കക്കട്ടില്‍ റിപ്പബ്ലിക് 

''എടാ... കുറേ കാലമായി ഞാനീ പണി തുടങ്ങിയിട്ട്. നീയെന്താ എന്നെക്കൊണ്ട് വിചാരിച്ചെ...''''എന്ത് വിചാരിക്കാന്‍... നിങ്ങളെഴുതിയാല്‍ നിങ്ങള്‍ക്കു കൊള്ളാം.''
കക്കട്ടില്‍ റിപ്പബ്ലിക് 

അക്ബര്‍ കക്കട്ടില്‍ ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം. വ്യക്തിയെന്ന നിലയില്‍ ജീവിതത്തിലും സാഹിത്യകാരന്‍ എന്ന നിലയില്‍ എഴുത്തിലും കക്കട്ടില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വി. ദിലീപ് 

ടുത്തടുത്ത ദേശക്കാരാണ് ഞങ്ങള്‍.
മൊകേരിയില്‍നിന്നും എനിക്ക് മിനിമം ബസ്ച്ചാര്‍ജ്ജ് കൊടുത്താല്‍ മതി കക്കട്ടിലിറങ്ങാം. ബസ്സിറങ്ങി, ശശീന്ദ്ര ഹോട്ടലിനോട് ചേര്‍ന്ന എടയിലൂടെ കൈവേലി റോഡിലേക്ക് കയറി, ചെറിയ എകരം കയറിയയുടന്‍ വലത്തോട്ട് തെറ്റിയാല്‍ ചെന്നെത്തുന്ന വീടാണ് അക്ബര്‍ കക്കട്ടിലിന്റേത്. 
ഒരു കഥയെഴുതി പോക്കറ്റിലിട്ട് അവിടെയെത്തുന്നത് എന്റെ മനസ്സിലുറച്ച ശീലങ്ങളിലൊന്ന്. 
ബഡാപ്പുറത്ത് കുമ്പിട്ട് കിടന്ന് സിഗരറ്റ് കത്തിച്ചുവലിച്ചൂതി അക്ബര്‍ മാഷ് എന്റെ കഥ കഠിനമായി എഡിറ്റുചെയ്യും. അതു നോക്കി ഞാന്‍ അന്തിച്ചുനില്ക്കും. വളരെ ഗംഭീരമെന്ന് കരുതിയ സംഭവങ്ങളൊക്കെയാണ് മാഷ് നിര്‍ദയം വെട്ടിയരിയുന്നത്. 
ഒരിക്കലും അസ്വസ്ഥത ഞാന്‍ മറച്ചുവെച്ചിട്ടില്ല.
ങ്ങളെന്തിനാ മാഷേ ഈ വരി വെട്ടീത്?
തുടര്‍ന്ന് ഞങ്ങള്‍ തമ്മില്‍ നടക്കുന്ന സംഭാഷണത്തിന്റെ മാതൃക ഏകദേശം ഇങ്ങനെയാകും:
എടാ... ഈ വരിയില്ലെങ്കിലും ഇക്കഥ നില്ക്കുന്നില്ലേന്ന്  ആദ്യം നോക്ക് നീ. എന്നിട്ട് തര്‍ക്കിക്ക്...
മാഷ് കോങ്കണ്ണുരുട്ടിക്കൊണ്ട് എന്നോട് ചോദിക്കും. നോക്കുമ്പോള്‍ പറഞ്ഞത് കറക്ടായിരിക്കും. അത് ഞാന്‍ തുറന്ന് സമ്മതിച്ചുകൊടുക്കും. അപ്പോള്‍ അഭിമാനത്തോടെ അക്ബര്‍ മാഷ് :
ഞാന്‍ എത്രവര്‍ഷായി മോനേ ഇപ്പണി തുടങ്ങിയിറ്റ്... നീ വെറും കുട്ടി. നിനക്കെന്തറിയാം...?
വര്‍ഷത്തിന്റെ കണക്ക് പറഞ്ഞിട്ടെന്താ...? ങ്ങളെ കഥകളൊന്നും ഇപ്പോ അത്രയ്ക്കങ്ങ് നന്നാകുന്നില്ല. ഹ്യൂമറൊക്കെ ഉണ്ടാക്കിപ്പറയും പോലെ തോന്നുന്നു. ശമീലാഫഹ്മിയും വടകരയില്‍നിന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള വിളിക്കുന്നുണ്ടാവും ഒക്കെ എഴുതിയ ങ്ങള് കഴിഞ്ഞ ഓണപ്പതിപ്പില് എന്താ കാണിച്ചുവെച്ചേ..? ഒരു കഥയാ അദ്?
ആ കഥയെക്കുറിച്ച് ആദ്യമായി മോശം പറയുന്നത് നീയാ... കേന്ദ്രമന്ത്രി എ.കെ. ആന്റണി ഇന്നലെ ഫോണില്‍ വിളിച്ച് എന്നെ അഭിനന്ദിച്ചു.
എ.കെ. ആന്റണി അഭിനന്ദിച്ചാല്‍ കഥ നല്ലതാകുമോ?
കെ. മുരളീധരനും എം.എ. ഷാനവാസുമൊക്കെ. വിളിച്ചിരുന്നു. അവരൊക്കെ ഗംഭീര അഭിപ്രായം പറഞ്ഞു.
കഥയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇവരൊക്കെ ആരാ? ഏതെങ്കിലുമൊരു സാഹിത്യകാരന്റെ പേരുപറയ്...
മാഷ് സാഹിത്യരംഗത്തെ എനിക്ക് അപ്രാപ്യനായ ഒരാളുടെ പേരു പറയും.
അദ്ദേഹം നിങ്ങളുടെ സുഹൃത്തല്ലേ? നിങ്ങളെ സുഖിപ്പിക്കാന്‍ അങ്ങനെ പലതും പറയും. നിങ്ങളതൊക്കെ വിശ്വസിച്ച്...
അക്ബര്‍ മാഷിന് ചെറുതായി അരിശം വന്നുതുടങ്ങും. 
പോട് അക്ബറേ...
ഞാന്‍ വിളിക്കും. 
അതോടെ അദ്ദേഹം ദേഷ്യം മറന്ന് പൊട്ടിച്ചിരിക്കുകയായി. 
ഏറെ അടുപ്പമുള്ള സമയത്ത് അക്ബറേയെന്ന് തന്നെയാണ് ഞാന്‍ മാഷെ വിളിക്കുക. മൂപ്പരത് ഇഷ്ടപ്പെട്ടിരുന്നു.
അക്ബര്‍ മാഷ് പഠിപ്പിച്ചിരുന്ന വട്ടോളി നാഷണല്‍ സ്‌കൂളിലാണ് ഞാനും പഠിച്ചിരുന്നത്. എന്റെ അമ്മയും അവിടെ അധ്യാപികയാണ്. തീരെ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അമ്മയോടൊപ്പം ഞാന്‍ സ്‌കൂളിലെത്തുമായിരുന്നു. അന്ന് എന്നെ എടുത്തുനടന്നിട്ടൊക്കെയുണ്ട് അക്ബര്‍ മാഷ്. അന്നൊക്കെ അക്ബര്‍ മാഷെ എനിക്ക് പേടിയായിരുന്നു. കാരണം നീട്ടിവളര്‍ത്തിയ തലമുടിയും കോങ്കണ്ണും. കോങ്കണ്ണിന്റെ വിശ്വരൂപം കാട്ടി മരുമക്കളെ പേടിപ്പിക്കുന്നത് ചില വീക്ഷണപ്രശ്‌നങ്ങള്‍ എന്ന കഥയില്‍ മൂപ്പരെഴുതിയിട്ടുണ്ട്.
ഒരു ക്ലാസ്സിലും അക്ബര്‍ മാഷെന്നെ പഠിപ്പിച്ചിട്ടില്ല. അതു നന്നായെന്ന് പിന്നീട് ഞാന്‍ വിലയിരുത്തി. കാരണം മറ്റൊന്നുമല്ല, ഗുരു ഉപദേശിക്കുന്നയാളല്ലേ? ഒരു പരിധിയില്‍ കൂടുതല്‍ ഗുരുവിനോട് അടുക്കാന്‍ തോന്നുകയുമില്ല. അക്ബര്‍ കക്കട്ടിലുണ്ടോ ആരെയെങ്കിലും ഉപദേശിക്കുന്നു? 
അക്കാലത്ത് കക്കട്ടില്‍ പ്രദേശത്ത് സാഹിത്യവുമായി നേരിയ ബന്ധമുള്ള ആര്‍ക്കും മുന്നില്‍ ഒരു മാതൃകയായുള്ളത് അക്ബര്‍ മാഷ് തന്നെയായിരുന്നു. ജീവിതം നോക്കിയെഴുതുക, തിയറികളെക്കുറിച്ച് ചിന്തിക്കാതിരിക്കുക, കഴിയുന്നതും ലളിതമായിത്തന്നെ കഥയെഴുതുക... തുടങ്ങിയ രീതികള്‍ക്കും മികച്ച മാതൃകയാണല്ലോ എന്നും അക്ബര്‍ മാഷ്.
ആ ദേശത്തെ ചില കഥകള്‍ അവിടത്തെ നാട്ടുഭാഷയില്‍ അടുത്തകാലത്തും ഞാനെഴുതിയിട്ടുണ്ട്. അതു വായിക്കുമ്പോള്‍ കക്കട്ടിലിനെ മിസ് ചെയ്യുന്നതായി തോന്നുന്നെന്ന് ചിലരൊക്കെ പറഞ്ഞു. ചിലപ്പോള്‍ മാഷ് എഴുതാന്‍ മാറ്റിവെച്ച, ആഗ്രഹിച്ച കഥകള്‍ ആയിരിക്കാം അവയൊക്കെ. 
എന്നാല്‍ അക്ബര്‍ കക്കട്ടില്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ ഏറെയൊന്നും സ്വാധീനിച്ചിട്ടില്ല. അവരുടെ തലമുറയില്‍ എന്‍. പ്രഭാകരനും ടി.വി. കൊച്ചുബാവയുമായിരുന്നു എന്റെ പ്രിയപ്പെട്ടവര്‍. പക്ഷേ, കഥകളിലൂടെ എന്നെ ചിരിപ്പിച്ച എഴുത്തുകാര്‍ കക്കട്ടിലിനോളം മറ്റൊരാളില്ല. 
അക്ബര്‍ മാഷെപ്പോലെ തന്നെ ബഹുസ്വരത നിറഞ്ഞ ജീവിതമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടേതും. വ്യക്തിയുടെ ഏകാന്തതയും മനസ്സിന്റെ രഹസ്യ വ്യായാമങ്ങളുമൊന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയങ്ങളേ ആയിരുന്നില്ല. പ്രണയംപോലും അപൂര്‍വ്വമായേ അദ്ദേഹം എഴുത്തില്‍ കൊണ്ടുവന്നുള്ളു. അതും മറ്റൊരു തലത്തില്‍നിന്നുകൊണ്ട്. (നമുക്കിന്നു റഷീദയെക്കുറിച്ച് ചിന്തിക്കാം, പാദസരം) കക്കട്ടില്‍ കഥ മെനഞ്ഞ ജീവിതപരിസരങ്ങളില്‍ എന്നും അദ്ദേഹത്തിന്റെ നാട്ടുകാരും സുഹൃത്തുക്കളും കയറിയിറങ്ങി. തനിക്കു ചുറ്റമുള്ളവരെക്കുറിച്ച് ചിന്തിക്കാതെ എന്ത് കഥയെഴുത്ത്... അങ്ങനെ എന്തെഴുതിയിട്ടെന്ത് എന്ന അലൈന്‍. 
മാഷുടെ കഥയെഴുത്ത് രസമാണ്. ഇല വീഴുന്ന ശബ്ദംപോലും നിരോധിക്കപ്പെട്ട ഏകാന്തതയൊന്നും വേണമെന്നില്ല. കുടുംബാംഗങ്ങള്‍ക്കിടയില്‍ വെച്ചൊക്കെ കഥ എഴുതും. ഒരു ദിവസം ഞാന്‍ ചെല്ലുമ്പോള്‍ ഉമ്മയുടെ ലുങ്കിയും ഉടുത്ത് തറയില്‍ കുമ്പിട്ട് കിടന്ന് കാര്യമായ എഴുത്താണ്. എഴുത്തുതീര്‍ന്നപ്പോള്‍ കഥയുടെ ചില പേജുകള്‍ കാണുന്നില്ല. അത് ഇളയമകള്‍ സുഹാന എപ്പോഴോ എടുത്തുകൊണ്ടുപോയിട്ട് അയല്‍വീട്ടിലെ ചില കുട്ടികള്‍ വായിക്കുന്നുണ്ടായിരുന്നു. അക്ബര്‍ മാഷ് ഒച്ചയിട്ടപ്പോള്‍ മാഷുടെ ഉമ്മ ആ പേജുകള്‍ വാങ്ങിവന്നു.
എനിക്കപ്പോള്‍ ബഷീറിനെ ഓര്‍മ്മവന്നു.
ഇങ്ങനെയൊക്കെ സാഹിത്യത്തെ സമീപിക്കുന്ന മറ്റൊരാളെ ഞാന്‍ അതിനുശേഷം കണ്ടിട്ടുമില്ല.
ഒരു നിമിഷം യാദൃച്ഛികമായി പരിചയപ്പെട്ടയാളോടുപോലും അടുത്ത സുഹൃത്തെന്ന നിലയില്‍ അദ്ദേഹം പെരുമാറിപ്പോന്നു. അപരിചിതരുമായി പെട്ടെന്നടുക്കാനോ സംസാരിക്കാനോ കഴിയാറില്ലയെനിക്ക്. നഗരത്തിലെത്തുമ്പോള്‍ മാഷ് വിളിച്ചിട്ട് മാഷുടെ മുറിയിലേക്ക് പെട്ടെന്ന് കടന്നുചെല്ലുന്ന ഞാന്‍ പലപ്പോഴും വലിയ ഒരു സദസ്സിനു മുന്‍പിലേക്കാണ് എത്തപ്പെട്ടത്. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ മുറിയിലാകെ നിരന്നിരിപ്പുണ്ടാവും. 
ശരിക്കും സംസാരിക്കാനാകാതെ കുഴങ്ങിപ്പോകുന്ന അവസ്ഥ. കുറേ നേരമൊക്കെ നിന്നിട്ട്  മെല്ലെ അവിടെനിന്നും വലിയും. മാഷ് ഇതു പറഞ്ഞ് എപ്പോഴുമെന്നെ കളിയാക്കി.
വ്യക്തി എന്ന നിലയില്‍ അക്ബര്‍ മാഷ് എന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്റെ തലമുറയില്‍പ്പെട്ട എഴുത്തുകാരില്‍ അക്ബര്‍ എന്ന വ്യക്തിയേയും എഴുത്തുകാരനേയും ഏറ്റവുമടുത്തുനിന്ന് നിരീക്ഷിച്ചയാള്‍ ഞാനാണെന്നുകൂടി എനിക്കു തോന്നുന്നു. 
എന്റെ ആദ്യപുസ്തകത്തിന് അവതാരികയെഴുതി. ഞാന്‍ അധ്യാപകനായ സ്‌കൂളില്‍ വന്നു. എന്റെ വിവാഹത്തിന് തലേദിവസം തന്നെയെത്തി അന്ന് ഞങ്ങളുടെ കൂടെ താമസിച്ചു. വിവാഹത്തിന് ദക്ഷിണ കൊടുക്കുക എന്നുണ്ട്. മാതാപിതാക്കള്‍ക്കു കൊടുത്തുകഴിഞ്ഞ് ഞാന്‍ തിരിയുമ്പോള്‍ അതാ കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് മുന്‍പില്‍ നില്ക്കുന്നു അക്ബര്‍ മാഷ്. 
''ഇങ്ങട്ട് താടാ അത്.''
മാഷ് പറഞ്ഞു.
ഞാന്‍ കൊടുത്തു.
''കാലില്‍തൊട്ട് നമസ്‌കരിക്കുന്നില്ലേടാ?''
''ഓ... പിന്നെന്താ...''
ഞാന്‍ അക്ബര്‍ മാഷ്ടെ കാലില്‍ തൊട്ടു നമസ്‌കരിച്ചു. എഴുന്നേറ്റ് രഹസ്യമായി ചെവിയില്‍ വിളിച്ചു: ''അക്കുബറേ...''
മാഷും ഞാനും പൊട്ടിച്ചിരിച്ചത് ഒന്നിച്ച്. കണ്ടുനിന്നവര്‍ ശരിക്കും അമ്പരന്നു.
മാഷ് നമ്മെ വിട്ടുപോയ വാര്‍ത്തയറിഞ്ഞ് എറണാകുളത്തുനിന്ന് ഞാന്‍ ഓടിയെത്തി. കോഴിക്കോട് ടൗണ്‍ഹാള്‍... വടകര ടൗണ്‍ഹാള്‍... ഞാനെത്തുന്നതിനും അരനിമിഷം മുന്‍പ് മാഷേയും വഹിച്ച വാഹനം സ്ഥലം വിട്ടുപോയി. ഒരു കക്കട്ടില്‍ കുസൃതിപോലെ. പുറകെ... ''ഓടിവാടാ... നായിന്റെ മോനേ...'' എന്ന് പതിവുസ്‌റ്റൈലില്‍ പറയുംപോലെ.
ഒടുവില്‍ ഞാന്‍ പിടികൂടിയത് ഞങ്ങളുടെ വട്ടോളി നാഷണല്‍ സ്‌കൂളില്‍ വെച്ച്.
അനക്കമറ്റ് കണ്ണുകള്‍ പൂട്ടിക്കിടക്കുന്ന മാഷെ ഒരുനിമിഷം നോക്കിയതും എനിക്കു നിയന്ത്രണം വിട്ടു.
എന്നും ചിരിപ്പിക്കുക മാത്രം ചെയ്ത അക്ബര്‍ മാഷ് ജീവിതത്തിലാദ്യമായി എന്നെ...
കക്കട്ടില്‍ എന്നത് ഒരു സ്വതന്ത്ര രാജ്യമായി സങ്കല്പിച്ച് ഒരു നോവല്‍ പ്ലാന്‍ചെയ്തു വരികയായിരുന്നു അവസാന കാലത്ത്  മാഷ്. കക്കട്ടില്‍ റിപ്പബ്ലിക് എന്നു പേരും തീരുമാനിച്ചു.
കുറച്ചൊക്കെ എഴുതിത്തുടങ്ങുകയും ചെയ്തിരുന്നു. ഒരു ഭാഗം ഫോണില്‍ വായിച്ചു കേട്ടപ്പോള്‍ എനിക്ക് ആഹ്ലാദം തോന്നി. ഞാനടക്കമുള്ള വായനക്കാരെ എന്നുമാകര്‍ഷിച്ച തനതായ ആ കക്കട്ടില്‍ ശൈലിയും നര്‍മ്മമധുരിമയും അതിന്റെ മുഴുവന്‍ ചാരുതയോടും കൂടി അതില്‍ തെളിഞ്ഞു നിന്നിരുന്നു. 
''ഇത് വേഗം മുഴുവനാക്ക് മാഷേ. എന്നിട്ടുമതി ഇനി മറ്റെന്തുകാര്യവും. ഇത് തകര്‍ക്കും. സംഭവാകും.''
ഞാന്‍ ആവേശത്തോടെ പറഞ്ഞു.
മാഷ് പതിവുപോലെ സന്തുഷ്ടനായി.
''എടാ... കുറേ കാലമായി ഞാനീ പണി തുടങ്ങിയിട്ട്. നീയെന്താ എന്നെക്കൊണ്ട് വിചാരിച്ചെ...''
''എന്ത് വിചാരിക്കാന്‍... നിങ്ങളെഴുതിയാല്‍ നിങ്ങള്‍ക്കു കൊള്ളാം.''
ഞാന്‍ ചെറുതായൊന്നു പ്രകോപിപ്പിക്കാന്‍ നോക്കി.
മാഷ് അതില്‍ വീണില്ല. ക്ഷീണിതമായിരുന്നു മാഷുടെ ശബ്ദമെന്ന് അന്ന് എനിക്കു തോന്നി. നോവലിനെക്കുറിച്ചു മാത്രമായിരുന്നു  പിന്നെ ഞങ്ങള്‍ സംസാരിച്ചത്.
ആ നോവല്‍ പക്ഷേ, അക്ബര്‍ കക്കട്ടില്‍ പൂര്‍ത്തിയാക്കിയില്ല. പകരം അദ്ദേഹം തന്നെ സ്വയം റിപ്പബ്ലിക് ആയി.
കക്കട്ടില്‍ റിപ്പബ്ലിക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com