ആരും പുണരാത്ത ഒരുടല്‍ 

അച്ഛന്‍ പൊങ്ങിവരുന്നതും കാത്ത് ഇരിക്കുമ്പോള്‍ അവന്‍ എണ്ണിക്കൊണ്ടിരുന്നു. എണ്ണം എപ്പോഴും നൂറില്‍ തടഞ്ഞുനിന്നു. അതിനപ്പുറം എണ്ണാന്‍ അവന് അറിയുമായിരുന്നില്ല. 
ആരും പുണരാത്ത ഒരുടല്‍ 

തീര്‍ച്ചയായും അവനെ നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. 
ദേശീയപാതയില്‍നിന്നും പട്ടണത്തിലേക്കു തിരിയുന്ന റോഡിലേക്ക്, ഇന്നലെ നിങ്ങള്‍ പുതുതായി വാങ്ങിയ ഇന്നോവയെ വളച്ചൊതുക്കിയെടുക്കുമ്പോള്‍ അറിയാതെ അതിനു മുന്നിലേക്കു വന്നുചാടിയത് അവനായിരുന്നു. 
റോഡിലേക്ക് ഒരു കാല്‍വെച്ച്, പെട്ടെന്ന് കാല്‍ പിന്‍വലിച്ച് കാറിനെപ്പോലും ആദരിക്കുന്നതുപോലെ ചുമല്‍കുനിച്ച് അവന്‍ നിന്നു. 
താന്‍ ഒരു തെറ്റുചെയ്തതുപോലെയാണ് അവന് തോന്നിയിട്ടുണ്ടാവുക. മുതുകില്‍ വലിയ ഒരു ചാക്ക് ഇരിക്കുന്നതുകൊണ്ട് അവന്റെ നോട്ടം എപ്പോഴും കാല്‍ച്ചുവട്ടിലേക്കായിരുന്നു. 
ചെറിയ ഒരഴുക്കുകൂനപോലെ കാല്‍ച്ചുവട്ടില്‍ അവന്റെ നിഴല്‍ ചുരുങ്ങിക്കൂടിക്കിടന്നിരുന്നു. ആ നിഴലിനോട് മത്സരിക്കുന്നതുപോലെയാണ് അവന്‍ പിന്നെ നടന്നിട്ടുണ്ടാവുക. 
എപ്പോഴും കാല്‍ച്ചുവട്ടിലേക്കു തന്നെ നോക്കി കുനിഞ്ഞു നടന്നിരുന്നതുകൊണ്ട് ആകാശം ചില നേരങ്ങളില്‍ ഒരു പുകപടലം പോലെ അവന്റെയുള്ളില്‍ പതുക്കെ അനങ്ങി. 
വിമാനങ്ങള്‍ ഇരമ്പിവരുന്ന ഒച്ചകേള്‍ക്കുമ്പോള്‍ അവന്‍ തലയുയര്‍ത്തി നോക്കി. ആ പട്ടണത്തിലെവിടെയോ ഉള്ള വിമാനത്താവളത്തില്‍നിന്നും ആകാശത്തേക്ക് സ്രാവുകള്‍ കുതിക്കുന്നതുപോലെ വിമാനങ്ങള്‍ ഉയരുന്നത് നോക്കി അവന്‍ അദ്ഭുതപ്പെട്ടു നിന്നു. 
ആരുടെയോ കനിവുകൊണ്ട് ഈ ലോകത്ത് ജീവിക്കുന്ന ഒരുവനാണെന്ന് വിശ്വസിച്ചിരുന്നതുകൊണ്ട് കാണുന്നതെല്ലാം അവന് അതിശയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. 
ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ച് കുട്ടികള്‍ പള്ളിക്കൂടങ്ങളിലേക്കു പോകുന്നത് നോക്കി അവന്‍ ചില ദിവസങ്ങളില്‍ പട്ടണത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍ നിന്നു. 
നടന്നുപോകുന്ന കുട്ടികളില്‍ ഏതെങ്കിലുമൊരു കുട്ടി തന്നെ നോക്കി ഒന്നു പുഞ്ചിരിച്ചെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചു. കുട്ടികളാകട്ടെ, അവരവര്‍ക്കുള്ള വഴിയിലേക്കു മാത്രം നോക്കി നടന്നുപോയി.
അവന്‍ നടന്നുപോകുന്ന പാതകള്‍ക്കിരുപുറവും കണ്ണാടികള്‍ പതിപ്പിച്ച കടകളായിരുന്നു. കണ്ണാടികള്‍ക്കു മുന്നിലൂടെ നടന്നുപോകുന്നവര്‍ അവരറിയാതെ തന്നെ അതിലേക്ക് ഒന്നു നോക്കി. കണ്ണാടികള്‍ക്കു മുന്നിലൂടെ ആര്‍ക്കാണ് തന്നെ ഒന്നു നോക്കാതെ കടന്നുപോകാനാവുക...?
എന്നാല്‍, അവന്‍ കണ്ണാടികളിലേക്കു നോക്കിയില്ല. തന്നെ കണ്ണാടിയില്‍ കാണുന്നത് ഒരു തെറ്റു ചെയ്യുന്നതുപോലെയാണ് അവനു തോന്നിയത്. 
വന്‍ സൗധങ്ങള്‍ക്കു മുന്നിലൂടെ നടന്നുപോകുമ്പോഴൊക്കെ അവന്റെ ചുമലുകള്‍ വീണ്ടും ഒന്നു കുനിഞ്ഞു. നട്ടുച്ചവെയിലില്‍ കാഴ്ച മങ്ങി ചുറ്റുപാടുകള്‍ അപരിചിതമാവുമ്പോള്‍ ഏതെങ്കിലുമൊരു ചുമരില്‍ ചാരി തെല്ലിട അവന്‍ നിന്നു. 
ആ നില്‍പ്പില്‍ എപ്പോഴും അവന്‍ ശബ്ദങ്ങളുടെ പിടിയില്‍ അകപ്പെട്ടു. എവിടെനിന്നൊക്കെയോ ഇരമ്പിവരുന്ന ശബ്ദങ്ങള്‍ക്കുള്ളില്‍പ്പെട്ട് അവന് നിലതെറ്റി. 
രാപ്പകലുകള്‍ അവന്റെ തലയ്ക്കു മുകളില്‍ ചെറിയ ചുഴികളുണ്ടാക്കി കടന്നുപോയി. ഏതൊക്കെയോ മലകള്‍ കടന്നെത്തിയ കാറ്റുകള്‍ ഇരുണ്ട ഒരു മുഴുക്കമുണ്ടാക്കി അവന്റെ ചെവികളെ ഉരസി കടന്നുപോയി.
രാവ് ആകാശത്തുനിന്നും താഴ്ന്നിറങ്ങുമ്പോള്‍ അവന്‍ റെയില്‍പ്പാളത്തിനരികിലുള്ള, ഇടിഞ്ഞമരാന്‍ തുടങ്ങിയ ഒരു കെട്ടിടത്തിലെ സിമന്റു തിണ്ണക്കടിയില്‍ ചെന്നു കിടന്നു. 
ആ കെട്ടിടത്തെ നടുക്കിക്കൊണ്ട് തീവണ്ടികള്‍ കടന്നുപോകുമ്പോള്‍ ആ തീവണ്ടികളെത്തന്നെ നോക്കി ചില ചില വിചാരങ്ങളോടെ അവന്‍ ഇരുന്നു. 
തീവണ്ടികളില്‍ എങ്ങോട്ടോ പോകുന്ന മനുഷ്യരില്‍ ആരെങ്കിലുമൊരാളുടെ ഒരു നോട്ടം ചിലപ്പോള്‍ അവന്റെ മുഖത്തു വീണു. അവനപ്പോള്‍ ഒന്നിനുമല്ലാതെ പുഞ്ചിരിച്ചു. 


രാത്രിവണ്ടികള്‍ക്കുള്ളിലെ തളര്‍ന്ന വെളിച്ചത്തിലിരിക്കുന്ന മനുഷ്യരെ കാണ്‍കെ അവന്റെയുള്ളില്‍ എന്തിനോ വേണ്ടി ഒരു ഖേദം വന്നുമുട്ടി. താന്‍ കണ്ടിട്ടില്ലാത്ത ദൂരദേശങ്ങളുടെ മങ്ങിയ നിഴലുകള്‍ അവന്റെയുള്ളില്‍ പതിയെ അനങ്ങി. 
തെരുവുനായ്ക്കള്‍ അവനരികെ വന്നു കിടന്നു. അരികില്‍ ഒരു മനുഷ്യനുണ്ടെന്നു പോലുമോര്‍ക്കാതെ അവര്‍ ഒച്ചയുണ്ടാക്കാതെ കിടന്നു. 
അഴുക്കുചാലിലേക്കെന്നതുപോലെ ഉറക്കത്തിലേക്കു ഞെട്ടിവീഴുന്ന നിമിഷം ഏതെങ്കിലുമൊരു പൊലീസുകാരന്‍ അവനെ ചൂരല്‍കൊണ്ട് അടിച്ചുണര്‍ത്തി. 
അപ്പോഴൊക്കെ അവന്‍ അല്പം തുറന്നുപോയ വായയുമായി മുന്നിലേക്കുതന്നെ നോക്കി തെല്ലിട ഇരുന്നു. പിന്നെ, തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും ഓര്‍മ്മവന്നിട്ടെന്നതുപോലെ തിടുക്കത്തില്‍ ഇരുട്ടിലേക്കു മാറിനിന്നു. ഇതുതന്നെ ദിവസവും ആവര്‍ത്തിച്ചു. 
എപ്പോഴും വെളിച്ചങ്ങള്‍ വീശിനില്‍ക്കുന്ന വന്‍ സൗധങ്ങളുമായി രാത്രിയില്‍ പട്ടണം തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, കെട്ടിടങ്ങളുടെ നിഴലുകള്‍ വീണുകിടക്കുന്ന പിന്നാമ്പുറങ്ങളിലൂടെ നടന്ന് എന്നും അവന്‍ തന്റെ താമസസ്ഥലത്തെത്തി. 
ശബ്ദങ്ങളും വെളിച്ചങ്ങളുമായി എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഈ പട്ടണത്തില്‍ തന്റെ ശരീരം ഒന്നു ചുരുട്ടിവെക്കാനുള്ള പഴുതു നോക്കി അലയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് അവന്‍ ആലോചിച്ചില്ല. 
പട്ടണത്തിലെ തൊഴിലാളികള്‍ക്കിടയില്‍ അവന്‍ തൊഴിലാളിയേ ആയിരുന്നില്ല. അവന്‍ ചുമടെടുക്കുന്നത് പിടിക്കപ്പെടാവുന്ന ഒരു കുറ്റകൃത്യമായിരുന്നു. കാരണം, അവന്‍ ഒരു സംഘത്തിലും അംഗമായിരുന്നില്ല. 
ഓര്‍മ്മകള്‍ ചെന്നുമുട്ടുന്ന ഭൂതകാലത്ത് അവന്‍ അച്ഛനോടൊപ്പം കുളങ്ങളും നദികളും കിണറുകളും തേടി നടക്കുകയായിരുന്നു. ജലത്തില്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ മുങ്ങിയെടുക്കുന്നയാളായിരുന്നു അവന്റെ അച്ഛന്‍.
അപരിചിതമായ നദികളിലേക്ക് അച്ഛന്‍ മുങ്ങാംകുഴിയിടുമ്പോള്‍ അവന്‍ കരയില്‍ കാത്തിരുന്നു. 
അച്ഛന്‍ പൊങ്ങിവരുന്നതും കാത്ത് ഇരിക്കുമ്പോള്‍ അവന്‍ എണ്ണിക്കൊണ്ടിരുന്നു. എണ്ണം എപ്പോഴും നൂറില്‍ തടഞ്ഞുനിന്നു. അതിനപ്പുറം എണ്ണാന്‍ അവന് അറിയുമായിരുന്നില്ല. 
വെള്ളത്തിനടിയില്‍ അച്ഛന്‍ കണ്ടെത്താനിടയുള്ള മുത്തുകളും രത്‌നങ്ങളും വിലപിടിപ്പുള്ള പാത്രങ്ങളും മനസ്സില്‍ കണ്ട് അവന്‍ ഇരുന്നു. 
ചിലപ്പോള്‍ ജലത്തിനു മുകളില്‍ അക്കങ്ങളൊന്നും കണ്ടില്ല. ജലത്തിനടിയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന കൊട്ടാരത്തില്‍ അച്ഛന്‍ അലഞ്ഞുനടക്കുകയായിരിക്കുമെന്ന് അപ്പോള്‍ അവന്‍ വിശ്വസിച്ചു. 
ആ സമയം അച്ഛന്‍ മിനുക്കമുള്ള ചെറിയ ഒരു മണിയോ ഞളുങ്ങിയ ഒരു പാത്രമോ കൈയില്‍ പിടിച്ച് പൊങ്ങിവന്നു. 
അവന്‍ അപ്പോഴൊക്കെ അച്ഛനെ ആശ്വസിപ്പിച്ചു: അച്ഛന്‍ നല്ല മുങ്ങല്‍കാരനാണ്. ഒരു ദിവസം ജലത്തിനടിയില്‍നിന്നും നമ്മുടെ ഭാഗ്യം അച്ഛന്‍ കണ്ടെടുക്കുക തന്നെ ചെയ്യും എന്ന് അവന്‍ പറയുന്നതു കേട്ട് അച്ഛന്‍ തളര്‍ന്ന ഒരു ചിരി ചിരിച്ചു. 
അവര്‍ നടന്നു. പകലുകള്‍ അവര്‍ക്കു മുകളില്‍ തീ കോരിയിട്ടു. രാത്രികള്‍ വന്‍ പക്ഷികളായി അവര്‍ക്കു മുകളിലൂടെ ചിറകടിച്ച് പറന്നുപോയി. അവന്‍ ഉറങ്ങുമ്പോള്‍ അച്ഛന്‍ അവന് കാവലിരുന്നു. 
അങ്ങനെ ഏത്രയോ ദിനങ്ങള്‍... 
പുഴയിലോ കുളത്തിലോ മുങ്ങിയ ദിവസങ്ങളില്‍ അച്ഛന്‍ പിന്നെ സുഖമില്ലാതെ കിടക്കാന്‍ തുടങ്ങി. ഒന്നും മിണ്ടാതെ മണിക്കൂറുകളോളം അച്ഛന്‍ ഒരേയിരിപ്പിരിക്കുന്നതും അവന്‍ കണ്ടു. 
എത്ര വേഗത്തിലാണ് ലോകം വസ്തുക്കളെക്കൊണ്ട് നിറയാന്‍ തുടങ്ങിയത്. ആളുകള്‍ക്ക് ആവശ്യമുള്ളതിലും കൂടുതല്‍ സാധനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അച്ഛന്‍ ഒരു ദിവസം പിറുപിറുക്കുന്നതു കേട്ടു. 
പട്ടിണിയുടെ നാളുകള്‍ നീളാന്‍ തുടങ്ങിയതോടെ അച്ഛന്‍ വീണ്ടും പുഴകളും കുളങ്ങളും തേടിയിറങ്ങി. 
ജലത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഒരു ദിവസം അച്ഛന്‍ പറയുന്നത് കേട്ടു. പണ്ടൊക്കെ വെള്ളത്തിനടിയില്‍ കാല്‍കുത്തുമ്പോള്‍ ചേറും ചളിയും മാത്രമേ കാലില്‍ തടഞ്ഞിരുന്നുള്ളൂ. ഇപ്പോള്‍ എന്തിലൊക്കെയാണ് ചവിട്ടുന്നതെന്ന് മനസ്സിലാക്കാനാവുന്നില്ലെന്നും അച്ഛന്‍ പറഞ്ഞു. മരിച്ച ജലത്തിന്റെ നാറ്റമാണ് ഇപ്പോള്‍ വെള്ളത്തിലിറങ്ങിയാല്‍ അനുഭവപ്പെടുന്നതെന്ന് പറഞ്ഞ് അച്ഛന്‍ ദൂരേക്ക് നോക്കി ഇരുന്നു. 
വീണ്ടും എത്രയോ ദിനങ്ങള്‍ അവര്‍ അലഞ്ഞുനടന്നു. 
ആഞ്ഞിലിമരങ്ങള്‍ നേര്‍ത്ത ഇരുള്‍ പടര്‍ത്തി നില്‍ക്കുന്ന ഒരു വീട്ടുവളപ്പിലെ കണറ്റിലിറങ്ങിയ അച്ഛന്‍ ഒരു ദിവസം ഭയന്നു വിറച്ച് കയറിവന്നു. കിണറ്റിനടിയില്‍ ഒരു ശവം നീണ്ടുനിവര്‍ന്നു കിടക്കുന്നത് കണ്ടുവെന്ന് അച്ഛന്‍ പറഞ്ഞു. 
അതു മുതല്‍ അച്ഛന്‍ വെള്ളത്തില്‍ ഇറങ്ങാതെയായി. 
കുറേ ദിവസങ്ങള്‍ അച്ഛന്‍ പനിച്ചു കിടന്നു. ജലത്തിന് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. ഇനി എനിക്ക് തൊഴില്‍ ചെയ്യാനാവുമെന്ന് തോന്നുന്നില്ല എന്ന് അച്ഛന്‍ പുലമ്പിക്കൊണ്ടിരുന്നു. 
മലയടിവാരത്തിലുള്ള ഒരു ശവക്കോട്ടയുടെ മതിലിനരികിലായി പിന്നീട് അവരുടെ താമസം. 
ശവങ്ങളുമായി വരുന്നവര്‍ എപ്പോഴും തിരിച്ചുപോകാന്‍ തിടുക്കം കാണിച്ചു. 
ഇടിമിന്നലുകള്‍ ആകാശത്തെ പിളര്‍ത്തി മദിക്കുന്ന രാത്രികളില്‍ അവന്‍ വിദൂരങ്ങളില്‍നിന്നുള്ള ശബ്ദങ്ങള്‍ക്ക് കാതോര്‍ത്ത് കിടന്നു. അങ്ങനെയും എത്രയോ ദിവസങ്ങള്‍...
കാണാതായ വസ്തുക്കള്‍ ജലത്തിനടിയില്‍നിന്നും മുങ്ങിയെടുക്കാന്‍ ശീലിച്ച ഒരാള്‍ക്ക് മറ്റൊരു തൊഴിലും ചെയ്യാനാവില്ലെന്ന് തെളിയിക്കുന്നതുപോലെയാണ് അച്ഛന്റെ ദിനങ്ങള്‍ കടന്നുപോയത്. 
ദിവസങ്ങളോളം അച്ഛന്‍ ആലോചനകളില്‍ തന്നെയായിരുന്നു. ചില ദിവസങ്ങളില്‍ ഉറങ്ങാതെ അവനെത്തന്നെ നോക്കി ഇരിക്കുന്നതും കണ്ടു. 
ഒരു ദിവസം പുലര്‍ച്ചെ അവനെ വിളിച്ചുണര്‍ത്തി അച്ഛന്‍ ഇനി ചെയ്യാന്‍ പോകുന്നതെന്താണെന്നു പറഞ്ഞു:
കടലില്‍ മുങ്ങിപ്പോയ ഒരു കപ്പലിനെക്കുറിച്ച് അച്ഛന്‍ ഒരു കഥ കേട്ടിട്ടുണ്ട്. നിറയെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടലില്‍ മുങ്ങിപ്പോയ ആ കപ്പല്‍ ഇപ്പോഴും താഴ്ന്നുകൊണ്ടിരിക്കുകയാണ്.
''ഒരു മുങ്ങല്‍കാരന്റെ കഴിവുകള്‍ പുറത്തെടുക്കേണ്ട സമയം ഇതാണ്. മകനേ, ഒരു കഴിവു മാത്രമേ നിന്റെ അച്ഛനുള്ളു. ശ്വാസം പിടിച്ച് ദീര്‍ഘനേരം മുങ്ങിക്കിടക്കാന്‍ എനിക്കാവും. വായുകിട്ടാതെ ശ്വാസകോശം പൊട്ടുമെന്നാവുമ്പോഴും ഞാന്‍ മുങ്ങിക്കിടക്കുകതന്നെ ചെയ്യും. വായു കിട്ടാതെ, ഒരു വന്‍ മലയുടെ ഭാരം നെഞ്ചില്‍ അറിയാന്‍ തുടങ്ങുമ്പോള്‍ മകനേ, ഞാന്‍ നിന്റെ തളര്‍ന്ന മുഖം ഓര്‍ക്കും. നിന്റെ മുഖം എന്നെ ആഴങ്ങളിലേക്കുതന്നെ നയിക്കും'' എന്നെല്ലാം അവന്റെ അച്ഛന്‍ പറഞ്ഞു. 
അതും പറഞ്ഞ് അച്ഛന്‍ ദീര്‍ഘമായി ഒരു ശ്വാസമെടുത്തു. പിന്നെ കണ്ണുകളടച്ച് ശ്വാസം പിടിച്ചുനില്‍ക്കാന്‍ തുടങ്ങി. 
അവന്‍ എണ്ണിക്കൊണ്ടിരുക്കുന്നു. നൂറുവരെ എണ്ണിയിട്ടും അച്ഛന്റെ തൊണ്ടക്കുഴി ശ്വാസത്തിന്റെ ചലനങ്ങളില്ലാതെ ഒരേ നില തുടര്‍ന്നു. 
അച്ഛന്‍ അതേ നില്‍പ്പു നില്‍ക്കുകയാണ്. അച്ഛന്റെ ശ്വാസം തിരികെ വരില്ലെന്നു തന്നെ തോന്നിയപ്പോള്‍ അവന്‍, അച്ഛാ... ഇനി മതി... ഇനി മതി... എന്നു പറഞ്ഞ് അച്ഛനെ കുലുക്കി വിളിച്ചു. 
ഒടുവില്‍ ശ്വാസം വീണ്ടെടുത്ത് അച്ഛന്‍ കടല്‍ക്കരയിലേക്കു നടന്നു. അവനും അച്ഛനെ അനുഗമിച്ചു. 
കടലിനു മുകളില്‍ സന്ധ്യയുടെ കിരണങ്ങള്‍ ചിതറിക്കിടന്നു. കടല്‍ക്കരയില്‍ ആരുമുണ്ടായിരുന്നില്ല. 
തിരമാലകള്‍ പാഞ്ഞടുക്കുന്നതു കണ്ട് അവന്‍ അച്ഛനെ തടയാന്‍ ശ്രമിച്ചു. 
അലറിയടുക്കുന്ന തിരമാലകളെ മുറിച്ചു നീന്താനൊരുങ്ങിയ അച്ഛനെ തിരമാലകള്‍ കരയിലേക്കു തന്നെ എടുത്തെറിഞ്ഞു. 
പലതവണ ശ്രമിച്ച്, ഒടുവില്‍ തിരമാലകളെ മുറിച്ച് അച്ഛന്‍ നീന്തിപ്പോകുന്നതും നോക്കി അവന്‍ ഇരുന്നു. രാവ് അവനു മുകളില്‍ താഴ്ന്നിറങ്ങി. കടലിന്റെ മുഴക്കങ്ങള്‍ ഇരുട്ടില്‍ കേട്ടുകൊണ്ടിരുന്നു. 
രണ്ട് രാപ്പകലുകള്‍ അവന്‍ അച്ഛനെ കാത്ത് കടല്‍ക്കരയില്‍ ഇരുന്നു. 
ഒടുവില്‍, കാറ്റും മഴയും അലറി തിരമാലകള്‍ കരയിലേക്കാഞ്ഞടിച്ച ഒരു രാത്രി അവന്‍ എഴുന്നേറ്റ് നടന്നു. 


കടലിനടിയിലേക്ക് പതുക്കെ താഴ്ന്നുകൊണ്ടിരിക്കുന്ന കപ്പലിനെ തൊടാനാഞ്ഞ് കടലിനടിയിലെ പിടികിട്ടാത്ത ആഴങ്ങളിലേക്കു മുങ്ങിക്കൊണ്ടിരിക്കുന്ന അച്ഛന്റെ രൂപം അവന്റെയുള്ളില്‍ എപ്പോഴും തെളിഞ്ഞുമറഞ്ഞു. 
കടല്‍ക്കരയില്‍നിന്നും നടക്കാന്‍ തുടങ്ങിയ കുട്ടി കാറ്റുകള്‍ക്കും വെയിലുകള്‍ക്കും ചില നേരങ്ങളില്‍ ആകാശത്തെ അവ്യക്തമാക്കുന്ന പുകപടലങ്ങള്‍ക്കുമിടയിലൂടെ നടന്നുപോയി.
പട്ടണങ്ങളുടെ പിന്നാമ്പുറങ്ങളില്‍ അവന്‍ ആരെയോ കാത്തുനിന്നു. ഏതു പേരു വിളിച്ചാലും അവന്‍ തിരിഞ്ഞുനോക്കി. ഏതെങ്കിലും ഒരു തിരിവില്‍വെച്ച് തന്റെ അച്ഛനെ കണ്ടുമുട്ടുമെന്ന് അവന്‍ പ്രതീക്ഷിച്ചു. 
അങ്ങനെയും എത്രയോ വര്‍ഷങ്ങള്‍... 
കൈയില്‍ ഭാരമുള്ള പെട്ടിയുമായി പോകുന്നവരുടെ പിന്നാലെ അവന്‍ പതുങ്ങിച്ചെന്നു. അവന്‍ അവരെ സഹായിക്കാന്‍ തുനിഞ്ഞു. ചിലര്‍ അവന് ഒരു നാണയം എറിഞ്ഞുകൊടുത്തു. ചിലര്‍ കൈയില്‍ത്തന്നെ വെച്ചുകൊടുത്തു. 
ആരെങ്കിലും തന്നോട് എന്തെങ്കിലും ചോദിച്ചെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടിത്തന്നെയാവണം, ആളുകള്‍ കൂടുന്നിടത്തെല്ലാം അവന്‍ വെറുതെ ചെന്നുനിന്നു. അവര്‍ ചിരിക്കുമ്പോള്‍ ഒന്നിനുമല്ലാതെ അവനും ചിരിച്ചു. അവര്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചു തലയാട്ടി. 
വലിയ വലിയ ആളുകളുടെ പ്രസംഗം കേള്‍ക്കാന്‍ കൂട്ടംകൂടി നില്‍ക്കുന്നവരുടെയിടയില്‍ ഒരു പരുങ്ങലോടെ അവനും ചെന്നുനിന്നു. അവര്‍ പറയുന്നതൊന്നും അവന് മനസ്സിലായില്ലെങ്കിലും എല്ലാവരും കൈയടിക്കുമ്പോള്‍ അവനും കൈയടിച്ചു. ആ സമയം അവരില്‍ ഒരാളായതുപോലെ അവനു തോന്നി. അല്പസമയം മാത്രം. 
ആളുകള്‍ പിരിഞ്ഞുപോകുമ്പോള്‍ അവന്‍ എന്തിനെന്നില്ലാതെ അല്‍പ്പദൂരം അവരുടെ പിന്നാലെ നടന്നു. 
നടന്നുപോകുന്നവരില്‍ ആരെങ്കിലും ഒരാള്‍ തന്നെ ഒന്ന് തിരിഞ്ഞുനോക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നിരിക്കണം. 
ഏതൊരു പട്ടണത്തിനും വളരാതിരിക്കാനാവില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ആ പട്ടണവും വളരുകതന്നെയായിരുന്നു. 
പട്ടണത്തെ ചുറ്റിക്കൊണ്ട് ഉയരത്തിലൂടെ കടന്നുപോകുന്ന റെയില്‍പ്പാളം എത്ര പെട്ടെന്നാണ് വന്നത്. ഉയരത്തിലൂടെ ഒരാര്‍പ്പുവിളിപോലെ തീവണ്ടികള്‍ പാഞ്ഞുപോകുന്നത് അല്പം പിളര്‍ന്നുപോയ ചുണ്ടുകളോടെ അവന്‍ നോക്കിനിന്നു. 
എവിടെനിന്നൊക്കെയോ വിനോദസഞ്ചാരികള്‍ പട്ടണത്തിലേക്കു വന്നുകൊണ്ടിരുന്നു. അവര്‍ വെറുതെ പൊട്ടിച്ചിരിച്ചു. വന്‍കെട്ടിടങ്ങള്‍ക്കുള്ളിലേക്കു കയറുമ്പോള്‍ യുവതികള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ കൈകളില്‍ ഒന്നു മുറുക്കിപ്പിടിച്ചു. 
ചിലപ്പോള്‍ അവന്‍ അത്തരം കാഴ്ചകള്‍ തന്നെ നോക്കിനിന്നു. മഞ്ഞുപെയ്യുന്ന രാത്രിയില്‍, തന്നെ ഒരു പെണ്ണ് പലതരം സൗരഭ്യങ്ങളോടെ കെട്ടിപ്പുണരുന്നതിനെക്കുറിച്ച് അവന്‍ അപ്പോള്‍ ആലോചിച്ചിരിക്കണം. 
അതെല്ലാം അല്പനേരം മാത്രം. വെയില്‍ തിളയ്ക്കുന്ന പാതകളിലൂടെ അവന്‍ നടന്നുകൊണ്ടിരുന്നു. വഴിതെറ്റി വന്നതുപോലെ ഒരു മയില്‍ ഒരു ദിവസം റോഡിനരികെ നില്‍ക്കുന്നതു കണ്ടു. ശീലംകൊണ്ടാവണം അറിയാതെ അത് പീലി വിടര്‍ത്തി. പിന്നെ എന്തോ ഓര്‍ത്ത് പീലിചുരുക്കി കെട്ടിടങ്ങളില്‍ക്കിടയിലേക്കു നടന്നുപോയി. 
മറ്റൊരു ദിവസം, സര്‍ക്കസ്സില്‍നിന്നും ചാടിപ്പോയ ഒരു സിംഹം പട്ടണത്തിലേക്ക് കടന്നിട്ടുണ്ടെന്ന് വാര്‍ത്ത പരന്നു. 
തവിട്ടുനിറത്തിലുള്ള ചുഴലിക്കാറ്റുപോലെ ഒരു സിംഹത്തിന്റെ നിഴല്‍ കെട്ടിടങ്ങള്‍ക്കു മുകളിലൂടെ പാഞ്ഞുപോകുന്നത് കണ്ടുവെന്ന് ആരോ പറഞ്ഞതോടെ കച്ചവടക്കാര്‍ കടകള്‍ അടയ്ക്കാന്‍ തുടങ്ങി. 
പട്ടണത്തിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ചില്ലു ജനലുകള്‍ തകര്‍ത്ത് ഒരു സിംഹം ഉള്ളിലേക്കു ചാടിവീണു എന്ന വാര്‍ത്ത കേട്ട സമയത്ത് അവന്‍ ഒരു ചായക്കടക്കു മുന്നില്‍ നില്‍ക്കുകയായിരുന്നു. ചായക്കടക്കാരന്‍ പെട്ടെന്ന് കടയടച്ചു. ചായ കുടിച്ചിരുന്നവരെല്ലാം കടയ്ക്കുള്ളിലായി. കടയ്ക്കുള്ളിലെ തളര്‍ന്ന വെളിച്ചത്തില്‍ എല്ലാവരും പെട്ടെന്ന് ഒന്നായതുപോലെ തോന്നിച്ചു. അവന്റെ മുഖത്തുനോക്കിയും രണ്ടു പേര്‍ പരിചയം കാണിച്ചു. കടയ്ക്കു വെളിയില്‍ സിംഹം അലറി നടക്കുന്നുണ്ടാവുമെന്ന് എല്ലാവരും ഭയന്നു. സിംഹങ്ങള്‍ ആളുകളെ ആക്രമിക്കുന്നത് എങ്ങനെയാണെന്ന് ഒരാള്‍ വിശദീകരിച്ചു. ഒരു കാളയെ കടിച്ചെടുത്ത് കൂറ്റന്‍ മതില്‍ ചാടിക്കടക്കാന്‍ സിംഹങ്ങള്‍ക്കു കഴിയുമെന്ന് പറഞ്ഞ് ഒരു കഷണ്ടിക്കാരന്‍ അവനെ നോക്കി. അവന്‍ അപ്പോള്‍ തല താഴ്ത്തി. പിന്നെ അവന്‍ തലയുയര്‍ത്തി ആ മനുഷ്യനെ നോക്കി പുഞ്ചിരിച്ചു. കട കുറേ നേരം തുറക്കാതിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചു. 


കടകള്‍ ഒന്നൊന്നായി അടയുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു. 
എല്ലാ പട്ടണങ്ങളെയും കാട്ടുമൃഗങ്ങള്‍ വളയാന്‍ പോവുകയാണെന്ന് വിളിച്ചുപറഞ്ഞ്, പട്ടണത്തിലെ ഭ്രാന്തന്മാരിലൊരാള്‍ കടന്നുപോയി.
ഇതിനുള്ളില്‍ത്തന്നെ എത്ര നേരമാണ് ഇരിക്കുക എന്നു പറഞ്ഞ് ചായക്കടക്കാരന്‍ കട തുറന്നു. പാതകളെല്ലാം വിജനമായിക്കഴിഞ്ഞിരുന്നു. 
സിംഹമൊന്നും പട്ടണത്തിലേക്കു കടന്നിട്ടില്ലെന്നറിയിച്ചുകൊണ്ട് ഒരു പൊലീസ് വാഹനം കടന്നുപോയി. അതോടെ കടകള്‍ തുറന്നു. 
പട്ടണങ്ങള്‍ക്ക് എങ്ങനെയാണ് തിരക്കുകളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാവുക? പട്ടണത്തിലേക്കു മന്ത്രി വരുന്ന ദിവസവും തിരക്കുതന്നെയായിരുന്നു. മന്ത്രിയെ സ്വീകരിക്കാന്‍ പട്ടണം ഒരുങ്ങിക്കഴിഞ്ഞിരുന്നു. അഞ്ചു മിനിട്ടിനുള്ളില്‍ മന്ത്രിയുടെ വാഹനം പട്ടണത്തില്‍ പ്രവേശിക്കുമെന്ന് അറിയിപ്പുണ്ടായി.
ആ സമയം അവന്‍ മുതുകില്‍ വലിയ ഒരു ചാക്കുമായി റോഡിലേക്കു കാലെടുത്തുവെച്ചു. ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാവണം അവന്‍ റോഡിലേക്കു കടന്നത്. പാഞ്ഞുവന്ന ഒരു വാഹനം അവനെ ഇടിച്ചുതാഴെയിട്ട് കുറച്ചപ്പുറത്തു നിന്നു. ഡ്രൈവര്‍ അക്ഷമയോടെ തല പുറത്തേക്കിട്ടു നോക്കി. 
എത്ര വേഗമാണ് അവന്‍ ആളുകളുടെ ഒരു വലയത്തിനുള്ളിലായത്. ചുറ്റും വളഞ്ഞുനിന്നവരില്‍ പലരും മൊബൈല്‍ ഫോണില്‍ അവന്റെ കിടപ്പ് പകര്‍ത്തിക്കൊണ്ടിരുന്നു. നെറ്റി പിളര്‍ന്നുപോയിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞു. വാഹനങ്ങള്‍ വന്നുനിന്ന് തുടര്‍ച്ചയായി ഹോണടിച്ചുകൊണ്ടിരുന്നു. അവന്റെ ഇടതുകാലിന്റെ ചെറുവിരല്‍ ഒരു ശങ്കയോടെ വിറച്ചുകൊണ്ടിരുന്നു. ജീവനുണ്ടെന്ന് തോന്നുന്നു എന്ന് ആരോ പറയുന്നതു കേട്ടു. ആ സമയം വിരലിന്റെ ചലനം നിലച്ചു. ഇല്ല... തീര്‍ന്നു... എന്ന് മറ്റൊരാള്‍ പറഞ്ഞു. അവന്റെ മുഖം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ രണ്ടു ചെറുപ്പക്കാര്‍ അത്യധികം ഉത്സാഹിച്ചുകൊണ്ടിരുന്നു. 
ഈ ഭൂമികയില്‍ തനിക്ക് കുറച്ചു സ്ഥലം മാത്രമേ ആവശ്യമുള്ളു എന്ന് പറയുന്നതുപോലെ അവന്‍ ചുരുണ്ടുകൂടിയാണ് കിടന്നിരുന്നത്. ഇടിയുടെ ആഘാതത്തില്‍ അവന്റെ കൈകള്‍ പിരിഞ്ഞുപോയതുകൊണ്ട് അവന്‍ അത്യധികം വിനയത്തോടെ കൈകൂപ്പിയാണ് കിടക്കുന്നതെന്ന് തോന്നിച്ചു. നെറ്റിയിലെ പിളര്‍പ്പ് ചുവന്ന ഒരു പുഞ്ചിരിപോലെയായിരുന്നു. 
വാഹനങ്ങള്‍ വന്നു നിന്നുകൊണ്ടിരുന്നു. മന്ത്രിയുടെ വാഹനവും അഞ്ചു മിനിട്ടു നേരം തിരക്കില്‍പ്പെട്ടു. 
അഞ്ചു മിനിട്ടു വൈകി യോഗസ്ഥലത്തെത്തേണ്ടിവന്നതിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് മന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. നാട് വളരുകയാണ്. അനുദിനം എത്ര വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. അതുകൊണ്ടുതന്നെ ആളുകള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തത് എത്ര കുറ്റകരമാണ് എന്ന് മന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com