സരസന്‍ സംഭവം: ഒരു ഫ്‌ളാഷ് ബാക്ക്

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സരസന്‍ സംഭവത്തെക്കുറിച്ച്. 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചവറയില്‍ പ്രചരിച്ച കൊലപാതക കഥയുടെ പൊരുളും ശേഷിപ്പുകളും തേടിയുള്ള യാത്ര
സരസന്‍ സംഭവം: ഒരു ഫ്‌ളാഷ് ബാക്ക്

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സരസന്‍ സംഭവത്തെക്കുറിച്ച്. 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചവറയില്‍ പ്രചരിച്ച കൊലപാതക കഥയുടെ പൊരുളും ശേഷിപ്പുകളും തേടിയുള്ള യാത്ര ഡോ. ഇടയ്ക്കാട് മോഹന്‍ എഴുതുന്നു

 
രാഷ്ട്രീയ സദാചാരത്തിനും ജനാധിപത്യ പൊലീസ് സംവിധാനത്തിലുള്ള വിശ്വാസത്തിനും സരസന്‍ കേസ് ഏല്പിച്ച ആഘാതം നിസാരമായിരുന്നില്ല. അതിനൊപ്പം നിരവധി മനുഷ്യരുടെ ജീവിതം അതു തകര്‍ത്തെറിയുകയും ചെയ്തു. കേരള കിസിഞ്ചര്‍ എന്നറിയപ്പെട്ട ബേബിജോണിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ആസൂത്രണം ചെയ്ത കുടില പദ്ധതിയായിരുന്നു സരസന്‍ സംഭവം. 
''താഴെ വിവരിക്കുന്ന അടയാളങ്ങളുള്ള ചവറ വില്ലേജില്‍ പുതുക്കാട്ടു മുറിയില്‍ കൊട്ടടിയില്‍ വീട്ടില്‍ നാരായണന്‍ മകന്‍ 32 വയസ്സുള്ള സരസനെ 5–1–1981 മുതല്‍ കാണാനില്ല. വെളുത്ത നിറം, ക്രാപ്പു ചെയ്ത മുടി, വെള്ള പൊളിസ്റ്റര്‍ ഡബിള്‍ മുണ്ടും ഇളംപച്ച പൊളിസ്റ്റര്‍ ഹാഫ്‌കൈ ഷര്‍ട്ടും ധരിച്ചിരുന്നു. സീക്കോ അഞ്ച് വാച്ചും സ്‌ളിപ്പര്‍ ചെരുപ്പും ധരിച്ചിട്ടുണ്ട്. അഞ്ചടി ഒമ്പത് ഇഞ്ച് ഉയരം. ഒത്ത തടി. ഇടതു കാലില്‍ ഓപ്പറേഷന്‍ ചെയ്ത കീഴ്‌മേലുള്ള പാടും ഉണങ്ങാത്ത മുറിവും ഉണ്ട്.' ക്രൈംബ്രാഞ്ച് പൊലീസിന്റെ ഔദ്യോഗിക രേഖയിലേതാണ് ഈ വാചകങ്ങള്‍.

ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് (ഐ.ആര്‍.ഇ) കമ്പനിയിലെ ജീവനക്കാരനായ സരസന്റെ വിവാഹം ജനുവരി 25-ന് ഉറപ്പിച്ചിരിക്കുകയായിരുന്നു. താലിമാലയും പണിഞ്ഞ്, ക്ഷണക്കത്തുമടിച്ച്, വിവാഹയാത്രയ്ക്കുള്ള ബസ്‌സും കാറുമൊക്കെ അച്ചാരം കൊടുത്ത് ഉറപ്പാക്കി മറ്റു തയ്യാറെടുപ്പുകളുമായി പോകുമ്പോഴാണ് പ്രതിശ്രുതവരനെ കാണാതാകുന്നത്. ഫാക്ടറിയില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലുവരെയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്തു വീട്ടിലെത്തിയ അയാള്‍ ഹരിപ്പാട് കരുവാറ്റയിലെ സഹോദരിയുടെ വീട്ടിലേക്കു പോകുന്നുവെന്ന് അമ്മയോടു പറഞ്ഞിരുന്നു. വൈകിട്ട് ഏഴു മണിയോടെ പോയ സരസന്‍ പിന്നെ വീട്ടിലേക്കു മടങ്ങി വന്നില്ല. ആരും അയാളെ പിന്നെ കണ്ടതുമില്ല. വീട്ടുകാരും സുഹൃത്തുക്കളും നടത്തിയ അന്വേഷണമൊക്കെ വൃഥാവിലായപ്പോള്‍ നാലു ദിവസത്തിനുശേഷം സരസന്റെ അമ്മ ചവറ പൊലീസില്‍ പരാതി നല്‍കി. ചട്ടപ്രകാരം, ക്രൈം നമ്പര്‍ 10/1981 ആയി മാന്‍ മിസ്സിംഗിന് കേസ് രജിസ്റ്റര്‍ ചെയ്തു ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകള്‍ കിട്ടിയില്ല. 

സരസന്‍ പിടിക്കപ്പെട്ടപ്പോള്‍
 

ഇതിനിടയില്‍, സരസന്റെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരും രംഗത്തിറങ്ങി. പ്രദേശത്തെ കോണ്‍ഗ്രസ്സ് നേതാവ് കണ്‍വീനറായി സര്‍വകക്ഷി പ്രക്ഷോഭ സമിതി രൂപം കൊണ്ടു. പ്രക്ഷോഭ സമിതിയുടേയും ചവറ എം.എല്‍.എയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായ ബേബിജോണിന്റേയും സമ്മര്‍ദ്ദ ഫലമായി കേസന്വേഷണം ജനുവരി 27–നു ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ചവറയില്‍ ക്യാമ്പ് ആരംഭിച്ച് അന്വേഷണവും ചോദ്യം ചെയ്യലും ആരംഭിച്ചു.
ഇടത്തരം കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും ഒരു സുഖലോലുപന്റെ ജീവിതമാണ് സരസന്‍ നയിച്ചുപോന്നത്. പത്താംകഌസ്സ് കഴിഞ്ഞ് കൂട്ടുകാരില്‍ പലരും കോേളജില്‍ ചേര്‍ന്നു പ്രീഡിഗ്രിക്കു പഠിച്ചപ്പോള്‍ സരസന്‍ പോളിടെക്‌നിക്കില്‍ ചേര്‍ന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപേ്‌ളാമ എടുത്തു. ഉടനെ ഐ.ആര്‍.ഇയില്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലിയും കിട്ടി. ഡിപേ്‌ളാമയുള്ളതു കാരണം അധികം താമസിയാതെ പ്‌ളാന്റ് ചാര്‍ജ്മാനായി സ്ഥാനക്കയറ്റവും ലഭിച്ചു. ആര്‍.എസ്.പിയുടെ പ്രവര്‍ത്തകനായിരുന്നതിനാല്‍ ജോലി കിട്ടുന്നതില്‍ ബേബിജോണിന്റെ സഹായം വേണ്ടുവോളം കിട്ടി. ബേബിജോണിന്റെ നേതൃത്വത്തിലുള്ള യൂണിയന്റെ ട്രഷററായി നേതൃപദവിയിലേക്കുമെത്തി. നല്ല ശമ്പളവും നാട്ടിലും ഫാക്ടറിയിലും ധാരാളം സുഹൃത്തുക്കളും. മദ്യപാനത്തിനായുള്ള സ്ഥിരം ഒത്തുചേരലുകള്‍. ഇതിനിടയിലാണ് ചില പ്രാദേശിക പ്രശ്‌നങ്ങളില്‍ ആര്‍.എസ്.പിയുടെ പ്രാദേശിക നേതൃത്വവുമായി അയാള്‍ പിണക്കത്തിലാകുന്നത്. 
ഫാക്ടറിയിലെ യൂണിയന്‍ നേതൃസ്ഥാനവും അംഗത്വവും രാജിവെച്ച് ഐ.എന്‍.ടി.സി യൂണിയനില്‍ ചേരുന്നിടത്തോളം ആ പിണക്കം മുറുകി. ഫാക്ടറിയിലെ ഐ.എന്‍.ടി.യു.സിയുടെ നേതാക്കള്‍ ബി.കെ. നായര്‍ എം.പിയും കെ. സുരേഷ് ബാബുവുമായിരുന്നു. സരസന്റെ അകന്ന ബന്ധുവായ സുരേഷ് ബാബുവിന്റെ പ്രേരണയും യൂണിയന്‍ മാറ്റത്തിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കാം. സരസന്റെ പിണക്കം മാറ്റാന്‍ ബേബിജോണ്‍ അനുനയ ശ്രമങ്ങളുമായി എത്തിയെങ്കിലും വിജയിച്ചില്ല. നാട്ടിലും ഫാക്ടറിയിലും ആര്‍.എസ്.പിക്ക് എതിരെ ശക്തമായ ആരോപണങ്ങള്‍ അയാള്‍ ഉന്നയിച്ചു. അതാകട്ടെ, സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു. സരസനെ കാണാതാകുമ്പോള്‍ അത്തരം ഒരു കേസ് കോടതിയില്‍ തീര്‍പ്പുകാത്തു കിടക്കുന്നുണ്ടായിരുന്നു. 

നുരഞ്ഞു പതഞ്ഞ നുണകള്‍

സരസന്റെ തിരോധാനം ഒരു ദുരന്ത രാഷ്ട്രീയ സംഭവമായി ആളിപ്പടര്‍ന്നുകൊണ്ടിരുന്നു. സരസനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും അതിനു പിന്നില്‍ മന്ത്രി ബേബിജോണിന്റെ പ്രതികാരമാണെന്നുമുള്ള പ്രചാരണം ഏതൊക്കെയോ കോണുകളില്‍നിന്ന് ആസൂത്രിതമായി നടപ്പാക്കി. നാട്ടില്‍ പ്രചരിച്ച കിംവദന്തികളെ കുറിച്ചു പിന്നീട് ഐ.എ.എസ് ഉപേക്ഷിച്ച് ബിസിനസ്–വ്യവസായ രംഗത്തേക്കു പോയ സി. ബാലഗോപാല്‍ തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അന്നദ്ദേഹം കൊല്ലം സബ്കളക്ടറായിരുന്നു. ഈ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ബേബിജോണിന്റെ അനുയായിയായ ഒരാളുടെ വീട്ടുപറമ്പിലെ ഇഷ്ടികച്ചൂള പൊളിച്ചുമാറ്റി അതിന്റെ അടിത്തറ ആഴത്തില്‍ കുഴിച്ചുനോക്കി. സരസനെ കൊന്നു കുഴിച്ചുമൂടിയ സ്ഥലം മറയ്ക്കാനാണ് ഈ ഇഷ്ടികച്ചൂള പണിഞ്ഞിട്ടുള്ളതെന്ന് ആരോ പൊലീസിനെ അറിയിച്ചത്രെ. തന്ത്രപൂര്‍വ്വം കെട്ടിച്ചമയ്ക്കുന്ന ഇത്തരം കഥകളുടെ പിന്നാലെ പോകുന്നതു മൂലമുള്ള സമയ–അധ്വാന നഷ്ടത്തിലുള്ള വ്യസനം മൂലം അദ്ദേഹം ഇത്തരം ഏര്‍പ്പാടുകളെ പരിഹാസ സ്വരത്തിലാണ് വിവരിക്കുന്നത്. അത്തരം അനേക നുണക്കഥകള്‍ നിര്‍മ്മിക്കപ്പെട്ടു. 

സരസനെ തട്ടിക്കൊണ്ടുപോയി കൊന്നു മൃതദേഹം മത്സ്യബന്ധന ബോട്ടില്‍ കൊണ്ടുപോയി നടുക്കടലില്‍ തള്ളിയെന്നാണ് ഒരു കഥ. മൃതദേഹം കൊത്തിയരിഞ്ഞ് സ്രാവിനു തിന്നാന്‍ കൊടുത്തതായും കഥ പ്രചരിച്ചു. മറ്റൊന്നില്‍, പാതിരാത്രിയില്‍ കൂരിരുട്ടത്ത് സരസനെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി വായില്‍ തുണി തിരുകിക്കയറ്റി ഒരു മുളയില്‍ കെട്ടിത്തൂക്കി രണ്ടുപേര്‍ ചുമലില്‍ ചുമന്നുകൊണ്ടു പോയത്രെ. വേദനകൊണ്ട് പുളയുകയും ഞരങ്ങുകയും ചെയ്യുകയല്ലാതെ സരസനു മറ്റെന്തു ചെയ്യാന്‍. കടല്‍ത്തീരത്തെത്തിയ അവര്‍ സരസനെ ഒരു മീന്‍വലയില്‍ പൊതിഞ്ഞെടുത്തു കടലിലേക്കു തുഴഞ്ഞുപോയി. നടുക്കടലിലെത്തിയ അവര്‍ അയാളെ കടലിലേക്കു വലിച്ചെറിഞ്ഞു. ജലോപരിതലത്തില്‍ കുമിളകള്‍ പൊന്തിയപ്പോള്‍ കൊലയാളികള്‍ കരയിലേക്കു മുഖം തിരിച്ചു. പിന്നെ അവര്‍ നിശ്ശബ്ദം തിരിച്ചു തുഴഞ്ഞു. 

അടുത്ത കഥയില്‍ വാടക കൊലയാളികള്‍ പിന്തുടര്‍ന്നപ്പോള്‍ സരസന്‍ ജീവനും കൊണ്ടോടുകയായിരുന്നു. മെയ്ക്കരുത്തും മനക്കരുത്തുമുള്ള അയാളെ വേഗതയില്‍ തോല്‍പ്പിക്കാന്‍ അക്രമികള്‍ക്ക് ആകുമായിരുന്നില്ല. പക്ഷേ, ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ഇടവഴിയില്‍നിന്നും പ്രധാന റോഡിലേക്കെത്തുന്നതിനു മുന്‍പ് സരസന്‍ ഒന്നു തിരിഞ്ഞു നോക്കിപ്പോയി. പെട്ടെന്നാണ് അയാള്‍ ഒരു മരത്തിന്റെ വേരില്‍ തട്ടി നിലംപതിച്ചത്. വാടക ഗുണ്ടകള്‍ സരസനെ കീഴ്‌പെടുത്തി വായില്‍ തുണി തിരുകി ദൂരെ ഒരു സ്ഥലത്തേക്കെത്തിച്ചു ശ്വാസം മുട്ടിച്ചു കൊന്നു. ആഴമില്ലാത്ത ഒരു കുഴിമാന്തി ശവം അവിടെ മറവുചെയ്തു. 

നാട്ടുകാരിലെ സിനിമാ കമ്പക്കാര്‍ക്ക് ഏറെ പ്രിയങ്കരമായ മറ്റൊരു കഥയുണ്ട്. സരസന്‍ കുറേ എതിരാളികളുമായി ഏറ്റുമുട്ടുകയാണ്. കുറുവടിയുമേന്തിയുള്ള അക്രമികളെ സധൈര്യം ചെറുക്കുന്ന സരസന്‍ രണ്ടുപേരെ തൊഴിച്ചിടുന്നു. രാത്രി വൈകിയിട്ടും സംഘട്ടനം തുടരുകയാണ്. ഒടുവില്‍ സരസന്‍ തളര്‍ന്നു പോകുന്നു. കൊലയാളികള്‍ പക്ഷേ, കത്തികൊണ്ടു കുത്തിക്കൊല്ലുന്നതിനു മുന്‍പ് ആ ധീരനെ സല്യൂട്ട് ചെയ്തുപോകുന്നു.

ജനത്തെ ചെണ്ടകൊട്ടിക്കല്‍

ചവറ പ്രദേശത്തു വലിയ അക്രമസമരങ്ങള്‍ തന്നെ ഉണ്ടായി. ചവറയിലെ മുന്നൂറോളം വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 1981 ഫെബ്രുവരി 11 ബുധനാഴ്ച പഠിപ്പു മുടക്കി സരസന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ക്യാമ്പ് ഓഫീസിനു മുന്‍പില്‍ പ്രകടനം നടത്തി. തുടര്‍ന്ന് അവര്‍ കൊറ്റുകുളങ്ങര ഹൈസ്‌കൂളില്‍ സ്ഥാപിച്ചിരുന്ന മന്ത്രി ബേബിജോണിന്റെ ചിത്രം കത്തിച്ചു. ഹൈവേയിലെത്തി രണ്ടു കെ.എസ്.ആര്‍.ടി.സി ബസ്‌സുകള്‍ക്കു കേടുവരുത്തി. ചവറ കോക്കനട്ട് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കോമ്പൗണ്ടില്‍ കിടന്ന കാര്‍ പ്രക്ഷോഭകര്‍ ഉരുട്ടി ഹൈവേയില്‍ കൊണ്ടിട്ട് തീയിട്ടു. എം.എ.കെ. എന്ന വ്യാപാരിയുടെ വീടിനു നേരെ കല്ലെറിഞ്ഞു. വേലികള്‍ പൊളിച്ചു. ചവറ കമ്പോളത്തിലെ പല കടകള്‍ക്കു നേരെയും കല്ലേറു നടത്തി. വ്യാപാരികള്‍ കടകളടച്ചു. അടുത്ത ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 
അക്രമങ്ങളില്‍ പങ്കില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍. അക്രമികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളെ കൂടാതെ കുറേ അപരിചിതരായ മുതിര്‍ന്നവരേയും കണ്ടതായി നാട്ടുകാര്‍. അറിയിച്ചിട്ടും അക്രമം തടയാന്‍ പൊലീസ് എത്തിയില്ലെന്ന് അക്രമത്തിന് ഇരയായവര്‍. അന്നുതന്നെ വൈകിട്ട് നാട്ടുകാരുടെ പേരില്‍ 'കൊല്ലപ്പെട്ട' സരസന്റെ പേരില്‍ ചവറയില്‍ മൗനജാഥയും നടന്നു. കറുത്ത ബാഡ്ജ് ധരിച്ചു നടത്തിയ ജാഥയില്‍ സ്ത്രീകളായിരുന്നു കൂടുതലും. സരസന്റെ വലിയൊരു ചിത്രവും അനേകം കരിങ്കൊടികളും ജാഥയില്‍ പിടിച്ചിരുന്നു. ഒരു മണിക്കൂറോളം ഗതാഗത സ്തംഭനമുണ്ടാക്കിയ ജാഥ കൊറ്റംകുളങ്ങരയില്‍ പൊതുയോഗത്തോടെ സമാപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്നു ഭയന്ന് പ്രദേശത്തു കളക്ടര്‍ പൊലീസ് ആക്ട് 23–ാം വകുപ്പു പ്രകാരം ഫെബ്രുവരി 13 മുതല്‍ ഒരു മാസത്തേയ്ക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു. പക്ഷേ, നിരോധനാജ്ഞ ലംഘിച്ചും ജനങ്ങള്‍ പ്രക്ഷോഭം തുടര്‍ന്നു. സ്ത്രീകളും കുട്ടികളും വലിയ തോതില്‍ സമരരംഗത്തേക്ക് ആകര്‍ഷിക്കപ്പെട്ടു.

പൊലീസ് ക്രൂരതയുടെ ഇരകള്‍

നിരവധി നിരപരാധികള്‍ കൊടിയ പൊലീസ് പീഡനത്തിന് ഇരയായിത്തീര്‍ന്നു. ഒടുക്കത്ത് ജമാലുദ്ദീന്‍ എന്ന കയര്‍ വ്യാപാരിയാണ് അവരിലൊരാള്‍. ചവറ കൊട്ടുകാട് സ്വദേശിയായ അദ്ദേഹം ആര്‍.എസ്.പി പ്രദേശിക നേതാവായിരുന്നു. മത്സ്യം ഉണക്കുന്നതിനു ഉപയോഗിക്കുന്ന കയര്‍പ്പായ പോലുള്ള കയര്‍ ഉല്‍പ്പന്നങ്ങളാണ് അദ്ദേഹം വിപണനം ചെയ്തിരുന്നത്. കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെയും മത്സ്യബന്ധന കേന്ദ്രങ്ങളുമായി ജമാലുദ്ദീന് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് സരസനെ മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ വെച്ചു കാണാനിടയായത്. കുന്ദാപുരയില്‍നിന്നു നാട്ടിലേക്കു മടങ്ങാന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു. സ്റ്റേഷനു പുറത്തു നില്‍ക്കുകയായിരുന്ന സരസനെ ജമാല്‍ കണ്ടു. 

ജമാലുദ്ദീന്‍
 

നാട്ടുകാരനും പാര്‍ട്ടി സഹപ്രവര്‍ത്തകനുമെന്ന പരിചയം മൂലം സരസനെ തിരിച്ചറിയാന്‍ ജമാലുദ്ദീനു കഴിയുമായിരുന്നു. നാട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം സരസന്റെ തിരോധാനത്തില്‍ നാട് പ്രക്ഷുബ്ധമാണെന്നറിഞ്ഞ് അദ്ഭുതപ്പെട്ട് താന്‍ സരസനെ കണ്ടുമുട്ടിയ കാര്യം വെളിപ്പെടുത്തി. അന്നു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നില്ല. വെളിപ്പെടുത്തലറിഞ്ഞ ചവറ പൊലീസ് ജമാലിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. 
ക്രൈംബ്രാഞ്ചിന്റെ വരവോടെയാണ് കഷ്ടകാലം ആരംഭിച്ചത്. അവരുടെ ക്യാമ്പ് ഓഫീസിലേക്കു പലതവണ വിളിച്ചു ചോദ്യം ചെയ്തു. പിന്നെ തുടര്‍ച്ചായി ഇരുപതു ദിവസത്തോളം കസ്റ്റഡിയില്‍ വെച്ചു ചോദ്യം ചെയ്തു. സി.ഐ. ജോളിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. സരസനെ കണ്ടില്ല എന്നു പറയിക്കാനാണ് പൊലീസിന്റെ ശ്രമം. കണ്ടെന്നു പറയുന്നത് ആരോ പറഞ്ഞു പറയിക്കുന്നതാണ് എന്നാണ് പൊലീസിന്റെ ഭാഷ്യം. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ സരസനെ കണ്ടുവെന്ന് ജമാല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്റെ നേരിട്ടുള്ള അനുഭവസത്യത്തെ തള്ളിപ്പറയാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. അതിനു ലഭിച്ചതാകട്ടെ, അതിക്രൂരമായ പീഡനവും. ഭീഷണിയും അടിയും തൊഴിയും അസഭ്യവര്‍ഷത്തിനും പുറമെ അടിയന്തരാവസ്ഥയില്‍ വ്യാപകമായി പ്രയോഗിച്ച ഗരുഡന്‍തൂക്കമെന്ന പ്രാകൃതമായ മര്‍ദ്ദനമുറയും ജമാലിനു നേരെ നടപ്പിലാക്കി. കൈകള്‍ ചുമലുകളുമായി ചേരുന്ന സന്ധികളിലെ കുഴതെറ്റി പേശികള്‍ ഉരിഞ്ഞുപൊകുന്ന മര്‍ദ്ദനമുറയാണിത്. എന്നിട്ടും ജമാല്‍ തന്റെ മൊഴിയില്‍ ഉറച്ചുനിന്നു. 

പിന്നീട് പൊലീസ് ജമാലിനെ സ്വതന്ത്രനാക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ രണ്ടു കൈകളുടേയും സ്വാധീനം നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല, പലവിധ രോഗങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ മുന്‍കൈയില്‍ വിദഗ്ദ്ധ ചികിത്സ തരപ്പെടുത്തി. പൊലീസ് പീഡനക്കേസില്‍ ജോളിയടക്കം നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊല്ലം അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഏഴുവര്‍ഷം കഠിന തടവു വിധിച്ചു. പക്ഷേ, പിന്നീട് സെഷന്‍സ് കോടതി അവരെ വെറുതെ വിട്ടു. പ്രതികള്‍ അപ്പീലിനു പോകുന്നതിനു മുന്‍പേ ജമാലുമായി ഒത്തുതീര്‍പ്പിനു ശ്രമിച്ചുവെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ജമാല്‍ തയ്യാറായില്ല. തുടര്‍ന്നു ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനമെടുത്തിരുന്നു. ജമാലുദ്ദീന്‍ 1998–ല്‍ മരിച്ചതോടെ കേസ് നിലച്ചു. മാത്രമല്ല, ബേബിജോണ്‍ അപ്പോഴേക്കും രോഗശയ്യയിലുമായി. പിന്നെ കേസിന്റെ കാര്യം ഏറ്റെടുക്കാന്‍ ആരും തയ്യാറായതുമില്ല.

സുകുമാരന്‍
 

സരസന്‍ കേസില്‍ കടുത്ത പൊലീസ് മര്‍ദ്ദനത്തിന് ഇരയായ മറ്റൊരാളാണ് കെ. സുകുമാരന്‍. ആര്‍.എസ്.പിയുടെ പ്രവര്‍ത്തകനും യുവജന വിഭാഗത്തിന്റെ ചവറ മണ്ഡലം സെക്രട്ടറിയുമായിരുന്നു അന്ന് അദ്ദേഹം. ചവറ ഐ.ടി.സി ജീവനക്കാരനായിരുന്ന അദ്ദേഹം ഇന്ന് ആര്‍.എസ്.പി ജില്ലാ കമ്മിറ്റി അംഗമാണ്. ബേബിജോണിനോടും ചവറ വാസുപിള്ളയോടുമുള്ള അടുപ്പം കൊണ്ടു മാത്രമാണ് സുകുമാരന്‍ അന്യായമായ പൊലീസ് മര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്നത്. എഴു ദിവസം ചവറയിലെ പൊലീസ് ക്യാമ്പില്‍ ചക്കരപ്പായ പ്രയോഗത്തിനും അദ്ദേഹം ഇരയായി. എറുമ്പരിക്കുന്ന, ശര്‍ക്കര പുരട്ടിയ പനമ്പായില്‍ മണിക്കൂറുകളോളം പ്രതികളെ കിടത്തുന്ന പീഡനരീതിയാണത്. പിന്നീട്, കറ്റാനം ടി.ബിയിലെ ഉരുട്ട് ഉള്‍പ്പെടെയുള്ള മര്‍ദ്ദനമുറകള്‍ക്കും അദ്ദേഹം വിധേയനാക്കപ്പെട്ടു. ഇപ്പോള്‍ അനേകം രോഗങ്ങള്‍ക്ക് അടിമയായി ജീവിതം തള്ളിനീക്കുന്നു.

ക്രൂരമായ പീഡനമേല്‍ക്കേണ്ടിവന്ന മറ്റൊരാളാണ് കോഴിത്തോട്ടത്ത് രാധാകൃഷ്ണപിള്ള. ജില്ലാ സഹകരണ ബാങ്കിന്റെ ചവറ ബ്രാഞ്ച് മാനേജരായിരുന്ന അദ്ദേഹം സരസന്റെ കുടുംബസുഹൃത്തും അയല്‍ക്കാരനുമാണ്. ആര്‍.എസ്.പി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആദ്യമൊക്കെ ക്രൈംബ്രാഞ്ച് വിളിച്ചു ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ മര്‍ദ്ദനങ്ങളൊന്നും ഏല്‍ക്കേണ്ടിവന്നില്ല. പക്ഷേ, സരസന്‍ വീട്ടിലേക്കയച്ച കത്തുകള്‍ രാധാകൃഷ്ണപിള്ളയുടെ ജീവിതത്തെ മാറ്റിമറിച്ചു. അവയെല്ലാം ഊമക്കത്തുകളായിരുന്നുവെന്നാണ് സരസന്റെ ബന്ധുക്കള്‍ കരുതിയത്. കത്തുകളിലെല്ലാം വീട്ടുകാര്യങ്ങളും സഹോദരമാരേയും അവരുടെ കുട്ടികളേയും സരസന്‍ വിളിച്ചിരുന്ന ഓമനപ്പേരുകളും ഉണ്ടായിരുന്നു. ഇതെല്ലാം അറിയാവുന്ന ഏക ആര്‍.എസ്.പിക്കാരന്‍ രാധാകൃഷ്ണപിള്ള മാത്രമാണെന്ന വീട്ടുകാരുടെ വെളിപ്പെടുത്തലിലാണ് അദ്ദേഹത്തിനു കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. അപ്പോഴേയ്ക്കും അന്വേഷണ ചുമതല ഏറ്റെടുത്ത എസ്.കെ.വിശ്വംഭരന്‍ 'ഊമക്കത്തുകള്‍' ശേഖരിച്ച് രാധാകൃഷ്ണപിള്ളയേയും സരസന്റെ അടുത്ത സുഹൃത്തും ഫാക്ടറിയയിലെ സഹജീവനക്കാരനുമായ രാജേന്ദ്രന്‍ പിള്ളയേയും ചോദ്യം ചെയ്തു. ഒരു ദിവസം രാധാകൃഷ്ണപിള്ളയേയും കെ. സുകുമാരനേയും കായംകുളം ടി.ബിയിലേക്കു വിളിപ്പിച്ചു. അവിടെനിന്നു രണ്ടു പേരേയും കണ്ണുകെട്ടി വെവ്വേറെ കറ്റാനം ടി.ബിയിലേക്കു കൊണ്ടുപോയി. അടുത്തടുത്ത മുറികളിലിട്ട് രാത്രിയിലുടനീളം മര്‍ദ്ദിച്ചു. സരസനെ കൊന്ന് എവിടെയാണ് തള്ളിയതെന്നായിരുന്നു ചോദ്യം. കൈകള്‍ ഇരുപുറത്തുനിന്നുമായി മുട്ടുകള്‍ക്കടിയിലൂടെ കൊണ്ടുവന്നു കൂട്ടിക്കെട്ടും. കൂട്ടിക്കെട്ടിയ കൈകള്‍ മുകളിലേക്കു കൊണ്ടുവന്നു തല അകത്തുവരത്തക്കവണ്ണം കഴുത്തിലിടും. അപ്പോള്‍ ശരീരം ഒരു ഫുട്‌ബോള്‍ പോലെയാകും. എന്നിട്ട്, മുതുകത്ത് ഇടിക്കും. അതായിരുന്നു മര്‍ദ്ദനരീതി. വെളുപ്പാന്‍കാലമായപ്പോള്‍ വീണ്ടും കണ്ണുകെട്ടി കായംകുളത്തു കൊണ്ടുവന്നു വിട്ടു. ചവറ ക്യാമ്പിലെ പീഡനമുറകള്‍ ഏറ്റുവാങ്ങേണ്ടി വന്നവരാണ് ഐ.ടി.സി. ഡ്രൈവര്‍ ബഷീറും ബേബിജോണിന്റെ ഡ്രൈവറായിരുന്ന അബ്ദുല്‍ സലാമും.

രാധാകൃഷ്ണപിള്ള

രാഷ്ട്രീയ മുതലെടുപ്പുകള്‍

1980 ജനുവരിയില്‍ അധികാരത്തില്‍ വന്ന ആദ്യ നായനാര്‍ ഗവണ്‍മെന്റായിരുന്നു അന്നു ഭരണത്തില്‍. ചവറയിലെ എം.എല്‍.എ ആയ ബേബിജോണ്‍ അന്നു വിദ്യാഭ്യാസ വകുപ്പു മന്ത്രിയും. പ്രതിപക്ഷം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ രണ്ടു പ്രധാന സംഭവങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സമയമായിരുന്നു. ഒന്നാമത്തേത് ഭുവനേന്ദ്രന്‍ കേസ്. തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മൃതിയടഞ്ഞ സംഭവത്തില്‍ പ്രതികളായ പൊലീസുകാരെ മുഴുവന്‍ അറസ്റ്റ് ചെയ്തിരുന്നില്ല. സ്പിരിറ്റ് കേസാണ് രണ്ടാമത്തേത്. ആദ്യ കേസില്‍ ആഭ്യന്തര വകുപ്പു മന്ത്രി ടി.കെ. രാമകൃഷ്ണനേയും രണ്ടാമത്തേതില്‍ എം.കെ. കൃഷ്ണനേയും മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1981 ഫെബ്രുവരി 23–നു പ്രതിപക്ഷം കേരള ബന്ത് നടത്തി. കൂട്ടത്തില്‍ സരസന്‍ സംഭവവും സര്‍ക്കാരിനെതിരായ ആയുധമാക്കി. ഫെബ്രുവരി 26–നു പ്രതിപക്ഷ നേതാവ് കെ. കരുണാകരന്‍ നിയമസഭയില്‍ ഒരു സബ്മിഷനിലൂടെ സരസന്‍ കേസ് ഉന്നയിക്കുകയും ചെയ്തു. 

ചവറ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍.എസ്.പിയില്‍ത്തന്നെ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആര്‍.എസ്.പി ടിക്കറ്റില്‍ മത്സരിച്ച ഒരു പഞ്ചായത്ത് അംഗം പാര്‍ട്ടി വിട്ടു പോകുകയും സി.പി.ഐയില്‍ ചേരുകയും ചെയ്തു. ആര്‍എസ്.പി നേതാവായ ചവറ വാസുപിള്ളയാണ് പഞ്ചായത്തു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കാരണത്താല്‍ ഭരണപക്ഷ പാര്‍ട്ടികള്‍ തമ്മിലും പ്രാദേശികമായി അകല്‍ച്ച നിലനിന്നിരുന്നു. ഇതിനിടയില്‍ ആര്‍.എസ്.പിയിലും ആഭ്യന്തര കലഹങ്ങള്‍ ആരംഭിച്ചു. തലമുതിര്‍ന്ന നേതാവും മുന്‍ എം.പിയുമായ എന്‍. ശ്രീകണ്ഠന്‍ നായര്‍ സരസന്‍ കേസില്‍ ഭരണമുന്നണിയിലെ ഘടക കക്ഷികള്‍ ആര്‍.എസ്.പിക്കെതിരെ നീങ്ങുന്നതില്‍ പ്രതിഷേധിച്ചും കുറേ 'പേട്ടു വകുപ്പുകളില്‍' അള്ളിപ്പിടിച്ച് അധികാരത്തില്‍ തുടരാതെ ആര്‍.എസ്.പി ഭരണമുന്നണി വിടണമെന്നു ആവശ്യപ്പെട്ടുകൊണ്ടും പ്രസ്താവന ഇറക്കുകയും ചെയ്തു. പ്രക്ഷോഭ സമിതിയില്‍ സി.പി.എമ്മിന്റേയും സി.പി.ഐയുടേയും സജീവ പങ്കാളിത്തമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പിന്നീട്, സി.പി.എം അതില്‍നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങുകയും ബേബിജോണ്‍ കുറ്റക്കാരനല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, മുഖ്യമന്ത്രി നായനാര്‍ക്ക് ബേബിജോണില്‍ പൂര്‍ണ്ണവിശ്വാസവുമായിരുന്നു.
എ.കെ. ആന്റണിയും കെ.എം. മാണിയും പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് നായനാര്‍ സര്‍ക്കാര്‍ രാജിവെച്ചു. അതോടെ, കുറച്ചു നാള്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായി. ജ്യോതി വെങ്കടചെല്ലമായിരുന്നു ഗവര്‍ണ്ണര്‍. 1982 മേയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ ആയുധങ്ങളിലൊന്നായി പ്രതിപക്ഷം സരസന്‍ സംഭവം ഉപയോഗിച്ചു. 

ബേബിജോണിന്റെ വിജയം

കേരളമാകെ ഒരു ചോദ്യം ഉയര്‍ന്നു: സരസന്‍ എവിടെ? ചവറയില്‍ വീണ്ടും ബേബിജോണ്‍ ജനവിധി തേടി. മുഖ്യ എതിരാളി എല്ലാവരും പ്രതീക്ഷിച്ചതുപോലെ കോണ്‍ഗ്രസ്സിലെ കെ.സുരേഷ് ബാബു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വരെ വന്നു പ്രചാരണം നടത്തി. പ്രതിപക്ഷ നേതാവ് കരുണാകരന്‍ താന്‍ അധികാരത്തില്‍ വന്നാല്‍ നാലു ദിവസത്തിനകം സരസന്‍ കേസ് തെളിയിക്കുമെന്നു പ്രഖ്യാപിച്ചു. 
''എനിക്കെന്റെ മകന്റെ ജഡമെങ്കിലും തിരികെ തരൂ', ''എനിക്കെന്റെ മകന്റെ ചിതാഭസ്മമെങ്കിലും തരൂ, ഞാനതു കര്‍മ്മങ്ങളാല്‍ നിമജ്ജനം ചെയ്യട്ടെ,' എന്നിങ്ങനെ ഹൃദയം പിളര്‍ക്കുന്ന വാക്കുകള്‍ സരസന്റെ അമ്മയുടേതായി ചുമരെഴുത്തായും ഉച്ചഭാഷിണി ശബ്ദമായും ഒരു തേങ്ങല്‍പോലെ മണ്ഡലമാകെ നിറഞ്ഞു. മുക്കിനും മൂലയ്ക്കും സരസന്റെ ചില്ലിട്ട ഫോട്ടോ വെച്ചു വിളക്കു കൊളുത്തി. സ്ഥാനാര്‍ത്ഥിയുടെ ചിത്രങ്ങളെക്കാള്‍ സരസന്റേയും അമ്മ ജാനകിയമ്മയുടേയും ചിത്രങ്ങളാണ് നിറഞ്ഞുനിന്നത്. തെരഞ്ഞെടുപ്പു യോഗങ്ങളിലെല്ലാം ആ അമ്മയുടെ സാന്നിധ്യം ഉറപ്പാക്കി. രാഷ്ട്രീയ പകയുടെ ഇരയായും ആദര്‍ശാത്മകതയുടെ രക്തസാക്ഷിയായും സരസന്‍ അവതരിപ്പിക്കപ്പെട്ടു. എന്നിട്ടും ബേബിജോണ്‍ 621 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 

തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കിലും ബേബിജോണിനെ പരാജയപ്പെടുത്താന്‍ കഴിയാതെ വന്നതോടുകൂടി സരസന്‍ കേസിന്റെ ഊര്‍ജ്ജം നഷ്ടപ്പെട്ടു. സരസന്‍ എവിടെ എന്ന ചോദ്യം പിന്നെ ആരും ഉന്നയിച്ചില്ല. കാരണം, സരസന്‍ സംഭവമെന്ന രാഷ്ട്രീയ ഉപകരണത്തിന് പിന്നെ വലിയ പ്രയോജനമില്ലായിരുന്നു. അങ്ങനെയിരിക്കെ, തിരുവോണ ദിവസം മകനേയും കാത്ത് ഓണം ഉപേക്ഷിച്ചിരിക്കുന്ന സരസന്റെ അമ്മയുടെ കഥ 1986 സെപ്തംബര്‍ 15-ന് മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചതോടെ സരസന്‍ സംഭവം വീണ്ടും പൊതുചര്‍ച്ചയില്‍ സജീവമായി.

സരസന്‍ അറസ്റ്റില്‍

1986 ഒക്‌ടോബര്‍ ഒന്ന്. അന്നു പത്രങ്ങളില്‍ രണ്ടു വാര്‍ത്തകള്‍. ഒന്നാമത്തെ വാര്‍ത്ത പത്താമത് സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമെഡല്‍ പി.ടി. ഉഷ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നേടിയതായിരുന്നു. രണ്ടാമത്തേത് സരസനെ ജീവനോടെ പിടികൂടിയ കാര്യവും. സരസന്റെ അറസ്റ്റ് കാര്യം തലേന്ന് മുഖ്യമന്ത്രി കെ.കരുണാകരന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി അറിയിച്ചിരുന്നു. 1986 സെപ്തംബര്‍ 26–ന് കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ കുന്ദാപുര താലൂക്കില്‍പെ്പട്ട വാന്ദ്‌സെ എന്ന സ്ഥലത്തുനിന്ന് കേരള പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം എസ്.പി. ബാബുരാജും ഡി.വൈ.എസ്.പി എസ്.കെ. വിശ്വംഭരനും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സംഘത്തോടൊപ്പം സരസന്റെ പൊലീസുകാരനായ ജ്യേഷ്ഠന്‍ രമണനും ഉണ്ടായിരുന്നു. കുറ്റാന്വേഷണ സംഘത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള ചുമതലയും ഡി.വൈ.എസ്.പി എസ്.കെ. വിശ്വംഭരനെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തി.
അഞ്ചര വര്‍ഷത്തെ അജ്ഞാത വാസത്തിനുശേഷമാണ് സരസന്‍ പിടിയിലായത്. കൊല്ലൂര്‍ മൂകാംബി ക്ഷേത്രത്തിനടുത്ത്, കുന്ദാപുര ടൗണില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയായി വനത്തോടു ചേര്‍ന്ന ഒരു മലയാളി കുടിയേറ്റ ഗ്രാമമാണ് വാന്ദ്‌സെ. മദ്ധ്യതിരുവിതാംകൂറില്‍നിന്നും മലബാറില്‍നിന്നുമുള്ളവര്‍ കന്നിമണ്ണു തേടി ഇവിടെയെത്തി താമസം ഉറപ്പിച്ച് റബ്ബറും മറ്റു കൃഷികളും ചെയ്തുപോന്നു. അവിടെ മാത്യു എന്നയാളുടെ വീട്ടില്‍ 'കൊട്ടിയം രവി' എന്ന പേരില്‍ കൂലിപ്പണിക്കാരനായി കഴിഞ്ഞുകൂടുകയായിരുന്നു സരസന്‍. വാന്ദ്‌സെയിലെ എല്ലാ മലയാളി കുടുംബങ്ങള്‍ക്കും 'കൊട്ടിയം രവി' പ്രിയങ്കരനായിരുന്നു. ദക്ഷിണ കന്നട ജില്ലയിലെ പല പ്രദേശങ്ങളിലും അയാള്‍ ഇതേ പേരില്‍ കൂലി വേല ചെയ്തിരുന്നു.

വയനാട്ടില്‍ ജോലി ചെയ്തിരുന്ന അകന്ന ബന്ധുവായ ചാത്തന്നൂര്‍ സ്വദേശി രാജന്‍ മൊസേക്ക് പണിക്കായി കര്‍ണ്ണാടകത്തിലെ മുഡൂരില്‍ എത്തിയിരുന്നു. അയാള്‍ ഒരു ദിവസം വാന്ദ്‌സെയില്‍ എത്തിതോടെയാണ് സരസന്റെ തിരോധാന നാടകത്തിന് തിരശ്ശീല വീഴാന്‍ തുടങ്ങുന്നത്. കൊട്ടിയം രവിയെന്ന സരസനെ പരിചയപ്പെട്ടപ്പോള്‍ കൊട്ടിയത്തിനടുത്തുള്ള രാജന്‍ കൂടുതല്‍ താല്‍പ്പര്യത്തോടെ കുശലാന്വേഷണങ്ങള്‍ തുടര്‍ന്നു. പക്ഷേ, സരസന്റെ ഒഴിഞ്ഞുമാറല്‍ സംശയത്തിന് ഇടനല്‍കി. തന്റെ കുഞ്ഞമ്മയുടെ മകന്റെ ഭാര്യയുടെ സഹോദരനായ സരസന്റെ തിരോധാനത്തെപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ രാജന്റെ മനസ്‌സിലേക്ക് ഓടിയെത്തി. കൊട്ടിയം രവിയുടെ കാലില്‍ ശസ്ത്രക്രിയ ചെയ്ത പാട് കൂടി കണ്ടപ്പോള്‍ സംശയം പെരുകി. അയാള്‍ വീട്ടിലേക്കു കത്തെഴുതി. കത്ത് സരസന്റെ അളിയനും രാജന്റെ ബന്ധുവുമായ കൊട്ടിയം മുളയത്ത് സദാശിവനു കൈമാറി. സദാശിവന്‍ ആ കത്ത് സരസന്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനെ ഏല്പിച്ചു. ഉടനെ പൊലീസിന്റെ ഒരു സംഘം കര്‍ണ്ണാടകയിലെത്തി രാജന്റെ സഹായത്തോടെ സരസനെ തിരിച്ചറിഞ്ഞു തിരിച്ചുപോന്നു. പിന്നീടാണ്, പൊലീസ് മേധാവികളെത്തി അറസ്റ്റ് ചെയ്തത്.
പിടികൂടിയതിനുശേഷം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ സരസനെ ഒക്‌ടോബര്‍ മൂന്നിന് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആളിനെ കാണാതാകല്‍ കേസില്‍ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞിരുന്ന സരസനെ കോടതി വെറുതെ വിട്ടു. തന്നെ കുറേപ്പേര്‍ ചേര്‍ന്ന് ഏതോ ദ്രാവകം തന്നു ബോധം കെടുത്തി തട്ടിക്കൊണ്ടുപോയി കര്‍ണ്ണാടകത്തിലെ കടല്‍ത്തീരത്ത് ഉപേക്ഷിച്ചെന്നാണ് കോടതിയില്‍ സരസന്‍ നല്‍കിയ പരസ്യമൊഴി. ഈ സംഭവത്തില്‍ ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു അയാളുടെ പ്രതികരണം. കോടതിയില്‍ സരസന്‍ തീര്‍ത്തും നിര്‍വികാരനായി കാണപ്പെട്ടുവെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എങ്കിലും തന്റെ ജീവനു നേരെ വധഭീഷണി നിലനില്‍ക്കുന്നുവെന്നും കൊള്ളയേയും കൊലപാതകങ്ങളേയും എതിര്‍ത്തതു മൂലമാണ് തനിക്കു രാഷ്ട്രീയം മാറേണ്ടിവന്നതെന്നും അയാള്‍ കോടതിയില്‍ പറഞ്ഞു. കോടതിയില്‍നിന്നു പൊലീസ് ജീപ്പില്‍ നേരെ വീട്ടിലെത്തിയ സരസനെ കാണാന്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്.

സരസന്റെ മൊഴി പച്ചക്കള്ളമാണെന്നും അയാളുടെ തിരോധാനത്തിനു പിന്നിലുള്ള രഹസ്യങ്ങള്‍ അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്ന് ബേബിജോണ്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. സഭയില്‍ സബ്മിഷനും കൊണ്ടുവന്നു . മുഖ്യമന്ത്രി കെ.കരുണാകരന്‍ ബേബിജോണിന്റെ ആവശ്യം അംഗീകരിക്കുകയും സരസന്റെ തിരോധാനത്തിലെ ദുരൂഹത നീക്കാന്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചുകഴിഞ്ഞുവെന്നു സഭയെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്നു വളരെ ഒറ്റപ്പെട്ട ഒരു ജീവിതമാണ് സരസന്‍ നയിച്ചതെന്നു പറയാം. ഉന്നതരുടെ ഇടപെടലിലാകാം സരസന് ഐ.ആര്‍.ഇയിലെ ജോലി തിരിച്ചു കിട്ടി. തമിഴ്‌നാട്ടിലെ മണവാളക്കുറിച്ചി യൂണിറ്റില്‍ ജോലിക്കു കയറുകയും ചെയ്തു. അവിവാഹിതനായി തുടര്‍ന്ന സരസന്‍ മദ്യപാനം നിമിത്തം അനാരോഗ്യവാനുമായി. 1992 ജനുവരി 26-ന് അദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. 
സരസന്‍ സംഭവം ഒന്നുകില്‍ രാഷ്ട്രീയമായി ആസൂത്രണം ചെയ്തതാണ്. അല്ലെങ്കില്‍ വീണുകിട്ടിയ ഒരു സംഭവത്തെ രാഷ്ട്രീയമായി മുതലെടുത്തതാകാം. ഏതുവിധത്തിലായാലും അധികാരക്കൊതി മൂത്ത ആരുടെയൊക്കെയോ കുതന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നു വ്യക്തം. സരസന്റെ ട്രേഡ് യൂണിയന്‍ മാറ്റവും ആര്‍.എസ്.പി ബന്ധം ഉപേക്ഷിക്കലും അതിനു പശ്ചാത്തലമൊരുക്കി. പകയുടേയും പ്രതികാരത്തിന്റേയും ഒരു കഥ ഉപശാലകളില്‍ മെനഞ്ഞെടുത്തപ്പോള്‍ അതിനു സംഭവ്യതയുടെ, യുക്തിയുടെ മേലൊപ്പു കിട്ടാന്‍ പ്രയാസമൊന്നും ഉണ്ടായില്ല. ബേബിജോണ്‍ പ്രതികാരമൂര്‍ത്തിയായി, ചതിയനായി, കൃതഘ്‌നനായ സ്വാര്‍ത്ഥിയായി, അധികാര പ്രമത്തനായിട്ടൊക്കെ ചിത്രീകരിക്കപ്പെട്ടു. പക്ഷേ, അദ്ദേഹത്തെ പ്രതിയാക്കുകയോ കേസെടുക്കുകയോ ചെയ്തില്ല. കാരണം, കിംവദന്തികളല്ലാതെ തെളിവുകളോ മൊഴികളോ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നില്ല.

സരസന്‍ പൊലീസ് സ്റ്റേഷനില്‍ (മനോരമ പത്രം പ്രസിദ്ധീകരിച്ച ചിത്രം)
 

ഇനിയും ഉത്തരങ്ങള്‍ ഒളിവില്‍

1982–ലെ തെരഞ്ഞെടുപ്പില്‍ സരസന്റെ തിരോധാനം തുറുപ്പുചീട്ടാക്കിയതുപോലെ, 1987-ല്‍ സരസനെ കണ്ടെത്തല്‍ ഒരു തുറുപ്പുചീട്ടാക്കാന്‍ കഴിയുമെന്നു രാഷ്ട്രീയ നേതൃത്വം കണക്കുകൂട്ടിയ പോലുണ്ട്. ഒക്‌ടോബര്‍ മൂന്നിന് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതു വരെ അയാള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. ക്ഷീണിച്ചു മെലിഞ്ഞുപോയ സരസന്‍ നിര്‍വികാരനായി കോടതിയില്‍ ഒരു നീണ്ട പ്രസ്താവന തന്നെ മൊഴിയായി നല്‍കിയെന്നാണ് പിറ്റേ ദിവസത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പറഞ്ഞു പഠിപ്പിച്ചതുപോലെ അയാള്‍ താനെങ്ങനെ നാട്ടില്‍നിന്ന് അപ്രത്യക്ഷനായി എന്നു കോടതിയെ ബോധിപ്പിച്ചു. 
ആര്‍.എസ്.പിയോടുള്ള വിരോധം അയാളുടെ വാക്കുകളില്‍ അപ്പോഴും കത്തിനില്‍ക്കുന്നുണ്ടായിരുന്നു. അതേസമയം, തന്റെ തിരോധാനത്തിനു കാരണക്കാരായി ആരെയെങ്കിലും ആരോപിക്കുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നാണയാള്‍ മറുപടി കൊടുത്തത്. അതിന്റെ അര്‍ത്ഥം തന്റെ തിരോധാനത്തിന്റെ പേരിലുള്ള കേസ് തീര്‍ന്നു കിട്ടാന്‍ അയാള്‍ ആഗ്രഹിച്ചുവെന്നര്‍ത്ഥം. വീണ്ടുമൊരു പൊലീസ് അന്വേഷണം തന്നെ മയക്കുദ്രാവകം കുടിപ്പിച്ചു ബോധം കെടുത്തി തട്ടിക്കൊണ്ടുപോയി എന്ന മൊഴിയുടെ സാധുതയെ ചോദ്യം ചെയ്‌തേക്കാമെന്ന ഭയം അയാള്‍ക്കുണ്ടായിരുന്നിരിക്കണം. അല്ലെങ്കില്‍ സരസന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കെങ്കിലുമുണ്ടായിരുന്നു.

സരസന്റെ കോടതി മൊഴി വിശ്വസിച്ചാല്‍ തന്നെ, തട്ടിക്കൊണ്ടു പോയവരുടെ ദുഷ്ടലാക്ക് എന്തായിരിക്കണം? വിവാഹം മുടക്കലാകുമോ അതോ അതിനപ്പുറമുള്ള രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാകുമോ? എന്തുകൊണ്ട് കര്‍ണ്ണാടകയിലേക്കു കൊണ്ടുപോയി? അന്ന് കര്‍ണ്ണാടക പലരുടേയും ഒളിത്താവളമായിരുന്നുവത്രെ. ഇക്കാലയളവിലെ രണ്ടു പ്രധാന കേസുകളായ ഭുവനേന്ദ്രന്‍ കേസിലേയും സ്പിരിറ്റ് കേസിലേയും പ്രധാന പ്രതികള്‍ക്ക് കര്‍ണ്ണാടകത്തില്‍ താവളമൊരുക്കിയിട്ടുള്ളതായി സംശയിക്കുന്നുവെന്ന പി. ഫസുലുദ്ദീന്‍ പേരു വെച്ചെഴുതിയ വാര്‍ത്ത 1981 ഫെബ്രുവരി 14-ന്റെ കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ഗുണ്ടുറാവു ആയിരുന്നു കര്‍ണ്ണാടക മുഖ്യമന്ത്രി. സരസന്റെ തിരോധാനത്തിനു പിന്നിലുള്ള ദുരൂഹത അന്വേഷിച്ചു കുറ്റക്കാരെ പിടികൂടുമെന്നു നിയമസഭയില്‍ ബേബിജോണിനു മുഖ്യമന്ത്രി കരുണാകരന്‍ ഉറപ്പു നല്‍കിയിരുന്നു. പക്ഷേ, ആ അന്വേഷണം എന്തായി? ആര്‍ക്കും അറിയില്ല. 

അതിനുള്ള ഭരണപരവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം പിന്നീടു വന്ന ഇടതുപക്ഷ സര്‍ക്കാര്‍ പോലും കാട്ടിയില്ല എന്നത് അതിശയകരമാണ്. സരസന്‍ ജീവിച്ചിരിപ്പുണ്ട് എന്ന അനുമാനത്തിലാണ് എസ്.കെ.വിശ്വംഭരനെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ നീങ്ങിയത്. അന്നോളം നടന്ന കേസന്വേഷണത്തിന്റെ നാള്‍വഴികളില്‍നിന്ന് സരസന്‍ ആരോപണ വിധേയരാല്‍ കൊലചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിനു ബോധ്യമായിരുന്നു. എങ്കില്‍ പിന്നെ എന്തിനാണ് സുകുമാരനേയും രാധാകൃഷ്ണപിള്ളയേയും സരസനെ എങ്ങനെ വകവരുത്തിയെന്നു ചോദിച്ച് അതിക്രൂരമായി മര്‍ദ്ദിച്ചത്?

മുന്‍വിധിയോടെ കേസന്വേഷിച്ചു കുളമാക്കി അനേകം നിരപരാധികളെ മര്‍ദ്ദിച്ച് അവശരാക്കിയ ജോളി ഉള്‍പ്പെടെയുള്ള പൊലീസ് അധികാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ എന്തുകൊണ്ട് സര്‍ക്കാരിനു കഴിഞ്ഞില്ല. ഇടതു സര്‍ക്കാരുകള്‍പോലും എന്തുകൊണ്ട് ഇക്കാര്യത്തില്‍ മൗനം പാലിച്ചു? ആദ്യ അന്വേഷണ സംഘത്തിനുതന്നെ സരസന്‍ വീട്ടിലേക്കു കത്തയക്കുന്നു എന്നറിയാമായിരുന്നു. യഥാര്‍ത്ഥ കത്തുകളാണോ അവയെന്നു പരിശോധിക്കാന്‍ എന്തുകൊണ്ട് പൊലീസ് തയ്യാറായില്ല? അപ്പോള്‍ ആര്‍.എസ്.പി ഭരണകക്ഷിയും ബേബിജോണ്‍ വിദ്യാഭ്യാസ മന്ത്രിയും ആഭ്യന്തര മന്ത്രി ടി.കെ. രാമകൃഷ്ണനുമായിരുന്നു എന്നോര്‍ക്കണം. നാട്ടിലെ ആര്‍.എസ്.പി പ്രവര്‍ത്തകരെ ചോദ്യം ചെയ്യലിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ച ചവറയിലെ പൊലീസ് ക്യാമ്പ് ആര്‍.എസ്.പി നേതാവും മന്ത്രിയുമായ ആര്‍.ആസ്. ഉണ്ണിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നു മാത്രമാണ് പിരിച്ചുവിട്ടത്. 

അഞ്ചര വര്‍ഷത്തെ തിരോധാനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ സരസന് ഐ.ആര്‍.ഇയിലെ ജോലി തിരിച്ചു കിട്ടുകയും ചെയ്തു. സാധാരണഗതിയില്‍ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ നിയമവിരുദ്ധമായി ജോലിയില്‍നിന്നു വിട്ടുനിന്നാല്‍ ആദ്യം സസ്‌പെന്റ് ചെയ്യുകയും പിന്നെ പിരിച്ചുവിടുകയും ചെയ്യും. അഞ്ചര വര്‍ഷത്തിനുശേഷവും സരസനു ഫാക്ടറിയില്‍ തിരികെ ജോലിയില്‍ കയറാന്‍ എങ്ങനെ കഴിഞ്ഞു. ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉണ്ടാകാതിരിക്കാന്‍ ബന്ധുക്കള്‍ തന്നെ ബേബിജോണിനെ കണ്ടു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ അനുഭവം ഉണ്ടാക്കിത്തന്ന സരസനോട് അപ്പോഴും പക കാട്ടിയില്ല അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com