പ്രതിച്ഛായ: എന്‍ ശശിധരന്‍ എഴുതുന്ന അനുഭവക്കുറിപ്പ്

സിനിമയില്‍ അച്ഛനായി അഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. എന്റെ അനിഷ്ടം മറച്ചുവയ്ക്കാന്‍ എനിക്കായില്ല. ഞാന്‍ വിളിച്ചുപറഞ്ഞു: ''കാസ്റ്റിങ്ങ് ശരിയായില്ല. 
പ്രതിച്ഛായ: എന്‍ ശശിധരന്‍ എഴുതുന്ന അനുഭവക്കുറിപ്പ്

സിനിമയില്‍ അച്ഛനായി അഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. എന്റെ അനിഷ്ടം മറച്ചുവയ്ക്കാന്‍ എനിക്കായില്ല. ഞാന്‍ വിളിച്ചുപറഞ്ഞു: ''കാസ്റ്റിങ്ങ് ശരിയായില്ല. അച്ഛനായി അഭിനയിക്കാന്‍ ഏറ്റവും പറ്റിയ നടന്‍ തോഷിറോ മിഫൂണ്‍ ആണ്. -എന്‍ ശശിധരന്‍ എഴുതുന്ന അനുഭവക്കുറിപ്പ്.
 

യാഥാര്‍ത്ഥ്യങ്ങളാലെന്നപോലെ സ്വപ്നങ്ങളാലും നിര്‍ണ്ണയിക്കപ്പെടുന്ന ഭൗതികാസ്തിത്വമാണ് എന്റേത്. ഇവ രണ്ടും ചേര്‍ന്നുള്ള ദുരൂഹവും അനിശ്ചിതവുമായ ഒരു മാനസികാവസ്ഥയിലാണ് പലപ്പോഴും ഞാന്‍ കഴിഞ്ഞുകൂടുന്നത്. സ്വപ്നങ്ങളുടെ വിഭ്രമാത്മകത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും യാഥാര്‍ത്ഥ്യങ്ങളുടെ വസ്തുനിഷ്ടത സ്വപ്നങ്ങളിലേയ്ക്കും പരസ്പരം കൂടുവിട്ടു സഞ്ചരിക്കുമ്പോഴുണ്ടാകുന്ന വിഹ്വലത കഴിഞ്ഞ മൂന്നു ദശകക്കാലമായി എന്നെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. ബാല്യകാലത്ത് കണ്ട സ്വപ്നങ്ങളില്‍, ആനയും കരടിയും സിംഹവും പുലിയും ചിറകു വിടര്‍ത്തിപ്പറക്കുന്ന മനുഷ്യരുമായിരുന്നു ഒട്ടുമിക്ക കഥാപാത്രങ്ങളും. ബാലസാഹിത്യം ഒട്ടും വായിക്കാതിരുന്ന ആ പ്രായത്തില്‍ അത്തരം സ്വപ്നങ്ങള്‍ ഞാന്‍ ആവോളം ആസ്വദിച്ചു. വീട്ടിലോ സ്‌കൂളിലോ ആരെങ്കിലും കഥ പറയാന്‍ ആവശ്യപ്പെട്ടാല്‍ ആ സ്വപ്നങ്ങള്‍ വിവരിക്കുക മാത്രമേ എനിക്കു ചെയ്യേണ്ടിയിരുന്നുള്ളൂ. അത്രമേല്‍ വിശദവും കഥാത്മക(fictional)വുമായിരുന്നു ആ സ്വപ്നങ്ങള്‍. പക്ഷേ, യൗവ്വനകാലത്ത് ഒരു സ്വപ്നം പോലും കണ്ടതായി എനിക്കോര്‍മ്മയില്ല. പ്രണയവും പെണ്‍കുട്ടികളും കാല്പനിക പരിവേഷവുമുള്ള സ്വപ്നങ്ങള്‍ക്കായി എല്ലാവരേയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു. 'ഫിക്ഷ'നോടുള്ള അമിത പ്രതിപത്തിയില്‍ എന്റെ ബോധവും ഭാവനയും നിറഞ്ഞുകവിഞ്ഞ കാലമായിരുന്നു അത്. യൗവ്വനകാലത്തു ഞാന്‍ കണ്ട സ്വപ്നങ്ങള്‍ ഞാന്‍ വായിച്ച പുസ്തകങ്ങള്‍ തന്നെയായിരുന്നു എന്നു പറയാം. സ്വപ്നങ്ങളുള്‍പ്പെടെയുള്ള സമസ്ത ജീവിതാനുഭവങ്ങളും അറിഞ്ഞനുഭവിക്കാന്‍, അക്കാലത്ത് പുസ്തകങ്ങള്‍ മാത്രമായിരുന്നു എനിക്ക് കൂട്ട്. യൗവ്വനം പിന്നിട്ടു തുടങ്ങിയതോടെ സ്വപ്നങ്ങള്‍ വെട്ടുകിളികള്‍ പോലെ എന്നിലേയ്ക്കു ചേക്കേറിത്തുടങ്ങി. അവയുടെ പെരുപ്പവും ദൈര്‍ഘ്യവും വൈവിദ്ധ്യവും പലപ്പോഴും എനിക്കു താങ്ങാന്‍ കഴിയുന്നതിലും അധികമായിരുന്നു. ഒരു രാത്രിയില്‍ത്തന്നെ അനേകം സ്വപ്നങ്ങള്‍. അവയിലധികവും ഓര്‍ത്തെടുക്കാന്‍ പ്രയാസമുള്ളവയാവും. അവയെ പണിപ്പെട്ട് ഓര്‍മ്മിച്ചെടുക്കല്‍ അനിവാര്യമായ ഒരു ദുരന്തംപോലെ ഞാനിപ്പോഴും സ്വീകരിച്ചുപോരുന്നു. ചെറിയൊരു ഉച്ചയുറക്കം പോലും സ്വപ്നനിബിഡമായിരിക്കുന്ന അവസ്ഥ.


എന്റെ അച്ഛന്‍ മരിച്ചിട്ടു മുപ്പതോളം വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരിക്കല്‍പോലും അച്ഛനെ ഞാന്‍ സ്വപ്നം കണ്ടില്ല. അടുപ്പമുള്ളവരും അല്ലാത്തവരുമായ അനേകായിരം മനുഷ്യര്‍ എന്റെ സ്വപ്നങ്ങളില്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്; കെ. കരുണാകരനും ദസ്തയെവ്‌സ്‌കിയും വാന്‍ഗോഗും ഉള്‍പ്പെടെ ഒരുപാടുപേര്‍. അച്ഛനെ മാത്രം സ്വപ്നം കാണാത്തതെന്തേ എന്ന് ഇടയ്ക്ക് ആലോചിച്ചിട്ടുമുണ്ട്. നാടകമായി എഴുതി സിനിമയായി അവസാനിച്ച 'നെയ്ത്തുകാരനി'ലെ അപ്പമേസ്ത്രി, കുഞ്ഞപ്പമേസ്ത്രി എന്ന എന്റെ അച്ഛന്‍ തന്നെയാണ്. മുരളിയിലൂടെ സിനിമയിലും ബാബു അന്നൂരിലൂടെ നാടകത്തിലും അപ്പമേസ്ത്രിക്കു ലഭിച്ച മിഴിവും തികവും എന്റെ അച്ഛനെ എന്നില്‍നിന്ന് അകറ്റി അന്യനാക്കിയോ എന്ന ആശങ്ക ഈയിടെ എനിക്കുണ്ടാകാറുണ്ട്. ഒരു വ്യക്തി, അനുഭവത്തിന്റെ അതിരുകള്‍ താണ്ടിക്കടന്നു വായിച്ച പുസ്തകത്തിലെ കഥാപാത്രമാകുന്നതുപോലുള്ള അനുഭവം. എന്നിട്ടും രണ്ടുമാസങ്ങള്‍ക്കു മുന്‍പ് ഒരു വെളുപ്പാന്‍ കാലത്ത് (മൂന്നു മണി കഴിഞ്ഞ നേരം) അച്ഛനെ ഞാന്‍ സ്വപ്നം കണ്ടു. ആ സ്വപ്നത്തെപ്പറ്റിയാണ് ഈ കുറിപ്പ്.


സ്വപ്നത്തില്‍ അച്ഛന്‍ നേരിട്ടു പ്രത്യക്ഷപ്പെടുകയായിരുന്നില്ല; ഒരു മുഴുനീള സിനിമയുടെ വീഡിയോ കാണുകയായിരുന്നു ഞാന്‍. ടൈറ്റിലുകള്‍ കഴിഞ്ഞു കുറേ വൈകിയാണ് ഞാന്‍ കണ്ടുതുടങ്ങിയത്. അതിനാല്‍ അച്ഛനെക്കുറിച്ചുള്ള സിനിയാണെന്നു തിരിച്ചറിയാന്‍ അല്പം സമയമെടുത്തു. എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം അതൊന്നുമല്ല; സ്വപ്നത്തില്‍ അഥവാ സിനിമയില്‍ അച്ഛനായി അഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. എന്റെ അനിഷ്ടം മറച്ചുവയ്ക്കാന്‍ എനിക്കായില്ല. ഞാന്‍ വിളിച്ചുപറഞ്ഞു: ''കാസ്റ്റിങ്ങ് ശരിയായില്ല. അച്‌നായി അഭിനയിക്കാന്‍ ഏറ്റവും പറ്റിയ നടന്‍ തോഷിറോ മിഫൂണ്‍ ആണ്.' (തോഷിറോ മിഫൂണ്‍-അകിരാ കുറസോവയുടെ സിനിമകളിലൂടെ ലോകപ്രശസ്തനായ ജാപ്പനീസ് നടന്‍. പരുക്കന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി.) തിരശ്ശീലയില്‍ ആറോണ്‍മില്‍ സമരത്തിനനുകൂലിച്ചു നടത്തുന്ന ഒരു ജാഥയുടെ മുന്‍വരിയില്‍നിന്ന് മോഹന്‍ലാല്‍ മറ്റാരും കാണാതെ എന്നെ നോക്കി കണ്ണിറുക്കി 'ചുമ്മാ' എന്നു കാണിച്ചു. ഞാന്‍ ഷാജി കൈലാസ് സിനിമകളിലെ പഴയ നായകന്മാരെ ഓര്‍ത്തുപോയി.


സുന്ദരനും അരോഗദൃഢഗാത്രനുമായ അപ്പമേസ്ത്രിയായി മോഹന്‍ലാല്‍ നടത്തിയ പ്രകടനം ഞാനൊഴിച്ച് ഏവരേയും കോരിത്തരിപ്പിക്കാന്‍ പോന്നതാണെന്ന് സിനിമ കണ്ടുകൊണ്ടിരിക്കെ ഞാനോര്‍ത്തു. എന്റെ കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞുകേട്ട കഥകളും ഈ മായക്കാഴ്ചകളും തമ്മിലുള്ള അന്തരമോര്‍ത്തു ഞാന്‍ വ്രണിതനായി. സിനിമ കണ്ടുകൊണ്ടിരിക്കെ എന്റെ യുക്തിചിന്തയ്ക്ക് ഒട്ടും ദഹിക്കാത്ത മറ്റൊരു കാര്യം കൂടി എന്റെ ശ്രദ്ധയില്‍പ്പെട്ടു. സിനിമയില്‍ അച്ഛനൊഴികെയുള്ള മറ്റു കഥാപാത്രങ്ങളെല്ലാം ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ യഥാര്‍ത്ഥ മനുഷ്യരാണ്. പി. കൃഷ്ണപിള്ളയും ഇ.എം.എസ്സും കാന്തലോട്ട് കുഞ്ഞമ്പുവും എ.വി. കുഞ്ഞമ്പുവും അച്ഛമ്മയും ഉള്‍പ്പെടെ എല്ലാവരും. അച്ഛനായി അഭിനയിക്കാന്‍ മാത്രം മോഹന്‍ലാലിനെ എന്തിനു തെരഞ്ഞെടുത്തു എന്ന് എനിക്ക് മനസ്സിലായതേയില്ല. മോഹന്‍ലാലിന്റെ അച്ഛന്‍, പക്ഷേ, സിനിമയില്‍ നിറഞ്ഞാടുകയായിരുന്നു. കൃഷ്ണപിള്ളയെ തോളിലേറ്റി കയ്പാട് കടത്തി അക്കരെയെത്തിക്കുന്ന സീനില്‍ മോഹന്‍ലാലിനു ലഭിച്ച കയ്യടികള്‍ കേട്ട് എനിക്കുപോലും രോമാഞ്ചമുണ്ടായി. നാല്പത്തിയെട്ടിലെ പാര്‍ട്ടി നിരോധനവും അന്‍പത്തിയെട്ടിലെ വിമോചനസമരവും കഴിഞ്ഞു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ജനകീയ വക്താവായി കുറ്റിയാട്ടൂരിലുള്ള പ്രവര്‍ത്തനവും കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള മരണവുമെല്ലാം അമാനുഷ പരിവേഷത്തോടെയാണ് അവതരിപ്പിക്കപ്പെട്ടത്. പ്രേക്ഷകരുടെ നിലക്കാത്ത കയ്യടികളോടെയാണ് സിനിമ അവസാനിച്ചത്.

സിനിമയ്ക്കു ശേഷം 'MAKING OF THE FILM' എന്ന പേരില്‍ ഒരനുബന്ധം കൂടി ഉണ്ടായിരുന്നു. തര്‍ക്കോവ്‌സ്‌കിയെപ്പോലുള്ള അതുല്യപ്രതിഭകളുടെ ചിത്രങ്ങള്‍ക്കൊപ്പമേ അത്തരമൊരനുബന്ധം ഇതിനു മുന്‍പ് ഞാന്‍ കണ്ടിട്ടുള്ളൂ. മോഹന്‍ലാല്‍ മെയ്ക്കപ്പ് അഴിക്കുന്ന ദൃശ്യത്തോടുകൂടിയാണ് അത് ആരംഭിച്ചത്. സ്വപ്നത്തില്‍ ആ ദൃശ്യത്തിലേയ്ക്കു നുഴഞ്ഞുകയറാന്‍ എനിക്കു പ്രയാസമുണ്ടായില്ല. ഒരു ആള്‍ക്കണ്ണാടിക്ക് മുന്നിലിരുന്ന് അച്ഛന്റെ നരച്ച കുറ്റിത്താടി പിഴുതുമാറ്റുകയായിരുന്നു മോഹന്‍ലാല്‍. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അദ്ദേഹം എന്നെ നോക്കി ചിരപരിചിത ഭാവത്തില്‍ ചിരിച്ചു. ''ആരാണ് ഈ ചിത്രം ഡയറക്ട് ചെയ്തത്?' എന്ന് അല്പം പരിഭ്രമത്തോടെ ഞാന്‍ ചോദിച്ചു. ഒരു കുസൃതിച്ചിരിയോടെ ''നിങ്ങളുടെ അച്ഛന്‍ തന്നെ' എന്നു പറഞ്ഞ് മോഹന്‍ലാല്‍ വലതുവശത്തേയ്ക്ക് വിരല്‍ചൂണ്ടി. ആകര്‍ഷകമായി സംവിധാനം ചെയ്ത ഒരു ഓഫീസ് മുറിയില്‍, ഫയലുകളും പത്രക്കടലാസുകളും അടുക്കിവച്ച നീളമേറിയ മേശപ്പുറത്തേയ്ക്കു കാല്‍കയറ്റിവച്ച് അച്ഛന്‍ 'ഹിന്ദു' പത്രം വായിക്കുകയായിരുന്നു. (അച്ഛന്റെ തപ്പിത്തടഞ്ഞുള്ള 'ദേശാഭിമാനി' വായന അപ്പോള്‍ ഞാനോര്‍ത്തു. ഇംഗ്‌ളീഷ് അക്ഷരങ്ങള്‍പോലും വായിക്കാനറിയാത്തതിനെപ്പറ്റി അച്ഛന്‍ എന്നും പറയാറുണ്ട്). ഇസ്തിരിയുടെ വടിവുകള്‍ ഒടിയാത്ത വിലകൂടിയ ഖദര്‍ ഷര്‍ട്ടും മുണ്ടും. മീശയും കണ്‍പുരികങ്ങളും കഷണ്ടിയില്‍നിന്നു വിമുക്തമായ ഇത്തിരി മുടിയും കറുപ്പിച്ചിരിക്കുന്നു. ഇടതുകയ്യില്‍ രണ്ടു പവനിലേറെ വരുന്ന ഒരു കട്ടിമോതിരം. കീശയില്‍നിന്നു പാതിയും മുകളിലേയ്ക്കുന്തി നില്‍ക്കുന്ന വിലകൂടിയ മോബൈല്‍ ഫോണ്‍.  ആകപ്പാടെ ഒരു സ്‌റ്റേറ്റ് കമ്മിറ്റി അംഗത്തിന്റെ പരിവേഷമുണ്ടായിരുന്നു അച്ഛന്. കണ്ടാല്‍ എന്റെ മകനാണെന്നേ തോന്നൂ; ഏറിയാല്‍ ഇളയ അനുജന്‍. അച്ഛന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാന്‍ ചെറുതായി ചുമച്ചു. അച്ഛന്‍ തലയുയര്‍ത്തി എന്നെ നോക്കി. എന്തെങ്കിലും ഭാവവ്യത്യാസം ആ മുഖത്ത് എനിക്കു വായിക്കാനായില്ല. ''അച്ഛന്‍ വളരെ ചെറുപ്പമായിരിക്കുന്നു. എന്നെക്കാള്‍ ചെറുപ്പം' ഞാന്‍ പറഞ്ഞു. അച്ഛന്‍ ഗൗരവം വിടാതെ പുഞ്ചിരിച്ചു. പത്രം മടക്കി മേശപ്പുറത്തിട്ട് നാടകീയമായി, എഴുന്നേറ്റു നടന്ന് ഇടതുവശത്തെ കണ്ണാടിക്കു മുന്നില്‍ വന്നു നിന്നു. ഒരു നിമിഷം കണ്ണാടിയില്‍ സ്വയം കണ്ട് തൃപ്തിയടഞ്ഞപോലെ തലയാട്ടി പുറം തിരിഞ്ഞ് എന്നെ നോക്കി. എന്റെ മുഷിഞ്ഞ വേഷത്തിലും പറ്റേ നരച്ച മീശയിലും വൃത്തിഹീനമായ താടിയിലും അച്ഛന്റെ കണ്ണുകള്‍ ഉടക്കിനിന്നു. അച്ഛന്‍ പറഞ്ഞു: ''നമ്മള്‍ കമ്യൂണിസ്റ്റുകാര്‍ കണ്ണാടി നോക്കുമ്പോള്‍ കാണേണ്ടതു നമ്മുടെ പ്രതിരൂപമല്ല. ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടേണ്ട നമ്മുടെ പ്രതിച്ഛായയാണ്.' ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു: ''പ്രതിച്ഛായ അല്ലേ?' അതിഷ്ടപ്പെടാത്തതുപോലെ അച്ഛന്‍ പറഞ്ഞു: ''നിന്റെയാ പഴയ സ്വഭാവം മാറ്റാതിടത്തോളം നീ നന്നാവില്ല.' ഇനി നില്‍ക്കേണ്ടതില്ല എന്ന അര്‍ത്ഥത്തില്‍ അച്ഛന്‍ തലയാട്ടി. ഞാന്‍ തിരിഞ്ഞുനടന്നു. അടുത്ത മുറിയില്‍ മോഹന്‍ലാല്‍ അച്ഛന്റെ വെപ്പുകഷണ്ടി അഴിച്ചെടുക്കുകയായിരുന്നു. നടന്നതെല്ലാം അറിഞ്ഞ ഭാവത്തില്‍ അദ്ദേഹം നിഗൂഢമായി ചിരിച്ചു. ''അഭിനയം അസ്സലായി' എന്നുമാത്രം പറഞ്ഞു ഞാന്‍ പടിയിറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com