സമസ്ത കുതറുന്നത് ആരുടെ പിടിയില്‍നിന്ന്

1989ല്‍ അവിഭക്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമപിളര്‍ന്ന് കാന്തപുരം വിഭാഗം വേറെ പോയ ശേഷം സമസ്തനേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര അസ്വാസ്ഥ്യമാണ്ഇപ്പോഴത്തേത്
സമസ്ത കുതറുന്നത് ആരുടെ പിടിയില്‍നിന്ന്

കേരളത്തിലെ മുസ്ലിം സമുദായത്തെ ആശയക്കുഴപ്പങ്ങളുടെ പടുകുഴിയില്‍ തള്ളിയിട്ടുവെന്ന മുജാഹിദ് പേരുദോഷം പങ്കുവയ്ക്കുന്നതില്‍നിന്നു രക്ഷിക്കാന്‍ മാത്രമാണോ പാണക്കാട്ടെ രണ്ടു യുവ തങ്ങന്മാരെ ഇ.കെ വിഭാഗം സുന്നി നേതൃത്വം താക്കീതു ചെയ്തത്. അല്ലല്ല, അതുമാത്രമല്ല. അതും ഒരു കാരണമാണെന്നു മാത്രം. പക്ഷേ, അതിനുമപ്പുറത്തു ചിലതുണ്ട്. മുസ്ലിം ലീഗില്‍നിന്നു കുതറിമാറി സ്വന്തം കാലില്‍ നില്‍ക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന ഇ.കെ വിഭാഗം സുന്നി പണ്ഡിതസഭയും അനുബന്ധ സംഘടനകളും നടത്തുന്ന ശ്രമമാണ് അത്; പെട്ടെന്നൊരു ദിവസം തുടങ്ങിയതുമല്ല. എന്നാലോ, ഇപ്പോഴതിന് ആക്കം കൂടിയിരിക്കുന്നു. കേരളത്തിലെ പൊതുവെയും മലബാറിലെ പ്രത്യേകിച്ചും മുസ്ലിം രാഷ്ട്രീയത്തേയും സമുദായസംഘടനാ പ്രവര്‍ത്തനങ്ങളേയും അതിനിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ചുഴികളും മലരികളുമുണ്ട് ഈ അടിയൊഴുക്കില്‍. ലീഗ് നേതൃത്വം അറിഞ്ഞിട്ടും പറഞ്ഞിട്ടുമാണ് രണ്ടുപേരും മുജാഹിദ് സമ്മേളനത്തിന് പോയത്. അതേ ലീഗ് നേതൃത്വം വിലക്കിയതുകൊണ്ടാണ് കാന്തപുരം വിഭാഗത്തിന്റെ സമ്മേളനത്തിനു വഖഫ് ബോര്‍ഡ് ചെയര്‍മാനായിട്ടും റഷീദലി തങ്ങള്‍ പോകാതിരുന്നതെന്ന് സമസ്ത തിരിച്ചറിയുകയും ചെയ്തു. എങ്കില്‍ അവരിനി ലീഗില്‍ മാത്രം നില്‍ക്കേണ്ടിവരും, ഇവിടെ വേണ്ട എന്ന തീരുമാനത്തിലേക്കാണ് സമസ്ത കാലെടുത്തുവച്ചത്. ലീഗിനെത്തന്നെ ഉന്നംവച്ചാണ് ഇരുവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചതും.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുള്‍പ്പെടുന്ന ഉന്നത നേതൃനിരയിലെ വലിയൊരു വിഭാഗത്തിനു വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. എന്നാല്‍, സമസ്ത നേതാവുകൂടിയായ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുള്‍പ്പെടെ ലീഗ്പക്ഷ സമസ്ത നേതാക്കളോടുള്ള വിട്ടുവീഴ്ചയില്ലായ്മ കൂടിയായിരുന്നു അത്. ഖേദപ്രകടനം എന്ന് സമസ്തയും സമസ്തയുടെ വിഷമം മനസ്സിലാക്കല്‍ മാത്രം എന്ന് മുനവ്വറലി-റഷീദലിമാരും പറയുന്ന നാലുവരി പത്രക്കുറിപ്പോടെ തല്‍ക്കാലം കാറ്റടങ്ങി; തല്‍ക്കാലത്തേക്കു മാത്രം. ഇത് ഇവിടംകൊണ്ടൊന്നും തീരില്ല. ലീഗിന്റെ അടിവേരിലേക്ക് സമസ്ത ഉയര്‍ത്തിയ മഴുവിന് രാഷ്ട്രീയ മൂര്‍ച്ചയേറെയാണ്, പലതുകൊണ്ടും. മുജാഹിദ് സമ്മേളന വിവാദം അതിന്റെ ഒരു ഭാഗം മാത്രം. മുസ്ലിം സമുദായ സംഘടനകളെല്ലാം പാര്‍ട്ടിയെ വലംവയ്ക്കുന്ന ഉപഗ്രഹങ്ങളായിരിക്കണം എന്ന മുസ്ലിം ലീഗിന്റെ ആഗ്രഹം കാലം കുറേയായി സാധിച്ചുകൊടുത്തുകൊണ്ടിരുന്ന സമസ്ത അത് അവസാനിപ്പിക്കുന്നിടത്ത്  തുടങ്ങുന്നു പുതിയ ധ്രുവീകരണങ്ങള്‍. 

സമസ്തയിലെ വി.എസ്.

മുസ്ലിം ലീഗ് ആഗ്രഹിക്കുന്ന സമയത്തൊക്കെ അവര്‍ പറയുന്ന സംഘടനകള്‍ ഐക്യപ്പെട്ടുകൊള്ളണം എന്നത് അവരുടെ അജന്‍ഡയാകുന്നു. ഇത് ഒട്ടുമിക്ക മുസ്ലിം സംഘടനകള്‍ക്കും അറിയാവുന്നതും നേതാക്കളൊക്കെ തരംപോലെ പരസ്യമായും രഹസ്യമായും വെളിപ്പെടുത്തുന്നതുമാണ്. ഇപ്പോള്‍ സമസ്ത ലീഗിനെ ശരിക്കും വെട്ടിലാക്കിയിരിക്കുന്നു. കാന്തപുരം വിഭാഗത്തിന്റെ സമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ പങ്കെടുക്കാതിരിക്കുന്നതിനെപ്പോലും അവര്‍ സംശയത്തോടെ കാണുകയും ചെയ്യുന്നു. മുജാഹിദ് സമ്മേളനത്തില്‍ റഷീദലി തങ്ങളും മുനവ്വറലി തങ്ങളും പങ്കെടുത്തത് മുസ്ലിം ഐക്യത്തിനു വേണ്ടിയാണ് എന്ന ലീഗ് വാദം കാന്തപുരത്തിന്റെ കാര്യത്തിലും ബാധകമല്ലേ എന്നാണ് ചോദ്യം. ലീഗിനു വോട്ടു ചെയ്യുന്ന മുസ്ലിം സംഘടനകളുടെ ഐക്യമാണ് അവര്‍ പറയുന്ന സമുദായ ഐക്യം എന്ന തീര്‍പ്പില്‍ മുന്‍പേ സമസ്ത എത്തിച്ചേര്‍ന്നതാണ്. എന്നാല്‍, അതിനനുസരിച്ച് സ്വന്തം കാര്യപരിപാടി തയ്യാറാക്കുന്നു എന്നതാണ് ഇപ്പോഴത്തെ സവിശേഷത. ഇക്കാര്യം പരസ്യമായി വെളിപ്പെടുത്താന്‍ പോലും ഒരു ഘട്ടത്തില്‍ അവര്‍ ആലോചിച്ചു. മുജാഹിദ് സമ്മേളനം നടന്ന കൂരിയാട് തന്നെ സമസ്ത സമ്മേളനം നടത്തുമ്പോഴും ഒരു വിഭാഗം നേതാക്കള്‍ ആ ദിശയില്‍ ചിന്തിച്ചിരുന്നു. അതുണ്ടായില്ലെങ്കിലും പാണക്കാട് കുടുംബത്തിന്റെ സ്വീകാര്യതയോ സ്വാധീനമോ അപ്രമാദിത്തമോ ഉപയോഗിച്ച് സമുദായ ഐക്യമുണ്ടാക്കുന്ന ലീഗ് ലൈന്‍ പൊളിക്കാന്‍ ഇപ്പോഴത്തെ ശക്തമായ നിലപാടിലൂടെ അവര്‍ക്കു കഴിഞ്ഞു.
വിട്ടുവീഴ്ചയില്ലാതെ സലഫി വിരുദ്ധവും സുന്നി ആദര്‍ശപരവുമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായതോടെയാണ് സമസ്ത പിടിമുറുക്കിത്തുടങ്ങിയത്. അങ്ങനെ അദ്ദേഹത്തിന്  'സമസ്തയിലെ വി.എസ്' എന്ന പേരും വീണു. മലപ്പുറം കൊണ്ടോട്ടി കീഴിശേരി സ്വദേശിയായ ജിഫ്രി തങ്ങള്‍ വിഖ്യാത പണ്ഡിതനായിരുന്ന ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ ശിഷ്യനാണ്. മുന്‍പ് സമസ്ത ട്രഷററായിരുന്നു. അദ്ദേഹത്തിന്റെ കര്‍ക്കശ നിലപാടുകളെക്കുറിച്ച് മുന്‍പേ അറിയാമായിരുന്നതുകൊണ്ട്  സമസ്തയുടെ അധ്യക്ഷനായി ജിഫ്രി തങ്ങള്‍ വരാതിരിക്കാനും പകരം പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരെയോ സമീപകാലത്ത് അന്തരിച്ച പ്രമുഖ പണ്ഡിതന്‍ കോട്ടുമല ബാപ്പു മുസ്ലിയാരെയോ പ്രസിഡന്റാക്കാനും ലീഗ് നേതൃത്വം ശ്രമിച്ചത് രഹസ്യമല്ല. സമസ്ത മുശാവറ (കൂടിയാലോചനാ സമിതി) ചേരുന്നത് കുറച്ചുകാലമായി ഹൈദരലി തങ്ങളുടെ സൗകര്യം മാത്രം കണക്കിലെടുത്തായി മാറിയിരുന്നു. തങ്ങള്‍ക്ക് സമയവും സൗകര്യവുമുണ്ടോ എന്നു നോക്കുന്ന ആ രീതിക്ക് മാറ്റം വരുത്തിക്കൊണ്ടാണ് ജിഫ്രി തങ്ങള്‍ സാന്നിധ്യം അറിയിച്ചു തുടങ്ങിയത്. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരോട് അത് തുറന്നു പറഞ്ഞ സന്ദര്‍ഭവുമുണ്ടായി. ചുമതലയേറ്റ ശേഷം മുശാവറ വിളിക്കാന്‍ ആലിക്കുട്ടി മുസ്ലിയാരോട് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി തങ്ങളുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കാം എന്നായിരുന്നു. തങ്ങളുടെ സൗകര്യം നോക്കിയിട്ടല്ല മുശാവറ വിളിക്കേണ്ടതെന്ന് അന്നാണ് വെട്ടിത്തുറന്നു പറഞ്ഞത്. കൃത്യമായ ഇടവേളകളില്‍ മുശാവറ വിളിക്കാനും നിര്‍ദ്ദേശം നല്‍കി. മാത്രമല്ല, സമസ്തയുടെ നേതൃയോഗങ്ങള്‍ പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ ചേരുന്ന രീതിയും മാറുകയാണ്. സമസ്തയുടെ യോഗം സമസ്തയുടെ ഓഫീസിലാണ് ചേരേണ്ടത്, അതിനല്ലേ ഓഫീസ് ഉണ്ടാക്കിയത് എന്നാണ് ജിഫ്രി തങ്ങളുടെ നിലപാട്. ഇപ്പോഴത്തെ വിവാദം ചര്‍ച്ചചെയ്ത് റഷീദലിക്കും മുനവ്വറലിക്കുമെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ച യോഗം ചേര്‍ന്നത് മലപ്പുറം ചേളാരിയിലെ സമസ്ത ആസ്ഥാനത്താണ്. സമസ്തയില്‍ ജനറല്‍ സെക്രട്ടറി അധികാര കേന്ദ്രമായിരുന്ന സ്ഥിതിക്കും പുതിയ അധ്യക്ഷന്‍ വന്നതോടെ മാറ്റമുണ്ടായി. അധ്യക്ഷന്റെ അധികാരവും പ്രാധാന്യവും ജിഫ്രി തങ്ങള്‍ തിരിച്ചു പിടിച്ചു എന്നും പറയാം. ലീഗിനു പ്രിയങ്കരനായ ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ഇതോടെ തിളക്കം കുറഞ്ഞു.
സമസ്തയിലേയും സുന്നി യുവജനസംഘം-സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ നേതൃത്വത്തിലേയും തീപ്പൊരി നേതാക്കള്‍ ജിഫ്രി തങ്ങള്‍ക്കു പിന്നില്‍ ഉറച്ചു നില്‍ക്കുന്നവരാണ്. ഉമര്‍ ഫൈസി മുക്കം, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ ആ ഫയര്‍ബ്രാന്‍ഡ് സംഘത്തെ നയിച്ച് ലീഗിന്റെ കണ്ണിലെ കരടായവരും. രാഷ്ട്രീയ താല്‍പ്പര്യമില്ലാത്തവര്‍ എന്നും അതുകൊണ്ടുതന്നെ ലീഗിന്റെ പ്രീതിക്കു ശ്രമിക്കാത്തവര്‍ എന്നുമാണ് ഇവരെക്കുറിച്ചുള്ള പൊതു അഭിപ്രായം. നാസര്‍ ഫൈസി കൂടത്തായിയുടേയും അബ്ദുസ്സമദ് പൂക്കോട്ടൂരിന്റേയും മറ്റും നേതൃത്വത്തില്‍ മറ്റൊരു വിഭാഗം ലീഗ് പക്ഷത്തും ഉറച്ചുനില്‍ക്കുന്നു. 
സമസ്ത ലീഗിന്റെ പോഷകസംഘടനയെപ്പോലെ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ സംഘടന ദുര്‍ബ്വലമായെന്നും അതുപയോഗിച്ച് കാന്തപുരം വിഭാഗം സമുദായത്തില്‍ ഇടം വര്‍ധിപ്പിച്ചുവെന്നുമാണ് ജിഫ്രി തങ്ങള്‍ പക്ഷത്തിന്റെ വിമര്‍ശനവും പരാതിയും. അത്തരമൊരു പക്ഷം സമസ്തയില്‍ രൂപപ്പെട്ടിരിക്കുന്നു എന്നതുതന്നെയാണ് പ്രധാനം. 1989-ല്‍ അവിഭക്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിളര്‍ന്ന് കാന്തപുരം വിഭാഗം വേറെ പോയ ശേഷം സമസ്ത നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര അസ്വാസ്ഥ്യമാണ് ഇപ്പോഴത്തേത്. സംഘടനാപരമായ സ്വന്തം വ്യക്തിത്വം തിരിച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്നവരും ലീഗിനോടുള്ള വിധേയത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരും തമ്മില്‍ സമസ്തയ്ക്കുള്ളില്‍ നടക്കുന്ന കലാപമെന്നു വിളിക്കുന്നതും തെറ്റാകില്ല. സമസ്തയ്ക്ക് സമസ്തയുടെ നിലയും വിലയും വേണമെന്നാണ് ജിഫ്രി തങ്ങള്‍ പക്ഷത്തിന്റെ ആലോചിച്ചുറച്ച നയം. പാണക്കാട് തങ്ങള്‍ കുടുംബത്തിലെ രണ്ടുപേരുമായി ബന്ധപ്പെട്ട വിവാദം സമസ്തയുടെ 'മേശപ്പുറത്ത്' എത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ അവര്‍ അഭിമാനിക്കുന്നതും ഇതിന്റെ തുടര്‍ച്ചയാണ്. അതൊരു വലിയ സംഭവമായിത്തന്നെ രണ്ടു പക്ഷവും കാണുന്നു. ആ കാഴ്ചപ്പാടിലെ വ്യത്യാസം സമസ്തയ്ക്കുള്ളില്‍ പുകയുക തന്നെയാണ്. 
സമസ്തയുടേയും ലീഗിന്റേയും ഉന്നത നേതാവായിരുന്ന ബാഫഖി തങ്ങളുടെ മക്കള്‍ കോഴിക്കോട്ടുണ്ടെന്നും അവരുടെ കൈ മുത്താനൊന്നും ആരും പോകാറില്ലെന്നും പാണക്കാട്ട് കുടുംബത്തെ സമുദായത്തിനും സമൂഹത്തിനും മുന്‍പില്‍ വലിയ സ്ഥാനമുള്ളവരാക്കിയത് സമസ്തയാണെന്നും ജിഫ്രി തങ്ങള്‍ പക്ഷക്കാര്‍ അനൗപചാരിക സംഭാഷണങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പല ബിംബങ്ങളും ഉടയ്ക്കാന്‍ ഉദ്ദേശിച്ചാണ് താനും. ''പാണക്കാട് തങ്ങളുടെ രാഷ്ട്രീയ വ്യക്തിത്വത്തെയാണ് മറ്റു മുസ്ലിം സംഘടനകള്‍ അംഗീകരിക്കുന്നതും ആദരിക്കുന്നതും. എന്നാല്‍ പാണക്കാട്ട് കുടുംബത്തിന്റെ തന്നെ നിലനില്‍പ്പിനുപോലും കാരണമായ ആത്മീയ വ്യക്തിത്വം സമസ്തയാണ് അംഗീകരിക്കുന്നത്. ആത്മീയ വ്യക്തിത്വം സ്ഥാപിച്ചെടുത്ത ശേഷമാണ്, അതിന്റെ തുടര്‍ച്ചയായി മാത്രമാണ് അവരുടെ രാഷ്ട്രീയ വ്യക്തിത്വം ഉണ്ടായത്. അതുകൊണ്ടുതന്നെ സമസ്തയുടെ ആദര്‍ശപരമായ നിലപാടുകള്‍ അംഗീകരിക്കാന്‍ പാണക്കാട് തങ്ങന്മാര്‍ ബാധ്യസ്ഥരാണ്'' - സമസ്തയുടെ പ്രമുഖ നേതാക്കളിലൊരാള്‍ പറയുന്നു. തല്‍ക്കാലം പേരു വെളിപ്പെടുത്താന്‍ അദ്ദേഹത്തിനു മടിയുണ്ട്. എന്നാല്‍, സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസിക്ക് ആ മടിയില്ല. ''മുസ്ലിങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി വേണ്ടിടത്ത് പറയാനും ശബ്ദിക്കാനുമാണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി. രാഷ്ട്രീയമായി സമസ്തക്കാര്‍ അധികവും മുസ്ലിം ലീഗുകാരായിരിക്കും, മുസ്ലിം ലീഗുകാര്‍ അധികവും സമസ്തക്കാരുമായിരിക്കും. അത് ആശയപ്പൊരുത്തത്തിന്റെ പേരിലുള്ള ഒരു ഒത്തുകൂടലാണ്. ഭൗതികമായ കാര്യങ്ങള്‍ക്ക് രാഷ്ട്രീയം വേണം. രണ്ടും ഒന്നിച്ചുകൊണ്ടുപോകുന്നതിന് തരക്കേടൊന്നുമില്ല. പക്ഷേ, ആദര്‍ശം പണയംവച്ചുള്ള പ്രവൃത്തി ഒരു ആദര്‍ശവാദിക്ക് ചെയ്യാന്‍ പറ്റില്ല എന്നാണ് ഞങ്ങള്‍ പറയുന്നത്.'' തങ്ങന്മാര്‍ മുജാഹിദ് സമ്മേളനത്തിനു പോയതിനെ പരാമര്‍ശിച്ച് അദ്ദേഹം പറയുന്നു. 
സന്ദേശം കൃത്യമാണ്: ''മുജാഹിദ് സമ്മേളനത്തില്‍ പോകണ്ട എന്ന് സമസ്ത പറഞ്ഞാല്‍ പോകണ്ട എന്നുതന്നെ; അതു ലംഘിച്ച് പോയാല്‍ വിശദീകരിക്കേണ്ടിവരും. ചിലപ്പോള്‍ പുറത്താവുകയും ചെയ്യും.'' മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത് സമസ്തയെ വേദനിപ്പിച്ചെങ്കില്‍ ഖേദമുള്ളതായി പറഞ്ഞശേഷവും അവരെ സമസ്തയുമായി ബന്ധപ്പെട്ടു നേരത്തെ തീരുമാനിച്ച പരിപാടികളില്‍നിന്നുപോലും ബഹിഷ്‌കരിക്കുന്നത് ഇതുമായി ചേര്‍ത്താണ് കാണേണ്ടത്. പാണക്കാട് തങ്ങന്മാര്‍ സലഫി സമ്മേളനത്തില്‍ പങ്കെടുത്തത് വലിയ കുഴപ്പമായി ഭാവിചരിത്രം രേഖപ്പെടുത്തുമെന്നു വിശദീകരിച്ച് പാണക്കാട് കുടുംബത്തെ മൊത്തത്തിലൊന്ന് ആശയക്കുഴപ്പത്തിലാക്കുന്നതിലും സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം വിജയിച്ചു നില്‍ക്കുകയാണ്. അതായത് തങ്ങന്മാര്‍ സലഫി സമ്മേളനത്തിന് പോയത് സുന്നി ആദര്‍ശങ്ങള്‍ക്ക് അപമാനകരമാണെന്ന വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ തങ്ങള്‍ കുടുംബത്തിന് എളുപ്പത്തില്‍ സാധിക്കുന്നില്ല. അത് വ്രണമായി നീറിനീറി നില്‍ക്കുന്നു. 
റഷീദലി തങ്ങളെ കാന്തപുരം വിഭാഗത്തിന്റെ സമ്മേളനത്തിനും ക്ഷണിച്ചിരുന്നു, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍. എന്നാല്‍, സംഘടനയില്‍ അതിനോടു വിയോജിപ്പുണ്ടെന്നും എളാപ്പ (ഹൈദരലി തങ്ങള്‍) അനുവദിച്ചാല്‍ വരാമെന്നുമാണ് റഷീദലി മറുപടി നല്‍കിയത്. അതേസമയം, സലഫി സമ്മേളനത്തില്‍ ഹൈദരലി തങ്ങളുടെ ഇഷ്ടം പരിഗണിച്ചല്ല പോയതുതാനും. അവിടെയാണ് ലീഗിന്റെ താല്‍പ്പര്യങ്ങള്‍ മറയില്ലാതെ പ്രകടമാകുന്നത്. ലീഗിന് താല്‍പ്പര്യമുള്ള സംഘടനയുടെ സമ്മേളനത്തിനു പോകുമ്പോള്‍ അത് സുന്നി ആദര്‍ശത്തിനു വിരുദ്ധമാണെങ്കില്‍പ്പോലും പ്രശ്‌നമായി അവര്‍ കാണുന്നില്ല എന്ന വിമര്‍ശനത്തിന്റെ മുനയ്ക്ക് ചെറിയ മൂര്‍ച്ചയല്ല ഉള്ളത്. സമസ്തയും കാന്തപുരം വിഭാഗവും പങ്കുവയ്ക്കുന്നത് ആദര്‍ശപരമായി ഒരേ നിലപാടുകള്‍ തന്നെയാണ്. എന്നിട്ടും ലീഗിനെ കാന്തപുരം എതിര്‍ക്കുന്നതുകൊണ്ട് അവര്‍ക്ക് അയിത്തം. സുന്നി ഭൂരിപക്ഷമുള്ള പാര്‍ട്ടിയായ ലീഗില്‍ സലഫി നേതൃത്വത്തിന്റെ ആധിപത്യം നേടലായാണ് സമസ്ത ഇതിനെ കാണുന്നത്. കാന്തപുരത്തിന്റെ സമ്മേളനത്തിലേക്ക് ജിഫ്രി തങ്ങള്‍ക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍. അദ്ദേഹം പങ്കെടുക്കാതിരുന്നത് ലീഗിനെ തൃപ്തിപ്പെടുത്താനായിരുന്നില്ല, മറിച്ച്, ഔപചാരികതയുടെ പേരിലുള്ള ക്ഷണമായിരുന്നതുകൊണ്ടാണ് എന്നു വിശദീകരിക്കപ്പെടുന്നു. പണ്ഡിതശ്രേഷ്ഠനായിരുന്ന ഇ.കെ. അബൂബക്കര്‍ മുസ്ല്യാരുടെ ശിഷ്യനായിരുന്നതുകൊണ്ട് കാന്തപുരത്തിന് ജിഫ്രി തങ്ങളുമായി നല്ല ബന്ധമാണുള്ളത്. സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കാന്തപുരം ജിഫ്രി തങ്ങളെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. സ്‌നേഹപൂര്‍വ്വം ക്ഷണം നിരസിച്ചപ്പോള്‍ കാന്തപുരത്തിന്റെ പ്രതികരണം, എങ്കില്‍ കാര്യങ്ങളെല്ലാം നന്നാവാന്‍ പ്രാര്‍ത്ഥിക്കണം എന്നായിരുന്നു. അതുണ്ടാകും എന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇത് അവര്‍ തമ്മില്‍ നടന്ന ആശയവിനിമയത്തിന്റെ നേര്‍സാക്ഷ്യമാണ്. ശരീഅത്ത് വിവാദകാലത്ത് മറ്റു മുസ്ലിം സംഘടനകളെക്കൂടി പങ്കെടുപ്പിച്ച് സമസ്ത ഒരു പൊതുവേദി രൂപീകരിച്ചിരുന്നു. സുന്നി ആദര്‍ശങ്ങളെ പ്രതിനിധീകരിക്കാത്തവരുമായി വേദി പങ്കിട്ടു എന്നാണ് സമസ്തയുടെ ഭാഗമായിരുന്ന കാന്തപുരം അതിനെതിരെ ഉന്നയിച്ച വിമര്‍ശനം. പിളര്‍പ്പിലേക്ക് എത്തിച്ച വിയോജിപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു അത്. അന്ന് ജമാഅത്തെ ഇസ്ലാമിയും മുജാഹിദുകളുമായി വേദി പങ്കിട്ടവര്‍ ഇന്ന് മുജാഹിദുകളുമായി യുവനേതാക്കള്‍ വേദി പങ്കിടുന്നതിനെ എന്തിനു വിമര്‍ശിക്കുന്നു എന്നാണ് മുജാഹിദുകളും  'വേദി പങ്കിടല്‍ അനുകൂലികളും' ചോദിക്കുന്നത്. ഈ ചോദ്യം സമൂഹമാധ്യമങ്ങളില്‍ നിറയുന്നുമുണ്ട്. അതിനുള്ള മറുപടിയില്‍ സമസ്തയ്ക്കു സംശയമില്ല. ''മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വിധത്തില്‍ സലഫിസം നിഷേധാത്മകമായി മാറിയിരിക്കുന്നു. അതിനു കുട പിടിക്കാന്‍ ഞങ്ങളെ കിട്ടില്ല.'' ഉമര്‍ ഫൈസി പറയുന്നത് കേള്‍ക്കൂ: ''വഹാബിസം മുസ്ലിം സമുദായത്തിനുണ്ടാക്കിക്കൊണ്ടിരിക്കുന്ന  ദുഷ്പേരിനു മറപിടിക്കാനായിരിക്കണം സമസ്ത എന്ന് അറിയപ്പെടുന്ന പാണക്കാട്ടെ കുട്ടികളെ പങ്കെടുപ്പിച്ചത്. സലഫിസം ഇപ്പോള്‍ ഭീകരവാദത്തിന്റെ ആരോപണത്തിലിരിക്കുന്ന സമയത്ത് സമാധാനകേന്ദ്രമായി അറിയപ്പെടുന്ന പാണക്കാട്ടെ കുട്ടികള്‍ അതിനൊരു മറയാകുമല്ലോ എന്ന് കരുതിയിട്ടുണ്ടാകണം. പൊതുവായ പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ എല്ലാവരുമായും ഒന്നിക്കാറുണ്ട്. അതിനൊന്നും ഒരു പ്രശ്‌നവുമില്ല. ഉദാഹരണത്തിന്, ശരീഅത്ത്, ഏക സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങളിലൊക്കെ ഒന്നിച്ചു നില്‍ക്കാറുണ്ട്.''

തിരിച്ചറിവുകള്‍ പലവിധം

കാന്തപുരം വിഭാഗം പറയാറുള്ള ഒരു കാര്യമുണ്ട്: ''ഞങ്ങള്‍ മാത്രമേ കേരളത്തിലെ സുന്നി സംഘടനകളില്‍ മുസ്ലിം ലീഗിനോട് ഇഞ്ചോടിഞ്ച് പൊരുതി അതിജീവിച്ചിട്ടുള്ളു. അതിന്റെ വിരോധം ലീഗിന് എന്നുമുണ്ട്.'' ലീഗുകാര്‍ കാന്തപുരത്തിന്റെ സമ്മേളനത്തില്‍ പോകാതിരിക്കുക മാത്രമല്ല ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പോകുന്നത് തടയുകയും ചെയ്തതിനു കാരണവും വേറൊന്നുമല്ല. ആ വഴിക്ക് സമസ്തയും കൂടി നീങ്ങുമ്പോള്‍ ലീഗിന് നില്‍ക്കക്കള്ളിയില്ലാതാകും എന്നതിന് ചന്ദ്രിക ദിനപത്രത്തെ വെല്ലുവിളിച്ച് സമസ്തയുടെ സുപ്രഭാതം ദിനപത്രം നേടിയ വിജയം തന്നെയാണ് മികച്ച ഉദാഹരണം. സുപ്രഭാതം തടയാന്‍ ചെറിയ ശ്രമങ്ങളൊന്നുമല്ല ലീഗ് നടത്തിയത്. ഇപ്പോള്‍ കാന്തപുരം വിഭാഗത്തിന്റെ സമ്മേളനത്തില്‍നിന്ന് മാറിനില്‍ക്കാനും മറ്റുള്ളവരെ മാറ്റി നിര്‍ത്താന്‍ അതുപോലുള്ള കഠിനശ്രമവുമുണ്ടായി. ''സമുദായ ഐക്യം, മുസ്ലിം സൗഹൃദ വേദി, ഭിന്നതകള്‍ മറന്ന് ഒന്നിച്ചുനില്‍ക്കല്‍ എന്നൊക്കെ പറയുന്നത് നേതാക്കള്‍ കേസുകളില്‍ കുടുങ്ങുമ്പോഴും തീവ്രവാദ ബന്ധത്തിന്റെ പേരില്‍ സലഫികള്‍ പ്രതിരോധത്തിലാകുമ്പോഴും കലശലാകുന്ന ഒന്നാണ്. അപ്പോഴാണ് മോദിയാണ് ഭരിക്കുന്നത്, ട്രംപ് കണ്ണുരുട്ടുന്നുണ്ട്, റോഹിംഗ്യകള്‍ മുസ്ലിങ്ങളാണ്, മുസ്ലിം ഐക്യം അനിവാര്യമാണ് എന്നൊക്കെ ഓര്‍മ്മവരിക. സലഫികള്‍ക്കുവേണ്ടി ലീഗ് ഇതല്ല, ഇതിലും വലിയ ഭഗീരഥയത്‌നങ്ങള്‍ക്കും സന്നദ്ധമാകും. യു.ഡി.എഫിനെയല്ല, ഈ നാടിനേയും അവര്‍ ബലിയാടാക്കും. അതാണ് അതിന്റെയൊരു രാഷ്ട്രീയ രസതന്ത്രം.'' മാധ്യമപ്രവര്‍ത്തകനും കാന്തപുരം വിഭാഗത്തിനുവേണ്ടി സമൂഹമാധ്യമങ്ങളില്‍ ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന പി.കെ.എം. അബ്ദുറഹിമാന്‍ സഖാഫി പറയുന്നു.
മുസ്ലിം ലീഗിന് സാമുദായിക രാഷ്ട്രീയത്തിന്റെ പൊതുമുഖം ഉണ്ട് എന്നല്ലാതെ മറ്റു പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ളതുപോലെ ഒരു നയരേഖയോ പാര്‍ട്ടിപ്പരിപാടിയോ ഇല്ല. ഇവ ഉണ്ടാക്കാനുള്ള ശ്രമത്തിനു 2005-ല്‍ തുടക്കമിട്ടിരുന്നു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് (അന്ന് നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട് - എന്‍.ഡി.എഫ്) എന്നീ മതമൗലികവാദ, തീവ്രവാദ ആരോപണം നേരിടുന്ന സംഘടനകളെ സമുദായ മുഖ്യധാരയില്‍നിന്ന് 'അപരവല്‍ക്കരിക്കുക' എന്നതുള്‍പ്പെടെയായിരുന്നു ആ ശ്രമത്തിന്റെ കാതല്‍. കൃത്യമായിരുന്നു അജന്‍ഡ. അതിനു യോജിച്ച ഒരു കരടു രൂപരേഖ എം.കെ. മുനീറും കെ.എം. ഷാജിയും മറ്റും ചേര്‍ന്ന് തയ്യാറാക്കുകയും ചെയ്തു. സമസ്തയുടേയും നദ്വത്തുല്‍ മുജാഹിദിന്റേയും നേതാക്കളെ ചേര്‍ത്ത് എം.കെ. മുനീറിന്റെ ശ്രമഫലമായി ആ ദിശയില്‍ കുറേ നീങ്ങുകയും ചെയ്തു. കോഴിക്കോട് ദയാപുരത്ത് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ശില്‍പ്പശാലയും നടത്തി. എം.എന്‍. കാരശേരിയും മറ്റും പങ്കെടുത്ത ശില്‍പ്പശാല. ഐ.എസ്.എം. (ഇത്തിഹാദു ശുബ്ബാനുല്‍ മുസ്ലിമൂന്‍), എം.എസ്.എം (മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ്) എന്നീ മുജാഹിദ് സംഘടനകളും സമസ്തയുടെ എസ്.കെ.എസ്.എസ്.എഫും (സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍) മുസ്ലിം യൂത്ത് ലീഗും ഇതുമായി ഒരുപോലെ സഹകരിച്ചു. ഒരേ സമയം കാന്തപുരം വിരുദ്ധവും കൂടിയായിരുന്നു ആ നീക്കം. കാന്തപുരം വിരോധത്തിലൂടെയാണ് അതിന്റെ സി.പി.എം വിരോധം പ്രകടമാക്കിയത്. കെ.എം. ഷാജി പിന്നീട് മുജാഹിദ് സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കുകയും പലപ്പോഴും സുന്നികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഖുറാഫികള്‍ (അന്ധവിശ്വാസികള്‍) എന്നായിരുന്നു വിമര്‍ശനം. അത്തരമൊരു പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ''മുജാഹിദുകളേ നിങ്ങള്‍ ഭിന്നിച്ചുപോകരുത്, നിങ്ങള്‍ ഇവിടെ ഐക്യത്തോടെ നിലനിന്നാല്‍ മാത്രം മതി ഈ ഖുറാഫാത്ത് (അന്ധവിശ്വാസം) തനിയെ ഇല്ലാതാകും'' എന്നാണ് അതില്‍ ഷാജിയുടെ പരാമര്‍ശം. സമസ്തയ്ക്കുള്ളില്‍ അതുണ്ടാക്കിയ രോഷം ചെറുതായിരുന്നില്ല. യൂത്ത് ലീഗ് നേതാവ് എന്ന നിലയില്‍ ആ സംഘടനയിലെ സുന്നി ഭൂരിപക്ഷത്തിന്റെ കൂടി നേതാവായിരുന്നു ഷാജി. പിന്നീട് പലപ്പോഴും സമസ്ത പ്രതിനിധാനം ചെയ്യുന്ന സുന്നി നിലപാടുകളെ 'മുല്ലാ രാഷ്ട്രീയം' എന്ന് ഷാജി പരിഹസിച്ചതായും സമസ്തയ്ക്ക് പരാതിയുണ്ട്. സമസ്തയോട് ആദര്‍ശപരമായി ലീഗിന് താല്‍പ്പര്യമില്ലെന്നും വോട്ടുബാങ്ക് മാത്രമായാണ് കാണുന്നത് എന്നുമുള്ള ബോധ്യത്തിലേക്ക്  സമസ്ത ശരിക്കും എടുത്തെറിയപ്പെടുന്നതാണ് പിന്നെ കണ്ടത്. 2014-15 എത്തിയപ്പോഴേയ്ക്കും സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമസ്തയിലെ തീപ്പൊരി നേതാക്കള്‍ ലീഗിനെതിരെ പരസ്യ നിലപാടെടുത്തു. ലീഗ് സലഫികള്‍ക്കൊപ്പമാണെന്നു മാത്രമല്ല, കെ.എം. ഷാജി സലഫി ഏജന്റാണെന്നും അവര്‍ അണികളോടു പറഞ്ഞുതുടങ്ങി. ജമാഅത്തെ ഇസ്ലാമിയേയും പോപ്പുലര്‍ ഫ്രണ്ടിനേയും തീവ്രവാദ, ഭീകരവാദ നിലപാടുകളുടെ പേരില്‍ അതിശക്തമായി കടന്നാക്രമിച്ച ഷാജി ഐ.എസ് റിക്രൂട്ട്മെന്റ് പോലെ സലഫികളെ പ്രതിക്കൂട്ടിലാക്കിയ വിഷയങ്ങളില്‍ പാലിച്ച മൗനം ഈ വാദത്തിനു ശക്തി പകരുകയും ചെയ്തു. മുജാഹിദുകളുടെ വേദിയില്‍ അവരുടെ പോഷക സംഘടനയായ ഐ.എസ്.എം നേതാവ് അബ്ദുല്‍ മജീദ് സ്വലാഹി സുന്നികളെ സൂഫി തീവ്രവാദികള്‍ എന്നു വിളിച്ചതും സമസ്തയുടെ നേതൃത്വത്തില്‍ 'ഐ.എസ്, സലഫിസം, ഫാസിസം' എന്ന പേരില്‍ വന്‍ ക്യാംപെയിന്‍ തുടങ്ങിയതും അതിനു തൊട്ടുപിന്നാലെയാണ്. ഈ ക്യാംപെയിന്‍ തലക്കെട്ടില്‍നിന്ന് സലഫിസത്തെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മുജാഹിദുകള്‍ക്കുവേണ്ടി സമസ്തയില്‍ ലീഗ് വന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പാണക്കാട് ഹൈദരലി തങ്ങള്‍ മുഖേന ഉന്നത ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റേയും മറ്റും നേതൃത്വത്തിലായിരുന്നു ഇടപെടല്‍. എന്നാല്‍, സമസ്ത വഴങ്ങിയില്ല. ക്യാംപെയിന്‍ കുറിക്കു കൊണ്ടതോടെ തുര്‍ക്കിയിലെ ഫതഹുല്ലാ ഗുലാന്റെ സൂഫി തീവ്രവാദവുമായി ചെമ്മാട് ദാറുല്‍ ഹുദാ അറബി കോളേജിലെ കുട്ടികള്‍ക്കും സമസ്തയ്ക്കും ബന്ധമുണ്ട് എന്ന വിചിത്രമായ ആരോപണം അബ്ദുല്‍ മജീദ് സ്വലാഹി ഉന്നയിച്ചു. ഈ സമയത്തൊക്കെ ലീഗ് മൗനംകൊണ്ട് സലഫികള്‍ക്കൊപ്പം നിന്നു എന്ന വികാരം സമസ്തയിലെ ഭൂരിപക്ഷത്തെ ഉലച്ചുകൊണ്ടിരുന്നു; തക്കം കിട്ടാന്‍ അവര്‍ കാത്തിരിക്കുകയും ചെയ്തു. മതാധിഷ്ഠിത പാഠ്യപദ്ധതി പഠിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്ന എറണാകുളത്തെ പീസ് ഫൗണ്ടേഷന്‍ സ്‌കൂളിന്റെ വിഷയത്തിലും ലീഗ് നിലപാട് സമസ്തയെ പ്രകോപിപ്പിച്ചു. ഒന്നുകില്‍ മൗനം, അല്ലെങ്കില്‍ സലഫികള്‍ക്കൊപ്പം എന്നായി ലീഗ് നിലപാട് മാറുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. കൂരിയാട് മുജാഹിദ് സമ്മേളനം സമസ്തയ്ക്കു കിട്ടിയ ഒന്നാന്തരം വടിയായി മാറിയത് സ്വാഭാവികം. 

മൃദു സി.പി.എം നയം

റഷീദലിക്കും മുനവ്വറലിക്കും എതിരെ നടപടിയെടുക്കാന്‍ ആലോചിച്ചു തന്നെയായിരുന്നു സമസ്തയുടെ നീക്കം. പാണക്കാട് തങ്ങന്മാര്‍ക്കെതിരെ ഇടക്കാലത്ത് റഹ്മത്തുല്ലാ ഖാസിമി, സത്താര്‍ പന്തല്ലൂര്‍, ഉമര്‍ ഫൈസി തുടങ്ങിയവര്‍ കടുത്ത ചില പരസ്യപ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഫാസിസത്തിന്റെ പേര് പറഞ്ഞ് സമുദായ ഐക്യത്തിനു ശ്രമിക്കുന്ന ലീഗ് എന്തുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കുന്നില്ല എന്നു പോലും ഇവര്‍ ചോദിക്കുകയും ചെയ്തു. റഷീദലിക്കും മുനവ്വറലിക്കും എതിരെ നടപടിക്ക് നീക്കമുണ്ടായപ്പോള്‍ ഇവര്‍ക്കെതിരെയും നടപടി വേണമെന്ന് സമസ്തയോട് ലീഗ് ആവശ്യപ്പെട്ടു. അതിന് സമസ്ത വഴങ്ങിയില്ല. എന്നാല്‍ ലീഗ് സമ്മര്‍ദ്ദം ശക്തമാക്കി. ഇതോടെ ഉണ്ടായ അപ്രഖ്യാപിത ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് യുവ തങ്ങന്മാരുടെ പത്രക്കുറിപ്പായി പുറത്തുവന്നത്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഖേദം പ്രകടിപ്പിച്ചുവെന്ന് പറയാന്‍ സമസ്തയ്ക്കും ഖേദപ്രകടനമല്ല, സമസ്തയുടെ വിഷമം മനസ്സിലാക്കുന്നതായി അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് മുനവ്വറലിക്കും റഷീദലിക്കും പറയാന്‍ പഴുതുനല്‍കുന്ന തന്ത്രപരമായ ഒത്തുതീര്‍പ്പ്. പക്ഷേ, അവിടെ കാര്യങ്ങള്‍ അവസാനിപ്പിച്ച് കൈകൊടുത്തു എന്നല്ല പിന്നീടുണ്ടായ ചില കാര്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. സമസ്തയുടെ പരിപാടികളില്‍നിന്ന് ഇരുവരേയും അകറ്റി നിര്‍ത്തുന്നതുതന്നെ ഏറ്റവും നല്ല തെളിവ്. നേരത്തെ ക്ഷണിക്കുകയും പേരുള്‍പ്പെടുത്തുകയും ചെയ്ത എസ്.കെ.എസ്.എസ്.എഫിന്റെ ആലുവ ക്യാമ്പില്‍നിന്ന് മുനവ്വറലി തങ്ങളേയും മലപ്പുറം ജില്ലയില്‍ നടന്ന ഖത്തീബുമാരുടെ (പള്ളിയില്‍ നമസ്‌കാരത്തിനു നേതൃത്വം കൊടുക്കുന്നവര്‍) സമ്മേളനത്തില്‍നിന്നും ഓമശേരിയില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ മേഖലാ ക്യാമ്പില്‍നിന്നും റഷീദലി തങ്ങളേയും ഒഴിവാക്കി. റഷീദലി തങ്ങള്‍ ഇതേ സുന്നി മഹല്ല് ഫെഡറേഷന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായിരിക്കെയാണ് ഈ മാറ്റിനിര്‍ത്തല്‍. മുനവ്വറലി തങ്ങള്‍ സമസ്തയുമായി ബന്ധമുള്ള പല യത്തീംഖാനകളുടേയും ഭാരവാഹിയും എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ ട്രെന്റിന്റെ ചെയര്‍മാനുമാണ്. നിശ്ശബ്ദമായി തുടര്‍ന്നും ബഹിഷ്‌കരിക്കാന്‍ തന്നെയാണ് സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷത്തിന്റെ അപ്രഖ്യാപിത തീരുമാനം. ഈ പക്ഷംതന്നെയാണ് സമസ്തയുടെ ഔദ്യോഗിക പക്ഷം. സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡ് അംഗമായ ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി, സമസ്ത ലീഗല്‍ സെല്ലിന്റെ ചുമതലയുള്ള ലീഗ് നേതാവ് ജബ്ബാര്‍ ഹാജി എന്നിവരെ സമസ്ത ഇപ്പോള്‍ ഒരുകൈ അകലെ നിര്‍ത്തിയിരിക്കുകയാണ്. ലീഗുകാര്‍ മാത്രമായി അവര്‍ ഇടപെടുന്നു എന്ന പരിഭവമാണ് കാരണം. ലീഗ് അന്തംവിട്ട് നില്‍ക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍. ലീഗിന്റെ എക്കാലത്തെയും ആദരണീയ നേതാക്കളുടെ മുന്‍നിരയിലായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനുമായ മുനവ്വറലി തങ്ങളേയും ശിഹാബ് തങ്ങളുടേയും ഹൈദരലി തങ്ങളുടേയും സഹോദരന്‍ ഉമറലി തങ്ങളുടെ മകനും ലീഗിന്റേയും സമസ്തയുടേയും അക്കൗണ്ടില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ നേതാവുമായ റഷീദലി തങ്ങളേയും തട്ടിക്കളിക്കാന്‍ പാകത്തിന് സമസ്ത ലീഗുമായി മുഖാമുഖം നില്‍ക്കുന്നു എന്നത് ചില്ലറക്കാര്യമല്ല എന്ന് അവര്‍ക്ക് നന്നായറിയാം. 

പുകയുകതന്നെ ചെയ്യും ഈ അകല്‍ച്ച

സി.പി.എം നേതൃത്വവുമായി മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസുമായും സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം നേരിട്ട് ബന്ധം പുലര്‍ത്തുന്നു എന്നതുകൂടിയാണ് ഈ അടിയൊഴുക്കിനെ സ്വാധീനിക്കുന്ന നിര്‍ണ്ണായക രാഷ്ട്രീയം. പ്രത്യക്ഷത്തില്‍ കാന്തപുരം വിഭാഗമാണ് സി.പി.എം അനുകൂല സുന്നികളായി കാലങ്ങളായി അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളായി സമസ്തയും സി.പി.എമ്മുമായുള്ള അന്തര്‍ധാര വളരെ സജീവമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമസ്തയിലെ ഏറ്റവും സ്വാധീനമുള്ള പോഷകസംഘടനയായ എസ്.കെ.എസ്.എസ്.എഫ് എട്ട് നിയോജമണ്ഡലങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ സഹായിച്ചു എന്നത് ലീഗിനും അറിയാവുന്ന സത്യമാണ്. തല്‍ക്കാലം മുസ്ലിം ലീഗിനെ പ്രത്യക്ഷത്തില്‍ ബാധിക്കാത്ത വിധമുള്ള സഹായമാണുണ്ടായതെന്നു മാത്രം. ലീഗ് മല്‍സരിക്കാത്ത മണ്ഡലങ്ങളിലാണ് എല്‍.ഡി.എഫിന് സഹായം നല്‍കിയത്. പിണറായിയുമായി നേരിട്ടു സംസാരിച്ചുണ്ടാക്കിയ പാക്കേജ് എന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ സ്വകാര്യമായി അവകാശപ്പെടും. പക്ഷേ, ഏറെക്കുറെ പിണറായിക്ക് തുല്യരായ നേതാക്കള്‍ തന്നെ പങ്കെടുത്ത ചര്‍ച്ചകളും ധാരണയുമാണ് ഉണ്ടായത്. ആര്യാടന്‍ ഷൗക്കത്ത് പരാജപ്പെട്ട നിലമ്പൂര്‍ കൂടാതെ എല്‍.ഡി.എഫ് വിജയിച്ച കണ്ണൂര്‍, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര എന്നിവിടങ്ങളിലൊക്കെ ആ ധാരണയുടെ സ്വാധീനമുണ്ട് എന്നാണ് അവകാശവാദം. മറ്റു ചില മണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷവും കുറച്ചുവത്രേ. പിണറായി വിജയന് തൊണ്ണൂറ്റിയൊന്ന് സീറ്റുകളോടെ അധികാരത്തിലെത്താന്‍ സഹായിച്ചവരില്‍ സമസ്തയുണ്ടെങ്കില്‍ ലീഗ് പതറുന്നതില്‍ അത്ഭുതമില്ല; സമസ്ത കൂടുതല്‍ ശൗര്യം കാണിക്കുന്നതിലും. പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്തയുടെ പ്രധാന സ്ഥാപനങ്ങളിലൊന്നായ ചെമ്മാട് ദാറുല്‍ ഹുദാ അറബി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി, സമസ്ത നേതാവ് വിഴിഞ്ഞം സഈദ് മൗലവി എന്നിവര്‍ക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു. ജിഫ്രി തങ്ങളും ഡോ. ബഹാവുദ്ദീനും പോയില്ലെങ്കിലും പ്രതിനിധിയായി സഈദ് മൗലവിയെ അയച്ചു. ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വിയായിരുന്നു റഷീദലി തങ്ങളും മുനവ്വറലി തങ്ങളും കൂരിയാട് സമ്മേളനത്തിനു പോയതിനെക്കുറിച്ച്  അന്വേഷിക്കാന്‍ സമസ്ത നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍. 

ലീഗല്ലാത്ത ജാലകം

ലീഗ് നേതാക്കള്‍ക്കൊപ്പമല്ലാതെ മുന്‍പൊരിക്കലും സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ കാണാന്‍ പോയിരുന്നില്ല. യു.ഡി.എഫ് ഭരണത്തിലും എല്‍.ഡി.എഫ് ഭരണത്തിലും ഇതായിരുന്നു സ്ഥിതി. എന്നാല്‍, അത് അവര്‍ നിര്‍ത്തി. ഇപ്പോള്‍ ലീഗ് നേതാക്കളെ കൂട്ടാതെയാണ് അത്തരം സന്ദര്‍ശനങ്ങള്‍. മുന്‍പ് ലീഗുമായി കൂടിയാലോചിച്ച് മാത്രം നടത്തിയിരുന്ന വ്യവഹാരങ്ങളെല്ലാം സ്വന്തമായി നിയമോപദേഷ്ടാവിനെ വച്ച് സമസ്ത തന്നെ നടത്തുന്നു. തീരുമാനങ്ങളെടുക്കാന്‍ അവര്‍ ആരെയും കാത്തുനില്‍ക്കുന്നില്ല. 
ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് മുജാഹിദ് ഒഴികെ മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗം നേതാക്കളുമായുള്ള അടുത്ത വ്യക്തിബന്ധവും സമസ്തയുടെ മാറുന്ന മുഖത്തെ സ്വാധീനിക്കുന്നുണ്ട്. സമസ്ത തലപൊക്കിത്തുടങ്ങിയപ്പോള്‍ സി.പി.എം മാത്രമല്ല, കോണ്‍ഗ്രസ്സും നേരിട്ട് അവരുമായി ആശയവിനിമയം തുടങ്ങിയിരിക്കുന്നു. സി.പി.എം കാന്തപുരം വിഭാഗവുമായി അടുത്തബന്ധം പുലര്‍ത്തുകയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍ തന്നെ അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തെങ്കിലും സമസ്തയിലെ സംഭവവികാസങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ഇത് ചര്‍ച്ചയാവുകയും ചെയ്തു. ജിഫ്രി തങ്ങളുടെ മകന്‍ കീഴിശേരിയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവാണ്. മുജാഹിദ് സമ്മേളനത്തിന് കൂരിയാട് എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തങ്ങളുടെ മകനെ വിളിച്ചുവരുത്തി സംസാരിക്കുകയും മകന്റെ ഫോണിലൂടെ ജിഫ്രി തങ്ങളുമായി ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. ഒരുതരം അനുനയിപ്പിക്കല്‍. ലീഗ് എന്ന ജാലകത്തിലൂടെയല്ല  സമസ്ത ഇപ്പോള്‍ പുറംലോകത്തെ കാണുന്നത്; പുറംലോകം സമസ്തയേയും. 
കൂരിയാട് സമ്മേളന വിവാദം ഉണ്ടായ ശേഷം സമസ്തയെ പ്രകോപിപ്പിക്കാതിരിക്കാന്‍ കാന്തപുരം വിഭാഗം ശ്രദ്ധിക്കുന്നു എന്നത് മുസ്ലിം സാമുദായിക രാഷ്ട്രീയത്തില്‍ ഇതിനു തുടര്‍ച്ചയായി ഉണ്ടാകാന്‍ പോകുന്ന പുതിയ തിരയിളക്കങ്ങളുടെ സൂചനയാണ്. സമസ്തയും കാന്തപുരം വിഭാഗവും ഒന്നായില്ലെങ്കില്‍പ്പോലും പരസ്പര സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള കൂടിയാലോചനകള്‍ പല തലങ്ങളില്‍ കുറേക്കാലമായി നടന്നിരുന്നു. അതിന് ഇപ്പോഴത്തെ വിവാദം കൂടുതല്‍ ശക്തി പകരുകയാണ്. മുജാഹിദ് എന്ന പൊതുശത്രുവിനെതിരെ സുന്നികളുടെ വിശാല ഐക്യത്തിനാണ് ശ്രമം. ബി.ജെ.പി നേതാവ് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. പക്ഷേ, നഖ്വി എത്തില്ലെന്ന് അറിയുന്നതിനു മുന്‍പുതന്നെ ആ സാന്നിധ്യത്തെക്കാള്‍ ഗൗരവത്തില്‍ സുന്നി നേതാക്കള്‍ പങ്കെടുത്തതിനെ സമസ്ത കണ്ടു. ഇത് കാന്തപുരം വിഭാഗത്തെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. 
ശരിയാണ്, കേരളത്തില്‍ ആദ്യമുണ്ടായ നവേത്ഥാന പ്രസ്ഥാനം മുജാഹിദ് പ്രസ്ഥാനമാണ്; പിന്നെയാണ് കേരളത്തില്‍ മുസ്ലിം സംഘടനകളെല്ലാമുണ്ടാകുന്നത്. പക്ഷേ, കാലം മാറുകയും മുജാഹിദ്, സലഫിസം, വഹാബിസം എന്നിവ സമുദായത്തെ തീവ്രവാദത്തിലേക്ക് നയിക്കുന്ന കുഴപ്പങ്ങളുടെ പര്യായമാണ് എന്നുവരികയും ചെയ്തു. പക്ഷേ, കൂരിയാട് ഒമ്പതാം സംസ്ഥാന സമ്മേളനം നടത്തിയ കേരള നദുവത്തുല്‍ മുജാഹിദീന്‍ ഈ തീവ്രവാദ പ്രവണതകളോട് പ്രഖ്യാപിതമായിത്തന്നെ അകന്നാണ് നില്‍പ്പ്. പൊട്ടിപ്പിളര്‍ന്നു പോയവരും അവരില്‍നിന്നു വീണ്ടും പോയവരുമൊക്കെയാണ് യെമന്‍ യാത്രയുടേയും ആടുമേയ്ക്കലിന്റേയും പേരില്‍ പ്രതിക്കൂട്ടിലായത്. മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളും സംശയരഹിതമായി തള്ളിപ്പറയുന്ന ഐ.എസ് ഭീകരപ്രസ്ഥാനത്തിന്റേയും അതിലേക്കുള്ള റിക്രൂട്ട്മെന്റിന്റേയും പേരില്‍ പഴി കേള്‍ക്കുന്ന 'ആദ്യ നവോത്ഥാന പ്രസ്ഥാന'ത്തിന്റെ കൂരിയാട് സമ്മേളന മുദ്രാവാക്യം ഇതായിരുന്നു: മതം- സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം.
പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം. സഹിഷ്ണുതയുടേയും സഹവര്‍ത്തിത്വത്തിന്റേയും സമാധാനത്തിന്റേയും പേരിലല്ല ആ സമ്മേളനം ചര്‍ച്ച ചെയ്യപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com