സമരങ്ങളെ ഹൈജാക് ചെയ്യുന്നതില്‍ കേമന്മാര്‍ മാര്‍ക്‌സിസ്റ്റുകാര്‍ തന്നെ: ഗ്രോ വാസു

സായുധസമരത്തിലൂടെയേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്ന് ഭൂരിപക്ഷം ജനത മനസ്സിലാക്കുന്ന ദിനങ്ങള്‍ വരിക തന്നെ ചെയ്യും
സമരങ്ങളെ ഹൈജാക് ചെയ്യുന്നതില്‍ കേമന്മാര്‍ മാര്‍ക്‌സിസ്റ്റുകാര്‍ തന്നെ: ഗ്രോ വാസു


നിലമ്പൂര്‍ കരുളായി വനത്തില്‍ അജിത, കുപ്പുദേവരാജ് എന്നീ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. വയനാട്ടില്‍ നക്സലൈറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടതിനുശേഷം കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നിലമ്പൂരിലേത് എന്നു പറയാം. രാഷ്ട്രീയപ്രബുദ്ധതയ്ക്ക് പേരുകേട്ട കേരളത്തിലെ ഒരു സര്‍ക്കാരില്‍നിന്ന് പ്രത്യേകിച്ച് ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന സംഭവത്തില്‍ കൃത്യമായ പ്രതിഷേധങ്ങള്‍ ഏറ്റെടുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും തയ്യാറായിരുന്നില്ല. രാജ്യത്ത് വധശിക്ഷയ്‌ക്കെതിരെ നിലപാടെടുക്കുന്ന പ്രസ്ഥാനങ്ങള്‍ തന്നെ ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തുന്നത് വൈരുദ്ധ്യം നിറഞ്ഞതാണ്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്ന ഒരു വലിയ വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇപ്പോഴും കേരളത്തിലുണ്ട്. നിലമ്പൂര്‍ സംഭവത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ നക്സലൈറ്റുമായ ഗ്രോ വാസു സംസാരിക്കുന്നു

ഒരു വര്‍ഷം കഴിഞ്ഞിട്ടും കൃത്യമായ ഒരു മറുപടിപോലും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അവഗണിക്കുകയല്ലേ സര്‍ക്കാര്‍?

സര്‍ക്കാരിന്റെ  ഭാഗത്തുനിന്ന് തുടക്കം മുതല്‍ വലിയ അനാസ്ഥയാണ് ഉണ്ടായത്. ആദ്യം അവര്‍ പറഞ്ഞത് ഞങ്ങള്‍ ഇങ്ങനെയൊരു വിവരം അറിഞ്ഞിട്ടില്ല എന്നാണ്. പൂര്‍ണ്ണമായി അവര്‍ നിഷേധിക്കുകയായിരുന്നു. വേറെ ഏതോ രാജ്യത്തുനിന്ന് പട്ടാളക്കാര്‍ വന്നു ചെയ്തതുപോലെ. ഇന്നലെ വരെയുള്ള അവരുടെ നിലപാടും ഇതുതന്നെയാണ്. വെടിവെയ്പ് നടന്നതിനുശേഷം എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത് എന്നന്വേഷിക്കാന്‍ ഞാനടക്കം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഒരു കൂട്ടം നിലമ്പൂരില്‍ പോയിരുന്നു. ഒരു ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ടോ എന്നതില്‍ തുടക്കം മുതല്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒന്ന് നടന്നിട്ടില്ല എന്നാണ് ഇപ്പോഴും ഞങ്ങള്‍ വിശ്വസിക്കുന്നത്. അജിതയേയും കുപ്പുദേവരാജിനേയും പിടികൂടിയ ശേഷം വെടിവെച്ചുകൊല്ലുകയായിരുന്നു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും. നിലമ്പൂരില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം വളരെ മോശമായിരുന്നു. സര്‍ക്കാരിന് പൂഴ്ത്തിവെയ്‌ക്കേണ്ട കാര്യമാണല്ലോ ഇത്. അതുകൊണ്ട് അവരെന്തായാലും തടയും എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. വളരെ നാടകീയമായ ഒരു രംഗം ഉണ്ടാക്കുകയായിരുന്നു. നിലമ്പൂരിലെ ഇരുപതോളം സാമൂഹ്യദ്രോഹികളേയും റൗഡികളേയും സംഘടിപ്പിച്ചുകൊണ്ടുവന്ന് അവിടെ അണിനിരത്തി. ഞങ്ങളത് തീരെ പ്രതീക്ഷിക്കുന്നില്ല. ഇവരാണ് ഞങ്ങളെ കൈകാര്യം ചെയ്യുന്നത്. മീറ്ററുകള്‍ക്ക് അപ്പുറത്ത്  പൊലീസ് ഈ നാടകം നോക്കിനില്‍ക്കുകയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഉണ്ട്. ഇത് സര്‍ക്കാര്‍ ചെയ്യിച്ചതാണ്. അരമണിക്കൂറോളം അവര്‍ ഞങ്ങളെ പ്രതിരോധിച്ചു. ഒക്കെ സ്റ്റഡി ക്ലാസ്സാണ്. അതു പറയാന്‍ കാരണം, അവരുടെ ഇടി ഞങ്ങളുടെ  മൂക്കിനടുത്തു വരെയെ വരുന്നുള്ളൂ. മൂക്കിനിടിക്കുന്നില്ല. ഞങ്ങളുടെ ശരീരത്തിനടുത്തേക്ക്  എത്തും, ശരീരം തൊടുന്നില്ല.  പത്തിരുപതുപേരെ ഇങ്ങനെ പരിശീലനം ചെയ്‌തെടുക്കണമെങ്കില്‍ കൃത്യമായ നിര്‍ദ്ദേശം ഉണ്ടായി എന്നുതന്നെയാണ് അതിന്റെ അര്‍ത്ഥം. മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരുമായ ധാരാളം പേര്‍ ആവശ്യപ്പെട്ടിട്ടും  ജുഡീഷ്യല്‍ അന്വേഷണം ഇതുവരെ നടത്തിയില്ല. മജിസ്ട്രേറ്റ്തല അന്വേഷണം ആണ് നടത്തിയത്. മജിസ്റ്റീരിയല്‍ അന്വേഷണം എന്നു പറഞ്ഞാല്‍ പൊലീസ് ചെയ്ത കൊലപാതകം പൊലീസ് തന്നെ അന്വേഷിക്കുന്നു എന്നാണ്. എ.ഡി.എം എന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അയാള്‍ക്ക് ജുഡീഷ്യറിയുമായി ഒരു ബന്ധവുമില്ല. ജുഡീഷ്യല്‍ പവര്‍ ചില സമയങ്ങളില്‍ അയാള്‍ക്കുണ്ട് എന്നുമാത്രം. അന്വേഷണം കഴിഞ്ഞ്  റിപ്പോര്‍ട്ട്  സമര്‍പ്പിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും ഞങ്ങളതിന്റെ കോപ്പിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ഇത്തരത്തിലൊരു നീക്കം ഉണ്ടായത് അപ്രതീക്ഷിതമായിരുന്നില്ലേ?

അപ്രതീക്ഷിതമായിരുന്നു. രക്തസാക്ഷികള്‍ സമൂഹത്തിനു മുന്‍പേ നടക്കുന്നവരാണ്. സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി തങ്ങളുടെ വിലപ്പെട്ട ജീവന്‍ ബലിയര്‍പ്പിച്ചവരാണവര്‍. അര്‍ഹിക്കുന്ന ബഹുമതികളോടെ അവരുടെ ഭൗതികശരീരം സംസ്‌കരിക്കപ്പെടണമെന്ന കരുതലുള്ളവരാണ് കമ്യൂണിസ്റ്റുകാര്‍. അക്കാര്യത്തിലെങ്കിലും ഈ ഭരണകൂടം ഒരു കമ്യൂണിസ്റ്റ് ബോധം പ്രകടിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, മൃതദേഹം വിട്ടുതരാന്‍ പോലും അവര്‍ വിസമ്മതിച്ചു. പലവിധ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ ഞങ്ങളെ സഹകരിപ്പിച്ചു. അതിലാകട്ടെ, കുപ്പുദേവരാജിന്റെ അനുജന്റെ കോളറിന് കുത്തിപ്പിടിച്ച് ചടങ്ങ് അലങ്കോലമാക്കി. അതിലൂടെ പൊലീസ് ഞങ്ങളെ വിരട്ടുകയായിരുന്നു. മുപ്പതുകളിലും നാല്‍പ്പതുകളിലും അന്‍പതുകളിലും അനീതിക്കെതിരായ പോരാട്ടങ്ങള്‍ മുന്നില്‍നിന്ന് നയിച്ച് പൊലീസിന്റെ അടിയും വെടിയുമേറ്റു മരിച്ച രക്തസാക്ഷികളാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ അടിസ്ഥാന പ്രേരകശക്തി എന്നത് അവര്‍ മറന്നു. 1949-ല്‍ സേലം ജയിലിനുള്ളിലിട്ട് നാല്‍പ്പതിലധികം കമ്യൂണിസ്റ്റുകാരെയാണ് വെടിവെച്ചു കൊന്നത്. അറിയപ്പെടുന്ന കോണ്‍ഗ്രസ്സുകാരനായിരുന്ന മൊയാരത്ത് ശങ്കരനെ കമ്യൂണിസ്റ്റുകാരെ മര്‍ദ്ദിക്കുന്നതിനെതിരെ ശബ്ദിച്ചതിനാണ് കോണ്‍ഗ്രസ്സിന്റെ തന്നെ അര്‍ധ സൈനിക വിഭാഗമായ ഹോംഗാര്‍ഡ് വടക്കേ മലബാറില്‍വെച്ച് തല്ലിക്കൊന്നത്. മലബാറിലുടനീളം നിരവധി കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് അധികാരത്തിലിരിക്കുന്നവര്‍ അക്കാലത്ത് എവിടെയായിരുന്നു എന്ന് എനിക്കറിയില്ല. അവരെ അധികാരത്തിലേറ്റിയതും കേരള സമൂഹത്തിനെ മുന്നോട്ടു നയിച്ചതും രക്തസാക്ഷികളാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. 

സി.പി.ഐ. വ്യത്യസ്തമായ ഒരു നിലപാടെടുത്തല്ലോ?

സി.പി.ഐ. വേറിട്ട നിലപാടെടുത്തു. അതു കേരളത്തിലെ പുരോഗമനവാദികളേയും ജനങ്ങളേയും സന്തോഷിപ്പിച്ച കാര്യമാണ്. ഒരു കമ്യൂണിസ്റ്റുകാരന്റെ ശരിയായ നിലപാടായിരുന്നു അത്. പഴയകാല കമ്യൂണിസ്റ്റ് പോരാളികളുടെ പാരമ്പര്യം പൂര്‍ണ്ണമായും കുറ്റിയറ്റുപോയില്ലെന്ന് ആശ്വസിക്കാം.
 


മനുഷ്യാവകാശ ലംഘനങ്ങള്‍ പൊലീസ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ നദിര്‍ എന്ന  ഒരു ചെറുപ്പക്കാരനെതിരെ മാവോയിസ്റ്റ് എന്ന പേരില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നു?

നിരപരാധികള്‍ പൊലീസിനാല്‍ ശിക്ഷിക്കപ്പെടുന്നത് ഇപ്പോഴൊന്നും തുടങ്ങിയതല്ല. അത് സ്വതന്ത്ര ഇന്ത്യയില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഒരു സുപ്രീംകോടതി ജഡ്ജി കുറച്ചു കൊല്ലം മുന്‍പ് പൊലീസിനെ വിശേഷിപ്പിച്ചത് സംഘടിത കുറ്റവാളികള്‍ എന്നാണ്. എന്റെയൊരു അനുഭവം പറയാം: ഞാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആറാം നമ്പര്‍ സിംഗിള്‍ സെല്ലില്‍ കിടക്കുകയാണ്. തൊട്ടടുത്ത ഏഴാം നമ്പര്‍ സെല്ലില്‍നിന്ന് ഒരു ദിവസം ഒരു പൊട്ടിക്കരച്ചില്‍. തലശ്ശേരി-പുല്‍പ്പള്ളി കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുഞ്ചുപണിക്കരാണ് കരയുന്നതെന്ന് എനിക്ക് മനസ്സിലായി. 60-70 വയസ്സുള്ള മനുഷ്യന്‍. ആറുമണിക്ക് സെല്ലടച്ചുകഴിഞ്ഞാല്‍ രണ്ടു മെഴുകുതിരി കത്തിച്ചുവെച്ച് ഒരു പ്രാര്‍ത്ഥനയുണ്ട് അദ്ദേഹത്തിന്. അന്നത്തെ പ്രാര്‍ത്ഥനയില്‍ വീടിനെക്കുറിച്ചും സ്വപ്നത്തില്‍ പോലുമറിയാത്ത കാര്യത്തിന് ജീവപര്യന്തം കിട്ടിയതിനെക്കുറിച്ചും ഓര്‍ത്ത് പണിക്കരേട്ടന് നിലവിട്ടു പോയതായിരുന്നു. കുഞ്ചുപണിക്കര്‍, കേശവന്‍, തോമസ്മാഷ് എന്നിവരെ പുല്‍പ്പള്ളി പൊലീസ് ബോധപൂര്‍വ്വം തലശ്ശേരി-പുല്‍പ്പള്ളിക്കേസില്‍ പെടുത്തുകയായിരുന്നു. അവര്‍ സോഷ്യലിസ്റ്റുകാരായിരുന്നു. പുല്‍പ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ അല്ലപ്പനെതിരെ നടന്ന പ്രതിഷേധയോഗത്തില്‍ പ്രസംഗിച്ചതിന്റെ പ്രതികാരമായിരുന്നു ആ ജീവപര്യന്തം. പുല്‍പ്പള്ളി സ്റ്റേഷന്‍ ആക്രമണ ദിവസം രാത്രി അവര്‍ സാധാരണപോലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതാണ് നമ്മുടെ പൊലീസ്. കാലം മാറിയിട്ടുണ്ടാകാം. യൂണിഫോം മാറിയിട്ടുണ്ടാകാം. പക്ഷേ, പൊലീസിന്റെ മനസ്സ് മാറിയിട്ടില്ല. പൊലീസ് പഴയ പൊലീസ് തന്നെ. പിന്നെ കേരളത്തിലെ യുവാക്കള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശലംഘനത്തില്‍ ഏറ്റവും കൂടുതല്‍ പ്രതികരിക്കേണ്ടത് യുവജന സംഘടനകളല്ലേ. ഇവിടെ യുവാക്കളുടെ ഏറ്റവും സുശക്തമായ ഒരു സംഘടന ഡി.വൈ.എഫ്.ഐ ആണ്. അവരെന്താണ് ഇക്കാര്യത്തില്‍ ചെയ്യുന്നത്. ഇതൊക്കെ വേറെയേതോ രാജ്യത്ത് നടക്കുന്ന കാര്യങ്ങളാണ് എന്ന മട്ടാണ് അവരുടേത്. വര്‍ണ്ണശബളമായ ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവര്‍ ഏറ്റെടുക്കുന്നത്. വര്‍ഗ്ഗസമരം അവര്‍ക്ക് പരിചിതമല്ല. രാഷ്ട്രീയപ്പാര്‍ട്ടികളാല്‍ ഷണ്ഢീകരിക്കപ്പെട്ട യുവത്വം എന്നു മാത്രമേ അവരെപ്പറ്റി പറയാനുള്ളൂ. അവര്‍ക്ക് ഇന്നുള്ളതിനപ്പുറം ചിന്തിക്കാന്‍ കഴിയില്ല. സ്വന്തമായി സത്യവും മിഥ്യയും തിരിച്ചറിയാനുള്ള കഴിവുമില്ല. യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ നടക്കുന്ന വര്‍ഗ്ഗസമരത്തില്‍ അധ്വാനിക്കുന്നവരോടൊപ്പം നില്‍ക്കാന്‍ അവര്‍ക്കാവില്ല. പക്ഷേ, ചെഗുവേരയുടെ തൊപ്പിയാണവര്‍ ധരിക്കുന്നത്.

മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റെടുക്കുന്ന സമരങ്ങള്‍ക്കു മാത്രമാണ് പൊതുസമൂഹത്തിന്റെ വലിയ പിന്തുണ ലഭിക്കുന്നത്. പലപ്പോഴും ജനകീയ സമരങ്ങളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാരിനും കഴിയുന്നുണ്ട് ?

സ്വാതന്ത്ര്യത്തിനു ശേഷം 70 വര്‍ഷം നമ്മുടെ നാട്ടിലെ പ്രധാന സമരങ്ങളെല്ലാം ആരംഭിച്ചതും നടത്തിയതും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളാണ്. ഏതെങ്കിലും ചെറുകിട സംഘടനകള്‍ ഒരു സമരം തുടങ്ങുകയും അതിനു ജനപിന്തുണ ലഭിക്കുകയും ചെയ്താല്‍ അത് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹൈജാക് ചെയ്യും. അതിന് വലിയ കേമന്മാര്‍ മാര്‍ക്സിസ്റ്റുകാര്‍ തന്നെ. മുഖ്യധാരക്കാരുടെ കഴിഞ്ഞ 70 വര്‍ഷത്തെ ഭരണത്തിന്റേയും സമരത്തിന്റേയും ഫലം എന്താണെന്ന് നമ്മള്‍ നോക്കണം. ഏറ്റവും അവസാനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് ഞാന്‍ പത്രത്തില്‍ കണ്ട ഒരു സ്ഥിതിവിവരക്കണക്ക് ഇങ്ങനെയായിരുന്നു: കോര്‍പ്പറേറ്റുകളടങ്ങുന്ന ഒരു ശതമാനം ജനങ്ങളുടെ കൈവശം മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യന്‍ സമ്പത്തിന്റെ 48 ശതമാനവും 70 ശതമാനം വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കൈവശം ഒന്‍പത് ശതമാനവുമായിരുന്നു. ബാക്കി ഇടത്തരക്കാരുടെ കൈവശവും. മൂന്ന് വര്‍ഷത്തിനു ശേഷം ഇപ്പോഴത്തെ സ്ഥിതി, കോര്‍പ്പറേറ്റുകളുടെ ആസ്തി എട്ട് ശതമാനം വര്‍ദ്ധിച്ച് 56 ശതമാനമായി. പാവപ്പെട്ട 70 ശതമാനത്തിന് രണ്ട് ശതമാനം കുറഞ്ഞ് ഏഴ് ശതമാനമായി.
കഴിഞ്ഞ 70 വര്‍ഷക്കാലം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭരിച്ചതും സമരം നടത്തിയതും എന്തിനുവേണ്ടിയാണെന്നതിന്റെ നല്ല കണക്കാണിത്. അവര്‍ സമരം നടത്തുന്നതിനും ഭരണം നടത്തുന്നതിനും ഒരു ഉദ്ദേശ്യം മാത്രമേയുള്ളൂ: ഉള്ളവനെ കൂടുതല്‍ ഉള്ളവനും ഇല്ലാത്തവനെ കൂടുതല്‍ ഇല്ലാത്തവനും ആക്കുക എന്ന ഉദ്ദേശ്യം. മാവോയിസ്റ്റുകള്‍ ഭീകരരാണ് എന്ന് അവര്‍ ആര്‍ത്തുവിളിക്കുമ്പോള്‍ അതേറ്റു വിളിക്കുന്നതിനു മുന്‍പ് എന്തുകൊണ്ട് എന്ന് ചോദിക്കാന്‍ നമുക്ക് കഴിയണം. ഭൂരിപക്ഷം വിശ്വസിക്കുന്നത് സമാധാനപരമായി പാര്‍ലമെന്ററി ഡമോക്രസിയിലൂടെ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്നാണ്. യഥാര്‍ത്ഥത്തില്‍ അത് പരിഹരിക്കപ്പെടുന്നില്ല.

മാവോയിസ്റ്റ് ബന്ധം ആരോപിക്കുമ്പോഴേക്കും എന്തുകൊണ്ടാണ് സമരങ്ങള്‍ തകര്‍ന്നുപോകുന്നത്. മാവോവാദികള്‍ ഭീകരന്മാരാണ് എന്ന പ്രതീതി സമൂഹത്തിലില്ലേ?

അതു നിഷേധിക്കാന്‍ കഴിയില്ല. ഒരുദാഹരണം പറയാം. 40 വര്‍ഷം മുന്‍പാണ് ഞാന്‍ ജയിലില്‍നിന്ന് വന്നത്. ജോലി ചെയ്ത് ജീവിച്ചയാളായതുകൊണ്ട് ഒരു ജോലിക്ക് അന്വേഷിച്ചു. നക്സലൈറ്റിന് ജോലി തരാന്‍ ആളുണ്ടായിരുന്നില്ല. അവസാനം ഒരു പീടിക വാടകയ്ക്കെടുത്ത് കുടയുണ്ടാക്കി വില്‍പ്പന തുടങ്ങി. അന്ന് ചെറുപ്പക്കാരൊക്കെ പീടികയില്‍ വന്നിരിക്കും. പുതിയ ചെറുപ്പക്കാര്‍ വന്നാല്‍ ഇവിടുത്തെ മാര്‍ക്സിസ്റ്റുകാര്‍ക്ക് മനസ്സിലാകും. ചിലപ്പോള്‍ അവരുടെ അനുഭാവിയായിരിക്കും വന്നത്. രണ്ട് ദിവസം വന്നാല്‍ പിന്നെ ചെറുപ്പക്കാരെ കാണില്ല. എവിടെയെങ്കിലും വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയാല്‍ പറയും ''വീട്ടിലൊക്കെ ആകെ ബഹളമായി വാസുവേട്ടാ'' എന്ന്. മാര്‍ക്സിസ്റ്റുകാര്‍ ഓരോ വീട്ടിലും പോയി കുട്ടികള്‍ക്ക് ഞാനുമായിട്ടാണ് കൂട്ട് എന്നും എപ്പോഴാണ് അവരെയും കൂട്ടി കാട്ടിലേക്ക് പോകുന്നത് എന്ന് പറയാന്‍ പറ്റില്ല എന്നും സൂചിപ്പിക്കും. അതാണ് പിന്നീടവരെ കാണാത്തത്. 40 കൊല്ലം കഴിഞ്ഞിട്ടും സ്ഥിതിക്ക് മാറ്റമില്ല. ഏത് കുടുംബമാണ് നാളെ ''സ്വന്തം മകന്‍ രാജ്യത്തിനുവേണ്ടി രക്തസാക്ഷിയാകട്ടെ'' എന്ന് വിചാരിക്കുക. മറ്റൊന്ന്, ഞാന്‍ ഇപ്പോഴും നാട്ടില്‍ തന്നെയുണ്ട്. നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിധേയരായിട്ടുള്ള ഒരു ജനതയ്ക്ക് മാവോയിസ്റ്റുകളെ അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ലമെന്ററി ഡമോക്രസി മതി എന്നവര്‍ തീരുമാനിച്ചാല്‍ ആര്‍ക്കെന്ത് ചെയ്യാന്‍ കഴിയും.

ആദിവാസി-ദളിത്-മനുഷ്യാവകാശ പോരാട്ടങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റെടുക്കാത്തെന്തുകൊണ്ടാണ്?

ആദിവാസി-ദളിത് പ്രശ്‌നങ്ങള്‍ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റെടുത്തിരുന്നുവെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ അവരുടെ 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമായിരുന്നു. ദളിത്-ആദിവാസി പ്രശ്‌നം പ്രധാനമായും ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ടതാണ്. കാലങ്ങളായി രാജ്യത്തിന്റെ ഭൂമി ബ്രാഹ്മണ-സവര്‍ണ്ണ വിഭാഗത്തിന്റെ കൈവശമാണ്. തുടക്കം മുതല്‍ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളുടെ കേന്ദ്രനേതൃത്വം (നയരൂപീകരണ സമിതി) ഇന്ത്യയില്‍ സവര്‍ണ്ണ-ബ്രാഹ്മണ വിഭാഗത്തിന്റെ കൈവശമാണ്. ഇത്തരമൊരു സ്ഥിതിയില്‍ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികള്‍ എങ്ങനെ ആദിവാസി-ദളിത് പ്രശ്‌നങ്ങള്‍ ഏറ്റെടുക്കും. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ഭൂരിപക്ഷം പിന്നാക്കക്കാരും അധഃസ്ഥിതരും തന്നെയാണ്. പക്ഷേ, നേതൃത്വം എല്ലാക്കാലത്തും സവര്‍ണ്ണ വിഭാഗത്തിന്റെ കൈകളിലും. നേതൃത്വം ആരുടെ കയ്യിലാണോ അവരുടെ കയ്യില്‍ അധികാരം എന്നതാണ് ഒരു അടിസ്ഥാന മാര്‍ക്സിസ്റ്റ് നിയമം. ഇക്കാര്യം മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ നിരന്തരം അടിവരയിട്ട് പറഞ്ഞുകൊണ്ടിരുന്നിട്ടുമുണ്ട്. ഇതുകൊണ്ടാണ് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന വാക്കിന് മാര്‍ക്സിസത്തില്‍ വലിയ പ്രാധാന്യം വന്നത്. 
ഞാന്‍ ജയിലിലുണ്ടായിരുന്നപ്പോള്‍ കണ്ട ഒരു പത്രറിപ്പോര്‍ട്ട് ഓര്‍മ്മവരികയാണ്. 'കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം നാലര ബ്രാഹ്മണരായിരുന്നു'' എന്നാണ് പത്രത്തലക്കെട്ട്. തലക്കെട്ടിന്റെ തമാശകൊണ്ടുതന്നെ വായിക്കണമെന്ന് തോന്നി. നാലര ബ്രാഹ്മണര്‍ ആരൊക്കെ എന്ന് പത്രം വിശദീകരിച്ചു. ഇന്ദിരാഗാന്ധി, കമലാവതി ത്രിപാഠി, മീര്‍കാസിം തൊട്ട് അഞ്ചുപേര്‍. ഇതില്‍ മീര്‍കാസിമിന്റെ അച്ഛന്‍ ഇസ്ലാമിലേക്ക് മതംമാറിയതുകൊണ്ട് അദ്ദേഹത്തെ അര ബ്രാഹ്മണനായി കണക്കാക്കിയാല്‍ മതിയെന്നാണ് റിപ്പോര്‍ട്ടറുടെ അഭിപ്രായം. ഇതാണ് കോണ്‍ഗ്രസ്സിന്റെ സ്ഥിതിയെങ്കില്‍ മാര്‍ക്സിസത്തിന്റെ പേരില്‍ ആണയിടുന്ന എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും സോഷ്യലിസ്റ്റുകളുടേയും എസ്.യു.സി.ഐ തൊട്ടുള്ള അരക്കമ്യൂണിസ്റ്റുകളുടെയെല്ലാം നയരൂപീകരണ സമിതി സവര്‍ണ്ണ-ബ്രാഹ്മണ വിഭാഗമാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയില്‍ ഒരുകാലത്ത് 100 ശതമാനം ബ്രാഹ്മണര്‍ മാത്രമായിരുന്നു. ഇപ്പോള്‍ ചില്ലറ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ആധിപത്യം ബ്രാഹ്മണര്‍ക്ക് തന്നെയാണ്. സീതാറാം യെച്ചൂരി ജെ.എന്‍.യു.വില്‍നിന്ന് പുറത്തുവന്ന് വര്‍ഗ്ഗസമരം എന്താണെന്നറിയാതെ നേരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയിലേക്കാണ് കയറിയത്. അദ്ദേഹം ബുദ്ധിജീവി ആയതുകൊണ്ടു മാത്രമല്ല. അച്ഛന്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥനും കേന്ദ്ര സെക്രട്ടേറിയറ്റില്‍ സെക്രട്ടറിയുമായിരുന്നു. അക്കാലത്തുതന്നെ സീതാറാം യെച്ചൂരി താമസിയാതെ പാര്‍ട്ടി സെക്രട്ടറിയാകുമെന്ന് പ്രവചിച്ചവരുണ്ട്. 
വി.പി. സിങ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോള്‍ വടക്കേയിന്ത്യയിലുടനീളം അതിനെതിരെ സമരം നടന്നു. വഴിപോയിരുന്ന വിദ്യാര്‍ത്ഥികളെ പിടിച്ച് പെട്രോള്‍ ഒഴിച്ച് തീയിട്ട് ആത്മാഹൂതി എന്ന് പ്രചരിപ്പിച്ച് വടക്കേയിന്ത്യ കത്തിച്ചു. കോണ്‍ഗ്രസ്സിലേയും ബി.ജെ.പി.യിലേയും സവര്‍ണ-ബ്രാഹ്മണ നേതൃത്വമാണ് അതെല്ലാം സംഘടിപ്പിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ട് മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളിലെ ഭൂരിപക്ഷം വരുന്ന ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരു പോരാട്ടം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ഒരു മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടിയും അതിനാഹ്വാനം ചെയ്തില്ല എന്നതുതന്നെയാണ് അതിന്റെ കാരണം. ഇതാണ് നേതൃത്വം ആരുടെ കയ്യില്‍ എന്ന് കമ്യൂണിസ്റ്റുകാര്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കണമെന്ന് മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ ചൂണ്ടിക്കാണിച്ചതിന്റെ കാരണം. 
ഇവിടുത്തെ ഏറ്റവും വലിയ മനുഷ്യാവകാശ അടിച്ചമര്‍ത്തല്‍ ജാതിപരവും ജാതിയില്‍ അധിഷ്ഠിതവുമാണ്. സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിലും സവര്‍ണ്ണ ദൈവങ്ങളിലും അധിഷ്ഠിതമാണ് ജാതി. ജാതിയെ തകര്‍ക്കാന്‍ സവര്‍ണ്ണ പ്രത്യയശാസ്ത്രത്തേയും സവര്‍ണ്ണ-ബ്രാഹ്മണ ദൈവങ്ങളേയും തകര്‍ക്കണമെന്ന് അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്മൃതികളും ശാസ്ത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ബോംബിട്ട് നശിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ മാരകശക്തിയെ തിരിച്ചറിഞ്ഞതുകൊണ്ടും അത് അടിസ്ഥാന വര്‍ഗ്ഗങ്ങളെ എങ്ങനെ തകര്‍ത്തുകളയുമെന്നും മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹമത് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ വിമോചനവും ഭരണത്തില്‍ പങ്കാളിത്തവും നേടാന്‍ ശ്രമിക്കുന്നവരുണ്ട്. അംബേദ്കര്‍ സിദ്ധാന്തവും മാര്‍ക്സിസവും അംഗീകരിച്ചുകൊണ്ട് 95 ശതമാനത്തിന്റെ വിമോചനവും ഭരണകൂടവും പിടിച്ചടക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരും ഇന്ത്യയിലുണ്ട്. ഇത് ജനങ്ങള്‍ക്കിടയിലെ വൈരുദ്ധ്യമാണ്. പരിഹരിക്കാവുന്നതും പരിഹരിക്കേണ്ടതുമാണ്.

കേരളത്തിലെ ദളിത് മുന്നേറ്റങ്ങള്‍ എന്തുകൊണ്ടാണ് ശക്തിപ്പെടാത്തത്. പലയിടങ്ങളിലും പോയി ഉന്നതവിദ്യാഭ്യാസം നേടുന്ന ഒരു തലമുറ ഉണ്ടായിട്ടുകൂടി ?

പലയിടങ്ങളിലും പോയി ഉന്നതവിദ്യാഭ്യാസം നേടിയാല്‍ സമൂഹ വൈരുദ്ധ്യങ്ങള്‍ തിരിച്ചറിയാനും കാലത്തിനും സ്ഥലത്തിനും അനുയോജ്യമായ രീതിയില്‍ ചിന്തിക്കാനും സമരമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിച്ച് അടിസ്ഥാന വര്‍ഗ്ഗങ്ങളെ വിമോചനത്തിലേക്ക് എത്തിക്കാനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എഴുതാനും പ്രസംഗിക്കാനും അതുകൊണ്ട് കഴിയും. അത് പരോക്ഷ ജ്ഞാനം കൊണ്ടുള്ള ഒരു കളിയാണ്. വര്‍ഗ്ഗസമരത്തില്‍നിന്നും ഉല്‍പ്പാദന പ്രവര്‍ത്തനത്തില്‍നിന്നും ശാസ്ത്രീയ നിരീക്ഷണ പരീക്ഷണങ്ങളില്‍നിന്നുമാണ് പ്രത്യക്ഷ ജ്ഞാനം ആരംഭിക്കുന്നത്. അതാകട്ടെ, അനുഭവങ്ങളിലൂടെയാണ് നാം ആഗിരണം ചെയ്യുന്നത്. അതാണ് യഥാര്‍ത്ഥ ജ്ഞാനം. അതിനുവേണ്ടി നാം വര്‍ഗ്ഗസമരത്തിലേക്ക് ഇറങ്ങണം, പ്രകൃതിയിലേക്കിറങ്ങണം, ഉല്‍പ്പാദന പ്രവര്‍ത്തനത്തിലേക്കിറങ്ങണം. വരമ്പത്ത് നിന്നാല്‍ പോര, ചെളിയിലേക്കിറങ്ങണം. അപ്പോള്‍ കോളേജുകളില്‍നിന്നും സര്‍വ്വകലാശാലകളില്‍നിന്നും ലഭിച്ച പരോക്ഷ ജ്ഞാനത്തിന് പ്രകാശനം ലഭിക്കും. അത് ആഗിരണം ചെയ്യപ്പെടും. അപ്പോള്‍ പ്രാസംഗികന്‍ പറയുന്നത് സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാകും. ഇപ്പോഴവര്‍ പറയുന്നത് അവര്‍ക്കു തന്നെ പൂര്‍ണ്ണമായി ദഹിക്കാത്തതാണ്. അതുകൊണ്ടത് ജനങ്ങള്‍ക്കും മനസ്സിലാകില്ല. അതാണ് ദളിത് ബുദ്ധിജീവികള്‍ക്കും ദളിതര്‍ക്കുമിടയിലുളള വിടവിനു കാരണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ബൂര്‍ഷ്വാ-റിവിഷനിസ്റ്റ്-സവര്‍ണ്ണ പ്രത്യയശാസ്ത്ര വിധേയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരില്‍ പലര്‍ക്കും ചില നക്കാപ്പിച്ചകള്‍ നല്‍കി തങ്ങളുടെ കുടക്കീഴില്‍ ഉറപ്പിച്ചു നിര്‍ത്തിയിട്ടുമുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ദളിത് ബുദ്ധിജീവികളുമുണ്ട്. ഇടപെടുന്നവരേയും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. വര്‍ഗ്ഗസമരം അവര്‍ക്കൊരു പ്രശ്‌നമായി എനിക്ക് തോന്നിയിട്ടില്ല. വരമ്പത്തുനിന്ന് ചെളിയിലേക്കിറങ്ങാന്‍ അവരൊട്ടു തയ്യാറുമല്ല. വര്‍ഗ്ഗസമരത്തിലൂടെയും സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടത്തിലൂടെയും മാത്രമേ അംബേദ്കര്‍ ചിന്ത ദളിതരിലേക്ക് ആഴത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിയൂ. അതിന് എഴുത്തും പ്രസംഗവും മാത്രം പോര. 
 
വര്‍ഗ്ഗസമരങ്ങളെ എങ്ങനെയാണ് സവര്‍ണ്ണ പ്രത്യയശാസ്ത്രങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത്?

വിധിവിശ്വാസം ഒന്നാന്തരമൊരു ഉദാഹരണമാണ്. മുജ്ജന്മത്തില്‍ സുകൃതം ചെയ്തവന് ഈ ജന്മത്തില്‍ ബ്രാഹ്മണ്യവും സ്വര്‍ഗ്ഗീയ ജീവിതവും മുജ്ജന്മത്തില്‍ പാപം ചെയ്തവന് നീച ജാതിയും നാണംകെട്ട നരകജീവിതവും. ഇത് ദൈവവിധിയാണ്. അപ്പോള്‍ പിന്നെ വര്‍ഗ്ഗസമരത്തിന് എന്താണ് പ്രസക്തി. അവിടെ വര്‍ഗ്ഗസമരം തലവിധിയെഴുതിയ ദൈവത്തിന് എതിരായ സമരമായില്ലേ. പുരാണങ്ങളും ഇതിഹാസങ്ങളും നമ്മെ പഠിപ്പിച്ച എല്ലാ കാഴ്ചപ്പാടിനും എതിരല്ലേ അത്.

വര്‍ഗ്ഗസമരത്തില്‍നിന്ന് വര്‍ഗ്ഗീയതയിലേക്കുള്ള മാറ്റം?

ഇന്ത്യന്‍ ജാതികളെ സംബന്ധിച്ച് ലോഹ്യയുടെ ഒരു മഹത്തായ നിര്‍വ്വചനമുണ്ട്. ''ചലനാത്മകമായ ജാതിയാണ് വര്‍ഗ്ഗമെന്നും ഘനീഭവിച്ച വര്‍ഗ്ഗമാണ് ജാതിയെന്നും. ജാതി നിര്‍മ്മൂലനം എന്ന അംബേദ്കര്‍ കൃതിയുടെ ഒരു സംഗ്രഹമാണതെന്ന് പറയാം. ഉല്‍പ്പാദന ശക്തികളുടെ വികസനത്തിനനുയോജ്യമായി എല്ലാ രാജ്യത്തും വ്യത്യസ്ത കാലങ്ങളില്‍ വര്‍ഗ്ഗ വിഭജനം ഉണ്ടായിട്ടുണ്ട്. പ്രവൃത്തിവിഭജനം നടത്തിയാല്‍ മെച്ചപ്പെട്ട രീതിയില്‍ ഉല്‍പ്പാദന പ്രവര്‍ത്തനം നടത്താം എന്ന് മനുഷ്യസമൂഹം മനസ്സിലാക്കിയതുകൊണ്ടാണ് വര്‍ഗ്ഗവിഭജനം ഉണ്ടായത്. വര്‍ഗ്ഗങ്ങള്‍ക്ക് സ്ഥായീഭാവം വന്നത് ഇവിടെ മാത്രമാണ്. ഇവിടെ മരപ്പണി എടുത്താല്‍ ആശാരിയാകും. അയാള്‍ക്ക് ആശാരി സമൂഹത്തില്‍നിന്നേ പെണ്ണ് കിട്ടുകയുള്ളൂ. ആ തൊഴില്‍ ചെയ്യുന്നവരുമായി മാത്രമേ അയാള്‍ക്ക് അടുത്ത ബന്ധമുള്ളൂ. വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ ജാതികളായി ഘനീഭവിച്ചുപോയതിങ്ങനെയാണ്. അതിനെ ഉറപ്പിച്ചു നിര്‍ത്താന്‍ ആവശ്യമായ പ്രത്യയശാസ്ത്ര നിര്‍മ്മാണം നടത്തിയത് ആര്യ ബ്രാഹ്മണരാണ്. മറ്റു രാജ്യങ്ങളില്‍ ആശാരിയും മൂശാരിയും തട്ടാനുമെല്ലാം തൊഴിലാളികളാണ്. ഒരേ വര്‍ഗ്ഗമാണ്. ഇന്ത്യയെപ്പോലെ പരസ്പരം വെള്ളം കയറാത്ത കള്ളികളിലാക്കി അടച്ചുപൂട്ടിയിട്ടില്ല. 

സവര്‍ണ്ണ പ്രത്യയശാസ്ത്രം വര്‍ഗ്ഗസമരത്തെ വര്‍ഗ്ഗീയമാക്കിയതിന്റെ ഒരു ഉദാഹരണമാണ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നടക്കേണ്ട ആദിവാസി-ദളിത്-പിന്നാക്ക വര്‍ഗ്ഗ സമരത്തിനു പകരം മണ്ഡല്‍ വിരുദ്ധ സമരമാക്കി, വര്‍ഗ്ഗീയ സമരമായി ആളിക്കത്തിക്കുകയായിരുന്നു. പിന്നീട് ആ സമരം ബാബറി മസ്ജിദ് തകര്‍ക്കല്‍ സമരമായി വികസിപ്പിച്ചു. ഇപ്പോള്‍ രാജ്യത്തുടനീളം മുസ്ലിമിന്റെ പേരിലും ചണ്ഡാലന്റെ പേരിലും വിശുദ്ധ പശുവിന്റെ പേരിലുമെല്ലാം നടക്കുന്ന സമരങ്ങള്‍ വര്‍ഗ്ഗസമരങ്ങളെ എങ്ങനെ അട്ടിമറിച്ച് വര്‍ഗ്ഗീയ സമരങ്ങളാക്കാം എന്നതിന്റെ ഉദാഹരണങ്ങളാണ്. എല്ലാത്തിന്റേയും ഊര്‍ജ്ജവും വെടിമരുന്നും ഒന്നുതന്നെ. നമ്മുടെ കുട്ടിക്കാലം തൊട്ട് നാമറിയാതെ നമ്മില്‍ നിറച്ച സവര്‍ണ്ണ പ്രത്യയശാസ്ത്ര ഊര്‍ജം. അമ്മയുടെ മുലപ്പാലില്‍ നിന്നുതന്നെ അത് തുടങ്ങുന്നു എന്നു പറയാം. ആചാരങ്ങള്‍, സമ്പ്രദായങ്ങള്‍, ഐതിഹ്യങ്ങള്‍ തുടങ്ങിയവയിലൂടെ നാമറിയാതെ അത് ആഗിരണം ചെയ്യുകയാണ്. ഇത്തരം കള്ളക്കഥകളില്‍ പലതും ന്യൂനപക്ഷ വിരോധം ആളിക്കത്തിക്കുന്നതുമാണ്. 

ഈ അടുത്ത് ഉത്തരേന്ത്യയില്‍ നടന്ന സംഭവം നോക്കൂ. അവിടെ ഒരു ട്രെയിന്‍ കംപാര്‍ട്ടുമെന്റില്‍ കയറിയ മനുഷ്യര്‍ വിവിധ ജോലികള്‍ കഴിഞ്ഞ് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകുന്നവരായിരുന്നു. സ്വന്തം ജോലിസ്ഥലങ്ങളില്‍ ഏകോദര സഹോദരങ്ങളെപ്പോലെ പെരുമാറിയ വിവിധ ജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍. പക്ഷേ, ജുനൈദ് എന്നൊരു മുസ്ലിം ചെറുപ്പക്കാരനെ അവര്‍ ആ കംപാര്‍ട്ട്മെന്റിലിട്ട് പച്ചയ്ക്ക് കൊന്നു. അതിന് പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിരുന്നില്ല. മുന്‍കൂട്ടി പ്ലാനും ഉണ്ടായിരുന്നില്ല. അവര്‍ പരസ്പരം അറിയുന്നവര്‍ പോലും ആയിരുന്നില്ല. അവര്‍ സംഘപരിവാറും ആയിരുന്നില്ല. പക്ഷേ, അവര്‍ ഹിന്ദുക്കളായിരുന്നു. സവര്‍ണ്ണ പ്രത്യയശാസ്ത്രം ഏതെങ്കിലും തരത്തില്‍ കുരുന്നിലെ തന്നെ ഉള്‍ക്കൊണ്ടവരായിരുന്നു. അവര്‍ തമ്മിലുള്ള സംസാരത്തിന്റെ ഒരു ഘട്ടത്തില്‍ അതൊരുതരം ഹിസ്റ്റീരിയ ആയി, വെടിമരുന്നായി. ചെറിയ ഒരു അഗ്‌നിസ്ഫുലിംഗം- എല്ലാവരിലും അതൊന്നിച്ചു പൊട്ടി. എങ്ങനെ അത് സംഭവിച്ചു എന്ന് അവര്‍ക്കുതന്നെ അറിയില്ല. അവര്‍ക്കത് വിശദീകരിക്കാന്‍ കഴിഞ്ഞില്ല. കേസിലുള്‍പ്പെട്ടവര്‍ പൊലീസില്‍ കൊടുത്ത മൊഴിയില്‍ അതുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷത്തിന്റെ തലയില്‍ സവര്‍ണ്ണ പ്രത്യയശാസ്ത്ര വെടിമരുന്ന് നിറച്ചത് സംഘപരിവാറല്ല. സംഘപരിവാര്‍ അത് തിരിച്ചറിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ആ വെടിമരുന്നിന് തങ്ങള്‍ക്കനുകൂലമായ സന്ദര്‍ഭങ്ങളില്‍ തീകൊടുക്കാന്‍ അവര്‍ക്ക് കഴിയുന്നുമുണ്ട്.
ഇതിനെ എങ്ങനെ നേരിടണം എന്ന പ്രശ്‌നം അതിസങ്കീര്‍ണ്ണം തന്നെയാണ്. പ്രത്യയശാസ്ത്രരംഗത്തെ പോരാട്ടം തന്നെയാണ് പ്രധാനം. പക്ഷേ, പ്രത്യയശാസ്ത്ര സമരത്തില്‍ പ്രശ്‌നം അവസാനിക്കില്ല. അത് ആരംഭിക്കുകയേയുള്ളൂ. വര്‍ഷങ്ങളായി സ്വര്‍ഗ്ഗീയ ജീവിതം നയിച്ചവര്‍ അത് സ്വമേധയാ വിട്ടൊഴിഞ്ഞത് ലോകചരിത്രത്തിലില്ല. സ്വന്തം സുഖഭോഗങ്ങള്‍ സംരക്ഷിക്കാന്‍ പൂര്‍ണ്ണതോതില്‍ ആയുധസജ്ജരാണവര്‍. പരാജയം മണത്താല്‍ അവരത് ഉപയോഗിക്കും. ഇന്ത്യയില്‍ അവരത് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ആയുധമെടുത്തുകൊണ്ടല്ലാതെ ജനങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ഇവിടെ മാവോയിസ്റ്റുകള്‍ ഗറില്ലാപോരാട്ടം ആരംഭിച്ചിട്ട് 50 വര്‍ഷത്തോളമായി. അവര്‍ക്ക് തെറ്റുകള്‍ പറ്റുന്നുണ്ട്. ചില തെറ്റുകളിലേക്കവരെ എത്തിച്ചത് ഭരണാധികാരികള്‍ തന്നെയാണ്. അവര്‍ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഭൂരിപക്ഷത്തിന്റെ ദുരിതജീവിതം അങ്ങനെത്തന്നെ തുടരുകയുമാണ്. അത് പരിഹരിക്കാന്‍ സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തില്‍ വന്ന ഒരു ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല. സായുധസമരത്തിലൂടെയേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്ന് ഭൂരിപക്ഷം ജനത മനസ്സിലാക്കുന്ന ദിനങ്ങള്‍ വരിക തന്നെ ചെയ്യും. അവര്‍ പിന്തുണയ്ക്കാന്‍ തുടങ്ങിയാല്‍ കാടുകളിലും പര്‍വ്വതങ്ങളിലുമുള്ള ഗറില്ലാപോരാട്ടം നിലയുറപ്പിച്ച പോരാട്ടമായി വികസിക്കുമെന്നും അവസാനം ജനങ്ങള്‍ വിജയിക്കുമെന്നുമാണ് എന്റെ വിശ്വാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com