കാറ്റും വെയിലും ഇലയും പൂവും പോലെ - ഷാഹിന ഇ.കെയുടെ കഥ

അന്നേരമാണയാള്‍ ഭാര്യക്കൊപ്പം മകളെ കണ്ടത്. മുതിര്‍ന്ന ശേഷമുള്ള അവളുടെ വെളുത്തു നേര്‍ത്ത ശരീരം കണ്ടത്. തന്റെ മോളെ കൊത്തിപ്പറിക്കുന്ന, തന്റേതു പോലുള്ള നൂറുകണക്കിന് നോട്ടങ്ങളും ഉദ്ധരിച്ച ശരീരങ്ങളും കണ്ടത്
കാറ്റും വെയിലും ഇലയും പൂവും പോലെ - ഷാഹിന ഇ.കെയുടെ കഥ

ജോസഫ്, ശ്രീ റാം ലോഡ്ജ് റൂം നമ്പര്‍ 3, സ്ട്രീറ്റ് നമ്പര്‍ 10, മംഗള ലൈന്‍

പകല്‍ വെളിച്ചം, തലേന്നത്തെ കള്ളുകുടിയുടെ മന്ദത മാറാത്ത ഒരു മധ്യവയസ്‌ക്കനെപ്പോലെ തെരുവിലേക്ക് വന്നു. ഒരു ഞെളിയല്‍, പല്ലില്‍ കുരുങ്ങിക്കിടക്കുന്ന സവാളയുടേയും പോത്തിറച്ചി യുടേയും റമ്മിന്റേയും മലിനമണം നിറഞ്ഞ വാ പിളര്‍ത്തി ഒരുറക്കെ കോട്ടുവായ്, ചൂണ്ടാണി വിരലുകൊണ്ട് കണ്‍കുഴിയിലെ നനഞ്ഞ പീളയടര്‍ത്തി കിടക്കവിരിയില്‍ തേക്കല്‍, ആ ദിവസമുണ്ടായേക്കാവുന്ന മുഴുവന്‍ രസക്കേടുകളേയും മുന്‍കൂട്ടി കണ്ടെന്നപോലെ ഒച്ചയില്ലാത്ത, ദീര്‍ഘമായ ഒരു കീഴ്വായു പ്രയോഗം. ജോസഫ് സ്വയം മൂക്ക് പൊത്തി. ചൂട് പിടിച്ച വെളിച്ചത്തിലേക്ക് എണീറ്റിരുന്നു. ജനലിനു പുറത്തു കുടിവെള്ള വണ്ടിക്കു മുന്നില്‍ പെണ്ണുങ്ങളുടെ കലമ്പല്‍. അയാള്‍ക്ക് വയറെരിഞ്ഞു. അയാള്‍ ബീഡിയെടുത്തു ചുണ്ടത്തെരിയിച്ചു. എത്തിനോക്കി. അവളുണ്ട്. ആ കുഞ്ഞി മൈര്. വലിയ വായില്‍ ഒച്ചവയ്ക്കുന്നു. അവളൂഴം വച്ച കുടം ആരോ എടുത്തു മാറ്റിയിട്ടുണ്ട്. കുടമവള്‍ പകുതി ദൂരമേ കൊണ്ടുപോകുന്നുള്ളൂ, ബാക്കി അവളുടെ ചേച്ചിയാണ്. റിലേ മത്സരംപോലെ. എല്ലാറ്റിനും പിന്നില്‍ ചെറിയവളുണ്ട്. ഒരു കറുത്ത പട്ടിക്കുട്ടിയെപ്പോലെ. ''അണ്ണാന്‍ ചിലപ്പ് നിര്‍ത്തെടീ''യെന്ന് ആരോ ഒച്ചവെയ്ക്കുന്നു. അവളുടെ കുടം മുന്നോട്ട് നീക്കി കൊടുക്കുന്നു. അവള്‍ കുനിയുന്നു. ജോസഫിന് അടിവയറിന്റെ ഇടം ഭാഗത്തൊരു പിടുത്തം വീണു. ചെറിയ കരിങ്കാല്‌കൊണ്ട് ചവിട്ടിയ വയറു മൂല. നീര് നീങ്ങുന്നില്ല. ഒന്ന് ഞെരുക്കാന്‍ മാത്രം കിട്ടിയ നെഞ്ചിലെ മൂക്കാത്ത ഞാവല്‍പ്പഴങ്ങള്‍ക്കൊപ്പം അയാള്‍ക്ക് മൂത്രം തുള്ളിയിറ്റിച്ചു കളഞ്ഞ ആ ചവിട്ടോര്‍മ്മ വന്നു. കുടമെടുത്ത് ഒക്കത്ത് വയ്ക്കുമ്പോള്‍ അവളുടെ നോട്ടം സ്വാഭാവികമായും മുകളിലേക്ക് പതിയും മുന്‍പ് ജനലോരത്തുനിന്നും ജോസഫ് പെട്ടെന്ന് മാറി. 

വഹീദ, 'ദില്‍റുബ', ഹൗസ് നമ്പര്‍ 11, സ്ട്രീറ്റ് നമ്പര്‍ 10, മംഗളലൈന്‍

''എനിക്കറിയില്ല എന്താ ചെയ്യാന്ന്. ആദ്യോക്കെ അവള് സങ്കടം പറയുമ്പോ ഇതുള്ളതാണോന്ന് എനക്ക് സംശയാരുന്നു. അന്ന് ഞാനവളെ കൊറേ തല്ലുകേം ചെയ്തു പുഷ്പേ. പിന്നെ പിന്നെ എനിക്ക് മനസ്സിലാവാന്‍ തൊടങ്ങി. ഇപ്പൊ ഡിഗ്രിക്ക് പഠിക്കണ ഒരു പെണ്‍കുട്ട്യല്ലേ റുബ. ആ മട്ടിലല്ല മൂപ്പര്, ഓള്‍ടെ ഉപ്പ ഓളെ കൊഞ്ചിക്കാന്‍ ചെല്ലണത്. ചെലപ്പോ ഒന്നും വിചാരിച്ചു ചെയ്യണതാവില്ല, ല്ലേ പുഷ്പേ? കുട്ടികള് വലുതായതു ഉള്‍ക്കൊള്ളാഞ്ഞിട്ടാവും. നാട്ടില് നിന്ന് മോള്‍ടെ വളര്‍ച്ച കാണാത്തതിന്റെയാവും ല്ലേ? മൂപ്പര് നാളെ വരാണ്.'' സംസാരത്തിനൊപ്പം ഉള്ളിലെ ആധിപ്പെരുക്കത്തെ നിയന്ത്രിക്കാനെന്നോണം വഹീദ അടുക്കളയില്‍ വേഗപ്പെട്ട് പണിതുകൊണ്ടിരുന്നു. ഇയര്‍ഫോണിലൂടെ അതേ സ്ട്രീറ്റിലെ അങ്ങേയറ്റത്തുള്ള വീട്ടില്‍നിന്നും പുഷ്പയുടെ ശബ്ദം, പതര്‍ച്ചയോടെ മറുപടി പറയാനില്ലാതെ ഓരോന്നാലോചിച്ചു നിന്നു. പിന്നെ പറഞ്ഞു: ''മോളോട് സൂക്ഷിക്കാന്‍ പറ വഹീദാ. ഞാന്‍ എന്താ പറയാ... ഉച്ചകഴിഞ്ഞിട്ട് നിന്റടുത്തേക്ക് വരാം. എനിക്ക് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്.'' പുഷ്പ പിന്നെയൊന്നും പറഞ്ഞില്ല.
തുള്ളി സമാധാനം കിട്ടുന്ന ഒരു വാക്കും കിട്ടാതെ വഹീദ ഫോണ്‍ വച്ചു.
അടുക്കളയില്‍നിന്ന് ലഞ്ച് ബോക്‌സ് എടുക്കാന്‍ വന്ന മകള്‍ റുബ, വഹീദയുടെ നനഞ്ഞ മുഖത്തേയ്ക്ക് സൂക്ഷ്മം നോക്കി. പിന്നെ ഒന്നും പറയാതെ ഇറങ്ങിപ്പോയി.


ആ പോക്ക് നോക്കിനില്‍ക്കുമ്പോള്‍ വഹീദക്ക് ഉള്ളെരിഞ്ഞു.
പുറത്തല്ല, അകത്താണ് ശത്രു. ഒന്നുമറിയാത്തപോലെ ചില ചെയ്തികള്‍, കുളിമുറിക്കരികിലൂടെയുള്ള  ഉലാത്തല്‍, അറിയാത്ത മട്ടിലുള്ള ചില തൊടലുകള്‍, പിടിക്കലുകള്‍.
പ്ലസ്ടു കാലത്താണ് അവളങ്ങനെ ആദ്യം പരാതിപ്പെട്ടത്.
''ഉപ്പ വെറുതെ വെറുതെ നെഞ്ചത്ത് തൊടുന്നു'' എന്ന്. അത് പറയുന്നേരം അവള്‍ ഉരുകുന്നൊരു മെഴുതിരി പോലിരുന്നു. ഗള്‍ഫില്‍നിന്ന് രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു അയാളപ്പോള്‍. ഒരു കോളേജ് പയ്യനെപ്പോലെ തന്നോട് ആവേശം കാട്ടാറുള്ള ഭര്‍ത്താവ്, മകളെ അത്ര വാത്സല്യത്തോടെ കൊഞ്ചിക്കാറുള്ളയാള്‍. തങ്ങള്‍ക്കുവേണ്ടി മരുഭൂമിയില്‍ രാപ്പകല്‍ പണിത് ഇത്തിരി വിശ്രമം കൊതിച്ചു വന്നയാള്‍, മകള്‍ ചോദിക്കുന്നതൊക്കെ ഒരുടക്കുമില്ലാതെ വാങ്ങിക്കൊടുക്കാറുണ്ടായിരുന്ന ആള്‍. അങ്ങനെയുള്ള ആളെക്കുറിച്ചാണ് അവള്‍ പറയുന്നത്. ''വല്ല സിനിമേലും ഓരോന്ന് കണ്ടു വന്നിട്ട് തോന്ന്യാസം പറയാ യ്യ്'' എന്ന് കൈ നിവര്‍ത്തി മോളുടെ കരണത്തൊന്നു പൊട്ടിക്കുകയായിരുന്നു അന്നേരം ചെയ്തത്. അവളന്നേരമങ്ങു ചിതറിപ്പോയി. അവള്‍ക്ക് പനിക്കാന്‍ തുടങ്ങി. ഉപ്പ വരുന്നെന്നു കേള്‍ക്കുമ്പോള്‍ പിന്നെപ്പോഴും അവള്‍ക്ക് പനിക്കാറുണ്ടായിരുന്നു.
ഗോപിക, മെഡിക്കല്‍ സ്റ്റുഡന്റ്, 'സയനോര' ഫ്‌ലാറ്റ് നമ്പര്‍ സി 9, സ്ട്രീറ്റ് നമ്പര്‍ 10, മംഗളലൈന്‍

ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിലെ പോസ്റ്റിങ്ങ്.
മൂന്നാമത്തെ ദിവസം.
പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു പ്രൊഫസര്‍.
പെട്ടെന്ന് ക്ലാസ്സ് മുറിക്കു മുന്‍പിലൂടെ ബൂട്ടടികളുടെ ശബ്ദം കേട്ടു. പൊലീസ്.
കാമറകള്‍. മീഡിയക്കാര്‍.
''വരൂ.''
പ്രൊഫസര്‍ പറഞ്ഞു:
''ഒരു കേസ് വന്നിട്ടുണ്ട്.'' പ്രൊഫസറുടെ വാക്കിനൊപ്പം ജീവിതത്തിലിന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ദുര്‍ഗന്ധം അന്തരീക്ഷം നിറഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത ഒരു ഭയം ക്ലാസ്സ് മുറിയെ മൂടി.
പോസ്റ്റ്‌മോര്‍ട്ടം ഹാളിലെ ഗ്രാനൈറ്റ് ഫലകത്തില്‍ ചെറിയ ഒരു പൊതിക്കെട്ട്. ബ്ലാങ്കറ്റില്‍ പൊതിഞ്ഞത്.
''ഡീകമ്പോസ്ഡ് ബോഡിയാണ്. കുഞ്ഞാണ്.''
അതിനെ ചൂണ്ടി പ്രൊഫസര്‍ പറഞ്ഞു. ഞെട്ടാതിരിക്കാന്‍ കൈകള്‍ സ്വയമമര്‍ത്തിപ്പിടിച്ചു. ഒരു വേസ്റ്റ് കുഴിക്കരികെ നില്‍ക്കുംപോലെ ദുര്‍ഗന്ധത്താല്‍ തലചുറ്റി. അഞ്ചു ദിവസങ്ങളായി കാണാതായ കുട്ടി. ശരീരത്തില്‍ പലയിടങ്ങളിലായി പുഴുക്കളിഴയുന്നു. കാലുകള്‍ മുതല്‍ അരക്കെട്ടു വരെയുള്ള ഭാഗമാണ് തുറന്നുവച്ചിരിക്കുന്നത്. പുറത്തേക്ക് തള്ളിനില്‍ക്കുന്ന ജനനേന്ദ്രിയം, പൊതിക്കെട്ടിനുള്ളില്‍ ഒരു ആണ്‍കുട്ടിയാണെന്നു തോന്നിപ്പിച്ചു. മീഡിയക്കാര്‍ ആ ഭാഗം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പകര്‍ത്തുന്നതെന്തിനെന്നു മനസ്സിലാകാതെ വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥതയോടെ പരസ്പരം നോക്കി.
തിരക്കൊഴിഞ്ഞു. മീഡിയക്കാരേയും പൊലീസിനേയും പുറത്താക്കി, കുഞ്ഞിന്റെ പുറന്തള്ളിപ്പോയ ജനനേന്ദ്രിയം ചൂണ്ടി പ്രൊഫസര്‍ പറഞ്ഞു:
''റേപ് മര്‍ഡര്‍. ആറു വയസ്സുള്ള പെണ്‍കുട്ടി.''
പെണ്‍കുട്ടി. പെണ്‍കുട്ടി...
ബ്ലാങ്കറ്റ് മുഴുവനായി മാറ്റപ്പെടുകയാണ്.
നീലിച്ചു ചീര്‍ത്തശരീരത്തില്‍ തീരാത്ത ആസക്തിയോടെ മാഗറ്റ്സുകളുടെ ഉന്മാദപ്പിടച്ചില്‍. ബൈറ്റ് മാര്‍ക്കുകള്‍, പൊട്ടിയ ചുണ്ട്, പുറത്തേക്ക് നീണ്ട നാക്ക്, അടരുന്ന തൊലി, ജലരൂപമായിപ്പോയ തലച്ചോറ്.
വല്ലാതെ കവച്ചുകിടക്കുന്ന കാലുകളും ജീവന്റെ ഒടുക്കത്തെ പ്രതിരോധം പോലെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇരുകൈകളും ചൂണ്ടി പ്രൊഫസര്‍ കഡാവറിക് സ്പാസത്തെ*ക്കുറിച്ച് പറഞ്ഞു തുടങ്ങി.
ഉരുകി നിലത്തുവീഴുമ്പോള്‍ ആരോ വന്നു താങ്ങി.
അറ്റന്‍ഡര്‍മാര്‍ അന്നേരമവളുടെ അഴുകിയ ദേഹത്തുനിന്നും കുഞ്ഞുടുപ്പും മുത്തുമാലയും കുഞ്ഞി വളകളും ഊരിയെടുത്തു മാറ്റുകയായിരുന്നു.

അജിത ടീച്ചര്‍, 'ഗ്രീഷ്മം', ഫ്‌ലാറ്റ് നം. ഡി-5 സ്ട്രീറ്റ് നമ്പര്‍ 10, മംഗളലൈന്‍ 

''ഒരു പള്ളീലച്ചനാണ് തങ്കമ്മേ ഈ മഹാപാപി. ആളുകള്‍ക്ക് നല്ലതു പറഞ്ഞു കൊടുക്കേണ്ടവന്‍'' തറ തുടച്ചുകൊണ്ടിരുന്ന തങ്കമ്മയെ പത്രത്താളിലേക്ക് വിളിച്ച് പല്ലു കടിയൊച്ചയില്‍ അജിത ടീച്ചര്‍ പറഞ്ഞു.
''പത്തു പതിന്നാലു വയസ്സുള്ള ഒരു കൊച്ചിനെ...'' പത്രത്തില്‍ നേര്‍ത്തൊരു ചിരിയോടെ പൊലീസിനൊപ്പം ഇറങ്ങിവരുന്ന പള്ളീലച്ചന്റെ പടം. അത് മുന്‍പേജാണ്. ഉള്ളില്‍ ഇനിയുമുണ്ട് വാര്‍ത്തകള്‍. കുറച്ചു പറഞ്ഞു പതം വന്നുകഴിയുമ്പോള്‍ ഉള്ളിലോട്ടാകുന്ന വാര്‍ത്തകള്‍. രസം കെട്ടു പോയ വാര്‍ത്തകള്‍. ശരീരം... ശരീരം കൊണ്ട് മാത്രമുണ്ടാകുന്ന വാര്‍ത്തകള്‍. ''എന്ത് പറയാനാ ടീച്ചറമ്മേ... ഒരു വയസ്സായാലും തൊണ്ണൂറു വയസ്സായാലും പണക്കാരിയായാലും പാവപ്പെട്ടവളായാലും നടിയായാലും രാഷ്ട്രീയക്കാരിയായാലും നമ്മള്‍ക്കൊന്നും ഇനി രക്ഷയില്ല. കഴിഞ്ഞയാഴ്ച ന്റെ മോള്, ആറാം ക്ലാസ്സിലാ അത്. അതിനെ ഒരുത്തന്‍ നെഞ്ഞത്ത് കശക്കി വിട്ട്. ആ ലോഡ്ജില് പാര്‍ക്കണ തെണ്ടി. എന്താ ടീച്ചറെ ന്റെ പെണ്ണിന്റെ നെഞ്ഞത്തുള്ളത്? രണ്ടു കുഞ്ഞിക്കായോള്. മര്യാദക്കു രണ്ടു വറ്റ് തിന്നാനില്ലാത്തൊരാ ഞങ്ങള്. കുഞ്ഞിന്റെ മേത്ത് അതല്ലേ കാണൂ... ആളില്ലാത്ത നേരത്താണെങ്കിലും നടു റോഡാ... തെണ്ടിപ്പട്ട്യോളെ ഉപദ്രവിച്ചാ ഇപ്പോ വല്യേ കേസല്ലേ. അയിന്റെ വെലെണ്ടോ ഞങ്ങള് റോഡരികിലെ ചാളേലു പാര്‍ക്കണോര്‍ക്ക്?ഞങ്ങടെ മെക്കട്ട് കേറാന്‍ ആര്‍ക്കും പേടിക്കണ്ടല്ലോ. ഞങ്ങളെയൊക്കെ ഗതി അതല്ലേ ടീച്ചറെ... പരാതി കൊടുക്കാനാലോചിച്ചതാ. പണിക്കു പോണ വീട്ടിലെ അലക്‌സാണ്ടര്‍ സാര്‍ പൊലീസല്ലേ, അന്നേരം സാറ് പറഞ്ഞു: ''നിന്റെ മോക്കൊന്നും പറ്റിയില്ലല്ലോഡീ'' ന്ന്. പറ്റിയ കേസുകള്‍ കൊണ്ട് നില്‍ക്കക്കള്ളിയില്ലാ''ന്ന്, ''പരാതി കൊടുത്താ അതിനു പിന്നാലെ നടക്കുവോ നീയ്''ന്നു. കഷ്ടിച്ചു പള്ള നെറക്കാന്‍ പറ്റണില്ല. പിന്നെയാ കേസും കൂട്ടൂം... ഞാന്‍ ന്റെ കുഞ്ഞിയോട് സൂക്ഷിക്കാന്‍ പറഞ്ഞു. അത്രതന്നെ. സ്വാമിയാരായാലും അച്ചനായാലും മൊയ്ല്യാരായാലും മാഷായാലും അമ്മാവനായാലും ഏതു പുണ്യാളനായാലും കൊറേ കൊറേയെണ്ണത്തിന്റെ മനസ്സില് എന്നേരവും പെണ്ണിന്റെ തുണീല്ലാത്ത ശരീരാ ടീച്ചറെ. മൊലേം കുണ്ടീന്തന്ന്യാ...''
തങ്കമ്മ, ഒരു വായ നിറച്ചും വെറുപ്പ് നീട്ടിത്തുപ്പി.
തള്ളിത്തള്ളി അകത്തേക്കു വച്ചിട്ടും അജിത ടീച്ചര്‍ക്കു കുറച്ചു മാസങ്ങള്‍ക്കു മുന്‍പത്തെ ഒരോര്‍മ്മ തികട്ടിത്തികട്ടി വന്നു. പഠിപ്പിച്ച നൂറു നൂറു കുട്ടികള്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവരുടെ മുഖങ്ങള്‍. നറും ചിരികള്‍, കുഞ്ഞിക്കണ്ണുകള്‍, ഇളം ചുവപ്പു വിരലുകള്‍, ക്ലാസ്സ് മുറികളിലെ കുട്ടി മണങ്ങള്‍. അവള്‍ വരച്ച ചിത്രം ഒരു പൂവും അതിനെ ചുറ്റിനടക്കുന്ന നാലു വണ്ടുകളും. ഇതളു കൊഴിയും മുന്‍പേ അവള്‍ വരച്ചുവച്ച ചിത്രം.
''എന്തെ പാറൂ ഇങ്ങനത്തെ ചിത്രം?''
അവള്‍ വെറുതെ ചിരിച്ചു.
''അങ്ങനെ വരയ്ക്കാന്‍ തോന്നി ടീച്ചറെ.''
അവള്‍ തൂങ്ങിക്കിടന്ന അല്ല, അവളെ കൊന്നു തൂക്കിയിട്ട മരക്കൊമ്പിനു താഴെ നിറയെ ചുവന്ന പൂക്കള്‍. കറുത്തു ചുവന്ന ഇതളുകള്‍. ആരോ ചവിട്ടി ചതഞ്ഞുപോയ ഇതളുകള്‍.
ലീവെടുത്തു പോന്നിട്ട് മാസങ്ങളായി.
ഉള്ളുനിറയെ പകയാണ്. ആരോടെന്നില്ലാത്ത വെറുപ്പ്.

ആകാശ്, വിദ്യാര്‍ത്ഥി, 'ഗ്രീഷ്മം', ഫ്‌ലാറ്റ് നം. ഡി-5 സ്ട്രീറ്റ് നമ്പര്‍ 10, മംഗളലൈന്‍

മൊബൈല്‍ ഫോണില്‍ ആ ഫയലെടുക്കുമ്പോള്‍ ആകാശ് കിതച്ചു. കുളിമുറിയുടെ അകം. വെള്ളത്തുള്ളികളുടെ ശബ്ദം. അലക്കുന്നതിന്റെ നേര്‍ത്ത ശബ്ദം. അവനു ചങ്കിടിച്ചു. അമ്മ വരുന്നു. തോര്‍ത്ത് ഹാങ്ങറില്‍ തൂക്കുന്നു. 
സാരി മാറ്റുകയാണ്. തോളില്‍നിന്ന്, നെഞ്ചില്‍ നിന്ന്... പിന്നെ... പിന്നെ 
അവന്‍ സ്‌ക്രീനിലേക്ക് തുറിച്ചുനോക്കി. എന്തോ മറഞ്ഞിരിക്കുന്നു. ഒരു ഷാംപൂ ബോട്ടിലോ മറ്റോ... എത്ര രഹസ്യമായി, നിഗൂഢമായി വച്ചതാണ് ഒരു വലിയ ബോട്ടിലിനുള്ളില്‍ തുളയിട്ട്, കാമറ ഓണ്‍ ചെയ്ത് ആംഗിള്‍ കറക്ടാക്കി.
നാശം... നാശം... അവന്‍ തലയ്ക്കടിച്ചു. ഇനിയും ഈ ടെന്‍ഷനടിക്കണം. അമ്മയാണെങ്കില്‍ അത്രയ്ക്ക് കുശാഗ്രബുദ്ധി. കണ്ടുപിടിച്ചാല്‍... അതോടെ തീരും.
ഗ്യാങിലെ നാലുപേരും ചേര്‍ന്നെടുത്ത തീരുമാനമാണ്.
സുദീപിന്റെ പെങ്ങള്‍ ഉടുപ്പു മാറുന്നത്, അനിരുദ്ധിന്റെ കസിന്‍ ചേച്ചി കുളിക്കുന്നതിന്റെ, ദിവാകറിന്റെ അമ്മയുടെ സാരി മാറലിന്റെ... ഇനി... തന്റെ ഊഴമാണ്. ഫയല്‍ സെന്റ് ചെയ്യില്ല എന്നൊരു ഉടമ്പടിയുണ്ട് എല്ലാര്‍ക്കുമിടയില്‍. ആരുടെ ഫോണിലാണോ വീഡിയോ ഉള്ളത് അതില്‍ വച്ച് കാണും. കണ്ടു ഡിലീറ്റ് ചെയ്യും. 
എത്ര ദിവസമായിട്ട് ചുറ്റിനടക്കുന്നു, അതും സ്വന്തം വീട്ടില്‍. ആകാശ് മൊബൈലും പിടിച്ചുകൊണ്ട് സ്വയം പ്രാകി.
''നേരത്തെ പറഞ്ഞിരുന്നെങ്കില്‍ അമ്മ ശരിക്ക് അഭിനയിക്കുമായിരുന്നു.'' അമ്മയൊച്ച.
ആകാശ് ഞെട്ടിത്തിരിഞ്ഞു.
ഫോണ്‍ എവിടെയെന്നില്ലാതെ ഒളിപ്പിക്കാന്‍ ശ്രമിച്ചു.
അജിത ടീച്ചര്‍ക്കുള്ളില്‍ കുറെ ഇതളുകള്‍ കൊഴിഞ്ഞു.
''നിനക്ക് അമ്മേടെ മുലയാ വേണ്ടേ? നീ പണ്ട് കുടിച്ചുകുടിച്ചു വറ്റിച്ച പാപ്പ? അതോ വേദനിച്ചു വേദനിച്ചു നിന്നെയമ്മ ഭൂമിയിലേക്ക് കൊണ്ടുവന്ന ഇടാണോ കാണേണ്ടേ? അമ്മേടെ കണ്ണന്‍ പറ...''
അവര്‍ മകന്റെ കൈ പിടിച്ചു, മുറുകെ മുറുകെ. പിന്നെ നെറ്റിയില്‍ ഉപ്പു ചുവക്കുന്ന ഒരുമ്മവച്ചു.
അവനു വണ്ടിന്റെ കറുപ്പ് നിറമുണ്ട്. മൂളലുണ്ട്.
അവരുടെ തലയ്ക്കുള്ളില്‍ നിറയെ വണ്ടുകള്‍ മുരണ്ടു. അവിടം വേദനിച്ചു പെരുത്തു. അത്ര ശക്തിയോടെ അവരനേരം മകനെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചു. പണ്ട് പേടി വരുമ്പോളവന്‍ ചെയ്യാറുണ്ടായിരുന്നപോലെ. അവര്‍ക്ക് നെഞ്ച് വേദനിച്ചു.
''നോക്ക് ഇപ്പൊ നിനക്ക് അരുതാത്തതു തോന്നുന്നുണ്ടോ അമ്മയോട്?'' അത്ര പതിയെ ടീച്ചര്‍ മകന്റെ ചെവിയില്‍ മുരണ്ടു.
അവന്‍ പരിഭ്രമത്തോടെ വിയര്‍ത്തുകുളിച്ചു നിന്നു. കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ ഒറ്റയേറിനുടച്ച് അവരന്നേരം മുറിവിട്ടു പോയി.

പെണ്‍കൂട്ടം, സ്ട്രീറ്റ് നമ്പര്‍ 10 മംഗളലൈന്‍

''ഞാന്‍ ചെയ്യാം'' തങ്കമ്മ നെഞ്ച് വിരിച്ചു പറഞ്ഞു. ''എത്ര ദിവസം വേണേലും.'' തലച്ചോറില്‍നിന്ന് എത്ര ശ്രമിച്ചിട്ടും മായ്ചുകളയാനാവാത്ത ആ ചീഞ്ഞ പെണ്‍കുഞ്ഞു മണത്തെ എന്നന്നേക്കുമായി ഉച്ഛ്വസിച്ചുകളയാനാഗ്രഹിച്ച് ഗോപിക ഉച്ചത്തില്‍ പറഞ്ഞു. ''ഞാനുണ്ടാകും കൂടെ'' വഹീദ അന്തംവിട്ടു നിന്നു. ''ഞാനും.'' റുബ ഗോപികയ്‌ക്കൊപ്പം തലയുയര്‍ത്തിപ്പറഞ്ഞു. ''ഞാനും വരും'' നെഞ്ചിലപ്പോഴും വിങ്ങിനിന്നിരുന്ന വേദനയമര്‍ത്തിപ്പിടിച്ചുകൊണ്ട് തങ്കമ്മയുടെ ആറാം ക്ലാസ്സുകാരി മകള്‍ പറഞ്ഞു. അവളുടെ ധൈര്യം കണ്ടപ്പോള്‍ അവളുടെ ചേച്ചിയും മടിച്ചു മടിച്ചു കൈനീട്ടി. പിന്നാലെ വഹീദയും ഭയത്തോടെയാണെങ്കിലും റുബയോടു ചേര്‍ന്നു. ''ഇരുപത്തിനാലു മണിക്കൂറും അയാളെന്റെ മേല് ഉപദ്രവിച്ചിട്ട് പിന്നെ മറ്റു പെണ്ണുങ്ങളെ നോക്കുന്നതും കാട്ടുന്നതും കണ്ട് മതിയായി എനിക്ക്. ഞാനും വന്നോളാം...'' ഫാത്തിമ ടെസ്സിക്കൊപ്പം പറഞ്ഞു.
''പണി സ്ഥലത്ത് ഇതെത്ര കാലായി ഞങ്ങളൊക്കെ... മറുത്തു പറയാന്‍ പോലുമാവാതെ...''
സെയില്‍സ് ഗേള്‍ ലതികയും പൂക്കച്ചവടക്കാരി ദേവിയും കൈനീട്ടി. ''സി.ടി കൊടുത്ത് ബസില്‍ കേറുന്നേരം അയാളുടെ പരതലില്ലേ എന്നും. സ്‌കൂളില്‍ ചെന്നാല്‍ മാത്സ് സാറിന്റെ നുള്ളിപ്പഠിപ്പിക്കലും. ഞങ്ങളും വന്നോളാം ടീച്ചര്‍.'' പുഷ്പയുടെ മകള്‍ കൂട്ടുകാരികള്‍ക്കൊപ്പം ഒച്ച വെച്ചു പറഞ്ഞു.
അജിത ടീച്ചര്‍ക്ക് ചുറ്റും വലുതും ചെറുതുമായ അനേകം കൈകള്‍ നിരന്നു. കാണെക്കാണെ അവയുടെ എണ്ണം പെരുകിപ്പെരുകി വന്നു. അതൊരു വലിയ കൂട്ടമായി, മംഗള ലൈനും കടന്നു പോയി.

സ്ട്രീറ്റ് നമ്പര്‍ 10, മംഗളലൈന്‍

പതിവ് ചായ കിട്ടാതെ, കുളിക്കാന്‍ ചൂടുവെള്ളം കിട്ടാതെ, ഭക്ഷണമില്ലാതെ അന്ധാളിച്ച പുരുഷന്മാര്‍ വീടുകളും ഫ്‌ലാറ്റ് മുറികളും വിട്ട് പുറത്തേക്കിറങ്ങി. ഉണര്‍ന്നപ്പോള്‍ അവരുടെ ഭാര്യമാരെയൊന്നും വീടുകളില്‍ കാണാനുണ്ടായിരുന്നില്ല, പെണ്‍മക്കളേയും. പതിവുപോലെ മീന്‍ വണ്ടിക്കടുത്തോ പച്ചക്കറിക്കാരനടുത്തോ അവരുണ്ടായിരുന്നില്ല. അടുക്കളയിലും ഇരിപ്പ് മുറിയി ലുമായി കോളേജിലേക്കും സ്‌കൂളിലേക്കും ഇറങ്ങാന്‍ പെണ്മക്കള്‍ ധൃതികൂട്ടി നടക്കുന്നുണ്ടായിരുന്നില്ല. ആണ്‍മക്കള്‍ക്ക് അവരുടെ അച്ഛന്മാരെപ്പോലെ ദേഷ്യം വന്നുതുടങ്ങി. ഭാര്യമാരെ ഒന്നു പൊട്ടിക്കാന്‍ പലര്‍ക്കും കൈ തരിച്ചു. ഓഫിസ് നേരങ്ങള്‍ വൈകി. കട തുറക്കാന്‍ വൈകി. കാര്യം തിരക്കി അവരോരോരുത്തരും പുറത്തിറങ്ങി. പൊടുന്നനെ അവരതു കണ്ടു. പൊലീസുകാരന്‍ അലക്‌സാണ്ടറും തുണിക്കടക്കാരന്‍ സൈതലവി ഹാജിയാരും അജിത ടീച്ചറുടെ മകന്‍ ആകാശും അവന്റെ കൂട്ടുകാരും ജോസഫും അന്നേരം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് ടാക്‌സിയില്‍ വന്നിറങ്ങിയ വഹീദയുടെ ഭര്‍ത്താവ് അലിയും പിന്നെ ഒരുപാടു പേരും അത് കണ്ടു. റോഡിനങ്ങേയറ്റത്തുനിന്നും വളരെ സാവധാനം വരുന്ന നീണ്ടൊരു പെണ്‍വരി. പൂര്‍ണ്ണനഗ്‌നരായ ഒരുപാട് പെണ്ണുങ്ങളുടെ നീണ്ടു നീണ്ട ഒരു വരി. കറുത്തതും വെളുത്തതും പൊക്കമുള്ളതും പൊക്കം കുറഞ്ഞതും ചെറുപ്പം നിറഞ്ഞതും വാര്‍ദ്ധക്യം വന്നതുമായ ശരീരങ്ങളുടെ ഒരേ രേഖയിലൂടെയുള്ള ഒരു മൗന നടത്തം. നാണം കൊണ്ട് ചുരുങ്ങാതെ, സ്വയം ഒളിച്ചുവയ്ക്കാനായി പതുങ്ങാതെ, ആരേയും ഭയന്നൊളിക്കാതെ, തലകുമ്പിടാതെ...
പേറ്റുനോവിന്റെ ശിഖരങ്ങള്‍ വരക്കപ്പെട്ട അടിവയറുകള്‍, പല പല മറുകുകളുടെ നിഗൂഢ സ്ഥലികള്‍, വീഴ്ചക്കലകള്‍, വടുക്കളുടെ ഓര്‍മ്മ ബാക്കികള്‍, ക്ഷതം വന്ന അവയവങ്ങള്‍, ശസ്ത്രക്രിയ പ്പാടുകള്‍, കടുകുമണികള്‍ ചിതറിക്കിടക്കും പോലെ കാക്കാപ്പുള്ളിക്കറുപ്പുകളുടെ കുറുമ്പുകള്‍...
കൊഴുപ്പടിഞ്ഞതും മെല്ലിച്ചതുമായ പലതരം കാലുകള്‍, പാലൂട്ടി ചൊട്ടിയതും യൗവ്വനത്താല്‍ എഴുന്നുനില്‍ക്കുന്നതും രൂപപ്പെട്ടിട്ടു തന്നെയില്ലാത്തതുമായ പലജാതി മുലകള്‍, ചുവപ്പ് കറുപ്പുകളുടെ മുലഞെട്ടുകള്‍, കാലുകള്‍ക്കിടയിലെ പെണ്ണടയാളങ്ങള്‍.
ഒറ്റനേരത്തെ ഞെട്ടിപ്പിടച്ചില്‍ തീര്‍ന്നപ്പോളുണ്ടായ ഉദ്ധാരണത്തിനിടയില്‍ സൈതലവി ഹാജിയാര്‍ തന്റെ കടയിലെ സെയില്‍സ് ഗേളിന്റെ ശരീരത്തിലേക്ക് ഒരു തീനോട്ടമായി പടര്‍ന്നു. അലക്‌സാണ്ടര്‍ സാറിന്റെ കഴുകന്‍ നോട്ടം തങ്കമ്മയുടെ അതുവരെ കയ്യില്‍ കിട്ടാത്ത ശരീരത്തിന്റെ കറുപ്പിലേക്ക് പറന്നിറങ്ങി. ആകാശ് ഭയത്തോടെ അമ്മയെ തുറിച്ചുനോക്കി. ജോസഫ് തങ്കമ്മയുടെ മകളെ, അവളുടെ നെഞ്ചില്‍ അയാളവശേഷിപ്പിച്ച കറുത്ത് ചുവന്ന ഞാവലടയാളങ്ങളെ.   പെട്ടെന്നുണ്ടായിപ്പോയ ആ എരിച്ചിലുകള്‍ക്കിടയിലാണ് ഹാജിയാര്‍ പൊടുന്നനെ നൂല്‍ബന്ധമില്ലാതെ ഭാര്യ ഫാത്തിമയേയും പിന്നാലെ, മൂന്നു പെണ്മക്കളേയും കണ്ടത്.
''നായിന്റെ മോളെ അനക്ക് പ്രാന്താടി? അന്നെ...'' എന്ന് മുഴുമിപ്പിക്കാനാവാതെ, ആള്‍ക്കൂട്ടത്തിന്റെ കൊതിക്കണ്ണുകള്‍ തന്റെ ഭാര്യക്കും മക്കള്‍ക്കും മേല്‍ ചുവന്നു പരക്കുന്നതു കണ്ട് അയാള്‍ തളര്‍ന്നു. അയാള്‍ക്ക് മുന്നില്‍നിന്നും മറ്റു കാഴ്ചകളപ്പാടെ കലങ്ങിപ്പോയി.


''ടെസ്സിയേ...'' യെന്ന് തങ്കമ്മയ്ക്കുമേല്‍നിന്ന് കഴുകന്‍ കണ്ണ് പറിച്ചെടുത്ത് അലക്‌സാണ്ടര്‍ സാര്‍ ഭാര്യയെ നോക്കി നിലവിളിച്ചു. അന്നേരമാണയാള്‍ ഭാര്യക്കൊപ്പം മകളെ കണ്ടത്. മുതിര്‍ന്ന ശേഷമുള്ള അവളുടെ വെളുത്തു നേര്‍ത്ത ശരീരം കണ്ടത്. തന്റെ മോളെ കൊത്തിപ്പറിക്കുന്ന, തന്റേതു പോലുള്ള നൂറുകണക്കിന് നോട്ടങ്ങളും ഉദ്ധരിച്ച ശരീരങ്ങളും കണ്ടത്. അയാള്‍ക്ക് തൊണ്ട വറ്റി. അയാള്‍ക്കുള്ളില്‍ നിന്നപ്പോള്‍ താന്‍ നിശ്ശബ്ദമാക്കിയ ഒരു നൂറു പെണ്‍കരച്ചിലുകള്‍ അലറിപ്പെരുകി വന്നു. ഉപ്പായ്ക്കരികിലെത്തിയപ്പോള്‍ റുബ ചില നിമിഷങ്ങള്‍ നിശ്ചലയായി നിന്നു. നിവര്‍ന്ന്, അയാളുടെ കണ്ണുകളിലേക്കുറ്റു നോക്കിക്കൊണ്ട്. പിന്നെ അയാളുടെ വിളറി ഭയന്ന മുഖത്തിനു മുന്‍പിലൂടെ ഉറച്ച ചുവടുകള്‍ വച്ച് പതിയെ മുന്നോട്ട് നടന്നുപോയി. ശരീരങ്ങളില്‍നിന്ന് ശരീരങ്ങളിലേക്ക് കണ്ണ് വേച്ച്, ഉദ്ധരിച്ചുദ്ധരിച്ചു മടുത്ത് കാഴ്ചക്കൂട്ടം തളര്‍ന്നുപോയ നേരം വരിയുടെ ഏറ്റവുമറ്റത്തു നിന്ന് തങ്കമ്മയുടെ മൂന്നു വയസ്സ് പെണ്ണിന്റെ കുഞ്ഞിപ്പാട്ടു കേട്ടു.
പ്രത്യേകിച്ച് ഒരര്‍ത്ഥവുമില്ലാത്ത ഒരു കുട്ടിപ്പാട്ട്.
അന്നേരം തന്റെ ചന്തിയിലും തുടയിലും മാറിമാറി താളം തട്ടി, വലിയ ഒച്ചയില്‍ അജിത ടീച്ചര്‍ അവളോട് കൂട്ട് ചേര്‍ന്ന് അത് പാടാന്‍ തുടങ്ങി. ഒപ്പം, മറ്റുള്ളവരും. ഏറ്റുപാടിപ്പാടി ആ പാട്ടിനു പിന്നെ രസകരമായ ഒരീണം വന്നു. പാട്ടിനൊപ്പം പോകുന്ന ശരീരങ്ങള്‍ക്ക് ഒരു മൃദുതാളവും. ആവേശങ്ങളും അത്യാര്‍ത്തികളും നിലച്ച് താണുപോയ കണ്ണുകളുമായി നിന്ന ആണ്‍കൂട്ടത്തിനു മുന്നിലൂടെ അത്ര വിശ്രാന്തിയോടെ, കാറ്റുപോലെ, വെയിലുപോലെ, ഇലകള്‍പോലെ, പൂക്കള്‍പോലെ, അനേകം പെണ്‍ശരീരങ്ങളപ്പോള്‍ അവരുടേതു കൂടിയായ ഭൂമിയിലേക്ക് നടന്നു നടന്നു കയറി.

*കഡാവറിക് സ്പാസം-മരണസമയത്തെ അസാധാരണ പേശീസങ്കോചം. ഹിംസാത്മക മരണങ്ങളില്‍ കാണപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com