ട്രാന്‍സ്ജെന്‍ഡറുകളെ തല്ലിക്കൊല്ലുമോ കേരളം?

ഒരുവശത്ത് ട്രാന്‍സ്‌ജെന്‌റുകള്ക്ക് സമൂഹത്തില്‍ തുല്യ നീതി വാഗ്ദാനം ചെയ്യുമ്പോള്‍ മറുവശത്ത് അവരെ ശാരീരികമായും മാനസികമായും വേട്ടയാടുകയാണ്.
ട്രാന്‍സ്ജെന്‍ഡറുകളെ തല്ലിക്കൊല്ലുമോ കേരളം?

കേരളം ഇനി കാണാനിരിക്കുന്നത് ട്രാന്‍സ്ജെന്‍ഡര്‍ ദുരഭിമാനക്കൊലകളായേക്കുമോ. പേടിക്കണം. തക്കത്തിനു കിട്ടുമ്പോഴൊക്കെ അവരെ കൊല്ലാക്കൊല ചെയ്യുന്നതിന്റെ അടുത്തഘട്ടം അതുതന്നെയായിക്കൂടെന്നില്ല. പുറത്തിറങ്ങിയാല്‍ അടി, ഇടി, ചവിട്ട്, തെറിവിളി. പിന്നെ കള്ളക്കേസും. മുന്‍പേയുള്ളത് അടുത്തയിടെ വര്‍ദ്ധിച്ചിരിക്കുന്നു. ''ഞങ്ങളെ ഇവിടെനിന്നു തുടച്ചു നീക്കാനാണ് കാണുമ്പോള്‍ ആക്രമിക്കുന്നവരും പൊലീസിലെ ചിലരും ആഗ്രഹിക്കുന്നത്'' എന്ന ട്രാന്‍സ്ജെന്‍ഡറുകളുടെ വേവലാതി വെറും വാചകമല്ല. ട്രാന്‍സ്ജെന്‍ഡര്‍ നയം പ്രഖ്യാപിക്കുകയും ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് രൂപീകരിക്കുകയും കൊച്ചി മെട്രോയില്‍ അവര്‍ക്കു ജോലി നല്‍കുകയും സുരക്ഷാ ഭവനങ്ങളുണ്ടാക്കാന്‍ ബജറ്റില്‍ വലിയ തുക നീക്കിവയ്ക്കുകയും മാത്രമല്ല, കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ യുവജന സംഘടനയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അംഗത്വവും ഭാരവാഹിത്വവും കൊടുത്ത അതേ കേരളം ട്രാന്‍സ്ജെന്‍ഡറുകളെ കണ്ടാല്‍ വെറുതെ വിടുന്നുമില്ല. തല്ലുന്നത് പൊലീസാണെങ്കില്‍ തല്ലുകൊള്ളുന്നവരെത്തന്നെ തൂക്കിയെടുത്തിട്ട് കേസെടുക്കുന്നു; അതല്ല അക്രമികള്‍ 'നാട്ടുകാര്‍' ആണെങ്കിലും ശ്രമം വാദിയെ പ്രതിയാക്കാന്‍ തന്നെ. അനാശാസ്യക്കാര്‍, പിടിച്ചുപറിക്കാര്‍, പോക്കറ്റടിക്കാര്‍, ഇപ്പോള്‍ ദാ, കുട്ടികളെ പിടുത്തക്കാരുമായി അവര്‍ മുദ്രകുത്തപ്പെടുന്നു. ആടിനെ പട്ടിയും പേപ്പട്ടിയുമാക്കിക്കഴിഞ്ഞാല്‍ പിന്നെ തല്ലാനും കൊല്ലാനും എളുപ്പമാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരത്തുണ്ടായത് രണ്ടു സംഭവങ്ങള്‍. അതിനു വളരെ മുന്‍പ് കോഴിക്കോട്ടും കൊച്ചിയിലും മലപ്പുറത്തും അവരെ തറയിലിട്ട് ചവുട്ടിത്തേച്ചത്. മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമായി ഇപ്പോഴത്തെ തിരുവനന്തപുരം സംഭവങ്ങളില്‍ പൊലീസ് അവര്‍ക്കൊപ്പം നിന്നു. വലിയതുറയില്‍ ചന്ദനയെ വളഞ്ഞിട്ടു തല്ലിച്ചതച്ച ജനക്കൂട്ടത്തിലെ കണ്ടാലറിയാവുന്ന 21 പേര്‍ക്കെതിരെ കേസെടുത്തു; നെടുമങ്ങാടിനടുത്ത് മൈലത്ത് കൂട്ടുകാരിയുടെ പുതിയ വീട്ടിലെ പാലുകാച്ചലിനെത്തിയവരെ ആക്രമിച്ച പുഷ്പരാജിനെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തു. സൂര്യ അഭിലാഷിനു നേരെയാണ് ആക്രമണമുണ്ടായത്. വിനീത, അളകനന്ദ എന്നിവരെ അധിക്ഷേപിക്കുകയും ചെയ്തു. പക്ഷേ, ട്രാന്‍സ്ജെന്‍ഡറുകള്‍ തല്ലി ഓടിക്കേണ്ടവരല്ല, വ്യക്തിത്വവും വേദനയുമുള്ള മനുഷ്യരാണ് എന്ന തിരിച്ചറിവിലേക്ക് ഇനിയുമേറെ നടക്കാനുണ്ട് കേരളം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പെണ്‍വേഷം കെട്ടിയവരാണെന്ന് ആരോപിച്ചാണ് ചന്ദനയേയും സൂര്യയേയും ആക്രമിച്ചത്. തിരുവനന്തപുരത്തെ ട്രാന്‍സ്ജെന്‍ഡര്‍ സംഘടന 'ഒയാസിസ്' സിറ്റി പൊലീസ് കമ്മിഷണര്‍ക്കും വലിയതുറ പൊലീസിനും പരാതി കൊടുത്തു. ആക്രമണത്തിന്റെ വീഡിയോ കളക്ടര്‍ കെ. വാസുകിയെ കാണിച്ചു. അടിയന്തര നടപടിക്ക് അവര്‍ അപ്പോള്‍ത്തന്നെ പൊലീസിനു നിര്‍ദ്ദേശം നല്‍കി. വീഡിയോയില്‍ കണ്ടാല്‍ അറിയുന്നവരുടെ പേരിലാണ് കേസ്. മര്‍ദ്ദനത്തിന് വ്യക്തമായ തെളിവാണ് ദൃശ്യമാധ്യമങ്ങളില്‍ വന്ന വീഡിയോ. സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം പി.എം.ജി യൂണിറ്റ് പ്രസിഡന്റുമാണ് സൂര്യ. ''സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേരളം ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പാക്കി രാജ്യത്തിനാകെ മാതൃകയായ സംസ്ഥാനമാണ്. അഭിമാനത്തോടെ സ്വന്തം സ്വത്വത്തില്‍ ജീവിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള അവകാശത്തിനൊപ്പമാണ് സംസ്ഥാന സര്‍ക്കാര്‍'' എന്ന് സാമൂഹികനീതി മന്ത്രി കെ.കെ. ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത് വലിയതുറ ആക്രമണത്തിനു തൊട്ടുപുറകെയാണ്. അതെ, കേരളം അവര്‍ക്കൊപ്പമാണ്. അതു ബോധ്യപ്പെടുത്തിക്കൊടുക്കുകതന്നെ വേണ്ടിവരും. ഇരകളെ മാത്രമല്ല, വേട്ടക്കാരേയും.

അനീതി നടപ്പാക്കുന്ന പൊലീസ് 

കോഴിക്കോട്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു നേരെ പൊലീസ് നടത്തിയ ക്രൂര മര്‍ദ്ദനത്തോടെയാണ് 2017 കടന്നുപോയത്. നടക്കാവ് സ്വദേശികളായ ജാസ്മിനേയും സുസ്മിനേയും ഡിസംബര്‍ 27-ന് കസബ പൊലീസ് മര്‍ദ്ദിച്ചത് പോക്കറ്റടിക്കാര്‍ എന്ന് ആരോപിച്ചാണ്. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച കലോത്സവത്തിനു പോയി മടങ്ങുകയായിരുന്നു ഇരുവരും. ലാത്തികൊണ്ട് തലങ്ങും വിലങ്ങും അടിച്ചത് എസ്.ഐയും ഒരു സിവില്‍ പൊലീസ് ഓഫീസറുമായിരുന്നു എന്ന് അവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ''ലാത്തിക്ക് അടിച്ചതു കൂടാതെ പൊലീസ് തെറിവാക്കുകള്‍ പറയുകയും നീയൊന്നും ജീവിക്കേണ്ടെടീ എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു'' - മാധ്യമങ്ങളോടു ജാസ്മിന്‍ പിറ്റേന്ന് ആശുപത്രിയില്‍ വച്ച് പറഞ്ഞു. പ്രത്യേകിച്ചു പ്രകോപനമൊന്നും ഉണ്ടായിരുന്നില്ല. നടന്നു പോവുകയായിരുന്ന രണ്ടുപേരുടേയും അടുത്തു പൊലീസ് ജീപ്പ് നിര്‍ത്തിയപ്പോള്‍ത്തന്നെ അവര്‍ ഓടിമാറി. മുന്‍പ് പല സുഹൃത്തുക്കള്‍ക്കും പൊലീസിന്റെ അടി കിട്ടിയതുകൊണ്ടുള്ള പേടിയായിരുന്നു കാരണം. ചോദ്യമൊന്നുമുണ്ടായില്ല. അടിക്കും തെറിവിളിക്കും ഇടയില്‍ തങ്ങള്‍ കലോത്സവത്തിനു പോയി വരികയാണെന്നു പറഞ്ഞിട്ടും ഫലമുണ്ടായില്ല. തറയില്‍ വീഴുന്നതുവരെ അടിച്ചു. കലോത്സവത്തിലെ നൃത്തത്തില്‍ പങ്കെടുത്ത് അതേ വേഷത്തിലായിരുന്നു അവര്‍. വേഷം കെട്ടി തെരുവിലിറങ്ങിയതാണെന്നായിരിക്കും കണ്ടപ്പോള്‍ പൊലീസിനു തോന്നിയത് എന്ന് ജാസ്മിന്‍. പക്ഷേ, ആരാണെന്നും എന്താണെന്നും എവിടെപ്പോയതാണെന്നും പറഞ്ഞാല്‍ പൊലീസ് കേള്‍ക്കണമല്ലോ. കേട്ടില്ല. കടലാസിലെ ട്രാന്‍സ്ജെന്‍ഡര്‍ നയം പൊലീസിനെ ലിംഗനീതി പഠിപ്പിച്ചില്ല എന്നതിന് ഒന്നാന്തരം തെളിവായി ആ സംഭവം മാറി. 
സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി കൊടുത്തു നീതി കാത്തിരിക്കുന്ന ജാസ്മിനും സുസ്മിനും ഇപ്പോഴും ഭയമാണ്. മറുഭാഗത്ത് പൊലീസ് ആണ് എന്നതുതന്നെ കാരണം. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തപ്പോള്‍ എസ്.ഐയെക്കുറിച്ചു പരാമര്‍ശമുണ്ടായിരുന്നില്ല എന്നത് ഇവരുടെ ആശങ്കയ്ക്ക് തെളിവുമായി. പിന്നീട് സംഭവം വിവാദമായപ്പോഴാണ് പൊലീസിന്റെ പേര് ഉള്‍പ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡി.ജി.പി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരാഴ്ച കഴിഞ്ഞ് കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്.ഐയ്ക്കും പൊലീസുകാരനും എതിരെ അച്ചടക്കനടപടി ശുപാര്‍ശ ചെയ്തിരുന്നു എന്നാണ് പുറത്തുവന്നത്. പക്ഷേ, അതിനു മുന്‍പേ തന്നെ പൊലീസ് തനിനിറം ഒരുവട്ടം കൂടി കാണിച്ചിരുന്നു. ജാസ്മിനും സുസ്മിനും എതിരെ കേസെടുത്തു. കുറ്റം അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനം. സമീപത്ത് കടയിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് തെളിവായി പൊലീസ് പറയുന്നത്. പൊലീസിനെതിരെ നടപടിയൊന്നും ഇതുവരെയില്ല. എന്നാല്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഈ സമൂഹത്തിനു നേരെ നടക്കുന്ന അക്രമങ്ങളാണെന്നും അക്രമികള്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും ഫേസ്ബുക്കില്‍ വാദിച്ച സാമൂഹികനീതി മന്ത്രി, ''ചില പൊലീസുകാരും ഈ അതിക്രമത്തില്‍ ഉള്‍പ്പെട്ടതിനെ സര്‍ക്കാര്‍ കര്‍ശനമായി കൈകാര്യം ചെയ്തിട്ടുണ്ട്'' എന്നാണ് അവകാശപ്പെട്ടത്.

കൊച്ചി പഴയ കൊച്ചിയല്ല

പതിനൊന്ന് പേരെ പ്രതികളാക്കി നോര്‍ത്ത് പൊലീസ് എടുത്ത കേസാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ സമീപകാലത്ത് എറണാകുളത്ത് ഉണ്ടായ അതിക്രമങ്ങളില്‍ വലുത്. 2016 മേയിലായിരുന്നു ഇത്. അസമില്‍നിന്നു വന്ന ചില ട്രാന്‍സ്ജെന്‍ഡറുകള്‍ കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡറുകളെ മര്‍ദ്ദിച്ചു. ഇതിനെക്കുറിച്ചു പരാതി കൊടുക്കാന്‍ നോര്‍ത്ത് സ്റ്റേഷനിലെത്തിയവരെ പ്രതികളാക്കിയാണ് കേസെടുത്തത്. അടികൊണ്ട് ചോരയൊലിപ്പിക്കുന്ന നിലയിലുള്ളവരുമുണ്ടായിരുന്നു ആ കൂട്ടത്തില്‍. കുറേപ്പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ട് ബാക്കിയുള്ളവരാണ് സ്റ്റേഷനില്‍ ചെന്നത്. ആക്രമിച്ചവര്‍ക്കെതിരെ മൊഴി കൊടുക്കാന്‍ എന്ന പേരില്‍ പിടിച്ചുനിര്‍ത്തിയിട്ട് പതിനൊന്ന് പേര്‍ക്കെതിരെ പേര്‍ക്കെതിരെ കേസെടുക്കുകയാണുണ്ടായത്. ചുമത്തിയിരുന്ന കുറ്റമാകട്ടെ, 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കവര്‍ച്ചയും പിടിച്ചുപറിയും മറ്റും. ആ കേസ് ഇപ്പോള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്. 
അതിന്റെ അടുത്ത ദിവസം തന്നെയാണ് രാത്രി ഭക്ഷണം കഴിക്കാന്‍ പോയ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളായ പൂര്‍ണ്ണ, ഐശ എന്നിവരെ വളഞ്ഞമ്പലത്തു വച്ച് പൊലീസ് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ദിവസങ്ങളോളം ജനറല്‍ ആശുപത്രിയിലായി. പൊലീസിനെതിരെ പരാതി കൊടുത്തെങ്കിലും കേസെടുത്തില്ല. 
പതിനൊന്ന് പേര്‍ക്കെതിരായ കള്ളക്കേസും അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അതിനെത്തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പിന്റെ കൂടി ഭാഗമായാണ് കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് കുടുംബശ്രീ വഴി ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി കൊടുത്തത്. ആ പതിനൊന്ന് പേരില്‍പ്പെട്ടവര്‍ക്കും ജോലി കിട്ടി. കുറഞ്ഞ ശമ്പളവും അതുകൊണ്ട് താമസത്തിന്റെ വാടക ഉള്‍പ്പെടെ കൊടുത്തു ജീവിക്കാനുള്ള ബുദ്ധിമുട്ടുമൊക്കെ കാരണം അവരില്‍ പലരും പിന്നീട് മെട്രോയില്‍നിന്നു പോവുകയും ചെയ്തു.
ഓട്ടംതുള്ളല്‍ മത്സരത്തിന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ രണ്ടുവട്ടം സമ്മാനം ലഭിച്ച രഞ്ജുവിനെതിരെയാണ് അടുത്ത ആക്രമണം ഉണ്ടായത്. രഞ്ജു മെട്രോയില്‍ ജോലികഴിഞ്ഞ് ബസ്സിറങ്ങി രാത്രി പുല്ലേപ്പടിയിലെ വീട്ടിലേക്കു നടക്കുമ്പോള്‍ റിജോ എന്നൊരാള്‍ ബൈക്കില്‍ വന്ന് ദേഹത്തു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. അതേ സമയത്തുതന്നെ വേറെ കുറേ ട്രാന്‍സ്ജെന്‍ഡറുകള്‍ അങ്ങോട്ട് ഓടിവന്നു. ഇയാള്‍ അവരുടെ മൊബൈല്‍ തട്ടിപ്പറിച്ചിട്ടു വന്നാണ് രഞ്ജുവിനെ ആക്രമിച്ചത്. അവനെ പിടിച്ചുനിര്‍ത്തി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു പൊലീസിനെ വരുത്തി. പക്ഷേ, റിജോയെ പരാതിക്കാരനാക്കി ആറ് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. റിമാന്‍ഡും ചെയ്തു. അയാളുടെ മൊബൈല്‍ ഫോണും പണവും ഇവര്‍ തട്ടിപ്പറിച്ചു എന്നാക്കി മാറ്റി. അക്രമിക്കെതിരെ ഒന്നുമില്ല നടപടി. ഈ സംഭവത്തില്‍ പൊലീസിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.
രാത്രി സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് വരികയായിരുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ ഓണ്‍ലൈന്‍ ടാക്‌സിക്കാരനില്‍നിന്ന് പണം തട്ടിപ്പറിക്കാന്‍ ശ്രമിച്ചു എന്ന കേസാണ് പിന്നീടുണ്ടായത്. ഇവര്‍ പീഡിപ്പിക്കപ്പെടുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ് എന്നും പിടിച്ചുപറി, കൊള്ള തുടങ്ങിയ കുറ്റാരോപണങ്ങളൊന്നും പ്രഥമദൃഷ്ട്യാ തന്നെ ഇവര്‍ക്കെതിരെ നിലനില്‍ക്കില്ലെന്നും ആദ്യത്തെ കേസില്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള വിധിയില്‍ കോടതി പറഞ്ഞിരുന്നു. അടുത്ത കേസില്‍ കോടതി പറഞ്ഞത് ഈ കേസുണ്ടാക്കിയ പൊലീസുകാര്‍ ലിംഗനീതിയെക്കുറിച്ചു പഠിക്കണം എന്നാണ്. 
ഇവരെല്ലാം കൂടി എന്തിനാണ് കൊച്ചിയില്‍ വന്നു നില്‍ക്കുന്നത് എന്നാണ് പൊലീസ് നിലപാട്. സെന്‍ട്രല്‍ സ്റ്റേഷനിലെ സി.ഐ അനന്തലാല്‍ ഒരു യോഗത്തില്‍ ഈ ചോദ്യം ഉന്നയിച്ചപ്പോള്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു നിയമപരമായ പിന്തുണ നല്‍കിവരുന്ന അഡ്വ. മായാ കൃഷ്ണന്‍ തിരിച്ചു ചോദിച്ചത് പ്രസക്തമാണ്. കൊച്ചിക്കാരല്ലാത്ത താങ്കള്‍ക്കും എനിക്കും ഇവിടെ ജീവിക്കാമെങ്കില്‍ അവര്‍ക്കു മാത്രം എന്തുകൊണ്ട് ആയിക്കൂടാ? 
എറണാകുളം നഗരത്തിലെ ഒരു ലോഡ്ജില്‍ അനാശാസ്യം നടക്കുന്നു എന്ന് വിവരം കിട്ടിയതായി പറഞ്ഞ് പൊലീസ് റെയ്ഡ് നടത്തിയപ്പോഴായിരുന്നു അടുത്ത കേസ്. മെട്രോയില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്ന കുട്ടികളും ഉള്‍പ്പെടെ ട്രാന്‍സ്ജെന്‍ഡറുകള്‍ താമസിക്കുന്ന ലോഡ്ജാണത്. ഇരച്ചുകയറിയ പൊലീസ് ഇവരേയും അനാശാസ്യം ആരോപിച്ചു പിടിച്ചുകൊണ്ടുപോയി. ഗുരുതര കുറ്റകൃത്യങ്ങളാണ് ചുമത്തിയത്. വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നും. മറൈന്‍ഡ്രൈവില്‍ ട്രാന്‍സ്ജെന്‍ഡര്‍ സര്‍വ്വേയുമായി ബന്ധപ്പെട്ടു നിന്നിരുന്ന ആളെക്കൂടി വിളിച്ചുവരുത്തി അറസ്റ്റു ചെയ്തു. ഇവരാരും ഒരു തരത്തിലുള്ള അനാശാസ്യവും നടത്തിയവരല്ല. ജോലിചെയ്തു ജീവിക്കുന്നവരുമാണ്. ട്രാന്‍സ്ജെന്‍ഡറാണെന്നതും ട്രാന്‍സ്ജെന്‍ഡര്‍ എന്നതിന്റെ പര്യായം കുഴപ്പക്കാര്‍ എന്നാണെന്ന് പൊലീസ് മനസ്സിലാക്കി വച്ചതും മാത്രമാണ് കേസിനു കാരണം. കൈയിലുണ്ടായിരുന്ന പണം ഉള്‍പ്പെടെ പിടിച്ചെടുത്തെങ്കിലും തൊണ്ടികളുടെ പട്ടികയില്‍ അതൊന്നും വന്നില്ല. ധനനഷ്ടം, തുല്യതയില്ലാത്ത മാനഹാനി. നെഞ്ചുപൊട്ടി കരഞ്ഞുപോയ അവരുടെ ദൃശ്യം മായാ കൃഷ്ണന്റെ കണ്‍മുന്നിലുണ്ട് ഇപ്പോഴും. ഒരൊറ്റയാളുടെ 17,000 രൂപ നഷ്ടപ്പെട്ടത് കോടതിയില്‍ അഭിഭാഷക ചൂണ്ടിക്കാണിച്ചപ്പോള്‍ പൊലീസ് പറഞ്ഞത് അവരുടെ കൈയില്‍ 2,000 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ്. 2,000-ത്തിന്റെ എട്ടും 500-റിന്റെ രണ്ടും നോട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് പണം നഷ്ടപ്പെട്ടവര്‍ കൃത്യമായി കോടതിയോടു പറഞ്ഞു. പീഡനം അതിന്റെ മൂര്‍ധന്യത്തില്‍ എത്തുന്ന സാഹചര്യമാണ് ഇതൊക്കെ. 
''കൊച്ചി നഗരത്തില്‍നിന്ന് ഇവരെ തുടച്ചുനീക്കുക എന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പൊലീസിന്റെ ഇത്തരം നടപടികള്‍ എന്നാണ് മനസ്സിലാക്കേണ്ടത്. തുടര്‍ച്ചയായി ഇങ്ങനെ കേസുകളും പീഡനവും ഉണ്ടാകുമ്പോള്‍ സഹികെട്ട് മറ്റെങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളും എന്ന് പൊലീസ് കരുതുന്നു, അടിച്ചോടിക്കാന്‍ നോക്കി. അപ്പോള്‍ സാമൂഹികപ്രവര്‍ത്തകരുടേയും മാധ്യമങ്ങളുടേയും മറ്റും ഇടപെടലുണ്ടായി. അടുത്തപടിയാണ് കേസുകള്‍. അതാകുമ്പോള്‍ പേടിക്കുമല്ലോ.'' അഡ്വ. മായാ കൃഷ്ണന്‍ പറയുന്നു. രഞ്ജുവിന്റേയും മറ്റും കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍ കിടക്കേണ്ട സ്ഥിതിയുണ്ടായെന്നും ജാമ്യോപാധികള്‍ പാലിക്കാനുള്ള സാമ്പത്തിക സാഹചര്യം ഇല്ലാതിരുന്നതാണ് കാരണം എന്നും മായ. 90 ദിവസമാണ് ആറു പേര്‍ ജയിലില്‍ കിടന്നത്. 
ആദ്യ കേസിലെ 11 പേരില്‍പ്പെട്ട അമൃതയെ ഒരാള്‍ കത്തിക്കു കുത്തി. അയാള്‍ക്കെതിരെ കേസ് നടക്കുകയാണ്. ഇങ്ങനെ ചില ആളുകളുണ്ട്. ട്രാന്‍സ്ജെന്‍ഡറുകളെ കണ്ടാല്‍ അപ്പോള്‍ ആക്രമിക്കുന്ന മനോഭാവമുള്ളവര്‍. കേസുമായി മുന്നോട്ടുപോയാല്‍ ബുദ്ധിമുട്ടുണ്ടാകുന്നത് തങ്ങള്‍ക്കുതന്നെയായിരിക്കും എന്ന് അറിയാവുന്നതുകൊണ്ട് അതിനു നില്‍ക്കാതെ പോകുന്ന സംഭവങ്ങളാണ് ഏറെയും. വഴിയേ നടന്നുപോയപ്പോള്‍ ഓട്ടോയില്‍ വന്നയാള്‍ ട്രാന്‍സ്ജെന്‍ഡറിനെ ട്യൂബ്ലൈറ്റ് കൊണ്ട് തലയ്ക്കടിച്ച സംഭവവും കൊച്ചി നഗരത്തില്‍ ഉണ്ടായി. മാരകമായി മുറിവേറ്റ് അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ജീവന്‍ നഷ്ടപ്പെടാവുന്ന ഇത്തരം സംഭവങ്ങളുടെ അടുത്ത ഘട്ടം എന്തായിരിക്കും എന്ന പേടി സ്വാഭാവികം.

പൊലീസില്‍ എത്താത്ത നയം

2015 സെപ്റ്റംബര്‍ 22-നാണ് ട്രാന്‍സ്ജെന്‍ഡര്‍ നയം അംഗീകരിച്ചുകൊണ്ട് സംസ്ഥാന സാമൂഹികനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. അത് കേരളത്തിന്റെ ഔദാര്യമായിരുന്നില്ല. 2014 ഏപ്രിലില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റേയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടേയും തുടര്‍ച്ചയായിരുന്നു. പക്ഷേ, മറ്റു പല സംസ്ഥാനങ്ങളേയും പോലെ കേരളം കോടതി വിധിയും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടും കണ്ടില്ലെന്നു നടിച്ചില്ല എന്നതാണ് കാര്യം. പക്ഷേ, സര്‍ക്കാര്‍ ഉത്തരവുകളുടെ പതിവു രീതിയില്‍ത്തന്നെ ആയിരുന്നു ഈ അതിപ്രധാന ഉത്തരവിന്റേയും വഴി. നയത്തിന്റെ പകര്‍പ്പ് പോയവരുടെ കൂട്ടത്തില്‍ സംസ്ഥാന പൊലീസ് മേധാവിയോ ആഭ്യന്തര വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ ഉണ്ടായിരുന്നില്ല. ആഭ്യന്തര വകുപ്പുമായോ പൊലീസുമായോ ബന്ധപ്പെട്ട ഉത്തരവല്ല എന്നതായിരുന്നു കാരണം. സാമൂഹികനീതി ഡയറക്ടര്‍ക്കു പുറമേ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍, അക്കൗണ്ടന്റ് ജനറല്‍, പൊതുഭരണ വകുപ്പ് എന്നിവര്‍ക്കൊക്കെ കൃത്യമായി പകര്‍പ്പു നല്‍കി. പതിവുപോലെ ഒരെണ്ണം ഫയലില്‍ സൂക്ഷിക്കുകയും ചെയ്തു. തികച്ചും സാങ്കേതികം, ഔദ്യോഗികം. പക്ഷേ, ട്രാന്‍സ്ജെന്‍ഡര്‍ നയം കാമ്പും കഴമ്പുമുള്ളതായി മാറണമെങ്കില്‍ അതിന്റെ ഉള്ളടക്കത്തിലെ ലിംഗനീതി ആദ്യം പഠിപ്പിക്കേണ്ടത് പൊലീസിനെയായിരുന്നു. സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ആരും ട്രാന്‍സ്ജെന്‍ഡര്‍ വിരുദ്ധരല്ല എന്ന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നതില്‍ കാര്യമുണ്ട്. പക്ഷേ, അവരല്ലല്ലോ തെരുവില്‍ ആളുകളെ മുഖാമുഖം നേരിടുന്നത്. പൊലീസിന്റെ താഴേത്തട്ടില്‍ ലിംഗനീതി സാക്ഷരത നല്‍കേണ്ട വിലപ്പെട്ട തുടക്കമാണ് ഉണ്ടാകാതെ പോയത്. ഇപ്പോഴും പല പൊലീസുകാര്‍ക്കും ഇത്തരമൊരു നയത്തെക്കുറിച്ച് വലിയ ധാരണയില്ലാത്തതിന്റെ കാരണം അവിടെനിന്നു തുടങ്ങുന്നു.
ഉത്തരവിറങ്ങി രണ്ടുമാസം കഴിഞ്ഞ് കോവളത്തു സാമൂഹിക നീതിവകുപ്പു സംഘടിപ്പിച്ച അന്താരാഷ്ട്ര ലിംഗനീതി സമ്മേളനത്തിലാണ് നയം പ്രകാശനം ചെയ്തത്. 2015 നവംബര്‍ 12 മുതല്‍ 14 വരെ നടന്ന ആ സമ്മേളനത്തിലും കേരള പൊലീസിന്റെ പ്രാതിനിധ്യം കാര്യമായി ഉണ്ടായിരുന്നില്ല. പരിഗണിക്കപ്പെടേണ്ട സാധാരണ വ്യക്തികളായി അവരെ കാണാന്‍ മടിച്ച് പൊലീസ് പൊലീസിന്റെ നയം നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്നതിന് ഉദാഹരണങ്ങള്‍ ഏറെയാണ് താനും.
ട്രാന്‍സ്ജെന്‍ഡറുകളുടെ സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തെക്കുറിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ സര്‍വ്വേയ്ക്കു ശേഷമാണ് നയം തയ്യാറാക്കിയത്. ''എല്ലാ തലങ്ങളിലും ട്രാന്‍സ്ജെന്‍ഡറുകള്‍ നീതിനിഷേധം നേരിടുന്നു. അവരുടെ കുടുംബങ്ങളിലും വീടുകളിലും സ്‌കൂളില്‍, തൊഴിലിടങ്ങളില്‍, ചന്തയില്‍, കടകളില്‍, ഹോട്ടലിലെ ഫ്രണ്ട് ഡെസ്‌കില്‍, പൊലീസ് ഓഫീസര്‍മാരില്‍നിന്ന്, ആരോഗ്യ പ്രവര്‍ത്തകരില്‍നിന്ന്, മറ്റു സേവനദാതാക്കളില്‍നിന്ന്...'' ട്രാന്‍സ്‌ജെന്‍ഡര്‍ നയം ചൂണ്ടിക്കാട്ടി. ''വികസന അവസരങ്ങളിലും വിഭവങ്ങളിലും ആനുകൂല്യങ്ങളിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും തുല്യാവകാശങ്ങളുള്ള സമൂഹം'' എന്നാണ് നയത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാമതായി പറയുന്നത്. അന്തസ്സായി ജീവിക്കാനും എല്ലാത്തരം അതിക്രമങ്ങളില്‍നിന്നു സ്വതന്ത്രമായി ജീവിതം ആസ്വദിക്കാനുമുള്ള അവകാശത്തെക്കുറിച്ചും തൊട്ടുപിന്നാലെ പറയുന്നു. അക്ഷരാര്‍ത്ഥത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ നയത്തിലെ ആ വാഗ്ദാനങ്ങള്‍ ട്രാന്‍സ്ജെന്‍ഡറുകളെ നോക്കി പരിഹസിക്കുകയാണ്. തുല്യ അവകാശമുള്ളത് അക്രമികള്‍ക്ക്. പുരുഷന്മാരും സ്ത്രീകളും പാവമൊരു സഹജീവിയെ തുല്യ അവകാശത്തോടെ വളഞ്ഞിട്ടു തല്ലുന്ന വലിയതുറയിലെ കാഴ്ചയുടെ പശ്ചാത്തലത്തില്‍ കേട്ട നിസ്സഹായമായ നിലവിളിയാണ് അതിന് സാക്ഷ്യം. സ്വാതന്ത്ര്യം ആസ്വദിക്കുന്നത് ചീത്ത വിളിക്കുന്നവര്‍. ഇവിടെ കണ്ടുപോകരുത് എന്നു പറഞ്ഞ് തല്ലിയോടിക്കുന്നവരുടെ അട്ടഹാസമാണ് അതിനു തെളിവ്. ഇവരോ? ഇവര്‍ ആസ്വദിക്കുന്നത്  സമാനതകളില്ലാത്ത വിങ്ങല്‍ മാത്രം.
ഫെബ്രുവരി ആറിന് വലിയതുറയില്‍ ചന്ദനയെ ആക്രമിച്ചത് ജനക്കൂട്ടമാണ്. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ജനക്കൂട്ടം. പൊലീസ് എത്തി രക്ഷിക്കാന്‍ കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ രക്തസാക്ഷിയാകുമായിരുന്നു ചന്ദന. അത്രയ്ക്ക് മാരകമായിരുന്നു മര്‍ദ്ദനം. ''വലിയതുറയിലെ അക്രമികള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തിന്റെ വസ്ത്രമഴിച്ചത് അങ്ങേയറ്റം കുറ്റകരമാണ്. കുറ്റം വിധിച്ച് ശിക്ഷ നടപ്പാക്കുന്ന ക്രിമിനല്‍ക്കൂട്ടങ്ങളെ സര്‍ക്കാര്‍ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരും'' എന്ന ഷൈലജ ടീച്ചറുടെ ശക്തമായ പ്രതികരണത്തിലുണ്ട് ആ സംഭവത്തിന്റെയാകെ സ്വഭാവം. 
ഫെബ്രുവരി എട്ടിനാണ് മൈലം സംഭവം. അറിയപ്പെടുന്ന മേക്കപ്പ് കലാകാരി ശിവാങ്കി മൈലം ജി.വി. രാജ സമീപം വാങ്ങിയ വീട്ടില്‍ താമസം തുടങ്ങുന്ന ചടങ്ങിന് എത്തിയതായിരുന്നു വിനീത, അളകനന്ദ, സൂര്യ തുടങ്ങിയവര്‍. സ്‌കൂട്ടറിലെത്തിയ സൂര്യയും ഒരാളോട് വഴി ചോദിച്ചു. അയാള്‍ അതിനു മറുപടി നല്‍കുന്നതിനിടെയാണ് മറ്റൊരാള്‍ കൈയേറ്റം ചെയ്തത്. ''കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പെണ്‍വേഷത്തില്‍ എത്തിയവരെ''ക്കുറിച്ച് അറിഞ്ഞതോടെ കുറേയാളുകള്‍ സംഘടിച്ചെത്തി. പുതിയ വീട്ടിലെ ചടങ്ങിനെത്തിയ ട്രാന്‍സ്ജെന്‍ഡറുകളില്‍ ചിലരും ഇതറിഞ്ഞ് കൂട്ടുകാരുടെ രക്ഷയ്‌ക്കെത്തി. വിവരമറിഞ്ഞ് പൊലീസ് എത്തിയതുകൊണ്ട് പരസ്പരം അടി വീണില്ല. എങ്കിലും അതിനിടയില്‍ത്തന്നെ സൂര്യയുടെ വസ്ത്രം കീറാന്‍ ശ്രമിക്കുകയും സ്‌കൂട്ടറിന്റെ താക്കോല്‍ എടുക്കുകയുമൊക്കെ ചെയ്തിരുന്നു. സൂര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാറക്കോണം പുഷ്പഭവനില്‍ പുഷ്പരാജിനെ അപ്പോള്‍ത്തന്നെ കസ്റ്റഡിയിലെടുത്തത്. വലിയതുറയിലും മൈലത്തും വാദിയെക്കൂടി പ്രതിയാക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. 
ലിംഗനീതിയെക്കുറിച്ചുള്ള അവബോധം വേരുറച്ച ഒരു സമൂഹമായി കേരളം മാറണം എന്നാണ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലെ ആഹ്വാനം. സ്ത്രീസുരക്ഷയെക്കുറിച്ചു പറയുന്ന ഭാഗത്താണിത്. എന്നാല്‍, ആ അവബോധം വേരുറച്ചാല്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും കിട്ടും സ്വാഭാവിക ലിംഗനീതി. ''ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും അവരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നും അവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ കാണിക്കുന്നത് നാം ഇനിയും ബഹുദൂരം മുന്നോട്ടു പോകാനുണ്ട് എന്നാണ്.'' സുരക്ഷിത ഭവനങ്ങള്‍ സ്ഥാപിക്കാനുള്‍പ്പെടെ ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിന് 10 കോടി രൂപ വകയിരുത്തുന്നുവെന്ന പ്രഖ്യാപനത്തിന് ആമുഖമായി ധനമന്ത്രി പറഞ്ഞു. അതെ, നാം ഇനിയും ബഹുദൂരം മുന്നോട്ടു പോകാനുണ്ട്. എന്തുകൊണ്ടെന്നാല്‍ ഇന്നും അവര്‍ ആക്രമിക്കപ്പെടുകയാണ്. 
അവര്‍ക്കു നഷ്ടപ്പെട്ട അവസരം തിരികെക്കൊടുക്കുക എന്ന ഉത്തരവാദിത്വം സമൂഹത്തിനുണ്ട്. അതുകൊണ്ടാണ് ട്രാന്‍സ്ജെന്‍ഡര്‍ നയത്തിന്റെ ഭാഗമായിത്തന്നെ സാക്ഷരതാ മിഷന്‍ ട്രാന്‍സ്ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസ പദ്ധതി ഉള്‍പ്പെടെ നടത്തുന്നത് - സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല പറയുന്നു.. വിദ്യാഭ്യാസത്തിനുള്ള അവസരവും പുറത്തിറങ്ങി സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം നഷ്ടപ്പെട്ടതും സമൂഹത്തിന് അവരോടുള്ള മനോഭാവത്തിന്റെ പ്രശ്‌നം കൊണ്ടാണ്. അത് തിരിച്ചുനല്‍കണം. അതിന്റെ ഭാഗമായി തുടര്‍ വിദ്യാഭ്യാസ ക്ലാസ്സ് കൂടാതെ അവരെ മറ്റുള്ളവര്‍ക്കൊപ്പം പൊതുക്ലാസ്സില്‍ ഉള്‍പ്പെടുത്തിയും സാക്ഷരതാ ക്ലാസ്സുകള്‍ നടത്തുകയാണ്. ഒരു സര്‍ക്കാര്‍ സംവിധാനം ഉത്തരവാദിത്വമായി അത് ഏറ്റെടുത്തു നടപ്പാക്കുന്നു എന്നതും അതിന് പണം അനുവദിക്കുന്നു എന്നതും ഇവരോടുള്ള വിവേചനം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാരിനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ, സമൂഹം അതിനനുസരിച്ച് ഉയര്‍ന്നു ചിന്തിക്കുന്നില്ല. അവര്‍ക്കെതിരായ ആക്രമണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇത്തരം പദ്ധതികള്‍ക്കൊപ്പം സമൂഹത്തിന്റെ സമീപനം മാറ്റാനുള്ള ശ്രമങ്ങള്‍ കൂടി നടത്തണം. ഇപ്പോള്‍ അവര്‍ ആക്രമിക്കപ്പെടുന്നു എന്നതിന് അര്‍ത്ഥം നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നില്ല എന്നല്ല. ഇപ്പോള്‍ അവര്‍ പൊതുസമൂഹത്തില്‍ കൂടുതലായി ഇറങ്ങിനടക്കുന്നതുകൊണ്ടാണ് ആക്രമണങ്ങള്‍ കൂടുതലായി പുറത്തുവരുന്നത്. 

ഭിന്നലിംഗം എന്ന ഒരൊറ്റ വാക്കുകൊണ്ടാണ് ഞങ്ങള്‍ ഇത്രയധികം ഒറ്റപ്പെട്ടുപോയത് 
വിജയരാജ മല്ലിക (ട്രാന്‍സ്ജെന്‍ഡര്‍, എഴുത്തുകാരി)
 
എന്തു പറഞ്ഞാലും ട്രാന്‍സ്ജെന്‍ഡര്‍ നയത്തെ കുറ്റം പറയാനാണ് ചിലര്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്. ട്രാന്‍സ്ജെന്‍ഡറുകള്‍പോലും അറിയാതെ അവര്‍ ചില കുഴികളില്‍ ചെന്നു വീഴുന്നുണ്ടോ എന്നു സംശയമുണ്ട്. യഥാര്‍ത്ഥ ട്രാന്‍സ്ജെന്‍ഡറുകള്‍ ഏതെന്നും അല്ലാത്തത് ഏതെന്നും കണ്ടുപിടിക്കാനൊന്നും പറ്റില്ല. പക്ഷേ, വ്യാജരായ, തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വേഷംകെട്ടി നടക്കുന്ന ആളുകളുണ്ടോ എന്ന് സംശയമുണ്ട്. ജെനുവിന്‍ അല്ലാത്ത ആളുകള്‍. 
സമൂഹം ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദപരമാകണമെങ്കില്‍ രക്ഷിതാക്കളിലേക്കും സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്കും ട്രാന്‍സ്ജെന്‍ഡര്‍ നയത്തെക്കുറിച്ച് അവബോധം എത്തണം. സര്‍ക്കാര്‍ തന്നെ ചെയ്യേണ്ട കാര്യമാണ്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പാഠ്യപദ്ധതിയിലും മറ്റും ഉള്‍പ്പെടുത്തണം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരുണ്ടെങ്കില്‍ അവരെ പിടിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. അതിനു പകരം ട്രാന്‍സ്ജെന്‍ഡറുകളേയും പാവപ്പെട്ട ഇതര സംസ്ഥാനക്കാരേയും കെട്ടിയിട്ടു തല്ലുകയും ഒറ്റപ്പെടുത്തുകയുമല്ല ചെയ്യേണ്ടത്. സമൂഹ മാധ്യമങ്ങളില്‍ പൊലീസിന്റേത് എന്ന പേരില്‍ പല സന്ദേശങ്ങളും വരുന്നുണ്ട്. അതെല്ലാം ശരിയാണെന്നുറപ്പില്ല. 
ലിംഗവും ലൈംഗികതയും രണ്ടാണെന്ന പൊതുബോധം ഉണ്ടാക്കുകതന്നെ വേണം. ഭിന്ന ലിംഗം എന്ന ഒരൊറ്റ വാക്കുകൊണ്ടാണ് ഞങ്ങള്‍ ഇത്രയധികം ഒറ്റപ്പെട്ടുപോയത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ ചില സ്ത്രീകള്‍തന്നെ രഹസ്യമായി ചോദിക്കും, മല്ലികേ, ഈ ഭിന്നലിംഗമുണ്ടോ, അതെന്തു സാധനമാണ്, അത് എങ്ങനിരിക്കും എന്നൊക്കെ. അത്തരം ചോദ്യങ്ങള്‍ക്കു മുന്നില്‍ വല്ലാതെ തളര്‍ന്നുപോകാറുണ്ട്. ചില വാക്കുകള്‍ മലയാളത്തിലാക്കാന്‍ എന്തിനാണ് നിര്‍ബന്ധം. ട്രാന്‍സ്ജെന്‍ഡര്‍ എന്നുതന്നെ പറഞ്ഞാല്‍ പോരേ. 
''ആരും വഴി കാണിച്ചുതരുന്നതു കാത്തുനില്‍ക്കാതെ ട്രാന്‍സ്ജെന്‍ഡറുകള്‍ സ്വന്തമായി വഴി കണ്ടെത്തി മുന്നോട്ടു പോകണം. ട്രാന്‍സ്‌ജെന്‍ഡര്‍ ആയി സ്വയം ചിത്രീകരിച്ചു നടക്കുന്ന കുറേയാളുകളുണ്ട് കേരളത്തില്‍. അത്തരം കാര്യങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ശസ്ത്രക്രിയയ്ക്കു ശേഷം എന്റെ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചുവരികയാണ് ചെയ്തത്. സ്വന്തം നാട്ടിലും വീട്ടിലും ട്രാന്‍സ്ജെന്‍ഡര്‍ ആയി ജീവിക്കുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ആക്ടിവിസം'' -മല്ലിക നയം വ്യക്തമാക്കുന്നു).

അരുത്, ഞങ്ങളെ തെറ്റിദ്ധരിക്കരുത് 
അമൃത (ട്രാന്‍സ്ജെന്‍ഡര്‍, എറണാകുളം കളക്ട്രേറ്റില്‍ കുടുംബശ്രീയുടെ ജ്യൂസ് കിയോസ്‌ക് നടത്തുന്നു)

ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു വേണ്ടത് ഹോസ്റ്റല്‍ അല്ല. സുരക്ഷിതമായി ജീവിക്കാന്‍ സ്വന്തമായി മൂന്നു സെന്റ് സ്ഥലവും വീടും കൊടുക്കണം. അതിന് ഏറ്റവും നല്ല തെളിവാണ്, എറണാകുളത്ത് ട്രാന്‍സ്ജെന്‍ഡറുകള്‍ താമസിച്ചിരുന്ന ലോഡ്ജില്‍നിന്ന് പെണ്‍വാണിഭക്കാരെ പൊലീസ് പിടിച്ചതുകൊണ്ടാണ് ട്രാന്‍സ്ജെന്‍ഡറുകളേയും പിടിച്ചത്. താമസിക്കാന്‍ സ്വന്തമായി സൗകര്യമില്ലാതെ വരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളിലൊക്കെ ഞങ്ങള്‍ ചെന്നുപെടുകയാണ്. മറ്റൊരു അനുഭവം പറയാം: ട്രാന്‍സ്ജെന്‍ഡറുകള്‍ പിടിച്ചുപറിക്കാരാണ് എന്ന് എറണാകുളത്ത് പൊലീസ് പ്രചരിപ്പിക്കുന്നതുകൊണ്ട് ഞങ്ങളോടു സംസാരിക്കാന്‍പോലും ആളുകള്‍ക്കു മടിയാണ്. കഴിഞ്ഞ ദിവസം രാത്രി ഒരു യാത്രയ്ക്ക് ഊബര്‍ ടാക്‌സി ബുക്ക് ചെയ്തപ്പോള്‍ അവര്‍ക്ക് പേടിയാണ്, പിടിച്ചു പറിക്കുവോ എന്ന്. പൊലീസ് തെറ്റിദ്ധരിപ്പിക്കുന്നതാണ് കാരണം. ആര്‍ക്കെങ്കിലും എച്ച്.ഐ.വി കണ്ടെത്തിയാല്‍ അത് പരസ്യപ്പെടുത്താന്‍ പാടില്ല എന്നാണ്. എന്നാല്‍, ട്രാന്‍സ്ജെന്‍ഡറുകളില്‍ ആര്‍ക്കോ എച്ച്.ഐ.വി കണ്ടെത്തി എന്ന് പൊലീസ് വെളിപ്പെടുത്തി. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും എച്ച്.ഐ.വിയുണ്ടാകാം. പക്ഷേ, ആരും അറിയുന്നില്ല എന്നേയുള്ളു. പക്ഷേ, ഇതങ്ങ് കൊട്ടിഘോഷിച്ചതോടെ സമൂഹം കമ്പും വടിയുമായി ഞങ്ങളെ ആക്രമിക്കുന്നു, ചീമുട്ടയും കല്ലും എറിയുന്നു. ഞങ്ങളെ ഇങ്ങനെ ഓടിക്കാനുള്ള തന്ത്രമാണോ എന്ന് സംശയമുണ്ട്. കള്ളക്കേസുകള്‍ വേറെയും. തെറ്റുചെയ്യുന്നവരെ മാത്രം ശിക്ഷിക്കുക. ട്രാന്‍സ്ജെന്‍ഡറുകള്‍ മൊത്തം കുഴപ്പക്കാരാണ് എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഒരു വ്യക്തി തെറ്റു ചെയ്താല്‍ കൂടെയുള്ള ബാക്കിയുള്ളവരേയും കേസില്‍പ്പെടുത്തുന്നു. 
ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു വാഗ്ദാനങ്ങള്‍ ഒരുപാടു കിട്ടുന്നു. കഴിഞ്ഞ ബജറ്റിലുമുണ്ടായിരുന്നു 10 കോടി. എന്നാല്‍, വാഗ്ദാനങ്ങള്‍ മാത്രമേയുള്ളു. കഴിഞ്ഞ തവണത്തെ ബജറ്റ് വിഹിതത്തില്‍നിന്ന് ഉപയോഗിച്ച് ഒരു സ്ഥലത്തുപോലും സുരക്ഷാഭവനം ഉണ്ടാക്കിയില്ല - ലിംഗനീതി സാമൂഹിക പ്രവര്‍ത്തക ദിയ സന പറയുന്നു.. ഷെല്‍ട്ടര്‍ ഹോമെങ്കിലും ഉണ്ടെങ്കില്‍ സമാധാനത്തോടെ ഇവര്‍ക്ക് അവിടെ കഴിയാന്‍ കഴിയുമായിരുന്നു. സര്‍ക്കാര്‍ ജോലി കൊടുത്തുവെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും സര്‍ക്കാര്‍ ജോലിയല്ല കൊടുത്തത്. ദിവസക്കൂലി അടിസ്ഥാനത്തില്‍ കുടുംബശ്രീയാണ് കൊച്ചി മെട്രോയില്‍ ജോലി കൊടുത്തത്. അതുകൊണ്ട് അവരില്‍ ഭൂരിഭാഗവും അവിടെ നില്‍ക്കുന്നുമില്ല. ചെറിയ ശമ്പളമാണെങ്കില്‍പ്പോലും സര്‍ക്കാര്‍ ജോലിയാണെങ്കില്‍ അവര്‍ നിന്നേനെ. ഇപ്പോള്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേയുള്ളു. സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കുന്നു എന്നു കേട്ടപ്പോള്‍ സന്തോഷത്തോടെ പോയവരാണ്. 10-ാം ക്ലാസ്സ് വിദ്യാഭ്യാസമുള്ളവര്‍ക്ക് ഹൗസ് കീപ്പിംഗ് വിഭാഗത്തിലും പ്ലസ് ടു ഉള്ളവര്‍ക്ക് ടിക്കറ്റ് കൗണ്ടറിലും ജോലി കൊടുത്തു. എങ്കിലും എപ്പോള്‍ വേണമെങ്കിലും പറഞ്ഞുവിടാവുന്ന വിധത്തിലാണ് നിയമനം. യാതൊരു രേഖയുമില്ല. നല്ല ശമ്പളം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അതും പാലിച്ചില്ല. മെട്രോയില്‍ ജോലി കൊടുത്ത സാഹചര്യം തന്നെ സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. പിടിച്ചുപറിക്കല്‍ നടത്തിയെന്ന ആരോപണം ഉന്നയിച്ച് 11 ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ കള്ളക്കേസുണ്ടാക്കി അറസ്റ്റ് ചെയ്തിരുന്നു. അതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ അന്ന് ഒത്തുതീര്‍പ്പിന് ഞങ്ങളെ വിളിപ്പിച്ചു. തെരുവിലൊന്നും ഇനി അലയേണ്ടെന്നും ജോലി തരാമെന്നും സര്‍ക്കാര്‍ അതിന് തയ്യാറാണെന്നും അദ്ദേഹം ആ യോഗത്തില്‍ അറിയിച്ചു. ഒരുപാടുപേര്‍ അതിന് അപേക്ഷ നല്‍കാന്‍ തയ്യാറായി. എന്നാല്‍, എറണാകുളത്തുള്ളവര്‍ക്കു മാത്രമേ കൊച്ചി മെട്രോയില്‍ ജോലി കൊടുക്കാന്‍ പറ്റുകയുള്ളൂയെന്ന് പറഞ്ഞു. അങ്ങനെയാണ് 22 പേര്‍ ജോലിക്ക് കയറിയത്. കുടുംബം നോക്കുന്നവരാണ് അവരൊക്കെ. കിട്ടുന്ന ശമ്പളം കുറവായിരിക്കുകയും സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വം ഇല്ലാതിരിക്കുകയും ചെയ്തതോടെയാണ് അവരില്‍ ഭൂരിഭാഗവും ജോലി വിട്ടത്. 
സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിന്റെ രൂപീകരണം തന്നെ ഏകപക്ഷീയമായിരുന്നു. വേണ്ടത്ര കൂടിയാലോചനകളോ പ്രാതിനിധ്യമോ ഉണ്ടായില്ല. അത് സാമൂഹികനീതി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഷൈലജ ടീച്ചര്‍ പറഞ്ഞത് ഉത്തരവിറങ്ങിപ്പോയില്ലേ അവരുടെ പ്രവര്‍ത്തനം എങ്ങനെയുണ്ടെന്നു നോക്കാം എന്നാണ്. ആ ബോര്‍ഡുകൊണ്ട് ഇതുവരെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് ഒരു ഗുണവുമുണ്ടായില്ല. ബോര്‍ഡിന് ഒരു ഓഫീസ് പോലും സര്‍ക്കാര്‍ കൊടുത്തുമില്ല.


നിരപരാധികളെ ക്രൂശിക്കരുത് 
ശ്രീക്കുട്ടി (സി.ബി.ഒകളുടെ ഏകോപനസമിതിയായ സെക്ഷ്വല്‍ ആന്റ് ജെന്‍ഡര്‍ മൈനോറിറ്റീസ് ഫെഡറേഷന്‍ ഓഫ് കേരള (എസ്.ജി.എം.എഫ്.കെ) പ്രസിഡന്റ്)

ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെ അക്രമമുണ്ടായാല്‍ പൊലീസ് അത് നിസ്സാരമായി കാണുന്നു. ആക്രമിക്കുന്നവര്‍ക്ക് ശിക്ഷ കിട്ടാത്തതുകൊണ്ടാണ് വീണ്ടും വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. പൊലീസിലെത്തന്നെ ഒരു വിഭാഗത്തിന് ട്രാന്‍സ്ഫോബിയയാണ്. അതുകൊണ്ടാണ് മറ്റുള്ളവരുടെ മര്‍ദ്ദനത്തെ അവര്‍ ഗൗരവത്തില്‍ എടുക്കാത്തത്. 
രാത്രിയില്‍ ഇറങ്ങിനടക്കുന്ന ട്രാന്‍സ്ജെന്‍ഡറുകളെല്ലാം ലൈംഗികത്തൊഴിലിന് നടക്കുന്നവരാണ് എന്നാണ് പൊലീസ് കരുതുന്നത്. ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നാല്‍, ലൈംഗികത്തൊഴിലാളികള്‍ എന്ന് ചിന്തിക്കുന്നവരാണ് സമൂഹത്തിലും ഭൂരിഭാഗം. ആ മനോഭാവത്തിന് മാറ്റം വരുന്നില്ല. ഞാനൊക്കെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി ജീവിക്കുകയാണ്. നടുറോഡില്‍ വസ്ത്രം വലിച്ചുകീറുന്ന അവസ്ഥയെക്കുറിച്ച് ആലോചിക്കാന്‍ പോലും വയ്യ. വേഷംകെട്ടി നടക്കുന്നവരല്ല എല്ലാവരും. അത് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ വേണം. സ്ത്രീകളിലും പുരുഷന്മാരിലും കുഴപ്പക്കാരുള്ളതുപോലെ ട്രാന്‍സ്ജെന്‍ഡറുകളിലും കുഴപ്പക്കാരുണ്ടായിരിക്കാം. കുറ്റം ചെയ്യുന്നവരെ കണ്ടുപിടിക്കുകയും കേസെടുക്കുകയും ശിക്ഷിക്കുകയും ചെയ്‌തോളൂ. അതിന് ആരും തടസ്സം പറയുന്നില്ല. എന്നാല്‍, നിരപരാധികളെ ക്രൂശിക്കരുത്. 
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഞാന്‍ നിവേദനം നല്‍കിയിരുന്നു. കമ്മിഷന്‍ അത് സാമൂഹികനീതി മന്ത്രിക്ക് അയച്ചുകൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ 2017 ജൂലൈയ്ക്കു മുന്‍പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും എന്ന് സര്‍ക്കാരില്‍നിന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. 2018 ഫെബ്രുവരി ആയിട്ടും കിട്ടിയില്ല. വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യുന്നവരാണ്. പലപ്പോഴും അത്തരമൊരു തിരിച്ചറിയല്‍ കാര്‍ഡ് ഞങ്ങള്‍ക്ക് ഉപകരിക്കും. ഇത്തരം ചെറിയ കാര്യങ്ങള്‍പോലും നടക്കുന്നില്ല.


എല്ലാ ട്രാന്‍സ്ജെന്‍ഡറുകളും ലൈംഗികത്തൊഴിലാളികളല്ല 
നവാസ് നവ്യ(എറണാകുളത്തെ കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ (സി.ബി.ഒ) സെക്രട്ടറി. മേക്കപ്പ് ആര്‍ട്ടിസ്റ്റ്)

കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ സുരക്ഷിതരാണ് എന്ന് പറഞ്ഞ് മറ്റിടങ്ങളില്‍നിന്നുള്ള മലയാളികളായ പല ട്രാന്‍സ്ജെന്‍ഡറുകളും ഇങ്ങോട്ടു വരുന്നുണ്ട്. പക്ഷേ, പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പ്രാബല്യത്തില്‍ വരാന്‍ താമസമെടുക്കും. അതുകൊണ്ട് അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന മേഖലകളില്‍ത്തന്നെ തുടരും. അതിന്റെ അര്‍ത്ഥം എല്ലാവരും അങ്ങനെയാണ് എന്നല്ല. പക്ഷേ, മുന്‍പത്തെയത്ര ആളുകള്‍ ഇപ്പോള്‍ തെരുവില്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യവുമുണ്ട്. പല പദ്ധതികളുടെ ഭാഗമായും മറ്റും എന്തെങ്കിലുമൊക്കെ ജോലികള്‍ ചെയ്യുന്നവരാണ് കൂടുതല്‍ പേരും. മാറ്റങ്ങള്‍ പെട്ടെന്നുണ്ടാകില്ല. പക്ഷേ, അടിച്ചൊതുക്കി ഓടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. രാത്രി ഒരു സിനിമ കഴിഞ്ഞു പോയാല്‍പ്പോലും പൊലീസ് കണ്ടാല്‍ ലൈംഗികത്തൊഴിലിന് ഇറങ്ങിയവരാണെന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോകും. എന്താണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യക്തത പൊലീസിന് ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കമ്യൂണിറ്റി അധിഷ്ഠിത സംഘടനകളേയും ട്രാന്‍സ്ജെന്‍ഡറുകളേയും ശക്തിപ്പെടുത്തുന്നതിന് 2011 മുതല്‍ പെഹ്ചാന്‍ (തിരിച്ചറിവ്) എന്നു പേരുള്ള പദ്ധതി കേരളത്തിലെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കിടയില്‍ നടത്തിയിരുന്നു. ബംഗളൂരുവിലെ സന്നദ്ധസംഘടനയുടെ പദ്ധതിയായിരുന്ന പെഹ്ചാന്‍ കേരളത്തില്‍ 10 ജില്ലകളിലാണ് നടപ്പാക്കിയത്. ട്രാന്‍സ്ജെന്‍ഡറുകള്‍ സ്വന്തം സ്വത്വം വെളിപ്പെടുത്തി പുറത്തുവരാന്‍ തുടങ്ങിയത് അതോടെയാണ്. ട്രാന്‍സ്ജെന്‍ഡറുകളെ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയതും ആ പദ്ധതിയുടെ ഭാഗമായാണ്. അതിന്റെ തുടര്‍ച്ചയായിരുന്നു സാമൂഹിക നീതിവകുപ്പ് സര്‍വ്വേയ്ക്ക് സര്‍ക്കാര്‍ തയ്യാറായതും 2015-ലെ നയരൂപീകരണവും മറ്റും. 
വര്‍ഷങ്ങളായി എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ഇവിടെ ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം രേഖപ്പെടുത്തിയിരുന്നില്ല. പെഹ്ചാന്‍ പദ്ധതിയോടെയാണ് അവരും ട്രാന്‍സ്ജെന്‍ഡര്‍ സാന്നിധ്യം അംഗീകരിച്ചത്. പിന്നീട് ട്രാന്‍സ്ജെന്‍ഡറുകളുടെ പ്രശ്‌നങ്ങളും പുറത്തുവന്നു തുടങ്ങി. പല സാമൂഹിക സംവിധാനങ്ങളും ലളിതകലാ അക്കാദമി പോലുള്ളവയുമൊക്കെ ഞങ്ങളെ അംഗീകരിക്കുകയും ഞങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നു. പക്ഷേ, പൊലീസിലെ വലിയൊരു വിഭാഗത്തിന് അതു സാധിക്കുന്നില്ല. എല്ലാവരും ലൈംഗികത്തൊഴിലാളികളാണ്  എന്നു മുദ്രകുത്തി ആട്ടിയോടിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. 
ഓരോ ജില്ലയിലേയും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവിടെത്തന്നെ പുനരധിവാസ സംവിധാനങ്ങള്‍ ഉണ്ടാക്കിയാല്‍ എല്ലാവരും കൊച്ചിയിലേക്ക് വരുന്നത് ഒഴിവാക്കാന്‍ കഴിയും.


ഞങ്ങള്‍ക്കും വേണം സുരക്ഷിത ഭവനങ്ങള്‍
ശ്യാമ എസ്. പ്രഭ (ഡി.വൈ.എഫ്.ഐ പി.എം.ജി യൂണിറ്റ് സെക്രട്ടറി, ബിരുദാനന്തര ബിരുദധാരിയായ ട്രാന്‍സ്ജെന്‍ഡര്‍)

ഞങ്ങളൊക്കെ വീട്ടിനുള്ളില്‍ത്തന്നെ ഇരിക്കണം എന്നാണ് പൊതുസമൂഹം ഇപ്പോഴും കല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്കുവേണ്ടി വാദിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യേണ്ട പൊലീസ് പോലും നിങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ലെന്ന് പറയുന്ന സ്ഥിതി. കോഴിക്കോട്ടേയും വലിയതുറയിലേയുംപോലെ ഒരുപാട് സംഭവങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും നടക്കുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡറുകള്‍ ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് വന്ന ശേഷം പോലും ഇതാണ് സ്ഥിതി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി വിശേഷിപ്പിക്കപ്പെടുന്ന ആദിവാസികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും എതിരായി നടക്കുന്ന ആക്രമണങ്ങള്‍ പോലെ ഞങ്ങളും ആക്രമിക്കപ്പെടുന്നു. നമുക്കൊരു ട്രാന്‍സ്ജെന്‍ഡര്‍ നയമുണ്ട് എന്നത് അറിയേണ്ടവരില്‍ പലര്‍ക്കും പോലും അറിയില്ല. 
ഞങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും എന്ന് വലിയതുറ സംഭവം ഉണ്ടായപ്പോള്‍ സാമൂഹികനീതി മന്ത്രി ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ, മുന്‍പ് നടന്ന പല സംഭവങ്ങളിലും പരാതി കൊടുത്തിട്ട് ഇപ്പോഴും നടപടിയുണ്ടാകാത്ത സ്ഥിതിയുണ്ട്. വലിയതുറയില്‍ മര്‍ദ്ദനമേറ്റ ചന്ദന വേഷംകെട്ടി നടന്നതല്ല. ട്രാന്‍സ്ജെന്‍ഡറാണ്. തല്ലുമ്പോള്‍ അത് വിളിച്ചുപറയുന്നുമുണ്ടായിരുന്നു. എന്നിട്ടും തല്ലി. അതായത് ട്രാന്‍സ്ജെന്‍ഡറായതുകൊണ്ടാണ്  തല്ലിയത്. 
(ഒന്‍പത് ട്രാന്‍സ്ജെന്‍ഡറുകള്‍ കൂടി ഉള്‍പ്പെട്ട ഡി.വൈ.എഫ്.ഐ പി.എം.ജി യൂണിറ്റിന്റെ പ്രസിഡന്റും സൂര്യ അഭിലാഷ് എന്ന ട്രാന്‍സ്ജെന്‍ഡര്‍ തന്നെ).


നീതികേടിന്റെ ചില പൊതുവിവരങ്ങള്‍ 

തിരുവനന്തപുരത്ത് കാര്‍ത്തിക, വിനീത എന്നിവര്‍ മേക്കപ്പ് ജോലി കഴിഞ്ഞ് തിരിച്ചു സ്‌കൂട്ടറില്‍ വരുമ്പോള്‍ മറ്റൊരു സ്‌കൂട്ടറില്‍ വന്ന രണ്ടുപേര്‍ ആക്രമിച്ച സംഭവം മാസങ്ങള്‍ക്കു മുന്‍പായിരുന്നു. നീയൊക്കെ എന്തിനാ ഇങ്ങനെ രണ്ടുംകെട്ട് നടക്കുന്നത് എന്നു ചോദിച്ചായിരുന്നു അടിയും അധിക്ഷേപവും. പൊലീസിന് പരാതി കൊടുത്തു. ഒന്നുമുണ്ടായില്ല. 
തിരുവനന്തപുരത്ത് പലപ്പോഴും നടന്നുപോകുന്ന ട്രാന്‍സ്ജെന്‍ഡറുകളെ ബൈക്കില്‍ പോകുന്നവര്‍ കല്ലെറിഞ്ഞ സംഭവങ്ങളുണ്ട്. സ്റ്റേഷനില്‍പ്പോയി വണ്ടിയുടെ നമ്പര്‍ ഉള്‍പ്പെടെ പൊലീസിന് വിവരം കൊടുത്തിട്ടും നടപടി ഉണ്ടായിട്ടില്ല.
ഇത്രകാലവും പരസ്യമായി ഇറങ്ങി ജീവിക്കാതിരുന്ന ഒരു സമൂഹം പെട്ടെന്ന് സമൂഹത്തിന്റെ ഭാഗമായി മാറാന്‍ ശ്രമിക്കുന്നതിനെ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല. മുന്‍പും ട്രാന്‍സ്ജെന്‍ഡറുകള്‍ ഇവിടെയുണ്ടായിരുന്നു. പക്ഷേ, അവര്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തി മുന്നിലേക്കു വന്നിരുന്നില്ല. വന്നപ്പോള്‍ പൊലീസിനാണ് അവരുടെ പരസ്യജീവിതത്തില്‍ ഏറ്റവും അസഹിഷ്ണുത. ട്രാന്‍സ്ജെന്‍ഡറുകള്‍ ഏറ്റവുമധികം ആക്രമണം നേരിടേണ്ടി വരുന്നത് പൊലീസില്‍നിന്നാണ് എന്ന് ട്രാന്‍സ്ജെന്‍ഡര്‍ നയം തയ്യാറാക്കുന്നതിന് മുന്നോടിയായി നടത്തിയ സര്‍വ്വേയില്‍ വ്യക്തമായിരുന്നു. 
പല സംഭവങ്ങളും പുറത്തു വരുന്നില്ല. മലപ്പുറത്ത് സമീപകാലത്ത് സംഘം ചേര്‍ന്ന് ആക്രമണമുണ്ടായി. ആണുങ്ങളുടെ വില കളയാന്‍ വേഷംകെട്ടി നടക്കുന്ന നിനക്കൊന്നും നാണമില്ലേ എന്നു ചോദിച്ചുകൊണ്ട് വസ്ത്രം വലിച്ചുകീറുകയായിരുന്നു. അവിടെ പൊലീസാണ് രക്ഷിച്ച് വേറെ വസ്ത്രം വാങ്ങിക്കൊടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ, ആര്‍ക്കെതിരേയും ഒരു നടപടിയും ഉണ്ടായില്ല. 
ട്രാന്‍സ്ജെന്‍ഡറുകളെ പ്രതിയാക്കിയ കേസുകള്‍, പ്രത്യേകിച്ചും കൂടുതല്‍ ശിക്ഷ കിട്ടുന്ന വകുപ്പുകള്‍ ഉപയോഗിച്ചള്ള കേസുകള്‍ ഏറ്റവുമധികം എറണാകുളം നോര്‍ത്ത്, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ്. സെന്‍ട്രല്‍ സ്റ്റേഷനില്‍ മൂന്നു കേസുകളാണുള്ളത്. ട്രാന്‍സ്ജെന്‍ഡറുകള്‍ ഏറ്റവുമധികം പുറത്തിറങ്ങി ജീവിക്കുന്ന സ്ഥലമാണ് ഇവിടം എന്നതും ഇതിനു കാരണമാണ്. മറ്റു പലയിടത്തുമുള്ളവര്‍ സ്വന്തം നാട്ടില്‍ ജീവിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഇവിടെ വന്ന് ജോലിചെയ്തു ജീവിക്കുന്നു എന്നതും ഇവരുടെ എണ്ണം കൂടാന്‍ കാരണമാണ്.
ട്രാന്‍സ്ജെന്‍ഡറുകള്‍ പ്രശ്‌നമുണ്ടാക്കുന്ന ആളുകളാണ് എന്ന മുന്‍വിധിയോടെയാണ് ഏതു വിഷയത്തിലും പൊലീസിലേയും സമൂഹത്തിലേയും കുറേയാളുകള്‍ പ്രതികരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com