മുസാവരിക്കുന്നിലെ  'ശിക്ഷകന്‍'

നവലിബറല്‍ നയങ്ങള്‍ക്കു ശേഷം തൊഴില്‍കേന്ദ്രീകൃതമായ കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഒരു അധ്യാപകനു നേരിടേണ്ടി വന്ന പ്രതിസന്ധികളും വെല്ലുവിളികളും
മുസാവരിക്കുന്നിലെ  'ശിക്ഷകന്‍'

നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മുസാവരിക്കുന്ന് കയറുമ്പോള്‍ മാത്യുവിന്റെയുള്ളില്‍ കനല്‍പോലെ കത്തിയെരിയുന്ന ഒരാഗ്രഹമുണ്ടായിരുന്നു. പഠിക്കാനായി പതിനൊന്നാം വയസില്‍ കുന്നിറങ്ങിയ ആ വിദ്യാര്‍ത്ഥി നാലു ദശാബ്ദങ്ങള്‍ക്കു ശേഷം അധ്യാപകനായി തിരിച്ചെത്തിയത് ഒരുപിടി നല്ല ആശയങ്ങളുമായാണ്. വിദ്യാഭ്യാസം ഒരു മനുഷ്യനെയും നല്ല അധ്യാപകനെയും  വാര്‍ത്തെടുക്കുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണു മാത്യുവിന്റെ ജീവിതം. വിദ്യാഭ്യാസത്തിന്റെ മഹത്വം സ്വജീവിതത്തിലൂടെ തിരിച്ചറിഞ്ഞതുകൊണ്ടാവണം ജെഎന്‍യുവില്‍ നിന്നു പിഎച്ച്ഡി നേടിയ മാത്യു സ്വന്തം നാട്ടില്‍ പുതിയ സംരംഭം തുടങ്ങിയത്. 

സ്വന്തം സമ്പാദ്യം മാത്രമെടുത്ത് ഒരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങാന്‍ ശ്രമിച്ച മാത്യുവിന് നേരിടേണ്ടി വന്നത് ചെറിയ വെല്ലുവിളിയായിരുന്നില്ല. എന്നാല്‍, കച്ചവടം മാത്രം ലക്ഷ്യമിട്ട സ്വകാര്യ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ എല്ലാ സൗകര്യങ്ങളുമുള്ള മാത്യുവിന്റെ കോളേജ് മാത്രം അവഗണിക്കപ്പെട്ടു. തൊണ്ണൂറുകളില്‍ നടപ്പാക്കപ്പെട്ട നവലിബറല്‍ നയങ്ങള്‍ക്കു ശേഷം തൊഴില്‍ കേന്ദ്രീകൃതമായ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കാന്‍ ലക്ഷ്യമിട്ട ഒരു പ്രൊഫസര്‍, റോള്‍മോഡലായ ഒരു അധ്യാപകന്‍, അതിലുപരി ഒരു വിദ്യാഭ്യാസ സംരംഭകന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും കഥയാണ് ഇത്. 

പുനലൂര്‍ ടൗണിനു സമീപമാണ് മാത്യുവിന്റെ സ്ഥാപനം ഗ്രെയ്‌സ് ഇന്റര്‍നാഷണല്‍ അക്കാദമി സ്ഥിതിചെയ്യുന്ന മുസാവരിക്കുന്ന്. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ കുന്ന് കയറിയാല്‍ പതിമൂന്ന് ഏക്കറില്‍ വലിയ കെട്ടിടം കാണാം. റബര്‍ മരങ്ങള്‍ വെട്ടിമാറ്റി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. വിസ്തൃതമായ കോളേജ് കെട്ടിടത്തില്‍ കംപ്യൂട്ടര്‍ ലാബും ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കോളേജ് സ്ഥിതി ചെയ്യുന്ന അഞ്ചേക്കറില്‍ കളിക്കളം വരെ സജ്ജം. ഇതൊക്കെ പരിശോധിച്ചു ബോധ്യപ്പെട്ടിട്ടും, ഹൈക്കോടതി ഉത്തരവുണ്ടായിട്ടും, കോളേജിനു പ്രവര്‍ത്തനാനുമതി നല്‍കാന്‍ സിപിഎം നിയന്ത്രണത്തിലുള്ള കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് തയ്യാറായില്ല. പാര്‍ട്ടി നയമനുസരിച്ച് സ്വാശ്രയകോളേജുകള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്ന കടുംപിടുത്തമാണ് സിന്‍ഡിക്കേറ്റിന്റെ ഭാഗത്തുനിന്നുണ്ടായത്.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സ്റ്റിയില്‍ നിന്ന് എംഫിലും പിഎച്ച്ഡിയും നേടിയ മാത്യുവിനു പതിനഞ്ചു വര്‍ഷത്തിലധികം അധ്യാപനപരിചയമുണ്ട്. അതും ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍. ബെംഗളുരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്നു അദ്ദേഹം. ഫിസാറ്റ് ബിസിനസ് സൂളിലെ മുന്‍ ഡയറക്ടറായിരുന്ന അദ്ദേഹം സമയവും പണവും മുടക്കി അമ്മയുടെ പേരില്‍, പുനലൂരില്‍ തന്നെ, സ്വപ്നപദ്ധതി തുടങ്ങാന്‍ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനം വിദ്യാഭ്യാസമാണ് ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ കാതലെന്ന തിരിച്ചറിവായിരുന്നു. 

''മൂന്നു ദശാബ്ദം മുന്‍പു ഉന്നതവിദ്യാഭ്യാസത്തിനായി എനിക്കു പുറത്തുപോകേണ്ടി വന്നു. ഇന്നും ആ സാഹചര്യത്തിന് ഒരു മാറ്റവുണ്ടായിട്ടില്ല. കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കാന്‍ മിക്കവരും ഈ സ്ഥലം ഉപേക്ഷിക്കുകയാണ്. ആകെയുള്ളത് ഒരു എയ്ഡഡ് കോളേജ്. പാരലല്‍ കോളേജിലേതു പോലെ കുടുസുമുറികളിലൊതുങ്ങുന്ന പല യൂണിവേഴ്‌സിറ്റി സെന്ററുകളും. നിലവാരമുള്ള, പുതിയ അധ്യയന സമ്പ്രദായമുള്ള ഒരു സ്ഥാപനം പോലുമില്ലെന്നതാണു വസ്തുത. സ്വന്തം നാടിനായി എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ചപ്പോഴാണ് ഇത്തരമൊരു സംരംഭവുമായി ഇറങ്ങിയത്. ഇതു തുടങ്ങുമ്പോള്‍ ആരെയും കൂടെകൂട്ടിയില്ല. കാരണം പലരും ഇതൊരു കച്ചവടമായേ കാണൂ. അതുകൊണ്ടാണ് ഇത്രയും കാലം ജോലി ചെയ്തു സമ്പാദിച്ച പൈസ ഞാനിതില്‍ മുടക്കിയത്''- മാത്യു പറയുന്നു. 

ചരിത്രം
മുസാവരിക്കുന്നിലെ പാലക്കുന്നത്തായിരുന്നു മാത്യുവിന്റെ കുടുംബം. അത്യാവശ്യം സാമ്പത്തികമുള്ള, വിദ്യാഭ്യാസത്തിനു പ്രാമുഖ്യംനല്‍കിയിരുന്ന ക്രിസ്ത്യന്‍ കുടുംബമായിരുന്നു മാത്യുവിന്റേത്. പിതാവ് പിഎം എബ്രഹാം ബോംബെ വിന്‍സെന്റ് കോളേജിലെ പ്രൊഫസറായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബിരുദവും ബിരുദാനന്തരപഠനവും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ബോംബെയിലേക്ക് അദ്ദേഹം അധ്യാപനത്തിനായി തിരിച്ചത്. മുത്തച്ഛനാകട്ടെ, കല്‍ക്കട്ടയിലെ വിദ്യാഭ്യാസത്തിനു ശേഷം ശ്രീലങ്കയിലെ പോര്‍ട്ടുഗീസ് കോളനിയിലാണു അധ്യാപകനായി ജോലി ചെയ്തിരുന്നത്. അത്തരമൊരു ദീര്‍ഘമായ വിദ്യാഭ്യാസ പാരമ്പര്യമാകാം ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരകമായതെന്നു മാത്യു പറയുന്നു. 

''മുത്തച്ഛനും അച്ഛനുമൊക്കെ പൊതുരംഗത്ത് സജീവമായിരുന്ന വ്യക്തികളായിരുന്നു. അന്നത്തെ കാലത്ത് വിദ്യാഭ്യാസമുള്ള ആള്‍ക്കാര്‍ എന്ന നിലയില്‍ അത്തരമൊരു പ്രാമുഖ്യം ഇരുവര്‍ക്കും പൊതുസമൂഹത്തില്‍ കിട്ടിയിരുന്നു. മുത്തച്ഛന്റെ ഒറ്റമകനായിരുന്നു അപ്പന്‍. മുത്തച്ഛന്റെ മരണത്തിനു ശേഷം പ്‌ളാന്റേഷന്‍ നോക്കാന്‍ വേണ്ടിയാണു ബോംബെയില്‍ നിന്ന് അച്ഛന്‍ നാട്ടിലെത്തുന്നത്. എഴുത്തുകാരനും രചയിതാവുമൊക്കെയായിരുന്ന അച്ഛന്‍ ന്യൂയോര്‍ക്ക് ടൈംസിലൊക്കെ എഴുതുമായിരുന്നു. പ്രൂസ്റ്റ് സ്‌റ്റൈലായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുരീതി. ഒരോ വാക്കിനും പ്രധാന്യം നല്‍കുന്നവരായിരുന്നു അത്തരം രീതികളില്‍ എഴുതുന്നവര്‍. They are not writing, they are composing words എന്നാണു പറയുന്നത്. എന്നാല്‍, അന്നത്തെ കാലത്ത് ഇന്ത്യയിലൊക്കെ ആര്‍കെ നാരായണനെപ്പോലെ ലളിതമായി എഴുതുന്ന ആള്‍ക്കാര്‍ക്കായിരുന്നു പ്രാധാന്യം കിട്ടിയിരുന്നത്. കാലം മാറുന്നതിന് അനുസരിച്ച് അദ്ദേഹം എഴുത്തുരീതി മാറ്റാന്‍ തയാറായില്ല. അതോടെ അദ്ദേഹം എഴുത്തു നിര്‍ത്തുകയായിരുന്നു. ആലോചിക്കുമ്പോള്‍ അതൊരു  തെറ്റായിപ്പോയെന്നാണു ഞാന്‍ കണക്കാക്കുന്നത്.''

മാത്യു ഉള്‍പ്പെടെ മൂന്നു മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് എബ്രഹാമിന് വാശിയുണ്ടായിരുന്നു. അങ്ങനെയാണ് പുനലൂരിനു പുറത്ത് കോളേജില്‍ പോയി പഠിക്കാന്‍ അവസരമുണ്ടായത്. മാത്യുവിന്റെ രണ്ടു സഹോദരിമാരും ഉന്നതവിദ്യാഭ്യാസമുള്ളവരായിരുന്നു. അഞ്ചാം ക്ലാസുവരെ പുനലൂരിലെ സ്‌കൂളിലായിരുന്നു മാത്യുവിന്റെ പഠനം. അതിനു ശേഷം രണ്ടുവര്‍ഷം കായംകുളത്ത്. പിന്നെ, തിരുവനന്തപുരത്തെ സെന്റ് തോമസ് സ്‌കൂളിലായി വിദ്യാഭ്യാസം. പത്താം ക്‌ളാസ് കഴിഞ്ഞ് പ്രീഡിഗ്രി മാര്‍ ഇവാനിയോസ് കോളേജില്‍. അവിടെ നിന്നാണു മദ്രാസ് ക്രിസ്ത്യന്‍ കോളേജിലേക്കു പോകുന്നത്. 1985 മുതല്‍ 90 വരെയുള്ള കാലയളവില്‍ അവിടെ നിന്ന് ഇക്കണോമിക്‌സില്‍ ബിഎയും എംഎയും പൂര്‍ത്തിയാക്കി. ജീവിതവഴിത്തിരിവുകളിലൊന്നായിരുന്നു ആ ക്യാംപസിലെ പഠനമെന്നു മാത്യു ഓര്‍ക്കുന്നു. 

''ശരിക്കും അവിടേക്കു പോകുമ്പോള്‍ ഞാന്‍ ഒരു സാധാരണ വ്യക്തിയായിരുന്നു. ഒരു കോസ്‌മോപൊളീറ്റന്‍ അന്തരീക്ഷമായിരുന്നു അവിടെ. വ്യക്തിപരമായ വികസനത്തിനു സഹായകമായത് ആ ക്യാംപസമായിരുന്നു. ലിബറല്‍ അന്തരീക്ഷത്തില്‍ വ്യക്തിക്കു പ്രാധാന്യം നല്‍കുന്ന ക്യാംപസ്. അവിടുത്തെ കള്‍ച്ചറാണ് ശരിക്കും എന്റെ ജീവിതത്തിന്റെ തന്നെ outlook മാറ്റിയത്. ഞാനിപ്പോള്‍ 100% ലിബറല്‍ മനുഷ്യനാണ്. അത് എന്റെ മാത്രം കഴിവല്ല, ഞാന്‍ വളര്‍ന്നുവന്നത് അത്തരമൊരു ലിബറല്‍ വിദ്യാഭ്യാസ സാഹചര്യത്തിലാണ്. സ്വന്തം അഭിപ്രായം പറയാന്‍, ചിന്തിക്കാന്‍ എല്ലാം അത്തരമൊരു വിദ്യാഭ്യാസ സമ്പ്രദായം ആവശ്യമാണെന്നു എനിക്കു തോന്നിയിരുന്നു. അത്തരമൊരു മാതൃകയാണ് ഞാന്‍ ഇവിടെയും തുടക്കമിടാന്‍ ഉദ്ദേശിച്ചിരുന്നത്. 

സ്വന്തം അഭിപ്രായ രൂപീകരണത്തിനു ചില Demerits ഉണ്ട്. ക്രൈസ്റ്റില്‍ എനിക്കു സംഭവിച്ചത് അതാണ്. നമ്മുടെ അഭിപ്രായങ്ങള്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയ്കാണ് എന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നില്ല. അങ്ങനെ ideological differences വന്നപ്പോഴാണ് എനിക്ക് അവിടം വിടേണ്ടി വന്നത്. അല്‍പ്പമൊന്നു compromise ചെയ്തിരുന്നെങ്കില്‍ എന്റെ കരിയര്‍ തന്നെ മറ്റൊന്നായിരുന്നു. ഞാന്‍ പഠിച്ചത് സ്വന്തം അഭിപ്രായം വേണം എന്നതായിരുന്നു. എന്തു ത്യാഗം സഹിച്ചായാലും ആ അഭിപ്രായത്തില്‍ നിലയുറച്ച് നില്‍ക്കാനാണ് ഞാന്‍ പഠിച്ചത്. എനിക്കു മാത്രമല്ല, ആ കാലഘട്ടത്തില്‍, അവിടെ(എംസിസി) പഠിച്ചവര്‍ക്കെല്ലാം അത്തരമൊരു നിലപാടുണ്ടായിരുന്നു. 

ആഗോളവത്കരണത്തിനു മുന്‍പുള്ള കാലയളവില്‍ തൊഴിലവസരങ്ങള്‍ കുറവായിരുന്നു. we were learning, because we like to learn. വ്യക്തിയെ ബഹുമാനിക്കാനുള്ള ശീലം ഞാന്‍ പഠിച്ചത് അവിടെനിന്നായിരുന്നു. hierarchy ഇല്ലാതെ ജോലി ചെയ്യുന്നതാണ് academicsനുള്ള പ്രത്യേകത. അതിപ്പോള്‍ ക്‌ളാസ്‌റൂമായാലും ഡിപ്പാര്‍ട്ട്‌മെന്റിലായാലും.''
ജോലി സംബന്ധിച്ചായിരുന്നു ഞാനും അപ്പനുമായുള്ള ഏക അഭിപ്രായവ്യത്യാസം- മാത്യു പറയുന്നു. പ്‌ളാന്റേഷന്‍ ഏറ്റെടുത്ത് നടത്താന്‍ അദ്ദേഹം നിര്‍ബന്ധിക്കുമ്പോഴും പഠനത്തിനു ശേഷം ജോലി ചെയ്യാനായിരുന്നു മാത്യുവിനു താല്‍പ്പര്യം. അങ്ങനെയാണ് വീഡിയോകോണിന്റെ സെയില്‍സ് മാനേജരായി ചേരുന്നത്. ഈയൊരു ചെറിയ കാലയളവില്‍ ആപ്ടെകിലും ജോലി ചെയ്തു. അന്നു കംപ്യൂട്ടറുകള്‍ തന്നെ അപൂര്‍വം. ബാങ്കുകള്‍ക്ക് കംപ്യൂട്ടര്‍ സംബന്ധിച്ച് പരിശീലനം നല്‍കുന്നതായിരുന്നു എന്റെ ജോലി. 

ഒടുവില്‍ 1994-ലാണു ജെ.എന്‍.യുവില്‍ ചേരുന്നത്. അതുവരെ ഉത്തരേന്ത്യ- ദക്ഷിണേന്ത്യ എന്നായിരുന്നു  രാജ്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്. നോര്‍ത്ത് ഈസ്റ്റില്‍ നിന്നും, റൂറല്‍ ബാക്ക്ഗ്രൗണ്ടില്‍ നിന്നു വരുന്നവരായിരുന്നു ജെഎന്‍യുവിലേത്. താല്‍പ്പര്യമുള്ളവര്‍ മാത്രം പഠിക്കാനെത്തുന്ന സര്‍വകലാശാല. ലോകത്തിനു തന്നെ അത്തരമൊരു ലിബറല്‍ യൂണിവേഴ്‌സിറ്റി മാതൃകയായിരുന്നു.  ഞാന്‍ പിഎച്ച്ഡി ചെയ്യുന്ന സമയത്ത് എന്റെ ഗൈഡ് ഗര്‍ഭിണിയായിരുന്നു. ഒപ്പം ഒരു ചെറിയ കുട്ടിയുണ്ട്. രാത്രി പത്തിനു ശേഷമാണ് ഞാന്‍ അവരുടെ വീട്ടില്‍ പഠിക്കാനായി പോയിരുന്നത്. ഒന്നരമണിക്കൂര്‍ ക്‌ളാസ് അവര്‍ എടുക്കും. അത്തരമൊരു ലിബറല്‍ വ്യവസ്ഥ ഏതു ക്യാംപസില്‍ നടക്കും?. ജെഎന്‍യു ഒരു പ്രത്യേകതരം കമ്യൂണിറ്റിയാണ്- മാത്യു പറയുന്നു. ജെഎന്‍യുവില്‍ നിന്ന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലേക്കും അവിടുന്ന് സിംബയോസിസ് ഇന്‍സ്റ്റിറ്റിറ്റിയൂട്ടിലേക്കുമാണ് മാത്യു ചേര്‍ന്നത്. ഇതിനിടയില്‍ വിവാഹവും കഴിഞ്ഞിരുന്നു. കുട്ടികളെ നോക്കാനായി ഭാര്യ ജോലി ഉപേക്ഷിച്ചു. ഈ സമയം അമ്മ കുടുംബ വീട്ടില്‍ തനിച്ചായിരുന്നു. അങ്ങനെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചത്. 

കഴിഞ്ഞ ഏഴു വര്‍ഷമായി അത്തരമൊരു ആലോചനയുണ്ടായിരുന്നു. റബര്‍ മുഴുവന്‍ വെട്ടി ഭൂമിയൊരുക്കി. കെട്ടിടം പണിതു. ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കി 2015 ഓഗസ്റ്റില്‍ കേരള സര്‍വകലാശാലയില്‍ അപേക്ഷയും നല്‍കി. കോളേജ് തുടങ്ങാന്‍ അഞ്ചേക്കര്‍ ഭൂമി നിര്‍ബന്ധമായിരുന്നു. പ്രൊജക്ട് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഒരു ലക്ഷം രൂപ വരുന്ന അപേക്ഷാഫീസ് അടച്ചു. രേഖകള്‍ പരിശോധിക്കാനും സ്ഥലം നേരിട്ടു നോക്കാനും മാസങ്ങളുടെ കാലതാമസമാണുണ്ടായതെന്നു മാത്യു പറയുന്നു.  തുടര്‍ന്ന് 2016 ജനുവരിയില്‍ കണ്‍സെന്റ് ലെറ്റര്‍ തന്നു. കോളേജ് നിര്‍മാണം തുടങ്ങാന്‍ ആ അനുമതി മതിയായിരുന്നു. 

പിന്നീട് ഒരു നടപടിയുമുണ്ടായില്ല. ജൂലൈയിലെ തെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ മാറിയതോടെ സര്‍ക്കാരില്‍ നിന്ന് എന്‍ഒസി കിട്ടിയില്ല. പുതിയ സ്വാശ്രയ കോളേജുകള്‍ക്കു എന്‍ഒസി കൊടുക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നയം. അങ്ങനെയാണു മാത്യു കോടതിയെ സമീപിക്കുന്നത്. പ്രൊവിഷണല്‍ അഫിലിയേഷന്‍ നല്‍കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. മാത്യുവിനു അനുമതി നിഷേധിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ തുടര്‍ന്നും നടപടിയുണ്ടായില്ല. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ ഓഗസ്റ്റില്‍ ഒരു ഉത്തരവിറക്കി. വിദ്യാഭ്യാസവകുപ്പാണ് ആ ഉത്തരവ് ഇറക്കിയത്. അങ്ങനെയാണ് 2017 ജൂലൈയില്‍ കേസ് ഡിവിഷന്‍ ബെഞ്ചിലേക്കു മാറിയത്. ഡിവിഷന്‍ബെഞ്ചിന്റെ വിധി ഈ ജനുവരിയില്‍ വന്നുകഴിഞ്ഞു. അനുമതി ഉടന്‍ തന്നെ നല്‍കണമെന്നായിരുന്നു ആ വിധിയും. 

രണ്ടുവര്‍ഷമാണ് മാത്യുവിനപ്പോലെയുള്ള ഒരു വിദ്യാഭ്യാസസംരംഭകനു നഷ്ടമായത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരോ നിമിഷവും നിര്‍ണായകമാണ്. ഇനി അനുമതി ലഭിച്ചാല്‍ പോലും അഡ്മിഷന്‍ നടപടികള്‍ തുടങ്ങാനാവില്ല. സര്‍വകലാശാലയുടെ ചട്ടം അനുസരിച്ച് ഫെബ്രുവരിയോടെ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കണം. സര്‍ക്കാര്‍ കോളേജു പോലും വാടകക്കെട്ടിടത്തില്‍ തുടങ്ങിയ ചരിത്രം വിസ്മരിച്ചാണ് രണ്ടുകോടിയോളം മുതല്‍മുടക്കില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയ തന്റെ സ്ഥാപനത്തിനു അനുമതി നിഷേധിക്കുന്നതെന്നു മാത്യു പറയുന്നു.

ഇതൊരു ബിസിനസായാണു കണ്ടിരുന്നെങ്കില്‍ കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പേ എനിക്ക് അതു ചെയ്യാമായിരുന്നു. 2002-ല്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ തുടങ്ങുന്ന സമയത്ത് എനിക്കും ഒരു കോളേജ് തുടങ്ങാമായിരുന്നു. 25 ഏക്കറാണ് അന്നു അതിനു വേണ്ടിയിരുന്നത്. അന്ന് അതു തുടങ്ങിയിരുന്നെങ്കില്‍ ഇന്നു മുടക്കുമുതലടക്കം തിരിച്ചുകിട്ടിയേനെ. പക്ഷേ അതില്‍ നിരാശയില്ലെന്നു പറയുന്നു മാത്യു. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനാണെന്നൊക്കെ ദേശീയമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നതല്ലേ. യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാഭ്യാസ സംരഭകന് നേരിടേണ്ടി വരുന്ന പ്രായോഗിക പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് എന്റെ ജീവിതം ബോധ്യപ്പെടുത്തി തരും. 

നല്ല ഉദ്ദേശ്യത്തോടെ എന്തെങ്കിലുമൊരു മാറ്റമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരെ നിരാശരാക്കുകയാണ് ഇവിടുത്തെ വ്യവസ്ഥ. പ്രശ്നങ്ങളെക്കുറിച്ച് ഒരു പാര്‍ട്ടി നേതാവിനോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചത്- സാറ് ഇതൊക്കെ ചെയ്യേണ്ട കാര്യമുണ്ടോ എന്നാണ്. ഇതാണ് ഇവിടുത്ത അവസ്ഥ. നേതാക്കള്‍ക്കു പോലും തലതിരിഞ്ഞ കാഴ്ചപ്പാടാണ്. വികസനമെന്നത് യഥാര്‍ത്ഥത്തില്‍ ല്‍ സാമൂഹികമേഖലകളില്‍ കൂടിയുള്ള ഉന്നമനമാണ്. ഈ നഗരത്തില്‍ ഇന്നും നിലവാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമില്ല. കുറേ കടകളും വലിയ വീടുകളും വന്നതുകൊണ്ട് വികസനം യാഥാര്‍ത്ഥ്യമായെന്നു കരുതാനാകുമോ. ഒരു എജ്യുക്കേഷന്‍ ഹബ്ബാക്കാനായിരുന്നു എന്റെ ആഗ്രഹം. തമിഴ്നാട്ടിലെയും ബെംഗളൂരിലെയും നിലവാരമില്ലാത്ത കോളേജുകളില്‍ പോയി നമ്മുടെ കുട്ടികള്‍ പഠിക്കുന്നുണ്ട്. കച്ചവടവത്കരിക്കാതെ, അവര്‍ക്കെന്തുകൊണ്ട് ഇവിടെ നല്ല വിദ്യാഭ്യാസം നല്‍കിക്കൂടാ എന്ന ചോദ്യം പ്രസക്തമാണ് - മാത്യു ചോദിക്കുന്നു.

    കമ്പോളവത്കരണത്തിന് അധിഷ്ഠിതമായ വിദ്യാഭ്യാസരീതികളുടെ പുനക്രമീകരണത്തിന്റെ സാധ്യതയാണ് മാത്യു ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്.  സാര്‍വത്രികമായി നിലനില്‍ക്കുന്ന  ഈ രീതിയെ എത്രത്തോളം വസ്തുനിഷ്ഠമായി മനസിലാക്കാനാകും എന്നതിനു ഉദാഹരണം കൂടിയാണ് മാത്യുവിനുണ്ടായ അനുഭവം. സാമൂഹ്യനിയന്ത്രണങ്ങള്‍ക്കു വിധേയമാകാതെ മത്സരാധിഷ്ഠിത വിപണിയുടെ പ്രവര്‍ത്തനത്തിലൂടെ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളെല്ലാം സ്വാഭാവികമായി പരിഹരിക്കപ്പെടുമെന്ന സിദ്ധാന്തം ചുരുങ്ങിയതു നമ്മുടെ വിദ്യാഭ്യാസമേഖലയിലെങ്കിലും പരാജയമാണെന്നു ചരിത്രം പറയുന്നുണ്ട്. കൂടുതല്‍ സ്വതന്ത്രവും ജനാധിപത്യപരവുമായ കാഴ്ചപ്പാടുകള്‍ ഈ മേഖലയിലെങ്കിലും വരുന്നതിനു തടസമാകുകയാണ് മാത്യുവിനെപ്പോലെയുള്ള സംരംഭകര്‍ നേരിട്ട നടപടികള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com