മൃദുദേഹങ്ങള്‍ -  സൂര്യാഗോപി എഴുതിയ കഥ

അമ്മയില്ലാത്തവനു കുറ്റബോധോം പൊക്കണോം ഒന്നുമില്ലെടാ... നമുക്കൊന്നും ചങ്കില്ല. അതൊക്കെ വാടിയുണങ്ങി
മൃദുദേഹങ്ങള്‍ -  സൂര്യാഗോപി എഴുതിയ കഥ


പ്രസവിച്ച പെണ്ണിനെപ്പോലെയായിരുന്നു അപ്പോള്‍ ആകാശം. അടുത്തു പകുതിയുറക്കമാണ്ട ഒരമ്പിളിക്കുഞ്ഞു മയങ്ങിക്കിടന്നു. രക്തത്തില്‍ പൊതിര്‍ന്നതുപോലെ മേഘത്തലപ്പുകള്‍ കടുംചുവപ്പാര്‍ന്നു. പതിയെപ്പതിയെ മാനത്തിന്റെ വിളര്‍ച്ചയിലേക്ക് ഇരുട്ട് വെടിച്ചുകീറി. തണുപ്പ് ഇഴയിട്ടു. നഗരങ്ങളില്‍ മാത്രം ചുറ്റിത്തിരിയാറുള്ള പെപ്പറിക്കാമണമുള്ള കാറ്റ് വായുവില്‍ ചിതറിക്കിടന്നു.
ട്രാഫിക് ജാമുകളില്‍ പെടുമ്പോഴുള്ള ഞൊടിനേരത്തെ നിശ്ചലതയുടെ അസഹ്യത, വാഹനങ്ങളിരപ്പിച്ചു കുടഞ്ഞെറിയാന്‍ ശ്രമിക്കുന്ന നഗരക്കൂട്ടങ്ങള്‍. ചില്ലുവണ്ടികള്‍ക്കുള്ളില്‍ നുരയുന്ന അസ്വസ്ഥതകള്‍. രാത്രിയുറക്കമില്ലാത്ത നിയോണ്‍ വൈദ്യുതിക്കാലുകള്‍.
വമ്പന്‍ മാളുകളിലെ പ്രകാശത്തോരണങ്ങള്‍ 'ഇനിയൊരങ്കത്തിനുണ്ട്' എന്ന മട്ടില്‍ മത്സരിച്ചുമിന്നി മനുഷ്യരുടെ കണ്ണില്‍ കുത്തി. അടച്ചുറപ്പിച്ച ഫുഡ്‌കോര്‍ട്ടുകളില്‍ അച്ചടക്കത്തോടെ നിരക്കുന്നത് അറബി ചൈനീസ് രുചികളാണ്. തട്ടുകടകളില്‍ മൊരിഞ്ഞുമണക്കുന്നത് ഒറ്റക്കണ്ണന്‍ ബ്രോയിലര്‍ മുട്ടകള്‍. പിന്നെ, കേനിയന്‍ നിറം ചേര്‍ത്തു മാദകത്വം കൂട്ടിയ പോത്തുമാംസത്തിന്റെ മസാലനൃത്തങ്ങള്‍!
ബസ്ഹബ്ബിലേക്കുള്ള ഇടവഴിയില്‍നിന്ന് ഇറങ്ങിവരുന്നത് പോളും ചിന്നനുമാണ്. പുറകില്‍ വടുകമുല്ലപ്പൂവിന്റെ കാട്ടുഗന്ധം ഓളം വെട്ടി. വിലകുറഞ്ഞ മെയ്ക്കപ്പിന്റേയും നിറം കടുത്ത ചേലകളുടേയും ത്രസിപ്പുടലുകള്‍, തിരക്കൊഴിഞ്ഞ ഇരുട്ടുവക്കുകളെ ലക്ഷ്യംവെച്ചു രാത്രിസഞ്ചാരം തുടങ്ങുന്നത് അവര്‍ കൊതിയോടെ കണ്ടു.
''പോളേട്ടാ.....വല്ലതും കഴിക്കണ്ടേ...' ചിന്നന്‍ 'റ' പോലെ കോടിയ തന്റെ വയര്‍ കൊട്ടിപ്പാടി.
''കാഞ്ഞ വയറ്. അതുക്കും മേലെ വാറ്റ്. കാറ്റ് പോവാനതു മതിയപ്പാ...' വരണ്ട ചുമയോടെ പോള്‍ അടുത്ത ആശുപത്രിവാസമുറപ്പിച്ചു. അയാളുടെ പഴുത്ത കുടലില്‍ അമ്‌ളം നുരഞ്ഞു.
ആദാമിന്റെ ബ്രഡ്ഫാക്ടറിയുടെ കെട്ടിടഭിത്തിയോടു ചേര്‍ന്ന രംഗീലയുടെ തട്ടുകടയിലേക്ക് ഇരുവരും നടന്നു. പൊളിഞ്ഞുതുടങ്ങിയ പ്‌ളാസ്റ്റിക് വട്ടമേശകളില്‍ കൊതിപ്പിക്കുന്ന മാംസഉലര്‍ത്തുകള്‍. ആട്ടിന്‍കരളിനെ ചുറ്റിപ്പൊതിയുന്ന കട്ടച്ചോരനിറത്തിലുള്ള ചാറാണ് പോളിനിഷ്ടം.
''അഞ്ചാറ് മൊരിഞ്ഞ ദോശ...'
വികടച്ചിരിയോടെ പോള്‍ നാക്കിളക്കി. വയറുലച്ചുകൊണ്ട് രംഗീല കഴിക്കാന്‍ വിളമ്പി. പോളിനു ശരീരം മുഴുവന്‍ വിശന്നു. അവള്‍ തിരിഞ്ഞുനടന്നപ്പോള്‍ പോളിനു കുറച്ചധികം ദാഹിച്ചു. അവന്റെ കുടലെരിഞ്ഞു. വാറ്റും ദോശപ്പുളിപ്പും ആട്ടിന്‍ചാറും ഉലഞ്ഞുഴഞ്ഞു വല്ലാത്തൊരു ഗന്ധത്തോടെ പ്‌ളേറ്റിലേക്കു തെറിച്ചുവീണു.
''ബ്‌ളാ....!'
''ഹൗ..... എന്റെ പോത്തുറോസ്റ്റ്...!' ചിന്നന്‍ മികച്ച ടൈമിംഗില്‍ അവന്റെ പേ്‌ളറ്റ് വലിച്ചിരുന്നു.


രംഗീല കാറ്റ് പോലെ എത്തി. തീ പോലെ നിന്നു കത്തി. സഹമേശക്കാര്‍ മനംപുരണ്ട് കൈകുടഞ്ഞ് എണീറ്റു. അവള്‍ ക്ഷോഭത്തോടെ പേ്‌ളറ്റ് അഴുക്കുപിടിച്ച പ്‌ളാസ്റ്റിക് ബേസിനിലേക്കു കുടഞ്ഞിട്ടു.
കുറ്റം പറയരുതല്ലോ! വിളമ്പിയവളുടേയും കഴിക്കുന്നവരുടേയും മൂക്കടിച്ചുപോവുന്ന ഒരസ്സല്‍ ഛര്‍ദ്ദിയായിരുന്നു അത്..!
പണം കൊടുത്ത് പോള്‍ നിസ്സഹായത നടിച്ചു. ''എണ്ണീര്... എണ്ണീച്ച് പോ...' എന്നാദ്യവും, ''പോ... പോയ് കുടിച്ച് ചാവ്' എന്നു രണ്ടാമതും രംഗീല പുലമ്പിപ്പെയ്തു.
ഈ പെണ്ണിനു തന്നോട് സ്‌നേഹമോ ഈര്‍ഷ്യയോ...? 
പോളിന് ഒരെത്തും പിടിയും കിട്ടിയില്ല.
തണുപ്പിന്റെ തൂളികള്‍ ടാര്‍റോഡിലേക്ക് ഉരുണ്ടുവീണുകൊണ്ടിരുന്നു. ഷട്ടറിട്ടുതുടങ്ങുന്ന തുണിക്കടത്തിണ്ണകളില്‍ ശയ്യ പിടിക്കാന്‍ നായ്ക്കളും ഭിക്ഷക്കാരും തിരക്കുവെച്ചു. ഉറക്കം! അതിന്റെ പതുപതുത്ത നാടവാലുകള്‍ തൊട്ടുതൊട്ട് ആഴത്തിലേക്കു പൂണ്ടുപോകുന്നു എല്ലാ ജന്മങ്ങളും.
കോര്‍പ്പറേഷന്‍ കൊത്തിപ്പണിത റോഡിലെ കുണ്ടുകുഴികളില്‍ അന്നുച്ചയ്ക്കു സമരക്കാര്‍ നട്ട വാഴ മറിഞ്ഞുകിടന്നു. ആവേശത്തോടെ തൈ ഉറപ്പിക്കാന്‍ നീണ്ടുചെന്ന പോളിന്റെ കൈകള്‍ തട്ടിയകറ്റി ഒരുവന്‍ കണ്ണിട്ടുരുട്ടി. ''നീ ഇവിടുത്തുകാരനാണോ....?' അയാള്‍ക്ക് ഉത്തരം ആവശ്യമില്ലെന്നു പോളിന് തോന്നി. ഉച്ചസൂര്യന്‍ പോളിന്റെ ഉച്ചിയില്‍ തീപ്പൊരി മിന്നിച്ചു. അയാള്‍ ചോദ്യങ്ങളുടെ ഒരു റൗണ്ട് വെടി പൂര്‍ത്തിയാക്കി.
''മാറി നില്‍ക്ക്... ഛീ... മാറിപ്പോ...' വിചാരണയ്ക്കു തീര്‍പ്പുപറഞ്ഞു മുദ്രാവാക്യം വിഴുങ്ങി അയാള്‍ നടന്നുപോയി.
''ത്ഫാ...' ഈര്‍ഷ്യയോടെ പോള്‍ കാറിത്തുപ്പി. പോരാത്തതിനു വാഴയ്ക്കിട്ട് ഒരു ചവിട്ടും വെച്ചുകൊടുത്തു. കഥയറിയാതെ കണ്ട ആട്ടമാണെങ്കിലും ചിന്നനു ചിരിവന്നു. 
അവര്‍ ബാങ്ക്‌റോഡിനടുത്തുള്ള ട്രാഫിക് ഐലന്റ് ചുറ്റി പിസാഹട്ടിലേക്കുള്ള ഫുട്പാത്തിലേക്കു കയറി.
''അറ്റ്‌ലാന്റ..?' ചിന്നന്‍ നെറ്റി ചോദ്യചിഹ്നമാക്കി. 
''പൊന്നരളിക്കൊമ്പിലെ
കിളിയേ പറയൂ...
നിന്റെയുള്ളു നിറയെ പ്രണയമോ....?' പോള്‍ മറുപാട്ട് പാടി ചിന്നന്റെ മുഖം തൊട്ടു.
അറ്റ്‌ലാന്റ! പിസാഹട്ടിനടുത്തുള്ള നീല അപ്പാര്‍ട്ട്‌മെന്റ്! കോര്‍പ്പറേഷന്റെ റീസൈക്‌ളിങ്ങ് ശാഖ അതിന്റെ നേരെ എതിര്‍ദിക്കിലാണ്. പകലൊടുങ്ങുംവരെ കരാര്‍ത്തൊഴിലാളികള്‍ക്കൊപ്പം പോള്‍ കൈയാളാവും. കുപ്പകള്‍ ഇനംതിരിച്ച്, നിറച്ച്, ലോറിയില്‍ കയറ്റണം. ഇരുട്ടിനു മുന്‍പ് ആണ്ടി ചില്ലറ എന്തെങ്കിലും പോളിനു കൊടുക്കും. ആ നക്കാപ്പിച്ച അവന്റെ ഉള്ളംകൈയിലിരുന്നു കത്തും. ചപ്പുചവറില്‍ തലയിട്ടുപായുന്ന ചാവാലിപ്പട്ടികളെ പോള്‍ അസൂയയോടെ നോക്കും. അവ എന്തഭിമാനികളാണ്!
''കൂടുതല്‍ ചിലച്ചാല്‍ നാളെ പണിക്കു വരണ്ട...' ആണ്ടി മുറുക്കാന്‍ ചവച്ചുതുപ്പിപ്പറയും.
കാശിന് അധികം പേശാന്‍ നില്‍ക്കാതെ ഉള്ളതുംകൊണ്ട് പോള്‍ സ്ഥലം കാലിയാക്കും. കുളികഴിഞ്ഞാല്‍ ദേഹം ക്ഷീണത്തിന്റെ പൂഴിമണ്ണില്‍ നിലവിടും. പിന്നെ കുടിയാണ്. ബോധമറ്റു വീഴുമെന്നുതോന്നും. എന്നാല്‍, ഒടുങ്ങാത്ത ആവേശം നുരഞ്ഞുകയറിവരും.
''മനയ്ക്കലെ കിളിമരച്ചോട്ടില്‍
 ഒരു മയില്‍പ്പീലി വിരിഞ്ഞു...
പോളിന്റെ തൊണ്ട ഒരു മൂളിപ്പാട്ട് മെരുക്കി. ഇടിവെട്ടി വളര്‍ച്ച നിലച്ച ഒരു ചെന്തെങ്ങ് മതിലിനരികില്‍ ചാഞ്ഞുനില്‍പ്പുണ്ട്. മിന്നല്‍ പിണഞ്ഞ അതിന്റെ തലമണ്ട 'അറ്റ്‌ലാന്റ'യുടെ കോമ്പൗണ്ടിലേക്ക് മടലുകള്‍ വീഴ്ത്തി.
ചാഞ്ഞ തെങ്ങിനു പാലമാകാനാണോ പാട്?!
കുള്ളന്‍ദേഹം പരമാവധി ചായ്ച് തെങ്ങ് പോളിനോട് സഹകരിച്ചുപോന്നു. അതായത്, ഇത് 'അറ്റ്‌ലാന്റ'യിലേക്കുള്ള പോളിന്റെ കന്നിപ്രവേശമല്ല. പോളിനറിയാം തെങ്ങിലൂടെ തെന്നിയിറങ്ങിച്ചെല്ലുന്നത് വലിയൊരു വാട്ടര്‍ ടാങ്കിനടുത്തേക്കാണ്. അതൊരു ഉഗ്രന്‍ മറവാണ്. എത്രനേരം വേണമെങ്കിലും ഇരുട്ടില്‍ കുത്തിയിരിക്കാം.
ഏഴുനില അപ്പാര്‍ട്ട് മെന്റിന്റെ ബാത്ത്‌റൂമുകളില്‍ വെളിച്ചം തെളിയുന്നതും കെടുന്നതും പോള്‍ കണക്കുകൂട്ടും. ഒരൊളിഞ്ഞുനോട്ടക്കാരന് ഗണിതശാസ്ത്രജ്ഞന്റെ കൂര്‍മ്മത വേണമെന്ന് എത്രപേര്‍ക്കറിയാം!
''ഒതുക്കുകല്ലുകളിറങ്ങുന്ന തമ്പുരാട്ടി...
നിന്റെ മിഴിപ്പൂവിലഴകുള്ള ചിത്രക്കിളി
അതുചിലയ്ക്കുന്നോ...? 
എന്നെ വിളിക്കുന്നോ...?'
വിളികേട്ടതുപോലെ ഇന്റര്‍ലോക്ക് നിലത്തിലൂടെ പോള്‍ ഇഴഞ്ഞു. 

കുഴല്‍ക്കിണര്‍...
കമ്പോസ്റ്റ്പിറ്റ്...
സെപ്ടിക് ടാങ്ക്... കടമ്പകള്‍ കടന്ന് പോള്‍ ഇരുട്ടിലേക്കു പാമ്പായി ശിരസ്സുയര്‍ത്തി.
ഒഴിഞ്ഞുണങ്ങിക്കിടക്കുന്ന കമ്പോസ്റ്റ്പിറ്റിന് പോള്‍ ഒരു തൊഴിവെച്ചുകൊടുത്തു. ചവറ്റുകൂനയില്‍നിന്നു പച്ചക്കറിബാക്കിയും പൊടിയും മുടിയിഴകളും എണ്ണത്തുണികളും തീപ്പെട്ടിക്കോലും രക്തമുണങ്ങാത്ത നാപ്കിനുകളും അപ്പിയുണങ്ങിയ ഡയപ്പറുകളും വേര്‍തിരിക്കുന്നത് അവനാണ്. അളിഞ്ഞതും അരിഞ്ഞതുമായ അടുക്കള എച്ചിലിനൊപ്പം പഴകിയ രക്തം നാറുന്ന സാനിട്ടറി പാഡുകള്‍ ചുരുട്ടിവെയ്ക്കുന്ന പെണ്ണുങ്ങളോടുള്ള അമര്‍ഷം അവന്‍ നാവിലിട്ട് ചവച്ചു.
മദിപ്പിക്കുന്ന ലേപനങ്ങളുടെ ഗന്ധമൂറുന്ന പതുപതുത്ത സീറ്റുള്ള ഇറക്കുമതി വാഹനങ്ങള്‍. പോറലുകളില്ലാത്ത അതിന്റെ ലോഹയുടല്‍. പോള്‍ അതില്‍ കോറിവരച്ചു.
പെണ്ണുങ്ങളുടെ മിനുത്ത മുഖം. ചേറുപുരളാത്ത ദേഹം. ''ത്ഫൂ...' നീട്ടിത്തുപ്പില്‍ പോള്‍ ഒരു ടൂവീലര്‍ കൂടി നാറ്റിച്ചു.
ഏഴാം... നില... ഒത്തമുകളില്‍!  ബാത്ത്‌റൂമിന്റെ വെന്റിലേഷന്‍ ജനാല പുതിനയുടെ സത്തുള്ള ഒരു ആഫ്റ്റര്‍ഷേവ്‌ലോഷന്റെ മണം പ്രസരിപ്പിച്ചു.

''മിഴിയിലെന്തേ മിന്നി...
കന്നിമോഹതുഷാരം...' പോളിനു കിതപ്പ് തുടങ്ങി. വെള്ളം വീഴുന്ന ശബ്ദമുണ്ടോ....? അവന്‍ മൃഗത്തെപ്പോലെ ചെകിടിലെ ചെറിയ അസ്ഥികള്‍ ചലിപ്പിച്ചു.
ഫോണ്‍ അരയില്‍ തിരുകിയുറപ്പിച്ചു യജ്ഞം തുടങ്ങുംമുന്‍പ് പോള്‍ സെക്യൂരിറ്റിക്കെട്ടിടത്തിന്റെ ഓരം ചുറ്റി ഒന്നുപോയി. രാത്രിനേരക്കാവല്‍ക്കാരന്‍ ചെറുപ്പമാണ്. നല്ലത്! ചാറ്റ്‌ബോക്‌സുകള്‍ തലനീട്ടുന്ന ഫോണുള്ളപ്പോള്‍ അയാള്‍ പുലരുവോളം; അല്ല പുലര്‍ന്നാലും തലപൊന്തിക്കില്ല. പോള്‍ ഹരം കൊണ്ടു.

''മഞ്ഞുവീണ പുല്‍പ്പാതയില്‍ 
തീകായുന്ന
വെണ്ണിലാവിനുന്മാദമോ..?' പോള്‍ വെള്ളിടിയോടെ പാടി. രാത്രിനേരങ്ങള്‍ പാട്ടിന്റെ പുഷ്‌കലകാലങ്ങളാണ്, പോളിന്.
അപ്പാര്‍ട്ട് മെന്റിന്റെ തടിച്ചെഴുന്ന വിസര്‍ജ്ജ്യപൈപ്പുകളിലൊന്നില്‍ പോള്‍ പിടുത്തമിട്ടു. ഏഴാംനില..!
നെറ്റിയില്‍ പൊടിഞ്ഞ ഭയത്തെ ഊതിയടക്കി പോള്‍ കെട്ടിടത്തിന്റെ നീലയുടലിലേക്കു കയറിത്തുടങ്ങി.
ഏത് ആരോഹകന്റേയും തുടക്കം വിറയലോടെയാണ്. പേടി ചങ്കില്‍ ചുറ്റും. ദാഹം തൊണ്ടയിലൊട്ടും. വിയര്‍പ്പ് നെറ്റിയില്‍ വല വിരിക്കും. പോകപ്പോകെ പേശികള്‍ വഴങ്ങും. ശരീരം ഉയരത്തെ കവച്ചുവെയ്ക്കും.
പോള്‍ മൂന്നാംനിലയിലെ ജനാലയിലൂടെ ഒന്നുപാളിനോക്കി. ഉറക്കത്തിനുള്ള ഒരുക്കം തുടങ്ങിയ സ്മിത. പോളിന്റെ രോമങ്ങള്‍ ത്രസിച്ചു.
നാലാം നിലയിലെ ഷീലഅക്ക തുണി മടക്കുന്നു. അഞ്ചാംനിലയിലെ നിര്‍മ്മലാന്റി ലാപ്‌ടോപ്പ് സമാധിയിലാണ്. ആറാം നിലയിലെ കൊളേജ്‌സുന്ദരികള്‍ ഷേവിംഗും മാനിക്യൂറും ചെയ്യുന്നു. പോളിന്റെ കൈകള്‍ ഒന്നയഞ്ഞു. നാളെ ഓരോ മുറിയില്‍ നിന്നും കുഴഞ്ഞുപുറത്തുവരാനിരിക്കുന്ന അഴുക്കിന്റെ ചാലുകളെയോര്‍ത്തപ്പോള്‍ പോള്‍ മയമില്ലാതെ പുലമ്പി. 'നാശങ്ങള്...!'
ഏഴാംനിലവഴി ശ്വസിക്കുന്ന യക്ഷിയെന്നു തോന്നിച്ചു അറ്റ്‌ലാന്റ. തന്റെ സ്പര്‍ശത്താല്‍ അതിന്റെ ഉടല്‍ ചൂടുപിടിക്കുന്നുവെന്ന് പോളിനു തോന്നി. 
''ഈ മൗനമുത്തങ്ങളാരോമലേ....
ഒളിച്ചുവയ്ക്കുന്നു ഞാന്‍ 
നിനക്കു കൈമാറുവാന്‍...'

പോള്‍ പാരപ്പെറ്റിലേക്ക് ഇടതുകാലിന്റെ പെരുവിരലൂന്നി ബാത്‌റൂമിന്റെ വെന്റിലേഷന്‍ ജനാലയിലേക്ക് പിടിമുറുക്കി. തുരുമ്പു നക്കിയ കമ്പികള്‍. ഏഴാംനിലയിലേതു പുതുതാമസക്കാരാണ്. അപരിചിതത്വം പോളിനെ മത്തുപിടിപ്പിച്ചു. കാണാന്‍ പോകുന്നതു പുതുമയുടെ പൂരമാണ് 
കുളിമുറിയകം ഈര്‍പ്പം നിറഞ്ഞിരുന്നു. ചൂടുവായു. ഹാര്‍പ്പിക്‌ബോട്ടിലിന്റേയും ഷാമ്പൂകുപ്പിയുടേയും ഷേവിങ്ക്രീംഡപ്പികളുടേയും രക്തചന്ദനപ്പാക്കറ്റുകളുടേയും ഇടയിലൂടെ കിട്ടിയ വിടവ്. പോള്‍ സൂക്ഷ്മം നോക്കി. ആരുമില്ല. നാശം!
പോള്‍ കിഴക്കോട്ട് നോക്കി. കാഴ്ച മറയ്ക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍. അതിനപ്പുറം ചവറ്റുനിലം. 
പോള്‍ പടിഞ്ഞാട്ട് നോക്കി. ഒഴിഞ്ഞുകിടക്കുന്ന തുണിഫാക്ടറി.
പോള്‍ തെക്കോട്ട് നോക്കി. സൂപ്പര്‍മാളിന്റെ പിന്നാമ്പുറം. 
പോള്‍ വടക്കോട്ട് നോക്കി. ഒഴിഞ്ഞ ആകാശത്ത് ഒരു നാണയം.

''ആതിരനിലാപ്പൊയ്കയില്‍
 നീരാടിപ്പോകും
 രാജഹംസമേ....കണ്ടുവോ..?'

പോളിന്റെ പാട്ടിലെ നീരാട്ടിനും നിലാവിനുമിടയിലേക്ക് ഒരു സ്ത്രീ കയറിവന്നു. അവള്‍ വസ്ത്രമഴിച്ചുതുടങ്ങി.
''ഇവളോ രാജഹംസം! വീര്‍ത്തുവലിഞ്ഞ വയറുണ്ടെന്നതൊഴിച്ചാല്‍ അവളെ കാണാന്‍ നാടവിര പോലെയുണ്ട്.' പോള്‍ നിരാശനായി.
കുനിഞ്ഞുനിന്ന് അവര്‍ മുടി കഴുകി. നീളന്‍ മുടി. ചെമ്പിഴകള്‍. നരകള്‍. അവള്‍ നാരാങ്ങാമണമുള്ള സോപ്പിനായി കൈയെത്തും നേരത്ത് പോള്‍ കുനിഞ്ഞുകളഞ്ഞു. നിവരുമ്പോഴേക്ക് അവള്‍ അപ്രത്യക്ഷയായി!
''ഛെ..!' പോള്‍ പല്ലിറുമ്മി. അയാള്‍ അസ്വസ്ഥനായി. മിനിട്ടുകള്‍ നിരാശ ചുമലിലേന്തിക്കൊണ്ടുവന്നു.
ഒന്നുത്സാഹിക്കാനായി കഴിഞ്ഞ വാരം കണ്ട ഹോസ്റ്റല്‍ക്കുളിമുറികള്‍ പോള്‍ റിവൈന്‍ഡ് ചെയ്തു. 
ഓരോ പെണ്ണും ഓരോ ഗന്ധമായി പോളിന്റെ കാഴ്ചയിലേക്കു കയറിവന്നു. അവരിലെ നിറങ്ങള്‍ അഴിഞ്ഞുവീണു. അവരിലെ അഴുക്കുകള്‍ സോപ്പില്‍ പതഞ്ഞു. ഷവര്‍ജലത്തോടൊപ്പം പോളിന്റെ കണ്ണുകള്‍ കലങ്ങിമറിഞ്ഞു. ഉടലിന്റെ ഗന്ധവും ഉഷ്ണത്തിന്റെ നീരാവിയും പോളിന്റെ കൃഷ്ണമണികളില്‍ മറ്റൊരു കുളിമുറിയകം സൃഷ്ടിച്ചു. വിയര്‍പ്പുമണങ്ങളിലേക്ക് പോള്‍ മൂക്ക് വിടര്‍ത്തി. തോര്‍ത്തിയുണങ്ങുന്ന വെളുപ്പും കറുപ്പുമായ പെണ്‍ശരീരങ്ങള്‍. പോളിന്റെ കാലുകള്‍ ഇരുമ്പുഗോവണിക്കുള്ളില്‍ വിറപൂണ്ടു. അവന്‍ ഇക്കിളിപ്പെട്ടു. ആര്‍ത്തിപ്പെട്ടു. ചിലപ്പോഴൊക്കെ അയാളുടെ തൊണ്ട നനഞ്ഞു. പെണ്‍കുളിമുറിക്കു പിന്നില്‍ കുറുക്കന്‍ലാക്കോടെ അവന്‍ നാലുകാലില്‍നിന്നു പതിയെ ഓളിയിട്ടു. അവന്റെ മൂക്ക് തിരിച്ചറിഞ്ഞു ഒരു സോപ്പിനുമുരഞ്ഞ് അലിഞ്ഞുപൊതിയാനുള്ള പെണ്‍ദേഹം. അന്നന്നു കാണാനുള്ള ശരീരം, ഗന്ധം പിടിച്ച് അവന്‍ തെരഞ്ഞെടുത്തുപോന്നു.
മാംസമൊഴിഞ്ഞ ഒച്ചിന്‍കൂടായും ആകെക്കുളിര്‍ക്കുന്ന വന്‍മരമായും പോള്‍ ഓരോ തവണയും ഗോവണിയിറങ്ങി. ഇനിയൊരിക്കലുമില്ല എന്ന് ചിന്നന്റെ ഉച്ചിയിലടിച്ചു സത്യം വെച്ചു. നിര്‍വികാരപ്പെട്ടു. 
''അമ്മയെ ഓര്‍ത്താ കുറ്റബോധം ചങ്കിനു കുത്തും പോളേട്ടാ...' ഫോണില്‍ തെളിഞ്ഞ നഗ്‌നശരീരത്തെ നിശ്ചലമാക്കി തിരികെത്തന്നിട്ട് ചിന്നന്‍ ഒരിക്കല്‍ സെന്റിമെന്റലായി. ചിന്നന്റെ വാക്കുകള്‍ പോളിനെ തെല്ലധികം പരിഭ്രാന്തനാക്കി.
''അമ്മയില്ലാത്തവനു കുറ്റബോധോം പൊക്കണോം ഒന്നുമില്ലെടാ... നമുക്കൊന്നും ചങ്കില്ല. അതൊക്കെ വാടിയുണങ്ങി...' പോളിന്റെ കൈകള്‍ ഹിമം പോലുറഞ്ഞു. അവന്‍ ചിന്നനെ ചേര്‍ത്തുപിടിച്ചു. അവന്റെ തൊണ്ടയില്‍ സങ്കടം കല്ലിച്ചു. അന്ന് ഉറക്കം പോളിനെ ചവിട്ടിപ്പുറത്താക്കി. ഒരു ദയയുമില്ലാതെ അവനെ ഓര്‍മ്മകള്‍ക്കു വിട്ടുകൊടുത്തു. 
കരിമന്ത് പടര്‍ന്ന ബലത്ത കാലുകള്‍ അമ്മയെ ചുവരിനോട് ചേര്‍ത്ത് മെതിക്കുന്നതിന്റെ ശബ്ദം അവന്റെ കാതിലലച്ചു. എല്ലുകള്‍ നുറുങ്ങുന്നതിന്റെ ഒച്ച, ഇടര്‍ച്ച പോലെ തോന്നിച്ചു.
ബെത്‌ലഹേമിലേക്കും ഈജിപ്റ്റിലേക്കും ഇസ്രായേല്‍ ദേശത്തേക്കും ഗലീലിയായിലേക്കും വിശുദ്ധ മേരി നടത്തിയ ദുരിതയാത്രകളെപ്പോലെ, പോളിന്റെ അമ്മയും ഗര്‍ഭകാലത്ത് പലയിടങ്ങളിലായി വെരകിനടന്നു.
കന്യക ഗര്‍ഭം ധരിച്ചുണ്ടായ 'വിശുദ്ധ'നായിരുന്നു പോള്‍സാം!

''പതിതമാം വഴിയിലെ
തിരുസഭാ പഥികരേ
മോക്ഷവഴിയെ 
യാത്രയിനിയേറെ...' കുന്തിരിക്കപ്പുകയുമായി വന്ന് ഓര്‍മ്മകള്‍ പോളിന്റെ മൂക്കിലുരസി.
അപ്പോഴേയ്ക്കും കുളിമുറി അനക്കംവെച്ചു. സ്ത്രീ കുളി തുടര്‍ന്നു. അലക്കിവെളുപ്പിക്കലും ഒലുമ്പലും അവള്‍ ദ്രുതവേഗത്തിലാക്കി. അവളുടെ വെള്ളത്തിലുള്ള തബലയടി പോളിന്റെ രോമാഞ്ചങ്ങളില്‍ കൂച്ചുവിലങ്ങിട്ടു. അവള്‍ കുളിമുറി വാതില്‍ തുറന്നു തടുക്കുന്ന സ്വരത്തിലെന്തോ പറഞ്ഞു. പോളിന് ഒന്നും പിടികിട്ടിയില്ല. 
താഴെ ടാങ്കര്‍ലോറികള്‍ സെപ്റ്റിക് മാലിന്യങ്ങള്‍ വലിച്ചുകുടിക്കാന്‍ വന്നുകഴിഞ്ഞിരുന്നു. പോളിന് എന്തോ അപായം മണത്തു. അവന്‍ പരമാവധി ശ്വാസം പിടിച്ചു ചുവരിലേക്കു പായലെന്നപോലെ പറ്റി. 
നഗരം മിന്നാമിന്നിക്കൂട് പോലെ തിളങ്ങുന്നുണ്ടായിരുന്നു. കറുപ്പുരാശിയില്‍ ആകാശം കണ്ണുരുട്ടി. അറ്റ്‌ലാന്റ അപ്പാര്‍ട്ട് മെന്റിന്റെ ഏഴാംനിലയില്‍ തൂങ്ങിയ ആര്‍ത്തിപൂണ്ട ഒരു കാടന്‍വവ്വാല്‍ കാഴ്ചയുടെ മൂര്‍ച്ചകൂട്ടി.
കുളിമുറി ശൂന്യം! പോളിന്റെ കൈ തരിച്ചു. ബലം ക്ഷയിച്ചു. ഞരമ്പുകള്‍ തണുത്തു. അവന്‍ താഴേക്ക് ഇറങ്ങാനായി ശ്രമം തുടങ്ങി. കനം തൂങ്ങുന്ന നിമിഷങ്ങള്‍.
പോളിനെ 'മലര്‍പ്പൊടിക്കാര'നാക്കിക്കൊണ്ട് സ്ത്രീ വീണ്ടുമെത്തി. അവള്‍ വാതില്‍ പിന്നെ കുറ്റിയിട്ടില്ല. പാതിചാരിയ വാതിലിലൂടെ നോട്ടമെറിഞ്ഞുകൊണ്ട് നാരങ്ങാമണമുള്ള സോപ്പ് മേലുരച്ചു. പത...! അയാളുടെ രോമങ്ങള്‍ അറ്റന്‍ഷനായിനിന്നു. അവള്‍ വാതിലിനടിയിലൂടെ മുറിയിലേക്ക് കൈവീശുന്നു.
വേണമെന്നോ?
വേണ്ടന്നോ?
വരണമെന്നോ?
വരണ്ടെന്നോ? 
ആരാണ് മുറിയില്‍? കാമുകനോ? ഒളിസേവക്കാരനോ? അഴുക്കിന്റെ ചതുപ്പിലേക്ക് ഊഹങ്ങള്‍ പൂണ്ടുപോയി. വാതില്‍വിടവിനപ്പുറം ഏതോ ഒരു ഛായാചിത്രം മാത്രം പോള്‍ കഷ്ടിച്ചു കണ്ടു.
കണ്ണിലെ സോപ്പിന്‍പതയിലൂടെ അവള്‍ വാതില്‍പ്പാളി മാറ്റിനോക്കുന്നതും ഭയപ്പെടുത്തുന്ന നിലവിളിയോടെ കുളിമുറി വിട്ട് പുറത്തേക്കുവീഴുന്നതും പോള്‍ കണ്ടുനിന്നു.
നീരാവി അവ്യക്തമാക്കിയ കാഴ്ചയില്‍ പോളിനു കണ്ണുനീറി. ആയാളുടെ മൂച്ചിന്റെ മുനയൊടിഞ്ഞു. അവന്റെ കൈവിരലുകളിലേക്ക് ഇരുമ്പിന്റെ തണുപ്പ് പടര്‍ന്നു. സോപ്പുപെട്ടികള്‍ അടയുന്ന നേരത്തോ വാതില്‍ക്കുറ്റികള്‍ തുറക്കപ്പെടുന്ന നേരത്തോ മാത്രം തൊട്ടുകെടുത്താറുള്ള തന്റെ ഫോണ്‍, അരയില്‍ നിന്നെടുക്കാന്‍ പോള്‍ മറന്നുപോയിരുന്നു. സോപ്പുകള്‍; റോസാദലമായും ഓറഞ്ചല്ലിയായും താമരമൊട്ടായും തേനായും ബദാംപരിപ്പായും ലാവന്‍ഡറായും നാളികേരമായും പതഞ്ഞുപരക്കുന്ന മൃദുദേഹങ്ങള്‍, പ്രേതരൂപമാര്‍ന്ന് പോളിനെ വന്നുതൊട്ടു. 
ഒരുമണിക്കൂറിന്റെ തൂങ്ങിക്കാത്തുകിടപ്പിന് അറുതിവരുത്തിക്കൊണ്ട് സ്ത്രീ വാവിട്ടലറി കുളിമുറി പൂകി. പോള്‍ ഉപ്പ് തൊട്ട ഒച്ചിനെപ്പോലെ ചുരുണ്ടു. 
''അറ്റ്‌ലാന്റ... എന്റെ അറ്റ്‌ലാന്റ...' അവള്‍ ആര്‍പ്പിട്ടു. അവള്‍ ഭ്രാന്തിയായി പരിണമിക്കുന്നു. 
ആരെയാണ് ഇവള്‍ വിളിക്കുന്നത്? പോളിനു ചോദ്യങ്ങള്‍ മുട്ടി. 
കുളിമുറി പ്രേതാലയമായി. നിലവിളി ഭിത്തികളില്‍ മുട്ടിത്തട്ടി പെരുകിത്തഴച്ചു. നനഞ്ഞ മൃദുദേഹം. സോപ്പിന്‍പത അതിരുവരച്ച വടിവുകള്‍. പോള്‍ അവളുടെ മെല്ലിച്ചയുടലില്‍ നോക്കി. സ്ത്രീ വിരലുകള്‍ വായില്‍ത്തിരുകി കടിക്കുകയും മുടി മാന്തിപ്പറിച്ച് പറത്തുകയും ചെയ്തു. 
''അറ്റ്‌ലാന്റ... ഓ... മൈ... ബേബി...' അലറിക്കുതിച്ച് അവള്‍ മുറിയിലേക്കിറങ്ങി. കിതപ്പോടെ കുതിച്ചെത്തി. വാരിവലിച്ചു ധരിച്ച മാക്‌സിക്കടിയിലൂടെ എല്ലുകള്‍ എഴുന്നുനിന്നു. അവള്‍ ഷവറിലേക്കു ഷാളെറിഞ്ഞുകുരുക്കി. 
പോളിന്റെ കണ്ണുതള്ളി. അവന് ഒച്ചവെക്കണമെന്നു തോന്നി. നാരങ്ങയുടെ ഗന്ധം അയാളിലേക്ക് ഉരുണ്ടുകയറി. 
ആകാശം പോളിനു മുകളില്‍ ഒരിടിമിന്നല്‍ വരച്ച് മുഖം കറുപ്പിച്ചുനിന്നു. പോളിന്റെ കൈവിരലുകള്‍ വിയര്‍പ്പാല്‍ വഴുതി. ഇറങ്ങാനായി അയാള്‍ തിടുക്കപ്പെട്ടു. കയറ്റങ്ങളെക്കാള്‍ കടുപ്പമാണ് എല്ലാ ഇറക്കങ്ങളും! പോളിന്റെ തലയിലെവിടെയോ ഒരു തിരി കത്തി.
സ്ത്രീയുടെ മാറിടം വല്ലാതെ നനയുന്നുണ്ടായിരുന്നു. മുലപ്പാലിന്റെ അരുമഗന്ധം കുളിമുറിയെ തൊട്ടിലെന്നപോലെ ഉലച്ചു. കുരുക്ക് കഴുത്തിലിട്ട ശേഷമാണ് അവള്‍ കണ്ണുതുടച്ചത്. കണ്ണുതുടച്ചതിനുശേഷമാണ് വെന്റിലേറ്ററിലൂടെ നൂണ്ടുവരുന്ന രണ്ട് ഗോലികള്‍ അവള്‍ കണ്ടത്. പോളിന്റെ ഉള്ളാന്തി.
മരണത്തിനു മുന്‍പുള്ള ഒരേയൊരു നിമിഷത്തില്‍ നിലവിളിയെ ഞെരിച്ചുപൊട്ടിച്ചുകൊണ്ട് സ്ത്രീ അലറി:
''കണ്ടിട്ടുപോടാ... ഇതുംകൂടി കാണ്..!' 
ശൂന്യതയിലേക്ക് അവളുടെ കൃഷ്ണമണികള്‍ നിശ്ചലപ്പെട്ടു. കയര്‍ മുറുകി. നാവ് അറ്റുതൂങ്ങി ചോരവീഴ്ത്തി. പോളിനു കുലുക്കമുണ്ടായില്ല. മരണത്തിനു മുന്‍പുള്ള അവളുടെ മുഖം അവന്റെ പ്രജ്ഞ ഉരുക്കിത്തീര്‍ത്തിരുന്നു.
കാട്ടുചിലന്തിയെപ്പോലെ പോള്‍ മരണമുറിയിലേക്കു മുഖം നീട്ടി. പിന്നെ, അയഞ്ഞ കൈവിരലുകളെ അതിന്റെ പാട്ടിനുവിട്ടു.
അഞ്ചും മൂന്നും പാരപ്പെറ്റുകളില്‍ ഇടിച്ചിടിച്ചു നുറുങ്ങിയാണ് പോള്‍സാം നിലം തൊട്ടത്.

തലച്ചോറ് കലങ്ങും വരെ പോള്‍ ഉടലുകള്‍ കണ്ടു. 
പാലൊഴുകുന്ന മാറിടങ്ങള്‍
കുഞ്ഞുങ്ങളിരിക്കുന്ന തടിച്ച അരക്കെട്ടുകള്‍
കുഞ്ഞുങ്ങളുറങ്ങുന്ന തോളുകള്‍
കുഞ്ഞുങ്ങള്‍ കിടന്നുകളിക്കുന്ന തുടകള്‍
പോളിനു നറുചിരി വന്നു. ചിരിയിലേക്കു വേദനയുടെ രക്തമിറങ്ങി.
''അമ്മേ..!'
പുലര്‍ച്ചെ മുതല്‍ ചിന്നന്‍ അറ്റ്‌ലാന്റയ്ക്കു പുറത്തു കൂനിക്കൂടിയിരുന്നു. അവന്റെ ഉള്ളം ചത്തുപോയിരുന്നു. ആംബുലന്‍സിലേക്ക് ആദ്യമെടുത്തത് ആത്മഹത്യചെയ്ത സ്ത്രീയുടെ ഉടലായിരുന്നു. പോളിന്റെ ശരീരഭാഗങ്ങള്‍ അടിച്ചുകൂട്ടി ടാര്‍പ്പായയില്‍ പൊലീസുകാര്‍ കൊണ്ടുപോയി. 
സമയമേറെ വൈകി പുറത്തേക്കു കൊണ്ടുവന്നത് അറ്റ്‌ലാന്റ എന്ന രണ്ടുവയസ്സുകാരിയുടെ മൃതദേഹമായിരുന്നു. ഷോക്കേറ്റു കരിഞ്ഞ അവളുടെ മൃദുദേഹം നാരങ്ങയുടെ ഗന്ധമുതിര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com