കൊച്ചി മുസ്‌രിസ് ബിനാലേയ്ക്കുള്ളില്‍ പുകയുന്നത് എന്തൊക്കെ? 

ബിനാലെ ഫൗണ്ടേഷനെ സര്‍ക്കാര്‍ നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതും തല്‍ക്കാലം ഭാഗികമായി പിന്മാറിയതും പുറത്തുവരുന്നു
കൊച്ചി മുസ്‌രിസ് ബിനാലേയ്ക്കുള്ളില്‍ പുകയുന്നത് എന്തൊക്കെ? 

കൊച്ചി: അടുത്ത ഡിസംബറില്‍ നാലാം എഡിഷന്‍ തുടങ്ങാനിരിക്കുന്ന കൊച്ചി മുസ്‌രിസ് ബിനാലെയുടെ സംഘാടനം നിര്‍വഹിക്കുന്ന ബിനാലെ ഫൗണ്ടേഷനെ സര്‍ക്കാര്‍ നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതും തല്‍ക്കാലം ഭാഗികമായി പിന്മാറിയതും പുറത്തുവരുന്നു. ബിനാലെയുടെ സാമ്പത്തികവിഭാഗം മേധാവിയായിരുന്നയാളെ സമീപകാലത്ത് മാറ്റുകയും ചെയ്തു. വെള്ളിയാഴ്ച ഇറങ്ങിയ മലയാളം വാരികയുടെ പുതിയ ലക്കത്തിലാണ് കേരളത്തിന് അഭിമാനിക്കാവുന്ന സാംസ്‌കാരിക പ്രസ്ഥാനമായി മാറിയ ബിനാലെയുടെ പിന്നാമ്പുറങ്ങളിലെ പുറത്തുവരാത്ത വിവരങ്ങളേക്കുറിച്ച് നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


ബിനാലേയ്ക്ക് പൊതുഖജനാവില്‍ നിന്നു നല്‍കുന്ന കോടികളുടെ വിനിയോഗം സുതാര്യമല്ലെന്ന സൂചനകളേത്തുടര്‍ന്നാണ് ബിനാലെ നടത്തിപ്പിന് സൊസൈറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഉന്നതതല യോഗം വിളിച്ചു. എന്നാല്‍  സൊസൈറ്റി രൂപീകരണത്തിന് അനുകൂലമായല്ല ആ യോഗത്തില്‍ പ്രമുഖ കലാകാരന്മാരും ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളുമായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും പ്രതികരിച്ചത്. അതോടെ സൊസൈറ്റി രൂപീകരണത്തില്‍ നിന്നു സര്‍ക്കാര്‍ തല്‍ക്കാലം പിന്‍മാറി. എങ്കിലും സര്‍ക്കാരിന്റെ പ്രതിനിധികളെ ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചു. നേരത്തേ ട്രസ്റ്റില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടായിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അവരെ പിന്‍വലിക്കുകയായിരുന്നു. ട്രസ്റ്റില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു എന്ന് ടൂറിസം വകുപ്പ് ഇത്തവണ തീരുമാനിക്കുകയാണുണ്ടായത്. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാലുമാസം നടക്കുന്ന ബിനാലെയുടെ മൂന്നാം എഡിഷന് ഏഴരക്കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത്തവണ ഒരു കോടി മുന്‍കൂര്‍ നല്‍കി. ബാക്കി തുക കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായേക്കും. തുക വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതായി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും സമ്മതിക്കുന്നു.


വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണം, വിവിധ മന്ത്രിമാരുമായും ബിനാലെയ്‌ക്കൊപ്പം തുടക്കംമുതല്‍ പ്രവര്‍ത്തിച്ചവരുമായും ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ പ്രമുഖരുമാും ഉള്‍പ്പെടെ നടത്തിയ സംഭാഷണം തുടങ്ങിയ തയ്യാറെടുപ്പുകള്‍ക്കുശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേരളത്തെ അമ്പരപ്പിക്കുന്നവയാണ്. ബിനാലെയ്ക്കുള്ളില്‍ നിന്നുതന്നെ പുറത്തുവരുന്ന തുറന്നുപറച്ചിലുകളും ഇതില്‍പ്പെടും. കേരളത്തിന്റെ സാംസ്‌കാരിക ടൂറിസത്തിനു ബിനാലെ മുഖേന ലഭിക്കുന്ന മെച്ചത്തിന്റെ പേരില്‍ മാത്രം സംസ്ഥാന സര്‍ക്കാരിന് കണ്ണടയ്ക്കാനാകാത്ത വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.


ബിനാലെയുടെ സാമ്പത്തിക ഇടപാടുകളേക്കുറിച്ച് ചില ആക്ഷേപങ്ങള്‍ ഉള്ളതായി മനസ്സിലായിട്ടുണ്ടെന്നും അത് അന്വേഷിക്കുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  മുഖ്യമന്ത്രിയുടെ ഇടപെടലിനെയും മുഖ്യമന്ത്രി കാര്യങ്ങള്‍ നന്നായി പഠിച്ചതിനേക്കുറിച്ചും ബോസ് കൃഷ്ണമാചാരിയും സമ്മതിക്കുന്നു.


പി എസ് റംഷാദ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട്: കൊച്ചി മുസ്‌രിസ് ബിനാലെ: സാമ്പത്തിക ഇടപാടുകള്‍ സുതാര്യമോ? പൂര്‍ണരൂപം മലയാളം വാരികയില്‍ വായിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com