സഹപ്രവര്‍ത്തകരും. ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തോടെ ലോകത്തെമ്പാടുമുള്ള തൊഴിലാളിവര്‍ഗ്ഗം അതിന്റെ സ്വന്തം ഭാഗധേയത്തെ തിരിച്ചറിയുമെന്നും വിപഌവങ്ങളുടെ ഒരു പരമ്പര വൈകാതെ പൊട്ടിപ്പുറപ്പെടുമെന്നും അവര്‍ വിശ്വസിച്ചു. 1848–ല്‍ യൂറോപ്പിനെ ഭൂതബാധപോലെ ആവേശിച്ച തൊഴിലാളി പണിമുടക്കുകളുടെ തുടര്‍ച്ചയിലുള്ള പണിമുടക്കുകളുടേയും പിന്നാലെയുള്ള അന്തിമമായ വിപഌവത്തിന്റേയും ആസന്നതയില്‍ മാര്‍ക്‌സിനും അപ്പോള്‍ കാര്യമായ സംശയങ്ങള്‍ ഇല്ലായിരുന്നു. മുതലാളിത്തം എന്ന സമ്പദ്‌വ്യവസ്ഥയുടെ പൊരുളും പ്രകാരവും തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, മനുഷ്യവിമോചനത്തിന്റെ ശാശ്വതമായ മാര്‍ഗ്ഗം കണ്ടെത്തി മുന്നേറാന്‍ തൊഴിലാളിവര്‍ഗ്ഗഗം സജ്ജമാകും എന്നായിരുന്നു അവരുടെ സ്വപ്‌നം.
എങ്കിലും കാലം മാര്‍ക്‌സിന്റെ ആസന്നസ്വപ്‌നങ്ങളെ മാനിക്കാതെയാണ് കടന്നുപോയത്. ജര്‍മ്മന്‍ഭാഷയില്‍ പ്രസിദ്ധീകരിച്ച മൂലധനത്തിന്റെ ആയിരം കോപ്പികള്‍ നാലുവര്‍ഷംകൊണ്ടാണ് വിറ്റുപോയത്. ആര്‍ക്കുവേണ്ടിയാണോ തന്റെ ജീവിതത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍ എരിച്ചുതീര്‍ത്ത് മാര്‍ക്‌സ് ഈ മഹാഗ്രന്ഥം പൂര്‍ത്തിയാക്കിയത് ആ യൂറോപ്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിലെ മഹാഭൂരിപക്ഷവും ഇങ്ങനെയൊരു ഗ്രന്ഥം പുറത്തിറങ്ങിയതു മിക്കവാറും അറിഞ്ഞതുപോലുമില്ല. മറുഭാഗത്ത് സര്‍വ്വകലാശാലകളിലെ അക്കാദമിക പണ്ഡിതന്മാരാകട്ടെ, മൂലധനം പുറത്തിറങ്ങിയതു കണ്ടതായി നടിച്ചുമില്ല. മൂലധനത്തെ ലോകത്തിന്റേയും പണ്ഡിതസമൂഹത്തിന്റേയും ശ്രദ്ധയില്‍പ്പെടുത്താന്‍ മാര്‍ക്‌സിന്റെ മുന്നണിപ്പോരാളിയായ എംഗല്‍സ് നാനാതരം പരിശ്രമങ്ങള്‍ നടത്തിയിരുന്നു. മൂലധനത്തെ അനുകൂലിച്ച് അദ്ദേഹം സ്വന്തം പേരിലും കള്ളപ്പേരിലും പല പത്രങ്ങളിലും പഠനങ്ങള്‍ എഴുതി. മൂലധനത്തിനെതിരായ വിമര്‍ശനങ്ങള്‍ കള്ളപ്പേരില്‍ പ്രസിദ്ധീകരിച്ചതിനുശേഷം അതിനു സ്വന്തമായി മറുപടിയെഴുതി. അറിയാവുന്ന സുഹൃത്തുക്കളെക്കൊണ്ടെല്ലാം മൂലധനത്തെക്കുറിച്ച് എഴുതിച്ചു. എങ്കിലും ഇത്തരം ശ്രമങ്ങള്‍ക്കെല്ലാം ശേഷവും മൂലധനം അന്നത്തെ പൊതുസമൂഹത്തിന് അജ്ഞാതമായി അവശേഷിച്ചു. തന്റെ ഗ്രന്ഥത്തിനെതിരെ അരങ്ങേറുന്ന 'നിശ്ശബ്ദതയുടെ ഗൂഢാലോചന'യില്‍ മാര്‍ക്‌സും ഒട്ടൊക്കെ ഖിന്നനായിരുന്നു. 1867 ഒക്‌ടോബര്‍ 11–നു തങ്ങളുടെ പൊതുസുഹൃത്തായ ഡോ. കൂഗള്‍മാനുള്ള കത്തില്‍ മാര്‍ക്‌സ് എഴുതി: 
''ഒരു വിപുലമായ നിരൂപണം– ശത്രുവില്‍നിന്നായാലും മിത്രത്തില്‍നിന്നായാലും–കാലക്രമേണ മാത്രമേ പ്രതീക്ഷിക്കാവു. ഇത്രയും വലുതും ചിലയിടങ്ങളില്‍ ദുര്‍ഗ്രഹവുമായ പുസ്തകം വായിച്ചു ദഹിക്കാന്‍ സമയമെടുക്കുമല്ലോ. എന്നാല്‍ പുസ്തകത്തിന്റെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതു വമ്പന്‍ നിരൂപണങ്ങളാണ് എന്നു കരുതേണ്ടതില്ല. തെളിച്ചുപറഞ്ഞാല്‍ പറകൊട്ടി ആപല്‍സൂചന നല്‍കുമ്പോഴേ ശത്രുക്കള്‍ പരിഭ്രാന്തരായി തുറന്നു സംസാരിക്കാന്‍ ഒരുങ്ങൂ. വാസ്തവത്തില്‍ എന്തുപറയുന്നു എന്നതിനേക്കാള്‍ എന്തെങ്കിലും പറയുന്നുണ്ട് എന്നതാണ് പ്രധാനം. സര്‍വ്വോപരി സമയമൊട്ടും നഷ്ടപ്പെടുത്താനില്ലതാനും.'
മൂലധനത്തെക്കുറിച്ചുള്ള തന്റെ പഠനത്തില്‍ പി. ഗോവിന്ദപ്പിള്ള എഴുതുന്നതുപോലെ, നിരൂപണങ്ങളുടെ കുറവുമൂലമുള്ള നിരാശയും അതിനു കാരണം കണ്ടുപിടിക്കാനുള്ള വ്യഗ്രതയും മൂലധനം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനെ താന്‍ കാര്യമായി വകവയ്ക്കുന്നില്ല എന്ന ഭാവവും എങ്കിലും എന്തെങ്കിലുമൊക്കെ ഉടനടി ചെയ്യണം എന്ന അഭ്യര്‍ത്ഥനയുമെല്ലാം കൂടിക്കലരുന്ന ഒരു കത്താണ്. ഇതിനു പിന്നാലെ കൂഗിള്‍മാനു തന്നെ എഴുതിയ മറ്റൊരു കത്തില്‍ എംഗല്‍സിന്റെ തിടുക്കം കുറേക്കൂടി പ്രകടമാണ്. 
''പുസ്തകം വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതാണ് പ്രധാന കാര്യം. ഇക്കാര്യത്തില്‍ മാര്‍ക്‌സിനു സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതിനാലും ഇതില്‍ നമ്മുടെ ചങ്ങാതി ഒരു കന്യകയെപ്പോലെ ലജ്ജാവിവശനാണ് എന്നതിനാലും നാമെല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്യണം. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഇതുവരെയുണ്ടായ വിജയമെന്താണെന്നും ഏതെല്ലാം പത്രങ്ങളെയാണ് ഇനിയും ഉപയോഗപ്പെടുത്താന്‍ കഴിയുക എന്നും ദയവായി എന്നെ അറിയിച്ചാലും. ഇക്കാര്യത്തില്‍ നമ്മുടെ പഴയ സഖാവ് യേശുക്രിസ്തു പറഞ്ഞതുപോലെ നമ്മള്‍ മാടപ്രാവിനെപ്പോലെ ശുദ്ധഗതിക്കാരായും സര്‍പ്പങ്ങളെപ്പോലെ സൂത്രശാലികളായും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.'
എങ്കിലും, അത്തരം പരിശ്രമങ്ങളൊന്നും കാര്യമായി വിജയം കണ്ടില്ല. മൂലധനം പണ്ഡിതവൃന്ദത്തിന്റെയോ തൊഴിലാളികളുടെയോ ഇടയില്‍ കാര്യമായ വിജയം നേടിയില്ല. തന്റെ ജീവിതസൗഖ്യവും കുടുംബവും ആരോഗ്യവും ബലികഴിച്ച് മാര്‍ക്‌സ് നടത്തിയ, രണ്ടു പതിറ്റാണ്ടോളം വരുന്ന സുദീര്‍ഘമായ കാലയളവിലെ, പഠനാന്വേഷണങ്ങളുടെ ഉല്പന്നമായ ആ ഗ്രന്ഥം പൊതുവെ തണുത്ത സ്വീകരണങ്ങള്‍ക്കിടയില്‍ മെല്ലെ മെല്ലെ നീങ്ങി. വിപഌവപരമായ കുതിച്ചുചാട്ടങ്ങള്‍ക്കൊന്നും അത് ഉടനടി പ്രേരണയായില്ല. ആറുവര്‍ഷങ്ങള്‍ക്കുശേഷം 1873–ല്‍, ഒന്നാം ജര്‍മ്മന്‍ പതിപ്പിന്റെ പ്രസാധകനായ മെയ്‌സ്‌നര്‍ മൂലധനത്തിന്റെ രണ്ടാം ജര്‍മ്മന്‍ പതിപ്പ് പ്രസിദ്ധീകരിച്ചു. മൂലധനത്തിന് ഇംഗ്ലീഷ് വിവര്‍ത്തനം ഉണ്ടാവണമെന്ന് മാര്‍ക്‌സ് വലിയ തോതില്‍ ആഗ്രഹിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ജീവിതകാലത്ത് അതു നടന്നില്ല. ആസന്നമായ തൊഴിലാളിവിപഌവം പൊട്ടിപ്പുറപ്പെടാനിരിക്കുന്നത് ജര്‍മ്മനിയിലോ ഇംഗ്ലണ്ടിലോ ആണ് എന്ന ധാരണയാണ് അക്കാലത്ത് മാര്‍ക്‌സിന് ഉണ്ടായിരുന്നത്. വാസ്തവത്തില്‍, രണ്ടാം ജര്‍മ്മന്‍ പതിപ്പ് പുറത്തുവരുന്നതിനു മുന്‍പുതന്നെ മൂലധനത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനായുള്ള ശ്രമങ്ങള്‍ മാര്‍ക്‌സ് നടത്തിയിരുന്നു. ചിലരതിനു തയ്യാറായെങ്കിലും അവരുടെ ശേഷിയില്‍ മാര്‍ക്‌സിനു വിശ്വാസമുണ്ടായിരുന്നില്ല. തന്റെ മൂത്തമകളായ ലാറയോട് മാര്‍ക്‌സ് ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അക്കാര്യത്തിലുള്ള സ്വന്തം ശേഷിയെക്കുറിച്ച് അവര്‍ സംശയാലുവായിരുന്നു. ഒടുവില്‍ മാര്‍ക്‌സിന്റെ മരണാനന്തരം മാര്‍ക്‌സിന്റെ മകളായ എലിനോര്‍ മാര്‍ക്‌സിന്റെ ഭര്‍ത്താവ് എഡ്വേര്‍ഡ് അവ്‌ലിങ്ങും മാനിഫെസ്റ്റോവിന്റെ വിവര്‍ത്തകനായ സാമുവല്‍ മൂറും ചേര്‍ന്നാണ് മൂലധനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത്. 1886–ല്‍ അതു പ്രസിദ്ധീകരിക്കപ്പെട്ടു. അപ്പോഴേക്കും മാര്‍ക്‌സ് മരണമടഞ്ഞിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിരുന്നു. 
എന്നാല്‍, ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്തുനിന്നും ഇക്കാലത്തു മൂലധനത്തിനു വലിയ സ്വീകരണം ലഭിക്കുകയുണ്ടായി. 1872–ല്‍ മൂലധനത്തിന്റെ റഷ്യന്‍ പതിപ്പ് പുറത്തുവരികയും അത് റഷ്യന്‍ വിപഌവകാരികള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. അക്കാലം വരെ റഷ്യയെ മതിപ്പോടെയല്ല മാര്‍ക്‌സ് കണ്ടിരുന്നത്. യാഥാസ്ഥിതികത്വത്തിന്റേയും രാജവാഴ്ചയുടേയും നെടുങ്കോട്ടപോലെ നിലകൊണ്ട റഷ്യയില്‍ സാറിസ്റ്റ് സര്‍വ്വാധിപത്യത്തിനെതിരായ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാറുണ്ടായിരുന്നു. അതിനോട് മാര്‍ക്‌സ് അനുഭാവപൂര്‍ണ്ണമായ സമീപനമാണ് കൈക്കൊണ്ടിരുന്നതും. എന്നാല്‍, വികസിതമായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ അഭാവത്തില്‍ ഒരു സോഷ്യലിസ്റ്റ് വിപഌവത്തിനുള്ള സാധ്യത അവിടെയില്ല എന്നായിരുന്നു മാര്‍ക്‌സ് കരുതിയത്. എങ്കിലും എന്‍.എഫ്. ദാനിയല്‍സണ്‍, ജി.എ. ലോപാട്ടിന്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ റഷ്യന്‍ വിവര്‍ത്തനം വളരെപ്പെട്ടെന്ന് അവിടെ സ്വീകരിക്കപ്പെട്ടു. റഷ്യന്‍ വിപഌവകാരികളായ നരോദ്‌നിക്കുകളുടെ നേതാവായിരുന്നു ദാനിയേല്‍സണ്‍. റഷ്യയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വീക്ഷണഗതികളെ മാറ്റിമറിച്ച ഒന്നായിരുന്നു മൂലധനത്തിന് അവിടെ ലഭിച്ച സ്വീകരണം. അദ്ദേഹം റഷ്യന്‍ഭാഷ പഠിക്കാന്‍ തുടങ്ങുകയും അവിടത്തെ കാര്‍ഷികബന്ധങ്ങളെക്കുറിച്ചു പുതിയ അന്വേഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇത് റഷ്യയെക്കുറിച്ചു മാത്രമല്ല, തൊഴിലാളി വിപഌവത്തിന്റെ സാധ്യതയെക്കുറിച്ചുള്ള തന്റെ ധാരണകളേയും നവീകരിക്കുന്നതിലേക്കാണ് മാര്‍ക്‌സിനെ നയിച്ചത്. 1877 സെപ്തംബര്‍ 27–ന് ഫ്രഡറിക് സോര്‍ഗിന് എഴുതിയ കത്തില്‍ ''ഇതുവരെ പ്രതിവിപഌവത്തിന്റെ കരിങ്കോട്ടയും കരുതല്‍ സേനയുമായിരുന്ന കിഴക്കുദിക്കിലാവും വിപഌവം പൊട്ടിപ്പുറപ്പെടുക' എന്നദ്ദേഹം എഴുതുന്നുണ്ട്. (1882–ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവിന്റെ റഷ്യന്‍ പതിപ്പിന് മാര്‍ക്‌സും എംഗല്‍സും ചേര്‍ന്നെഴുതിയ ആമുഖത്തില്‍ യൂറോപ്പിലെ വിപഌവത്തിന്റെ മുന്നണിപ്പടയായി റഷ്യ മാറിയിരിക്കുന്നു എന്നു സൂചിപ്പിക്കുന്നുണ്ട്). മൂന്നര പതിറ്റാണ്ട് തികയുമ്പോള്‍ അവരുടെ ആ നിഗമനം സാധുവായിത്തീരുകയും ചെയ്തു!
മാര്‍ക്‌സിന്റെ ജീവിതകാലത്ത് മൂലധനത്തിനുണ്ടായ മറ്റൊരു പരിഭാഷ അതിന്റെ ഫ്രെഞ്ച് വിവര്‍ത്തനമാണ്. 1867–ല്‍ മൂലധനത്തിന്റെ ആദ്യവാല്യം പുറത്തുവന്നതിനുശേഷം നാലോ അഞ്ചോ പേര്‍ ഫ്രെഞ്ച് വിവര്‍ത്തനം തയ്യാറാക്കാനായി ശ്രമിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ജോസഫ് റോയ് എന്ന സ്‌കൂള്‍ അദ്ധ്യാപകനാണ് മാര്‍ക്‌സ് വിവര്‍ത്തനത്തിന് അനുമതി നല്‍കിയത്. ജോസഫ് റോയ് തയ്യാറാക്കിയ വിവര്‍ത്തനം സരളമായിരുന്നു. ആകത്തുകയില്‍ അതു വളരെ തൃപ്തികരമാണെങ്കിലും ചില ഭാഗങ്ങളുടെ വിവര്‍ത്തനം വളരെ ഉപരിപഌവമായിപ്പോയതായി മാര്‍ക്‌സിനു തോന്നി. അദ്ദേഹം സ്വയം അതില്‍ തിരുത്തലുകള്‍ വരുത്തുകയും പല ഭാഗങ്ങളും പൂര്‍ണ്ണമായി മാറ്റിയെഴുതുകയും ചെയ്തു. (ഈ തിരുത്തലുകള്‍ക്കു നിര്‍ണ്ണായക പ്രാധാന്യമുണ്ടെന്നും എന്നാല്‍, എംഗല്‍സ് 1890–ല്‍ തയ്യാറാക്കിയ നാലാം ജര്‍മ്മന്‍ പതിപ്പില്‍ മാര്‍ക്‌സ് തന്നെ ഫ്രെഞ്ച് പതിപ്പില്‍ വരുത്തിയ തിരുത്തലുകള്‍ എംഗല്‍സ് ഉള്‍പ്പെടുത്തുകയുണ്ടായില്ലെന്നും കെവിന്‍ ആന്‍ഡേഴ്‌സണ്‍ വിശദീകരിക്കുന്നുണ്ട്. ആധുനിക ഫ്രെഞ്ച് ഭാഷയ്ക്ക് മാര്‍ക്‌സിന്റെ ചിന്താപരമായ സങ്കീര്‍ണ്ണതയെ ഉള്‍ക്കൊള്ളാനാവില്ല എന്നാണത്രെ എംഗല്‍സ് ഇതിനു കാരണമായി പറഞ്ഞത്. (It is impossible to think originallj in the strait jacket of modern French). 1872–75 കാലയളവില്‍ പല ഭാഗങ്ങളായാണ് ജോസഫ് റോയ് തയ്യാറാക്കിയ ഫ്രെഞ്ച് വിവര്‍ത്തനം പുറത്തുവന്നത്. തൊഴിലാളികള്‍ക്കു കൂടുതല്‍ അഭിഗമ്യമാകും എന്നതിനാല്‍ മാര്‍ക്‌സ് ഈ രീതിയിലുള്ള പ്രസാധനത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്.
1883–ല്‍ മാര്‍ക്‌സ് അന്തരിച്ചു. അതേ വര്‍ഷം തന്നെ മൂലധനത്തിന്റെ ആദ്യവാല്യത്തിന്റെ മൂന്നാം ജര്‍മ്മന്‍പതിപ്പ് പുറത്തുവന്നു. ഇതിനുശേഷം 1890–ല്‍ എംഗല്‍സിന്റെ മേല്‍നോട്ടത്തില്‍ ഒന്നാം വാല്യത്തിന്റെ നാലാമത് ജര്‍മ്മന്‍ പതിപ്പും പുറത്തുവന്നു. പിന്നീടങ്ങോട്ടുള്ള പതിപ്പുകള്‍ക്കെല്ലാം ആധാരമായിത്തീര്‍ന്നത് എംഗല്‍സ് പ്രസിദ്ധീകരിച്ച നാലാം ജര്‍മ്മന്‍ പതിപ്പാണ്. മാര്‍ക്‌സ് അവശേഷിപ്പിച്ച കയ്യെഴുത്തുപ്രതികളില്‍നിന്നു മൂലധനത്തിന്റെ രണ്ടാം വാല്യം 1885–ലും മൂന്നാം വാല്യം, തന്റെ മരണത്തിന് ഒരുവര്‍ഷം മുന്‍പ് 1894–ലും എംഗല്‍സ് പ്രസിദ്ധീകരിച്ചു. മൂലധനത്തിന്റെ നാലാം വാല്യമായി കണക്കാക്കപ്പെടുന്ന 'മിച്ചമൂല്യസിദ്ധാന്തങ്ങള്‍' ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് കാള്‍ കൗട്‌സ്‌കിയാണ് പ്രസിദ്ധീകരിച്ചത്. 1905–ല്‍ പുറത്തുവന്ന ആ ഗ്രന്ഥത്തിലെ ആശയക്രമീകരണത്തില്‍ ധാരാളം അവ്യക്തതകള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ മാര്‍ക്‌സിന്റെ കയ്യെഴുത്തുപ്രതികളെ മുന്‍നിര്‍ത്തി 1953–ല്‍ മോസ്‌കോവിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മാര്‍ക്‌സിസം ലെനിനിസം 'മിച്ചമൂല്യസിദ്ധാന്തങ്ങള്‍' പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്നു ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നത് ഈ പതിപ്പാണ്. 
മൂലധനത്തിന്റെ പ്രസാധനക്രമത്തെ അനുസരിക്കുന്ന നിലയിലല്ല മാര്‍ക്‌സ് അതിന്റെ കയ്യെഴുത്തുകോപ്പി തയ്യാറാക്കിയത്. വാസ്തവത്തില്‍, 1844–ല്‍ എംഗല്‍സിന്റെ രാഷ്ട്രീയ അര്‍ത്ഥശാസ്ത്രപഠനം വായിച്ചതോടെയാണ് മാര്‍ക്‌സ് സ്വന്തമായി സാമ്പത്തികശാസ്ത്ര പഠനത്തിലേക്കു തിരിയുന്നത്. കാല്‍നൂറ്റാണ്ട് നീണ്ട ആ മഹാപരിശ്രമത്തിന്റെ പൂര്‍ത്തീകരണമായിരുന്നു 1867–ലെ മൂലധനത്തിന്റെ ഒന്നാം വാല്യത്തിന്റെ പ്രസിദ്ധീകരണം എന്നു പറയാം. 1862–63 കാലത്ത് മൂലധനത്തിന്റെ നാലാം വാല്യം എന്നറിയപ്പെടുന്ന മിച്ചമൂല്യസിദ്ധാന്തങ്ങളുടേയും 1865–ല്‍ മൂന്നാം വാല്യത്തിന്റേയും കരട് മാര്‍ക്‌സ് പൂര്‍ത്തിയാക്കിയിരുന്നു. അതിനുശേഷമാണ് ഒന്നാം വാല്യത്തിന് അന്തിമരൂപം നല്‍കാനായി അദ്ദേഹം ശ്രമമാരംഭിച്ചത്. 1867 ആഗസ്റ്റില്‍ അതിന്റെ പണികള്‍ പൂര്‍ത്തിയാക്കി പ്രസാധകനായ മെയ്‌സ്‌നര്‍ക്ക് മാര്‍ക്‌സ് അത് അയച്ചുകൊടുത്തു. 1867 ആഗസ്റ്റ് 16 രാത്രി രണ്ടു മണിക്ക് എംഗല്‍സിനെഴുതിയ, പില്‍ക്കാലത്ത് ഏറെ പ്രസിദ്ധമായിത്തീര്‍ന്ന കത്തില്‍ മാര്‍ക്‌സ് പറഞ്ഞു:
''പുസ്തകത്തിന്റെ അവസാന ഷീറ്റ് തിരുത്തിക്കഴിഞ്ഞു. അനുബന്ധം –മൂല്യരൂപം– ചെറിയ അക്ഷരത്തില്‍ 1 1/4 ഷീറ്റ് വരും. മുഖവുര ഇന്നലെ തിരുത്തി അയച്ചു. അങ്ങനെ ഈ വാല്യം പൂര്‍ത്തിയായിരിക്കുന്നു. താങ്കള്‍ മൂലം മാത്രമാണ് ഇതു പൂര്‍ത്തിയായത്. എനിക്കുവേണ്ടിയുള്ള താങ്കളുടെ ആത്മത്യാഗമില്ലാതെ, ഈ മൂന്നുവാല്യങ്ങളുടെ മഹാപ്രയത്‌നം എനിക്ക് ഒരുപക്ഷേ, ഒരിക്കലും ചെയ്തുതീര്‍ക്കാന്‍ കഴിയുമായിരുന്നില്ല. കൃതജ്ഞതാപൂര്‍വ്വം ഞാന്‍ താങ്കളെ ആലിംഗനം ചെയ്യുന്നു.
തിരുത്തിയ പ്രൂഫിന്റെ രണ്ടുഷീറ്റ് ഇതൊന്നിച്ച് അയക്കുന്നുണ്ട്. അയച്ച 15 പൗണ്ട് നന്ദിപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.
എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തേ, അഭിവാദനങ്ങള്‍.'
മൂലധനത്തിന്റെ രചനയ്ക്കായി മാര്‍ക്‌സ് തന്റെ ആയുസ്‌സും ആരോഗ്യവും ഒട്ടൊക്കെ ബലികഴിച്ചു എന്നുതന്നെ പറയാം. എങ്കിലും തന്റെ ദൗത്യത്തിന്റെ വലിപ്പത്തേയും ആവശ്യകതയേയും കുറിച്ച് അദ്ദേഹത്തിനു വലിയ ബോധ്യമുണ്ടായിരുന്നു. ''പ്രായോഗികമതികള്‍ എന്നു പറയപ്പെടുന്നവരേയും അവരുടെ വിവേകത്തേയും കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്കു ചിരിയാണ് വരുന്നത്. ഒരു കാളയോ മറ്റോ ആയിമാറാന്‍ കഴിയുമെങ്കില്‍ ആര്‍ക്കും മനുഷ്യവംശത്തിന്റെ ദുരിതങ്ങള്‍ക്കുനേരെ പുറം തിരിഞ്ഞുനില്‍ക്കാനും സ്വന്തം തൊലി രക്ഷിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കാനും കഴിഞ്ഞേനെ. എന്നാല്‍ എന്റെ പുസ്തകം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്, ചുരുങ്ങിയ പക്ഷം അതിന്റെ കയ്യെഴുത്തുപ്രതിക്ക് അന്തിമരൂപം നല്‍കുന്നതിനു മുന്‍പ്, പ്രാരാബ്ധങ്ങള്‍ക്കും പരാധീനതകള്‍ക്കും മുന്‍പില്‍ ഞാന്‍ മുട്ടുകുത്തിപ്പോയിരുന്നുവെങ്കില്‍, ഞാന്‍ ഒരു അപ്രായോഗികമതിയായി പോകുമായിരുന്നു എന്നാണെന്റെ വിചാരം.' ഒരു കത്തില്‍ മാര്‍ക്‌സ് ഇങ്ങനെ എഴുതി.
ഇങ്ങനെ താന്‍ ഏറ്റെടുത്ത വലിയ ദൗത്യത്തേയും അതിനായി സഹിച്ച യാതനകളെക്കുറിച്ചുമുള്ള ഉത്തമവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഒന്നാം ജര്‍മ്മന്‍ പതിപ്പിനു ലഭിച്ച തണുത്ത പ്രതികരണം മാര്‍ക്‌സിനെ ഖിന്നനാക്കി എന്നുവേണം പറയാന്‍. ഒന്നാം വാല്യത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം പതിനാറുവര്‍ഷം മാര്‍ക്‌സ് ജീവിച്ചിരുന്നു. ഇക്കാലത്തിനിടയില്‍, ആദ്യമേ തയ്യാറാക്കിയിരുന്ന മൂന്നും നാലും വാല്യങ്ങളുടെ കയ്യെഴുത്തുപ്രതിക്ക് അന്തിമരൂപം നല്‍കാന്‍ മാര്‍ക്‌സ് തുനിഞ്ഞില്ല. എന്നുമാത്രമല്ല, ഇവയെക്കാളൊക്കെ ചെറുതായ രണ്ടാം വാല്യത്തിന്റെ കയ്യെഴുത്തുപ്രതി തയ്യാറാക്കാന്‍ 1869 മുതല്‍ 1879 വരെയുള്ള പത്തുവര്‍ഷത്തോളം സമയം അദ്ദേഹം എടുക്കുകയും ചെയ്തു. 1862 മുതലുള്ള നാലഞ്ച് വര്‍ഷങ്ങള്‍ക്കിടയിലാണ് മൂലധനത്തിന്റെ ഒന്നും മൂന്നും നാലും വാല്യങ്ങളുടെ കരട് മാര്‍ക്‌സ് തയ്യാറാക്കിയത് എന്നാലോചിച്ചാല്‍ രണ്ടാം വാല്യത്തിനായി ചെലവഴിച്ച പത്തുവര്‍ഷം അസാധാരണമാണെന്നു പഠിതാക്കള്‍ പറയുന്നതു ശ്രദ്ധേയമാണ്. 
വാസ്തവത്തില്‍ മൂലധനം ഒറ്റക്കൊരു കൃതിയായി വിഭാവനം ചെയ്യപ്പെട്ട ഒന്നല്ല, മുകളില്‍ സൂചിപ്പിച്ചതുപോലെ 1844–ല്‍ എംഗല്‍സിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശന പ്രബന്ധത്തിന്റെ വായനയോടെ മുതലാളിത്ത സമ്പദ്ശാസ്ത്രത്തെ വിശകലനവിധേയമാക്കാതേയും മറികടക്കാതേയും ലോകത്തെ പുതുക്കിപ്പണിയാനാവില്ല എന്ന തിരിച്ചറിവിലേക്ക് മാര്‍ക്‌സ് എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആരംഭിച്ച പഠനത്തിന്റെ ഭാഗിക പരിസമാപ്തിയാണ് മൂലധനത്തിന്റെ പ്രസിദ്ധീകരണം എന്നു പറയാം. 1849–ലെ കൂലിവേലയും മൂലധനവും (Wage labour and Capital) എന്ന പ്രബന്ധത്തിലും പ്രൂഥോണിനെതിരെ എഴുതിയ തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം (1847) എന്ന ഗ്രന്ഥത്തിലുമെല്ലാം മാര്‍ക്‌സിന്റെ അര്‍ത്ഥശാസ്ത്ര നിഗമനങ്ങളുടെ ബീജരൂപം കാണാം. 1848–ലെ തൊഴിലാളി പണിമുടക്കുകളുടെ പരാജയത്തിനുശേഷമുണ്ടായ ഇടവേള സാമ്പത്തികശാസ്ത്ര പഠനത്തിനായി നീക്കിവയ്ക്കുകയാണ് മാര്‍ക്‌സ് ചെയ്തത്. തുടര്‍ന്നു രണ്ടു പതിറ്റാണ്ടുകാലത്തോളം ബ്രിട്ടീഷ് ലൈബ്രറിയിലിരുന്ന്, തന്റെ ആരോഗ്യവും ആയുസ്സും കുടുംബവും എല്ലാം ബലി നല്‍കിക്കൊണ്ട് ഭൂതാവിഷ്ടനെന്നപോലെ മാര്‍ക്‌സ് നാമ്പത്തികപഠനത്തില്‍ ഏര്‍പ്പെടുകയുണ്ടായി. താന്‍ രചിക്കാനിരിക്കുന്ന വിപുലഗ്രന്ഥത്തിന്റെ രൂപരേഖ അദ്ദേഹത്തിന്റെ അക്കാലത്തെ പഠനക്കുറിപ്പുകളിലുണ്ട്. ഗ്രുണ്ടിസെ്‌സ (Grundisse) എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ആ പഠനക്കുറിപ്പുകള്‍ മാര്‍ക്‌സിന്റെ ചിന്താജീവിതത്തിന്റെ ചരിത്രത്തിലെ സുപ്രധാന രേഖകളിലൊന്നായി ഇപ്പോള്‍ മനസ്സിലാക്കപ്പെടുന്നു. 3000–ല്‍ പരം പേജുകളിലായി പരന്നുകിടക്കുന്ന ആ പഠനക്കുറിപ്പുകള്‍ പിന്നീട് മാര്‍ക്‌സ് കയ്യൊഴിയുകയാണ് ചെയ്തത്. അവയെ ചെത്തിമിനുക്കി ഗ്രന്ഥരൂപം നല്‍കുക അസാധ്യമായൊരു കാര്യമായി അദ്ദേഹത്തിന് അനുഭവപ്പെട്ടിരിക്കണം. അതുകൊണ്ട് ആ പഠനക്കുറിപ്പുകളെ ആധാരമാക്കി ആറു വാല്യങ്ങളുള്ള ഒരു ഗ്രന്ഥപരമ്പരയായി തന്റെ അര്‍ത്ഥശാസ്ത്രപഠനങ്ങള്‍ പ്രസിദ്ധീകരിക്കാമെന്ന് മാര്‍ക്‌സ് തീരുമാനിക്കുകയാണ് ചെയ്തത്. അവയ്‌ക്കെല്ലാം കൂടിയുള്ള പൊതുവായ ശീര്‍ഷകം 'അര്‍ത്ഥശാസ്ത്രവിമര്‍ശത്തെക്കുറിച്ച്' (On Critique of Political Economy) എന്നാകണമെന്നു തീരുമാനിക്കുകയും ചെയ്തു. മൂലധനം Capital), ഭൂസ്വത്ത് (Land Property), കൂലിവേല (Wage labour), ഭരണകൂടം (State), സാര്‍വ്വദേശീയ വ്യാപാരം (international Trade), ലോക വിപണി (World Market)  എന്നിങ്ങനെ ആറു ഭാഗങ്ങളാണ് മാര്‍ക്‌സ് ആ ഗ്രന്ഥപരമ്പരയുടെ ഭാഗമായി വിഭാവനം ചെയ്തത്. അതോടൊപ്പം അര്‍ത്ഥശാസ്ത്ര ചരിത്രത്തെക്കുറിച്ചും സാമ്പത്തിക സംവര്‍ഗ്ഗങ്ങളുടേയും ബന്ധങ്ങളുടേയും ചരിത്രത്തെക്കുറിച്ചുമുള്ള മറ്റു രണ്ടു പുസ്തകങ്ങള്‍ കൂടിയെഴുതാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.
അത്യന്തവിപുലമായ ഈ രചനാ സംരംഭത്തിലെ ആദ്യപടിയെന്ന നിലയിലാണ് മാര്‍ക്‌സ് 1859–ല്‍ രാഷ്ട്രീയ അര്‍ത്ഥശാസ്ത്രവിമര്‍ശത്തിനൊരു സംഭാവന (A Contribution to the Critique of Political Economy) എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ആ ഗ്രന്ഥത്തിന്റെ ആമുഖത്തിലാണ് ചരിത്രപരമായ ഭൗതികവാദത്തിന്റെ പൊതുരൂപവും ഉല്പാദനവ്യവസ്ഥയും സാംസ്‌കാരികാവിഷ്‌കാരങ്ങളും തമ്മിലുള്ള ബന്ധവും എല്ലാം വിശദീകരിക്കുന്ന മാര്‍ക്‌സിന്റെ പ്രസിദ്ധമായ നിരീക്ഷണമുള്ളത്. അതുപോലെ തന്നെ തന്റെ സാമ്പത്തിക സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്ത്വവും മാര്‍ക്‌സ് ആ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ചരക്കുകളും അതില്‍ നിലീനമായ അടിസ്ഥാന വൈരുധ്യവും (ഉപയോഗമൂല്യവും വിനിമയമൂല്യവും തമ്മിലുള്ള വൈരുധ്യം) അതിന്റെ വികാസപ്രക്രിയയും അതുവഴിയുള്ള മൂലധന രൂപീകരണവും എല്ലാം മാര്‍ക്‌സ് ആ ഗ്രന്ഥത്തില്‍ പരിശോധിക്കുന്നുണ്ട്. ചരിത്രപരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ചരക്കിനു വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പരിശോധനയിലേക്കും അവിടെ മാര്‍ക്‌സിന്റെ ദൃഷ്ടി ചെല്ലുന്നതു കാണാം.
ഗ്രുണ്ടിസെ്‌സയില്‍ താന്‍ സൂചിപ്പിച്ചപ്രകാരമുള്ള ഈ രചനാപദ്ധതിയുടെ ആദ്യഭാഗം ഇങ്ങനെ തയ്യാറാക്കിയെങ്കിലും മാര്‍ക്‌സ് ആ പദ്ധതി പിന്നെ തുടരുകയുണ്ടായില്ല. അതിനുപകരം മൂലധനം എന്ന പേരില്‍ തന്റെ രാഷ്ട്രീയ അര്‍ത്ഥശാസ്ത്ര വിമര്‍ശനത്തെ നാലു വാല്യങ്ങളായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. 1859–ലെ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്തിരുന്ന കാര്യങ്ങള്‍ മൂലധനത്തിന്റെ ഒന്നാം വാല്യത്തിന്റെ ആദ്യ അധ്യായങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തു. ''മുന്‍പത്തെ പുസ്തകത്തില്‍ ചുരുക്കം വാക്കുകളില്‍ സൂചിപ്പിച്ചിരുന്നതു കുറേക്കൂടി പൂര്‍ണ്ണമായി വിവരിക്കുക; പൂര്‍ണ്ണമായി പ്രതിപാദിച്ചതു ചുരുക്കം വാക്കുകളില്‍ സംഗ്രഹിക്കുക. ഇതുരണ്ടും സാഹചര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം ചെയ്തിട്ടുണ്ട്' എന്നാണ് മാര്‍ക്‌സ് ഈ സംഗ്രഹത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. അങ്ങനെ മാര്‍ക്‌സിന്റെ അതിവിപുലമായ ഒരു രചനാസംരംഭത്തിന്റെ ഭാഗികാവിഷ്‌കാരം മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള മൂലധനത്തിന്റെ നാല് വാല്യങ്ങള്‍ എന്നു പറയാം. ഭൂസ്വത്തിനേയും കൂലിവേലയേയും കുറിച്ചുള്ള ചര്‍ച്ചകള്‍ അദ്ദേഹം കുറെയേറെ അവിടെ നിര്‍വ്വഹിച്ചിട്ടുണ്ടെങ്കിലും ഭരണകൂടം, സാര്‍വ്വദേശീയ വ്യാപാരം, ലോകവിപണി എന്നിവയെക്കുറിച്ചുള്ള തന്റെ ആലോചനകള്‍ സമഗ്രമായി വികസിപ്പിക്കാനോ ആവിഷ്‌കരിക്കാനോ മാര്‍ക്‌സിനു കഴിഞ്ഞില്ല. നിരന്തരം സ്വയം നവീകരിക്കുകയും തിരുത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ധൈഷണിക പ്രകൃതം മൂലധനത്തെ പൂര്‍ണ്ണരൂപത്തില്‍ പ്രകാശിപ്പിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. നിരന്തരമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കു താനാദ്യമെഴുതിയത് ആറുമാസം കഴിയുമ്പോള്‍ അതേപടി പ്രസിദ്ധീകരിക്കാനാവില്ല (A writer who works continuously cannot, at the end of six months, publish word for words what he wrote six months earlier) എന്ന് മാര്‍ക്‌സ് 1846–ല്‍ത്തന്നെ ഇതേക്കുറിച്ചു പറയുന്നുണ്ട്. ഇങ്ങനെ അവസാനമില്ലാത്ത അഴിച്ചുപണികളുടെ അശാന്തിയില്‍ ഉഴറിയാണ് തന്റെ അതിവിപുലമായ രചനാപദ്ധതിയുടെ ആദ്യഭാഗത്തിന്റെ ഒന്നാം വാല്യം മാര്‍ക്‌സ് 1867–ല്‍ പ്രസിദ്ധീകരിച്ചത്. അതിന്റെ ബാക്കിഭാഗങ്ങള്‍ അദ്ദേഹം അന്തിമമായി പൂര്‍ത്തീകരിച്ചിട്ടുമില്ല. എങ്കിലും ഈ 'അപൂര്‍ണ്ണ ഗ്രന്ഥ'ത്തോളം അഗാധമായി ആധുനിക ലോകത്തെ അഭിസംബോധന ചെയ്യുകയും വിശദീകരിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥം മനുഷ്യവംശത്തിനു കൈവന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ അപൂര്‍ണ്ണ ഗ്രന്ഥത്തിന്റെ അഭാവത്തില്‍ നാം നമ്മെയും നമ്മുടെ കാലത്തേയും മനസ്‌സിലാക്കുന്നത് എത്രയോ ഭാഗികവും അപര്യാപ്തവുമായിത്തീര്‍ന്നേനെ. മൂലധനത്തിന്റെ ഇന്നും തുടരുന്ന സാംഗത്യവും അതുതന്നെയാണ്.

രണ്ട് 

അപൂര്‍ണ്ണവും താന്‍ വിഭാവനം ചെയ്ത മഹാഗ്രന്ഥപരമ്പരയുടെ ചെറിയൊരു ഭാഗവും ആണെന്നിരിക്കെത്തന്നെ, മൂലധനം മാര്‍ക്‌സ് അവതരിപ്പിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ കാര്യപരിപാടിയുടേയും അദ്ദേഹത്തിന്റെ ആകമാനമുള്ള ദാര്‍ശനിക സമീക്ഷയുടേയും കാതലായി നിലകൊള്ളുന്ന രചനയാണ്. ഭാഗികമായിരിക്കെത്തന്നെ അതൊരു സമഗ്ര ദര്‍ശനത്തെ സംഗ്രഹിക്കുന്നു. മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ കാര്യപരിപാടിയുടെ കാതലായി വികസിച്ചുവന്ന ആശയങ്ങളുടെ ഏറ്റവും സമഗ്രമായ വിശകലനമായി മൂലധനത്തെ കാണാനാവും. മൂലധനത്തില്‍ തെളിയുന്ന ഈ അടിസ്ഥാന പ്രമേയങ്ങളെ ലോറന്‍സ് ഹാരിസ് ഇങ്ങനെ സംഗ്രഹിക്കുന്നുണ്ട്. ഒന്ന്: മുതലാളിത്ത ഉല്പാദനവ്യവസ്ഥയുടെ കാതലായ വൈരുദ്ധ്യം നിലകൊള്ളുന്നത്, അതിന്റെ പുരോഗതിയുടേയും പതനത്തിന്റേയും അടിസ്ഥാനമായിരിക്കുന്നത് ഉല്പാദനത്തിലാണ്. രണ്ട്: സാമ്പത്തിക ബന്ധങ്ങളെ വിപഌവകരമായും പുതുക്കിപ്പണിയുന്ന ആദ്യത്തെ സാമൂഹ്യ ഉല്പാദനവ്യവസ്ഥയാണ് മുതലാളിത്തം. മൂന്ന്: അതെപ്പോഴും വിപുലമായ ഒരു തൊഴിലില്ലാപ്പടയെ നിലനിര്‍ത്തുന്നു. നാല്: മുതലാളിത്തം എപ്പോഴും സാമ്പത്തികാധികാരം കുത്തകകളില്‍ കേന്ദ്രീകരിക്കുന്ന പ്രവണത നിലനിര്‍ത്തുന്നു. അഞ്ച്: സാമ്പത്തിക പ്രതിസന്ധികള്‍ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ അനിവാര്യ ഭാഗമാണ്. ഈ അടിസ്ഥാന തത്ത്വങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് അരങ്ങേറുന്ന മുതലാളിത്ത വികസനം അധ്വാനവും മൂലധനവും തമ്മിലുള്ള അവസാനമില്ലാത്ത വൈരുദ്ധ്യമായിരിക്കുന്നതിന്റേയും അതു തൊഴിലാളിവര്‍ഗ്ഗവും മുതലാളിവര്‍ഗ്ഗവും തമ്മിലുള്ള വൈരുദ്ധ്യമായി പരിണമിക്കുന്നതിന്റേയും ചരിത്രപരവും അനുഭവനിഷ്ഠവും സൈദ്ധാന്തികവുമായ വിശദീകരണമാണ് മൂലധനം വാഗ്ദാനം ചെയ്യുന്നത്. ചുരുക്കത്തില്‍ ആധുനിക ലോകവ്യവസ്ഥയുടെ പ്രവര്‍ത്തന തത്ത്വങ്ങളിലേക്കും അതിലെ വൈരുദ്ധ്യങ്ങളിലേക്കുമാണ് മാര്‍ക്‌സ് വെളിച്ചം വീശിയത്. മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ കാര്യപരിപാടിക്കു നേരിട്ട എല്ലാ തിരിച്ചടികള്‍ക്കുശേഷവും മൂലധനത്തിലൂടെ മാര്‍ക്‌സ് നല്‍കിയ വിശദീകരണം അസ്ഥാനത്തായിട്ടില്ല. മൂലധനത്തിലൂടെ ആധുനിക ലോകത്തിന് അതിനെ സ്വയം നോക്കിക്കാണാനുള്ള കണ്ണ് നല്‍കുകയായിരുന്നു മാര്‍ക്‌സ്.
മുതലാളിത്ത ഉല്പാദനവ്യവസ്ഥയുടെ വിശകലനമായിരിക്കെത്തന്നെ മൂലധനം ഒരു ചരിത്രഗ്രന്ഥം കൂടിയാണ്. ചരിത്രപഠനങ്ങള്‍ എന്ന നിലയില്‍ മാര്‍ക്‌സ് എഴുതിയ മറ്റു ചില പഠനങ്ങള്‍ ഉണ്ട്. ലൂയി ബോണപ്പാര്‍ട്ടിന്റെ ബ്രൂമെയര്‍ 18, ഫ്രാന്‍സിലെ വര്‍ഗ്ഗസമരം, ഫ്രാന്‍സിലെ ആഭ്യന്തരസമരം തുടങ്ങിയ രചനകള്‍. വാസ്തവത്തില്‍ അവയെക്കാളൊക്കെ മാര്‍ക്‌സിന്റെ ചരിത്രപരമായ വിശകലനത്തിന്റെ ബലം തെളിഞ്ഞുകാണുന്ന രചനയാണ് മൂലധനം. മുതലാളിത്ത ഉല്പാദനവ്യവസ്ഥയെ ചരിത്രപരമായ ഭൗതികവാദ സമീപനത്തെ മുന്‍നിര്‍ത്തി വിശകലനവിധേയമാക്കുകയാണ് അതില്‍ മാര്‍ക്‌സ് ചെയ്യുന്നത്. ഈ വിശകലനം സമ്പദ്‌വ്യവസ്ഥയെ മുന്‍നിര്‍ത്തി മാത്രമാണ് മാര്‍ക്‌സ് നടത്തുന്നതെന്നും മുതലാളിത്തം ഒരു സാമൂഹ്യ വ്യവസ്ഥയെന്ന നിലയില്‍ സമ്പദ്‌വ്യവസ്ഥ മാത്രമല്ലെന്നും പില്‍ക്കാലത്തു വിശദീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമ്പദ് വ്യവസ്ഥയ്ക്കും ഉല്പാദന പ്രക്രിയയ്ക്കും അപ്പുറത്തേക്ക് മാര്‍ക്‌സിന്റെ കാഴ്ച ചെന്നില്ല എന്ന വിമര്‍ശനത്തിന്റെ യാഥാര്‍ത്ഥ്യം വാസ്തവത്തില്‍ വളരെ സംശയാസ്പദമാണ്. മുതലാളിത്തം സ്വയം പുനരുല്പാദിപ്പിക്കുന്നത് എങ്ങനെയെന്നും പ്രാങ്മുതലാളിത്ത ബന്ധങ്ങളില്‍നിന്നും മുതലാളിത്തം ഉയര്‍ന്നുവന്നതെങ്ങനെയെന്നും മുതലാളിത്ത വികാസത്തിന്റേയും തകര്‍ച്ചയുടേയും അടിസ്ഥാനമായിരിക്കുന്ന സാമൂഹ്യബലതന്ത്രം എന്തെന്നും മുതലാളിത്തത്തിന്റെ പ്രതലദൃശ്യങ്ങള്‍ അതിന്റെ ആന്തരികയാഥാര്‍ത്ഥ്യത്തെ ദമനം ചെയ്യുന്നതെങ്ങനെയെന്നുമുള്ള ചോദ്യങ്ങള്‍ മാര്‍ക്‌സ് തന്റെ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. കേവലമായ സാമ്പത്തിക വിശകലനം എന്നതില്‍നിന്നും മൂലധനത്തെ വ്യത്യസ്തമാക്കുന്ന അടിസ്ഥാന ഘടകവും ഈ ചോദ്യങ്ങളും അവയ്ക്ക് മാര്‍ക്‌സ് നല്‍കുന്ന ഉത്തരങ്ങളുമാണ് എന്നു പറയാം.
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെങ്കില്‍, അഥവാ മുതലാളിത്തം എന്ന ഉല്പാദനവ്യവസ്ഥയുടെ ഉത്ഭവവും പ്രവര്‍ത്തനക്രമവും വിശദീകരിക്കപ്പെടണമെങ്കില്‍, മൂര്‍ത്ത വിശദീകരണങ്ങളുടേയും അമൂര്‍ത്തമായ സിദ്ധാന്തവല്‍ക്കരണത്തിന്റേയും ലോകങ്ങളെ ഒരുപോലെ കൂട്ടിയിണക്കേണ്ടതുണ്ട്. മൂലധനം എന്ന കൃതിയുടെ മൗലികത കുടികൊള്ളുന്നതും അതിലാണ്. അതു പലര്‍ക്കും പലതായി അനുഭവപ്പെട്ടതിനു കാരണവും മറ്റൊന്നല്ല. അതുകൊണ്ട് ചിലര്‍ മുതലാളിത്തത്തിന്റെ ഹിംസാത്മകമായ ഉദയത്തേയും തൊഴിലിടങ്ങളിലെ മാരകവും മനുഷ്യവിരുദ്ധവും അത്യന്തം ചൂഷണാത്മകവുമായ സ്ഥിതിവിശേഷങ്ങളേയും തികച്ചും വസ്തുതാപരമായി തുറന്നുകാണിക്കുന്ന ഒരു കൃതിയായാണ് മൂലധനത്തെ മനസ്സിലാക്കുന്നത്. അനുഭവാസ്പദം (emperical) എന്നു വിശേഷിപ്പിക്കാവുന്ന വിവരങ്ങളുടെ സമൃദ്ധിയാലും വസ്തുതാപരമായ കൃത്യതയാലും മാര്‍ക്‌സ് മുതലാളിത്ത വ്യവസ്ഥയുടെ പ്രകൃതത്തെ മൂലധനത്തില്‍ അനാവരണം ചെയ്യുന്നുണ്ട് എന്നതു ശരിയാണ്. ആ നിലയില്‍ മൂലധനത്തെ വായിക്കുന്നതു തെറ്റല്ല താനും. എന്നാല്‍ അവിടെ അവസാനിക്കുന്ന ഒരു രചനയല്ല അത്. സമൂര്‍ത്തമായ വിവരണത്തോടൊപ്പം മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ കാതലായിരിക്കുന്ന സാമ്പത്തിക സംവര്‍ഗ്ഗങ്ങളുടെ വിശകലനം വഴി അതിന്റെ ആന്തരിക വൈരുദ്ധ്യത്തെ പുറത്തുകൊണ്ടുവരുന്ന അഗാധമായ സിദ്ധാന്തവല്‍ക്കരണത്തിനും മാര്‍ക്‌സ് മുതിരുന്നുണ്ട്. ഈ സൈദ്ധാന്തിക മാനമാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യാവസായിക മുതലാളിത്ത വ്യവസ്ഥയുടെ വിശകലനം എന്നതിനപ്പുറത്തേയ്ക്കു മൂലധനത്തെ കൊണ്ടുപോയത്. ഇരുപതാം നൂറ്റാണ്ടിലെ, ഇപ്പോഴത്തേയും മൂലധനത്തിന്റെ തുടര്‍ജീവിതത്തിന് അടിസ്ഥാനമായതും മറ്റൊന്നല്ല.
വാസ്തവത്തില്‍ മാര്‍ക്‌സ് വികസിപ്പിച്ചെടുത്ത വൈരുദ്ധ്യാത്മക വിചിന്തന രീതിയുടെ ഏറ്റവും മൂര്‍ത്തമായ പ്രയോഗസ്ഥാനമാണ് മൂലധനം എന്നു പറയാം. 1857–59 കാലത്തു തയ്യാറാക്കിയ പഠനക്കുറിപ്പുകളില്‍ (Grundisse എന്ന പേരില്‍ പില്‍ക്കാലത്തു പ്രസിദ്ധീകരിക്കപ്പെട്ടത്) താന്‍ പിന്‍പറ്റാന്‍ ശ്രമിക്കുന്ന വിശകലനരീതിയുടെ ബീജരൂപം മാര്‍ക്‌സ് നല്‍കുന്നുണ്ട്. മുതലാളിത്തത്തെ മനസ്സിലാക്കണമെങ്കില്‍ അതിന്റെ പ്രാഥമിക ഘടകങ്ങളില്‍നിന്നും അടിസ്ഥാന സംവര്‍ഗ്ഗങ്ങളില്‍നിന്നും നാം വിശകലനമാരംഭിക്കണം എന്ന് മാര്‍ക്‌സ് പറയുന്നു. അവയുടെ പരസ്പരബന്ധത്തേയും അവ തമ്മിലുള്ള വൈരുദ്ധ്യത്തേയും വെളിപ്പെടുത്തിക്കൊണ്ട്, മുതലാളിത്ത സമൂഹത്തിലെ ദൈനംദിന പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ പര്യാപ്തമായ സങ്കീര്‍ണ്ണമായ വിശകലനത്തെ പടുത്തുയര്‍ത്തുക. മൂലധനം ഇത്തരമൊരു രീതിസങ്കല്പത്തിന്റെ വിശദീകരണമാണ്. ചരക്ക് (commodity) എന്ന സരളവും പ്രാഥമികവുമായ സങ്കല്പനത്തിന്റെ അത്യന്തം അമൂര്‍ത്തവും സങ്കീര്‍ണ്ണവുമായ വിശകലനത്തില്‍ നിന്നാണ് അത് ആരംഭിക്കുന്നത്. അവിടെനിന്നു പടിപടിയായി പണം, മൂലധനം, തൊഴിലില്ലായ്മയും തൊഴിലില്ലാപ്പടയും മൂലധനചംക്രമണം, മൂലധനത്തിന്റെ പുനരുല്പാദനം, വായ്പാസംവിധാനം, മുതലാളിത്ത പ്രതിസന്ധികള്‍, കുത്തക മൂലധനത്തിന്റെ ഉദയം തുടങ്ങിയ പ്രമേയങ്ങളുടെ വിശകലനത്തിലേക്ക് അതു പടിപടിയായി വളരുന്നു. ഓരോ സംവര്‍ഗത്തിന്റേയും വിശകലനവേളയില്‍ അതില്‍ നിലീനമായ ആഭ്യന്തര വൈരുദ്ധ്യത്തെ വെളിപ്പെടുത്തിക്കൊണ്ട് പുതിയ സംവര്‍ഗ്ഗങ്ങളുടെ അവതരണത്തിലേക്കും വിശകലനത്തിലേക്കും മാര്‍ക്‌സ് നീങ്ങുന്നതു കാണാനാവുമെന്ന് ലോറന്‍സ് ഹാരിസ് സൂചിപ്പിക്കുന്നു. ഉദാഹരണമായി, ചരക്കില്‍ നിലീനമായ ആന്തരവൈരുദ്ധ്യമാണ്, ഉപയോഗമൂല്യവും വിനിമയമൂല്യവും തമ്മിലുള്ള വൈരുദ്ധ്യമാണ് പണത്തിന്റെ അടിസ്ഥാനമായി മാറുന്നത്. മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മക വിചിന്തനരീതി അതിന്റെ സമഗ്രസ്വരൂപം കൈവരിച്ച രചനയായി മൂലധനം മാറിത്തീരുന്നതും അങ്ങനെയാണ്.
മൂലധനത്തിന്റെ മൂന്നു വാള്യങ്ങളില്‍ മാര്‍ക്‌സ് നടത്തുന്ന വിഷയവിഭജനം തന്നെ അദ്ദേഹത്തിന്റെ വിശകലനരീതിയുടേയും പടിപടിയായി വികസിക്കുന്ന അമൂര്‍ത്തവല്‍ക്കരണത്തിന്റേയും നല്ല മാതൃകയാണ്. മുതലാളിത്ത ഉല്പാദനത്തിന്റെ വിശകലനത്തില്‍നിന്നാണ് മാര്‍ക്‌സ് തന്റെ ചര്‍ച്ച ആരംഭിക്കുന്നത്. അതില്‍ മൂലധനത്തിന്റെ അടിസ്ഥാന പ്രകൃതമായ സ്വയം വികാസശേഷിയെ അദ്ദേഹം അനാവരണം ചെയ്യുന്നു. മൂലധനത്തിന്റെ ഈ വികാസശേഷി അതിനു കൈവരുന്നതു മിച്ചമൂല്യ ഉല്പാദനത്തിലൂടെയും അതു കയ്യടക്കി വയ്ക്കുന്നതിലൂടെയും ആണെന്ന് മാര്‍ക്‌സ് വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ, ഉല്പാദനക്രിയയ്ക്കു മേലുള്ള മൂലധനാധിപത്യമാണ് ഇതു സാധ്യമാക്കുന്നതെന്നു വിശദീകരിക്കുകയും അവിടെനിന്നു രണ്ടാം വാല്യത്തിലെ മുഖ്യ ചര്‍ച്ചാവിഷയമായ മൂലധനപരിക്രമത്തിലേക്ക് മാര്‍ക്‌സ് കടക്കുന്നു. മൂന്നാംവാല്യത്തിലെത്തുമ്പോള്‍ മാര്‍ക്‌സിന്റെ മുഖ്യ പരിഗണനാവിഷയം സങ്കീര്‍ണ്ണമായ മുതലാളിത്ത മത്സരത്തിന്റേതാണ്. പൊതുമൂലധനം എന്നതില്‍നിന്നും മൂലധനത്തിന്റെ വിവിധ രൂപങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റേയും മിച്ചമൂല്യം, ലാഭം, പലിശ, പാട്ടം മുതലായ രൂപങ്ങളിലേക്ക് അതു പിരിയുന്നതിന്റേയും വിപണിശക്തികള്‍ ചെലുത്തുന്ന സ്വാധീനത്തിനു കീഴില്‍ അരങ്ങേറുന്ന ഉല്പാദനപ്രക്രിയയുടെ ബലതന്ത്രത്തിന്റേയും വിശകലനവും മൂന്നാം വാല്യത്തില്‍ കാണാനാകും.
ഇങ്ങനെ പടിപടിയായി മൂലധനത്തെ അതിന്റെ അമൂര്‍ത്ത ജീവിതത്തിന്റെ വിവിധ പടവുകളില്‍ വച്ചു വിശകലനം ചെയ്യുകയാണ് മാര്‍ക്‌സ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ചര്‍ച്ചയുടെ കേന്ദ്രത്തിലുള്ള സാമ്പത്തിക സംവര്‍ഗ്ഗങ്ങള്‍ നിരന്തരമായി പരിവര്‍ത്തനവിധേയമാകുകയും ചെയ്യുന്നു. അങ്ങനെ, പൊതുമൂലധനത്തിന്റെ ചര്‍ച്ചയുടെ സന്ദര്‍ഭത്തില്‍ പ്രാധാന്യം കൈവരിച്ച മിച്ചമൂല്യം എന്ന ആശയം പിന്നീട് ലാഭം ഉള്‍പ്പെടെയുള്ള മൂലധനരൂപങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കു വഴിതിരിയുന്നു. അതുപോലെ ഒന്നാം വാല്യത്തിലെ മൂല്യം എന്ന സങ്കല്പനം വിപണിയുമായുള്ള അതിന്റെ ബന്ധങ്ങളെ മുന്‍നിര്‍ത്തിയുള്ള വിശകലനത്തിലേക്കു നീങ്ങുന്നതു മൂന്നാം വാല്യത്തില്‍ കാണാനാവും. മൂല്യം വിലയായി പരിണമിക്കുന്നതില്‍ ഉള്‍ച്ചേര്‍ന്ന പ്രശ്‌നങ്ങള്‍ (Transformation problem) പില്‍ക്കാല മാര്‍ക്‌സിന്റെ സാമ്പത്തിക ആലോചനകളുടെ കേന്ദ്രമായിരുന്നുവെന്നും പഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാര്‍ക്‌സിന്റെ വിശകലനപദ്ധതിയുടേയും അദ്ദേഹം പിന്‍പറ്റിയ സങ്കല്പനോപാധികളുടേയും നിരന്തര പരിവര്‍ത്തന പ്രകൃതത്തിലേക്കുകൂടി ഇതു വെളിച്ചം വീശുന്നുണ്ട്.
ഈ പരിവര്‍ത്തനോന്‍മുഖത മൂലധനത്തെ ഒരു തുറന്ന പാഠമായി (Open Text) നിലനിര്‍ത്തുന്നു എന്ന കാര്യവും പ്രധാനമാണ്. അന്തിമരൂപം കൈവന്ന ഒരു സുനിശ്ചിത പാഠം എന്നതിലുപരി, മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പാഠമായാണ് (A text in progress), സത്താപരം എന്നതിനേക്കാള്‍ പ്രക്രിയാപരമായി നിലകൊള്ളുന്ന ഒരു രചനയായാണ് മൂലധനം ഇപ്പോള്‍ മനസ്‌സിലാക്കപ്പെടുന്നത്. ഒരു ഭാഗത്തു മൂലധനത്തിന്റെ വിശകലനപദ്ധതി മുതലാളിത്തം എന്ന നിരന്തരം വികസിക്കുന്ന ചരിത്രാനുഭവവുമായി ചേര്‍ന്നുനില്‍ക്കുന്നു എന്നതും മറുഭാഗത്തു മൂലധനം മുന്നോട്ടുവയ്ക്കുന്ന സൈദ്ധാന്തിക സമീക്ഷകള്‍, ഇനിയും വികസിപ്പിക്കപ്പെടാവുന്ന നിലകളില്‍ തുറന്നിരിക്കുന്നു എന്നതുമാണ് മൂലധനത്തെ പ്രക്രിയാപരമായ പ്രകൃതമുള്ള പാഠമാക്കി മാറ്റുന്നത് എന്നു പറയാം. മാര്‍ക്‌സ് ഗ്രുണ്ടിസ്സെയില്‍ സൂചിപ്പിക്കുന്ന അതിവിപുലമായ പഠനപദ്ധതിയുടെ ഭാഗികമായ ആവിഷ്‌കാരമാണ് മൂലധനം എന്ന കാര്യവും ഇതോടൊപ്പം ഓര്‍മ്മിക്കണം. അതോടൊപ്പം മാര്‍ക്‌സിസ്റ്റ് ചിന്താപദ്ധതിയില്‍ വലിയ പ്രാധാന്യം വന്ന പല പ്രമേയങ്ങളും മൂലധനത്തില്‍ സൂചനാരൂപത്തില്‍ മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. സാമ്പത്തികബന്ധങ്ങളും സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക ബന്ധങ്ങളും തമ്മിലുള്ള വിനിമയത്തെ വിപുലമായ പരിശോധനയ്ക്കു വിധേയമാക്കാന്‍ മാര്‍ക്‌സ് ശ്രമിച്ചിട്ടില്ല. വര്‍ഗ്ഗങ്ങളെ സാമ്പത്തികബന്ധങ്ങള്‍ക്കകത്തു സ്ഥാനനിര്‍ണ്ണയം ചെയ്യുകയും അതിന്റെ വൈരുദ്ധ്യാത്മകത പരിശോധിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, ഇത് മാര്‍ക്‌സ് ലക്ഷ്യമാക്കുന്ന വര്‍ഗ്ഗവിശകലനത്തിന്റെ പ്രാരംഭസ്ഥാനമാണെന്ന കാര്യം പഠിതാക്കള്‍ എടുത്തുപറയുന്നുണ്ട്. വര്‍ഗ്ഗങ്ങളുടെ സാമ്പത്തിക അടിത്തറയെക്കുറിച്ചുള്ള തിരിച്ചറിവുകളെ വര്‍ഗ്ഗാവബോധത്തിന്റേയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റേയും ആശയങ്ങളുമായി ഉദ്ഗ്രഥിക്കുന്ന വിപുലമായ ഒരു വര്‍ഗ്ഗവിശകലന പദ്ധതിയിലേക്കുകൂടിയാണ് മൂലധനം തുറന്നുകിടക്കുന്നത് എന്നര്‍ത്ഥം. 
ഇങ്ങനെ, പിന്നിട്ട ഒന്നര നൂറ്റാണ്ടുകാലമായി ലോകയാഥാര്‍ത്ഥ്യത്തെ നിര്‍ണ്ണയിച്ചുപോരുന്ന ആധാരഹേതുക്കളിലൊന്നിനെക്കുറിച്ചുള്ള ഏറ്റവും ഗാഢമായി തിരിച്ചറിവുകളുടെ സ്രോതസ്‌സായിരിക്കെത്തന്നെ, മൂലധനം ഒരടഞ്ഞ പുസ്തകവും അന്തിമപ്രമാണവുമാവാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ മൂലധനത്തിന്റെ ഈ ആഭ്യന്തര പ്രകൃതമാണ് അതിനു തുടര്‍ജീവിതം നല്‍കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് എന്നും പറയാം. 1867–ല്‍ ഒന്നാം വാല്യം പുറത്തുവരികയും നാലു പതിറ്റാണ്ടോളം കഴിഞ്ഞ് 1905–ല്‍ മിച്ചമൂല്യസിദ്ധാന്തങ്ങളുടെ പ്രസിദ്ധീകരണത്തോടെ പൂര്‍ത്തിയാവുകയും ചെയ്ത മൂലധനം പിന്നീട് മാര്‍ക്‌സിസ്റ്റ് സംവാദങ്ങളിലും മാര്‍ക്‌സിസത്തിനു പുറത്തുള്ള സംവാദമണ്ഡലങ്ങളിലും പല നിലകളില്‍ വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, നമ്മുടെ കാലത്തിന്റെ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാന്‍ മറ്റെന്തിലും ഉപരിയായി ഉപയോഗമാവുന്നതു മൂലധനം അവതരിപ്പിക്കുന്ന ആശയങ്ങളും വിശദീകരണങ്ങളുമാണെന്നു നിയോ ലിബറല്‍ സാമ്പത്തിക വിദഗ്ദ്ധര്‍ക്കുപോലും ചിലപ്പോഴൊക്കെ തോന്നുകയും ചെയ്തു. പരസ്പര ഭിന്നഭിന്നങ്ങളായ ഇത്തരം വായനകള്‍ ജന്മം നല്‍കിയ പാഠജീവിതത്തെക്കൂടിയാണ് നാമിന്നു മൂലധനമായി മനസ്സിലാക്കുന്നത്. അങ്ങനെ, അതൊരു സുനിശ്ചിത പാഠം എന്നതില്‍നിന്ന് ഒരു വിപുല വ്യവഹാരമായി പരിണമിച്ചിരിക്കുന്നു.

മൂന്ന്

1867 സെപ്റ്റംബറില്‍നിന്ന് 1917 ഒക്‌ടോബറിലേക്കുള്ള അരനൂറ്റാണ്ട് പിന്നിട്ടപ്പോള്‍ ഒരര്‍ത്ഥത്തില്‍, മൂലധനം വാഗ്ദാനം ചെയ്ത രാഷ്ട്രീയ വിപഌവം അരങ്ങേറി എന്നു പറയാം. 1917–ലെ റഷ്യന്‍ വിപഌവം, പിന്നാലെ വന്ന പഞ്ചവത്സര പദ്ധതികളുടെ വിജയവും രണ്ടാം ലോകമഹായുദ്ധത്തിലെ സോവിയറ്റ് വിജയവും നല്‍കിയ പരിവേഷത്തിനുള്ളില്‍ മൂലധനം വാഗ്ദാനം ചെയ്ത വിപഌവ മുന്നേറ്റമായിത്തന്നെയാണ് വിലയിരുത്തപ്പെട്ടത്. എങ്കിലും ഗ്രാംഷി വിശേഷിപ്പിച്ചതുപോലെ ഒക്‌ടോബര്‍ വിപഌവം മൂലധനത്തിനെതിരായ വിപഌവം കൂടിയായിരുന്നു (Revolution aganist Capital). മൂലധനത്തില്‍ കാര്യമായി ഇടംപിടിക്കാതെ പോയ ഒരു രാജ്യമായിരുന്നു റഷ്യ. മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടുന്നവരായി മാര്‍ക്‌സ് വിഭാവനം ചെയ്ത വ്യവസായത്തൊഴിലാളികള്‍ (industrial working class) റഷ്യയില്‍ കാര്യമായി രൂപംകൊണ്ടിരുന്നില്ല. എങ്കിലും മൂലധനത്തിന് അരനൂറ്റാണ്ട് തികയുമ്പോഴേക്കും റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തി. മൂലധനത്തിന്റെ ചരിത്രജീവിതത്തിലെ നിര്‍ണ്ണായക സന്ദര്‍ഭമായിരുന്നു അത്. ഗ്രാംഷിയുടെ ഭാഷയില്‍ 'മൂലധനത്തിനെതിരായ വിപഌവം' ആയിരുന്നപ്പോള്‍ത്തന്നെ അതായിരുന്നു മൂലധനത്തിന്റെ പില്‍ക്കാല ജീവിതത്തെ മുഴുവന്‍ നിര്‍ണ്ണയിച്ച സുപ്രധാന വസ്തുത.
വാസ്തവത്തില്‍ റഷ്യയും മൂലധനവുമായുള്ള വൈരുദ്ധ്യപൂര്‍ണ്ണമായ വിനിമയങ്ങള്‍ മാര്‍ക്‌സിന്റെ ജീവിതകാലത്തുതെന്ന അരങ്ങേറുന്നുണ്ടായിരുന്നു. ബൂര്‍ഷ്വാസിയെ കടപുഴക്കിയെറിഞ്ഞ് ഒരു പുതിയ ലോകം തീര്‍ക്കാന്‍ കെല്‍പ്പുള്ളവരെന്ന് മാര്‍ക്‌സ് വിഭാവനം ചെയ്ത വ്യവസായത്തൊഴിലാളികളുടെ കേന്ദ്രങ്ങളില്‍ മൂലധനം കാര്യമായ പ്രതികരണങ്ങളൊന്നും ഉളവാക്കിയില്ല. മൂലധനത്തിന്റെ ആദ്യ ജര്‍മ്മന്‍ പതിപ്പ് ഏകദേശം അഞ്ചു വര്‍ഷങ്ങള്‍കൊണ്ട് ആയിരം കോപ്പികള്‍ മാത്രം വിറ്റഴിക്കപ്പെട്ടപ്പോള്‍, വ്യവസായത്തൊഴിലാളികള്‍ ഏറ്റവും പ്രബലമായി ഉയര്‍ന്നുവന്ന ഇംഗ്ലണ്ടില്‍ മൂലധനം ശ്രദ്ധിക്കപ്പെട്ടതേയില്ല. മൂലധനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കായുള്ള മാര്‍ക്‌സിന്റെ മോഹം അദ്ദേഹത്തിന്റെ ജീവിതകാലത്തു പൂര്‍ത്തീകരിക്കപ്പെട്ടതുമില്ല. ''ഇതിനേക്കാള്‍ പ്രയാസകരമായ സാഹചര്യങ്ങളില്‍ എഴുതപ്പെട്ട പുസ്തകങ്ങള്‍ ഏറെയൊന്നും ഉണ്ടാവില്ല' എന്നാണ് ജെന്നി മാര്‍ക്‌സ് പിന്നീട് ഒരു കത്തില്‍ എഴുതിയത്. ''ആര്‍ക്കുവേണ്ടിയാണോ ഇത്രമേല്‍ യാതനകള്‍ സഹിച്ച് മാര്‍ക്‌സ് തന്റെ ഗ്രന്ഥം പൂര്‍ത്തിയാക്കിയത് അവര്‍ക്ക് അതിന്റെ പൂര്‍ത്തീകരണത്തിനായി സഹിക്കേണ്ടിവന്ന ത്യാഗത്തെക്കുറിച്ചു ചെറിയ ധാരണയെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ബ്രിട്ടനിലേയും ജര്‍മ്മനിയിലേയും തൊഴിലാളികള്‍ മൂലധനത്തെക്കുറിച്ച് അല്പംകൂടി താല്പര്യം പ്രകടിപ്പിക്കുമായിരുന്നു'വെന്നും ജെന്നി ആ കത്തില്‍ ഖേദിക്കുന്നുണ്ട്. ഒരു മഹാവിപഌവത്തിനു നാന്ദികുറിക്കുമെന്നു കരുതപ്പെട്ട ആ ഗ്രന്ഥം ആദ്യഘട്ടത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നിശ്ശബ്ദതയില്‍ ആണ്ടുപോവുകയായിരുന്നു.
ഇതിനിടയിലാണ് റഷ്യയില്‍ മൂലധനത്തിന്റെ അരങ്ങുണര്‍ന്നത്. 1872–ല്‍ പുറത്തുവന്ന റഷ്യന്‍ വിവര്‍ത്തനത്തിന്റെ 3000 കോപ്പികള്‍ ആ വര്‍ഷം തന്നെ വിറ്റുതീര്‍ന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മൂലധനം മിക്കവാറും അജ്ഞാതമായിരുന്നപ്പോള്‍ റഷ്യന്‍ പത്രങ്ങളില്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകളും നിരൂപണങ്ങളും തുടരെത്തുടരെ പ്രത്യക്ഷപ്പെട്ടു. ''കാല്‍ നൂറ്റാണ്ടുകാലമായി താന്‍ എതിരിട്ടുകൊണ്ടിരിക്കുന്ന റഷ്യക്കാര്‍ തന്നെ തന്റെ സംരക്ഷകരായി മാറുന്നതിലെ വിരോധാഭാസ'ത്തെക്കുറിച്ച് മാര്‍ക്‌സ് തന്നെ എംഗല്‍സിനെഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുതലാളിത്തത്തിലേക്കു പരിവര്‍ത്തനപ്പെടാതെ റഷ്യയില്‍ വിപഌവപരമായ സാമൂഹ്യ പരിവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിനുള്ള അടിത്തറയായി റഷ്യയിലെ കര്‍ഷക കമ്മ്യൂണുകള്‍ മാറിത്തീരുമോ എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചയില്‍ മാര്‍ക്‌സും മൂലധനവും സമൃദ്ധമായി ഉപയോഗിക്കപ്പെട്ടു. വിപഌവത്തിന്റെ വഴികളെക്കുറിച്ചുള്ള പുനരാലോചനയിലേക്ക് റഷ്യന്‍ അനുഭവം മാര്‍ക്‌സിനെ തള്ളിവിടുകയും ചെയ്തു. റഷ്യന്‍ വിപഌവകാരിയായ വേരാസ സൂലിച്ചിനുള്ള കത്തിലും തന്റെ ജീവിതത്തിന്റെ അവസാന പതിറ്റാണ്ടില്‍ റഷ്യന്‍ ഭാഷയും റഷ്യയിലെ കാര്‍ഷിക പ്രശ്‌നങ്ങളും ആഴത്തില്‍ പഠനവിധേയമാക്കാനുള്ള മാര്‍ക്‌സിന്റെ തീരുമാനത്തിനു പിന്നിലും എല്ലാം മൂലധനം റഷ്യയില്‍ ചെലുത്തിയ സ്വാധീനം ഒരു സുപ്രധാന ഘടകമായിരുന്നു.
മൂലധനത്തിന്റെ പ്രസാധനചരിത്രത്തിലെ ഈ വിരോധാഭാസം ഒരു നിലയ്ക്ക്, അതിന്റെ പില്‍ക്കാല ജീവിതത്തിലുടനീളം തുടരുന്നുണ്ട് എന്നു പറയാം. മൂലധനത്തിന്റെ പൂരണങ്ങളും വിപുലീകരണങ്ങളും വിശദീകരണങ്ങളും മറ്റുമായി ഒട്ടനവധി രചനകള്‍ പില്‍ക്കാലത്തു പുറത്തുവന്നു. അവയെല്ലാം മൂലധനത്തെ പലനിലകളില്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. മൂലധനത്തെ പരിഷ്‌കരിക്കുകയോ പൂരിപ്പിക്കുകയോ ചിലപ്പോഴെങ്കിലും തിരുത്താന്‍ തന്നെ ശ്രമിക്കുകയോ ചെയ്തുകൊണ്ടാണ് ഈ ശ്രമങ്ങള്‍ മൂലധനത്തിന്റെ പില്‍ക്കാലമായി പരിണമിച്ചത്. 'മൂലധനത്തിനെതിരായ വിപഌവം' എന്ന് ഗ്രാംഷി വിശേഷിപ്പിച്ച റഷ്യന്‍ വിപഌവത്തെ മൂലധനത്തിലെ മുതലാളിത്ത വിശകലനവുമായി കൂട്ടിയിണക്കുകയായിരുന്നു ലെനിന്റെ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടം (imperialism : The highest stage of Capitalism) എന്ന കൃതി ചെയ്തത്. 1916–ല്‍ പുറത്തുവന്ന ആ ഗ്രന്ഥം മുതലാളിത്ത വളര്‍ച്ച ലോകവ്യാപകമായ സാമ്രാജ്യത്വ ശൃംഖലയായി വളര്‍ന്നുകഴിഞ്ഞെന്നു വിലയിരുത്തിക്കൊണ്ട്, അതിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് ഏറ്റവും എളുപ്പം പൊട്ടിക്കാനാവുക എന്നു വിശദീകരിച്ചു. ലെനിന്റെ ഗ്രന്ഥം പുറത്തുവരുന്നതിനു മുന്‍പുതന്നെ കൗട്‌സ്‌കിയുടെ കാള്‍മാര്‍ക്‌സിന്റെ സാമ്പത്തിക തത്ത്വങ്ങള്‍ (Economic Doctrines of Karl Marx) പുറത്തുവന്നിരുന്നുവെങ്കിലും അതു മൂലധനതത്ത്വങ്ങളെ പരിചയപ്പെടുത്തുന്നതിനപ്പുറത്തേക്കു നീങ്ങിയിരുന്നില്ല. ലെനിനാകട്ടെ, മുതലാളിത്ത വളര്‍ച്ചയിലേക്കു കാര്യമായി കടന്നുചെന്നിട്ടില്ലാത്ത റഷ്യയിലെ വിപഌവസാധ്യതകളെ അരക്കിട്ടുറപ്പിക്കുകയാണ് തന്റെ കൃതിയിലൂടെ ചെയ്തത്. അതിനു മുന്‍പു തെന്ന റഷ്യ മുതലാളിത്ത വളര്‍ച്ചയിലേക്കു കാലൂന്നിയതിന്റെ ചിത്രം വരച്ചുവച്ചുകൊണ്ട്, റഷ്യന്‍ വിപഌവത്തിന്റെ സാധ്യതയേയും റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗ രൂപീകരണത്തേയും ലെനിന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു (The Development of Capitalism in Russia  1899). എങ്കിലും സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ലെനിന്റെ സിദ്ധാന്തീകരണം അതിനപ്പുറം പോകുന്ന ഒന്നായിരുന്നു. മുതലാളിത്ത വളര്‍ച്ചയെ സംബന്ധിക്കുന്ന മൂലധനത്തിലെ ആശയങ്ങളെ പുതിയ ഒരു സൈദ്ധാന്തികതലത്തിലേക്കു വികസിപ്പിക്കുവാന്‍ ലെനിനു കഴിഞ്ഞു. മൂലധനത്തിന്റെയെന്നപോലെ, മാര്‍ക്‌സിസത്തിന്റേയും പില്‍ക്കാല ജീവിതത്തിലെ അടിസ്ഥാനങ്ങളിലൊന്നായി ആ കൃതി മാറിത്തീരുകയും ചെയ്തു.
ലെനിന്റെ ഈ ഇടപെടലുകള്‍ക്കു സമാന്തരമായി മൂലധനത്തെക്കുറിച്ചുള്ള വിശകലനങ്ങളും വീണ്ടുവിചാരങ്ങളും അരങ്ങേറിയത് ജര്‍മ്മനിയിലായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിനൊടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകത്തിലും യൂറോപ്പിലെ ഏറ്റവും പ്രബലമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജര്‍മ്മനിയിലേതായിരുന്നു. ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതാവായിരുന്ന ബേണ്‍സ്റ്റീന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ തന്നെ മാര്‍ക്‌സിന്റെ മുതലാളിത്ത സംവര്‍ഗ്ഗങ്ങള്‍ കാലഹരണപ്പെട്ടതായി വാദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പരിഷ്‌കരണവാദ നിലപാടിന്റെ ഉല്പന്നം കൂടിയായിരുന്നു പരിണാമാത്മക സോഷ്യലിസത്തെ (Evolutionary Socialism 1899) ക്കുറിച്ചുള്ള ബേണ്‍സ്റ്റീന്റെ ഗ്രന്ഥം. വിപഌവപരമായ മുന്നേറ്റങ്ങള്‍ക്കു പകരം മുതലാളിത്ത വളര്‍ച്ച പ്രദാനം ചെയ്യുന്ന സാമ്പത്തിക മികവുകളുടെ ക്രമീകരണം വഴി സോഷ്യലിസത്തിലേക്കു കടന്നുകയറാന്‍ കഴിയുമെന്ന ബേണ്‍സ്റ്റീന്റെ വാദം ഫലത്തില്‍, മാര്‍ക്‌സ് മൂലധനത്തില്‍ നടത്തിയ മുതലാളിത്ത വിശകലനത്തിന്റെ നിരാസം തന്നെയായിരുന്നു. എങ്കിലും ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ആ നിലപാടിന് ഒരു ഘട്ടത്തില്‍ ചെറുതല്ലാത്ത സ്വാധീനം കൈവന്നു.
ബേണ്‍സ്റ്റീ–ന്റേയും പരിഷ്‌കരണവാദികളുടേയും നിലപാടിനെതിരെ നിലയുറപ്പിച്ചുകൊണ്ടുതന്നെ മൂലധനത്തിലെ നിഗമനങ്ങളെ വികസിപ്പിക്കാനാണ് റോസ ലക്‌സംബര്‍ഗ് ശ്രമിച്ചത്. 1913–ല്‍ പുറത്തുവന്ന മൂലധനസഞ്ചയത്തെക്കുറിച്ചുള്ള അവരുടെ ഗ്രന്ഥം (Accumulation of Capital) ആ ദിശയിലുള്ള നിര്‍ണ്ണായകമായ നീക്കമാണ്. മൂലധനത്തെ അപൂര്‍ണ്ണമായ ഒരു ഗ്രന്ഥമായാണ് ലക്‌സംബര്‍ഗ് കണ്ടത്. മൂലധനത്തിന്റെ രണ്ടും മൂന്നും വാല്യങ്ങള്‍ മാര്‍ക്‌സിന്റെ അപൂര്‍ണ്ണമായ കയ്യെഴുത്തുപ്രതികളില്‍നിന്നും പ്രസിദ്ധകരിക്കപ്പെട്ടവയാണ് എന്നതു മാത്രമായിരുന്നില്ല ഇതിനുള്ള കാരണം. മുതലാളിത്ത വളര്‍ച്ചയുമായി കോളനിരാജ്യങ്ങള്‍ക്കുള്ള ബന്ധം മാര്‍ക്‌സിന്റെ പരിഗണനയില്‍ വന്നിട്ടില്ല എന്നതും ലക്‌സംബര്‍ഗിന്റെ വിശകലനത്തിന്റെ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. റോസാ ലക്‌സംബര്‍ഗിന്റെ ഗ്രന്ഥം പുറത്തുവരുന്നതിനു മുന്‍പുതന്നെ ആല്‍ഫ് ഹില്‍ഫെര്‍ഡെങ്ങ്, മൂലധനത്തിന്റെ പുതിയ പ്രകൃതം വിശദീകരിച്ചുകൊണ്ട് വളരെ ശ്രദ്ധേയമായ വിശകലനം മുന്നോട്ടുവച്ചിരുന്നു (Finance Capital 1911). ബാങ്കിങ്ങ് മൂലധനത്തിന്റെ കടന്നുവരവോടെ മാര്‍ക്‌സ് വിശദീകരിച്ച തരത്തിലുള്ള മൂലധന പ്രകൃതത്തില്‍ മാറ്റം വന്നിരിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട്, പുതിയ ചരിത്രസന്ദര്‍ഭവുമായി മാര്‍ക്‌സിന്റെ നിഗമനത്തെ ഇണക്കിച്ചേര്‍ക്കാനാണ് ഹില്‍ഫെര്‍ഡെങ്ങ് ശ്രമിച്ചത് (ഫിനാന്‍സ് മൂലധനത്തെ മുതലാളിത്തത്തിന്റെ അന്തിമഘട്ടം എന്ന്–Latest Phase of Capitalism  അദ്ദേഹം തന്റെ ഗ്രന്ഥത്തിന്റെ ഉപശീര്‍ഷകത്തില്‍ വിശദീകരിച്ചിട്ടുണ്ട്!) മാര്‍ക്‌സിന്റെ മുതലാളിത്ത വിശകലനത്തിന്റെ കാതലായി നിലകൊള്ളുന്ന വിപഌവപരമായ സാമൂഹ്യ പരിവര്‍ത്തനം എന്ന ആശയത്തെ നിരസിക്കാതെ തന്നെ, മൂലധനത്തെ മുന്നോട്ടുകൊണ്ടുപോകാനായിരുന്നു ഹില്‍ഫെര്‍ഡെങ്ങും റോസാ ലക്‌സംബര്‍ഗും ശ്രമിച്ചത്. എന്നാല്‍ ഒന്നാം ലോകയുദ്ധവും പിന്നാലെ വന്ന റഷ്യന്‍ വിപഌവവിജയവും ഇവരുടെ ഇടപെടലുകളുടെ പ്രാധാന്യം തിരിച്ചറിയപ്പെടുന്നതിനു തടസ്‌സമായി. വിപഌവവിജയം നല്‍കിയ ആധികാരികത ലെനിന്റെ വിശദീകരണത്തെ, ഔദ്യോഗിക മാര്‍ക്‌സിസത്തിന്റെ അന്തിമ പ്രമാണമാക്കി. മൂലധനത്തിന്റെ പുതിയ പ്രകൃതത്തേയും മുതലാളിത്തേതര ലോകങ്ങളുമായി മൂലധന വളര്‍ച്ചയ്ക്കുള്ള ബന്ധത്തേയും കുറിച്ച് ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കു മുഖ്യധാരാ മാര്‍ക്‌സിസത്തിന്റെ പരിഗണനയില്‍ കാര്യമായ ഇടംകിട്ടാതെ വരുകയും ചെയ്തു.
1920–കളുടെ അവസാനത്തോടെ, റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാലിനിസത്തിന്റെ പിടിയിലമര്‍ന്നു. അതോടെ മൂലധനത്തെ മുന്‍നിര്‍ത്തി മുഖ്യധാരാ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നടന്ന വീണ്ടുവിചാരങ്ങള്‍ മിക്കവാറും നിലയ്ക്കുകയും 'മൂലധനം തൊഴിലാളിവര്‍ഗ്ഗത്തിന്റെ ബൈബിള്‍' എന്നതുപോലുള്ള വിശേഷണങ്ങള്‍ക്കകത്ത്, മതാത്മക പ്രകൃതമുള്ള അന്തിമ പ്രമാണങ്ങളുടെ സഞ്ചയമായി മനസ്സിലാക്കപ്പെടാന്‍ തുടങ്ങുകയും ചെയ്തു. 1920–കളില്‍ സോവിയറ്റ് പാര്‍ട്ടിക്കകത്തു മൂലധനത്തെ മുന്‍നിര്‍ത്തി നടന്നതുപോലുള്ള അന്വേഷണങ്ങള്‍ വൈകാതെ കെട്ടടങ്ങുകയും ചെയ്തു. വ്യത്യസ്തങ്ങളായ ഊന്നലുകളോടെ അത്തരം പുനരാലോചനകളില്‍ ഏര്‍പ്പെട്ട ഇസാക്ക് റൂബിന്‍ (Essays on Marx's theory of Value 1928), ഇ.ബി. പാഷൗകാനിസ് , പ്രിയോ ബ്രാഷെന്‍സ്‌കി  തുടങ്ങിയവരെല്ലാം സ്റ്റാലിനിസ്റ്റ് തടവറകളില്‍ വച്ച് കൊലചെയ്യപ്പെട്ടു. സോവിയറ്റ് പാര്‍ട്ടിക്കകത്തെ ഇടതുവിഭാഗം അടിച്ചമര്‍ത്തപ്പെടുകയും വ്യവസായ വളര്‍ച്ചയിലൂന്നുന്ന ഔദ്യോഗിക നിലപാടിന്റെ വീക്ഷണഗതിക്കുള്ളില്‍ മാത്രം മൂലധനം വായിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്തു. പഞ്ചവത്സര പദ്ധതികളുടെ വിജയവും രണ്ടാം ലോകയുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ ധീരോദാത്തമായ ഇടപെടലും സ്റ്റാലിന്റെ പ്രഭാവത്തെ ഉച്ചകോടിയിലെത്തിച്ച കാലമായിരുന്നു അത്. അതോടെ മൂലധനത്തിന്റെ വായനാചരിത്രവും ഇതര മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക ശ്രമങ്ങളെന്നപോലെ, റഷ്യയില്‍ സ്തബ്ധമായി.
രണ്ടാം ലോകയുദ്ധത്തിനു ശേഷം ആഫ്രോ–ഏഷ്യന്‍ രാജ്യങ്ങളില്‍ നടന്ന വിമോചനസമരങ്ങള്‍ മാര്‍ക്‌സിസ്റ്റ് വിചാരങ്ങളുടെ കേന്ദ്രത്തിലേക്ക് മൂന്നാം ലോകത്തെ കൊണ്ടുവന്നു. മുതലാളിത്ത വ്യവസ്ഥയേയും മൂലധന സമാഹരണത്തേയും കുറിച്ചുള്ള പുനരാലോചനകളും ഇതിന്റെ ഭാഗമായി അരങ്ങേറി. മൂലധനത്തിന്റെ പുനര്‍വായനയെന്നു പറയാനാകില്ലെങ്കിലും മൂലധനം നിര്‍ദ്ദേശിച്ച മുതലാളിത്ത വളര്‍ച്ചാസിദ്ധാന്തത്തിന്റെ വിപുലീകരണമെന്നോ നവീകരണമെന്നോ വിശേഷിപ്പിക്കാവുന്ന ചില മൗലിക ഗ്രന്ഥങ്ങള്‍ ഇതിന്റെ ഭാഗമായി പുറത്തുവന്നു. ഗുന്തര്‍ ഫ്രാങ്കിന്റേയും (Development of Under development 1967), അര്‍ഘിരി ഇമ്മാനുവലിന്റേയും (Unequal Exchange 1968) പഠനങ്ങള്‍ മൂലധന വളര്‍ച്ചയും കൊളോണിയലിസവും തമ്മിലുള്ള ബന്ധത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള വിശകലനങ്ങളായിരുന്നു. ഇതിനു മുന്‍പുതന്നെ മുതലാളിത്തം ജന്മം നല്‍കുന്ന അന്യവല്‍ക്കരണത്തേയും ചരക്കുകളുടെ വസ്തുവല്‍ക്കരണത്തേയും മുന്‍നിര്‍ത്തിക്കൊണ്ട് ഫ്രാങ്ക്ഫര്‍ട്ട് ചിന്തകര്‍ മുതലാളിത്തം ഉളവാക്കുന്ന അന്യവല്‍കൃതാവസ്ഥയെക്കുറിച്ചു മൗലികമായ ഉള്‍ക്കാഴ്ചകള്‍ വികസിപ്പിച്ചെടുത്തിരുന്നു. മാര്‍ക്‌സിന്റെ ആദ്യകാല രചനകളേയും ഗ്രൂണ്ടിസ്‌സ്–ലെ നിഗമനങ്ങളേയും പിന്‍പറ്റുന്ന ആ ആലോചനകള്‍ മൂലധനത്തിന്റെ പുനര്‍വായനയെന്നു വിശേഷിപ്പിക്കാവുന്നവയായിരുന്നില്ല. എങ്കില്‍പ്പോലും മൂലധനത്തിലൂടെ മാര്‍ക്‌സ് ലഭ്യമാക്കിയ മുതലാളിത്ത വിശകലനത്തിന്റെ മറ്റൊരു നിലയിലുള്ള വിപുലീകരണമായി അതു മാറിത്തീര്‍ന്നു. ജ്ഞാനോദയത്തിന്റെ വൈരുദ്ധ്യാത്മകതയേയും (Dialectic of Enlightenment  19) ഏകമാന മനുഷ്യാവസ്ഥയേയും കുറിച്ച് അഡോണോയും ഹെര്‍ബര്‍ട്ട് മാര്‍ക്യൂസും മുന്നോട്ടുവച്ച നിഗമനങ്ങളെ മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് വിശകലനങ്ങളുടെ ചരിത്രത്തിലെ സുപ്രധാന സ്ഥാനമായിത്തന്നെ മനസ്‌സിലാക്കേണ്ടതുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മൂലധനത്തെ മുന്‍നിര്‍ത്തിയുണ്ടായ ഏറ്റവും ശ്രദ്ധേയമായ രചന, സംശയരഹിതമായും അള്‍ത്യൂസ്‌സറുടേതാണ് (Reading Capital 1970). ഫ്രാങ്ക്ഫര്‍ട്ട് ചിന്തകരും റൊസ്‌ഡോള്‍സ്‌കിയെപ്പോലുള്ള മാര്‍ക്‌സിസ്റ്റ് പഠിതാക്കളും (The Making of Marx's Capital 1977) മാര്‍ക്‌സിലെ ഹെഗേലിയന്‍ ധാരയെ പൊതുവെ ഉയര്‍ത്തിപ്പിടിച്ചപ്പോള്‍, മൂലധനത്തെ ഹെഗേലിയസത്തിനെതിരായ വിമര്‍ശനസ്ഥാനമായി അവതരിപ്പിക്കാനായിരുന്നു അള്‍ത്യൂസ്‌സറുടെ ശ്രമം. ഹെഗേലിയന്‍ സ്വാധീനത്തില്‍നിന്നും മാര്‍ക്‌സ് വിടുതി നേടുന്ന 'ജ്ഞാനശാസ്ത്രപരമായ വിച്ഛേദ'ത്തെ അള്‍ത്യൂസ്‌സര്‍ മൂലധനത്തില്‍നിന്നും കണ്ടെടുക്കുകയുണ്ടായി. മാനുഷികമായ നിര്‍വ്വഹണശേഷിക്കു മുകളില്‍ ഘടനാപരമായ അംശങ്ങള്‍ക്കു പരമാധികാരം നല്‍കുന്ന അള്‍ത്യൂസേ്‌സറിയന്‍ വായന മൂലധനത്തെ ഒരു രാഷ്ട്രീയകാര്യ പരിപാടിയുടെ അടിസ്ഥാനം എന്നതില്‍നിന്നു മുതലാളിത്തത്തിന്റെ ഘടനാപഗ്രഥനം എന്ന നിലയിലേക്കു ചുരുക്കിക്കെട്ടിയതായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. പടിഞ്ഞാറന്‍ മാര്‍ക്‌സിസത്തിന്റെ മാനവവാദ നിലപാടുകള്‍ക്കെതിരായ വിമര്‍ശനം എന്ന നിലയില്‍ ചില സാധൂകരണങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും അള്‍ത്യൂസ്‌സറുടെ മൂലധനവായന മാര്‍ക്‌സിന്റെ വിമോചനാത്മക സ്വപ്‌നങ്ങള്‍ക്കുമേല്‍ പ്രകാശം പരത്തുന്നതായിരുന്നില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തെ സംബന്ധിച്ചു രണ്ടുതരത്തിലുള്ള തിരിച്ചടികളുടേതായിരുന്നു. ഒരു ഭാഗത്ത്, സോവിയറ്റ് യൂണിയന്റേയും സോഷ്യലിസ്റ്റ് ബേഌക്കിന്റേയും പതനം. മറുഭാഗത്ത് നവ ഉദാരീകരണത്തിന്റെ രൂപത്തിലുള്ള മൂലധനാധിപത്യത്തിന്റേയും കോര്‍പ്പറേറ്റ് മൂലധനശക്തികളുടേയും മുന്നേറ്റം. തൊഴിലാളികളുടെ ചെറുത്തുനില്‍പ്പുകള്‍ ഒട്ടൊക്കെ പരിക്ഷീണമാവുകയും സംഘടിത തൊഴിലാളി വര്‍ഗ്ഗം നേതൃത്വം നല്‍കുന്ന ലോകവിപഌവത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അസ്ഥാനത്താണെന്നു തോന്നുകയും ചെയ്ത കാലമാണ് പിന്നിട്ട കാല്‍ നൂറ്റാണ്ട്. എങ്കിലും മൂലധനത്തില്‍ മാര്‍ക്‌സ് വിഭാവനം ചെയ്ത ലോകക്രമം കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുന്നുവെന്നു ലോകം തിരിച്ചറിഞ്ഞതും ഇതോടൊപ്പമാണ്. മൂലധനത്തിന്റെ കടന്നാക്രമണത്തിനു കീഴില്‍ ദേശീയാതിര്‍ത്തികള്‍ തകരുന്നതിനെക്കുറിച്ചും മൂലധനത്തിന്റെ കുത്തകവല്‍ക്കരണത്തെക്കുറിച്ചും മുതലാളിത്തത്തിലെ അവസാനമില്ലാത്ത പ്രതിസന്ധികളെക്കുറിച്ചുമെല്ലാം മൂലധനം നല്‍കുന്ന സൂചനകളെ പുതിയ ലോകയാഥാര്‍ത്ഥ്യം നിരന്തരം ശരിവച്ചുകൊണ്ടിരിക്കുന്നതു നാം കാണുന്നു. മുതലാളിത്തത്തെ മനസ്സിലാക്കാന്‍ മാര്‍ക്‌സിനെത്തന്നെ ആശ്രയിക്കണമെന്നു നിയോ ലിബറല്‍ പണ്ഡിതന്‍മാര്‍ തന്നെ പറയുന്ന പുതിയ സന്ദര്‍ഭമാണ് സംജാതമായിരിക്കുന്നത്. ജോസഫ് ഷുംപീറ്റര്‍ മുതല്‍ (Capitalism, Socialism and Democracy 1942), ജെയിംസ് ബുഖനും (Frozen Desire : An inquiry into the meaning of Money 1997) ഡയര്‍ വിത്‌ഫോര്‍ഡും (Cyber Marx) വരെയുള്ളവരുടെ ആലോചനകളില്‍ മാര്‍ക്‌സും മൂലധനവും പല നിലകളില്‍ പുനര്‍ജനിച്ചുകൊണ്ടിരിക്കുന്നു. പഴയ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ലെനിനിസ്റ്റ് തൊഴിലാളിവര്‍ഗ്ഗ സംഘാടനവും അതിനെ മുന്‍നിര്‍ത്തിയുള്ള ലോക വിപഌവസങ്കല്‍പ്പവും ഏറ്റവും പരിക്ഷീണമായ ഘട്ടത്തില്‍ത്തന്നെ മൂലധനം കൂടുതല്‍ കൂടുതല്‍ ശരിവയ്ക്കപ്പെടുന്ന സ്ഥിതിവിശേഷം നമുക്കു മുന്നില്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ മുതലാളിത്തത്തിന്റെ വിവരണം മാത്രമായ ഒരു ചരിത്രഗ്രന്ഥം എന്നതിനപ്പുറം, സമകാലിക ലോകയാഥാര്‍ത്ഥ്യങ്ങളിലേക്കു തുറന്നുകിടക്കുന്ന മൗലികമായ ഉള്‍ക്കാഴ്ചകളുടെ ആകരമെന്ന നിലയിലാണ് ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോള്‍ മൂലധനം മനസ്സിലാക്കപ്പെടുന്നത്. നവസാമൂഹിക പ്രസ്ഥാനങ്ങളുടെ വിശകലനങ്ങള്‍ മുതല്‍ ഡിജിറ്റല്‍ ലോകക്രമത്തെക്കുറിച്ചുള്ള ആലോചനകളില്‍ വരെ മാര്‍ക്‌സും മൂലധനത്തിലെ ഉള്‍ക്കാഴ്ചകളും ഇടംപിടിക്കുന്നത് അതുകൊണ്ടാണ്. പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ മുതല്‍ സൈബര്‍ സമൂഹത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങളില്‍ വരെ മാര്‍ക്‌സ് ഇപ്പോള്‍ പ്രബലമായ സാന്നിദ്ധ്യമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റേതെങ്കിലും ഒരു രാഷ്ട്രീയ ഗ്രന്ഥമോ രാഷ്ട്രീയ ചിന്തകനോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലോകയാഥാര്‍ത്ഥ്യത്തില്‍ ഇതുപോലെ ഇടംപിടിച്ചിട്ടില്ല. കാരണം, മൂലധനത്തിന്റെ അഭാവത്തില്‍ നമ്മുടെ കാലത്തേയും ലോകയാഥാര്‍ത്ഥ്യത്തേയും ഇതേ അളവിലും ഇത്രമേല്‍ വ്യക്തതയോടെയും നമുക്കു മനസ്സിലാക്കാനാവുമായിരുന്നില്ല.


സഹായക ഗ്രന്ഥങ്ങള്‍
ഗോവിന്ദപ്പിള്ള പി., 1987, മാര്‍ക്‌സും മൂലധനവും, എസ്.പി.സി.എസ്., കോട്ടയം.
നമ്പൂതിരിപ്പാട് ഇ.എം.എസ്., 2010, മൂലധനം ഒരു മുഖവുര, ചിന്ത പബഌഷേഴ്‌സ്, തിരുവനന്തപുരം.
Blackwell, Delhi.
Harris, Lawrence, 2000, 'Capital' (in Tom Bottomore), Maya Blackwell, Delhi.
Schmidt, Ingo & Carlo Fanelli (eds.), 2017, Reading Capital Today, Pluto Press, London.
Wheen, Fancis, 2009, Marxis Das Capital : A Biography, Manjulal Publishing House, Bhopal.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com