സാമ്പത്തിക തകര്‍ച്ച സാങ്കല്പികമല്ല, യാഥാര്‍ത്ഥ്യമാണ്

മോദിസര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ - പ്രൊഫ. കെ. അരവിന്ദാക്ഷന്‍ എഴുതുന്നു.
സാമ്പത്തിക തകര്‍ച്ച സാങ്കല്പികമല്ല, യാഥാര്‍ത്ഥ്യമാണ്

മോദിസര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ - പ്രൊഫ. കെ. അരവിന്ദാക്ഷന്‍ എഴുതുന്നു.


''ലോക രാജ്യങ്ങള്‍ക്കു മുന്‍പാകെ നമുക്കു പ്രഭാഷണത്തിനായി നിരവധി വിഷയങ്ങളുണ്ട്' സാംസ്‌കാരിക നേട്ടങ്ങള്‍, ചരിത്രപരമായ നേട്ടങ്ങള്‍ തുടങ്ങിയവ. എന്നാല്‍, വളര്‍ച്ചയെപ്പറ്റി പ്രഭാഷണം നടത്തുന്നതിനു മുന്‍പ് പത്തു വര്‍ഷക്കാലം തുടര്‍ച്ചയായി വളര്‍ച്ചാനിരക്ക് 8–10 ശതമാനം വരെയായി ഉയരുന്നതുവരെ,' 
മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്റെ അര്‍ത്ഥപൂര്‍ണ്ണമായ വാക്കുകളാണിത്. ആര്‍.ബി.ഐ. ഗവര്‍ണര്‍ പദവി ഒഴിഞ്ഞതിനുശേഷം ഇന്ത്യയിലെത്തിയ ഡോ. രാജന്‍ ഡല്‍ഹിയില്‍ പി.ടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ അഭിപ്രായം പറഞ്ഞത്. ഡോ. രാജന്‍ നിര്‍ദ്ദേശിക്കുന്ന ഈ തോതിലുള്ള വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായി നിലനിര്‍ത്താനും നമുക്കു സാദ്ധ്യമാകണം. 
രഘുറാംരാജന്റെ ഗവര്‍ണര്‍ പദവിയുടെ കാലഘട്ടം പല കാരണങ്ങളാലും പ്രാധാന്യമര്‍ഹിക്കുന്നു. ഒന്നാമത്, പിന്നിട്ട രണ്ടു ദശകക്കാലത്തിനിടയില്‍ ഈ ഉയര്‍ന്ന സ്ഥാനത്തെത്തിയ പ്രമുഖരില്‍ രണ്ടാമതൊരുതവണ കൂടി തല്‍സ്ഥാനത്ത് തുടരാന്‍ കഴിയാതെ വന്ന ആദ്യ ധനശാസ്ത്രജ്ഞനാണ് അദ്ദേഹം. രണ്ടാമത് സ്വന്തം അഭിപ്രായം വെട്ടിത്തുറന്നുപറയാന്‍ അറച്ചുനില്‍ക്കാതിരുന്ന വ്യക്തി എന്ന നിലയില്‍, അദ്ദേഹം ഒരു വിവാദ വ്യക്തിത്വത്തിന്റെ ഉടമയായി മാറുകയായിരുന്നു. 2016 ഏപ്രില്‍ മാസത്തിലാണ് ഇതുപോലൊരു വിവാദപ്രസ്താവന ഡോ. രാജന്റേതായി പുറത്തുവന്നത്. 
ഉയരുന്ന ഇന്ത്യയെ അദ്ദേഹം വിശേഷിപ്പിച്ചത് ''കുരുടന്മാരുടെ നാട്ടില്‍ ഒറ്റക്കണ്ണന്‍ രാജാവ്' എന്നതായിരുന്നു ഈ വിവാദ പ്രസ്താവന. ഇതു കേള്‍ക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ, ബി.ജെ.പിയുടെ രാജ്യസഭാംഗവും വിവാദ പ്രസ്താവനകളുടെ ഉസ്താദുമായി അറിയപ്പെടുന്ന ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി, ഡോ. രാജനെ ആര്‍.ബി.ഐ. ഗവര്‍ണ്ണര്‍ സ്ഥാനത്തുനിന്നും ഉടനടി നീക്കം ചെയ്യണമെന്ന മറ്റൊരു വിവാദപ്രസ്താവനയുമായി രംഗത്തുവരാന്‍. ഈ ആവശ്യത്തിനുള്ള കാരണമായി ഡോ. സ്വാമി ചൂണ്ടിക്കാട്ടിയത്, ഡോ. രാജന്‍ ''മാനസികമായി പൂര്‍ണ്ണമായും ഒരു ഇന്ത്യക്കാരനല്ല,' എന്നായിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഏതായാലും ഡോ. രാജന്‍ സന്നദ്ധനായില്ല. എന്നാല്‍, അദ്ദേഹം ഒരു കാര്യം സൂചിപ്പിക്കാതിരുന്നില്ല. തന്റെ കമന്റ് ദുര്‍വ്യാഖ്യാനം ചെയ്യുകയാണുണ്ടായതെന്നതായിരുന്നു ഈ സൂചന. 

ആയുധം ദേശവിരുദ്ധത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന നയം എന്തുതന്നെ ആയിരുന്നാലും അതിനെ വിമര്‍ശിക്കുന്നവരെല്ലാം ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുന്നു. അവരുടെ മനസ്‌സ് പൂര്‍ണ്ണമായവിധം ഇന്ത്യക്ക് അനുകൂലമായി അംഗീകരിക്കപ്പെടാന്‍ അനുയോജ്യമല്ലാതായി തീരുന്നു. ഡോ. രാജന്‍ തന്റെ പ്രസ്താവനയുടെ ഉള്ളടക്കവും പ്രാധാന്യവും തുടര്‍ന്നും വ്യക്തമാക്കുകയുണ്ടായി. 
''ഞാന്‍ ഒരുവിധത്തിലുള്ള പ്രവചനവും നടത്തുകയായിരുന്നില്ല. എന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. നേട്ടങ്ങളെപ്പറ്റി ഊറ്റംകൊള്ളുമ്പോള്‍ നാം കുറേക്കൂടി ശ്രദ്ധിക്കേണ്ടതാണ്. ഞാന്‍ ഈ പരാമര്‍ശം നടത്തിയത് 2016 ഏപ്രില്‍ മാസത്തിലായിരുന്നു. അന്നുമുതല്‍ തുടര്‍ച്ചയായി ധനകാര്യ വര്‍ഷത്തിന്റെ ഓരോ പാദത്തിലും നമ്മുടെ വളര്‍ച്ചാനിരക്കു താണുവരുകയുമായിരുന്നു.' 
ഈ ഒരു പശ്ചാത്തലത്തില്‍ ഒരു മുന്നറിയിപ്പെന്ന നിലയിലാണ് ഡോ. രാജന്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്. അദ്ദേഹത്തിന്റെ ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്നാണ് സമീപകാല അനുഭവം വെൡവാക്കുന്നത്. 2017 ഏപ്രില്‍–ജൂണ്‍ കാലയളവില്‍ തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് ജി.ഡി.പി. വളര്‍ച്ചാനിരക്ക് 6.1 ശതമാനത്തില്‍നിന്ന് 5.7 ശതമാനമായി താണിരിക്കുകയാണെന്നു കാണുന്നു. ഈ രണ്ടു കാലയളവുകളിലും ചൈനയുടെ വളര്‍ച്ചാനിരക്ക് ആറര ശതമാനം വീതവുമായിരുന്നു എന്നതും പ്രസക്തമായി കാണണം. 

പ്രൊഫ. കെ അരവിന്ദാക്ഷന്‍

വികസനത്തിന്റെ ഗതിവേഗം എട്ടു ശതമാനം മുതല്‍ ഒമ്പതു ശതമാനം വരെ ജി.ഡി.പിയില്‍ ചെന്നെത്തണമെങ്കില്‍, കൂടുതല്‍ സ്വകാര്യ നിക്ഷേപ വര്‍ദ്ധനവിനു പുറമെ, കയറ്റുമതിവര്‍ദ്ധനവും സാദ്ധ്യമാകണം. വരുന്ന ഒരു ദശകക്കാലത്തേക്ക് 8–10 ശതമാനം നിരക്കില്‍ ജി.ഡി.പി. വളര്‍ച്ചാനിരക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍, അത് അഭിമാനകരമായൊരു നേട്ടമാണെന്നുതന്നെ കരുതുന്നതില്‍ അപാകതയില്ല. എങ്കില്‍ മാത്രമേ മധ്യവരുമാന വര്‍ഗ്ഗത്തില്‍ പെടുന്ന ജനങ്ങള്‍ക്ക് വികസനത്തിന്റെ നേട്ടം എത്തിക്കാന്‍ കഴിയൂ.
 1990–കള്‍ക്കു ശേഷം പല ഘട്ടങ്ങളിലായി ആറ് ശതമാനം, ഏഴ് ശതമാനം, എട്ടു ശതമാനം എന്നിങ്ങനെ നമുക്ക് ജി.ഡി.പി വളര്‍ച്ചാനിരക്ക് നേടാന്‍ സാദ്ധ്യമായിട്ടുണ്ട്. ഇതുകൊണ്ടുമാത്രം കാര്യമായില്ല. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിന്റെ യഥാര്‍ത്ഥ ഉയരത്തിലെത്തി എന്നു നമുക്ക് അവകാശപ്പെടാനാവണമെങ്കില്‍ ജി.ഡി.പി വളര്‍ച്ചാനിരക്ക് രണ്ടക്കത്തില്‍ തുടരാന്‍ സാദ്ധ്യമാവുക തന്നെ വേണം. 
ഡോ. രാജന്‍ വളരെ കരുതലോടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നതും സാമ്പത്തിക വളര്‍ച്ചാ സാദ്ധ്യതകളെപ്പറ്റി പരാമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്. ഇത്തരമൊരു നിലപാട് ഡോ. രാജന്‍ സത്യസന്ധതയാണ് വ്യക്തമാക്കുന്നത്. മാനസികമായി അദ്ദേഹം പൂര്‍ണ്ണമായ ഒരു ഇന്ത്യക്കാരനല്ലാത്തതുകൊണ്ടല്ല. ഏതായാലും ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ചാ സാദ്ധ്യതകളെ സംബന്ധിച്ചുള്ള മുന്‍ ആര്‍.ബി.ഐ ഗവര്‍ണറുടെ ആശങ്കയാണ് ഏതാണ്ട് ഇതേ സമയം തന്നെ, നെതര്‍ലാന്‍ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന റോബോ ബാങ്കിന്റെ റോബോ റിസര്‍ച്ച് ഗ്ലോബല്‍ ഇക്കണോമിക്‌സ് ആന്റ് മാര്‍ക്കറ്റ്‌സിലെ സീനിയര്‍ ധനശാസ്ത്രജ്ഞനായ ഹ്യൂഗോ എര്‍ക്കെ, ഇന്ത്യന്‍ ജി.ഡി.പി വളര്‍ച്ചാനിരക്ക് 5.7 ശതമാനമായി താഴുമെന്ന അഭിപ്രായം രേഖപ്പെടുത്തുന്നത്. വടക്കെ അമേരിക്ക, മെക്‌സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചുള്ള പ്രത്യേക പഠനം നടത്തിവരുന്ന ഒരു വിദഗ്ദ്ധന്‍ കൂടിയാണ് എര്‍ക്കെ. 

തളര്‍ച്ചയുടെ കാരണങ്ങള്‍

ഇന്ത്യന്‍ ജി.ഡി.പി വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടാകുമെന്ന പ്രവചനത്തിന് അദ്ദേഹം കണ്ടെത്തിയ കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്. ഒന്ന്, നോട്ടുനിരോധനത്തെ തുടര്‍ന്ന് സ്വകാര്യ ഉപഭോഗത്തില്‍ വന്‍ തകര്‍ച്ചയാണ്് അനുഭവപ്പെട്ടത്. രണ്ട്, ബാങ്ക് വായ്പകള്‍ വാങ്ങി നിക്ഷേപം നടത്തുന്നതിനു സ്വകാര്യ നിക്ഷേപകര്‍ നിഷേധ സമീപനമാണ് സ്വീകരിച്ചുവരുന്നത്. സ്വാഭാവികമായും സ്വകാര്യ നിക്ഷേപത്തിനു വികസനത്തില്‍ പരിമിതമായൊരു പങ്ക് മാത്രമാണ് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. മൂന്ന്, ജി.ഡി.പി കണക്കാക്കുന്ന സമയത്ത്, കേന്ദ്ര സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കുന്ന സംഘടന (സി.എസ്്.ഒ) അനൗപചാരിക സമ്പദ്‌വ്യവസ്ഥയുടെ പങ്ക് ശരിയാംവണ്ണം കണക്കിലെടുക്കാറില്ല. ദേശീയ വരുമാനത്തിന്റെ കണക്കെടുപ്പില്‍, അനൗപചാരിക സമ്പദ്‌വ്യവസ്ഥയ്ക്കു കൃത്യമായ സ്ഥാനം നല്‍കാതിരുന്നാല്‍, നോട്ടുനിരോധനം വരുത്തിവെച്ച ദുരന്തം കൃത്യതയോടെ കണക്കാകുക അസാദ്ധ്യമായിരിക്കും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇഫോര്‍മല്‍ ഇക്കോണമി ഏറെക്കുറെ പൂര്‍ണ്ണമായും ക്യാഷ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം നടത്തിവരുന്നതെന്നു വ്യക്തമാണ്. 
ഡിമോണറ്റൈസ് ചെയ്്ത പണത്തിന്റെ 99 ശതമാനം തുകയും ബാങ്കിങ്ങ് വ്യവസ്ഥയിലേക്കു തിരികെ എത്തി എന്ന അനുഭവത്തെപ്പറ്റിയുള്ള പ്രതികരണമാരാഞ്ഞപ്പോള്‍ ഡോ. എര്‍ക്കന്റെ വാക്കുകള്‍ വളരെ കരുതലോടെയായിരുന്നു. ഇതിന്റെ ആദ്യ സൂചന കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനു സര്‍ക്കാര്‍ നടത്തിയ പരിശ്രമം വിജയം കണ്ടെത്തിയില്ല എന്നുതന്നെയാണ് എന്നായിരുന്നു ഈ പ്രതികരണം. എന്നാല്‍, നോട്ട്് അസാധുവാക്കല്‍ പദ്ധതി തീര്‍ത്തും പരാജയമായിരുന്നു എന്ന നിഗമനത്തിലെത്താന്‍ സമയമായിട്ടില്ല. 
പുതുതായി അധികനിക്ഷേപം നടത്തിയവരെ സംബന്ധിച്ചു നടന്നുവരുന്ന അന്വേഷണ ഫലം പുറത്തുവരാന്‍ കാത്തിരിക്കുകയാണ് വേണ്ടതെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിലപാടില്‍ ഭാഗികമായി ശരിയുണ്ടെന്നാണ് ഡോ. എര്‍ക്കന്റെ ഭാഷ്യം. അതേ അവസരത്തില്‍ നോട്ടുനിരോധനത്തിനൊപ്പം ജി.എസ്.ടി കൂടിയായപ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ ജി.ഡി.പി വളര്‍ച്ചാനിരക്ക് പ്രതികൂലമായി ബാധിക്കപ്പെട്ടു എന്നും അദ്ദേഹം സമ്മതിക്കുന്നു. അതുകൊണ്ടാണ് ജി.ഡി.പി. നിരക്ക് 5.9-6 ശതമാനത്തില്‍ പരിമിതപ്പെടുമെന്നു തനിക്ക് അംഗീകരിക്കേണ്ടിവന്നതെന്നും ഡോ. എര്‍ക്കന്‍ തുടര്‍ന്നു സമ്മതിക്കുന്നു. എന്നിരുന്നാല്‍ തന്നെയും ഡിമോണറ്റൈസേഷനും ജി.എസ്.ടിയും ഏല്പിച്ച ആഘാതത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു മോചനം നേടാന്‍ കഴിയുമെന്നും അദ്ദേഹം കരുതുന്നു. ഇതിന് അവശ്യം വേണ്ടത് സ്വകാര്യ ഉപഭോഗവും സ്വകാര്യനിക്ഷേപവും മെച്ചപ്പെടുകയാണ്. ഇതോടൊപ്പം ആന്തരഘടനാ വികസനത്തിനു പൊതുനിക്ഷേപ വര്‍ദ്ധനവും അനിവാര്യവുമാണ്. ഇതിന്റെയെല്ലാം കൂട്ടായ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെങ്കില്‍ ജി.ഡി.പി എട്ടു ശതമാനംവരെ വര്‍ദ്ധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. 

അനുകൂല സാമ്പത്തിക കാലാവസ്ഥ

ഒരു കാര്യത്തില്‍ ഇന്ത്യക്ക് ആശ്വസിക്കാം. 2013–ലെ ദയനീയാവസ്ഥയില്‍നിന്ന് വിദേശ വിനിമയവുമായി ബന്ധപ്പെട്ട ബാലന്‍സ് ഷീറ്റ് അല്പം മെച്ചപ്പെട്ടിട്ടുണ്ട്്. അതേസമയം, നയരൂപീകരണമേഖലയിലുള്ളവര്‍ അലസതയ്ക്കു വഴിപ്പെടുന്നത് ആപത്തായിരിക്കും. 2017 സെപ്തംബര്‍ രണ്ടാംവാരത്തില്‍ കറന്റ് അക്കൗണ്ട് കമ്മി (സി.എ.ഡി) നടപ്പു ധനകാര്യ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 14.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. അതായത് പിന്നിട്ട നാലു വര്‍ഷക്കാലത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന തോതില്‍– ജി.ഡി.പിയുടെ 2.4 ശതമാനം എത്തി. തൊട്ടു മുന്‍പത്തെ ധനകാര്യ വര്‍ഷത്തില്‍ ഇത് ജി.ഡി.പിയുടെ 0.1 ശതമാനം മാത്രമായിരുന്നു. ഇതിനിടയാക്കിയത് ചരക്കുകളുടെ ഇറക്കുമതി കയറ്റുമതിയെക്കാള്‍ ഉയര്‍ന്ന തോതിലായതിനെ തുടര്‍ന്നുമായിരുന്നു. എന്നാല്‍, സമ്പദ്‌വ്യവസ്ഥയ്ക്കു പിടിച്ചുനില്‍ക്കാനായത്, മൂലധന കയറ്റുമതി അക്കൗണ്ടില്‍ മിച്ചം നേടാന്‍ കഴിഞ്ഞതിനാലാണ്. 
വിദേശവിനിമയ ശേഖരവും അഭൂതപൂര്‍വ്വമായ തോതില്‍ ഉയരുകയും, സര്‍വ്വകാല റെക്കോര്‍ഡായ 400.7 ബില്യണ്‍ ഡോളറിലേക്കു കുതിക്കുകയുമായിരുന്നു. ആഗോള നിക്ഷേപമേഖലയിലാകെ മാന്ദ്യം നിലനിന്നിരുന്നതിനാല്‍ എഫ്്.ഡി.ഐ. നിക്ഷേപവും ഇരട്ടിയോളം വര്‍ദ്ധിച്ചു ധനകാര്യ വര്‍ഷത്തിലെ ആദ്യപാദത്തില്‍ 7.2 ബില്യണ്‍ ഡോളറിലെത്തുകയായിരുന്നു. പോര്‍ട്ട്‌ഫോളിയോ നിക്ഷേപമാണെങ്കില്‍ ആറിരട്ടി വര്‍ദ്ധിച്ച് 12.5 ബില്യണ്‍ ഡോളര്‍ വരെയായി. 2017 സെപ്തംബര്‍ 8–നു ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം 6 ശതമാനം വര്‍ദ്ധനവാണ് നേടിയത്. ഇതിനെല്ലാം ഉപരിയായി 2014 മുതല്‍ ഏറെക്കുറെ തുടര്‍ച്ചയായി ആഗോള വിപണിയിലെ എണ്ണവില ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍, ഇന്ത്യയുടെ ഇറക്കുമതി ചെലവില്‍ വന്‍തോതില്‍ നേട്ടമുണ്ടാക്കാനും സാധിച്ചു. ഇന്ത്യയുടെ വിദേശ കടബാദ്ധ്യതയില്‍ ഇതിനിടെ 2.7 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 2016–17 ധനകാര്യവര്‍ഷത്തില്‍ ഇത് 471.9 ബില്യണ്‍ ഡോളറായി. വിദേശ വാണിജ്യ വായ്പകളില്‍ ഇടിവുണ്ടായതിനു പുറമെ, പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപങ്ങളിലും നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു എന്നതും വിദേശ കടബാദ്ധ്യതയില്‍ കുറവു വരാന്‍ ഇടയാക്കിയിരുന്നു. 
ഇത്രയെല്ലാം അനുകൂല സാഹചര്യങ്ങള്‍ നിലവിലുണ്ടായിരുന്നിട്ടും ജി.ഡി.പി പ്രതീക്ഷിച്ചതിനും ഏറെ അകലെയാണ്. അതായത് 7-8 ശതമാനം എന്നതിനു പകരം 5.7 ശതമാനം മാത്രം. മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷമുള്ള കാലയളവില്‍ ഏറ്റവും താണ നിരക്കാണിത്. ഉത്പാദന മേഖലയുടെ വളര്‍ച്ചയാണെങ്കില്‍, 2017–18 സാമ്പത്തിക വര്‍ഷത്തില്‍ വെറും 1.2 ശതമാനമായിരുന്നു. 2016–2017 ധനകാര്യ വര്‍ഷത്തില്‍ ഇത് 5.3 ശതമാനമായിരുന്നു. ഒരു വര്‍ഷം മുന്‍പാണെങ്കില്‍ ഈ വളര്‍ച്ചാനിരക്ക് പത്തു ശതമാനവുമായിരുന്നു. 
തൊഴിലവസരങ്ങള്‍ 2016–ല്‍ 30 ശതമാനത്തോളം വെട്ടിക്കുറക്കപ്പെട്ടപ്പോള്‍, 2017–ല്‍ ഇത് 40 ശതമാനമായി ഉയരാനിടയുണ്ടെന്നാണ് കണക്കാക്കപ്പെട്ടത്. ടീംലീസ് സര്‍വ്വീസസ്് എന്ന മനുഷ്യവിഭവ സേവന കമ്പനി നടത്തിയ സര്‍വേ ഫലമാണിത്. ഫോര്‍ച്ച്യൂണ്‍ 500 വിഭാഗത്തില്‍പ്പെടുന്ന 2500 കോര്‍പ്പറേറ്റ് കമ്പനികളാണ് ഈ സര്‍വേയുടെ ഭാഗമാക്കപ്പെട്ടത്. ഉദാഹരണത്തിന് ഡാബര്‍, ഐ.ടി.സി, ഫൈസര്‍, ബെയര്‍ എന്നിവ സര്‍വേയ്ക്കു വിധേയമാക്കപ്പെട്ടിരുന്ന കോര്‍പ്പറേറ്റ് കമ്പനികളില്‍ ചിലതു മാത്രമാണ്. 
ബാങ്കുകളുടെ കാര്യമെടുത്താല്‍, വന്‍തോതില്‍ തൊഴില്‍ അവസരങ്ങള്‍ക്കു സാദ്ധ്യതയുള്ള ആന്തരഘടനാ മേഖലകള്‍ക്കു വായ്പ നല്‍കാന്‍ നന്നേ പ്രയാസപ്പെടുകയാണ്. അനുദിനം പെരുകിവരുന്ന കിട്ടാക്കട ബാദ്ധ്യത പൊതുമേഖലാ ബാങ്കുകള്‍ മൊത്തത്തില്‍ വായ്പാ പ്രതിസന്ധിയില്‍ കഴുത്തറ്റം മുങ്ങിക്കിടക്കുകയാണെന്ന് ആര്‍.ബി.ഐ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പൊതു–സ്വകാര്യ പങ്കാളിത്ത (പി.എ.പി.) പദ്ധതികള്‍ക്കും വായ്പകള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രതിസന്ധി മുറിച്ചു കടക്കാന്‍ കഴിയുന്നില്ല. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതികളും വായ്പാ പ്രതിസന്ധിമൂലം നട്ടം തിരിയുകയാണ്. 

പ്രതിസന്ധിയിലായ ജി.എസ്.ടി

ജി.എസ്.ടി. നികുതി വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന്, അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നു. ജി.എസ്.ടി നിലവില്‍ വന്നതിനുശേഷം കേന്ദ്രസര്‍ക്കാരിനു ലഭിച്ചത് 50,700 കോടി രൂപയായിരുന്നു. അതായത് പ്രതീക്ഷിച്ചതിന്റെ പകുതി മാത്രം. പുതിയ നികുതി വ്യവസ്ഥയുമായി പൊടുന്നനെ പൊരുത്തപ്പെട്ടുപോകാന്‍ കഴിയാത്തതിനാല്‍, ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനു സന്നദ്ധരായത് രജിസ്റ്റര്‍ ചെയ്ത 85 ലക്ഷം വ്യാപാരികളില്‍ വെറും 3.3 ലക്ഷം പേര്‍ മാത്രമായിരുന്നു. ഇക്കാരണത്താല്‍ത്തന്നെയാണ് നികുതിവരുമാനത്തില്‍ കുറവുണ്ടായതെന്ന്്് നാം തിരിച്ചറിയണം. പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനു ധൃതി കൂടിപ്പോയെന്ന ന്യായമായ വിമര്‍ശനം ഉയര്‍ത്തിയത് ധനകാര്യ വിദഗ്ദ്ധരായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കും ഉള്‍പ്പെടെയുള്ളവരായിരുന്നു. നികുതി വരുമാനരംഗത്ത് ഉടലെടുത്തിരിക്കുന്ന അനിശ്ചിതത്വത്തിന് ഉടനടി പരിഹാരം കണ്ടെത്തുക ശ്രമകരമാണെന്നു ബോദ്ധ്യമായതിനെ തുടര്‍ന്നായിരിക്കണം, സെപ്തംബര്‍ 19–ന് പ്രധാനമന്ത്രി മോദിയും ധനമന്ത്രി ജെയ്റ്റിലിയും കൂടിക്കാഴ്ച നടത്തിയതും. കാര്യങ്ങള്‍ ഇന്നത്തെ നിലയിലാണ് നീങ്ങുക എങ്കില്‍, നടപ്പു ധനകാര്യ വര്‍ഷാവസാനത്തോടെ നികുതി വരുമാനത്തില്‍ 80,000 കോടി രൂപയെങ്കിലും കുറവുണ്ടാകുമെന്നാണ് ധനമന്ത്രാലയം തന്നെ കണക്കാക്കിയിരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയതിനെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്ത്വത്തിന്റെ ഫലമാണ് നികുതി വരുമാനത്തോടൊപ്പം സാമ്പത്തിക വികസനത്തിലും ഇടിവുണ്ടായിരിക്കുന്നതെന്ന് എസ്.ബി.ഐയുടെ ഗവേണവിഭാഗവും കണ്ടെത്തിയിരിക്കുന്നു. നിക്ഷേപ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നതിനു നോട്ട്‌നിരോധനവും ജി.എസ്.ടിയുടെ വരവും സാരമായ പങ്കാണ് വഹിച്ചിട്ടുള്ളതത്രേ. 
ചുരുക്കത്തില്‍ സാമ്പത്തിക വളര്‍ച്ച വെറും സാങ്കേതികമോ സാങ്കല്പികമോ അല്ല യാഥാര്‍ത്ഥ്യമാണെന്ന തിരിച്ചറിവ് അല്പം വൈകിയാണെങ്കിലും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അവരുടെ ഉപദേഷ്ടാക്കള്‍ക്കും ബോദ്ധ്യമായിരിക്കുന്നു എന്ന് കരുതാമോ? 


ഗുരുതരമായ മാന്ദ്യം

മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ മാന്ദ്യത്തിന്റെ പിടിയിലാണെന്നും ഇതില്‍നിന്നും രക്ഷപ്പെടാന്‍ പഴുതുകള്‍ തേടി ധനമന്ത്രി നെട്ടോട്ടത്തിലാണെന്നുമാണ്. സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നും തലയൂരുന്നതിന്റെ ഭാഗമായി എണ്ണവില വര്‍ദ്ധനവിന് അമേരിക്കയിലെ ഇര്‍മ്മ ചുഴലിക്കാറ്റിനേയും പച്ചക്കറി വിലവര്‍ദ്ധനവിനു മണ്‍സൂണ്‍ പിഴവിനേയും അഭയം തേടാനുള്ള വ്യഗ്രതയാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രകടമാക്കുന്നത്. ആഗോള എണ്ണവിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായിരുന്ന മൂന്നു വര്‍ഷക്കാലത്തിനിടയില്‍ ആഭ്യന്തര എണ്ണ വില വര്‍ദ്ധനവിനു വഴിവെക്കുന്ന തരത്തില്‍ എക്‌സൈസ് തീരുവ 150 ശതമാനം വര്‍ദ്ധനവു വരുത്തിയ കേന്ദ്ര ധനമന്ത്രിയാണ് ഇപ്പോള്‍ പാവപ്പെട്ടവനു സമാശ്വാസ സാദ്ധ്യത തള്ളിക്കളയുകയും കോര്‍പ്പറേറ്റുകള്‍ക്കു 40,000–50,000 കോടി രൂപ വരെയുള്ള ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്യുന്നതെന്നോര്‍ക്കുക. രാജ്യത്തിന്റെ വികസനത്തിനു നികുതി വരുമാന വര്‍ദ്ധന അനിവാര്യമാണെന്ന ന്യായം ഉന്നയിച്ചാണ് ഇത്തരം നടപടികള്‍ക്ക് ധനമന്ത്രി നീതീകരണം കണ്ടെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com