മുസ്ലിം വ്യവഹാരങ്ങളിലെ മൂന്നാമത്തെ അക്ബര്‍; ഡോ.ടി.കെ ജാബിര്‍ എഴുതുന്നു

എം.എം. അക്ബറിന്റെ പീസ് സ്‌കൂളുകളില്‍ അധ്യാപകരായും വിദ്യാര്‍ത്ഥികളായും മുസ്ലിം ഇതര മതങ്ങളിലെ ആളുകളുമുണ്ട് എന്നത് വാസ്തവം തന്നെ. പക്ഷേ, സാമ്പ്രദായിക മതാധിഷ്ഠിത സിലബസ്സുകളാലുള്ള കരിക്കുലമാണ് ഉള്ളത്. 
മുസ്ലിം വ്യവഹാരങ്ങളിലെ മൂന്നാമത്തെ അക്ബര്‍; ഡോ.ടി.കെ ജാബിര്‍ എഴുതുന്നു

നിലവിലുള്ള മുസ്ലിം പ്രതിസന്ധികളെ വക്കം മൗലവി ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരുടെ ആശയ പരിഷ്‌ക്കരണ-നവീകരണ ചിന്തയിലൂടെ തിരുത്തിയെടുക്കാന്‍ എം.എം. അക്ബര്‍ ഉള്‍പ്പെടെയുള്ള മുസ്ലിം പണ്ഡിതര്‍ എത്രത്തോളം ശ്രമിക്കുന്നുവോ അതിനെ ആശ്രയിച്ചായിരിക്കും മുസ്ലിം സമൂഹത്തിന്റെ ഭാവി
 

ബുല്‍ ഫത്ത് ജലാലുദ്ദീന്‍ മുഹമ്മദ് അക്ബര്‍, മുബഷര്‍ ജാവേദ് അക്ബര്‍, മേലേ വീട്ടില്‍ മുഹമ്മദ് അക്ബര്‍-ഇന്ത്യന്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും ചര്‍ച്ചയായ അക്ബര്‍മാരാണിവര്‍. അഥവാ അക്ബര്‍ ചക്രവര്‍ത്തി, എം.ജെ. അക്ബര്‍, എം.എം. അക്ബര്‍. ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവുമധികം പ്രശംസിക്കപ്പെട്ട ഭരണാധികാരികളില്‍ ഒരാളാണ് അക്ബര്‍ ചക്രവര്‍ത്തി. മതപരമായ  ഏറെ സങ്കീര്‍ണ്ണതയുള്ള ഇന്ത്യന്‍ സാമൂഹ്യ-സാംസ്‌കാരിക വ്യവസ്ഥയെ ക്രമസമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ദീര്‍ഘകാലം ഭരണ നടത്തുകയുണ്ടായി അദ്ദേഹം. ഇന്ത്യയിലെ ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തിന് വേണ്ടത്ര സുരക്ഷിതത്വം ലഭിക്കുന്നതിനുവേണ്ടി  'ജിസ്യ' എന്ന നികുതി സമ്പ്രദായം ഒഴിവാക്കുകയുണ്ടായി. സാഹിത്യത്തേയും കലകളേയും പ്രോല്‍സാഹിപ്പിക്കുകയുണ്ടായി. 1582-ല്‍ അദ്ദേഹം 'ദിന്‍ ഇലാഹി' എന്ന ആശയസംഹിത രൂപീകരിച്ചു. ദിന്‍ ഇലാഹി താമസിയാതെ ഇല്ലാതായി എങ്കിലും മധ്യകാലഘട്ടത്തില്‍ ഇന്ത്യയില്‍ മതസഹിഷ്ണുതയും സഹവര്‍ത്തിത്വവും സാധ്യമാക്കി എന്നതിനാല്‍ അക്ബര്‍ ചരിതം അവിസ്മരണീയമാണ്.

എം.ജെ. അക്ബര്‍, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഔദ്യോഗിക വക്താവും മുന്‍ കോണ്‍ഗ്രസ്സ് എം.പിയും ഇന്ത്യ-പാകിസ്താന്‍ രാഷ്ട്രീയത്തിലെ പണ്ഡിതനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. 2014-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു, താമസിയാതെ എം.പിയായി, മന്ത്രിയുമായി. അതുവരെ പതിറ്റാണ്ടുകളോളം ജനാധിപത്യത്തിനും ആധുനിക മാനവികതയ്ക്കും വേണ്ടി നിലകൊണ്ടിരുന്ന അക്ബറിന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി മാറിയ് ജനാധിപത്യത്തിനും ആധുനിക-മാനവികതയ്ക്കും വേണ്ടി നിലകൊണ്ടിരുന്ന അക്ബറിര്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായി മാറിയത് ജനാധിപത്യ വിശ്വാസികളെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 2014 മുതല്‍ ഇന്ത്യയില്‍ എഴുത്തുകാര്‍ക്കെതിരെയും സിനിമാതാരങ്ങള്‍ക്കെതിരെയും സിവിലിയന്മാര്‍ക്കെതിരെയും നിരന്തരം ആക്രമണങ്ങളും ഭീഷണികളും നടന്നുകൊണ്ടേയിരിക്കുന്നു. ഉന്നത സാമ്പത്തിക-സാമുദായിക വിദഗ്ദ്ധനായ അമര്‍ത്യാസെന്‍ വരെ ഇതില്‍ പ്രതിഷേധിച്ചു. ഉന്നത സാമൂഹ്യ പാണ്ഡിത്യമുള്ള എം.ജെ. അക്ബര്‍ ഇക്കാലത്ത് എന്തുകൊണ്ട് നിശ്ശബ്ദനായി എന്നുള്ളത് ഒരു ചോദ്യമാണ്.

മുംബൈയിലെ വിവാദ മതപ്രഭാഷകന്‍ ഡോ. സാകിര്‍ നായിക്കിനുശേഷം കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രഭാഷകനാണ് എം.എം. അക്ബര്‍. കേരള മുസ്ലിങ്ങളില്‍ നിലവിലെ സാമ്പ്രദായിക-ആധുനിക മതപഠനത്തില്‍ ഏറ്റവും പാണ്ഡിത്യമുള്ള വ്യക്തികളില്‍ ഒരാളാണ് അക്ബര്‍. ഖുര്‍ആന്‍, ബൈബിള്‍, വേദങ്ങള്‍ തുടങ്ങിയവയിലെ താരതമ്യ പ്രഭാഷണങ്ങളില്‍ ശ്രദ്ധേയനാണ്. കൊച്ചിയിലെ നീഷ് ഓഫ് ട്രൂത്ത് എന്ന മിഷനറി സംഘടനയുടെ ഡയറക്ടറും പീസ് സ്‌കൂളുകളുടെ എം.ഡിയുമായ അദ്ദേഹം ഇപ്പോള്‍ ഖത്തറിലാണ് താമസം. ഈ ജനുവരി ആദ്യവാരം കൊച്ചിയിലെ പീസ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. കേരളത്തില്‍നിന്ന് അഫ്ഗാന്‍-സിറിയയിലേക്ക് നാടുവിട്ട ഇരുപത്തൊന്ന് പേരില്‍ ചിലര്‍ ഈ സ്‌കൂളില്‍ ജോലി ചെയ്തിരുന്നവരായിരുന്നെന്നതും വിവാദമായ രണ്ടാം ക്ലാസ്സിലെ പാഠഭാഗം ഒഴവാക്കിയിരുന്നതും സ്‌കൂള്‍ അധികൃതര്‍ ജനുവരി 10-ന് പ്രസിദ്ധീകരിച്ച വീഡിയോയില്‍ അംഗീകരിക്കുന്നുണ്ട്. അക്ബറിന്റേയും കേരള മുസ്ലിം പൊതുചിന്താധാരയെയുമാണ് ഇവിടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്.

കേരളത്തിലെ ഇസ്ലാമില്‍ വിവിധ ചിന്താധാരകളുണ്ട്. അനുഷ്ഠാന-കര്‍മ്മശാസ്ത്രപരമായ ഷാഫി-ഹനഫി എന്നിവ കൂടാതെയാണത്. ഇവിടെ എം.എം. അക്ബര്‍ കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പണ്ഡിതനാണ്. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ബൗദ്ധികമായും ആശയപരമായും ദരിദ്രമാണ്. യഥാര്‍ത്ഥത്തില്‍ കേരള മുസ്ലിം നവോത്ഥാനം 1932-ല്‍ വക്കം മൗലവിയുടെ വേര്‍പാടോടെ ക്ഷയിക്കുകയാണ് ഉണ്ടായത്. ആധുനികതയ്‌ക്കൊപ്പം മുസ്ലിം സമൂഹത്തെ കൈപിടിച്ചു ഉയര്‍ത്താന്‍ ശ്രമിച്ച സര്‍ സയ്യിദ് അഹ്മദ് ഖാന്‍, സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ എന്നിവരുടെ ചിന്താധാരയാണ് വക്കം മൗലവിക്ക് ഉണ്ടായിരുന്നത്. പക്ഷേ, വക്കം മൗലവിക്കുശേഷം ഇസ്ലാമിനെ ആധുനികവല്‍ക്കരിക്കുന്നതിനു പകരം ആധുനികതയെ ഇസ്ലാമികവല്‍ക്കരിക്കുന്ന ചിന്താധാര മേധാവിത്വം നേടി. സാമ്പത്തിക-ഭൗതിക വിഭവങ്ങളും മറ്റും അതിന് കാരണമായിട്ടുണ്ട്.

മുസ്ലിം സമൂഹം ലോകത്ത് പൊതുവിലെന്നപോലെ കേരളത്തിലും ഇന്ത്യയിലും ജനസംഖ്യയില്‍ രണ്ടാമതാണെങ്കിലും അവരുടെ പിന്നാക്കാവസ്ഥയും അരക്ഷിതാവസ്ഥയും അതിനാലുള്ള പ്രതിസന്ധികളും യാഥാര്‍ത്ഥ്യമാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പാശ്ചാത്യര്‍ക്ക്/ഓറിയന്റലിസ്റ്റുകള്‍ക്ക്/ഹിന്ദുത്വവാദികള്‍ക്ക് എന്ന ഒരു  ചിന്തയാണ് പൊതുവില്‍ മുസ്ലിം മതനേതൃത്വത്തിനുള്ളത്. 
നവോത്ഥാന നായകരായ മക്തി തങ്ങളുടേയും വക്കം മൗലവിയുടേയും ആശയങ്ങള്‍, ലക്ഷ്യങ്ങള്‍, രീതിശാസ്ത്രങ്ങള്‍ തിരിച്ചറിയാനാകാത്തതിനാല്‍ സംഭവിക്കുന്നതാണ് അത്. മുജാഹിദ് സംഘടനയുടെ ഭാഗമായുള്ള ഐ.എസ്.എമ്മിന്റെ ഭാഗത്ത് നിന്നാണ് അടുത്ത കാലത്ത് വിപ്ലവകരമായ ഒരു പ്രഖ്യാപനം നടന്നത്. ജനുവരി 2016-ല്‍ നടത്തിയ കൂട്ട നേത്രദാന പ്രഖ്യാപനമായിരുന്നു അത്. പക്ഷേ, കേരളത്തില്‍ വാര്‍ത്താ-സംവാദമായി അത് മാറിയില്ല. അത് ഒറ്റപ്പെട്ട ഒരു സംഭവമായിത്തന്നെ നിലനില്‍ക്കുന്നു.

എം.എം. അക്ബര്‍ അറിയപ്പെടുന്ന പണ്ഡിതനാണെങ്കിലും മുസ്ലിം നവോത്ഥാനത്തിനാവശ്യമായ നവീന ആശയങ്ങള്‍ പകര്‍ന്ന് നല്‍കുന്നതായി കണ്ടിട്ടില്ല. സാമ്പ്രദായിക ഇസ്ലാമിക പണ്ഡിതരുടെ ചട്ടക്കൂടുകള്‍ക്ക് പുറത്ത് കടക്കാന്‍ നവോത്ഥാന പ്രസ്ഥാന പിന്മുറക്കാരനായിരുന്നിട്ട്  പോലും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ മതഗ്രന്ഥങ്ങളുടെ താരതമ്യ പ്രഭാഷണങ്ങളിലൂടെ അതിലെ ശരിതെറ്റുകള്‍ പൊതുവേദികളില്‍ വിളിച്ച് പറയുന്ന അക്ബറിന്റെ ജഡീകൃത രീതികള്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന് മനസ്സിലാക്കാം.

മുസ്ലിം പ്രതിസന്ധികളുടെ പരിഹാരത്തിന് നിത്യവുമുള്ള മത അനുഷ്ഠാനങ്ങളിലൂടെയും കര്‍മ്മങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും മാത്രം മതധര്‍മ്മം നിറവേറ്റപ്പെടുമെന്നാണ്  അക്ബറിന്റേയും കാഴ്ചപ്പാട്. ഇതാണ് സാമ്പ്രദായിക മുസ്ലിം രീതി. ഇവിടെ വക്കം മൗലവി എഴുതിയിട്ടുള്ള 'ഇസ്ലാം മത നവീകരണം', 'മത പരിഷ്‌ക്കരണം', 'വ്യവസ്ഥിതികളും മതങ്ങളും ഭാഷകളും എങ്ങനെ മാറുന്നു' എന്നീ സാമൂഹ്യ വിപ്ലവകരമായ ആശയങ്ങള്‍ അക്ബറിനും കേരള മുസ്ലിങ്ങള്‍ക്കും അന്യമാണ്, വക്കം മൗലവിയുടെ പിന്മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ക്ക് പോലും. 'മതനവീകരണ'മെന്നാല്‍ 'മത ശുദ്ധീകരണം' എന്നും ഏഴാം നൂറ്റാണ്ടിലെ ജീവിതരീതികളിലേക്ക് തിരിച്ചു പോകുക എന്നും ആണ് അവര്‍ വിശ്വസിക്കുന്ന പരിഷ്‌ക്കരണം. കേരള മുസ്ലിം സാംസ്‌കാരിക രൂപങ്ങളായ മാപ്പിളപ്പാട്ട്, കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, മാല-മൗലിദുകള്‍, നബിദിനാഘോഷ പരിപാടികള്‍ എന്നിവ കര്‍ശനമായി റദ്ദു ചെയ്യുമ്പോള്‍ സംഭവിക്കുന്നത് തീവ്രമായ സാംസ്‌ക്കാരിക ശൂന്യതയാണ്. സാംസ്‌ക്കാരിക രൂപങ്ങളുടെ സമ്പ്രദായമില്ലാതെ, വിനിയോഗമില്ലാതെ മുസ്ലിം സമൂഹമെന്നല്ല ഒരു സമൂഹത്തിനും പരിഷ്‌കൃതലോകത്ത് ജീവിതം സാധ്യമല്ല. യെമനിലേക്കും അഫ്ഗാന്‍-സിറിയയിലേക്കും പോകേണ്ടിവരുന്നത്  അത്തരം  സാംസ്‌കാരിക  ശൂന്യതയിലാണ്. സാംസ്‌കാരിക രൂപങ്ങളും കലയും സാഹിത്യ ഇസ്ലാമോ മറ്റ് സെമിറ്റിക് മതങ്ങളോ നിര്‍ദ്ദേശിക്കുന്നില്ല, തള്ളിക്കളയുന്നുമില്ല. പക്ഷേ, അവ 

സ്വാഭാവികമായും അവരുടെ ഇടയിലുണ്ട്, അത് വിവിധ രൂപത്തിലാണ് എന്നത് വേറെ കാര്യം. നീതി, സമത്വം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ ഇസ്ലാമിന്റെ ആന്തരിക സത്തയാണ്. അതിന്റെ വികസനക്ഷമത അഭ്യസിക്കപ്പെടാത്തതാണ്  നിലവിലുള്ള മുസ്ലിം പ്രശ്‌നം/പ്രതിസന്ധിയുടെ മൂലകാരണം. കൂടാതെ ആരാധന-അനുഷ്ഠാനങ്ങളിലൂടെ മാത്രം എല്ലാവിധ പ്രതിസന്ധികളും തരണം ചെയ്യാമെന്ന വിശ്വാസം മുസ്ലിങ്ങളില്‍ പ്രബലമാണ്. ''ഒരു സമുദായക്കാര്‍ അവരുടെ സ്വന്തം നിലകളെ ഭേദിപ്പിക്കുമ്പോഴല്ലാതെ അവരുടെ സമുദായസ്ഥിതി ദൈവം ഭേദിപ്പിക്കുകയില്ല'' എന്ന് ഖുര്‍ആന്‍ വാക്യത്തെ ഉദ്ധരിച്ച് വക്കം മൗലവി എഴുതുന്നു. മലയാളത്തിലെ സുപ്രസിദ്ധ കഥാകാരന്‍ ഉറൂബിന്റെ 'പടച്ചോന്റെ ചോറ്' എന്ന ചെറുകഥയുടെ സന്ദേശം ഇതുതന്നെയാണ്.

ആധുനികതയുമായി, അഥവാ മാറിമാറി വരുന്ന പരിതസ്ഥിതികളുമായി ഓരോ സമൂഹവും മാറ്റങ്ങള്‍ക്ക് സാമൂഹ്യമായും ബൗദ്ധികമായും വിധേയമാകുകയാണ്  വേണ്ടത്. എം.എം. അക്ബറിനെപ്പോലുള്ള വലിയ ജനസമൂഹം ശ്രോതാക്കളായുള്ള പണ്ഡിതര്‍ ഇത് തിരിച്ചറിയണം. ഓറിയന്റലിസ്റ്റ്/പാശ്ചാത്യ/സവര്‍ണ്ണ ഹൈന്ദവ ബോധം മുസ്ലിങ്ങളെ പൊതു സമൂഹത്തിനിടയില്‍ വിവിധ രീതിയില്‍ മാധ്യമങ്ങളിലൂടെയും ചരിത്രരചനയിലൂടെയും ഏറെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്നത് വസ്തുതയാണ്. ഇസ്ലാമോഫോബിയ വളരുകയും ചെയ്യുന്നുണ്ട്. പക്ഷേ, എന്തുകൊണ്ട് ലോകത്തെ തന്നെ ജനസംഖ്യയില്‍ രണ്ടാമതായ മുസ്ലിം സമൂഹം ഇത്രമാത്രം കുറ്റാരോപണങ്ങള്‍ക്ക് വിധേയരാകുന്നു എന്ന് വക്കം മൗലവി ചിന്തിക്കുന്നത് കാണുക: ''ഇസ്ലാം എന്നതുകൊണ്ട് ഇവര്‍ (വിമര്‍ശകര്‍) ഇന്ന് ബഹുജനങ്ങള്‍ (മുസ്ലിം സമൂഹം) അനുഷ്ഠിച്ചു വരുന്ന ഈ കാടുപിടിച്ച മതത്തെയാണെങ്കില്‍ ആ കാര്യം വാസ്തവമാണ് എന്ന് സമ്മതിക്കാതെ വയ്യ.''

പാകിസ്താനിലും ഈജിപ്തിലും മസ്ജിദുകളിലും ചര്‍ച്ചുകളിലും നിരന്തരമായ സ്‌ഫോടനങ്ങളിലൂടെയുള്ള കൊലപാതകങ്ങള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നവര്‍ ഇസ്ലാമിനെ ഭയക്കാതിരിക്കുന്നതെങ്ങനെ എന്നതാണ് ചോദ്യം. ഇസ്ലാമിലുള്ള ആത്മപരിശോധനയും സ്വയം വിമര്‍ശനവും തിരുത്തുലുകളും പരിഷ്‌ക്കരണങ്ങളുമില്ലാതെ മുസ്ലിം സമൂഹത്തിന് ലോകത്ത് അതിജീവിക്കാനാവില്ല. അല്ലാത്തവ പരിഷ്‌കൃത ലോകത്തുനിന്ന് സ്വയം പുറന്തള്ളപ്പെടുമെന്ന് വക്കം മൗലവി എഴുതിയിട്ടുണ്ട്.
പാശ്ചാത്യ (ഫ്രെഞ്ച്) തത്ത്വചിന്തയുടെ ബഹുസ്വരതയുടെ ഒരു ഭാഗവും മുന്‍നിര വിമര്‍ശന തത്ത്വചിന്തയുമായ ഉത്തരാധുനികതയുടെ വിവിധ സാങ്കേതികപദങ്ങള്‍ ബോധപൂര്‍വ്വമോ അല്ലാതെയോ മുസ്ലിം പഠനങ്ങളില്‍ ഉപയോഗിക്കുന്ന ദക്ഷിണാഫ്രിക്കയില്‍ ഗവേഷണം ചെയ്യുന്ന കെ. അശ്‌റഫ് എന്ന മലയാളി ഗവേഷകരുള്‍പ്പെടെയുള്ളവര്‍ ചെയ്യുന്നത് ഇസ്ലാമിനെ ആധുനികവല്‍ക്കരിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് സ്വയം റദ്ദാക്കപ്പെടുകയാണ്. അതാണ് തലാല്‍ അസദ് എന്ന് അമേരിക്കന്‍ ആന്ത്രോപോളജിസ്റ്റിന്റേതും സമാനവുമായ പോസ്റ്റ് സെക്കുലറിസ്റ്റ് (മതേതരാനന്തര) വിമര്‍ശന പഠനങ്ങള്‍ അക്കാദമികേതര ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

എം.എം. അക്ബര്‍ ഉള്‍പ്പെടെയുള്ള മുജാഹിദ് വിഭാഗത്തിന്റെ സമ്മേളനത്തില്‍ സെമിനാറിന്റെ നവോത്ഥാന സെഷനില്‍ വക്കം മൗലവിയെക്കുറിച്ചുള്ള വിഷയാവതരണം സ്വാഭാവികമായും ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട് നിഷേധിക്കപ്പെട്ടു എന്നത് പ്രശ്‌ന/പ്രതിസന്ധികള്‍ക്ക് പ്രതിവിധി കണ്ടെത്തേണ്ടത് ആവശ്യമില്ല എന്നതും കൂടിയാണ് തോന്നിപ്പിക്കുന്നത്. ഇത് ഒരു ദുരവസ്ഥയാണ്.
9-ാം നൂറ്റാണ്ടുകളിലെ ലോകത്ത് തന്നെ ഏറ്റവും ഉന്നതമായ സംസ്‌ക്കാരങ്ങളായിരുന്ന അബ്ബാസിയ-ആന്തലുസിയ (ഇറാഖ്-സ്‌പെയിന്‍) എന്നിവയുടെ മഹത്വങ്ങളെക്കുറിച്ച് കാലങ്ങളായി മുസ്ലിം പണ്ഡിതര്‍ (വക്കം മൗലവി ഉള്‍പ്പെടെ) പ്രഭാഷണങ്ങളില്‍ എടുത്ത് ഉദാഹരണങ്ങളായി ഉദ്ധരിക്കുന്നു. പക്ഷേ, എന്തുകൊണ്ട് അക്കാലത്ത് അവ സാധ്യമായി എന്നത് വക്കം മൗലവി ഒഴികെയുള്ള പണ്ഡിതര്‍ പൊതുവില്‍ പറയാറില്ല. ഇസ്ലാം മറ്റു മത ആശയസംഹിതകളുമായി നിരന്തരമായ സംവാദത്തിലും സമ്പര്‍ക്കത്തിലുമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. ഇസ്ലാം പരിവര്‍ത്തനത്തിന്  നിര്‍ദ്ദേശവും സ്വാതന്ത്ര്യവും സ്വയം ആവശ്യപ്പെടുന്നുണ്ട് എന്നതാണ് വസ്തുത.

ഉന്നതരായ പണ്ഡിതര്‍ക്കും യോഗ്യതയുള്ള ബുദ്ധിജീവികള്‍ക്കും മതത്തെ കാലഘട്ടത്തിനനുസൃതമായി വ്യാഖ്യാനിച്ച് സമൂഹത്തെ നയിക്കാന്‍ കഴിയണമെന്നാണ് ഇജ്തിഹാദ് എന്ന സ്വതന്ത്രാവിഷ്‌ക്കാര പദ്ധതിയെക്കുറിച്ച് വക്കം മൗലവി പറയുന്നത്. ഇജ്തിഹാദിന്റെ പ്രവര്‍ത്തനം ഓരോ കാലഘട്ടത്തിലും അഭിമുഖീകരിക്കുന്ന സമസ്യകളെ സ്വാതന്ത്ര്യബുദ്ധിയോടെ നിര്‍ദ്ധാരണം ചെയ്ത് പ്രതിവിധി കണ്ടെത്തുക എന്നതാണ് അനിവാര്യമായ സംഗതിയായി വക്കം മൗലവി പറയുന്നത്.

ഇസ്ലാമിന്റെ ഗ്രന്ഥങ്ങളില്‍ അക്രമാത്മക ജിഹാദി ആശയങ്ങള്‍ ഉണ്ടെങ്കില്‍ അവ യഥാവിധി തിരുത്തി ആധുനിക ദേശരാഷ്ട്രത്തില്‍ ജീവിക്കാനുതകുന്ന ആശയങ്ങളാണ് ഉരുത്തിരിയേണ്ടത്. മുസ്ലിം രാഷ്ട്രങ്ങളിലെ നിരന്തര സ്‌ഫോടനങ്ങളുടേയും ആക്രമണങ്ങളുടേയും ഉത്തരവാദിത്വം സാമ്രാജ്യത്വ-മുതലാളിത്ത സഖ്യത്തിന്റെ കേവല ഗൂഢാലോചനയായി മാത്രം ചുരുക്കുന്നത് അര്‍ത്ഥശൂന്യമാണ്. പര്‍വേസ് മുഷറഫും ബിന്‍ലാദനും സൗദി രാജകുടുംബവും സദ്ദാം ഹുസൈനും ഹോസ്‌നി മുബാറക്കും തുടങ്ങി മിക്കവരും മുസ്ലിം രാഷ്ട്രനേതാക്കള്‍ പ്രസ്തുത സാമ്രാജ്യത്വ ഗൂഢാലോചനയുടെ പങ്കാളിത്തം സമയാസമയങ്ങളില്‍ വഹിച്ചിട്ടുണ്ട് എന്നത് ഗൂഢാലോചനാ സിദ്ധാന്തം ചമയ്ക്കുന്നവര്‍ മനസ്സിലാക്കേണ്ടതുണ്ട്.

എം.എം. അക്ബറിന്റെ പീസ് സ്‌കൂളുകളില്‍ അധ്യാപകരായും വിദ്യാര്‍ത്ഥികളായും മുസ്ലിം ഇതര മതങ്ങളിലെ ആളുകളുമുണ്ട് എന്നത് വാസ്തവം തന്നെ. പക്ഷേ, സാമ്പ്രദായിക മതാധിഷ്ഠിത സിലബസ്സുകളാലുള്ള കരിക്കുലമാണ് ഉള്ളത്. അതാണ് ഒരു പാഠഭാഗം ഒഴിവാക്കേണ്ടി വന്നത്. ഇന്ത്യ ഒരു ബഹുമത സംസ്‌കൃതിയാണ്. എല്ലാ മതവിഭാഗങ്ങളും അവരവരുടെ സ്‌കൂളുകളില്‍ സ്വന്തം മതാധിഷ്ഠിത സിലബസ്സിലേക്ക്  പൊതുവിദ്യാഭ്യാസത്തെ ചുരുക്കുമ്പോള്‍ സംഭവിക്കുന്നത് വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യ ധ്രുവീകരണമാണ്. ഇത്തരം സ്‌കൂളുകളില്‍ പഠിച്ചിറങ്ങിയ ശേഷം ഓരോ മതവിഭാഗത്തിലെ കുട്ടികള്‍ പൗരന്മാരായി കഴിയുമ്പോള്‍ എങ്ങനെയാണ് പെരുമാറുക എന്നത് പ്രവചനാതീതമായിരിക്കും. മാനസികമായ അകല്‍ച്ചയും അവിശ്വാസവും അവരില്‍ സ്വാഭാവികമായുമുണ്ടാകും. അത് വിഭാഗീയതയ്ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകാം. പീസ് സ്‌കൂളുകള്‍ മാത്രമല്ല, മതാധിഷ്ഠിത സിലബസ്സുള്ള സകല സ്‌കൂളുകളേയും സര്‍ക്കാര്‍ നിയന്ത്രിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസം മതേതര പൊതുസ്ഥാപനങ്ങളില്‍നിന്നാണ് ലഭിക്കേണ്ടത്.

മതേതര പൊതുവിദ്യാഭ്യാസത്തില്‍ നിന്നാണ് എല്ലാ ആധുനിക വിജ്ഞാന ശാഖകളുമുണ്ടാകുന്നത്. ഒരു മതാധിഷ്ഠിത ഭരണകൂടത്തിന് കീഴിലും നവീന വിജ്ഞാനം ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിലെ മുസ്ലിം പഠനങ്ങളില്‍ ആധുനികതയ്‌ക്കെതിരില്‍ ഉത്തരാധുനിക തത്ത്വചിന്തയുടെ സഹായത്തോടെ നടത്തുന്ന വിമര്‍ശന പദ്ധതികളും ആധുനിക പാശ്ചാത്യലോകത്ത് രൂപം കൊണ്ടതാണ് എന്ന തിരിച്ചറിവുണ്ടാകേണ്ടത് പ്രധാനമാണ്. മുസ്ലിം പഠനവ്യവഹാരങ്ങളില്‍ അനിയന്ത്രിതമായി ബോധപൂര്‍വ്വമോ അല്ലാതെയോ ഉത്തരാധുനിക സങ്കേതങ്ങള്‍ സ്വീകരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കടുത്ത പിന്നോക്കാവസ്ഥയിലുള്ള ഈ സമൂഹത്തെ അതില്‍ തളച്ചിടുവാനാണ് പരിശ്രമിക്കുന്നത് എന്നും തിരിച്ചറിയേണ്ടതാണ്. തലാല്‍ അസദ് പോലുള്ള പാശ്ചാത്യ ലോകത്തെ മതേതരത്വത്തിന്റെ വിമര്‍ശകര്‍ മതരാഷ്ട്രീയത്തെ മതേതര രാഷ്ട്രീയത്തിനു പകരം വയ്ക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ ചില മുസ്ലിം ഗവേഷകരുടെ സംവാദങ്ങള്‍ കേരളത്തില്‍ നടക്കുന്നത് അസദിന്റെ ചിന്താപദ്ധതിയെക്കുറിച്ചുള്ള അജ്ഞതയോ തെറ്റിദ്ധാരണയോ മൂലമാണ്.

കോളനിയനന്തര പഠനങ്ങളുടെ പ്രധാനിയായി അസദിനെ അവതരിപ്പിക്കുമ്പോള്‍ അസദിന്റെ എഴുത്തുകളിലുള്ള കൊളോണിയല്‍/ഓറിയന്റലിസ്റ്റ് പദാവലികള്‍ ശ്രദ്ധിക്കാതെ പോകുന്നു. ഒരു മതത്തേയും സമൂഹത്തില്‍നിന്ന് നിഷ്‌ക്കാസനം ചെയ്യാനാവില്ല. മതമൂല്യങ്ങളുടെ ആചരണം വ്യക്തിതലങ്ങളിലേക്ക് ഉള്‍ച്ചേര്‍ക്കുമ്പോഴാണ് സാമൂഹ്യ സുരക്ഷിതത്വം ഉണ്ടാകുന്നത്. അപ്പോള്‍ ആധുനികതയുമായോ അതിന്റെ വ്യവസ്ഥകളുമായോ മതം സംഘര്‍ഷത്തിലാകുന്നില്ല. മതത്തെ ഇല്ലാതാക്കാന്‍ ആധുനികതയ്‌ക്കോ ആധുനികതയെ ഇല്ലാതാക്കാന്‍ മതത്തിനോ സാധ്യമല്ല. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന് പറഞ്ഞതിന്റെ അടുത്ത വാക്യം 'മതം ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവ് കൂടിയാണ്' എന്നും കൂടിയാണെന്ന് കാള്‍മാര്‍ക്‌സിനെ ഉദ്ധരിച്ച് മിഷേല്‍ ഫൂക്കോ ഓര്‍മ്മിപ്പിക്കുന്നത് പ്രസ്തുത വസ്തുത മനസ്സിലാക്കിയാണ്.
നിലവിലുള്ള മുസ്ലിം പ്രതിസന്ധികളെ വക്കം മൗലവി ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരുടെ ആശയ പരിഷ്‌ക്കരണ-നവീകരണ ചിന്തയിലൂടെ തിരുത്തിയെടുക്കാന്‍ എം.എം. അക്ബര്‍ ഉള്‍പ്പെടെയുള്ള മുസ്ലിം പണ്ഡിതര്‍ എത്രത്തോളം ശ്രമിക്കുന്നുവോ അതിനെ ആശ്രയിച്ചായിരിക്കും മുസ്ലിം സമൂഹത്തിന്റെ ഭാവി. മുസ്ലിങ്ങള്‍ ഇരയാക്കപ്പെട്ടവരാണ്, ഇരയാക്കപ്പെടുന്നവരാണ്, ഇനിയും ഇരയാക്കപ്പെടുന്നവരായിരിക്കും  എന്ന ഇരബോധം ഇന്നത്തെ തലമുറയുടേയും വരും തലമുറയുടേയും ആത്മവീര്യവും ആത്മവിശ്വാസവും തകരാനും വളരാതിരിക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന് മതനേതൃത്വവും നവഗവേഷകരും തിരിച്ചറിയേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com