ഒറ്റക്കൊമ്പനെ തേടി 

ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസത്തിന്റെ അന്ത്യം . പുതപ്പും കമ്പിളിയുമുപേക്ഷിച്ച് തണുപ്പിനെ പൂര്‍ണ്ണമായും ആവാഹിച്ചു കിടന്നു. നഷ്ടപ്പെടുന്നതെന്തും, മഞ്ഞായാലും മഴയായാലും ഇനി ഒരിക്കല്‍ കൂടി തിരിച്ചു കിട്
ഒറ്റക്കൊമ്പനെ തേടി 

    താ... ഒടുവില്‍ തൊട്ടുമുന്‍പില്‍ അവനെത്തിയിരിക്കുന്നു. തൊട്ടുപിറകെ അവന്റെ ഇണയും. ഇവരെ തേടിയായിരുന്നല്ലോ അതിദീര്‍ഘമായ ഈ യാത്ര. ഒടുവിലിതാ. സ്വപ്നസാക്ഷാല്‍ക്കാരം. ഈ യാത്ര സഫലീകരിക്കപ്പെട്ടിരിക്കുന്നു. സന്തോഷം കൊണ്ട് ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു. ആര്‍ത്തുവിളിച്ചു. ക്യാമറക്കണ്ണുകള്‍ തെരുതെരെ മിന്നി. അതിഗംഭീരമായ അവന്റെ ആകാരവും. കാടുമുഴുവന്‍ കുലുക്കുന്ന ഹുങ്കാരവും. ഞങ്ങള്‍ വല്ലാതെ ആവേശഭരിതരായി. കേരളത്തില്‍നിന്നും ആസ്സാമിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ തന്നെ കാസിരംഗയായിരുന്നു മനസ്സില്‍. ഇന്ത്യയില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ കാണപ്പെടുന്ന ഒരേയൊരു ദേശീയോദ്യാനം. കാസിരംഗയിലേക്കുള്ള യാത്രയുടെ പ്രധാന ലക്ഷ്യവും ഈ ഒറ്റക്കൊമ്പന്‍ തന്നെ.

ആസ്സാമിന്റെ വന്യതകളിലേക്ക് ആഴ്ന്നിറങ്ങണമെന്ന് മോഹിച്ചാണ് ഞങ്ങള്‍ പന്ത്രണ്ട് പേര്‍ അടങ്ങുന്ന സംഘം യാത്രതിരിച്ചത്. അതിപ്രശാന്തമായ മദ്ധ്യാഹ്നവേളയിലാണ് ഞങ്ങള്‍ ഗുവാഹട്ടിയിലെത്തുന്നത്. പച്ചരിച്ചോറും പരിപ്പുകറിയുമടങ്ങുന്ന, ആസ്സാമികള്‍ക്കു പ്രിയപ്പെട്ട 'താലി' ചൂടോടെ മുന്നിലെത്തി. വിശപ്പ് അതിക്രമിച്ചിരുന്നതിനാല്‍ രുചിഭേദത്തെക്കുറിച്ച് ഏറെ ചിന്തിച്ചില്ല. മൂന്നു മണിയായപ്പോഴേക്കും അല്പാല്പം ഇരുള്‍വീണു തുടങ്ങിയിരുന്നു. എത്ര പെട്ടെന്നാണിവിടെ ഇരുട്ടാവുന്നത്. വൈകുന്നേരങ്ങളുടെ പ്രസരിപ്പും സാന്ധ്യശോഭയും ഇവര്‍ക്ക് നഷ്ടമാകുമല്ലോ.

അറബിക്കടലിന്റെ നാട്ടില്‍നിന്നും ഹിമാലയത്തെ പുണര്‍ന്നു കിടക്കുന്ന ഈ നാട്ടിലേക്ക് വന്നപ്പോഴും എന്തുകൊണ്ടോ ഏറെ അപരിചിതത്വമൊന്നും തോന്നിയില്ല. പിറ്റേ ദിവസത്തെ കാസിരംഗ യാത്രയ്ക്കുള്ള പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പൊടുന്നനെ ആ വാര്‍ത്ത വന്നത്. പിറ്റേദിവസം ആസ്സാമില്‍ ബന്ദ്. ബന്ദുകളുടേയും ഹര്‍ത്താലുകളുടേയും നാട്ടില്‍നിന്നും വന്നവര്‍ക്ക് അതൊട്ടും പുതുമയുള്ള വാര്‍ത്തയല്ലെങ്കിലും പിറ്റേ ദിവസത്തെ യാത്ര മുടങ്ങുമല്ലോ എന്നോര്‍ത്ത് ഉടന്‍ തന്നെ അടുത്ത പരിപാടി തയ്യാറാക്കി. അപ്പോള്‍ തന്നെ കാസിരംഗയിലേക്ക് തിരിച്ചു. ഏകദേശം കിലോമീറ്ററുകളുണ്ട് ഗുവാഹട്ടിയില്‍നിന്നും  കാസിരംഗയിലേക്ക്. ഞങ്ങളുടെ സമര്‍ത്ഥനായ ഡ്രൈവര്‍ രാത്രി ഒന്‍പത് മണിക്ക് മുന്‍പ് കാസിരംഗയിലെത്തിക്കാമെന്നേറ്റു. ഗുവാഹട്ടി സാമാന്യം തിരക്കുള്ള നഗരം തന്നെ. കടകമ്പോളങ്ങള്‍ പിന്നിട്ട് അല്പദൂരം സഞ്ചരിക്കുമ്പോഴേക്കും ആസ്സാമിന്റെ തനിമ വെളിപ്പെട്ടു തുടങ്ങി. അങ്ങിങ്ങു കണ്ട മുളങ്കുടിലുകളില്‍ വെളിച്ചം അണഞ്ഞു തുടങ്ങിയിരുന്നു. ഇരുള്‍വീണ് മങ്ങിത്തുടങ്ങിയ ഹരിതസൗന്ദര്യം സുന്ദരിയായ മദ്ധ്യവയസ്‌കയെ ഓര്‍മ്മിപ്പിച്ചു.

രാത്രി ഒന്‍പതു മണിയായപ്പോഴേക്കും കാസിരംഗയിലെത്തി. സുഖകരമായ തണുപ്പും കുളിരും. കാടിന്റെ നടുവിലെ സര്‍ക്കാര്‍ വക ഹോട്ടലില്‍ ഈ രാത്രി. ഒട്ടും മോശമല്ലാത്ത മുറി. ഇളം ചൂടുള്ള വെള്ളത്തില്‍ മതിവരുവോളം കുളിച്ചു. അതിരാവിലെ നാലുമണിക്ക് കാട്ടിലേക്ക് യാത്രതിരിക്കണം. തലയണയില്‍നിന്ന് മുഖമുയര്‍ത്തി കാട്ടിലെ ശബ്ദങ്ങള്‍ക്ക് ചെവിയോര്‍ത്തു. ആനയുടെ ഗര്‍ജ്ജനമോ. കടുവയുടെ മുരള്‍ച്ചയോ കാണ്ടാമൃഗത്തിന്റെ ഹുങ്കാരമോ. പതുക്കെ സുഖസുഷുപ്തിയിലേക്ക്. രാവിലെ നാലുമണിയായപ്പോള്‍ തന്നെ ഏതാണ്ട് ആറരമണിയുടെ പ്രതീതി. കോടമഞ്ഞിന്റെ ആവരണമണിഞ്ഞ് സുന്ദരിയായ പ്രകൃതി. സവാരിക്ക് തയ്യാറായി ആനകള്‍ ചമഞ്ഞൊരുങ്ങി നില്‍ക്കുന്നു. അതിരാവിലെയുള്ള ആനസവാരി അതീവ ഹൃദ്യമായ ഒരനുഭവമായിരുന്നു. ഞങ്ങള്‍ നാലുപേര്‍ വീതം ആനപ്പുറത്ത്. ആഗെ ചലോ... കൈലാസ്... ആഗെ ചലോ... സാരഥിയുടെ ആജ്ഞ കേള്‍ക്കേണ്ട താമസം കൈലാസ് നടന്നു തുടങ്ങി. കൂടെ അമ്മയോട് ചേര്‍ന്ന് അരുമയായ കുട്ടിയാനയും. കാടിന്റെ സ്പന്ദനങ്ങളെ ചെവിയോര്‍ത്ത് വഴികാട്ടിയാവാന്‍ ഈ കുഞ്ഞിനേയും നിശ്ശബ്ദമായി പഠിപ്പിക്കുകയാകാം അവന്റെ അമ്മ. തുടക്കത്തില്‍ അല്പം ഉള്‍ഭയം. ദൂരെ നിന്ന് ഭയത്തോടെ മാത്രം വീക്ഷിച്ചിരുന്ന ആജാനുബാഹുവിന്റെ പുറത്തേറിയാണല്ലോ യാത്ര. ഒരു നിമിഷം അവളൊന്നിടറിയാല്‍... പിന്നെ പിന്നെ ഭയമെവിടെയോ പോയൊളിച്ചു. കാല്‍നടയായോ വാഹനങ്ങളിലോ യാത്ര ചെയ്യാനാവാത്ത കാടിന്റെ ഹൃദയാന്തര്‍ഭാഗങ്ങളിലൂടെ അവള്‍ നടന്നു തുടങ്ങി. പതിയിരിക്കുന്ന കുഴികളേയും ചതുപ്പുകളേയും അവള്‍ക്കറിയാം. മുന്നില്‍ കുഴിയാണെന്നറിയുന്ന നിമിഷം അവള്‍ മറ്റുവഴിക്ക് തിരിഞ്ഞു നടക്കും. മൂന്നാള്‍ പൊക്കമുള്ള പുല്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ യാത്രചെയ്യുമ്പോള്‍ തൊട്ടടുത്ത് മാന്‍കൂട്ടം. യാതൊരു ഭയവുമില്ലാതെ സ്വന്തം വീടിന്റെ സുരക്ഷിതത്വം നല്‍കുന്ന ആനന്ദത്തിലായിരുന്നു അവ. ഏതു സമയവും മുന്നില്‍ പ്രത്യക്ഷപ്പെടാവുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ പ്രതീക്ഷിച്ചുകൊണ്ടായിരുന്നു യാത്ര. കടുവകളേയും ഏറെ കാണപ്പെടുന്ന കാടായിരുന്നതിനാല്‍ അല്പം ഭയം മനസ്സില്‍ തോന്നാതിരുന്നില്ല. നേര്‍ത്ത മഞ്ഞും കുളിരുള്ള കാറ്റും പ്രകൃതിയുടെ ഹരിതാഭയും ചേര്‍ന്ന് സുഖകരമായ ഒരു ഉന്മേഷം നല്‍കി. മനസ്സ് തൂവലെന്നോണം ലോലമായതുപോലെ. കൈലാസ് ഓരോ അടിയും എത്ര സൂക്ഷിച്ചാണ് മുന്നോട്ട് വെയ്ക്കുന്നത്. പതിയിരിക്കുന്ന ഓരോ അപകടത്തേയും അവള്‍ക്കറിയാം. ഇതിനിടെ കൈലാസ് അല്പസമയം അനങ്ങാതെ നിന്നു. ആനക്കുട്ടി പാലുകുടിക്കുകയാണ്. പാപ്പാന്‍ എത്ര തന്നെ ശ്രമിച്ചിട്ടും അവള്‍ നിന്നിടത്തു നിന്ന് അനങ്ങിയില്ല. പതിനഞ്ച് മിനിട്ടോളം ദീര്‍ഘമായ പാലുകുടി അവസാനിച്ചിട്ടാണ് അവള്‍ നടത്തം തുടര്‍ന്നത്. മനുഷ്യനായാലും മൃഗമായാലും കാടായാലും നാടായാലും മാതൃത്വത്തിന്റെ പ്രകൃതിനിയമങ്ങള്‍ ഒന്നുതന്നെ. കാടിന്റെ ഉള്‍വശങ്ങളിലേക്ക് ഭീമാകാരമായ പുല്‍ക്കൂട്ടങ്ങളുടേയും മുള്‍പ്പടര്‍പ്പുകളുടേയും ഇടയിലൂടെ പോകുമ്പോള്‍ മുന്നില്‍ കാട്ടുപന്നികള്‍. തൊട്ടപ്പുറത്ത് വീണ്ടും മാന്‍പേടകള്‍. അവയുടെ കണ്ണുകളില്‍പ്പോലും എന്തൊരുന്മാദം... മൃഗശാലയില്‍ വെച്ച് കണ്ട ജീവസ്സുറ്റ മാനുകളെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തുപോയി. ജീവിത പശ്ചാത്തലം ഏതൊന്നിനേയും എത്രമേല്‍ മാറ്റിമറിക്കുന്നു.

കൈലാസ് പതുക്കെ തിരിഞ്ഞുനടക്കാന്‍ തുടങ്ങി. മുന്നോട്ടുള്ള വഴിയില്‍ എന്തെങ്കിലും അപകടം മണത്തതുകൊണ്ടാകാം. ഏതാണ്ട് രണ്ടരമണിക്കൂറോളം കാടിന്റെ പരിപൂര്‍ണ്ണമായ അവസ്ഥയെ തൊട്ടറിഞ്ഞു. യാത്ര തുടങ്ങിയേടത്ത് തിരിച്ചെത്തിയിരിക്കുന്നു. വാച്ച് ടവറിനടുത്തെത്തിയപ്പോള്‍, ചായയും ബിസ്‌കറ്റും. ബ്രഹ്മപുത്രയുടെ തീരത്താണ് വാച്ച് ടവര്‍. ഇവിടെനിന്നു നോക്കുമ്പോള്‍ നദി നിശ്ചലയായിരിക്കുന്നതുപോലെ. മറുതീരത്ത് കോടമഞ്ഞിനിടയിലൂടെ കാട്ടുപോത്തുകളെ ധാരാളമായി കാണാം. ചലിക്കുന്ന കൊച്ചുകൊച്ചു പാറക്കഷ്ണങ്ങളാണെന്നേ തോന്നൂ. അതിനിടയിലെവിടെയെങ്കിലും കാണ്ടാമൃഗത്തെ കാണാനാവുമെന്ന് വെറുതെ പ്രതീക്ഷിച്ചു. 

കാസിരംഗയെ അടിമുടി മനപ്പാഠമാക്കിയ വ്യക്തിയായിരുന്നു ഞങ്ങളുടെ ഗൈഡ്. കാസിരംഗയെന്ന പേരില്‍പ്പോലുമുണ്ട് സുന്ദരമായ ഐതിഹ്യങ്ങള്‍. രംഗയെന്ന യുവതിയും അയല്‍ ഗ്രാമത്തിലെ കാസിയെന്ന യുവാവും തീവ്രപ്രണയത്തിലായി. ഈ ബന്ധത്തെ അംഗീകരിക്കാന്‍ ഇരുവരുടേയും വീട്ടുകാര്‍ തയ്യാറായില്ല. ഗത്യന്തരമില്ലാതെ അവര്‍ അഗാധമായ കാടുകളിലേക്ക് അപ്രത്യക്ഷരായി. ആ മിഥുനങ്ങളെ പിന്നീടാരും കണ്ടില്ല. 

കാസിരംഗ എന്ന പേരിന് 'ചുവന്ന ആടുകളുടെ നാട്' എന്നും അര്‍ത്ഥമുണ്ട്. കര്‍ബി ഭാഷയില്‍ കാസി എന്നാല്‍ ആടെന്നും രംഗ എന്നാല്‍ ചുവപ്പെന്നുമാണ് അര്‍ത്ഥം.
 
378 കി.മീ. വിസ്തൃതിയുള്ള കാസിരംഗയെ ചുറ്റിപ്പുണര്‍ന്ന് കിടക്കുകയാണ് ബ്രഹ്മപുത്ര. അവള്‍ നിക്ഷേപിക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണ് കാസിരംഗയെ സമൃദ്ധിയുള്ളതാക്കുന്നു. അതാവാം വൈവിദ്ധ്യമാര്‍ന്ന സസ്യജാലത്തിന്റെ രഹസ്യം. ഇവിടെ ഏറ്റവും സുഖകരമായ കാലാവസ്ഥ മഞ്ഞുകാലമാണ്. മഴക്കാലം ഏറെ ദുരിതപൂര്‍ണ്ണം. മഴക്കാലത്ത് ബ്രഹ്മപുത്രനദിയില്‍ വെള്ളംപൊങ്ങി വെള്ളപ്പൊക്കമുണ്ടാകുമെന്നതിനാല്‍ ഭൂരിപക്ഷം മൃഗങ്ങളും കാടുകളില്‍നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ചേക്കേറും. വിവിധതരം പക്ഷികളുടേയും മൃഗങ്ങളുടേയും അനേകജാതി വൃക്ഷലതാദികളുടേയും സംഗമസ്ഥാനമാണ് കാസിരംഗ.

രാവിലത്തെ ആനസവാരിയില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ കണ്ടെത്താനാവാത്തതില്‍ അല്പം നിരാശ തോന്നാതിരുന്നില്ല. എങ്കിലും സുഖകരമായ കുളിരില്‍ കാട്ടിലൂടെ നടത്തിയ ആനസവാരി ഒരനുഭവം തന്നെയായിരുന്നു. കാട്ടിലൂടെ മറ്റൊരു യാത്രയ്ക്കായി ഏറെ മോഹിച്ചതും കാണ്ടാമൃഗത്തെ കണ്ടേ അടങ്ങൂ എന്ന ഉറച്ച തീരുമാനത്തിലായിരുന്നു. വൈകുന്നേരം തുറന്ന ജീപ്പിലായിരുന്നു യാത്ര. ഒരു ജീപ്പില്‍ ഏഴു പേര്‍. തുടക്കത്തില്‍ അത്ര സുഖകരമായി തോന്നിയില്ലെങ്കിലും ഉള്‍ക്കാടുകളിലേക്ക് പ്രവേശിച്ചതോടെ കാടിന്റെ ഭാവം മാറിത്തുടങ്ങി. ഇത്രയേറെ പക്ഷികളുള്ള ഒരിടം ആദ്യമായി കാണുകയായിരുന്നു. വൈവിദ്ധ്യമാര്‍ന്ന സംഗീതോപകരണങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചാലെന്നപോലെ നൂറുകണക്കിനു പക്ഷികളുടെ വിവിധ ശബ്ദങ്ങളാല്‍ മുഖരിതമായിരുന്നു അവിടം. ഒളിച്ചുകളിക്കുന്ന കുട്ടികളെപ്പോലെ, ശബ്ദം മാത്രം കേള്‍പ്പിച്ച് ഘോരവനത്തില്‍ വൃക്ഷസഞ്ചയങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുകയാണവ. എന്തുകൊണ്ടോ ആ നിമിഷങ്ങളില്‍ ആനന്ദിന്റെ അപഹരിക്കപ്പെട്ട ദൈവങ്ങള്‍ എന്ന കൃതിയിലെ അമന്‍ എന്ന കഥാപാത്രത്തിന്റെ കവിത ഓര്‍മ്മയിലെത്തി. 

''പക്ഷികള്‍ക്ക് വേരുകളും
വൃക്ഷങ്ങള്‍ക്ക് ചിറകുകളും വിധിച്ചിട്ടില്ല
മണ്ണ് എന്താണ് തടഞ്ഞുവെക്കുന്നതെന്ന്
വൃക്ഷങ്ങള്‍ക്കേ അറിയൂ.
ആകാശം എന്താണ് അനുവദിക്കാത്തതെന്ന്
പക്ഷികളേ പറയൂ.
വൃക്ഷക്കൊമ്പുകളിലിരുന്ന് പക്ഷികള്‍ വൃക്ഷങ്ങളോടും
കൊമ്പുകളിലിരിക്കുന്ന പക്ഷികളോട് വൃക്ഷങ്ങളും 
തങ്ങളുടെ അറിവ് പങ്കുവെച്ചു.''

വൈവിദ്ധ്യമാര്‍ന്ന പക്ഷിക്കൂട്ടങ്ങളാല്‍ സമൃദ്ധമാണ് കാസിരംഗ. ഇതുവരെ കേള്‍ക്കാത്ത എത്ര യെത്ര മധുരമായ ശബ്ദങ്ങള്‍. ഓരോ ശബ്ദത്തേയും വേര്‍തിരിച്ചറിയാന്‍ ശ്രമിച്ചു. പ്രകൃതിയുടെ ഈ സംഗീതം എത്ര കേട്ടാലും മതിവരില്ല. കേള്‍വി പലപ്പോഴും കാഴ്ചയെ നിര്‍വീര്യമാക്കുന്നു. ഒരുപാട് സങ്കല്‍പ്പങ്ങള്‍ക്ക് ഇടം തന്നുകൊണ്ട് നമ്മെ ഭ്രമിപ്പിക്കുന്നു. ജീപ്പില്‍നിന്നിറങ്ങി അധികം നടക്കാന്‍ അനുവാദമില്ലായിരുന്നു. ഈ കാടുകള്‍ക്കിടയ്ക്ക് മരണം പതിയിരിക്കുന്നുണ്ട്. മനുഷ്യ ഗന്ധത്താല്‍ ഉന്മത്തരായി ഏതു നിമിഷവും ഒരു കടുവ നിങ്ങളുടെമേല്‍ ചാടിവീണേക്കാം. എന്തുകൊണ്ടോ ഈ വനത്തിന് വല്ലാത്തൊരു വിഷാദഭാവം. മറ്റു പല വനങ്ങളിലും കാണുന്നതുപോലെ കാട്ടാറിന്റെ പൊട്ടിച്ചിരിയില്ലാത്തതാകാം. ഇടയ്ക്കിടെ തെളിയുന്ന ബ്രഹ്മപുത്രയാകട്ടെ, ഒരു സമാധിയിലെന്നപോലെ നിശ്ചലയാണ്. അഗാധമായ ഉള്‍ച്ചുഴികളെ ഒളിപ്പിച്ചുവെയ്ക്കും. ശാന്തവും സാത്വികവുമായ ഭാവത്തെ അണിയും. 

ഇലകള്‍ കൊഴിഞ്ഞുപോയ ഒരു ഉണക്കമരം ആകാശത്തേക്ക് പ്രാര്‍ത്ഥനാഭരിതമായി കൈവിടര്‍ത്തി നില്‍ക്കുന്നു. പോയ്പ്പോയ പച്ചപ്പുകളെ തിരിച്ചു നല്‍കണമെന്നാവാം. അവയുടെ രണ്ടു ചില്ലകള്‍ കൂടിച്ചേര്‍ന്ന് സൃഷ്ടിച്ച ഒരു ചതുരത്തിനകത്ത് പേടിപ്പെടുത്തുന്ന ശൂന്യഭാവമാര്‍ന്ന ഒരു കഴുകന്‍ നിശ്ചലമായി ഇരിക്കുന്നു. ബെക്കറ്റിന്റെ നാടകത്തിലെ ഏതോ ഒരു കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ കഴുകന്‍. നിശ്ചലതയാണോ ഈ കാടിന്റെ മുഖമുദ്ര! താരതമ്യേന ഇവിടെ പൂക്കള്‍ കുറവാണ്. ഉള്ളവയാണെങ്കില്‍ വെളുത്ത പുഷ്പങ്ങള്‍. പച്ചപ്പിനിടയ്ക്ക് നിറഞ്ഞുനില്‍ക്കുന്ന ഈ ധവളിമയുടെ ധാരാളിത്തം മഞ്ഞുകാലത്തെക്കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുന്നു.  ഒരു വശത്ത് ഘോരവനത്തിന്റെ ശാന്തമായ ഭീകരത. മറുവശത്ത് ബ്രഹ്മപുത്രയുടെ ശാന്തവും സാത്വികവുമായ നിശ്ചലത. ഒട്ടകപ്പക്ഷികളെ ഓര്‍മ്മിപ്പിക്കും വിധം വലിയ പെലിക്കണ്‍ പക്ഷികളുടെ കൂട്ടം. ബ്രഹ്മപുത്രയുടെ തീരത്ത് സന്ന്യാസഭാവത്തില്‍ ഒറ്റക്കാലിലാണവയുടെ നില്‍പ്പ്. ഉല്‍ക്കണ്ഠയേതുമില്ലാതെ. ആര്‍ത്തികളാറാത്ത അസംതൃപ്തിയല്ല, സംതൃപ്തിയുടെ നിറഭാവം. മരണ വേഗത്തിലോടുന്ന നഗരമനുഷ്യന് ഇവയില്‍നിന്നുമാകാം ചില പാഠങ്ങള്‍. ഇടയ്ക്കിടയ്ക്ക് കാട്ടുപോത്തുകളുടെ വലിയ വലിയ കൂട്ടങ്ങള്‍. ഇവിടെ ഒറ്റപ്പെട്ട മൃഗങ്ങളെ കാണുന്നത് വളരെ അപൂര്‍വ്വം. മരണത്തില്‍പ്പോലും ഒറ്റപ്പെടലിന്റെ ദു:ഖം ഇവയെ ബാധിക്കുന്നില്ല. ആനകള്‍ കൂട്ടംകൂട്ടമായി വന്ന് വെള്ളം കുടിക്കുന്നുണ്ട്. രാവിലെ ആനസവാരി കഴിഞ്ഞതിനാല്‍ ആനകളോട് വലിയ കൗതുകമൊന്നും തോന്നിയില്ല. വളരെ സാവകാശത്തിലാണ് ഞങ്ങളുടെ വാഹനം സഞ്ചരിക്കുന്നത്. ഈ കാടിന്റെ സമസ്ത ഭാവങ്ങളേയും ഉള്‍ക്കൊള്ളാനെന്നവിധത്തില്‍. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ കാണുന്നില്ലല്ലോയെന്ന് എന്റെ കൊച്ചു സഹയാത്രികന്‍ ഇടയ്ക്കിടെ വ്യാകുലതയോടെ ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്. ഇടയ്ക്കിടെ കാണുന്ന കാട്ടുപോത്തുകളെ ചൂണ്ടി കാണ്ടാമൃഗമെന്ന് ആര്‍ത്തുവിളിക്കുന്നുണ്ട്. ഇരുവശവും സൂക്ഷ്മതയോടെ ഞങ്ങളോരോരുത്തരും വീക്ഷിക്കുന്നുണ്ട്. ഈ നദിയിലോ വനത്തിലോ അവനെ കാണുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്. ഇടയ്ക്കിടെ മരങ്ങള്‍ക്കിടയില്‍ തെളിയുന്ന അപൂര്‍വ്വസുന്ദരമായ പക്ഷികളെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്നുണ്ട്. ഇനിയൊരിക്കല്‍ക്കൂടി ഈ വഴി വരുമോയെന്നറിയില്ല. ഓര്‍മ്മകള്‍ക്കുമേല്‍ ഓര്‍മ്മകള്‍ വന്നു നിറയുമ്പോള്‍ മനസ്സിലിടമുണ്ടാവില്ല. നേര്‍ത്തു നേര്‍ത്തു നീളുന്ന രേഖപോലെ അകലങ്ങളിലകലങ്ങളിലേക്ക് അവ്യക്തമായി തീരും ഓര്‍മ്മകള്‍. അപ്പോള്‍ ചില തിരിച്ചറിവുകള്‍ക്ക് സഹായിച്ചേക്കാം ഈ ചിത്രങ്ങള്‍. വീണ്ടും വീണ്ടും വനഗാംഭീര്യത്തിലേക്കും നദിയുടെ വശ്യതയിലേക്കും മുഗ്ദ്ധരായി ഞങ്ങള്‍ ബാഹ്യലോകം മറന്നു. സ്വപ്നത്തിലെന്നോണമായി ഞങ്ങളുടെ സഞ്ചാരം. അതാ പുഴയിലൊരു കാണ്ടാമൃഗം. കൂട്ടത്തിലൊരാള്‍ വിളിച്ചുപറഞ്ഞു. ഞങ്ങള്‍ പെട്ടെന്ന് ജാഗരൂകരായി. ശരിയാണ്. വലിയ ഒരു പാറപോലെ വെള്ളത്തിലനങ്ങാതെ കിടക്കുന്നു. തലഭാഗത്ത് ഒരു കാക്കയും വാല്‍ഭാഗത്ത് ഒരു കൊക്കും അകമ്പടിക്കുണ്ട്. ഇവനിലുള്ള വൈജാത്യങ്ങളെ പ്രതീകവല്‍ക്കരിക്കാന്‍ പ്രകൃതി തന്നെ കണ്ടെത്തിയ ഒരുപായമാണോ ഇത്. ഈ അപാരശാന്തമായ കിടപ്പിനപ്പുറമുള്ള ക്ഷോഭപൂര്‍ണ്ണമായ മൃഗരൂപത്തേയും ഒന്നില്‍ത്തന്നെ സമന്വയിപ്പിക്കുന്ന ജാലവിദ്യ. പാറപോലയുള്ള അവന്റെ ആ കിടപ്പില്‍ ഞങ്ങള്‍ സംതൃപ്തരായില്ല. കാണ്ടാമൃഗത്തെ അതിന്റെ ഏറ്റവും തീക്ഷ്ണവും മൂര്‍ത്തവുമായ രൂപത്തിലാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. സാരമില്ല, ഇനിയുമേറെ ദൂരം താണ്ടുവാനുണ്ട്. അതിനിടയില്‍ എപ്പോഴെങ്കിലും അവനെ തല്‍സ്വരൂപത്തില്‍ കണ്ടെത്തിയേക്കാം. നിനച്ചിരിക്കാതെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഒന്നു ഞെട്ടി. ഈ ശബ്ദം പരിചിതമാണല്ലോ. ഒരു കാട്ടുകോഴി ഉറക്കെയുറക്കെ ശബ്ദിച്ചുകൊണ്ട് റോഡിനു കുറുകെ ഓടുന്നു. അതിന്റെ വര്‍ദ്ധിച്ച ഉണര്‍വ്വും ഉന്മേഷവും കണ്ട് കാടിന്റെ പശ്ചാത്തലം ഇവയെ എത്രമേല്‍ ഊര്‍ജ്ജസ്വലരാക്കുന്നു എന്ന് ചിന്തിച്ചുപോയി. ചിലയിടങ്ങളിലെത്തുമ്പോള്‍ കാട് വല്ലാത്ത നിശ്ശബ്ദതയിലേക്കാഴ്ന്നിറങ്ങിയതുപോലെ. നദിയിലേക്ക് നോക്കിക്കൊണ്ടേയിരിക്കാന്‍ തോന്നി. താണുപറന്നു വന്ന പക്ഷിക്കൂട്ടം ജലത്തിലേക്ക് ഇറങ്ങിത്തുഴയാന്‍ തുടങ്ങി. എത്ര താളാത്മകമായി നിരതെറ്റാതെയാണ് അവ തുഴയുന്നത്. സുന്ദരമായ ഒരു സംഘനൃത്തം പോലെ. സുഖകരമായ ഒരു കുളിര്‍ക്കാറ്റ് നദിയിലോളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നേരം നാലുമണി കഴിഞ്ഞിട്ടേയുള്ളൂ. പ്രകൃതി അല്‍പ്പം മങ്ങിയിരിക്കുന്നു. സന്ധ്യയ്ക്കു മുന്‍പ് തിരിച്ചുപോയേ മതിയാവൂ. സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ കാട്ടിലൂടെ യാത്ര അനുവദനീയമല്ല. പ്രകൃതി മങ്ങിത്തുടങ്ങിയപ്പോള്‍ പക്ഷികളുടെ ചിറകടി ശബ്ദവും ചിലപ്പും കൊണ്ട് കാട് ശബ്ദപൂര്‍ണ്ണമായി. കാട്ടുപോത്തുകള്‍ കൂട്ടത്തോടെ വെള്ളം കുടിക്കാനിറങ്ങി. വെളിച്ചത്തിനും ഇരുട്ടിനുമിടയിലെ ഈ വേളയില്‍ കാടും നദിയും പക്ഷിമൃഗങ്ങളും ഇത്ര ഉത്സാഹഭരിതരാകുന്നതെന്തേ? ഈ ഉത്സാഹത്തിമര്‍പ്പുകള്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍  ജീപ്പിന്റെ മുന്നിലിരുന്നവര്‍ അലറിവിളിച്ചു. ഒറ്റക്കൊമ്പനും അവന്റെ ഇണയും ആ നിമിഷത്തിലാണ് അവിശ്വസനീയമാം വിധം മുന്നിലെത്തിയത്. അവ ഞങ്ങളുടെ ജീപ്പിനുനേരെ ആഞ്ഞടുക്കുന്നു.  ദേഹം കിടുകിടെ വിറച്ചു. ഒറ്റക്കുതിപ്പിനു അവ ഈ വാഹനത്തെ മറിച്ചിട്ടേക്കാം. അപരിചിതരുടെ സാമീപ്യമോ സൈ്വര്യവിഹാരത്തിന് സംഭവിച്ച തടസ്സമോ ഏതാണെന്നറിയില്ല അവയെ അത്രയേറെ വിളറിപിടിപ്പിച്ചത്. അവയുടെ അലര്‍ച്ചയില്‍ കാട് കുലുങ്ങുകയായിരുന്നു. മുന്നിലുള്ളതെന്തിനേയും വിഴുങ്ങിക്കളയാനുള്ള ത്വരയില്‍ അവ വാ പിളര്‍ന്ന് മുന്നോട്ടു കുതിച്ചു. ആ നിമിഷത്തില്‍പ്പോലും അവയുടെ അപാരമായ വന്യസൗന്ദര്യം ഞങ്ങളെ വിഭ്രമിപ്പിച്ചു. മയങ്ങിത്തുടങ്ങിയ സന്ധ്യയുടെ നേര്‍ത്ത വെളിച്ചത്തില്‍ കൊടും വനത്തിന്റെ സമ്പൂര്‍ണ്ണ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍ ആ മൃഗീയ ഗാംഭീര്യം തികച്ചും പരിപൂര്‍ണ്ണമായിരുന്നു.  

കാടിന്റെ അങ്ങേ അതിര്‍ത്തിയിലെത്തിയിരുന്നു. തൊട്ടടുത്തു തന്നെ ഫോറസ്റ്റ് ഓഫീസ്. ഫോറസ്റ്റ് ഗാര്‍ഡുകള്‍ തോക്കുമായി വന്ന് ആകാശത്തേക്ക് വെടിവെച്ചു. ശബ്ദം കേട്ട് അവ ജീപ്പിനടുത്തുനിന്നും പിറകോട്ടു മാറി. കണ്ടത് സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാന്‍ അല്‍പ്പ സമയം വേണ്ടിവന്നു. അതുവരെയുണ്ടായിരുന്ന കനത്ത നിരാശയില്‍നിന്നും മോചിതരായി, സാഫല്യത്തിന്റെ നിര്‍വൃതിയിലലിഞ്ഞ് ഞങ്ങള്‍ അല്‍പ്പനേരം കൂടി അവിടെ നിന്നു. ഈ അവിസ്മരണീയ മുഹൂര്‍ത്തത്തിനായിരുന്നല്ലോ ഞങ്ങളുടെ യാത്ര. ആ സമയംകൊണ്ട് അവ ഉള്‍വനങ്ങളിലേക്ക് തിരിച്ചുപോയ്ക്കഴിഞ്ഞിരുന്നു.  വീണ്ടും മുന്നോട്ടേക്ക് പോകാന്‍ ഫോറസ്റ്റ് അധികൃതര്‍ സമ്മതിച്ചില്ല. കാട് വീണ്ടും വീണ്ടും പോകാന്‍ നമ്മെ വല്ലാതെ മോഹിപ്പിക്കും. എത്ര തിരിച്ചുപോകാന്‍ ശ്രമിച്ചാലും ഏതോ ഒരു ഉള്‍വിളി കാട്ടിലേക്ക് ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. നിവൃത്തിയില്ലാതെ തിരിച്ചുപോരേണ്ടിവന്നു. സന്ധ്യയായിക്കഴിഞ്ഞിരുന്നു. ഇരുട്ട് വീണിരിക്കുന്നു. സഫലപൂര്‍ണ്ണമായ ഒരു ദിനമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഞങ്ങളോരോരുത്തരും ഏതോ ഒരു വിഭ്രമിപ്പിക്കുന്ന ലഹരിയിലായിരുന്നു.  അവനെ ഏറ്റവും പൂര്‍ണ്ണമായ അവസ്ഥയില്‍ എല്ലാ  ഗാംഭീര്യത്തോടും കാണാനായതിന്റെ ആനന്ദമോ, അഹങ്കാരമോ അറിയില്ല.

ഹോട്ടലില്‍ തിരിച്ചെത്തുമ്പോള്‍ മുറ്റത്ത് ചെറിയൊരാള്‍ക്കൂട്ടം. ഹോട്ടല്‍ ജീവനക്കാര്‍ ഒന്നടങ്കം പുറത്തുണ്ട്. വനംവകുപ്പ് മന്ത്രി ഇന്ന് ഇവിടെയാണ് താമസം. വി.ഐ.പിയെ സ്വീകരിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. ആസ്സാമില്‍ അന്ന് ബന്ദായിരുന്നതിനാല്‍ ഹോട്ടലില്‍ ആളുകള്‍ നന്നേ കുറവ്. ഞങ്ങളെ കൂടാതെ നാലോ അഞ്ചോ പേര്‍ മാത്രം. അതുകൊണ്ടു തന്നെ പുല്‍ത്തകിടികളും പൂമരങ്ങളും നിറഞ്ഞ മനോഹരമായ ആ ഹോട്ടല്‍ ഞങ്ങള്‍ക്കായി വിട്ടുകിട്ടി. അവിടെത്തന്നെയുള്ള കുട്ടികളുടെ മനോഹരമായ പാര്‍ക്കും ബൊട്ടാണിക്കല്‍ ഗാര്‍ഡനും നിശ്ശബ്ദവും വിജനവുമായിരുന്നു. ഈ തണുപ്പും കുളിരും മോഹിപ്പിക്കുന്ന സൗന്ദര്യവും ഞങ്ങളുടേത് മാത്രമായ ആ രാവിനെ തികച്ചും ആസ്വദിച്ചു. ചൂടുവെള്ളത്തില്‍ സുഖകരമായ കുളി. എല്ലാ ക്ഷീണവും എങ്ങോ പോയ് മറഞ്ഞതുപോലെ. കാസിരംഗയില്‍ ഈ ഒരു രാത്രി കൂടി മാത്രം. ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസത്തിന്റെ അന്ത്യം. പുതപ്പും കമ്പിളിയുമുപേക്ഷിച്ച് തണുപ്പിനെ പൂര്‍ണ്ണമായും ആവാഹിച്ചു കിടന്നു. നഷ്ടപ്പെടുന്നതെന്തും, മഞ്ഞായാലും മഴയായാലും ഇനി ഒരിക്കല്‍ കൂടി തിരിച്ചു കിട്ടാത്തതാകാം. അങ്ങകലെ ഉള്‍ക്കാടുകളില്‍നിന്നും വരുന്ന ഗര്‍ജ്ജനങ്ങള്‍ക്ക് ചെവിയോര്‍ത്തു വെറുതെ ജനലരികില്‍ നിന്നു. കാസിരംഗയെ വിട്ടുപിരിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒരുപക്ഷേ, ഇനി ഒരിക്കലും തിരിച്ചുവരില്ലായിരിക്കാം. വെറുതെ മനസ്സില്‍ കുറിച്ചിട്ടു.

കാടിന്റെ ഹരിതാഭയില്‍നിന്നും
കിനാപ്പച്ചകള്‍ 
ഹിമധവളിമയില്‍നിന്നും 
വെണ്‍മഞ്ഞുടയാടകളണിഞ്ഞ്
വന്യനിശ്ശബ്ദതയുടെ
മധുരസംഗീതം നുകര്‍ന്ന്
കൊടും മഞ്ഞിന്റെ ഈ ശിശിരകാലത്തില്‍
നമ്മള്‍ വേര്‍പിരിയുന്നു...
വിട... എന്നോമനേ... വിട. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com